തങ്കമണി സംഭവവും ഗ്രോ സമരവും; ഇടപെടലുകളുടെ വഴികളിലൂടെ അജിത

ഇതാദ്യമായല്ല ഇടതുപക്ഷം അധികാരത്തിലേറുമ്പോള്‍ വാഗ്ദാനങ്ങള്‍ മറക്കുന്നതെന്ന് തങ്കമണി സംഭവം ഉദാഹരിച്ച് അജിത
തങ്കമണി സംഭവവും ഗ്രോ സമരവും; ഇടപെടലുകളുടെ വഴികളിലൂടെ അജിത

എല്‍.ഡി.എഫ് സര്‍ക്കാര്‍ 1986-ല്‍ അധികാരത്തില്‍ വരുന്നതിനു തൊട്ടുമുന്‍പ് കെ. കരുണാകരന്‍ യു.ഡി.എഫിന്റെ മുഖ്യമന്ത്രിയായിരിക്കെ കേരളത്തെയാകെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇടുക്കിയിലെ തങ്കമണി ഗ്രാമത്തില്‍ നടന്ന പൊലീസിന്റെ അതിക്രൂരമായ മര്‍ദ്ദനവും ഒപ്പം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുണ്ടായ ലൈംഗിക അതിക്രമങ്ങളും. അക്കാലത്തു തന്നെ സാറാ ജോസഫിന്റേയും പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ സഹ അദ്ധ്യാപികമാരായ സുമംഗലക്കുട്ടി, ഇന്ദിര, പാര്‍വ്വതി എന്നിവരുടേയും കുറച്ച് വിദ്യാര്‍ത്ഥി–വിദ്യാര്‍ത്ഥിനികളുടേയും മുന്‍കൈയില്‍ 'മാനുഷി' എന്ന 'സ്ത്രീവിമോചന സംഘടന' തങ്കമണി ഗ്രാമത്തില്‍ പോയി വീടുവീടാന്തരം സന്ദര്‍ശിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. 'മാനഭംഗത്തിന്റെ രാഷ്ട്രീയം' എന്ന പേരിലൊരു ലഘുലേഖയും അവര്‍ പ്രസിദ്ധീകരിച്ചു. കേരളം മുഴുവനും വന്‍ പ്രതിഷേധത്തിന് 'തങ്കമണി സംഭവം' ഇടയായി. ആ കാലത്താണ് നിയമസഭാ തെരഞ്ഞെടുപ്പു വരുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന വ്യാപകമായി ഈ സംഭവം ഉയര്‍ത്തിക്കാട്ടി ശക്തമായ യു.ഡി.എഫ് വിരുദ്ധ പ്രചരണം നടത്തി. വളരെ ആഭാസകരമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളും മറ്റും അന്ന് എല്‍.ഡി.എഫ് പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണത്തില്‍ വന്നു. 'തങ്കമണി' സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ജുഡീഷല്‍ കമ്മിഷനെ നിയമിച്ചു. ജസ്റ്റിസ് ശ്രീദേവിയായിരുന്നു ആ കമ്മിഷന്‍ കൈകാര്യം ചെയ്തത്. വളരെ നല്ല, നീതിപൂര്‍വ്വമായ ഒരു റിപ്പോര്‍ട്ടായിരുന്നു അവര്‍ നല്‍കിയത്. എണ്‍പതോളം പൊലീസുദ്യോഗസ്ഥര്‍– അതില്‍ ഉയര്‍ന്ന പദവിയിലുള്ളവരും പെടും, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ വ്യാപകമായിത്തന്നെ ലൈംഗികമായി അതിക്രമം നടത്തിയതായി കമ്മിഷന്‍ കണ്ടെത്തി. പക്ഷേ, അദ്ഭുതമെന്നു പറയട്ടെ, തുടര്‍ന്നു വന്ന സര്‍ക്കാര്‍ തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. സസ്‌പെന്‍ഷനിലായിരുന്ന ഈ ഉദ്യോഗസ്ഥരാരുംതന്നെ ഒരു ശിക്ഷാനടപടിക്കും വിധേയരായില്ലെന്നു മാത്രമല്ല, മിക്കവാറും എല്ലാവരേയും ഉദ്യോഗക്കയറ്റത്തോടു കൂടി സര്‍വ്വീസില്‍ തിരിച്ചെടുക്കുകയാണ് ചെയ്തത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളോട് ഇത്ര നിരുത്തരവാദിത്വത്തോടെയും അവഗണനയോടെയും നിലപാടെടുത്ത ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശാജനകവുമായിരുന്നു. ഇടതുപക്ഷ പാര്‍ട്ടികളുടേയും അനുബന്ധ സംഘടനകളുടേയും ശാസ്ത്ര സാഹിത്യപരിഷത്തിന്റേയും മറ്റും അണികളെ ഏറെ നിരാശപ്പെടുത്തിയ ഒരു നയസമീപനമായിരുന്നു ഇത്. സ്ത്രീവിമോചനാശയങ്ങളോട് അവര്‍ക്കിടയില്‍ ആഭിമുഖ്യം വളര്‍ന്നുവരാന്‍ ഇതൊരു കാരണമായിരുന്നു.
1987-ലാണ് 'ബോധന'യുടെ തുടക്കം. മൂന്നോ നാലോ പേര്‍ മാത്രമായിരുന്നു സജീവമായുണ്ടായിരുന്നത്. ഗംഗ, സുഹറ, ഞാന്‍, ഇടയ്‌ക്കൊക്കെ അംബുജം എന്ന് പേരുള്ള ഞങ്ങളുടെ അമ്മുഏടത്തി തുടങ്ങിയവരാണ് മുന്‍കൈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കുഞ്ഞീബി സംഭവത്തിനു ശേഷമുള്ള പ്രക്ഷോഭത്തിനുശേഷം ഞങ്ങള്‍ ചില ഭാര്യാപീഡന കേസുകളിലും സ്ത്രീധന കൊലപാതകങ്ങളുടേയും ആത്മഹത്യയുടേയും കേസുകളിലും ഒക്കെ ഇടപെട്ടു തുടങ്ങി. വടക്കേ ഇന്ത്യയില്‍ വ്യാപകമായി നടമാടിയ സ്റ്റൗ പൊട്ടിത്തെറിച്ചുള്ള വധുക്കളുടെ മരണങ്ങള്‍ അക്കാലത്ത് കേരളത്തില്‍ അത്രയേറെ വ്യാപകമായിരുന്നില്ല. അഖിലേന്ത്യാ തലത്തില്‍ സ്ത്രീവിമോചന സംഘടനകള്‍ നിയമ പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും നടത്തിക്കൊണ്ടിരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായിരുന്നു ഇത്തരം ദുരൂഹമായ മരണങ്ങള്‍. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഗാര്‍ഹിക പീഡനങ്ങളോ സ്ത്രീധന പീഡനങ്ങളോ അതിന്റെ പേരിലുള്ള കൊലപാതകങ്ങളോ ആത്മഹത്യകളോ ഒന്നും തന്നെ ക്രിമിനല്‍ കുറ്റമായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പീഡനങ്ങള്‍ക്കെതിരായി സ്ത്രീകളെ സംരക്ഷിക്കാന്‍ പ്രത്യേക നിയമവുമുണ്ടായിരുന്നില്ല. സ്ത്രീധനം നിരോധിക്കുന്ന നിയമമുണ്ടായിരുന്നുവെങ്കിലും സ്ത്രീധനം കൊടുക്കുന്നവനും വാങ്ങുന്നവനും കുറ്റക്കാരായതിനാല്‍ പരാതി കൊടുക്കാന്‍ ആരും തയ്യാറായില്ല.
പത്രങ്ങളില്‍ ഞങ്ങള്‍ വാര്‍ത്ത വായിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അതു നടന്ന സ്ഥലത്തു പോകുന്നു. ഭാര്യാപീഡനക്കേസുകളില്‍ പലപ്പോഴും ഇടപെട്ടു പൊലീസില്‍ പരാതി നല്‍കാനും മറ്റും ഞങ്ങള്‍ മുന്‍കൈ എടുത്തിരുന്നു. മരണപ്പെട്ട സംഭവങ്ങളില്‍ അതാതിടങ്ങളില്‍ പോയി അവിടെ ബന്ധപ്പെട്ട വീടുകളില്‍ മാത്രമല്ല, അവിടത്തെ ക്‌ളബുകള്‍, പാര്‍ട്ടി ഓഫീസുകള്‍ തുടങ്ങിയ ഇടങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. അവരില്‍നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശിക സമൂഹം ഈ  പ്രശ്‌നത്തില്‍ ഇടപെടേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. ചില സംഭവങ്ങളില്‍ ആക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ടാവാം, പക്ഷേ, ചിലപ്പോള്‍ ഞങ്ങള്‍ ശക്തമായ പോസ്റ്റര്‍ പ്രചരണവും പൊതുയോഗവും മറ്റും നടത്തിയ ശേഷമാണ് ഇത്തരം കമ്മിറ്റികള്‍ രൂപീകരിക്കപ്പെടാറുള്ളത്. സ്ത്രീകള്‍ക്കെതിരെ വീടുകള്‍ക്കുള്ളില്‍ നടക്കുന്ന അക്രമങ്ങള്‍ ഒരു സ്വകാര്യ പ്രശ്‌നമായി കാണുന്നതു തെറ്റാണെന്നും ജനസംഖ്യയുടെ അന്‍പതു ശതമാനം വരുന്ന സ്ത്രീകള്‍ക്കു പെണ്ണായി ജനിച്ചതുകൊണ്ടു മാത്രം നേരിടേണ്ടിവരുന്ന ഈ പ്രശ്‌നങ്ങളെ പൊതുപ്രശ്‌നമായും സമൂഹത്തിന്റെ പ്രശ്‌നമായും രാഷ്ട്രീയപ്രശ്‌നമായും കണ്ടു കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് ഞങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പറയാന്‍ ശ്രമിച്ചത്. ഇത്തരം അനീതികള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നു ഞങ്ങള്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. മൂന്നോ നാലോ സ്ത്രീകളുടെ മുന്‍കൈയില്‍ നടന്നിരുന്ന ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ചിലരുടെയെങ്കിലും കണ്ണു തുറപ്പിച്ചു. ആദ്യമായിട്ടായിരുന്നു സ്ത്രീകള്‍ മാത്രം മുന്‍കൈയെടുത്തു സ്ത്രീപക്ഷത്തുനിന്നു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള ധീരമായ ഈ നീക്കങ്ങള്‍. ഇപ്രകാരം ഫെമിനിസ്റ്റ് വീക്ഷണത്തിലൂടെ പ്രശ്‌നങ്ങളിലിടപ്പെട്ടുകൊണ്ടിരുന്ന സമയത്താണ് 1988-ല്‍ മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സ് തൊഴിലാളി പ്രശ്‌നത്തിലിടപെട്ട 'ഗ്രോ' സമരം അരങ്ങേറിയത്. അതിനു നേതൃത്വം നല്‍കിയതു ഞങ്ങളുടെയെല്ലാം സഖാവും അഭ്യുദയകാംക്ഷിയുമായ വാസു ഏട്ടനായിരുന്നു.

'ഗ്രോ സമരവും 
ബോധനയും'
കോഴിക്കോട് നഗരത്തില്‍നിന്നു പത്തോളം കിലോമീറ്റര്‍ അകലെ നഗരത്തിനു കുടിവെള്ളം തരുന്ന ചാലിയാര്‍ പുഴയുടെ തീരത്തു സ്ഥാപിക്കപ്പെട്ടതാണ് ബിര്‍ളയുടെ ഗ്വാളിയര്‍ റയോണ്‍സ് പള്‍പ്പ് – ഫൈബര്‍ ഫാക്ടറി. കേരളത്തിന്റെ അതിസമ്പന്നമായ വയനാട്ടിലെ മുളങ്കാടുകളെ വ്യാപകമായി വെട്ടി നശിപ്പിച്ച് ടണ്‍ കണക്കിന് മുള നിത്യേന ഫാക്ടറിയില്‍ പള്‍പ്പും ഫൈബറും നിര്‍മ്മിക്കാന്‍ കൊണ്ടുവരുന്നു. സാമ്പത്തിക വികസനത്തിന്റെ പേരില്‍ ഇ.എം.എസ് സര്‍ക്കാരാണ് ഈ ഫാക്ടറി സ്ഥാപിക്കാന്‍ പ്രയത്‌നിച്ചത്. മുളങ്കാടുകള്‍ വയനാട്ടിന്റെ മാത്രമല്ല, നമ്മുടെ ആവാസവ്യവസ്ഥയുടെ തന്നെ നെടുംതൂണുകളായിരുന്നു. കാടുകളെ സമ്പന്നമാക്കിയ ഈ വിഭവം കാലാവസ്ഥാ സന്തുലനത്തിലും മഴ ലഭ്യതയിലും വലിയ പങ്കുവഹിച്ചിരുന്നു. മാവൂര്‍ പ്രദേശത്തേയും ചാലിയാര്‍ തീരത്തെ വാഴക്കാട്, എടവണ്ണപ്പാറ തുടങ്ങിയ ഗ്രാമങ്ങളിലേയും വായു വിഷമയമാക്കുകയും ഒരു വലിയ പ്രദേശത്തെ ഗ്രാമവാസികള്‍ കൃഷിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റുമായി ആശ്രയിച്ചിരുന്ന ചാലിയാര്‍ പുഴയെ രസം പോലുള്ള ഉഗ്രവിഷം നിറഞ്ഞ രാസപദാര്‍ത്ഥങ്ങള്‍കൊണ്ട് മലിനീകരിക്കുകയും ചെയ്തുകൊണ്ടിരുന്ന ഈ ഫാക്ടറിയുടെ ഉല്‍പ്പന്നങ്ങള്‍ കടലാസും തുണിയും ഉണ്ടാക്കാനുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ മാത്രമായിരുന്നു. കടലാസും തുണിയും ഉണ്ടാക്കുന്നതു മറ്റു സംസ്ഥാനങ്ങളിലെ ഫാക്ടറിയില്‍ വച്ചായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളില്‍നിന്നും എത്തപ്പെട്ട തൊഴിലാളിസമൂഹമാണ് അവിടെ തൊഴില്‍ ചെയ്തിരുന്നത്. കോഴിക്കോട് നേരത്തെ നിലവിലുണ്ടായിരുന്ന കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാവൂര്‍ ഫാക്ടറി തൊഴിലാളികള്‍ ഒരു ഉയര്‍ന്ന (Elite) വിഭാഗമായിരുന്നു.
അവരുടെ ഇടയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും യൂണിയനുകളുണ്ടായിരുന്നു. 'ഗ്രോ' യൂണിയന്‍ വ്യവസ്ഥാപിതമായ ഒരു പാര്‍ട്ടിയാലും നയിക്കപ്പെട്ട ഒന്നായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് നക്‌സല്‍ബാരി പ്രസ്ഥാനത്തില്‍ വര്‍ഗ്ഗീസിനോടൊപ്പം പ്രവര്‍ത്തിച്ച് ഒരുപാട് ത്യാഗങ്ങള്‍ സഹിച്ച, കോഴിക്കോട്ടെ കോമണ്‍വെല്‍ത്ത് കമ്പനിയിലെ തൊഴിലാളി പ്രവര്‍ത്തകനായിരുന്ന സഖാവ് വാസുഏട്ടനായിരുന്നു അതിന്റെ നേതാവ്. അന്ന് അദ്ദേഹത്തിനു പാര്‍ട്ടി ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. കാര്യങ്ങളുടെ അവസ്ഥ ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ആ കമ്പനിയില്‍ ഒരു വലിയ പ്രതിസന്ധി ഉണ്ടായത്. മൂന്ന് വര്‍ഷങ്ങളോളം ഫാക്ടറി മാനേജ്‌മെന്റ് കമ്പനി പൂട്ടിയിടുകയും തൊഴിലാളി കുടുംബങ്ങള്‍ മൊത്തത്തില്‍ പട്ടിണിയിലാവുകയും ചെയ്തു. ഒന്നൊന്നായി പതിമൂന്നോളം തൊഴിലാളികള്‍ കടുത്ത ദാരിദ്ര്യം താങ്ങാനാവാതെ ആത്മഹത്യ ചെയ്തു. മാവൂര്‍ പ്രദേശമൊട്ടാകെ ദുരന്തപൂര്‍ണമായ അന്തരീക്ഷം നിറഞ്ഞു. അത്തരമൊരു സന്ദര്‍ഭത്തിലാണ് മറ്റു തൊഴിലാളി യൂണിയനുകളുടെ ഒന്നും സഹകരണമില്ലാതെ 'ഗ്രോ' യൂണിയന്‍ സമരം പ്രഖ്യാപിച്ചത്. സ. വാസു ഏട്ടനും അവിടത്തെ മറ്റൊരു തൊഴിലാളിനേതാവായ മൊയിന്‍ ബാപ്പുവും അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. മാവൂര്‍ ടൗണില്‍ത്തന്നെ പന്തലു കെട്ടിയായിരുന്നു ഈ സമരം. ഫാക്ടറി ഉടന്‍ തുറക്കണമെന്ന ആവശ്യമുയര്‍ത്തിക്കൊണ്ടാണ് ഈ നിരാഹാര സമരം ആരംഭിച്ചത്. ഓരോ ദിവസം കഴിയുന്തോറും മറ്റു യൂണിയനുകളില്‍ നിന്നെല്ലാം തൊഴിലാളികള്‍ സമരസഖാക്കളെ സന്ദര്‍ശിക്കാനും സമരത്തിനു പിന്തുണ നല്‍കാനും എത്തിക്കൊണ്ടിരുന്നു.

'ബോധന'യുടെ
അനുഭവം
ഇതെല്ലാം നടക്കുന്നത് 1988 ഫെബ്രുവരി മാസത്തിലാണ്. 'ബോധന' രൂപീകരിക്കപ്പെട്ടിട്ട് ആറു മാസത്തിലധികമായിരുന്നു. ഇത്ര തീവ്രമായ ഒരു തൊഴില്‍സമരത്തില്‍നിന്ന്, ഒരു പ്രദേശത്തെയാകെ അഗാധമായ പ്രതിസന്ധിയിലാക്കിയ ഒരു പ്രശ്‌നത്തില്‍നിന്നു മാറിനില്‍ക്കാന്‍ 'ബോധന'യ്ക്കു കഴിഞ്ഞില്ല. 'ഗ്രോ' സമരവുമായി ബന്ധപ്പെട്ട് യൂണിയന്‍ ഒരു സമരസഹായ സമിതി വിളിച്ചു ചേര്‍ന്നിരുന്നു. 'ബോധന'യും അതില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒരു ഹാന്റ്‌മൈക്കും പിടിച്ച് മാവൂര്‍ ഫാക്ടറിയോടനുബന്ധിച്ച തൊഴിലാളി ക്വാര്‍ട്ടേഴ്‌സുകളില്‍ കയറിയിറങ്ങി. തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളെ സമരത്തില്‍ പങ്കാളികളാവാനും സമരം വിജയിപ്പിക്കാന്‍ തങ്ങളാലാവുന്നവിധം പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു. 'ഗ്രോ' യൂണിയന്റെ സഹായത്തോടെ സ്ത്രീകളെ സംഘടിപ്പിച്ചു സമരത്തില്‍ പങ്കാളികളാക്കാനുള്ള 'ബോധന'യുടെ ശ്രമം നിരന്തരമായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ഫലം കണ്ടുതുടങ്ങി. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മാവൂര്‍ ടൗണിലൂടെ സ്ത്രീകള്‍ പ്രകടനം നടത്തിയതും സമരത്തോടൊപ്പം മണിക്കൂറുകളോളം സത്യാഗ്രഹമിരുന്നതും പഞ്ചായത്ത് ഓഫീസ് പിക്കറ്റ് ചെയ്തതും അന്നുവരെ ആ പ്രദേശം കണ്ടിട്ടില്ലാത്ത അഭൂതപൂര്‍വ്വമായ കാഴ്ചയായിരുന്നു. മാവൂര്‍ ഫാക്ടറി തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ ഇടത്തരം വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. വളരെ അടക്കവും ഒതുക്കവുമുള്ള ആഢ്യമായ കുടുംബ പശ്ചാത്തലങ്ങളില്‍നിന്നു വന്ന അവര്‍ക്കു റോഡിലിറങ്ങണമെങ്കില്‍ത്തന്നെ വളരെയേറെ കെട്ടുപാടുകളുണ്ടായിരുന്നു. പക്ഷേ, ദുരിതം സഹിച്ചുസഹിച്ച് അവരും പോരാളികളായി മാറുകയായിരുന്നു. 'ബോധന' അതിനൊരു നിമിത്തമായി. ഞങ്ങളുടെ ആവേശവും നേതൃത്വപരമായ പങ്കും അവര്‍ക്കു മുന്‍പൊരിക്കലുമില്ലാത്ത വിധം ആത്മവിശ്വാസം നല്‍കിയെന്നുവേണം കരുതാന്‍.
നിരാഹാര സമരം ചെയ്യുന്ന സഖാക്കളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് വന്നപ്പോഴൊക്കെ പുരുഷന്മാരോടൊപ്പം സ്ത്രീകളും ചെറുത്തുനിന്നു. എവിടെയൊക്കെ സമരമുണ്ടോ അവിടെയൊക്കെ മുന്നില്‍ നില്‍ക്കാനും അടികൊള്ളാനുമൊക്കെ അവര്‍ തയ്യാറായി. ഒടുവില്‍ ഒരു ദിവസം അര്‍ദ്ധരാത്രി സമരസഖാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് മാവൂര്‍ പ്രദേശമാകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ആയിരക്കണക്കിനു സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടങ്ങുന്ന ഒരു കൂറ്റന്‍ പ്രകടനമാണ് അന്നു രാവിലെ മാവൂരില്‍നിന്നു മെഡിക്കല്‍ കോളേജിലേക്കു പുറപ്പെട്ടത്. അങ്ങനെ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരമാകെ ജനസമുദ്രമായി മാറി. ഒരിക്കലും മറക്കാനാവാത്ത സമരജ്വാലയുടെ ഒരനുഭവമായിരുന്നു അത്. തുടര്‍ന്ന് ജില്ലാ കലക്ടറുടെ അഭാവത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് കളക്ടറുടെ മുറിയില്‍ കടന്ന് ആ ഉദ്യോഗസ്ഥനെ ഘെരാവോ ചെയ്തതു സ്ത്രീകളായിരുന്നു. 'ബോധന' അതിനു നേതൃത്വം നല്‍കി. അന്നു ഞങ്ങളെയെല്ലാം അറസ്റ്റുചെയ്തു ജയിലിലടച്ചു. ജയില്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ആ സ്ത്രീകള്‍ക്കു ഞങ്ങള്‍ ആത്മവിശ്വാസം നല്‍കി. ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍ 'ഇതിത്രയേ ഉള്ളൂ, അല്ലേ' എന്ന ആശ്വാസത്തിലായിരുന്നു സ്ത്രീകള്‍. ഇപ്രകാരം നിലവിലുള്ള പരമ്പരാഗത രീതിയില്‍നിന്നു വ്യത്യസ്തമായി ഒരു തൊഴിലാളിസമരത്തില്‍ സ്വന്തം തീരുമാനമെടുത്തു മുന്‍കൈ പ്രവര്‍ത്തനം നടത്തി സ്ത്രീകള്‍ ചരിത്രം കുറിച്ചു. തൊഴിലാളി സമരചരിത്രത്തിലും സ്ത്രീ വിമോചന പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും ഈ അനുഭവം ഒരു നാഴികക്കല്ലായി തീര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com