അവരെവിടെ? ഏഴുമാസം മുന്‍പ് കാണാതായ ഹാഷിമും ഹബീബയും

നിന്ന നില്‍പ്പില്‍ മറഞ്ഞുപോയതുപോലെയാണ് ഹാഷിമും ഹബീബയും എവിടേയ്ക്കോ പോയത്
ഹാഷിമും ഹബീബയും
ഹാഷിമും ഹബീബയും

കോട്ടയം കുമരകത്തിനടുത്ത് അറുപറ ഒറ്റക്കണ്ടത്തില്‍ വീട്ടിലെ ഹാഷിമും ഭാര്യ ഹബീബയും എവിടെപ്പോയി മറഞ്ഞുവെന്ന് പൊലീസ് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏഴ് കഴിഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ആറിന് വൈകുന്നേരം വീട്ടില്‍നിന്ന് സ്വന്തം കാറില്‍ പുറത്തുപോയതാണ്. ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ദമ്പതികള്‍ തിരിച്ചെത്തിയില്ല എന്നാണ് ആദ്യം പുറത്തറിഞ്ഞത്. എന്നാല്‍, സംശയങ്ങളും ദുരൂഹതകളും അവിടെനിന്നൊക്കെ ഇപ്പോള്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു. കേസന്വേഷണം പൊലീസില്‍നിന്നു മാറ്റി സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നല്‍കിയിരിക്കുകയാണ് ഹബീബയുടെ ഉമ്മ സുഹറാ ബീവിയും എട്ട് സഹോദരങ്ങളും. പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്ത വിധം തെറ്റായാണ് നീങ്ങുന്നത് എന്ന സംശയം അക്കമിട്ട് നിരത്തുന്ന നിവേദനത്തില്‍ തിരോധാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളും പ്രകടിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഇതാദ്യമായി സഹോദരന്‍ ശിഹാബ് മാധ്യമങ്ങളെ കാണുക കൂടി ചെയ്തതോടെ അന്വേഷണസംഘം വീണ്ടും സജീവമാകുന്നു എന്ന തോന്നലുണ്ടായി. ശിഹാബിന് നോട്ടീസ് നല്‍കി വിളിപ്പിച്ച് ഒരിക്കല്‍ക്കൂടി വിശദമായി മൊഴിയെടുത്തു. പക്ഷേ, സംശയങ്ങളില്‍ കഴമ്പില്ലെന്ന നിലപാട് അതിനടുത്ത ദിവസം പൊലീസ് വിളിച്ചുവരുത്തി അറിയിക്കുകയും ചെയ്തായി ശിഹാബ് പറയുന്നു. അന്വേഷണം പൊലീസില്‍നിന്ന് മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനു മുന്‍പുതന്നെ കാണാതായ ദമ്പതികളുടെ മകള്‍ ഫിദയ്ക്ക് കൗണ്‍സലിംഗ് നല്‍കണം എന്ന് ആവശ്യപ്പെട്ടും ഹര്‍ജി നല്‍കും. 
നിന്ന നില്‍പ്പില്‍ മറഞ്ഞുപോയതുപോലെയാണ് ഹാഷിമും ഹബീബയും എവിടേയ്ക്കോ പോയത്. പൊലീസ് തുടക്കത്തില്‍ കേരളത്തിലേയും പുറത്തേയും നിരവധി മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പള്ളികളിലും അന്വേഷിച്ചു. കുമരകത്തേയും സമീപപ്രദേശങ്ങളിലേയും തോടുകളും മീനച്ചിലാറിന്റെ കൈവഴികളും വെള്ളക്കെട്ടുകളും അരിച്ചുപെറുക്കി. പിന്നീട് ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിലും തിരഞ്ഞു. അതിനുശേഷം ജില്ലാ പൊലീസ് മേധാവി മുഹമ്മദ് റഫീഖ് പറഞ്ഞത് അവര്‍ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ്. അത് കുടുംബം വിശ്വസിക്കുന്നില്ല. 15 വര്‍ഷം മുന്‍പ് വിവാഹിതരായ അവര്‍ക്ക് രണ്ട് മക്കളുണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന ഫിദയും അഞ്ചില്‍ പഠിക്കുന്ന ബിലാലും. അവരെ ഒറ്റയ്ക്ക് നീറാന്‍ വിട്ടിട്ട് എവിടെയോ ഇരുന്ന് ഹബീബ എല്ലാം അറിയുന്നുണ്ടാകുമെന്ന് വിശ്വസിക്കാനും കഴിയുന്നില്ല. കാണാതായി ഏഴുമാസം കഴിയുകയും സി.ബി.ഐ അന്വേഷണ ആവശ്യത്തിലേക്ക് നീങ്ങുകയും ചെയ്യുമ്പോള്‍ ഹബീബയുടെ കുടുംബത്തിന്റെ മനസ്സിലെന്താണ് എന്ന് ശിഹാബ് തുറന്നു പറയുന്നത് ഇങ്ങനെ: ''ഹാഷിം ഹബീബയെ കൊണ്ടുപോയി വകവരുത്തിയതാണോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. ഹാഷിമിനെക്കൊണ്ട് ഞങ്ങളുടെ കൊച്ചിനെ ഇല്ലാതാക്കുകയും ഹാഷിമിനെ ഗള്‍ഫിലേക്ക് കടത്തുകയോ മറ്റെവിടെയെങ്കിലും ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം. കള്ള പാസ്പോര്‍ട്ടിലൂടെയോ മറ്റോ കടത്തിയോ എന്ന് സംശയമുണ്ട്.'' ഏറ്റവും ഒടുവില്‍ മൊഴി കൊടുത്തപ്പോഴും പൊലീസിനോട് പറഞ്ഞ കാര്യമാണിത്. അങ്ങനെ സംശയിക്കാന്‍ അവര്‍ കൂട്ടിവായിക്കുന്ന പല കാര്യങ്ങളുമുണ്ട്. ഹബീബയെ ഒഴിവാക്കണം എന്ന് ഹാഷിമിന്റെ പെങ്ങളുടെ ഭര്‍ത്താവ് സലാം പലപ്പോഴും ഹാഷിമിനോട് ആവശ്യപ്പെട്ടിരുന്നു എന്ന് ഹബീബ തന്നെ പറഞ്ഞത്, ഗള്‍ഫില്‍നിന്ന് എത്തുമ്പോഴൊക്കെ സലാം ഹബീബയുമായി വഴക്കിട്ടിരുന്നത്, സലാമിന്റെ മോശം സ്വഭാവത്തെക്കുറിച്ച് ഹാഷിമിന്റെ സഹോദരന്‍ സാദിഖ് നടത്തിയ വെളിപ്പെടുത്തലുകള്‍. 
നിവേദനത്തില്‍ ആവലാതികള്‍ ഉന്നയിക്കുന്നതിനൊപ്പം പൊലീസ് അന്വേഷണത്തെക്കുറിച്ചും സലാമിന്റെ ഇടപെടലുകളെക്കുറിച്ചും അവര്‍ ശക്തമായ സംശയങ്ങള്‍ ഉന്നയിക്കുന്നു. മലയാളം വാരികയോടു സംസാരിച്ചപ്പോഴും ശിഹാബ് കാര്യകാരണസഹിതം സലാമിനെക്കുറിച്ചു പറഞ്ഞു. നിവേദനത്തില്‍ പറഞ്ഞുതുടങ്ങുന്നതിന്റെ ചുരുക്കം ഇങ്ങനെയാണ്: ''ഹബീബയുടെ ഭര്‍ത്തൃസഹോദരീ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശിയായ അബ്ദുല്‍ സലാം എന്ന സമ്പന്നന്‍ ആ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെട്ട് നിയന്ത്രിച്ചിരുന്നു. അത്തരം ഇടപെടലുകളെത്തുടര്‍ന്ന് ഹബീബയ്ക്ക് നിരന്തരം ശാരീരിക പീഡനങ്ങള്‍ ഏറ്റിരുന്നു. ഹബീബയുടെ വീട്ടുകാര്‍ക്ക് പണമില്ലെന്ന പേരിലും ഹബീബ സലാമിന് വശംവദയാകാത്തതിന്റെ പേരിലുമായിരുന്നു പീഡനം. ഹബീബയെ ഒഴിവാക്കി വേറെ വിവാഹം ചെയ്യണം എന്ന് ഹാഷിമിനെ സലാം പ്രേരിപ്പിച്ചിരുന്നു. ബന്ധം തകരാതിരിക്കാന്‍ ഹബീബ എല്ലാം സഹിക്കുകയാണ് ചെയ്തത്. പലപ്പോഴും ഹബീബ സങ്കടം പറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് സമാധാനിപ്പിച്ചു. പീഡനം കടുത്തപ്പോള്‍ ഇടയ്ക്ക് ഹബീബ സ്വന്തം വീട്ടില്‍ച്ചെന്നു നില്‍ക്കുകയും ചെയ്തു. കുടുംബജീവിതം തകരാതിരിക്കാനും മക്കളുടെ ഭാവി തകരാതിരിക്കാനും ഹബീബയെ നിര്‍ബന്ധിച്ച് തിരിച്ചയയ്ക്കുകയാണ് ചെയ്തത്.'' സലാമിനെക്കുറിച്ചുള്ള സംശയങ്ങള്‍ പൊലീസിനോട് ആദ്യമായി പറഞ്ഞത് അയാളുടെ ചെവിയിലെത്തുകയും സലാം ശിഹാബിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുള്‍പ്പെടെ പലകാരണങ്ങള്‍കൊണ്ടും അന്വേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്തുപറഞ്ഞ് മുഖ്യമന്ത്രിയോടും ഡി.ജി.പിയോടും കുടുംബം സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. മുന്‍പ് മുന്‍ ജില്ലാ പൊലീസ് മേധാവിയോടും ഇപ്പോഴത്തെ ജില്ലാ പൊലീസ് മേധാവിയോടും അന്വേഷണസംഘത്തിനു നേതൃത്വം നല്‍കുന്ന കോട്ടയം വെസ്റ്റ് സി.ഐയോടും ഇക്കാര്യം പറയുകയും ചെയ്തു. റിജു മുഹമ്മദ് എന്ന ഈ എ.എസ്.ഐ സലാമിന്റെ ബന്ധുവും സുഹൃത്തുമാണ്. ഈ ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തില്‍നിന്നു മാറ്റാന്‍ ഇതേവരെ തയ്യാറായിട്ടില്ല. മാത്രമല്ല, സലാമിന്റെ ഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ചത് ഇതേ എ.എസ്.ഐയെ ആണുതാനും. ഏഴ് മാസമായി തൊഴിലും ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവച്ച് സഹോദരിയുടേയും ഭര്‍ത്താവിന്റേയും തിരോധാനത്തിനു പിന്നാലെ അലയുകയാണ് ശിഹാബ്. 

ശിഹാബ്

മറച്ചുവയ്ക്കലുകള്‍

2016 ഏപ്രില്‍ ആറിന് രാത്രി ഹാഷിമിനേയും ഹബീബയേയും കാണാതായതു മുതല്‍ ഹാഷിമിന്റെ ബന്ധുക്കളുടെ ഇടപെടലുകളും പ്രതികരണങ്ങളും പെരുമാറ്റവും സംശയകരമാണ് എന്നതില്‍ തുടങ്ങുന്നു ശിഹാബിന്റേയും മറ്റു കുടുംബാംഗങ്ങളുടേയും സംശയങ്ങള്‍. ഹാഷിമിന്റെ ബാപ്പ ആദ്യം പറഞ്ഞത് തലേന്ന് പകല്‍ ഹാഷിം വീട്ടിലുണ്ടായിരുന്നു എന്നാണ്. എന്നാല്‍, അതു ശരിയല്ലായിരുന്നുവെന്നും ഹാഷിം പീരുമേട്ടിലോ മറ്റോ പോയിരിക്കുകയായിരുന്നുവെന്നും പിന്നീടറിഞ്ഞു. മകള്‍ ഫിദയുടെ സംസാരത്തിലും തുടക്കം മുതല്‍ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. കുട്ടി ആരെയോ ഭയക്കുന്നതുപോലെ. ആരുടെയോ സമ്മര്‍ദം മോള്‍ക്കു പിന്നിലുണ്ടെന്നു തോന്നിക്കുന്ന വിധമായിരുന്നു അതെന്ന് ശിഹാബ് പറയുന്നു. തിരോധാനത്തെക്കുറിച്ച് അറിഞ്ഞ് അറുപറയിലെ വീട്ടില്‍ എത്തിയ ഏപ്രില്‍ ഏഴിനുതന്നെ ഹബീബയുടെ വീട്ടുകാര്‍ ഫിദയെ കൂട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍, രണ്ടു ദിവസം കഴിഞ്ഞ് ഹാഷിമിന്റെ സഹോദരന്‍ സാദിഖും ഭാര്യയും ചെന്ന് നിര്‍ബന്ധിച്ച് തിരിച്ചുകൊണ്ടുപോയി. എന്നാല്‍, തനിക്ക് അബദ്ധം പറ്റിയതാണെന്നും എല്ലാക്കാര്യങ്ങളിലും സലാമിന്റെ ഇടപെടലുണ്ടെന്നും പിന്നീട് ഏറ്റുപറഞ്ഞു. ശിഹാബിന്റെ സഹോദരന്‍ ഇസ്മായീലുമായി സാദിഖ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്. കാണാതായ വിവരം പിറ്റേന്ന് ഇസ്മായീലിനെ ഫോണില്‍ വിളിച്ച് ഹാഷിമിന്റെ ബാപ്പ അബ്ദുല്‍ ഖാദറാണ് പറഞ്ഞത്. അറിഞ്ഞയുടന്‍ ശിഹാബ് അറുപറയിലെത്തി. പൊലീസില്‍ അറിയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതിന് ആളുകള്‍ കുമരകം പൊലീസ് സ്റ്റേഷനിലേക്ക് പൊയിട്ടുണ്ട് എന്നായിരുന്നു മറുപടി. ഹാഷിമിന്റെ ഉമ്മയുടെ അനിയത്തിയുടെ മകന്‍ അഷ്റഫ് പരാതി കൊടുത്തുവെന്നാണ് സ്റ്റേഷനില്‍നിന്ന് മനസ്സിലായത്. ഭക്ഷണം വാങ്ങാന്‍ രണ്ടു പേരുംകൂടി പുതിയ കാറില്‍ പോയെന്നും തിരിച്ചുവന്നിട്ടില്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. അത് നുണയാണെന്ന് അന്നുമിന്നും ഹബീബയുടെ കുടുംബം വിശ്വസിക്കുന്നു. അങ്ങനെയൊരു ശീലം അവര്‍ക്കില്ല എന്ന് അറിയാവുന്നതുതന്നെയാണ് പ്രധാന കാരണം. മാത്രമല്ല, ഏപ്രില്‍ ആറിന് ഹര്‍ത്താലുമായിരുന്നു. വീട്ടില്‍ ഭക്ഷണമുണ്ടാക്കുകയും ഫിദയ്ക്കും ബിലാലിനും വിളമ്പിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ശിഹാബിനോടും മറ്റും അങ്ങനെ പറഞ്ഞ ഫിദ പിന്നീട് പൊലീസ് ചോദിച്ചപ്പോള്‍ പറഞ്ഞത് ഭക്ഷണം വാങ്ങാന്‍ പോയി എന്നാണ്. ഹാഷിം തലേന്ന് കുമളിക്കോ മറ്റോ പോകുന്ന കാര്യം പറഞ്ഞിരുന്നു എന്ന് ഫിദ ശിഹാബിനോടു പറഞ്ഞു. അത് പൊലീസിനു കൊടുത്ത മൊഴിയില്‍ പറയാതിരുന്ന പ്രധാന വിവരമായതുകൊണ്ട് ശിഹാബ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, അടുത്ത ദിവസങ്ങളിലൊന്നും ആ ഭാഗത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. ബീമാപള്ളി തുടങ്ങിയ ദൂരെ സ്ഥലങ്ങളിലെ പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. ഏപ്രില്‍ അഞ്ചിന് ഹാഷിം ഒറ്റയ്ക്ക് പീരുമേട് ഭാഗത്തു പോയിരുന്നുവെന്ന് പിന്നീട് ഫോണ്‍ വിളി വിവരങ്ങള്‍ പരിശോധിച്ച പൊലീസിന് ബോധ്യപ്പെടുകയും ചെയ്തു. എന്തിനായിരുന്നു ആ യാത്ര? ഫിദയുടെ മൊഴികളിലെ വൈരുദ്ധ്യത്തെക്കുറിച്ച് പൊലീസിനോടും ശിഹാബ് പറഞ്ഞിരുന്നു. കാരണമുണ്ട്. എന്തെങ്കിലും കാര്യങ്ങള്‍ മോള്‍ക്ക് അറിയാമെങ്കില്‍ തുറന്നു പറയണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ''മാമി (സലാമിന്റെ ഭാര്യയായ ഹാഷിമിന്റെ സഹോദരി) പറയാതെ ഞാനൊന്നും പറയില്ല'' എന്നാണത്രേ ഫിദ പ്രതികരിച്ചത്. സലാം പറഞ്ഞിട്ടാണ് കുട്ടികളെ തിരികെ കൊണ്ടുപോകുന്നതെന്നു സാദിഖും പറഞ്ഞിരുന്നു. ഹാഷിമിനേയും ഹബീബയേയും കാണാതാകുന്നതിന്റെ തൊട്ടുതലേന്ന് ഗള്‍ഫിലെ ജോലി സ്ഥലത്തേക്കു പോയ സലാമും ഭാര്യയും അടുത്ത ദിവസംതന്നെ നാട്ടിലെത്തി. പിന്നീട് ഈ ഏഴ് മാസത്തിനിടയില്‍ ഒരിക്കല്‍പ്പോലും കുട്ടികളെ അവരുടെ ഉമ്മയുടെ ബന്ധുക്കളുമായി അടുപ്പിച്ചിട്ടില്ല. ഹബീബയുടേയും ശിഹാബിന്റേയുമൊക്കെ മാതാവ് സുഹറാ ബീവി തളര്‍ന്നു വീണ് അത്യാസന്ന നിലയിലായിരുന്നപ്പോഴും കാണാന്‍ കുട്ടികളെ അനുവദിച്ചില്ല. കാണാതായ മകളുടെ മക്കളെയെങ്കിലും ഒന്നു കാണാന്‍ ഉമ്മ ആഗ്രഹം അറിയിച്ചപ്പോള്‍ സലാമിനോടും ഭാര്യയോടും മറ്റും അക്കാര്യത്തിനുവേണ്ടി കെഞ്ചിയെന്ന് ശിഹാബ്. കോടതിയില്‍ പൊയ്ക്കൊള്ളൂ എന്നായിരുന്നു മറുപടി. പൊലീസും അതുതന്നെ പറഞ്ഞു. ഏപ്രില്‍ അഞ്ചിന് ഹാഷിം തനിച്ച് പീരുമേട് ഭാഗത്തു നടത്തിയ യാത്ര, അന്നുതന്നെ സലാം ഗള്‍ഫിലേക്ക് പോയത്, ഫിദയെ സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയത്, ഫിദയേയും സഹോദരനേയും ഹബീബയുടെ ബന്ധുക്കളില്‍നിന്ന് അകറ്റി നിര്‍ത്തുന്നത് തുടങ്ങിയതൊക്കെ സംശയകരമാണ് എന്ന് ആവര്‍ത്തിക്കുന്നു ഹബീബയുടെ കുടുംബം. സലാമും ഭാര്യയും തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഫിദ പഠിച്ചിരുന്ന, വീട്ടില്‍നിന്ന് അധികം ദൂരെയല്ലാത്ത കുമരകത്തെ സ്‌കൂളില്‍നിന്ന് ടി.സി വാങ്ങി സലാമിന്റെ സ്വദേശമായ ചങ്ങനാശ്ശേരിയിലേക്ക് മാറ്റി. അതും ഹബീബയുടെ വീട്ടുകാരെ അറിയിച്ചില്ല. മാത്രമല്ല, ഉമ്മയും ബാപ്പയും എവിടെപ്പോയി എന്ന് അറിയാതെ വേവലാതിയില്‍ ജീവിക്കുന്ന കുട്ടികളെ ചങ്ങനാശ്ശേരിയില്‍ ഒരു ഹോസ്റ്റലിലാക്കിയിട്ട് അവര്‍ തിരിച്ച് ഗള്‍ഫിലേക്ക് പോവുകയും ചെയ്തു. പിന്നീട് ഹോസ്റ്റലില്‍നിന്ന് മാറ്റി ഹാഷിമിന്റെ ബന്ധുവീടുകളിലാക്കാന്‍ ഹാഷിമിന്റെ ബാപ്പ ശ്രമിച്ചിരുന്നുവെന്നും മറ്റും മാസങ്ങള്‍ക്കു ശേഷമാണ് ഹബീബയുടെ ബന്ധുക്കള്‍ അറിഞ്ഞത്, ആ ബന്ധുക്കളിലൊരാള്‍ യാദൃച്ഛികമായി ഇസ്മായീലിനെ കണ്ടപ്പോള്‍ മാത്രം. പക്ഷേ, ബാപ്പയും ഉമ്മയും എവിടെയാണെന്ന് അറിയാത്ത കുട്ടികളെ ഹാഷിമിന്റെ ബന്ധുക്കള്‍ നന്നായി സംരക്ഷിക്കുന്നു എന്ന പ്രതീതിയാണ് അതുവരെ നിലനിന്നിരുന്നത്. എന്തുകൊണ്ട് കുട്ടികളെ തങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തി എന്ന ചോദ്യത്തിന് ശരിയായി ഉത്തരം തേടാന്‍ പൊലീസ് ശ്രമിച്ചാല്‍ത്തന്നെ സംശയങ്ങള്‍ക്കുള്ള ഉത്തരവും ലഭിക്കും എന്ന് ഉറച്ചു വിശ്വസിച്ചാണ് നിയമപരമായി ഏതറ്റം വരെയും പോകാന്‍ ഈ കുടുംബം ഉറച്ചിരിക്കുന്നത്.

സുഹറാ ബീവി
 

ദാമ്പത്യബന്ധം തകര്‍ക്കാന്‍ ശ്രമം

ഹബീബയുമായുള്ള വിവാഹം മതിയെന്ന് ഹാഷിം നിര്‍ബന്ധം പിടിച്ചതുകൊണ്ടു മാത്രമാണ് നടത്തിക്കൊടുത്തതെന്ന് പിന്നീട് വ്യക്തമായിരുന്നു. ഹബീബയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായിരുന്നതുകൊണ്ടാണ് എതിര്‍പ്പുണ്ടായത്. വിവാഹശേഷം ഹബീബയോടുള്ള കുടുംബാംഗങ്ങളുടെ പെരുമാറ്റത്തില്‍ പലപ്പോഴും അത് പ്രകടമായെന്ന് ശിഹാബ് പറയുന്നു. ഹബീബ അത് സ്വന്തം വീട്ടില്‍ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹ ആല്‍ബം കൊടുക്കാന്‍ ചെല്ലുന്ന കാര്യം പെങ്ങളോടു പറയാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ത്തന്നെ സ്ഥിതി മോശമാണെന്നു മനസ്സിലായെന്നും ശിഹാബ് ഓര്‍ക്കുന്നു. ഫോണ്‍ ആദ്യം എടുത്ത ഹാഷിമിന്റെ സഹോദരി ഹബീബയ്ക്ക് കൈമാറും മുന്‍പ് പറഞ്ഞത്, പെങ്ങളുടെ കാര്യവും പറഞ്ഞ് ബന്ധുക്കളാരും ഇങ്ങോട്ടു വിളിക്കുകയോ വരികയോ ചെയ്യരുത് എന്നാണ്. 
സലാം ഗള്‍ഫില്‍നിന്നു വരുമ്പോഴൊക്കെ വീട്ടില്‍ പ്രശ്‌നങ്ങളാണെന്നും അവള്‍ക്ക് അവിടെ യാതൊരു സമാധാനവുമില്ലെന്നും സുഹറാ ബീവി പലപ്പോഴും ഹബീബയുടെ സഹോദരന്മാരോട് പറഞ്ഞിരുന്നു. ഇടയ്ക്ക് ഹാഷിം ഹബീബയെ ശാരീരികമായി ഉപദ്രവിക്കുന്നതായും പറഞ്ഞു. കാണാതാകുന്നതിന് രണ്ടു മാസം മുന്‍പ് സഹികെട്ടിട്ട് അമിതമായി ഗുളികകള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഹബീബയെ കോട്ടയത്തെ ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനു മുന്‍പ് ഒരിക്കല്‍ ആരോപണ വിധേയനായ ആള്‍ ഹബീബയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നത് ഹാഷിമിന്റെ ഉമ്മ കണ്ടത് വീട്ടില്‍ സംസാരവുമായി. സലാമിന്റെ കൊള്ളരുതായ്മകളില്‍ നീറി ഇഞ്ചിഞ്ചായാണ് തന്റെ ഉമ്മ മരിച്ചതെന്ന് സാദിഖ് ഇസ്മായീലുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുമുണ്ട്.
ഹാഷിമിന്റേയും ഹബീബിന്റേയും ദാമ്പത്യജീവിതത്തില്‍ സലാം നടത്തിയ ഇടപെടലുകളെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങള്‍ പൊലീസ് വേണ്ടവിധം പരിഗണിച്ചില്ല എന്നത് ഹബീബയുടെ കുടുംബത്തിന്റെ പ്രധാന പരാതികളില്‍പ്പെട്ടതാണ്. സലാമിനെ വേണ്ടവിധം ചോദ്യം ചെയ്തുമില്ല. അന്വേഷണസംഘത്തിലുള്ള എ.എസ്.ഐ റിജു മുഹമ്മദിനെക്കുറിച്ചുള്ള ആക്ഷേപവും ഇതിന്റെ തുടര്‍ച്ചയാണ്. സലാമിനെക്കുറിച്ചുള്ള സംശയങ്ങള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ശിഹാബ് റിജു മുഹമ്മദിനോട് പറഞ്ഞിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് സലാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസുമായി മുന്നോട്ടു പോകാനാണ് ഉദ്ദേശ്യമെങ്കില്‍ നിന്നെ ഭൂമിക്കു മുകളില്‍ വച്ചേക്കില്ല എന്നാണ് പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി അന്നത്തെ ജില്ലാ പൊലീസ് മേധാവിക്ക് ശിഹാബ് പരാതി നല്‍കി. ഈ പരാതി അന്വേഷിക്കാന്‍ നിയോഗിച്ചത് റിജു മുഹമ്മദിനെ. കുടുംബവിഷയങ്ങള്‍ സംസാരിക്കുന്നതിനിടെ സ്വാഭാവികമായി വയലന്റായി സംസാരിച്ചതാണെന്നും അത് കാര്യമാക്കേണ്ടതില്ല എന്നുമുള്ള റിപ്പോര്‍ട്ടാണ് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയത്. അദ്ദേഹം അത് ശിഹാബിനോട് പറയുകയും ചെയ്തു. അതോടെ അന്വേഷണത്തില്‍ വിശ്വാസമില്ലായ്മ വന്നുവെന്ന് ശിഹാബ് പറയുന്നു.
കാണാതായതിന്റെ ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. എന്നാല്‍, അവരും ഹബീബയുടെ ബന്ധുക്കളെ അടുപ്പിച്ചില്ല. അതിലും സലാമിന്റെ ഇടപെടല്‍ ആരോപിക്കപ്പെടുന്നു. പിന്നീട് കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ ആക്ഷന്‍കൗണ്‍സിലിലെ പ്രധാനികള്‍ സലാമിന്റെ ആളുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ മടിക്കുകയും ചെയ്തു. കാണാതായതിന്റെ അടുത്ത ദിവസംതന്നെ ശിഹാബിനേയും മറ്റും കൂട്ടി തിരുവനന്തപുരത്തും മറ്റും ചില പള്ളികളില്‍ പോയി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. പോകാന്‍ തയ്യാറായി നില്‍ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍, പറഞ്ഞ സമയം കഴിഞ്ഞിട്ടും എത്താതിരുന്നതിനെത്തുടര്‍ന്ന് വിളിച്ചു ചോദിച്ചു. ഇവരെ കൂട്ടാതെ ഹാഷിമിന്റെ ചില ബന്ധുക്കളുമായി പൊലീസ് പോയെന്നാണ് അറിഞ്ഞത്. നിങ്ങളുടെ ആവശ്യം ഇല്ല എന്നാണ് ഹാഷിമിന്റെ ബന്ധുവും ആദ്യം പൊലീസില്‍ പരാതി കൊടുത്തയാളുമായ അഷ്റഫ് ശിഹാബിനോട് പറഞ്ഞത്. എങ്കിലും സ്വന്തം നിലയില്‍ ഇവര്‍ ചില പള്ളികളിലുമൊക്കെ പോയി അന്വേഷിച്ചു. അതിനു പുറപ്പെട്ടപ്പോള്‍ അറുപറയില്‍ വച്ച് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എന്ന് പരിചയപ്പെടുത്തിയ അജി എന്നയാള്‍ നിരുത്സാഹപ്പെടുത്തി. പിന്നീട് പലപ്പോഴും ഇയാളുടെ ഇടപെടല്‍ ഉണ്ടായി. കാണാതായ അന്ന് രാത്രി വൈകി ഹാഷിമിന്റെ പെങ്ങള്‍ ഫിദയെ ഫോണില്‍ വിളിച്ചിരുന്നു. അവര്‍ എത്തിയില്ലെന്ന് കുട്ടി പറയുകയും ചെയ്തു. എന്നാല്‍, ആ രാത്രി ഹബീബയുടെ വീട്ടുകാരെ അറിയിക്കാന്‍ അവര്‍ തയ്യാറാകാതിരുന്നതിലുമുണ്ട് സംശയം. അന്നു രാത്രി ഒരാളേയും വിളിച്ചു പറഞ്ഞില്ല. ആ രാത്രിതന്നെ അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ത്തന്നെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുമായിരുന്നുവെന്നും അതുവഴി എന്തെങ്കിലും പരിഹാരത്തിലേക്കും എത്തുമായിരുന്നു എന്നുമാണ് ശിഹാബ് ഇപ്പോഴും കരുതുന്നത്. ഈ മറച്ചുവയ്ക്കല്‍ എന്തിനായിരുന്നുവെന്ന് വെളിപ്പെടുന്ന വിധം ഹാഷിമിന്റെ ബാപ്പയേയോ പെങ്ങളേയോ പൊലീസ് ചോദ്യം ചെയ്തില്ല. 
''ആരേയും അനാവശ്യമായി സംശയത്തില്‍ നിര്‍ത്താനോ കുടുക്കാനോ പ്രതിയാക്കാനോ അല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. പക്ഷേ, ഈ വലിയ സംശയങ്ങള്‍ക്ക് ശരിയായ മറുപടി ലഭിക്കണം. അതിനു ഞങ്ങള്‍ക്ക് അവകാശമുണ്ട്'' -ശിഹാബിന്റെ വാക്കുകള്‍. ഹബീബയുടെ സഹോദരിമാരുള്‍പ്പെടെ ബന്ധുക്കളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്ന രീതിയാണ് പൊലീസ് തുടക്കത്തില്‍ സ്വീകരിച്ചത്. പലവട്ടം അവരുടെ വീടുകളില്‍ പൊലീസ് കയറിയിറങ്ങി. അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടോ എന്ന് അറിയാനാണ് എന്നാണ് ഇതിനെക്കുറിച്ച് പൊലീസ് പറഞ്ഞത്. എന്നാല്‍, എ.എസ്.ഐ റിജു മുഹമ്മദ് ഹാഷിമിന്റെ ബന്ധുക്കളേയും കൂട്ടി ഹബീബയുടെ ബന്ധുവീടുകളില്‍ പോയത് എന്തിന് എന്ന ചോദ്യം അവശേഷിക്കുന്നു. എല്ലാം തുറന്നു പറയാന്‍ ആവശ്യപ്പെടുക, വിവാഹശേഷം ആദ്യം മുതല്‍ ഹാഷിമിന്റെ വീട്ടില്‍ നടന്ന കാര്യങ്ങള്‍ പറയുമ്പോള്‍ റിജു മുഹമ്മദും ഒപ്പമെത്തിയ ഹാഷിമിന്റെ ബന്ധുക്കളും നിഷേധിക്കുക ഇതൊക്കെ ഏതുതരം അന്വേഷണത്തിന്റെ ഭാഗമാണെന്ന സംശയവും നിലനില്‍ക്കുന്നു. അതൊക്കെക്കൊണ്ടുകൂടിയാണ് റിജു മുഹമ്മദിനെതിരെ പരാതിപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥര്‍ ഹാഷിമിന്റെ വീട്ടില്‍ ചെന്നാലും നേതാക്കള്‍ എത്തിയാലും അവര്‍ ഹബീബയുടെ വൃദ്ധ മാതാവിനെ സന്ദര്‍ശിക്കാതിരിക്കാന്‍ ചിലര്‍ ശ്രദ്ധ വച്ചിരുന്നുവത്രേ. മകളേയും ഭര്‍ത്താവിനേയും കാണാതായതിലേയും അന്വേഷണം എങ്ങുമെത്താത്തതിലേയും സങ്കടം സഹിക്കാനാകാതെ മൂന്നുമാസം മുന്‍പ് ഉമ്മ തളര്‍ന്നുവീണു. തൊടുപുഴയില്‍ അടുത്ത ബന്ധുവിന്റെ മകന്റെ വിവാഹവീട്ടില്‍വച്ചാണ് ഉമ്മ കുഴഞ്ഞുവീണത്. കാണാതായിട്ട് ഒരു മാസത്തോളം ഉമ്മയെ അറിയിച്ചിരുന്നില്ല. പിന്നീട് സി.ഐ മൊഴിയെടുക്കാന്‍ ചെന്നപ്പോള്‍ മുതല്‍ അവര്‍ അസ്വസ്ഥയായിരുന്നു. കല്യാണത്തിന് ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോള്‍ ''അവള്‍ മാത്രമില്ല'' എന്ന സങ്കടം വേദനയോടെ പലവട്ടം ഉമ്മ പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് പരസ്പരബന്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങി. പിറ്റേന്നു പുലര്‍ച്ചെ എഴുന്നേറ്റ് ഈ സംസാരം ആവര്‍ത്തിച്ചു. അതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തലച്ചോറിലെ രക്തസ്രാവമാണ് കാരണമെന്ന് കണ്ടെത്തി കോട്ടയം മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയും നടത്തി. ഇപ്പോള്‍ സംസാരിക്കുമെങ്കിലും അവര്‍ കിടപ്പാണ്. ആ കിടപ്പില്‍ മകളുമായി ബന്ധപ്പെട്ട പല ഓര്‍മ്മകളും വരുന്നു, അവളുടെ കുട്ടികളെ കാണണമെന്ന് ആഗ്രഹിക്കുന്നു. സാധിക്കാതെ വരുമ്പോള്‍ നെഞ്ചുപൊട്ടി കരയുന്നു. നീതിന്യായ സംവിധാനങ്ങളില്‍ പ്രതീക്ഷ മുറുകെപ്പിടിച്ച് ശിഹാബും സഹോദരങ്ങളും ഓടിക്കൊണ്ടുമിരിക്കുന്നു. ഹാഷിമിന്റെ ബാപ്പയെപ്പോലെ നീറിനീറിക്കഴിയുന്ന ഒരുമ്മ ഇവിടെയുണ്ട് എന്നത് മറച്ചുവയ്ക്കാന്‍ മനപ്പൂര്‍വമുള്ള ശ്രമങ്ങളാണ് നടന്നത്. 

അന്വേഷണത്തിനു വഴിതെറ്റിയോ

ഇതിനൊക്കെ പുറമേ ശിഹാബ് പറയുന്ന മറ്റൊരു നിസ്സാരമല്ലാത്ത സംശയമുണ്ട്. താന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ച് രണ്ടു വര്‍ഷം മുന്‍പ് ഹബീബ ഇസ്മായീലിനെ ഏല്‍പ്പിച്ച കത്തിനെക്കുറിച്ചാണ് അത്. ആ കത്ത് അന്വേഷണ ഉദ്യോഗസ്ഥരെ കാണിക്കാന്‍ ശിഹാബിനെ ഏല്‍പ്പിച്ചിരുന്നു, അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കു ശേഷം എ.എസ്.ഐ റിജു മുഹമ്മദ് ശിഹാബിനെ കണ്ടപ്പോഴാണ് സലാമിനെക്കുറിച്ചുള്ള സംശയങ്ങള്‍ റിജു മുഹമ്മദിനോട് പറഞ്ഞ കൂട്ടത്തില്‍ കത്തും കാണിച്ചു. ആ കത്ത് റിജു മുഹമ്മദ് വാങ്ങിവച്ചു. ഒറിജിനലാണെന്നും വേറെ പകര്‍പ്പ് ഇല്ലെന്നും അന്നുതന്നെ പറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും പകര്‍പ്പെടുത്തുകൊടുക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറി. പുതിയ ജില്ലാ പൊലീസ് മേധാവി വന്നശേഷം ഈ കാര്യവും പറഞ്ഞു. ഏതായാലും അത് ഫയലില്‍ ഉണ്ടെന്നാണ് പിന്നീട് അറിഞ്ഞത്. പകര്‍പ്പ് ഇപ്പോഴും ലഭിച്ചിട്ടില്ലെങ്കിലും ആ കത്തിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയോ എന്നറിയില്ല. പൊലീസ് അന്വേഷണം അട്ടിമറിക്കുന്നു എന്ന് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചതിനെക്കുറിച്ച് കഴിഞ്ഞ ദിവസം സി.ഐ മൊഴിയെടുത്തപ്പോള്‍ ചോദിച്ചിരുന്നു. റിജു മുഹമ്മദിന്റെ ഇടപെടലുകളെക്കുറിച്ചുള്ള സംശയങ്ങളാണ് അതിനു മറുപടിയായി ശിഹാബ് നല്‍കിയത്. സലാമിനെക്കൂട്ടി സഞ്ചരിച്ചാണ് റിജുവിന്റെ അന്വേഷണമെന്നും പറഞ്ഞു. പീരുമേട് ഭാഗത്ത് അന്വേഷണം നടത്തിയപ്പോഴും സലാമും സുഹൃത്തുക്കളും മറ്റൊരു വണ്ടിയില്‍ ഒപ്പം പോയി. സലാം സ്വന്തമായി മൊബൈല്‍ ഉപയോഗിക്കുന്നില്ല എന്നും മറ്റുള്ളവരുടെ ഫോണില്‍നിന്നാണ് വിളിക്കുന്നതെന്നുമാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സലാമുമായി അടുപ്പമുള്ള എല്ലാവരുടേയും ഫോണ്‍വിളി വിവരങ്ങള്‍ വേണ്ടിവന്നാല്‍ പരിശോധിക്കണം എന്നാണ് ഒരു ആവശ്യം. 
പുതിയ ജില്ലാ പൊലീസ് മേധാവി വന്നശേഷം വീണ്ടും സമീപത്തെ പുഴയും തോടുകളും വെള്ളക്കെട്ടുകളുമൊക്കെ അരിച്ചുപെറുക്കി അന്വേഷിച്ചിരുന്നു. കാര്‍ കണ്ടെത്താനുള്ള ഈ ശ്രമം ഫലം കണ്ടില്ല. മുങ്ങല്‍ വിദഗ്ദ്ധരുള്‍പ്പെട്ട സ്വകാര്യ ഏജന്‍സിയുടെ സഹായവും തേടി. യഥാര്‍ത്ഥത്തില്‍ ശരിയായി മനസ്സിലാക്കാതെയാണ് വെള്ളത്തില്‍ ആവര്‍ത്തിച്ച് തിരച്ചില്‍ നടത്തിയത്. അവരെ കാണാതാകുമ്പോള്‍ ജലാശയങ്ങളിലൊക്കെ തീരെ വെള്ളം കുറഞ്ഞ കടുത്ത വേനലായിരുന്നു. ആ സമയത്ത് നേവിയും ഫയര്‍ഫോഴ്സും വിശദമായ പരിശോധന നടത്തിയതുമാണ്. മുന്‍പ് നാല് പ്രാവശ്യം ഹാഷിം ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പ്രചരിച്ചിരുന്നു. അങ്ങനെയൊരു കാര്യം നേരത്തെ അറിഞ്ഞിട്ടില്ലെന്ന് ശിഹാബ് പറയുന്നു. ആത്മഹത്യയാക്കി എഴുതിത്തള്ളാന്‍ ശ്രമിക്കുന്നുവെന്ന തോന്നല്‍കൂടി ഉണ്ടായതോടെയാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിവേദനം നല്‍കാനും വാര്‍ത്താസമ്മേളനം വിളിക്കാനും മറ്റും തയ്യാറായത്. പുതുതായി വാങ്ങിയ വാഗണ്‍ ആര്‍ കാര്‍ എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്യുന്നത് നീട്ടിക്കൊണ്ടുപോയി എന്നതും ഇപ്പോള്‍ സംശയിക്കപ്പെടുന്ന കാര്യമായി മാറിയിരിക്കുന്നു. മാസങ്ങളായി താല്‍ക്കാലിക നമ്പറുമായാണ് കൊണ്ടുനടന്നത്, അതുമായാണ് പോയതും. 
കേസ് ആദ്യം അന്വേഷിച്ചത് കുമരകം പൊലിസാണ്. പെട്ടെന്നുതന്നെ കോട്ടയം വെസ്റ്റ് പൊലീസിലേക്ക് അന്വേഷണ ചുമതല മാറ്റി. എന്നാല്‍, ജില്ലാ പൊലീസ് മേധാവിയായി മുഹമ്മദ് റഫീഖ് ചുമതലയേറ്റ ശേഷം ആദ്യം അന്വേഷിച്ചിരുന്നവരെക്കൂടി ഉള്‍പ്പെടുത്തി സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചംഗ സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഹബീബയുടെ കുടുംബത്തിന്റെ സംശയങ്ങളെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥനോട് മലയാളം വാരിക ചോദിച്ചു. അവര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചൊക്കെ അന്വേഷിച്ചെന്നും പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. ''അവരെ ഏതെങ്കിലും വിധത്തിലൊന്നു കണ്ടെത്താന്‍ എല്ലാ സാധ്യതകളും നോക്കിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകം, തമിഴ്നാട് ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളിലൊക്കെ അന്വേഷണം ഇപ്പോഴും തുടരുന്നുമുണ്ട്. അവരെവിടെ, എന്തു സംഭവിച്ചു എന്ന് ഒരു സാധ്യത പറയാന്‍ പറ്റുന്നില്ല. അന്വേഷണം സജീവമാണ്'' പൊലീസ് പറയുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഹബീബയുടെ ബന്ധുക്കള്‍ പറയുന്ന കാര്യങ്ങള്‍ പൊലീസിന്റെ ഈ അവകാശവാദം തള്ളുന്ന തരത്തിലാണ്. പുതിയ ജില്ലാ പൊലീസ് മേധാവി വന്നശേഷം കുമരകം എസ്.ഐ, എ.എസ്.ഐ തുടങ്ങിയവരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണം സജീവമാക്കിയത് പ്രതീക്ഷ നല്‍കിയെങ്കിലും സലാമിന് പൊലീസിലുള്ള സ്വാധീനവും റിജു മുഹമ്മദിന്റെ ഇടപെടലുകളും കേസിനെ വീണ്ടും വഴിതെറ്റിക്കാനും യഥാര്‍ത്ഥ കുറ്റവാളികളും കൂട്ടാളികളും രക്ഷപ്പെടാനും കേസ് തെളിയക്കപ്പെടാതിരിക്കാനും ഇടയാക്കും എന്ന ഭയമുണ്ടെന്നാണ് അവര്‍ അറിയിച്ചത്. സംശയങ്ങള്‍ കാര്യകാരണസഹിതം ഉന്നയിക്കുമ്പോള്‍ അതിന് തെളിവ് എവിടെ എന്നു ചോദിച്ച് ഡി.വൈ.എസ്.പി പോലും ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ശ്രമിക്കുന്നുവെന്നും നിവേദനത്തിലുണ്ട്. ''ശരിയായ നിയമവാഴ്ചയുള്ള ഈ നാട്ടില്‍ ഹബീബയും ഭര്‍ത്താവും ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാന്‍ കഴിയാതെ വരുന്നത് വേദനിപ്പിക്കുന്നു'' എന്ന നിസ്സഹായമായ വിലാപത്തില്‍ ഒരു കുടുംബത്തിന്റെ പിടച്ചിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com