അധവാ- മഹാശ്വേതാദേവി എഴുതിയ കഥ

ഭര്‍ത്താവ് മരിച്ചിട്ടു കൊല്ലം കഴിഞ്ഞിട്ടും അവള്‍ ഇനിയും വിധവ അല്ല.എന്തുകൊണ്ട്? എന്തുകൊണ്ട്?
അധവാ- മഹാശ്വേതാദേവി എഴുതിയ കഥ

ഭര്‍ത്താവ് മരിച്ചിട്ടു കൊല്ലം കഴിഞ്ഞിട്ടും അവള്‍ ഇനിയും വിധവ അല്ല.
എന്തുകൊണ്ട്? എന്തുകൊണ്ട്?മഹാശ്വേതാദേവി എഴുതിയ കഥ -അധവാ. വിവര്‍ത്തനം: ലീല സര്‍ക്കാര്‍ വര: മണി കാക്കര

രസ്വതിയെ ഒരു കനത്ത അന്ധകാരം പൊതിഞ്ഞിരിക്കയാണ്. ഒന്നും മനസ്സിലാക്കാന്‍ കഴിയുന്നില്ല. എന്തുചെയ്യണമെന്ന് ആലോചിച്ചിട്ടൊരു പിടിയും കിട്ടുന്നില്ല. ചോദിക്കാമെന്നുവച്ചാലും ആരോട്? മുകുലിന്റെ അച്ഛനോടോ? 'മുകുലിന്റെ അച്ഛന്‍' എന്നാണ് അവള്‍ എപ്പോഴും വിളിക്കാറ്. മുകുല്‍ അവളുടെ മകന്‍. പന്ത്രണ്ട് വയസ്സു പ്രായം. ബകുല്‍, പാരുല്‍ രണ്ടു പെണ്‍മക്കള്‍. അവരുടെ പ്രായം പത്തും എട്ടും വയസ്സ്. മുകുലിന്റെ അച്ഛന്‍ എന്നു പറയുന്ന ആളോടു ചോദിക്കാന്‍ ആ മനുഷ്യന്‍ എവിടെയാണ്? ഒരു കൊല്ലം മുന്‍പ് ഉണ്ടായിരുന്നു. അവര്‍ക്ക് എല്ലാം ഉണ്ടായിരുന്നു. 
ഇന്ന് ഒന്നുമില്ല. ആരാണ് അവര്‍ക്കീവിധം ഒരു ശിക്ഷ നല്‍കിയതെന്ന്, എന്തിനു നല്‍കിയെന്ന് ഒന്നും അവള്‍ക്കറിയില്ല. മുകുലിന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ എല്ലാം പറഞ്ഞുകൊടുക്കുമായിരുന്നു. ഇന്ന് മുകുലിന്റെ അച്ഛന്‍ എന്ന വാക്ക് ഓര്‍ത്താല്‍ത്തന്നെ സരസ്വതിയുടെ ശരീരം വിറക്കാന്‍ തുടങ്ങുന്നു. 
വരൂ, മരുമകളേ, രണ്ട് മണി പൊരിയോ പഞ്ചാരമിഠായിയോ തിന്ന്. നിന്റെ ദേവരന്‍ ഇതാ പാല്‍ക്കട്ടികൊണ്ടുള്ള ലഡ്ഡു കൊണ്ടുവന്നിരിക്കുന്നു. 
സരസ്വതി ആശ്ചര്യത്തോടെ നോക്കി. ആരെപ്പറ്റിയാണ് ഇവര്‍ പറയുന്നത്! പറഞ്ഞതു ഭര്‍ത്താവിന്റെ ചെറിയച്ഛന്റെ അമ്മയായിരുന്നു, അവര്‍? 
പൊരി തിന്ന്, ലഡ്ധുതിന്ന്...?
ഇതൊക്കെ എനിക്കിനി തിന്നാമോ ചെറിയമ്മായി? ചെറിയച്ഛന്റെ ശബ്ദം കേള്‍ക്കാനുണ്ട്, പറയുന്നു.
അവളോട് പറഞ്ഞേക്ക്, തിന്നുകയും വേണം ശരീരബലം രക്ഷിക്കുകയും വേണം. 
അപ്പോള്‍ സരസ്വതി പറഞ്ഞു: 
തരൂ, ചെറിയമ്മായി, ഞാന്‍ തിന്നാം. 
പക്ഷേ, നെഞ്ചിനകത്ത് ആരോ ഊക്കില്‍ ഇടിക്കുന്നതുപോലെ. കാറ്റും മഴയും ഉള്ളപ്പോള്‍ കതക് വന്നടിക്കുന്നതുപോലെ. സരസ്വതി ചുറ്റും നോക്കി. കട്ടില്‍, അലമാരി എന്നിവയോടുകൂടിയ മുറി എന്നു പറയുന്ന മുറി! ഈ മുറി എല്ലാം കൊണ്ടും ഒന്നു വേറെ. മുകുലിന്റെ അച്ഛനെപ്പറ്റി വിചാരം വരുന്നു. എല്ലാം വേണ്ടപോലെ പറഞ്ഞു മനസ്സിലാക്കിത്തരുമായിരുന്നു; പറയും,
നീ എന്റെ അമ്മയേയും അച്ഛനേയും കണ്ടിട്ടില്ലല്ലോ... എങ്ങനെ കാണും! ഇദ്ദേഹം എന്റെ രണ്ടാമത്തെ ചെറിയച്ഛന്‍. സ്ഥിതി നല്ല നിലയിലായിരുന്നു. കല്യാണവും ഇവര്‍ തന്നെയാണ് നടത്തിത്തന്നത്. നാലു കൊല്ലം സ്‌കൂളില്‍ പഠിച്ചിരുന്നുവല്ലോ, അതു കേട്ടപ്പോള്‍ ഉടനെ ചെറിയച്ഛന്‍ പറഞ്ഞു. സരസ്വതി ചിന്തിച്ചു. എന്തു പഠിച്ചു! പുസ്തകം വായിക്കാന്‍ കഴിയും. കണക്കു നോക്കാനറിയാം. മുകുലിന്റെ അച്ഛന്‍ എപ്പോഴും പറയും, ഞാനിവരെ പഠിപ്പിക്കും എന്ന്.
പെണ്‍മക്കളേയും?
അങ്ങനെയാണ് ആഗ്രഹം. ഗ്രാമത്തിലെ സ്‌കൂളില്‍ത്തന്നെ ചേര്‍ക്കും. ഇപ്പോള്‍ സ്‌കൂള്‍ വന്നു, എല്ലാം വന്നു. 
ആവക കാര്യങ്ങളാണ് സരസ്വതിക്ക് എപ്പോഴും ഓര്‍മ്മവരുന്നത്. ഉള്ളപ്പോള്‍ സന്ധ്യയാകുന്നതിനു മുന്‍പ് വീടെത്തുമായിരുന്നു. ഇറയത്തിയിരുന്ന് ഒന്നുരണ്ടു വര്‍ത്തമാനം പറയും. മക്കളെ അടുത്തേക്കു വിളിക്കും. സരസ്വതിക്ക് ഓര്‍മ്മവന്നു. ഇക്കൊല്ലം ദുര്‍ഗ്ഗാപൂജയ്ക്ക് ആസ്പുക്കൂരിലേക്ക് പോകാമെന്നു പറഞ്ഞതാണ്. എന്തെല്ലാം പറയാറുണ്ട്! ആരെയെല്ലാം കണ്ടു, അവരെന്തൊക്കെ പറഞ്ഞു, എന്തൊക്കെ! ആരിനി പറയും? വീണ്ടും എപ്പോഴും ഓര്‍മ്മവരുന്ന കാര്യമുണ്ട്. കുളിക്കുമ്പോള്‍ സീമന്തരേഖയിലെ സിന്ദൂരം മായാതെ നോക്കണം. കുളിച്ച ഉടനെ പുതിയതായി തൊടണം. ഗ്രാമത്തിലെ എല്ലാ സ്ത്രീകളും എല്ലാ സധവകളും വരുന്ന സ്ഥലമല്ലേ...!

സരസ്വതി കണ്ണടച്ച് ഇരിപ്പാണ്. ഈ വിധം ഒരു വര്‍ഷമായി തുടരുന്നു. ഈ ഒരു വര്‍ഷക്കാലത്ത് ഒരു നൂറു പ്രാവശ്യം സരസ്വതി മരിച്ചു. അത്രയും തവണ ജനിച്ചു. എല്ലാം മുകുലിന്റെ അച്ഛന്‍ കാരണം തന്നെ. ചുമരില്‍ പടങ്ങള്‍ ഉണ്ട്- ചെറിയമ്മായിയുടെ മകന്റേയും ഭാര്യയുടേയും മകളുടേയും ഭര്‍ത്താവിന്റേയും. കൂടാതെ മുകുലിന്റെ അച്ഛന്റേയും സരസ്വതിയുടേയും പടം ഉണ്ട്,  മേശപ്പുറത്താണത്. 
സരസ്വതിക്കു കരയാന്‍ അതിയായ ആഗ്രഹം. കണ്ണില്‍ വെള്ളം വരുന്നില്ല. മനസ്സുകൊണ്ട് മുകുലിന്റെ അച്ഛനോടു ചോദിക്കും, എന്താണ് ഞാന്‍ ചെയ്തത്, ഒന്നു പറയാമോ? ഇത്ര വലിയ ശിക്ഷ എനിക്കെന്തിനു തന്നു?
എങ്ങും അന്ധകാരം. കനത്ത ഇരുട്ടു മാത്രം. മുകുല്‍, ബകുല്‍, പാരുല്‍ എന്നിവരെ കെട്ടിപ്പിടിക്കാനും വഴിയില്ല. സരസ്വതി മനസ്സിലും മുകുലിന്റെ അച്ഛനോടു തമ്മിത്തല്ലും. വലിയ അഹങ്കാരമായിരുന്നു. ഗര്‍വ്വുണ്ടായിരുന്നു. മക്കളെ സ്‌കൂളിലയച്ചു പഠിപ്പിക്കണമെന്നുണ്ടായിരുന്നു. പറയും- കണ്ടോ, അച്ഛനില്ലെങ്കിലും അവര്‍ അനാഥരാവില്ല. നിന്റെ ചെറിയച്ഛനില്ലേ, നന്നീബാബു. കൊല്‍ക്കത്തയില്‍ ഓടിനടന്നു വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. അവര്‍ മൂന്നുപേരും കൊല്‍ക്കത്തയ്ക്കടുത്തുള്ള ഒരു ആശ്രമംവക സ്‌കൂളില്‍ പഠിക്കുന്നു. ഞങ്ങളെ എല്ലാവരേയും ഒരിക്കല്‍ നന്നീബാബു കൊണ്ടുപോയിരുന്നു.  കൊല്‍ക്കത്ത എത്ര തിരക്കുപിടിച്ച സ്ഥലം! എത്ര നല്ല വീടുകള്‍. എല്ലാം മാര്‍ബിള്‍കൊണ്ട് ഉണ്ടാക്കിയപോലെ. സന്ന്യാസി മഹാരാജും എത്ര നല്ല മനുഷ്യന്‍! ശരിക്കും ഭഗവാന്‍ തന്നെ! നിങ്ങളില്ലെങ്കിലും ഇത്രയൊക്കെ സാധിച്ചുവല്ലോ. തേനുവും ഉന്‍ടുവും കണ്ടില്ലേ... എത്ര വലിയ ശിക്ഷ തന്നുപോയി. എല്ലാം ആരോടു പറയാന്‍. നിങ്ങളോടല്ലാതെ ആരോടു പറയും! നിങ്ങള്‍ക്കു അറിയില്ലേ, തുറന്നു പറയാനും ഉറക്കെ പറയാനും കഴിയില്ല എനിക്ക്, അതിനാല്‍ എല്ലാം നിങ്ങളോടു പറയുകയാണ്. നിങ്ങളോടല്ലേ പറയാറുള്ളതും. 
സരസ്വതിയുടെ തൊണ്ട കിടുകിടുത്തു. കണ്ണുകള്‍ നിറഞ്ഞുവന്നു. വേഗം വേഗം കണ്ണു തുടച്ചു. നന്നീബാബു ഇപ്പോള്‍ വരും, എന്നും ഒരിക്കല്‍ അന്വേഷിക്കും. ചോദിക്കും, വല്ലതും തിന്നുകയും കുടിക്കയും ചെയ്യുന്നില്ലേ മരുമകളേ. ഇനി ഇവിടത്തെ എല്ലാ ചുമതലകളും നിന്റേതാണ്. 
ചെറിയമ്മായി പറയും, 
എല്ലാം കേട്ടു മനസ്സിലാക്കിക്കോ, മരുമകളേ.
പക്ഷേ, മത്സ്യം തിന്നുന്ന കാര്യം...
നന്നീബാബു പറഞ്ഞു,
അതൊക്കെ തിന്നില്ലെങ്കിലെന്താ! ഞാന്‍ തീര്‍ത്തു പറഞ്ഞുകൊടുത്തേക്കാം.  ആശ്രമത്തിലെ മറ്റു സ്ത്രീകളോടൊപ്പം താമസിക്കുക. എല്ലാ ജോലികളും അവരോടൊപ്പം ചെയ്യുക. 
എന്തു ജോലി ചെയ്യണം?
അതു പലതരം ജോലിയല്ലേ! അവിടെ പോയാല്‍ കുട്ടികളെ മാസത്തില്‍ നാലുതവണ കാണാന്‍ കഴിയും. ഒരു മകളെപ്പോലെ പെണ്‍കുട്ടികളേയും അവര്‍ പഠിപ്പിക്കും. 
സരസ്വതിക്കു മനസ്സിലായി. ചെറിയമ്മായിക്ക് ഇതൊന്നും ഇഷ്ടമാകുന്നില്ല. ഇഷ്ടമാവാന്‍ ഒരു കാരണവുമില്ല. മുകുലിന്റെ അച്ഛന്‍ മരിച്ചതോടെ വീട്ടിലെ എല്ലാ പെരുമാറ്റങ്ങളിലും മാറ്റം വന്നുവല്ലോ!
ചെറിയമ്മായി പറഞ്ഞു: 
എന്റെ ജീവിതത്തില്‍ പുറത്തെ നാട് കണ്ടിട്ടില്ല. മക്കളും അവരുടെ ഭാര്യയും ഒക്കെ കൊല്‍ക്കത്തയ്ക്കു പോകുന്നു. നന്നീ, എന്തു പാപാണ് ഞാന്‍ ചെയ്തത്! 
ഇപ്പോഴും കനാല് കടന്ന് ആക്രമികള്‍ വരുന്നുണ്ടോ? 
വരുന്നുണ്ട്. വീടുകള്‍ കത്തിക്കുന്നു. നെല്ലും അരിയും എല്ലാം തട്ടിപ്പറിച്ചു കൊണ്ടുപോകുന്നുണ്ട്. നമ്മളും വല്യമ്മേ, അവരെ പറ്റിക്കുന്നില്ലേ? സാരമില്ല, പോകട്ടെ. വൈകുന്നേരം മണ്ണെണ്ണ കൊടുത്തയക്കാം. ഇതു കിട്ടുന്നതും ബേജോ കാരണമല്ലേ. കൊല്‍ക്കത്തയ്ക്കു രണ്ടു തവണ പോയി. അവിടത്തെ വലിയ ആളുകളെ കണ്ടു. അതിനുശേഷം എല്ലാവരെപ്പറ്റിയുമുള്ള വര്‍ത്തമാനം അവരോരോരുത്തരും പറയുന്നു. പോകട്ടേ ചേട്ടത്തിയമ്മേ. കൊതുകിനെ അകറ്റാനുള്ള ചന്ദനത്തിരി കൊണ്ടുവന്നിട്ടുണ്ട്. അതും വൈകുന്നേരം കൊടുത്തയക്കാം. 
അങ്ങനെ ചെയ്യ്. 
നന്നീ ഇറങ്ങിപ്പോയി. സരസ്വതി ചോദിച്ചു: 
ഓല ഉഴിഞ്ഞുവയ്ക്കട്ടേ, ചെറിയമ്മായീ.
അതു ചെയ്‌തോ.
സരസ്വതി മുറ്റത്ത് ഇറങ്ങി. ഇലഞ്ഞിമരത്തിന്റെ ചുവട്ടിലെ തണലിലിരുന്നു. ഇപ്പോള്‍ അവര്‍ സധവയുമല്ല വിധവയുമല്ല. സരസ്വതിയുടെ അച്ഛന്റെ സഹോദരി പറയാറുണ്ട്, സധവയുമല്ല വിധവയുമല്ല, അവളെയാണ് 'അധവ' എന്നു പറയുന്നത്. അത്രയ്ക്കധികമൊന്നും അവള്‍ക്കു ചെയ്യാനില്ല. എന്നാലും മുറ്റത്തെ തണലിലിരുന്ന് ഓല ഉഴിഞ്ഞ് ഈര്‍ക്കലികള്‍ ഒന്നിച്ചു കൂട്ടിവയ്ക്കും. ഭാഗ്യം, അങ്ങനെ ചിലതെങ്കിലും ചെയ്യാനുണ്ടല്ലോ. അല്ലെങ്കില്‍ സരസ്വതി എന്തുചെയ്യും? കുളത്തില്‍ മുങ്ങിമരിക്കാനാവില്ല. കഴുത്തില്‍ കയറിടാനും പാടില്ല. ആത്മഹത്യ മഹാപാപം എന്നല്ലേ പറയുക! മുകുലിന്റെ അച്ഛനോടു സംസാരിക്കുന്നതും ഈ സമയത്താണ്. മനസ്സില്‍ ലക്ഷം ലക്ഷം കാര്യങ്ങളുള്ളതെല്ലാം പറയാനുള്ള സുസമയം!
ചെറിയമ്മ ഉപദേശിച്ചു പറയും. 
തല മറച്ച് ഇരിക്ക്, മോളേ, വെയില് കൊള്ളണ്ട. സരസ്വതി അതു കേട്ടാലും കേട്ടില്ലെന്ന ഭാവം. മുറ്റത്ത് ഇങ്ങനെ ഇരിക്കുമ്പോള്‍ മുഖമുയര്‍ത്തിയാല്‍ അവളുടെ വീട്ടിലെ തെങ്ങിന്റെ തലപ്പും മാവിനേയും കാണാന്‍ കഴിയും. തെങ്ങ് ആക്രമികള്‍ തീവച്ചു. എന്റെ അമ്മേ എന്നു മനസ്സിലുയര്‍ന്നു. സരസ്വതിക്ക് അവരെ ഝണ്ടു, കുലേശ്വര്‍, മധുവന്‍, ബലായി എന്നീ പേരുകളില്‍ അറിയാം. പക്ഷേ, ആ മഹാനാശകാരിയായ മാര്‍ച്ച് പതിന്നാലിനുശേഷം അവരെ 'ഹാര്‍മാദ്' (ആക്രമികള്‍ എന്ന അര്‍ത്ഥത്തില്‍) അറിയാന്‍ തുടങ്ങി. മുകുലിന്റെ അച്ഛന്‍ പറയാറുണ്ട്, അവര്‍ കൊള്ളക്കാര്‍ തന്നെ. 
എത്ര പേരുടെ കൊല ചെയ്തു എന്നറിയോ? 
സരസ്വതി ഇത്രമാത്രം പറയും, 
അതേ കേട്ടോ! നമുക്കു പോകാം. പോകാം ന്നേയ്!
ഇതുതന്നെ പലതവണ പറഞ്ഞുകൊണ്ടിരുന്നു. 
ഓല ഉഴിഞ്ഞുകൊണ്ടിരിക്കേ മുകുലിന്റെ അച്ഛനെപ്പറ്റി ഓര്‍ക്കും. പലതും ഓര്‍മ്മവരും. പറയാറുണ്ട്, പോകാം പോകാം എന്നു പറഞ്ഞുവല്ലോ, എങ്ങോട്ടു പോകും? അതു പറയാനാകുമോ? അച്ഛന്‍ മരിച്ചു. അമ്മ മരിച്ചു. അമ്മ പോകുമ്പോള്‍ പറഞ്ഞില്ലേ, മണ്ണ് മുറുകെ പിടിച്ചു നിന്നോ. ഇവിടെത്തന്നെ നില്‍ക്ക്. എവിടേക്കു പോകും. പോയി എന്തു ചെയ്യും... 
അതും സത്യമാണ്. മുകുലിന്റെ അച്ഛന്‍ ഒരുപാട് സ്വപ്നം കാണുമായിരുന്നു. കാണിക്കുമായിരുന്നു. ഒരിക്കല്‍ അവരെ എല്ലാവരേയും കൊണ്ടുപോകാം എന്നു പറഞ്ഞു. ഒരിക്കല്‍ കൂടെപ്പോയി. ബസ്സില്‍ കയറി എത്ര ദൂരം! എന്തൊരു സുഖമായിരുന്നു!


ഇല്ല, സരസ്വതി കല്യാണത്തിനു മുന്‍പു കുട്ടിക്കാലത്ത് ഒരിടത്തും പോയിട്ടില്ല. അവളുടെ അച്ഛന്‍ അപ്പോള്‍ കിഴക്കന്‍ സ്ഥലങ്ങളിലേക്കു താഴ്ന്ന പ്രദേശങ്ങളിലെ നിലങ്ങളില്‍ പണിയെടുക്കാന്‍ വന്നതാണ്. കൊയ്ത്തുകാലം കഴിഞ്ഞിട്ടും തിരികെ പോയില്ല. പറയാറുണ്ട് എത്ര നല്ല മണ്ണാണ്. എങ്ങനെ പോകും. മണ്ണില്‍ പണിതുകൊണ്ടുതന്നെ ജീവിതം കഴിച്ചുകൂട്ടാം. ആര്‍ക്കു മണ്ണില്ല അവരും പന്ത്രണ്ടുമാസം നിലത്തില്‍ത്തന്നെ പണി ചെയ്തു ജീവിക്കുന്നു. മകനുള്ളതു വൈരാഗിയായി പോയി... 
സരസ്വതിയുടെ അമ്മ പറയും, 
വൈരാഗിയാവുന്നതെന്തിന്? അവന്‍ സ്വന്തം കാലിന്മേല്‍ നിന്നുവല്ലോ. പൊട്ടന്‍ മദനന്റെ കൂട്ടത്തില്‍ ചേര്‍ന്നു കളവും കൊള്ളയും ചെയ്തില്ലല്ലോ! ആ ഭാഗത്തെ ആണ്‍പിള്ളേരെല്ലാം ആ പണിയല്ലേ ചെയ്യുന്നത്. 
നീ അധികം സംസാരിക്കാതിരിക്ക്. ഇവിടെ താഴ്ന്ന ഭൂമിയില്‍ പണിയാന്‍ വന്നിട്ടും എത്ര സുഖമാണ്! ഇവിടെ ആദ്യം വന്നില്ലല്ലോ! ഇനി ഇവിടെ താമസിക്കാം. 
എവിടെ?
ഇവിടെ ജീവിക്കാന്‍ വഴിയുണ്ട്. കൊല്ലം തോറും പണിയെടുക്കാം. എവിടെ നോക്കിയാലും കണ്ടില്ലേ, താഴ്ന്ന നിലത്തിലെ പണിക്കാരെ വേണം. ചെകലേമാന്‍ (സുലേമാന്‍) പറയുന്നതെന്താണെന്നോ, വേലികെട്ടാന്‍ അറിയുമെങ്കില്‍ പന്ത്രണ്ടു മാസവും പണികിട്ടും.
മകള്‍ വലുതായി വരുന്നതോ.
എല്ലാം നോക്കാം. 
അന്നും നന്നീബാബുവായിരുന്നു രക്ഷിച്ചത്. അദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടി കൊണ്ടുനടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പേരില്‍ കല്ലേശ്വര്‍ ഗ്രാമത്തില്‍ സ്‌കൂള്‍ ഉണ്ട്. നന്നീബാബുവിന്റെ വീട് ഓടിട്ട വലിയ മുറ്റമുള്ള രണ്ടുനില വീടാണ്. വീട്ടിലെ പശുക്കള്‍ എന്നും അരിയുടെ കഞ്ഞി കുടിക്കുന്നു. എല്ലാം അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരിയുടെ സ്വത്താണ്. കുട്ടികളെ ശേഖരിച്ചു സ്‌കൂളിലേക്കു കൊണ്ടുപോകും. 'ക്ഷുദിരാം ദിവസം' ആഘോഷിക്കാന്‍ മൈതാനത്തില്‍ മീറ്റിങ്ങ് വിളിച്ചുകൂട്ടും. ആണ്‍മക്കളില്ല. രണ്ടു പെണ്‍മക്കളുള്ളവരെ കല്യാണം കഴിപ്പിച്ചു കൊടുത്തു. പക്ഷേ, ഭര്‍ത്താക്കന്മാര്‍ നന്നീബാബുവിന്റെ വീട്ടില്‍ത്തന്നെയാണ് താമസം. ഏതു നേരവും നല്ല വെളുത്ത മുണ്ട് പിന്നിലേക്കു വലിച്ചുകുത്തി ഉടുത്തുകൊണ്ടാണ് നടക്കുക. സൈക്കിളിന്മേല്‍ എല്ലായിടത്തും എത്തും. ആര്‍ക്കാണ് പനി പിടിച്ചിരിക്കുന്നത്, ആരെ നായ കടിച്ചു, അറിഞ്ഞാലുടനെ ആശുപത്രിയിലേക്കു കൊണ്ടുപോകും. ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലെങ്കില്‍ എന്തുകൊണ്ട് സദാസമയവും ഇല്ല എന്നു തിരക്കും. എല്ലാ ചിന്തയും നന്നീബാബുവിന്റേതാണ്. 
അദ്ദേഹം തന്നെ ചോദിച്ചു, 
എന്താ മകളെ കല്യാണം കഴിപ്പിക്കണ്ടേ?
അങ്ങനെയൊക്കെ വിചാരമുണ്ട്. ഇവിടെത്തന്നെ താമസിക്കണമെന്നുണ്ട്. 
താമസിച്ചോ. ഇവിടേക്കു വരുന്നവരെല്ലാം ഇവിടെത്തന്നെ നിന്നുപോകുന്നു. അങ്ങനെയാണ് ഇവിടത്തെ മണ്ണിന്റെ ആകര്‍ഷണം. അതൊന്നു വേറെയാണ്. നിങ്ങള്‍ താണനിലത്തിലെ ജോലിക്കാര്‍. അങ്ങനെ വന്നവരാകുമ്പോള്‍...
മുകുലിന്റെ അച്ഛനു സ്വന്തം വീടുണ്ടായിരുന്നു. വീടിനു നല്ല മുറ്റം. കുളവും ഒന്നുണ്ടായിരുന്നു. തെങ്ങ്, പപ്പായ, പന എന്നീ വൃക്ഷങ്ങളും ഉള്ള വളപ്പ്. കല്യാണം കഴിഞ്ഞു വന്നപ്പോള്‍ സരസ്വതി കേട്ടിട്ടുണ്ട്. മുകുലിന്റെ മുത്തച്ഛനുണ്ടായിരുന്ന സ്വത്തു മുഴുവനും മുകുലിന്റെ അച്ഛനു കിട്ടിയില്ല. 
അച്ഛന്റെ അനിയന്റെ നിലത്തിലാണ് കൊല്ലം മുഴുവനും കൂലിപ്പണിചെയ്തു ജീവിച്ചത്. സരസ്വതിയെ മുകുലിന്റെ അച്ഛമ്മയാണ് വീട്ടിലേക്കു കൊണ്ടുവന്നത്. വധുവായി സ്വീകരിച്ച് ഒരിഴ മാലയും കൊടുത്തു. സ്വര്‍ണ്ണമാണെന്ന് പറഞ്ഞു. പക്ഷേ, പിന്നീട് അതു സ്വര്‍ണ്ണം പൂശിയതുമാത്രമാണെന്നു സരസ്വതിക്കു മനസ്സിലായി. ആവട്ടെ, മുകുലിന്റെ അച്ഛന്‍ പറയും, എന്റെ അച്ഛന്റെ ഭൂമി മുഴുവന്‍ പറ്റിച്ചു സ്വന്തമാക്കിയവര്‍ നല്ല സ്വര്‍ണ്ണം തരുമോ? 
ഞാന്‍ തരാം നിനക്ക്. 
ആ സരസ്വതി ഇന്ന് അധവ! ആരാണ് അധവ? സധവയുമല്ല വിധവയുമല്ല. അങ്ങനെയുള്ളവള്‍ 'അധവ'. ആരാണ് സരസ്വതിയെ അധവയാക്കിയത്!
സരസ്വതി തെങ്ങോല ഉഴിഞ്ഞുകൊണ്ടിരിക്കേ താന്‍ ചോദിച്ച ചോദ്യത്തിനു സ്വയം ഉത്തരം പറഞ്ഞു, ഭാഗ്യം തന്നെ... അധവയല്ലെ ആക്കിയുള്ളു! എന്താണ് ഈ അധവ? ആരാണ് അധവ! സീമന്തരേഖയില്‍ സിന്ദൂരമണിഞ്ഞിട്ടുള്ളവള്‍ അധവയോ? 
സരസ്വതി ചിന്തിക്കാന്‍ ശ്രമിച്ചു. എപ്പോഴാണ് താന്‍ അധവയായത്? ഈര്‍ക്കലികളെല്ലാം കെട്ടാക്കി എടുക്കുമ്പോള്‍ പിന്നെയും ചിന്തിച്ചു. ഉഴിഞ്ഞുനീക്കിയ ഓലയെല്ലാം കൊട്ടയില്‍ നിറച്ചു. അതും കളയാനുള്ളതല്ല. ജീവിതത്തില്‍ ഒന്നും വെറുതെ കളയാനുള്ളതല്ല എന്ന് മുകുലിന്റെ അച്ഛന്‍ പറയും. 
നോക്ക്... ആ തെങ്ങിനെ നോക്ക്...
ഏതു നേരവും കാണുന്നതല്ലേ,
അതു ഫലം തരുന്നു. ഓല തരുന്നു. അതിന്റെ ദേഹം കൊണ്ട് കുളത്തിലും പുഴയിലും കടവുണ്ടാക്കാം. അതിന്റെയൊക്കെ അര്‍ത്ഥം മനസ്സിലായോ?
എന്തു മനസ്സിലാകാന്‍?
സ്വയം എല്ലാ വിധത്തിലും ഉപകരിച്ചിരിക്കണം, മുഴുവനും ദാനം ചെയ്യാന്‍ തയ്യാറാകണം. വൃക്ഷങ്ങള്‍ ചെയ്യും പോലെ. 
ചെയ്തു. സരസ്വതിയും അതു ചെയ്തു. തന്റെ മുറികള്‍, മുറ്റം, വൃക്ഷങ്ങള്‍ എന്നിവയ്ക്കുവേണ്ടി സ്വയം ത്യാഗമനുഭവിച്ചുപോന്നു. ഈ വീട്ടിലിരുന്ന് ഈര്‍ക്കലികളെല്ലാം ഒരുമിച്ചു കെട്ടിവച്ചുകൊണ്ട് മനസ്സുകൊണ്ട് തന്റെ സ്വന്തം മുറിയെ കാണുകയായിരുന്നു. 
മുകുലിന്റെ അച്ഛന്‍ പറയാറുണ്ട്, നമ്മുടെ വീടുപോലെ വേറെ ആര്‍ക്കും വീടില്ല. എന്തുകൊണ്ടാണെന്നറിയാമോ നിനക്ക്. ഉം, പറയ്, നിനക്കറിയാം. 
നിങ്ങള്‍ ഉണ്ട് എനിക്ക്. 
എന്താ അങ്ങനെ നീ, നിങ്ങള്‍ എന്നൊക്കെ? കുട്ടികള്‍ വലുതായില്ലേ, കേട്ടാല്‍ അവരെന്തു വിചാരിക്കും?
അവര്‍ കളിക്കാന്‍ പോയിരിക്കയാണ്. 
എന്നാലും... നമ്മുടെ വീടുപോലെ ഇത്ര ലക്ഷണമൊത്ത വീട്....
സരസ്വതി ഇപ്പോഴും ഈ വീട്ടില്‍ നിന്നു തന്റെ സ്വന്തം വീടിനു നേരെ നോക്കും. ആ ദുഷ്ടര്‍ എത്ര പേരെയാണ്... മുകുലിന്റെ അച്ഛനേയും കൊന്നു. ശവമെല്ലാം പാടങ്ങളില്‍ കുഴിച്ചൂമൂടി. 
ഇപ്പോള്‍ കാണുന്നതു കത്തിക്കരിഞ്ഞു ബാക്കിയായ തെങ്ങ്, ചാമ്പലായ വീട് ഇത്രമാത്രം. കുളത്തില്‍ അവര്‍ വിഷം കലക്കി പോയത്രെ!
നടുവിലെ മുറി കുട്ടികളുടേതായിരുന്നു. തെക്കുവശത്തേത് സരസ്വതിയുടെ. വീടിന്റെ ചുമരില്‍ കുലുംഗ്. മുറിയിലെ കുലുംഗുകളില്‍ രഥോത്സവത്തില്‍നിന്നു വാങ്ങിച്ച ചൂളക്കുവെച്ച ചെറിയ കുതിര. ഇറയത്ത് ഒരറ്റത്തായി ചെറിയ പൂജാമുറി. എല്ലാം എത്രമാത്രം ശ്രദ്ധയോടെയാണ് വൃത്തിയാക്കിവയ്ക്കാറുള്ളത് സരസ്വതി! കഴിഞ്ഞകൊല്ലം ഒരു കൊച്ചു സരസ്വതി പ്രതിമ കൊണ്ടുവന്നു വീട്ടില്‍ പൂജ കഴിച്ചു. 
പൂജയ്ക്കു മുന്‍പ് അരിമാവുകൊണ്ടണിയാന്‍ (അല്പന) മുകുല്‍ അച്ഛമ്മയെ വിളിച്ചു. അവര്‍ അതിയായി സന്തോഷിച്ചു പറഞ്ഞു: 
പുത്രവധുവിന്റെ പേരുതന്നെ സരസ്വതി. എന്നിട്ട് പൂജ ഒരുക്കിയല്ലോ. ശരിയായോ?
പൂജ ദിവസം പച്ചക്കറി മാത്രം. മത്സ്യം, മാംസമൊന്നും പാടില്ല. ഖിച്ചുഡി, മൊട്ടക്കൂസ്സുകൊണ്ട് ഉപ്പേരി, വഴുതനങ്ങ വറുത്തത്, പനഞ്ചക്കരകൊണ്ട് പായസം. എല്ലാം ചെറിയമ്മായിയുടെ പാചകം. അമൃതുപോലെയാണ്. 
നന്നീബാബു പറഞ്ഞു,
വധുവിനെ ഞാനാണല്ലോ കൊണ്ടുവന്നത്. 
അവന്റെ കുട്ടികളെല്ലാം നല്ലവരാകും. 
മരുമകളുടെ പാചകവും നന്നായിരിക്കുന്നു. 
അല്ലേ! വരും കൊല്ലം എല്ലാ വീട്ടിലും സരസ്വതീ പൂജ നിര്‍ബന്ധമാക്കണം. 
മുകുല്‍ പറഞ്ഞു,
സ്‌കൂളിലും പൂജയുണ്ട്. 
അതു പിന്നെ ഉണ്ടല്ലോ. പക്ഷേ, വീടുതോറും ചെയ്യണം. എത്രയൊക്കെ ആയാലും വിദ്യാദായിനീ ദേവിയല്ലേ!
അങ്ങനെ തീര്‍ച്ചയാക്കിയതാണ്. വരും വര്‍ഷം ഗ്രാമത്തില്‍ വളരെയധികം സരസ്വതീ പൂജ ഉണ്ടാകും. 
കൊല്ലം മാറിയതോടെ എന്തൊരു ഭയാനക ദിനങ്ങളാണ് വന്നുചേര്‍ന്നത്. ഭയങ്കര യുദ്ധം തന്നെ ആരംഭിച്ചില്ലേ!
ഇതിനെയാണോ യുദ്ധം എന്നു പറയുന്നത്!
'യുദ്ധം' എന്നാലെന്താണെന്ന് സരസ്വതിക്ക് അറിയില്ലായിരുന്നു. രാമ-രാവണ യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ട്. അച്ഛന്റെ അമ്മായിക്കു ധാരാളം കഥകള്‍ പറയാനറിയാം. സരസ്വതി കഥകള്‍ കേട്ടിട്ടുള്ളതെല്ലാം ഈ മുത്തച്ഛന്റെ പെങ്ങളില്‍ നിന്നായിരുന്നു. ആ അമ്മായിക്കു വളരെ ഭംഗിയില്‍ തലമുടി കോതി കെട്ടാനറിയും. പിന്നിയിടാനും പലവിധത്തിലറിയാം. നാലിഴയും ആറിഴയും ഒക്കെ ആയി മുടിപിന്നിക്കൊടുക്കും. സരസ്വതിയുടെ മുടിയും ചെയ്തു കൊടുക്കാറുണ്ട്. സരസ്വതിയുടെ അമ്മ പറയും, അവളുടെ കല്യാണത്തിനും അമ്മായി തന്നെ തലമുടി കെട്ടിക്കൊടുക്കണമെന്ന്. 
അപ്പോള്‍ അമ്മായി പറയും,
അതത്ര പറയാനുണ്ടോ! വിധവയായവര്‍ വധുവിന്റെ മുടികെട്ടി കൊടുക്കയോ!
സരസ്വതിയുടെ വിവാഹത്തിനു വളരെ മുന്‍പേ ആ അമ്മായി മരിച്ചുപോയി. ഉടനെ അമ്മയും കിടപ്പിലായി. നന്നീബാബു ഡോക്ടറെ കാണിപ്പിച്ചു. മരുന്നു കൊണ്ടുവന്നു കൊടുത്തു. അവസാന കാലത്തു നന്നീബാബുവിന്റെ വീട്ടില്‍ത്തന്നെ ആയിരുന്നു സരസ്വതിയുടെ അമ്മ.   മുകുലിന്റെ അച്ഛന്‍ മരിക്കുമ്പോള്‍ അമ്മ ഇല്ലായിരുന്നു. 


അമ്മ ചാണകവരളിയും മറ്റും ഉണ്ടാക്കിക്കൊടുക്കുമായിരുന്നു. നന്നീബാബു പറയും, ഞാന്‍ നിനക്കു കല്‍ക്കരിയുടെ പൊടി കൊണ്ടുവന്നു തരാം. ചാണകം ചേര്‍ത്തു കൊച്ചു കൊച്ച് ഉരുളകളുണ്ടാക്കി വച്ചാല്‍ എല്ലാവരും വാങ്ങിക്കും. 
അതിനു ഗ്രാമത്തില്‍ എന്തെല്ലാം കഥകള്‍ പരന്നു! ബേജോയുടെ ഭാര്യയുടെ അമ്മ കരിപ്പൊടി ഉരുള വില്‍ക്കുന്നു. അവള്‍ മറ്റൊരു ഗ്രാമത്തിലേതായിരിക്കാം. ബേജോ ഈ ഗ്രാമത്തിലെ ആളല്ലേ. അവനെക്കൊണ്ടും ഇതു വില്‍പ്പിക്കുമോ...?
നന്നീബാബുവിനു കലികയറി, ഈ ഗ്രാമം ഒരിക്കലും നേരെയാവില്ല, നിങ്ങള്‍ ഉണ്ടാക്കുന്നതെല്ലാം എന്റെ വീട്ടില്‍ കൊണ്ടുവച്ചാല്‍ മതി. എന്റെ വീട്ടില്‍ വന്നു വേണ്ടവരെല്ലാം വാങ്ങിക്കൊണ്ടുപോവും. നിങ്ങള്‍ നോക്കിക്കോളൂ!
അത്രയ്‌ക്കൊന്നും പോയില്ല. എന്തുകൊണ്ടെന്നാല്‍ നന്നീബാബുവിന്റെ അച്ഛന്റെ സഹോദരി ജഗന്നാഥ ക്ഷേത്രത്തിലേക്കു പോയി ആശ്രമത്തില്‍ താമസിക്കാന്‍ തീര്‍ച്ചയാക്കി. കൂടെ സരസ്വതിയുടെ അമ്മയേയും കൊണ്ടുപോയി. നന്നീബാബു ഒരിക്കല്‍ പോയി കണ്ടുവന്നു. അവരുടെ മുഖം ആകെ മാറി. വേഷവും മാറി. അവിടെ ഏതു നേരവും കനത്ത കൈത്തറി വസ്ത്രം ധരിക്കണം. കാലില്‍ ചെരിപ്പിട്ടു നടക്കണം. സരസ്വതിയുടെ അമ്മയും അങ്ങനെത്തന്നെ. 
ഓരോന്നോര്‍ക്കുമ്പോള്‍ സരസ്വതിയുടെ തലയ്ക്കകത്ത് എന്തോ പോലെ. ആരാണ് വിചാരിച്ചത്! തന്റെ ഇത്ര നല്ലൊരു ഒരുങ്ങിവന്ന ജീവിതം ഈ വിധം തലകീഴാകുമെന്ന് ആരറിഞ്ഞു! സരസ്വതി കേട്ടിട്ടുണ്ട്. സിനിമയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമത്രേ! 
സരസ്വതി ജീവിതത്തില്‍ സിനിമ കണ്ടിട്ടില്ല. 
മുകുലിന്റെ അച്ഛന്‍, അച്ഛന്റെ അച്ഛന്‍, എല്ലാവരും സ്വന്തം മണ്ണില്‍ത്തന്നെ കൃഷിപ്പണി ചെയ്തിരുന്നവരാണ്. കൂലിക്കു പണിചെയ്യുന്നവരായിത്തന്നെ അവര്‍ കഴിഞ്ഞു. 
ആ നിലത്തില്‍ എത്രത്തോളം ബേജോയുടെ ആയിരുന്നു, എപ്പോള്‍ ആയിരുന്നു എന്നൊന്നും ബേജോക്കും അറിയില്ല. സരസ്വതി അങ്ങനെ വിചാരിച്ചു. ബേജോയുടെ ചെറിയച്ഛന്‍ എടുത്ത പണിക്ക് എന്നും കൂലികൊടുത്തിരുന്നു എന്നതും എല്ലാവര്‍ക്കും അറിയാം. ചെറിയച്ഛന്റെ ഭാര്യ ചെറിയമ്മ അവരുടെ തൊഴുത്തു വൃത്തിയാക്കുന്ന വേലക്കാരിയുടെ കൈയില്‍ ബേജോയുടെ കുട്ടികള്‍ക്കായി പാല്, പായസം, പഴത്തിന്റെ പടല, ചക്ക ഇങ്ങനെ പലതും കൊടുത്തയക്കും. ഈവിധത്തിലാണ് ജീവിതനിയമം എന്ന് സരസ്വതി മനസ്സിലാക്കി. ഒന്നും പറയാറില്ല. 
പക്ഷേ, അപ്പോഴും സരസ്വതി 'അധവ' ആയിട്ടില്ല. 
ആരുടെയെങ്കിലും മകള്‍ വിവാഹിതയായാല്‍ സധവ എന്നു പറയുന്നു. ഭര്‍ത്താവ് മരിച്ചുപോയാല്‍ വിധവ. ഭര്‍ത്താവ് മരിച്ചതുകൊണ്ടുമാത്രം ഒരുവള്‍ വിധവയാകുന്നില്ല എന്നതും ഓര്‍ക്കണം. ഭര്‍ത്താവിന്റെ മൃതശരീരം യഥാവിധി അന്ത്യോഷ്ടിക്രിയകള്‍ ചെയ്തു ദഹിപ്പിക്കയും കര്‍മ്മങ്ങള്‍ കഴിക്കയും ചെയ്തുകഴിഞ്ഞാലേ ഒരുവള്‍ വിധവയാകുന്നുള്ളു. ഈ വിവരം സരസ്വതിയുടെ കാര്യത്തില്‍ പ്രത്യേകം മനസ്സില്‍ വെയ്ക്കേണ്ടതാണ്. ഭര്‍ത്താവിന്റെ മൃതശരീരത്തിന്റെ യഥാവിധി ശേഷക്രിയകള്‍ ചെയ്തുകഴിഞ്ഞാലേ ഭാര്യ വിധവയെന്നറിയപ്പെടുകയുള്ളു. സരസ്വതി അതുകാരണമാണ് 'അധവ'- ഭര്‍ത്താവ് മരിച്ചു, യഥാര്‍ത്ഥത്തില്‍ മരിച്ചു എന്നറിയേണ്ടവരെ അറിയിക്കണം. ഇല്ല, സരസ്വതിയുടെ ഭര്‍ത്താവിന്റെ മരണവിഷയത്തെപ്പറ്റി ആര്‍ക്കും സംശയമില്ല. ഹിന്ദു കുടുംബത്തിലെ സ്ത്രീയാണ്. ജാതിയില്‍ മാഹിഷ്യ. ഭര്‍ത്താവ് മരിച്ചിട്ടു കൊല്ലം കഴിഞ്ഞിട്ടും അവള്‍ ഇനിയും വിധവ അല്ല.
എന്തുകൊണ്ട്? എന്തുകൊണ്ട്?
എന്തുകൊണ്ടെന്നാല്‍ അവളുടെ ഭര്‍ത്താവിന്റെ ശേഷക്രിയ ഒരു വര്‍ഷമായിട്ടും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അവള്‍ 'അധവ'. 


2
എന്തുകൊണ്ട് ബേജോ, അല്ലെങ്കില്‍ ബ്രജ്ഖാട്ടുയാ,
പിങ്ങ് വസന്ത ഖാട്ടുയാ... നിവാസ...
പൊലീസ് സ്റ്റേഷന്‍ നന്ദിഗ്രാമം. നന്ദിഗ്രാമം എന്ന പേരിനുതന്നെ ശിക്ഷ നല്‍കാനായിത്തന്നെ 'തേരാപഖ്യാ' കനാലിന്റെ അക്കരെ നകുല്‍ സാമന്തും കൂട്ടരും ആക്രമികളെ വിളിച്ചുകൂട്ടി. ഹാര്‍മാദര്‍... അവര്‍ ഇടതുപക്ഷക്കാരാണ്. നന്നീബാബു ഏതു പാര്‍ട്ടിയാണ്?
എന്തുകൊണ്ട് വിരോധികളായി?
നന്നീബാബുവിന്റെ കൂട്ടരുടെ ഒരേ ഒരു ശ്ലോകന്‍, 
'ജീവന്‍ നല്‍കും ഭൂമി തരില്ല.'
ഇല്ല, ബേജോ അവരുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കാറില്ല. സമയം എവിടെ? സമയം കിട്ടുന്നതെങ്ങനെ? വയലില്‍ പണിയെടുക്കണം, വീട്ടിലെത്തി, കുളത്തില്‍ കൈകാല്‍ കഴുകി വന്നിരിക്കും. ഒരു പാത്രം നിറയെ അരി വറുത്തതും പൊരിയും തിന്നും. മക്കളോടു വര്‍ത്തമാനം പറയും. അതിനുശേഷം സരസ്വതിയോട് ഒരു മണിക്കൂറോളം വര്‍ത്തമാനം. 
ബേജോ ഒരിക്കലും നന്നീബാബുമാരുടെ മീറ്റിങ്ങിനോ ഘോഷയാത്രയ്ക്കോ പോയിട്ടില്ല. ഗ്രാമത്തിലെ ആരാണീ നകുല്‍ സാമന്തിന്റെ പാര്‍ട്ടി ചെയ്തിരുന്നത്! അത് അറിയാമായിരുന്നു. 
പക്ഷേ, ആരുടെ കക്ഷിയിലേക്കും ചേരാറില്ല. പോകാറുമില്ല. നന്നീബാബുവിനോടു പറയുന്നതുതന്നെ സാമന്തിനോടും പറയാറുണ്ട്. 
ഇല്ല, ചെറിയച്ഛാ! പകല്‍ മുഴുവന്‍ പണിയെടുക്കണം. അതിനുശേഷം മീറ്റിങ്ങിനു പോകയോ, അത്രയ്ക്കൊക്കെ സാധിക്കുമോ?
ഈ കൊല്ലത്തിനു മുന്‍പത്തെ വര്‍ഷത്തിലും ആറേഴുപേര്‍ മരിച്ചു. അതിനുശേഷം വ്യക്തമായി കണ്ടുതുടങ്ങി. അടുത്തു പുറത്തെല്ലാം നകുല്‍ സാമന്തിന്റെ പാര്‍ട്ടിക്കാര്‍ ഉല്ലസിച്ചു നടക്കുന്നു. അധികാരം കാണിക്കുന്നു. അവര്‍ പറയുന്നു നിലം എടുക്കുകതന്നെ ചെയ്യും എന്ന്. 
ഇവിടെയുള്ളവര്‍ പറയുന്നു ജീവന്‍ പോയാലും നിലം തരില്ല എന്ന്. 
സരസ്വതി പറയും, നന്നീബാബുവിന്റെ കൂടെ എന്തിനു പോകുന്നു.
നിന്റെ അമ്മയുടെ കാര്യത്തില്‍ നന്നീബാബു എല്ലാം ചെയ്തുതന്നു. 
അതെന്തൊക്കെ ആയാലും കേള്‍ക്കുന്നില്ലേ? ഗ്രാമങ്ങളില്‍ ആപത്തു കനത്തുവരുന്നു. നമുക്കു പോകാം. 
എവിടേക്കു പോകും? ഇവിടെ താമസിച്ചാല്‍...
അതെ അതെ, ചെറിയച്ഛനുവേണ്ടി പണിതു മരിച്ചോളു. എല്ലാം സ്വന്തമാക്കി എടുത്തില്ലേ? 
അപ്പോള്‍ എനിക്ക് എന്താ അറിവ്? പുറകില്‍ സഹായിക്കാനും ആരാ?
എനിക്കു പേടിയാകുന്നു. നമ്മടെ മക്കളേയും കൊണ്ട്.
നന്നീബാബു ഉണ്ടല്ലോ. പിന്നെ ആ നകുല്‍ബാബു നോക്കുന്നതു ഞാന്‍ നന്നീബാബുവിന്റെ മീറ്റിങ്ങിനു പോകുന്നുണ്ടോ എന്നാണ്. ഇതും പറയട്ടെ, ഈ 'ജീവന്‍ തന്നാലും ഭൂമി തരില്ല.' എന്നു പറഞ്ഞിട്ടു നമുക്കെന്താ ലാഭം? ഭൂമി നമ്മുടെയല്ലല്ലോ. ചെറിയച്ഛന്റെയല്ലേ. ചെറിയച്ഛന്റെ മകനും മകളുടെ ഭര്‍ത്താവും ഒക്കെ നകുല്‍ബാബുവിന്റെ പക്ഷത്തിലാണ്. 
എനിക്കു പേടിയാവുന്നു. 
നന്ദകുമാര്‍ ഗ്രാമത്തിലെ അമ്പലത്തില്‍നിന്നു ഞാന്‍ നിനക്ക് ഏലസ്സം കൊണ്ടുതരാം. എപ്പോഴും അതു ധരിച്ചാല്‍ മതി. 
ബേജോ ചിരിച്ചു. സരസ്വതിയും ചിരിച്ചു. 
ചെറിയമ്മായി ഇതുകേട്ടു പറഞ്ഞു, 
ഇത്ര ചിരിക്കാനെന്തുണ്ടായി?
നന്നീബാബു കേട്ടപ്പോള്‍ പറഞ്ഞു,
ഓ! ചിരിക്കട്ടെ!
ചെറിയമ്മായിയുടെ തൊഴുത്ത് വൃത്തിയാക്കുന്ന വേലക്കാരി പറയാറുണ്ട്, 
ആ മരുമകളുടെ കൈയിലും കാലിലും ലക്ഷ്മിയാണ്, അമ്മേ. വച്ചു പണിയിലും അതിമിടുക്കി, സമ്മതിക്കാതെ പറ്റില്ല. 
ഇങ്ങനെയാണ് ദിവസങ്ങള്‍ പോയിരുന്നത്. പക്ഷേ, ഒരു കൂട്ടര്‍ പറയുന്നു, ''ഭൂമി എടുക്കും, കമ്പനി പണിയും'' എന്ന്. മറുകൂട്ടര്‍ പറയുന്നു, ''ഭൂമി തരില്ല, ജീവന്‍തരും'' അപ്പോള്‍ എന്താവും? യുദ്ധമല്ല, മഹായുദ്ധം തന്നെ ആരംഭിച്ചു. യുദ്ധം എന്നാല്‍ യുദ്ധം. കാലാകാലമായി രാജ്യങ്ങളില്‍ എത്ര യുദ്ധങ്ങളുണ്ടായി. രാമായണവും മഹാഭാരതവും സത്യമാണോ മിഥ്യയാണോ എന്ന് ആര്‍ക്കറിയാം. ആരാണതു പറയാന്‍ എന്ന് മുകുലിന്റെ അച്ഛന്‍ പറയുമായിരുന്നു. ഒരുകാലത്ത് അങ്ങനെ തീര്‍ച്ചയായും സംഭവിച്ചു കാണും. നന്നീബാബുവിന്റെ അമ്മാമനു പുസ്തകങ്ങള്‍ അച്ചടിക്കുന്ന അച്ചടിശാലയുണ്ട്.
അതെവിടെയാണ്? പുസ്തകവും കമ്പനിയിലാണോ ഉണ്ടാക്കുന്നത്?
ഒരിക്കല്‍ കൊണ്ടുപോയിരുന്നെങ്കില്‍ കാണാമായിരുന്നു. നന്നീബാബു പറയാറുണ്ട്, അവിടെനിന്നു പുസ്തകവും ഇറങ്ങുന്നുണ്ട്, പത്രവും വരുന്നുണ്ട്. 
വാസ്തവമാണോ! രാജ്യത്ത് ഓരോ സ്ഥലത്ത് എന്തെല്ലാമാണ്. 
എന്റെ രണ്ടാമത്തെ ചെറിയച്ഛന്‍ ഏഴെട്ടു തവണ കൊല്‍ക്കത്തയ്ക്കു പോയിട്ടുണ്ട്. അവിടത്തെ കാര്യങ്ങള്‍ എത്ര ആശ്ചര്യകരമാണെന്നാ പറയണേ! നന്നീബാബു പറഞ്ഞതു പുസ്തകക്കടകളാണ് അധികം എന്നാണ്. 
ഈവക ഓര്‍മ്മകള്‍ വരുമ്പോഴൊക്കെ സരസ്വതിയുടെ നെഞ്ചു തകരുകയാണ്. മുകുലിന്റെ അച്ഛനിതൊന്നും തന്നെ കാണാതെ പോയില്ലേ!
ഇപ്പോള്‍ കണ്ടില്ലേ, മുകുലും ബകുലും പാരുലും കൊല്‍ക്കത്തയ്ക്കടുത്തുള്ള സ്‌കൂളില്‍ പഠിക്കുന്നു. 
എത്ര നല്ല നിലയില്‍ കഴിയാമായിരുന്നു. നല്ല കുളിമുറി, പൈപ്പ് തുറന്നാല്‍ വെള്ളം, എല്ലാ മുറികളിലും ഇലക്ട്രിക് വിളക്ക്. 
ഒന്നും തന്നെ കണ്ടില്ല, മുകുലിന്റെ അച്ഛന്‍. സരസ്വതിക്കും ജീവിക്കാന്‍ ആഗ്രഹമുണ്ടോ? പക്ഷേ, മനസ്സില്‍ മുകുലിന്റെ അച്ഛനിരുന്ന് എപ്പോഴും ഓര്‍മ്മിപ്പിച്ചു പറയുന്നുണ്ട്, അവരെ ഒഴുക്കിക്കളയല്ലേ, അവരെ വഴിയിലിറക്കല്ലേ...
ഇല്ല. അവരെ ആധാരമില്ലാത്തവരാക്കില്ല സരസ്വതി. ഒരിക്കലും ഒഴുക്കിക്കളയില്ല. അവരെ കൊല്‍ക്കത്തയ്ക്കടുത്തുള്ള ആശ്രമത്തിലേക്ക് അയക്കുമ്പോള്‍ ഗ്രാമത്തിലുള്ളവരെല്ലാം ചോദിച്ചു, 
അച്ഛന്റെ ക്രിയാകര്‍മ്മങ്ങള്‍ കഴിയും മുന്‍പേ അവരെ അയക്കയാണോ? 
സരസ്വതി നന്നീബാബുവിനോടു പറഞ്ഞു, 
ഉണ്ടായതും ഉണ്ടാകുന്നതും എല്ലാം എനിക്കു മാത്രമാവട്ടെ. എന്റെ ഭര്‍ത്താവ് മരിച്ചു. നകുല്‍ബാബുവിന്റെ പാര്‍ട്ടി ഭര്‍ത്താവിനു ഗതികിട്ടാനുള്ള കര്‍മ്മങ്ങള്‍ ചെയ്യാനനുവദിച്ചില്ല. എനിക്ക് ഇപ്പോഴും നോയ (ഇരുമ്പുവള)യും സിന്ദൂരവും അണിയേണ്ടിവരുന്നു. എല്ലാ പാപവും എനിക്കുതന്നെയാവട്ടെ. എല്ലാം ആ ഒരു വലിയ ആള്‍ക്കറിയാമല്ലോ. അദ്ദേഹം അറിഞ്ഞുകൊണ്ടുതന്നെയല്ലേ ഇവരെ അയച്ചത്. ഗതികിട്ടാനുള്ള ക്രിയാകര്‍മ്മങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ ആ പാപവും നകുല്‍ബാബുവിനു തന്നെ. എന്റെ കുട്ടികള്‍ കൊല്‍ക്കത്തയില്‍ പഠിക്കും. 
തുടര്‍ന്നും പറഞ്ഞു, 
അച്ഛന്റെ ശേഷക്രിയ കഴിച്ചില്ല എന്നു പറയുന്നവര്‍തന്നെ പറയട്ടേ, എങ്ങനെ കഴിക്കും എന്ന്? നകുല്‍ബാബു പറയട്ടേ. എന്തിനു വെട്ടിക്കൊന്നു. എന്തിനതിനുശേഷം കാണാതെ മണ്ണില്‍ പൂഴ്ത്തിവച്ചു? പറയട്ടേ! അദ്ദേഹം എവിടേക്കെങ്കിലും പോയിട്ടുണ്ടെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കു തന്നെയാവും പോയിട്ടുണ്ടാവുക. അവിടെ ഇരുന്ന് എല്ലാം കാണുന്നുണ്ടാവും. എല്ലാം മനസ്സിലാക്കുന്നുണ്ടാവും. 
സരസ്വതി തളര്‍ന്നുവീഴാന്‍ പോയി. ഉടനെ ചെറിയമ്മായിയുടെ വേലക്കാരി പുണ്യ താങ്ങി. 
കുട്ടികള്‍ക്ക് അസുഖം വന്നാല്‍ മുകുലിന്റെ അച്ഛന്‍ ഹോമിയോപ്പതി മരുന്നു കൊണ്ടുവന്നു കൊടുക്കാറുണ്ട്. അതുകൊണ്ട് സരസ്വതിക്കും സുഖം കിട്ടാറുണ്ട്. 


3
സമയ കഴിഞ്ഞ വര്‍ഷത്തിലെ ആഘ്രാണ്‍ (അഗ്രഹായണം-വൃശ്ചികം) മാസമായിരുന്നു. അതിനു വളരെ മുന്‍പ് മാര്‍ച്ച് പതിന്നാലിനു സംഭവിച്ചുകഴിഞ്ഞിരുന്നു. നകുല്‍ സാമന്ത് ഒരാളുടെ, പേരുമാത്രം. പക്ഷേ, ആ ഒരാളുടെ പിന്നില്‍ 'ഗോര്‍മേന്‍' (ഗവണ്‍മെന്റ്) ഉണ്ടത്രെ!
നന്നീബാബുവിന്റെ പക്ഷക്കാര്‍ ആ മാര്‍ച്ച് 14 മുതല്‍ക്കേ എതിര്‍ത്തിരുന്നു. ബേജോ അഥവാ ബ്രജ് ഇവരോടൊപ്പം വഴക്കിനു പോയിട്ടില്ല. ചെയ്തത് നകുല്‍ സാമന്തും കൂട്ടരുമാണ്. നന്നീബാബുവിന്റെ ആള്‍ക്കാര്‍ കൊന്നിട്ടില്ലേ? ഉവ്വ്, കൊന്നിട്ടുണ്ട്. നകുല്‍ബാബുവിന്റെ പാര്‍ട്ടിക്കാര്‍ അവരെ 'വീരപുരുഷന്മാരെ'ന്നു പറയുന്നു. പുരുഷന്മാരുമാണ് അതോടൊപ്പം വീരന്മാരും. അവരുടെ കൂട്ടര്‍ക്കു മാത്രമേ ഓരോ കാര്യവും അതിരഹസ്യമായി ചെയ്യാന്‍ കഴിയാറുള്ളു. അങ്ങനെ സസാഗര ഭാരതത്തില്‍ ആരും ചെയ്തിരിക്കില്ല. ലോകത്തില്‍ത്തന്നെ ഇത്തരം പ്രവൃത്തികള്‍ വളരെ ചുരുക്കം രാജ്യത്തേ ചെയ്തു കാണുകയുള്ളു. 
ഇതു ചെയ്യാന്‍ നല്ല ധൈര്യം വേണം. 14.3.2007, ഈ മഹത്തായ കീര്‍ത്തിയുടെ മുഹൂര്‍ത്തം നടന്നു. നന്ദിഗ്രാമം എന്ന പേരില്‍ എത്രയെത്ര ഗ്രാമങ്ങളുണ്ടോ എല്ലാവരും അവിടെ പൊലീസിന്റെ യൂണിഫോം ധരിച്ചുകൊണ്ടായിരുന്നു. കാലില്‍ ഹാവായി ചെരുപ്പ്. ഊക്കും യൗവ്വനവുമുള്ള തരുണര്‍ സര്‍ക്കാര്‍ സൈനികരായി എങ്ങും നാരീധര്‍ഷണത്തിന്റെ മുഹൂര്‍ത്തവും നിശ്ചയിച്ചു. 
തുടരെ ചെയ്തുപോരുകയും ചെയ്തു. 
വെറും മാനഭംഗമെന്നു പറഞ്ഞാല്‍ മാത്രം പോര. ബലാല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികള്‍ എടുത്തെടുത്തു പറയാറുണ്ട്.
അവര്‍ എന്നും ചേച്ചി വിളിക്കാറുണ്ട്. 
സ്ത്രീകള്‍ പറഞ്ഞു,
ചേടത്തിയമ്മ എന്നല്ലാതെ അവന്‍ ഒരിക്കലും എന്നെ വിളിച്ചിട്ടില്ല. ചേടത്തിയമ്മേ, ഒരു കപ്പ് ചായ, കുറച്ചു വെള്ളം കുടിക്കണം... എന്നല്ലേ.
മറ്റൊരുവള്‍,
അവന്റെ ചെറിയമ്മയുടെ കൂട്ടുകാരിയായ എന്നെയും അവന്‍ ചെറിയമ്മ എന്നു വിളിക്കാറുള്ളതല്ലേ! എന്നിട്ടവന്... 
ഇനിയും ഒരുവള്‍, 
എന്നെ മാത്രമോ, എന്റെ പതിനൊന്നു വയസ്സായ മകളേയും...
ഈ സംഭവങ്ങള്‍ക്കുശേഷം നന്നീബാബു സരസ്വതിയുടെ വീടിന്റെ ഇറയത്ത് ഇരിക്കുകയായിരുന്നു. നിര്‍ത്താതെ കരയുന്നുണ്ട്. നെറ്റിയില്‍ അടിച്ചുകൊണ്ടു പാഞ്ഞു:
ഇതാണോ രാജനീതി. വിളിക്കുന്നത് ചേച്ചി, ചേടത്തിയമ്മ, ചെറിയമ്മ, അമ്മായി എന്നൊക്കെ. ചെയ്യുന്നതോ...!
നല്ലപോലെ തേച്ചു മിനുക്കിയ കിണ്ണത്തില്‍ കുറച്ചു മധുരക്കിഴങ്ങിന്റെ കഷണങ്ങളും പഞ്ചസാരമിഠായിയും പിച്ചള മൊന്തയില്‍ വെള്ളവും കൊണ്ടുവന്നു വച്ചുകൊടുത്തു. സരസ്വതിയുടെ കിണറ്റിലെ വെള്ളം എന്നും നല്ല തണുപ്പുള്ളതാണ്. നന്നീബാബുവിന് ഇഷ്ടമാണ്. നന്നീബാബു വന്നിരിക്കുന്നു എന്നറിഞ്ഞതും ഗ്രാമം മുഴുവനും ഇളകി ഇറങ്ങിവന്നിരിക്കയാണ്. ബേജോയുടെ മുറ്റം നിറയെ. 
ഏറ്റവും മുന്‍കോപിയും തന്നിഷ്ടക്കാരനുമായ ആള്‍ രവിപ്രധാന്‍. പേര് അരവിന്ദനെന്നാണ്. വിളിപ്പേര് രവി. രവി കൈയിലെ നീണ്ടവടി നിലത്തുകുത്തി ചോദിച്ചു, 
എന്തു ചെയ്യണം നന്നീബാബു? നകുല്‍ സാമന്തിനെ വെട്ടണ്ടേ? അവനൊരാളാണ് ഈ ആക്രമികളെ ഒന്നിച്ചൂകട്ടി എരിപ്പിച്ച് ഈ കാര്യം ചെയ്യിച്ചത്!
നന്നീബാബു പറഞ്ഞു, 
ഒന്ന് മിണ്ടാതിരിക്ക് രവി. 
എന്തിനു മിണ്ടാതിരിക്കണം?
അരവിന്ദന്‍ കലികയറി മുരളുകയാണ്. പറഞ്ഞു: 
താങ്കളുടെ കാലമൊക്കെ കഴിഞ്ഞു, നന്നീബാബു. നകുല്‍ സാമന്തിന്റെ കാലമാണിനി. ഇവര്‍ നല്ല വാക്കു പറഞ്ഞാല്‍ കേള്‍ക്കുമോ?
അല്ല, അതല്ല. നാട്ടിലെ ജനങ്ങളെല്ലാം ഒരുങ്ങി ഇറങ്ങിയിരിക്കയാണ്. 
നകുല്‍ സാമന്തിനെ... 
ഇങ്ങനെ നടന്നുകൊണ്ടിരുന്നു. രാത്രിയില്‍ സരസ്വതി ഭര്‍ത്താവിനോട് പറഞ്ഞു:
രവി പറഞ്ഞതു കേട്ടില്ലേ?
കേട്ടു... കേട്ടു.
നമ്മള്‍ക്ക് ഇവിടെ...
ഒന്നും ശരിയാവില്ല, ഇതല്ലേ പറയാന്‍ പോകുന്നത്?
അതെ.
അങ്ങനെ പറഞ്ഞതുകൊണ്ടായില്ല. ചിന്ത ഒഴിവാവില്ല. നന്നീബാബുവിനോടുള്ള വൈരം കൊണ്ട് നകുല്‍ബാബു ഒന്നും ചെയ്യാതിരുന്നാല്‍ മതി. 
എന്താ ഇനി ചെയ്യുക?
നന്നീബാബുവിന്റെ കൂടെ എല്ലാവരുമുണ്ട്, ശരി തന്നെ. പക്ഷേ, എല്ലായ്പോഴും അവര്‍ പറയുംപോലെ അനുസരിക്കുമോ?
എന്താ അങ്ങനെ പറയുന്നത്?
കവിയെപ്പോലെ വേറെയും കുറേ ഉണ്ട്. അവരെല്ലാം മത്തുകയറിയിരിക്കയാണ്. 
എന്തെങ്കിലും ചെയ്‌തെന്നു വരുമോ?
അതെനിക്കെങ്ങനെ അറിയാം? ഇപ്പോള്‍ പോയി കിടന്നുറങ്ങ്. 
അദ്ഭുതമനുഷ്യന്‍ തന്നെ! സരസ്വതിക്ക് ഇനിയും പലതും പറയാനുണ്ടായിരുന്നു. നിമിഷത്തിനകം മുകുലിന്റെ അച്ഛന്‍ ഉറങ്ങിക്കഴിഞ്ഞു. നകുല്‍ സാമന്തിനോട് രവിക്ക് അതിയായ കോപമുണ്ടെന്നു മാത്രം സരസ്വതി മനസ്സിലാക്കി. നകുലിന്റെ അക്രമിസംഘമാണ് സ്ത്രീകളോടും പെണ്‍കുട്ടികളോടും ഈ അത്യാചാരങ്ങള്‍ ചെയ്യുന്നത്. അതെല്ലാവര്‍ക്കും അറിയുകയും ചെയ്യും. സരസ്വതിക്കു ചിന്ത, രവി നകുല്‍ സാമന്തിനെ കൊന്നാല്‍? പകരം പോക്കാന്‍ നകുലിന്റെ അനുയായികള്‍ സരസ്വതിയുടെ ഗ്രാമം ആക്രമിക്കുകമോ, ആക്രമിച്ചാല്‍? ചെറിയമ്മായിയുടെ ഭര്‍ത്താവ് രക്ഷപ്പെടും. അവരുടെ കുടുംബം മുഴുവനും നകുല്‍ സാമന്തിന്റെ കൂടെയാണ്. ഈ നകുല്‍ സാമന്ത് മരിച്ചാല്‍, സരസ്വതിയുടെ ഗ്രാമം പകവീട്ടലിന് ഇരയായി ആക്രമികപ്പെട്ടാല്‍? എന്തുചെയ്യും? എന്തോ ഒരാപത്തു വരാന്‍ പോകയാണോ എന്ന് സരസ്വതി ഭയപ്പെട്ടു. ഈ ഗ്രാമത്തിലെ എല്ലാവരും നന്നീബാബുവിന്റെ അനുചരന്മാരാണോ? മനുഷ്യനെന്ന വിചാരം ഇന്ന് ആര്‍ക്കുമില്ല. എല്ലാം പാര്‍ട്ടി ഏതാണെന്ന അടിസ്ഥാനത്തിലാണ് വിധി എഴുതുന്നത്. ആര്‍ ആരുടെ പക്ഷത്താണ് എന്നുമാത്രമാണ് പ്രധാനം. 
പെട്ടെന്ന് സരസ്വതിക്ക് ഒരു വിചാരം വന്നു. ഇനിയും ലഹളയും ആക്രമണവും ആരംഭിച്ചിട്ടില്ല, അല്ലാ, റാന്തലിന്റെ തിരി താഴ്ത്തിയില്ലല്ലോ. കൊതുകുവല ശരിക്കു തിരുകിവെച്ചില്ലല്ലോ. വളരെ ശ്രദ്ധയോടെ അതൊക്കെ ചെയ്തു. ഒരു ലോട്ടവെള്ളം സ്റ്റൂളിന്മേല്‍ കൊണ്ടുവന്നു വെച്ചു. വിളക്കിന്റെ തിരി താഴ്ത്തി. ചെറിയ ഒരു ജനാല തുറന്നുവെയ്ക്കാം. ആ ഒരു ജനലയ്ക്കു മാത്രമേ ഇരുമ്പഴികള്‍ ഉള്ളു. ഇരുമ്പു വലയും ഉണ്ട്. 
മുകുലിന്റെ അച്ഛന്‍ പറഞ്ഞു: 
നീ ഒന്ന് കശപിശ പിറുപിറുക്കാതിരിക്കാമോ? ആരാണ് വരുക? കള്ളന്‍ എല്ലാവരുടെ വീട്ടിലും കടക്കുമോ? നിന്റെ വീട്ടില്‍ എന്തുണ്ട് കട്ടുകൊണ്ടുപോകാന്‍?
സരസ്വതിയുടെ മുഖം മങ്ങി. ചോദിച്ചു:
കള്ളന്മാര്‍ സ്വര്‍ണ്ണവും കാശും കക്കാന്‍ മാത്രമാണോ വരുന്നത്? നന്നീബാബുവിന്റെ വീട്ടില്‍നിന്ന് റാന്തല്‍, സ്റ്റൗ എല്ലാം കൊണ്ടുപോയില്ലേ?
ഒന്ന് മതിയാക്ക്. ഇനി കിടന്നുറങ്ങ്. 
ആ രാത്രി അങ്ങനെ കഴിഞ്ഞു. 
രാവിലെ മണി പത്തായതും ഗ്രാമത്തിലെങ്ങും മഹാനാശമിറങ്ങിക്കഴിഞ്ഞു. 
ആരോ വിളിച്ചുകൂവുന്നു,
നകുല്‍ സാമന്തിനെ വെട്ടിക്കൊന്നു! ഞങ്ങളുടെ വീട് തീവെച്ചു!
വേറെയും പലരും ലഹളവച്ച് ഓടിപ്പോകുന്നുണ്ട്. സരസ്വതി പരിസരം മറന്ന് ഓടി. മല്ലിക്ക് ബാബുവിന്റെ വലിയ മുറ്റത്തേക്ക് ഓടിച്ചെന്നു. അവിടെയാണ് കുട്ടികളുടെ സ്‌കൂള്‍ കൂടുന്നത്. ആരൊക്കെയോ ഓടുന്നുണ്ട്. അനുകൂല്‍, നന്ദന്‍, നന്നീബാബുവിന്റെ ജോലിക്കാരാണല്ലോ! അവര്‍ പാടത്തേക്ക് ഓടിപ്പോകുന്നതെന്തിനാണ്?
മനുഷ്യമനസ്സ്! ഒന്നുമറിയാത്ത മനുഷ്യന്റെ മനസ്സ്! സരസ്വതി ഓര്‍ത്തു. അങ്ങനെ ദുശ്ശകുനമായി ഒന്നും മനസ്സില്‍ വന്നില്ലല്ലോ! ചീത്ത വരുന്നു എന്ന് മനസ്സു പറഞ്ഞില്ലല്ലോ! എന്നാലും തലേന്ന് നന്നീബാബുവിന്റെ മുന്നില്‍ രവി ഒറക്കെ പറഞ്ഞത് ഓര്‍മ്മവന്നു. എത്ര വലിയ ഭയാനകതയെപ്പറ്റിയാണ് പറഞ്ഞത്! നകുല്‍ സാമന്തിനെ ശരിക്കും വെട്ടിക്കൊന്നു!
ആരാണ് കൊന്നത്! ഒരു കാര്യം വാസ്തവമാണ്. നകുല്‍ സാമന്തിന്റെ സ്ഥിതി ഈയിടെ വളരെ ഉയര്‍ന്നിട്ടുണ്ട്. വീട് സരസ്വതി കണ്ടിട്ടുണ്ട്. രണ്ടുനില കെട്ടിടം. തൊഴുത്ത്. ഈ ഗ്രാമത്തില്‍ വിപ്ലവം കൊണ്ടുവന്നതും നകുല്‍ സാമന്ത് തന്നെ എന്നും കേട്ടിട്ടുണ്ട്. നകുല്‍ സാമന്തിന്റെ കാവല്‍ക്കാരന്‍ വലിയ മീശക്കാരന്‍. മകന് ഇതേവരെ മീശ മുളച്ചിട്ടില്ല. മാകുന്ദന്‍. എന്നിട്ടവന്റെ പേര് ഗുംഫോ (മീശയുള്ളവന്‍). അവന്‍ ഇടയ്ക്കിടയ്ക്ക് മുകുലിന്റെ അച്ഛന്റെ അടുത്തു വരും. പലതും സംസാരിക്കും. സരസ്വതിയെ ചേട്ടത്തിയമ്മ എന്നു വിളിക്കും. അവനന്നു ചോദിച്ചു:
നന്നീബാബു എന്തെങ്കിലും ചെയ്യുമോ? ആവില്ല ആവില്ല ബേജോ ചേട്ടാ. മറുഭാഗത്തു നകുല്‍ബാബു വില്‍പ്പന കൊണ്ടുവന്നുകഴിഞ്ഞു. 
എടാ വില്‍പ്പന അല്ല, വിപ്ലവം.
ങ്ഹാ! അതുതന്നെ. 
എന്താ ചെയ്‌തേ?
അവന്‍ ആനന്ദത്തോടെ തുറന്നു പറഞ്ഞു, 
വീട്ടില്‍ കക്കൂസ് പണിതു. നകുല്‍ബാബു. പഞ്ചായത്തിലെ മേധാവി. 'ഗോര്‍മെന്‍' (ഗവണ്‍മെന്റ്) ഓരോ വീട്ടിലും കക്കൂസ് വേണമെന്ന നിയമം വച്ചു, ഓരോ വീട്ടിലും പണിയാന്‍ പറയുന്നു. 
അതില്‍ തെറ്റെന്താണ്?
നകുല്‍ബാബുവല്ലേ ഗ്രാമത്തിലെ ഗോര്‍മേന്‍. അതിനാല്‍ കേള്‍ക്കു, തന്റെ വീട്ടില്‍ ആദ്യം ഉണ്ടാക്കി ഉദാഹരണം കാണിച്ചുകൊടുത്തു. 
നന്നീബാബു, കൊല്ലത്തിലെ പന്ത്രണ്ടു മാസവും കുളത്തിന്റെ കരയിലാണ് വെളിക്കിരിക്കുന്നത്. 
മുകുലിന്റെ അച്ഛന്‍ പറഞ്ഞു:
നകുല്‍ബാബു ഗോര്‍മേന്‍, എങ്കില്‍ എല്ലാ വീട്ടുകാര്‍ക്കും ചെയ്തുകൊടുക്കരുതേ?
അത് ഉണ്ടാവണ കാര്യമാണോ? പൈപ്പിലെ വെള്ളം കൊണ്ട് പാടത്തു നനക്കുന്നു. ആ വീട്ടില്‍ത്തന്നെ എട്ട് ട്യൂബ് വെല്‍ ഉണ്ട്. 
എങ്ങനെ വിശ്വസിക്കാം!
ബാക്കിയുള്ളവരെ പട്ടിണിക്കിട്ട് ഒരാള്‍ മാത്രം എല്ലാം അനുഭവിക്കയോ? അതു ശരിയാണോ? 
നന്നീബാബുവിനെ കൊണ്ടാകുമോ?
അവന്‍ എണീറ്റു. അതിസന്തോഷത്തോടെ നൃത്തംവച്ച് അവിടെനിന്നു പോയി. മുകുലിന്റെ അച്ഛന്‍ പറഞ്ഞതാണ്,
ഓരോ മനുഷ്യരെ കണ്ടില്ലേ? എല്ലാവര്‍ക്കും ലഭിക്കേണ്ടത് ഒരാള്‍ മാത്രം അനുഭവിക്കയോ. നകുല്‍ബാബു എല്ലാം ഒറ്റയ്ക്കു സുഖിക്കയോ? എന്നിട്ടു കൂടെയുള്ളവര്‍ ജയ് വിളിക്കുക! ഛേ!
അതേ, ആ നകുല്‍ സാമന്തിന്റെ വീട് കത്തിച്ചു. നകുല്‍ബാബു മരിച്ചു. കഴിഞ്ഞ ദിവസത്തെ വിവരമല്ലേ! നകുല്‍ സാമന്ത് കൊല്ലപ്പെട്ടതും ഗ്രാമത്തില്‍ പൊലീസ്സെത്തി. 
ഇതിനു മുന്‍പ് ഒരിക്കലും വന്നിട്ടില്ല. 
മുകുലിന്റെ അച്ഛന്‍ ജോലി ചെയ്യാന്‍ ഓടി. സരസ്വതിയുടെ ചെറിയമ്മായി പറഞ്ഞു.
ബേജോ ഉണ്ടോ? അവനുള്ളതുകൊണ്ട് പണി നടക്കുന്നു.
എന്തേ, എല്ലാവരും പണിയെടുക്കുന്നില്ലേ?
കഷ്ടം കഷ്ടം! ബേജോ ചെറിയച്ഛന്റെ നിലത്തിലല്ലേ പണിയുന്നത്, എന്നിട്ടവന് ഒരു മനോവിഷമവുമില്ല. 
സരസ്വതി മനസ്സില്‍ പറഞ്ഞു, നിലം അവരുടെ അച്ഛനും ഉണ്ടായിരുന്നു. അതേ നിലത്തിലാണ് കൂലിപ്പണി ചെയ്യുന്നത്.
പക്ഷേ, ഉറക്കെ പറഞ്ഞില്ല. 
ഇതും സംഭവിച്ചതാണ്. നകുല്‍ സാമന്തിനെ കൊന്നതുപോലെ അവരുടെ പക്ഷക്കാര്‍ നന്നീബാബുവിന്റെ അനുയായികളെ ആക്രമിക്കാന്‍ തുടങ്ങി. 
എല്ലാം സരസ്വതിക്ക് ഓര്‍മ്മയുണ്ട്. രവി ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് പോകുന്നു, 
ആരാണ് എവിടെയാണുള്ളത്, എല്ലാവരും പുറത്തേക്കു വരീന്‍. നകുല്‍ സാമന്തിന്റെ ആള്‍ക്കാര്‍ എല്ലാം നശിപ്പിക്കാനിറങ്ങിയിരിക്കയാണ്. പൊലീസ് നിന്നു കാണുകയാണ്!
ഓ രവീ, നിങ്ങളുടെ ചേട്ടന്‍?
സരസ്വതിയുടെ വാക്കുകള്‍ മുഴുവനാകുന്നതിനു മുന്‍പ് മുകുലിന്റെ അച്ഛന്റെ ചെറിയച്ഛന്‍ ഉറക്കെ പറഞ്ഞു:
ദേ, മരുമകളേ, നീ നിന്റെ മക്കളെ സ്‌കൂളില്‍നിന്നു കൊണ്ടുവാ. ഇവിടെ എങ്ങും മഹാനാശമാവുകയാണ്. ഭയാനകമായിത്തീരുകയാണ്. 
എന്താ, എന്തുണ്ടായി, എന്തുണ്ടായി?
സരസ്വതിക്കു മുഴുവനാക്കാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പു ചെറിയച്ഛന്‍ പറയുന്നതു കേട്ടു, 
എടാ ഭൂപതി! ബേജോയ്ക്ക് എന്തുപറ്റി?
ഉത്തരം ഗംഭീരഭാവത്തിലായിരുന്നു.
അവന്റെ വീട്ടിലേക്കല്ലേ നന്നീബാബു എപ്പോഴും പോകാറുള്ളത്! ഇല്ലേ പോകാറില്ലേ?
സരസ്വതി അതു കേട്ടു. തലയില്‍ ഇടികൊണ്ടതുപോലെ. 
ശരിയല്ലേ, അവരുടെ വീട്ടിലേക്കു നന്നീബാബു പോകാറുണ്ടല്ലോ!

4
അതെ. അത് മുകുലിന്റെ അച്ഛന്‍ തന്നെ ആയിരുന്നു. മുകുലിന്റെ അച്ഛന്‍, രവിയുടെ മകളുടെ ഭര്‍ത്താവ്. വേറെയും ആരൊക്കെയോ.
വളരെയധികം പേരുണ്ടായിരുന്നു.
നന്നീബാബുവിന്റെ കൂടെയും ധാരാളം പേരുണ്ടായിരുന്നു. നകുല്‍ സാമന്തിന്റെ ആള്‍ക്കാര്‍ 'ഗോര്‍മേന്‍' അല്ലേ. അവരാണ് ആദ്യം സൗദ് ഖാലി, സോനാചൂഡ, കാലിചരണ്‍പൂര്‍, തെക്കന്‍ ജല്‍പായി, ഭാങ്ങാബേഡ എന്നീ നിരവധി ഗ്രാമങ്ങളിലെ മനുഷ്യരെ കൊന്നത്. അതിനാല്‍ നന്നീബാബുവിന്റെ കൂട്ടര്‍ ഓടിയെത്തി. ഗ്രാമങ്ങളില്‍ ഓരോ വീട്ടിലും കരച്ചില്‍ മാത്രം. വെറും കൊല ചെയ്യല്‍ മാത്രമല്ല, തീവെക്കലും ഉണ്ടായിരുന്നു. 'ഗോര്‍മേന്‍' തന്നെ. ആരബ് ആലിയുടെ ഉയര്‍ന്ന തലത്തിലുള്ള അഭിമാനത്തോടെ നിന്നിരുന്ന രണ്ടുനില കെട്ടിടം കത്തിച്ചാമ്പലായി. മുകുന്ദ ഗായന്റെ തെങ്ങിന്‍തോപ്പ്, ആരബ് ആലിയുടെ തെങ്ങിന്‍തോപ്പ്- ഇവ തൊട്ടുതൊട്ടായിരുന്നതിനാല്‍ എല്ലാം കത്തിനശിച്ചു. 
സരസ്വതിയേയും കുട്ടികളേയും ചെറിയച്ഛന്‍ കൂട്ടിക്കൊണ്ടുപോയി. സരസ്വതി ഉറക്കെ വിളിച്ചുപറയുന്നുണ്ട്, എത്ര പാത്രങ്ങളാണ് വീട്ടില്‍ കിടക്കുന്നത്. പൂജാപാത്രങ്ങളുമുണ്ടല്ലോ... എന്നൊക്കെ. 
പക്ഷേ, നകുല്‍ സാമന്ത് 'ഗോര്‍മേന്‍' അല്ലേ? അവരുടെ കൂട്ടര്‍ എന്തും ചെയ്യാന്‍ പോന്നവരാണ്. സരസ്വതിയുടെ വീടും കത്തിച്ചേക്കാം. അവരുടെ തെങ്ങുകളും എരിച്ചുകളഞ്ഞേക്കാം. 
ഇല്ല, രണ്ടു ദിവസമായി മുകുലിന്റെ അച്ഛന്‍ വീട്ടില്‍ വന്നിട്ടില്ല. ഈ രണ്ടു ദിവസവും സരസ്വതിയും കുട്ടികളും ചെറിയച്ഛന്റെ വീട്ടിലാണ്. സമയം പുക പരന്നപോലെ ഒന്നും കാണാന്‍ കഴിയാത്തപോലെ ആയി. മുകുലിന്റെ അച്ഛന് മുരിങ്ങാക്കായ പച്ചഡി വളരെ ഇഷ്ടമാണ്. ഉണ്ടാക്കാന്‍ പറഞ്ഞു. കഴിഞ്ഞ കൊല്ലം നിര്‍ത്താതെ മഴ പെയ്തുകൊണ്ടിരുന്ന ദിവസങ്ങളില്‍ മുകുലിന്റെ അച്ഛന്‍ പറയും,
എന്നും അരിയും പരിപ്പും കൂട്ടി 'ഖിച്ചുഡി' ഉണ്ടാക്ക്, കഴിക്കാം...
അപ്പോള്‍ മൂഴിമത്സ്യം ജീവനോടെ വെച്ചിരിക്കുന്നതെന്തു ചെയ്യും?
അവ കുറച്ചുദിവസം കൂടി ജീവനോടെ ഇരിക്കും. 
പാരുല്‍ ഒരു വയസ്സുള്ളപ്പോള്‍ എന്താ ചെയ്തതെന്ന് ഓര്‍മ്മയില്ലേ? അവരോടു പറയട്ടേ?
എന്താ ചെയ്തത്. സന്ധ്യയായ ശേഷം പിടിച്ചുകൊണ്ടുവന്നു. വലിയ വലിയ മൂഴിമത്സ്യം. എല്ലാം ജീവനോടെ വച്ചു. അടുത്ത ദിവസം രാവിലെ നിന്റെ അമ്മ എന്തൊരു ലഹളയാണ് കൂട്ടിയത്! എന്തിന് എന്നല്ലേ? പിടിച്ചതില്‍ മൂന്നെണ്ണം മൂഴിമത്സ്യം. അവയ്ക്കിടയില്‍ ഒരു ചേരപ്പാമ്പിന്റെ കുഞ്ഞു കിടന്ന് മറിയുന്നു. വേഗം കുളത്തില്‍ കൊണ്ടുപോയി ഇടാന്‍ നിന്റെ അമ്മ പറഞ്ഞു. 
ആ മൂഴിമത്സ്യം ആരും തിന്നരുത്, പാമ്പിന്റെ കൂടെ കിടന്നവയാണ് എന്നു നിര്‍ബന്ധമായി.
എന്നിട്ട്?
സരസ്വതിക്ക് എല്ലാം ഓര്‍മ്മയുണ്ട്. വയലില്‍ നകുല്‍ സാമന്തിന്റെ ആളുകള്‍ താണ്ഡവനൃത്തം വയ്ക്കുകയായിരുന്നു. ഒരിടത്ത് അവര്‍ പ്രത്യേകമായി എന്തോ കണ്ടു. പുളിയുറുമ്പിന്റെ കൂട്ടം. ബദനിയുടെ വാപ്പ ഗുലുമിയ പറഞ്ഞു:
അവിടെ മണ്ണു കുഴിച്ചു നോക്കണം. ഈ ഉറുമ്പുകള്‍ വെറുതെ ഒരിടത്ത് കൂട്ടം കൂടി കിടക്കില്ല. നോക്കുക തന്നെ. എന്താണെന്നറിയണം!
മണ്ണ് കുഴിച്ചപ്പോള്‍ കണ്ടതെന്താണ്?
മുകുലിന്റെ അച്ഛന്‍ കിടക്കുന്നു. കഴുത്തിലെ ഞരമ്പ് വെട്ടിയിരിക്കുന്നു. അരിവാളുകൊണ്ട് വെട്ടിയ മുറിവ്.
ഓര്‍മ്മയുണ്ട്. എല്ലാം ഓര്‍മ്മയുണ്ട്. ഗ്രാമത്തില്‍ ആരും വീടുകളിലില്ലാത്ത സമയം. എല്ലാവരും ഓടിയെത്തി. സരസ്വതിയുടെ ചെറിയച്ഛന്‍ ''എന്റെ ബേ...ജോ...'' എന്ന് ഉറക്കെ കരയാന്‍ തുടങ്ങി. സരസ്വതിയുടെ ചെവിയില്‍ ആ ശബ്ദം ഇപ്പോഴും മുഴങ്ങുന്നുണ്ട്. ചെറിയച്ഛനാണ്, ഭര്‍ത്താവിന്റെ ചേട്ടനാണ്, അച്ഛനാണ് എന്നൊന്നും നോക്കാന്‍ നിന്നില്ല സരസ്വതി. 
ഓടിച്ചെന്ന് അലച്ചുവീണു. 
ചെറിയച്ഛന്‍ ഉടനെ പൊലീസിനെ വിളിച്ചു. പൊലീസ് ഉണ്ടായിരുന്നു. പക്ഷേ, എല്ലാവരും നകുല്‍ സാമന്തിന്റെ ചാമ്പലായ വീടിനു കാവല്‍നില്‍ക്കുകയാണ്. ബേജോ ചെറിയച്ഛന്റെ മരുമകനല്ലേ., വേറെ പക്ഷവുമാണല്ലോ. നകുല്‍ സാമന്തിന്റെ 'ഗോര്‍മേന്‍' അല്ല, ചെറിയച്ഛന്റെ വേറെയല്ലേ?
ബന്ദുബാബു മുന്നോട്ടു വന്നു. പൊലീസിനോട് പറഞ്ഞു:
പന്ത്രണ്ടു മാസവും ശമ്പളം മേടിക്കുന്നു. എന്റെ സഹോദരപുത്രനെ കൊന്നതാരെന്ന് അന്വേഷിക്കില്ല എന്നോ?
ഞാനെന്തു ചെയ്യും? പൊലീസ് സ്റ്റേഷനില്‍ പോയി പറയൂ. എന്നാല്‍ എന്തെങ്കിലും ചെയ്യും. 
ആ നേരത്ത് നന്നീബാബു വന്നു. രവിയോടു പറഞ്ഞു: 
നിങ്ങള്‍ വരീന്‍. എന്റെ കൂടെ വരൂ. 
ഇപ്പോള്‍ വൃക്ഷച്ചുവട്ടില്‍ വെക്കാം. സ്റ്റേഷനിലേക്കു പോകാം. പോയിട്ടു കാര്യമെന്താ? സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറും കൈക്കൂലിക്കാരനല്ലേ, ഒന്നും ചെയ്യില്ല. 
സരസ്വതി പതുക്കെപ്പറഞ്ഞു. 
വീടിന്റെ മുറ്റത്തേക്ക് ഒന്നു കൊണ്ടുപോകാം. 
വീട്ടിലേക്കോ?
മുകുലിന്റെ അച്ഛന്‍ ആരുടെ പണിക്കാരനാണ്. എന്നെല്ലാവര്‍ക്കുമറിയാം. ആരുടെ നിലത്തില്‍ ജോലി ചെയ്തിട്ടാണ്, ബാബു...! പൊലീസ് വരുംവരെ വീടിന്റെ മുറ്റത്തു കുറച്ചു നേരം കിടക്കട്ടെ. മക്കള്‍ അടുത്തിരിക്കട്ടേ! 
ഞാന്‍ അന്യായം വല്ലതും പറഞ്ഞോ? പറഞ്ഞുകൊണ്ട് നന്നീബാബു കണ്ണു തുടച്ചു. 
അന്യായമാവില്ല എന്നു പറയാനാവില്ല. നന്നീബാബു ചെറിയച്ഛനോടു പറഞ്ഞു:
സരസ്വതിയേയും കുട്ടികളേയും താങ്കളുടെ വീട്ടില്‍ത്തന്നെ താമസിപ്പിക്ക്. 
രവിയും പറഞ്ഞു: 
തീര്‍ച്ചയായും അങ്ങനെ ചെയ്യണം.
പക്ഷേ, പൊലീസ് വന്നില്ലെങ്കില്‍?
നന്നീബാബു കോപത്തോടെ പറഞ്ഞു:
വരില്ലേ? പൊലീസിന്റെ തന്ത വരും. എനിക്ക് അമര്‍ത്യബാബുവിനെ അറിയാം. 
സരസ്വതി അരവിന്ദനോടു പറഞ്ഞു:
ചേട്ടനെന്നു വിളിച്ചിരുന്നതല്ലേ, ചേട്ടനെ സ്വന്തം മുറ്റത്തേക്കു കൊണ്ടുപോകൂ. കുട്ടികള്‍ക്ക് അടുത്തിരിക്കാം. ഇപ്പോള്‍ നടക്കുന്നതു കാണുമ്പോള്‍ ഇനി വീടും ബാക്കി ഉണ്ടാകുമോ?
ബ്രജ ഖുട്ടിയ സ്വന്തം വീടിന്റെ മുറ്റത്ത് ഉറങ്ങിക്കിടക്കുന്നു. അങ്ങനെ ഏറെ മണിക്കൂറുകളായി കിടക്കുന്നു. മുകുലും ബകുലും പാരുലും നിശ്ശബ്ദരായി ഇരിക്കുന്നു. സംസാരിക്കാനറിയാത്തവരെപ്പോലെ നേരം ഇരുട്ടിയതും ചെറിയച്ഛന്റെ മകളുടെ ഭര്‍ത്താവ് പെട്രോമാക്‌സ് കത്തിച്ചുകൊണ്ടുവന്നു. എല്ലാവരും തെളിവുനല്‍കി. ഇത് ബ്രജ് തന്നെയാണ്. പെട്രോമാക്‌സ് കൊണ്ടുവന്നവന്റെ പേര് ദിലീപ്. വളരെ സ്വകാര്യമായി ഭാര്യയുടെ അച്ഛനോടു ചെവിയില്‍ പറഞ്ഞു:
ബോഡി ഇപ്പോള്‍ വിട്ടുതരില്ല. ആദ്യം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകും. അവിടെ തെളിവെടുക്കും. എന്നിട്ട് വെട്ടിമുറിക്കലും മറ്റും കഴിയണം. 
എന്ത്, ഇനിയും തെളിവു വേണോ? ഞാന്‍, യദുപതി ഖാട്ടുയ പറയുന്നു, ഇവനെന്റെ സഹോദരപുത്രനാണ് എന്ന്!
കാലം എന്താണെന്നു നോക്കണം. ഇന്നു രാവിലെ നകുല്‍ സാമന്തിന്റെ വീട് കത്തി. നകുല്‍ബാബുവിനെ കൊന്നു. പൊലീസുകാരെല്ലാം അവിടെ. 
ഞാന്‍ പറയുന്നു, എന്റെ മരുമകന്‍ എന്ന്, അതുകൊണ്ടാവില്ലെന്നോ?
ഇല്ല. സമയം മഹാമോശം. ചേടത്തിയമ്മയേയും കുട്ടികളേയും ഇന്നു താങ്കളുടെ വീട്ടിലേക്കു കൊണ്ടുപോകയാണ് നല്ലത്. 
പറഞ്ഞില്ലേ! മരുമകള്‍ കേള്‍ക്കുമോ?
എന്തുകൊണ്ട് കേള്‍ക്കില്ല. എവിടേക്കു പോകും? നകുല്‍ മരിച്ചിരിക്കയാണ്, അവരെല്ലാവരും ഭ്രാന്തു പിടിച്ച് ഓടിനടക്കുകയാണ്. നകുലിന്റെ അടുത്ത കൂട്ടര്‍ ആരാണെന്നറിയില്ലേ. ബേജോ പണിയെടുത്തിരുന്നതു താങ്കളുടെ നിലത്തില്‍, അതല്ലേ കൊന്നുകളഞ്ഞത്? എന്നിട്ടിനി വീട്ടുകാരെയും വീടും ബാക്കിവയ്ക്കുമോ? കുട്ടികളേയും കൊണ്ട് അവര്‍ വഴിയിലാവും. 
അവസാനം പൊലീസ് വന്നു. നന്നീബാബുവിന്റെ ശ്രമം കൊണ്ടുതന്നെ. അദ്ദേഹത്തിന്റെ ഭാര്യ വന്നു. അവരുടെ വീട്ടിലെ ജീപ്പ് എത്തി. ഗ്രാമത്തിലെ വേറെയും പ്രധാനികളായ അഞ്ചു പേര്‍ വന്നു. ആ ജീപ്പില്‍ കിടത്തി ബേജോയെ ആശുപത്രിയിലേക്കു കൊണ്ടുപോയി. 
നകുല്‍ സാമന്ത് 'ഗോര്‍മേന്‍' ആണല്ലോ. അതിനാല്‍ അയാളുടെ കൊലകാരണം 'ഗോര്‍മേന്‍' കോപിച്ചു. 'ഗവണ്‍മെന്റ്' എന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കേണ്ടതല്ലേ. നകുല്‍ബാബു ഭൂമി കൈവശമാക്കും, കമ്പനി പണിയും. എന്ന ഒറ്റ വിചാരക്കാരന്‍. ഇപ്പോള്‍ അവന്റെ പേരു തന്നെയായി 'ഗോര്‍മേന്‍' പൊലീസ് സ്റ്റേഷനിലെ എല്ലാവരും ഒ.സി. അടക്കം 'ഗോര്‍മേന്‍ സര്‍വെന്‍.' അതായത് ഗവണ്‍മെന്റ് തന്നെ.
നന്നീബാബുവിന്റെ മുത്തച്ഛന്‍ ചര്‍ക്ക തിരിച്ചു നൂലെടുക്കും. 'സ്വതന്ത്ര രാഷ്ട്രത്തിന്റെ ഗൗരവഗാഥ' എന്ന പുസ്തകമെഴുതി, നന്നീബാബു 'ഗോര്‍മേന്‍' അല്ല. പക്ഷേ, അവര്‍ക്കും മുദ്രാവാക്യമുണ്ട്. ''ജീവന്‍ നല്‍കും ഭൂമി തരില്ല'' എന്ന പാര്‍ട്ടിക്കാരാണ്. അതിനാല്‍ അവരെ 'ഗോര്‍മേന്‍ വിരോധി' എന്നു വിളിച്ചു.
ബേജോയുടെ നിലമൊന്നും ഇല്ലാതാക്കാനുള്ള വ്യവസ്ഥകള്‍ ചെറിയച്ഛന്‍ തന്നെ ചെയ്തുവച്ചു. അതിലേറെ നന്നീബാബുവിന്റെ സ്‌നേഹഭാജനം. അതുകൊണ്ട് ബേജോയെ 'ഗോര്‍മേന്‍ വിരോധി' എന്നു വിളിച്ചു. 
ബേജോയുടെ നിലമൊന്നും ഇല്ലാതാക്കാനുള്ള വ്യവസ്ഥകള്‍ ചെറിയച്ഛന്‍ തന്നെ ചെയ്തുവച്ചു. അതിലേറെ നന്നീബാബുവിന്റെ സ്‌നേഹഭാജനം. അതുകൊണ്ട് ബേജോയെ 'ഗോര്‍മേന്‍ വിരോധി' എന്നു കരുതി. ഇതെല്ലാം കെട്ടിപ്പടുക്കുന്ന കാര്യങ്ങള്‍. എല്ലാം ദിലീപിന് അറിയാം. അതുകൊണ്ടാണ് ബേജോ കുടുംബത്തിനെ ഭര്‍ത്താവിന്റെ വീട്ടുകാരെ ഏല്പിക്കാന്‍ ധൃതി കാണിക്കുന്നത്. 
ആവട്ടെ, നന്നീബാബുവിന്റെ ബന്ധുവീട്ടിലെ ജീപ്പില്‍ കിടന്നു ബേജോ ആശുപത്രിയിലേക്കു പോയി. മുന്നിലും പിന്നിലും പൊലീസ്. ജില്ലാ സ്റ്റേഷനിലെ പൊലീസും ഉണ്ട്. രവിയെ അധവ അരവിന്ദിനെ കുട്ടികളെ ഏല്പിച്ച് സരസ്വതിയും ജീപ്പില്‍ കയറി.
നീയും പോകയാണോ?
ബേജോയുടെ ചെറിയച്ഛന്റെ ഈ ചോദ്യം കേട്ട് ആശ്ചര്യപ്പെട്ട്  സരസ്വതി പറഞ്ഞു: 
രവീ, നിന്റെ ചേട്ടനെ ഒറ്റയ്ക്ക് അയയ്ക്കാന്‍ ഇഷ്ടമില്ല. ഒറ്റയ്ക്കു വിടില്ല. രവി നന്നീബാബുവിന്റെ പക്ഷത്തിലാണ്. നന്നീബാബു തന്റെ മുത്തച്ഛന്റെ വിശ്വാസങ്ങളില്‍ വിശ്വസിക്കുന്നു. രവി നന്നീബാബുവിന്റെ പ്രേരണകളില്‍ വളരുന്നവന്‍. അതുമല്ല, രവി യഥാര്‍ത്ഥത്തില്‍ ബേജോയെ വളരെ അധികം സ്നേഹിച്ചിരുന്നു. 
രവി പറഞ്ഞു:  
തീര്‍ച്ചയായും ചേടത്തിയമ്മ പോകണം. 
സത്യവാന്‍-സാവിത്രി എന്നപോലെയല്ലേ ഞാന്‍ നിങ്ങളെ ബഹുമാനിക്കാറുള്ളത്. 
പുറകെ പൊലീസ് ജീപ്പും വരുന്നുണ്ട്. 

തമലുക് ആശുപത്രിയില്‍ എന്നും തിരക്കാണ്. പോരെങ്കില്‍ മാര്‍ച്ച് 14-ലെ കൂട്ടക്കൊലകള്‍ക്കുശേഷം ആശുപത്രി മീഡിയാ ആക്രമണത്തിന് ഇരയായിരിക്കയാണ്. ഇന്നുതന്നെയാണ് നകുല്‍ സാമന്തിന്റെ മൃതശരീരം കൊണ്ടുവന്നത്. അതിനുശേഷം ബഹളം കൂടി. നകുല്‍ എന്നു പറഞ്ഞാല്‍ 'ഗോര്‍മേന്‍' ആയിരുന്നു. താരതമ്യപ്പെടുത്തി നോക്കിയാല്‍ ബേജോ ഖാട്ടുയ ആരുമല്ല. പക്ഷേ, ആശ്ചര്യം എന്നു പറയട്ടേ! നകുലിന്റെ പിന്‍ഗാമികളായി കൂടെ വന്നിരുന്നവരുടെ തിരക്കില്‍നിന്ന് ഒരു സ്ത്രീ എണീറ്റു വന്ന് ബേജോയെ നോക്കിയതും അലയടിച്ചു കരയാന്‍ തുടങ്ങി, 
അയ്യോ! ഇതെന്റെ ഭര്‍ത്താവാണല്ലോ...!
സരസ്വതി ഞെട്ടിപ്പോയി, പറഞ്ഞു: 
ഇനി ഇതെന്താണ്? ഇവരെന്താണ് പറയുന്നത്, രവീ? നന്നീബാബു, എന്താണീ സ്ത്രീ പറയുന്നത്?
ആ സ്ത്രീയാണെങ്കില്‍ അലമുറയിട്ടു കരഞ്ഞുകൊണ്ട് ഇരുന്നു. കരഞ്ഞുകൊണ്ട് പറയുന്നു:
പേര് പറയാന്‍ ആവില്ല. ഭര്‍ത്താവല്ലേ. നാട്ടിലേക്ക് അദ്ദേഹം വന്നപ്പോള്‍ ഞാന്‍ അച്ഛന്റെ വീട്ടിലായിരുന്നു. അപ്പോള്‍ ഒരാള്‍ പറഞ്ഞു, തമലുക് വരെ എത്തിച്ചുതരാം. അപ്പഴല്ലേ... സരസ്വതി അദ്ഭുതപ്പെട്ടു, എന്താണിതൊക്കെ!
താങ്കള്‍ക്കു തെറ്റുപറ്റി ചേച്ചീ. 
ഉടനെ രവിയോടു സ്വകാര്യം പറഞ്ഞു:
വേണമെങ്കില്‍ ഇവരുടേയും ആരെങ്കിലും മരിച്ചു കാണണം.
രവി പറഞ്ഞു: 
ഒന്നു ക്ഷമിക്കൂ, ചേടത്തിയമ്മേ,
പക്ഷേ, ആ സ്ത്രീ നിര്‍ത്താനുള്ള ഭാവമില്ല. 
ആരോ ഡോക്ടറോട് ചെന്നു പറഞ്ഞു. ഡോക്ടര്‍ എല്ലാം കേട്ടശേഷം പറഞ്ഞു: 
തിരിച്ചറിയപ്പെടാത്ത മൃതദേഹമെല്ലാം...
നന്നീബാബു ഉടനെ പറഞ്ഞു: 
മരിച്ച ആളുടെ ചെറിയച്ഛന്‍ വന്നിട്ടുണ്ട്. ഭാര്യ വന്നിട്ടുണ്ട്. ഞാനും അവനെ ജനിച്ചപ്പോള്‍ തൊട്ട് അറിയുന്ന ആളാണ്. തിരിച്ചറിയാം, 
ഇല്ല. സാദ്ധ്യമല്ല. കൊല്‍ക്കത്തയിലേക്കു സംസാരിച്ചശേഷമല്ലാതെ...
ബേജോയുടെ ചെറിയച്ഛന്‍ പറഞ്ഞു:
ഞാന്‍, ഞാനവന്റെ ചെറിയച്ഛനാണ്. നകുല്‍ സാമന്ത് ഞങ്ങളുടെ വീട്ടില്‍ രണ്ടു തവണ വന്നു. 
ഡോക്ടര്‍ കേട്ടില്ല, പറഞ്ഞു:
അതൊക്കെ മറ്റു വല്ലയിടത്തും പോയി പറയൂ. 
എന്റെ ദൈവമേ! നന്ദീഗ്രാമ സ്റ്റേഷന്‍! അവിടെനിന്നു വരുന്ന ഓരോ കേസുകളേയ്!
സരസ്വതി ഇത്രയും നേരം ഒന്നും പറയാതെ എല്ലാം കേട്ടു. പെട്ടെന്നു പറഞ്ഞു:
ഡോക്ടര്‍  ബാബു, നിങ്ങള്‍ ഒരു മനുഷ്യനല്ലേ. എന്റെ ഭര്‍ത്താവിനെ കൊന്നത് നകുല്‍ സാമന്തിന്റെ കൂട്ടരാണ്. മരിച്ച ആള്‍ക്കു കര്‍മ്മങ്ങള്‍ ചെയ്യണ്ടേ? സദ്ഗതിക്കു വേണ്ടതു ചെയ്യണ്ടേ? അവിടെ ആരോ വന്നു പറയുന്നു, അവരുടെ ഭര്‍ത്താവാണെന്ന്. അങ്ങനെ വെറുതെ ആരെങ്കിലും പറയില്ല, അവരും നകുല്‍ സാമന്തിന്റെ ആളാണ്. നകുല്‍ സാമന്ത് 'ഗോര്‍മേന്‍', അങ്ങനെയല്ലേ...?
ഡോക്ടര്‍ ആശ്ചര്യത്തോടെ നോക്കിനിന്നു, പറഞ്ഞു: 
കൊല്‍ക്കത്തയ്ക്കു സംസാരിക്കട്ടെ. അവിടെനിന്നു പറയുന്നപോലെ ചെയേ്തക്കാം. 
സരസ്വതി സ്വയം പറഞ്ഞു, ഇന്നു പാവം ചോറുണ്ടിട്ടില്ല. ഞാന്‍...? ഉറക്കെ പറഞ്ഞു: 
മുകുലിന്റെ അച്ഛാ, കേള്‍ക്കുന്നുണ്ടോ? ആ പെണ്ണ് പറയുന്നു നിങ്ങളുടെ ഭാര്യയാണെന്ന്. ഈ ഡോക്ടര്‍ പറയുന്നു, കൊല്‍ക്കത്തയില്‍നിന്ന് 'ഗോര്‍മേന്‍' പറഞ്ഞില്ലെങ്കില്‍ നിങ്ങളുടെ ശേഷക്രിയ ചെയ്യാനാവില്ല എന്ന്! ഞാന്‍ എന്തുചെയ്യും? നിങ്ങളുടെ കര്‍മ്മങ്ങള്‍ കഴിഞ്ഞാലല്ലാതെ...! അയ്യോ! രവീ നോക്കൂ രവി, കഴുത്തില്‍ അരിവാളുകൊണ്ട് വെട്ടിയിരിക്കുന്നു. 
സരസ്വതി വായ തുറന്നു മുകളിലേക്കു നോക്കി ഓളിയിടും പോലെ ഉറക്കെ കരഞ്ഞു. 
വന്നു, കൊല്‍ക്കത്തയില്‍നിന്നു വിവരം വന്നു. ഇനി ബേജോയെ ചാമാരിയാദിലെ ഐസുമുറിയില്‍ വെക്കും. പിന്നീട് കൊല്‍ക്കത്തയിലെ പൊലീസ് മോര്‍ഗില്‍ കൊണ്ടുപോയിവെക്കും. 
മോര്‍ഗില്‍? എന്തിന്?
രവി പറഞ്ഞു: 
മുറിക്കലും പരിശോധനയും കഴിയാതെ തെളിവ് ആവില്ല. ആ ദേഹം നമ്മുടെ ബേജോ ചേട്ടന്റേതാണെന്നു തെളിയണ്ടേ!
നന്നീബാബു പറഞ്ഞു:
വാ. എന്റെ കൂടെ വാ, ഇന്നത്തെ രാത്രി എന്റെ ബന്ധുവീട്ടില്‍, മുഹുരിയുടെ വീട്ടില്‍ താമസിക്കാം. അവിടെ ഞാന്‍ ഇതിനു മുന്‍പും താമസിച്ചിട്ടുണ്ട്. നകുല്‍ സാമന്തിനു വേണ്ടി വന്നവരെ അവിടെയെങ്ങും കണ്ടില്ല. 
എവിടെ പോയി, രവീ?
രവി സരസ്വതിയുടെ ചോദ്യത്തിനുത്തരം പറഞ്ഞു:
അവര് 'ഗോര്‍മേന്‍' അല്ലേ? അവര്‍ക്ക് എന്തുമാവാം. എന്തും സാധിക്കും. 
ആ പെണ്ണും?
നോക്കു ചേട്ടത്തിയമ്മേ, അവള്‍ ഒരു പെണ്ണല്ല, 'ഗോര്‍മേന്‍' ആണ്!
നന്നീബാബു അവരെ കൂട്ടി മുഹുരിയുടെ വീട്ടിലേക്കു ചെന്നു. മുഹുരി ആള്‍ നല്ലവനാണ്. കണ്ടതും പറഞ്ഞു:
എന്റെ വീട്ടില്‍ താങ്കള്‍ താമസിച്ചിട്ടുണ്ടല്ലോ. 
നല്ല വീട്, നല്ല മുറികള്‍. കട്ടിലുണ്ട്, പുല്‍പ്പായയുണ്ട്. പക്ഷേ, ഇവരാരാ?
ബേജോയുടെ ചെറിയച്ഛന്‍ പറഞ്ഞു: 
എന്റെ മരുമകള് തന്നെ. 
എന്നാലവര്‍ അകത്തു കിടക്കട്ടെ. ഇവരുടെ ഭര്‍ത്താവല്ലേ...?
അതെ... അതെ. 
പക്ഷേ, ഭക്ഷണം വല്ലതും.
നന്നീബാബു പറഞ്ഞു: 
കടയില്‍നിന്ന് ഡ്രൈവര്‍ വാങ്ങിക്കൊണ്ടുവരും. മരുമകളേ, അകത്തേക്ക് ചെല്ല്. കൈയും കാലും മുഖവും കഴുകിവാ...
അങ്ങനെ രാത്രി കഴിഞ്ഞു. 
തമലുക് പൊലീസ് സ്റ്റേഷനില്‍ നന്നീബാബുവിനോടു പറഞ്ഞു:
ഇപ്പോള്‍ ലോക്കല്‍ തണുപ്പുമുറിയില്‍ത്തന്നെയാവും ദേഹം വെക്കുക എന്നു തോന്നുന്നു. പിന്നീട് കൊല്‍ക്കത്തയില്‍നിന്നു പറയുംപോലെ.
ഗ്രാമത്തിലെ കാര്യമല്ലേ? ശേഷക്രിയയും മറ്റും കഴിഞ്ഞില്ലെങ്കില്‍...
അറിയാം. എന്റെ വീടും വീര്‍ഭൂമിയിലെ ഒരു ഗ്രാമത്തിലാണ്. എന്തു ചെയ്യാനാണ്? ആ സ്ത്രീക്കു കൂടുതല്‍ എന്തെങ്കിലും വിവരം തരാനാകുമോ?
ശരി. ഞാന്‍ മരുമകളെ വിളിക്കാം. 
സരസ്വതിയെ വിളിച്ചു. നന്നീബാബു ചോദിച്ചു:
മരുമകളേ, ബേജോയുടെ ശരീരത്തില്‍ എന്തെങ്കിലും അടയാളം. ജനിച്ചപ്പോള്‍ മുതല്‍ ഉള്ളതായ പാടോ വടുവോ വല്ലതുമുണ്ടോ? 
പാടും വടുവുമല്ല. കാക്കപ്പുള്ളി മൂന്നെണ്ണമുണ്ട്. പിന്നെ...
പിന്നെ എന്താ?
വലത്തെ തുടയിന്മേല്‍ ആ നല്ല...
സൈക്കിളിന്മേല്‍നിന്നു വീണിട്ടു മുറിഞ്ഞ...?
താങ്കള്‍ക്കെല്ലാം അറിയാമല്ലോ.
നന്നീബാബു ഒ.സിയോടു പറഞ്ഞു, ചോദിച്ചു: 
ഇന്നലെ ആരാ വന്നത്? ആക്ടിങ്ങ് ചെയ്തുപോയല്ലോ? 
എന്താ എഴുതിയത് അതൊക്കെ നിങ്ങള്‍ക്കറിയേണ്ട കാര്യം. ഇവള്‍ ബേജോയുടെ ഭാര്യയാണ്. ബേജോയുടെ മൂന്നു മക്കളുടെ അമ്മ. ഇദ്ദേഹം ചെറിയച്ഛന്‍. ഞാന്‍ ബേജോയുടെ ചോറൂണിന്റെ സദ്യയും പ്രസാദവും കഴിച്ച ആളാണ്. ഇവന്‍ രവി. സ്വന്തം സഹോദരനെന്നുതന്നെ പറയാം. എന്താ ഇത്രയും തെളിവുകളൊന്നും പോരേ?
ഞാന്‍... ഞാന്‍ വെറും നിയമത്തിന്റെ ഭൃത്യന്‍!
അവന്റെ അന്ത്യക്രിയകള്‍ ചെയ്തില്ലെങ്കില്‍ ഭാര്യയ്ക്കു ശംഖുവള ഉടക്കാനോ സിന്ദൂരം മായ്ക്കാനോ ആവില്ല, അറിയില്ലേ?
ഒ.സി. ഒന്നും പറഞ്ഞില്ല. 
നന്നീബാബു ബേജോയുടെ ചെറിയച്ഛനോടു പറഞ്ഞു:
ആ ഭാഗക്കാരുടെ നകുല്‍ പോയി. ഇവിടെ ബേജോയും പോയി. ഇവര്‍ ബേജോയെ തണുത്ത മുറിയില്‍ വെക്കുകയാണെങ്കില്‍ അങ്ങനെയാവട്ടെ. 
സരസ്വതി പറഞ്ഞു:
മുകുലിന്റെ അച്ഛാ...?
കൊല്‍ക്കത്ത എന്നൊക്കെ പറഞ്ഞതു കേട്ടില്ലേ? നന്നീബാബു ജീവന്‍ നല്‍കും നിലം തരില്ല. പാര്‍ട്ടിയിലെ അമര്‍ത്ത ബാബുവിനു ഫോണ്‍ ചെയ്തു.
സരസ്വതി നിലത്തിരുന്നു. ചുമരിന്മേല്‍ തല ചാച്ച് കണ്ണുകളടച്ചു പറഞ്ഞു:
രവീ, ഓ രവീ, ഈ അമര്‍ത്ത ബാബു എവിടെയാണ്, കൊല്‍ക്കത്തയിലോ അതോ... എന്നാലും ഒന്നു നോക്ക്. പറഞ്ഞു കാര്യം നടക്കണം. 
എല്ലായിടത്തും മൊബൈല്‍ ഉണ്ടല്ലോ...
അതെ, നിന്റെ ചേട്ടന് ഒന്നു വാങ്ങിക്കണമെന്നുണ്ടായിരുന്നു... സരസ്വതി കണ്ണടച്ചുതന്നെ ഇരുന്നു. രവി ചോദിച്ചു. 
ചായ കുടിക്കണോ ചേടത്തിയമ്മേ?
ജലം പോലും തൊടില്ല. നിന്റെ ചേട്ടന്റെ...
അവര്‍ അങ്ങനെ ഇരിക്കുകതന്നെ. ഏതാണ്ട് മൂന്നു മണിക്കൂറിനുശേഷം ആരോ അറിയിച്ചു, ബ്രജ ഖാട്ടുയയെ കൊല്‍ക്കത്തയ്ക്ക് അയക്കണം. അതിനായി ഒ.സി. ആംബുലന്‍സ് വാടകയ്ക്കെടുത്തിരിക്കുന്നു. 
സരസ്വതി ചോദിച്ചു: 
ഞാന്‍ പോകുകയില്ലേ കൂടെ? തനിച്ചയക്കയോ? ചെറിയച്ഛന്‍ ആശ്വസിപ്പിച്ചു പറഞ്ഞു:
നീ തിരിച്ചു പോ, മോളേ... നിന്റെ മക്കളെ കുറിച്ചോര്‍ക്ക്.
എന്റെ സീമന്തരേഖയില്‍ ഇപ്പോഴും സിന്ദൂരമുണ്ടല്ലോ! ഭര്‍ത്താവ് മരിച്ചാല്‍ വിധവയായില്ലേ. മകനു കടവില്‍ച്ചെന്നു കര്‍മ്മം ചെയ്യണ്ടേ? ഞാനെന്തു ചെയ്യും. നിങ്ങളെല്ലാവരും പറയൂ, ഞാനെന്തു ചെയ്യണം? മുകുലിന്റെ അച്ഛന്‍ ഒരിക്കലും ഈ നകുല്‍ സാമന്തിനെപ്പറ്റി പറഞ്ഞിട്ടില്ലല്ലോ...!
നന്നീബാബു പറഞ്ഞു: 
നോക്കൂ, നമ്മുടെ ഗ്രാമത്തില്‍ എല്ലാവരും ബേജോയുടെ കാര്യം തന്നെ പറയുന്നു. 
ഞാന്‍ ഏതു പക്ഷത്താണ്, നിനക്കറിയില്ലേ.
നകുല്‍ എന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ഇവന്‍ അയാളെ കൊല്ലുക ഉണ്ടായിട്ടില്ല. എനിക്കാണ് കരുതിയിരിക്കേണ്ടത്. ബേജോയുടെ ചെറിയച്ഛന്‍ പറഞ്ഞു:
അതു പറയാനുണ്ടോ? 
അതല്ല യദു, ഞാന്‍ എല്ലാം എടുത്തു പറയുകയല്ല. വെറുതെ നിര്‍ദ്ദോഷിയായ ബേജോയെ കൊന്നില്ലേ! നിങ്ങളുടെ മകനും മകളുടെ ഭര്‍ത്താവും ഒക്കെ നകുലിന്റെ അനുയായികളാണ്. ഞാന്‍ മിനിയാന്ന് ബേജോയുടെ വീട്ടില്‍ പോയിരുന്നു. ബേജോയെപ്പോലെ ഒരുവന്‍ ഈ നന്ദീഗ്രാമത്തില്‍ ഇല്ല. എന്തുകൊണ്ട് പറയുന്നു എന്നു തീര്‍ച്ചയായും അറിയാമല്ലോ.
ബേജോയുടെ ചെറിയച്ഛന്‍ ഒന്നും പറഞ്ഞില്ല. 
അവന്‍ നിങ്ങളുടെ നിത്യകൂലിക്കാരനായിരുന്നു!
ഇനിയും പറയല്ലേ ചേട്ടാ! അവന്‍ എന്റെ ചിതയ്ക്കു തീവെയ്ക്കുമെന്നു ഞാന്‍ വിചാരിച്ചതല്ലേ!
ഇനിയല്ലേ തീ... അവന്‍ മരിച്ചു എന്നതു ശരിതന്നെ. ബേജോയുടെ ഭാര്യ എന്നു പറഞ്ഞു വന്ന പെണ്ണ് ആരാണ്...?
 രവി ഉറക്കെ പറഞ്ഞു: 
എല്ലാവര്‍ക്കും അറിയാം. താങ്കള്‍ക്കും പരിചയമുണ്ട്. നകുല്‍ബാബുവിന്റെ കൂട്ടുകാരന്‍ തപേശിന്റെ ഭാര്യയാണ്. അവള്‍ പറഞ്ഞത് പൊലീസ് ആപ്പീസ്സര്‍ എഴുതി. കൊല്‍ക്കത്തയിലേക്കു സംസാരിച്ചിട്ടൊന്നുമില്ല. നകുല്‍ബാബുവിന്റെ ആത്മാര്‍ത്ഥ സ്നേഹിതനായ ആനന്ദമോഹനനോടു സംസാരിച്ചു. എന്തിന് എല്ലാ ശിക്ഷയും ബേജോ ചേട്ടനും ചേടത്തിയമ്മയും സഹിക്കണം? ഗ്രാമത്തിലെ തലവര്‍ നിങ്ങളാണ്, നിങ്ങള്‍ ഇല്ലേ? എന്തുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല? ബേജോ ചേട്ടന്റെ ശവദാഹം ചെയ്യിക്കാന്‍ കഴിയാത്തതെന്താ? ചേടത്തിയമ്മയുടെ ശംഖുവളയും സിന്ദൂരവും നീക്കാനാവാത്തതെന്താ?
രവിയുടെ തൊണ്ട ഇടറി. കരച്ചില്‍ വന്നു. 
രണ്ടു ദിവസം കഴിഞ്ഞിട്ടില്ല, അവള്‍ ആ ദുഷ്ട പറയുന്നു, അവളാണത്രേ ഭാര്യ. എന്റെ ചേടത്തിയമ്മ....! നിങ്ങള്‍ മാന്യന്മാരുടെ കാര്യങ്ങള്‍ ശരിക്കു മനസ്സിലാക്കാന്‍ കഴിയുന്നില്ല. താങ്കള്‍ രണ്ടുപേരും നെഞ്ചത്തു കൈവെച്ച് ഒന്നു പറയാമോ, നിങ്ങളുടെ പെണ്‍മക്കള്‍ക്ക് ഈ സ്ഥിതി വന്നതെന്തുകൊണ്ട് എന്ന്? 
രവി പൊട്ടിക്കരഞ്ഞു. സരസ്വതി മുന്നോട്ടു വന്നു, കരയല്ലേ രവി. ഭഗവാന്‍ എന്നെ ആമയാക്കി മാറ്റിയാലും സഹിക്കുകതന്നെ. ആ കൂജയില്‍നിന്നു കുറച്ചു വെള്ളം തരൂ. 
കുപ്പിയിലെ വെള്ളം കുടിക്കണോ?
വേണ്ട രവി. മണ്‍കൂജയിലെ വെള്ളം മതി. രവി നന്നീബാബുവിനോട് പറഞ്ഞു:
കൊല്‍ക്കത്തയ്ക്ക് അയക്കുന്നത് 'ഗോര്‍മേന്‍' അല്ലേ? അപ്പോള്‍ നമ്മള്‍? നമ്മള്‍ക്കു ഗ്രാമത്തിലേക്കു തിരിച്ചുപോകാം അല്ലേ? കുട്ടികളുടെ കാര്യം എന്തായാവോ? ആര്‍ക്കറിയാം! നന്നീബാബു പറഞ്ഞു:
നിങ്ങള്‍ തിരികെ പോകൂ. മരുമകളേ, പോകൂ. ഞാന്‍ നോക്കട്ടെ, അമേര്‍ത്തോ വന്നിട്ടുണ്ടോ ഇല്ലയോ എന്നറിയട്ടേ. ബേജോയെ ആംബുലന്‍സില്‍തന്നെ കൊണ്ടുപോകണം. ഞാന്‍ കൂടെ പോകും. നില്‍ക്ക്, ഫോണ്‍ വന്നിട്ടുണ്ട്. നന്നീബാബു വരാന്തയിലേക്കു പോയി. പൊലീസ് സ്റ്റേഷന്റെ മുറ്റത്തേക്കിറങ്ങി. കോംപൗണ്ടില്‍ ചുറ്റിനടന്നു വന്നു. മുഖം വിളര്‍ത്തിരിക്കുന്നു. എന്തോ ആപത്തുള്ളപോലെ പരിഭ്രമിച്ച ദൃഷ്ടി, പറഞ്ഞു:
അവര്‍ ബേജോയുടെ വീട് കത്തിച്ചു. കുട്ടികള്‍ യദുവിന്റെ വീട്ടിലാണ്. ബകുല്‍ ഭയം കാരണം ബോധം കെട്ടു. 
ബേജോയുടെ ചെറിയച്ഛന്‍ വിഷമിച്ചു പറഞ്ഞു:
നന്നീ...!
നന്നീബാബു നിമിഷത്തിനകം മറ്റൊരാളായി, വയസ്സ് ഇരുപതുകൊല്ലം കീഴ്പോട്ട് പോയപോലെ പറയാന്‍ തുടങ്ങി.
മരുമകളേ നല്ല ധൈര്യത്തോടെ ഇരിക്ക്. യദു, രവി, നിങ്ങള്‍ അവരെ കൊണ്ടുപോകൂ വേഗം. രവി, ഗജേന്‍, മദന്‍, വടിപയറ്റുകാരന്‍ പാനു എന്നിവരെ വിളിച്ചുകൊണ്ടുപോ. യദു, മരുമകളുടേയും കുട്ടികളുടേയും ഭാരം വേണ്ടതുപോലെ നോക്കണം. നിങ്ങള്‍ പോകൂ.
താങ്കള്‍?
പോ... കാന്‍!
നന്നീബാബുവിന്റെ വാക്കുകള്‍ അലര്‍ച്ചയായിരുന്നു. ഒ.സി. ഓടിവന്നു. നന്നീബാബു ഉടനെ പറഞ്ഞു: 
ദേ, കണ്ടില്ലേ, നീയും നിന്റെ പൊലീസും എന്താ ചെയ്തത്? ബേജോ ഖാട്ടുയയുടെ വീട് കത്തിച്ചില്ലേ? ആരാണ് തീവെച്ചത്? വേണ്ട, വേണ്ട, അതു വേറെ സ്റ്റേഷനാണെന്നൊന്നും പറയാന്‍ തുടങ്ങണ്ട. ഞാന്‍ നിങ്ങളുടെ എസ്.പിയെ വിവരമറിയിക്കുന്നുണ്ട്. തമ്ലുക് സ്റ്റേഷന്‍! തമ്ലുക് ആസ്പത്രി! കഷ്ടം! കഷ്ടം! 
സരസ്വതി പറഞ്ഞു:
ഞാന്‍ പോകയാണ്. ഒരു കാര്യം ചെയ്യാമോ, മുകുലിനെ ആയാലും ബകുലിനോടായാലും ഞാന്‍ വരുന്നുണ്ടെന്നു വിവരമറിയിക്കാമോ? അമ്മ വരുന്നുണ്ട് എന്നു പറയൂ. ഈ നകുല്‍ എവിടത്തെ മന്ത്രിയാണ്! അയാളെ കൊല്ലാന്‍ ഒന്നല്ല, പത്തിരുപതു പേര്‍ ഒരുക്കമാണ്. അത് 'ഗോര്‍മേന്‍' നിര്‍ത്തിയില്ലേ! പോകാം, പോകാം ചെറിയച്ഛാ.
പുറത്തേക്കിറങ്ങുമ്പോള്‍ സരസ്വതി സ്വയം പറഞ്ഞുകൊണ്ടിരുന്നു, കിണറ് കെട്ടിച്ചു, മുന്നിലൊരു അടുക്കള പണിതു. എന്റെ പാദസ്വരം രണ്ടും വിറ്റ് അതൊക്കെ ചെയ്യിച്ചിട്ട് കൊല്ലം തികഞ്ഞില്ല. അപ്പോഴേയ്ക്കും... 
രവി പറഞ്ഞു:
അധികം വിഷമിക്കാതിരിക്കു ചേട്ടത്തിയമ്മേ. ചേട്ടത്തിയമ്മയ്ക്കു വല്ലതും വന്നാല്‍...!
സരസ്വതി തല ആട്ടി പറഞ്ഞു:
എനിക്ക് ഒന്നും വരില്ല. എന്റെ വിധി ഇരുമ്പുകൊണ്ടുണ്ടാക്കിയതാണ്. 
നന്നീബാബു മുഖം തിരിച്ചു. രവി പറഞ്ഞു:
ബേജോ ചേട്ടന്റെ കാര്യമല്ലേ, ആറേഴു പേര്‍ കാവല്‍ നില്‍ക്കുന്നുണ്ട്. വരൂ, പോകാം. ആ നേരത്ത് ബേജോയുടെ ചെറിയച്ഛന്‍ പറഞ്ഞു:
എനിക്കു തോന്നുന്നത്, വെട്ടിമുറിക്കലും പരിശോധിക്കലും കഴിയാതെ അവന്റെ കര്‍മ്മങ്ങള്‍ ചെയ്യാനാവില്ല.
നന്നീബാബു പറഞ്ഞു, 
ഏറ്റവും ആദ്യം വേണ്ടതു തിരിച്ചറിയലാണ്. ആ ദേഹം ബേജോയുടേതാണ് എന്നു തെളിഞ്ഞാലല്ലാതെ ശവദാഹം ചെയ്യുകയില്ല. യദു ഓര്‍ക്കുന്നുണ്ടോ, അനുകൂലിന്റെ കാര്യം ഓര്‍മ്മയില്ലേ? അനുകൂലിനെ അനുകൂലാണ് എന്നു പറയാനനുവദിച്ചില്ല ഈ നകുല്‍. പന്ത്രണ്ടു ദിവസം കഴിഞ്ഞിട്ടാണ് ശവദാഹം ചെയ്തത്. പക്ഷേ, അവനു ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല. പോകാം പോകാം മരുമകളേ. ഇനി നിനക്കുതന്നെയാണ് ശക്തി വേണ്ടത്. 
താങ്കള്‍? 
നന്നീബാബു പൊട്ടിക്കരഞ്ഞു, പറഞ്ഞു:
എനിക്കവനെ ഒറ്റക്കാക്കാന്‍ കഴിയുമോ? ഞാനും കൊല്‍ക്കത്തയ്ക്കു പോകും. രവീ, വിവരം എന്റെ വീട്ടില്‍ അറിയിച്ചേക്ക്. 
സരസ്വതി ചോദിച്ചു:
ഞാനും വരട്ടേ?
വന്നോ മരുമകളേ, ഈ 'ഗോര്‍മേന്‍' കണ്ടില്ലേ, എന്താണീ ചെയ്തത്?

5
അതെ, ബേജോയുടെ വീട് കത്തിച്ചുകളഞ്ഞു. വീട്ടിലെ പശുവിനേയും കുട്ടിയേയും രവിയുടെ അച്ഛന്‍ അവരുടെ വീട്ടിലേക്കു കൊണ്ടുപോയി. മുകുലും ബകുലും പാരുലും ബേജോയുടെ ചെറിയച്ഛന്റെ വീട്ടിലായിരുന്നു. 
സരസ്വതി കടന്നുവന്നപ്പോള്‍ കുട്ടികള്‍ അതിശയിച്ചു. അമ്മയുടെ നെറ്റിയില്‍ സിന്ദൂരം, ഉടുത്തിരിക്കുന്നതു വീട്ടില്‍ ധരിക്കുന്ന കരകളുള്ള സാരി!
പാരുല്‍ ചോദിച്ചു:
അമ്മേ, അച്ഛനോ? അച്ഛനെ കൊണ്ടുവന്നില്ലേ? ബേജോയുടെ ചെറിയച്ഛന്‍ പറഞ്ഞു:
ആദ്യം ഒന്ന് ഇരിക്കട്ടെ!
ചുറ്റുമുള്ള അയല്‍പക്കക്കാരും ഗ്രാമത്തിലെ പലരും ഒന്നിച്ചുകൂടി. അവരോടായി പറഞ്ഞു:
ബേജോയെ കൊല്‍ക്കത്തയ്ക്കു കൊണ്ടുപോകും. അവിടെ വെട്ടിമുറിച്ചു പരിശോധിച്ച് അത് ബേജോ തന്നെയാണെന്നു തെളിവാക്കണം. 
ആദ്യം തെളിവ് പിന്നെ ശേഷക്രിയ.
സരസ്വതിയുടെ ചെറിയമ്മായിയുടെ ചേച്ചി ഈ ഗ്രാമത്തില്‍ത്തന്നെയാണ് താമസം. അവര്‍ക്കു കൃഷി സ്ഥലം വളരെയേറെയുണ്ട്. നകുല്‍ സാമന്തിന്റെ വീട്ടിന്നരികില്‍ത്തന്നെയാണ് അവരുടെ രണ്ടുനില വീട്. രണ്ട് പെണ്‍മക്കളുടേയും വിവാഹം കഴിഞ്ഞു. മൂത്തവള്‍ ജനിച്ചപ്പോഴേ ഊമയാണ്. തൊഴുത്തുകളെല്ലാം മേല്‍നോട്ടം ചെയ്യുന്നു. അവളുടെ പാചകത്തിന്റെ കൈപ്പുണ്യം വളരെ കേള്‍വികേട്ടതാണ്. അവരുടെ വീട്ടില്‍ ദുര്‍ഗ്ഗാപ്പൂജ പതിവായിട്ടുണ്ട്. മൂന്ന് ആണ്‍മക്കളും ഗവണ്‍മെന്റ് ജോലി ചെയ്യുന്നു. കീര്‍ത്തി അപാരമാണ്. 
ഇവരാണ് പറഞ്ഞത് കൊല്‍ക്കത്തയിലേക്കു കൊണ്ടുപോയി മുറിച്ചു പരിശോധന കഴിഞ്ഞശേഷം മാത്രം ശേഷക്രിയ എന്ന്. 
അതുവരെ മരുമകള്‍ക്ക് സധവയായിത്തന്നെ ജീവിക്കണമല്ലോ. ചെറിയമ്മായി ചോദിച്ചു:
മക്കളുടെ കാര്യം?
നന്നീബാബുവിന്റെ ഭാര്യ പറഞ്ഞു:
അവര്‍ പതിവുപോലെ കഴിയട്ടേ, ബേജോയുടെ ശേഷക്രിയ ചെയ്യാതെ...
ചെറിയമ്മായി നല്ലപോലെ എല്ലാം ചെയ്യും. അവരുടെ തലയില്‍ത്തന്നെ എല്ലാ ഭാരവും വെച്ചുകൊടുത്തു. എന്നാലും സരസ്വതിയോടു പറഞ്ഞു:
ആസ്പത്രി ശുദ്ധമല്ലേ, വേഗമൊന്നു കുളിക്ക്, മരുമകളേ... എന്നിട്ട് വെള്ളം കുടിക്ക്, 
തുണിയൊന്നും ഇല്ലല്ലോ. എല്ലാം വീട്ടില്‍... നന്നീബാബുവിന്റെ ഭാര്യ പറഞ്ഞു: 
എല്ലാം അറിയാം മോളേ, ഗജേന്‍, പാനു, മദന്‍ എന്നിവരല്ലേ ആദ്യം കണ്ടത്. തലയില്‍ നനഞ്ഞ കുളിമുണ്ട് ചുറ്റിക്കെട്ടി ചാടിക്കയറി ഏതാനും പെട്ടികളെല്ലാം എടുത്തു  രക്ഷപ്പെടുത്തിയിട്ടുണ്ട്.
ചെറിയമ്മായി പറഞ്ഞു:
തെക്കേവശത്തെ മുറിയിലേക്കു നീ ചെല്ല്. ആ മുറിയില്‍ താമസിക്കാം. അയ്യയ്യോ! ബേജോയുടെ ശവദാഹവും ക്രിയയും കഴിയാതെ... ബേജോയുടെ ചെറിയച്ഛന്‍ പറഞ്ഞു:
ബേജോയുടെ കര്‍മ്മങ്ങള്‍ കഴിയുംവരെ നമ്മള്‍ക്കെല്ലാവര്‍ക്കും പുലയാണ് കേട്ടോ, മനസ്സിലാക്കിവെക്ക്. 
നന്നീബാബുവിന്റെ ഭാര്യ പറഞ്ഞു: 
അവരെ കൊണ്ടുവരാം. ഇന്നലെ  മുതല്‍ക്ക് അവിടെയാണ്.
മക്കള്‍ എപ്പോഴും സരസ്വതിയുടെ കൂടെ ജീവിച്ചവരാണ്. യദു പറഞ്ഞു:
അവര്‍ക്ക് അമ്മയെ കിട്ടിയല്ലോ!
സരസ്വതിക്കു മനസ്സിലായി. നന്നീബാബുവിന്റെ വീട്ടിലും അവര്‍ക്കുവേണ്ടി ഭക്ഷണം തയ്യാറാക്കിയിട്ടുണ്ട്. അത് വെറുതേ കളയേണ്ടിവന്നാല്‍ നന്നീബാബുവിന്റെ ഭാര്യക്ക് ഇഷ്ടമാവില്ല. 
അവര്‍ ഈ വീട്ടില്‍ താമസിച്ചാല്‍ ചെറിയമ്മായിക്കു സന്തോഷമാവില്ല. പക്ഷേ, എല്ലാം വെച്ചുണ്ടാക്കണമല്ലോ. അതിനാല്‍ സരസ്വതി പറഞ്ഞു:
വേണ്ട. അവര്‍ അവിടെത്തന്നെ താമസിക്കട്ടെ. മുകുല്‍, നിങ്ങള്‍ അങ്ങോട്ടു പോ. ഞാനിവിടെ താമസിച്ചോളാം. പാരുല്‍ എല്ലാവരിലും താഴെയുള്ളവള്‍. പറഞ്ഞു: 
ടോട്ട എത്ര കുറുമ്പാനാണെന്നോ പറയാണ്, സരസ്വതിപ്പൂജ വീട്ടില്‍ കഴിച്ചില്ലേ, അതിന്റെ ശിക്ഷയാണത്രേ. ദേവിതന്നെ എല്ലാം കത്തിച്ചുകളഞ്ഞുവത്രെ!
സരസ്വതി പറഞ്ഞു:
പറയട്ടേ. മുത്തശ്ശിയുടെ കൂടെ താമസിക്കുമ്പോള്‍ അവിടെ പറയുന്നതെല്ലാം കേള്‍ക്കേണ്ടിവരും.
ഞാന്‍ അമ്മയുടെ കൂടെ നില്‍ക്കും. 
നന്നീബാബുവിന്റെ ഭാര്യ പറഞ്ഞു:
അല്ലാ, അതെങ്ങനെ, നിനക്കുവേണ്ടി കൊച്ചുമൈന പക്ഷിയെ ബുഡുന്‍ പിടിച്ചുവെച്ചിട്ടുണ്ടല്ലോ. കൂടും കൊണ്ടുവന്നിട്ടുണ്ട്. 
മക്കള്‍ പോയി. അവരെല്ലാം പോയി. 
സരസ്വതി പറഞ്ഞു:
രവീ, വീട്ടിലേക്ക് പോ. ഭക്ഷണം വല്ലതും ഉണ്ടാക്കി കഴിക്ക്.
ചേട്ടത്തിയമ്മയോ!
ഞാന്‍ ഇവിടെ താമസിക്കാം. നന്നീബാബു കൊല്‍ക്കത്തയ്ക്കു പോകും. എനിക്കും പോകേണ്ടിവരും എന്ന് 'ഗോര്‍മേന്‍' പറയുന്നു. 
ബേജോയുടെ വാര്‍ത്ത എല്ലായിടത്തും അറിഞ്ഞുകഴിഞ്ഞു. എല്ലാവര്‍ക്കുമറിയാം.
അതെങ്ങനേ?
പത്രത്തില്‍ വന്നിട്ടുണ്ടാവും. ഇനിയും വാര്‍ത്തകള്‍ വരും. നന്നീബാബു മൊബൈല്‍ ചെവിയോടു ചേര്‍ത്തുപിടിച്ചുകൊണ്ടുതന്നെ ഏതു നേരവും. കൊല്‍ക്കത്തയിലേക്ക് സംസാരിച്ചുകൊണ്ടേ ഇരിക്കുന്നു. 
സരസ്വതി ദുഃഖിച്ചു, സ്വയം പറഞ്ഞു, നല്ല മോഹമുണ്ടായിരുന്നു അവര്‍ക്ക് ഒന്നു മേടിക്കാന്‍. 


6
നാലുദിവസം കഴിഞ്ഞപ്പോള്‍ നന്നീബാബു വന്നു. വീട്ടിലേക്കു പോയില്ല, ആദ്യം ഇങ്ങോട്ടുതന്നെ വന്നു എന്നു പറഞ്ഞു, ചോദിച്ചു:
യദു എവിടെ?
സരസ്വതി പറഞ്ഞു:
നകുല്‍ബാബുവിനുവേണ്ടി മീറ്റിങ്ങ് ഉണ്ടത്രേ, അവിടേക്കു പോയിക്കാണും. താങ്കള്‍ ഇങ്ങോട്ട് ഓടിവന്നു. 
ഈ ഗോര്‍മേന്‍. മനുഷ്യരെ ഓടിക്കതന്നെ!
വാസ്തവം പറയാലോ, മരുമകളെ, രാജനീതി ഇത്രയും കാലം ചെയ്തു. ഏതാണ്ട് മുപ്പത്തഞ്ചു കൊല്ലമായി ചെയ്യുന്നു. ഇത്തരം ഒരു ഭരണം ഒരിക്കലും കണ്ടിട്ടില്ല. ഇനിയൊട്ടു കാണുകയുമില്ല. ശരി, ഒന്നിരിക്കട്ടെ. യദു വരുമോ? ചില കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. 
നകുല്‍ സാമന്തിന്റെ പേരില്‍ മീറ്റിങ്ങ് ഉണ്ടെന്നു കേട്ടു. അങ്ങോട്ടു പോയോ? യദു പോയില്ലെങ്കിലും മീറ്റിങ്ങ് നടക്കും. എല്ലാം കൊല്‍ക്കത്തയില്‍നിന്നുതന്നെ കേട്ടു ഞാന്‍. നകുല്‍ എത്ര പേരെ കൊന്നു, കൊല്ലിച്ചു. എന്നിട്ടിവര്‍ മീറ്റിങ്ങ് കൂടി അവനെ തലയിലേറ്റി നടക്കയോ! നിന്റെ ചെറിയച്ഛന്‍ എവിടെ? നീ ഇവിടെ ഒറ്റയ്ക്കാണോ?
സരസ്വതിയുടെ മുഖത്തു നേരിയ ചിരിവന്നു.
ആര് എന്നും എന്നെ കാത്തിരിക്കാനുണ്ടാവും! താങ്കള്‍ പറയൂ.
രവി വരാറില്ലേ?
ഉവ്വ്, എന്നും വരും. ജോലിക്കു പോകും മുന്‍പും തിരിച്ചുവരുമ്പോഴും വരും. ഇവിടേക്കു വന്നു താങ്കളുടെ വീട്ടിലേക്കും പോകാറുണ്ട്. അതിനാല്‍ മക്കളുടെ വിവരം അറിയാന്‍ കഴിയും. 
പക്ഷേ... അവിടെ...?
നന്നീബാബു ഇറയത്തുതന്നെ ഇരുന്നു. സരസ്വതി മൂഡ കൊണ്ടുവന്നു കൊടുത്തു. 
വെള്ളം കൊണ്ടുതരാം. മുഖത്തും കാലിലും ഒഴിച്ചു കഴുകൂ. വെള്ളം കുടിക്കണേ? 
സരസ്വതി ചെറിയമ്മായിയുടെ വേലക്കാരിയെ വിളിച്ചു പറഞ്ഞു:
ലക്ഷ്മീ, ഇദ്ദേഹത്തിനു വെള്ളവും കല്‍ക്കണ്ടവും കൊണ്ടുകൊടുക്ക്. 
ദേ കൊണ്ടുവരുന്നു ചേട്ടത്തിയമ്മേ. നന്നീബാബു കുറച്ചുനേരം വിശ്രമിച്ചു. സരസ്വതി വിശറികൊണ്ട് വീശിക്കൊടുത്തു. അവളുടെ മനസ്സു പറയുന്നുണ്ട്. ഈ ഗ്രാമത്തില്‍ ഇനി തനിക്കും മക്കള്‍ക്കും ആശ്രയമായി ഒരാള്‍ മാത്രമുണ്ട്, നന്നീബാബു, പിന്നെ രവിയും. മുകുലിന്റെ അച്ഛന്‍ എപ്പോഴും പറയും, എന്തെങ്കിലുമുണ്ടെങ്കില്‍ രവിക്കു കൊടുക്കണം കേട്ടോ. സരസ്വതി കൊടുക്കാറുണ്ട്. ജോലി കഴിഞ്ഞുവരുമ്പോള്‍ വന്നാല്‍ എത്ര ദിവസം പാത്രം നിറയെ പൊരിയും *ചീരയും ചെമ്മീനും കൂടി വെച്ച 'പച്ചഡി'യും കൊടുത്തിരിക്കുന്നു. അത് കൂട്ടിചേര്‍ത്തു സ്വാദോടെ കഴിക്കാറുണ്ട്. 
രവിയും അവനാലായതു ചെയ്യും. 
നന്നീബാബുവും സരസ്വതിയുടെ രക്ഷിതാവായിരിക്കയാണ്. സരസ്വതി സ്വയം പറയും, നന്നീബാബുവിനെത്തന്നെ ആശ്രയിച്ചു നില്‍ക്കണം. ഈ ഗ്രാമത്തില്‍ വീടുണ്ടാക്കണം. മുകുലിന്റെ അച്ഛന്‍ നിത്യം പണിതിരുന്ന നിലം ആരുടെയാണ്, സ്വന്തം പിതൃസ്വത്തല്ലേ!
ഈ ചെറിയച്ഛനല്ലേ ആറ് ബീഘ നിലം തട്ടിച്ചെടുത്തത്. ഭര്‍ത്താവിന്റെ അമ്മയേയും അച്ഛനേയും സരസ്വതി കണ്ടിട്ടില്ല. അച്ഛന്‍ മരിക്കുമ്പോള്‍ എടുത്ത അല്‍ത പുരട്ടിയ കാലിന്റെ അടയാളം ഉള്ള ചിത്രം ഉണ്ട്. അമ്മയുടെ കാലടയാളവുമുണ്ട്. അതു രണ്ടും പൂജാമുറിയിലാണ് സരസ്വതി വച്ചിരുന്നത്. ബേജോയുടെ കാലടിയുടെ പടം ഉണ്ടാകുമോ? 
കൊല്‍ക്കത്തയിലെ വിവരങ്ങള്‍ എന്താണ്?
എന്താ പറയേണ്ടത് എന്നു പറയ്. ബേജോയെ പൊലീസ് മോര്‍ഗില്‍ വച്ചിട്ടുണ്ട്. 
അതെന്താ സ്ഥലം? 
മോര്‍ഗ് എന്നാല്‍ അറിയില്ലേ?
ശവം വെയ്ക്കുന്ന ഐസ് മുറിയോ?
അതില്‍ വെച്ചിട്ടുണ്ട്. പൊലീസുകാരുടെ കാവല്‍ നല്ലപോലെയുണ്ട്.
അവിടെ വേറെയും ശവങ്ങളില്ലേ?
ഉണ്ടാവില്ലേ? തീവണ്ടി കയറി ചത്തത്, തല പാളത്തില്‍ വെച്ച് മരിച്ചവരുടേത്, റോഡപകടത്തില്‍ മരിച്ചത്, വിഷം കുടിച്ചു മരിച്ചവരുടേത്, തൂങ്ങിച്ചത്തവരുടേത്, കുത്തിക്കൊന്നവരുടേത്. പറഞ്ഞില്ലേ, ശവത്തിന്റെ കൂമ്പാരമാണ്. 
അവയുടെ ഇടയില്‍...?
അവയ്ക്കിടയില്‍ കിടക്കട്ടെ. യദു വന്നുവോ?
നകുല്‍ സാമന്തിന്റെ മീറ്റിങ്ങില്‍ കൂടാന്‍ പോയോ?
അതു ചെയ്യേണ്ടിവരും ചേട്ടാ. എത്ര പറഞ്ഞാലും നമ്മുടെ പുല നീണ്ടുപോകുമെന്ന് അവര്‍, മനിന്ദര്‍ സമ്മതിക്കുമോ?
അവന്റെ അധികാരമാണല്ലോ അധികം?
പറഞ്ഞതു വളരെ ശരിയാണ്. 
ചെയ്യാതിരിക്കില്ല. മനിന്ദര്‍ പകരം വീട്ടാതിരിക്കില്ല. തീര്‍ച്ചയായും ചെയ്യും. നോക്കിക്കോ. ഒരു മജിസ്ട്രേറ്റ് വിടപറയും, മറ്റൊരാള്‍ ആസ്ഥാനത്തേക്കു വരാന്‍ നേരമെടുക്കും. പക്ഷേ, നിങ്ങള്‍, ഈ 'ഗോര്‍മേന്‍' എന്നു നിങ്ങള്‍ പറയുന്നതോ. നകുലിന്റെ സ്ഥാനത്ത് മനിന്ദര്‍! എങ്കില്‍ നന്നായി, യദു. നമ്മള്‍ 'വിരോധി' എന്നു പറയുന്ന ഭാഗം, അല്ലേ? നിങ്ങള്‍ 'ഗോര്‍മേന്‍' പക്ഷത്താണല്ലോ!
എന്തുചെയ്യാനാവും എന്നു പറയൂ.
പറഞ്ഞുതരാന്‍ ഞാന്‍ ആരാണ്?
ബേജോയുടെ വിവരം എന്താണ്, ചേട്ടാ?
അവന്‍ അവിടെ നൂറു ശവങ്ങള്‍ക്കിടയില്‍ അതിലേറെ ഭൂതങ്ങള്‍ക്കു നടുവില്‍ കിടപ്പുണ്ട്. അതുതന്നെ വിവരം...
വെട്ടിമുറിച്ചു നോക്കലൊന്നും കഴിഞ്ഞില്ലേ?
അതു കഴിയുമോ? നിനക്കറിയില്ലേ, യദു! ഏത് 'ഗോര്‍മേന്‍'ന്റെ കൂടെ ആണ് നീയൊക്കെ. 
വേണമെന്നു വെച്ചാണോ? മകന്‍ പറയുന്നു, മകളുടെ ഭര്‍ത്താവ് പറയുന്നു...
അതൊക്കെ ശരിതന്നെ. കൃഷിപ്പണി ചെയ്യണം, ഭൂമി സ്വന്തമാക്കി വെക്കണം. അതിനൊക്കെ 'ഗോര്‍മേന്‍' വേണം. എന്തിനു പറയുന്നു, യദു. ചെയ്യേണ്ടതു വളരെ മുന്‍പേ ചെയ്തുകഴിഞ്ഞില്ലേ? ഞാന്‍ നിന്നെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ, ബേജോയുടെ ശവം മോര്‍ഗില്‍ ആയത് എന്തുകൊണ്ട്? അറിയാമോ? 
നീ തന്നെ പറയ്.
ബേജോയെ കൊന്നത് രാഖൊഹരി അല്ലേ?
അവനെ ഞാന്‍ ഓടിച്ചില്ലേ.
ഞാന്‍ അതു കേട്ടു. പക്ഷേ, രാഖോഹരി ഇപ്പോള്‍ നകുലിന്റെ അളിയന്മാരുടെ വീട്ടിലാണ്. 
അതും ഞാന്‍ കേട്ടു, 
കേള്‍ക്കാത്തതെന്താണ്, അതു പറയാം. 
'ഗോര്‍മേന്‍ ശാസനം' എന്നു പറയുന്നതിനെപ്പറ്റി. ആശുപത്രിയില്‍ ആ പെണ്ണിനെ കണ്ടത് ഓര്‍മ്മയില്ലേ? 
ഹോ, വലിയ അഭിനയക്കാരി. ഉയരം കുറഞ്ഞ് അല്പം കറുത്തിട്ട്. 
അതുതന്നെ. കൈമടക്ക്...
ഞാന്‍ രണ്ടു ദിവസം. എന്റെ പാര്‍ട്ടി. ഞങ്ങളുടെ പാര്‍ട്ടി, ഞങ്ങളുടെ എം.എല്‍.എ ഭൂതം പോലെ ചുറ്റിനടക്കുന്നുണ്ട്. എന്തിനാണ്, യദു? 'ഗോര്‍മേന്‍' അവിടെ രണ്ടു പെണ്‍പിള്ളേരെ റെഡിയാക്കിവച്ചിട്ടുണ്ട്. ഒരുവള്‍ പറയും എന്റെ ഭര്‍ത്താവാണ് എന്ന്, മറ്റേ പെണ്ണും പറയും എന്റെ ഭര്‍ത്താവെന്ന്.
അങ്ങനെയാണെങ്കില്‍ എന്തുചെയ്യും, ചേട്ടാ?
നമ്മളുടെ എം.എല്‍.എയുടെ സ്‌നേഹിതനാണ് ഡോക്ടര്‍ ബാബു. അദ്ദേഹത്തിന്റെ കൈയിനും നല്ല നീളമുണ്ട്. കുറച്ചെങ്ങാനുമാണോ, ഓടിയത്! എന്നിട്ടും ഒന്നും സാധിച്ചില്ല. പൊലീസ് പറഞ്ഞു കഴിഞ്ഞു, ആദ്യം ശവം തിരിച്ചറിയട്ടേ. അതിനുശേഷം വിട്ടുകൊടുക്കും എന്ന്.
ഇനി എന്താ വഴി?
മരുമകളെ കൊണ്ടുപോകും. കാണാമല്ലോ. ബേജോയെ തിരിച്ചറിയുന്നത് അവന്റെ ഭാര്യ മാത്രം. മുഴുവനും ചരിത്രം അവള്‍ പറയും. ദേഹത്തില്‍ എന്തെല്ലാം അടയാളം എവിടെയുണ്ടെന്ന് അവള്‍ പറയും. 
മരുമകള്‍ കൊല്‍ക്കത്തയ്ക്കു പോകുമോ?
തീര്‍ച്ചയായും പോകും. മുകുലിനേയും കൊണ്ടുപോകും. പെണ്‍മക്കള്‍ രണ്ടുപേരും തന്റെ വീട്ടിലാണ്. അവിടെ നില്‍ക്കട്ടെ എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. സരസ്വതിയുടെ ചെറിയമ്മായി പറഞ്ഞു:
അവള്‍ക്ക് അത്രയ്ക്കൊക്കെ സാധിക്കുമോ? അന്നുതൊട്ടു വയറ്റില്‍ ഒരു വറ്റ് വീണിട്ടില്ല. ഉറക്കം എന്നതുമില്ല. എന്നിട്ടവളെ കൊല്‍ക്കത്തയ്ക്ക്...? നന്നീബാബു പറഞ്ഞു:
ഇതേയ്, ഇത് ഗവണ്‍മെന്റിന്റെ ഓരോ സൂത്രമാണ്. അവര്‍ വെയ്ക്കുന്ന വല വെട്ടി പുറത്തേക്കു വരാന്‍ മരുമകള്‍ക്ക് സാധിക്കുമോ? 
സരസ്വതി കല്ലുപോലെനിന്ന് എല്ലാം കേള്‍ക്കുന്നുണ്ട്. പതുക്കെ ഒന്നു ചുമച്ചു. ചെറിയമ്മായിയോടു പറഞ്ഞു:
അമ്മേ, അമ്മ പറയൂ, ഞാന്‍ പോകുമെന്നു പറയൂ. മക്കള്‍ ഇപ്പോഴും അശൗചമായി കഴിയുന്നു. അവരുടെ മനസ്സിലും ജീവിതത്തിലും എന്താണെന്ന് എനിക്കല്ലേ അറിയൂ. ഞാന്‍ പോകും, എല്ലാം പറയും. 
നന്നീബാബു പറഞ്ഞു,  
യദൂ, കേട്ടില്ലേ?
കേട്ടു. ഞാന്‍ കൂടെപ്പോകാം. 
വേണ്ട യദു, നീ അവിടെ എല്ലാം  നിയന്ത്രിച്ചുവെച്ചാല്‍ മതി. 
സരസ്വതി വീണ്ടും താക്കോല്‍ കിലുക്കി. മുറിക്കകത്തുനിന്നുകൊണ്ടുതന്നെ വ്യക്തമായി പറഞ്ഞു: 
അദ്ദേഹവും വന്നാലെന്താ?
അതെ, അദ്ദേഹം മുഴുവന്‍ കുടുംബത്തിന്റെ ആളല്ലേ!
അങ്ങനെ എല്ലാം തീരുമാനിച്ചു, നന്നീബാബു.
ഞാന്‍ കൊല്‍ക്കത്തയ്ക്കു ഫോണ്‍ ചെയ്തുനോക്കട്ടെ. മരുമകളേയും കൊണ്ട് ഒന്നുരണ്ടു ദിവസം താമസിക്കേണ്ടതല്ലേ. 
ബകുല്‍ വളരെ ചെറിയവളാണ്. അധികം മനസ്സിലാക്കാനും കഴിവില്ല.  ചോദിച്ചു:
അമ്മ തമലുക്കിലേക്കു പോയി. ഇനി കൊല്‍ക്കത്തയ്ക്കും പോകുമോ?
മുകുല്‍ പറഞ്ഞു:
അമ്മ ഒരു കാര്യത്തിനാണ് പോകുന്നത്. വെറുതേ നാടു കാണാന്‍ പോകുന്നതല്ല. 
ചെറിയമ്മായി സങ്കടപ്പെട്ടു പറഞ്ഞു:
എന്തു കാര്യത്തിനാണോ പോകുന്നത് അതു ശരിയായാല്‍ മതി. ബേജോയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാത്തതിനാല്‍ പുലയും നീങ്ങില്ല. മരുമകള്‍ക്കാണെങ്കില്‍ ശംഖുവള പൊട്ടിക്കാനും വയ്യ. നന്നീബാബുവിന്റെ ഭാര്യ പറഞ്ഞു:
ഇക്കാലത്തെ കൊച്ചുപിള്ളാരും എത്ര മിടുക്കന്മാരാണ്! മുകുല്‍-ബകുലിന്റെ കൂട്ടുകാരും എത്ര കൊച്ചുങ്ങളാണ്! അവരും ചോദിക്കയാണത്രേ, നിന്റെ അച്ഛന്‍ മരിച്ചില്ലേ, നിന്റെ അമ്മ ഇനിയും വിധവ ആയില്ലല്ലോ എന്ന്.
നന്നീബാബു തന്റെ സ്വഭാവമനുസരിച്ചു കോപിച്ചു.
പറയും.   എന്തുകൊണ്ട് പറയില്ല? ഈ ഗ്രാമം മാത്രമല്ല, ചുറ്റും നാലഞ്ചു ഗ്രാമങ്ങളിലെ ആള്‍ക്കാര്‍ക്കെല്ലാം അറിയാം ബേജോ മരിച്ചു എന്ന്. പക്ഷേ, കൊന്നത് 'ഗോര്‍മേന്‍'. നിങ്ങള്‍ വയസ്സായവരും പറയുന്നു, ഭര്‍ത്താവ് മരിച്ചു. വിധവ നിറമുള്ള സാരി ഉടുക്കുന്നു. ശംഖുവളയും സിന്ദൂരവും അണിഞ്ഞു നടക്കുന്നു എന്നൊക്കെ!
നന്നീബാബുവിന്റെ ഭാര്യ പറഞ്ഞു:
അങ്ങനെയല്ലേ അവള്‍ നടക്കുന്നത്!
എന്തുകൊണ്ട്? എന്തുകൊണ്ടങ്ങനെ നടക്കേണ്ടിവരുന്നു എന്ന് ആരെങ്കിലും അറിയുന്നുണ്ടോ? ബേജോയുടെ ശരീരം ബേജോയുടേതാണെന്നുതന്നെ ഇനിയും തീര്‍ച്ചയായിട്ടില്ല. സരസ്വതി എല്ലാം കേള്‍ക്കുന്നുണ്ട്.  എല്ലാം മനസ്സിലാക്കുന്നുമുണ്ട്. ഒരിക്കലും മറുത്തൊരു വാക്ക് പറയുന്നില്ല. എന്തോ ചിന്തയിലാണ്, സദാ ചിന്ത തന്നെ. 'ഗോര്‍മേന്‍' എന്തുകൊണ്ട് സരസ്വതിയെ ഇത്ര വലിയ ശത്രുവാക്കി? താന്‍ ആര്‍ക്കും ഒരു ദോഷവും നാശവും ചെയ്തിട്ടില്ലല്ലോ. മുകുലിന്റെ അച്ഛന്‍ പോയി. പക്ഷേ, ഈ വേറെ പെണ്ണുങ്ങളെ 'ഗോര്‍മേന്‍' കൊണ്ടുവന്ന് ഉപദ്രവിക്കാന്‍ നോക്കുന്നതെന്തിന്? അവരെക്കൊണ്ട് അത് അവരുടെ ഭര്‍ത്താവാണെന്നു പറയിക്കുന്നതെന്തിനാണ്?
സരസ്വതി എന്തുചെയ്തു? അവള്‍ക്കറിയില്ലേ എല്ലാം. മുകുലിന്റെ അച്ഛന്റെ പിതൃസഹോദരനായ യദുപതി ബേജോയുടെ പിതൃസമ്പത്തു മുഴുവനും തന്റെ പേര്‍ക്കാക്കിയില്ലേ. ഉടനെ വലിയ ആളായി 'ഗോര്‍മേന്‍' പക്ഷത്തു ചേര്‍ന്നു. ബേജോയെ മൂന്നു ക്ലാസ്സിലധികം പഠിപ്പിച്ചില്ല. നിലം പണിയാനായി നിത്യകൂലിക്കാരനായി തള്ളി. നന്നീബാബു പറയുന്നതു ശരിയാണ്. ഭൂമി എടുക്കാനും അതു സ്വന്തമാക്കാനും 'ഗോര്‍മേന്‍' വേണം!
സരസ്വതി ചിന്തിച്ചുകൊണ്ടേ ഇരുന്നു. ശരിയാണ്, ഇനിയും ശംഖുവളയും സിന്ദൂരവും കളഞ്ഞിട്ടില്ല. നിറമുള്ള സാരി ഉടുക്കുന്നുണ്ട്. അവളെന്തു ചെയ്യും! വിധവ ആയെന്നു പറഞ്ഞു വെള്ളവസ്ത്രം എടുത്തുടുക്കുകയോ?
സരസ്വതി ബ്രാഹ്മണ വിധവയാണോ? അവളെ ചാണകവെള്ളം തളിച്ചു ശുദ്ധമാക്കണോ? ചാണകവും കരിപ്പൊടിയും ചേര്‍ത്ത് ഉരുള ഉണ്ടാക്കിക്കൊണ്ടിരിക്കണോ? വിറകു കത്തിച്ചു ഭക്ഷണമുണ്ടാക്കി കഴിക്കണോ? കാരം ചേര്‍ത്ത് എല്ലാ തുണികളും എന്നും അലക്കിയെടുക്കണോ? ഇപ്പോള്‍ നിറമുള്ള സാരി തന്നെയാണല്ലോ വേണ്ടത്. 
ഇല്ല, മനസ്സില്‍ വരുന്നതെല്ലാം പറയാതിരിക്കില്ല, പറയുകതന്നെ ചെയ്യും. ആരോടു പറയുമെന്നും അവള്‍ക്കറിയാം. തന്നെ വിശ്വസിക്കയും നിരോധിക്കയും ചെയ്യാത്ത ആളോട്. സരസ്വതി പറയും, പക്ഷേ ഇപ്പോള്‍ ഒരക്ഷരം മിണ്ടില്ല. മനസ്സില്‍ കണ്ടുവെച്ചിരിക്കുന്നതു നിറവേറ്റുകതന്നെ ചെയ്യും. മുകുലിന്റെ അച്ഛനില്ല. ആ ആളുണ്ടല്ലോ, അയാള്‍ക്കു കടമകളില്ലേ? മനസ്സില്‍ മുകുലിന്റെ അച്ഛനെ വിളിച്ച് സരസ്വതി പറഞ്ഞു, നോക്കൂ ഞാനവരെ വഴിയിലാക്കില്ല. എന്നെ വിശ്വസിക്കൂ. എനിക്കു നിങ്ങളുടെ മനസ്സിലിരിപ്പ് അറിയാം. 

7
ഒരു നൈലോണ്‍ സഞ്ചിയില്‍ ആവശ്യമുള്ള തുണികള്‍- സാരി, പാവാട, ബ്ലൗസ്, സോപ്പ് എന്നിവ കുത്തിനിറച്ച് സരസ്വതി കൊല്‍ക്കത്തയ്ക്കു യാത്രയായി. രവി ഒരു ജോഡി റബ്ബര്‍ ചെരുപ്പ് വാങ്ങിക്കൊടുത്തു, പല്ലുതേക്കാനുള്ള പല്‍പ്പൊടിയും. തല മുടി തീപിടിക്കാറായപോലെ ആയിട്ടുണ്ട്. ചെറിയ കുപ്പിയില്‍ എണ്ണ എടുത്തോളാ ചേട്ടത്തിയമ്മേ എന്ന് രവി. തലയില്‍ എണ്ണ തേച്ചു കുളിക്കൂ എന്ന്...! സരസ്വതി പതുക്കെ ചിരിച്ചു. 
നിന്റെ ചേട്ടനോടു വല്ലപ്പോഴുമൊക്കെ പറയാറുണ്ട് കൊല്‍ക്കത്തയ്ക്കു പോകാം നമുക്ക്, കാളിഘട്ടില്‍ ഒരു മുറി വാടകയ്ക്കെടുത്തു താമസിക്കാം. ഇങ്ങനെ ആയില്ലേ പോക്ക്, രവീ!
മതി. എന്നെ കരയിപ്പിക്കല്ലേ
നീ കരയണ്ട. എന്നെ നോക്ക്? ഞാന്‍...
ചേടത്തിയമ്മയുടെ മനസ്സിലെന്താണെന്ന് എനിക്കു നല്ലപോലെ അറിയാം, ചേട്ടത്തിയമ്മേ!
ഒരു മൊബൈല്‍ മേടിക്കണം, മുകുലിനെ രാസ്ഡാങ്ങാ സ്‌കൂളില്‍  പഠിപ്പിക്കണം... എന്തെല്ലാം സ്വപ്നങ്ങളായിരുന്നു!
യദുബാബു പഠിച്ചില്ലല്ലോ. ചേട്ടന്റെ കാര്യം പറയുകയാണ്. എന്നോട് എല്ലാം പറയാറുണ്ട്. 
സരസ്വതിപ്പൂജയുടെ കാര്യം ഓര്‍മ്മയില്ലേ?
അതു മറക്കാനാകുമോ?
രവി, നീ എന്നെ വിശ്വസിക്കുന്നുണ്ടല്ലോ. ശരി, ഒരു കുപ്പി എണ്ണ നീ കൊണ്ടുവന്നോ.
എന്റെ ഭാര്യാ വീട്ടില്‍ നാളികേരം ചിരകി പാലില്‍നിന്ന് എണ്ണ എടുക്കും. അതുതന്നെ കൊണ്ടുവരാം. 
സരസ്വതി മ്ലാനമായി ചിരിച്ച് പറഞ്ഞു:
അരാസിയല്ലേ? അവളാണ് എണ്ണ തരാറ്. അതാണ് ഞാന്‍ നോക്കാറുള്ളതും. അതുമതി. 
ആള്‍ക്കാരുടെ വാക്കുകള്‍ ധാരാളം ഉണ്ട്. എല്ലാവര്‍ക്കും വലിയ ചിന്തയാണ്. ചേട്ടന്‍ മരിച്ചു എന്നിട്ടും സിന്ദൂരം, കൈയില്‍ ശംഖുവള എന്താത് എന്നൊക്കെ...
അറിയാം രവി, മക്കളും അതു കേട്ടിരിക്കുന്നു. നീ കേള്‍ക്കൂ, ഇവിടെയുള്ളവരെപ്പോലെതന്നെ കൊല്‍ക്കത്തയിലുള്ളവരും. നിന്റെ ചേട്ടനെ പൊലീസ് മോര്‍ഗില്‍ വെച്ചിരിക്കുന്നു. അവിടേയും ആ രണ്ടു പെണ്ണുങ്ങള്‍ ചെന്ന് 'എന്റെ ഭര്‍ത്താവാണ്, എന്റെ ഭര്‍ത്താവാണ്' എന്നു പറഞ്ഞിരിക്കുന്നു. 
എന്താ ഇത്?
അതാണ് നടക്കുന്നത്, രവി. അങ്ങനെ...
ഇതിനകം... 
നീ വിഷമിക്കണ്ട. നിന്റെ ചേട്ടനെ ഞാനവര്‍ക്കു കൊടുക്കില്ല. എന്റെ മക്കളുടെ കാര്യം ഒന്നു ശ്രദ്ധിച്ചേക്കണം. 
അതു പറയാനുണ്ടോ?
അവര്‍...
ഞാന്‍ നോക്കിക്കോളാം.
എന്നാല്‍, ശരി. എനിക്കിനി ചിന്തയില്ല. 
ഇനി ബാക്കി നന്നീബാബുവിനോടു പറയണം. പോകുമ്പോള്‍ പറയാം എന്ന് സരസ്വതി നിശ്ചയിച്ചു. നന്നീബാബുവിന്റെ മകളുടെ ഭര്‍ത്താവിന്റെ ജീപ്പിലാണ് പോകുന്നത്. 
നന്നീബാബു പറഞ്ഞു:
പെട്രോളിന്റെ കാശ് തരാമെന്നു പറഞ്ഞു, അപ്പോള്‍ അവന്‍ പറയുകയാണ് ഞാന്‍ ബേജോയെ കൊച്ചുനാളു മുതല്‍ അറിയുന്നതാണ്. ഇന്നു ഞാന്‍ ഈ കാര്യത്തിനു പെട്രോളിന്റെ പണം മേടിക്കയോ?
വണ്ടിയില്‍ മുന്നിലെ സീറ്റില്‍ യദുപതി ഇരുന്നു, പറയുകയാണ്,
പോകും വഴിക്ക് ഒന്നുറങ്ങാം. 
ഭക്ഷണം കഴിച്ചല്ലേ വന്നത്, യദു?
ഉവ്വ് കഴിച്ചു. മരുമകളും കിണ്ണത്തിനു മുന്നില്‍ ഇരുന്നു. 
പുറകിലെ സീറ്റില്‍ നന്നീബാബുവും സരസ്വതിയും ഇരിക്കുന്നു. കുറച്ചു കഴിഞ്ഞ് നന്നീബാബു പറഞ്ഞു:
യദുവിനു സാധിക്കും എന്നാലും. ഉറങ്ങിക്കഴിഞ്ഞു. 
താങ്കളും ഒന്നു കണ്ണടച്ചോളൂ. 
ഉറക്കം വരില്ല, മോളേ.,. നീ വേണമെങ്കില്‍...
ഒരു കാര്യം പറയാനുണ്ടായിരുന്നു. 
പറയ്, മോളേ...
വളരെ താണസ്വരത്തില്‍ സരസ്വതി പറഞ്ഞു:
വീടില്ലല്ലോ, ഇനി. വീടുണ്ടാകുമോ എന്നും അറിയില്ല. ഞാന്‍ താങ്കളെ ചെറിയച്ഛന്‍ എന്നു വിളിച്ചോട്ടേ?
തീര്‍ച്ചയായും വിളിക്കാം. ബേജോ അങ്ങനെയാണ് പറയാറ്.
വീണ്ടും സ്വരം കുറച്ചുകൂടി താഴ്ത്തി തുടര്‍ന്നു പറഞ്ഞു: 
ബ്രജബാഹിയുടെ മകളെ ചേര്‍ത്തെന്നു പറഞ്ഞില്ലേ. ആ കുട്ടി ഇപ്പോള്‍ എട്ടാം ക്ലാസ്സിലായി, ആ കാര്യം പറയുകയായിരുന്നു. 
അവളുടെ കാര്യം...?
അല്ല, ചെറിയച്ഛാ. മുകുലിന്റെ അച്ഛനെ കൊന്നത് 'ഗോര്‍മേന്‍'. അതുകൊണ്ടുതന്നെ ശവം വിടാതെ വെച്ചിരിക്കുന്നു. ഞാന്‍ ഈ ഭാഗ്യംകെട്ടവള്‍ ശംഖുവള, ഇരുമ്പുവള, സിന്ദൂരം എല്ലാം ധരിച്ചു നിത്യം മരിക്കയാണ്. 
എന്താ ഞാന്‍ പറയേണ്ടത്, പറയൂ മോളേ... 
മക്കളുടെ കാര്യം. ഗ്രാമത്തില്‍ അവരുടെ കൂട്ടുകാര്‍ തന്നെ അവരോടു ചോദിക്കയാണ്, നിന്റെ അച്ഛന്‍ മരിച്ചു, നിന്റെ അമ്മ എന്താ വിധവ ആകാത്തത് എന്നൊക്കെ. ഗ്രാമത്തിലാകെ ഈ വാര്‍ത്തയാണ്. താങ്കളുടെ ഭാര്യയ്ക്കു മുഴുവന്‍ ഗ്രാമത്തിന്റെ വായ അടപ്പിക്കാനാകുമോ? 
അതല്ലേ വലിയ വിഷമം!
ഞാന്‍ താങ്കളുടെ കാലുപിടിക്കുന്നു. ആ പെണ്‍കുട്ടിയെ ചേര്‍ത്തതുപോലെ എന്റെ മകളേയും ഒന്നു ചേര്‍ത്തു തരൂ. ബേജോയ്ക്കു പഠിക്കാനായില്ല. ധാരാളം സ്വപ്നം കാണാറുണ്ട്. അത് ഏതോ ആശ്രമമാണോ അതോ മഠമോ. നല്ല പേരുകേട്ട ഒന്നാണ്. 


മക്കള്‍ അവിടെ താമസിക്കുമോ? അവര്‍ക്കാകുമോ? 
അവര്‍ക്കാകണം. ഞാന്‍ ഗ്രാമത്തില്‍ കഴിയാം. ഓരോരുത്തരുടെ ജോലി... അതും താങ്കള്‍ തന്നെ ശരിയാക്കി തരണം. പൊരി ഉണ്ടാക്കാനറിയാം, മലരുണ്ടാക്കാം. തണുപ്പു കാലത്ത് *'ബൊഡി' ഉണ്ടാക്കാം. ഒരു വയറല്ലേ, എങ്ങനെയെങ്കിലും കഴിഞ്ഞുപോകും. അവരെ ഒന്നു ചേര്‍ക്കാനായാല്‍, അതുകൊണ്ടുതന്നെ മുകുലിന്റെ അച്ഛന്റെ ആത്മാവിനു ശാന്തികിട്ടും. 
നന്നീബാബുവിന് സരസ്വതിയുടെ നോര്‍ക്ക് അതിയായ ബഹുമാനം തോന്നി പറഞ്ഞു:
നിന്നെപ്പോലെ ഒരമ്മയെ ഞാന്‍ വേറെ കണ്ടിട്ടില്ല, മരുമകളേ. തീര്‍ച്ചയായും അവരവിടേക്കു പോകും. ദക്ഷിണേശ്വരത്തല്ലേ? അവിടത്തെ 'മഹാരാജ്' വളരെ നല്ല മനുഷ്യനാണ്. 
പക്ഷേ... യദു?
ഏയ്, താങ്കള്‍ക്കെതിരായി ഒന്നും പറയില്ല. 
മരുമകളേ, ഇങ്ങനെ ഒരു ഭാര്യയെ വിട്ട് ബേജോ പോകാതിരുന്നെങ്കില്‍....
അദ്ദേഹമെവിടെ ആയാലും...
നിന്റെ മകനും രണ്ട് പെണ്‍മക്കളും- അവരെ ചേര്‍ത്തുതരാം. നീ നോക്കിക്കോ... മോളേ! സരസ്വതി തൊഴും പോലെ കൈ രണ്ടും നെറ്റിയില്‍ ചേര്‍ത്തുപിടിച്ചു. മനസ്സില്‍ പറഞ്ഞു: മുകുലിന്റെ അച്ഛാ! കേള്‍ക്കുന്നുണ്ടോ? നിങ്ങളുടെ മക്കളെ വളരെ നല്ല സ്‌കൂളില്‍ നന്നീ ചെറിയച്ഛന്‍ ചേര്‍ത്തുതരും!
സരസ്വതി കണ്ണടച്ചിരുന്നു. നന്നീബാബു കുട്ടികളുടെ കാര്യം വേണ്ടപോലെ ചെയ്തുതരും... ഇത്രയും അറിയാന്‍ കഴിഞ്ഞതും സരസ്വതിയുടെ മനസ്സിനു ശാന്തി കിട്ടി. കണ്ണുകള്‍ അടഞ്ഞുതന്നെ ഇരുന്നു. കുറേശ്ശെ ഉറക്കം വരും പോലെ.
കൊല്‍ക്കത്തയിലെത്താന്‍ നാലു മണിക്കൂറെടുത്തു. നന്നീബാബു പറഞ്ഞു:
എന്റെ ചേട്ടന്റെ വീട്ടില്‍ത്തന്നെ താമസിക്കാം. കുറച്ചു കഴിഞ്ഞു പറഞ്ഞു:
സ്വന്തം ചേട്ടനല്ല, അച്ഛന്റെ പെങ്ങളുടെ മകനാണ്. മനുഷ്യരെന്ന നിലയ്ക്ക് അവരെല്ലാം വളരെ നല്ലവരാണ്. ബേജോയെപ്പറ്റിയും മരുമകളെപ്പറ്റിയും അവര്‍ക്കറിയാം. 
സരസ്വതി ഒന്നും പറയുന്നില്ല. നന്നീബാബു മക്കളുടെ കാര്യം പറഞ്ഞപ്പോള്‍, അവരെ ആശ്രമത്തില്‍ ചേര്‍ക്കാമെന്ന് ഏറ്റെടുത്തപ്പോള്‍ മനസ്സില്‍ എവിടെയോ കുറച്ചു ശാന്തി അനുഭവപ്പെട്ടു. ശാന്തി? അത് ഇനി ലഭിക്കുമോ? എന്നാലും എന്തോ ഒന്ന് എന്തോ കുറച്ചു ലഭിച്ചിരിക്കുന്നു. മക്കള്‍ ആശ്രമത്തിലായാല്‍ അവര്‍ക്ക് രാവും പകലും ഓരോന്നു കേള്‍ക്കേണ്ടിവരില്ലല്ലോ. നിന്റെ അച്ഛന്‍ മരിച്ചു എന്നിട്ടും നിന്റെ അമ്മയെന്താ വിധവയല്ലാത്തത് എന്നൊന്നും അവനോടാരും ചോദിക്കില്ലല്ലോ.
അവള്‍ കൊല്‍ക്കത്തയിലെത്തി, ബേജോയും സരസ്വതിയും എത്ര സ്വപ്നങ്ങള്‍ കണ്ടതാണ്! ഒരു പ്രാവശ്യം കൊല്‍ക്കത്തയ്ക്കു പോകണം നമുക്ക്, കോട്ടോ, ഒരിക്കല്‍. മുകുലിന്റെ അച്ഛന്‍ പറയാറുണ്ട്, ഞാനൊരിക്കല്‍ പോയിട്ടുണ്ട്. ഇനി പോകുമ്പോള്‍ നമ്മള്‍ അഞ്ചുപേര്‍... സരസ്വതി മനസ്സില്‍ പറഞ്ഞു, അവരെ ആശീര്‍വദിക്കൂ, മുകുലും അനിയത്തിമാരും അവിടെ ആശ്രയം നേടട്ടേ!
നന്നീബാബു ചോദിച്ചു, 
എന്തെങ്കിലും കഴിച്ചിട്ടല്ലേ വന്നത്?
അതെ ചെറിയച്ഛാ! ഒരുവിധത്തില്‍ കുറച്ച്... നന്നീബാബുവിന്റെ ചേട്ടന്റെ വീട് മൂന്നാമത്തെ നിലയിലെ ഒരു ഫ്‌ലാറ്റാണ്. അവര്‍ ഉണ്ടാകുമെന്ന് സരസ്വതിക്ക് അറിയാമായിരുന്നു. പക്ഷേ, അടുത്തുള്ള ഫ്‌ലാറ്റുകളിലെ കൂട്ടരും വന്നിരുന്നു. 
നന്നീബാബു സരസ്വതിയോടു പറഞ്ഞു:
ഇങ്ങനെയൊക്കെ ഉണ്ടാവും, മരുമകളേ. ഇവര്‍ കൊല്‍ക്കത്തയില്‍ ജീവിക്കുന്നവരല്ലേ? ഗവണ്‍മെന്റിന്റെ മുഖം നമ്മള്‍ കാണുന്നതുപോലെയൊന്നും ഇവര്‍ കണ്ടിട്ടില്ല, കാണുന്നുമില്ല. 
സരസ്വതി നന്നീബാബുവിന്റെ ചേടത്തിയമ്മയെ പ്രണമിച്ചു. അവരെന്താണാവോ ഇനി പറയാന്‍ പോകുന്നത്! പക്ഷേ, അവര്‍ നല്ല സ്ത്രീയാണ്. പറഞ്ഞു:
വരൂ മോളേ, ഇരിക്ക്. കുറച്ചു വിശ്രമിക്ക്.
ബാക്കിയുള്ളവരോടായി പറഞ്ഞു:
നിങ്ങളെല്ലാവരും ഇനി പോകൂ. ഇവര്‍ എത്രനേരം യാത്രചെയ്തു ക്ഷീണിച്ചു വരുകയാണ്. ഒന്നു വിശ്രമിക്കട്ടെ. നന്നീബാബുവിന്റെ ചേട്ടന്‍ പറഞ്ഞു:
വരൂ മോളേ, എന്റെ അടുത്ത് ഇരിക്ക്. എല്ലാം ഞാന്‍ കേട്ടു. 
ചേടത്തിയമ്മ പറഞ്ഞു:
എന്റെ മുറിയിലേക്കു പോന്നോട്ടെ. കുറച്ചു കിടക്കട്ടെ. ചേട്ടന്‍ പറഞ്ഞു:
വൈകീട്ട് ആറുമണിക്ക് പ്രതാപിനെ വിളിച്ചിട്ടുണ്ട്, നന്നീ, അവനാണ് പൊലീസിന്റെ അടുത്തേക്കു വീണ്ടും വീണ്ടും ഓടുന്നത്. വരുമ്പോള്‍ എല്ലാം പറയും. 
ഇവരല്ലേ...?
അതെ മരുമകള്‍.
കഷ്ടം! എന്താണവരുടെ പ്രായം! കഷ്ടം! കഷ്ടം!
മൂന്നു മക്കളുണ്ട്. ഒരു മകനും രണ്ട് പെണ്‍മക്കളും.
ഓര്‍ക്കാന്‍ കഴിയുന്നില്ല. 
അതു പറയാനുണ്ടോ! പക്ഷേ, ഓര്‍ക്കാതെ പറ്റുമോ? കുട്ടികളെ ആശ്രമം വക സ്‌കൂളില്‍ ചേര്‍ക്കാമെന്നു തീര്‍ച്ചയാക്കി. യദുപതി ആശ്ചര്യപ്പെട്ടു ചോദിച്ചു:
ഏതു സ്‌കൂളില്‍?
ആശ്രമത്തില്‍. ഈ എന്റെ ചേട്ടന്‍ അവിടത്തെ 'മഹാരാജി'നെ അറിയും. 
അവരങ്ങോട്ടു പോകുമോ?
ശ്രമിക്കണം. ശരിപ്പെട്ടെങ്കില്‍ ഭാഗ്യമായി. 
അതെ, ചേട്ടാ, പക്ഷേ,,,
ഇനി ഒരു 'പക്ഷേ'യുമില്ല, ഒരു വാക്കും പറയണ്ട. ഗ്രാമത്തിലെന്താണുള്ളത്? എല്ലാവരും പരസ്പരം അറിയുന്നവര്‍. എല്ലാവര്‍ക്കും ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ബേജോ മരിച്ചു, ഭാര്യ സിന്ദൂരവും ശംഖുവളയും ധരിക്കുന്നു. 
അതല്ലേ...!
അതു നിങ്ങളും പറയുന്നുണ്ട്, അല്ലേ. നല്ലപോലെ അറിയാലോ, ബേജോയുടെ ശവദാഹം കഴിയാതെ...
അതു വാസ്തവമാണ്. പുല നമുക്കെല്ലാവര്‍ക്കുമുണ്ട്. അതു കഴിഞ്ഞിട്ടുവേണ്ടേ...?
മരുമകള്‍ക്ക് സിന്ദൂരം തുടച്ചുമാറ്റാന്‍.
അല്ല...
ശേഷക്രിയ ചെയ്യുന്നത് 'ഗോര്‍മേന്‍'. അവരുടെ പാര്‍ട്ടിയിലെ പെണ്ണിനെ തയ്യാറാക്കിവെച്ചിട്ടുണ്ട്. ഒന്നല്ല, രണ്ട്. 'എന്റെ ഭര്‍ത്താവ്' എന്നു പറയുന്നു. തമലുക്കില്‍ കണ്ടില്ലേ? ഞാനും കണ്ടു. കൊല്‍ക്കത്തയിലും രണ്ടുപേര്‍, അതേ മൊഴി. ഗ്രാമത്തിലാണെങ്കില്‍ അതിലേറെ. പിള്ളേരും പ്രായമായവരും ഒരേപോലെ കീറിത്തിന്നാന്‍ വരുന്നു. ഒരേ വാക്കുകള്‍- ഭര്‍ത്താവു മരിച്ചു, ഭാര്യ ശംഖുവളയും സിന്ദൂരവും കളഞ്ഞിട്ടില്ല. എന്തുകൊണ്ട്... എന്താണൊരു സ്ഥിതി, പറയൂ... നന്നീബാബുവിന്റെ ചേട്ടന്‍ പറഞ്ഞു:
എല്ലാം ചീഞ്ഞു കഴിഞ്ഞു.
അതെയോ!
നന്നീബാബുവിനാവുന്നതും ചെയ്തു. സെന്‍ട്രല്‍ കൊല്‍ക്കത്ത പൊലീസ് മോര്‍ഗില്‍ ബേജോയുടെ ശവം കിടക്കുന്നു. അത് അറിയിച്ചു. നാലുദിവസം നന്നീബാബുവും പാര്‍ട്ടിയിലെ ആളുകളും പോക്കും വരവും തന്നെ. 
ബേജോയുടെ ശവം തിരിച്ചറിഞ്ഞിട്ടില്ലത്രേ! നന്നീബാബുവിന്റെ പാര്‍ട്ടിയിലെ മന്ത്രിക്കും ചക്രം തിരിക്കാന്‍ പോയിട്ട് അനക്കാന്‍ തന്നെ കഴിഞ്ഞില്ല. വീണ്ടും വീണ്ടും ഒരേ വാക്കുകള്‍. മരിച്ച വ്യക്തിയുടെ ഭാര്യ  വരും. ശവം തിരിച്ചറിയും. മോര്‍ഗിന്റെ സൂക്ഷിപ്പുകാരനും ഒന്നും പറയാനായില്ല. ചോദിക്കയാണ്.
താങ്കള്‍ പറയുന്നു, ഇവര്‍ ആ ആളുടെ ഭാര്യയാണ്? 
മരിച്ചവന്റെ ചെറിയച്ഛനാണ് ഇദ്ദേഹം. അദ്ദേഹവും അതുതന്നെ പറയുന്നു. 
പക്ഷേ, തമലുക്ക് ആസ്പത്രിയില്‍  പറഞ്ഞത്...
ജീവനുള്ളപ്പോള്‍ ബേജോയെ ഒരാളും അറിയില്ലായിരുന്നു. എന്നാല്‍, മരിച്ച ബേജോയുടെ ശവശരീരം ഇത്രയ്ക്കു ശക്തിശാലി ആയോ! സരസ്വതിക്കും ആശ്ചര്യം. അവള്‍ ഭയത്തോടെ ചോദിച്ചു: 
ഒരിക്കലൊന്നു കാണാനും അനുവദിക്കില്ലേ? മോര്‍ഗിലെ ഓഫീസര്‍ പറഞ്ഞു:
ആ തമലുക് ആസ്പത്രിയിലെ കേസ്സല്ലേ?
അതെ, അദ്ദേഹം എന്റെ ഭര്‍ത്താവാണ്. അതിനുശേഷം എത്ര ശവം വന്നു. എത്ര ശവങ്ങള്‍ക്കു താഴെയാണാവോ കിടക്കുന്നത്. ആര് തിരഞ്ഞെടുക്കും, പറയൂ? മോര്‍ഗിന്റെ ഇന്‍-ചാര്‍ജിന്റെ അവസ്ഥ എന്താണെന്ന് പബ്ലിക് അറിയുന്നുണ്ടോ?
ആരോ പറഞ്ഞു: ടി.വിയില്‍ കാണിച്ചാല്‍ അറിയായിരുന്നു. 
ടി.വിയിലും കാണണോ. 
മോര്‍ഗ് ഇന്‍ ചാര്‍ജ് പറഞ്ഞു:
പബ്ലിക് വിചിത്രം തന്നെ. എന്താണ് സംഭവിക്കുന്നത്, ഞങ്ങള്‍ എന്താണ് പറയുന്നത്, ഇവര്‍ ഭര്‍ത്താവിന്റെ ശരീരം കിട്ടാതെ എന്തൊക്കെ പറയുന്നു, അതൊക്കെ പബ്ലിക്ക് ചിന്തിക്കുന്നുണ്ടോ? ഒന്നറിയാം-  ടി.വി, സരസ്വതി പറഞ്ഞു:
ചെറിയച്ഛാ പോകാം, നമുക്കു പോകാം. 
അങ്ങനെയാവാം മോളേ. നാളെ ആശ്രമത്തിലേക്കു പോകണം. അതിന് ആദ്യം സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണം. 
വീണ്ടും വരണം. 
ഞാന്‍ വരാം. ഞാനില്ലേ, യദുപതി പറഞ്ഞു.
അതിനുശേഷം?
നമുക്കു നോക്കാം. 
സരസ്വതി സ്വയം പറഞ്ഞു, സധവയുമല്ല വിധവയുമല്ല... 
അവന്റെ ശവദാഹം കഴിയാതെ ഒന്നുമാവില്ല, മരുമകളേ! സരസ്വതിയും നന്നീബാബുവും യദുപതിയും വീണ്ടും തിരിച്ചുവന്നു. രണ്ടു ദിവസത്തിനുശേഷം. നന്നീബാബുവിന്റെ ചേട്ടന്‍ ആശ്രമത്തില്‍ എല്ലാം പറഞ്ഞുവെച്ചിട്ടുണ്ട്. നന്നീബാബു പറഞ്ഞു.
തിരികെ ചെന്നതും അവരുടെ സര്‍ട്ടിഫിക്കറ്റ് മേടിക്കണം അതിനുശേഷം. എല്ലാം കേട്ടാലുടനെ ചേര്‍ക്കുന്നതാണ്. 'മഹാരാജ്' സമ്മതിച്ചു. വേണമെങ്കില്‍ നിനക്കും.
അതെ ചെറിയച്ഛാ. അവര്‍ തിരിച്ചുവന്നു. അതിനുശേഷം നന്നീബാബുവിന്റെ ചേട്ടന്‍ അറിയിച്ചു. ബേജോയുടെ ശവദേഹത്തെ കേന്ദ്രീകരിച്ച് അനാവശ്യമായി വെള്ളം കലക്കിയിരിക്കുന്നു. പൊലീസ് മോര്‍ഗില്‍ ശവങ്ങളുടെ പിടിയും വലിയും. അതിനാല്‍ ആ ശവം മെഡിക്കല്‍ കോളേജിലെ മോര്‍ഗിലേക്ക് അയച്ചു. വളരെയധികം സേഫ് കസ്റ്റഡിയില്‍. ബേജോയുടെ ശവം പുതിയ മേല്‍വിലാസത്തിലെത്തിയത് 2007 നവംബറില്‍. മോര്‍ഗ് ഐസ്‌കൊണ്ട് തണുപ്പിച്ചതാണ്. നിശ്ശബ്ദമാണ്, തുടര്‍ച്ചയായി അടഞ്ഞുതന്നെ കിടക്കും. 
സരസ്വതിയുടെ വിവരവും ആര്‍ക്കുമറിയില്ല. അഥവാ സരസ്വതി ഖാട്ടുയ, ഭര്‍ത്താവ് ബ്രജ് ഖാട്ടുയ അതിനുമീതെ യവനിക വീണു. 2008 ആഗസ്റ്റ് വരെ യവനിക താണുതന്നെ കിടക്കുന്നു എന്നാണ് വിവരം. ഇതിനെക്കുറിച്ച് മറ്റെന്തെങ്കിലും വാര്‍ത്തകള്‍ അറിയാനിടയായാല്‍ 'ഗോര്‍മേന്‍' അറിയിക്കുന്നതാണ്. 

*പുയിചീര- പടരുന്ന ഒരുതരം ചീര
*(പരിപ്പും പച്ചക്കറിയും കൂട്ടി അരച്ച് കൊച്ചു ഉണ്ടകളാക്കി വെയിലത്ത് ഉണക്കിയത്)


(ഫുട്ട്നോട്ട്: മെഡിക്കല്‍ കോളേജ് മോര്‍ഗില്‍ ഉണ്ടെന്നു പറയുന്ന ദേഹം മരിച്ച ഹരേന്‍ പ്രാമാണിക്കിന്റേതാണ്. മരണത്തെപ്പറ്റി അറിയാനിടയായത് എഴുതി. ഹരേന്റെ ഭാര്യ കമല പ്രാമാണിക്ക് ഇന്നും 'അധവ'യായിത്തന്നെ അറിയപ്പെടുന്നു. കമലയുടെ മക്കള്‍ ഒരു ആശ്രമത്തിലാണ്.)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com