ലാസര്‍ ഷൈന്‍ എഴുതിയ കഥ: വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം

ലാസര്‍ ഷൈന്‍ എഴുതിയ കഥ: വീരപ്പന്‍ ഈ വീടിന്റെ ഐശ്വര്യം
ലാസര്‍ ഷൈന്‍
ലാസര്‍ ഷൈന്‍

വീരപ്പന്റെ മുത്തുലക്ഷ്മിയെ കാണാന്‍ പോകുവാണ്. ഈറോഡില് ട്രെയിനിറങ്ങി പിന്നെ ബസില് മേട്ടൂര്‍ക്ക് പോണം. മേട്ടൂരില്‍ എത്തിയിട്ട് വിളിക്കാനാണ് മുത്തുലക്ഷ്മി ഇന്നലെ പറഞ്ഞത്. രാത്രി ട്രെയിന് സൗത്തിന്ന് കയറി.
സ്മാര്‍ട്ട് ഫാമിലി മാസിക നാലുപറ അച്ചന്‍ തുടങ്ങുകയാണ്. പുള്ളി ആകെ മൊത്തം പുറത്തായിരുന്നു. പഠനവും കറക്കവും. പുള്ളിക്കാരന്‍ അവിടുത്തെ സ്റ്റൈലില്‍ ഒരു മാസിക തുടങ്ങിയതാണ്. ഞാനീ ജോണ്‍ എബ്രഹാമിനെപ്പറ്റി അറിയുന്നത് കെ.എന്‍. ഷാജി എഡിറ്റ് ചെയ്ത പുസ്തകത്തില്‍നിന്നാണ്. ഷാജിയേട്ടനാണ് ഒരു എഡിറ്റര്‍. വായിച്ചു മാത്രം അറിയുന്ന കെ.ആര്‍. മീര മറ്റൊരു എഡിറ്റര്‍. മനോരമയിലെ ജോലിയൊക്കെ ഉപേക്ഷിച്ച് മീരേച്ചി ജ്വലിക്കുന്ന സമയം. പിന്നെ നാലുപറ അച്ചന്റെ ഇന്ത്യനല്ലാത്ത സ്റ്റൈലും കൂട്ടുകാരന്‍ രാജേഷിന്റെ സാന്നിധ്യവും കൂടിയായപ്പോള്‍ ഞാന്‍ ആലപ്പുഴയില്‍നിന്നും കുറ്റിയും പറിച്ച് തേവരയെത്തി.
മാസിക എങ്ങനെയാകണം എന്ന് ആലോചനയോട് ആലോചന. ചര്‍ച്ചയോട് ചര്‍ച്ച. ആദ്യ മൂന്നു ലക്കത്തിനായുള്ള ആര്‍ട്ടിക്കിള്‍ തയ്യാറാക്കല്‍. ഏതാണ്ട് ആറുമാസമായിട്ടും സാധനം പുറത്തിറങ്ങാതെ വന്നപ്പോഴാണ് മിന്നല്‍പ്പണിക്ക് ഇറങ്ങേണ്ടിവന്നത്. അടുത്ത ആഴ്ച മാസിക ഇറങ്ങണം കണ്ടന്റ് പറ എന്നായി അച്ചന്‍. ആരുടെയാണ് അഭിമുഖം. ഷാജിയേട്ടന്‍ മോഹന്‍ലാലിന്റെ അഭിമുഖം എടുത്തു. റിമമ്പറന്‍സ് എന്നൊരു കോളമുണ്ട്. സംഭവം മരിച്ചുപോയവരെക്കുറിച്ചുള്ള കരളലിയിപ്പിക്കല്‍ തന്നെ. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ ആ വേദന അങ്ങ് ഉരുകിയൊലിപ്പിക്കല്‍. ആദ്യ ലക്കത്തിലേയ്ക്ക് ആരാകണം? 
വീരപ്പന്റെ ആയാലോ? പിന്നെയെല്ലാം വേഗത്തിലായിരുന്നു. ജനുവരി മാസമാണ്. മേട്ടൂരില്‍ ബസിറങ്ങുമ്പോള്‍ ആകപ്പാടൊരു തണുപ്പ്. പേടിയുടേയാണ്. എനിക്കോ രാജേഷിനോ തമിഴറിയില്ല. ചിദംബരത്ത് ഇംഗ്‌ളീഷ് പഠിക്കാന്‍ പോയ പ്രസ്സ് അക്കാഡമിയിലെ അരുണിന് മുത്തുലക്ഷ്മിയുടെ നമ്പര്‍ കൊടുത്ത് വിളിപ്പിക്കുകയായിരുന്നു. 
മേട്ടൂരിലെത്തി റൂമെടുത്ത് പേരും റൂം നമ്പരും പറയാനാണ് അരുണ്‍ പറഞ്ഞത്. അതെല്ലാം ചെയ്തു. റൂമില്‍ കയറിയപ്പോള്‍ പേടിയേറി. രാജേഷിന് പേടിയുണ്ടോ എന്നറിയില്ല. വൈകാതെ അരുണും വന്നു. വന്നപാടെ അവന്‍ മുത്തുലക്ഷ്മിയെ വിളിച്ചു: ''അക്കാ, ഞാന്‍ കേരളാവിന്ന് അരുണ്‍ പേശറിങ്കേ...' എന്നു തുടങ്ങി. ങ്‌ഹേ അക്കയോ, ദെപ്പമുതലെന്ന് ഞങ്ങളൊന്നു പരസ്പരം നോക്കി. പിന്നെയെല്ലാം അരുണിന്റെ നിര്‍ദ്ദേശാനുസരണമാണ്. ഏതാണ്ട് കൊള്ളസങ്കേതത്തിലേയ്ക്ക് കൊണ്ടുപോകുന്നതുപോലുണ്ടല്ലോടേ.
''നമ്മളെയിപ്പോ അവര് മൊത്തത്തില് വാച്ച് ചെയ്യുന്നുണ്ടാവും അല്ലേ' രാജേഷോ അരുണോ ഉത്തരം പറഞ്ഞില്ല. അവന്മാര്‍ക്കും അതേ സംശയം ഉണ്ടായിരിക്കും. സോപ്പും മറ്റും വാങ്ങാനാണ് ആദ്യം റൂം വിട്ട് പുറത്തിറങ്ങിയത്. അവരിറങ്ങിയപ്പോ വേഗം ഞാനുമിറങ്ങി. ഒറ്റയ്ക്ക് റൂമിലിരിക്കാനുള്ള ധൈര്യമില്ല. 

ചിത്രീകരണം: വിപിന്‍ ധനുര്‍ധരന്‍
 

ആദ്യത്തെ ബസിനാണ് ഈറോഡില്‍നിന്ന് കയറിയത്. അതില്‍ നിറയെ ആളുകള്‍. പെണ്ണുങ്ങളും പെണ്ണുങ്ങളല്ലാത്തവരുമുണ്ട്. പൂക്കുട്ടയുമായിരിക്കുന്ന ഒരു ചെന്തമിഴിനൊപ്പം സീറ്റുകിട്ടി. മഞ്ഞളിന്റേയും മുല്ലപ്പൂക്കളുടേയും ഗന്ധം. ആരും ഉറങ്ങുകയല്ല. എം.ജി.ആറിന്റെ ഏതോ സിനിമയാണ് വെളുപ്പിനെ ടി.വിയില്‍. എല്ലാവരും അണ്ണനേയും നോക്കി അനങ്ങാതിരിക്കുന്നു. ഇതെന്നാ ഇവര്‍ക്കു വല്ല പരീക്ഷയുമുണ്ടോ എന്നു തോന്നിപ്പിക്കുന്നത്ര ശ്രദ്ധ. കുറച്ചു നേരം അതും നോക്കി ഇരുന്നെങ്കിലും പിന്നെ എപ്പഴോ ഉറങ്ങിപ്പോയി. ക്യാരറ്റ് കുന്നുകൂട്ടിയിട്ട പാടങ്ങള്‍ക്കടുത്തൂടെ പോകുമ്പോഴാണ് ഉണര്‍ന്നത്. പറിച്ചെടുത്ത ക്യാരറ്റ് കഴുകുന്നവര്‍. ക്യാരറ്റിന്റെ നിറത്തിലായിരുന്നു അപ്പോ ആകാശവും.
പഴയ തമിഴ്പ്പാട്ടുകള്‍ കടകളിലും പരിസരത്തും അവിടവിടെയായി കേള്‍ക്കാം. ആകെ മൊത്തത്തില്‍ കളര്‍ ടോണും സന്ദര്‍ഭങ്ങളും അതുപോലെയുണ്ട്– എം.ജി.ആര്‍ സിനിമയ്ക്ക് സെറ്റിട്ടിരിക്കുന്ന മേട്ടൂര്‍. എപ്പോ പിന്തിരിഞ്ഞുനോക്കിയാലും സംശയാസ്പദമായി ആരെങ്കിലും പിന്നിലുണ്ടാകും. ലോഡ്ജിന്റെ ഇടനാഴിയിലും അങ്ങനെ ചിലരെ കണ്ടു. വളവിലും തിരിവിലും ചെരിവിലും ആരൊക്കയോ പതിയിരിക്കുന്നുണ്ടോ. വല്ല ബന്ദിയുമായി പിടിച്ചു വെക്കുമോ. എന്നിട്ട് എന്തിന് വിലപേശാനാടേയെന്നാണ് സംശയമെങ്കില്‍– 'മുല്ലപ്പെരിയാര്‍ ഉണ്ടല്ലോ' എന്ന ഉത്തരവും എനിക്കുണ്ട്.
''അല്ലെടാ അരുണേ. നമ്മളിതെങ്ങനെ അവിടെ എത്തും. എവിടാണെന്നു വല്ലതും പറഞ്ഞോ?' കുളി കഴിഞ്ഞപ്പോ, ഉള്ള ധൈര്യം കൂടി ഒലിച്ചുപോയിട്ടുണ്ട്.
''അതെല്ലാം പത്തു മണിക്കു വിളിക്കുമ്പോള്‍ അക്ക പറയും' അവനു ഭയങ്കര കോണ്‍ഫിഡന്‍സ്.
കൃത്യം പത്തിന് വിളിച്ചു.
''വാ പോകാം' അരുണ്‍ എഴുന്നേറ്റു.
ടാക്‌സി സ്റ്റാന്റില്‍ ചെന്നു.
''മുത്തുലക്ഷ്മി അക്ക' എന്നു പറഞ്ഞുതീര്‍ന്നതും ഒരു ഒമ്‌നി വാനിന്റെ വാതില്‍ തുറന്നു. ഞങ്ങള്‍ മൂവരും പിന്നില്‍ കയറി. ഡ്രൈവര്‍ ഒന്നും മിണ്ടുന്നില്ല–അതേ നീക്കങ്ങളിലെല്ലാം ഒരു സിനിമാ സ്‌റ്റൈല്‍. മേട്ടൂര്‍ ഡാം ആര്‍ച്ച് ഷേപ്പിലാണ്. നിഗൂഢതയിലേയ്‌ക്കൊരു വളവ്. ഡ്രൈവറോട് അരുണ്‍ എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്; അയാള്‍ കൂടുതലായി ഒന്നും മിണ്ടാതിരിക്കാനും. ഡാം കഴിഞ്ഞു പിന്നെയും ഓടി. റോഡരികില്‍ നില്‍ക്കുന്ന കടഞ്ഞ കരുത്തുള്ള ഒരാളുടെ അടുത്ത് വണ്ടി നിന്നു. അയാള്‍ ഡ്രൈവര്‍ക്കിപ്പുറം ഒഴിച്ചിട്ട സീറ്റില്‍ കയറി. വാനിനുള്ളിലെ നിശ്ശബ്ദതയെ മറികടക്കാന്‍ എഞ്ചിന്റെ ശബ്ദത്തിനുപോലും കഴിയുന്നില്ല. കുറേക്കഴിഞ്ഞ് ആരും പറയാതെ വണ്ടി ഒരിടത്തു നിര്‍ത്തി. കരുത്തന്റെ മുഖം അപ്പോഴാണ് കണ്ടത്. കവിളൊട്ടിയ കൂര്‍ത്ത കണ്ണുള്ള ഒരാള്‍. റോഡ് ക്രോസ് ചെയ്ത് അയാള്‍ അപ്പുറത്തേയ്ക്കു കടന്നു. പുള്ളി പറയാതെ തന്നെ ഞങ്ങളും പിന്നാലെ ചെന്നു.
അതൊരു ചായക്കടയായിരുന്നു. അരുണ്‍ തമിഴിലെന്തൊക്കയോ പറഞ്ഞു. അവരെല്ലാവരും കുറച്ചു മാത്രം സംസാരിക്കാന്‍ ശീലിച്ചവരാണ്. മറിച്ചും തിരിച്ചും മലര്‍ത്തിക്കിടത്തി ഉരുട്ടിയും ദ്വാരങ്ങളിലെല്ലാം കോലു കയറ്റിയും പൊലീസ് അവരെ ശീലിപ്പിച്ചതാണ് അവരുടെ പറച്ചില്‍. ആണെന്നോ പെണ്ണെന്നോ കുഞ്ഞെന്നോ തീരാറായതെന്നോ ഉള്ള പരിഗണനകളില്ലാത്ത ഭേദ്യം ശീലിപ്പിച്ചതാണ് ഇതെല്ലാം. വാങ്ങാന്‍ വല്ലതുമുണ്ടേല്‍ വാങ്ങാന്‍ പറഞ്ഞു. കുറേ സിഗററ്റ് വാങ്ങിയത് ഓര്‍ക്കുന്നുണ്ട്.
പിന്നെയും ജീപ്പോടി. കണ്ണുകെട്ടിയല്ല കൊണ്ടുപോകുന്നതെങ്കിലും തിരിച്ചുവരാന്‍ അറിയാത്ത വഴികള്‍. ഇടറോഡുകള്‍. ഒമ്‌നി ഓടി നിന്നിടത്തുനിന്നും ഇറങ്ങി നടക്കണം. വഴികാട്ടിത്തന്ന് ചെരുപ്പിടാത്ത കാലുകള്‍ മുന്നാലെയുണ്ട്. പിന്നില്‍ പിണച്ചുവെച്ച ആ കൈകളില്‍, വലത്തേ പത്തിയില്‍ തള്ളവിരലില്ല. യ്യോ... അത് അറുത്തെടുക്കപ്പെട്ടിരിക്കുന്നു. 
നടന്നു ചെന്നത് പച്ച പെയിന്റടിച്ച ഒരു കുഞ്ഞു വീട്ടിലാണ്. വരാന്തയിലേയ്ക്ക് തുറക്കുന്ന രണ്ടു മുറികളുള്ള ഒരു വീട്. അതിന്റെ മുകളില്‍ നിറയെ പച്ച ഇലയുള്ള വള്ളികള്‍ വളര്‍ന്നു കിടക്കുന്നു. നീളന്‍ വരാന്തയില്‍ ഞങ്ങളിരുന്നു. മുത്തുലക്ഷ്മിയുടെ വീട്. ചുറ്റും അടുത്ത വീടുകളുടെ ഭിത്തികള്‍.
''അക്ക ഇവിടെയില്ല. കുറച്ചു കഴിഞ്ഞേ വരൂ' അരുണ്‍ നിശ്ശബ്ദതയെ പരിഭാഷപ്പെടുത്തി.
ഞങ്ങളവിടെയിരുന്ന് സിഗററ്റ് വലിച്ചു. വെളുത്ത രോമങ്ങളുള്ള പൊട്ടു തൊട്ട നായ്ക്കുഞ്ഞ് ഓടിയെത്തി. വഴികാട്ടിയെ കണ്ട് അവളാകെ സന്തോഷത്തിലായി. പുള്ളിക്കാരന്‍ നായയെ കൊഞ്ചിക്കുന്നതു കണ്ടതോടെ ആ അണ്ണനോടുള്ള പേടി അയഞ്ഞു. അവള്‍ക്കായി വാങ്ങിയ ബിസ്‌കറ്റ് മുണ്ടിന്റെ കുത്തിന്നെടുത്ത് വായില് വെച്ച് അണ്ണന്‍ പുന്നാരിച്ചു. കുഞ്ഞുങ്ങളെ ഇങ്ങനെ പുന്നാരിക്കുന്ന ഈ മനുഷ്യനെയാണല്ലോ ഇത്രനേരം പേടിച്ചത്.
മുത്തലക്ഷ്മിയുടെ അച്ഛന്‍ ഫാക്ടറിയില്‍ പണിയെടുക്കുന്നുണ്ടെന്നും അച്ഛനും മകളും മാത്രമാണവിടെ ഉള്ളതെന്നുമെല്ലാം അണ്ണന്‍ പറഞ്ഞു. തള്ളവിരല്‍ പൊലീസുകാര്‍ പിടിച്ചു കൊണ്ടുപോയി മുറിച്ചുകളഞ്ഞതാണെന്നും. വെടിവെയ്ക്കാതിരിക്കാന്‍. ആ ഇല്ലാ വിരലിലേയ്ക്ക് നോക്കുമ്പ വിരലിന്നൊരു തരിപ്പ് ഇരച്ചുകയറി. 
ധനഭാഗ്യം എന്ന കൂട്ടുകാരിയുടെ കൂടെയാണ് മുത്തലക്ഷ്മി വന്നത്. ഫൂലന്‍ ദേവിയെ പ്രതീക്ഷിച്ചിരുന്നിടത്ത്, ചിലരില്ലേ എത്രയായാലും ബാല്യം വിട്ടുപോകാന്‍ മടിക്കുന്ന ചിലര്‍, അക്കൂട്ടത്തിലൊരാളാ മുത്തുലക്ഷ്മി. എന്റെ അമ്മച്ചിയുടെയത്ര പൊക്കമുണ്ടാകും. മുന്നിലെ പല്ലുകള്‍ പൊട്ടിയിട്ടുണ്ട്. തല്ലിപ്പൊട്ടിച്ചതാണോ... 
വെളുത്ത സാരിയില്‍ കാട്ടുവള്ളിയും ചുവന്ന പൂക്കളുമാണ് സാരിയില്‍. വാതില്‍ തുറന്ന് ഒരു മൊന്തയില്‍ വെള്ളമെടുത്ത് ഞങ്ങള്‍ക്കു തന്നു. കാട്ടുചോലയുടെ തണുപ്പുള്ള വെള്ളം. മുത്തുലക്ഷ്മി നായ്ക്കുഞ്ഞിനെ എടുത്തു മടിയില്‍ വെച്ചു. നായ്ക്കുഞ്ഞ് നക്കിയപ്പോള്‍ ഇക്കിളിയോടെ കൂടുതല്‍ ചേര്‍ത്തുപിടിച്ചു.

അന്ന് മുത്തുലക്ഷ്മിക്ക് 16 വയസേയുള്ളു. കാവേരിയുടെ തീരത്താണ് ഗ്രാമം. അവിടത്തെ ഏറ്റവും പാവം വീട്. തടികയറ്റാനും ഭക്ഷണം കഴിക്കാനുമാണ് അയ്യാവ് ഗ്രാമത്തില്‍ വരുന്നത്. കേരളത്തിലേയ്ക്കാണ് തടി കയറ്റുന്നത്. അയ്യാവ് വരുമ്പോള്‍ നാട്ടുകാര് വട്ടം കൂടും. അതുമിതുമെല്ലാം പറയും. പ്രശ്‌നങ്ങളൊക്കെ പരിഹരിക്കും. മുത്തുലക്ഷ്മിയുടെ കൂട്ടുകാരിയുണ്ട് ഭാനു. അവളുടെ വീട്ടിലാണ് അയ്യാവ് ഭക്ഷണം കഴിക്കുന്നത്. അവിടെ മുത്തുലക്ഷ്മിയും പോകും. ഗ്രാമത്തിലെ ഏറ്റവും മുന്തിയ വീട്. മുത്തുലക്ഷ്മിയെപ്പറ്റി ഭാനുവിനോടാണ് അയ്യാവു തിരക്കിയത്. ഭാനുവത് മുത്തുലക്ഷ്മിയോട് പറഞ്ഞു. മുത്തുലക്ഷ്മി അമ്മയോടും. ഭാനു ഇപ്പോഴും ഗ്രാമത്തിലുണ്ട്. അവളും ഭര്‍ത്താവും കൃഷി ചെയ്ത് കഴിയുന്നു.
കല്യാണം കഴിഞ്ഞാണ് അയ്യാവു വലിയ കൊള്ളക്കാരനാണെന്നൊക്കെ പത്രത്തില്‍ വരുന്നത്. അപ്പോഴേയ്ക്കും പൊലീസ് വേട്ട തുടങ്ങി. നാലര വര്‍ഷം കാട്ടിലായിരുന്നു. വിദ്യ കാട്ടില്‍ വെച്ചാണ് വയറ്റിലായത്. അവളേയും വയറ്റില്‍ ചുമന്ന് ദിവസവും നാല്‍പ്പത് നാല്‍പ്പത്തഞ്ച് കിലോമീറ്റര്‍ നടക്കും. താവളം മാറിക്കൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് പൊലീസ് വെടിവെയ്പുണ്ടാകും. നൂറോളം ആണുങ്ങളും മുത്തുലക്ഷ്മിയും മാത്രം. വെടിവെയ്പുണ്ടാകുമ്പോള്‍ മുത്തുലക്ഷ്മിയെ മാറ്റിയിരുത്തും. കുറച്ചു പേര്‍ കാവലിരിക്കും. 
ഇളയതിനെ, പ്രഭയെ പ്രസവിച്ചത് കാട്ടില്‍ വെച്ചാണ്. അവളൊരു വര്‍ഷം കാട്ടിലാണ് വളര്‍ന്നത്. അപ്പോഴേയ്ക്കും പത്തിരുപത് സ്ത്രീകളും കൂട്ടത്തിലുണ്ടായിരുന്നു. ഒരിക്കല്‍ വെടിവെയ്പിനിടയില്‍ സംഘം ചിതറിപ്പോയി. അലഞ്ഞുതിരിഞ്ഞ് മുത്തുലക്ഷ്മി ഒരു ഗ്രാമത്തിലെത്തി. അവിടെ വെച്ച് പൊലീസ് പിടിച്ചു കൊണ്ടുപോയി. പല്ലേരിക്കോവില്‍ എന്ന സ്ഥലത്തായിരുന്നു തടവറ. ഒറ്റമുറി മാത്രം. പുറത്ത് പൊലീസുകാര്‍ തോക്കും പിടിച്ച് കാവല്‍ നില്‍ക്കും. ഇടയ്ക്ക് വാതില്‍ തുറന്ന് എന്തെങ്കിലും തിന്നാന്‍ എറിഞ്ഞുതരും. സഹിക്കാഞ്ഞ് കിട്ടിയ വിഷം വാരി തിന്നു. പൊലീസുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ചാകാനും അവര്‍ സമ്മതിച്ചില്ല. പൊലീസുകാര് തന്നെ തുണി വില്‍ക്കാന്‍ ഒരിടത്തു കൊണ്ടുപോയി വിട്ടു. രാത്രിയോ പകലോ എന്നില്ലാതെ പലയിടത്തും കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അതൊന്നും അയ്യാവോട് പറഞ്ഞില്ല. 
ഒന്‍പത് വര്‍ഷത്തോളം മക്കളെ മുത്തുലക്ഷ്മിയും കണ്ടില്ല. മൂത്തവളെ അയ്യാവ് കണ്ടത് 12 വയസ്സായപ്പോഴാണ്. അയ്യാവ് കുഞ്ഞുങ്ങളെ കാണാന്‍ വന്നപ്പോള്‍ മുത്തുലക്ഷ്മി ജയിലിലായിരുന്നു.
ഞാനപ്പോള്‍ മലയാളത്തില്‍ ചോദിച്ചു: ''അടുത്ത ജന്മത്തിലും അക്കയ്ക്ക് അയ്യാവുടെ ഭാര്യയാകണമെന്ന് ആഗ്രഹമുണ്ടോ?'
അരുണത് തമിഴിലാക്കി. മാസികയ്ക്ക് അത്തരം ചോദ്യങ്ങളാണ് കൂടുതല്‍ വേണ്ടത്.
മുത്തുലക്ഷ്മി പറഞ്ഞു: ''അയ്യാവു അന്ന് കൃഷിക്കാരനായാല്‍ മതി.'
പ്രഭ തീരെ കുഞ്ഞായിരുന്നപ്പോള്‍ ഒരു പൊലീസുകാരന്‍ അവളെയെടുത്ത് ജീപ്പിലേയ്ക്ക് എറിഞ്ഞു. എന്നിട്ടവളുടെ നെഞ്ചത്ത് തോക്കിനു കുത്തി. അവള്‍ക്കാ പേടി മാറിയിട്ടില്ല. 
രാജ്കുമാറുമായി ഇടപഴകിയ ശേഷം സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിവരണമെന്ന് അയ്യാവുക്ക് ആശയുണ്ടായിരുന്നു. ജയിലില്‍ കിടക്കാമെന്ന് അയ്യാവ് സര്‍ക്കാരിനെ അറിയിച്ചതാണ്. സര്‍ക്കാര്‍ മാറിവരുമ്പോള്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും അപ്പോള്‍ ആ കാലില്‍ വീണ് മാപ്പിരക്കാമെന്നും മുത്തുലക്ഷ്മി ആശിച്ചു. 
''ഞാന്‍ തന്നെ സറണ്ടറാക്കിയേനെ' നാല്‍പ്പത് തികയാത്ത മുത്തുലക്ഷ്മി ബാക്കിയുള്ള ജീവിതത്തിലേയ്ക്ക്, ദൂരേയ്‌ക്കെവിടേയ്‌ക്കോ നോക്കി. പക്ഷേ, അടുത്ത വീടിന്റെ ഭിത്തിയിലാ നോട്ടം തടഞ്ഞുനിന്നു. ആകാശം ആ മതിലിനു മുകളിലായിരുന്നു.
അയ്യാവ് സിഗററ്റ് വലിക്കില്ല. ഒരു സ്ത്രീയോടും മോശമായി പെരുമാറില്ല. കൂടെയുള്ളവരാരെങ്കിലും സ്ത്രീകളെ ഉപദ്രവിച്ചാല്‍ ക്ഷമിക്കില്ല. അപ്പോള്‍ത്തന്നെ വെടിവെച്ചു കൊല്ലും. സഹോദരനായാല്‍പ്പോലും അങ്ങനെ ഉണ്ടായിട്ടുണ്ട്. മുത്തുലക്ഷ്മിക്ക് അയ്യാവു ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കൊടുക്കും. നിറയെ പാട്ട് കേള്‍ക്കും. 'ത്രിശൂലം' സിനിമയിലെ പാട്ടുകളാണിഷ്ടം. ഒരിക്കല്‍ കാട്ടില്‍ വെച്ച് രണ്ടാളും ചേര്‍ന്ന് ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. ഇപ്പോള്‍ ബാക്കി ഒരു ടേപ്പ്‌റിക്കോര്‍ഡര്‍ മാത്രമുണ്ട്.

ആടിന്റേയും മാനിന്റേയും കരിങ്കുരങ്ങിന്റേയും ഇറച്ചിയായിരുന്നു അയ്യാവിന് ഇഷ്ടം. കമ്പ പൊടിച്ചു കലക്കിയ മോരായിരുന്നു അതിലേറെ ഇഷ്ടം. ഒരിക്കലും ചതിക്കില്ലെന്ന് വിശ്വസിച്ച ഉറ്റബന്ധുക്കളെക്കൊണ്ട് പൊലീസ് സയനൈഡില്‍ വിഷം കലക്കി കൊടുത്താ കൊന്നത്. അല്ലാണ്ട് ഏറ്റുമുട്ടലിലൊന്നുമായിരുന്നില്ല. അയ്യാവുണ്ടായിരുന്നപ്പോള്‍ ആദരവ് കിട്ടി. ഇപ്പോ ഒന്നുമില്ല...
''അദ്ദേഹത്തെ അടക്കിയത് എവിടെയാണ്. നമുക്കവിടെ പോയാലോ?' അരുണിനോട് ചോദിച്ചു.
'സമാധി' മുത്തുലക്ഷ്മിയക്ക തിരുത്തി.
അത് കര്‍ണ്ണാടകയിലാണ്. പത്തറുപത് കിലോമീറ്ററുണ്ട്. അവിടെ അറസ്റ്റ് വാറന്റുണ്ട്. കണ്ടാല്‍ പിടിച്ചു കൊണ്ടുപോകും– മുത്തുലക്ഷ്മി പറഞ്ഞു. കുറച്ചു ഫോണ്‍കോളുകള്‍ ചെയ്ത ശേഷം മുത്തുലക്ഷ്മി പോകാമെന്നു സമ്മതിച്ചു. മേട്ടൂരില്‍നിന്നും ഒരു പാത്രം നിറയുന്ന വലിപ്പമുള്ള മീന്‍തല കൂട്ടി ഊണു കഴിച്ചു. ഡാമില്‍നിന്നു പിടിക്കുന്ന മീനാണ്. ഉളുമ്പിന്റെ രുചി. പുഴയുടെ മണം.
''പൂവും പഴങ്ങളും വാങ്ങണം' മുത്തുലക്ഷ്മി പറഞ്ഞു.
ഞങ്ങളെല്ലാം വാങ്ങി. കൂട്ടുകാരി ധനഭാഗ്യമാണ് ലിസ്റ്റ് പറഞ്ഞത്–രണ്ട് പൂമാലകള്‍. രണ്ടു കൂടു നിറയെ ഉതിരപ്പൂക്കള്‍. ആപ്പിള്‍, ഓറഞ്ച്, മാതളം, രണ്ടു പായ്ക്കറ്റ് ബിസകറ്റ്, പൊരിച്ചമീന്‍, എണ്ണ, ചന്ദനത്തിരി, ഭസ്മം, കുങ്കുമം– എല്ലാം അയ്യാവിനാണ്. ചില്ല് കയറ്റിയിട്ട് കുലുങ്ങിമറിയുന്ന ഒമ്‌നി കാവേരിയുടെ തീരത്ത് കരിമ്പാറകള്‍ ചിതറി മേയുന്ന ഗ്രാമീണരുടെ ശ്മശാനത്തിലെത്തി. ''ഇവിടെ വീരനുണ്ട്; മരിച്ചാലും മരിക്കാതെ' പാറയില്‍ കടും മഞ്ഞയില്‍ എഴുതിവെച്ചിരിക്കുന്നു. മുത്തുലക്ഷ്മിയെ എഴുതാനും വായിക്കാനും പഠിപ്പിച്ചത് അയ്യാവാണ്.
''ആ കാണുന്ന പനയുടെ താഴെ' മുത്തുലക്ഷ്മി വിരല്‍ ചൂണ്ടി.
അവിടെ ഒരു സ്ത്രീയും പുരുഷനും തൊഴുതു നില്‍ക്കുന്നു. മുത്തുലക്ഷ്മിയെ കണ്ടതും അവര്‍ വേഗം വന്ന് കാലില്‍ തൊട്ടു നമസ്‌കരിച്ചു. സേലത്ത് വാഡല്ലൂരില്‍ തടിമില്ല് നടത്തുന്ന രവിചന്ദ്രനും ഭാര്യ ചിന്നത്തായിയുമാണ് അവര്‍. തമിഴില്‍ വീരപ്പനെക്കുറിച്ച് ടി.വി പരമ്പര വരുന്നുണ്ട്. അതു കണ്ടതു മുതല്‍ സമാധിയില്‍ വരണമെന്ന് ചിന്നത്തായിക്ക് ആഗ്രഹം. അങ്ങനെ വന്നതാണ്. 
സമാധിയിലെ ഉണങ്ങിയ പൂക്കള്‍ മുത്തുലക്ഷ്മി വാരിക്കളഞ്ഞു. ചുവന്ന മണ്ണിന്റെ നീളന്‍ കൂനയ്ക്കടിയില്‍ തുറന്ന ബട്ടണ്‍സുള്ള കുപ്പായത്തിനടിയില്‍ രണ്ട് ആനക്കൊമ്പുകള്‍ കോര്‍ത്ത മാലയിട്ട് വീരപ്പനെ കുഴിച്ചിട്ടിരിക്കുകയാണ്. ആദ്യം കുങ്കുമവും പിന്നെ ഭസ്മവും മണ്‍കൂനയ്ക്കു വിതറി. വിളക്കു കത്തിച്ചിടമാണ് തലയെന്നു മനസ്സിലായി. നെറ്റിയില്‍ തൃക്കണ്ണു തുറന്നതുപോലെ വെടിയുണ്ട കയറി ചത്തുകിടക്കുന്ന വീരപ്പന്‍. ഉച്ചപൊള്ളുന്ന ആ മണ്‍കൂനയില്‍ നെറ്റിയമര്‍ത്തി മുത്തുലക്ഷ്മി കുമ്പിട്ടിരുന്നു. എന്തൊക്കയോ പറഞ്ഞു. എഴുന്നേറ്റ് പഴങ്ങള്‍ പ്രസാദമായി തന്നു. ഒരുപിടി മണ്ണും– ''ഈ മണ്ണു കൊണ്ടുപോയി ജനിക്കുന്ന കുഞ്ഞുങ്ങളെ ഉഴിയുന്നവരുണ്ട്. കുഞ്ഞുങ്ങള്‍ അയ്യാവെ പോലെ വീരന്മാരാകും.'
ആളുകള്‍ സമാധിയിലേയ്ക്ക് വന്നുകൊണ്ടിരുന്നു. 
''ആരോരുമില്ലാത്ത മലയമക്കള്‍ക്കും ഏഴൈമക്കള്‍ക്കും നല്ലതേ ചെയ്തിട്ടുള്ളു. എല്ലാം തെളിയുമ്പോ, കാമരാജ മാതിരി അയ്യാവ് മഹാനാകും. പുറത്തുവന്നു സത്യം പറയാതിരിക്കാനാണ് കൊന്നത്' വെയിലാറും വരെ ശ്മശാനത്തിലെ കിഴക്കേ പാറയുടെ തണലിലിരുന്ന് മുത്തുലക്ഷ്മി പറഞ്ഞുകൊണ്ടേയിരുന്നു– ''അയ്യാവുക്ക് സമ്പാദ്യമുണ്ടായിരുന്നോ... അത് കാട്ടില്‍ കുഴിച്ചിട്ടോ എന്നൊന്നും എനിക്കറിയില്ല. അയ്യാവുണ്ടായിരുന്നപ്പോഴും ഞാന്‍ തുണിക്കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. അയ്യാവുടെ ഒപ്പമുണ്ടായിരുന്ന രണ്ടു മൂന്നു പേരെ ജീവനോടെയുള്ളു. ബാക്കിയുള്ളവരയെല്ലാം പിടിച്ച് വെടിവെച്ചു കൊന്നു. അവരുടെ പെണ്ണുങ്ങളെല്ലാം വരും. തെറിവിളിക്കും. കരയും. ഉള്ളതെല്ലാം കൊടുക്കും. പൊലീസ് ആദ്യം തിരക്കി വന്നപ്പോഴേ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ പറഞ്ഞതാണ്. അയ്യാവ് പാവങ്ങളെ സഹായിച്ചു. ഞാനുമത് ചെയ്യും.'
ലോഡ്ജിനു മുന്നില്‍ ഞങ്ങളെയിറക്കി മുത്തുലക്ഷ്മി മടങ്ങി. ഒമ്‌നിയുടെ ഡ്രൈവര്‍ ഇപ്പോള്‍ പരിചിതനായി കഴിഞ്ഞിരുന്നു. മേട്ടൂര്‍ പരിചിതമായി കഴിഞ്ഞിരുന്നു. അയ്യാവിന്റെ ആളുകളായി ഞങ്ങളും മാറിയിരുന്നു. മേട്ടൂരില്‍ ചുറ്റിക്കറങ്ങി. നല്ല പച്ചത്തക്കാളി മാര്‍ക്കറ്റില്‍നിന്നു വാങ്ങി. ജീവനോടെ മീനുകളെ മുളകില്‍ മുക്കി എണ്ണയില്‍ മുക്കുകയാണ്. എണ്ണയില്‍ പിടയുകയാണ്. ചെതുമ്പലോടെ ഇലയില്‍ തിളച്ച മാംസം. 
അപ്പോഴേയ്ക്കും വീശണമെന്നായി. പക്ഷേ, ജനുവരി 30-ന് എവിടെ കിട്ടാന്‍. എല്ലായിടത്തും മദ്യഷോപ്പുകള്‍ തുറന്നുവെച്ചിട്ടുണ്ട്. മദ്യം വാങ്ങി മടങ്ങിവരുമ്പോള്‍ തൊപ്പിയും ഗാന്ധിപ്രതിമ തൊപ്പിയും വെച്ച് നില്‍ക്കുന്നു. പാവം ഗാന്ധി വെയില് കൊള്ളണ്ടെന്ന് ഏതോ ഫിറ്റായ ചേട്ടന്‍ കരുതിയതാകും– ''ഗാന്ധി തോറ്റ് തൊപ്പിയിട്ടതാണ്'. ഞങ്ങള്‍ തമാശകള്‍ പറഞ്ഞുതുടങ്ങി.
ഊരുള്ള പച്ചക്കറിക്കൊപ്പം ഞാന്‍ പുറത്തെടുത്ത കുപ്പി കണ്ട് ശാന്തി നോക്കി. രക്തം–മലം പശിശോധിക്കുന്ന റബ്ബറടപ്പുള്ള ചെറുവിരല്‍ നീളമുള്ള കുപ്പി. ''വീരപ്പനവിടെ ദൈവമാണ്. അവിടെനിന്ന് എല്ലാവരും മണ്ണെടുത്തു കൊണ്ടുപോകും' ഞാനത് പരിഭാഷപ്പെടുത്തി. മരുത്വാമലയില്‍ പോയി ധ്യാനത്തിലിരുന്ന് കണ്ണു തുറന്നപ്പോള്‍ കണ്ട കല്ലെടുത്ത് കൊണ്ടുവന്ന സാമേട്ടന്‍, അതിനു വിളക്കു കത്തിക്കുന്നത് ഓര്‍മ്മയുള്ളതുകൊണ്ടാകും- ശാന്തി കൂടുതലൊന്നും പറഞ്ഞില്ല.
കാവേരിയുടെ തീരത്ത് നിവര്‍ന്നു കിടക്കുന്ന ആ നെടുനീളന്‍ മണ്‍കൂനയെ മാഗസിനിലാക്കി. 'വീരപ്പന്റെ സംസാര'മെന്ന് തലക്കെട്ടിട്ടു. ''അയ്യാവെ ഉപേക്ഷിക്കാന്‍ വീട്ടുകാര്‍ പറഞ്ഞതാണ്. ഞാന്‍ കൂട്ടാക്കിയില്ല. അയ്യാവു പാവങ്ങളെ സഹായിച്ചു. ഞാനും അതു തുടരും. അയ്യാവു പറയാതെ പോയതെല്ലാം ഞാന്‍ പറയും. ഞാന്‍ അയ്യാവുടെ സംസാരമാണ്' എന്നെഴുതി നിര്‍ത്തി.

സൗപര്‍ണ്ണികയിലെ കല്ലുകള്‍ക്കും മുസിരിസ് ഖനനസ്ഥലത്ത് പോയപ്പോള്‍ പെറുക്കിയ ഓടിന്റെ കഷണങ്ങള്‍ക്കുമിടയില്‍ കുപ്പി തലയുയര്‍ത്തി അങ്ങിനിരുന്നു. വീട്ടില്‍ വരുന്നവരോട് വീരപ്പന്റെ സമാധി മണ്ണ് കാണിച്ചുകൊടുത്തു. ഇത്തിരിപ്പോന്ന കുപ്പിയുടെ ദൃശ്യത പോകപ്പോകെ വലുതായി. എപ്പോഴും കണ്ണിലത് പെട്ടു. ഇറങ്ങുമ്പോള്‍, പോകുന്നു കെട്ടോയെന്ന് ആ കുപ്പിയോട് പറഞ്ഞുതുടങ്ങി. വന്നുകയറിയാലുടന്‍ അതവിടെ തന്നെയുണ്ടോ എന്നു നോക്കലായി. വീടിനുള്ളില്‍ അതേപ്പറ്റി സംസാരമില്ലെങ്കിലും ആ കുപ്പിക്കുള്ളിലെ മണ്‍തരികളെ പലവട്ടം അടുത്തു പിടിച്ചുനോക്കി. പൊടിയും ചെറിയ കല്ലുകളുമെല്ലാം അതിലുണ്ടായിരുന്നു. ഒരു തരി കടലാസുണ്ടായിരുന്നു. കരിഞ്ഞ പൂവിതളും വെളുത്ത എന്തോ തരിയുമുണ്ടായിരുന്നു. അസ്ഥിയാണോ അതെന്നു നോക്കി. കൂടുതല്‍ നോക്കി ഉറപ്പിക്കാന്‍ തോന്നിയില്ല.
കറണ്ടുപോയ സമയത്ത് കത്തിച്ച മെഴുകുതിരി അവിടെത്തന്നെ കൊണ്ടുചെന്നു വെച്ചപ്പോള്‍ ശാന്തിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷേ, അടുത്ത ദിവസം ബള്‍ബ് ഓഫ് ചെയ്ത് അവിടെ മെഴുകിതിരി കത്തിച്ചപ്പോള്‍ അവള്‍ വേഗം ലൈറ്റിട്ടു.
''ഡീ സിംപിളായിരുന്നു. ആ മീശ വടിച്ചുകളഞ്ഞ്, അങ്ങേര് നാട്ടിലേയ്ക്കിറങ്ങിയിരുന്നേ ഒരാളും തിരിച്ചറിയാന്‍ പോണില്ല. ചത്തപ്പോഴും ആ മീശ അതേപോലെ ആ മുഖത്തുണ്ടായിരുന്നു. ആ കൊമ്പൊന്നും ഒരുത്തനും കുത്തിച്ചില്ല' ആരെയെങ്കിലും പരിചയപ്പെട്ടാല്‍ ഒന്നുരണ്ടാഴ്ചയുള്ള അസുഖമാണല്ലോ ഇത്തരം സ്തുതിപ്പീര് എന്നതിനപ്പുറം ശാന്തിയ്ക്കും ഒന്നും തോന്നിയിട്ടില്ല. 
പക്ഷേ, കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ഓഫീസിലേയ്ക്ക് ഇറങ്ങിയ വഴി കടയുടെ പിന്നില്‍ സിഗററ്റ് വലിച്ചുനില്‍ക്കുമ്പോഴാണ് അരികത്തൊരു ലോട്ടറിക്കാരി വന്നത്. കനം താങ്ങാതെ ചതഞ്ഞ റബ്ബര്‍ ചെരുപ്പിട്ട പാതിനരച്ച മുടി പിന്നിയിട്ട ഒരു ചേച്ചി. എനിക്ക് ലോട്ടറി ടിക്കറ്റ് എടുക്കണമെന്നും അത് അടിക്കുമെന്നും തോന്നി. ചേച്ചിയുടെ മലയാളത്തിന് തമിഴ്ച്ചുവ. കല്ലുകള്‍ക്കും കുപ്പിക്കും അടുത്ത് അലക്ഷ്യമായെന്ന വിധം ആ ലോട്ടറി കൊണ്ടുചെന്നിട്ടു. 'ഒരു പെഗ്ഗിന്റെ കാശായി' വീടിനുവേണ്ടി എന്തോ മഹത്തായ കാര്യം ചെയ്തതായി വരുത്തി. ആകാംക്ഷകൊണ്ട് നറുക്കെടുപ്പിന്റെ പിറ്റേന്നത്തെ പത്രത്തിനൊന്നും കാത്തില്ല. ഇന്റര്‍നെറ്റില്‍ കേറി പരതി. ഒന്നാം സമ്മാനം അടിക്കും എന്ന തോന്നലോടെ തന്നെ. താഴത്തു നിന്നു തന്നെ നോക്കി. 47-ല്‍ അവസാനിക്കുന്ന നമ്പരിന് ഒന്നും അടിച്ചില്ല.
അന്നു പെഗ്ഗടിക്കാനിറങ്ങിയപ്പോള്‍ ഒരുന്നം വെച്ചു. ഇന്ന് എല്ലാ ദിവസത്തേയും പോലെയല്ല. രണ്ട് പെഗ്ഗ് സിപ്പ് ചെയ്ത് വളരെ നേരമെടുത്തേ കുടിക്കൂ. ''നമ്മളിതൊരുമാതിരി കുത്തിക്കേറ്റാ'  ഞാന്‍. 
''പതിയെയാ രസം' രാജേഷും കണ്ണിറുക്കി.
രണ്ടെണ്ണം അത്ര പതിയെയല്ലാതെ ചെന്നതോടെ, എന്നാപ്പിന്നെ ഈ രണ്ടിന്റേര്‍പ്പാട് നാളെ മുതലായാലോ എന്നൊരു ഇക്കിളി വന്നു. ഫീച്ചറെഴുതിയപ്പോ ഒരു കാര്യം എഴുതാന്‍ വിട്ടു. അത് മുത്തുലക്ഷ്മിയെ വെടിവെയ്ക്കാന്‍ വീരപ്പന്‍ പഠിപ്പിച്ചതാണ്. കൊക്കിനെയൊക്കെ വെടിവെച്ചിട്ടുണ്ട് പുള്ളിക്കാരി. രാജേഷ് മാനന്തവാടിക്കാരനാണ്. വീരപ്പന്റെ കാട് പച്ചവിരിച്ചങ്ങ് വയനാട് വരെയുണ്ടായിരുന്നു. 
ധനഭാഗ്യം അന്നു വാങ്ങിയ ഉണക്കമീന്‍ സമാധിയില്‍ വെച്ചില്ലെന്ന് രാജേഷ് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. അത് വീട്ടിലേയ്ക്ക് വാങ്ങിയതാകും. രണ്ട് പെഗ്ഗെന്നൊക്കെയുള്ളത് അപ്പോഴേയ്ക്കും പാളി കഴിഞ്ഞിരുന്നു.
കേരളത്തിലേയ്ക്ക് തടി കേറ്റാനാണ് വീരപ്പന്‍ മുത്തുലക്ഷ്മിയുടെ ഗ്രാമത്തില്‍ ചെന്നത്. കേരള കണക്ഷന്‍ പുള്ളിക്ക് കൂടുതലാണ്. വീരപ്പന്‍ പുറത്തുവന്ന് സത്യം പറഞ്ഞാല്‍ കുടുങ്ങുന്ന ഏതോ കൊമ്പന്‍ കേരളത്തിലുമുണ്ട്... ''മ്മക്കത് കണ്ടുപിടിക്കണോടാ' ജേര്‍ണലിസത്തിന്റെ നില തെറ്റി. ''അല്ലപ്പിന്നെ ആ ഓഫീസറും മലയാളിയല്ലേ. ഉന്നം തെറ്റാതെ പുള്ളി വീരപ്പന്റെ കൃത്യം നെറ്റിക്കു തന്നെ വെടിവെച്ചു' മൂക്കിനുള്ളിലേയ്ക്ക് വാര്‍ത്തയുടെ മണമടിച്ചു.
വീട്ടില്‍ ചെന്നപ്പോള്‍ കുപ്പിയെ നോക്കാതിരിക്കാനായില്ല. ഉള്ളിന്റുള്ളിന്റുള്ളില്‍ ഒരു സോറി തികട്ടി വന്നു. പാറക്കൂട്ടങ്ങള്‍ക്കിടയിലെ സമാധി!
രാവിലെ വല്ലാണ്ടൊരു തലവേദന. 
ശാന്തി ഒന്നും മിണ്ടാണ്ട് ഇറങ്ങിപ്പോയി. ഞാനും അണ്ണനും മാത്രമായി.
എണ്ണയിട്ട ഇരട്ടക്കുഴല്‍ പറ്റിപ്പിടിച്ച മുഖമുയര്‍ത്തി അണ്ണനെന്നെ ഇങ്ങനെ നോക്കുവാണ്. ഇത്ര കരുണയോടെ എന്നെ നോക്കല്ലേ അണ്ണാ എന്നു പറയണമെന്നുണ്ടായിരുന്നു. കാട്ടാറിന്റെ കരയിലിരുന്ന് ഞാനുറക്കെ കരഞ്ഞു. അണ്ണന്‍ നിശ്ശബ്ദനായിരുന്ന് ഇരട്ടക്കുഴലില്‍ വിരലോടിച്ചു. ശബ്ദങ്ങളിലേയ്ക്ക് കൂര്‍ത്ത ചെവിയും ഗന്ധങ്ങളിലേയ്ക്ക് കൂര്‍പ്പിച്ച മൂക്കുമൊഴികെ അണ്ണന്‍ തികച്ചും ശാന്തനായിരുന്നു. 
''ഒരു ഉന്നമില്ലണ്ണാ' ഞാനേങ്ങലുയര്‍ത്തി.
അണ്ണന്‍ എനിക്കു മൊന്ത നീട്ടി, ചോളപ്പൊടിയിട്ട മോര് വായ കവിഞ്ഞ് പുറത്തേയ്ക്ക് ചാടി.
ഒരു ചെടി വളര്‍ത്തണമെന്ന് തോന്നി. ഏതു ചെടിയെന്നറിയില്ല. കടവന്ത്രയിലെ നഴ്‌സറി കണ്ടിട്ടുണ്ട്. കൊച്ചുകടവന്ത്രയ്ക്ക് പോകുന്ന വഴി. അവിടെ മണ്ണും കിട്ടുമെന്നറിയില്ലായിരുന്നു. ഏതു ചെടി വാങ്ങണമെന്ന് നോക്കിയപ്പോ, വേപ്പില കിട്ടി. ചട്ടിയില്‍ മണ്ണ് നിറച്ച് വേപ്പില ഇറക്കിവെച്ചു. 
ശാന്തി വരുന്ന സമയം നോക്കി ചായ തിളപ്പിച്ചു. കഞ്ഞിക്ക് വെള്ളം വെച്ചു. അവളു വന്നപ്പോ പറഞ്ഞു– ''നമുക്ക് ഒരു റേഡിയോ വാങ്ങണം.'
''മൂത്തവള്‍ക്ക് ഐ.പി.എസ് എടുത്തു പൊലീസ് ഓഫീസറാകണമെന്നാണ്' ബീഫുലത്തുന്നതിനിടയില്‍ പറഞ്ഞു.
ആരുടെ കാര്യമാണെന്ന് ശാന്തിയ്ക്ക് പെട്ടെന്ന് മനസ്‌സിലായില്ല. കുറച്ച് കഴിഞ്ഞ് അവള്‍ ചോദിച്ചു: ''പൊലീസുകാര് നെഞ്ചത്ത് തോക്കിനു കുത്തിയ ആ കൊച്ചിനാണോ?'
''അതിളയവളാണ്. പ്രഭ. അവള്‍ക്ക് ഡോക്ടറാകണമെന്നാണ്' വിശദീകരിച്ചു.
''എന്തിനാണ് ഒരാള്‍ കള്ളനാകുന്നത്?' ശാന്തി നഗ്നയായി കിടന്ന് ചോദിക്കുകയാണ്.
''ആരാണ് അല്ലാത്തത്?' ഞാനെന്നോട് ചോദിച്ചു.
''ഞാനല്ല' ശാന്തി എന്നെയാണ് ഉദ്ദേശിക്കുന്നത്.
പെട്ടെന്നൊരു ദേഷ്യം വന്നത് അടക്കി, അവളെ കെട്ടിപ്പിടിച്ചു ''മോരില്‍ വിഷം കലക്കി കൊടുക്കുന്നത് പൊലീസ്. മറ്റത് കള്ളന്‍.'
കുളിച്ചു വന്നയുടന്‍, ഞാനവിടെ മെഴുകുതിരി കത്തിച്ചപ്പോള്‍ അവളൊന്നും മിണ്ടിയില്ല. സൗപര്‍ണ്ണികയിലെ കല്ലിനാണോ കുപ്പിക്കാണോ മുസിരിസിലെ പഴയ കെട്ടിടത്തിനാണോ വിളക്ക് കത്തിച്ചതെന്ന സംശയം അവള്‍ക്കെന്തായാലുമില്ല.
കളിയായിട്ടോ കാര്യമായിട്ടോ അവള്‍ പറഞ്ഞു: ''വിശ്വാസമാണേ ഇത് തെറ്റാ. ശ്മശാനത്തിലെ മണ്ണാ.'
''ഇപ്പറഞ്ഞത് അന്ധവിശ്വാസമാ' എന്റെ വിശ്വാസത്തെ ഞോണ്ടണ്ട എന്നു തീര്‍ത്തു പറഞ്ഞു.
''അത്ര വിശ്വാസമാണേ ആ കുരിശേ കത്തിക്ക്. അമ്മച്ചിക്കും സന്തോഷമാകും' വീട്ടിലുള്ള ആ മരക്കുരിശിനെക്കുറിച്ചാണ്.
വെളിച്ചത്തിനു മുന്നില്‍ കണ്ണടച്ച് കുറച്ചു നേരം നിന്നു. കണ്ണു തുറന്നപ്പോഴാണ് കണ്ടത്, എട്ടുകാലിയുടെ വല കുപ്പിയില്‍നിന്നും കല്ലിലേയ്ക്ക് ചാടിയിട്ടുണ്ട്. കുപ്പി തുടച്ചു വീണ്ടും വെച്ചപ്പോഴാണ് മണ്ണിനിടയില്‍ ഒരു കുഞ്ഞു മുട്ട കണ്ടത്. ജീരക വലിപ്പമുള്ള ഒരു മുട്ട. ശാന്തി കാണണ്ട. പാമ്പിന്റെ മുട്ടയാന്ന് അവള് പറയും. 
''വീരപ്പന്‍ സിഗററ്റ് വലിക്കില്ല, എന്നാപ്പിന്നെ അതും കൂടിയങ്ങ് നിര്‍ത്ത്' ഇറങ്ങാന്‍ നേരത്ത് അവളൊന്നു കുത്തി. 


ശാന്തിയുടെ മെന്‍സസ് വൈകിയപ്പോള്‍ കൊച്ചിന് വീരപ്പനെന്ന് പേരിട്ടാലോ എന്നു ചോദിച്ചത് അവള്‍ക്കത്ര ഇഷ്ടപ്പെട്ടില്ല. പക്ഷേ, ഇല്ലാത്ത മീശ മുകളിലേയ്ക്ക് വളച്ചു വെച്ചപ്പോള്‍ അവളിടപെട്ടു. മെന്‍സസാവുകയും ചെയ്തു അവള്‍ ഓഫീസില്‍ കാല് തെന്നി വീഴുകയും ചെയ്തു. ഓഫീസില്‍നിന്നും കൂട്ടുകാര്‍ അവളെ കാറിലാണ് കൊണ്ടുവിട്ടത്. അവളെ കോരിയെടുത്താണ് മുകളിലേയ്ക്ക് ഞാന്‍ കയറ്റിയത്. പിന്നെ കുറേ ദിവസങ്ങളില്‍ കാലിന് പഌസ്റ്ററുമിട്ട് ശാന്തി വീട്ടിലിരുന്നു. ഓരോ ദിവസം കഴിയുന്തോറും അവള്‍ വല്ലാതെ മൂകയായിക്കൊണ്ടിരുന്നു. എനിക്കാണെങ്കില്‍ വയ്യാണ്ടായതോടെ അവളോട് സ്‌നേഹവും കൂടി.
ചോറ് ഉരുട്ടി വായില്‍വെച്ച് പുന്നാരിച്ച് ചോദിച്ചു: ''എന്നാ നിനക്ക്.'
അവള് ഒന്നും മിണ്ടിയില്ല. പിന്നെയും നിര്‍ബന്ധിച്ചപ്പോ പറഞ്ഞു: ''ആ ശ്മശാനത്തിലെ മണ്ണ്... അതങ്ങ് കളയ്.'
കുറേ ദിവസമായി അണ്ണന്റെ കാര്യം മറന്നിരിക്കുകയായിരുന്നു– ''അതിലെന്തിരിക്കുന്നു. വെറും മണ്ണ്... പിന്നൊരു ഹിസ്റ്റോറിക്...'
''വല്ലാണ്ടൊരു നെഗറ്റീവ് ഫീല്... പ്‌ളീസ്' അവള് സീരിയസായിട്ടാണ്.
പകല് റൂമടച്ച് കിടന്നുറങ്ങിയപ്പോ ഹാളില്‍ ആരുടെയൊക്കയോ ശബ്ദം കേട്ടെന്ന്. ഇറങ്ങി നോക്കിയപ്പോ ആരെയും കണ്ടില്ലെന്ന്. ആരോ വന്നപോലെ മണ്ണ് കിടന്നെന്ന്.
''ഏയ് പുള്ളി അങ്ങനത്തൊരാളല്ല' ആ കുപ്പിയെടുത്ത് കളയാന്‍ എനിക്കാവില്ലായിരുന്നു.
''പറഞ്ഞത് മനസ്സിലാക്ക്. എനിക്കത് പറ്റുന്നില്ല' ശാന്തി ചോറ് തട്ടി. അത് നിലത്താകെ ചിതറി. നിലത്തുവീണ ചോറ് പെറുക്കിയെടുത്തപ്പോള്‍, ശാന്തിയുടെ കണ്ണും കയ്യും എത്താതെ അണ്ണനെ ഒളിപ്പിച്ചു വെയ്ക്കാന്‍ പറ്റുന്ന ഒരിടമേതാണ് എന്നാണ് ചിന്തിച്ചത്. ആര്‍ക്കും കണ്ടെത്താനാവാത്ത വീട്ടിലെ ആ കാട്ടകം കിട്ടി. അതാ കുരിശായിരുന്നു. 
ആ കുരിശിന്റെ പിന്നില്‍ ഒരു കിടിലന്‍ സ്ഥലമുണ്ട്! തറയില്‍ വീണ ചോറപ്പടി പെറുക്കിയെടുത്ത് വേഗം പാത്രം കഴുകി. ശാന്തി കൈകഴുകാനെഴുന്നേറ്റ തക്കത്തിന് കുപ്പിയെടുത്ത് കുരിശിന്റെ പിന്നിലേയ്ക്ക് വെച്ചു. എന്നിട്ട് ബാല്‍ക്കണിയിലേയ്ക്ക് ചെന്നുനിന്ന് ഞാനവളെ വിളിച്ചു: ''ഡീ ദേ നോക്കിക്കേ. ഞാനിത് കളയുവാണേ.'
അവള്‍ അനങ്ങിയുമില്ല. വന്നുമില്ല. പക്ഷേ, ബാല്‍ക്കണിയിലേയ്ക്കുള്ള കാഴ്ച, അടുക്കളയില്‍ നിന്നുണ്ടെന്ന് എനിക്കറിയാം. കണ്ണാടികളുണ്ട്, എല്ലാമുറിയിലും അവളുടെ ചാത്തന്മാരായി. നില്‍ക്കുന്നിടത്തുനിന്ന് അവളെല്ലാ മുറിയും കോണും കണ്ടു കളയും. ആ കുപ്പി വലിച്ചെറിയുന്ന ഭാവത്തില്‍, ആംഗ്യത്തില്‍ ഞാനൊരു കിടിലന്‍ അഭിനയമാണ് പിന്നീടങ്ങ് തകര്‍ത്തത്– കൈക്കുള്ളില്‍ കുപ്പിയുണ്ട്. താഴത്തെ മതിലും കടന്ന് തോട്ടില്‍ ചെന്നു വീഴാന്‍, സാധാരണ ഈ നാലാം നിലയില്‍നിന്ന് സിഗററ്റ് കുറ്റികള്‍ എറിയാറുള്ളതുപോലെ വീശി ഒറ്റയേറ്. കുപ്പി ചെന്ന് തോട്ടില്‍ ഗ്‌ളും എന്ന് വീഴുന്നത് എന്റെ മുഖത്ത് ഭാവമായി മിന്നി. ഓവര്‍ ആക്ടിങ്, അവള്‍ കൃത്യമായി പിടിക്കും എന്നതിനാല്‍ പരമാവധി മിതാഭിനയം നടത്തി.
എന്നിട്ട്, ആ കുപ്പി പോയതിലുള്ള നിരാശ കൂടുതല്‍ വ്യക്തമാക്കാനായി ഒരു സിഗററ്റ് കത്തിച്ച് ആ തോട്ടിലേയ്ക്കും നോക്കിനിന്നു. അവളിപ്പോള്‍, ഒരു ഗ്‌ളാസ് വെള്ളവും കൊണ്ടിങ്ങ് വരും. വലിക്കുന്ന എനിക്ക് വെള്ളം നീട്ടി. എന്നിട്ടവളും തോട്ടിലേയ്ക്ക് നോക്കി. ദൈവമേ ഓളമനങ്ങുന്നില്ല, അവളെങ്ങാനും അതു കണ്ടുപിടിക്കുമോ. പെട്ടെന്ന് തോട്ടിന്ന് കണ്ണെടുത്ത് അവളങ്ങ് ആശ്വസിപ്പിച്ചു:– ''മരിച്ചത് അച്ഛനായാലും, ബലിയിടാന്‍ കൊണ്ടുപോകേണ്ട അസ്ഥി പുറത്തല്ലേ കുഴിച്ചിട്ടത്. കാര്യം പുള്ളി അദ്ധ്വാനിച്ചുണ്ടാക്കിയ വീടാണെങ്കിലും.'
വല്യപ്പച്ചന്‍ മരിച്ചുകഴിഞ്ഞാണ് ഈ കുരിശ് വീട്ടിലെത്തിയത്. ആളും ഒരു വീരപ്പനായിരുന്നു. തക്കാളി കൊണ്ട് നല്ല ജാമും റവയും പഞ്ചാരയും മഞ്ഞളും ചേര്‍ത്ത് പഞ്ഞിപോലുള്ള കേസരിയുമുണ്ടാക്കുന്ന വല്യമ്മച്ചിയെ അദ്ദേഹം കട്ടോണ്ടു പോന്നതാണ്. പല എപ്പിസോഡുള്ള കഥയാണ്. ചുരുക്കം ഇത്രേള്ളൂ. വല്യമ്മച്ചീടത് കാശുള്ള വീടായിരുന്നു. അതുകൊണ്ടവിടെ ഒരു മുഴുപ്പന്‍ പട്ടിയുണ്ടായിരുന്നു. വല്യമ്മച്ചിയെ കട്ടോണ്ട് പോരണന്ന് വൈകിട്ട് വല്യപ്പച്ചന്‍ ഒന്നുമാത്രം പ്രത്യേകമായി ചെയ്തു. ഒരു നാല് നെയ്യപ്പം വാങ്ങി. രാത്രി എല്ലാരും ഉറങ്ങിയപ്പോള്‍ ആ നെയ്യപ്പവും കക്ഷത്തില്‍ വെച്ച് സഹായിയുമായി വല്യമ്മച്ചീടെ വീട്ടിലെത്തി. ദാണ്ടേ കുരച്ചു വരുന്നു നമ്മുടെ മുഴുപ്പന്‍. വല്യപ്പച്ചി ആദ്യത്തെ നെയ്യപ്പം എറിഞ്ഞു. പട്ടിക്ക് ആ നെയ്യുടെ മണമങ്ങടിച്ചിട്ട് കുരയ്ക്കണോ അതോ തിന്നണോ എന്നൊരു ശങ്ക. മൊതലാളിക്കു വേണ്ടിയുള്ള കുരയിലും വലുതല്ലേ നെയ്യപ്പം. പട്ടി നെയ്യപ്പത്തിലലിഞ്ഞു. തീരുമ്പ തീരുമ്പ വല്യപ്പച്ചന്റെ സഹായി നെയ്യപ്പം എറിഞ്ഞു. ഉറങ്ങുന്ന വല്യമ്മച്ചിയെ വടിക്ക് തോണ്ടി ഉണര്‍ത്തി വല്യപ്പച്ചന്‍ ഇറക്കിക്കൊണ്ടു പോന്നു. ആ വല്യപ്പച്ചന്റെ ആകെ സമ്പാദിച്ചതാണ് ഈ കുരിശ്.
ഈ കുരിശ്, വീരപ്പച്ചന്‍, സോറി വല്യപ്പച്ചന്‍, സ്വന്തമായി നിര്‍മ്മിച്ചതായാണ് ചാച്ചന്‍ പറഞ്ഞുള്ള എന്റെ അറിവ്. ഇപ്പോളാലോചിക്കുമ്പോള്‍ മെഴുകുതിരി കാലാണ് ആ കുരിശിന്റെ നിര്‍മ്മാണത്തിന് വല്യപ്പച്ചി മാതൃകയാക്കിയതെന്നു ഉറപ്പിച്ച് പറയാം. നിലത്തുറച്ചു നില്‍ക്കാന്‍ ഒരു അടിത്തറ കുരിശിനുണ്ട്. പെയിന്റിങ്ങും വല്യപ്പച്ചി സ്വയം ചെയ്തതാണ്. കുരിശുറച്ചിരിക്കുന്ന അടിത്തട്ടിന് മൊസൈക്കിന്റെ ശൈലിയിലാണ് പെയിന്റിങ്. ക്രൂശിതന്റെ ചോര കിനിഞ്ഞ സ്ഥലങ്ങളെ ഭാവന ചെയ്ത്, കുരിശില്‍ അതാത് സ്ഥലങ്ങളില്‍ ചോപ്പ് തേച്ചിട്ടുണ്ട്.
വല്യപ്പച്ചന്‍ ചെറുപ്പത്തിലെന്നോ കളിച്ച നാടകത്തിലെ പ്രോപ്പര്‍ട്ടിയായിരുന്നു ഇത്. നിരീശ്വരനായ വല്യപ്പച്ചന്‍ ആ കുരിശിനോട് കാണിച്ചേക്കാവുന്ന മാന്യത ഊഹിക്കാവുന്നതല്ലേയുള്ളു. വല്യമ്മച്ചി ആ കുരിശ് കണ്ടെത്തുകയും മെഴുകുതിരി കത്തിക്കുകയും മുന്നില്‍നിന്ന് പ്രാര്‍ത്ഥിക്കുകയും. ലില്ലിച്ചേച്ചിയുണ്ടായപ്പോള്‍, കുരിശിനെ നോക്കി കുരിശു വരക്കാന്‍ ശീലിപ്പിക്കുകയും ചെയ്തതോടെ സംഭവം തിരുക്കുരിശായി. പള്ളീലച്ചന്‍ വന്ന് ഹന്നാന്‍ വെള്ളം തളിക്കലായി. അപ്പുറത്തെ വീട് വെഞ്ചരിക്കാന്‍ വരുമ്പോഴും എടുത്തുകൊണ്ട് പോകലായി– അങ്ങനെയാ കുരിശങ്ങ് ദിവ്യനായി. ഒറ്റ മോളെ മദ്രാസിന് കെട്ടിച്ചു വിട്ടപ്പോള്‍, വല്യപ്പച്ചനും വല്യമ്മച്ചിയും കൂടെപ്പോയി. ആ പോക്കിലും കുരിശ് മദ്രാസിന് ട്രെയിന്‍ കയറി. പിന്നീടുള്ള ജീവിതം മുഴുവന്‍ മരുമകനേയും തെറിവിളിച്ച് ജീവിക്കാനുള്ള വകയുമായി തിരിച്ചുപോന്നു. അപ്പോഴും കുരിശെടുക്കാന്‍ മറന്നില്ല. പിന്നീട് വല്യപ്പച്ചന്‍ തന്നെയും കുരിശായതാണ് ചരിത്രം. ആ കുരിശില്‍ കിടക്കാന്‍ പലര്‍ക്കും ഭാഗ്യമുണ്ടായിട്ടുണ്ട്. വല്യപ്പച്ചന്‍ മരിച്ചുകഴിഞ്ഞ്, വല്യമ്മച്ചി മദ്രാസിനു പോയപ്പോള്‍, ചാച്ചനാ കുരിശ് എടുത്തോണ്ട് പോന്നു. ചേട്ടനെ ഇടയ്ക്കിടയ്ക്ക് ഓര്‍ക്കാല്ലോ.
ഒരു ചെങ്കല്ലിന്റെ കൃത്യം നടുക്ക് ഉറപ്പിച്ച് നിര്‍ത്തിയ മാതിരിയുള്ള ആ കുരിശിന്റെ പിന്നില്‍, കുരിശിന്റെ മറയില്‍ എന്തു വേണേലും ഒളിപ്പിച്ച് വെയ്ക്കാം. ചാച്ചന്റെ കുടുക്കയില്‍നിന്ന് കാശ് ഈര്‍ക്കിലിട്ട് മോട്ടിച്ച് ഞാനവിടെ വെച്ചിട്ടുണ്ട്. ഇപ്പോ ആ കുരിശ് എന്റെ കൂടെ സഞ്ചരിക്കുകയാണ്. ഇതെന്താ ഇങ്ങനൊരു കുരിശെന്നു ചോദിക്കുന്നവരോട്– ''ഇത് കുരിശല്ല ജോസഫ്. വല്യപ്പച്ചിയാ' എന്നേ പറയാറുള്ളു. അതെന്തു കഥയെന്നു പറയാനുള്ളവരോട് വല്യപ്പച്ചിയെപ്പറ്റി പറയുമ്പോ അവര്‍ക്കു മനസ്സിലാകും, പുള്ളി എന്റെയൊരു വീരപ്പനാന്ന്.


ശാന്തിയെ സംബന്ധിച്ച് ആ മണ്ണ് കുപ്പിയോട് പോയെന്നത് വലിയ ആശ്വാസമായി. ഞാനിപ്പോ പോകുമ്പോഴും വരുമ്പോഴും ആ കുരിശേലൊന്നു നോക്കും– അണ്ണാ എന്നൊന്ന് വിളിക്കും. അമ്മച്ചി ഇടയ്ക്ക് വരുമ്പോ മെഴുകുതിരി കത്തിക്കും. ഞാനന്ന് നട്ട ആ വേപ്പിലേന്നാണ് വീട്ടിലേയ്ക്കുള്ള ഇലയെടുക്കുന്നത്. വേപ്പില പിന്നെയും കാട്പിടിച്ചു. നേരത്തെ എന്തിനുമേതിനും അമ്മച്ചീന്ന് അറിയാതെ വിളിച്ചിരുന്ന ഞാനിപ്പോ അണ്ണാന്നായി വിളി. സിഗററ്റ് വലി ഞാനറിയാതെ തന്നെയങ്ങ് നിന്നുപോയി. ഓ സിഗററ്റിനോട് ഒരു രസമങ്ങ് പോയി.
ഇന്ന് തിരക്കിട്ടിറങ്ങിയപ്പോ അണ്ണാന്ന് വിളിക്കാന്‍ മറന്നുപോയി. ബസില്‍ കയറിയപ്പോഴാണ് അതോര്‍ത്തത്. വീട്ടിലേയ്ക്ക് തിരിച്ചു ചെന്നിട്ട് പോയാലോ എന്നായി ആലോചന. ഇപ്പോ തന്നെ സമയം വല്ലാണ്ട് വൈകി. ഓരോ സ്‌റ്റോപ്പ് കഴിയുന്തോറും എന്താണ്ടൊരു വയ്യായ്ക. ഞാന്‍ ഓഫീസിലേയ്ക്ക് വിളിച്ചു. ഞാനിറങ്ങീതാ, പെട്ടെന്നൊരു തലചുറ്റല്‍, ഇന്റര്‍വ്യൂന് ശ്രീജയെ വിട്. ചോദ്യം പറഞ്ഞുകൊടുക്കാമെന്നു പറഞ്ഞു. ബസിറങ്ങി ആദ്യം കിട്ടിയ ഓട്ടോയ്ക്ക് കൈകാണിച്ച് വീട്ടിലെത്തി. സ്‌റ്റെപ്പിലൂടെ വലിയ തിരക്കില്ലാതെ കയറി. ഇന്നെന്തായാലും പോകണ്ട. ആകപ്പാടൊരു മടി. വേസ്റ്റെടുക്കാന്‍ ആളുവന്നിട്ടില്ല. അത് കടിച്ചുപറിക്കുന്ന പൂച്ച എന്നെ കണ്ടപ്പോള്‍ മുകളിലേയ്ക്കുള്ള സ്‌റ്റെപ്പ് കയറി. വാതില്‍ തുറക്കാന്‍ താക്കോലിട്ടു. ലോക്കൊന്നുമില്ല. വാതില്‍ തള്ളി. അകത്ത് മുകളിലെ കുറ്റി ഇട്ടിരിക്കുന്നു. എനിക്കു മുന്നേ ഇറങ്ങിയതാണല്ലോ. ഞാന്‍ കോളിങ് ബെല്ലടിച്ചു. തുറക്കുന്നില്ല. പിന്നെയും തള്ളിയപ്പോള്‍ തുറന്നു.
ഞാനകത്തേയ്ക്ക് കയറി. അകത്ത് കുറേ ആളുകള്‍. കൈലിയുടുത്ത അണ്ണന്‍ അവരുടെ കൂടെയുണ്ട്. മഞ്ഞ നിറമുള്ള തുണിസഞ്ചികള്‍ അവരില്‍ ചിലരുടെ കയ്യിലുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും തള്ളവിരലുകള്‍ ഇല്ലായിരുന്നു. തീന്‍ മേശയ്ക്കു ചുറ്റും ഇരുന്ന് എന്തെല്ലാമോ പദ്ധതിയിടുകയാണവര്‍. ഞാന്‍ കയറിവന്നത് അവരാരും ശ്രദ്ധിക്കുന്നേയില്ല. അണ്ണന്‍ എന്നെ ഒന്നു നോക്കി. ഞാന്‍ വേഗം മുറിയിലേയ്ക്ക് കയറി കതകടച്ചു. അവരെന്തൊക്കയോ സംസാരിക്കുന്നുണ്ട്. എനിക്ക് ഭയമല്ല തോന്നുന്നത്. ഞാന്‍ വാതിലില്‍ ചെവിവെച്ചു. അവരിറങ്ങി പോകുന്നതിന്റേയും വാതിലടയുന്നതിന്റേയും ശബ്ദം കേട്ടു. എല്ലാ ശബ്ദങ്ങളും അവസാനിച്ചു കഴിഞ്ഞ് വാതില്‍ തുറന്ന് ഞാനിറങ്ങിയപ്പോള്‍ മേശപ്പുറത്ത് കുറച്ചു ഫയലുകളും വീഡിയോ കാസറ്റുകളും ഫോട്ടോകളും നെഗറ്റീവുകളും ചിതറിക്കിടന്നിരുന്നു. കുഴിച്ചെടുത്തതുപോലെ അതിലെല്ലാം പച്ചമണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ട്. മണ്‍തരികള്‍ മേശയുടെ ചില്ലു പ്രതലത്തിലും ചിതറിക്കിടപ്പുണ്ട്.
ഞാന്‍ ഫയല്‍ തുറന്നു. അതില്‍ കുറേ പേരുകളും തെളിവുകളുമായിരുന്നു. ഞാനാ ഫോട്ടോകള്‍ നോക്കി. അതില്‍ പലരേയും എനിക്കറിയാമായിരുന്നു. അടുക്കി വെച്ച ആനക്കൊമ്പുകള്‍ക്കൊപ്പം നില്‍ക്കുന്ന എക്‌സിനെ എനിക്കറിയാം. നെഗറ്റീവിലും ആ ഫ്രെയ്മുണ്ടോയെന്ന് നോക്കി. അതിലും എക്‌സുണ്ട്. അണ്ണന്റെ തൊട്ടടുത്തു തന്നെയുണ്ട്. എക്‌സിനെ സംബന്ധിച്ച രേഖകള്‍ നോക്കി. പിന്നെ കുരിശിലേയ്ക്ക് നോക്കി– ദാ അവിടെ താടിയില്ലാത്ത കൊമ്പന്‍ മീശയുള്ള കര്‍ത്താവ്. ബാക്കിയെല്ലാം അതേപോലെ. തിരുമുറിവൊക്കെ കൃത്യമണോന്ന് നോക്കി. ഒരു മാറ്റവുമില്ല. ഫോണെടുത്ത് എക്‌സിനെ ഡയല്‍ ചെയ്തു. ചെവികളും മൂക്കും കൂര്‍പ്പിച്ചു. ഒട്ടും ധൃതിയില്ലാതെ ശ്വാസമെടുക്കുകയും നിശ്വസിക്കുകയും ചെയ്തു. അപ്പുറത്ത് എക്‌സടിച്ചു: ''യേശുവേ എന്റെ പാപഭാരമെല്ലാം തീര്‍ക്കണേ...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com