ആനപ്പേടിയുടെ ടോപ്പ്‌സ്‌ളിപ്പ്

ആനകള്‍ ഭയക്കാനുള്ളതാണ്. പിന്നെ കൗതുകത്തോടെ കാണാനും ആരാധിക്കാനും ഒടുവില്‍ സ്‌നേഹിക്കാനുമുള്ളതാണ്. അത്രയേ കാടും പ്രകൃതിയും മനുഷ്യനില്‍നിന്ന് ആനകള്‍ക്കു നേരെ പ്രതീക്ഷിക്കുന്നുള്ളൂ
ആനപ്പേടിയുടെ ടോപ്പ്‌സ്‌ളിപ്പ്

യം കലര്‍ന്ന ഇഷ്ടമായിരുന്നു ആനകളോട് എനിക്കെന്നും. അതുകൊണ്ടുതന്നെ ഉത്സവകാലത്തു മാത്രം ഭക്തചമഞ്ഞ് ക്ഷേത്രങ്ങളില്‍ പോയിരുന്നതൊക്കെയും ആനക്കാഴ്ചയ്ക്കു വേണ്ടിയായിരുന്നു താനും. അവയോടുള്ള ഉള്‍ഭയം പാലിക്കുന്ന അകലത്തില്‍നിന്ന് അവയെ കണ്ണെടുക്കാതെയുള്ള എന്റെ നോട്ടം അവസാനിച്ചിരുന്നതു ഞങ്ങളിലൊരാള്‍ മടങ്ങുമ്പോള്‍.
കുട്ടിക്കാല ഉറക്കങ്ങളുടെ ഇരുളഗാധതയില്‍ അദൃശ്യരായി നില്‍ക്കുന്ന അവരുടെ ചിന്നംവിളി കേട്ട് ഉറക്കം ഞെട്ടി, വെട്ടിവിയര്‍ത്തൊലിച്ചൊട്ടി മുറിക്കുള്ളിലെ ഇരുട്ടിലേക്കു കണ്ണു തുറക്കുമ്പോള്‍ കറുപ്പില്‍ മറഞ്ഞുനില്‍ക്കുന്ന ഒറ്റക്കൊമ്പനു പിടികൊടുക്കാതിരിക്കാന്‍ ഒരു ചെറുതരി അനക്കമില്ലാതെ ശ്വാസം പിടിച്ചിരുന്നു രാവെളുപ്പിച്ചിട്ടുണ്ട്.  
കാലം മാറിവന്ന വന്യസ്വപ്നങ്ങളില്‍ ഇടതുറ്റിയ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങിനിന്ന്, ചോരഞരമ്പുകള്‍ ചുവന്നു കുറുകിക്കിടക്കുന്ന ചെറുകണ്ണുകള്‍ മാത്രം കാണിച്ച് അവ ഇറുക്കിയടച്ചും തുറന്നും എന്നെ എന്തിനെന്നറിയാത്ത നോട്ടമുനയില്‍ കോര്‍ത്ത് അവന്‍ പനിച്ചു കിടത്തിയിട്ടുണ്ട്. 
ഇത്തരം നിഗൂഢതകളൊന്നുമില്ലാക്കാലത്തെ ചില തെളിഞ്ഞ ഉറക്കങ്ങളില്‍ അവന്‍ പച്ചയ്ക്കു നേര്‍ക്കുനേര്‍ വന്ന് ഒഴിഞ്ഞുമാറാനിടം തരാതെ തുമ്പിക്കൈക്കൊണ്ടെന്നെ അടിച്ച് നിലത്തിട്ടു കൊമ്പില്‍ കോര്‍ത്തെടുത്തിട്ടുണ്ട്. പരുപരുത്ത ഉറച്ച പ്രതലത്തിലേക്കു ചേര്‍ത്തുനിര്‍ത്തി മസ്തകം കൊണ്ട് ഞെരിച്ചമര്‍ത്തുമ്പോള്‍ ശ്വാസം തിങ്ങി പിടഞ്ഞുണര്‍ന്നു നിര്‍ത്താതെ ചുമയ്ക്കുകയും ആകാശത്തേക്ക് ഉയര്‍ത്തിപ്പിടിച്ച അവന്റെ കൊമ്പുകളുടെ രാകിയ മൂര്‍ച്ചയിലേക്ക് അജ്ഞാതമായ ഏതോ ഉയരത്തില്‍നിന്നും പൊട്ടിവീണടര്‍ന്നു കോര്‍ക്കപ്പെട്ട വേദനയില്‍ അലറിവിളിക്കുകയും ചെയ്ത രാത്രികളത്രെ!
ആന സ്വപ്നങ്ങള്‍ക്കെതിരെ ചിറയ്ക്കലെ ഗണപതിക്കു കൊട്ടത്തേങ്ങ നേരലും കിടക്കുമ്പോള്‍ അര്‍ജ്ജുനന്‍ ഫല്‍ഗുനന്‍ ചൊല്ലലുമൊക്കെ അക്കാലങ്ങളില്‍ തകൃതിയായി നടന്നു. 
എന്നിട്ടും എന്നിട്ടും എനിക്കിഷ്ടമായിരുന്നു ആനകളെ!


നില്‍ക്കപ്പൊറുതിയില്ലായ്മയുടെ ശരീര ചാഞ്ചാട്ടങ്ങളിലും ആനച്ചെവിക്കു പിന്നില്‍ ചേര്‍ത്തുവെച്ച തോട്ടി താഴെ വീഴാതെ കാക്കുന്നതിനു പിന്നിലെ കാരണമറിഞ്ഞപ്പോള്‍ രാസ്വപ്നങ്ങളിലെന്നെ ഭയപ്പെടുത്തുന്നവന്റെ ഭീതിക്കു നേരെ എന്നില്‍ ഗൂഢപരിഹാസമുതിര്‍ന്നില്ല.
ശരീരംകൊണ്ടും ശക്തികൊണ്ടും കരയിലെ ഒന്നാമനായവന്‍ തനിക്കു മുന്നില്‍ തുലോം തുച്ഛനായവന്റെ അടയാളചിഹ്നത്തെപ്പോലും ഭയക്കുന്നുവെന്ന നോവ് അവനനുഭവിപ്പിച്ച സകല സ്വപ്നഭീതികള്‍ക്കും മുകളില്‍ അവനോടുള്ള അലിവായ് പരന്നു. 
വനമേഖലാപ്രദേശങ്ങള്‍ക്കിടയിലൂടെയുള്ള എന്റെ യാത്രകള്‍ക്കിടെ പിന്നീടെത്രയോ തവണ മനുഷ്യന്റെയല്ലാത്ത ആനകളെ കണ്ടു. 
കാട്ടില്‍ അലസം ചുള്ളിക്കൊമ്പ് ഒടിച്ചും നാട്ടുപാതയിലേക്കിറങ്ങി ഇടഞ്ഞുനിന്നും ഉത്തരവാദിത്ത്വബോധമുള്ള സംഘത്തലവനായും അവനെന്റെ കണ്‍കാഴ്ചകളില്‍ വന്നുപെട്ടു. 
അങ്ങനെയിരിക്കെ ജീവിതത്തിലൊരിക്കലും കാണാത്തൊരു ആനക്കാഴ്ചയും കണ്ടു, പെറ്റുവീണധികമാവാത്ത കുഞ്ഞിനെ മുലയൂട്ടുന്നൊരു ആനയമ്മയെ. ദാരിദ്ര്യം പിടിച്ച മുളങ്കൂട്ടത്തിലെ കിട്ടാവുന്ന പച്ചപ്പുകള്‍ ഒടിച്ചെടുക്കുകയാണ് പ്രസവാരിഷ്ടതയില്‍ ശോഷിച്ച ശരീരമുള്ള ആനയമ്മ. മനുഷ്യസ്ത്രീകളുടേതുപോലെത്തന്നെയുള്ള ആനമുലകള്‍ ഞാനാദ്യം കാണുകയാണ്. അവിടെത്തന്നെയില്ലേ എന്ന് ഇടയ്ക്കിടെ തുമ്പിക്കൈ നീട്ടി തൊട്ടുനോക്കിയും ഇട്‌യക്കു വാ പൊളിച്ചു നൊട്ടി നുണഞ്ഞും അമ്മക്കാലുകള്‍ക്കിടയില്‍ വട്ടംചുറ്റിക്കളിക്കുകയാണ് കുഞ്ഞാന. ഒരുപാടുനേരം കാഴ്ച തന്ന് അവര്‍ നടന്നുപോവുമ്പോള്‍ ആനയമ്മ കാഴ്ച കണ്ടു നടക്കുന്ന കുഞ്ഞാനയെ തന്റെ കാലുകള്‍ക്കിടയിലേക്കു തട്ടിയിട്ട് താന്‍ എന്ന സംരക്ഷണകവചത്തിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതു കണ്ടപ്പോള്‍ മരിച്ചുപോയ അമ്മമ്മയെ ഓര്‍ത്തു കണ്ണൊന്നു നീറി. ഒരുമിച്ചു പുറത്തിറങ്ങുമ്പോഴൊക്കെയും ''അങ്ങട്ടും ഇങ്ങട്ടും നോക്കി നടക്കാതെ ഇങ്ങട്ട്‌വാ' എന്നു പറഞ്ഞ് എന്നെ അമ്മമ്മയ്ക്ക് ഒപ്പം ചേര്‍ത്തുനിര്‍ത്തുന്ന ആ ശീലം കുട്ടിക്കാലത്തു തുടങ്ങിയത് എന്റെ മധ്യപ്രായത്തില്‍ അമ്മമ്മ കിടപ്പിലാവുംവരെയും ചെയ്തുപോന്നു. മരിക്കും മുന്‍പു ഞങ്ങള്‍ ഒരുമിച്ചു നടത്തിയ അവസാന യാത്രയില്‍വരേയും!


ജീവികളില്‍, മനുഷ്യന്റെ മാതൃഭാവത്തില്‍മാത്രം മക്കള്‍ എത്ര വലുതായാലും സ്വതന്ത്രരും പറക്കമുറ്റുന്നവരുമായി അംഗീകരിക്കപ്പെടുകയേ ഇല്ല! ഒരിക്കല്‍ ആനമല വന്യജീവിസങ്കേതത്തിന്റെ ഭാഗമായ ടോപ്പ്‌സ്‌ളിപ്പിന്റെ പാതയില്‍ അല്‍പ്പദൂരം പോയി മടങ്ങാം എന്നു കരുതിയത്, ചെക്ക് പോസ്റ്റില്‍ പ്രവേശന ഫീസായി മുന്നൂറ്റന്‍പതു രൂപ വാങ്ങിയ കലിപ്പില്‍ ഇനിയതിന്റെ അങ്ങേയറ്റം കണ്ടേ മടങ്ങൂ എന്ന വാശിയിലാണ്. 
കേരളത്തിന്റേയും കര്‍ണ്ണാടകയുടേയും ഇരുള്‍പച്ചക്കാടുകളുടെ വന്യതകള്‍ക്കിടയിലൂടെ എത്രയോ തവണ സഞ്ചരിച്ച ഞങ്ങളെ ഈ കാട് അത്രകണ്ടു കൊതിപ്പിച്ചതൊന്നുമില്ല. കാടരികു ചേര്‍ന്നു കാറില്‍ പിച്ചാ പിച്ചാ സഞ്ചരിച്ചു കാനനക്കാഴ്ചകള്‍ കണ്ടും പറഞ്ഞും ആസ്വദിച്ചും കാടിനുള്ളിലൂടെയെന്നോണം യാത്ര ചെയ്യുന്ന ആ 'ഫീല്‍' ഈ യാത്രയ്ക്കില്ല. ശ്രദ്ധ മുഴുവന്‍ കൊണ്ടുപോവുന്നത് ഒറ്റപാതയിലെ കുണ്ടും കുഴികളും പോരാത്തതിനു ഹെയര്‍ പിന്‍ വളവുകളും. 
വേറിട്ടൊരു കിളിപോലും ചില്ലകളില്‍ പറന്നിറങ്ങി കാട് തരുന്ന കാഴ്ചയാവാത്തിടത്ത് ഇതു വന്യജീവിസങ്കേതം തന്നെയെന്ന ഒറ്റയാള്‍ പ്രകടനവുമായി ഒരു ഉടുമ്പ് റോഡരികിലൂടെ ഇഴഞ്ഞുനീങ്ങുന്നു. ടൈഗര്‍ റിസര്‍ച്ച് എന്ന ഒരു ബോര്‍ഡ് തുടക്കത്തില്‍ കണ്ടുവെന്നല്ലാതെ പിന്നീട് ഈ ദൂരമത്രയും വനംവകുപ്പിന്റെ വനസംരക്ഷണ നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡോ മൃഗച്ചിത്രങ്ങളോ ഇല്ല.
ഏതാണ്ട് പാതിദൂരമെത്താറായപ്പോള്‍ ഒരു വളവ് തിരിഞ്ഞതും റോഡില്‍ പച്ചപ്പു കിടക്കുന്നു ആനപ്പിണ്ടം! വനപാതയാത്രകളിലൊക്കെയും കൃത്യമായി ആനത്താര എന്ന മുന്നറിയിപ്പും ആനച്ചിത്രവും കണ്ടു ശീലിച്ച ഞാന്‍ ആനയെന്തോ ഗുരുതര കുറ്റകൃത്യം ചെയ്ത മട്ടില്‍ ''ഇവിടെ സൂചനാ ബോര്‍ഡൊന്നുമില്ലല്ലോ പിന്നെന്താ ആനപ്പിണ്ടം' എന്നു ചോദിച്ചതിനു കിട്ടിയ ചിരിയുത്തരം ആസ്വദിക്കാനാവാതെ അടുത്ത വളവിലും കിടക്കുകയാണ് ചൂടാറാ ആനപ്പിണ്ടങ്ങള്‍. 'ആനമല'യെന്നതാണ് മൊത്തത്തിലുള്ള സൂചനയെന്നതു ഞാനോര്‍ത്തതുമില്ല!
പൊട്ടിയടര്‍ന്ന റോഡും വണ്ടിയൊന്നു തിരിച്ചെടുക്കാന്‍ പറ്റാത്ത വശങ്ങളും ഒറ്റയടിക്കെന്നെ കുട്ടിക്കാല ഉറക്കത്തിന്റെ ഇരുളഗാധതയില്‍ നിന്നുയരുന്ന ചിന്നംവിളി ഭീതിയിലേക്ക് എടുത്തെറിഞ്ഞു. അടുത്ത വളവു തിരിഞ്ഞതും കാടിന്റെ ഛായയേ മാറി. എങ്ങും മുളങ്കാടുകള്‍, ആനപ്പിണ്ടങ്ങള്‍. ആനച്ചൂര്! അപ്പോള്‍ മാത്രം വലിച്ചുപൊട്ടിച്ചതിന്റെ ആട്ടം മാറാതെ റോഡിലേക്ക് ഒടിഞ്ഞുതൂങ്ങിയാടുന്ന മുളകള്‍. താഴെ ചിതറിക്കിടക്കുന്നു അല്‍പ്പം മുന്‍പു പൊഴിഞ്ഞ മുളയിലകള്‍. 
കാറ്റ് അവന്റെ ഗന്ധം എന്നിലേക്കെന്നപോലെ, എന്റെ ഗന്ധവും അവനിലേക്ക് എത്തിക്കുന്നുണ്ടാവും!
അടുത്ത വളവിലെ മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ ചോരഞരമ്പ് തുടിക്കുന്ന ഒരു കണ്ണ് അതിശ്രദ്ധയോടെ ഞങ്ങളെ നോട്ടമുനയില്‍ കോര്‍ക്കുന്നുവെന്ന തോന്നലില്‍ ഉള്ളംകൈവിയര്‍ത്തു നനഞ്ഞു. 
ഒറ്റയടിക്ക് നേരിട്ടു കാണുന്നതിലും ഭീതിജനകമാണ് 'എപ്പോള്‍ വേണമെങ്കിലും' എന്ന ഈ സൂചനാഭീതി. 
ഞങ്ങള്‍ക്കു മുന്‍പില്‍ പോവുന്ന ഓമ്‌നി വാന്‍ പൊടുന്നനെ നിര്‍ത്തിയതും എതിരെ വന്ന വണ്ടിക്കാരന്‍ ഗ്‌ളാസ് താഴ്ത്തി വാനിലെ ഡ്രൈവറോടു പിറുപിറുക്കുന്നതും കണ്ടപ്പോള്‍ അടുത്ത വളവില്‍ മേലോട്ടുയര്‍ത്തിയ കൊമ്പിന്റെ മൂര്‍ച്ചയില്‍ എന്നെ കോര്‍ത്തെടുക്കാനുള്ളവനുണ്ടെന്ന ഭീതിയുടെ കമ്പന തീവ്രതയില്‍ എന്റെ ഹൃദയം പുറത്തേക്കു തെറിക്കാഞ്ഞതു നെഞ്ചെല്ലുകള്‍ ഉള്ളതുകൊണ്ടു മാത്രം!
വനംവകുപ്പിന്റെ ചിഹ്നമുള്ള വാഹനമാണതു രണ്ടും എന്നും അവരൊന്നു കുശലം പറഞ്ഞതുമാണെന്നും അറിയുന്നവന്‍ എന്റെ വെപ്രാളത്തിലേക്കൊരു ചോദ്യമെറിഞ്ഞു. ''ആനയെ കണ്ടാണവര്‍ വണ്ടി നിര്‍ത്തിയതെന്നു കരുതിയല്ലേ?' ''അതേ' എന്നു പോയിട്ട് ആ എന്നു മൂളാനുള്ള ഉമിനീര്‍പോലും വേണ്ടേ തൊണ്ടയിലാനിമിഷം? 


ഉയരങ്ങളില്‍നിന്ന് അതിവേഗം ചന്തിവെച്ച് നിരങ്ങിയിറങ്ങി ആന സമനിരപ്പുള്ള പ്രതലത്തിലേക്ക് എത്തുമെന്നു കേട്ടിട്ടുണ്ട്. നാട്ടാനകളുടെ ചങ്ങല ഓര്‍മ്മയില്‍ ഉള്ള നിയന്ത്രിത ചലനമായിരിക്കില്ല കാട്ടാനകള്‍ക്ക്. ചലനവേഗവും ആക്രമണോത്സുകതയും ബുദ്ധികൂര്‍മ്മതയും കൂടുതലായിരിക്കും. 
റോഡിന്റെ ഒരു വശത്തേക്കു കണ്ണുവീണപ്പോള്‍ ഉയരമുള്ള മണ്‍ത്തിട്ടയില്‍നിന്നും ആന ഊര്‍ന്നിറങ്ങിയ ആനപ്പാടിലൂൂടെ ഗതിവേഗം നിലക്കാത്ത മണ്ണ് പൊടിഞ്ഞൂര്‍ന്നിറങ്ങിക്കൊണ്ടിരിക്കുന്നു.
തൊട്ടുമുന്നിലെ നിമിഷം ഉപയോഗിക്കപ്പെട്ടതിന്റെ ചൂടാറാത്തെളിവായ മണ്‍ത്തരികളും മുളങ്കൂട്ടങ്ങളും പച്ചപ്പിണ്ടങ്ങളും കടുത്ത ആനച്ചൂരും എന്നെ എന്റെ രാസ്വപ്നങ്ങളുടെ പകല്‍വെട്ട നേര്‍ക്കാഴ്ചയായി വെല്ലുവിളിക്കുന്നു. 
അടിവാരത്തുനിന്നും ടോപ്പ്‌സ്‌ളിപ്പ് മലമുകളിലേക്കുള്ള പതിന്നാലു കിലോമീറ്ററിലേറിയപങ്കും ഞാന്‍ അന്നുവരെ കണ്ട ആനസ്വപ്നങ്ങളുടെ സര്‍വ്വ ഭയവും ഒന്നിച്ചനുഭവിപ്പിച്ച് അവനില്‍ത്തന്നെ എന്നെ തളച്ച്, അവനെന്റെ തൊട്ടരികെ എന്ന ഭീതിയില്‍ എന്നെ നീറ്റി, അവന്‍ കാണാമറയത്തു നിന്നു. 
മലമുകളിലെ അതിമനോഹര പുല്‍ത്തകിടിയും ട്രീഹട്ട്‌സും അടക്കമുള്ള കണ്ണിമ്പക്കാഴ്ചകള്‍, മടക്കത്തില്‍ ഇതേ പാതയിലൂടെത്തന്നെയാണ് തിരിച്ചിറങ്ങേണ്ടതെന്നതിനാല്‍ കയറ്റത്തില്‍ വെറുതെ വിട്ടവന്‍ കുസൃതിയോടെ മടക്കത്തില്‍ കാത്തുനില്‍ക്കുന്നുണ്ടാവുമോ എന്ന ഉള്ളാന്തലിന്റെ പുകമറയ്ക്കുള്ളിലൂടെയാണ് കണ്ടത്. നമ്മുടെ ആനയൂട്ട് പോലെ ആനപ്പൊങ്കല്‍ ആഘോഷിക്കാറുണ്ടത്രെ ടോപ്പ്‌സ്‌ളിപ്പില്‍. 
മടങ്ങാന്‍ വണ്ടി തിരിക്കുന്നതു കണ്ടപ്പോള്‍ ഒരു നാട്ടുകാരന്‍ എന്തിനാ വന്ന വഴി മടങ്ങുന്നതു നേരെപോയാല്‍ ആനപ്പാടി വഴി പറമ്പിക്കുളത്തേക്കു കയറാലോ എന്നു കുശലം ചോദിച്ചപ്പോള്‍ 'ആനപ്പാടി' എന്ന വാക്കില്‍ പിടിച്ച് എനിക്കു നേരെ അടുത്ത കുസൃതി ചോദ്യം വന്നു. ''ഇതൊന്നും ഒന്നുമല്ല. ആനപ്പാടി എന്ന പേര് കേട്ടില്ലേ 'ആനകളുടെ പാടി തന്നെ ആയിരിക്കും,' അതുവഴി പോവണോ?'
ഓരോ നിമിഷവും കണ്‍മുന്നിലെന്തെന്ന ഭീതിയില്‍ കുതിര്‍ന്ന് ആനപ്പാടിയിലൂടെ പോവുന്നതിനു പകരം ഒറ്റയാത്രയുടെ അടുപ്പമുള്ള വന്ന പാതയിലൂടെത്തന്നെ തിരിച്ചിറങ്ങാം എന്ന ഉത്തരത്തിനെനിക്കു നിമിഷാര്‍ദ്ധം പോലും വേണ്ടിവന്നില്ല. 
ഇറക്കത്തിലവന്‍ കണ്‍മുന്നില്‍ വന്നു ഭയപ്പെടുത്തിയതൊന്നുമില്ലെങ്കിലും അവന്റെ കടും ചൂരേറ്റ് വിറകൊണ്ടിരുന്നു ഉടല്‍. 
രാത്രി കാരണമേതുമില്ലാതൊരു പനിക്കുളിര്‍ കാല്‍വിരല്‍ത്തുമ്പില്‍നിന്നും തലച്ചോറിലേക്കു പാഞ്ഞുപോയതിന്റെ വെട്ടിവിറച്ചിലനുഭവിക്കുമ്പോള്‍ എനിക്കു തോന്നി പേടിനിറഞ്ഞ സ്വപ്നങ്ങളുടെ നേരനുഭവക്കൊടുമുടിയിലേക്കു ഞാനെത്തപ്പെട്ട ഭയാനക പിരിമുറക്കത്തിന്റെ ഏതോ നിമിഷത്തില്‍ സര്‍വ്വവിധ ഞരമ്പുകളും തളര്‍ന്നയഞ്ഞു ഞാന്‍ അവനെന്ന ഭീതിയില്‍നിന്നു സ്വതന്ത്രയായിരിക്കുന്നു. 
എന്റെ ഉള്‍ഭീതികള്‍ മാറ്റിനിര്‍ത്തിയാല്‍, ഇടതുറ്റു നില്‍ക്കുന്ന മുളങ്കൂട്ടങ്ങളും അവയ്ക്കു ചുറ്റും പരന്നു കിടക്കുന്ന വിശാല പുല്‍മേടുകളും തെളിഞ്ഞ നീര്‍ച്ചാലുകളുമൊക്കെയായി ആനകളുടെ സ്വര്‍ഗ്ഗഭൂമിയാണിവിടം. 
ഈ സ്വര്‍ഗ്ഗഭൂമിയില്‍ നിന്നൊക്കെ മനുഷ്യന്റെ കയ്യില്‍പ്പെടുന്ന ആനകള്‍ പോയ ജന്മം എന്തോ കൊടും പാപം ചെയ്തിരിക്കണം. ഇവിടെ നിന്നൊക്കെ ആനകളെ അടര്‍ത്തിയെടുക്കുന്ന മനുഷ്യന്റെ അടുത്ത ജന്മം നരകതുല്യമായിരിക്കും.
കാട്ടിനു നടുവിലെ പാറയില്‍നിന്നു കാല്‍ തെന്നി തലകുത്തനെ താഴെ വീണു ചെരിഞ്ഞ ആനയുടെ ചിത്രം കണ്ടതു പെട്ടെന്നോര്‍മ്മ വന്നു. വമ്പനാണെങ്കിലും അത്രയൊക്കെ മതി എന്നിരിക്കെ ആനമലയില്‍ പ്രകൃതി കരുതലോടെ ആനകള്‍ക്കുള്ള ഇടം ഒരുക്കിയിരിക്കുന്നു. ആനകള്‍ക്കു സഞ്ചരിക്കാവുന്ന മട്ടില്‍ തുറസ്‌സുള്ള കാട്. ഈ കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പാലക്കാട് ഇറങ്ങിയ കാട്ടാനക്കൂട്ടം തിരുവില്വാമല എത്തിയെന്നു വാര്‍ത്തയില്‍ പറയുന്നു. തീറ്റയുള്ള ഇടവും തുറസ്സായ പ്രദേശങ്ങളും ഇഷ്ടപ്പെടുന്നവരാണ് ആനകള്‍. കാട് വെട്ടിത്തെളിച്ചു കാടിനോടു ചേര്‍ന്നു കൃഷിയിറക്കുന്ന രീതിയാണ് ആനകളേയും മനുഷ്യരേയും ഒരുപോലെ അപകടത്തിലാക്കുന്നത്. കാട്ടിലകപ്പെടുന്ന മനുഷ്യരെക്കാള്‍ നിസ്സഹായരാണ് നാട്ടിലകപ്പെടുന്ന വനമൃഗങ്ങള്‍! 
ഇന്നലത്തെ വാര്‍ത്തയില്‍ കേട്ടതും കണ്ടതും കാടിറങ്ങിവന്ന കൊമ്പന്‍ ജെസിബിയുടെ അടിയേറ്റ്  മസ്തകം കലങ്ങി ചെരിഞ്ഞത്! അവനു കുസൃതിയും മനുഷ്യനു ഭീതിയുമായ അവന്റെ ചെയ്തികള്‍ പൊറുക്കാവുന്നതിന് അപ്പുറം ആയപ്പോഴാവണം അപ്പോഴത്തെ ബുദ്ധിക്ക് ജെ.സി.ബി ഉപയോഗിച്ചത്. കൊല്ലണമെന്നുണ്ടായിരുന്നില്ലെങ്കിലും ആ ബുദ്ധി അവന്റെ മരണമായി. 
ഏതു കരുത്തിനെ തോല്‍പ്പിക്കാനും മനുഷ്യബുദ്ധിക്കാവും. ചതിയില്‍ പിടിക്കപ്പെടുമ്പോള്‍ അവന്‍ അതു തിരിച്ചറിഞ്ഞു നിസ്സഹായതയോടെ  മനുഷ്യന് അടിമപ്പെട്ടും അവനോടു കാണിക്കുന്ന ക്രൂരതകളെ അനുസരണകൊണ്ട് മയപ്പെടുത്താന്‍ നോക്കിയും നമുക്കു വഴങ്ങുന്നു. എങ്കിലും കാട് തലയില്‍ പൂക്കുന്ന നേരങ്ങളില്‍ അവന് അസഹ്യമാവുന്ന മനുഷ്യഗന്ധത്തിനെതിരെ അക്രമാസക്തനായി കണ്‍മുന്നില്‍ കാണുന്നതെല്ലാം കരുത്തിന്റെ പകയോടെ ചവിട്ടിയരച്ചു കലിതീര്‍ക്കുന്നു. അതിനവന്‍ കുറ്റക്കാരനല്ലെങ്കിലും ഇവിടെ തളയ്ക്കപ്പെടുന്നതു മനുഷ്യന്റെ ആര്‍ത്തിനിറഞ്ഞ അഹങ്കാര കടന്നുകയറ്റത്തെയല്ല. അവന്റെ വ്രണം വിങ്ങും പാദത്തെ! അതാണെളുപ്പം!
ടോപ്പ്‌സ്‌ളിപ്പിലെ കാര്‍ത്തിയെന്ന കുങ്കിയാന മദപ്പാടിനിടെ ചങ്ങല പൊട്ടിച്ച് പെണ്‍ഗന്ധം തേടി കാടുകയറിയപ്പോള്‍ കാട്ടാനകള്‍ സംഘം ചേര്‍ന്നവനെ കുത്തിമലര്‍ത്തി. മനുഷ്യന് അടിമപ്പെട്ടവന്റെ ബീജം കാടിന്റെ സന്താനങ്ങളായി വളരേണ്ട എന്ന അതികഠിന പ്രകൃതിനിയമം അവിടെ നടപ്പാക്കപ്പെട്ടു. 
മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്നവന്‍ കരയിലെ കരുത്തന്‍ എന്ന പദവി ഷണ്ഡീകരിക്കപ്പെട്ടവനാണ്. അവനെങ്ങനെ ആനയാവും? അവന്‍ ആനയല്ല, ആനയേ അല്ല! അതവന്റെ കുറ്റമല്ലെങ്കിലും! അതു തിരിച്ചറിഞ്ഞാണ് മടങ്ങിവന്നവനു കാട് അത്തരമൊരു രാജകീയ മരണം സമ്മാനിച്ചതും! അത്രമേല്‍ വെറുക്കുന്നു കാട് മനുഷ്യനെ, അവന്റെ കടന്നുകയറ്റങ്ങളെ!
ഭൂതലജീവികളില്‍ മനുഷ്യനു വംശനാശം സംഭവിച്ചാല്‍ പ്രകൃതിക്കൊരു ചുക്കും സംഭവിക്കില്ലെന്ന് മനുഷ്യനറിയില്ലെങ്കിലും പ്രകൃതിക്കറിയാം. അതുകൊണ്ടുതന്നെ മനുഷ്യനൊഴിച്ച് എല്ലാ ജീവജാലങ്ങളേയും പ്രകൃതി തന്റെ നിയമങ്ങള്‍ക്കു വിധേയമാക്കി സംരക്ഷിക്കുന്നു. മനുഷ്യനൊഴിച്ചൊരു ജീവിയും പ്രകൃതിയെ നശിപ്പിക്കാറില്ല. അതിനാല്‍ മനുഷ്യനു മാത്രം പ്രകൃതിസംരക്ഷണത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിച്ച് പ്രകൃതിയെ സംരക്ഷിക്കാന്‍ ഇറങ്ങേണ്ടിയും വരുന്നു. 


ആനകള്‍ ഭയക്കാനുള്ളതാണ്. പിന്നെ കൗതുകത്തോടെ കാണാനും ആരാധിക്കാനും ഒടുവില്‍ സ്‌നേഹിക്കാനുമുള്ളതാണ്. അത്രയേ കാടും പ്രകൃതിയും മനുഷ്യനില്‍നിന്ന് ആനകള്‍ക്കു നേരെ പ്രതീക്ഷിക്കുന്നുള്ളൂ. അതിനപ്പുറമുള്ള നമ്മുടെ കടന്നുകയറ്റങ്ങള്‍ക്കു വാരിക്കുഴി ചതിയില്‍ വീണും തിരിച്ചറിവില്ലാ പ്രായത്തിലകപ്പെട്ടും കൂട്ടംതെറ്റിയുമൊക്കെ നിസ്സഹായതയില്‍ അടിമപ്പെടുന്നവന്റെ കാലില്‍ ചങ്ങലയുരഞ്ഞുള്ള വ്രണം നീറ്റുന്നതവന്റെ ഹൃദയത്തിലെ പകയെ ആണ്. 
നാട് കാട്ടിലേക്കു കയറിച്ചെല്ലുമ്പോഴുള്ള തുറസ്സ് സഞ്ചാരസ്വാതന്ത്ര്യമുള്ള വിശാലതകള്‍ ഇഷ്ടപ്പെടുന്ന ആനകളെ നാട്ടിലേക്കു വഴിതെറ്റിക്കുന്നതിനൊപ്പം കാട്ടിലെ തീറ്റ ദൗര്‍ലഭ്യവും നാട്ടിലെ കൃഷിയിടങ്ങളിലെ തീറ്റസുലഭതയും കാടിറക്കുന്നു. 
കാടിറങ്ങിയ കാട്ടാനക്കൂട്ടം കാട്ടുകരുത്തിന്റെ അനിയന്ത്രിത ചലനങ്ങളോടെ മനുഷ്യഭീതിയാല്‍ കുതികുത്തി പായുമ്പോഴും കനത്ത നാശനഷ്ടങ്ങളോ ജീവഹാനിയോ വരുത്തിയിട്ടില്ലെന്നത്, അവന്റെ കുലത്തോട് മനുഷ്യന്‍ മനപ്പൂര്‍വം ചെയ്യുന്ന ക്രൂരതകള്‍ വെച്ചുനോക്കുമ്പോള്‍ എത്രയെത്ര മഹത്തരമായ മാന്യതയാണ്.
മനുഷ്യന്‍ അവനില്‍ നിന്നുള്ളതിനെക്കാളേറെ, അവന്‍ മനുഷ്യനില്‍നിന്നും രക്ഷതേടി പരക്കം പായുമ്പോള്‍ പരക്കംപാച്ചിലുകള്‍ക്കിടയിലൊരിടത്തുവെച്ച് കാടവനെ വാത്സല്യത്തോടെ തിരിച്ചുപിടിച്ചു ചേര്‍ത്തണയ്ക്കുമ്പോള്‍ നാമറിയണം പ്രകൃതിദത്ത അഭയസ്ഥാനമില്ലാത്ത ഒരേ ഒരു അനാഥ ജീവിവര്‍ഗ്ഗമാണ് മനുഷ്യകുലം!
കാടിറങ്ങിയ കാട്ടാനക്കൂട്ടം സ്വയം തിരിച്ചു കാടുകയറും വരെ എന്തുചെയ്യണമെന്നറിയാതെ നമ്മളും അവനു പിന്നില്‍ പാച്ചിലായിരുന്നു അതും ഈ ആധുനിക സാങ്കേതിക വിദ്യത്തികവിന്റെ കാലത്തും!
അത്രയേ ഉള്ളൂ മനുഷ്യാ നീ ചില നേരങ്ങളില്‍, അത്രമാത്രം!
പാപങ്ങളുടെ ആനച്ചുമടേന്തി നില്‍ക്കുമ്പോഴും പഠിക്കരുത് ഒന്നും ഒരിക്കലും!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com