തക്‌സങ്ങ് മൊണാസ്റ്റ്‌റി: ഭൂട്ടാന്റെ ധര്‍മ്മസാരം 

മല കയറുക എന്നതല്ല, ആനന്ദപൂര്‍വം അതു പൂര്‍ത്തീകരിക്കുക എന്നതാണ്. അതിനാവട്ടെ, ശാരീരികമായ മിടുക്കിനെക്കാളേറെ മറ്റു ചിലതു കൂടി നിങ്ങളില്‍ ഊറേണ്ടതുണ്ട്- ആഷാമേനോന്റെ യാത്രയെഴുത്ത്. 
തക്‌സങ്ങ് മൊണാസ്റ്റ്‌റി: ഭൂട്ടാന്റെ ധര്‍മ്മസാരം 

മല കയറുക എന്നതല്ല, ആനന്ദപൂര്‍വം അതു പൂര്‍ത്തീകരിക്കുക എന്നതാണ്. അതിനാവട്ടെ, ശാരീരികമായ മിടുക്കിനെക്കാളേറെ മറ്റു ചിലതു കൂടി നിങ്ങളില്‍ ഊറേണ്ടതുണ്ട്- ആഷാമേനോന്റെ യാത്രയെഴുത്ത്. ചിത്രങ്ങള്‍: കെആര്‍ വിനയന്‍
 

ഭൂട്ടാനെക്കുറിച്ചുള്ള ആദ്യത്തെ പ്രേരണ എന്നാണ് ഉളവായത്? കൈലാസയാത്രയില്‍ നേപ്പാളില്‍ക്കൂടി കടന്നുപോയപ്പോഴൊന്നും ഈ സമീപസ്ഥമായ ബുദ്ധപദത്തെക്കുറിച്ച് ഓര്‍മ്മിച്ചില്ലല്ലോ. അതിനു വളരെ മുന്‍പ്, ജി. ബാലചന്ദ്രന്റെ 'നോര്‍ ബലിങ്' ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ടു വരുമ്പോഴും ഈ ഭൂപ്രദേശം എന്റെ യാത്രാസ്വപ്നങ്ങളില്‍ നിഴലിച്ചതേയില്ല. ഒരുപക്ഷേ, അക്കാലങ്ങളില്‍ എന്റെ യാത്രാത്വര തന്നെ തിരിച്ചറിഞ്ഞിരുന്നില്ല. കാടറിയാതെ കരിഞ്ഞുപോയ പൂമൊട്ട് എന്ന ജി. ബാലചന്ദ്രന്റെ പ്രതിബിംബം ഞാന്‍ മറന്നിട്ടില്ല. കാടറിയാതെ തളിര്‍ത്തുപോയ പൂമൊട്ട് എന്ന ഒരു അരുമ എന്നില്‍ ഉണരുന്നല്ലോ. അല്ലെങ്കിലും കാട് അറിയുന്നില്ല അത്തരം അസംഖ്യം കടന്നുപോവലുകള്‍, തളിരിടലുകള്‍. എല്ലാറ്റിനേയും ആഗിരണം ചെയ്തുകൊണ്ട് അത് ഏതോ നിശ്ശബ്ദതയില്‍, ജൈവതയിലും പുലരുകയാണല്ലോ. ഈ പ്രതിബിംബം സ്വീകരിച്ചെങ്കിലും ജി. ബാലചന്ദ്രന്‍ ഭൂട്ടാനിലെ കാടുകളിലേക്കോ ഏറെ വിശ്രുതമായ ഗിരിശീര്‍ഷത്തിലെ സന്ന്യാസിമഠത്തിലേക്കോ ചെല്ലുകയുണ്ടായില്ല. അദ്ദേഹം ഭൂട്ടാനിലെ കുട്ടികളെയാണ് പരിചരിച്ചത്. സംസ്‌കാരത്തിന്റെ അഭംഗുരമായ കിളിന്ത് പഠാശാലയെന്ന മിഴിയാണ് ഓതിക്കൊടുത്തതും. ജി. ബാലചന്ദ്രന്‍ പടുത്തുയര്‍ത്തിയ അടിത്തറ, പിന്നീട് എത്രയോ മലയാളി അദ്ധ്യാപകര്‍ ആ യശസ്സില്‍ത്തന്നെ നിലനിര്‍ത്തുകയുണ്ടായി- ആരും അതേക്കുറിച്ച് എഴുതിയില്ലെങ്കിലും! ആറോ ഏഴോ ദിവസം മാത്രം ഭൂട്ടാനില്‍ കഴിഞ്ഞ ഞങ്ങള്‍ക്ക് അതിന്റെ സാക്ഷ്യം കിട്ടിയല്ലോ. കേരളത്തേയും മലയാളിയേയും ഭൂട്ടാനിലെ ഭാതൃനിര്‍ഭരമായ മണ്ണില്‍ വേരുറപ്പിച്ചത് ജി. ബാലചന്ദ്രന്‍ തന്നെയാണ്, പിന്നീട് വന്നവര്‍ക്ക് അത് അങ്ങനെ തുടര്‍ന്നാല്‍ മതിയായിരുന്നു. അവര്‍, ആ ദൗത്യം കൃത്യതയോടെ നിറവേറ്റുകയും ചെയ്തു. വീണ്ടും കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ്, എന്റെ യാത്രകള്‍ ആരംഭിച്ചശേഷം രഞ്ജനയാണ് തിമ്പുവിന്റെ വശ്യതയെക്കുറിച്ച് എന്നോടു പറയുന്നത്. അപ്പോഴും അവിടെ ഉത്തംഗമായൊരു സംന്യാസിമഠം ഉണ്ടെന്നും അത് ഭൂട്ടാന്റെ അന്തസ്സത്തയായി പരിണമിച്ചിരിക്കുന്നുവെന്നും ധരിച്ചില്ല. രണ്ടു വര്‍ഷം മുന്‍പ് നാഥുലാ പാസ് വരെ ചെന്നപ്പോഴാണ് ഭൂട്ടാന്റെ ചില വിദൂര ദൃശ്യങ്ങള്‍ കണ്‍പാര്‍ക്കുന്നത്. എന്തുകൊണ്ടോ അത് അപ്രാപ്യമായി തോന്നിയില്ലെന്നതു നേരാണ്. ഇനിയൊരിക്കല്‍ എന്ന സഞ്ചാരിയുടെ പ്രതീക്ഷാബദ്ധമായ വാക്കുകള്‍ എങ്ങനെയോ മനസ്സില്‍ മുഴങ്ങിയല്ലോ. ഇതിനിടയിലാണ് സാന്ദര്‍ഭികമായി ഒ.കെ. ജോണിയുടെ ഏറെ വൈശദ്യമുള്ള 'ഭൂട്ടാന്‍ദിനങ്ങള്‍' വായിക്കാനിടയായത്. ഭൂട്ടാന്റെ സംസ്‌കാരവിശേഷങ്ങളേയും അവരുടെ മൂകവിഷാദങ്ങളേയും ഒ.കെ. ജോണി ചിത്രീകരിച്ചിട്ടുണ്ട്. ബുദ്ധനെ സംബന്ധിക്കുന്ന ഈ മൊണാസ്ട്രിയെ സംബന്ധിക്കുന്ന യോഗാത്മക ചാപം ഒഴികെ,  Mystical Arc പുസ്തകം ഇഷ്ടപ്പെടുമ്പോള്‍ത്തന്നെ, അതിലെ ഈ അഭാവം എന്റെ മനസ്സില്‍ പതിയുകയുണ്ടായി. അതിനും കുറേ മുന്‍പാവണം ആന്‍ഡുഹാര്‍വേയുടെ  Journiy in Ladakk വായിച്ചു വിസ്മയചിത്തനായത്. പ്രാര്‍ത്ഥനാ ചക്രങ്ങളുടെ മന്ദമായ തിരിച്ചില്‍ മനസ്സിലാക്കിയത്. എല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നാണോ, അതോ എല്ലാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നു എന്നാണോ ആ പ്രാര്‍ത്ഥനാ ചക്രങ്ങള്‍ എന്നെ പഠിപ്പിച്ചത്? റിന്‍പോച്ചെ എന്ന ബുദ്ധപദത്തിലെ ഗുരുനാമം, ഞാന്‍ ആ ഗ്രന്ഥത്തിലാണ് കണ്ടെത്തുന്നത്. ശോഭയാര്‍ന്ന അദ്ദേഹത്തിന്റെ വസ്ത്രവൈശിഷ്ട്യം കൊണ്ടുമാത്രമല്ല, അദ്ദേഹം ഹാര്‍വെയ്ക്ക് നല്‍കുന്ന ഒരൊറ്റ ഉപദേശത്തിന്റെ മഹസ്സുകൊണ്ടുകൂടിയാണ് റിന്‍പോച്ചെ എന്റെ മനസ്സില്‍ മുദ്രിതമായത്. ഒരു ബുദ്ധസംന്യാസിയില്‍ ജീവിതം കഴിച്ചാലെന്തെന്ന ഹാര്‍വെയുടെ ആകാംക്ഷയെ മൃദുവായി തിരുത്തിക്കൊണ്ട് റിന്‍പോച്ചെ ഇത്രയേ പറയുന്നുള്ളൂ: ആ ലൗകികത്തിലും നിനക്കു സാക്ഷാല്‍ക്കാരം തേടാം, നിന്റെ വഴി വേറൊന്നാണ്, അവിടേയ്ക്കുതന്നെ തിരിയെ പോവുക. ഒരു ബുദ്ധസംന്യാസിയാവാന്‍ മാത്രമുള്ള തൃഷ്ണ, ഹാര്‍വെയില്‍ കരുപ്പിടിച്ചിട്ടില്ലെന്ന് എത്ര ചാതുരിയോടെയാണ് റിന്‍പോച്ചെ സൂചിപ്പിക്കുന്നത്. ബുദ്ധസത്തയുടെ പ്രസരം എന്നിലേക്ക് വന്നുതുടങ്ങിയത് ആ നാളുകളിലാവണം, ഇരുപത് വര്‍ഷങ്ങള്‍ മുന്‍പ്. ബോധഗയ തൊട്ടുള്ള വിവിധ മൊണാസ്ട്രികളില്‍, ബുദ്ധവിഗ്രഹത്തിനു മുന്നില്‍ ഞാന്‍ കണ്ണീരണിഞ്ഞ് ഉപവിഷ്ടനായിട്ടുണ്ട്, അല്ലെങ്കില്‍ ഉപവിഷ്ടനായപ്പോള്‍ കണ്ണീരണിഞ്ഞിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഡാര്‍ജിലിങ്ങിലെ പ്രസിദ്ധ മൊണാസ്ട്രിയില്‍ പോലും. അന്നൊന്നും തക്‌സങ്ങ് മൊണാസ്ട്രി ലോകത്തില്‍വച്ചേറ്റം പുണ്യശൃംഗമായി തവാംഗ് പോലെയോ അതിനെക്കാളേറെയോ ഭൂട്ടാനിലെ ബുദ്ധവിഹാരത്തെക്കുറിച്ചു ഞാന്‍ അറിവുള്ളവനായില്ലല്ലോ. 

യാദൃച്ഛികമെന്നു പറയട്ടെ, കഴിഞ്ഞ വര്‍ഷം ആശയും വിനോദും ഭൂട്ടാനില്‍ ഒരാഴ്ചത്തെ സന്ദര്‍ശനം നടത്തുകയുണ്ടായി. ടൈഗര്‍ മൊണാസ്ട്രിയെക്കുറിച്ച് ഗൂഗിള്‍ ചെയ്ത പരിചയമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. കുറേ വര്‍ഷം മുന്‍പ് വിനോദ് ടിബറ്റില്‍ ചെന്നപ്പോഴൊന്നും ഇതിന്റെ പ്രാമാണ്യത്തെക്കുറിച്ച് അറിയാനിടവന്നില്ല. ഭൂട്ടാന്‍ ഒട്ടാകെ ഒരു ആകര്‍ഷണീയതയായി മാറിയെന്നു മാത്രം! മൊണാസ്ട്രിയിലേക്കുള്ള യാത്രയില്‍, പദ്മസംഭവനെക്കാളേറെ ശ്വേതതാരയുടെ കരുണാനിര്‍ഭരമായ നയനങ്ങളാണ് അവര്‍ ഉള്‍ക്കൊണ്ടതെന്നു തോന്നുന്നു. അവരെ സംബന്ധിച്ചോളം ആദ്യത്തെ ഹിമാദ്രിദര്‍ശനം കൂടിയാണ് അത്. മഞ്ഞും മേഘവും ഒളിച്ചുമാറുന്ന നീലിമകള്‍ പതുക്കെപ്പതുക്കെ മനസ്സില്‍ നിറഞ്ഞുതുടങ്ങുമ്പോള്‍ എന്തുകൊണ്ട് ഹിമാലയം ഒരുപാട് ആഗമനങ്ങള്‍ക്കു പ്രേരകമാവുന്നെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. ഹിമാലയം കണ്ടുതീരുകില്ലേ എന്ന് ഇനി അവര്‍ എന്നോട് ചോദിച്ചേക്കില്ല. ഇപ്പോള്‍, ഞാന്‍ വീണ്ടും പീറ്റര്‍ മാത്തണ്‍സണിന്റെ അനുഭൂത്യാധിഷ്ഠിതമായ ചില വെളിവുകള്‍ ഓര്‍മ്മിക്കാന്‍ തയ്യാറാവുന്നു. ഇവ്വിധം സ്വപ്നമകുടങ്ങളിലേക്കു നിങ്ങള്‍ പെട്ടെന്ന് എത്തിപ്പെടുകയല്ല. അതിനു നിശ്ചയം, ഒരു അനിവാര്യതയുടെ സ്വഭാവം ഉണ്ടായിരിക്കും. ഇതിലേക്ക് എന്നോ നിങ്ങള്‍ പൂര്‍വനിര്‍ണ്ണയം ചെയ്യപ്പെട്ടിരിക്കുന്നുവെന്നത് കാവ്യാത്മകതയല്ല. അല്ലെങ്കില്‍ എന്റെ വീടിന്റെ ഇടനാഴികയില്‍, ആശ തൂക്കിയിട്ട തുണിയിലെഴുതിയ ഹരിതതാരയുടെ ചിത്രം Green Tara എങ്ങനെയോ എന്നെ കുതുകിയാക്കിയിരുന്നു. ബുദ്ധന് ഇവ്വിധമൊരു സ്‌ത്രൈണസത്ത ഉണ്ടായതെങ്ങനെ, അഥവാ അത് എവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു എന്നൊക്കെയുള്ള ജിജ്ഞാസ എത്ര കാലമായി മനസ്സില്‍? നാളിതുവരെ സന്ദര്‍ശിച്ച ബുദ്ധവിഹാരങ്ങളിലൊന്നും കാണാതിരുന്ന സ്ത്രീകാന്തി- ചില ഉത്തരങ്ങള്‍ നാം തേടുകയല്ല, അവ നമ്മെയാണ് തേടിവരിക, യഥാസമയം. സമയമാവലിനെ നാം പൂര്‍വ്വനിര്‍ണ്ണയമെന്നു പേരു കൊടുക്കുന്നു. ഹരിതതാരയുടെ ചിത്രം വിനോദ് തിബത്തില്‍നിന്നു ശേഖരിച്ചതാണ്, അപ്പോഴും ശ്വേതതാര എന്ന ഉരുവം അവര്‍ക്ക് അപരിചിതമായിരുന്നുതാനും.

എവിടുന്നോ ഒരു പട്ടാളോദ്യോഗസ്ഥന്‍

ഭൂട്ടാനിലേക്കുള്ള കവാടം ജയ്ഗാന്‍ ആണ്, ന്യൂ ജെല്‍ പായ്ഗുരിയില്‍നിന്ന് നാലഞ്ചു മണിക്കൂര്‍ ബസ്സ് യാത്രയുണ്ട്. തീവണ്ടിമാര്‍ഗ്ഗം പോകുമ്പോള്‍ എന്നാണ് ഉദ്ദേശിച്ചത്. കൊല്‍ക്കത്തയില്‍നിന്ന് പാരോ വിമാനത്താവളത്തില്‍ പറന്നിറങ്ങുകയും ചെയ്യാം, അപ്പോള്‍. ജെല്‍ പായില്‍നിന്ന്, കൃത്യമായി പറഞ്ഞാല്‍ ഫുണ്‍ഷിലോങ്ങില്‍നിന്ന് തിമ്പു വരെയുള്ള കരമാര്‍ഗ്ഗത്തിന്റെ വിജനകാന്തി നഷ്ടപ്പെടും. വനാന്തരങ്ങളിലൂടെയുള്ള ഈ യാത്ര ഭൂട്ടാന്റെ പ്രകൃതിസമ്പത്തിലേക്ക്, പ്രകൃതി പരിരക്ഷയിലേക്ക് വേറിട്ടൊരു ആമുഖം കൂടിയാണ്. തെളിഞ്ഞ കാലാവസ്ഥയെങ്കില്‍ ഹിമാലയത്തിന്റെ വെണ്‍മപുരണ്ട ശൃംഗങ്ങള്‍ കണ്‍വെട്ടത്ത് വരും. കണ്ടില്ലെങ്കിലും ആ യാത്ര ചേതോഹരമാണ്. സമാശ്വാസവുമാണ്. ജനസാന്ദ്രത ഏറ്റം ആശാവഹമായിത്തീര്‍ന്ന ഈ വ്യത്യസ്ത ഭൂതലത്തിലേക്ക് ഒരു ക്ഷണവുമാണ്. പുറമേ ന്യൂജെല്‍ പായ്ഗുരിയില്‍നിന്ന് ജയ്ഗാന്‍ വരെയുള്ള യാത്ര സിലിഗുരി നഗരം കഴിഞ്ഞാല്‍, ഏറെ കുളിര്‍മയാര്‍ന്നതാണ്. നാല്‍പ്പതോ അതിലധികമോ കിലോമീറ്റര്‍ ദൂരം ഒരു ഋജുരേഖയില്‍ ഇരുവശവും പച്ചരാശിയില്‍ ചോളവയലുകളോ ഗോതമ്പുവയലുകളോ ആവാം. നാഷണല്‍ പാര്‍ക്കിന്റെ ശീതളിമയും ഈ വഴിയില്‍ നാം പരിചയിക്കുന്നു. നിബിഡമായ വഴിയില്‍നിന്ന് ഒരു തിരിഞ്ഞുപോവലാണിത്. ചില ഢാബകളൊഴികെ, ആള്‍വാസമുള്ളതായി തോന്നുകയില്ല. ഈ വഴി പിന്നിട്ട് അതിര്‍ത്തിയിലെത്തുന്നതോടെ നാം ക്ഷീണിതരായേക്കാം. സ്വര്‍ണ്ണനിറമാര്‍ന്ന ഒരു മകുടമാണ് ഭൂട്ടാനിലേക്കുള്ള പ്രധാനകവാടം. അപ്പുറം ഫുണ്‍ഷിലോങ്ങ്, ഇപ്പുറം ജല്‍ഗാന്‍. രണ്ടു നഗരങ്ങളും തമ്മില്‍ പ്രകടമായ വ്യത്യാസമാണ് നിങ്ങളെ പരിക്ഷീണരാക്കുക. ഇവിടെ വച്ചുതന്നെയാണ് കേരളത്തില്‍നിന്നുള്ള ഞങ്ങളുടെ 'സംഘം' നിന്ദ്യമായ ഒരു കബളിപ്പിക്കലിനു വിധേയമായത്. ഭൂട്ടാന്‍ അനുഭവത്തിന് അതു തെല്ലുപോലും ഒരു കറ വീഴ്ത്തുന്നില്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. ആതിഥ്യത്തിന്റേയും സംയമനത്തിന്റേയും ഉജ്ജ്വലപ്രതീകമായ ഈ നഗരം എന്നേയും കൂട്ടുകാരേയും ഏറ്റവും ഗാഢമായാണ് സല്‍ക്കരിച്ചത്. പക്ഷേ, ആ പ്രദേശത്തേക്കുള്ള ഇമിഗ്രേഷന്‍ കടലാസ്സുകള്‍ കിട്ടാന്‍ ഞങ്ങള്‍ വൃഥാ കിണഞ്ഞു, ഒരു വൈകുന്നേരവും ഒരു രാവിലേയും. ഗണേശ് ട്രാവല്‍സ് എന്ന ഇടനിലക്കാരാണ് ഞങ്ങളെ ഏവരേയും വ്യര്‍ത്ഥമായൊരു കാത്തുനില്‍പ്പിന് ശിക്ഷിച്ചത്. എത്രയോ എളുപ്പമായ ചില ഉപക്രമങ്ങളേ വേണ്ടൂ, ഈ കടലാസ്സുകള്‍ ശരിയാക്കാന്‍. ഗ്രൗണ്ട് എന്‍ജിനീയറിങ്ങ് ഫോഴ്‌സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സന്തോഷ് കുമാര്‍ നായര്‍, ആ കാര്യാലയത്തില്‍ ഔദ്യോഗികാവശ്യത്തിനായി വന്നില്ലായിരുന്നെങ്കില്‍, ഭൂട്ടാനും അതിലെ ശാദ്വലങ്ങളുമെല്ലാം ഏതോ അപ്രാപ്യതയില്‍ നഷ്ടമായേനെ. വിധിപൂര്‍വ്വകം എന്നു മാത്രം മനസ്സിലാക്കാവുന്ന ഒരു അവസ്ഥാന്തരമായിരുന്നു അത്. ഞങ്ങളുടെ തീര്‍ത്ഥാടനങ്ങളില്‍ ചിലപ്പോഴൊക്കെ വിശ്വസിക്കാവതല്ലാത്ത ഇത്തരം അനുഗ്രഹസന്ദര്‍ശനങ്ങള്‍ ഉളവായിട്ടുണ്ട് എന്നു മാത്രം ഒതുക്കട്ടെ. പത്തനംതിട്ടക്കാരനായ അദ്ദേഹം ഞങ്ങളില്‍ ആരുടെയൊക്കെയോ ചാര്‍ച്ചക്കാരനും സഹപാഠിയുമായി കുശലങ്ങള്‍ പറഞ്ഞുവന്നപ്പോള്‍. ഞങ്ങളെ ഒന്നാകെ തെറ്റിദ്ധരിപ്പിച്ച ഗൈഡിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുക എന്ന നടപടിയോടെ, ആ ഔപചാരികതയെ അദ്ദേഹം ഞങ്ങള്‍ക്കായി നിര്‍വഹിച്ചുതന്നു. തീര്‍ത്തും ക്ഷോഭമില്ലാതെ തന്റെ നാട്ടുകാരെ ഒന്നടങ്കം അവഹേളിച്ചതില്‍ ഒട്ടും പാരുഷ്യമില്ലാതെ അദ്ദേഹം ആ ഏജന്റുമാരെ നേരിട്ടു. ഭൂട്ടാനികളുടെ ഒരു സ്വഭാവക്രമമല്ലേ അദ്ദേഹം ഞങ്ങള്‍ക്കു പരിചയപ്പെടുത്തിത്തന്നത് എന്നുപോലും ധരിച്ചുപോയി. കര്‍ത്തവ്യം എന്നതിന് ഒരുപാട് വിശാലമായ അര്‍ത്ഥമാണ് അവര്‍ക്ക്. സഹായിക്കുകയാണെന്ന നേര്‍ത്ത ഭാവം പോലുമില്ലാതെ, സന്തോഷ് കുമാര്‍ നായര്‍, ഞങ്ങളെ ഫുണ്‍ഷിലോങ്ങില്‍നിന്നു വഴികൂട്ടി വിട്ടും, ഒപ്പം ആഹാരം വരെ പങ്കിട്ടതിനുശേഷം. ഒരു ഏജന്‍സിക്ക് പതിനഞ്ചു പേര്‍ക്കുള്ള പ്രവേശനാനുമതി മാത്രമേ ഏര്‍പ്പാട് ചെയ്യാന്‍  അവകാശമുള്ളു. ഇവിടെയാണ് ഞങ്ങള്‍ കബളിക്കപ്പെടുമായിരുന്നത്, സന്തോഷ് കുമാര്‍ നായര്‍ വന്നില്ലായിരുന്നെങ്കില്‍!

നാഗരികമായ നിശ്ശബ്ദത

ഉത്തര ഭൂട്ടാനിലേക്കുള്ള കവാടം കടന്നുടന്‍ നമുക്ക് ഒരു വ്യത്യാസം തോന്നിയേക്കാം, ഫുണ്‍ഷിലോങ്ങ് എന്ന നാമം തൊട്ട് ആരംഭിക്കുന്നു. ഇപ്പുറം ജല്‍ഗാന്‍ ആണ്, അതിന്റെ ആരവങ്ങളും വൃത്തിഹീനതകളുമാണ്. നിരത്തില്‍ അടയാളപ്പെടുത്തപ്പെട്ട സീബ്രാവരകള്‍, ഭൂട്ടാന്റെ കാര്യക്ഷമതയാര്‍ന്ന ഗതാഗത സൗകര്യങ്ങളുടെ വലിയൊരു ചിഹ്നമാണ്. കാല്‍നടക്കാരെ ഇതുപോലെ പരിഗണിക്കുന്ന മറ്റൊരു ഭൂപ്രദേശം, ഒരുപക്ഷേ, മറ്റേതെങ്കിലും പാശ്ചാത്യനഗരത്തില്‍ ഉണ്ടാവാം. നിരത്തു മുറിച്ചുകടക്കുന്ന ഒരു പദയാത്രികനു വേണ്ടി ചിലപ്പോള്‍ നിരനിരയായി വാഹനങ്ങള്‍ നിന്നെന്നുവരും! ആരും അതു പാലിക്കാതിരിക്കുന്നില്ല. ഭൂട്ടാന്റെ വിവിധ ദിശകളില്‍, വിവിധ നഗരങ്ങളില്‍ വിവിധ ജനാധിക്യങ്ങളില്‍ അത് അത്രയൊന്നുമില്ലെങ്കിലും ഇതു കൃത്യമായി നടത്തപ്പെടുന്നു. ഭൂട്ടാനില്‍ വന്നെത്തുന്ന സഞ്ചാരികളും അതു സസന്തോഷം സ്വീകരിക്കുന്നു. അവരുടെ ഭാഷയേ നമുക്കു വഴങ്ങാതുള്ളു; മറ്റെല്ലാ അനുശീലനങ്ങളും നമുക്കു വഴങ്ങുന്നവയാണ്. ഈ പ്രവേശനകവാടം തൊട്ട്, ഭൂട്ടാന്റെ തികച്ചും വിഭിന്നമായ ശീതളിമ ഒരു യാത്രികന് അനുഭവപ്പെട്ടു തുടങ്ങും. പ്രകൃതിയുടെ രുചി എന്നു ഞാനതിനെ വിശേഷിപ്പിക്കട്ടെ. സാവകാശം കഴിക്കാവുന്ന സമോസ തൊട്ട് വോഡ്ക വരെ, സാവകാശം ശ്വസിക്കാവുന്ന അന്തരീക്ഷ നൈര്‍മല്യം സര്‍വാശ്‌ളേഷിയായിരിക്കുന്നു. എഴുപത്തിരണ്ട് ശതമാനം കാടിന്റെ പുതപ്പ് വീണുകിടക്കുന്ന ഒരു ഭൂപ്രദേശം മറ്റെങ്ങനെയാവാനാണ്? ലോകത്തില്‍ വച്ചേറ്റം ഫോറസ്റ്റ് കവര്‍ സിദ്ധിച്ചിട്ടുള്ള ഹിമാലയ നഗരമാണിത്. നിര്‍ബാധം, അത് ഏഴരലക്ഷം വരുന്ന ജനതതിയെ പൊതിഞ്ഞു വര്‍ത്തിക്കുന്നു. ഒരു ഭഞ്ജനത്തിനും ഇടനല്‍കാതെ, ജനസാന്ദ്രത ഇനിയും ഇരട്ടിയാവുമ്പോഴും ഈ ഭദ്രമായ അനുപാതം തെറ്റുമെന്നു തോന്നുന്നില്ല. അവര്‍, അതില്‍ അര്‍പ്പിച്ചുകാണുന്ന നിഷ്‌കര്‍ഷ, അത്രയ്ക്കു മാറ്റുകൂടിയതാണ്. 

ഫുണ്‍ഷിലോങ്ങിലെ താഴികക്കുടം പോലത്തെ പടിവാതില്‍ കടന്നുപോവുന്നത് തിമ്പുവിലേക്കാണ്. ഭൂട്ടാനിലെ പ്രധാന നഗരങ്ങള്‍ തിമ്പുവും പാരോവും പുനാഖയും ബുംതാങ്ങുമാണ്. പാരോവിന്റെ വിമാനത്താവളം വാസ്തവത്തില്‍, ഭൂവിനിയോഗത്തിന്റെ മികച്ച മാതൃകയാണ്. ചെറിയ കോപ്ടറുകള്‍ തൊട്ട് സാമാന്യം വലിയ വിമാനങ്ങളും അവിടെ വട്ടം ചുറ്റിക്കറങ്ങുന്നത് ഞങ്ങള്‍ ആകാശത്തും റണ്‍വേയിലും കണ്ടതാണ്. ഏറ്റവും കുറവ് ഭൂമി മാത്രമേ, അത്തരം പറന്നുയരലുകള്‍ക്കും ഇറങ്ങലുകള്‍ക്കും ഉപയോഗിക്കപ്പെട്ടിട്ടുള്ളു. തിബുവില്‍ പറന്നിറങ്ങുന്നവര്‍ക്ക് നേരത്തെ സൂചിപ്പിച്ചതുപോലെ കരമാര്‍ഗ്ഗമുള്ള യാത്രയുടെ ലാവണ്യം നഷ്ടമാവുകതന്നെ ചെയ്യും. ഈ മാര്‍ഗ്ഗത്തിന് ഇരുവശത്തും മുറ്റിയ കാടുകളാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ ജനവാസ സ്ഥലങ്ങളുണ്ട്. എഴുപത്തിരണ്ടു ശതമാനം കാടിന്റെ കമ്പളമെന്നത് അങ്ങനെയാണല്ലോ അനുഭവവേദ്യമാവുക. ഞങ്ങളെ തിബുവിലേക്കു നയിച്ച ബസ്സിന്റെ സാരഥി, ഒരിക്കല്‍പ്പോലും ഹോണ്‍ ശബ്ദിപ്പിക്കുന്നില്ലെന്നു പെട്ടെന്നാണ് ശ്രദ്ധിച്ചത്. ചില വൈല്‍ഡ് ലൈഫ്  സാങ്ച്വറികളിലൂടെ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇതുപോലെ ഹോണ്‍ നിശ്ശബ്ദമാവുമെന്നു ഞാനോര്‍ത്തു. ഇവിടെ, ഏകദേശം അഞ്ചാറുമണിക്കൂര്‍ വണ്ടി ഓടിച്ചിട്ടും അവര്‍ക്ക് ഹോണ്‍ ഒരു ആവശ്യമേ അല്ലായിരുന്നു. വന്യതയ്ക്ക് നേരിയ ഒരു ഭംഗം പോലും ഈ വാഹനങ്ങളില്‍നിന്ന് ഏല്‍ക്കരുതെന്ന നിര്‍ബന്ധം. അതിന്റെ മറ്റൊരു മാനം ബോധ്യമായത്, അടുത്ത പകലില്‍  അതേ ബസ്സില്‍ തിമ്പുവില്‍ പര്യടനം നടത്തിയപ്പോഴാണ്. ഭൂട്ടാനില്‍, മോട്ടോര്‍ വാഹനങ്ങള്‍ ഹോണ്‍ ഇല്ലാതെ തന്നെ കൈകാര്യം ചെയ്യപ്പെടുന്നു, സമര്‍ത്ഥമായി, സ്‌തോഭരഹിതമായി. നാഗരികമായ നിശ്ശബ്ദതയെന്ന് ഞാന്‍ അതിനെ പുരസ്‌കരിക്കട്ടെ. Urban Soundlessness- പ്രകൃതിയെ മാത്രമല്ല, പ്രകൃതി ആശ്‌ളേഷിക്കുന്ന നഗരത്തിലും ഒരു നേര്‍ത്ത ഭഞ്ജനം പോലും ഏല്‍പ്പിക്കരുത്. ഭൂട്ടാനികളുടെ ഓരോ വ്യവഹാരങ്ങളിലും ഈ ഒതുക്കം ദര്‍ശിക്കാം. ശബ്ദം ഒരിക്കലും ഉയരാതെ, ശാന്തമായ മിതഭാഷിത്വത്തില്‍ അവര്‍ തങ്ങളുടെ നിത്യ നൈമിത്തികങ്ങള്‍ തീര്‍ക്കുന്നു. പതിനായിരം അടിയിലധികം ഉയരത്തിലുള്ള തക്‌സങ്ങ് മൊണാസ്ട്രിയുടെ പാവനച്ഛായ അവരില്‍ ഓരോരുത്തരിലും ആണ്ടുകിടക്കുന്നുവെന്നു തോന്നും. അതിന്റെ ആത്മസത്തയില്‍ ചെറിയൊരംശമെങ്കിലും അവരുടെ ജീവനില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 

സമ്പത്തിന്റെ ആനന്ദമാര്‍ഗം

ഫുണ്‍ഷിലോങ്ങിന്റെ സാന്ധ്യവെളിച്ചത്തിലാണ് ഞങ്ങളുടെ സാരഥിയുടെ വേഷവിധാനം ശ്രദ്ധിച്ചുപോയത്. എന്തോ അതിന് ഒരു ഔദ്യോഗികശൈലി ഉണ്ടെന്നു തോന്നിപ്പോയി. മറ്റു ബസ്സ് ഡ്രൈവര്‍മാരൊന്നും അവലംബിച്ചു കാണാത്ത ഒരു മേന്മ. അത് ഭൂട്ടാന്റെ രാജകീയ വസ്ത്രമാണെന്നു ധരിക്കാന്‍ കുറച്ചു സമയമെടുത്തു. ആ സാധ്യത ഉള്‍ക്കൊള്ളാന്‍ വീണ്ടും കുറച്ചു സമയം- ഭൂട്ടാന്റെ ചെറുപ്പക്കാരനായ നൃപന്റെ വസ്ത്രധാരണശൈലി ഒരു പൗരനു യഥേഷ്ടം കൈക്കൊള്ളാമെന്നത്. സമത്വബോധത്തിന്റെ എത്ര ഹൃദ്യമായ വസ്തുതയാണത്. യഥാ രാജാ, തഥാ പ്രജാ' എന്ന ആര്‍ഷവാക്യത്തിന് ഇത്തരത്തിലുള്ള ഒരു അര്‍ത്ഥലാളിത്യം എത്ര അനായാസമായാണ് ഭൂട്ടാനില്‍ പ്രാവര്‍ത്തികമാവുന്നത്? ഒരു തലേക്കെട്ടുപോലും അലംഘ്യമായ അധികാരത്തിന്റെ ചിഹ്നമായി കൊണ്ടാടപ്പെടുന്ന ഇന്ത്യ പരിചയിച്ച ഒരാളെ അത് ഒട്ടൊന്നുമല്ല അദ്ഭുതപ്പെടുത്തുക. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ അനുവദിച്ചിട്ടുള്ള ആ ദേശീയവസ്ത്രം വലിയൊരു ആദര്‍ശം വിളംബരം ചെയ്യുന്നുണ്ട്. പ്രതിശീര്‍ഷ ദേശീയ ആഹ്‌ളാദം, ദേശീയ ഉല്‍പ്പാദനം എന്നതിനു ബദല്‍- ചെമപ്പും നീലയും മഞ്ഞയും ഇഷ്ടപ്പെടുന്ന ഈ ജനത, ഒരുപക്ഷേ, ലോകചരിത്രത്തില്‍ ആദ്യമായി ആഹ്‌ളാദം ഒരു സമ്പത്തായി തിരിച്ചറിയുന്നു. ആളോഹരി വരുമാനം, ആളോഹരി ആനന്ദമായിത്തീരേണ്ടതുണ്ട് എന്നത്, അത്ര എളുതായ ഒരു തിരിച്ചറിവല്ല. ആനന്ദവും ദുഃഖവും അങ്ങനെ അളന്നെടുക്കാവതാണോ എന്ന സന്ദേഹത്തോടെയല്ല, ഈ സമീപനത്തെ കാണേണ്ടത്. തികച്ചും വ്യാവഹാരികമായ വരുമാനസങ്കല്‍പ്പങ്ങളെ മനുഷ്യമനസ്സിന് ഇമ്പമേകുന്ന ആഹ്‌ളാദസങ്കല്‍പ്പങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നു എന്ന രീതിയിലാണ്. ജീവിതത്തില്‍ ഓരോരുത്തരും അന്വേഷിക്കുന്നത് സന്തുഷ്ടിയാണെന്നിരിക്കേ, അതിന് ഒരു മൂര്‍ത്തത സമ്മാനിക്കുകയാണിവിടെ. തീര്‍ച്ചയായും ടൈഗര്‍നെസ്റ്റിലെ സംന്യാസീമഠത്തിന്റെ സഭാത്മകമായ സ്വാധീനം, ഈ വ്യതിരിക്ത സാമ്പത്തികത്തിലുണ്ട്. ജീവിതത്തെ അയത്‌നലളിതമാക്കുന്ന ഒരു  Pleasure Principle ആനന്ദതത്ത്വം കൂടിയാണത്. ഭൂട്ടാന്റെ സവിശേഷത, അവര്‍ കാര്‍ബണ്‍ നൂട്രല്‍ ആണെന്നതാണ്. Carbon Neutral അവര്‍ പുറത്തുവിടുന്ന അംഗാരാക്‌ള വാതകം മുഴുവന്‍ എഴുപത്തിരണ്ട് ശതമാനം വരുന്ന (ഈ ആവര്‍ത്തനം സഹിക്കുക) കാടിന്റെ മരതകശാഖകള്‍ വലിച്ചെടുക്കുന്നു, അന്തരീക്ഷത്തിലേക്ക് പ്രാണവായു പ്രസരിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വെറുതെ ഭൂട്ടാനില്‍ ആയിരിക്കുക, അല്ലെങ്കില്‍ തക്‌സങ്ങില്‍ ആയിരിക്കുക എന്നതുതന്നെ ഏറെ സൗഖ്യകാരിയാവുന്നത്. നമ്മുടെ സ്വന്തം വാസഗൃഹത്തിലെത്തിച്ചേരുമ്പോഴുള്ള സ്വാസ്ഥ്യം കുറേയൊക്കെ. ഭൂട്ടാനില്‍ വന്നെത്തുന്ന ഏതു സഞ്ചാരിയും ഒരു ഞൊടിയില്‍ അവിടത്തേത് ആവുന്നു. മനുഷ്യന്റെ, പ്രകൃതിയുടെ അകളങ്കമായ ആതിഥ്യം കൊണ്ടാണത്. ഭൂട്ടാന്റെ സമ്പത്ത്, സ്പൃശ്യമല്ലാത്ത ഈ മനോഭാവമാണ്. വിഷാദാത്മകമായ മുഖങ്ങള്‍ ഭൂട്ടാനില്‍ കണ്ടില്ലെന്നതു ശരിയാണ്, അതിനെ സാമാന്യവല്‍ക്കരിക്കുന്നില്ലെങ്കിലും! അതിനാല്‍ത്തന്നെ അവര്‍, അവസാനത്തെ ഷാംഗ്രിലയിലാണെന്നു തീര്‍പ്പാക്കേണ്ടതുമില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ ഭൂട്ടാനികള്‍ പറയുക, തങ്ങള്‍ ഒരു അവികസിത രാഷ്ട്രമെന്നു തന്നെയാണ്. പക്ഷേ, വികാസം, ആവതും അതിജീവനോപാധികളുമായി കോര്‍ത്തിണക്കുന്നുവെന്നു മാത്രം. Sustainable അല്ലാത്ത ഒരു പരിഷ്‌കാരവും അവര്‍ സ്വാഗതം ചെയ്യുകയില്ല. പ്രകൃതിവിഭവങ്ങളും മനസ്സിന്റെ വിഭവങ്ങളും വൈകാരികമോ അനുഭൂത്യാത്മകമോ ഒക്കെ ആണ്, ഒന്നുചേര്‍ത്തുകൊണ്ടുപോവുന്നു, അവര്‍. പാദാര്‍ത്ഥികമായ വിഭവശോഷണത്തിനൊപ്പം, പദാര്‍ത്ഥാതീതമായ വിഭവശോഷണവും ചെറുക്കപ്പെടുന്നു എന്നു താല്‍പ്പര്യം. വിറളിയെടുത്ത ഒരു മുഖം പോലും ഞങ്ങളുടെ ഒരാഴ്ചയോളം വന്ന സന്ദര്‍ശനത്തില്‍ കണ്ടതില്ല. എല്ലാവരുടേയും മുഖം അസാധാരണമാം വിധം ക്ഷോഭരഹിതമാണ്. ധര്‍മ്മസാരം സഞ്ചയിക്കപ്പെട്ട തക്‌സങ്ങ് മൊണാസ്ട്രിയില്‍ അവരില്‍ പലരും ചെന്നിരിക്കാം; അതെന്തായാലും അതിന്റെ സൂക്ഷ്മസന്ദേശം അവരില്‍ ജീവത്താണ്. സോന എന്ന രാജകീയവസ്ത്രം ധരിച്ച ഞങ്ങളുടെ സാരഥി ഇടയ്‌ക്കെപ്പോഴോ ദേഷ്യപ്പെടുകയുണ്ടായി, ഞങ്ങളോടല്ല, അയാളുടെ തന്നെ കൂട്ടാളികളോട്. പക്ഷേ, അതിലൊന്നും ഈര്‍ഷ്യ പുരണ്ടിരുന്നില്ല. ശാഠ്യരഹിതമായ ഒരു മനോഭാവം, അതു കാര്യങ്ങള്‍ സുഗമമാക്കുന്നു. 

ശരീരത്തിന്റെ ആഭ്യന്തരം

ഈ രാത്രിയിലെ തിബുവിലേക്കുള്ള ബസ്സ് യാത്ര ഒരു നിശ്ശബ്ദതുരങ്കത്തിലൂടെ പോവുന്നതുപോലെയാണ്. ഒരിക്കലും വേഗം കൂടാത്ത, തികച്ചും നിയന്ത്രണവിധേയമായ ഈ യാത്രയില്‍ നേരിയ ഒരു Jerk പോലും അനുഭവപ്പെടുകയില്ല. അന്‍പതു കിലോമീറ്ററിലധികം വേഗമില്ലല്ലോ. കാഴ്ചകളോ ശബ്ദങ്ങളോ ഒന്നുമില്ലെങ്കിലും നമുക്ക് ആ പ്രകൃതിക്ഷേത്രം ശിരസ്സില്‍ വഴിയുന്നതറിയാം. ഒരുപാട് നിര്‍മ്മലതകളുള്ള ഭൂട്ടാനിലേക്ക് ഇങ്ങനെ തന്നെയാണ് പ്രവേശിക്കേണ്ടത്. രണ്ടു മണിക്കൂറെങ്കിലും അങ്ങനെ സംഭവരഹിതമായി പ്രയാണം ചെയ്തുകഴിഞ്ഞപ്പോഴാണ് ഞങ്ങളില്‍ ഒരാള്‍, ദയനീയമായി ഛര്‍ദ്ദിക്കാന്‍ തുടങ്ങിയത്. പ്രമേഹരോഗ ബാധിതന്‍, ഇന്‍സുലിന്‍ എടുക്കാന്‍ വിട്ടുപോവല്‍, സമയാനുസാരിയായ ഭക്ഷണത്തിന്റെ അഭാവം- അങ്ങനെ എന്തൊക്കെയോ കാരണങ്ങള്‍. ഏഴെട്ടു മണിക്കൂറായി എന്തെങ്കിലും ഞങ്ങള്‍ കഴിച്ചിട്ട്. പേപ്പര്‍ ബാഗുകള്‍ കരുതിയിരുന്നതിനാല്‍ കുറേ സമാധാനമായി. അത്രയ്ക്കു തുടര്‍ച്ചയായാണ് ഛര്‍ദ്ദി ഉളവായത്.  ആ ഒരാളുടെ വൈവശ്യം എല്ലാവരേയും ചെറുതായൊന്നു അലട്ടുകതന്നെ ചെയ്തു. ഏതെങ്കിലും ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോവണമെന്ന് ആ യാത്രികന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ അല്പമൊന്നു പരിഭ്രമിച്ചുപോയി. നഗരാതിര്‍ത്തിയൊക്കെ പിന്നിട്ട് മണിക്കൂറുകളായിരുന്നു. ആഴത്തിലുള്ള കാടുകള്‍ക്കു നടുവില്‍ എങ്ങനെ, അവ്വിധം പരിചരണങ്ങള്‍ ലഭ്യമാവും? നന്നായി ഓട്ടംതുള്ളല്‍ ചൊല്ലുന്ന സരസനായ ആ മനുഷ്യന്‍, എന്തേ ഇങ്ങനെ പരവശനായിപ്പോയത്? മുന്‍കരുതലുകളുടെ പോരായ്മ എന്നൊക്കെ പറയാം. മരുന്നുകളും യാത്രകളും നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു, സമയത്തു കഴിക്കേണ്ടിയിരിക്കുന്നു. മാനസ സരോവര്‍ യാത്രയ്ക്കുവരെ, അവര്‍ അതു വ്യക്തമാക്കാറുണ്ട്. നിങ്ങള്‍ മരുന്നു ശീലിക്കുന്നവരാണെങ്കില്‍ അതു വേണ്ട അളവില്‍ കരുതുക; കാരണം പതിനയ്യായിരം അടി ഉയരത്തില്‍ നിങ്ങള്‍ക്ക് അതൊന്നും കിട്ടുകയില്ല. മരുന്നു കഴിക്കുന്ന പ്രകൃതമായതുകൊണ്ടുമാത്രം നിങ്ങള്‍ ഈ യാത്രയ്ക്ക് അയോഗ്യരാവുന്നുമില്ല. അതു യഥാവിധി അകത്തേക്കു ചെല്ലുമ്പോള്‍, നിങ്ങള്‍ യോഗ്യരാവുന്നു. നമ്മുടെ ശരീരത്തിന്റെ ആഭ്യന്തരം നാം തന്നെയാണ് നിവൃത്തിക്കേണ്ടത്. ആരുടെയോ കൈയില്‍ അയമോദകഗുളിക ഉണ്ടായിരുന്നത് കുറച്ച് ആശ്വാസകരമായി- ആ മനുഷ്യനു മാത്രമല്ല, കൂടെയുള്ള ചിലര്‍ക്കും. ഛര്‍ദ്ദി പലപ്പോഴും അടുത്തുള്ള ആളിലേക്കു പകര്‍ന്നെന്നിരിക്കും. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹോട്ടല്‍ കണ്‍വെട്ടത്തു വന്നു. അതിനിടയില്‍ മഴ ചാറിത്തുടങ്ങിയിരുന്നു. ഗഌസ്സ് കയറ്റിയ ബസ്സില്‍ വാതാനുകൂലിയല്ലാത്ത, കുറേ നേരം ഇരിക്കുന്നത് അത്ര സുഖകരമല്ല, ഈ വൈവശ്യത്തിനിടയ്ക്ക്. കഫ്റ്റീരിയയില്‍, ഒന്‍പതര കഴിഞ്ഞതിനാലാവണം, കോഫി മാത്രമേ കിട്ടാനുള്ളു. നാല്‍പ്പതു രൂപ,  ഒരു കപ്പ് നെസ്‌കഫേയ്ക്ക് അധികമായിരിക്കാം, പക്ഷേ, ആ ചുറ്റുപാടില്‍ അത് ഏറെ ഉതകുന്ന ഒന്നായി. പക്ഷേ, ഛര്‍ദ്ദിച്ചു വശംകെട്ട ആള്‍ പുറത്തിറങ്ങാന്‍പോലും തയ്യാറായില്ല. വീണ്ടും മൂന്നു മണിക്കൂര്‍ അതേ നിസ്സഹായതയില്‍. തിബുവില്‍ ചെല്ലുന്നവരേയ്ക്കും ഒരിറക്കു വെള്ളം പോലും കഴിച്ചില്ല. അവിടെ ആ പാതിരാത്രി, ഏതോ ഡോക്ടറെ കണ്ടുപിടിച്ച് Drip ഉം  Saline ഉം കൊടുത്ത് റിവൈവ് ചെയ്യേണ്ടിവന്നു. മുന്‍പൊരിക്കല്‍ ആന്റിയോപ്‌ളാസ്റ്റി ചെയ്തതാണെന്നു സമ്മതിച്ചപ്പോഴാണ്, ഞങ്ങള്‍ ആ ബസ്സില്‍ അഭിമുഖീകരിച്ച പ്രതിസന്ധി എത്ര ഗുരുതരമായിരുന്നെന്നു ബോധ്യപ്പെട്ടത്. ഏതായാലും, ആ പാതിരാത്രിയിലെ ചികിത്സയ്ക്കുശേഷം കുഴപ്പങ്ങളൊന്നുമുണ്ടായില്ല. തക്‌സങ്ങ് മൊണാസ്ട്രിയിലേക്കു വന്നെങ്കിലും പര്‍വതാരോഹണത്തില്‍നിന്ന് ആ മനുഷ്യന്‍ സ്വയം പിന്‍വാങ്ങുകയായിരുന്നു. 

ബുദ്ധശൃംഗത്തിലെ പ്രസാദം
 
ഞാന്‍ ഭൂട്ടാനിലേക്ക് പോവുകയാണെന്നറിയിച്ചപ്പോള്‍ സക്കറിയയുടെ എസ്.എം.എസ്, ടൈഗര്‍ മൊണാസ്ട്രിയയെക്കുറിച്ചായിരുന്നു. ഒരു കാരണവശാലും അതു കയറാതെ വരരുത്. പിന്നെ ഭൂട്ടാനെക്കുറിച്ച് Great People, Great Dogs- ഇത്രയും. ഭൂട്ടാനിലെ നായ്ക്കള്‍ക്ക് എന്തോ ഒരു ആകര്‍ഷണീയതയുണ്ട്. കലഹസ്വഭാവികളല്ലാത്തതിനാലാവണം; സംപുഷ്ടമായ ശരീരം എങ്ങനെയാണ് അവര്‍ പോറ്റപ്പെടുന്നത്? പകലുകളില്‍ നിശ്ശബ്ദം മരുവുന്ന ഈ മൃഗങ്ങള്‍ രാത്രിയായാല്‍ ഓരിയിടാന്‍ ഒട്ടും മോശമല്ല. തുറന്ന പ്രദേശങ്ങളായതിനാല്‍ തിമ്പുവും ബുംതാങ്ങും ഒക്കെ അതിന്റെ മാറ്റൊലികള്‍ വഹിക്കുന്നു. മറ്റു കാര്യങ്ങളിലെന്നപോലെ നായ്ക്കളെ വളര്‍ത്തുന്നതില്‍ ഭൂട്ടാനിലെ പ്രജകള്‍ കണിശമായി നിയമങ്ങള്‍ പാലിക്കുന്നു. കൃത്യമായി അതു ഞങ്ങള്‍ക്കു നേരിടാന്‍ കഴിഞ്ഞല്ലോ. തിബുവില്‍ ഷോപ്പിങ്ങിനിടയ്ക്ക് ഞങ്ങളുടെ കൂട്ടത്തില്‍ അഭ്യസ്തയായ ഒരു യുവതിയെ ഏതോ ഭൂട്ടാനി സ്ത്രീയുടെ വളര്‍ത്തുനായ ഒന്നു വെറുതെ കമ്മി. സ്വെറ്ററിനു പുറത്തായതുകൊണ്ട്, അതു പോമേറനിയന്‍ ആയിരുന്നതിനാലും അതിന്റെ ഒരടയാളവും പതിഞ്ഞില്ല. പക്ഷേ, നായ്ക്കളോട് അനുഭാവമൊന്നും ഇല്ലാത്ത നമ്മുടെ യുവതി അതേക്കുറിച്ചു തര്‍ക്കം ഉന്നയിച്ചു. സമീപത്തുള്ള ആശുപത്രിയില്‍ ഡോക്ടര്‍ കൈ പരിശോധിച്ച് ഉറപ്പ് നല്‍കിയിട്ടും അവരുടെ ശങ്ക നീങ്ങിയില്ല. ബുദ്ധിമോശം കൊണ്ടാവണം, അവര്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ചെല്ലാനും കേസ് രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെട്ടു. അപ്പോഴാണ് ആ ഭൂട്ടാനി തന്റെ പെറ്റ് ഡോഗിന്റെ വാക്‌സിനേഷന്‍ സംബന്ധിക്കുന്ന കടലാസ്സുകള്‍ പുറത്ത് എടുത്തത്. അവരുടെ മൊബൈലില്‍ ഉണ്ടായിരുന്നതാണ്! സധൈര്യം അവര്‍ കേസിന് ഒരുങ്ങിയതോടെ ഞങ്ങളുടെ കക്ഷി വെട്ടിലായി. എങ്ങനെയൊക്കെയോ മാപ്പ് പറഞ്ഞാണ് ഊരാക്കുടുക്കില്‍നിന്നു രക്ഷ നേടിയത്. ആറു ദിവസത്തേയ്ക്കു മാത്രമുള്ള എന്‍ട്രി പെര്‍മിറ്റ് വെച്ച് കൈയില്‍ ഒരു മറുവാദവുമില്ലാതെ എന്തു നിയമപോരാട്ടം? നായ്ക്കളെ ഭൂട്ടാനിസ് വെറുതെ ഓമനിക്കുക മാത്രമല്ല, അവയ്ക്ക് ഒരു കുടുംബാംഗത്തോടുള്ള എല്ലാ പരിഗണനയും നല്‍കുക കൂടി ചെയ്യുന്നു. ബുദ്ധധര്‍മ്മമനുസരിച്ച് എല്ലാ ജീവനുകളും ആദരവ് അര്‍ഹിക്കുന്നു. മനുഷ്യന്റെ ഭാഗത്തുനിന്ന് മനുഷ്യന്‍ പരിണാമശ്രേണിയില്‍ ജീവധര്‍മ്മമനുസരിച്ച് ഉയര്‍ന്നതാകയാല്‍. ഹിംസ, ഒരു ഷഡ്പദത്തെയായാല്‍പ്പോലും അനുവദനീയമല്ല എന്നതിനു പുറമെ, ഓരോ പ്രാണിയേയും പുനരധിവസിപ്പിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനുമാണ്. മനുഷ്യജീവിതത്തിന് അവ ഒരിക്കലും തടസ്‌സങ്ങളല്ല, എങ്ങനെയോ പൂരകങ്ങളാണ്. 'ടൈം ഇന്‍ ടിബറ്റ്' എന്ന ഗ്രന്ഥത്തില്‍ കാടിയാനോ ബാസ് ആണ് ഗ്രന്ഥകര്‍ത്രി, ബുദ്ധമതാനുയായികളുടെ മഹാധ്യാനവേളയില്‍ വിഹാരങ്ങളില്‍ യഥേഷ്ടം കയറിയിറങ്ങുന്ന നായ്ക്കളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു ലാമയും അവയെ വിലക്കുകയില്ല, ഓട്ടിപ്പായിക്കുകയില്ല. മന്ത്രങ്ങള്‍ എത്ര വിശുദ്ധങ്ങളായാലും നായ്ക്കളോ മറ്റു ജീവികളോ അതിനെ അപവിത്രമാക്കുകയില്ല. നായ്ക്കളുടെ പുണ്യജന്മത്തെക്കുറിച്ച് ഏറ്റവും പൗരാണികമായ കഥാമൂലങ്ങള്‍, ഹൈന്ദവസംഹിതയിലുണ്ട്. സരമതൊട്ട് യുധിഷ്ഠിരന്റെ അവസാനത്തെ അനുയായിയായ ധര്‍മ്മസ്വരൂപി വരെ. ഇവിടുത്തെ നായ്ക്കള്‍, തീര്‍ച്ചയായും ഓമനത്തമുള്ളവ, തീര്‍ത്തും നിരുപദ്രവികളാണെന്നു ഞാന്‍ ധരിച്ചെങ്കിലും, അത് അങ്ങനെയല്ലെന്ന് ചില സന്ദര്‍ശകര്‍ അഭിപ്രായപ്പെടുകയുണ്ടായി. Stay Away From Them എന്ന് അല്‍പ്പം പരുഷമായി അവര്‍ പറഞ്ഞത്, എന്നെ രസിപ്പിക്കുകകൂടിയുണ്ടായി. ഭൂട്ടാനില്‍ ചില ഹര്‍മ്മ്യങ്ങളില്‍ ഞാന്‍ കണ്ട ഒരു പോസ്റ്റര്‍ ഓര്‍ത്തുപോയി. Be Aware of Dog. ഈ ഭൂമുഖത്തെ ഓരോ ജീവിയെക്കുറിച്ചും നല്‍കേണ്ടുന്ന നിര്‍ദ്ദേശമാണത്, Bewa-re  എന്നതിനു പകരം!

തിമ്പുവില്‍ എത്തുമ്പോള്‍ രാത്രി പന്ത്രണ്ടര മണിയായിരിക്കുന്നു. രണ്ടു ഹോട്ടലുകളിലായാണ് താമസം ശരിയായിട്ടുള്ളത്. ശുചിത്വമുള്ള ആ അന്തരീക്ഷത്തില്‍ ഒരു ഫുള്‍സ്വെറ്ററിന് ഉള്ള തണുപ്പേ അനുഭവപ്പെട്ടുള്ളൂ. വിശപ്പുണ്ടായിരുന്നെങ്കിലും ഉറങ്ങാനാണ് തോന്നിയത്. ഫാനിന്റേയോ എസിയുടേയോ ആവശ്യമില്ലാത്ത വിശാലമായ മുറികള്‍. അവിടെ വൈഫൈ ഏറ്റം പ്രവര്‍ത്തനക്ഷമമാണെന്നത് ആശ്ചര്യമായിരുന്നു. ഫുണ്‍ഷിലോങ്ങ് വിട്ടുകഴിഞ്ഞാല്‍ ഭൂട്ടാനിലെ സിം എടുക്കേണ്ടതുണ്ട്; ഇന്ത്യയിലേക്ക് സംസാരിക്കാന്‍. പക്ഷേ, വൈഫൈ എല്ലാ അതിരുകളേയും ലംഘിച്ചുകൊണ്ട് നല്ല വ്യക്തതയില്‍ മൊബൈല്‍ സംഭാഷണങ്ങള്‍ സാധ്യമാക്കുന്നു. ആരും ഇഷ്ടപ്പെട്ടുപോവുന്ന ഒരു നാഗരികതയാണ് തിമ്പു, പാരോവും. വൃത്തിയായ ചുറ്റുപാടുകള്‍തന്നെ പ്രഥമ കാരണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുക നിശ്ശബ്ദതയാവും. ഏതോ വിദൂരമായ ഒരു ഗ്രീഷ്മകാല വസതിയിലെന്നപോലെ നാം. കിളിച്ചൊല്ലുകള്‍പോലും ഏറെ പതുക്കെയാണ്. കാടുകളില്‍നിന്നു നഗരാന്തികത്തിലേക്ക് കിളികള്‍ പറന്നുവരാത്തതാണോ? കിളികള്‍ക്കും മൃഗങ്ങള്‍ക്കും ശലഭങ്ങള്‍ക്കുമൊക്കെ. അവയുടെ ആവാസസ്ഥാനങ്ങളില്‍ തെല്ലും ഭീഷണിയില്ലല്ലോ. അന്നു പകല്‍ ബുദ്ധ പോയിന്റ് അഥവാ ബുദ്ധസ്ഥാനം കണ്ടു വരുമ്പോഴാണ് ഭൂട്ടാനിലെ മ്യൂസിയത്തില്‍ കയറാനിടയായത്. 151 അടി ഉയരത്തിലുള്ള കൂറ്റന്‍ ബുദ്ധശില്‍പ്പവും അവിടെ പ്രതിരോധമില്ലാതെ വീശിക്കൊണ്ടിരുന്ന കാറ്റും ഉള്‍ക്കൊണ്ടതിന്റെ വിസ്മൃതിയിലായിരുന്നു ഞങ്ങള്‍. ഭൂട്ടാനിലെ നൃത്തരൂപങ്ങളുടെ, മൃഗങ്ങളുടെ മുഖംമൂടിയണിഞ്ഞ നൃത്തരൂപങ്ങളുടെ ശേഖരത്തിനൊപ്പം കിളികളുടെ സ്വരമാധുരി പിടിച്ചെടുത്ത ഒരു വീഡിയോ കണ്ടു. ഏതാണ്ട് അരമണിക്കൂര്‍ നീളുന്ന ആ വീഡിയോവില്‍ കണ്ട കിളികള്‍ നിരവധിയാണ്, അവയുടെ വൈവിധ്യമാണ്. അതുപോലെ ചിത്ര ശലഭങ്ങളും; അങ്ങനെ ഒരു മ്യൂസിയം കണ്ടില്ലായിരുന്നെങ്കില്‍, ഈ കിളിക്കൊഞ്ചലുകളും ശലഭവിസ്മയങ്ങളും അറിയാതെ പോയേനെ. അവയ്ക്ക് ഒരുപക്ഷേ, ഭഞ്ജനമേല്‍ക്കാത്ത കോടരങ്ങളുണ്ടാവാം, അതില്‍നിന്നു പുറത്തേക്കു വരേണ്ട ആവശ്യമേ ഇല്ലായിരിക്കാം. കാടുകള്‍ക്കിടയിലൂടെയുള്ള യാത്രയില്‍ വല്ലപ്പോഴുമാണ് ഒരു കിളിയുടെ ശ്രുതി കേള്‍ക്കാനായത്. ബുദ്ധസ്ഥാനം, തിബുവിലെ ഹൃദയഹാരിയായ ഒരു ദൃശ്യമാണ്. നഗരത്തില്‍നിന്ന് പതിനഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളു. ബുദ്ധന്റെ ലോഹത്തിലുള്ള സ്വര്‍ണ്ണവര്‍ണ്ണശില്‍പ്പം ഏറ്റവും വലുതാണെന്നു പറയപ്പെടുന്നു. ഡാര്‍ജിലിങ്ങില്‍ പണിതുവരുന്ന ശില്‍പ്പം പൂര്‍ത്തിയായാല്‍ അതാവും ഏറ്റവും വലുപ്പം കൂടിയത്. കുന്നിനു മുകളില്‍ ദൂരെനിന്നു കാണാവുന്ന വിധം നിര്‍വഹിക്കപ്പെട്ട ഈ ശില്‍പ്പത്തിന്റെ നയനങ്ങള്‍ എന്തുകൊണ്ടോ എന്നെ അലട്ടിയല്ലോ. കരുണ ചുരക്കേണ്ട കൃഷ്ണമിഴികളില്‍ ചെറിയ ഒരു അനുപാതരാഹിത്യം. സാരനാഥ് തൊട്ട് കണ്ട് പരിചയിച്ചതാണ് ആ നനവാര്‍ന്ന ചക്ഷുസ്സുകള്‍, വിവിധ മൊണാസ്ട്രികളില്‍. ഇവിടെ, എന്തുകൊണ്ടോ അതു സംഭവിച്ചില്ല. നോക്കിയാല്‍ മിഴി തറഞ്ഞുപോവുന്ന ഒരു പവിത്രം, ആ വിഗ്രഹങ്ങളിലൊക്കെയും അനുഭവപ്പെട്ടിരുന്നല്ലോ. ശ്രാവണബെലഗോളയിലെ കൂറ്റന്‍ ശില്‍പ്പം ഓര്‍ത്തതിനാലോ, നിശ്ചയമില്ല. എല്ലാ വലിയ ശില്‍പ്പങ്ങളുടേയും പ്രാരംഭം ആ ബാഹുബലിയില്‍ നിന്നാണല്ലോ- മുപ്പതിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ അഭിഷേകം ഇന്ദിരാ ഗാന്ധി നിറവേറ്റുമ്പോള്‍ (ഹെലികോപ്റ്ററില്‍) ദക്ഷിണേന്ത്യയില്‍ത്തന്നെ ഏറ്റവും മഹത്തായ ഒരു പ്രതിഷ്ഠയായിരുന്നു, അത്. അപാരമായ വടിവില്‍, അപാരമായ അനുപാതഗാംഭീര്യത്തില്‍- വര്‍ദ്ധമാനന്‍ ഒരിക്കലും അതില്‍ സന്തുഷ്ടനായിരിക്കില്ലെങ്കിലും! അവിടുന്നാണ്, കൂറ്റന്‍ ശിലാബിംബങ്ങളോടുള്ള ആധുനിക മനുഷ്യന്റെ ഉന്മുഖത തീക്ഷ്ണമായത്. ഡാര്‍ജിലിങ്ങിലെ ബുദ്ധന്‍, സിംലയിലെ ഹനുമാന്‍- വിശാലമായ ആ പര്‍വതാഗ്രത്തില്‍ ചെറിയൊരു വിഗ്രഹം തച്ചുശാസ്ത്രപരമായി ഒരു പൊരുത്തക്കേടാവാം. ബുദ്ധപ്രതിമയെ. ബുദ്ധന്റെ സ്‌ത്രൈണാവതാരങ്ങളെ ചൂഴ്ന്നു മരുവുന്ന സ്ഥലത്തിനും അവിടുത്തെ പടവുകള്‍ക്കും എല്ലാം അതിന്റേതായ അളവുകളുണ്ടല്ലോ. അപ്പോള്‍, ശില്‍പ്പം വലുതായേ തീരൂ, അതിന്റെ വടിവുകളും. സ്ഥലത്തിന്റെ വ്യാപ്തിയെക്കുറിച്ചു പറഞ്ഞപ്പോഴാണ്, ആ മലമുകളിലെ അനുസ്യൂതമായ കാറ്റിന്റെ പ്രസാദം വീണ്ടും ഓര്‍മ്മിക്കുക. പടവുകള്‍ കയറുന്തോറും കാറ്റിന് ഊക്കു കൂടുന്നു. തെളിഞ്ഞ നീലിമയ്ക്കു കീഴെ, സ്വര്‍ണ്ണം ചിതറുന്ന ബോധിസത്വനേയും നോക്കി അങ്ങനെ നിന്നുപോവും. ആ ധര്‍മ്മശാസനകള്‍ കുറേയൊക്കെ പരിപാലിക്കപ്പെടുന്ന ഒരു ഭൂപ്രദേശത്ത് അതിന് ഒരു സാധുതയുണ്ട്. ഈ ബുദ്ധവിഹാരത്തിന്റെ അകമേ ഗാഢമായ നിശ്ശബ്ദതയാണ്, ഒരു മണിയൊച്ചയും ഭേദിക്കാത്തത്. കാറ്റിന്റെ മുഴുക്കമൊന്നും അകത്തേക്കില്ല. തിരക്കുകളൊന്നുമില്ലാതെ തീര്‍ത്ഥം തരുന്ന ഒരു ബുദ്ധസംന്യാസി മാത്രം. ദക്ഷിണയെക്കുറിച്ച് അവര്‍ ആലോചിക്കുന്നേയില്ല, നിങ്ങള്‍ക്കു വേണമെങ്കില്‍ എന്തെങ്കിലും അര്‍പ്പിക്കാം. ഭൂട്ടാനിസ് കറന്‍സിക്ക് ഒപ്പം ഇന്ത്യന്‍ കറന്‍സിയും അവിടെ കണ്ടു. ബുദ്ധന്റെ കാലത്തേക്ക് മടങ്ങിപ്പോവണമെങ്കില്‍; 2500 ബി.സി വെറുതെ ആ വെണ്ണക്കല്ലില്‍ ഇരുന്നാല്‍ മതി, പദ്മാസനത്തില്‍ ഒന്നും ആവണമെന്നില്ല. ബോധഗയയും ഉഷ്ണീഷവും അജന്തയിലെ ശില്‍പ്പങ്ങളുമെല്ലാം ചിലപ്പോള്‍, മനസ്സിലൂടെ കടന്നുപോയെന്നിരിക്കും. ആരും, ഒന്നിനും നിങ്ങളെ നിര്‍ബന്ധിക്കുന്നില്ല. സ്വയം കൂമ്പിപ്പോവാന്‍ ഒരു അന്തരീക്ഷം സംജാതമാവുന്നു, അത്രമാത്രം. 

കിളിച്ചൊല്ലുകളെക്കുറിച്ചു പരാമര്‍ശിച്ചല്ലോ, ഭൂട്ടാനിലെ ദേശീയ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടവ- ഒരു കൊച്ചുരാജ്യത്തിന്റെ കൊച്ചുസാംസ്‌കാരിക പരിച്ഛേദങ്ങളാണവ. മുഖംമൂടികളുടെ ഒരു നിരതന്നെ ഇവിടുണ്ട്; മൃഗങ്ങളുടേത്. ഇവ അണിഞ്ഞുകൊണ്ടുള്ള ഭൂട്ടാനീസ് നൃത്തരൂപങ്ങള്‍ എത്രത്തോളം ആകര്‍ഷകമാവുമെന്ന് അറിഞ്ഞുകൂടാ. സിംഹത്തിനും ചെന്നായയ്ക്കും കഴുതയ്ക്കും കുറുക്കനും മാനിനും എല്ലാം ഓരോ വിശേഷണം ചാര്‍ത്തിക്കൊടുത്തിരിക്കുന്നു. വജ്രയാന ബുദ്ധിസത്തില്‍ മഹായാന ബുദ്ധിസത്തിന്റെ കാരുണ്യപഥം ഉള്‍ച്ചേര്‍ന്നുവന്നതാണ് ഇവ. ചാന്ദ്രമാസത്തിന്റെ പത്താംദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളാണ് ഈ നൃത്തങ്ങള്‍. പദ്മസംഭവന്റെ ജന്മദിനാഘോഷം വജ്രയാനബുദ്ധിസം ഈ ഗിരിപാര്‍ശ്വങ്ങളിലേക്ക് ഉദ്ദേശ്യം എട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ചത്. പദ്മസംഭവനാണെന്ന് ചരിത്രം. മൃഗങ്ങളെ മനുഷ്യന്റെ സഹചാരികളായി പരിഗണിക്കുന്നുവെന്നതാണ് ഇതിന്റെ പൊരുള്‍. ബോധിസത്വന്റെ വേറൊരു പേരാണ് പദ്മസംഭവന്‍- ഈ കാരുണ്യവാനാണ്, തിന്മയുടെ  ശക്തികളെ ഉന്മൂലനം ചെയ്തുകൊണ്ട് ഒരു കടുവയുടെ മുകളിലേറി തക്‌സങ്ങ് വരെ ചെന്നത്. ഈ നൃത്തം ഒരു ആധ്യാത്മികാനുഭവമാണെന്ന് ഭൂട്ടാനിസ് സാക്ഷ്യപ്പെടുത്തുന്നു. സംഗീതത്തിന്റെ സങ്കീര്‍ണ്ണസ്ഥായികള്‍ പരിചയിച്ച ഒരു മനസ്സിന് ഇത് എത്ര പ്രചോദകമാവുമെന്ന് തിട്ടയില്ല. നാടോടി കലാരൂപങ്ങള്‍ക്ക് അവയുടേതായ ഒരു ചന്തമുണ്ടെന്നു മാത്രം. പാരോവില്‍വച്ച്, തികച്ചും ആകസ്മികമായി ഞങ്ങള്‍ തങ്ങിയ ഹോട്ടലില്‍ Gayzella, ഒരു നൃത്തപ്രദര്‍ശനം കാണാനിടയായി, തക്‌സങ്ങ് മൊണാസ്ട്രിയിലേക്ക് പോവുന്നതിന്റെ തലേന്ന്. 

തക്‌സങ്ങില്‍നിന്ന് തൃശ്ശിലേരി- ഒരു പട്ടുപാത

തിമ്പുവില്‍ ഞങ്ങള്‍ പാര്‍ക്കാനിടയായത്, അല്‍പ്പം വിചിത്രമായി തോന്നാം, തക്‌സങ്ങ് എന്ന പേരുള്ള ഹോട്ടലിലാണ്. വൈഫൈ സൗകര്യങ്ങള്‍ ഉള്ളപ്പോഴും അതിന്, ആ പൗരാണികമായ പേര് തികച്ചും യോജിക്കുന്നതായി തോന്നി. അതിനു മുന്നിലാണ് ലെ മെരിഡിയന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍, എങ്കിലും ഇതിന്റെ അനാര്‍ഭാടത നാം പെട്ടെന്ന് ഇഷ്ടപ്പെട്ടേയ്ക്കാം. കെ.ആര്‍. വിനയനും സുസ്‌മേഷും ഉള്‍പ്പെടുന്ന മാതൃഭൂമി സംഘം എന്നോടൊപ്പം യാത്രയ്ക്ക് ഒരുങ്ങിയത് പെട്ടെന്നാണ്; വിനയന്‍ നേരത്തെ സമ്മതിച്ചിരുന്നെങ്കിലും. ഞങ്ങള്‍ ഒരുമിച്ച് ഈ ഹോട്ടലിലാണ് രണ്ടു മൂന്നു ദിവസം പാര്‍ത്തത്. ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയ്ക്ക് വിനയന്റെ ചടുലത ബോധ്യപ്പെട്ടത്, ഈ യാത്രയുടെ ചില അപൂര്‍വ സന്ദര്‍ഭങ്ങളിലാണ്. അലസമായി ഉറക്കം തൂങ്ങിയിരിക്കുമ്പോഴാവും ഒരു വ്യത്യസ്ത ദൃശ്യത്തിന്റെ സാധ്യത വിനയന്‍ തിരിച്ചറിയുക. അങ്ങനെ ഒന്ന് അടുത്തുവരുന്നു എന്ന മുന്നറിവ് വിനയനില്‍ ഒരു സഹജാവബോധം പോലെയാണ് കിനിയുക. ഒരൊറ്റ ഞൊടി, ആ ദൃശ്യം Capture ചെയ്തുകഴിഞ്ഞിരിക്കും. ക്ഷമാപൂര്‍വമായ കാത്തിരിപ്പല്ല, ദൃശ്യത്തെ അവിശ്വസനീയ വേഗത്തില്‍ റാഞ്ചലാണ് വിനയന് ഈ കല. Grasping it in Immediacyþ പക്ഷികളെ തിരഞ്ഞ് വിനയന്‍ കാടുകളിലേക്കു ചെന്നിട്ടുണ്ടോ എന്ന് അറിയില്ല. ചെന്നിരിക്കാന്‍ ഇടയില്ല. വിനയന്റെ ഛായാചിത്രങ്ങള്‍ക്കു തനതായ ഒരു ഗരിമയുണ്ട്. എന്റെ ഹിമാചലിന്റെ നിസ്സാന്ത്വനങ്ങളെ ശബളമാക്കിയത്, വിനയന്റെ മറ്റേതൊക്കെയോ സന്ദര്‍ഭങ്ങളില്‍ എടുത്ത ഫോട്ടോഗ്രാഫുകളാണ്. പക്ഷേ, അവ എന്റെ ആഖ്യാനങ്ങളുമായി യോജിച്ചുവന്നത്, ഞങ്ങള്‍ ഒരുമിച്ചാണ് യാത്ര ചെയ്തതെന്നു തോന്നിപ്പിക്കും വിധം ആശ്ചര്യകരമായിരുന്നു. ഔപചാരികത തീണ്ടാത്ത വിനയനെ നിങ്ങള്‍ എളുപ്പം ഇഷ്ടപ്പെടുന്നു, നിങ്ങള്‍ക്കും ആ അനൗപചാരികത ഉണ്ടെങ്കില്‍. വെറും ഒരു മണിക്കൂര്‍ കൊണ്ടുള്ള പരിചയത്തിലാണ് വിനയന്‍ പാലക്കാട് നിന്ന് ഇവിടെ എന്റെ വീട്ടില്‍ വന്നെത്തിയതും അത്താഴം കഴിച്ചതും- നിങ്ങള്‍ ചിരിക്കില്ലെങ്കില്‍, ആ അത്താഴം എന്തെന്നു പറയാം, കടുക് വറുത്തിട്ട കൊഴുക്കട്ടയും ചട്ണിയും- രാത്രി കുറേനേരം സംസാരിച്ചിരുന്നതും. ആദ്യമായിട്ടാണ് വിനയന്‍ ഇവിടെ വരുന്നതെന്ന് എനിക്കോ വിനയനോ തോന്നിയില്ലെന്നതാണ് വാസ്തവം. വ്യത്യസ്തങ്ങളായ താവളങ്ങള്‍ തേടിപ്പോവുന്ന ഒരു യാത്രികന്റെ ലാഘവത്വമാണത്. സ്വയം ഒരു പകുക്കല്‍ കൂടിയാണത്, ഒരു രീതിയിലുള്ള കരുതലുകളും ആവശ്യമില്ലാത്ത ചങ്ങാത്തം. 

ബുദ്ധശൃംഗത്തില്‍നിന്നു തിരിച്ചുവന്ന സായാഹ്നത്തില്‍ ഞങ്ങള്‍ വെറുതെ ഭൂട്ടാന്റെ വെടുപ്പാര്‍ന്ന തെരുവുകളിലേക്കിറങ്ങി. സാവധാനം എന്നു പറയേണ്ടതില്ല, അത്, ആ ഭൂഭാഗത്തിന്റെ ഒട്ടാകെയുള്ള ശീലാണ്. ആര്‍ക്കും ഒന്നിനും ഒരു തിരക്കില്ല, ബദ്ധപ്പാടില്ല. തക്‌സങ്ങ് ഹോട്ടലിന് അടുത്തുള്ള ഒരു  curios വെറുതെ കയറിയതാണ്, ബുദ്ധന്റെ ശ്രുതിഭാജനം കാണുമെന്നോര്‍ത്തില്ല. പദ്മസംഭവന്റെ ചെറിയൊരു വിഗ്രഹം കിട്ടിയാല്‍ കൊള്ളാമെന്ന് ആശിച്ചിരുന്നു. വിഗ്രഹം കണ്ടെങ്കിലും അതിന്റെ മിഴികള്‍ എന്നെ നനച്ചില്ല. പക്ഷേ, ശ്രുതിഭാജനം, വിനയനും രണ്ടു സുഹൃത്തുക്കള്‍ക്കും ഞാന്‍ വിലപേശി വാങ്ങിച്ചുകൊടുത്തു. തൊള്ളായിരം രൂപയ്ക്കും അറുന്നൂറ്റമ്പത് രൂപയ്ക്കും. ക്യൂരിയോ ഷോപ്പിലെ ഭൂട്ടാനിസ്ത്രീ പറഞ്ഞതില്‍നിന്ന് മുന്നൂറ്റന്‍പത് രൂപ താഴ്ത്തി. അവര്‍ തന്റെ ഉള്ളം കൈയില്‍വെച്ച് അതു മുഴക്കി കേള്‍പ്പിക്കുന്നു. ഓം മണി പദ്‌മേ ഹും - ഭൂട്ടാന്‍ വാസികള്‍ ഓം മണി പേയേ ഹും എന്നേ പറയുള്ളു. പദ്മം എന്ന് സ്പഷ്ടമായി ഉച്ചരിക്കില്ല. അല്ലെങ്കിലും ഒരു വഴുപ്പ് അവരുടെ ഭാഷയ്ക്കുണ്ട് ഖരാക്ഷരങ്ങള്‍ കുറവെന്നപോലെ! അവര്‍ അത് പാക്ക് ചെയ്തു തരുമ്പോള്‍ ഞാന്‍ വിനയനോട് പറയാന്‍ ഓര്‍മ്മിച്ചത് ഇതാണ്. ഈ ശ്രുതിഭാജനം, ദിവസത്തില്‍ ഒരിക്കലെങ്കിലും ശീലിക്കാന്‍ വിട്ടുപോവരുത്. അതിന്റെ തരംഗങ്ങള്‍ക്കു വിധേയനാവുക എന്നത്, ചെറുതല്ലാത്ത ഒരു ശിക്ഷണമാണ്. അപ്പോഴേ, അത് എത്ര വിലപ്പെട്ടതാണെന്ന് ധരിക്കുള്ളു. മുഴക്കത്തിലെ നിശ്ശബ്ദതയെന്തെന്ന് കേള്‍ക്കാന്‍ ശ്രുതിഭാജനം മീട്ടുകതന്നെ വേണം. തന്ത്രികളിലെ സംഗീതം പോലെയാണത്, ഒരു പരിധിവരെ. ശ്രുതിഭാജനത്തിന്റെ പൂജ ഈ ഉള്ളംകൈകൊണ്ടുള്ള ചുഴറ്റല്‍ തന്നെയാണ്. പന്ത്രണ്ടുകൊല്ലം മുന്‍പാണ് കാഠ്മണ്ഡുവിലെ സ്വയംഭൂലിംഗക്ഷേത്രത്തിന്റെ ഗിരിവക്ഷസ്സില്‍ വെച്ച് ശ്രുതിഭാജനം അനുഭവിക്കുന്നത്. അന്ന് സൂര്യകാലടിക്കാണ് ഞാനതു പരിചയപ്പെടുത്തിക്കൊടുത്തത്. ഇക്കഴിഞ്ഞ കാലമത്രയും ശ്രുതിഭാജനമില്ലാതെ എന്റെ അര്‍ച്ചനകള്‍ ആരംഭിക്കാറില്ല. ആ വേളകളില്‍ മനസ്സ് ഏകാഗ്രമാവുകയാണോ നിശ്ചലമാവുകയാണോ എന്നു തിട്ടപ്പെടുത്തിയിട്ടില്ല. ഞാനല്ല, ഈ ശ്രുതി മീട്ടുന്നതെന്ന പരമകാഷ്ഠയിലേക്ക് എത്തിയില്ലെങ്കിലും ഏതോ ഒരു നാദസരിത്തില്‍ മുഗ്ധനാവാറുണ്ട്. അതു മനസ്സിനെ ട്യൂണ്‍ ചെയ്യുന്നു, അറിയാതെ. 

അങ്ങനെ എന്തെല്ലാമോ ആലോചിച്ചു നിന്നപ്പോഴാണ് ഞാന്‍ തനിച്ചായിപ്പോയത്. അവര്‍ ഭൂട്ടാനിലെ സായന്തനവിരുന്നിനുള്ള തിടുക്കത്തിലായിരിക്കുന്നു. തീരെ പ്രതീക്ഷിക്കാതെ, എന്റെ കണ്ണുകള്‍  തൂവെള്ളനിറത്തില്‍ താടിയും മുടിയുമുള്ള ഒരു ദൃഢഗാത്രനില്‍ ഉടക്കുന്നു. അദ്ദേഹം കൂടെയുള്ള രണ്ടു ഭഗിനികളോട് സംസാരിക്കയാണ്, ഒരു സംവാദമാണതെന്ന് എനിക്ക് എന്തുകൊണ്ടോ തോന്നി. അല്‍പ്പം അയോഗ്യമായ രീതിയില്‍ ഞാനവരുടെ വാക്കുകള്‍ കാതോര്‍ത്ത് അടുത്തുചെന്ന്. പദ്മസംഭവന്റെ കടുവയും തക്‌സങ്ങ് സംന്യാസീമഠവും ഒക്കെയാണ് അദ്ദേഹം നിശ്ചയം പ്രൊഫസറായിരിക്കണം വിശദീകരിക്കുന്നത്. നല്ല വെടുപ്പുള്ള ഇംഗ്‌ളീഷില്‍. ഭൂട്ടാനികളുടെ Mask Dance-നേയും പദ്മസംഭവന്റെ  അതിനോടുള്ള ഇണക്കത്തേയും ആണ് ബന്ധിപ്പിച്ചു കേട്ടത്. ഒരു മിഥോളജിയിലും അതിന് സമാന്തരങ്ങളില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞുകേട്ടപ്പോള്‍ എന്തോ, ഞാന്‍ ഇടപെട്ടു പോയി. ഇന്ത്യയില്‍നിന്നാണ് വരുന്നതെന്ന ആമുഖം, അദ്ദേഹത്തെ സ്വല്‍പ്പം താല്‍പ്പര്യവാനാക്കി. ഇന്ത്യയുടെ തെക്കേ അറ്റത്ത് കേരളവും അവിടുത്തെ ശബരിമലയും പുലിവാഹനനും ഞാന്‍ കഴിയുന്ന വിധം അവരെ തെര്യപ്പെടുത്താന്‍ ശ്രമിച്ചു. താമസിയാതെ ലോകപൈതൃക പട്ടികയില്‍ പെട്ടേയ്ക്കാവുന്ന ശബരിമലയുടെ കോടിക്കണക്കിനു വരുന്ന തീര്‍ത്ഥാടകര്‍, അവര്‍ ഉല്‍ക്കടമായി കേഴുന്ന അയ്യപ്പസ്തുതികള്‍- ഏതോ വിചിത്രമായ കെട്ടുകഥയിലേക്കെന്നോണം അവര്‍ ആകൃഷ്ടരാവുകയായിരുന്നു. തീര്‍ച്ച, മൃഗങ്ങളുടെ മുഖംമൂടിയണിഞ്ഞുള്ള നൃത്തരൂപങ്ങള്‍ ഞങ്ങള്‍ക്കില്ല, പക്ഷേ, മൃഗജാതിയും സഖ്യജാതിയുമായി തികഞ്ഞ സാഹോദര്യത്തില്‍ കഴിയുന്ന ഒരു സംസ്‌കൃതിയില്‍നിന്നാണ് ഞങ്ങള്‍ വരുന്നത്. ഞങ്ങളുടെ കാടിന്റെ ജൈവകംബളങ്ങള്‍ കീറിവരികയാണെങ്കിലും ഈ തീര്‍ത്ഥാടനാരണ്യം പോറലുകള്‍ ഏതുമില്ലാതെ സംരക്ഷിക്കപ്പെട്ടുവരുന്നു. നോക്കൂ, ഒരു വര്‍ഷത്തില്‍ കോടിക്കണക്കിന് 'അയ്യപ്പ'ന്മാരാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു പലവുരു ഇരുമുടിക്കെട്ടുമായി- ഇവിടെ, ഞാന്‍ വല്ലാതെ പതറിപ്പോയി, ഇരുമുടിക്കെട്ടിന് ഉതകുന്ന ഒരു ഭാഷാന്തരം എങ്ങനെയാവും- അവിടേയ്ക്ക് ചെല്ലുന്നത്. അതേല്‍പ്പിക്കുന്ന പാരിസ്ഥിതികാഘാതം ഒരുപാട് തീക്ഷ്ണതരമാണ്. ഇവിടെ, നിങ്ങളുടെ ഫോറസ്റ്റ് കവര്‍ എഴുപതു ശതമാനമാണെന്നു ധരിക്കുമ്പോള്‍ ഞങ്ങള്‍ ആരാധനയോടെ നിങ്ങളെ നോക്കുന്നു. പദ്മസംഭവന്‍ കടുവയുടെ പുറത്തേറി ചരിക്കയേ ചെയ്തുവെങ്കില്‍, ഞങ്ങളുടെ അയ്യപ്പന്‍ കടുവയെ പാടെ ഇണക്കുകയായിരുന്നു. അതിന്റെ പാല്‍ കറന്നെടുക്കാന്‍ അനുവദിക്കുന്ന വിധത്തില്‍. പുലിപ്പാല്‍, Milking The Tiger, പ്രാചീനമായ ഇണക്കം തന്നെയാണ് പ്രതീകാത്മകമായി സ്ഫുരിപ്പിക്കുന്നത്. മനുഷ്യന്‍ വിളിച്ചാല്‍ പക്ഷികള്‍ മാത്രമല്ല വിളി കേള്‍ക്കുക, നരിയും നാഗവുമൊക്കെയാണ്!
ജൂതഗോത്രത്തില്‍പ്പെട്ട ഇസഹാക്ക്, ജെറുസലേമില്‍ എവിടെയോ പ്രൊഫസറാണ്.  Comparitive Theology-യില്‍ അദ്ദേഹത്തിന്റെ സുദീര്‍ഘമായ താരതമ്യപഠനങ്ങളില്‍ ഈ സമാന്തരം കടന്നുവന്നില്ല. എന്തോ കാരണംകൊണ്ട്. ഭൂട്ടാനിലെ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിനികളെ പരിചയമുണ്ട്, ഇ-മെയില്‍ വിനിമയത്തിലൂടെ. ഭൂട്ടാനില്‍ വരുന്നുവെന്നറിഞ്ഞപ്പോള്‍ അവര്‍ കാണാനെത്തിയതാണ്. ഹോട്ടല്‍ അന്തരീക്ഷത്തില്‍നിന്നു പുറത്താണ്, ഇത്തരം സംവാദങ്ങള്‍ തീര്‍ത്തും അനൗപചാരികങ്ങളായവ സാധ്യമാവുക. അതിനിടയ്ക്ക് 'സംഭവിച്ച' ഈ കടന്നുവരവിനു 'നന്ദി.' പാരോവില്‍ ചെന്നില്ല, എന്നിട്ടുവേണം മൊണാസ്ട്രിയിലേക്കു കയറാന്‍. കേരളത്തില്‍ തിരുനെല്ലിക്കു സമീപത്തായി തൃശ്ശിലേരി എന്ന ക്ഷേത്രമുണ്ടെന്നും അവിടെ പ്രതിഷ്ഠ അയ്യപ്പബുദ്ധനാണെന്നും ഞാന്‍ ഇസഹാക്കിനോട് പറഞ്ഞില്ല. ഭൂട്ടാന്റെ വിദൂരതയില്‍നിന്ന്. തെക്കേ അറ്റത്തേക്ക് ഒരു പട്ടുപാതയെന്നോണം രാജിഖേതില്‍നിന്ന് മാനസസരോവറിലേയ്‌ക്കെന്നോണം! പൗരാണികമായ സാധര്‍മ്മ്യങ്ങള്‍, അദ്ദേഹം അല്ലാതെ തന്നെ, ഇന്ത്യയെക്കുറിച്ച്, ശബരിമലയെക്കുറിച്ച് ഏറെ ഉത്സുകനായല്ലോ. കേരളത്തിലെ പ്രകൃതിയും അവിടുത്തെ അയീറല ഉം തന്നില്‍ കൂടുതല്‍ ഔത്സുക്യങ്ങള്‍ നിറയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ വിതുമ്പിപ്പോയി- ചില മാത്രകള്‍, ചില സ്മൃതികള്‍, ചില കൊരുക്കലുകള്‍- വിസ്മയങ്ങള്‍ നിലയ്ക്കാതിരിക്കാന്‍ ഞാന്‍ ഇതു കൂട്ടിച്ചേര്‍ത്തു. പദ്മസംഭവനും ശബരിമല ശാസ്താവുമായുള്ള പൗരാണികമായ സാദൃശ്യം. ബുദ്ധം ശരണം ഗച്ഛാമി എന്നതിലെ ശരണമന്ത്രം, ശരണമയ്യപ്പാ എന്ന സ്തുതിതന്നെയാണ്. ധര്‍മ്മശാസ്താവ് എന്ന പദം ബുദ്ധനെ കൃത്യമായി വ്യഞ്ജിപ്പിക്കുന്ന ഒന്നാണ്. അമരകോശത്തില്‍ World Famous Thessarus എന്ന് വിക്കിപീഡിയ അതിനെ രേഖപ്പെടുത്തിയിട്ടുണ്ട്.

തിമ്പുവിലെ രാത്രിവിരുന്ന്

തിമ്പുവില്‍ സായന്തന വിരുന്നിനു തയ്യാറാവുകയാണ് ഞാനും വിനയനും സുഹൃത്തുക്കളും. ശംഭുപോറ്റിയും മറ്റും അടുത്തുതന്നെയുള്ള മറ്റൊരു ഹോട്ടലിലാണ്. സന്ധ്യയാവുമ്പോള്‍ ഒരു സ്വെറ്ററിനു ചെറുക്കാവുന്നതില്‍ അപ്പുറം തണുപ്പുണ്ട്. ഞങ്ങളുടെ ഹോട്ടലിനു മുന്നിലെ സ്‌ക്വയര്‍, ഏതോ സാംസ്‌കാരിക സമ്മേളനത്തിന് അരങ്ങാവുന്നു. ബാറുകളെക്കുറിച്ച്, ഈ ജനതയ്ക്ക് ഒരു വിധം ഭയാശങ്കകളുമില്ല. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുക മാത്രമല്ല, ബാറില്‍ വന്ന് മദ്യമോ ആഹാരമോ ഒക്കെ കഴിക്കുകയും ചെയ്യുന്നു, സ്വാഭാവികമായി. ബാറുകളില്‍നിന്ന് ആരും വേച്ച് വേച്ച് ഇറങ്ങുന്നതു കണ്ടില്ല. നല്ല സൗന്ദര്യബോധത്തോടെ അലങ്കരിച്ച ഒരു ബാറിലാണ് ഞങ്ങള്‍ ചെന്നത്. Yummy Yummy എന്നോ മറ്റോ പേരുള്ള. മിക്ക ബാറുകളിലും സ്ത്രീകളാണ് ആതിഥേയര്‍, അതില്‍നിന്നുതന്നെ ലിംഗസമത്വം എത്രമേല്‍ പ്രാവര്‍ത്തികമെന്ന് വ്യക്തമാണ്. ആഹാരവും മദ്യവും എല്ലാം തന്നെ മേന്മയേറിയതാണ്, കൊടിയ വിലയില്ലാത്തതും. സെര്‍വ് ചെയ്യുന്നതിലെ കലാപരത ശ്രദ്ധേയമാണ്; ഊഷ്മളതയും. പീനട്ട് മസാലയായാലും ചില്ലിച്ചിക്കനായാലും പച്ചക്കറികളും നാരങ്ങയും കൊണ്ട് അലങ്കരിച്ചാണ് അവര്‍ വിളമ്പുക. സസ്യഭുക്കായി ഒതുങ്ങിയതുകൊണ്ട്, സസ്യേതരമായ ഡെലിക്കസികള്‍ ഞാന്‍ രുചിച്ചില്ല. അതു കഴിച്ചവര്‍ നാക്കു കടിച്ചുപോയി. ഭൂട്ടാനിലെ വോഡ്ക, അതീവ മൃദുതരമെന്നോ പറയേണ്ടത്? കലര്‍പ്പറ്റത്, സ്വച്ഛം. കഴിക്കുമ്പോഴും കഴിച്ചുതീരുമ്പോഴും അടുത്തദിവസം കഴിച്ചുണരുമ്പോഴും അഹിതമായ രുചികള്‍ ഉളവാക്കാത്തതാണ്, സ്വച്ഛമായവ. ഹാങ്ങ്ഓവര്‍ മാറ്റാന്‍ വീണ്ടും കുടിക്കേണ്ടിവരിക എന്ന അവസ്ഥയില്ലാത്തത്. അതിന്റെ മാത്രകളില്‍ ആമാശയവ്യവസ്ഥയുടെ കഴിവനുസരിച്ച് ഉള്‍ക്കൊണ്ടാല്‍ ഇതുപോലെ ഉന്മേഷദായിനിയായ പാനീയം മറ്റൊന്നില്ല. അതിന്റെ കൊളോണിയല്‍ ഡിഗ്‌നിറ്റിയില്‍ നാമതു പരിശീലിച്ചെങ്കില്‍! രണ്ടോ മൂന്നോ മണിക്കൂര്‍ ഞങ്ങള്‍ അവിടെ ഇരുന്നു കാണണം, ഫുണ്‍ഷിലോങ്ങിനെ ആദ്യത്തെ വിരുന്ന് കുറച്ചു വേഗത്തില്‍ അവസാനിപ്പിച്ചതാണ്, അനിശ്ചിതത്വം വല്ലാതെ വലച്ച ആദ്യ ദിവസം, കേണല്‍ വരുന്നതിനു മുന്‍പ്. ഇവിടെ അത്തരം വേവലാതികളൊന്നുമില്ലല്ലോ. Rs. 4230/ എന്നത് അധികമായി തോന്നിയില്ല, ഏഴു പേര്‍ക്ക്. ആതിഥ്യം, കല്‍ക്കത്താ മലയാളിയായ ഗോപാല്‍ജിയുടേതാണ്, അതൊരു പതിവാകുന്നോ എന്നുകൂടി ചിന്തിക്കാം. മൂന്നു ദശാബ്ദത്തോളം കല്‍ക്കത്തയില്‍ വേരുറച്ച ഗോപാല്‍ജി തികഞ്ഞ ആഢ്യനാണ്, പെരുമാറ്റത്തിലും പണം ചെലവാക്കുന്ന കാര്യത്തിലും. ധനം കൊണ്ടു പരിഹരിക്കാവുന്ന ഒരു സന്ദര്‍ഭവും അദ്ദേഹം വിട്ടുകൊടുക്കില്ല, മറ്റൊരാള്‍ക്ക്. സ്വന്തമായി സ്‌കൂളുകള്‍ നടത്തുന്ന അദ്ദേഹം കൊല്‍ക്കത്ത മലയാളി സമാജത്തിന്റെ നെടുംതൂണാണ്. മുപ്പതുവയസ്സില്‍ മരിച്ചുപോയ, അനുഗൃഹീത ചിത്രകാരി പദ്മിനിയെക്കുറിച്ച് ഒരു ചലച്ചിത്രം നിര്‍മ്മിച്ചിട്ടുണ്ട് ഗോപാല്‍ജി. അതിന്റെ സ്‌ക്രീന്‍ പ്‌ളേയും മറ്റും സുസ്‌മേഷാണ് ചെയ്തിട്ടുള്ളത്, എനിക്ക് തീര്‍ത്തും അവിചാരിതമായുള്ള ഒരു കൂട്ട്. ന്യൂജെല്‍ പായ്ഗുരിയില്‍ വച്ചാണ് വിനയന്റെ സുഹൃത്തുക്കള്‍ ആരെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അവരില്‍ സുസ്‌മേഷ്, സ്വാഗതാര്‍ഹമായ ഒരു ആശ്ചര്യമായി. ആറേഴ് വര്‍ഷങ്ങള്‍ക്കു മുന്‍പ്, സുസ്‌മേഷ് എന്നെ തിരക്കി ഇവിടെ വന്നതാണ്, പുതിയ പുസ്തകവുമായി. പക്ഷേ, എന്തോ വിനിമയത്തിന്റെ തകരാറ് നിമിത്തം ആ കൂടിക്കാഴ്ച നടന്നില്ല. പാലക്കാട്ട് തന്നെ ഉണ്ടായിട്ടും എന്നു കൂട്ടിച്ചേര്‍ക്കട്ടെ. ഇപ്പോള്‍ ഈ ഹരിതമേഖലയില്‍ എന്നെ ഏറെ സന്തോഷവാനാക്കിക്കൊണ്ട് സുസ്‌മേഷ്, ഒപ്പം. തീര്‍ച്ചയായും ഇതില്‍ ഒരു Predetermined Element ഉണ്ട്, സഞ്ചാരികള്‍ക്കു വേഗം ഗ്രഹിക്കാവുന്നവിധം- സുസ്‌മേഷിന്റെ ജീവിതവും അങ്ങനെ ചിട്ടയൊപ്പിച്ചതല്ലെന്നാണ് അറിഞ്ഞത്, പ്രണയവും ദാമ്പത്യവും വേര്‍പാടും ഉള്‍പ്പെടെ... പുറത്തിറങ്ങുമ്പോള്‍ പത്തര മണി കഴിഞ്ഞിരിക്കുന്നു, സ്വെറ്ററിനെ തുളച്ചുവരുന്ന തണുപ്പ്. സാംസ്‌കാരിക സമ്മേളനമൊക്കെ അവസാനിച്ചിരിന്നു. തെരുവീഥിയില്‍, ഭൂട്ടാനിലെ നായ്ക്കള്‍ അലഞ്ഞുതിരിയുന്നില്ല, ദൂരെനിന്ന് അവയുടെ വായ്ത്താരി കേള്‍ക്കാമെങ്കിലും. 

പൂനഖിലെ പ്രാചീന മൗനം

തിമ്പുവിലെ രണ്ടാം ദിവസം പൂനഖിലേക്കാണ്, കുറേ മൊണാസ്ട്രികളുള്ള പ്രദേശം. അതേക്കാളുപരി, ഭൂട്ടാനിലെ പ്രധാനപ്പെട്ട ലാമയുടെ ആസ്ഥാനമാണത്, കുറേ മാസങ്ങളെങ്കിലും. അദ്ദേഹത്തിന്റെ വേനല്‍ക്കാല വസതി തിമ്പുവിലാണ്, ഞങ്ങള്‍, ആ വരവിന് സാക്ഷികളാവുകയും ചെയ്തല്ലോ. ഭൂട്ടാന്‍ സര്‍ക്കാരിന്റെ അവിഭാജ്യമായ ഭരണക്രമം അവിടെയാണ്. സര്‍വ്വാധികാരി രാജാവാണെങ്കിലും ലാമയുടെയൊക്കെ അഭിപ്രായം ഏറെ വിലമതിക്കപ്പെടുന്നു. അങ്ങനെയാണ്  Royal Democracy -യുടെ നിയമവ്യവസ്ഥ. ഏന്തെങ്കിലുമൊരു ന്ദിഗ്ദ്ധഘട്ടത്തില്‍ രാജാവിനെ കാുലമരവ  ചെയ്യാനുള്ള അധികാരം പ്രധാന ലാമ ഉള്‍പ്പെടുന്ന ഭരണസമിതിയാണ്. ഒരിക്കല്‍പ്പോലും ഉപയോഗിക്കേണ്ടിവരാത്ത ഒരു Safe. Guard ഉപാധി മാത്രമാവും അത്. തക്‌സങ്ങ് സംന്യാസീയത്തില്‍നിന്ന് പ്രസരിക്കുന്ന ആധ്യാത്മിക പരിമളം അദ്ദേഹത്തിന്റെ പ്രജാതാല്‍പ്പര്യത്തെ അത്രയും പരിപോഷിപ്പിക്കുന്നുണ്ട്. ലാമമാരില്‍ പ്രധാനി പൂനഖില്‍നിന്ന്  തിമ്പുവിലേക്ക് വസതി മാറുന്ന ദിവസമായി, അതു നേരത്തെ പറഞ്ഞതുപോലെ. വിജനമായ വീഥികളില്‍ പെട്ടെന്നു വരിവരിയായി ആളുകള്‍, ഭക്ത്യാദരപൂര്‍വം കാത്തുനില്‍ക്കുന്നതു കണ്ടപ്പോഴാണ് ഗ്രീഷ്മകാല വസതിയിലേക്കുള്ള ലാമയുടെ വരവ് ഗ്രഹിച്ചത്. തീര്‍ച്ചയായും രാജപദവിയില്‍ത്തെന്നയാണ്  Chief   Lama-യും അദ്ദേഹത്തോടൊപ്പം വിലപിടിച്ച കാറുകളില്‍. പരിവാരങ്ങളും കാറില്‍നിന്നിറങ്ങി ലാമ ആളുകളെ സദയം ആശീര്‍വദിക്കുന്നു, അവരുടെ അര്‍പ്പണങ്ങള്‍, ധനമുള്‍പ്പെടെ സ്വീകരിക്കുന്നു. ഭൂട്ടാനിലെ രാഷ്ട്രീയത്തിന് ഒരു Holy Stature  തീര്‍ച്ചയായും ഉണ്ട്, ജനങ്ങള്‍ അതിനു വിധേയരാണെന്നു തോന്നും. ആ കൊടുക്കല്‍ വാങ്ങലുകളിലൊന്നും അധികാരത്തിന്റെ ലാഞ്ഛനയില്ല. ലാമയുടെ മുഖത്ത്, കടന്നുപോവുമ്പോള്‍ ഒരു മാതൃത്വമാണ് സ്ഫുരിക്കുക. തിമ്പുവിലെ തണുത്ത കാലാവസ്ഥയിലാവും ഇനി കുറേനാള്‍ അദ്ദേഹം. ബുംതാങ്, പാരോ എന്നീ നഗരങ്ങളെക്കാളും സുഖകരമായ ശീതം ഇവിടെ തിബുവിലാണ്. ബുദ്ധഭിക്ഷുക്കളെ കാണുമ്പോഴൊക്കെ മനസ്സില്‍ തെളിയാറുള്ള ഒരു കാര്യം അവരുടെ അരോഗദൃഢഗാത്രമാണ്. മെലിഞ്ഞ ഒരു ബുദ്ധഭിക്ഷുവിനേയും കണ്ടതായി ഓര്‍ക്കുന്നില്ല, ഈ സംന്യാസീമഠങ്ങളിലൊന്നും. ആരോഗ്യം തീര്‍ച്ച, ഭൗതികജീവിതത്തിനു ആധ്യാത്മികജീവിതത്തിനും അനുചിതമായ ഒന്നല്ല. പക്ഷേ, ഇവിടെ അതു കൂടുതല്‍ മുഴച്ചുനില്‍ക്കുന്നോ എന്നു സംശയം. വിപശ്വാനം എന്ന ധ്യാനാനുശീലനവുമായി യോജിച്ചുപോവാത്ത ഒരു മുഴുപ്പ് ഈ ശരീരപേശികളിലുണ്ട്. ആയോധനവുമായാണ് അത് ഇണങ്ങുക. ആധ്യാത്മികതയെക്കാളേറെ. സുമോ ഗുസ്തിയൊക്കെ നിനവില്‍ വന്നേയ്ക്കാം. ബ്രൂസ്‌ലിയുടേതു വെറും ശരീരമിടുക്കിന്റെ പൂര്‍ണത മാത്രമായിരുന്നില്ലല്ലോ. തക്‌സങ്ങിലെ ലാമമാര്‍ എങ്ങനെയായിരിക്കും?

പൂനാഖില്‍ ഇറങ്ങുമ്പോള്‍ നേര്‍ത്ത മഴച്ചാറലാണ്. വലിയൊരു ദുര്‍ഗമെന്ന രീതിയിലേ ലാമയുടെ ആസ്ഥാനത്തിനു സാംഗത്യമുള്ളു. അതിന്റെ കവാടത്തില്‍ സമൃദ്ധമായി പൂത്തുനില്‍ക്കുന്ന വയലറ്റു പൂക്കളുടെ ശ്രേണി ചേതോഹരമായ ഒരു വരവേല്‍പ്പാണ്. നേര്‍ത്ത പൂക്കളാണോ വള്ളികളാണോ എന്നു വേര്‍തിരിയാത്തവിധം. ആ വയലറ്റ് തിരസ്‌കരണി വകഞ്ഞാണ് ഞങ്ങള്‍ അകത്തുകടന്നത്. പ്രാചീനമായ ഈ വിഹാരങ്ങള്‍ക്കകമെ ലാമയുടെ കാര്യാലയവും ഹൈക്കോടതിയുമൊക്കെയുണ്ട്.  മേലോട്ടു കയറിപ്പോവുന്ന പടവുകളും, എവിടേയ്ക്ക് എന്നു തിട്ടമില്ലാത്ത! മുന്നൂറോ നാനൂറോ പടവുകള്‍, അവിടെനിന്നു വേറൊരു വഴിയിലൂടെ താഴേക്ക് ഇറങ്ങുമ്പോഴാണ് അതിന്റെ എണ്ണം തിട്ടമായത്! കോട്ടയ്ക്കു മുന്‍പില്‍ വന്നിറങ്ങിയ ബസ് വേറൊരിടത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. അതിനകമെയുള്ള ഒരു ബുദ്ധവിഹാരത്തില്‍ ഊക്കന്‍ മണി സ്ഥാപിച്ചിട്ടുണ്ട്. അത് അടിക്കരുത് എന്ന് ഹിന്ദിയിലും ഇംഗ്‌ളീഷിലും വ്യക്തമായ നിര്‍ദ്ദേശങ്ങളുണ്ട്. എന്നിട്ടും എവിടുന്നോ വന്ന ദമ്പതിമാര്‍ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മണി മുഴക്കി. പൊടുന്നനെയാണ് പാറാവുകാരന്‍ അകത്തുനിന്നു ചാടിവന്നത്. കഴിവതും ക്ഷോഭമുക്തനായി അയാള്‍ അവരെ ശാസിച്ചു, അവര്‍ അതിഥികളാണെന്ന ആദരവ് നല്‍കിക്കൊണ്ടുതന്നെ. ഭൂട്ടാന്റെ സംസ്‌കാരവിശേഷങ്ങളില്‍ ഈ ചെറിയ ഇടപെടലും പരാമര്‍ശമര്‍ഹിക്കുന്നു. നിങ്ങള്‍ക്ക് ഇതു വായിച്ചാല്‍ മനസ്സിലാവുകില്ലേ എന്നു മാത്രമാണ് പാറാവുകാരന്‍ അവരോട് ആരാഞ്ഞത്. മണി, മുഴക്കാതിരിക്കാന്‍ കൂടിയുള്ളതാണെന്ന മൗനത്തിന്റെ പ്രകരണം, ആളുകള്‍ക്ക് അത്ര സുലളിതമല്ല. പ്രത്യേകിച്ച്, ഇവ്വിധം വിഹാരങ്ങളില്‍- ഒരു ആരതിയുടെ വേളയില്‍ മണി മുഴങ്ങുന്നുവെങ്കില്‍ അതു മധുരം മാത്രമാണ്. ഈ ദുര്‍ഗ്ഗത്തിന്റെ മൂകതയില്‍നിന്ന് ഒട്ടനവധി പടവുകള്‍ ഇറങ്ങിവരണം താഴോട്ടെത്താന്‍. വാസ്തവത്തില്‍ അപ്പോഴാണ് ഞങ്ങള്‍ കയറിച്ചെന്ന വിഹാരത്തിന്റെ ഉയരം ബോധ്യപ്പെട്ടത്. ഒരു നദീതീരത്ത്, എന്ത് വിചിത്രമായ പേരുകളാണ്, ഈ നദികള്‍ക്ക്, എത്തുമ്പോള്‍ ഉച്ച കഴിഞ്ഞിരിക്കുന്നു. കാലത്തു തയ്യാറാക്കിയ പുലാവും സാലഡും നദീതീരത്തു വച്ച് കഴിക്കാമെന്നായിരുന്നു ഉദ്ദേശ്യം. വഴികളൊക്കെ വിജനമാണെങ്കിലും അവശിഷ്ടങ്ങള്‍ വിതറിയിടാന്‍ ഇത് ഇന്ത്യയല്ലല്ലോ. അതിന്റെ വൈപരീത്യം ചിലരെയെങ്കിലും ബാധിച്ചു കാണണം. ശുചിത്വം എല്ലാ രാജ്യത്തും എല്ലാ കാലത്തും ഉല്‍ക്കര്‍ഷകരമാണെന്നു ബോധമുണ്ടെങ്കില്‍ എല്ലാം എളുപ്പമാണ്. നദീതീരത്ത്, ഭക്ഷണം ആസ്വാദ്യമായിരുന്നു, തണുത്തുപോയതൊന്നും ആരും ഗൗനിച്ചില്ല. ശേഷിപ്പുകളെല്ലാം ഒരിടത്തു കൂട്ടിയിട്ടപ്പോള്‍ സമാധാനമായി. താഴെ, നദിയില്‍ മോശമല്ലാത്ത ഒഴുക്കുണ്ട്. അല്‍പ്പം മേലോട്ടു ചെന്നാല്‍ River Rafting-ന്റെ ഏര്‍പ്പാടുകള്‍ ഉണ്ടെന്ന് സോനം ഡ്രൈവര്‍ പറഞ്ഞു. നാളെ തിബുവില്‍നിന്ന് പാരോവിലേക്കാണ് തക്‌സങ്ങ് മൊണാസ്ട്രിയിലേക്കും. യഹൂദനായ  പ്രൊഫസറെ കണ്ടതും അയ്യപ്പനുമായുള്ള സാധര്‍മ്മ്യം ചര്‍ച്ച ചെയ്തതും എല്ലാം ആ യാത്രയുടെ ആകര്‍ഷണീയത ഇരട്ടിപ്പിക്കുന്നു.

ഭൂട്ടാന്റെ ആകാശത്തില്‍ വിമാനങ്ങള്‍ ഇരമ്പമറിയുന്നതു പാരോ സമീപിക്കുമ്പോള്‍ മാത്രമാണ്. നേരത്തെ വ്യക്തമാക്കിയതുപോലെ, പാരോ വിമാനത്താവളം  Modesty-യുടെ അവസാന വാക്കാവണം. ഇത്രയും ഒതുക്കത്തോടെ, എങ്കിലോ കാര്യക്ഷമതയില്‍ തെല്ലും പിറകിലാവാതെ ഒരു വിമാനത്താവളം, ഏഷ്യയില്‍ എവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. പ്രധാനമായും കൊല്‍ക്കത്തയാണ് പാരോ  connect ചെയ്യുന്നത്. മൂന്നോ നാലോ മണിക്കൂറുകളില്‍ പറന്നിറങ്ങുന്ന ഏറെ വിമാനങ്ങള്‍ കാണുകയുണ്ടായി. അവയെല്ലാം പാക്കേജ് ടൂര്‍ എന്ന ക്യാപ്‌സൂളില്‍ ഒതുങ്ങുന്നവയാവണം. ഈ സൗകര്യങ്ങളെല്ലാം വരവ് വെയ്ക്കുമ്പോള്‍ത്തന്നെ, പാരോവില്‍ പറന്നിറങ്ങുന്ന സഞ്ചാരി, അതിന്റെ കരയോര ശ്യാമളതകള്‍ അറിയുന്നില്ലെന്നത് നേരാണ് ആവര്‍ത്തനമെങ്കിലും കാടിന്റെ നിരന്തരമായ സംരക്ഷണകവചം അനുഭവിച്ചുകൊണ്ടുള്ള ആ യാത്രയ്ക്ക് ഇതൊന്നും തോതല്ല. വേഗം എന്നതല്ല ഭൂട്ടാന്റെ ശ്രുതി; പതുക്കെ എന്നതാണ്. നാം അതു അനുശീലിച്ചില്ലെങ്കില്‍, ഈ ഷാംഗ്രിലയുടെ കാതലായ അംശം ഗ്രഹിക്കുകയില്ല. ഭൂട്ടാനിലെ വിലോലമായ ലാന്‍ഡിങ് സ്ട്രിപ്പില്‍ വിമാനം ഇറക്കുകയെന്നത്, പ്രത്യേകമായ പ്രാവീണ്യം ആവശ്യപ്പെടുന്ന ഒന്നാണ്. പുറമെ, ആ Flight തന്നെ കുറേ അപകടം പിടിച്ചതാണെന്ന് അതുമായി ബന്ധപ്പെട്ടവര്‍ പറയുകയുണ്ടായി. ഭൂട്ടാന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു വൈദേശിക വിമാനം എഴുന്നുനില്‍ക്കുന്നു ഹിമശീര്‍ഷങ്ങള്‍ക്കിടയിലൂടെയുള്ള എയര്‍ ട്രാക്ക് കണ്ട് അധീരരായത് അവര്‍ ഓര്‍ക്കുന്നു. അവര്‍ തിരിച്ചു പറന്നുവത്രെ, തദ്ദേശീയനായ ഒരു പൈലറ്റിനെ തേടി. മുക്തിനാഥിലെ ജോംസോം വിമാനത്താവളം ഞാന്‍ ഓര്‍ത്തുപോയി. വെറും ഇരുപത് മിനിറ്റ് നേരമുള്ള പറക്കലില്‍, ഏറെ ആപല്‍സാധ്യതകളുണ്ടായിരുന്നല്ലോ. രണ്ടുവര്‍ഷം മുന്‍പുണ്ടായ ഒരു വിമാനാപകടത്തില്‍ മുക്തിനാഥിലെ പ്രയാണികള്‍ ഇരുപത്തഞ്ചുപേരും കഥാവശേഷരായി. 

തക്‌സങ്ങില്‍ ആയിരിക്കുക

Gatzella എന്ന പാര്‍പ്പിടം, പാരോവില്‍നിന്ന് അല്‍പ്പം മാറിയാണ്, തക്‌സങ്ങ് മൊണാസ്ട്രിയിലേക്കുള്ള മാര്‍ഗേ്ഗയാണ് അതെന്ന് അടുത്ത ദിവസം രാവിലെയാണ് കണ്ടത്. അതിനു മുന്‍വശത്ത് ഒരു നദിയുടെ കിലുക്കം കേള്‍ക്കാം. അവിടെ എത്തുമ്പോള്‍ ഭൂട്ടാനിലെ ഒരു നാടോടിനൃത്ത പ്രദര്‍ശനം നടക്കുന്നു. എളിയ വേഷച്ചമയങ്ങളോടെ എളിയ വാക്യവൃന്ദത്തോടെ ഈ ഗ്രാമ്യത തീര്‍ത്തും അവിചാരിതമായിരുന്നു. വയലേലകള്‍ക്കു നടുവില്‍, ഒരു തിരക്കും ആരവവുമില്ലാത്ത വലിയ വീതിയുമില്ലാത്ത തീരത്ത്. അതുവഴി പതിനഞ്ചു കിലോമീറ്റര്‍ ചെന്നാല്‍, ഭൂട്ടാനിലെ വിശ്രുതമായ സംന്യാസിമഠത്തിന്റെ പരിസരമായി. ഇടയ്ക്ക് കാണാവുന്ന ചില ബുദ്ധവിഹാരങ്ങളില്ലായിരുന്നെങ്കില്‍, അത് ഇന്ത്യയിലെ ഏതൊരു ഗ്രാമം പോലെയാണ്. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നൃത്തം സമാപിച്ചു. പൂനെയിലെ ഏതോ എന്‍.ജി.ഒ ആണ് അതിന്റെ പ്രായോജകര്‍; അവരും ടൈഗര്‍ നെസ്റ്റിലേക്കാണെന്നു പറഞ്ഞു, അടുത്ത നാള്‍- അവരുടെ ആകാംക്ഷ പകുത്തപ്പോള്‍ ഞാന്‍ തെല്ല് വിചാരാധീനനായി. പാരോവില്‍ വന്നുചേരുന്നതിനു മുന്‍പുതന്നെ, ഈ വിശ്രുതമായ വിഹാരം കനവുകളില്‍ വന്നുതുടങ്ങിയിരുന്നല്ലോ. അഞ്ച് കൊല്ലമായി ഉയര്‍ന്ന മലമ്പ്രദേശങ്ങളില്‍ ട്രെക്കിങ്ങ് നടത്തിയിട്ട്. പ്രാര്‍ത്ഥനാബദ്ധമായ മനസ്സോടെയല്ലാതെ ഇത്തരം ആരോഹണങ്ങള്‍ക്കു മുതിര്‍ന്നിട്ടില്ല. വിഹാരങ്ങളായാലും പഞ്ചകേദാരങ്ങളായാലും. ഹിമശീര്‍ഷങ്ങള്‍ വന്ദിക്കാനുള്ളവയാണെന്ന ഉറച്ചബോധം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒന്നും നിങ്ങളെ അലട്ടുകയില്ല. മല കയറുക എന്നതല്ല, ആനന്ദപൂര്‍വം അതു പൂര്‍ത്തീകരിക്കുക എന്നതാണ്. അതിനാവട്ടെ, ശാരീരികമായ മിടുക്കിനെക്കാളേറെ മറ്റു ചിലതു കൂടി നിങ്ങളില്‍ ഊറേണ്ടതുണ്ട്. എന്റെ ഒരുക്കങ്ങള്‍ ഇത്രയുമാണ്. ഒരു മാതളനാരങ്ങ, അല്‍പ്പം അണ്ടിപ്പരിപ്പ്, ഈത്തപ്പഴം, ഒരു ചെറിയ കുപ്പി വെള്ളം- പ്രാതല്‍ കഴിച്ച് പാരോവില്‍ എത്തുമ്പോള്‍ എട്ടുമണിയായിരിക്കുന്നു, വെയിലിന്റെ പാളികള്‍ സുഖകരമായ ഒരു ആശേ്‌ളഷമാണ്. താഴെ നിന്നുതന്നെ മൊണാസ്ട്രിയുടെ Spire കാണാം.  ഭൂട്ടാന്‍ സര്‍ക്കാര്‍, ഈ യാത്രയ്ക്ക് അഞ്ഞൂറ് രൂപ നിശ്ചയിച്ചിരിക്കുന്നു, മൂന്നാലു മാസമായി. അതിനു മുന്‍പു വരെ അങ്ങനെ ഒരു ചെലവ് യാത്രികര്‍ക്കില്ലായിരുന്നു. സംന്യാസിമഠത്തിലേക്കുള്ള തിരക്ക് നിയന്ത്രിക്കാനാവണം ഒപ്പം വരുമാനവുമായി ദിവസം അന്‍പതിനായിരം ഉറുപ്പിക തീര്‍ച്ചയായും ആശാവഹമാണ്. പ്രയാണികള്‍ക്ക് എന്തെങ്കിലും രീതിയില്‍ സുവിധ ഏര്‍പ്പെടുത്താന്‍ കൂടി അവര്‍ തുനിഞ്ഞെങ്കില്‍! പ്രസാദമെന്ന നിലയിലായാലും മതി. ഒരുപക്ഷേ, ഇനി അവര്‍ അങ്ങനെ എന്തെങ്കിലും ആലോചിക്കുമായിരിക്കും. 

കുതിരപ്പന്തിയില്‍ അന്‍പതിലേറെ കുതിരകളുണ്ട്; അവരുടെ കുതിരക്കാരും. കുതിരച്ചാണകത്തിന്റെ അലോസരജന്യമായ ഗന്ധം അവിടെങ്ങും ഇല്ല. പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍പോലെ അതും കുമിയാന്‍ അവര്‍ അനുവദിക്കില്ല. തക്‌സങ്ങ് മൊണാസ്ട്രിയുടെ ചിത്രമുള്ള അഞ്ഞൂറു രൂപയുടെ ടിക്കറ്റ് നല്‍കുന്നതിന് ചെറിയൊരു ഓഫീസുണ്ട്. മറ്റു ഔപചാരികതകള്‍ ഇല്ലാത്തതിനാല്‍ ആരോഹണം തുടങ്ങുകയായി. രാവിലെ എട്ടരമണി കഴിഞ്ഞിരിക്കുന്നു, സുഖദമായ കാലാവസ്ഥ, ആരോഹകരെ ക്ഷണിക്കുന്ന മലമ്പാതയാണ്. കുതിരകളെ വകഞ്ഞുകൊണ്ട് ഞങ്ങള്‍ നാലഞ്ചുപേര്‍, ടൈഗര്‍ നെസ്റ്റിലേക്ക് നടന്നു തുടങ്ങുന്നു. ഈ ട്രെക്കിങ്ങിന്റെ ഒരു സവിശേഷത, നമ്മുടെ ലക്ഷ്യമെന്തെന്ന് ചുവടെ നിന്നേ കണ്‍പാര്‍ക്കാമെന്നതാണ്. വാസ്തുവിദ്യയുടെ അതിശയകരമായ വിന്യാസം, അതിനെ ചൂഴ്ന്നുള്ള പ്രകൃതിയുടെ വര്‍ണാങ്കിതമായ ചാമരം, പിന്നെ ഗ്രീഷ്മമേഘങ്ങളുടെ കര്‍പ്പൂരധൂമം. ബുദ്ധപദമെന്നത്, നിങ്ങള്‍ക്കകമെ ഉള്ളതിനാല്‍ ഒരു വിദ്യുല്‍പ്രവാഹത്തിനു സമമെന്തോ ആണ്, പ്രഥമദര്‍ശനത്തില്‍ വേദ്യമാവുക. ആ സാംഗത്യത്തില്‍ ചതുര്‍ധാമങ്ങളിലേക്കുള്ള ആരോഹണത്തില്‍നിന്ന് ഇതു തീര്‍ത്തും വ്യതിരിക്തമാണ്. ഈ ബുദ്ധവിഹാരത്തിന്റെ സ്വര്‍ണ്ണമകുടം, മേഘാങ്കിതമായ, ചോല നിന്നു നിങ്ങളെ മാടിവിളിക്കുന്നു. അഞ്ചടി വീതിയിലുള്ള നടപ്പാതയില്‍ നിങ്ങള്‍ നിര്‍ബാധം വടിയും ഊന്നി കയറിത്തുടങ്ങും. വടിയുടെ ആലംബം, കയറുമ്പോഴല്ല, ഇറങ്ങുമ്പോഴാണ് കാമ്യമാവുക. അതു നമ്മുടെ പേശികളെ സ്ഥാനീയതയില്‍ നിലനിര്‍ത്തുന്നു. വടി അവലംബിക്കാതെ കയറിയിറങ്ങുന്നവര്‍ രണ്ടുദിവസം പിന്നിടുമ്പോഴാണ് മാസംപേശികളുടെ ചൊരുക്ക് നേരിടേണ്ടിവരിക. ഈ മലയിലെ നീരരുവികള്‍, ഇടയ്‌ക്കൊക്കെ കാണാവുന്നവ, നിങ്ങളുടെ ദാഹമകറ്റിയേക്കും. കാടുകളില്‍നിന്നു കിളിച്ചൊല്ലുകള്‍, ശ്രദ്ധിച്ചെങ്കില്‍ മാത്രമേ കേള്‍ക്കാന്‍ കഴിയൂ. ചിലേടത്തൊക്കെ കാട്ടുപൂക്കളുണ്ട്, ശലഭങ്ങള്‍ അങ്ങനെ കണ്‍വെട്ടത്തു വരുന്നില്ല. ഇടയ്‌ക്കൊന്നു തിരിഞ്ഞുനില്‍ക്കുമ്പോള്‍, ആ വനനിബിഡത നിങ്ങളെ ഉത്സാഹിയാക്കുന്നു. കുതിരകള്‍ കടന്നുപോവുമ്പോള്‍, അങ്ങനെ മാറിനില്‍ക്കേണ്ടതുമുണ്ട്. ആദ്യത്തെ ഒരു മണിക്കൂര്‍ പിന്നിടുമ്പോഴാണ്, ഈ സംന്യാസീമഠത്തിന്റെ ഘടനാചാതുരി മുഴുവനായി ഗോചരമാവുക. മുന്നൂറ്റിരുപത് വര്‍ഷങ്ങള്‍ മുന്‍പ്, ഈ കിഴുക്കാം തൂക്കായ മലഞ്ചെരുവില്‍, ഇവ്വിധമൊരു ബുദ്ധവിഹാരം പടുത്തുയര്‍ത്തിയെന്നത് ഒരു കണക്കുകള്‍ക്കും വഴങ്ങുന്ന ഒന്നല്ല. ബൃഹദീശ്വരക്ഷേത്രം പണിതതു, സമതലത്തിലാണ്, അതിന്റെ ബൃഹദാകാരം എത്ര വിസ്മയകരമെങ്കിലും! വിഹാരത്തിന്റെ ചുറ്റുമതിലിനപ്പുറം പതിനായിരം അടി ആഴങ്ങളുള്ള വൃക്ഷസമുച്ചയങ്ങളാണ്. ഗിരിശിഖരത്തില്‍ ഇതുപോലൊരു മന്ദിരം, മറ്റെവിടെയെങ്കിലും പണി കഴിപ്പിച്ചതായി അറിവില്ല. തവാങ്ങ് മൊണാസ്ട്രിപോലും ഇത്ര അപകടകരമായല്ല, സന്നിവേശിപ്പിച്ചിട്ടുള്ളത്. വെളുത്ത മേഘങ്ങളുടെ വഴി എന്നല്ല, നീലിമയിലേക്കു കുതിക്കുന്ന മേഘങ്ങളുടെ വഴി എന്നാണ് തോന്നുക. തക്‌സങ്ങ് മൊണാസ്ട്രി ശൂഭ്രവര്‍ണ്ണത്തിലല്ല വിരചിതമായിട്ടുള്ളത്; പച്ചയിലും നീലയിലും ചുമപ്പിലുമാണ്. പ്രകൃതിയുടെ ഹരിതത്തില്‍ മേഘങ്ങള്‍ ഉരുകുമ്പോള്‍ വീണ്ടും ഏതൊക്കെയോ വര്‍ണ്ണ സംയോജനങ്ങള്‍. ആ സന്നിധിയിലെങ്ങും ഏതൊക്കെയോ ലിപികളുണ്ടെന്ന് ഓര്‍ത്തനിമിഷം ഞാനൊരു വിഭ്രാന്തിയില്‍ അകപ്പെട്ടു. അകലെയുള്ള വിഹാരവും അതിലേക്കു നയിക്കുന്ന പടവുകളും മാത്രം, ചുറ്റുമുള്ളവരെല്ലാം കാണാതായിരിക്കുന്നു. മേഘനിരകളിലേക്ക് ഉയര്‍ന്നുപോവുന്നതുപോലെയാണ്. ഒരു വെളിച്ചം ചൂഴ്ന്നുവരികയാണ്. പൂര്‍വ്വനിര്‍ണ്ണയം ചെയ്യപ്പെട്ടാലല്ലാതെ നിങ്ങള്‍ തക്‌സങ്ങ് മൊണാസ്ട്രിയില്‍ 'ആയിരിക്കില്ല'- Being in Taksung Monastery. പെട്ടെന്ന്, എന്നെ ഉണര്‍ത്തിക്കൊണ്ട് ശ്രീയേട്ടാ എന്നൊരു വിളികേട്ടു. ദേശാന്തരങ്ങളില്‍ എവിടുന്നോ എന്നോണം- സുസ്‌മേഷായിരുന്നു, എനിക്കു തൊട്ടുപിറകെ ഒരു വളവില്‍. എല്ലാ മലകയറ്റങ്ങളും നാം തനിച്ചാണ് നിറവേറുകയെങ്കിലും അവിടെ അപ്പോള്‍ ഞാന്‍ ഏകനായിപ്പോയി. എന്റെ ഉള്‍വലിയല്‍ അറിഞ്ഞെന്നപോലെയോ സുസ്‌മേഷ് വിളിച്ചത്? ഒരു സ്വപ്നദൃശ്യത്തില്‍ നിന്നെന്നപോലെ ഞാന്‍ ഉണര്‍ന്നു. സ്വെറ്റര്‍ ധരിച്ചിട്ടും അത്ര ചൂട് തോന്നിയില്ല, അണ്ടിപ്പരിപ്പും ഈത്തപ്പഴവും അധികമൊന്നും ബാക്കിയില്ല. ഉറവകളില്‍നിന്നുമുള്ള ജലത്തിന്റെ സ്വാദ് ഭൂട്ടാന്‍ പ്രകൃതിയുടെ പൈംപാല്‍ തന്നെയാണ്. അനാദിയായ തീര്‍ത്ഥമെന്നോണം ഞാന്‍ അത് ഉള്‍ക്കൊണ്ടു. അപ്പോഴേയ്ക്കും കുതിരകള്‍ മേഞ്ഞുനില്‍ക്കുന്ന പ്രാര്‍ത്ഥനാചക്രങ്ങള്‍ സ്ഥാപിച്ച വിശാലമായ കളിമുറ്റം വന്നിരിക്കുന്നു. ഇനിയങ്ങോട്ട് കുതിരകളോ കുതിരക്കാരോ ഇല്ല. തീര്‍ത്ഥാടകര്‍ മാത്രം, അവരുടെ ഉദ്വേഗങ്ങള്‍ മാത്രം. ജീന്‍സിട്ട ഒരു പെണ്‍കുട്ടിയും കൂട്ടുകാരനും എന്നോടൊപ്പമുണ്ട്, കുറച്ചുനേരമായി. അവളുടെ കൗതുകം പെട്ടെന്ന് ഒരു ചോദ്യമായി. Uncle what is your Age? ഞാന്‍ ചിരിച്ചുകൊണ്ട് ഉത്തരം നല്‍കിയപ്പോള്‍, അവള്‍ വീണ്ടും കുതുകിയായി. തിരിച്ച് ഒരു കുശലമെന്ന നിലയില്‍ ഞാന്‍ ആരാഞ്ഞു: Are you Both on your Honeymo-on Trip? അത്രയേ പ്രായം  തോന്നിക്കുമായിരുന്നുള്ളൂ; ആരോഗ്യപരിപാലനത്തില്‍ അവര്‍ ഒട്ടും പിറകിലല്ലെന്ന് തെളിയിക്കുമാറ് അവളുടെ കൂട്ടുകാരന്‍ ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു:  It was done Thirteen Years Ago, To Darjeeling Hills!  കഫ്റ്റീരിയയ്ക്കു ശേഷമുള്ള പഥങ്ങളാണ് മൊണാസ്ട്രിയുടെ അവിഭാജ്യതയായി നമുക്കു ബോധ്യപ്പെടുക. പ്രാചീനമായ പടവുകള്‍, എല്ലാം നാലടി വീതിയേയുള്ളൂ. വലതുവശത്തു കൈവരിയുണ്ട്. താഴോട്ടു നോക്കിയാലേ ആ കയറ്റത്തിന്റെ ഗുരുത്വവും ലാവണ്യവും തിരിച്ചറിയുകയുള്ളു. വെര്‍ട്ടിഗോ ഉള്ളവര്‍ക്ക് അതു താങ്ങാവതല്ല. വലതുവശത്തേക്ക് ഒരിക്കലെങ്കിലും നോക്കാതെ പടവുകള്‍ കയറിയിറങ്ങുക ദുഷ്‌കരമാണ്, അതു വീണ്ടും ശരീരത്തിന്റെ സന്തുലനം തെറ്റിക്കും. പതുക്കെപ്പതുക്കെ വടികുത്തി ഇറങ്ങുകയാണെങ്കില്‍, കയറുകയാണെങ്കില്‍, അതുപോലെ ഊര്‍ജ്ജഭരമായ പ്രയത്‌നം വേറൊന്നില്ല. ഈ ഇടുങ്ങിയ കല്‍പ്പടവുകള്‍ കൂടി ഉള്‍പ്പെടുന്നതാണ്. തക്‌സങ്ങിന്റെ ശില്‍പ്പകല. നീലിമലയും അപ്പാച്ചിമേടും ശബരിമലയുടെ സാകല്യമെന്ന പോലെ. താഴെനിന്നു കണ്ട സ്വപ്നാത്മകമായ ഹര്‍മ്യം സമീപിക്കുകയാണ്, തൊട്ട് ഇടതുവശം പദ്മസംഭവന്റെ കാരുണ്യധാര പോലെ ഒരു നീര്‍ച്ചാട്ടം, ഒരുപാട് ഉയരത്തില്‍. ഈ സന്നിധിയില്‍, നാം 'ആയിരിക്കുക' മാത്രം. നാം അതായി മാറുന്ന കൈവല്യം ഒരു ഞൊടിയെങ്കിലും അനുഭവപ്പെടുമോ? അഞ്ഞുറു രൂപയുടെ പാസ് കൊടുത്താല്‍ മാത്രമേ പദ്മസംഭവന്റെ ശ്വേതതാരയുടെ സവിധം കയറാവു. പദ്മസംഭവനു മുന്നില്‍ ധ്യാനശീലനായിരിക്കുമ്പോള്‍, കുറേ വര്‍ഷം മുന്‍പ് സാരാനാഥിലെ ബുദ്ധവിഗ്രഹത്തിനു സമീപം, ഒരു നട്ടുച്ചയ്ക്ക് പാദങ്ങള്‍ പൊള്ളിപ്പൊള്ളി ഇരുന്നതോര്‍ത്തുപോയി. പൊള്ളല്‍ പുറത്ത് ആണ്, അകമേ ഹേമന്തത്തിന്റെ കുളിരാണ്! വീണ്ടും ഡാര്‍ജിലിങ്ങിലെ സംന്യാസീമഠങ്ങളൊന്നില്‍. ഇവിടെ, അശ്രുക്കള്‍ അറിയാതെ ഒഴുകിവരുമ്പോള്‍, മനസ്സ് എന്തോ വിടരല്‍ അനുഭവിക്കുന്നു. പടവുകള്‍ കയറിയെത്തുന്ന ആദ്യത്തെ ബുദ്ധവിഹാരമാണല്ലോ, ഇവിടെ. തീര്‍ച്ചയായും മൂര്‍ത്തമായ ഒരു ചൈതന്യപ്രസരം ഇവിടെങ്ങും പരന്നിരിക്കുന്നു. ആ ശ്രീലകത്ത് കയറുന്ന എല്ലാവരും ഈ മുഗ്ധതയ്ക്ക് വശംവദരായോ എന്ന് എനിക്ക് അറിഞ്ഞുകൂടാ. പലരെ സംബന്ധിച്ചും അത് ഒരു വ്യത്യാസമുളവാക്കിയതായി കണ്ടില്ലല്ലോ. പക്ഷേ, ചുരുക്കം ചിലര്‍ക്ക്, അതു ജീവിതത്തിലെ സാധാരണതകളില്‍ നിന്നൊക്കെ അകന്നുപോയ ഒരു മാത്രയാവുന്നു. ഘനസാന്ദ്രമായ ഒരു ശരണാഗതത്വം. ജീവിതം മതിയാവരുതെന്ന റിന്‍പോച്ചെയുടെ ധര്‍മ്മശാസന തന്നെയാണ് മൂര്‍ദ്ധാവില്‍ വീഴുക. പ്രാര്‍ത്ഥനാചക്രങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കപ്പെടേണ്ടതുണ്ട്, എവിടെയൊക്കെയോ ശ്രുതിഭാജനങ്ങള്‍ ഇനിയും സംഗീതഭരിതമാവേണ്ടതുണ്ട്. കാരണം, ജീവിതം ഈ നിമിഷത്തില്‍ ബദ്ധമാവുന്നില്ല. അതെത്ര അനുഗ്രഹീതമാവുമെങ്കിലും! അതും കടന്നുപോവും, പക്ഷേ, അതിന്റെ കൈവല്യമൂര്‍ച്ഛ ബാക്കിനിര്‍ത്തിക്കൊണ്ട്. 

ഇതും കടന്നുപോവുന്നല്ലോ

പദ്മസംഭവന് അടുത്ത ശ്രീലകമാണ് ശ്വേതതാരയുടേത്, കര്‍പ്പൂരഗന്ധം വഴിയുന്ന തീര്‍ത്ഥം അവിടെ പ്രസാദമായി നല്‍കുന്നു; ശംഖിലൂടെ തന്നെ. ബുദ്ധന്റെ ഈ സ്‌ത്രൈണ രൂപത്തിന് അവ്യാഖ്യേയമായൊരു കോമളത്വമുണ്ട്, വലുപ്പം തീരെ കുറഞ്ഞത്. അതില്‍ ഏഴു നയനങ്ങളുണ്ടൊന്നൊക്കെ ആശ എഴുതിയിരുന്നു, അതു തിരഞ്ഞുനോക്കേണ്ടതില്ല. അല്ലാതെ തന്നെ ആ നയനങ്ങളുടെ പ്രാഭവം നിങ്ങള്‍ക്ക് ഏറ്റുവാങ്ങാം. ഈ ബുദ്ധമന്ദിരത്തില്‍ കാറ്റോട്ടമില്ല, തിമ്പുവിലെ സന്നിധിയിലെന്നോണം. പുറത്തിറങ്ങുമ്പോള്‍ ആഴത്തിലുള്ള കാടാണ്. ചെങ്കുത്തായ ഈ സംന്യാസീമഠത്തില്‍ നിന്നുമാത്രം ലഭ്യമാവുന്ന ഹരിതസമൃദ്ധിയാണത്. അതും നോക്കിക്കൊണ്ട് ഞാന്‍ കൈവശമുള്ള മാതളം മുറിച്ച് അല്ലികള്‍ പതുക്കെ അടര്‍ത്തിയെടുത്തു. അവിടെനിന്ന് അതു കഴിക്കുമ്പോള്‍ പ്രത്യേകമൊരു വിശ്രാന്തി. അതിന്റെ ഈറന്‍ അനിര്‍വചനീയമായിരുന്നു. മാതളത്തിന്റെ അല്ലികള്‍ എന്റെ സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കു നല്‍കി. മാതളത്തിന് അങ്ങനെയൊരു സാധ്യതയുണ്ടെന്ന് അവരില്‍ പലരും ധരിച്ചില്ല. പചനവ്യവസ്ഥയെ ഇതുപോലെ സമീകരിക്കുന്ന അധികം ഫലങ്ങള്‍ വേറില്ലല്ലോ. 

ആ സാവകാശത്തിനിടയ്ക്കാണ് അവിടെ വന്നുകയറിയ ഒരു സ്ത്രീ വല്ലാതെ വിവശയായിപ്പോയത്. ശ്വാസമെടുക്കാന്‍ അവര്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കാന്‍ പോന്നവര്‍ ആരും കൂടെയില്ല. വസ്ത്രങ്ങള്‍ പതുക്കെ അയച്ചുവിട്ട്, അവിടെ തെല്ലുനേരം മലര്‍ന്നു കിടന്നാല്‍ മതിയെന്നു പറയുമ്പോഴും അവര്‍ പരിഭ്രാന്തരായി. പ്രതീക്ഷിക്കാതെയുള്ള ആരോഹണത്തിന്റെ ക്ഷീണം മാത്രമാണതെന്ന് അവര്‍ വിശ്വസിക്കുന്നില്ല. ആരെങ്കിലും ഡോക്ടര്‍മാര്‍ അക്കൂട്ടത്തില്‍ ഉണ്ടോ എന്ന വിറളിപൂണ്ട അന്വേഷണം, ആരും ഇല്ലെന്നറിയുമ്പോള്‍ പരിഭ്രമം ഇരട്ടിക്കുന്നു. സൈ്വരമായ വിശ്രമം മാത്രം മതി, ശ്വാസകോശങ്ങളുടെ ഭാരം ലഘൂകരിക്കാന്‍. ഖബരാവോ മത് എന്നു പലവുരു ആശ്വസിപ്പിച്ചപ്പോള്‍, അവരൊന്നു ചെവികേട്ടുവെന്നു തോന്നുന്നു. പ്രാണവായുവിന്റെ ദൗര്‍ലഭ്യമൊന്നും പതിനായിരം അടി ഉയരത്തില്‍ നേരിടുകയില്ല. ശരീരം അപരിചിതമായ മുറുക്കങ്ങള്‍ക്ക് വിധേയമാവുമ്പോള്‍ പ്രജ്ഞ കലങ്ങുന്നപോലെ തോന്നിയേക്കാം. ധൈര്യം വിടാതെ, അതിനെ പരിചരിച്ചാല്‍ മതി. പ്രാഥമിക ശുശ്രൂഷയ്ക്കു വേണ്ട ഏര്‍പ്പാടുകള്‍ തക്‌സങ്ങ് മൊണാസ്ട്രിയില്‍ കണ്ടില്ല. ഈ പുണ്യസന്നിധിയില്‍, ആരും അവ്വിധം കേ്‌ളശങ്ങള്‍ നേരിടാത്തതിനാലാവണം. പക്ഷേ, ഒരു യാഥാര്‍ത്ഥ്യമുണ്ട്, അവിടെവച്ച് എന്തെങ്കിലും സംഭവിച്ചാല്‍, പഹാഡികളെത്തന്നെ ആശ്രയിക്കേണ്ടിവരും, താഴെ എത്തിക്കാന്‍. ചുമലില്‍ ഏറ്റിയുള്ള ആ പഹാഡികളുടെ നടപ്പ് സങ്കല്‍പ്പിച്ചാല്‍, നിങ്ങള്‍ ഒരു ഞൊടി നിരാലംബരാവും. പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍, അവരുടെ വീര്‍പ്പുമുട്ട് മാറി, പതുക്കെ ശുക്‌റിയാ പറഞ്ഞുകൊണ്ട് അവര്‍ ചിരിച്ചു. മേഘാഗ്‌ളിഷ്ടമായ ശിഖരത്തില്‍നിന്ന് താഴെ ഇറങ്ങാറാവുന്നു. സ്വപ്നസദൃശമായ ഈ വിഹാരവും അതേകിയ ശാന്താശ്രുക്കളും കടന്നുപോയിരിക്കുന്നു. ഊര്‍ജ്ജഭരമായ ആ യാത്രകള്‍ പിന്നിടുമ്പോള്‍ അഴലുകളേതുമില്ല. ജീവിതത്തില്‍, അത്രയും സ്വരൂപിക്കാനായല്ലോ എന്ന തോന്നലേയുള്ളൂ. മനസ്സിനെ അത് എത്രത്തോളം രാകിയെടുത്തു എന്നു നിശ്ചയമില്ല. അളന്നെടുക്കാവതല്ലാത്ത, ആനന്ദം തന്നെ അതു പ്രദാനം ചെയ്തിരിക്കുന്നു. ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്ന് ഇവിടെവരെ എത്തിയത്, സാരവത്തായി ഭവിച്ചിരിക്കുന്നു. ഒരു അനുഭവം പിന്നിട്ടുകഴിയുമ്പോഴാണ് നാമെത്ര അതില്‍ മഗ്നനായിരുന്നെന്ന് ഉള്‍ക്കൊള്ളുക. അവയൊന്നും ആവര്‍ത്തിക്കേണ്ടവയല്ല. അതത് പൊഴുതിന്റെ അവര്‍ണനീയത ഏറ്റുവാങ്ങുക, അതിനെ സ്മൃതികോശത്തിന്റെ ഭാഗമാക്കിത്തീര്‍ക്കുക. ഓം മണി പദ്‌മേഹും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com