ഔട്ട്ബായ്ക്കിലൂടെ ഉലുരുവിലേക്ക് ഒരു ആസ്‌ട്രേലിയ യാത്ര

അമ്മോ! എന്തെല്ലാമാണ് ഈ ലോകത്ത് കാണാനുള്ളത്! സ്വപ്നം കാണാന്‍ നല്ലയിടമായിരുന്നു ഞങ്ങളുടെ ഉരുളികുന്നം ഗ്രാമം.
ഔട്ട്ബായ്ക്കിലൂടെ ഉലുരുവിലേക്ക് ഒരു ആസ്‌ട്രേലിയ യാത്ര

ഉലുരുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി അതെന്താണെന്ന് ആദ്യം പറഞ്ഞില്ലെങ്കില്‍ എന്തിനാണ് ഞങ്ങളിത്ര കഷ്ടപ്പെട്ടത് എന്നു തോന്നും. ഉലുരു ഒരു വലിയ പാറയാണ്.  ആസ്‌ട്രേലിയന്‍ യാത്രയെക്കുറിച്ച് സക്കറിയ എഴുതുന്നു.

ലുരുവിലേക്കുള്ള ഞങ്ങളുടെ യാത്രാസംഘത്തില്‍ പിള്ളേര്‍ക്കാണ് ഭൂരിപക്ഷം. സജി-സിബി ദമ്പതികളുടെ മക്കള്‍ പാച്ചിക്കുഞ്ഞ്, അവറാച്ചന്‍, മത്തായിച്ചന്‍, ലൂക്കാച്ചന്‍ (ഇവര്‍ക്കെല്ലാം ഔദ്യോഗിക നാമങ്ങളുണ്ട് എന്നതു മറക്കുന്നില്ല.) സന്തോഷ്-സോണിമാരുടെ മക്കള്‍ നയന, സാന്ദ്ര. അങ്ങനെ പ്രായപൂര്‍ത്തിയായി എന്നു കരുതുന്നവര്‍ ഞാനടക്കം അഞ്ച്, ആകാനൊരുങ്ങുന്നവര്‍ ആറ്. ഞങ്ങള്‍ അഡലൈഡില്‍നിന്ന് ഉലുരു അഥവാ ഏയേഴ്‌സ് റോക്ക്  (Ayer's Rock) കാണാനുള്ള യാത്രയ്ക്ക് തയ്യാര്‍. യാത്ര ചെയ്യേണ്ടത് ഏകദേശം 1595 കി.മീ. 
നിലമ്പൂര്‍ക്കാരനായ സന്തോഷ് ജോസഫും കുടുംബവും സിഡ്‌നിയിലാണ് താമസം. ഞങ്ങള്‍ തലേന്ന് വിനോദസഞ്ചാരികളുടെ ഒച്ചപ്പാടും ആഹ്‌ളാദവും കൊണ്ട് മുഖരിതമായ ഒരു വിമാനത്തില്‍ സിഡ്‌നിയില്‍നിന്ന് അഡലൈഡിലെത്തിയതാണ്. ഏറ്റുമാനൂരിനടുത്തുള്ള കല്ലറക്കാരനായ സജിമോന്‍ ജോസഫും കുടുംബവും താമസം അഡലൈഡിലാണ്. ഇരുവരുമായുള്ള എന്റെ കൂട്ടുകെട്ട് പഴയതാണ്. ഞാന്‍ ആഫ്രിക്കയില്‍ ആദ്യം യാത്ര ചെയ്തപ്പോള്‍ കെയ്‌റോയില്‍ സജിയായിരുന്നു എന്റെ അഭയസ്ഥാനം. (മറ്റൊരു രക്ഷകനായിരുന്നു അഷ്‌റഫ് കടയ്ക്കല്‍). അയര്‍ലന്റില്‍ സന്തോഷായിരുന്നു രക്ഷാകര്‍ത്താവ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നീന്തിക്കിടക്കുന്ന അവിശ്വസനീയമായ സ്‌കെല്ലിഗ് മലയുടെ മുകളില്‍ വരെ ഞങ്ങള്‍ പിടിച്ചുകയറി. ഇരുവരും അവരുടെ ഭാര്യമാരും, ഇന്നത്തെ എല്ലാ അന്തരാഷ്ട്ര മലയാളികളേയും പോലെ ഒരു രാജ്യത്തുനിന്നു മറ്റൊന്നിലേക്ക് ഇന്ത്യയെ തൊടാതെ പറന്ന് കൂടുമാറുന്നവരാണ്. എല്‍.ഡി.എഫില്‍നിന്നും യു.ഡി.എഫില്‍നിന്നും രക്ഷപ്പെട്ട് ലോകപൗരന്മാരായിത്തീര്‍ന്ന പതിനായിരക്കണക്കിന് ഭാഗ്യവാന്മാരായ മലയാളികളില്‍പ്പെട്ടവരാണ് അവര്‍. (ചവിട്ടിപ്പുറത്താക്കിയതിന് അവര്‍ക്കെല്ലാം എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും നന്ദിയുണ്ടായിരിക്കേണ്ടതാണ്).
സജിയായിരുന്നു എന്റെ ആദ്യത്തെ ആസ്‌ട്രേലിയ യാത്ര ഒരുക്കിയത്. അന്നു ഞങ്ങള്‍ ആഗ്രഹിച്ചതും എന്നാല്‍, നടപ്പിലാകാതെ പോയതുമായിരുന്നു ലോകപ്രശസ്ത പ്രകൃതിദൃശ്യമായ ഉലുരു പാറ കാണല്‍. സന്തോഷും സുഹൃത്തുക്കളുമടങ്ങിയ ആസ്‌ട്രേലിയന്‍ മലയാളി സംഘടനകള്‍ ഏര്‍പ്പെടുത്തിയ ഇത്തവണത്തെ യാത്രയില്‍ ഉലുരുവിനെ ഞാന്‍ വീണ്ടും ഉന്നംവച്ചു. സന്തോഷും സജിയും റെഡി. ആസ്‌ട്രേലിയയുടെ നടുമദ്ധ്യത്തിലേക്കുള്ള ഈ യാത്ര ആകാശത്തിലൂടെയായിരിക്കരുത്, നാട് കണ്ടായിരിക്കണം എന്നു ഞങ്ങള്‍ തീരുമാനിച്ചു. അപ്പോള്‍ വണ്ടി ഓടിച്ചുപോകുക തന്നെ. സന്തോഷും സജിയും സിബിയും- മൂന്ന് ഡ്രൈവര്‍മാര്‍. 1595 കി.മീ. അത്ര ഭയങ്കരമൊന്നുമല്ല. അങ്ങനെയാണ് ഞങ്ങള്‍ ഏവിസ് കമ്പനിയില്‍നിന്നു വാടകയ്‌ക്കെടുത്ത ഒരു മിനി വാനില്‍ സിബി ഒരുക്കിയ ആഹാരക്കുട്ടകളും- അപ്പം, കപ്പ, ബീഫ്, മീന്‍കറി, അവിയല്‍, ചോറ്, കാച്ചിയ മോര് എന്നിത്യാദി ശുദ്ധ മലയാളി തീറ്റകള്‍- ഞങ്ങളുടെ പെട്ടികളും കയറ്റിവച്ച് ഉലുരുവിനു നേരെ വണ്ടി വിട്ടത്. 

ഉലുരുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി അതെന്താണെന്ന് ആദ്യം പറഞ്ഞില്ലെങ്കില്‍ എന്തിനാണ് ഞങ്ങളിത്ര കഷ്ടപ്പെട്ടത് എന്നു തോന്നും. ഉലുരു ഒരു വലിയ പാറയാണ്. ഞാന്‍ അതിനെപ്പറ്റി ആദ്യമറിയുന്നതും അതിന്റെ ചിത്രങ്ങള്‍ കാണുന്നതും എന്നില്‍ യാത്രാമോഹത്തിന്റെ വിത്തുകള്‍ നിക്ഷേപിച്ച ആ മാന്ത്രിക മാസികയിലാണ്- നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍. നാം ജീവിക്കുന്ന ലോകത്തിന്റെ അദ്ഭുതങ്ങള്‍ കാണിക്കാനും വിവരിക്കാനും അക്കാലത്ത് ആ ഒറ്റ പ്രസിദ്ധീകരണമേ ഉണ്ടായിയിരുന്നുള്ളൂ. ആസ്‌ട്രേലിയയുടെ ഏതാണ്ട് മുക്കാല്‍ പങ്കിനെയും ആവരണം ചെയ്യുന്ന അര്‍ദ്ധമരുഭൂ വിജനതയുടെ നടുവില്‍ ഏതോ ഗ്രഹത്തിന്റെ തുണ്ട് വീണുകിടക്കുന്നതുപോലെ, നിഗൂഢതയില്‍ ലയിച്ച് നീണ്ടുനിവര്‍ന്നുകിടക്കുന്ന ആ ചുവന്ന കൂറ്റന്‍ ശിലാരൂപത്തിന്റെ ചിത്രം നോക്കി എന്റെ വായില്‍ വെള്ളമൂറും. അമ്മോ! എന്തെല്ലാമാണ് ഈ ലോകത്ത് കാണാനുള്ളത്! സ്വപ്നം കാണാന്‍ നല്ലയിടമായിരുന്നു ഞങ്ങളുടെ ഉരുളികുന്നം ഗ്രാമം.
ആസ്‌ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറി പ്രവിശ്യയുടെ താഴത്തെ അതിരിനു സമീപം ഭൂഖണ്ഡത്തിന്റെ ഒത്തനടുക്ക്, ഔട്ട്ബായ്ക്ക് എന്നറിയപ്പെടുന്ന കുറ്റിക്കാടുകളുടേയും മണല്‍പ്പരപ്പുകളുടേയും അനന്തതയില്‍ ആകാശത്തേക്കു മിഴിച്ചുനോക്കിനില്‍ക്കുന്ന ഒരു കൂറ്റന്‍ പാറയാണ് ഉലുരു. നീളം 3.6 കി.മീ. ഉയരം 1141 അടി, വീതി ഏതാണ്ട് 2 കി.മീ. ഉലുരു ലോകത്തിലെ ഏറ്റവും വലിയ 'മോണോലിത്ത്' അഥവാ ഏകശിലയാണ്- ഒറ്റത്തടിയായ ഒറ്റയാന്‍ പാറ. അതിന്റെ മൂന്നില്‍ രണ്ടു ഭാഗം മണ്ണിനടിയിലാണ്. ഔട്ട്ബായ്ക്കിലെ കുറ്റിച്ചെടിയുടേയും പൊടിമണ്ണിന്റേയും പരപ്പുകള്‍ക്കും, കണ്ണെത്താദൂരത്ത് മാഞ്ഞുപോകുന്ന ചക്രവാളങ്ങള്‍ക്കും മധ്യേയുള്ള ഈ അപ്രതീക്ഷിതമായ പ്രത്യക്ഷപ്പെടല്‍ മാത്രമല്ല അതിന്റെ പ്രശസ്തി. സൂര്യോദയത്തിലും അസ്തമയത്തിലുമുള്ള അതിന്റെ നിറപ്പകര്‍ച്ചകള്‍ കാണാനും കൂടിയാണ് ലോകമൊട്ടൊകെ നിന്നുള്ള സന്ദര്‍ശകര്‍ തടിച്ചുകൂടുന്നത്. സന്ദര്‍ശകര്‍ക്ക് ഉലുരുവിന്റെ വേഷം മാറ്റം കാണാന്‍ ദൂരത്ത് ഇടങ്ങള്‍ തിരിച്ചിട്ടിട്ടുണ്ട്. സൂര്യോദയത്തിനു മുന്‍പുതന്നെ തണുപ്പിലും ഇരുട്ടിലും ജനക്കൂട്ടമവിടെ മൗനമായി സ്ഥാനം പിടിക്കുന്നു. ആരെങ്കിലും സംസാരിച്ചാല്‍ തന്നെ അതു താഴ്ന്ന ശബ്ദത്തിലാണ്. പ്രകൃതിയോടും ഉലുരു എന്ന പ്രതിഭാസത്തോടും സഹപൗരന്മാരോടുമുള്ള ഒരു സാമാന്യ മര്യാദയാണ് അവര്‍ പാലിക്കുന്നത്- ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും അപരിചിതമായ ഒരു മര്യാദ. കാത്തുനില്‍ക്കുന്നവരുടെ കണ്ണുകള്‍ സൂര്യോദയം നടക്കാന്‍ പോകുന്ന കിഴക്കേ ആകാശത്തിലും ഉലുരുവിന്റെ ഇരുട്ടില്‍ മറഞ്ഞുനില്‍ക്കുന്ന സാന്നിദ്ധ്യത്തിന്മേലുമാണ്. സാവധാനം ഉയര്‍ന്നുവരുന്ന സൂര്യനൊപ്പം ഉലുരുവും ഇരുട്ടില്‍നിന്ന് തെളിഞ്ഞുവരുന്നു. വെളുപ്പാന്‍ കാലത്തിന്റെ അവ്യക്തതയില്‍നിന്ന് കറുപ്പും ചാരനിറവും കലര്‍ന്ന ഒരു ദീര്‍ഘാകാരം ഉരുത്തിരിയുന്നു. സൂര്യന്റെ പുറപ്പാടിന്റെ വേഗതയ്‌ക്കൊപ്പം കറുപ്പ് മായുകയും ചുവപ്പ് കടന്നുവരികയും ചെയ്യുന്നു. നമുക്ക് ചുറ്റുമുള്ള, ഇതുവരെ ഇരുണ്ട രൂപങ്ങള്‍ മാത്രമായിരുന്ന, മനുഷ്യരും തെളിഞ്ഞുവന്നു തുടങ്ങുന്നു. അടുത്തുനില്‍ക്കുന്ന സുന്ദരിയായ വനിതയെ കണ്ട് അദ്ഭുതപ്പെട്ടിട്ട് പാറയിലേക്കു മടങ്ങുമ്പോളേക്കുമിതാ അത് പിന്നെയും ചുവന്നു. ചുവപ്പിന്റെ ഒരു ഭാവത്തില്‍നിന്ന് അടുത്തതിലേക്ക് അത് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആകാശത്തില്‍ വെളിച്ചം വീണു. പക്ഷികള്‍ ചിലയ്ക്കുന്നു. പുലരിക്കാറ്റ് വീശുന്നു. ജനങ്ങളുടെ താഴ്ന്ന ശബ്ദത്തിലുള്ള അദ്ഭുതാരവം കേള്‍ക്കാം. അച്ഛനമ്മമാര്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കുട്ടികള്‍  ഉലുരുവിനു നേരെ കൈ നീട്ടുന്നു. കാമുകീകാമുകന്മാര്‍ ആലിംഗനബദ്ധരാകുകയും ചുംബിക്കുകയും ചെയ്യുന്നു. ജനക്കൂട്ടത്തിന്റെ തലകള്‍ക്കു മീതെ പൊക്കിയ ക്യാമറകളുടേയും ഫോണുകളുടേയും തിക്കും തിരക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ പാറയുടെ നിറപ്പകര്‍ച്ച അവസാനിക്കും. സൂര്യന്‍ ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല. പ്രഭാതം ഇരുട്ടിലൂടെ ഭൂമിയിലേക്കു കെട്ടിയിറക്കിയ ഒരു നടനെപ്പോലെ ഉലുരു സൂര്യന്റെ കരങ്ങളിലെ ചുവന്ന ചായങ്ങള്‍ വേഗം വേഗം അണിയുന്നു. ചുവപ്പ് കനത്ത ഓറഞ്ച് നിറമായിക്കഴിഞ്ഞു. അതാണ് നിറം മാറ്റത്തിന്റെ പാരമ്യം. കാരണം സൂര്യന്‍ വെയില്‍ പരത്തിത്തുടങ്ങി. പാറയുടെ മുഖത്തു നിറങ്ങള്‍ പോയി നിഴലുകള്‍ വീണു. ഉലുരു നാല്‍പ്പത്തഞ്ചുകോടി  വര്‍ഷങ്ങളായുള്ള തന്റെ പിടിച്ചുനില്‍പ്പിന്റെ മറ്റൊരു പകലിലേക്കു കൂടി കടക്കുന്നു. 


ഈ നിറം മാറ്റത്തിനു പിന്നില്‍, ആര്‍ക്കുമറിയാവുന്നതുപോലെ, ഫിസിക്‌സും കെമിസ്ട്രിയുമാണുള്ളത്. മണല്‍, സിലിക്ക, ഇരുമ്പ് ഓക്‌സൈഡ് തുടങ്ങിയവ കലര്‍ന്ന ഒരു മിശ്രിതമാണ് പാറയുടെ ഉള്ളടക്കമായ സാന്‍ഡ് സ്‌റ്റോണ്‍.  അവയുടേയും ഉദയസൂര്യന്റെ രശ്മികളുടേയും രസതന്ത്രങ്ങളുടെ ഒരു കൂടിയാട്ടമാണ് നാം കാണുന്ന നിറം മാറ്റങ്ങള്‍. വൈകിട്ട് സൂര്യാസ്തമയ സമയത്ത് ഇതേ പ്രതിഭാസം തിരിച്ചുവയ്ക്കപ്പെടുന്നു. ഓറഞ്ചില്‍നിന്ന് ചുവപ്പിന്റെ ഇനങ്ങളിലേക്കും ഇരുണ്ട ചുവപ്പിലേക്കും ചാരനിറത്തിലേക്കും ഇരുട്ടിലേക്കും ഉലുരു മടങ്ങിപ്പോകുന്നു. കാഴ്ചക്കാരും മറ്റൊരു പകലില്‍നിന്നു സന്ധ്യയിലേക്കും രാത്രിയിലേക്കും മായുന്നു. വളരെ ലഘുവായി പറഞ്ഞാല്‍ ഇതാണ് ഉലുരു-കാംഗരൂ കഴിഞ്ഞാല്‍ ആസ്‌ട്രേലിയുടെ ഏറ്റവും പ്രശസ്തിയാര്‍ജിച്ച പ്രതീകം. സ്വന്തം ജീവനും ബുദ്ധിയും ഭാവനയുമുള്ള ഒരു കൂറ്റന്‍ ജീവിയെപ്പോലെയാണത്. ഒരിക്കലും നമുക്കു മനസ്സിലാവാത്ത അതിന്റെ അനാദിയായ ഏകാന്തതയ്ക്കു മുന്‍പില്‍ നാം സ്തബ്ധരാകുന്നു. കോടി യുഗങ്ങള്‍ക്കു മുന്‍പു ഭൂമിയെ പിളര്‍ന്ന കൂട്ടിയിടികളിലൂടെയും പൊട്ടിത്തകര്‍ച്ചകളിലൂടെയും കരകള്‍ ജനിച്ചതിനു പിന്നാലെ ആസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തെ വിഴുങ്ങിയ ബ്രഹ്മാണ്ഡന്‍ വെട്ടിനിരത്തലുകളില്‍നിന്ന് ഉയര്‍ന്നുവന്ന ഉലുരു എന്തെല്ലാം വിവരണാതീതങ്ങളായ ഓര്‍മ്മകളായിരിക്കാം അതിന്റെ പാറക്കല്ലില്‍ കരുപ്പിടിപ്പിച്ച ഹൃദയത്തില്‍ മൂടിവച്ചിരിക്കുന്നത്! ഇനിയുമെന്തെല്ലാം അതിനെ കാത്തിരിക്കുന്നു!
പക്ഷേ, ഉലുരുവിനു മറ്റൊരു മുഖവും ജീവിതവുമുണ്ട്. അതിനത് നല്‍കുന്നത് ആദിമ മാനവന്റെ കാലം മുതല്‍ ഉലുരുവിനു ചുറ്റും ജീവിക്കുന്ന ആദിവാസി ജനതയാണ്. അവര്‍ക്ക് ഉലുരു നമ്മെപ്പോലെ തുറിച്ചുനോക്കാനുള്ള ഒരു അദ്ഭുതക്കാഴ്ചയല്ല. ഒരു ആത്മസ്ഥാനമാണ്. പ്രപഞ്ചമുണ്ടാകും മുന്‍പുള്ള കാലത്ത്- ആദിവാസി ജനതയതിനെ സ്വപ്നകാലം എന്നു വിളിക്കുന്നു- ഉണ്ടായിരുന്ന ആത്മാക്കള്‍ നമ്മുടെ ലോകത്തിലൂടെ കടന്നുപോയപ്പോള്‍ അടയാളങ്ങള്‍ വച്ചുപോയിട്ടുണ്ടത്രെ. ആ ഇടങ്ങളാണ് ആസ്‌ട്രേലിയന്‍ ആദിവാസികളുടെ വിശുദ്ധ സ്ഥാനങ്ങള്‍. ഉലുരു അത്തരമൊരു വിശുദ്ധ സ്ഥാനമാണ്. വിനോദസഞ്ചാരികള്‍ക്ക് ഉലുരുവിന്റെ ചായ്‌വിലൂടെ മുകളിലേക്കു പിടിച്ചുകയറിപ്പോകാന്‍ രണ്ടു കിലോമീറ്ററോളം നീളമുള്ള ഒരു ചങ്ങല വലിച്ചുകെട്ടിയപ്പോള്‍ ആദിവാസികള്‍ എതിര്‍ത്തു. തങ്ങളുടെ ആത്മസ്ഥാനത്തിന്മേല്‍ ആളുകള്‍ സഞ്ചരിക്കുന്നതും ഒച്ചവയ്ക്കുന്നതും അപകടങ്ങളില്‍ മരിക്കുന്നതും അവരെ വേദനിപ്പിച്ചു. ഗവണ്‍മെന്റും ആദിവാസികളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ചില നിബന്ധനകളോടെ ഉലുരു കയറ്റം തുടരുന്നുണ്ട്. അവിടെ എഴുതിവച്ചിരിക്കുന്ന അറിയിപ്പില്‍ പറയുന്നു. ''ഇത് ആദിവാസി ജനതയ്ക്ക് വിശുദ്ധമായ ഇടമാണ് എന്ന് ഓര്‍മ്മിക്കുക. നിങ്ങള്‍ പാറമേല്‍ കയറിപ്പോകാതിരിക്കുകയാണ്  അവര്‍ക്കിഷ്ടം.' ഉലുരുവിനെ പ്രദക്ഷിണം വയ്ക്കുന്ന പത്ത് കി.മീ നീളമുള്ള വഴിയിലൂടെ നടക്കുമ്പോള്‍ ചിലയിടങ്ങളില്‍ ഫോട്ടോയെടുക്കുന്നതു വിലക്കിയിരിക്കുന്നതായി കാണാം. അവ ആദിവാസികള്‍ വണങ്ങുന്ന സ്ഥാനങ്ങളാണ്. ആദിവാസികളെ കീഴ്‌പെടുത്തിയ വെള്ളക്കാരന്‍ ഉലുരുവിനേയും സ്വന്തമാക്കിയെങ്കിലും ആദിവാസികളോടുള്ള സമീപനങ്ങളില്‍ വന്ന മാറ്റമാണ് ഉലുരുവിലെ അറിയിപ്പില്‍ കാണുന്നത്. (ആസ്‌ട്രേലിയയില്‍ കുടിയേറിയ വെള്ളക്കാര്‍ ആദിവാസി ജനതയെ ഏതാണ്ട് ഉന്മൂലനാശത്തിന്റെ വക്കിലെത്തിച്ചതിന്റെ ചരിത്രം ഇവിടെ സ്പര്‍ശിക്കുകപോലും ചെയ്യാനാവാത്തവിധം ബൃഹത്തും വിശദാംശങ്ങള്‍ നിറഞ്ഞതുമാണ്. അതിലേക്ക് ഈ കുറിപ്പില്‍ കടക്കുന്നില്ല.)
ആസ്‌ട്രേലിയയുടെ തെക്കുകിഴക്കേ അറ്റത്തുള്ള അഡലൈഡില്‍നിന്ന് ഭൂഖണ്ഡത്തിന്റെ നടുവിലൂടെ ഒരു വള്ളി കെട്ടിയതുപോലെ 3034 കി.മീ അകലെ വടക്കെ മൂലയിലുള്ള ഡാര്‍വിന്‍ നഗരത്തിലേക്ക് ഔട്ട്ബായ്ക്കിന്റെ അനന്തവിജനതയിലൂടെ നീണ്ടുപോകുന്ന സ്റ്റുവാര്‍ട്ട് ഹൈവേയാണ് ഞങ്ങളുടെ പാത. അതിന്റെ പകുതിയോളമെത്തുമ്പോള്‍ ഞങ്ങള്‍ ഉലുരുവിലേക്കു തിരിയും. ഔട്ട്ബായ്ക്കിലേക്കുള്ള യാത്രക്കാര്‍ക്കു നല്‍കപ്പെടുന്ന മുന്നറിയിപ്പുകള്‍ പലതാണ്. ഇന്ധനം കരുതണം. കാരണം ഫ്യുവല്‍ സ്‌റ്റേഷനുകള്‍ പ്രത്യക്ഷപ്പെടുക നൂറുകണക്കിന് കിലോമീറ്ററുകള്‍ക്കു ശേഷമാണ്. വെള്ളം ധാരാളം കൈവശം വയ്ക്കണം. കാരണം, വെള്ളമില്ലാത്ത നാടുകളിലൂടെയാണ് യാത്ര. വണ്ടി ഒന്നാന്തരം കണ്ടീഷനിലായിരിക്കണം, രണ്ട് സ്‌റ്റെപ്പിനി ടയറുകള്‍ ഉണ്ടായിരിക്കണം. ഭക്ഷണം തീര്‍ച്ചയായും കൈവശം വേണം. മുഷിയാതെ വണ്ടിയോടിക്കാന്‍ തയ്യാറായിരിക്കണം എന്നു പറയാനുമില്ല. 
രാവിലെ 8.15-ന് ഞങ്ങള്‍ അഡലൈഡില്‍നിന്നു പുറപ്പെട്ടു. ഇടതുവശത്തു നിരന്തരമായി നീലനിറം പ്രകാശിപ്പിക്കുന്നത് സെന്റ് വിന്‍സെന്റ് ഉള്‍ക്കടലാണ്. പോര്‍ട്ട് വെയ്ക്ക്ഫീല്‍ഡ് നഗരവും പിന്നിട്ട് ഞങ്ങള്‍ 11.20-ഓടെ 306 കി.മീ അകലെയുള്ള പോര്‍ട്ട് അഗസ്റ്റയിലെത്തി. ഈ ചെറിയ ടൗണാണ് ഔട്ട്ബായ്ക്കിന്റെ വാതില്‍പ്പടി- ഇനിയങ്ങോട്ട് മണ്ണും കുറ്റിച്ചെടിയും ആകാശവും കാംഗരു ലോകവുമാണ്. ഞങ്ങള്‍ തൃപ്തരാണ്. കാരണം മൂന്ന് മണിക്കൂര്‍കൊണ്ട് മുന്നൂറ് കി.മീ പിന്നിട്ടതു കുഴപ്പമില്ലാത്ത വേഗതയാണ്. അഗസ്റ്റയിലെ തെരുവുകളില്‍ ആദിവാസി ജനങ്ങളെ കണ്ടുതുടങ്ങി. പൊതുവില്‍ ഉയരമുള്ളവരാണ്. നീട്ടിവച്ച കാലുകളും ഉയര്‍ത്തിപ്പിടിച്ച ശരീരവുമായാണ് നടപ്പ്. നടക്കുന്നവരെക്കാള്‍ കൂടുതല്‍ വഴിയരികില്‍ ഭിത്തിയിലും തൂണുകളിലും ചാരി വെറുതേ നില്‍ക്കുന്നവരാണ് എന്നു തോന്നി. വിദൂരതയിലേക്ക് അയച്ച കണ്ണുകളുമായി അവര്‍ ലോകത്തിന്റെ കടന്നുപോക്കില്‍നിന്നു സ്വയം ഒഴിവാക്കി നില്‍ക്കുന്നു. നഗരത്തിലെ തിരക്കും ജനങ്ങളെ പരക്കം പായിപ്പിക്കുന്ന ആവശ്യങ്ങളും ഒന്നും അവരെ ബാധിക്കുന്നില്ല. അവര്‍ വെറും കാണികള്‍ മാത്രം. അത് ശരിയാണെന്നു സുഹൃത്തുകള്‍ പറഞ്ഞു. കാരണം വെളുത്ത മനുഷ്യന്റെ മത്സരവേഗങ്ങള്‍ക്കൊപ്പം കുതിച്ചോടാന്‍ അവര്‍ക്കു സാധ്യമല്ല. അവരുടെ ആവശ്യങ്ങളെപ്പോലെ തന്നെ അവര്‍ക്കും തിരക്കില്ല. വെട്ടിപ്പിടിത്തം അവരുടെ രീതിയല്ല. അക്ഷമനായ വെളുത്ത മനുഷ്യന്‍ അവരെ തള്ളിനീക്കി മുന്നേറുന്നു. അതവര്‍ നോക്കിയിരിക്കുന്നു. പക്ഷേ, അവരുടെ യുവതലമുറ വെളുത്ത മനുഷ്യന്റെ വേഗങ്ങളോടും ജീവിതതന്ത്രങ്ങളോടും കിടപിടിച്ചു പോകുന്നുണ്ടത്രെ. 


ഞങ്ങളുടെ അടുത്ത ലക്ഷ്യം 537 കി.മീ അകലത്തിലുള്ള കൂബര്‍ പീഡി എന്ന ഖനി നഗരമാണ്- ഞങ്ങളതിനെ സൗകര്യാര്‍ത്ഥം കൂബര്‍ പേടി എന്നാണ് വിളിച്ചത്. ഔട്ട് ബായ്ക്കിന്റെ യഥാര്‍ത്ഥ സ്വരൂപത്തിലൂടെയാണ് നാട നീട്ടിയിട്ടതു പോലെയുള്ള ഹൈവേ പോകുന്നത്. ആകാശത്തിന്റെ അതിരുകള്‍ നാലു ചക്രവാളങ്ങളിലും മണ്ണിലലിഞ്ഞുചേരുന്നു. എങ്ങും കുറ്റിപ്പുല്ലും കുള്ളന്‍ ചെടികളും പൂഴിമണ്ണും. ഉയര്‍ച്ചയോ താഴ്ചയോ ഇല്ലാതെ ഔട്ട് ബായ്ക്കിന്റെ വിസ്തൃതികള്‍ നാലുവശവും തിരയടിക്കുന്നു. ഇടയ്ക്കിടെ റോഡരികില്‍ കാംഗരു മൃതദേഹങ്ങളും അസ്ഥികൂടങ്ങളും. വണ്ടിയിടിച്ചു ചാകുന്നവയാണ്. പൂര്‍ണ്ണവളര്‍ച്ചയെത്തിയ കാംഗരുവിനെ ഇടിക്കുന്നത് ഒരു ചെറിയ വാഹനമാണെങ്കില്‍ വണ്ടിയിലിരിക്കുന്നവരും കാംഗരുവിനോടൊപ്പം സ്വര്‍ഗ്ഗം പൂകാനിടയുണ്ട്. കുറ്റിക്കാടുകളില്‍ അവിടവിടെ മേയുന്ന ചെമ്മരിയാടുകള്‍ സൂചിപ്പിക്കുന്നത് ആ വിജനതയിലെവിടെയോ ആടു വളര്‍ത്തല്‍ ഫാമുകള്‍ ഉണ്ടെന്നാണ്. അരമണിക്കൂറിലൊരിക്കല്‍പോലും മറ്റൊരു വാഹനം എതിരെ വരുന്നില്ല. ഞങ്ങള്‍ 150-180 കി.മീ വേഗതയില്‍ പായുന്നു. സന്തോഷിനും സജിക്കും നിര്‍വൃതി. കാരണം ഈ പാതയിലല്ലേ ഈ കുതിച്ചോട്ടം പറ്റൂ!
മൂന്നു മണിയോടെ ഞങ്ങള്‍ വൂമെറാ (Woomera) ടൗണിനടുത്തുകൂടി കടന്നുപോയി. വൂമെറാ മേഖലയെ പ്രസിദ്ധം എന്നോ കുപ്രസിദ്ധം എന്നോ വിവാദമേഖലയെന്നോ വിളിക്കാം. ഇവിടെയാണ് ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ യുറേനിയം നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. അതിന്റെ ഖനനം പരിസ്ഥിതി സ്‌നേഹികളുടേയും യുദ്ധവിരുദ്ധ-അണുശക്തി വിരുദ്ധ വിഭാഗങ്ങളുടേയും ശക്തമായ എതിര്‍പ്പു നേരിടുന്നു. ബ്രിട്ടീഷുകാര്‍ ആസ്‌ട്രേലിയന്‍ സഹകരണത്തോടെ ഇവിടെ അതീവ രഹസ്യ ആയുധ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അമേരിക്കയ്ക്കും അവിടെ ഒരു രഹസ്യ അണുബോംബ് താവളമുണ്ട്. ശീതയുദ്ധകാലത്ത്, തകര്‍ക്കാന്‍ റഷ്യ പദ്ധതിയിട്ടിരുന്ന പത്ത് അമേരിക്കന്‍ താവളങ്ങളിലൊന്ന് ഇവിടമായിരുന്നു. ഈ മേഖലയില്‍ തന്നെയാണ് 1952-63 കളില്‍ ബ്രിട്ടന്‍ ഏഴ് അണുബോംബ് സ്‌ഫോടനങ്ങളും മറ്റനവധി അണു പരീക്ഷണങ്ങളും നടത്തിയത്. ഇപ്പോളും വൂമെറ പ്രദേശത്തിന്റെ ഒരു വമ്പിച്ച ഭാഗം നിരോധിതമേഖലയാണ്- ഞങ്ങള്‍ യാത്ര ചെയ്യുന്ന പാതയുടെ ഇടതുവശം. ഇതെല്ലാം കൊണ്ടായിരിക്കണം ഇവിടെ മൂന്ന് നാല് കി.മീ നീളത്തില്‍ ഹൈവേ ഒരു റണ്‍വേ കൂടി ആക്കിയിരിക്കുകയാണ്- ഒരു പ്രതിസന്ധിയില്‍ യുദ്ധവിമാനങ്ങള്‍ക്കു വന്നിറങ്ങാനാണെന്നു വ്യക്തം. വൂമെറ വീണ്ടും ദുഷ്‌പേരിനിരയായി. ഇവിടെയായിരുന്നു 2000-ല്‍ ആസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാനുള്ള ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിച്ചത്. അതിനോടനുബന്ധിച്ചുണ്ടായ മനുഷ്യാവകാശപരവും മാനുഷികവുമായ സംഭവവികാസങ്ങള്‍ വമ്പിച്ച പ്രതികൂല പൊതുജനാഭിപ്രായ രൂപീകരണത്തിലേക്കു നയിക്കുകയും അത് ഭാഗികമായി അടയ്ക്കുകയും ചെയ്തു. എല്ലാത്തിന്റേയും പിന്നില്‍ ഒറ്റ കാരണം മാത്രം: ഔട്ട് ബായ്ക്കിന്റെ അന്തര്‍ഭാഗം അത്രമാത്രം ലോകജീവിതത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട ഇടമാണ്. അണുബോംബ് പരീക്ഷണങ്ങള്‍ മുതല്‍ പാവം കുടിയേറ്റക്കാരെ തടവിലിടുന്നതുവരെയുള്ള മനുഷ്യദ്രോഹപരമായ കാര്യങ്ങള്‍ക്കു പറ്റിയ സ്ഥലം.


അങ്ങനെ ഞങ്ങള്‍ എരിച്ചുവിട്ട വാണം പോലെ സ്റ്റുവാര്‍ട്ട് ഹൈവേയിലൂടെ കുതിക്കുകയാണ്. രാത്രി തങ്ങേണ്ട കൂബര്‍ പീഡിയിലേക്ക് ഇനി കഷ്ടിച്ച് 90 കി.മീ മാത്രം. നേരം ഇരുണ്ടു തുടങ്ങി. അപ്പോള്‍ വണ്ടിയോടിക്കുന്ന സന്തോഷും സഹഡ്രൈവറായ സജിയും തമ്മില്‍ ചില അടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ ഉണ്ടായി. പതുക്കെ ചര്‍ച്ച ഉറക്കെയായി. വണ്ടിയുടെ ഡീസല്‍ ഗേജില്‍ ചുവപ്പു വെളിച്ചമാണ് തെളിയുന്നത്! വണ്ടിയുടെ കംപ്യൂട്ടറിന് അബദ്ധം പറ്റിയതല്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഡീസല്‍ ഉടന്‍ തീരുമെന്നാണ്. അങ്ങനെ സംഭവിക്കാന്‍ വഴിയില്ലെന്ന് ഡീസര്‍ അടിപ്പിച്ചവരായ അവര്‍ പറയുന്നുണ്ടെങ്കിലും സംഗതി സത്യമാണ്. ഇനി കഷ്ടിച്ച് അഞ്ച് കിലോമീറ്റര്‍ പോകാനുള്ള ഡീസലേ ബാക്കിയുള്ളു! ഇതെങ്ങനെ സംഭവിച്ചു എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. പക്ഷേ, ഔട്ട്ബായ്ക്കിലേക്കുള്ള യാത്രക്കാര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന ഒന്നാം പ്രമാണം തന്നെ ഞങ്ങള്‍ക്കു തെറ്റിയിരിക്കുന്നു- ഇന്ധനം ശ്രദ്ധിച്ചില്ല. 90 കി.മീ അപ്പുറത്ത് കൂബര്‍ പീഡിയിലാണ് അടുത്ത ഡീസല്‍ സ്‌റ്റേഷന്‍. കുട്ടികള്‍ ആറ്. രാത്രി അടുത്തെത്തി. ഒരു വാഹനം പ്രത്യക്ഷപ്പെട്ടിട്ടുവേണ്ടേ സഹായം തേടാന്‍. അല്ലെങ്കിലും 180-200 കി.മീ വേഗതയില്‍ ചീറിപ്പാഞ്ഞുവരുന്ന ഏതു വാഹനമാണ് ഞങ്ങളുടെ ഉയര്‍ത്തിയ കൈ കണ്ട് നിര്‍ത്തുക? അതുകൊണ്ട് വണ്ടി ഒതുക്കിയിടാന്‍ ഒരിടം കിട്ടുന്നതുവരെ മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ആകെ മ്‌ളാനത.  പൊലീസിനെ വിളിക്കുകയേ വഴിയുള്ളൂ എന്ന് ഏതാണ്ട് ഉറപ്പായി. അങ്ങനെ ഞങ്ങള്‍ ഉരുണ്ടുരുണ്ട് പോകുമ്പോളിതാ ഒരു റെസ്റ്റ് ഏരിയയുടെ ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നു! തൊട്ടപ്പുറത്താണതുള്ളത്. വണ്ടി ഒതുക്കാനൊരിടമായി! ഞങ്ങള്‍ അതിലേക്ക് ഉരുണ്ടുകയറി. അപ്പോളതാ അതിന്റെയൊരു കോണില്‍ ഒരു കാരവന്‍ പാര്‍ക്ക് ചെയ്തു കിടക്കുന്നു! ആളനക്കമൊന്നുമില്ല. പക്ഷേ, ഇതാ ചീറിപ്പായാത്ത ഒരു വാഹനം! മനുഷ്യസാന്നിദ്ധ്യം! എല്ലാവരുടേയും മുഖങ്ങള്‍ അല്‍പ്പം തെളിഞ്ഞു. ഇനിയെന്ത്? സജിയും സന്തോഷും ഒന്നിച്ചുപറഞ്ഞു: കാരവന്റെ വാതിലില്‍ മുട്ടുക, അത്രതന്നെ. ചിലപ്പോള്‍ തോക്കുമായിട്ടായിരിക്കും ഉടമ വാതില്‍ തുറക്കുക. നമ്മള്‍ ഉടന്‍ കയ്യുയര്‍ത്തിപ്പിടിക്കും. അത്രതന്നെ. ഞങ്ങളുടെ നിരുപദ്രവ ഭാവം വിളിച്ചോതാനായി സിബി, സോണി എന്ന രണ്ട് വനിതകളേയും ആറ് കുട്ടികളേയും വാതിലില്‍ മുട്ടുന്നവരുടെ പിന്നില്‍ അണിനിരത്തി ഞാന്‍ ധൈര്യപൂര്‍വം അകലേക്ക് മാറി നിന്നു. വാതിലില്‍  മുട്ടി. അതു തുറന്നു. ഉദ്ദേശ്യം 80 വയസ്സുള്ള ഒരു വല്യപ്പച്ചന്‍ പുറത്തേക്കു തലയിട്ടു. ഞങ്ങളുടെ സംഘത്തെ ആകമാനമൊന്നു നോക്കി. തോക്കുണ്ടെങ്കില്‍ അതെടുത്തില്ല. ഒന്നു പുഞ്ചിരിച്ചു. പുറത്തേക്കിറങ്ങി. ആസ്‌ട്രേലിയക്കാരുടെ ദേശീയ വസ്ത്രമെന്നു പറയാവുന്ന ബെര്‍മൂഡയും കയ്യില്ലാത്ത ബനിയനുമാണ് വേഷം. ''ഹൈ', വല്യപ്പച്ചന്‍ പറഞ്ഞു. ''ഹൈ' എല്ലാവരും പറഞ്ഞു. അദ്ദേഹം എല്ലാവരേയും ഒന്നുകൂടി നോക്കി എന്നിട്ട് ചോദിച്ചു: ''ഫ്യുവല്‍ തീര്‍ന്നുപോയി, ഇല്ലേ?' ''അതെ' ഞങ്ങള്‍ പറഞ്ഞു. ''ഇന്ത്യാക്കാരാണല്ലൊ, അല്ലേ?' അദ്ദേഹം ചോദിച്ചു. ഞങ്ങള്‍ അദ്ഭുതസ്തബ്ധരായി എന്നുതന്നെ പറയണം. തുടര്‍ന്ന് അദ്ദേഹം അത്യാവശ്യം നീണ്ട ഒരു പ്രസംഗം പറഞ്ഞു. അതിന്റെ ചുരുക്കമിതായിരുന്നു. അദ്ദേഹം ആസ്‌ട്രേലിയ ഉടനീളം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നവനാണ്. ഈ കാരവനാണ് അദ്ദേഹത്തിന്റെ വീട്. (ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സുന്ദരി അഥവാ സുന്ദരനായ നായ ഇറങ്ങിവന്ന് ഞങ്ങളെല്ലാവരുമായി പരിചയപ്പെട്ടു). ഇന്നിവിടെയാണെങ്കില്‍ നാളെ മറ്റെവിടെയെങ്കിലുമായിരിക്കും. റിട്ടയര്‍ ചെയ്ത പിന്നാലെ കഴിഞ്ഞ പത്തുകൊല്ലമായി ഈ കാരവന്‍ വാങ്ങി യാത്ര തുടങ്ങിയതാണ്. അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ട്. ഇതിന്റെ രഹസ്യം ഞങ്ങള്‍ വെളിപ്പെടുത്തുക.   അദ്ദേഹത്തിന്റെ ചുറ്റിക്കറങ്ങലുകള്‍ക്കിടയില്‍ ഒരു അന്‍പതു തവണയെങ്കിലും ഞങ്ങളെപ്പോലെ ഡീസല്‍ തീര്‍ന്നുപോയവര്‍ സഹായത്തിനു വന്നിട്ടുണ്ട്. ഒട്ടുമുക്കാലും ഇന്ത്യക്കാര്‍! എന്താണിതിന്റെ രഹസ്യം!


ഞങ്ങള്‍ക്ക് ഉത്തരമൊന്നും പറയാനില്ലായിരുന്നതുകൊണ്ട് വളരെ അദ്ഭുതമായിരിക്കുന്നു എന്നു മാത്രം ഞങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഒരു ക്‌ളാസെ്‌സടുത്തു. ഇന്ധനത്തെപ്പറ്റി ശ്രദ്ധയില്ലാതെ ആസ്‌ട്രേലിയന്‍ ഔട്ട്ബായ്ക്കിലേക്കു പോകുന്നതിന്റെ ആപത്തുകള്‍, ദുരന്തങ്ങള്‍ സംഭവിച്ചതിന്റെ കഥകള്‍, സ്വന്തം ദേശംവിട്ട് പരദേശത്ത് താമസിക്കുമ്പോള്‍ സൂക്ഷിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍. ഓരോ വാക്കും ഞങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍. ഞങ്ങള്‍ മനസ്താപം പ്രകടിപ്പിച്ചുകൊണ്ട് അതു മുഴുവന്‍ കേട്ടു. അവസാനം അദ്ദേഹം ചോദിച്ചു: ''എത്ര ലിറ്റര്‍ ഡീസല്‍ വേണം?' ഞങ്ങള്‍ ആവശ്യം പറഞ്ഞു. ''എത്ര ഡോളറിനാണ് നിങ്ങള്‍ അഡലൈഡില്‍ ഇന്ന് ഡീസല്‍ വാങ്ങിയത്?' ഞങ്ങള്‍ തുക പറഞ്ഞു. അദ്ദേഹം പറഞ്ഞു: ''മക്കളേ, ഞാന്‍ ഡീസല്‍ തരാം. പക്ഷേ, ഞാന്‍ നിങ്ങളോട് ഇരട്ടി വില ചാര്‍ജ് ചെയ്യും. എനിക്കാ പണം ആവശ്യമായിട്ടല്ല. പക്ഷേ, നിങ്ങളിതു മറക്കാതിരിക്കാന്‍. കുട്ടികളേയും കൊണ്ട് യാത്രപോകുമ്പോള്‍ ഒരിക്കലും ഇങ്ങനെ സംഭവിക്കാന്‍ പാടില്ല.' വല്യപ്പച്ചന്‍ ഡീസല്‍ ഒഴിച്ചുതന്നു. അദ്ദേഹം ഞങ്ങള്‍ കൊടുത്ത പൈസ എണ്ണിനോക്കി നായയെ ഏല്‍പ്പിച്ചു. അവന്‍ അഥവാ അവള്‍ അതു കടിച്ചുപിടിച്ചുകൊണ്ട് കാരവനിലേക്കു നടന്നുമറഞ്ഞു. ഞങ്ങള്‍ വല്യപ്പച്ചനെ കെട്ടിപ്പുണര്‍ന്നതിനുശേഷം നീണ്ട ഒരു ദീര്‍ഘശ്വാസം വിട്ടുകൊണ്ട് തിരികെ വണ്ടിയില്‍ കയറി.
നേരേ കൂബര്‍ പീഡിയിലേക്ക്. കൂബര്‍ പീഡി ആദ്യം സൂചിപ്പിച്ചതുപോലെ ഒരു ഖനി ടൗണാണ്. ഓപ്പല്‍ രത്‌നക്കല്ലിന്റെ ലോകത്തിലെ ഏറ്റവും വലിയ  ഉല്‍പ്പാദന കേന്ദ്രമായാണ് കൂബര്‍ പീഡി മേഖല അറിയപ്പെടുന്നത്. പക്ഷേ, കൂബര്‍ പീഡി ടൗണിന്റെ അതിശയം മറ്റൊന്നാണ്. അതിന്റെ നല്ല പങ്കും, സ്‌കൂളുകളും പള്ളിയും വീടുകളും തിയേറ്ററും കടകളുമടക്കം, ഭൂമിക്കടിയിലാണ്. ചുറ്റിനടക്കുമ്പോള്‍ നാം കാണുക വീടുകള്‍ക്കു പകരം വലിയ മണ്‍കൂനകളും അവയ്ക്കു മീതെ പൊങ്ങിനില്‍ക്കുന്ന കുറേ കുഴലുകളുമാണ്. കൂനയുടെ അടിഭാഗത്തേക്ക് റോഡില്‍നിന്നു വെട്ടിയിറക്കിയിരിക്കുന്ന നടപ്പാത ചെന്നുചേരുന്നയിടമാണ് വാതില്‍. അതിലൂടെ ഉള്ളിലേക്കു കടന്നാല്‍ വീട് അഥവാ കട അഥവാ തിയേറ്റര്‍. ഇങ്ങനെയൊരു അസാധാരണ ജീവിതശൈലി ഉണ്ടാകാനുള്ള കാരണം കൂബര്‍ പീഡിയിലെ കാലാവസ്ഥയാണ്. ഔട്ട് ബായ്ക്കില്‍ വേനല്‍ക്കാലത്തു ചൂട് അറുപത് ഡിഗ്രി കടക്കും. തണുപ്പുകാലം അതുപോലെ തന്നെ ഭീകരം. കൂബര്‍ പീഡിയില്‍ ഓപ്പല്‍ ഖനനം തുടങ്ങുന്ന 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ എയര്‍ കണ്ടീഷനിംഗ് സാധാരണമല്ലായിരുന്നു; അവിടത്തെ ഭാഗ്യാന്വേഷികള്‍ക്ക് അതിനുള്ള പണവുമില്ലായിരുന്നു. അങ്ങനെയാണ് രത്‌നക്കല്ലിനുവേണ്ടി ഭൂമി തുരക്കുന്ന അതേ വിദ്യ ഉപയോഗിച്ച് അവര്‍ ജീവിതം ഭൂമിക്കടിയിലേക്കു മാറ്റിയത്. അത് ഇന്നും തുടരുന്നു. ഇപ്പോള്‍ ഭൂമിക്കു മുകളില്‍ കടകളും വീടുകളും ഉണ്ടായിവരുന്നുണ്ട്. പക്ഷേ, ഭൂമിക്കടിയിലെ ജീവിതത്തിന്റെ സുഖം മറ്റൊന്നാണെന്നു ഞങ്ങള്‍ തന്നെ കണ്ടുപിടിച്ചു. കാരണം ഞങ്ങള്‍ താമസിച്ച കംഫര്‍ട്ട് ഇന്‍ മോട്ടല്‍ ഒരു പഴയ ഖനി ഹോട്ടലായി പരിഷ്‌കരിച്ചെടുത്തതാണ് ഭൂമിക്കടിയിലുള്ള ജീവിതം മുകളിലത്തേതിനെക്കാള്‍ എന്തോ ഒരു പ്രത്യേക സ്വസ്ഥതയുള്ളതും ഊര്‍ജം തരുന്നതുമായി തോന്നി. ഞങ്ങള്‍ കിടന്ന മുറികളുടെ ഭിത്തിയില്‍ ഓപ്പല്‍ കല്ലുകള്‍ അങ്ങനെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഇതുവരെ ആരും അവ അടിച്ചുമാറ്റിയിട്ടില്ലെന്ന് മോട്ടല്‍ ഉടമസ്ഥ ഡെബ്ബി ക്‌ളീ പറഞ്ഞു. ഡെബ്ബിയുടേത് ഒരു ഭാഗ്യചരിത്രമാണ്. അഡലൈഡില്‍നിന്നു പറിഞ്ഞുപോന്ന് അന്നൊരു കുഗ്രാമസമാനമായിരുന്ന- ഇന്നും ഏതാണ്ടങ്ങനെ തന്നെ- കൂബര്‍ പീഡിയിലെത്തി ഈ ഉപേക്ഷിക്കപ്പെട്ട ഖനി നിസ്സാര വിലയ്ക്കു വാങ്ങി ഒരു ഗോസ്പല്‍ കേന്ദ്രം തുടങ്ങുമ്പോള്‍ ഇത്തരമൊരു ഭാവി മനസ്സിലില്ലായിരുന്നു. പിന്നെയാണ് ഒരു ചെറിയ മോട്ടലിന്റെ ആശയമുണ്ടായത്. അതിനു പുതിയ മുറികള്‍ ഉണ്ടാക്കാനായി കുഴിച്ചുചെല്ലുമ്പോള്‍- ഹല്ലേലൂയാ!- ഉപേക്ഷിച്ചുപോയ ഖനിയില്‍ ഇതാ ഒരു അമൂല്യ ഓപ്പല്‍ ശേഖരം! രണ്ടു ലക്ഷത്തിയെമ്പതിനായിരം ഡോളര്‍- ഏതാണ്ട് 20 കോടി രൂപ- വിലമതിക്കുന്ന, ചരിത്രാതീതകാലത്തെ ശംഖുകള്‍ ഓപ്പലായി മാറിയ, ഒരു നിക്ഷേപമാണ് ഡെബ്ബിക്കു ലഭിച്ചത്! ഡെബ്ബിയുടെ മോട്ടല്‍ വളര്‍ന്നു. കൂബര്‍ പീഡി വളര്‍ന്നു അവര്‍ കംഫര്‍ട്ട് ഇന്നിന്റെ ഫ്രാഞ്ചൈസിയായി. ഇപ്പോള്‍ വളരെ നേരത്തെ ബുക്ക് ചെയ്തില്ലെങ്കില്‍ ഡെബ്ബിയുടെ മോട്ടലില്‍ മുറി കിട്ടുക പ്രയാസം. അവരും മകളും വിരലിലെണ്ണാവുന്ന ജോലിക്കാരും ചേര്‍ന്നാണ് എല്ലാ പണികളും ചെയ്യുന്നത്. വന്‍ മഴ തുടര്‍ച്ചയായി പെയ്താല്‍ ചില മുറികളില്‍ ചോര്‍ച്ചയുണ്ടാവും. എന്നതൊഴികെ ഒരു പ്രശ്‌നവുമില്ല. മോട്ടലില്‍ തന്നെയുള്ള ഡെബ്ബിയുടെ കടയില്‍നിന്നു സ്ത്രീജനങ്ങള്‍ ഓപ്പല്‍ കല്ലുകളും മാലകളും മേടിച്ചു. ഞങ്ങളെത്തുന്നതിന്റെ തലേ ആഴ്ച പക്ഷേ, ഡബ്ബിക്ക് ഒരു വലിയ ദുരന്തം സംഭവിച്ചു. നാല് ലക്ഷം ഡോളര്‍ വിലമതിക്കുന്ന ഓപ്പലുകളും സ്വര്‍ണ്ണാഭരണങ്ങളും ശംഖ് രത്‌നങ്ങളടക്കം മോഷ്ടിക്കപ്പെട്ടു. പക്ഷേ, രണ്ടു ദിവസത്തിനകം മോഷ്ടാക്കളെ കണ്ടുപിടിച്ചു. മോഷ്ടിക്കപ്പെട്ട വകയില്‍ ഭൂരിഭാഗവും തിരിച്ചുകിട്ടി- ഹാല്ലേലൂയ! ബാക്കിയും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഡെബ്ബി. അവരുടെ മനക്കരുത്ത് ഞങ്ങള്‍ ശ്രദ്ധിച്ചു. നാലു ലക്ഷം ഡോളറിന്റെ രത്‌നവും സ്വര്‍ണ്ണവും മോഷണം പോയതിനെപ്പറ്റി അവര്‍ സംസാരിക്കുന്നത് അനുകമ്പ ആവശ്യപ്പെട്ടുകൊണ്ടോ ദുഃഖം പങ്കുവയ്ക്കാനോ അല്ല. അതിഥികളോട് നാട്ടുവര്‍ത്തമാനം പറയുന്നതിന്റെ ഭാഗം മാത്രം. 
കൂബര്‍ പീഡിയെ സമീപിക്കുമ്പോള്‍ പാതയ്ക്കിരുവശവും ചക്രവാളത്തിലേക്ക് അകന്നുപോകുന്ന അനേകായിരം മണ്‍കൂനകള്‍ കാണാം. അവയെല്ലാം ഓപ്പലിനുവേണ്ടി തുരന്നു മണ്ണരിച്ചതിന്റെ അവശിഷ്ടങ്ങളാണ്. ഖനനം നടത്തുന്നവരില്‍ ഭാഗ്യവാന്മാരുമുണ്ട്, വെറും കയ്യോടെ മടങ്ങുന്നവരുമുണ്ട്. ഖനന മേഖലയിലൂടെ വഴികാട്ടികളില്ലാത്ത നടത്തം ആപത്താണ്. കാരണം ഏതെങ്കിലുമൊരു ഷാഫ്ടിലേക്ക് വീണാല്‍ കാര്യം കഷ്ടമാണ്. ഞാന്‍ മനസ്സിലാക്കുന്നതനുസരിച്ച് ഏതാണ്ട് രണ്ടരക്കോടി രൂപയുണ്ടെങ്കില്‍ നമുക്കും അവിടെ ഒരു ലോട്ട് ലീസിനെടുത്ത് തുരപ്പന്‍ യന്ത്രവുമായി ഖനനം തുടങ്ങാം. (പണ്ട് മണ്‍വെട്ടിയും പിക്കാക്‌സുമായാണ് കുഴിച്ചിരുന്നത്) ഒരുപക്ഷേ, ഇപ്പോള്‍ത്തന്നെ അവിടെ ഖനനം നടത്തുന്ന മലയാളികളില്ലെന്നാരറിഞ്ഞു! കൂബര്‍ പീഡിയില്‍ മലയാളികളില്ലെന്നായിരുന്നു സജിയുടെയും മറ്റും അറിവ്. ഞങ്ങളുടെ കണ്ണിലാരും പെട്ടില്ല. ഒരുപക്ഷേ, മലയാളികള്‍ ചെന്നെത്താത്ത ലോകത്തിലെ അപൂര്‍വം ഇടങ്ങളിലൊന്നായിരിക്കാം കൂബര്‍ പീഡി. ഇവിടുത്തെ ആകെ ജനസംഖ്യയായ 3500-ല്‍ 45 രാജ്യങ്ങളില്‍നിന്നുള്ള ആളുകളുണ്ടത്രെ. അതിലൊന്ന് നമ്മളല്ലാത്തത് കഷ്ടം തന്നെ എന്നല്ലാതെ എന്തു പറയാന്‍!
കൂബര്‍ പീഡി ഒരു ആദിവാസി പദമാണ്. അതിന്റെ അര്‍ത്ഥം ''കുഴിയിലിരിക്കുന്ന വെളുത്ത മനുഷ്യന്‍' എന്നാണ്. വെള്ളക്കാര്‍ വന്നു കുഴിക്കാനും കുഴികളില്‍ ജീവിക്കാനും തുടങ്ങിയപ്പോള്‍ ആദിവാസികളുടെ നര്‍മ്മബോധം സൃഷ്ടിച്ച പേര്. ഭൂമിയുടെ അറ്റത്തെത്തിയ ഒരു പ്രതീതിയാണ് കൂബര്‍ പീഡിയിലെ തട്ടിക്കൂട്ടിയ കടകളും വിജനമായ തെരുവുകളും ചരല്‍മണ്ണ് നിറഞ്ഞ വഴിയോരങ്ങളും വരണ്ട ഭൂമിയും നമുക്കു നല്‍കുന്നത്. പക്ഷേ, അത് രസകരമായ ഒരു അനുഭവമാണ്. ഹോളിവുഡിലെ പഴയ വെസ്‌റ്റേണ്‍ ചിത്രങ്ങളുടെ സെറ്റില്‍ ചെന്ന പ്രതീതി. 


കൂബര്‍ പീഡിയില്‍ തന്നെയാണ് മുതലപിടിത്തക്കാരനെന്നും സാഹസികനെന്നും ദുര്‍മാര്‍ഗിയെന്നും തോന്ന്യാസിയെന്നും ലോകപ്രശസ്തനായ ക്രോക്കഡൈല്‍ ഹാരിയുടെ തോന്ന്യാസശൈലിയില്‍ പണിത ഭൂഗര്‍ഭവീട്. അതുപോലെ തന്നെ, ലോകത്തിലെ ഏറ്റവും വലിയ പശുവളര്‍ത്തല്‍ കേന്ദ്രം, അന്ന ക്രീക്ക് സ്‌റ്റേഷന്‍, കൂബര്‍ പീഡിയ്ക്കടുത്താണ്. അറുപത് ലക്ഷം ഏക്കര്‍- ഇസ്രയേലിനെക്കാള്‍ അല്‍പ്പം കൂടുതല്‍ വിസ്തൃതി. ഇവിടെയൊന്നും  പോകാനുള്ള സമയം ഞങ്ങള്‍ക്കില്ലായിരുന്നു. കാരണം ഉലുരുവിലെത്തും മുന്‍പു സന്ദര്‍ശിക്കേണ്ട കിംഗ്‌സ് കാന്യണ്‍ അഥവാ വാട്ടാര്‍ക്കാ നാഷണല്‍ പാര്‍ക്കിലേക്ക് 750 ഓളം കി.മീ ആണ് ദൂരം. ഞങ്ങള്‍ രാവിലെ തന്നെ അങ്ങോട്ട് പുറപ്പെട്ടു. വീണ്ടും കുറ്റിക്കാടുകള്‍, കുറ്റിപ്പുല്ല്, ഒരു ചെറുമരം പോലും തലയുയര്‍ത്താത്ത പരപ്പുകള്‍, വളവോ പുളവോ കയറ്റമോ ഇറക്കമോ ഇല്ലാതെ കാഴ്ചയ്ക്കപ്പുറത്തേക്കു നീളുന്ന പാത. വീണ്ടും വഴിയരുകില്‍ കാംഗരുവിന്റേയും കുറ്റിക്കാട്ടില്‍ ജീവിക്കുന്ന ചെറുജന്തുക്കളുടേയും മൃതദേഹങ്ങള്‍. മേഘമില്ലാത്ത ആകാശം. ജീവനില്ലാത്ത പ്രകൃതി. ഞങ്ങളുടെ കുതിച്ചുപായുന്ന നാല് ചക്രങ്ങളല്ലാതെ മറ്റൊരു വണ്ടിച്ചക്രം പ്രത്യക്ഷപ്പെടുന്നത് മണിക്കൂറുകള്‍ക്കു ശേഷമാണ്. ചിലയിടങ്ങളില്‍ പാതയ്ക്കപ്പുറത്ത് ആള്‍പ്പൊക്കത്തിലുള്ള ഒരു കമ്പിവേലി പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്യുന്നു.
ആസ്‌ട്രേലിയയുടെ- ചൈനയുടെ പോലുള്ള- 'വന്‍മതില്‍' എന്നു പരിഹസിക്കപ്പെടുന്ന 'മുയല്‍വേലി'യാണത്. ആസ്‌ട്രേലിയയില്‍ മുയലില്ലായിരുന്നു. 1788-ല്‍ കുടിയേറ്റക്കാര്‍ അതിനെ ഇറച്ചിക്കുവേണ്ടി ഇറക്കുമതി ചെയ്ത് വളര്‍ത്തിയതു കൂടുകളിലും വേലികള്‍ക്കുള്ളിലുമായിരുന്നു. പക്ഷേ, 1859-ല്‍ തോമസ് ഓസ്റ്റിന്‍ എന്നൊരാള്‍ 24 മുയലുകളെ ഒരു രസത്തിനു പുറത്തഴിച്ചുവിട്ടത്രെ. അത്രതന്നെ. അവ പെരുകാന്‍ തുടങ്ങി. വമ്പിച്ച തോതില്‍ കൃഷിനാശമുണ്ടായിത്തുടങ്ങി. 1887- ആയപ്പോഴേയ്ക്കും 20 ലക്ഷം മുയലുകളെ വെടിവച്ചും മറ്റു രീതികളിലും കൊന്നിട്ടും കൃഷിക്കാരുടെ അവസ്ഥ കഷ്ടത്തിലായിരുന്നു. അങ്ങനെ വെസ്‌റ്റേണ്‍ ആസ്‌ട്രേലിയ പ്രവിശ്യ മുയലുകളില്‍നിന്നു രക്ഷനേടാന്‍ 1900-കളില്‍ പണിചെയ്ത 3256 കി.മീ നീളമുള്ള വേലിയാണ് 'മുയല്‍ വേലി'- ലോകത്തിലെ ഏറ്റവും നീളമുള്ള വേലിയാണത്രേ അത്. ഇന്നതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. മുയലുകളുടെ ജനസംഖ്യാനിയന്ത്രണം നടത്തുന്നത് ഏതോ വൈറസിനെ തുറന്നുവിട്ടാണത്രേ. 


ഉച്ചകഴിഞ്ഞ് 3.15 ആയപ്പോള്‍ ഞങ്ങള്‍ എര്‍ള്‍ഡുണ്ടോ എന്ന കവലയിലെത്തി. പൊള്ളുന്ന ചൂട്. ഇവിടെനിന്നും ഇടത്തേക്കു പിരിയുന്ന പാതയാണ് ഉലുരുവിലേക്കും കിംഗ്‌സ് കാന്യണിലേക്കും പോകുന്നത്. നേരേ പോയാല്‍ ആലീസ് സ്പ്രിംഗ്‌സ് എന്ന നോര്‍ത്തേണ്‍ ടെറിട്ടറിയിലെ രണ്ടാമത്തെ വലിയ ടൗണില്‍ ചെന്നുചേരും (ജനസംഖ്യ 24000). ഭൂമിയുടേയും ആസ്‌ട്രേലിയയുടേയും ഈ അങ്ങേയറ്റത്ത്,  മഹാവിജനതയുടെ നടുവില്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും, 150- ഓളം മലയാളി നഴ്‌സുമാരും അവരുടെ കുടുംബങ്ങളും ജീവിക്കുന്നു. അവിടെ പോകാനും ഞങ്ങളെ സമയം അനുവദിച്ചില്ല. ആലീസ് സ്പ്രിംഗ്‌സില്‍നിന്ന് സ്റ്റുവാര്‍ട്ട് ഹൈവേ ഭൂഖണ്ഡത്തിന്റെ വടക്കേ തീരത്തേക്കു നീണ്ട് ഡാര്‍വിന്‍ നഗരത്തില്‍ അവസാനിക്കുന്നു. (ജനസംഖ്യ 74000) പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ തന്നെയാണ് ഈ നഗരത്തിന്റെ പേരുകാരന്‍. ഡാര്‍വിന്‍ തന്റെ പഠനയാത്ര നടത്തിയ 'ബീഗിള്‍' എന്ന കപ്പലിന്റെ ക്യാപ്റ്റന്റെ മറ്റൊരു യാത്രയില്‍ അദ്ദേഹമാണ് ഈ തുറമുഖം കണ്ടെത്തിയത്. തന്റെ പ്രശസ്തനായ മുന്‍ യാത്രക്കാരന്റെ പേര് അദ്ദേഹം അതിനു നല്‍കി. 
ഞങ്ങള്‍ ഹൈവേയോട് വിടപറഞ്ഞ് ഇടത്തേക്കു തിരിഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ കുറ്റിക്കാടുകള്‍ മാഞ്ഞു ചെറുമരങ്ങള്‍ കണ്ടുതുടങ്ങി. ഇതു ദൈനോസര്‍ നാടാണ്. കോടാനുകോടി വര്‍ഷങ്ങള്‍ മുന്‍പ് അവയുടെ മേല്‍ പ്രകാശിച്ച അതേ സൂര്യന്‍ ഇതാ ഞങ്ങളുടെ മേല്‍ അന്തിവെയില്‍ പരത്തുന്നു. എന്തെല്ലാമാണ് സൂര്യന്  ഒരായുസ്സില്‍ കാണേണ്ടി വരുന്നത്! കുറച്ചു കഴിഞ്ഞപ്പോള്‍ വലതുവശത്ത് പരന്ന തലപ്പുകളുള്ള മലനിരകള്‍ കണ്ടുതുടങ്ങി. താമസിയാതെ പാതയില്‍നിന്നു ഞങ്ങള്‍ വലത്തേക്കു തിരിഞ്ഞു. ആ മലകള്‍ക്കിടയിലോ അപ്പുറത്തോ ആണ് ഞങ്ങള്‍ എത്തേണ്ട വാട്ടാര്‍ക്കാ നാഷണല്‍ പാര്‍ക്ക്. സൂര്യന്‍ ചക്രവാളത്തിന്റെ ഏറ്റവും താണ പടിക്കെട്ടില്‍ മുട്ടുന്നു. പകല്‍വെളിച്ചം മാഞ്ഞു. ഞങ്ങള്‍ കിംഗ്‌സ് കാന്യണിലെ റിസോര്‍ട്ടിലെത്തിയപ്പോള്‍ ഏതാണ്ട് 8 മണിയായി. വണ്ടിയില്‍നിന്നു പുറത്തിറങ്ങിയപ്പോഴാണ് സജി ആലോചനാപൂര്‍വം വാങ്ങിത്തന്ന മുഖംമൂടുന്ന വലയുടെ അമൂല്യമായ ഉപയോഗം മനസ്സിലായത്. ചെറിയ, ചാരനിറത്തിലുള്ള ഈച്ചകളുടെ ഒരു പട മുഖം പൊതിഞ്ഞു. കടിയോ കുത്തോ രക്തം കുടിയോ ഇല്ല. ചുണ്ടുകളും കണ്ണുകളും ചെവികളുമാണ് അവയുടെ ഇഷ്ടസ്ഥാനങ്ങള്‍. അവിടെയെല്ലാം നൂറുകണക്കിന് ഈച്ചകള്‍ വന്നുകൂടി സമ്മേളനം നടത്തുന്നത് ആലോചിച്ചു നോക്കൂ. അതിലും ഭീകരം ഒരു തുറന്ന സ്ഥലത്തുവച്ച് കുടിക്കാന്‍ വെള്ളമോ കഴിക്കാന്‍ ഭക്ഷണമോ പുറത്തെടുക്കാന്‍ സാധ്യമല്ല എന്നതാണ്. വെള്ളത്തിന്റെ ഗഌസ്സും ഭക്ഷണവും പേ്‌ളറ്റുമെല്ലാം അവ ഒരു പാടപോലെ പൊതിയുന്നു. 'ബുഷ് ഫൈ്‌ള' എന്നാണിതിന്റെ ആസ്‌ട്രേലിയന്‍ പേര്. ഔട്ട് ബായ്ക്കിന്റെ ഒട്ടുമുക്കാലിടങ്ങളിലും ഇവയുണ്ട്. ഒരു മഴ പെയ്താല്‍ ഇവയുടെ എണ്ണം ദുസ്‌സഹമായി വര്‍ദ്ധിക്കുന്നു. ഞങ്ങള്‍ മുഖവലകള്‍ അണിഞ്ഞു. അവ പിടിപ്പിക്കാന്‍ ഒരു തൊപ്പി വേണം എന്നുമാത്രം. പരദേശി ഭക്ഷണം കഴിച്ച് എല്ലാവരും മടുത്തിരുന്നു. സിബിയും സോണിയും ചേര്‍ന്ന് റിസോര്‍ട്ടിന്റെ അടുക്കളയില്‍ ചോറുവച്ചു. അച്ചാറുകളും കാച്ചിയ മോരും പ്രയോഗിച്ചു. മൃഷ്ടാന്ന ഭക്ഷണം. ഒന്നാന്തരം കാലാവസ്ഥ.
രാവിലെ എട്ടുമണിക്കു ഞങ്ങള്‍ കിംഗ്‌സ് കാന്യണിലൂടെയുള്ള നടപ്പിനു പുറപ്പെട്ടു. ആസ്‌ട്രേലിയയിലെ ഏറ്റവും സുന്ദരമായ പ്രകൃതിയാത്രകളിലൊന്നാണിത്. Strenuous-ആയാസപൂര്‍ണം- എന്നാണ് ലോണ്‍ലിപ്‌ളാനറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. 400 അടിയോളം താഴ്ചയുള്ള മലമടക്കിലാണ് ഗര്‍ത്തം അഥവാ കാന്യണ്‍ സ്ഥിതിചെയ്യുന്നത്.  ചെങ്കല്ലിന്റെ ആഴങ്ങളുടെ ഒരു സാമ്രാജ്യം. ആറ് കിലോമീറ്റര്‍ പിടിച്ചുകയറിയും പിടിച്ചിറങ്ങിയും നടന്നാല്‍ മലമടക്കിന്റെ ഒരു വിളുമ്പു വഴിപോയി, ഗര്‍ത്തം കുറുകെ കടന്ന്, അപ്പുറത്തെ വിളുമ്പുവഴി തിരിച്ചെത്തും. നാലുമണിക്കൂറാണ് പാര്‍ക്കില്‍ എഴുതിവച്ചിരിക്കുന്ന നടപ്പു സമയം. പക്ഷേ, 5-6 മണിക്കൂറിനുള്ള തയ്യാറെടുപ്പായിരിക്കും ഉചിതം. പ്രത്യേകിച്ചും വെള്ളത്തിന്റെ കാര്യത്തില്‍. റിസോര്‍ട്ടില്‍നിന്ന് ഒരു സമതലം കുറുകെ കടന്നു കാന്യണിന്റെ മേല്‍വക്കിലേക്കു കുത്തനെയുള്ള ഒരു നീണ്ടപടിക്കെട്ട് കയറിപ്പോകണം. ആ കയറ്റം ഒരു രുചിനോക്കല്‍ മാത്രമാണ്- അടിയൊന്നുമായിട്ടില്ല വടി വെട്ടാന്‍ പോയതേയുള്ളു. അവിടെനിന്നു ഗര്‍ത്തത്തിന്റെ ഓരത്തുകൂടിയുള്ള യാത്ര തുടങ്ങുകയാണ്. ഓരം പരന്നുകിടക്കുന്ന ഒരു വഴിയായിരിക്കും എന്നു നാം ചിന്തിച്ചാല്‍ തെറ്റ്. അതു മുഖ്യമായും പാറക്കെട്ടുകളുടേയും ഒറ്റപ്പാറകളുടേയും ഒരു പ്രപഞ്ചമാണ്. പാറകളെ കീഴടക്കുകയാണ് നടപ്പ് എന്നു വിളിക്കുന്ന പരിപാടി. വെയില്‍ കത്തിനില്‍ക്കുന്നു. ആണ്‍കുട്ടികളും സന്തോഷിന്റെ മൂത്തമകളും ആട്ടിന്‍ക്കുട്ടികളെപ്പോലെ പാറകളിലൂടെ പാഞ്ഞുപോയപ്പോള്‍ സന്തോഷിന്റെ കൊച്ചുമോള്‍ സാന്ദ്ര ആ വെല്ലുവിളിയില്‍ പരാജയപ്പെട്ടു. അവളെയും കൊണ്ട് തിരിച്ചുപോയാലോ എന്ന ആലോചനയുണ്ടായി. പക്ഷേ, സന്തോഷ് പിടിച്ചുനിന്നു. അവളെയും എടുത്തുകൊണ്ട് സന്തോഷ് നടത്തിയ ആ കാന്യണ്‍ പ്രയാണം അച്ഛന്മാരെപ്പറ്റിയുള്ള ഒരു ചരിത്രമുണ്ടെങ്കില്‍ അതില്‍ സ്വര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്. പലയിടത്തും ഗര്‍ത്തത്തിലേക്ക് നീണ്ടുനില്‍ക്കുന്ന കല്ലുകളുണ്ട്. ധൈര്യമുണ്ടെങ്കില്‍ കിടുകിടാ വിറച്ചുകൊണ്ടാണെങ്കിലും അവയില്‍ പോയിനിന്ന് താഴേക്കു നോക്കുകയും നമ്മുടെ ഫോട്ടോ എടുപ്പിക്കുകയും ചെയ്യാം. നമ്മെ പറത്തിക്കളയുന്ന കാറ്റിലാണ് നാം നില്‍ക്കുന്നത്. സൂക്ഷിച്ചില്ലെങ്കില്‍ ഫോട്ടോയില്‍ കാണുന്നതു മറ്റൊന്തൊക്കെയോ ദൗര്‍ഭാഗ്യകരമായ സംഗതികള്‍ ആയിരിക്കും എന്നുമാത്രം. 
പാറകളിലൂടെ നൂഴ്ന്നും അവയെ വലംവച്ചും അവയില്‍ പിടിച്ചുകയറിയും ഇറങ്ങിയും വിശ്രമിച്ചും വെള്ളം കുടിച്ചും നാം താമസിയാതെ ഗര്‍ത്തത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്ന ഇടത്തെത്തുന്നു. തട്ടുതട്ടായി നിര്‍മ്മിച്ചിരിക്കുന്ന ഒരു കോണിയിലൂടെ നാം നാന്നൂറടി താഴേക്ക്, ഇടയ്ക്കു നിന്നും കാഴ്ച കണ്ടും ഫോട്ടോയെടുത്തും ഇറങ്ങുന്നു. നമ്മള്‍ പ്രവേശിക്കുന്ന അടിത്തട്ടിനു നല്‍കിയിരിക്കുന്ന പേര് 'ഗാര്‍ഡന്‍ ഓഫ് ഏദന്‍' എന്നാണ്- ബൈബിളിലെ സൃഷ്ടി മിത്തില്‍ ആദവും ഹവ്വയും ദൈവത്തിന്റെ മേല്‍നോട്ടത്തില്‍ താമസിച്ചിരുന്നതായി വിവരിക്കുന്ന ഏദന്‍ തോപ്പ്. പെട്ടെന്നു ലോകം മാറുന്നു. മലയിടുക്കിനു മുകളിലെ ആകാശത്തിന്റെ നീണ്ട നീല നാടയ്ക്കു കീഴില്‍ വന്‍മരങ്ങള്‍ തണല്‍വിരിച്ച, കുളിര്‍മ്മ നിറഞ്ഞ, മൃദുവെളിച്ചം പാറുന്ന, നിശ്ശബ്ദത അലയടിക്കുന്ന, മിനുസമുള്ള പാറകളിലൂടെ ഒരു അരുവിയൊഴുകുന്ന ഒരു മാന്ത്രിക ലോകത്തിലാണ് നാം. ഇതിനു സമാനമായ ഒരനുഭവം എന്റെ യാത്രകളില്‍ എനിക്കോര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. മരങ്ങളും ചെടികളും മറ്റേതോ ലോകത്തിന്റെയാണ്. പാറകളുടെ ആകൃതിപോലും അസാധാരണങ്ങളാണ് (ഗര്‍ത്തത്തിലെ മരങ്ങളും ചെടികളും ചരിത്രാതീത കാലത്തിന്റെ അവശേഷിപ്പുകളാണെന്നു പിന്നീട് വായിച്ചു). അടിത്തട്ടിലൂടെ പല ദിശകളിലേക്കും വഴിത്താരകളുണ്ട്. അതിലൊന്നിലൂടെ സജിയും ഞാനും വെറുതെ നടന്നു. ഒരുവശത്തു മരച്ചുവടുകളേയും പാറകളേയും തൊട്ടുതടവി അരുവിയൊഴുകുന്നു. കരയില്‍ കാറ്റിലാടുന്ന മരങ്ങള്‍. മറ്റൊരുവശത്ത് ആകാശത്തിലേക്കുയരുന്ന ഗര്‍ത്തഭിത്തി. അങ്ങനെ കുറേ ദൂരം നടന്ന് ഒരു വളവ് തിരിഞ്ഞതും ഞങ്ങള്‍ ഇരുവരും ആരോ പിടിച്ചുനിര്‍ത്തിയതുപോലെ നിന്നു. അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു അത്. പാത അവസാനിച്ചത് തൂങ്ങിനില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കു കീഴിലെ നിഴലുകളില്‍ എന്തോ പ്രകാശം കൈക്കൊണ്ട് നീലനിറത്തില്‍ തെളിയുന്ന, ഒരു അലപോലും ഇളകുന്നില്ലാത്ത, കണ്ണാടിപോലെ മാനം നോക്കുന്ന, വൃത്താകൃതിയിലുള്ള ഒരു ചെറുപാറക്കുളത്തിലാണ്. അവിടത്തെ വെളിച്ചം എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടുള്ള ഒന്നായിരുന്നില്ല. അത് സമയത്തിന്റെ പിടി അയഞ്ഞുപോയ, എവിടെനിന്നോ താഴ്ന്നിറങ്ങിയ ഒരു പ്രശാന്തി നിറഞ്ഞ ഒരു മൗനവെളിച്ചമായിരുന്നു. ഞങ്ങള്‍ക്ക് ആ കുളത്തിന്റെയടുത്തുചെന്ന് വെള്ളത്തിലൊന്നു തൊടാന്‍ പോലും ധൈര്യമുണ്ടായില്ല. സംസാരിക്കാന്‍ ശബ്ദം പൊന്തിയില്ല. പരസ്പരം ഒന്നു നോക്കിയിട്ട് ഞങ്ങള്‍ ഒരു പാറയില്‍ കുറേ സമയമിരുന്നു. അങ്ങോട്ട് കടന്നുചെന്ന രണ്ടുപേരല്ല അവിടെനിന്ന് മടങ്ങിവന്നത്. ഞങ്ങളെ എന്തോ പരിണമിപ്പിച്ചു എന്നു ഞങ്ങള്‍ക്കു മനസ്സിലായി. അത് ആദിവാസികളുടെ ആരാധനാസ്ഥലമാണ് എന്നു ഞങ്ങള്‍ പിന്നീട് കണ്ടുപിടിച്ചു. എനിക്ക് യാതൊരു അദ്ഭുതവും തോന്നിയില്ല. പ്രകൃതിതന്നെ അവര്‍ക്കുവേണ്ടി ഒരു ആത്മസ്ഥലം ഒരുക്കിയിരിക്കുന്നു! ഭൂമിയുടെ മറ്റൊരു കോണില്‍നിന്നു വന്ന ഞങ്ങള്‍ക്ക് അതിന്റെയുള്ളില്‍ പ്രവേശിക്കാനുള്ള ഒരു ക്ഷണം ആകസ്മികമായി കിട്ടിയെന്നു മാത്രം. ഞങ്ങളെ കാത്തുനിന്ന സംഘം ചോദിച്ചു: ''അവിടെ എന്തുണ്ടായിരുന്നു? എന്തു കണ്ടു?' ഞങ്ങള്‍ പറഞ്ഞു, ''ഓ, ഒരു കുളമുണ്ട്.' 
കാന്യണിന്റെ മുകളിലേക്കുള്ള കോണികയറ്റവും നടന്നു.  ഗര്‍ത്തത്തിന്റെ ഈ ഓരത്തെ പാറകള്‍ പരന്നുകിടക്കുന്നവയാണ്. തീരാത്ത പാറപ്പരപ്പുകള്‍. അതിലൂടെ നടന്നു നടന്ന്, തളര്‍ന്ന്, വിശന്ന് ഞങ്ങള്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തി. പക്ഷേ, വിശ്രമിക്കാന്‍ സമയമില്ല. സൂര്യാസ്തമയത്തിനു മുന്‍പ് ഉലുരുവിലെത്തിയെങ്കിലേ അന്നത്തെ അസ്തമയത്തിന്റെ വിശേഷങ്ങള്‍ കാണാനൊക്കൂ. ഭക്ഷണം കഴിച്ചു. വണ്ടിയില്‍ കയറി. ഞങ്ങളുടെ അന്തിമലക്ഷ്യമായ ഉലുരുവിനു നേരേ വണ്ടി പാഞ്ഞു. ഔട്ട് ബായ്ക്കിന്റെ കുറ്റിക്കാടുകളുടെ കടല്‍ വീണ്ടും ഞങ്ങളെ വലയം ചെയ്തു. മനുഷ്യന്റെ വേഗതകളെ അതിജീവിക്കാന്‍ ശേഷിയില്ലാത്ത നിരപരാധികളുടെ മൃതദേഹങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോഴുണ്ട് ഇടത്തെ ചക്രവാളത്തില്‍ നീണ്ടുനിവര്‍ന്ന് ഒരു മലയുയര്‍ന്നുവരുന്നു. ആശാരി പണിതതുപോലെ പരന്ന തലപ്പ്. ഔട്ട് ബായ്ക്കിന്റെ വിശാലതയില്‍ ഏതോ മഹാരാക്ഷസന്‍ ആയിരക്കണക്കിനടി ഉയരമുള്ള ഒരു നീണ്ട ഊണ്‍മേശ സ്ഥാപിച്ചതുപോലെയുണ്ട്. എല്ലാവരും അതിലേക്ക് കൈചൂണ്ടി പറഞ്ഞു: അതാ ഉലുരു! ഇത്ര വേഗമോ? സജി പറഞ്ഞു. നമ്മള്‍ ഉലുരുവില്‍ എത്താന്‍ സമയമായില്ലല്ലോ. 'ലോണ്‍ലി പ്‌ളാനറ്റ്' പരിശോധിച്ചപ്പോള്‍ ആ ആകാശമേശയുടെ വാസ്തവം മനസ്സിലായി. അത് മൗണ്ട് കോണ്ണര്‍ (Mount Conner) ആണ്. 984 അടി ഉയരവും കിലോമീറ്ററുകള്‍ നീളവുമുള്ള ഈ മലയെ ധാരാളം സന്ദര്‍ശകര്‍ ഉലുരുവായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഇത് ഉലുരുവിനെപ്പോലെ ഒരു മുഴുപ്പാറയല്ല. മുകള്‍പ്പരപ്പ് മാത്രമാണ് പാറ. ബാക്കി മണ്ണും ചെങ്കല്ലും ചേര്‍ന്ന ഒരു മിശ്രിതമാണ്. സമയമുണ്ടായിരുന്നെങ്കില്‍ മൗണ്ട് കോണ്ണറും സന്ദര്‍ശിക്കാമായിരുന്നു. പക്ഷേ, അത് ഉലുരുപോലെ ഒരു പൊതുസ്വത്തല്ല, സെവറിന്‍ എന്ന കുടുംബം നടത്തുന്ന പതിനായിരം ഏക്കറുള്ള പശു വളര്‍ത്തുകേന്ദ്രത്തിന്റെ ഭൂമിയിലാണതിരിക്കുന്നത്. ഒരു സന്ദര്‍ശക ഫീസ് കൊടുത്താല്‍ അവരുടെ വീടിന്റെ ചാവടിയില്‍ വിശ്രമിക്കാം, പശുക്കളോട് സൊള്ളാം, ബിയര്‍ കുടിക്കാം, കോണ്ണറിനെ ഒരു ജീപ്പില്‍ വലംവയ്ക്കാം. ആ ഭീകര വരള്‍ച്ചയില്‍ പശു വളര്‍ത്തുന്നത് ആലോചിച്ചുനോക്കുക! അവിടെ ഒരു പശുവിനു പിടിച്ചുനില്‍ക്കാന്‍ മൂന്ന് ഹെക്ടര്‍ (ഉദ്ദേശം ഏഴേക്കര്‍) സ്ഥലം വേണമെന്നും അച്ഛനും അമ്മയും മക്കളും കൂടി അവിടെ വളര്‍ത്തുന്നത് 1500 പശുക്കളെയാണെന്നും ഞാന്‍ വായിച്ചു കണ്ടുപിടിച്ചു. പക്ഷേ, അവര്‍ പശുഘാതകരാണെന്നതു മറക്കണ്ട! ബീഫാണ് ഉല്‍പ്പന്നം! ഈശ്വരോ രക്ഷതു!
താമസിയാതെ യഥാര്‍ത്ഥ ഉലുരു അകലത്തില്‍ ചക്രവാളത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ ദൂരത്തില്‍നിന്ന് അതിന് മൗണ്ട് കോണ്ണറിന്റെ ഗാംഭീര്യം പോലും തോന്നിക്കുന്നില്ല. ഞങ്ങളൊന്നു പകച്ചു. ഒരു ആന്റികൈ്‌ളമാക്‌സിലേക്കാണോ ഞങ്ങള്‍ ഇത്ര കഷ്ടപ്പെട്ട് പാഞ്ഞുചെല്ലുന്നത്! കുറച്ചുകഴിഞ്ഞ് പാതയുടെ ദിശ തിരിഞ്ഞപ്പോള്‍ ഉലുരു അപ്രത്യക്ഷവുമായി. ഞങ്ങള്‍ പാറയില്‍നിന്ന് 20 കി.മീ അകലെ സന്ദര്‍കര്‍ക്കു താമസിക്കാനും വിശ്രമിക്കാനുമായി നിര്‍മ്മിച്ചിരിക്കുന്ന യുലാര സങ്കേതത്തില്‍ എത്തിച്ചേര്‍ന്നു. ആകെ സഞ്ചരിച്ച ദൂരം പരിശോധിച്ചു. കിംഗ്‌സ് കാന്യണ്‍ അടക്കം 2234 കിലോമീറ്റര്‍. ഡീസല്‍ തീര്‍ന്ന നാണക്കേടല്ലാതെ മറ്റൊരു പരിക്കും സംഭവിച്ചിട്ടില്ല. 


ഉലുരുവിലെ സൂര്യാസ്തമയം കാണാന്‍ തിരക്കുണ്ടാവും എന്നറിയാമായിരുന്നതുകൊണ്ട് ഞങ്ങള്‍ മുന്‍നിരയില്‍ സ്ഥലം പിടിക്കാനായി നേരത്തെ പോയി. പക്ഷേ, മുന്‍നിരകള്‍ മാത്രമല്ല, എല്ലാ നിരകളും നിറഞ്ഞുകഴിഞ്ഞിരുന്നു. സീറ്റ് പിടിക്കുന്ന കാര്യത്തില്‍ സായ്പ് നമ്മളെപ്പോലെതന്നെ  വിദഗ്ദ്ധനാണെന്നു ചുരുക്കം. എങ്കിലും ഞങ്ങള്‍ ഉലുരുവിന്റെ മുഴുരൂപം കാണാന്‍ പറ്റുന്ന ഒരിടത്തു കയറിപ്പറ്റി. വാനുകളിലും ട്രയിലറുകളിലും വന്നവര്‍ അവയുടെ മുകളില്‍ ഇരിപ്പിടങ്ങളിട്ട് സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു ട്രയിലറിന്റെ മുകളിലെ ചെറുപ്പക്കാരികളുടേയും ചെറുപ്പക്കാരുടേയും സംഘം  പാട്ടുവച്ച് അല്‍പ്പം ബഹളം കൂട്ടുന്നുണ്ട്. ആളുകള്‍ അവരെ ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേട്ടില്ലെന്നും കണ്ടില്ലെന്നും നടിക്കുന്നു. ഞങ്ങള്‍ ക്യാമറകള്‍ റെഡിയാക്കി കാത്തുനിന്നു. പാറയില്‍നിന്ന് ഏതാണ്ട് 3-4 കി.മീ ദൂരത്തിലാണ് കാണികള്‍ക്കുവേണ്ടി തിരിച്ചിട്ടിരിക്കുന്ന ഈ സ്ഥലം. 
ഉലുരുവുമായുള്ള മുഖാമുഖം നമ്മെ ആഹ്‌ളാദിപ്പിക്കുകയും അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിദൃശ്യങ്ങളെപ്പറ്റിയുള്ള നമ്മുടെ സാധാരണ സമീപനങ്ങളനുസരിച്ചുള്ള ഒരു മൃദുലസൗന്ദര്യമല്ല, അതിന്റേത്. ഉലുരുവിന്റെ സ്വഭാവം നിഗൂഢതയും അഭൗമികമായ ഒരു ഏകാന്തതയുമാണ്. പിടിതരാത്ത ഒരു ദൃശ്യമായാജാലമാണ് അതില്‍നിന്നു പ്രവഹിക്കുന്നത്. കുറ്റിക്കാടുകളുടേയും പൂഴിയുടെയും ഈ അനാദിയായ പ്രപഞ്ചത്തില്‍ എന്തിനിങ്ങനെയൊരു പാറ ഉയര്‍ന്നുനില്‍ക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരമില്ല. ആദിവാസി ജനതയുടെ പ്രപഞ്ച സഞ്ചാരികളായ സ്വപ്നകാലാത്മാക്കള്‍ ഒരു ബ്രഹ്മാണ്ഡന്‍ മൂശയില്‍ വാര്‍ത്തെടുത്ത രഹസ്യമൂര്‍ത്തിയായിരിക്കാമതെന്ന കാല്‍പ്പനിക ചിന്ത എനിക്കുണ്ടായി. സൂര്യന്‍ തേയ്ക്കുന്ന ചായങ്ങളണിഞ്ഞ് ഉലുരു അതിന്റെ മാന്ത്രിക പരിവര്‍ത്തനങ്ങളിലൂടെ കടന്നുപോകുന്നതു ഞങ്ങള്‍ നോക്കിനിന്നു. ഞങ്ങളെപ്പോലെ ആയിരക്കണക്കിനു സന്ദര്‍ശകര്‍ ആ കാഴ്ച നിര്‍ന്നിമേഷരായി കാണുന്നു. ആയിരക്കണക്കിനു കാ്യമറകള്‍ ഉലുരുവിനെ പിക്‌സലുകളായി മാറ്റുന്നു. പുല്ല് ചവയ്ക്കുന്ന ദൈനോസറുകളുടെ നീട്ടിപ്പിടിച്ച ശിരസ്‌സുകള്‍ ഉലുരുവിനെ നോക്കിനിന്നിടത്ത് ചൂയിങ്ങ്ഗം ചവയ്ക്കുന്ന ഇരുകാലി ജീവികള്‍ ഒരു പുതിയ അദ്ഭുതപ്പെടലില്‍ ഏര്‍പ്പെടുന്നു. കടും ഓറഞ്ച് നിറത്തില്‍നിന്ന് പാറ കറുപ്പിലേക്ക് മാഞ്ഞുതുടങ്ങി. ഇപ്പോള്‍ കാഴ്ചക്കാരുടെ തലയ്ക്കു മുകളിലെ ക്യാമറകള്‍ മിന്നാമിനുങ്ങളുടെ കൂട്ടമായി മാറി. കുറച്ചുകഴിഞ്ഞപ്പോള്‍ അവയും വിളക്കണച്ചു. ട്രയിലറിനു മുകളിലെ ചെറുപ്പക്കാര്‍ ഒരു വിളക്ക് പ്രകാശിപ്പിച്ചു. എന്നിട്ട് ഒരു പ്രണയഗാനം താഴ്ന്ന ശബ്ദത്തില്‍ പാടിത്തുടങ്ങി. അവരുടെ ഗിത്താര്‍ ഉയര്‍ന്നും താണും വിലപിച്ചു. മുകളില്‍ ഒരു മങ്ങിയ ചന്ദ്രക്കല പ്രത്യക്ഷപ്പെട്ട് പുകമേഘങ്ങളിലൂടെ ഓടിപ്പോയി.


പിറ്റേന്നു വെളുപ്പിന് നാലുമണിക്ക് ഞങ്ങള്‍ സൂര്യോദയത്തിലെ ഉലുരുവിനെ കാണാന്‍ പോയി. മരുഭൂമിയുടെ തണുപ്പ് ഞങ്ങളെ പൊതിഞ്ഞു. ഔട്ട് ബായ്ക്കിന്റെ ചക്രവാളത്തില്‍നിന്ന് സൂര്യന്‍ ഒരു തീക്കട്ടപോലെ ഉയരുന്നത് ഞങ്ങള്‍ നോക്കിനിന്നു. ഉലുരു രാത്രിയെ ഉരിഞ്ഞെറിഞ്ഞ് പുലരിവെളിച്ചം പുതപ്പിച്ച വര്‍ണ്ണക്കുപ്പായങ്ങള്‍ മാറിമാറിയണിഞ്ഞു. ഞങ്ങള്‍ മടങ്ങിപ്പോയി പ്രാതല്‍ കഴിച്ചശേഷം മറ്റൊരു വഴിയേ ഉലുരുവിന്റെ നേരെ കാല്‍ചുവട്ടിലേക്ക് എത്തി. കാരണം, ഉലുരു പരിക്രമണം നടത്താതെ എങ്ങനെ മടങ്ങും? പത്ത് കിലോമീറ്ററാണ് ഒരു ചുറ്റ്. സാധാരണ വേഗതയില്‍ നടന്നാല്‍ ഏകദേശം മൂന്നര മണിക്കൂര്‍കൊണ്ട് പാറയെ ചുറ്റിത്തീര്‍ക്കാം. ഉലുരുവിനെ തൊട്ടു തൊട്ടില്ല എന്ന പോലെയാണ് നടപ്പാത പോകുന്നത്. അതിന്റെ വലിപ്പത്തിനും രഹസ്യാത്മകതയ്ക്കും ശക്തിക്കും നാം കീഴ്‌പ്പെടുന്നു. അതിന്റെ മുഖപ്പുകളില്‍ കാണപ്പെടുന്ന വിചിത്രങ്ങളും അസാധാരണങ്ങളുമായ അടയാളങ്ങള്‍ പ്രകൃതി നിര്‍മ്മിച്ചതാണെന്നു വിശ്വസിക്കാന്‍ പ്രയാസം.
ഉലുരുവിനെ ചുറ്റിനടക്കുമ്പോള്‍ അത് ജീവനുള്ള എന്തോ ഒന്നാണെന്ന തോന്നല്‍ എനിക്കുണ്ടായി. ഒരു സ്വപ്നകാല സഞ്ചാരി പാറയായി ഉറങ്ങിക്കിടക്കുകയാണോ? പാറയില്‍ കയറുന്നത് ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന യുള്ള സ്ഥിതിക്ക് ഞങ്ങളത് ചെയ്യണമോ വേണ്ടയോ എന്ന ചര്‍ച്ചയുണ്ടായി. അവസാനം ഞങ്ങളിലെ കൊതിയന്‍ സഞ്ചാരികള്‍ അതില്‍ പിടിച്ചുകയറുക തന്നെ ചെയ്തു. ഞാന്‍ മനസ്സില്‍ ആദിവാസി ജനതയോടും ഉലുരുവിനോടും സ്വപ്നകാലത്തിലെ ആത്മാക്കളോടും മാപ്പുചോദിച്ചു. ഉലുരുവിനെ തൊടാനുള്ള ആഗ്രഹം എനിക്കു നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സജിയും സന്തോഷും ആണ്‍കുട്ടികളും ചങ്ങലയില്‍ പിടിച്ചും പിടിക്കാതെയും ഏറ്റവും മുകളില്‍ വരെ കയറിപ്പോയി. ഞാന്‍ പാതിവഴിയില്‍ ധൈര്യം നഷ്ടപ്പെട്ട് മിനുസംകൊണ്ട് തെന്നിത്തെറിക്കുന്ന ആ പാറയില്‍ കുത്തിയിരുന്നു. പിന്നെ നിരങ്ങി താഴെയിറങ്ങി. 


ഉച്ചകഴിഞ്ഞു മടക്കയാത്ര തുടങ്ങി. വഴിയില്‍ മുപ്പത് കി.മീ അകലെയാണ് ഉലുരുവില്‍ വരുന്നവര്‍ കാണാന്‍ മറക്കാത്ത കാടട്ജുട എന്ന പാറക്കൂട്ടം. ആകാശം മുട്ടുന്ന വന്‍പാറകള്‍ ഒരു പ്രദേശത്തു ചിതറിക്കിടക്കുന്നു. അവയില്‍ ചിലതിന് ഉലുരുവിനെക്കാള്‍ ഉയരമുണ്ട്. പല ആകൃതികളിലുള്ള കൂറ്റന്‍ പാറകളുടെ ഒരു സമാധിസ്ഥലം. ഞങ്ങള്‍ക്കവിടെ വളരെ കുറച്ച് സമയമേ ചെലവഴിക്കാന്‍ സാധിച്ചുള്ളു. കാടട്ജുടയിലെ പാറകള്‍ക്കിടയിലൂടെയുള്ള ഏഴ് കി.മീ നടത്തം അതിസുന്ദരമായ ഒരനുഭവമാണെന്നു ഞാന്‍ വായിച്ചു. വൈകിട്ട് കൂബര്‍ പിഡീയില്‍ ഡെബ്ബിയുടെ ഭൂഗര്‍ഭ മോട്ടലില്‍ വീണ്ടും അന്തിയുറങ്ങി. പിറ്റേന്ന് അഡലൈഡ് പാതയിലൂടെ പാഞ്ഞുപോകവേ ഞങ്ങള്‍ വല്യപ്പച്ചനേയും അദ്ദേഹത്തിന്റെ ഖജാന്‍ജിയായ നായയേയും നന്ദിപൂര്‍വം സ്മരിച്ചു. ആ ട്രെയിലര്‍ പാര്‍ക്ക് ചെയ്തു കിടപ്പുണ്ടോ എന്നു ഞങ്ങള്‍ നോക്കി, ഒന്നു കൈവീശി കാണിക്കാനായി. ഇല്ല. അദ്ദേഹം തന്റെ മനോഹരമായ ഏകാന്തതയിലൂടെ മുന്നോട്ട് പൊയ്ക്കഴിഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com