എഴുത്താണ് മതം; സൗന്ദര്യമാണ് വിശ്വാസം

'എന്റെ കഥ'യില്‍ കാണിച്ച ധീരത, ചെറുകഥകളില്‍ മാധവിക്കുട്ടി പ്രകടിപ്പിച്ചില്ല. തെളിഞ്ഞ ഭാഷയില്‍ വൈകാരികമായി ബാധിക്കുന്ന കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ധീരത ചെറുകഥകളില്‍ ഇല്ല
എഴുത്താണ് മതം; സൗന്ദര്യമാണ് വിശ്വാസം

''പ്രിയപ്പെട്ട വായനക്കാരാ, എന്റെ കഥകള്‍ ജീവിതത്തിന്റെ പ്രകാശം നിറഞ്ഞ വഴികളിലൂടെ ഒരിക്കലും കടന്നുപോകാത്തതെന്ത് എന്നാണല്ലോ താങ്കളുടെ ചോദ്യം. ഇവിടെ എല്ലാ വഴികളും ഇരുള്‍ മൂടുകയാണെന്നു താങ്കള്‍ക്കും അറിയാത്തതല്ലല്ലോ. അതിനു പ്രധാന കാരണക്കാരന്‍ നാം മനുഷ്യന്‍ തന്നെ ആണെന്നിരിക്കെ ഞാന്‍ പ്രകാശം പരത്തുന്ന ഒരു കഥാകാരിയാവാത്തതില്‍ കുണ്ഠിതപ്പെടുന്നതിലെന്തര്‍ത്ഥം?' (ഇത് ജോസഫിന്റെ കഥ; അന്നയുടേയും). ഗ്രേസി സ്വന്തം കഥയെക്കുറിച്ചുള്ള ആത്മവിചാരമാണോ ഈ  വരികളിലൂടെ നടത്തുന്നതെന്നു തോന്നിപ്പോകും. ജീവിതത്തില്‍നിന്നും കീറിയെടുത്ത അനുഭവങ്ങളാണ് ഗ്രേസിയുടെ കഥകള്‍. അതുകൊണ്ടുതന്നെ അതില്‍ മനുഷ്യന്റെ ആത്മസ്പന്ദനങ്ങളാണ് എപ്പോഴും നിറയുന്നത്. സ്‌നേഹത്തിന്റേയും സന്തോഷത്തിന്റേയും പ്രകാശം അതില്‍ പരക്കുന്നില്ല. അസ്വസ്ഥതകളും ആകുലതകളും ആകാംക്ഷയും കൊണ്ടാണ് ഓരോ കഥയും നിര്‍മ്മിച്ചിരിക്കുന്നത്. മലയാള വായനക്കാരനെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ഗ്രേസിയുടെ കഥാജീവിതം തുടങ്ങുന്നതുതന്നെ. അത് എപ്പോഴും നിലനിര്‍ത്തുകയും ചെയ്യുന്നു.
ആവരണങ്ങളില്ലാത്ത മനസ്സും ആശങ്കകള്‍ ഉള്ള ജീവിതവുമാണ് ഗ്രേസിയുടെ കഥാലോകത്തിന്റെ അടിത്തറ. ആ പ്രപഞ്ചത്തിലൂടെയുള്ള ദീര്‍ഘസഞ്ചാരങ്ങള്‍ നമ്മെ അതു ബോദ്ധ്യപ്പെടുത്തും. ജീവിതത്തേയും എഴുത്തിനേയും കുറിച്ചു ഗ്രേസിയുമായി നടത്തിയ ദീര്‍ഘ സംഭാഷണമാണിത്. സംഭാഷണങ്ങളില്‍ പ്രസന്നഭരിതയും വിചാരങ്ങളില്‍ പ്രകോപിതയുമാണ് ഈ എഴുത്തുകാരി. ആ അനുഭവങ്ങളിലേയ്ക്ക്.

ഞാന്‍ ടീച്ചറുടെ അവസാനമായി വായിച്ച പുസ്തകം 'അപഥസഞ്ചാരികള്‍ക്ക് ഒരു കൈപ്പുസ്തക'മാണ്. ജീവിതത്തില്‍ എപ്പോഴും അപഥസഞ്ചാരത്തിനുള്ള ത്വര ഉള്ളതായി തോന്നുന്നുണ്ട്. പഠിക്കുന്ന കാലത്ത് കഞ്ചാവ് വലിച്ചു നോക്കിയതായി കേട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം പ്രേരണകള്‍ ഉണ്ടോ?

കുട്ടിക്കാലം മുതലേ എന്തും പരീക്ഷിച്ചു നോക്കാനുള്ള കൗതുകം എനിക്ക് ഉണ്ടായിരുന്നു. ആരും ധൈര്യപ്പെടാത്ത വഴികളിലൂടെ നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് വലിയ ധൈര്യമുണ്ടെന്ന് ആള്‍ക്കാര്‍ പറയും. പക്ഷേ, ഞാനതൊക്കെ ഒരു പൊട്ടത്തരമായേ കാണുന്നുള്ളൂ. കഞ്ചാവ് വലിച്ചതൊക്കെ അത്തരമൊരു പൊട്ടത്തരത്തിന്റെ ഭാഗമായാണ്. എനിക്ക് യാദൃച്ഛികമായി കിട്ടിയതായിരുന്നു ആ കഞ്ചാവ് പൊതി. നമ്മള്‍ നമ്മുടെ ജീവിതം തകര്‍ത്തിട്ടാണെങ്കിലും പുതിയ അനുഭവങ്ങളുടെ പിന്നാലെ പോകണം എന്നതായിരുന്നു അന്നത്തെ എന്റെ സങ്കല്പം. അക്കാലത്ത് സൈക്കഡലിക് സ്വപ്നം പോലുള്ള കഥകളാണ് വരുന്നത്. മുകുന്ദനും കാക്കനാടനുമൊക്കെ രചനകളില്‍ അത്തരം അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എനിക്കും അതുപോലെ കഥകള്‍ എഴുതാന്‍ ആഗ്രഹമുണ്ടായിരുന്നു. കഞ്ചാവ് വലിച്ചിട്ടാണെങ്കിലും അത്തരം കഥകള്‍ എഴുതാന്‍ ആശിച്ചു. ജീവിതമല്ല എഴുത്താണ് വലുതെന്നു ഞാന്‍ അന്നു വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് കഞ്ചാവ് വലിക്കാന്‍ തയ്യാറായത്. ഞാന്‍ വലിയ തയ്യാറെടുപ്പോടെയാണ് കഞ്ചാവ് വലിച്ചതെങ്കിലും ഒരു അനുഭൂതിയും എനിക്കു കിട്ടിയില്ല. താന്‍ എന്നെ പറ്റിച്ചല്ലേ എന്ന് കഞ്ചാവ് തന്ന എന്റെ കൂട്ടുകാരനോട് ചോദിക്കുകയും ചെയ്തു. അപ്പോഴാണ് അയാള്‍ കഞ്ചാവ് വലിക്കുന്ന ശരിയായ രീതിയൊക്കെ പറഞ്ഞുതന്നത്. ഞാന്‍ അങ്ങനെയൊന്നുമല്ല വലിച്ചത്.
ഈ ആത്മകഥ ഭാഗം വായിച്ചിട്ട് കഥാകൃത്ത് പ്രവീണ്‍ കുമാര്‍ എന്നെ വിളിച്ചിരുന്നു. എല്ലാവരേയും പോലെ ജീവിതത്തിലെ ഈ വ്യത്യസ്തതകള്‍ കേമമായി കൊണ്ടു നടക്കുന്നില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എനിക്ക് തോന്നുന്നത് ചെയ്യും, എഴുതും. വ്യത്യസ്തതയുള്ളതാണോ എന്നൊന്നും വിചാരിച്ചല്ല ഞാന്‍ എഴുതുന്നത്.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ തൃശ്ശൂര്‍ പോയപ്പോള്‍ മുല്ലനേഴിയെ പരിചയപ്പെട്ട ഒരു സന്ദര്‍ഭം ഓര്‍ക്കുന്നുണ്ടോ? അദ്ദേഹം ''ഒരു കൂട്ടം വഷള് കഥകളൊക്കെ എഴുതുന്ന ആളല്ലേ?' എന്ന് ചോദിച്ചില്ലേ? അപ്പോള്‍ എന്തു തോന്നി?

മുല്ലനേഴി അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ഒന്നും തോന്നിയില്ല. ഞാന്‍ അപ്പോഴേയ്ക്കും കഥകളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അംഗീകരിച്ചു കഴിഞ്ഞിരുന്നു. എന്റെ എഴുത്തിനെക്കുറിച്ച് ഒരുപാട് ഭിന്നാഭിപ്രായങ്ങള്‍ അന്ന് ഉണ്ടായിരുന്നു. ഒരു സ്ത്രീ ഇങ്ങനെയൊന്നും എഴുതേണ്ടതില്ലെന്നു പലരും പറഞ്ഞിരുന്നു. വ്യക്തികളിലും സമൂഹത്തിലും എന്നെക്കുറിച്ചു മോശമായ അഭിപ്രായം പരന്നിരുന്നു. മോശപ്പെട്ട ഒരു സ്ത്രീയായാണ് ഞാന്‍ എന്ന് ആളുകള്‍ കരുതിയിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത്തരം കഥകള്‍ എഴുതുന്നതെന്നു പലരും പറഞ്ഞിരുന്നു. ഉള്ളില്‍ സങ്കടമുണ്ടായെങ്കിലും ഞാന്‍ അതൊക്കെ സ്വീകരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് മുല്ലനേഴി ഇങ്ങനെ പറഞ്ഞപ്പോള്‍ പുതുമയൊന്നും തോന്നിയില്ല. ആരൊക്കെ എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ലെന്ന് ഞാന്‍ കരുതി.

ബോംബെയില്‍ നിന്നിറങ്ങിയ കലാകൗമുദി പത്രം എന്നെക്കുറിച്ചു മോശമായി എഴുതിയിരുന്നു. അത്രയും മോശമായി ആരും അതുവരെ എഴുതിയിട്ടില്ല. എന്നെ പ്രകോപിപ്പിച്ചാല്‍ ആദ്യം ദേഷ്യം വരും. പിന്നെ ധൈര്യം നേടും. ധൈര്യത്തോടെ എല്ലാം സ്വീകരിക്കും. ഒരുപാട് തരത്തിലുള്ള വിമര്‍ശനങ്ങള്‍ എനിക്കു നേരെ ഉണ്ടായി. പക്ഷേ, ഞാന്‍ ഇങ്ങനെയേ പോകൂ. ഇങ്ങനെയേ എഴുതൂ. ഇങ്ങനെയേ ചിന്തിക്കൂ. അതാണ് എന്റെ നിലപാട്.

മുല്ലനേഴി

മുല്ലനേഴി പറഞ്ഞ അഭിപ്രായം കഥയുടെ ഒരു അംഗീകാരമായി കണക്കാക്കേണ്ടതല്ലേ?

മുല്ലനേഴിയെ എനിക്ക് പരിചയപ്പെടുത്തിയത് അഷ്ടമൂര്‍ത്തിയാണ്. ഇതു കേട്ടതോടെ അദ്ദേഹം ആകെ വിഷമത്തിലായി. മുല്ലനേഴി മദ്യപിച്ചിട്ടുണ്ടായിരുന്നു. കണ്ണൊക്കെ ചുമന്നിരുന്നു. എനിക്ക് കോംപ്‌ളിമെന്റാണ് അദ്ദേഹം തന്നതെങ്കില്‍ തുടര്‍ന്ന് എന്തെങ്കിലും കഥയെക്കുറിച്ചു പറയേണ്ടേ. എന്റെ നേരേ മുഖത്തു നോക്കി പറയുന്നതാണ് എനിക്ക് ഇഷ്ടം. ഞാന്‍ മുല്ലനേഴിയെ ശരിക്ക് നോക്കി. പിന്നീട് എനിക്ക് അത് കൗതുകമായാണ് തോന്നിയത്.

വഷളന്‍ കഥകളാണ് എഴുതുന്നതെന്നു മറ്റു എഴുത്തുകാരോ വായനക്കാരോ പറഞ്ഞിട്ടുണ്ടോ?

എന്റെ ആദ്യ കഥാസമാഹാരം 'പടിയിറങ്ങിപ്പോയ പാര്‍വ്വതി' ഇറങ്ങിയപ്പോള്‍ പലരും അംഗീകരിച്ചെങ്കിലും എതിര്‍ ശബ്ദങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. എന്തിനും മുതിരുന്ന ഒരു ഒരുമ്പെട്ടോളാണ് ഞാന്‍ എന്ന വിചാരമാണ് എല്ലാവര്‍ക്കും ഉണ്ടായത്.

മാധവിക്കുട്ടിയാണ് പ്രിയപ്പെട്ട കഥാകാരിയെന്ന് പറയാറുണ്ടല്ലോ? എന്റെ കഥ പോലെ ഒരു ആത്മകഥ എഴുതാന്‍ തയ്യാറാകുമോ?

എന്തെഴുതിയാലും അതു സത്യസന്ധവും ആത്മാര്‍ത്ഥമായും ആയിരിക്കണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. കഥയെഴുതുമ്പോള്‍ പോലും അതില്‍ സത്യസന്ധത പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ എഴുതിയ ആ ചെറിയ ആത്മകഥ- 'ഒരു ചെറിയ ജീവിതത്തിന്റെ ശിരോരേഖകള്‍' - പൂര്‍ണ്ണമായും സത്യസന്ധമാണ്.

ആത്മകഥയും ഓര്‍മ്മക്കുറിപ്പും തമ്മില്‍ വ്യത്യാസമുണ്ട്. ഓര്‍മ്മക്കുറിപ്പെഴുതുമ്പോള്‍ ചില അവ്യക്തതകളൊക്കെ കടന്നുവരാം. സംഭവങ്ങളൊക്കെ കൂട്ടിമുട്ടിക്കാന്‍ ചിലപ്പോള്‍ കഥാകൃത്തിനു രചനാ തന്ത്രങളൊക്കെ പ്രയോഗിക്കേണ്ടിവരും. അറുപതു വയസ്‌സാവുമ്പോള്‍ ആത്മകഥ എഴുതണം. അല്ലെങ്കില്‍ ഓര്‍മ്മകള്‍ മങ്ങിത്തുടങ്ങും. 60 വയസ്സായാല്‍ മരിച്ചു എന്നാണ് അര്‍ത്ഥം. മാധവിക്കുട്ടിയെ പോലൊന്നും എനിക്ക് എഴുതാന്‍ പറ്റില്ല. അവര്‍ക്ക് വ്യക്തമായ നിലപാടൊന്നുമില്ലായിരുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. പിന്നെ എനിക്ക് അവരെപ്പോലെ വലിയ അനുഭവങ്ങളൊന്നുമില്ല. എല്ലാവരും അനുഭവിച്ച പോലുള്ള ബുദ്ധിമുട്ടുകള്‍ മാത്രമേ എനിക്ക് ഉള്ളൂ. ഞാന്‍ എന്നോട് ഏറ്റവും കൂടുതല്‍ സത്യസന്ധത പുലര്‍ത്തുന്ന ഒരു സ്ത്രീയാണ്. ശരിയായ നിലപാടുതറയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. എഴുതാനുമാവില്ല.

മാധവിക്കുട്ടി

മാധവിക്കുട്ടിയെ സ്‌നേഹിക്കുമ്പോള്‍ത്തന്നെ, മാധവിക്കുട്ടിയെ പോലെ ജീവിതം ആഘോഷിക്കാന്‍ ടീച്ചര്‍ തയ്യാറാകുന്നില്ല. എപ്പോഴും അകത്തേയ്ക്ക് ഉള്‍വലിയാനാണ് ശ്രമിക്കുന്നത്. എന്തുകൊണ്ടാണത്?

ആഘോഷങ്ങളോടൊന്നും എനിക്ക് പൊരുത്തപ്പെടാന്‍ ആവുന്നില്ല. ബഷീറും മാധവിക്കുട്ടിയുമൊക്കെ ഒരുപാട് ആഘോഷിക്കപ്പെട്ടവരാണ്. ആരാധകരെയൊക്കെ അവര്‍ നന്നായി സ്വീകരിച്ചിരുന്നു. ഞാന്‍ ആലോചിച്ചിട്ടുണ്ട് ഇങ്ങനെ ആഘോഷിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് വായിക്കാന്‍ സമയം കിട്ടുമോ ചിന്തിക്കാന്‍ സമയം കിട്ടുമോ എന്നൊക്കെ. അവരൊക്കെ വലിയ പ്രതിഭാശാലികളായതുകൊണ്ട് അതൊക്കെ ആവശ്യമില്ലായിരിക്കും. എനിക്ക് ഇതുവരെ അതൊന്നും മനസ്സിലായിട്ടില്ല. ആളുകള്‍ മീറ്റിംഗിന് പ്രസംഗിക്കാന്‍ വിളിക്കാന്‍ വരുമ്പോള്‍ മാത്രമാണ് ഞാന്‍ കള്ളം പറയുന്നത്. ഞാന്‍ സ്ഥലത്തുണ്ടാവില്ലെന്നു പറഞ്ഞൊഴിയും. ടെലിവിഷന്‍ ക്യാമറയ്ക്കു മുന്‍പില്‍ നില്‍ക്കാനൊന്നും കഴിയില്ല. എന്നിലേയ്ക്ക് ഉള്‍വലിയുന്നതാണ് എന്റെ പ്രകൃതം. ഇങ്ങനെയൊക്കെയാണ് ഞാന്‍. എന്തു ചെയ്യാന്‍ കഴിയും?

മാധവിക്കുട്ടിക്ക് പിന്നാലെ വന്നവര്‍ മാധവിക്കുട്ടിയെ പലതരത്തില്‍ അനുകരിക്കാനാണ് ശ്രമിച്ചത്; അല്ലെങ്കില്‍ മാധവിക്കുട്ടിയാവാനാണ് ആഗ്രഹിച്ചത്. അങ്ങനെ വേഷം കെട്ടാന്‍ പോലും പലരും തയ്യാറായി. പക്ഷേ, മാധവിക്കുട്ടിക്ക് അപ്പുറത്തേയ്ക്കു പോകാന്‍ പിന്നാലെ വന്ന എഴുത്തുക്കാര്‍ക്ക് കഴിഞ്ഞോ?

എഴുത്തിന്റെ കാര്യത്തില്‍ മാധവിക്കുട്ടിയില്‍നിന്നും മുന്നോട്ടു പോകാന്‍ പുതിയ എഴുത്തുകാരികള്‍ക്ക് കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം. 'എന്റെ കഥ'യില്‍ കാണിച്ച ധീരത, ചെറുകഥകളില്‍ മാധവിക്കുട്ടി പ്രകടിപ്പിച്ചില്ല. തെളിഞ്ഞ ഭാഷയില്‍ വൈകാരികമായി ബാധിക്കുന്ന കഥകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ധീരത ചെറുകഥകളില്‍ ഇല്ല. ലിസി, 'വിലാപുറങ്ങളില്‍' രതി എത്ര ധീരമായി എഴുതി. സാറാ ടീച്ചര്‍ അലാഹയുടെ പെണ്‍മക്കളില്‍ ശക്തമായി എഴുതിയിട്ടുണ്ട്. എന്തായാലും മാധവിക്കുട്ടിയുടെ എഴുത്ത് പുതിയ തലമുറയ്ക്കു പ്രചോദനം നല്‍കിയോ എന്നതു സംശയമാണ്. ജീവിതവും മാതൃകയാക്കാമോ എന്നതും സംശയമാണ്.

മാധവിക്കുട്ടി അഭിപ്രായങ്ങളില്‍ എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കും. ഭര്‍ത്താവ് മരിച്ച ശേഷം വലിയ ഏകാന്തതയാണ് എന്നു പറഞ്ഞിരുന്നു. ഏകാന്തതയെ പ്രണയം കൊണ്ട് മറികടക്കാമെന്നാണ് അവര്‍ വിചാരിച്ചത്. അതൊക്കെ വിഡ്ഢിത്തമായാണ് എനിക്ക് തോന്നുന്നത്. ഏകാന്തത എന്നതു മനസ്സിന്റെ അഗാധതയില്‍നിന്നു വരുന്നതാണ്. ഏകാന്തതയുടെ വികാരം ആരോടും പങ്കിടാനാവില്ല. രോഗത്തിന്റെ വേദന നമ്മള്‍ തന്നെ അനുഭവിച്ചു തീര്‍ക്കണം. അതുപോലെ തന്നെയാണ് ഏകാന്തതയും. അതിനെ മറികടക്കാന്‍ എന്തിന്റേയും പിന്നാലെ പായുന്നത് തികഞ്ഞ ഭോഷത്തരമാണ്. കല്യാണം കഴിക്കാന്‍ തയ്യാറാവുന്നതും മതം മാറുന്നതും അതിന്റെ പരിഹാരമല്ല.

ചാടിച്ചാടി വളയമില്ലാതെയാണ് പിന്നീട് മാധവിക്കുട്ടി ചാടിയത്. എഴുത്തുകാരന്റെ മതം എഴുത്താണ് എന്നു പറഞ്ഞ എഴുത്തുകാരിയാണ് മാധവിക്കുട്ടി. മറ്റൊരു മതവും എഴുത്തുകാര്‍ക്കില്ലെന്നു പറഞ്ഞു. അതെന്നെ വലിയ രീതിയില്‍ ആകര്‍ഷിച്ചു. പക്ഷേ, പിന്നീട് മലക്കം മറിഞ്ഞു, മതം മാറി. സത്യത്തില്‍ സ്തുതിക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും മാധവിക്കുട്ടിയെ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അത്രയും സങ്കര്‍ണ്ണമായിരുന്നു അവരുടെ വ്യക്തിത്വം.

ഗ്രേസി
 

അറിയപ്പെടുന്ന ഒരു കഥാകൃത്തിലേയ്ക്കുള്ള വളര്‍ച്ച എങ്ങനെയായിരുന്നു? എഴുത്തുകാരി ആത്മവിശ്വാസം ഉണ്ടായതെപ്പോഴാണ്?

ഞാന്‍ ആദ്യം വായിച്ചുതുടങ്ങിയത് മുട്ടത്തുവര്‍ക്കിയെയൊക്കെയാണ്. അതു പ്രീഡിഗ്രി കാലമായിരുന്നു. പിന്നീട് ബി.എ. മലയാളത്തിന് കോലഞ്ചേരി കോളേജില്‍ ചേര്‍ന്നപ്പോഴാണ് വായനയുടെ ദിശ മാറിയത്. പുതിയ പുതിയ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയപ്പോള്‍ സാഹിത്യത്തെക്കുറിച്ചു കൂടുതല്‍ വെളിവു കിട്ടി. ഇപ്പോള്‍ സഞ്ചരിക്കുന്നതില്‍നിന്നും മാറി നടക്കണമെന്നു തോന്നിത്തുടങ്ങി. ഇത്രയും നാള്‍ എഴുതിയതില്‍നിന്നൊക്കെ മാറ്റം വേണമെന്ന് ബോധ്യപ്പെട്ടു. ബി.എയ്ക്കു ചേര്‍ന്നപ്പോള്‍ അവിടെ കവിയും എഴുത്തുകാരനുമായ ബിനോയ് ചാത്തുരുത്തി അധ്യാപകനായി ഉണ്ടായിരുന്നു. മാഷ് അപാരസുന്ദരനായിരുന്നു. പഴയ ശിവാജി ഗണേശനെപ്പോലെയുള്ള മീശയൊക്കെ ഉണ്ടായിരുന്നു. സുന്ദരികളായ കുട്ടികള്‍ മാഷെ വായി നോക്കുമായിരുന്നു. പക്ഷേ, മാഷതൊന്നും പരിഗണിച്ചിരുന്നില്ല.

അന്ന് മാഷ് പുതിയ കവിതകളെക്കുറിച്ചൊക്കെ നന്നായി സംസാരിക്കും. പക്ഷേ, കഌസ്സിലെ മറ്റു കുട്ടികള്‍ക്കൊന്നും അതില്‍ വലിയ താല്പര്യമില്ലായിരുന്നു. അവര്‍ അതൊന്നും ശ്രദ്ധിക്കില്ല. ഞാന്‍ മാത്രം ശ്രദ്ധയോടെ എല്ലാം കേട്ടിരിക്കും. ഒടുവിലായപ്പോഴേയ്ക്കും മാഷ് എന്നെ നോക്കി മാത്രം പഠിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ പുതിയ കാര്യങ്ങള്‍ അറിയാന്‍ എനിക്ക് വലിയ കൗതുകമായിരുന്നു. മാഷിന്റെ കഌസ്സ് എനിക്കത്ര ഇഷ്ടമായിരുന്നു. ഇടയ്‌ക്കൊക്കെ തമാശകള്‍ പറയും. ബിനോയ് മാഷ് കല്യാണം കഴിച്ചത് പഠിപ്പിച്ച ഒരു കുട്ടിയെ തന്നെയായിരുന്നു. ഇതറിഞ്ഞ ഒരാള്‍ ചോദിച്ചത്, ഗ്രേസിയെയാണോ മാഷ് കല്യാണം കഴിച്ചതെന്നായിരുന്നു. അപ്പോള്‍ മറ്റൊരു സുഹൃത്ത് പറഞ്ഞത്, ''അവളെ പ്രേമിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നാണ്.' അന്ന് ഞാന്‍ പ്രണയഭംഗമൊക്കെ വന്നു ജീവിതവിരക്തയായി കഴിയുന്ന കാലമായിരുന്നു. മുടിയൊക്കെ മുറിച്ച് ഇന്ദിരാഗാന്ധിയുടെ സ്‌റ്റൈലിലായിരുന്നു നടന്നിരുന്നത്. വീണ്ടുമൊരു പ്രേമത്തിനുള്ള മാനസികാവസ്ഥയൊന്നും ഇല്ലായിരുന്നു. സുഹൃത്തുക്കളൊക്കെ പറയും, ''അവളെ പേടിച്ചാവഴിയാരും നടക്കാറില്ലെന്ന്.' അത്രയ്ക്കു കഠിനമായ മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

ഞാന്‍ ഒരു കഥയെഴുതി മാഷെ കാണിച്ചു. അതില്‍ ലൈംഗികതയൊക്കെ ഉണ്ടായിരുന്നു. മാഷ് വായിച്ചിട്ട്, ഒരു ഇംഗ്ലീഷ് സിനിമയുടെ പേരു പറഞ്ഞിട്ട്, അതു കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു. എനിക്ക് സിനിമ കാണാനൊന്നും പറ്റുന്ന കാലമായിരുന്നില്ല അത്. ഞാന്‍ ആദ്യം കണ്ട സിനിമ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ഭാര്യ'യാണ്. ഞങ്ങളുടേത് ഒരു വലിയ യാഥാസ്ഥിതിക കുടുംബമായിരുന്നു. സിനിമയ്‌ക്കൊന്നും എന്നെ വിടില്ലായിരുന്നു. മാധവിക്കുട്ടിയുടെ കഥകള്‍ വായിച്ചിട്ടുണ്ടോ എന്ന് മാഷ് ചോദിച്ചു. ഞാന്‍ ഇല്ലെന്നു പറഞ്ഞു. ''മാധവിക്കുട്ടിയെ വായിക്കാതെ പെണ്‍കുട്ടികള്‍ കഥയെഴുതുമോ' എന്ന് മാഷ് ചോദിച്ചു. ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കഥകള്‍ പോലും ഞാന്‍ അന്ന് വായിച്ചിരുന്നില്ല. മാഷ് മാധവിക്കുട്ടിയുടെ ഒരു പുസ്തകം തന്നു. അതു വായിച്ചപ്പോള്‍ നമ്മള്‍ നമ്മളെ കണ്ടെത്തുന്നതുപോലെ തോന്നി. എല്ലാ സ്ത്രീകള്‍ക്കും അവരവരെ ഈ കഥകളില്‍നിന്നു കണ്ടെത്താന്‍ കഴിയും. മാധവിക്കുട്ടിയെ വായിച്ചത് ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി.

എം.എയ്ക്ക് ചേര്‍ന്നത് എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു. അവിടത്തെ അന്തരീക്ഷം എഴുത്തിനേയും വായനയേയും പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. അക്കാലത്താണ് ഞാന്‍ ആര്‍ത്തിയോടെ വായിച്ചത്. ആനന്ദിന്റെ 'ആള്‍ക്കൂട്ടം' കഌസ്സില്‍ പോലും പോകാതെ, ഉറങ്ങാതെ കുത്തിയിരുന്നു വായിച്ചു. ഞാന്‍ അക്കാലത്ത് വായനയില്‍ ഒരു ആര്‍ത്തിപ്പണ്ടാരമായിരുന്നു. ഭക്ഷണം പോലും കഴിക്കാതെ വായിക്കും. ഞാന്‍ പഠിക്കുമ്പോഴാണ് വിനയചന്ദ്രന്‍ മാഷ് അവിടെ വരുന്നത്. എഴുതുന്നതൊക്കെ ഞാന്‍ കാണിക്കും. മാഷ് എനിക്ക് വലിയ പ്രോത്സാഹനമാണ് തന്നത്. എന്റെ എഴുത്തിനെ കൂടുതല്‍ സവിശേഷമാക്കിയത് ഈ കാലമാണ്.

അന്ന് മറിയമ്മ കഥ എഴുതുന്നുണ്ടായിരുന്നു. അന്നൊക്കെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍നിന്ന് കഥയെഴുതുന്നവര്‍ അപൂര്‍വ്വമായിരുന്നു. എനിക്ക് മറിയമ്മയെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കത്തോലിക്കാ സമുദായത്തില്‍പ്പെട്ട ഒരാള്‍ എങ്ങനെ ഇങ്ങനെയൊക്കെ എഴുതുന്നതെന്നു ഞാന്‍ ചിന്തിച്ചിരുന്നു.

ഇപ്പോഴും കഥ എഴുത്തില്‍ എനിക്ക് ഒരു കോണ്‍ഫിഡന്‍സ് കിട്ടിയിട്ടില്ല. കഥകള്‍ അച്ചടിച്ചു വരാന്‍ വൈകുമ്പോള്‍ ഞാന്‍ ആശങ്കപ്പെടും. അങ്ങനെയാണ് എന്റെ പ്രകൃതം.

ടീച്ചര്‍ ഒരിക്കല്‍ എഴുതിയിട്ടുണ്ട് ''അയാള്‍ കുട നന്നാക്കാനുണ്ടോ എന്ന് വഴിയാത്രക്കാരോടു ചോദിക്കുന്നതുപോലെ, കഥ നന്നാക്കാനുണ്ടോ എന്ന് എഴുത്തുകാര്‍ നിരന്തരം ചോദിച്ചു കൊണ്ടേയിരിക്കണം' എന്ന്. ടീച്ചര്‍ കഥ നന്നാക്കുന്നത് എങ്ങനെയാണ്?

ഒരു കഥ എഴുതി കഴിഞ്ഞാല്‍ അതു നിരന്തരം മിനുക്കി പണിതുകൊണ്ടിരിക്കും. അതിനെക്കുറിച്ചു തന്നെ ആലോചിച്ചുകൊണ്ടിരിക്കും. എനിക്ക് ഒന്നറിയാം-ഞാന്‍ എഴുതിയ ഒരു കഥയും എന്റെ സങ്കല്‍പ്പത്തിനനുസരിച്ചു വന്നിട്ടില്ലെന്ന്. എല്ലാ കാലത്തും ഓര്‍മ്മിക്കാന്‍ കഴിയുന്ന ഒരു കഥ എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, അതിനുള്ള കോപ്പുകള്‍ കയ്യിലില്ലെന്നാണ് തോന്നുന്നത്.

അനുഭവങ്ങളുടെ പരിമിതിയാണോ? ഭാഷയുടെ അപര്യാപ്തതയാണോ ഇതിനു കാരണം?

എനിക്ക് വളരെ കുറച്ചനുഭവങ്ങളേയുള്ളൂ. മറ്റുള്ളവരുടെ ജീവിതരഹസ്യത്തെക്കുറിച്ചൊന്നും എനിക്കറിഞ്ഞുകൂടാ. ഞാന്‍ ആളുകളെ നന്നായി നിരീക്ഷിക്കാറുണ്ട്. ആവുന്ന പോലെ ഞാന്‍ എഴുതുന്നുണ്ട്.

ഒരു യാഥാസ്ഥിക ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്നാണ് വരുന്നതെന്നു പറയാറുണ്ടെങ്കിലും ബൈബിളിന്റെ സ്വാധീനമോ ക്രിസ്ത്യന്‍ ജീവിത സംസ്‌കാരത്തിന്റെ ഭൂമികയോ ഒന്നും കഥകളില്‍ കാണുന്നില്ലല്ലോ?

എന്റെ വീട്ടില്‍ കാല്‍പ്പെട്ടിയുടെ പുറത്ത് ബൈബിള്‍ വെച്ചിരിക്കും. പക്ഷേ, അതില്‍ തൊടാനുള്ള അവകാശമൊന്നും ആര്‍ക്കും ഇല്ലായിരുന്നു. പ്രത്യേകിച്ച് പെണ്ണുങ്ങളൊന്നും അതില്‍ തൊട്ടുകൂടാ എന്നായിരുന്നു. അതുകൊണ്ട് ഞങ്ങളൊന്നും അതില്‍ നോക്കിയിട്ടില്ല. ബൈബിള്‍ കാണുമ്പോള്‍ പേടിയാണ് തോന്നുന്നത്. കുറേ പ്രായമായ ശേഷമാണ് ബൈബിള്‍ വായിച്ചു തുടങ്ങിയത്. ഞങ്ങളുടെ വീട്ടിലിരിക്കുന്നതു പഴയ എഡിഷനാണ്. പലതും വായിച്ചാല്‍ മനസ്‌സിലാവില്ല. എന്തോ ഒരു നിഗൂഢതയായി അതിനെ മാറ്റിനിര്‍ത്തി. ഇതൊന്നും വായിക്കാനുള്ള പ്രായവും പക്വതയുമില്ലെന്നു തോന്നിയിരുന്നു.
എന്റെ അമ്മ കൂത്താട്ടുകുളത്തെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍നിന്നു വന്നതായിരുന്നു. എന്നാല്‍, വലിയ ജന്മിമാരുമായിരുന്നു. ഏക്കര്‍ കണക്കിനു വസ്തുക്കള്‍ ഉണ്ടായിരുന്നു. അതിന്റെ ഒരു ഹുങ്ക് അമ്മയ്ക്ക് എപ്പോഴുമുണ്ട്. അമ്മ എപ്പോഴും അപ്പനോട് പറയും, നിങ്ങള്‍ നസ്രാണികളൊന്നുമല്ലല്ലോ, മാര്‍ക്കം കൂടിയവരല്ലേ എന്ന്. പറയാന്‍ കാരണം വീടിനടുത്ത് ഒരു വലിയ സര്‍പ്പക്കാവുണ്ടായിരുന്നു. കിരങ്കല്‍ ബിംബങ്ങളും കൂറ്റന്‍ മരവുമുണ്ടായിരുന്നു. അതിലൊന്നും ആരും തൊടില്ലായിരുന്നു. അപ്പന് ആ മരം വെട്ടി വിറ്റാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ, ആരും അതില്‍ കൈവെയ്ക്കില്ല. പേടിയാണ്. പുള്ളുവന്‍പാട്ടൊക്കെ വീട്ടില്‍ നടത്താറുണ്ടായിരുന്നു. അറയൊക്കെയുള്ള വീടായിരുന്നു. അറതുറന്ന് കോഴിയിറച്ചിയൊക്കെ പൂജ വെക്കും. അങ്ങനെ ഒരു നസ്രാണി പാരമ്പര്യമല്ല ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. തലമുറകള്‍ കഴിയുമ്പോഴേയ്ക്കും അതൊക്കെ മാറിവന്നു. എനിക്കു തോന്നുന്നതു തലമുറകള്‍ക്കു മുന്‍പ് ഞങ്ങളുടേത് വേറേതെങ്കിലും ജാതിയായിരിക്കും. പതിനാറ് തലമുറകളില്‍ ജീന്‍ നിലനില്‍ക്കുമെന്നല്ലേ പറയുന്നത്. എന്റെ ജീന്‍ അതായിരിക്കും.

എന്റെ അനിയത്തി ഉറച്ച ക്രിസ്തുമത വിശ്വാസിയാണ്. സഹോദരന് അങ്ങനെയൊന്നുമില്ല. പിന്നെ മലയാള സാഹിത്യമൊക്കെ വായിക്കുമ്പോള്‍ മറ്റൊരു സംസ്‌കാരമാണല്ലോ കിട്ടുന്നത്. എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാരുമൊക്കെ വായിച്ച് അതില്‍ ലയിച്ചു പോയി. ഞാന്‍ പിന്നീട് ബൈബിള്‍ വായിച്ചത് ഒരു സാഹിത്യകൃതി എന്ന നിലയിലാണ്. ഒരു മതഗ്രന്ഥം എന്ന നിലയില്‍ ബൈബിളിനെ ഇന്നുവരെ ഞാന്‍ കണ്ടിട്ടില്ല. അങ്ങനെ വായിച്ചിട്ടുമില്ല. ഇപ്പോള്‍ ബൈബിള്‍ എനിക്കൊരു നിഗൂഢതയാണ്. എത്ര നല്ല ഭംഗിയുള്ള ഭാഷയാണതിലേത്. കവിത നിറഞ്ഞതാണത്. ബൈബിള്‍ എന്നും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഭാഷയും നിഗൂഢതയുമാണതിലേത്. ഇപ്പോഴും ബൈബിളിലെ കാര്യങ്ങളൊന്നും വ്യക്തമായി എനിക്കറിയില്ല.

ഡി വിനയചന്ദ്രന്‍
 

ജീവിതത്തില്‍ നിരന്തരമായി ഉണ്ടായ പ്രണയഭംഗങ്ങളാണോ എഴുതാനുള്ള ഊര്‍ജ്ജമായി മാറിയത്?

ഞാന്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് ജനിച്ചത്. അപ്പനൊക്കെ കൃഷിയെക്കുറിച്ചു മാത്രമായിരുന്നു ചിന്ത. കുട്ടികളെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. അപ്പന്‍ ഞങ്ങളെ സ്‌നേഹിക്കുന്നില്ല എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അമ്മയ്ക്കു സത്യത്തില്‍ അപ്പനെ കല്യാണം കഴിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. അമ്മയ്ക്ക് ഒരു ചെറിയ പ്രണയം ഉണ്ടായിരുന്നു. അമ്മയുടെ അപ്പന്‍ ഒരു സിംഹം പോലെയുള്ള ആളാണ്. പ്രണയ കാര്യമൊന്നും അപ്പനോട് പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ കൊന്നുകളയും. അതുകൊണ്ടാണ് ഇഷ്ടമില്ലെങ്കിലും അമ്മ എന്റെ അപ്പനെ കല്യാണം കഴിച്ചത്. അവരു തമ്മില്‍ വയസ്സിന്റെ വലിയ വ്യത്യാസമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളോടും അമ്മയ്ക്കു വലിയ മമതയൊന്നും ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ഒരു മാസികയില്‍നിന്നു അമ്മയെക്കുറിച്ചു എഴുതാന്‍ പറഞ്ഞപ്പോള്‍, ഞാന്‍ എഴുതില്ലെന്നു പറഞ്ഞു. അമ്മ എന്ന സങ്കല്പം ശരിയായ അര്‍ത്ഥത്തില്‍ എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് ഞാന്‍ തീരുമാനിച്ചിരുന്നു, എന്നെങ്കിലും ഞാന്‍ ഒരമ്മയാവുകയാണെങ്കില്‍, സ്‌നേഹവതിയും പരസ്പര ധാരണയുമുള്ള അമ്മയാവുമെന്ന്. എന്റെ മകളുടെ ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്ത് ഞാനാണ്.

ഇങ്ങനെ സ്‌നേഹമില്ലായ്മമൂലം എപ്പോഴും അനാഥത്വമാണ് എനിക്ക് തോന്നിയിരുന്നത്. വീടിനടുത്തുകൂടി ആരെങ്കിലും ചെറുപ്പക്കാര്‍ പോയാല്‍ അപ്പന്‍ അവരോട് വഴക്കുണ്ടാക്കും. ഇവരൊക്കെ എങ്ങനെയാണ് ജീവിതത്തിലൂടെ കടന്നുപോയതെന്ന് ആലോചിക്കാറുണ്ട്. എനിക്ക് അപ്പനോട് ചോദിക്കാനുള്ള ധൈര്യമൊന്നുമില്ല. അപ്പന്‍ പണിക്കാരോടൊപ്പം ഇറങ്ങി കൃഷിപ്പണിചെയ്യുന്ന ആളാണ്. ആ കൈകൊണ്ടു അടികൊള്ളേണ്ടിവരും. ഇടയ്‌ക്കൊക്കെ അടി കൊണ്ടിട്ടുമുണ്ട്. നമ്മുടെ അമര്‍ഷം മുഴുവനും ഇങ്ങനെ ഒരു സമാന്തര മാനസിക ജീവിതം നയിച്ചാണ് തീര്‍ക്കുന്നത്. പ്രണയം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. പ്രണയം മധുരമായിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല. എന്നാലും അതിനടിയില്‍ ഇത്തിരി മധുരം കാണാം. അതു നുണയാന്‍ വേണ്ടിയിട്ടാണ് പ്രേമിക്കുന്നത്. ഒരു പ്രണയം തകരുമ്പോള്‍ ഞാന്‍ വല്ലാതെയാവും. അതിന്റെ ആഘാതം തീരുമ്പോള്‍ മറ്റൊന്നിലേയ്ക്കു പോകും. സത്യത്തില്‍ എനിക്ക് പ്രണയത്തിനു ക്ഷാമമുണ്ടായിട്ടില്ല. ഞാന്‍ പ്രേമിച്ചതില്‍ അധികവും ഹിന്ദുക്കളായിരുന്നു. ഇപ്പോഴാണ് ഞാന്‍ അതൊക്കെ ആലോചിക്കുന്നത്. ഞാന്‍ ശശിയെ കല്യാണം കഴിച്ചതിന്റെ കാര്യം, എന്റെ എഴുത്തിനെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരാള്‍ എന്ന ഒറ്റക്കാര്യം കൊണ്ടാണ്. എനിക്ക് സ്വസ്ഥമായി എഴുതാന്‍ സാധിക്കുമല്ലോ എന്ന് വിചാരിച്ചു.

യഥാര്‍ത്ഥ സംഭവങ്ങളാല്ലോ പലപ്പോഴും ഫിക്ഷനായി എഴുതാറുള്ളത്. സത്യത്തില്‍നിന്നും ഫിക്ഷനിലേയ്ക്കുള്ള ദൂരം മറികടക്കാന്‍ പ്രതിസന്ധികള്‍ ഉണ്ടാകാറില്ലേ?

എന്റെ എഴുത്ത് എന്നു പറയുന്നതു സ്വാഭാവികമായി ഉണ്ടായി വരുന്നതാണ്. ചില കാര്യങ്ങള്‍ യാഥാര്‍ത്ഥ്യത്തോടെ മാത്രം ആവിഷ്‌കരിക്കാന്‍ കഴിയില്ല. ഞാന്‍ ഒരു എഴുത്തുകാരി മാത്രമല്ല, വായനക്കാരി കൂടിയാണല്ലോ, എഴുതിക്കഴിഞ്ഞാല്‍ വായനക്കാരിയുടെ കാഴ്ചപ്പാടിലൂടെയാണല്ലോ അതിനെ സമീപിക്കുന്നത്.

യഥാര്‍ത്ഥ വസ്തുതകള്‍ മാത്രം എഴുതിയാല്‍ അത് ഒരു പത്രറിപ്പോര്‍ട്ട് പോലെയിരിക്കും. അതല്ലല്ലോ കഥ. അപ്പോള്‍ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചില വസ്തുതകള്‍ വന്നുവീഴും. അത് അവതരിപ്പിക്കുന്നു അത്രമാത്രം, എനിക്കങ്ങനെയേ പറയാന്‍ കഴിയൂ. കഥ ഏതെങ്കിലും പ്രത്യേക തരത്തില്‍ അവതരിപ്പിക്കാം എന്ന മുന്‍വിധിയോടെയല്ല കാര്യങ്ങളെ സമീപിക്കുന്നത്. തികഞ്ഞ യാഥാര്‍ത്ഥ്യ ബോധത്തോടെ അവതരിപ്പിക്കാന്‍ കഴിയാത്ത ഒരു കാര്യത്തെ എങ്ങനെ ആവിഷ്‌കരിക്കും എന്നു ചിന്തിച്ചുനോക്കും. എങ്ങനെ എഫക്ടീവ് ആക്കാം എന്ന് നോക്കും. അതാണ് ഞാന്‍ കഥയില്‍ ചെയ്യുന്നത്.

ടീച്ചറിന്റെ തലമുറയില്‍പെ്പട്ടവരൊക്കെ ക്രാഫ്റ്റിനെക്കുറിച്ച് വലിയ ജാഗ്രത ഉള്ളവരായിരുന്നു. അത്തരം ആലോചനകള്‍ കഥ എഴുതുമ്പോള്‍ ഉണ്ടാകാറുണ്ടോ?

കഥയിലെ ക്രാഫ്റ്റ് എന്നത് കൃത്രിമമായി ഉണ്ടാക്കാവുന്ന ഒന്നല്ല. അത് സ്വാഭാവികമായി ഉണ്ടായി വരുന്നതാണ്. ചില കഥകളൊക്കെ എഴുതി തുടങ്ങിയിട്ട് മാറ്റിവെക്കാറുണ്ട്. കുറേ കഴിഞ്ഞു മറ്റൊരു രൂപത്തില്‍ അതു വരും. കഥയില്‍ ഒന്നും മാറ്റാന്‍ കഴിയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. കൃത്രിമമായി ക്രാഫ്റ്റ് ഉണ്ടാക്കിയാല്‍ വായനക്കാര്‍ക്കു വേഗം മനസ്സിലാവും. പരീക്ഷണങ്ങള്‍ നടത്താന്‍ വേണ്ടി എഴുതരുത്. ഞാന്‍ പരീക്ഷണങ്ങള്‍ക്കുവേണ്ടി കഥ എഴുതാറില്ല. ഞാന്‍ അതിലൊന്നും വിശ്വസിക്കുന്നില്ല. എഴുത്തുകാരന്റേയും വായനക്കാരന്റേയും ഹൃദയങ്ങള്‍ തമ്മിലുള്ള സംവാദമാണ് എഴുത്തില്‍ നടക്കേണ്ടത്. അതാണ് ഒരു സാഹിത്യ സൃഷ്ടിക്കു വേണ്ടത് എന്നാണ് എന്റെ വിശ്വാസം.

കെപി അപ്പന്‍
 

എഴുതി തുടങ്ങുന്ന കാലത്ത് മലയാളത്തില്‍ ആധുനികത വലിയ സ്വാധീനമായി പടര്‍ന്നു നില്‍ക്കുകയായിരുന്നല്ലോ. അതിന്റെ ആശയങ്ങളോ തത്ത്വശാസ്ത്രമോ ഒന്നും ബാധിച്ചതായി കാണുന്നില്ല. എന്തുകൊണ്ടാണത്?

ആധുനിക എഴുത്തുകാരുടെ കഥകളൊക്കെ വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എഴുതുന്നതൊന്നും കഥയല്ല എന്നു തോന്നി. അവരുടെ ഭാഷയൊക്കെ വിഭ്രമിപ്പിക്കുന്നതായിരുന്നു. ഇങ്ങനെ വിഭ്രമിപ്പിക്കുന്ന ഭാഷയില്‍ എഴുതിയെങ്കിലേ കഥയാകൂ എന്നു വിശ്വസിച്ചു. ഞാന്‍ ഋഗ്വേദം വായിക്കാന്‍ തുടങ്ങി. അതിന്റെ അടിസ്ഥാനത്തില്‍ ചിത്രകാര്‍ത്തികയില്‍ ഒരു കഥ എഴുതി. ഋഗ്വേദത്തിലെ ആശയങ്ങളും വാക്കുകളും അതില്‍ ഉണ്ടായിരുന്നു. കുറേക്കാലം കഴിഞ്ഞു ആ കഥ ഞാന്‍ വായിച്ചുനോക്കിയപ്പോള്‍ എനിക്കു തന്നെ ഒന്നും മനസ്സിലായില്ല. പിന്നീട് എനിക്ക് ബോധ്യപ്പെട്ടു. ഇതു വെറും കസര്‍ത്ത് മാത്രമാണ്. ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ല. എനിക്ക് ഒരു സ്വഭാവമുണ്ട്. ഒരു കാര്യത്തില്‍ ഇടപെട്ടാല്‍ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ അത് ചെയ്യും. ഇത്തരം കഥയെഴുത്ത് ആത്മാര്‍ത്ഥതയില്ലാത്ത പണിയാണെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ പിന്നീട് എന്റെ വഴി തന്നെ തുടര്‍ന്നു. എഴുത്തിന്റെ രീതികള്‍ കുറേക്കൂടി നവീകരിച്ചു എന്നുമാത്രം. എം. മുകുന്ദന്റെ 'കൂട്ടം തെറ്റി മേയുന്നവരൊ'ക്കെ വായിച്ചപ്പോള്‍ വലിയ അസ്വസ്ഥതയാണ് തോന്നിയത്. ഈ കൃതികളിലൊക്കെ പറയുന്നതുപോലെ ഒരു ജീവിതം സാദ്ധ്യമാണോ എന്നു ഞാന്‍ ആലോചിക്കാറുണ്ട്. എനിക്ക് എപ്പോഴും വലിയ സംശയങ്ങളാണ് ആ രചന ഉണ്ടാക്കിയത്. ആധുനികരുടെ രചനകളില്‍ പറയുന്നതൊന്നും ജീവിതത്തോടു ബന്ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജീവിതത്തോട് എത്രയോ അകന്നുനില്‍ക്കുന്നതായി തോന്നി.  അതൊക്കെ എത്രമാത്രം കാലത്തെ അതിജീവിതമെന്ന് ആലോചിച്ചിരുന്നു. എന്തായാലും ഇത്തരം രചനാരീതികളില്‍നിന്ന് അകന്നുനില്‍ക്കാന്‍ തീരുമാനിച്ചു. പക്ഷേ, കൃതികളൊക്കെ ഞാന്‍ വായിച്ചിരുന്നു.

'ഇത് ജോസഫിന്റെ കഥ; അന്നയുടേയും' എന്ന കഥയില്‍ എഴുതുന്നു: ''പ്രിയപ്പെട്ട വായനക്കാരാ, തന്റെ കഥകള്‍ ജീവിതത്തിന്റെ പ്രകാശം നിറഞ്ഞ വഴികളിലൂടെ ഒരിക്കലും കടന്നുപോകാത്തതെന്ത് എന്നാണല്ലോ താങ്കളുടെ ചോദ്യം?' എന്തുകൊണ്ടാണ് പ്രസന്നഭരിതരായ കഥാപാത്രങ്ങളെ സൃഷ്ടിക്കാത്തത്? സങ്കീര്‍ണ്ണ ജീവിതമുള്ള കഥാപാത്രങ്ങളെ നിര്‍മ്മിക്കുമ്പോള്‍ മാനസികാസ്വാസ്ഥ്യം ഉണ്ടാവാറില്ലേ?

എന്റെ കഥകള്‍ ഞാന്‍ കുറേക്കാലം കഴിഞ്ഞു വായിച്ചു നോക്കിയപ്പോള്‍  പ്രസന്നതയുള്ള കഥാപാത്രങ്ങളോ പ്രത്യാശ പുലര്‍ത്തുന്ന കഥാപാത്രങ്ങളോ ഇല്ല എന്നു മനസ്സിലായി. കാരണം, ഞാന്‍ ചുറ്റും കണ്ടത് ഇത്തരം ജീവിതമാണ്. എല്ലാവരുടേതും ദുരിതം പിടിച്ച ജീവിതമാണ്. ആരുടേയും പ്രതീക്ഷകളൊന്നും സഫലമാവുന്നില്ല. ഞാന്‍ ഒരുപാട് അസ്വസ്ഥതയുള്ള സ്ത്രീയാണ്. അത്തരം അസ്വസ്ഥതകളില്‍ നിന്നു വരുന്നതാണ് പല കഥകളും.

ചില കഥകളിലൊക്കെ കഥാകൃത്തുക്കള്‍  കടന്നുവരാറുണ്ട്. അവരൊക്കെ രചനാപരമായ പ്രതിസന്ധികള്‍ നേരിടുന്നവരാണ്. താങ്കളുടെ പ്രതിസന്ധിയുടെ ആവിഷ്‌കാരം കൂടിയാണോ അത്?

അബോധപൂര്‍വ്വമായി ചിലപ്പോഴൊക്കെ പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വിടാറുണ്ട്. പക്ഷേ, ഉള്ളിന്റെ ഉള്ളില്‍ ഇത്തരം ചില പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. കഥാപാത്രങ്ങളുടെ രീതിക്ക് അനുസരിച്ചു പൊയ്‌ക്കോട്ടെ എന്നൊക്കെ വിചാരിക്കാറുണ്ട്. നൂറുശതമാനം അങ്ങനെയാണോ എന്നു സംശയം തോന്നും. എല്ലാ കഥാപാത്രങ്ങളേയും അവരുടെ വഴിക്കു വിടും. ചിലപ്പോള്‍ നിയന്ത്രിക്കും.

കെ.സി. നാരായണന്‍ അവതാരികയില്‍ നിരീക്ഷിക്കുന്നുണ്ട്, ''പൊതുവില്‍ സ്ത്രീകളായ എഴുത്തുകാര്‍ക്ക് പുരുഷ കഥാപാത്രങ്ങളെ വരക്കുമ്പോള്‍ ലേശം കൈവിറയും ആയാസവും അനുഭവപ്പെടാറുണ്ട്. ഗ്രേസിയെ സംബന്ധിച്ചിടത്തോളം അവരുടെ സ്ത്രീ കഥാത്രങ്ങളെക്കാള്‍ മിഴിവും മികവും പുരുഷ കഥാപാത്രങ്ങള്‍ക്കാണ്.' ഈ നിരീക്ഷണം ശരിവയ്ക്കുന്നുണ്ടോ?

കെ.സി. നാരായണന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ഒരു പുരുഷനു മറ്റൊരു പുരുഷനെ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ ഒരു സ്ത്രീക്ക് പുരുഷനെ മനസ്സിലാക്കാന്‍ കഴിയില്ല. സൗഹൃദങ്ങളില്‍ എനിക്ക് സ്ത്രീപുരുഷ ഭേദമില്ല. പുരുഷന്മാരോടൊപ്പം എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. ആവശ്യമില്ലാത്ത ലജ്ജയൊന്നും എനിക്കില്ല. മദ്യപിച്ചു കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് ഉണ്ടാവുന്ന സ്വഭാവങ്ങള്‍ എനിക്കറിയാം. ഞങ്ങള്‍, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പലപ്പോഴും മദ്യം ഉപയോഗിക്കാറുണ്ട്. ഞാനൊക്കെ എത്രയോ തവണ കുടിച്ചിട്ടുണ്ട്. തലപൊക്കാതിരുന്നിട്ടുണ്ട്  കള്ളുകുടിച്ചിരിക്കുമ്പോള്‍ എന്റെ അപ്പനൊക്കെ എത്ര സ്‌നേഹമുള്ളയാണെന്നറിയുമോ? ഞങ്ങളോടൊക്കെ അപ്പോള്‍ വലിയ സ്‌നേഹമാണ്. മറ്റു സ്ത്രീ എഴുത്തുകാരുമായി കെ.സി. നാരായണന്‍ എന്നെ താരതമ്യം ചെയ്തുവെന്നാണ് എനിക്ക് തോന്നുന്നത്.

സ്ത്രീകളുടെ സൗന്ദര്യം സൂക്ഷ്മമായി വര്‍ണ്ണിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. സുന്ദരികളായ സ്ത്രീകളോടുള്ള ആരാധന കൊണ്ടാണോ, അവരോടുള്ള പ്രണയം കൊണ്ടാണോ ഇങ്ങനെ എഴുതുന്നത്?

സ്ത്രീ എന്നു പറയുന്നത് പ്രകൃതിയാണ്. ഞാന്‍ ചെറുപ്പത്തില്‍ത്തന്നെ ഒരു മരം കേറിയാണ്. എന്റെ അനിയന്‍ പോലും മരം കേറില്ല. താഴെ നില്‍ക്കത്തതേയുള്ളൂ. അപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, എന്റെ  ഉള്ളില്‍ ഒരു പുരുഷനുണ്ടോ എന്ന്. ഞാന്‍ പണ്ടു വീടിനു പുറത്തൊക്കെ  ഇരുന്നാണ് വായിക്കുന്നത്. പ്രകൃതിക്ക്  നല്ല സൗന്ദര്യമുണ്ട്. ഞങ്ങളുടെ ഗ്രാമത്തിന് എന്തു ഭംഗിയാണെന്നോ. സന്ധ്യയ്ക്കു നോക്കുമ്പോള്‍ ഒരു പെണ്ണ് മലര്‍ന്നുകിടക്കുന്നതുപോലെ തോന്നും. മാറും തലയുമൊക്കെ കാണുന്നതുപോലെ തോന്നും. ചെറിയ അരുവികള്‍ വെള്ളി അരിഞ്ഞാണം പോലെ കിടക്കും. പ്രകൃതിയും സ്ത്രീയും തമ്മില്‍ വലിയ ബന്ധം ഉള്ളതായി തോന്നാറുണ്ട്. രൂപത്തിലും ഭാവത്തിലും അങ്ങനെ തന്നെ. അതുകൊണ്ടു സ്ത്രീ എനിക്ക് അവസാനിക്കാത്ത കൗതുകമാണ്.

പടിയിറങ്ങിയപ്പോയ പാര്‍വ്വതിയില്‍ രണ്ടു സ്ത്രീകള്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധമാണല്ലോ അവതരിപ്പിക്കുന്നത്. ഒരു ലസ്ബിയന്‍ ജീവിതത്തിന്റെ സാധ്യത ഇതിലുണ്ടോ?

അതൊരു സൗന്ദര്യപരമായ ബന്ധമായിരുന്നു. ആ കഥാപാത്രം ശരിക്കും ജീവിക്കുന്നയാളാണ്. അവരുടെ കണ്ണും മുടിയുമാണെനിക്കിഷ്ടം. വലിയ വിരിഞ്ഞ കണ്ണ്, തീരെ മെലിഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നു. ആകെ ഒരു ജ്വാല പോലെ ഇങ്ങനെ നില്‍ക്കും. എനിക്ക് അവരോട് ഭയങ്കര ആരാധനയായിരുന്നു. സൗന്ദര്യ ആരാധനയായിരുന്നു. അത്തരം ആരാധന ബന്ധങ്ങളിലെ മൊറാലിറ്റിയേയും ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് സൗന്ദര്യമാണ് എന്റെ മതം എന്നു ഞാന്‍ എഴുതിയിരിക്കുന്നത്. പല വികടത്തരങ്ങളില്‍നിന്നും അതു നമ്മെ രക്ഷിക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരാളെ ഞാന്‍ ഒഴിവാക്കുകയാണെങ്കില്‍ അതിനു കാരണം അയാളുടെ ഇടപെടലില്‍ സൗന്ദര്യം കാണില്ല എന്നതുകൊണ്ടാണ്. മതം സൗന്ദര്യമാണെന്ന് പറയുമ്പോള്‍ അതു മൊറാലിറ്റിയുമായും ബന്ധപ്പെട്ടതാണ്. നീണ്ട നഖം, മുടി ഒക്കെ ഞാനാസ്വദിക്കും. പക്ഷേ, ഞാന്‍ ആ സ്ത്രീയെ തൊട്ടിട്ടില്ല. ഞാനവളെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ അന്തംവിട്ട് കണ്ടുനിന്നിട്ടുണ്ട്. ആരാധനയല്ലാതെ ഒന്നുമില്ല. അവള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ അപ്പോള്‍ തയ്യാറായിരുന്നു. ഞാന്‍ ചിലപ്പോള്‍ ആ ബന്ധത്തില്‍ കുടുങ്ങിപ്പോയേക്കാമെന്ന് തോന്നി.

ആഷാ മേനോന്‍

താങ്കളുടെ കഥകളിലെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തികച്ചും ലളിതമാണ്. സൂക്ഷ്മമാണ്. അതില്‍ ആര്‍ഭാടങ്ങളില്ല. ഒരു ഭാഷാധ്യാപികയായതു കൊണ്ടാണോ ഇത്തരം ജാഗ്രത പുലര്‍ത്തുന്നത്?

ഒരിക്കല്‍ ആഷാ മേനോന്‍ എന്നോടു പറഞ്ഞു, ഗ്രേസി ആര്‍ഭാടമില്ലാത്ത ഭാഷയിലാണ് എഴുതുന്നതെന്ന്. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായാണ് എന്റെ ഭാഷയെ ഞാന്‍ കാണുന്നത്. അതു ഞാന്‍ പഠിച്ച ഭാഷയായി ബന്ധപ്പെടുത്തേണ്ടതില്ല. ആര്‍ഭാടമില്ലാത്ത ജീവിതമാണ് എന്റേത്. സാധാരണ കോളേജ് അധ്യാപകരെപ്പോലെയല്ല ഞാന്‍ ജീവിക്കുന്നത്, എന്നെ കണ്ടാല്‍ ഒരു കോളേജ് അധ്യാപികയാണെന്നു തോന്നില്ല. എന്റെ ഇത്തരം വ്യക്തിത്വത്തിന്റെ കാഴ്ചയാണ് എന്റെ ഭാഷയും. ഒരാളുടെ ഭാഷ കൃത്രിമത്തമുള്ളതാണെങ്കില്‍ അയാളുടെ വ്യക്തിത്വം കൃത്രിമത്വം നിറഞ്ഞതായിരിക്കും. ഒരാളുടെ സ്വഭാവമാണ് ഭാഷയില്‍ പ്രതിഫലിക്കുന്നത്.

തന്റെ കഥാജീവിതം ഇടയ്ക്കിടെ തരിശുഭൂമിയാകും എന്നു പറയാറുണ്ട്. കഥ എഴുതാതിരിക്കുമ്പോള്‍ മാനസികമായ വലിയ ബുദ്ധിമുട്ട് തോന്നാറില്ലേ?

കഥ എഴുതാന്‍ കഴിയാതിരുന്ന കാലത്ത് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ആദ്യം പന്ത്രണ്ട് കൊല്ലം എഴുതാതിരുന്നപ്പോള്‍ ഞാന്‍ ഞാനല്ലെന്നു പോലും തോന്നി. വേറെ ഏതോ ജന്മത്തിലാണ് എഴുതിയതും വായിച്ചതെന്നും തോന്നിയിട്ടുണ്ട്. ഭയങ്കര ഭ്രാന്തു വന്നപോലെ അനുഭവപ്പെട്ടിട്ടുണ്ട്. അതില്‍നിന്നു മാറി എഴുതിത്തുടങ്ങിയപ്പോേഴയ്ക്കും കുട്ടികളുടെ പിന്നാലെ പോയി. അപ്പോള്‍ ഒന്നിനെക്കുറിച്ചും ചിന്തിക്കാനേ കഴിയില്ല. സാധാരണക്കാര്‍ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഒരു എഴുത്തുകാരിക്ക് ഇതൊക്കെ വലിയ ബുദ്ധിമുട്ടാണ്. ഇരുപത്തിയേഴ് വയസ്സുവരെ കല്യാണം കഴിക്കാതിരുന്നു. അതിന്റെ കാരണം വായിക്കുകയും എഴുതുകയും ചെയ്താമതി എന്നായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. ഏറ്റവും വലിയ ആഗ്രഹം അതായിരുന്നു. അത്ര തീവ്രമായി ആഗ്രഹിച്ചിട്ട് ഒന്നും ചെയ്യാന്‍ പറ്റാതെ പോകുമ്പോള്‍ ഉള്ള വിഷമം എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. ഈ നിശ്ശബ്ദത പില്‍ക്കാലത്ത് കഥയെ എങ്ങനെ ബാധിച്ചു എന്ന് വായനക്കാര്‍ക്കേ അറിയൂ.

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇത്രയും കാലത്തെ എഴുത്തിന്റെ മിച്ചമൂല്യം എന്താണ്?

സത്യത്തില്‍ എന്താണത്? എനിക്കറിഞ്ഞുകൂടാ. നമുക്ക് ചെറിയ പേരൊക്കെയുണ്ട്. വായിക്കുന്ന ആളുകളുടെ അടുത്തുചെല്ലുമ്പോള്‍ ഒരു പരിഗണന കിട്ടും എന്നുമാത്രം. പച്ചക്കറി വാങ്ങാന്‍ പോകുമ്പോഴോ മീന്‍ വാങ്ങാന്‍ പോകുമ്പോഴോ ആരും എഴുത്തുകാരിയായൊന്നും പരിഗണിക്കില്ലല്ലോ. സത്യത്തില്‍ മിച്ചോം ഇല്ല മൂല്യവും ഇല്ല. ഒരു സാധാരണ ജീവിതത്തില്‍ ഒരു എഴുത്തുകാരിക്ക് എന്താണ് പ്രസക്തി? സാഹിത്യ സമ്മേളനത്തിനൊക്കെ പോകുമ്പോള്‍ ആളുകള്‍ ആദരിക്കും. അത്രമാത്രം.

യഥാര്‍ത്ഥ സംഭവങ്ങളെ അവതരിപ്പിക്കാനാണല്ലോ ശ്രമിക്കുന്നത്. കഥകള്‍ അച്ചടിച്ചു വന്നശേഷം ആ കഥാപാത്രങ്ങളെ നേരിടേണ്ടിവന്നിട്ടില്ലേ?

എന്നെ ഏറ്റവും കൂടുതല്‍ തകര്‍ക്കാന്‍ ശ്രമിച്ചതും പാര്‍ശ്വവല്‍ക്കരിക്കാന്‍ ശ്രമിച്ചതും എന്റെ കോളേജില്‍ നിന്നാണ്. ഒരുപാട് മോഹിച്ചാണ് കോളേജ് അധ്യാപികയായത്. പക്ഷേ, അവിടുത്തെ അന്തരീക്ഷം ഒരിക്കലും പ്രോത്സാഹനജനകമായിരുന്നില്ല. പെണ്‍കുട്ടികളോട് വളരെ മോശമായി പെരുമാറുന്ന അധ്യാപകരുണ്ടായിരുന്നു. എനിക്ക് അംഗീകരിക്കാന്‍ കഴിയില്ലായിരുന്നു. ഊമക്കത്ത് എന്ന കഥപോലും എന്റെ കോളേജിലെ അനുഭവമാണ്. കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്തേണ്ട ആള്‍ക്കാരുടെ മോശമായ പെരുമാറ്റത്തെക്കുറിച്ചാണ് ഞാന്‍ വ്യാകുലപ്പെട്ടത്. ഇതില്‍ ചിലരൊക്കെ എന്റെ കഥകളില്‍ വന്നുതുടങ്ങി. ഭൂരിഭാഗം പേര്‍ക്കും വായനയൊന്നുമില്ലെങ്കില്‍  ഒന്നോ രണ്ടോ പേര്‍ വായിക്കുന്നവരായി ഉണ്ടായിരുന്നു. അവര്‍ എന്റെ കഥകള്‍ കണ്ടുപിടിച്ച് കോളേജില്‍ കൊണ്ടുവന്ന് അവതരിപ്പിക്കും. ആരെക്കുറിച്ചാണോ ഞാന്‍ എഴുതുന്നത് അയാളുടെ കൈയില്‍ ആ കഥ കിട്ടും.  അതോടെ എന്നെ എങ്ങനെയെങ്കിലും ഉപദ്രവിക്കാന്‍ നോക്കും. കഥാകാരി എന്നാല്‍ ഒളിഞ്ഞുനോട്ടക്കാരി എന്നൊക്കെ മീറ്റിങ്ങിലൊക്കെ വിളിച്ചുപറയും. എന്നെ ചീത്തയായി ചിത്രീകരിക്കും. എനിക്കെതിരെ വലിയ തന്ത്രങ്ങള്‍ പ്രയോഗിക്കും. അങ്ങനെ വലിയ ബുദ്ധിമുട്ടിലായിരുന്നു എന്റെ കോളേജ് ജീവിതം. അപൂര്‍വ്വം ചില സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ബലത്തിലാണ് ഞാന്‍ പിടിച്ചുനിന്നത്. സാമ്പത്തിക പ്രയാസങ്ങള്‍ ഉള്ളതുകൊണ്ട് ജോലി ഉപേക്ഷിക്കാനും കഴിയില്ലായിരുന്നു. ജോലിയില്ലായിരുന്നുവെങ്കില്‍ ജീവിതം മുന്നോട്ടു പോകില്ലായിരുന്നു. അതുകൊണ്ടാണ് അവിടെ പിടിച്ചുനിന്നത്. എന്റെ സുഹൃത്ത് രതിമേനോന്‍ പറഞ്ഞിട്ടുണ്ട്, രാജലക്ഷ്മി കഴിഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ നേരിട്ടത് ഗ്രേസിയാണെന്ന്. പക്ഷേ, രാജലക്ഷ്മിക്ക് കുടുംബമോ കുട്ടികളോ ഒന്നും ഇല്ലായിരുന്നല്ലോ. പക്ഷേ, ഞാന്‍ അതിന്റെ നടുക്കായിരുന്നല്ലോ ജീവിച്ചത്. രാജലക്ഷ്മിയുടെ ആത്മഹത്യയെ ഞാന്‍ അംഗീകരിക്കുന്നില്ല.

ഗ്രേസി
 

ടീച്ചര്‍ ഇടയ്ക്കിടയ്ക്ക് മരണത്തെക്കുറിച്ചു പറയാറുണ്ടല്ലോ. മരണാഭിമുഖ്യം എപ്പോഴും ഉണ്ടോ?

മരണോന്മുഖത എനിക്ക് എപ്പോഴുമുണ്ട്. എനിക്ക് മരിക്കാന്‍ സന്തോഷമേയുള്ളൂ. ഇപ്പോള്‍ ഇങ്ങനെയിരുന്നു മരിച്ചാല്‍ ഞാന്‍ സന്തോഷിക്കും. ജീവിതാസക്തിയില്ലായ്മയാണോ കാരണമെന്ന് അറിഞ്ഞുകൂടാ. കലാകാരന്മാര്‍ക്ക് മരണഭയം ഉണ്ടെന്ന് പറയാറുണ്ട്. മരണഭയമുണ്ടെങ്കിലേ കലാകാരനാകൂ എന്നും കേള്‍ക്കാറുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിക്കും ഞാനൊരു കലാകാരിയായോ എന്ന്. മരണഭയം തീരെയില്ല. പക്ഷേ, രോഗഭയം ഉണ്ട്. രോഗം വന്നു കിടന്നാല്‍ എന്നെ നോക്കാന്‍ ആരുമില്ല. ആരെയെങ്കിലുമൊക്കെ ബുദ്ധിമുട്ടിച്ച് ജീവിക്കാന്‍ എനിക്ക് ഇഷ്ടമല്ല.

കഥയില്‍ ദീര്‍ഘമായ ജീവിതമുണ്ടായിട്ടും വിമര്‍ശകന്മാര്‍ ശരിയായ തരത്തില്‍ പരിഗണിച്ചില്ല എന്ന തോന്നലുണ്ടോ?

കെ.പി. അപ്പന്‍ സാറിന് എന്റെ കഥ ഇഷ്ടമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ആദ്യകാലത്തൊക്കെ അപ്പന്‍ സാറിന്റെ എഴുത്ത് എനിക്ക് മനസ്സിലായില്ല. സുന്ദരനായ അപ്പന്‍ സാറിന്റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. അതു കണ്ട് ഞാന്‍ ആരാധിച്ചിട്ടുണ്ട്. സൗന്ദര്യത്തോട് എനിക്ക് വലിയ ആരാധനയാണല്ലോ ഉള്ളത്. സത്യത്തില്‍ അപ്പന്‍ സാറിന്റെ സൗന്ദര്യം കണ്ടാണ് ഞാന്‍ വായിച്ചത്. പിന്നെ അപ്പന്‍ സാറ് താഴേയ്ക്കിറങ്ങി വന്നു. അപ്പോള്‍ എനിക്ക് വായിക്കാന്‍ താല്പര്യം തോന്നി. എന്റെ കഥകളെക്കുറിച്ചൊക്കെ ചിലയിടത്തൊക്കെ പരാമര്‍ശിച്ചിരുന്നു. എന്റെ കഥകള്‍ മനസ്‌സിലാക്കുന്ന പ്രമുഖനായ ഒരാള്‍ ഉണ്ടല്ലോ എന്ന് ആശ്വസിച്ചിരുന്നു. ഇപ്പോള്‍ വിമര്‍ശനരീതിയൊക്കെ വഴിമാറിയല്ലോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com