ജക്കാര്‍ത്തയിലെ കോത്ത തുവ

ഇന്ത്യക്കാര്‍ക്കു സന്ദര്‍ശിക്കാന്‍ വിസ വേണ്ടാത്ത രാജ്യമാണ് ഇന്തോനേഷ്യ. വിസ വേണ്ടെന്നു മാത്രമല്ല, എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന ചോദ്യം പോലുമില്ല, ഇമിഗ്രേഷനില്‍
ജക്കാര്‍ത്തയിലെ കോത്ത തുവ

ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഇന്തോനേഷ്യ എന്നാല്‍ ബാലി മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയില്‍ ഹിന്ദുഭൂരിപക്ഷമുള്ള ഒരേയൊരു ദ്വീപാണ് ബാലി. ഭാരതീയ പുരാണങ്ങളും ഒരു പരിധിവരെ ഭാരതീയ സംസ്‌കാരവും പിന്തുടരുന്നതുകൊണ്ടാവാം, ബാലി ഇന്ത്യക്കാര്‍ക്കു പ്രിയപ്പെട്ടതായത്- ബൈജു എന്‍. നായര്‍ എഴുതുന്നു.

സുകര്‍ണോ ഹത്ത എയര്‍പോര്‍ട്ടില്‍നിന്ന് ജക്കാര്‍ത്ത നഗരത്തിലേക്ക് കാറില്‍ സഞ്ചരിക്കവേ മിക്കിമൗസിന്റെ മുഖമുള്ള ഡ്രൈവര്‍ ഡെന്നി ചോദിച്ചു: ''ആര്‍ യു ഫ്രം ഇന്ത്യ?' അതേ എന്നു പറഞ്ഞപ്പോള്‍ ഡെന്നി തന്റെ 'ഇന്ത്യാ കണക്ഷന്‍' വിശദീകരിച്ചു: ''എന്റെ ഒരേയൊരു സഹോദരന്‍ ഇന്ത്യയിലാണ്, മുംബൈയില്‍ ഐ.ടി. എന്‍ജിനീയറാണ്.' ഇന്ത്യയെപ്പറ്റി സഹോദരന്റെ അഭിപ്രായമെന്താണെന്നു ഞാന്‍ ചോദിച്ചു. ''ജക്കാര്‍ത്ത പോലെ തന്നെ എന്നാണ് അവന്‍ പറയുന്നത്. തിരക്ക്, ചൂട്, ജനപ്പെരുപ്പം, പിന്നെ ഈ തലതിരിഞ്ഞ ട്രാഫിക്കും...' ഡെന്നിയുടെ ചിരിച്ചുകൊണ്ടുള്ള മറുപടി.
അതു സത്യമാണെന്നു എനിക്കും തോന്നിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇന്ത്യന്‍ നഗരങ്ങളോട് സാമ്യമുണ്ട് ജക്കാര്‍ത്തയ്ക്ക്. തിരക്കിന്റേയും ഭ്രാന്തു പിടിപ്പിക്കുന്ന ട്രാഫിക്കിന്റേയും കാര്യത്തില്‍ ഏതൊരു ഇന്ത്യന്‍ നഗരത്തേയും ജക്കാര്‍ത്ത തോല്‍പ്പിക്കും. ഇരുചക്ര വാഹനങ്ങളുടെ പെരുപ്പമാണ് മറ്റൊരു സാമ്യം. ഏതു ദിശയിലും എങ്ങനേയും അപകടകരമായി ബൈക്ക് ഓടിക്കാന്‍ വിദഗ്ദ്ധരാണ് ഇന്ത്യക്കാരെപ്പോലെ ഇന്തോനേഷ്യക്കാരും.
ഇന്ത്യക്കാര്‍ക്കു സന്ദര്‍ശിക്കാന്‍ വിസ വേണ്ടാത്ത രാജ്യമാണ് ഇന്തോനേഷ്യ. വിസ വേണ്ടെന്നു മാത്രമല്ല, എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന ചോദ്യം പോലുമില്ല, ഇമിഗ്രേഷനില്‍. മടക്കയാത്ര ടിക്കറ്റു പോലും ചോദിക്കാത്തത്ര ഔദാര്യശീലരാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍.
ഒരു കോടിയിലധികം ജനങ്ങള്‍ പാര്‍ക്കുന്ന ജക്കാര്‍ത്ത നഗരം ലോകത്തിലെ 14-ാമത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരം കൂടിയാണ്. ചില ഹൈവേകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇടുങ്ങിയ റോഡുകളും തെരുവുകളുമാണ് ഈ നഗരത്തിലുള്ളത്. എന്നാല്‍ മധ്യ ജക്കാര്‍ത്തയിലെ ബിസിനസ് ഡിസ്ട്രിക്ടായ സുദിര്‍മാനൊക്കെ അംബരചുംബികള്‍ നിറഞ്ഞതാണ്.
സഞ്ചാരികളെ സംബന്ധിച്ചിടത്തോളം മനോഹരദൃശ്യങ്ങളുടെ കലവറയാണ് ഇന്തോനേഷ്യ. 17,000 ദ്വീപുകളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഇന്തോനേഷ്യയിലെ ദ്വീപുകളിലധികവും അഗ്നിപര്‍വത സ്‌ഫോടനത്തില്‍ സൃഷ്ടിക്കപ്പെട്ടവയാണ്. 17,000 ദ്വീപുകളില്‍ 6000 എണ്ണത്തിലേ ജനവാസമുള്ളു. 400-ലധികം അഗ്നിപര്‍വതങ്ങള്‍ ഇന്തോനേഷ്യയിലെ വിവിധ ദ്വീപുകളിലുണ്ട്. ഇവയില്‍ 150 എണ്ണം ഇപ്പോഴും സജീവമാണ്. ഇടയ്ക്കിടെ അഗ്നിപര്‍വതങ്ങള്‍ തീ തുപ്പുന്ന ഇന്തോനേഷ്യയില്‍ 1972-നും 1991-നുമിടയില്‍ 29 അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1815 മുതല്‍ രണ്ടു ലക്ഷത്തിലധികം പേര്‍ക്ക് ലാവാ പ്രവാഹത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.
മനോഹര ദൃശ്യങ്ങളുടെ കലവറയാണ് ഇന്തോനേഷ്യ എന്നു പറഞ്ഞല്ലോ. പക്ഷേ, ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും ഇന്തോനേഷ്യ എന്നാല്‍ ബാലി മാത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയില്‍ ഹിന്ദുഭൂരിപക്ഷമുള്ള ഒരേയൊരു ദ്വീപാണ് ബാലി. ഭാരതീയ പുരാണങ്ങളും ഒരു പരിധിവരെ ഭാരതീയ സംസ്‌കാരവും പിന്തുടരുന്നതുകൊണ്ടാവാം, ബാലി ഇന്ത്യക്കാര്‍ക്കു പ്രിയപ്പെട്ടതായത്.
എന്നാല്‍ ബാലി കൂടാതെ, അതിമനോഹരങ്ങളായ ഭൂപ്രദേശങ്ങളും ചരിത്രസ്മാരകങ്ങളും അഗ്നിപര്‍വത തടാകങ്ങളുമൊക്കെ ഇന്തോനേഷ്യയില്‍ പലയിടത്തായി കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ഓരോ യാത്രയിലും പുതുമയുള്ള ദൃശ്യങ്ങള്‍ നിരത്തി ഈ ദ്വീപ് രാജ്യം എന്നെ അമ്പരപ്പിച്ചിട്ടുമുണ്ട്.
ഇന്തോനേഷ്യയിലേക്കുള്ള ഏഴാമത് യാത്രയാണ്. ബാലി, കവാപുത്തി എന്ന അഗ്നിപര്‍വതത്തെ നെഞ്ചിലേറ്റുന്ന ബന്തുങ്, നമ്മുടെ മൂന്നാറിനെ ഓര്‍മ്മിപ്പിക്കുന്ന തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ പുച്ചാക്ക്, ക്ഷേത്രനഗരമായ യോഗ്യകര്‍ത്ത ഇങ്ങനെ ഇന്തോനേഷ്യയുടെ വിവിധ കാഴ്ചകള്‍ പലപ്പോഴായി കണ്ടുകഴിഞ്ഞു. ഇക്കുറി ലക്ഷ്യം ക്രാക്കത്തോവ എന്ന ലോകത്തിന്റെ ഏറ്റവും ഭീകരനായ അഗ്നിപര്‍വതമാണ്. അവിടേക്കു പുറപ്പെടും മുന്‍പു കഴിഞ്ഞ യാത്രയില്‍ വിട്ടുപോയ ഒരിടത്തേക്കാവാം യാത്ര എന്നു തീരുമാനിച്ചു. കോത്ത തുവ എന്നാണ് ആ പ്രദേശത്തിന്റെ പേര്. ജക്കാര്‍ത്ത നഗരമധ്യത്തിലാണ് ആ സംരക്ഷിത പ്രദേശം. 15-ാം നൂറ്റാണ്ടു മുതല്‍ ഡച്ച് ഭരണത്തിന്റെ തലസ്ഥാനമായിരുന്നു കോത്ത തുവ.

മംഗാ ബസാര്‍ റോഡിലെ ഞാന്‍ താമസിച്ച സ്പാര്‍ക്ക് ലൈഫ് ഹോട്ടലിലെ റിസപ്ഷനിസ്റ്റിനോട് കോത്ത തുവയിലേക്കു പോകാനുള്ള വഴികള്‍ ചോദിച്ചു. ''ടാക്‌സിയാണെങ്കില്‍ 20,000 റുപ്പയ്യയാകും. വേണമെങ്കില്‍ നടന്നും പോകാം. വലിയ ദൂരമില്ല' അവള്‍ പറഞ്ഞു.
20,000 റുപ്പയ്യ എന്നു കേട്ടു പേടിക്കണ്ട. കറന്‍സിക്കു വളരെ വില കുറവുള്ള രാജ്യമാണ് ഇന്തോനേഷ്യ. 200 ഇന്ത്യന്‍ രൂപയ്ക്കു സമമാണ് ഒരു ഇന്തോനേഷ്യന്‍ റുപ്പയ്യ. അതായത് 20,000 റുപ്പയ്യയ്ക്ക് 100 ഇന്ത്യന്‍ രൂപയുടെ വിലയേയുള്ളു.
ഞാന്‍ നടക്കാന്‍ തീരുമാനിച്ചു. മംഗാ ബസാറിലൂടെ ജലന്‍ ഗജാമാഡ എന്ന മെയിന്‍ റോഡിലെത്തി, വലത്തേക്കു തിരിഞ്ഞു നേരെ നടന്നാല്‍ കോത്ത തുവയായി.
മംഗാ ബസാര്‍ ഒരു പഴയകാല അധോലോകമാണ്. പൊലീസിന്റെ ശക്തമായ ഇടപെടല്‍ കാരണം ഇപ്പോള്‍ ശാന്തമാണെന്നു മാത്രം. വഴി നിറയെ തെരുവോര ഭക്ഷണശാലകളാണ്. തുണികൊണ്ടു മറച്ച കടകള്‍ക്കുള്ളില്‍ വറുക്കലും പൊരിക്കലും തകൃതി. എന്തൊക്കെ ഭക്ഷണവിഭവങ്ങളാണ് ലഭിക്കുക എന്നു മറത്തുണിയില്‍ ചിത്രം വരച്ചു സൂചിപ്പിച്ചിട്ടുണ്ട്. കോഴി, താറാവ്, വിവിധതരം മീനുകള്‍ എന്നിവയുടെ ചിത്രങ്ങളാണ് മിക്ക കടകളിലും. എന്നാല്‍ അതിനിടയ്ക്കു ചില കടകളില്‍ മാത്രം ഫണം വിടര്‍ത്തി നില്‍ക്കുന്ന പാമ്പുകളുടെ ചിത്രം കാണാം. അതു പാമ്പിറച്ചി കിട്ടുന്ന തട്ടുകടകളാണ്. കടയുടെ പുറത്ത് ഇരുമ്പുവലയിട്ട തടിപ്പെട്ടികളില്‍ ആഫ്രിക്കന്‍ പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള ഉരഗരാജാക്കന്മാര്‍ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു കാണാം. ഏതു പാമ്പ് വേണമെന്നു ചൂണ്ടിക്കാണിച്ചാല്‍ അവനെ പുറത്തെടുത്തു തടിപ്പലകയില്‍ തലവെച്ച് അറുത്തുമാറ്റുന്നു. എന്നിട്ട് ചീറിത്തെറിക്കുന്ന രക്തം ഗ്‌ളാസിലൊഴിച്ചു തരും. ആ ചുടുരക്തം കുടിച്ച് അല്‍പ്പനേരം വെയ്റ്റ് ചെയ്യുക. തൊലി പൊളിച്ച് ഫ്രൈ ചെയ്ത പാമ്പിറച്ചി മേശപ്പുറത്തെത്തും.
പുരുഷന്മാര്‍ക്ക് ആരോഗ്യവും ഓജസ്‌സും വര്‍ദ്ധിക്കുമത്രേ, പാമ്പിറച്ചി കഴിക്കുകയും ചൂടു പാമ്പുചോര കുടിക്കുകയും ചെയ്താല്‍. എന്നാല്‍ ഇന്തോനേഷ്യക്കാരില്‍ ഒരു ചെറിയ ശതമാനമേ പാമ്പിറച്ചി കഴിക്കുകയുള്ളു. മറ്റുള്ളവര്‍ക്ക് നമ്മളെപ്പോലെ തന്നെ അറപ്പാണ്, പാമ്പിറച്ചി.
മംഗാ ബസാറിലൂടെ നടന്ന് ജലന്‍ ഗജാമാഡ എന്ന മെയിന്‍ റോഡിലെത്തി. വൈകുന്നേരം 4 മണിയാണ് സമയം. മണ്ണിട്ടാല്‍ വീഴാത്തത്ര തിരക്കാണ് റോഡില്‍. ഫുട്പാത്തുള്ളതുകൊണ്ട് ജീവഭയമില്ലാതെ കാല്‍നടക്കാര്‍ക്കു നടക്കാമെന്നു മാത്രം.
15 മിനിറ്റുകൊണ്ട് കോത്ത തുവയുടെ കവാടത്തിലെത്തി. വലിയ ആര്‍ച്ച് കടന്നാല്‍ ആ സംരക്ഷിത നഗരമായി. ഉള്ളിലേക്കു വാഹനങ്ങള്‍ക്കു പ്രവേശനമില്ല. അതുകൊണ്ട് സൈ്വര്യമായി കാഴ്ചകള്‍ കണ്ടു നടക്കാം.

കോത്ത തുവ
ഓരോ ഇഞ്ചിലും നൂറ്റാണ്ടുകളുടെ ചരിത്രം തുടിച്ചുനില്‍ക്കുന്ന പ്രദേശമാണ് കോത്ത തുവ. നഗരത്തിരക്കിനിടയില്‍, 1.3 ചതുരശ്ര കിലോമീറ്ററിലായി ഡച്ച് കാലഘട്ടത്തിലെ കെട്ടിടങ്ങളും വലിയ ചത്വരവുമൊക്കെ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. ഒരുകാലത്ത് 'ജ്യൂവല്‍ ഓഫ് ഏഷ്യ' എന്നു പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു, ഇവിടം. ബാങ്കുകള്‍, ഖജനാവ്, പാലങ്ങള്‍, മാര്‍ക്കറ്റ്, ടൗണ്‍ഹാള്‍ തുടങ്ങി നെല്‍വയല്‍വരെയുണ്ടായിരുന്നു, 'ഓള്‍ഡ് ബതാവിയ' എന്ന് ഡച്ചുകാര്‍ വിളിച്ചിരുന്ന ഈ സിറ്റിക്കുള്ളില്‍. സിറ്റിയുടെ ചുറ്റും മതില്‍കെട്ടി സംരക്ഷിച്ചിട്ടുമുണ്ട്.
കോത്ത തുവയെക്കുറിച്ചു കുറച്ചു ചരിത്രം പറയാം. 1595-ലാണ് ഡച്ചുകാര്‍ വ്യാപാരത്തിനായി ഇന്തോനേഷ്യയിലെത്തിയത്. 1619-ല്‍ ഈ പ്രദേശം ഡച്ചുകാരുടെ അധീനതയിലായി. തങ്ങള്‍ക്കു താമസിക്കാനും ഭരണം നടത്താനുമായി മതില്‍ കെട്ടി സുരക്ഷിതമാക്കിയ ഒരു നഗരം നിര്‍മ്മിക്കാന്‍ ഡച്ചുകാര്‍ തീരുമാനിച്ചു. അതാണ് കോത്ത തുവ. 'ബതാവിയ' എന്നാണ് ഡച്ചുകാര്‍ ഈ സിറ്റിക്കു നാമകരണം നടത്തിയത്. ചിലിവുങ് നദിയുടെ കനാലുകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ സിറ്റിയുടെ പലയിടത്തും വെള്ളമെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. തന്നെയുമല്ല, തങ്ങളുടെ ജന്മദേശമായ ഹോളണ്ടിന്റെ പ്രതീതി സൃഷ്ടിക്കാനും കനാലുകള്‍ ഉള്ളതുകൊണ്ട് ഡച്ചുകാര്‍ക്ക് കഴിഞ്ഞു.
ഹോളണ്ടിലെ നഗരങ്ങളുടെ രീതിയിലാണ് ബതാവിയ നിര്‍മ്മിക്കപ്പെട്ടത്. കനാലുകള്‍ക്ക് ഇരുവശവുമായി മതില്‍ക്കെട്ടിനു നടുവില്‍ പബ്‌ളിക് സ്‌ക്വയര്‍, പള്ളികള്‍, വൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്ന തെരുവുകള്‍, വലിയ സിറ്റിഹാള്‍, വീടുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍  ഇങ്ങനെ നെതര്‍ലാന്‍ഡ്‌സിന്റെ പരിച്ഛേദമായി മാറി ബതാവിയ. എന്നാല്‍ ഒരു ഇന്തോനേഷ്യക്കാരനെപ്പോലും മതില്‍ക്കെട്ടിനുള്ളില്‍ താമസിക്കാന്‍ ഡച്ചുകാര്‍ അനുവദിച്ചിരുന്നില്ല. ഒരു സ്വദേശി അട്ടിമറി വിപ്‌ളവം അവര്‍ മുന്‍കൂട്ടി മനസ്സില്‍ കണ്ടിട്ടുണ്ടാവണം.
1800-ഓടുകൂടി ബതാവിയ വലിയ സാമ്പത്തികാഭിവൃദ്ധി നേടി. ഇന്തോനേഷ്യയ്ക്ക് അകത്തും പുറത്തുമായി ഡച്ചുകാര്‍ സൃഷ്ടിച്ച സാമ്രാജ്യത്തിന്റെ തലസ്ഥാനമായി മാറി ബതാവിയ. ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ ഭരണം മുഴുവന്‍ ഇവിടെ നിന്നായിരുന്നു.


അല്‍പ്പകാലത്തിനു ശേഷം ബതാവിയയുടെ മതില്‍ക്കെട്ടിനു പുറത്തും ഡച്ചുകാര്‍ താമസം തുടങ്ങി. അങ്ങനെ 1870 ആയപ്പോഴേക്കും ബതാവിയയുടെ പഴയ പ്രതാപം നശിച്ചു എന്നു പറയാം. എന്നാല്‍ ഡച്ച് ഈസ്റ്റ് ഇന്‍ഡീസിന്റെ വ്യാവസായിക തലസ്ഥാനം ബതാവിയ തന്നെയായിരുന്നു. വീടുകളൊക്കെ ധനകാര്യ കയറ്റുമതി/ഇറക്കുമതി സ്ഥാപനങ്ങളായി മാറി എന്നുമാത്രം
1950-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം കോത്ത തുവ പ്രദേശം അവഗണിക്കപ്പെട്ട നിലയിലായി. കെട്ടിടങ്ങള്‍ ജീര്‍ണ്ണിച്ചു, വഴിത്താരകള്‍ കാടുപിടിച്ചു. 1972-ലാണ് ജക്കാര്‍ത്ത ഗവര്‍ണറായിരുന്ന അലി സാദിക്കിന് കോത്ത തുവ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടായത്. അദ്ദേഹം ഈ പ്രദേശത്തെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. കെട്ടിടങ്ങള്‍ നന്നാക്കിയും ചത്വരം വൃത്തിയാക്കിയും കോത്ത തുവയുടെ നഷ്ടപ്രതാപം തിരിച്ചെത്തി. ഇപ്പോഴും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഭ്രാന്തുപിടിപ്പിക്കുന്ന ജക്കാര്‍ത്തയിലെ തിരക്കില്‍നിന്ന് കോത്ത തുവയുടെ ഗെയിറ്റു കടന്നു പ്രവേശിക്കുമ്പോള്‍ മനസ്സ് ശാന്തമാകും. ചുറ്റും ഒരു വന്‍ നഗരം സ്പന്ദിക്കുന്ന തോന്നല്‍ പോലും ഉണ്ടാവില്ല ഉള്ളിലെത്തിയാല്‍. കെട്ടിടങ്ങളെല്ലാം കഫേകളും മ്യൂസിയങ്ങളുമായി മാറിക്കഴിഞ്ഞു. പഴയ ഡച്ച് വാസ്തുശില്‍പ്പകലയ്‌ക്കോ ഡച്ച് രീതികള്‍ക്കോ യാതൊരു മാറ്റവും വരുത്താതെയാണ് പുനര്‍നിര്‍മ്മാണം സാധ്യമാക്കിയിരിക്കുന്നത്. തെരുവുകളുടേയും കഫേകളുടേയുമെല്ലാം പേരുകളും തികച്ചും ഡച്ച് തന്നെ.
കഫേകള്‍ക്കു മുന്നില്‍ മുഴുവന്‍ വഴിവാണിഭക്കാരാണ്. പെയിന്റിങ്ങുകളും വളമാല കച്ചവടക്കാരുമെല്ലാമുണ്ട്. ഗിറ്റാറില്‍ ശ്രുതിമീട്ടി പാട്ടുപാടുന്നവര്‍ ബതാവിയയ്ക്ക് ഒരു 'യൂറോപ്യന്‍ ഫീല്‍' നല്‍കുന്നുണ്ട്.
സിറ്റിഹാള്‍ ആണ് ബതാവിയയിലെ ഏറ്റവും വലിയ കെട്ടിടം. അതിനു മുന്നില്‍ സിറ്റി സ്‌ക്വയര്‍ എന്ന വലിയ ചത്വരം. നിറപ്പകിട്ടാര്‍ന്ന സൈക്കിളുകള്‍ സിറ്റി സ്‌ക്വയറില്‍ വാടകയ്ക്കു വെച്ചിട്ടുണ്ട്. അതും ചവിട്ടി ബതാവിയ കണ്ടുതീര്‍ക്കാം.

അന്തരീക്ഷത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന സിദ്ധന്മാരും പരമ്പരാഗത ഡച്ച് വേഷം ധരിച്ച പടയാളികളുമൊക്കെ അരങ്ങു കൊഴുപ്പിക്കാനായി പലയിടത്തും നില്‍പ്പുണ്ട്.
ഫൈന്‍ ആര്‍ട്ട് ആന്റ് സെറാമിക് മ്യൂസിയം, ഹിസ്റ്ററി മ്യൂസിയം, മാരിടൈം മ്യൂസിയം, വയാങ് മ്യൂസിയം എന്നിവയൊക്കെ ബതാവിയയിലും ചുറ്റുപാടുമുള്ള ഡച്ച് കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചാര്‍ട്ടേര്‍ഡ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടങ്ങളില്‍ ഇപ്പോള്‍ ഇന്തോനേഷ്യന്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നു.
ജക്കാര്‍ത്തയുടെ യുവത്വം വൈകുന്നേരങ്ങളില്‍ സൊറ പറയാനിരിക്കുന്നത് ബതാവിയയിലാണ്. നഗരത്തിന്റെ ശ്വാസകോശം കൂടിയാണ് ഈ പ്രദേശമെന്നു തോന്നിപ്പോയി.
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ബതാവിയയില്‍ പഴയ ഡച്ച് പ്രതാപം പുനഃസൃഷ്ടിക്കപ്പെടുമെന്ന് ഉറപ്പാണ്. വീണ്ടും 'ജൂവല്‍ ഓഫ് ഏഷ്യ'യാകാന്‍ ബതാവിയ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് എന്നര്‍ത്ഥം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com