കെ. പി. നിര്‍മ്മല്‍കുമാറിന്റെ കഥ-നരഹത്യയിലൊതുങ്ങിയോ ശരശയ്യ

പായില്‍ ഒതുങ്ങില്ല സര്‍വ്വവ്യാപിയായ പാഞ്ചാലി. അവളുടെ സവിശേഷ രതിക്കൂട്ടിന്റെ കെണിയില്‍ ഞങ്ങള്‍ വീണു, പിന്നെ എഴുന്നേറ്റില്ല എന്നവള്‍ ഉറപ്പുവരുത്തി
കെ. പി. നിര്‍മ്മല്‍കുമാറിന്റെ കഥ-നരഹത്യയിലൊതുങ്ങിയോ ശരശയ്യ

നരഹത്യയിലൊതുങ്ങിയോ 
ശരശയ്യ

കഥ: കെ.പി. നിര്‍മ്മല്‍കുമാര്‍

വര: നമ്പൂതിരി
 

മുറിവേറ്റുവീണ സൈനികമേധാവിയില്‍ വിശ്വാസം നഷ്ടപ്പെട്ട കൗരവര്‍, നിന്ദയോടെ വഴിയില്‍ തള്ളിയപ്പോള്‍, മൗനപ്രതിഷേധവുമായി പിതാമഹന്‍ പാളയത്തിലേക്കു തിരിച്ചു പോവാതെ പോര്‍മുഖത്തു ആയുധമാലിന്യങ്ങള്‍ക്കുമേലെ കിടന്നു വമ്പിച്ച ജനശ്രദ്ധയാകര്‍ഷിക്കുന്നു. ജേതാക്കളായി ഹസ്തിനപുരിയിലെത്തിയ പാണ്ഡവര്‍ നേരിടുന്നതു വറുതിയില്‍ വലഞ്ഞ ജനത്തിന്റെ രോഷമാണ്. പിതാമഹനെ പാണ്ഡവര്‍ അപമാനിച്ചു തോല്‍പ്പിച്ചു എന്ന ചാര്‍വാക പ്രചരണത്തെ നേരിടാന്‍ നിയുക്ത ഭരണാധികാരി യുധിഷ്ഠിരന്‍ തന്ത്രം മെനയുന്നു. രാഷ്ര്ടതന്ത്രത്തിന്റെ ബാലപാഠങ്ങള്‍ പിതാമഹാനില്‍നിന്നു പഠിക്കണം എന്ന ആവശ്യം പ്രഖ്യാപിച്ചു കുരുക്ഷേത്രയിലേയ്ക്കു പോവുമ്പോള്‍, പാഞ്ചാലിയെ ഭീഷ്മരുടെ അന്ത്യദിനങ്ങളില്‍ സാന്ത്വനശുശ്രൂഷയ്ക്കായി നിയോഗിക്കുന്നു. ഇളമുറ പാണ്ഡവനും മാദ്രിപുത്രനായ നകുലന്‍, നവഭരണകൂടത്തിന്റെ ചാരവകുപ്പു മേധാവി എന്ന നിലയില്‍, പാഞ്ചാലിയുടെ ശരശയ്യനീക്കങ്ങള്‍ നിരീക്ഷിക്കുമ്പോള്‍, യുവ കൊട്ടാരം ലേഖിക പാണ്ഡവനീക്കങ്ങളുടെ യാഥാര്‍ത്ഥ്യമറിയാന്‍ നകുലനുമായി ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്

''യുധിഷ്ഠിരന്റെ കൂടെ ശരശയ്യയ്ക്കടുത്തു ചെല്ലുമ്പോള്‍ ധ്യാനത്തിലായിരിക്കുമോ ഭീഷ്മര്‍? മരണം നൂറുമേനി കൊയ്ത കുരുക്ഷേത്രത്തിന്റെ മൊത്തം അന്തരീക്ഷത്തില്‍ ഭീഷ്മരുടെ അവസ്ഥയെന്താണ്?' കൊട്ടാരം ലേഖിക നകുലനോടു ചോദിച്ചു. ഈ മാദ്രിപുത്രന്‍ പാഞ്ചാലിയുടെ ഓമനയെന്നു അവള്‍ കേട്ടിരുന്നു. കുടിയൊഴിക്കപ്പെട്ടു, വയോജനമന്ദിരത്തില്‍ പുനരധിവസിക്കപ്പെട്ട കൗരവ രാജവിധവകള്‍ ഒരു നേരത്തെ അന്നത്തിനായി കൊട്ടാരം ഊട്ടുപുരയില്‍ വരി നില്‍ക്കുന്ന ദിനങ്ങള്‍. ഹസ്തിനപുരിയില്‍നിന്ന് ആയാസകരമായിരുന്നു പോരാട്ടഭൂമിയിലേക്കുള്ള പാണ്ഡവസംഘത്തിന്റെ യാത്ര.
''ശരശയ്യ അതൊരു ആലങ്കാരിക പദമായാണ് ആദ്യനോട്ടത്തില്‍ തോന്നിയത്. സ്വയംഭരണാവകാശമുള്ള പ്രവിശ്യാ ഭരണാധികാരിയുടെ നേരിട്ടുള്ള ഇടപെടലോടെ, ആളുയരത്തിലൊരു മേല്‍പ്പുര പണിതിരുന്നു. കിടക്കാനും പെരുമാറാനും സ്വകാര്യ ഇടവും ഒരുക്കിക്കണ്ടു. പതിനെട്ടു നാളിലെ പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കാര്യക്ഷമതയോടെ നീക്കം ചെയ്തിട്ടുണ്ട്. ഭീഷ്മശരീരത്തില്‍ മാരകായുധങ്ങളുടെ പ്രഹരം ഏറ്റ മുറിവുകള്‍ കാണാനാവാത്ത വിധം വെള്ള ധരിച്ചിരുന്നു.'
''എങ്ങനെയാണ് ഭീഷ്മര്‍ അവിടെ സമയം ചെലവഴിച്ചിരുന്നത്? ധീരനാണെങ്കിലും വിജനഭൂമിയില്‍ ഏകനായി രാവും പകലും?' കൊട്ടാരം ലേഖിക പുരികമുയര്‍ത്തി.


''നേരത്തെ വിവരം കൊടുത്തിരുന്നതുകൊണ്ട് അപ്രതീക്ഷിതമായിരുന്നില്ല ഞങ്ങളുടെ സന്ദര്‍ശനം. പെട്ടെന്നു കയറിച്ചെല്ലുമ്പോള്‍ കാണാവുന്ന പരുക്കന്‍ കാഴ്ചകള്‍ ഒന്നും കണ്ടില്ല. കൂടെ കിടക്കുന്നവളോടുപോലും ഇടപഴകുമ്പോള്‍, പെരുമാറ്റകാപട്യത്തിന്റെ ആള്‍രൂപമെന്നു പാഞ്ചാലി 'പ്രശംസി'ക്കാറുള്ള യുധിഷ്ഠിരന്‍, രാഷ്ര്ടമീമാംസയുടെ ഖനികള്‍ ശരശയ്യയില്‍നിന്നു തുറന്നെടുക്കാമെന്നു കരുതിയിരുന്നു. എന്നാല്‍, വിലക്ഷണമായിരുന്നു പിതാമഹന്റെ പാഠ്യക്രമം. ആചാരസമൃദ്ധമായ ഞങ്ങളുടെ വരവിനുശേഷം, തിരിച്ചുള്ള യാത്രയ്ക്കിടയില്‍ എന്തു പുതിയ അറിവാണ് പിതാമഹന്‍ യുധിഷ്ഠിരനു പകര്‍ന്നുകൊടുത്തത് എന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല. കാരണം, വിവാദമാവാതെ വരവും പോക്കും പൂര്‍ത്തിയാക്കണം എന്നായിരുന്നു എന്റെ ദൗത്യം. ദൂരവും യാത്രാകേ്‌ളശവും ചെറുതായിരുന്നില്ല. വഴിയില്‍, നെഞ്ചത്തടിച്ചു നിലവിളിക്കുന്ന കുരുക്ഷേത്ര വിധവകള്‍. നഗ്‌നബാലന്മാര്‍ ഞങ്ങള്‍ക്കു നേരെ കല്ലെറിയും ശാപവാക്കുകള്‍ ഉച്ചരിക്കും. ഞങ്ങള്‍ തലതാഴ്ത്തും. തേരാളി അതു കണ്ട് അമര്‍ത്തി മൂളും. തിരിച്ചെത്തിയാല്‍, കൊട്ടാരം ഊട്ടുപുരയില്‍ അക്ഷയപാത്രം ഇല്ലാതിരുന്നതുകൊണ്ട്, എന്തുകിട്ടും രാത്രി കഴിക്കാന്‍ എന്നതു പ്രവചിക്കാനാവില്ല. യുധിഷ്ഠിരനെ രാഷ്ര്ടതന്ത്രം പഠിപ്പിച്ചു തീരും വരെ മരണം വരരുതെന്ന് ഇടയ്ക്കിടയ്ക്ക് ഭീഷ്മര്‍ അതിവൈകാരിക ഭാഷയില്‍ പ്രാര്‍ത്ഥിക്കും. സ്വച്ഛന്ദ മൃത്യു അല്ല ഞാന്‍ എന്നു താടി ഉഴിഞ്ഞു ഭീഷ്മര്‍ അവകാശപ്പെടും. ഞങ്ങള്‍ പ്രതികരിച്ചില്ല. പാഞ്ചാലിയെ എന്തുകൊണ്ടു കൂടെ കൊണ്ടുവന്നില്ല എന്ന് എന്നോടു ധിക്കാരത്തോടെ ചോദിച്ചപ്പോള്‍ ഒന്നു വിരണ്ടു എങ്കിലും, യാത്രാക്ഷീണമുണ്ട് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അതില്‍ ഭീഷ്മര്‍ കയറിപ്പിടിച്ചു. അധ്യാപനം കഴിയും വരെ പാഞ്ചാലി ഇവിടെ താമസിക്കട്ടെ എന്ന് ആവശ്യപ്പെട്ടപ്പോള്‍ യുധിഷ്ഠിരന്‍ ഉപചാരത്തോടെ സമ്മതിച്ചു. അടുത്ത ദിവസം പാഞ്ചാലിയെ പിതാമഹന്റെ കിടക്കസഹായിയാക്കി ആ വിധമൊരു ശ്രമദാനത്തിനു ഞങ്ങള്‍ തയ്യാറായി. അതിന്റെ പിന്നിലൊരു കുടിലതന്ത്രം ഉണ്ടാവാം എന്ന സാധ്യത വഴിയേ അറിയും വരെ നാം പ്രതീക്ഷ വിടരുത്', നകുലചുണ്ടുകളില്‍ ഒരു കറുത്ത വര പടര്‍ന്നു.
''അടുത്തു തന്നെ മഹാറാണി പദവി വഹിക്കാന്‍ ഇടയുള്ള പാഞ്ചാലിയെ നിങ്ങള്‍ ഭീഷ്മരുടെ കിടക്കസഹായിയാക്കിയെന്നോ? ഉന്മാദം', കൊട്ടാരം ലേഖിക വിസ്മയിച്ചു.
''ഗുരുദക്ഷിണ എന്നു വാക്കാല്‍ പറഞ്ഞില്ലെങ്കിലും ആ വിധത്തില്‍ പിതാമഹന്‍ ആവശ്യപ്പെട്ടാല്‍ പിന്നെ ആവില്ലെന്ന് എങ്ങനെ നിയുക്ത ഭരണാധികാരി തടസ്സം അറിയിക്കും? രണ്ടാള്‍ക്കും രാത്രിയുറങ്ങാന്‍ വേണ്ട സൗകര്യമില്ലെങ്കിലും ശീതകാലമായിരുന്നതുകൊണ്ടു കൂടാരത്തിലെ അന്തരീക്ഷം സഹനീയമാണ് അഥവാ ശയനീയമാണ്. യുധിഷ്ഠിരനോടൊപ്പമുള്ള എന്റെ പിന്നീടുള്ള സന്ദര്‍ശനങ്ങളില്‍, പാഞ്ചാലിയുടെ പരിചരണമികവില്‍ ഭീഷ്മര്‍ ഉല്ലാസവാനായി കണ്ടു. രാജാവിന്റെ സിംഹാസനത്തില്‍ ഒരിക്കലും ഇരിക്കാത്ത ഭീഷ്മര്‍, പത്തു കൊല്ലം ഇന്ദ്രപ്രസ്ഥം ചക്രവര്‍ത്തിയായിരുന്ന യുധിഷ്ഠിരനു രാജ്യഭരണത്തില്‍ പാഠം ചൊല്ലുന്നതു കണ്ടുനില്‍ക്കാന്‍ തക്ക ഹൃദയകാഠിന്യം ഇല്ലാതെ ഞാന്‍ പാഞ്ചാലിയിലേക്കു അര്‍ത്ഥഗര്‍ഭമായ നോട്ടം പായിച്ചു. ഭീഷ്മരുമായുള്ള ഒരു പാരസ്പര്യത്താല്‍ അവള്‍ ബന്ധിതയായിട്ടുണ്ട് എന്നു തോന്നി. അതെന്നെ ക്രുദ്ധനാക്കി, നേരിയ തോതില്‍ പാഞ്ചാലിയോടു കൂടാരത്തിലെ ദിനചര്യയെക്കുറിച്ചു ചോദിച്ചപ്പോള്‍, അവളുടെ മുഖഭാവവും പ്രതികരണവും ഔദ്യോഗിക ഭീഷ്മവക്താവിനെപേ്പാലെ തോന്നി. മറ്റു നാലു പാണ്ഡവരോടെന്നപോലെ അല്ല എന്നോടവള്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ട് ഹൃദയം തുറന്നിട്ടത്. ഒരു സ്ത്രീക്കു പുരുഷനോടു പറയാനാവുന്ന രഹസ്യങ്ങള്‍ അവള്‍ പങ്കിട്ടിട്ടുണ്ട്.
പഠനം ഒന്നു നിന്നപ്പോള്‍, യുധിഷ്ഠിരന്‍ പാഞ്ചാലിയോടു ഹസ്തിനപുരിയിലേക്കു മടങ്ങുന്ന കാര്യം ഭീഷ്മര്‍ കേള്‍ക്കാതെ സൂചിപ്പിച്ചു. വയോജനമന്ദിരത്തില്‍ പുനരധിവാസം ചെയ്യപ്പെട്ടിട്ടും കൗരവരാജ വിധവകള്‍ പഴയ രാജമന്ദിരങ്ങളിലേക്കു കുടിയേറാന്‍ ചാര്‍വാക പ്രേരണയില്‍ നിത്യവും ശ്രമിക്കയാണെന്നു യുധിഷ്ഠിരന്‍ ആശങ്കയോടെ പറഞ്ഞപ്പോള്‍, ആരാണോ അവരെ പുകച്ചു കുടിയൊഴിപ്പിച്ചത് അവര്‍ തന്നെ നേരിടണമെന്നു പറഞ്ഞതു ഞെട്ടലോടെ ഞങ്ങള്‍ കേട്ടു. രണ്ടു ദിവസം കൊണ്ടു മാറുമോ ഞങ്ങള്‍ക്കു വിധേയപ്പെട്ട പെണ്‍മനം? ഞാന്‍ ഒരു പാഠം പഠിച്ചു.'
''എങ്ങനെ നേരിട്ടു പിന്നെയീ പാണ്ഡവനിര്‍മ്മിതിയായ പ്രതിസന്ധി?'-കൊട്ടാരം ലേഖിക ചോദിച്ചു: ''മരണം കാത്തു മാനം നോക്കി കിടക്കുന്ന മഹാപുരുഷനു കിടക്കസഹായിയായി കുരുക്ഷേത്ര പ്രവിശ്യാ ഭരണാധികാരി വഴി പുരുഷസഹായിയെ നിങ്ങള്‍ കണ്ടെത്തുന്നതിനു പകരം, പാഞ്ചാലിയെ ഏര്‍പ്പെടുത്തിയതില്‍നിന്നു വ്യക്തമല്ലേ പതിമൂന്നു കൊല്ലം കഠിനശിക്ഷ അനുഭവിച്ചിട്ടും 'ഉടയോന്‍ അടിമ' ബന്ധമാണ് പാണ്ഡവര്‍ക്ക് പാഞ്ചാലിയോടെന്നു?'- കൊട്ടാരം ലേഖിക വിരല്‍ചൂണ്ടി.
''പറ്റിയ അമളി ആദ്യ പ്രതികരണത്തില്‍ യുധിഷ്ഠിരമുഖത്തു വ്യക്തമായിരുന്നു, ശബ്ദം പൊങ്ങുന്നില്ലെങ്കിലും അക്ഷമ കാണാം. ആസന്നമരണനായ ഭീഷ്മരെ അന്ത്യനിമിഷത്തില്‍ കൂടെ ചേര്‍ത്ത് അനുഗ്രഹം തേടാമെന്ന സ്വാര്‍ത്ഥതയില്‍ എടുത്ത രോഗീപരിചരണ ദൗത്യം യോ? ചാര്‍വാകന്‍ അറിഞ്ഞാല്‍, കുതിരപ്പന്തികളിലും വഴിയമ്പലങ്ങളിലും പാട്ടാവും. ഞാനിപ്പോള്‍ പിതാമഹനെ വിട്ടുപിരിയുന്നതു മര്യാദയാണോ എന്നുച്ചരിച്ചുകൊണ്ട് പാഞ്ചാലി, ഞങ്ങള്‍ ഒന്നു വേഗം പുറത്തു പോവണമെന്നു തിരക്കു കൂട്ടി. പിതാമഹനു പ്രഭാതകൃത്യങ്ങള്‍ക്കു നേരമായി. അതൊരു നീണ്ട ശ്രമകരമായ ജോലിയാണ്. അതുകഴിഞ്ഞു വസ്ത്രം മാറിയാല്‍ അര്‍ധദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുക്കും. യുദ്ധകാലത്തു ഞങ്ങള്‍ ഇതേ പോരാട്ടഭൂമിയില്‍ ശരീരമാകെ ചതവും മുറിവും ആയി വൈകുന്നേരം കൂടാരത്തിലെത്തുമ്പോള്‍, പാഞ്ചാലി കാര്യക്ഷമതയോടെ ഈ രീതിയില്‍ പരിചരണം അനുവദിച്ചിട്ടുണ്ട്. പിറ്റേന്നു രാവിലെ വാളും കുന്തവുമായി ഞങ്ങള്‍ കുതിച്ചുചാടി പുറത്തിറങ്ങുമോള്‍ കൗരവ നരഹത്യയ്ക്കു കൈകള്‍ തിരക്കു കൂട്ടും. ആ കാലത്തു കണ്ട വൈദഗ്ദ്ധ്യത്തോടെ പാഞ്ചാലി പിതാമഹനെ ഇപ്പോള്‍ കൈകാര്യം ചെയ്തു മിനുക്കിയെടുക്കുന്നു.
''എണ്ണപ്പെട്ടു പിതാമഹന്റെ നാളുകള്‍ എന്ന പെണ്ണിന്റെ കണ്ടെത്തലാണോ പാഞ്ചാലിയുടെ പെരുമാറ്റ വൈചിത്ര്യത്തിനു കാരണം?'-കൊട്ടാരം ലേഖിക സംശയിച്ചു.
''ഉത്തരായണമായാല്‍ മരണത്തിനുത്തമം എന്നും പറഞ്ഞാണ് പിതാമഹന്‍ പത്താം ദിവസം പോരാട്ടം നിര്‍ത്തി, ഉപയോഗരഹിതമായ അമ്പുകള്‍ കൂട്ടി കട്ടിലാക്കി മലര്‍ന്നു കിടന്നത്. യുദ്ധം കഴിഞ്ഞു ഞങ്ങള്‍ ഹസ്തിനപുരി കോട്ട പിടിക്കാന്‍ പോവുമ്പോള്‍, പിതാമഹനോടു യാത്ര ചോദിച്ചു. ആരാണ് ജയിച്ചത്, ആരൊക്കെ ജീവനോടെ നിങ്ങളില്‍ ബാക്കിയുണ്ട് എന്നൊന്നും ഒരക്ഷരം ചോദിക്കാതെ അപാരതയില്‍ ലയിച്ച ഈ കൗരവ സൈന്യാധിപന്‍ ഇപ്പോള്‍, ആരാണോ ആ മഹായുദ്ധത്തിനു കാരണക്കാരി അവളെ പരിചാരികയാക്കി കൂടെ വച്ചിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ ഹസ്തിനപുരിയില്‍നിന്നു വിട്ടുനില്‍ക്കുന്നു എന്നൊന്നുമല്ല പാഞ്ചാലിയുടെ പുതുനടിപ്പിനു പിന്നിലെന്നെനിക്കു വ്യക്തമായി. എന്നെക്കാള്‍ പ്രായക്കൂടുതലുള്ള പാഞ്ചാലി, വാത്സല്യത്തോടെ പരിലാളിച്ച നീണ്ട ദശാബ്ദങ്ങള്‍ എന്റെ ദാമ്പത്യത്തില്‍ ഉണ്ട്. അപ്പോളൊക്കെ മാനസികസംഘര്‍ഷങ്ങളും പ്രലോഭനങ്ങളും കീഴ്‌പ്പെടുത്തലും മറ്റു പാണ്ഡവരെ പ്രതിയോഗികളാക്കലും പതിവാണ്. അപ്പോഴൊന്നും വ്യക്തമാവാത്ത വിധം പാഞ്ചാലിയിപ്പോള്‍ ഞങ്ങളില്‍നിന്നു കെട്ടു പൊട്ടിച്ചപോലെ തോന്നി. ഔചിത്യബോധവും പെരുമാറ്റമിതത്വവും ആയിരുന്നില്ല പാഞ്ചാലിയുടെ മുഖത്ത്. ഞങ്ങളോടുള്ള അവഗണനയും ഭീഷ്മരോടുള്ള പരിഗണനയും ആയിരുന്നു.'
''ശരശയ്യയിലാണെങ്കിലും മേല്‍ത്തരം കണ്ണുകള്‍ ഭീഷ്മര്‍ക്കുണ്ടല്ലോ. അയാളുടെ സാന്നിധ്യത്തില്‍ സംഭവിച്ച പാണ്ഡവദാമ്പത്യ അത്യാഹിതത്തില്‍ എങ്ങനെ ഇടപെട്ടു അഭിവന്ദ്യ കാരണവര്‍?'-കൊട്ടാരം ലേഖിക ചോദിച്ചു. 
''രാജ്യതന്ത്രപാഠങ്ങള്‍ ഗുണം ചെയ്യുന്നുണ്ടോ എന്നു ഞാന്‍ യുധിഷ്ഠിരനോടു രഹസ്യമായി ചോദിച്ചപ്പോള്‍, നിയുക്ത മഹാരാജാവ് മറുപടി തരാതെ ഒഴിഞ്ഞുമാറി. 
അതോടെ എനിക്കു ബോധ്യമായി, നിരുപദ്രവമെന്നു കരുതിയ ഭീഷ്മപാഠ്യക്രമം അതിന്റെ ഉന്നതമായ ലക്ഷ്യം കണ്ടു. വെട്ടിയൊതുക്കിയ വെളുത്ത താടിയും മുടിയും ചുവന്ന ശരീരത്തിനുമേല്‍ തൂവെള്ള വസ്ത്രവുമായി ഭീഷ്മര്‍ ഒരതിമാനുഷനെപ്പോലെ തോന്നിയതാണെന്നെ കുഴക്കിയത്. ആസന്നമരണനെപ്പോലെയല്ല ആസക്തിയുള്ളവനെപ്പോലെയാണിപ്പോള്‍ പാഞ്ചാലിയുടെ സംരക്ഷണത്തില്‍ ഭീഷ്മര്‍. പാഞ്ചാലിയുടെ സാന്ത്വന പരിചരണം മരണദേവതയെ അകറ്റിനിര്‍ത്തിയോ എന്നു ഞാന്‍ സംശയിച്ചു. ഹസ്തിനപുരം കൊട്ടാരത്തിലെ രാജസഭയില്‍, ധൃതരാഷ്ര്ടരുടെ സിംഹാസനത്തില്‍ നിന്നകന്നു, കാറ്റും വെളിച്ചവും കുറഞ്ഞ മൂലയില്‍ സൈനിക വേഷധാരിയായ ഒരു ഭീഷ്മരെ കണ്ടിരുന്ന ഞങ്ങളുടെ ആ ചെറുപ്പകാല ഓര്‍മ്മയില്‍നിന്ന് ആളെത്ര മാറി. ഒരിക്കല്‍ ഞാന്‍ കുന്തിയോടു ചോദിച്ചു. അയാളുമായി നമ്മുടെ ബന്ധം എന്തെന്ന്. ജൈവികപിതൃത്വം ആരുടേതെന്നറിയാത്ത നിങ്ങള്‍ അഞ്ചുപേര്‍ക്കു അഭിജാത പാണ്ഡവ കുടുംബനാമം തന്ന പാണ്ഡുവിന്റെ അച്ഛന്‍ വേദവ്യാസന്റെ അമ്മ സത്യവതിയുടെ ഔദ്യോഗിക ഭര്‍ത്താവ് ശാന്തനുവിന് ആദ്യഭാര്യമാരില്‍ ഒരാളായിരുന്ന ഗംഗയില്‍ ജനിച്ച മകന്‍ എന്ന് കുന്തി ഒറ്റശ്വാസത്തില്‍ പറഞ്ഞത്, ഈ അസംബന്ധ ചോദ്യം ഇനിയാരും ചോദിക്കരുത് എന്നു കണ്ണുരുട്ടിയായിരുന്നു. ഞങ്ങളെ കണ്ടാല്‍ പിതാമഹന്‍ അക്കാലത്തു, നിങ്ങളുടെയൊക്കെ വിധി എന്ന മട്ടില്‍ തുറിച്ചുനോക്കും, മുഖം തിരിക്കും, കുന്തിയോടു ശബ്ദം താഴ്ത്തി എന്തെങ്കിലും സംസാരിക്കും. കുന്തിയുടെ മകനല്ല നീ അല്ലെ? എന്നൊരിക്കല്‍ നിന്ദയോടെ ചോദിച്ച ആ നോട്ടം ഞാന്‍ മറക്കുകയില്ല. ഇപ്പോള്‍ ഞാന്‍ കാരണവരെ കാണുന്നത് പാഞ്ചാലിയുടെ സമീപത്തില്‍ വൃത്തിയുള്ള കൂടാരത്തില്‍, സൂക്ഷ്മഭാവങ്ങളോടെ, അവളുടെ രക്ഷാധികാരിയെന്നപോലെ, ഞങ്ങളെ സംശയത്തില്‍ കാണുന്ന ആരോഗ്യവാനായ ഒരാണിനെയാണ്. പാഞ്ചാലി അയാളുടെ പിന്നില്‍ ഇരുന്നു നെറ്റിയിലും കഴുത്തിലും വിരലോടിച്ചു മൃദുസംഭാഷണത്തിലൂടെ അയാളുടെ സുഖവിവരം തേടുന്നു. എന്തിനു നിങ്ങളൊക്കെക്കൂടി ചേര്‍ന്ന് ഇങ്ങനെ പിതാമഹനു അശാന്തി കൊടുക്കുന്നു എന്ന സൂചന നോട്ടത്തിലൂടെ തരുന്നു. അയാളുടെ കൈ എടുത്തു സ്വന്തം കൈപ്പത്തി ചേര്‍ത്ത് പാഞ്ചാലി ഭീഷ്മര്‍ക്കു ഞങ്ങളുടെ കണ്‍മുന്‍പില്‍ സുഖചികിത്സ നല്‍കുന്നു. ഇടക്കൊന്നു നീങ്ങി പിതാമഹന്റെ കിടപ്പിടത്തില്‍നിന്ന് ഇല്ലാത്ത പൊടി തട്ടിനീക്കുന്നു. നനഞ്ഞ തുണികൊണ്ടു പിതാമഹന്റെ കാലടി തുടച്ചു പൊടി നീക്കുന്നു. ഇതൊക്കെ അവള്‍ ചെയ്തത് എന്റെ സാന്നിധ്യത്തില്‍ ആയിരുന്നു എന്നു മാത്രമായിരുന്നില്ല വേദനാജനകം, ഇതിനൊക്കെ പ്രോത്സാഹനം നല്‍കുന്നപോലെ ഭീഷ്മര്‍ അവളുടെ സംരക്ഷണത്തില്‍ സന്തുഷ്ടനായി ഇരിക്കുന്നു.'


''കുരുവംശത്തിനു സാഹസികതയുടേയും ആഭിജാത്യത്തിന്റേയും പ്രതിച്ഛായ നല്‍കിയ ഭീഷ്മര്‍, കൗരവ സര്‍വ്വസൈന്യാധിപന്‍ എന്ന നിലയില്‍ നിങ്ങളഞ്ചു പേരെ കൊല്ലാതെ വിട്ട പാണ്ഡവ രക്ഷകനല്ലേ? ഗുരുതരമായി പരിക്കേറ്റു അടിയന്തര ശുശ്രൂഷ അര്‍ഹിക്കുമ്പോഴും ഒരു മൂലയില്‍ മരണം കാത്തുകിടന്ന ഈ മഹായോദ്ധാവിന്റെ അന്ത്യനിമിഷങ്ങളില്‍ ആനന്ദം പകരാന്‍ പാഞ്ചാലി ആര്‍ദ്രയായി ഉത്സാഹിക്കുമ്പോള്‍, അതു കണ്ട് എന്തിനു കലങ്ങണം പാണ്ഡവ കരള്‍?'-കൊട്ടാരം ലേഖികയുടെ സ്വരത്തില്‍ ഈര്‍ഷ്യ കലര്‍ന്നു.
''പാഞ്ചാലി ഞങ്ങള്‍ക്കു വെറുമൊരു ഭാര്യയായിരുന്നില്ലെന്ന പരമാര്‍ത്ഥം നിങ്ങള്‍ക്കു ബോധ്യപ്പെടണം.'
''അതിനു ഈ അഭിമുഖത്തില്‍ സാഹചര്യമുണ്ടാവുമോ എന്ന് 'ഹസ്തിനപുരി പത്രിക' നോക്കാം. അതിനു മുന്‍പൊരു കാര്യം അറിയണം. കൗരവരാജവിധവകള്‍ രാജമന്ദിരങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍, അതു തടയാന്‍ ബാധ്യതയുള്ള പാണ്ഡവര്‍ക്കവിടെ വേണ്ടത്ര ആള്‍ബലമൊന്നുമില്ലേ? ക്രമാസമാധാനപ്രശ്‌നത്തില്‍ പരിഹാരം കാണുന്നതില്‍ പാഞ്ചാലിയുടെ പ്രസക്തിയെന്താണ്?'-കൊട്ടാരം ലേഖിക എഴുത്താണി നകുലനു നേരെ ചൂണ്ടി
''കുടിയൊഴിപ്പിച്ചതു ഞങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഇടമില്ലാത്തതു കൊണ്ടായിരുന്നു എന്ന വസ്തുതയില്‍ വേണം അടുത്ത വിവരത്തിലേക്കു പിടിച്ചുകയറാന്‍. കാഴ്ചപരിമിതര്‍ എന്ന മാനുഷിക പരിഗണനയില്‍ ധൃതരാഷ്ര്ടരെയും ഭാര്യയേയും ഞങ്ങള്‍ കുടിയൊഴിപ്പിച്ചില്ല, കുന്തിയിപ്പോഴും ഗാന്ധാരിയുടെ വ്യക്തിഗത സേവന സഹായിയാണ്. പട്ടാഭിഷേകം കഴിഞ്ഞിട്ടില്ലെങ്കിലും ഭരണചക്രം തിരിക്കുന്ന ചുമതല കിട്ടിയ പാണ്ഡവര്‍ക്കിന്നു കൗരവരാജവിധവകള്‍ വീരമൃത്യു വരിച്ച അര്‍ധസഹോദരരുടെ അനാഥഭാര്യമാരല്ല, നൂറോളം രമ്യഹര്‍മ്യങ്ങള്‍ ദശാബ്ദങ്ങളായി കൈവശപ്പെടുത്തിയിരുന്ന ശത്രുപക്ഷത്തിന്റെ തിരുശേഷിപ്പുകള്‍ ആണ്. പക്ഷേ, അവരുടെ കുടിയൊഴിപ്പിക്കലും മോശം പുനരധിവാസവും മനുഷ്യത്വരഹിതമായി ചെയ്തുകൊടുത്തത് പാഞ്ചാലിയായിരുന്നു എന്ന പൊതുധാരണയില്‍, അവളെ വ്യക്തിപരമായി ഉന്നം വച്ചാണ് വിധവസംഘം കൊട്ടാരഗോപുരത്തിനു മുന്‍പില്‍ നിത്യവും അതിഭാവുകത്വം നിറഞ്ഞ വിലാപനാടകം അരങ്ങേറുന്നത്. ഒരിക്കല്‍ പാഞ്ചാലിയുടെ അഴകളവുകളുടെ ആരാധകര്‍ ആയിരുന്ന ഈ രാജസ്ത്രീകളിന്നു ശത്രുക്കളായി. യുദ്ധാനന്തര ഭക്ഷണക്ഷാമം രൂക്ഷമായ ഹസ്തിനപുരിയില്‍ ഇന്നു തെരുവോരം നിറയെ ഒഴിഞ്ഞ വയറും തിളയ്ക്കുന്ന ഹൃദയവുമായി ബാലജനമുണ്ടു കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍. എക്കാലവും വിമതവേഷധാരിയായ ചാര്‍വാകന്‍ അണിയറയിലിരുന്നു ആജ്ഞാനുവര്‍ത്തികള്‍ക്കുവേണ്ടി അടുത്ത നടപടി ആസൂത്രണം ചെയ്യുന്നു. ആഭ്യന്തര സുരക്ഷയുടെ ചുമതലയുള്ള അര്‍ജുനന്‍, ഒരിക്കല്‍ മാരകായുധമായിരുന്ന, ഗാന്ധീവം ഉയര്‍ത്താന്‍പോലുമാവാതെ തളര്‍ന്നുവീഴുന്നു. മഹാവൃക്ഷം വേരോടെ പിഴുതു ബകനെ അടിച്ചുകൊന്ന ഭീമന്‍ പ്രതിരോധ മേധാവി എന്ന നിലയില്‍ പ്രശ്‌നപരിഹാരത്തിനു നിരത്തിലിറങ്ങുമ്പോള്‍, തിരക്കില്‍ നിന്നൊരു കുട്ടിയുടെ ചവണയേറില്‍ നെറ്റിമുറിഞ്ഞു വേദന സഹിക്കവയ്യാതെ കുന്തിച്ചിരുന്നു കരയുന്നു. എല്ലാം ഞാന്‍ പ്രവചിച്ചപോലെ എന്ന് സഹദേവന്‍, ഭാവി നേരില്‍ കാണുന്ന എന്റെ സഹോദരന്‍, ആഹ്‌ളാദിക്കുന്നു. ഈ പ്രതിസന്ധിയില്‍ പാഞ്ചാലിയുടെ സാന്നിധ്യം ഹസ്തിനപുരിയില്‍ അനിവാര്യമെന്ന് കൃപാചാര്യര്‍ വിദഗ്ദ്ധ ഉപദേശം തരുന്നു. അതെ അതെ എന്നു വിവേകവചനത്തിന്റെ ആള്‍രൂപമായ വിദുരര്‍ ഉപദേശിക്കുന്നു. പിതാമഹനെ ഒന്നു മുഖം കാണിച്ചു അനുഗ്രഹം വാങ്ങി ഉടനടി തിരിച്ചുകൊണ്ടു പോവാമെന്നു കരുതിയ പാഞ്ചാലിയിപ്പോള്‍ കാരണവരുടെ കിടക്കസഹായിയായി പാണ്ഡവരോട് അവഗണനാപരമായി പ്രതികരിക്കുന്നു.'
''കുടിയൊഴിക്കപ്പെട്ട കൗരവരാജവിധവകള്‍ ഏറെ കാലം ഭീഷ്മരുടെ മുന്‍പില്‍ മുട്ടുകുത്തി കൈ മുത്തിയതല്ലേ? ഇന്നവര്‍ അന്നം കിട്ടാതെ അതേ കൊട്ടാരം ഊട്ടുപുരയില്‍ തെണ്ടുന്നു എന്ന വാര്‍ത്ത ശരശയ്യയില്‍ കിടക്കുന്ന ഈ കാരുണ്യമൂര്‍ത്തിക്കു പ്രശ്‌നമല്ലേ?'-കൊട്ടാരം ലേഖിക ചോദിച്ചു.
''അങ്ങനെ പെണ്ണിന്റെ മാനം കാക്കാന്‍ ഒച്ച പൊങ്ങിയ അനുഭവമുണ്ടോ പിതാമഹന്? ഉടുതുണിയൂരി കൗരവര്‍ പാഞ്ചാലിയെ രാജസഭയില്‍ പ്രദര്‍ശനവസ്തുവാക്കിയപ്പോള്‍ ബ്രഹ്മചാരി ഭീഷ്മര്‍ ഗാന്ധാരിയെപ്പോലെ മേല്‍വസ്ത്രം കൊണ്ടു കണ്ണുകെട്ടി നാവടച്ചു എന്നല്ലേ 'ഹസ്തിനപുരി പത്രിക'യുടെ അന്നത്തെ കൊട്ടാരം ലേഖിക എഴുതിയത്? ഞാന്‍ വേറൊരാളെ പ്രണയിക്കുന്നു എന്നു പറഞ്ഞ കാശിരാജകുമാരി ഉള്‍പ്പെടെ മൂന്നുപേരെ ബന്ദിയാക്കി ഹസ്തിനപുരിയില്‍, ക്ഷയരോഗി വിചിത്രവീര്യന്റെ കിടപ്പറയിലേക്ക് അവരുടെ നിലവിളി കേള്‍ക്കാന്‍ നിക്കാതെ ഊക്കോടെ തള്ളിയിട്ട പീഡക ഭീഷ്മരാണോ അവഹേളിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ സംരക്ഷകന്‍?'
''അനീതിക്കെതിരെ ഒച്ചവെക്കാതെ പ്രതിരോധമുയര്‍ത്താന്‍ വേണ്ട വ്യക്തിഗത നൈപുണ്യ വികസനം പാഞ്ചാലിക്കുണ്ടെന്ന ഉത്തമബോധ്യത്തിലല്ലേ ഹസ്തിനപുരി കൊട്ടാരത്തില്‍ അവളുടെ സാന്നിധ്യം കൗരവവിധവകള്‍ക്കു വിശ്വാസ്യത നല്‍കുമെന്ന് യുധിഷ്ഠിരന്‍ കണ്ടത്? എന്തുകൊണ്ടു പിന്നെ പാഞ്ചാലി രാജ്യതാല്‍പ്പര്യത്തില്‍ സഹകരിച്ചുകൂടാ?'-കൊട്ടാരം ലേഖികയുടെ ശബ്ദം കനത്തു.
''യുധിഷ്ഠിരന്റെ നിലപാടാണ് പാഞ്ചാലിയെ ചൊടിപ്പിക്കുന്നത്, കൗരവ വിധവകളുടെ ആവശ്യമല്ല. സിംഹാസനത്തില്‍ ഇരുന്നുകഴിഞ്ഞാല്‍ യുധിഷ്ഠിരന്‍ ആളാകെ മാറുമെന്നറിഞ്ഞത് പാഞ്ചാലിയായിരുന്നു. ഖാണ്ഡവ വനത്തിലേക്കു ആശയറ്റ കുടിയേറ്റക്കാരനായി വന്ന യുധിഷ്ഠിരന്‍ എത്ര വേഗം പൊങ്ങച്ചത്തിന്റെ തക്ഷകനായി ഇന്ദ്രപ്രസ്ഥം ചക്രവര്‍ത്തിയുടെ ചെങ്കോല്‍ പിടിച്ചു. പാഞ്ചാലിയുടെ അന്ത:പുരത്തില്‍ ഊഴം തെറ്റിച്ചും ഇടിച്ചുകയറാന്‍ അയാള്‍ക്കു സാധിച്ചു. ഒന്നും അവള്‍ മറന്നിട്ടില്ല, ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും സാഹചര്യമനുസരിച്ചു നടിക്കുമെങ്കിലും. ദശാബ്ദങ്ങള്‍ സുഖജീവിതം നയിച്ച രാജമന്ദിരങ്ങളില്‍നിന്ന്, വിധവകളായ പുത്രവധുക്കളെയും കൂട്ടി കൗരവരാജസ്ത്രീകള്‍ ചെന്നുകയറിയ വയോജനനിവാസ് നിങ്ങള്‍ കണ്ടിട്ടുണ്ടോ? നീണ്ടകാല രഹസ്യ തടവറ, കൗരവര്‍ക്കെതിരെയുള്ള വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച ഭീതിദ മന്ദിരം വേണം കൗരവ വിധവകളെ പുനരധിവസിപ്പിക്കാന്‍ എന്ന പ്രതികാര തീരുമാനം ഭീമന്റെയായിരുന്നു. അത്രമാത്രം അപമാനം അയാള്‍ക്കു പറയാനുണ്ട്. നൂറോളം കൗരവ മന്ദിരങ്ങളില്‍ ഒന്നുപോലും വിട്ടുകൊടുക്കില്ലെന്ന് ഭീമന്‍ ഗദ വീശി വാശി പിടിക്കുമ്പോള്‍, നൂറും വിട്ടുകൊടുക്കൂ എന്ന് പാഞ്ചാലി പറഞ്ഞാല്‍ പാണ്ഡവന്‍ സമ്മതിക്കുമോ?'
''പാഞ്ചാലിയുടെ രാജ്യദ്രോഹ നിലപാടിനെ നിങ്ങള്‍ അനുകൂലിക്കുന്നപോലെ തോന്നുന്നു' കൊട്ടാരം ലേഖിക കുറ്റപ്പെടുത്തുന്ന രീതിയില്‍ മുഖം കോട്ടി. 
''കാല്‍നൂറ്റാണ്ടുകാലത്തെ ബഹുഭര്‍ത്തൃത്വം പാടെ മറന്നപോലെ പിതാമഹന്റെ കൂട്ടുകാരിയായി ശരശയ്യ കൂടാരത്തില്‍ കഴിയാനുറക്കുമ്പോള്‍ ഞാനെന്തു നിലപാടെടുക്കണം? ഭീഷ്മരെ സ്വച്ഛന്ദമൃത്യുവിനു വിട്ട് ഹസ്തിനപുരിയില്‍ തിരിച്ചെത്തി, രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പാഞ്ചാലി പരിഹാരം കാണണം എന്നു പറയുമ്പോഴും യുധിഷ്ഠിരനെപ്പോലെ ചുണ്ടില്‍ കാപട്യവുമായി പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഞാന്‍ നേരിടുകയില്ല.'
''ഇത്ര പരിപാവനമാണോ നകുലമനോഭാവങ്ങള്‍? ഒരു പാര്‍ശ്വവല്‍കൃത പാണ്ഡവന്‍ എന്ന നിലയില്‍ അത്ര ആവണോ? അഭിമുഖത്തില്‍ കാപട്യം അസഹനീയമൊന്നുമല്ല. നിങ്ങള്‍ പാണ്ഡവര്‍ തന്നെയല്ലേ പിതാമഹനെ പത്താംദിവസ യുദ്ധത്തില്‍ മൂന്നാം ലിംഗക്കാരനെ മുന്നില്‍ നിര്‍ത്തി കിടപ്പുരോഗിയാക്കി പോര്‍മുഖത്തുനിന്നു നീക്കിയത്'- കൊട്ടാരം ലേഖിക തടസ്സപ്പെടുത്തി
''തക്ഷശിലയിലെ ചരിത്രപണ്ഡിതര്‍ വിശകലനം ചെയ്യാന്‍ മാത്രം പാണ്ഡവ പിന്തുടര്‍ച്ചാവകാശ പോരാട്ടം ഭൂതകാലത്തിലേക്കു വഴിമാറിയിട്ടില്ല. അതു വരുംയുഗത്തിലേക്കു വിടുക. ജേതാക്കളായ പാണ്ഡവര്‍ക്കു കിട്ടിയത് ഐശ്വര്യം നിറഞ്ഞ ഹസ്തിനപുരിയല്ല, വറുതിയാണ്. പണ്ടൊക്കെ കൊട്ടാരം ഊട്ടുപുരയില്‍ എപ്പോള്‍ ചെന്നാലും കടിച്ചു കഴുത്തു പൊട്ടിക്കാന്‍ വെള്ളമുയലുകളും ജീവനോടെ തൊലിയുരിഞ്ഞു ചുട്ടു തിന്നാന്‍ മാന്‍പേടകളും ഉണ്ടാവും. യുദ്ധജേതാക്കളായി ഞങ്ങള്‍ ഓടിച്ചെന്നപ്പോള്‍ പലപ്പോഴും കണ്ടത്, ഒഴിഞ്ഞ പാത്രങ്ങളും ധാന്യപ്പെട്ടികളും. വയര്‍ നിറയെ ആഹാരം എന്നതു ഞങ്ങള്‍ക്കു ഒരു സ്വപ്‌നമായി.'
''ഒരു നേരം വയര്‍ നിറയെ ഭക്ഷണം എന്ന നിലയിലേക്കു ലക്ഷ്യം താണുവോ യുദ്ധം ജയിച്ചു ഭരണം ഏറ്റെടുത്ത പാണ്ഡവരുടെ ലക്ഷ്യം? അതോ, പാഞ്ചാലിയെ പിതാമഹനില്‍നിന്നു തിരിച്ചുപിടിക്കുക എന്നതായിരിക്കുമോ നിങ്ങളുടെ ജീവന്മരണ പ്രശ്‌നം?'-കൊട്ടാരം ലേഖിക പാദരക്ഷയില്‍നിന്നു കാലെടുത്തു തള്ളവിരല്‍കൊണ്ടു വധം വരച്ചു.
''ഇന്നും ഞാന്‍ അല്‍പ്പം മാറിനിന്ന്, ഒരു വയര്‍ ഭക്ഷണത്തിന്നപ്പുറം പാഞ്ചാലിയേയും പിതാമഹനേയും ഒളിഞ്ഞു ശ്രദ്ധിച്ചു. കണ്ട കാഴ്ച അശാന്തിയുടേതായിരുന്നു. കാണേണ്ടിയിരുന്നില്ല എന്നുപോലും തോന്നി'- നകുലന്‍ ഏറ്റുപറഞ്ഞു, നോട്ടം വിദൂരതയിലേക്കു പാഞ്ഞു, സ്വരം ഇടറി.
''എന്ത് അസാധാരണ കാഴ്ചയാണ് ഈ രണ്ടു ഇതിഹാസ കഥാപാത്രങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ പ്രദര്‍ശിപ്പിക്കാനാവുക? പ്രത്യേകിച്ച് അവളുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ രോഗാതുര ഭീതിയോടെ അവളെ നിര്‍മര്യാദകരമായി നിരീക്ഷിക്കുമ്പോള്‍?'-കൊട്ടാരം ലേഖിക കൃത്യം വിവരം ആവശ്യപ്പെടുന്ന രീതിയില്‍ ചോദ്യം ക്രമീകരിച്ചു.


''വസ്തുതാപരമായി പറഞ്ഞുനോക്കാം. അവര്‍ അടുത്തടുത്തിരിക്കുന്നു. സംസാരിക്കാതിരിക്കുമ്പോഴും അവര്‍ക്കിടയിലൊരു ആര്‍ദ്രമായ വിനിമയമുണ്ട്. എന്നാല്‍, ഞങ്ങള്‍ പാണ്ഡവരോടു സംസാരിക്കുമ്പോള്‍ പാഞ്ചാലി ഞങ്ങളില്‍നിന്ന് അകന്നകന്നു പോവുന്നതാണ് അനുഭവം. ഇടയ്ക്കു കാണാം, പാഞ്ചാലിയുടെ വിരലുകള്‍ പിതാമഹന്റെ മുടിയിലും താടിയിലും ചലിക്കുന്നു. വെള്ളത്തുണികൊണ്ട് പാഞ്ചാലി പിതാമഹന്റെ കഴുത്തും നെറ്റിയും ഒപ്പുന്നു, മണ്‍പാത്രത്തില്‍നിന്നു വെള്ളമെടുത്തവള്‍ അതാ പിതാമഹന്റെ കൈകളില്‍ ഓമനത്തത്തോടെ തുള്ളിതുള്ളിയായി തളിച്ച്, തുണികൊണ്ടു പതുക്കെ തുടച്ചു വൃത്തിയാക്കുന്നു. ആ കൈകള്‍ പിന്നീട് ഭീഷ്മര്‍, പാഞ്ചാലിയുടെ തോളിലൂടെ ചേര്‍ക്കുന്നു. മുഖങ്ങള്‍ അടുക്കുന്നു. മേല്‍വസ്ത്രം നീക്കി അവള്‍ ഭീഷ്മചുണ്ടുകള്‍ നനക്കും വിധം മുലക്കണ്ണു ചേര്‍ത്തുവയ്ക്കുന്നു. കുടിലിലെ പാതി തുറന്ന കൊച്ചുജാലകത്തിലൂടെ നോക്കുന്ന എന്റെ കാഴ്ച മറച്ചുകൊണ്ട് പാഞ്ചാലിയുടെ പിന്‍ഭാഗം മാത്രം ഇപ്പോള്‍ കാണുന്നു'-ഓരോ അശാന്ത കാഴ്ചയിലും നകുല ശരീരം ചുളുങ്ങിക്കൊണ്ടിരുന്നു. 
''സ്ത്രീ-പുരുഷ ശാരീരികതയില്‍ ഇടപെട്ടു മൂന്നാമതൊരാള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ അതിവൈകാരികത അനാവശ്യമായി'-കൊട്ടാരം ലേഖിക അതൃപ്തി അറിയിച്ചു, 'പല പുരുഷന്മാരുമായും ബന്ധപ്പെട്ട ഒരു പരിഷ്‌കൃത രാജസ്ത്രീ, കുരുവംശകുലപതിക്കു കൊടുക്കുന്ന വ്യക്തിഗത പരിചരണമെന്ന നിലയില്‍ ഇതൊക്കെ കാണാന്‍ എന്തുകൊണ്ടു നിങ്ങള്‍ ശ്രമിക്കുന്നില്ല?'
''ദേഹശുദ്ധി, ശുചിമുറിമാലിന്യനീക്കം, വസ്ത്രധാരണം, ആഹാരം, ഉറക്കം എന്നിങ്ങനെ പിതാമഹന്റെ സമസ്ത ആരോഗ്യമേഖലകളിലും സര്‍വ്വാധിപത്യം പുലര്‍ത്തുന്ന പാഞ്ചാലി നിങ്ങളെ അവഹേളിക്കുന്ന വിധം ഊര്‍ജത്തോടെ അവഗണിക്കുമ്പോഴും നിങ്ങള്‍ ആശ്വസിക്കുകയാണ്, അവള്‍ നിങ്ങള്‍ക്കൊപ്പം ഹസ്തിനപുരിയിലേക്കു തിരിച്ചുവരും, വരാതിരിക്കില്ല?' കുറച്ചു കൂടി അതീവ രഹസ്യ അകത്തളവാര്‍ത്തകള്‍ നകുലനില്‍നിന്നു കേട്ട കൊട്ടാരം ലേഖിക മൂക്കു തുടച്ചു വിസ്മയിച്ചു.
''നിങ്ങളുടെ സംശയത്തില്‍ കാര്യമുണ്ട്. അതിനു കാരണവുമുണ്ട്. സ്വച്ഛന്ദമൃത്യുവെന്നു നാം സൗമനസ്യത്തോടെ മഹത്വപ്പെടുത്തിയ ഭീഷ്മാന്ത്യം എന്തുകൊണ്ട് ഇനിയും വൈകുന്നു എന്ന നിലയിലെത്തിയിരിക്കയാണ് പാണ്ഡവമനോഭാവം. രാജവൈദ്യന്മാരായ അശ്വനിദേവതകളില്‍ ഒരാളാണ് എന്റെ ജൈവിക പിതാവെങ്കിലും, ഭീഷ്മരെ തുണിയൂരി പരിശോധിക്കാന്‍ പാഞ്ചാലി എന്നെ ക്ഷണിച്ചില്ല എന്നത് അവളുടെ വെറുമൊരു തെറ്റല്ല. തീരുമാനമാണ്. അഞ്ചു പ്രസവിക്കുകയും അഞ്ചുപേരൊത്തു കാല്‍നൂറ്റാണ്ടു കാലം സംഘരതിയില്‍ കൂട്ടാളിയാവുകയും ചെയ്ത മധ്യവയസ്‌കയാണവള്‍. വസ്തുതാപരമായെങ്കിലും അവളുടെ ബാഹ്യവും ആന്തരികവുമായ നിരവധി ശരീരഭാഗങ്ങള്‍ക്കു പുത്തന്‍ കന്യകാത്വം എങ്ങനെ കൈവന്നു എന്നു നിങ്ങള്‍ ചോദ്യം ഉയര്‍ത്തുമ്പോള്‍ ഉത്തരം കിട്ടും, പാഞ്ചാലിയുടെ സൗന്ദര്യരഹസ്യത്തില്‍ അശ്വനിദേവതകളുടെ സംഭാവന. ഭീഷ്മമരണം കൊതിക്കുന്ന ഞാനിന്നു കാണുന്നത് അനുനിമിഷം മെച്ചപ്പെടുന്ന ഭീഷ്മാരോഗ്യമാണ്. താടിയും മുടിയും നരച്ചിട്ടില്ലാത്ത എന്നെക്കാള്‍ യുവത്വം തോന്നും താടിയും തലയും നരച്ച പിതാമഹന്. ശരശയ്യ കൂടാരത്തില്‍ കാണുന്ന ഓരോ കാഴ്ചയും എന്നെ കുഴക്കുന്നു. ഇതിപ്പോള്‍ യുദ്ധാനന്തര നകുലവിഷാദയോഗം'- ക്ഷീണിച്ച സ്വരത്തില്‍ നകുലന്‍ സമ്മതിച്ചു.
''കൂടുതല്‍ വ്യക്തത വേണം, യുദ്ധം കഴിഞ്ഞ സ്ഥിതിക്കു തൊഴില്‍ നഷ്ടപ്പെട്ടേക്കാം എന്ന ഭീതിയില്‍ യുദ്ധകാര്യലേഖകന്‍ എന്റെ ഓരോ വാക്കും പത്രകാര്യാലയത്തില്‍ വസ്തുതാപരിശോധന ചെയ്യുന്ന കാലമാണിത്. പാണ്ഡവദാമ്പത്യത്തിന്റെ കഴിഞ്ഞ കാല്‍നൂറ്റാണ്ടില്‍, രോഗീപരിചരണത്തില്‍ പാഞ്ചാലി അര്‍പ്പണമനോഭാവം നിങ്ങളോടു പ്രദര്‍ശിപ്പിച്ച നേരനുഭവം ഉണ്ടോ?'-കൊട്ടാരം ലേഖിക ചോദിച്ചു. ''ഭീഷ്മര്‍ക്ക് അവളിപ്പോള്‍ നല്‍കുന്ന ഈ കുഴപ്പം പിടിച്ച വ്യക്തിഗത സാന്ത്വനസ്പര്‍ശം ഉണ്ടല്ലോ, അതുപോലൊന്നു നിങ്ങള്‍ക്കും കിട്ടിയിരുന്നു എന്ന ഓര്‍മ്മ വല്ലതും പൊടിതട്ടിയെടുക്കാമോ?'
''രോഗബാധിതമല്ലാത്ത ശരീരങ്ങള്‍ ഞങ്ങള്‍ക്കു തന്ന പ്രകൃതിക്കു പ്രണാമം. എന്നാല്‍, ഹൃദയവേദന? അതിന്റെ ആഘാതങ്ങള്‍ എത്ര ആഴത്തിലോടി എന്നു നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ. ഇതിഹാസ കഥാപാത്രങ്ങളായ ഞങ്ങളുടെ സ്വകാര്യ ജീവിതം തെരുവോരങ്ങളില്‍ പാട്ടായും പനയോലകളില്‍ ശേ്‌ളാകങ്ങളായും നിങ്ങള്‍ നാടുനീളെ അറിയുന്നതല്ലേ. മനസ്സ് തപിച്ച വനവാസക്കാല അടിമജീവിതത്തില്‍ പക്ഷേ, ഒരിക്കലെങ്കിലും പാഞ്ചാലി കൈവിരലുകള്‍ കൊണ്ടെന്റെ കവിളില്‍ തലോടി, നമുക്കു പ്രതീക്ഷ വേണം എന്ന് ആശ്വസിപ്പിച്ച ഓര്‍മ്മയില്ല. അതിലധികം സാന്ത്വന ദാരിദ്ര്യമാണ് മറ്റു നാല് പാണ്ഡവര്‍ക്കു പാഞ്ചാലി സമ്മാനിച്ചത്. ഒന്നിങ്ങോട്ടു ചേര്‍ന്നുനിന്ന് ഈ കിളിജാലകത്തിലൂടെ കണ്ണെറിഞ്ഞു, ശരശയ്യ കൂടാരത്തിനകത്തേക്കു ഒളിനോക്കാമോ ശ്വാസം പിടിച്ചു? നകുലന്‍ ശബ്ദം താഴ്ത്തി കൊട്ടാരം ലേഖികയുടെ മുഖം പിടിച്ചു അകത്തേക്കു നോട്ടമെറിയാന്‍ സഹായിച്ചു. 
''എന്റെ കണ്ണുകളെ ഞാന്‍ അവിശ്വസിക്കുന്ന ഈ ദുര്‍ദിനങ്ങളില്‍ ഏക ആശ്വാസം പത്രപ്രവര്‍ത്തകരുടെ കണ്ണുകളില്‍ ആര്‍ക്കും പൊടിയിടാനാവില്ല എന്നതാണ്'. വേണമെങ്കില്‍ കൈകൊണ്ടുയര്‍ത്താം എന്ന മട്ടില്‍ കൊട്ടാരം ലേഖികയുടെ അരക്കെട്ടില്‍ നകുലന്‍ കൈകള്‍ ചുറ്റി.
''മാറിനില്‍ക്കൂ അസന്തുഷ്ടനായ രാജകുമാരാ, നിങ്ങളുടെ ശാരീരിക ഇടപെടലും വൈകാരിക ഇടങ്കണ്‍നോട്ടവും ഇല്ലാതെ ഈ അരുതാത്ത കാഴ്ചയൊന്നു ഞാന്‍ സ്വതന്ത്രമായി നോക്കട്ടെ'-കൊട്ടാരം ലേഖിക നകുലനെ സ്പര്‍ശസാന്ത്വനത്തോടെ പിടിച്ചുമാറ്റി, ചലനസൂക്ഷ്മതയോടെ ആ കിളിജാലകത്തിലൂടെ ഒളികണ്ണെറിഞ്ഞു.
''കാഴ്ച കമനീയം' -കൊട്ടാരം ലേഖിക പരിഷ്‌കൃത രീതിയില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകയെപ്പോലെ, നകുലനു മാത്രം കേള്‍ക്കാന്‍ മന്ത്രിച്ചു. ചുവന്നു നീണ്ട ശരീരം, വെളുത്തു നീണ്ട മുടിയും താടിയും, തൂവെള്ള മേല്‍വസ്ത്രങ്ങള്‍. ഇതു പോരാളിയുടെ രൂപമല്ല, സന്യസ്ഥന്റേതാണ്, പരിത്യാഗിയായ സന്യസ്ഥന്റെ നിര്‍ജീവ നേത്രങ്ങളല്ല, ആസക്തിയുള്ള വൃദ്ധന്റെ ആര്‍ത്തിയുള്ള നോട്ടമാണ്. നിര്‍ജ്ജലമുടി അഴിച്ചിട്ട പാഞ്ചാലി നേരിയതെന്തോ അരയില്‍ ചുറ്റിയിട്ടുണ്ട്. അഴകളവുകള്‍ പൂര്‍ണമായി കാണാം, വെറുതെയല്ല നകുലനും ആ കാഴ്ച അശാന്തി നല്‍കിയത്. അവളുടെ മടിയില്‍ പിതാമഹന്‍ ശിരസ്സ് ചേര്‍ത്തുവച്ചുറങ്ങുകയാണെന്നു തോന്നാം, പക്ഷേ, ഉറങ്ങുകയല്ലെന്നു ഭീഷ്മഹസ്തങ്ങളുടെ ജിജ്ഞാസയുള്ള ചലനങ്ങള്‍ വ്യക്തമാക്കുന്നു. അവള്‍ പതുക്കെ പാടുകയാണ്. ഞാന്‍ ചെവിയുടെ ശ്രവണസാധ്യത പരമാവധി പ്രയോജനപ്പെടുത്തുമ്പോള്‍, പാഞ്ചാലി പാടുന്നത് ഒരു ആശംസാഗീതമാണ്, സര്‍വ്വസൈന്യാധിപനായി കൗരവസൈന്യത്തെ മനപ്പൂര്‍വം മോശമായി നയിച്ച് എനിക്കായി പൂര്‍ണ കൗരവപരാജയം ഉറപ്പുവരുത്താനുള്ള മഹാദൗത്യം ഏറ്റെടുത്തവനെ, പ്രിയാ, നിനക്കു സ്വസ്തി.'
കിളിജാലകത്തില്‍നിന്നു മുഖം പിന്‍വലിച്ച കൊട്ടാരം ലേഖികയ്ക്കു പുറത്തെ അന്തരീക്ഷവുമായി ബന്ധപ്പെടാന്‍ സമയമെടുത്തു, ''പിതാമഹന് പാഞ്ചാലിയോടെന്തെങ്കിലും മുന്‍ പ്രണയപാരവശ്യം? പാഞ്ചാലിക്ക് ഭീഷ്മരോട് ആര്‍ദ്രഹൃദയവികാരമുണ്ടെന്ന ദുസ്‌സൂചന?' അവള്‍ കണ്ട അറിവിന്റെ സാധുതയ്ക്കായി ചോദ്യം ചെയ്തു.
''വാക്കിനേക്കാള്‍ മുഖവിലക്കെടുക്കേണ്ടതു പ്രവൃത്തിയാണെങ്കില്‍, പാഞ്ചാലിക്കു പിതാമഹന്‍ വാത്സല്യമുള്ള മുതുമുത്തച്ഛനോ ഉത്തരവാദിത്വമുള്ള രാജപ്രമുഖനോ ആയിരുന്നില്ല എന്നു ഭൂതകാല സംഭവങ്ങള്‍ അടയാളപ്പെടുത്തിയതൊക്കെ നിങ്ങള്‍ തക്ഷശിലയില്‍ പഠിച്ച സ്ഥിതിക്ക്, ഞാനതൊന്നും മൃദുവായി ഓര്‍മ്മപ്പെടുത്തുക മാത്രമല്ലേ ചെയ്യേണ്ടതുള്ളൂ? കരുണ കാണിച്ചിട്ടില്ല എന്നു മാത്രമല്ല, അവളുടെ ജീവിതത്തിലെ പ്രതികൂല സാഹചര്യ നിര്‍മ്മിതിയില്‍ പിതാമഹന്റെ പങ്ക്, തെറ്റുചെയ്തു എന്നതല്ല തെറ്റു കണ്ടപ്പോള്‍ തലതാഴ്ത്തി കുറ്റകരമായ അനാസ്ഥ കാണിച്ചു എന്നതാണ്. പാഞ്ചാലിയെ സംഘവിവാഹം കഴിച്ചു ഹസ്തിനപുരിയില്‍ അഭയം തേടിവന്ന ഞങ്ങളെ ഖാണ്ഡവ വനം എന്ന കൊടും കാട്ടിലേക്കു കുടിയേറ്റക്കാരായി അയക്കാന്‍ കൗരവര്‍ ഗൂഢാലോചന നടത്തിയതിലും കാണാം ഭീഷ്മരുടെ നീതിബോധത്തിന്റെ അഭാവം. ആ ഹീന കൗരവശ്രമത്തെ തടയിടാന്‍ അയാള്‍ ശ്രമിച്ചില്ല. ചൂതാട്ടത്തിനുശേഷം, പാഞ്ചാലിയെ കൗരവര്‍ നഗ്‌നയാക്കിയപ്പോള്‍ ഭീഷ്മരുടെ പ്രതികരണം എന്തെന്നു ഞാന്‍ പറഞ്ഞാല്‍ അതൊരു കടുംകൈ ആവും. മനുഷ്യമനസ്സാക്ഷിയെ വരും യുഗത്തിലും അലട്ടും എന്നാണ് വസ്തുത കേട്ടറിഞ്ഞ കൃഷ്ണന്‍ പറഞ്ഞത്. അലട്ടുമോ എന്നു വരുംതലമുറ തീരുമാനിക്കട്ടെ. ഞങ്ങളുടെ വ്യാഴവട്ടക്കാല അടിമജീവിതത്തില്‍ ഒരിക്കലെങ്കിലും ഞാന്‍ കൂടെയുണ്ട് എന്നൊരു സന്മനസ്സുള്ള സന്ദേശം വിശ്വസ്തര്‍ വഴി ഭീഷ്മര്‍ ഞങ്ങള്‍ക്കു കൈമാറിയോ? ഞങ്ങളുടെ അജ്ഞാതവാസക്കാലത്തു ''ചത്തതു കീചകനെങ്കില്‍' എന്ന അനാവശ്യവും ആപല്‍ക്കരമായ നിരീക്ഷണത്തിലൂടെ പിതാമഹന്‍, ഞങ്ങള്‍ എവിടെ എന്ന സ്ഥലസൂചന കൗരവര്‍ക്കു നല്‍കിയില്ലേ? വിരാടന്റെ നാല്‍ക്കാലികളെ കക്കാന്‍ അവിടേക്കു പിതാമഹന്‍ നിര്‍ലജ്ജം പട നയിച്ച്, പിടിച്ചുനില്‍ക്കാനാവാതെ പോരാട്ടത്തില്‍നിന്നു പിന്തിരിയേണ്ടിവന്നില്ലേ? ഞങ്ങളെ തുണച്ചില്ല എന്നുമാത്രമല്ല, പകയോടെ ഞങ്ങളെ പുറത്തുചാടിച്ചതിലും ഈ പുറംപൂച്ചുകാരന്‍ സജീവമായിരുന്നില്ലേ. വ്യാസനെപ്പോലെ തൊട്ടതെല്ലാം കരിക്കട്ടയാക്കുന്ന ഭീഷ്മര്‍ ഇന്ന് പാഞ്ചാലിയെ മന്ത്രവാദത്തിലൂടെ ബന്ദിയാക്കി കൂടെ പാര്‍പ്പിക്കുന്നു. രാഷ്ര്ടമീമാംസ പഠിക്കാന്‍ വന്ന യുധിഷ്ഠിരന്‍ ഈ കുപ്രശസ്ത ബ്രഹ്മചാരിയുടെ ആനന്ദവഴികള്‍ കണ്ട് നെടുവീര്‍പ്പിടുന്നു.'
''പത്തു ദിവസത്തെ ഭീഷ്മ നേതൃത്വത്തില്‍ പിതാമഹന്‍ നിങ്ങള്‍ അഞ്ചുപേരെ കൊല്ലാതെ വെറുതെ വിട്ടു എന്നതുതന്നെ ഒരു സൗജന്യമല്ലേ?'-കൊട്ടാരം ലേഖിക ചോദിച്ചു.
''അങ്ങനെ മേനിപറയാന്‍ പൊങ്ങിയ ആ പുരാണനാവ്, യുദ്ധം ഒഴിവാക്കാന്‍ ഞങ്ങളുടെ ദൂതന്‍ ഹസ്തിനപുരിയില്‍ ചെന്നപ്പോള്‍ അവസരം ഫലപ്രദമായി ഉപയോഗിക്കാന്‍ സ്വാധീനം ചെലുത്താത്തതു എന്തുകൊണ്ട് എന്നൊന്നും ഇനി ചോദിക്കുന്നില്ല. ചോദിക്കുന്നത്, എന്ന് ഭീഷ്മര്‍ ഭൂതലം വിട്ടുപോവും എന്നാണ്. എന്തെങ്കിലും രാജ്യതന്ത്രപാഠം ഭീഷ്മരില്‍നിന്നു പഠിക്കേണ്ടി വരുന്ന ഗതികേടിലല്ല പാണ്ഡവര്‍. ഹസ്തിനപുരിയിലെ വറുതിയില്‍ ജനം ഒരു നേരത്തെ അന്നത്തിനായി ഓടിനടക്കുന്നതു കാണാതിരിക്കാന്‍ ധര്‍മ്മിഷ്ഠന്‍ എന്ന പ്രതിച്ഛായ നിര്‍മ്മിതിയില്‍ മുഴുകിയിരിക്കയാണ്, രാജ്യതന്ത്രബോധനം എന്ന വിഫലയജ്ഞത്തിലൂടെ യുധിഷ്ഠിരന്‍. ആ സമയങ്ങളിലെങ്കിലും പിതാമഹന്‍ ശുചിയായി കാണപ്പെടട്ടെ എന്നു കരുതി, പാഞ്ചാലിയെ കിടക്കസഹായിയാക്കി കൊണ്ടുവന്നതാണ് യുദ്ധാനന്തര ഭരണകൂടത്തിന്റെ അബദ്ധം. ഇപ്പോള്‍ ഞങ്ങള്‍ നേരിടുന്ന പ്രശ്‌നം, പാഞ്ചാലിയുടെ പുത്തന്‍ ഭീഷ്മബന്ധം ആസന്നമരണനെ ആരോഗ്യവാനാക്കുമോ എന്നതാണ്. വീണ്ടും ഹസ്തിനപുരി കൊട്ടാരത്തില്‍ ഭീഷ്മരെ കണ്ടാല്‍... ആലോചിക്കാന്‍ വയ്യ'- ആ രംഗം ആലോചിച്ചു നടുങ്ങിയപോലെ നകുലന്‍ മുഖം പൊത്തി.
''നിങ്ങള്‍ അഞ്ചു പേരും കൗമാരകാല അഭയാര്‍ത്ഥികളല്ല യുദ്ധവിജയികളാണ്, ഇന്നല്ലെങ്കില്‍ നാളെ ഔപചാരിക സ്ഥാനാരോഹണത്തില്‍ നിങ്ങള്‍ ഭരണചക്രം തിരിക്കും. വനവാസക്കാലത്തു നിങ്ങള്‍ക്കൊപ്പം നിന്നു സഹനത്തിന്റെ ഉദാത്ത മാതൃകയായി പ്രശംസ നേടിയ പാഞ്ചാലിയെന്തിനു മരണാസന്ന ഭീഷ്മരുടെ കളിക്കൂട്ടുകാരിയാവണം?'-ഒരു ബാലവിദ്യാര്‍ത്ഥിനിയെപേ്പാലെ കൊട്ടാരം ലേഖിക അന്വേഷണഭാവത്തില്‍ മുഖമുയര്‍ത്തി. പിതാമഹനെ പരിചരിക്കാന്‍ പാഞ്ചാലിയെത്തന്നെ ചുമത്തപ്പെടുത്തിയതിനു പിന്നിലൊരു പാണ്ഡവഗൂഢാലോചനയുണ്ടെന്നു ചാര്‍വാകന്‍ ഹസ്തിനപുരി കച്ചവടത്തെരുവില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്ക് മുന്‍പില്‍ നാളെ ആരോപിച്ചാല്‍? മൃദുവായി കൗരവവിരുദ്ധ പ്രസ്താവന നടത്തിയാലുടന്‍ ദുര്യോധന സംഘം ചാട്ടവാര്‍കൊണ്ടു പരസ്യമായി അടിച്ചു ഉടനടി ശിക്ഷകൊടുത്തിരുന്ന പഴയ അടിച്ചമര്‍ത്തല്‍ ഭരണകൂടമല്ല യുദ്ധാനന്തര ഹസ്തിനപുരി പ്രതീക്ഷിക്കുന്നത്. കൗരവര്‍ കയ്യൊഴിഞ്ഞു, ഗുരുതരാവസ്ഥയില്‍ പോരാട്ടഭൂമിയുടെ പുഴയോരവക്കില്‍ ആരും നോക്കാനില്ലാതെ തള്ളിയ ഈ കുരുവംശ കുലപതിയെ തേടിപ്പിടിച്ചു സാന്ത്വന ശുശ്രൂഷയിലൂടെ ആരോഗ്യത്തിലേക്കു പിച്ചനടത്തി കൊണ്ടുവരുന്ന പാണ്ഡവരുടെ മഹാമനസ്‌കത എന്നെന്നും ഹസ്തിനപുരി ജനത നന്ദിയോടെ കാണുമെന്നു യുധിഷ്ഠിരന് ആരോ രാജ്യതന്ത്ര ഉപദേശം കൊടുത്തു എന്നു സംശയിച്ചാല്‍?'
''ചാര്‍വാകന്റെ ആരോപണം പ്രശംസപോലെയല്ലേ പത്രപ്രവര്‍ത്തകര്‍ കാണേണ്ടത്? ആള്‍ദൈവത്തിനെപ്പോലെ ആദരവു നേടിയിരുന്ന പിതാമഹന്‍ ആയുരാരോഗ്യത്തോടു കൂടി സൈനികവേഷത്തില്‍ അരങ്ങേറ്റഭൂമിയിലെ പട്ടാഭിഷേകത്തില്‍, യുധിഷ്ഠിരനെ പുതിയ മഹാരാജാവാക്കുന്ന ചടങ്ങില്‍ മുന്‍നിരയില്‍ വരികയെന്നതു വരം കിട്ടുന്നപോലെയല്ലേ? കൗരവാനുകൂലികളായ ഒരു വിഭാഗം നഗരവാസികള്‍ അവരുടെ വിശ്വസ്തത പാണ്ഡവ ഭരണകൂടത്തിനു വെള്ളിത്തളികയില്‍ വച്ചുനീട്ടുന്നത് ഒരാനന്ദമല്ലേ?'-നകുലന്‍ അഭിനയിച്ചു കാണിച്ചു.
''അങ്ങനെയെങ്കില്‍, എന്റെ കൂടെ ഹസ്തിനപുരിയിലേക്കു നീ തിരിച്ചു വരൂ എന്ന് യുധിഷ്ഠിരന്‍ പാഞ്ചാലിയോടാവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ തന്നിഷ്ടത്തില്‍ ഭീഷ്മ പരിചരണം ഏറ്റെടുത്തതിലൂടെ അവള്‍ വ്യക്തമാക്കിയത് പാണ്ഡവരോടുള്ള പുത്തന്‍ ധിക്കാരമല്ലേ, ഭീഷ്മരും പാഞ്ചാലിയും തമ്മിലുള്ള സ്പര്‍ശന സാന്ദ്രത ഒളിനോട്ടത്തില്‍ ഞാനിപ്പോള്‍ കണ്ടതില്‍ ഒരംശം വാസ്തവമുണ്ടെങ്കില്‍, അതവളുടെ ദാമ്പത്യവഞ്ചനയല്ലേ, വിവാഹബാഹ്യ പരപുരുഷബന്ധമല്ലേ? പാണ്ഡവ വിവാഹബന്ധത്തിന് ഉലച്ചിലല്ലേ? ഇവിടെയൊക്കെ തലയോടും എല്ലും നോക്കി അലയുന്ന കുരുക്ഷേത്ര പ്രവിശ്യാഭരണകൂടം ഇതൊക്കെ കണ്ടാല്‍ രഹസ്യം മൂടിവയ്ക്കുമെന്നു കരുതാന്‍ ന്യായമുണ്ടോ?' -കൊട്ടാരം ലേഖിക വിരലെണ്ണി ഒന്നൊന്നായി വാദിച്ചു.
''കരിക്കുന്നനും പെരുച്ചാഴിയുമുള്ള വനാശ്രമത്തില്‍ ശിക്ഷാകാലാവധിയില്‍ ഐക്യപ്പെട്ടു പന്ത്രണ്ടുകൊല്ലം സഹിഷ്ണുതയോടെ ജീവിച്ചവളല്ലേ പാഞ്ചാലി? ഹസ്തിനപുരി മഹാറാണിയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം ഉള്ളപ്പോള്‍, ഒരുള്‍വിളിയില്‍ നിയുക്ത മഹാരാജാവ് യുധിഷ്ഠിരന്‍ സാഹസികമായ രാജ്യതന്ത്രപഠനത്തിനു ഈ കുരുക്ഷേത്രദൗത്യം ഏറ്റെടുത്തു. മരണക്കിടക്കയില്‍ അന്ത്യം കാത്തു കിടക്കുന്ന ഭീഷ്മര്‍, പാഞ്ചാലിയെ ഒന്നു കാണണമെന്നു പറഞ്ഞതനുസരിച്ച്, രോഗിക്കു സാന്ത്വനം വേണമെന്ന നിലയില്‍ കുറച്ചു ദിവസം ഇവിടെ തങ്ങട്ടെയെന്നവര്‍ തീരുമാനിച്ചു. എന്റെ തേങ്ങലും ഭീതിയും നിങ്ങള്‍ മാറ്റിവച്ചാല്‍ ഈ വാര്‍ത്താപരിസരത്തില്‍ എന്തിനാണ് ചാര്‍വാകനും 'ഹസ്തിനപുരി പത്രിക'യ്ക്കും ഇത്ര അസ്വസ്ഥത? എന്തെല്ലാം സംഭ്രമജനകമായ സംഭവവികാസങ്ങളുടെ വിഹാരഭൂമിയാണ് ഹസ്തിനപുരി കൊട്ടാരമെന്നു നിങ്ങളുടെ പത്രത്തിന്റെ നൂറ്റാണ്ടു പഴക്കമുള്ള പനയോലപ്പതിപ്പുകള്‍ പൊടിതട്ടിയെടുത്തു വായിച്ചാല്‍ വ്യക്തമാവില്ലേ?'
''സംശയരോഗമെന്ന ദാമ്പത്യനിലയില്‍നിന്നു സൗജന്യ മനസ്ഥിതിയുള്ള ഭീഷ്മാരാധകന്‍ ആയി മാറിയോ നിങ്ങള്‍? മടിയില്‍ ഭീഷ്മരെ കിടത്തി, നാഥാ നീ എനിക്കു സംരക്ഷകന്‍ എന്ന് പാഞ്ചാലി പ്രണയഗീതം പാടി ആനന്ദിപ്പിക്കുന്നതൊക്കെ ഈ സാന്ത്വനശുശ്രൂഷ എന്ന മര്യാദകൊണ്ടു മാത്രമാണോ? അതില്‍ കൂടുതല്‍ വെല്ലുവിളി ഒന്നും അത് പാണ്ഡവ ദാമ്പത്യത്തിനോട് ഉയര്‍ത്തുന്നില്ലേ?' -ശരശയ്യാ കൂടാരത്തിനു പിന്നിലെ മരച്ചുവട്ടില്‍, ചേര്‍ന്നിരുന്നിട്ടും കൊട്ടാരം ലേഖികയുടെ സ്വരം നിന്ദാഭരിതമായി.
''അങ്ങനെ നിങ്ങള്‍ കാണാന്‍ തുനിഞ്ഞാലും പരിഷ്‌കൃത ഹസ്തിനപുരി അതൊരു പാപമായി പ്രഖ്യാപിക്കുമോ? പാഞ്ചാലിയുടെ തീരുമാനം സാമാന്യമായി ഞാനൊന്നു ന്യായീകരിച്ചു നോക്കി എന്നതുകൊണ്ട് അവളുടെ ഈ പ്രവൃത്തിയില്‍ അനീതിയില്ല എന്നു നിങ്ങള്‍ ലളിതമായി അര്‍ത്ഥം ഗ്രഹിക്കണോ? ഭര്‍ത്താക്കന്മാര്‍ എന്ന നിലയില്‍ ഞങ്ങളുടെ ആശങ്ക അസ്ഥാനത്താണോ? കേട്ടറിവിനപ്പുറം കിളിജാലക ഒളിക്കാഴ്ച തന്നതു പുതിയ തെളിവുതന്നെയല്ലേ? വൃദ്ധപരിചരണത്തില്‍ സ്പര്‍ശനത്തിന്റെ സാധുത അനുകൂലിക്കുമ്പോള്‍ത്തന്നെ അതൊരു ബാധപോലെയായി കാണുമ്പോള്‍ നേരിയ പ്രതിഷേധം തോന്നുക സ്വാഭാവികമല്ലേ? അതില്‍ ആശങ്ക കാണുന്നു എന്നല്ലാതെ അവളില്‍ ബലം പ്രയോഗിക്കാനൊന്നും ഞങ്ങള്‍ ശ്രമിച്ചില്ല എന്നതു ഞങ്ങള്‍ കരുത്തു കൊണ്ടല്ല കനിവുകൊണ്ടാണ് ഇത്തരം ദാമ്പത്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുക എന്നു നിങ്ങള്‍ക്ക് ഇനിയും ബോധ്യമാവേണ്ടതല്ലേ?'-പ്രബോധനസ്വരത്തില്‍ നകുലന്‍ അധ്യാപകനായി.
''നേരിട്ടു ചെന്ന് പാഞ്ചാലിയോടു നിങ്ങള്‍ സംസാരിച്ചാല്‍ അവളുടെ ഉള്ളിലിരുപ്പു തോണ്ടിയെടുക്കാനാവില്ലേ? പറഞ്ഞുവന്നാല്‍ കുട്ടിക്കാലം മുതല്‍ നിങ്ങള്‍ ചാരസംവിധാനത്തിന്റെ സംവിധായകനല്ലേ? അന്ത:പുരത്തിലും കുതിരപ്പന്തിയിലും കുളക്കടവിലും നിങ്ങള്‍ രഹസ്യക്കണ്ണുകള്‍ സ്ഥാപിച്ചതല്ലേ' -കൊട്ടാരം ലേഖിക സഹായിച്ചു. പുഴയോരത്തെ ശരശയ്യ കൂടാരത്തിനു പിന്നിലെ ആ വന്മരത്തണലില്‍, അനിഷ്ടം ഒച്ചയാവാതിരിക്കാന്‍ അവള്‍ ശ്രമിച്ചു.


''പെട്ടെന്നൊരു സംശയം, പട്ടാഭിഷേകം തടസ്സമില്ലാതെ പോകാനുള്ള ഒരു മുന്‍കരുതലാണോ ഈ ഭീഷ്മപരിചരണം എന്ന നാടകം?' -കൊട്ടാരം ലേഖിക ചോദിച്ചു. ''കൃത്യം സ്ഥാനാരോഹരണദിവസം നേരത്തെ മനസ്സിലാക്കി അന്ന് അതിരാവിലെ പിതാമഹന്‍ സ്വച്ഛന്ദമൃത്യു വരിച്ചാല്‍ രാജകീയ ചടങ്ങു മാറ്റിവക്കേണ്ടിവരുമെന്നറിഞ്ഞു യുധിഷ്ഠിരന്‍ ആരുടെയോ പദ്ധതിക്കു രൂപം നല്‍കിയതാണോ ഈ ശരശയ്യ കീഴടക്കല്‍?'-കളങ്കമില്ലാത്ത കുട്ടിയുടെ ഉന്മേഷത്തില്‍ കൊട്ടാരം ലേഖിക അന്വേഷിച്ചു.
''നിലപാടെടുക്കുന്നതില്‍ ജന്മസിദ്ധമായ കാപട്യം കാണാമെങ്കിലും രാഷ്ര്ടീയ കുടിലത യുധിഷ്ഠിരനു വഴങ്ങില്ല. ഇനി പാഞ്ചാലിയുടെ പിതാമഹപരിചരണം പട്ടാഭിഷേകത്തിനു മുന്‍പുതന്നെ അവസാനിപ്പിച്ചു അവള്‍ ഹസ്തിനപുരിയിലേക്കു സത്യപ്രതിജ്ഞ ചെയ്യാന്‍ തിരിച്ചു പോവേണ്ടതല്ലേ? പിന്നെ എങ്ങനെ ഭീഷ്മമരണം നീട്ടിക്കൊണ്ടുപോവാനാവും?'-മൂന്നാമത്തൊരാളെപ്പോലെ നിഷ്പക്ഷത നടിച്ചു നകുലന്‍ നിരീക്ഷിച്ചു.
''പാഞ്ചാലിക്കു മഹാറാണിയാവാന്‍ പ്രത്യേകം സത്യപ്രതിജ്ഞ വേണ്ട. യുധിഷ്ഠിരന്റെ ഔദ്യോഗിക ഭാര്യ എന്ന നിലയില്‍ കിട്ടുന്ന താല്‍ക്കാലിക പദവിയാണത്. നാളെ യുധിഷ്ഠിരന്‍ വേറൊരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ മഹാറാണിപദവി ആ വനിതയ്ക്കു പോവും. ഇത് അറിയാത്തവരാണോ പാഞ്ചാലിയും യുധിഷ്ഠിരനും? ഇനി പ്രത്യേക സത്യപ്രതിജ്ഞ വേണ്ട എന്നുതന്നെ വയ്ക്കുക. നീണ്ടകാലം ഭീഷ്മര്‍ മരണം നീട്ടിക്കൊണ്ടുപോയാല്‍, പാഞ്ചാലി ഇവിടെ താമസം തുടരുമോ? ഇപ്പോഴത്തെ ശീതള കാലാവസ്ഥ മാറാന്‍ അധികകാലം വേണ്ട. പിന്നെ കാണുക ഈ ഒഴുകുന്ന പുഴവെള്ളം പോലും അപ്പോള്‍ തിളച്ചുമറിയുന്ന കാഴ്ചയാവും. കുരുക്ഷേത്ര എന്നതു പ്രേതഭൂമിയാവും'-പേടിപ്പിക്കുന്ന രീതിയില്‍ കൊട്ടാരം ലേഖിക പറഞ്ഞു.
''യുധിഷ്ഠിരന്റെ ഏകപക്ഷീയമായ തീരുമാനത്തിനേറ്റ ആഘാതം തന്നെയാണ് അയാളോടിപ്പോള്‍ പാഞ്ചാലിയുടെ നിസ്സഹകരണം. അവളുടെ അനുമതി തേടാതെ, കുരുക്ഷേത്രയില്‍ ഭീഷ്മശുശ്രൂഷ എന്ന കഠിന തൊഴില്‍ ഏല്‍പ്പിച്ചതു നിങ്ങളും കാര്യക്ഷമമായി എതിര്‍ത്തില്ലെന്നു വ്യക്തം. അതോ, അടിയൊഴുക്കു നാം അവഗണിച്ചുവോ? പാഞ്ചാലിയുടെ രഹസ്യലക്ഷ്യം എന്തെന്നു വെട്ടിത്തുറന്നു ചോദിച്ചാല്‍ അവള്‍ സ്വയമറിയാതെ വെളിപ്പെടുത്തുമോ?'-കൊട്ടാരം ലേഖിക ചോദിച്ചു. ഉത്തരായണകാല ശിശിരത്തിലെ തണുത്ത കാറ്റില്‍ അവളുടെ ചുണ്ടുകള്‍ വിറച്ചു, മുടിയിഴകള്‍ ഇളകിയാടി ''നിങ്ങളുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു ഞാന്‍ ക്ഷമയോടെ മറുപടി പറയുന്ന രീതി, പാഞ്ചാലിയില്‍ നിങ്ങള്‍ കണ്ടു എന്നു വരില്ല. എന്റെയും പാണ്ഡവരുടെയും ഒരേ തരം ചോദ്യങ്ങള്‍ക്കു പാഞ്ചാലി ഭിന്നരീതിയില്‍ മറുപടി പറയുമ്പോള്‍, ഒരു യുവ പത്രപ്രവര്‍ത്തകയോടവള്‍ എന്തു വിശ്വസ്തത പുലര്‍ത്തും? നിങ്ങളുടെ നേര്‍വഴിയിലുള്ള ചോദ്യത്തില്‍ നിന്നവള്‍ ഒന്നോ രണ്ടോ വാക്കുകള്‍ തട്ടിയെടുത്തു വഴി തിരിച്ചു മറുചോദ്യവുമായി പ്രതികരിക്കുമ്പോള്‍, നിങ്ങള്‍ ആ വിനിമയക്കെണിയില്‍ വീഴും. ചിലപ്പോള്‍ അര്‍ത്ഥശൂന്യമായി അവള്‍ മൗനം പാലിക്കും. അതാണ് നമ്മുടെ ക്ഷമ പരിശോധിക്കുക. ആശയവിനിമയത്തില്‍ എന്തെല്ലാം തടസ്‌സങ്ങള്‍ പ്രതീക്ഷിക്കാമോ, അതൊക്കെ നിങ്ങള്‍ നേരിടണം'- ഒരു ആചാര്യനെപ്പോലെ നകുലന്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തി താക്കീതു ചെയ്തു.
''അതൊക്കെ ഞങ്ങള്‍ക്കറിയാം. തക്ഷശിലയില്‍ പരിശീലനം വഴി നൈപുണ്യവികസനം നേടിത്തന്നെയാണ് കൊട്ടാരം ലേഖിക പദവി നേടിയത്.' കലാലയ പരാമര്‍ശം ആയുധംപോലെ കൊട്ടാരം ലേഖിക പ്രദര്‍ശിപ്പിച്ചു. 
''നിങ്ങളുടെ തക്ഷശില പശ്ചാത്തലമല്ല പാഞ്ചാലിയുടെ താര്‍ക്കിക രീതിയാണ് ഞാന്‍ പഴിപറയുന്നത്, ജയിക്കാനല്ല അവള്‍ക്കു തര്‍ക്കം, നിങ്ങളെ തോല്‍പ്പിക്കാനാണ്. നിങ്ങള്‍ ആവശ്യപ്പെടുന്ന വിശദീകരണത്തെ നിരുത്സാഹപ്പെടുത്തുന്ന വിപരീതഭാവങ്ങളുടെ നിരന്തരനിര്‍മ്മിതിയാണവളുടെ മുഖകമലം. അതിന്റെ വന്യമായ ലൈംഗികാകര്‍ഷണമാണ് ഞങ്ങളഞ്ചു പുരുഷഹൃദയങ്ങളെ എക്കാലവും ദുര്‍ബ്ബലരാക്കിയത്. സമര്‍ത്ഥരായ സ്ത്രീകളെ അവള്‍ മുട്ടുകുത്തിക്കുക എന്ന തന്ത്രമാണിക്കാലവും പ്രയോഗിച്ചത്. സംശയമുണ്ടെങ്കില്‍ കുന്തിയോടും സുഭദ്രയോടും ചോദിച്ചാല്‍ അവര്‍ നേരനുഭവം പങ്കുവെയ്ക്കും'-മുനവച്ചു നകുലന്‍ ചുണ്ടുകള്‍ കെട്ടി. 
''സ്ത്രീയുടെ ശക്തിപ്രകടനത്തെപ്പറ്റി മറ്റു സ്ത്രീകളോടു ചോദിക്കുന്നതില്‍ കാര്യമില്ല, ഇരകളായ പുരുഷന്മാര്‍ ഏറ്റുപറയുന്നതിന്റെ അന്തസ്‌സത്ത ഒന്ന് വേറെ'-കൊട്ടാരം ലേഖിക പറഞ്ഞു, ''സ്വന്തം സൗന്ദര്യത്തിന്റെ വൈകാരികാനുഭൂതിയില്‍ പാണ്ഡവരെ വിവശരാക്കിയെടുക്കാന്‍ അവള്‍ക്കു എക്കാലവും കഴിഞ്ഞു എന്നതു നിങ്ങളുടെ ഹൃദയലോലതയെക്കുറിച്ചെന്തോ മോശം പറയുന്നുണ്ടല്ലോ?'
''പായില്‍ ഒതുങ്ങില്ല സര്‍വ്വവ്യാപിയായ പാഞ്ചാലി. അവളുടെ സവിശേഷ രതിക്കൂട്ടിന്റെ കെണിയില്‍ ഞങ്ങള്‍ വീണു, പിന്നെ എഴുന്നേറ്റില്ല എന്നവള്‍ ഉറപ്പുവരുത്തി. ഒരു ഭര്‍ത്താവു മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളു എങ്കില്‍ എന്തായിരിക്കാം ആ ദാമ്പത്യത്തിന്റെ ദൈന്യത എന്നു ഞാന്‍ ആലോചിച്ചുനോക്കാറുണ്ട്. ബഹുഭര്‍ത്തൃത്വം അവളുടെ അധികാരസീമ വ്യാപിപ്പിച്ചു. അവിടെയെല്ലാം അവള്‍ ആധിപത്യം പുലര്‍ത്തി. മെയ് പലത്, പക്ഷേ, മനമൊന്നു എന്നു കരുതിയ ഞങ്ങളെ അവള്‍ അഞ്ചു അശക്തകേന്ദ്രങ്ങളാക്കി പരസ്പരം മത്സരിപ്പിച്ചു. അഞ്ചു വൈകാരിക രഹസ്യഅറകളില്‍ ബന്ധിച്ചു. മത്സരത്തിന്റെ നിയന്ത്രണച്ചരട് അവളുടെ അരഞ്ഞാണത്തിലായിരുന്നു. അവളൊരു അവതാരം തന്നെയായിരുന്നു'- വിലയിരുത്തലില്‍ നകുലന്റെ സ്വരം അശാന്തമായി.
''ഒരുദാഹരണം കൊണ്ടു ഇതൊക്കെ വായനക്കാര്‍ക്കുവേണ്ടി ലളിതഭാഷയില്‍ വ്യക്തമാക്കിക്കൂടെ?'- കൊട്ടാരം ലേഖിക തൊഴില്‍ മര്യാദയോടെ വിരല്‍ചൂണ്ടി.
''രതിയനുഭവത്തിനു ക്ഷമയോടെ വരിനില്‍ക്കുന്ന ഞങ്ങളില്‍, എങ്ങനെ മത്സരഭാവം വ്യക്തിശത്രുതയിലേക്കു നീങ്ങുമെന്നോ? പാഞ്ചാലിയുടെ പായിലേക്കു മുന്നേ പോയ യുധിഷ്ഠിരനോട് ഈര്‍ഷ്യ കാണിച്ചുകൊണ്ടാണ് രണ്ടാമന്‍ ഭീമന്‍ വരിനിന്നതെങ്കില്‍, പിന്നിലുള്ള അര്‍ജുനനോടു കാണിക്കുക ജേതാവിന്റെ ഭാവമായിരിക്കും. ഊഴം കഴിഞ്ഞു പായില്‍നിന്നെണീറ്റ യുധിഷ്ഠിരന്‍ ഉടുതുണിയുമായി പുറത്തുപോവുമ്പോള്‍, പുറത്തു കാത്തുനില്‍ക്കുന്ന നാലുപേരെ നോക്കുന്നത് ഒളിപ്പിക്കാത്ത അവജ്ഞയോടെയായിരിക്കും. അതേ മാംസളമുഖത്തുനിന്ന് അവജ്ഞ മാറി, ആസക്തി വരുന്നത് അഞ്ചാമന്‍ സഹദേവന്‍ അകത്തു കയറുമ്പോള്‍. ലൈംഗികാനന്ദത്തിന്റെ ഈ വീതംവെപ്പില്‍ പാഞ്ചാലി ശരീരചലനങ്ങളെ ആയുധപ്രകടനമാക്കി അഞ്ചു പ്രശസ്ത പോരാളികളെ കാല്‍നൂറ്റാണ്ടോളം വരുതിയിലാക്കി'-നകുലന്‍ പറഞ്ഞു.
''നിങ്ങളിപ്പോള്‍ പാഞ്ചാലിയുടെ പ്രേമഗായകന്‍ അല്ല എന്നുണ്ടോ?' -കൊട്ടാരം ലേഖികയുടെ ശരീരം ആകെയൊന്നുണര്‍ന്നു, ''പാണ്ഡവര്‍ വരിനിന്നു മുട്ടുകുത്തണം എന്ന വാശി പാഞ്ചാലിക്കു യുദ്ധത്തിനുശേഷം ഉണ്ടായതാണോ, അതോ വിവാഹരാത്രി മുതല്‍ അതുണ്ടായിരുന്നോ?'-കൊട്ടാരം ലേഖിക ചോദിച്ചു.
''അഞ്ചു മക്കളെ നിര്‍ണായക ഘട്ടത്തില്‍ പാണ്ഡവര്‍ യുദ്ധാവസാനം കൊലയാളികള്‍ക്കു വിട്ടുകൊടുത്തത് അഭിമന്യുവിന്റെ മകന്‍ പരീക്ഷിത്ത് അടുത്ത കിരീടാവകാശിയാവണം എന്ന കൃഷ്ണഗൂഢാലോചനയാണെന്നു പാഞ്ചാലി ന്യായമായി സംശയിക്കുന്നു. അശ്വത്ഥാമാവ് കൊന്ന ആ കുട്ടികളുടെ പിതാക്കള്‍ ഞങ്ങള്‍ തന്നെയാണെന്ന ജൈവിക പരമാര്‍ത്ഥം അവള്‍ ഗൗനിക്കുന്നില്ല. കൊല നടന്ന സമയം കുട്ടികള്‍ക്കു സുരക്ഷ ഒരുക്കാതെ പാണ്ഡവര്‍ ഒളിവില്‍ പോയത്, വിദ്വേഷത്തോടെ പാഞ്ചാലി ഓര്‍മ്മിക്കുന്നു. യുദ്ധവറുതി പാണ്ഡവരുടെ ഭരണകൂട പ്രശ്‌നമാണ്, അതിലവള്‍ക്കു ചുമതലയേല്‍ക്കാനാവില്ല. ഇനിയൊരു അശ്വമേധയാഗം നടത്തി, മൊത്തം ആര്യാവര്‍ത്തം കൊള്ളയടിച്ചു ഹസ്തിനപുരിയെ സമ്പന്നമാക്കാന്‍ വേണ്ട ഉത്സാഹം പാണ്ഡവര്‍ക്കുണ്ടെങ്കില്‍ ചെയ്യട്ടെ. അതിനു പിന്തുണ നല്‍കാനോ ആശംസ നേരാനോ പാഞ്ചാലിയില്ല. വാചാല പ്രഘോഷണങ്ങളിലൂടെ മറ്റു പാണ്ഡവരെ എളുപ്പം നിശ്ശബ്ദരാക്കി, ധാര്‍മ്മികതയുടെ കുത്തക ഏറ്റെടുത്ത യുധിഷ്ഠിരനോടുള്ള വ്യക്തിഗത ശത്രുതയാണിപ്പോള്‍ ഭീഷ്മശുശ്രൂഷ അനിശ്ചിതകാലം തുടരുമെന്ന തീരുമാനത്തിനു പിന്നില്‍. ഇതൊന്നും അവള്‍ വാ തുറന്നു പറയുന്നതല്ല. ഞാന്‍ ഇപ്പോള്‍ ആലോചിച്ചുണ്ടാക്കുന്നതാണ്. എന്റെ ഭാവന ആയതുകൊണ്ട് എന്നെയവള്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയിട്ടില്ല'-സൗജന്യഭാവത്തില്‍ നകുലന്‍ പാഞ്ചാലിയുടെ ഭാഗം പറഞ്ഞു.
''യുക്തിസഹമാണോ നിങ്ങള്‍ പറയുന്നത് എന്നു ഞാന്‍ വിലയിരുത്തുന്നില്ല, അറിയേണ്ടത് യുധിഷ്ഠിരന്റെ യഥാര്‍ത്ഥ ഉദ്ദേശ്യമെന്തായിരുന്നു എന്നാണ്?'-കൊട്ടാരം ലേഖിക മുഖത്തു നോക്കാതെ ഇഴഞ്ഞു. 
''കൗരവര്‍ നിഷ്‌കരുണം കൈവിട്ട കുലപതിയെ തേടിച്ചെന്നു രാജ്യതന്ത്രം പഠിക്കുക എന്നത് യുധിഷ്ഠിരന്റെ വന്യഭാവനയായിരുന്നു. ആരും നോക്കാനില്ലാതെ, ആയുധക്കൂമ്പാരത്തില്‍ കിടന്നു ഞരങ്ങുന്ന പടുവൃദ്ധനു വായില്‍ ശുദ്ധജലം ഒഴിച്ചുകൊടുക്കാന്‍ ആളില്ലാതിരിക്കുന്ന ഈ പ്രേതഭൂമിയില്‍ വന്നു എന്തു പാഠമാണ് നിങ്ങള്‍ പഠിക്കുക എന്നു വിശന്നുവലഞ്ഞ ഭീമന്‍ നിഷ്‌കളങ്കമായി ചോദിച്ചപ്പോള്‍, പാണ്ഡവ ഭരണകൂടത്തില്‍ മന്ത്രാലയ പദവി വേണമെങ്കില്‍ രാജകീയ ആജ്ഞ, ചോദ്യം ചെയ്യാതെ അനുസരിക്കണം എന്നായിരുന്നു യുധിഷ്ഠിരന്റെ നിലപാട്. മറ്റുള്ളവര്‍ പാടുപെട്ടു പോരാടി യുദ്ധം ജയിച്ചപ്പോള്‍, യുധിഷ്ഠിരന്‍ വിജയപിതൃത്വം ഏറ്റെടുക്കുന്നതില്‍ പ്രകടമായ അനൗചിത്യം അത്രമേല്‍ ഞങ്ങളെ ജ്വലിപ്പിച്ചു. പക്ഷേ, എന്തുചെയ്യും. ചില മൂപ്പിളമ ക്രമീകരണങ്ങള്‍ കാലാതീതമായി ഇവിടെ മേല്‍ക്കൈ നേടിയതായി കാണുന്നു'-ഇളമുറ നകുലന്‍ പറഞ്ഞു പറഞ്ഞു വിതുമ്പി.
''വരാനിരിക്കുന്ന പട്ടാഭിഷേകപ്പകിട്ടില്‍ വീഴാതെ, കൊട്ടാരത്തില്‍നിന്നു മാറി, കുരുക്ഷേത്രയില്‍ മുറിവേറ്റുകിടക്കുന്ന പിതാമഹന്റെ അന്ത്യശുശ്രൂഷയ്ക്കായി, പരസഹായമില്ലാതെ പാടുപെടുന്ന പാഞ്ചാലിയുടെ ജനസമ്മതി ഓരോ ദിവസവും അടിവച്ചടി കുതിച്ചുയരുകയാണോ? ഭീഷ്മരുടെ ജ്ഞാനനിര്‍മ്മിതിയില്‍ എക്കാലവും പരിപാലിക്കപ്പെട്ടുകിടന്ന രാജ്യതന്ത്രത്തിന്റെ ഉള്ളറകള്‍ തുറന്നുകിട്ടിയത് പാഞ്ചാലിക്കോ, യുധിഷ്ഠിരനോ?'-കൊട്ടാരം ലേഖിക നര്‍ത്തകിയുടെ വിരല്‍ ചലനം കൊണ്ട് വിസ്മയിച്ചു.
''അവള്‍ ദൗത്യം ഏറ്റെടുത്തതു നിയുക്ത മഹാരാജാവ് ആജ്ഞാപിച്ചതുകൊണ്ടല്ലേ?'-നകുലന്റെ സ്വരം പതറി. ''യുധിഷ്ഠിരന്‍ ഒച്ചവച്ചു നല്‍കുന്ന പൊതുജനസമ്പര്‍ക്ക പരസ്യത്തെക്കാള്‍ വിശ്വാസ്യത പാഞ്ചാലിയുടെ നിശബ്ദസഹനത്തിനില്ലേ? എനിക്കു തിരക്കുണ്ട്, നിങ്ങളുടെ പിതാമഹനെ നോക്കാന്‍ വേണമെങ്കില്‍ കുന്തിയെ അയയ്ക്കൂ എന്നു പറഞ്ഞു പാഞ്ചാലിക്കു കൈകഴുകാം, പക്ഷേ, അവള്‍ അതൊരു രാജ്യതന്ത്രമായി കണ്ടു എന്നതാണ് കാര്യം. മുറിവേറ്റു ശയ്യാവലംബിയായ ഭീഷ്മരെ പരിചരിക്കുന്ന ദൗത്യത്തിനു സ്വന്തം ഭാവിയെക്കാള്‍ അവള്‍ മുന്‍ഗണന കൊടുത്തു'-കൊട്ടാരം ലേഖിക പെട്ടെന്ന് പാഞ്ചാലിയുടെ പക്ഷം പിടിച്ചു.
''ഹസ്തിനപുരി ഇന്നു നേരിടുന്ന എല്ലാ യുദ്ധക്കെടുതികള്‍ക്കും പരിഹാരം ഈ പരിചരണം കൊണ്ടു പരിഹാരമാവും എന്നാണോ?' -നകുലന്‍ പ്രതീക്ഷാനിര്‍ഭരമായ സ്വരത്തില്‍ ചോദിച്ചു.
''അങ്ങനെ നമ്മള്‍ പ്രത്യാശിക്കുന്നതുപോലും പാപമാകുന്നു. വിവാഹബാഹ്യ പരപുരുഷ ബന്ധമാണവളുടെ ഒഴിവുകാല വിനോദമെന്ന മട്ടില്‍ സംശയരോഗികളായ ചില ഇളമുറപാണ്ഡവര്‍ അവളെ പ്രതിസ്ഥാനത്തു നിര്‍ത്തിപ്പൊരിപ്പിക്കുമ്പോള്‍, അവള്‍ക്കനുകൂലമായി വരാന്‍ ഒരു യുവ പത്രപ്രവര്‍ത്തകയെങ്കിലും തയ്യാറാവേണ്ടതല്ലേ? മക്കളില്ലാത്ത പിതാമഹനെ വാത്സല്യത്തോടെ പരിചരിച്ചു സമാധാനമായി മരിക്കാന്‍ സാഹചര്യമൊരുക്കുന്ന പാഞ്ചാലിയുടെ സഹനം നിങ്ങള്‍ വൃദ്ധരതിയിലേക്കു ചുരുക്കിയതില്‍ എനിക്ക് അത്ഭുതമൊന്നുമില്ല, കാരണം പാണ്ഡവജന്മങ്ങള്‍തന്നെ അവിഹിതങ്ങളുടെ ആകത്തുകയാണ് എന്നാണ് തക്ഷശിലയില്‍ ഞങ്ങള്‍ പഠിച്ചത്'- കൊട്ടാരം ലേഖിക വീണ്ടും തക്ഷശില കൊടി ഉയര്‍ത്തി.
''അപ്പോള്‍ നിഷ്പക്ഷമായി പാണ്ഡവചരിത്രം അടയാളപ്പെടുത്തേണ്ട നിങ്ങള്‍ ഇപ്പോള്‍ പാഞ്ചാലിയുടെ പ്രചാരകയായോ?' -നകുലന്‍ ആശ്ചര്യപ്പെട്ടു.
''ഞാന്‍ തക്ഷശിലയിലെ അധ്യാപികയോ പാഞ്ചാലിയുടെ ഔദ്യോഗിക വക്താവോ അല്ല, നേരിട്ടു വിവരം ചോദിച്ചറിയാന്‍ ഈ പ്രേതഭൂമിയിലെ ചീറിവീശുന്ന തണുത്ത കാറ്റില്‍ നിങ്ങളുടെ ഹൃദയവ്യഥ എന്ന രീതിയില്‍ അവതരിക്കപ്പെട്ട ലൈംഗിക ആരോപണങ്ങളും സഹോദരസ്പര്‍ദ്ധയും തൊഴില്‍മാന്യതയോടെ ശ്രദ്ധിച്ചു, നിങ്ങളുടെ ദുഷ്‌പ്രേരണയില്‍ ഒളിനോട്ടത്തിലൂടെയും നേടിയ തോന്നലുകളാണ് എന്നെയിപ്പോള്‍ നയിക്കുന്നത്. ഹസ്തിനപുരി പത്രിക എന്റെ അഭിമുഖം പ്രസിദ്ധീകരിക്കുമോ തിരസ്‌കരിക്കുമോ എന്നതല്ല എന്റെ പ്രശ്‌നം, അതു താളിയോലയിലെഴുതി ഞാന്‍ വരും തലമുറയ്ക്കു കൈമാറും. ബഹുഭര്‍ത്തൃത്വത്തിലെ മനുഷ്യബലി എന്നാണെന്റെ പ്രബന്ധം നാളെ വായിക്കപ്പെടുക. അതിനുവേണ്ടി ഞാന്‍ അജ്ഞത നടിച്ചു, നിങ്ങളെ ആകാശചാരികളുടെ മകന്‍ എന്നു പ്രശംസിച്ചു.' വാക്കുകള്‍പോലെ കൊട്ടാരം ലേഖികയുടെ നോട്ടവും വിദൂരതയിലേക്കു നീണ്ടു. ''നിങ്ങള്‍ പോയി പട്ടിണിക്കാര്‍ക്കു അന്നം കൊടുക്കാന്‍ ഹസ്തിനപുരിയില്‍ പൂഴ്ത്തിവെയ്പുകാരില്‍നിന്നു ധാന്യം സംഭരിക്കൂ പാഞ്ചാലി ആസന്നമരണ ഭീഷ്മര്‍ക്കു ധ്യാനം അനുഷ്ഠിക്കട്ടെ.'
''നിങ്ങള്‍ എന്തു കണ്ടാണ് ഇങ്ങനെ ഒരു തലതിരിഞ്ഞ കാഴ്ചപ്പാടിലേക്കു വന്നത് എന്നെനിക്കു അറിഞ്ഞുകൂടാ. വൃദ്ധപരിചരണത്തില്‍ ശക്തമായി അനിഷ്ടം കാണിച്ച പാഞ്ചാലിയെ അലംഘനീയമായ രാജശാസനയിലാണ് ഭീഷ്മപരിചരണത്തിനു യുധിഷ്ഠിരന്‍ നിയോഗിച്ചത്. ദാസികളെ കിട്ടാത്തതുകൊണ്ടല്ല ഈ മഹാമനസ്‌കത. എന്നാല്‍, അതേ യുധിഷ്ഠിരന് അപമാനഭാരത്തില്‍ ശരശയ്യ കൂടാരത്തില്‍നിന്നു തലതാഴ്ത്തി ഇറങ്ങിപ്പോവേണ്ട അവസരമുണ്ടായതു നിങ്ങള്‍ അവഗണിച്ചു' -നകുലന്‍ ഒച്ച ഉയര്‍ത്തി. 
''എന്തുണ്ടായി?'
''പട്ടാഭിഷേകവേളയില്‍ പെട്ടെന്നു പിതാമഹമരണം ഉണ്ടാവാതിരിക്കാന്‍ പാണ്ഡവര്‍ പാഞ്ചാലിയെ വിനിയോഗിച്ചതു മരണവിവരം പുറത്തറിയാതെ രഹസ്യമായി സൂക്ഷിക്കാന്‍ ആണെന്നു ചാര്‍വാകന്‍ പ്രചരിപ്പിക്കുന്നു. അതിന്റെ അനന്തരഫലം ഭരണകൂടത്തെക്കുറിച്ചു വിരുദ്ധവികാരം രൂക്ഷമാക്കും. പിതാമഹന്റെ കേള്‍വിപരിധിയില്‍, പരിചരണത്തിന് പാഞ്ചാലിയെത്തന്നെ വിട്ടുതരുമെന്നു പ്രഖ്യാപിച്ച യുധിഷ്ഠിരന് അതു ചെയ്തു കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു.'
''ഹൃദയഭേദകം?' -കൊട്ടാരം ലേഖികയുടെ ശബ്ദത്തില്‍ വിശ്വാസം നിഴലിച്ചു.
''പാഞ്ചാലി ശരശയ്യ കൂടാരത്തില്‍ വന്ന അന്നുതന്നെ പിതാമഹന്‍ രാജ്യതന്ത്രബോധനത്തിന്റെ സമയം കുറച്ചു, വല്ലപ്പോഴും വന്നാല്‍ മതി എന്ന് യുധിഷ്ഠിരനോടു പറഞ്ഞു. ക്ഷീണം ഇല്ലാത്തപ്പോള്‍ പാഞ്ചാലിക്കു രാജ്യതന്ത്രം കുറേശേ്ശ ഉപദേശിച്ചു കൊടുക്കാം എന്നു പിതാമഹന്‍ നിര്‍ദ്ദേശിച്ചു. അസ്വസ്ഥനായാണ് യുധിഷ്ഠിരന്‍ ഈ മാറ്റം കണ്ടത്. ഇനി വരുമ്പോള്‍ കൂടെ സഹായികള്‍ ആരും വേണ്ട എന്ന ആജ്ഞയും യുധിഷ്ഠിരന് അനുസരിക്കേണ്ടിവന്നു. പിറ്റേന്ന് എന്നെയും കൂട്ടി യുധിഷ്ഠിരന്‍ വരുമ്പോള്‍, കൈവിരലുകള്‍ പരസ്പരം കോര്‍ത്ത് പാഞ്ചാലിയും പിതാമഹനും വെള്ള വിരിച്ച പായില്‍ ചേര്‍ന്നുകിടക്കുന്നു. യുധിഷ്ഠിരനെ കണ്ടപ്പോള്‍ പിതാമഹന്‍ ''പോകൂ' എന്നു കൈ ആട്ടുന്നു. പടിയിറങ്ങുമ്പോള്‍ യുധിഷ്ഠിരന്‍ എന്നെ ദീനദീനമായി നോക്കി പാഞ്ചാലിയെ തിരിച്ചുകൊണ്ടുവരൂ എന്ന് ആ കണ്ണുകള്‍ യാചിക്കുന്നു.
''രോഗിയുടെ കൈവിരലുകള്‍ക്കു സ്പര്‍ശന സാന്ത്വനം നല്‍കിയതില്‍ എന്താണ് ആശങ്കാജനകമായി നിങ്ങള്‍ കണ്ടത്?'
''പാണ്ഡവായുധങ്ങളുടെ പ്രഹരത്തില്‍ ഭീഷ്മര്‍ ഗുരുതരമായി മുറിവേറ്റു പോരാട്ടവീര്യം വീണ്ടെടുക്കാനാവാതെ കുഴഞ്ഞുവീണതൊരു ശാരീരിക വസ്തുതയായിരിക്കാം പക്ഷേ, വൃദ്ധന്റെ ആന്തരികാവയവങ്ങളുടെ രതി സംവേദനശക്തി അപചയത്തിലല്ല. അതിലധികം ആ കാഴ്ചയെനിക്കൊരു പാഠമായിരുന്നു. രാജ്യതന്ത്രത്തിന്റേതല്ല, പെണ്‍മനത്തിന്റെ.'
''അവള്‍ യുധിഷ്ഠിരനെ മനപ്പൂര്‍വ്വം അവഗണിച്ചു എന്നാണോ തോന്നിയത്?' -കൊട്ടാരം ലേഖിക ചോദിച്ചു.
''മനസ്‌സിന്റെ സാന്നിധ്യമോ അസാന്നിധ്യമോ അല്ല ഞാന്‍ വേദനാജനകമായ കാഴ്ചയില്‍ ശ്രദ്ധിച്ചത്, ഇനി തര്‍ക്കത്തിനുവേണ്ടി ആണെന്നു വയ്ക്കുക, എത്ര കൗശലപൂര്‍വ്വം അവള്‍ ഭീഷ്മരെ ഒരുപകരണമാക്കി ഭര്‍ത്താക്കന്മാരില്‍ ഒരാളായ യുധിഷ്ഠിരനെ ഒന്നും മിണ്ടാതെ തന്നെ അപമാനിച്ചു. രൗദ്രഭീമനായിരുന്നെങ്കില്‍ അവിടെ ഒരു വസ്ത്രാക്ഷേപം കൂടി അരങ്ങേറുമായിരുന്നു' -നകുലന്റെ ആക്രമണ വാസന വിടര്‍ന്നു.
''സ്വതവേ അല്പവസ്ത്രയായ പാഞ്ചാലിയെ എന്താണിനിയിപ്പോള്‍ പൂര്‍ണ്ണവിവസ്ത്രയാക്കാന്‍ ബാക്കിയുള്ളത്?' -കൊട്ടാരം ലേഖിക കൈ മലര്‍ത്തി. ''അത്രയ്‌ക്കൊക്കെ ധൈര്യം യുദ്ധത്തില്‍ ഭീമന്‍ കൗരവരോടു കാണിച്ചപോലെ പാഞ്ചാലിയോടു സാധിക്കുമോ? ഓര്‍മ്മച്ചെപ്പു തുറന്നാല്‍ ഓടിവരുന്നുണ്ടോ പൂര്‍വ്വകാല ഭീമ രൗദ്രഭാവ പ്രകടനം?'
''പാഞ്ചാലിയുടെ കാമനയുണര്‍ത്താന്‍ ഭീമന്‍ കാട്ടിക്കൂട്ടുന്നതൊക്കെയാണധികം ഓര്‍മ്മയില്‍ എങ്കിലും ഭാര്യയെ വിവാഹബാഹ്യകാമകേളിയില്‍നിന്ന് ഉടലോടെ വലിച്ചുകൊണ്ടു പോവാന്‍ വേണ്ട സാഹസികത ഭീമനു മാത്രമേ ഉള്ളൂ.'
''ഇളമുറ കൗരവരായ നിങ്ങളും സഹദേവനും സ്വന്തം പെണ്ണിന്റെ വഴി വിട്ട രതിയില്‍ ആ വിധം രോഷപ്രകടനം ഒന്നും ചെയ്യാറില്ല?'
''നിശിതമായ നിലപാടെടുക്കാറില്ലേ എന്നാണ് നിങ്ങള്‍ ഉദ്ദേശിച്ചതെങ്കില്‍, നിങ്ങളും സഹദേവനും എന്ന് ഒറ്റക്കുതിപ്പില്‍ ഉച്ചരിക്കേണ്ട. ബീജദാതാക്കള്‍ അശ്വനിദേവതകളെങ്കിലും ഞങ്ങള്‍ വ്യത്യസ്ത മനസ്സും ശരീരവും ഉള്ള മാദ്രിപുത്രന്മാരാണ്. കാല്‍നൂറ്റാണ്ടു മുന്‍പു വാത്സല്യത്തോടെ പാഞ്ചാലി ഉച്ചരിച്ച പ്രീണന വിശേഷണം ഇളമുറയുടെ കാലിക സാധുത തന്നെ കാലഹരണപ്പെട്ടിരിക്കുന്നു.'
''സഹദേവനെ നുകത്തില്‍നിന്ന് അഴിച്ചുമാറ്റി നിങ്ങളോടു മാത്രമാകാം ചോദ്യം. എന്താണ് നിങ്ങളുടെ പാഞ്ചാലീ നയം?'
''ശരശയ്യ കൂടാരത്തില്‍ കാണുന്ന കാഴ്ചകള്‍ കുത്തിനോവിക്കുന്നു എങ്കിലും പാഞ്ചാലിയെ പിണക്കാവുന്ന പ്രകൃതമല്ല എന്റേതെന്നു നിങ്ങളും അഭിമുഖത്തില്‍ ഉടനീളം കണ്ടതല്ലേ. അവളെ ഭീഷ്മഹസ്തങ്ങളില്‍നിന്നു മുറിവേല്‍പ്പിക്കാതെ തിരിച്ചുപിടിക്കുകയാണെന്റെ ലക്ഷ്യമെന്നൊക്കെ, തുറന്നുപറയുന്നതിലെ അഭംഗി മാറ്റിവച്ചാല്‍, നൂറ്റാണ്ടിലധികം പഴമയുള്ള പിതാമഹന്റെ ചൂടേറ്റു കിടക്കുകയാണവള്‍ എന്ന അറിവ് എന്നെ വിറളിപിടിപ്പിക്കുന്നു. എത്രയെത്ര നാളുകളില്‍ അവള്‍ വിവേചനപരമായ വീറോടെ രതി വാരിക്കോരി ഊട്ടിയതാണെന്റെയീ ഉടല്‍' -നകുലന്‍ ഇരുന്നയിടത്തുതന്നെ ചെരിഞ്ഞു മണ്ണില്‍ വീണു വിലപിച്ചു. കൊട്ടാരം ലേഖിക കയ്യിലെ മണ്‍പാത്രത്തില്‍നിന്നു വെള്ളമെടുത്തു ദുഃഖിതന്റെ മുഖത്തു തളിച്ചു ഫലം കാത്തു.
''മറ്റു നാല് പാണ്ഡവരും ശരശയ്യ വിട്ട് അവരുടെ പാട്ടിനു ഹസ്തിനപുരിയിലേക്കു പോയിട്ടും നിങ്ങള്‍ മാത്രം ഇങ്ങനെ അനാഥനായയെപ്പോലെ മോങ്ങിയും കിതച്ചും അന്തേവാസികളുടെ കണ്ണില്‍ വീഴാതെ നടക്കുന്നതില്‍ അപാകതയൊന്നും തോന്നുന്നില്ലേ?' -കൊട്ടാരം ലേഖിക ചോദിച്ചു.
ഉണക്കഭൂമിയില്‍ ആകെ കാണാവുന്നതു ശരശയ്യ കൂടാരമായിരുന്നു. പതിനെട്ടു നാള്‍ പോരടിച്ചു നാല്‍പ്പതു ലക്ഷം പേര്‍ മണ്ണടിഞ്ഞതു കെട്ടുകഥപോലെ തോന്നി.


''എന്തിനെന്നോ? ആലോചിച്ചാല്‍ അറിയില്ലേ. പ്രണയത്തിനു നിങ്ങള്‍ കൊടുക്കേണ്ട പാരിതോഷികമാണ് എന്റെ ത്യാഗം. അധികാരത്തില്‍ എത്തിയ സ്ഥിതിക്ക് എന്തിനു ഞാന്‍ ഊഴം കാത്തു വരിനില്‍ക്കണം? വിധവകളായ കൗരവ രാജവധുക്കളുടേയും അവരുടെ പുത്രവധുക്കളുടേയും ദൃശ്യമനോഹാരിത നിങ്ങളും ഇതിനകം കണ്ടിട്ടുണ്ടാവില്ലേ? അവരില്‍നിന്നു കുറച്ചു പേരെ അന്തപ്പുരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തീര്‍ന്നില്ലേ പാണ്ഡവരുടെ പെണ്‍ക്ഷാമം, പാഞ്ചാലിയുടെ ബഹുഭര്‍ത്തൃത്വം? എന്നാല്‍, അതുകൊണ്ടു തിരിച്ചുകിട്ടുമോ കാല്‍നൂറ്റാണ്ടു കാലത്തെ പ്രണയപാശം? ബഹുഭര്‍ത്തൃത്വം ആര്‍ഭാടമായും ആനന്ദകരമായും വീതിച്ചുതന്ന പാഞ്ചാലിയെവിടെ, പാണ്ഡവരില്‍ ഇണയെ തേടുന്ന സ്വാര്‍ത്ഥകളായ കൗരവരാജവിധവകള്‍ എവിടെ? പിതാമഹനുമായി അവിഹിതബന്ധം പുലര്‍ത്തിയെന്ന ആരോപണവുമായി ആ നാല് പാണ്ഡവര്‍ പാഞ്ചാലിയെ കാട്ടില്‍ തള്ളിയാലും, എന്നെക്കാള്‍ പ്രായമുള്ള ആ മദ്ധ്യവയസ്‌ക തന്നെയായിരിക്കും എന്റെ പ്രിയ കാമുകി.'
''ചാരവകുപ്പു മേധാവിയും ഭരണകൂട വക്താവുമാണെങ്കിലും നിങ്ങളുടെ നാവ് നേരു പറയില്ല എന്ന അടഞ്ഞ നിലപാടൊന്നും ഞങ്ങള്‍ക്കില്ല' -കൊട്ടാരം ലേഖിക ആശ്വസിപ്പിച്ചു. ''ഓരോ നിമിഷവും ഈ പരുക്കന്‍ ഭൂമിയില്‍ നിങ്ങള്‍ സുരക്ഷാ അകലം പാലിച്ചു പാഞ്ചാലിയെയും പിതാമഹനെയും രഹസ്യ നിരീക്ഷണത്തിനു വിധേയമാക്കുകയാണ് എന്നു ഞങ്ങള്‍ പറഞ്ഞുനോക്കാം. പിതാമഹനെ മരണക്കിടക്കയില്‍ പരിചരിക്കാന്‍ സന്മനസ്സ് കാണിക്കുന്ന പാഞ്ചാലിയെ പ്രശംസിക്കുന്നതിനു പകരം അവളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കുന്ന പാണ്ഡവനിലപാടു പരിഷ്‌കൃതമാണോ എന്നാണ് നിങ്ങള്‍ പറയേണ്ടത്.'
''അങ്ങനെ സാര്‍വ്വത്രികമായ സന്മനസ്സുവിതരണം അവള്‍ സ്വകാര്യ നയമായി സ്വീകരിച്ചിട്ടുണ്ടോ? അഞ്ചു നവജാതശിശുക്കളെ വളര്‍ത്താന്‍ പാഞ്ചാലിയില്‍ തള്ളിയ അവള്‍ പിന്നെ അവരെ മനുഷ്യരൂപത്തില്‍ കാണുന്നതു യുവയോദ്ധ പദവിയില്‍ കൗരവര്‍ക്കെതിരെ പോരാടാന്‍ പാണ്ഡവസൈന്യത്തില്‍ വരുമ്പോഴാണ്. എന്താണ് നിങ്ങളുടെ പേരെന്നവള്‍ അവരോടു ചോദിച്ചപ്പോള്‍ അവര്‍ തിരിച്ചടിച്ചു, പറഞ്ഞാല്‍ നിങ്ങള്‍ വെളിപ്പെടുത്തുമോ ഞങ്ങളുടെ പിതാക്കള്‍ ആരെല്ലാമെന്ന്? അവര്‍ പേരു പറഞ്ഞു, പേരില്‍നിന്നു പിതൃത്വം പറയാനാവാതെ അവള്‍ മിഴിച്ചു.'
''ഇത്ര ശോചനീയമായ അവസ്ഥയാണോ കുരുക്ഷേത്രത്തില്‍ കൊല്ലപ്പെടാതെ രക്ഷപ്പെട്ട പാണ്ഡവരുടെ?' -കൊട്ടാരം ലേഖിക ശോചനീയ എന്ന വാക്കിലൂന്നി.
''എണ്ണിയെണ്ണി പറയും മുന്‍പ് ഒരു കാഴ്ചവിരുന്നു തരാം. സൂക്ഷ്മ ശ്രദ്ധ വേണമെന്നു പ്രത്യേകം പറയുന്നില്ല, ഉണ്ട് എന്നാണ് എക്കാലവും അനുമാനം. ഈ കുപ്രസിദ്ധ ഒളിജാലകത്തിലൂടെ നീ പ്രത്യേക ശ്രദ്ധയോടെ നോട്ടമെറിയൂ. എന്താണ് കാണുന്നതെന്ന് ഓരോ കാഴ്ചയും വാക്കുകളാക്കി ശബ്ദം താഴ്ത്തി പറയൂ.' എഴുന്നേറ്റുനിന്ന നകുലന്‍ കൊട്ടാരം ലേഖികയെ പിടിച്ചുയര്‍ത്തി മിത കൈ ചലനങ്ങളാല്‍ ജാലകവിടവിലേക്കവളുടെ ശിരസ്സ് കൃത്യമായി പിടിച്ചു തന്റെ ചെവി അവളുടെ ചുണ്ടുകള്‍ക്കു മുന്‍പില്‍ കൊണ്ടുവന്നു.
ഹിമാലയത്തില്‍നിന്നു വീശുന്ന ശീതക്കാറ്റിലും, തെളിഞ്ഞ മാനത്തിനു താഴെ ശരശയ്യ കൂടാരത്തിലെ ഒറ്റമുറിയിലിപ്പോള്‍ കാണുന്നത്, നിലത്തു വിരിച്ച പായയില്‍ പാഞ്ചാലി, അല്പവസ്ത്ര കാലുകള്‍ നീട്ടി ഇരുന്നു. മാറിലാകെ അഴിഞ്ഞുകിടന്ന മുടി തന്നെയായിരുന്നു നഗ്‌നത മറച്ചത്. അവളുടെ മടിയില്‍ തലവച്ചു കിടന്ന ഭീഷ്മരുടെ ഇരുകൈകളും അവളുടെ അരക്കെട്ടു ചുറ്റി വളഞ്ഞിരുന്നു. എന്തോ അപൂര്‍വ്വമായൊരു ശബ്ദം ഞാനിപ്പോള്‍ കേള്‍ക്കുന്നു, ഒന്നു ചെവിയോര്‍ക്കട്ടെ, ഹൃദ്യമായൊരു ഈണത്തില്‍ അവള്‍ ദുഃഖഗാനം പാടുകയാണ്. നവജാതശിശുവിനെ ഗംഗയാറില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ''അമ്മ ഗംഗാദേവിയില്‍നിന്ന് ശന്തനു കുഞ്ഞിനെ രക്ഷിക്കാന്‍ കിതച്ചോടി വരുമ്പോള്‍ വിലപിക്കുന്നു, അരുതേ ഗംഗാ , ഈ മകനെയെങ്കിലും നീ മുക്കിക്കൊല്ലാതെ വളര്‍ത്താന്‍ എനിക്കു വിട്ടുതരൂ. ഏഴു മുന്‍ പ്രസവങ്ങളിലും കുഞ്ഞുങ്ങളെ നീ നദിയില്‍ ഒഴുക്കുന്നത്, നമ്മുടെ ദാമ്പത്യത്തിലെ രതിയനുഭൂതികളെ ഓര്‍ത്തു പാടുപെട്ടു ഞാന്‍ ക്ഷമിച്ചു. എനിക്കു വയസ്സായി. ആ കുഞ്ഞിനെ കഷ്ടപ്പെടുത്താതെ എന്റെ കയ്യില്‍ തരൂ ഗംഗാ എന്ന് ശന്തനു ഹൃദയം പൊട്ടി പാടുന്ന ഗാനമാണ് പാഞ്ചാലിയിപ്പോള്‍ ഭീഷ്മരുടെ ചെവിയില്‍ പാടുന്നത്. കൊല്ലല്ലേ അമ്മാ, ഞാന്‍ മര്‍ത്ത്യജീവിതത്തിലെ ആനന്ദങ്ങള്‍ അറിയട്ടെ. പുണര്‍ന്നും ഉമ്മവച്ചും പാഞ്ചാലിയുടെ അരക്കെട്ടില്‍ ചുറ്റിവളഞ്ഞ ഭീഷ്മഹസ്തങ്ങളില്‍ പാഞ്ചാലി നാഗനൃത്തത്തിലെന്നപോലെ ആടുകയാണ്.
''ഉലഞ്ഞാടിയ പാഞ്ചാലി എന്താണ് ഭീഷ്മരുടെ ചെവിയില്‍ മുഖം കുനിഞ്ഞു പറയുന്നത്?' -നകുലന്‍ ദീനമായി അപേക്ഷിക്കുന്ന സ്വരത്തില്‍ പറഞ്ഞു. എനിക്കതു കാണാന്‍ ധൈര്യമില്ല. ഞാന്‍ പറഞ്ഞുകൊടുത്തതൊക്കെത്തന്നെയല്ലേ അവള്‍ ഇപ്പോള്‍ കര്‍ത്തവ്യബോധത്തോടെ ചെയ്യുന്നത്. കാണുന്നതൊക്കെ കൃത്യമായി നീ വാക്കുകളാക്കൂ.'


''നീണ്ട ജീവിതത്തില്‍ നിഷേധിക്കപ്പെട്ട ശാരീരികതയില്‍ വിതുമ്പിക്കരയുന്ന ഭീഷ്മരുടെ മുഖത്തു തലോടി, അവള്‍ ആ കണ്ണുകള്‍ അടച്ചു. ഇനി നീ എന്നെ കാണരുത്. ഞാന്‍ നിനക്കിനി രതിയല്ല, കാലനാണ്. പിതാമഹന്റെ മൂക്കും വായും ഇരുകൈകളും കൊണ്ടമര്‍ത്തിപ്പിടിച്ചു പാഞ്ചാലി എല്ലാ അമാനുഷിക ശക്തിയും ആ കൈകളിലേക്ക് ആവാഹിച്ചെടുക്കുന്നു. ഇനി നീ എന്റെ മടിയില്‍ കിടന്നു മരിക്കൂ, നിന്റെ അമ്മയ്ക്കു പറ്റിയ അബദ്ധംകൊണ്ടു നീ ഗംഗയില്‍ മുങ്ങി മരിക്കാതെ അന്നു രക്ഷപ്പെട്ടു എങ്കില്‍, നീ കുതറിമാറാന്‍ പാഞ്ചാലി സമ്മതിക്കുകയില്ല. വ്യര്‍ത്ഥജന്മമായിരുന്നു നിന്റെ. തൊട്ടതെല്ലാം നീ മലിനപ്പെടുത്തി. നിന്റെ പ്രതിജ്ഞകളൊക്കെ ജീവിതാസക്തിയെ നിഷേധിക്കുന്നതായിരുന്നു. യുദ്ധഭൂമിയിലും രാജസഭയിലും നിന്റെ പൊതുജീവിതം. ശരീരസ്പന്ദനങ്ങള്‍ ഇതോടെ തീരണം. എല്ലാം അവസാനിച്ചുകഴിഞ്ഞാല്‍ നിന്റെ ചേതനയറ്റ ശരീരവുമായി കുരുക്ഷേത്ര പ്രവിശ്യാ ഭരണകൂടത്തിന്റെ ആള്‍ബലത്തോടെ ഞാനും നകുലനും കൂടി ഹസ്തിനപുരിയിലേക്കു അന്ത്യയാത്രയ്ക്കു രഥമൊരുക്കും. ഉത്തരായണത്തിനു നീ സ്വച്ഛന്ദമൃത്യു വരിക്കും എന്ന പഴയ വാക്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. നിന്റെ പുത്തന്‍ രതിമോഹങ്ങള്‍ നിന്നെ അതിന് അനുവദിക്കില്ലെന്ന് എനിക്കു ബോധ്യമായി. നൂറ്റാണ്ടു പഴക്കമുള്ള, അമര്‍ത്തപ്പെട്ട വികാരങ്ങളായിരുന്നു കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളില്‍ നീ എന്റെ ശരീരത്തില്‍ ചൊരിഞ്ഞത്. ഞാനും അതുമായി ഒരു രാപ്പകല്‍ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടു. ഒന്നുകൂടി വ്യക്തമാക്കിയാല്‍, സഹകരിച്ചു. ബഹുഭര്‍ത്തൃത്വത്തിന്റെ നേട്ടങ്ങളില്‍ ഒന്നായിരുന്നു ശാരീരികത പാപമല്ലെന്ന തിരിച്ചറിവ്. അത് ഒരു ഭര്‍ത്താവിനല്ല പല ഭര്‍ത്താക്കന്മാര്‍ക്കാണ് ഞാന്‍ വീതിച്ചത്. രാത്രി പായില്‍ കിടക്കുമ്പോള്‍ പങ്കാളിയായിരുന്ന ആള്‍ തന്നെയാണോ രാവിലെ എഴുന്നേറ്റുപോയ ആളും എന്ന് അറിയാത്ത കാളരാത്രികളുണ്ടായിരുന്നു. നീയും അതുപോലെ എന്റെ ശാരീരികതയുടെ ഗുണഭോക്താവായി. നിനക്കു ശരശയ്യയില്‍നിന്നു രക്ഷവേണം. മരണം കാത്തു കിടന്നു പട്ടാഭിഷേകത്തില്‍ അനിശ്ചിതകാല കരിനിഴല്‍ വീഴ്ത്താന്‍ നീ ഉണ്ടാവരുത്. വസന്തപഞ്ചമി ദിവസം ഞാന്‍ ഹസ്തിനപുരി മഹാറാണി പദവി സ്വീകരിക്കുമ്പോള്‍ നിന്റെ സ്ഥാനം ഗംഗയാറിന്‍ തീരത്തു ഞങ്ങള്‍ ഒരുക്കുന്ന ഭീഷ്മസ്ഥല്‍ എന്ന ഇടത്തിലായിരിക്കും. അവനവന്റെ ദേഹസുഖങ്ങള്‍ ഒരു പ്രതിജ്ഞയ്ക്കുവേണ്ടി ത്യജിച്ചു ഇനിയാരും ജീവിതം നശിപ്പിക്കരുത്.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com