ഹോളി ആഘോഷത്തിലും വത്തക്കയിലും ഒതുങ്ങില്ല ഈ ക്യാംപസിന്റെ പ്രശ്‌നങ്ങള്‍

പുതിയ തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അധ്യാപകരുടെ മനോഭാവമാണ് ക്യാംപസുകളുലെ പ്രശ്‌നം. 
ഹോളി ആഘോഷത്തിലും വത്തക്കയിലും ഒതുങ്ങില്ല ഈ ക്യാംപസിന്റെ പ്രശ്‌നങ്ങള്‍

ക്യാംപസില്‍ ഹോളി ആഘോഷിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകരും ജീവനക്കാരും കൂടി ഓടിച്ചിട്ട് തല്ലിയതാണ് കോഴിക്കോട് ഫാറൂഖ് കോളേജിനെ വീണ്ടും വിദ്യാര്‍ത്ഥി സമരത്തിന്റെ വേദിയാക്കിയത്. ആണും പെണ്ണും ഒരുമിച്ചിരുന്നു എന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതും തുടര്‍ന്നുണ്ടായ സമരങ്ങളും കഴിഞ്ഞിട്ട് രണ്ടു വര്‍ഷമാകുന്നതേ ഉള്ളൂ. അന്ന് പുറത്താക്കപ്പെട്ട ദിനു എന്ന വിദ്യാര്‍ത്ഥി ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പുന:പ്രവേശനം നേടുകയായിരുന്നു. ഹോളി ആഘോഷം ആണ് പിന്നീട് വാര്‍ത്തകളിലിടം നേടിയതെങ്കിലും സദാചാരത്തിന്റേയും മതത്തിന്റേയും പേരിലുള്ള അധികൃതരുടെ സമ്മര്‍ദ്ദങ്ങളുടേയും പീഡനങ്ങളുടേയും ഒട്ടേറെ കഥകള്‍ ഈ ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുണ്ട്. 80 ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജില്‍ തങ്ങളുടെ സ്വത്വത്തെ ലൈംഗികതയിലൂടെ മാത്രം കണ്ട് അച്ചടക്കം പഠിപ്പിക്കാനിറങ്ങുന്ന അധ്യാപകരുടെ കഥ അവര്‍ പങ്കുവെച്ചു. ''വത്തക്ക കടയില്‍ വില്‍ക്കാന്‍ വെക്കുന്നതുപോലെ മുലകള്‍ കാട്ടിയാണ് പെണ്‍കുട്ടികളുടെ നടപ്പ്'' എന്ന് ഫാറൂഖ് ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകന്റെ സംസാരവും പുറത്തുവന്നിരിക്കുന്നു. ഒരു ഹോളി ആഘോഷത്തിലും വത്തക്കയിലും മാത്രം ഒതുങ്ങുന്നതല്ല ഈ ക്യാംപസിന്റെ പ്രശ്‌നം. ദിവസങ്ങള്‍ക്ക് മുന്‍പാണ് ബര്‍ത്ത്ഡേ ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍നിന്നും പുറത്താക്കിയത്. ക്യാംപസിലും ഹോസ്റ്റലിലും ഒരു തരത്തിലുള്ള ആഘോഷവും പാടില്ലെന്നാണ് ഇവിടത്തെ നിയമം. ഈ ക്യാംപസില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അടിമുടി ബോധവല്‍ക്കരണം നടത്തേണ്ടിയിരിക്കുന്നു.
1948-ല്‍ സ്ഥാപിതമായ കോളേജ് ഏറെക്കാലം ഉയര്‍ന്ന ചിന്താഗതിയും പുരോഗമനപരമായ നിലപാടുകളുടേയും ഇടമായിരുന്നു. മുസ്ലിം സമുദായത്തിന്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ കോളേജാണെങ്കിലും മതേതരത്വത്തിന് മങ്ങലേല്‍ക്കരുതെന്ന് വാശിപിടിച്ച അധ്യാപകരായിരുന്നു എഴുപതുകളുടെ ഒടുക്കംവരെ. പിന്നീട് കോളേജിന്റെ സ്വഭാവം മാറിത്തുടങ്ങി. മതവും സദാചാരബോധവും കൂടുതല്‍ ശക്തമായി വിദ്യാര്‍ത്ഥികളില്‍ പ്രയോഗിക്കുന്ന അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥിസമൂഹത്തെ കൂടുതല്‍ ചുരുക്കിക്കൊണ്ടിരുന്നു. 2015-ല്‍ സ്വയംഭരണ പദവി കൂടി ലഭിച്ചതോടെ അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കാനും കഴിഞ്ഞു.
പുതിയ തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അധ്യാപകരുടെ മനോഭാവമാണ് ക്യാംപസുകളുലെ പ്രശ്‌നം. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്തിനനുസരിച്ച് കാഴ്ചപ്പാടുകള്‍ മാറ്റിപ്പണിയുന്നതില്‍ അധ്യാപകര്‍ പരാജയപ്പെടുന്നു. പുതിയ അഭിരുചികളും ജീവിതബോധവും ഉള്ള വിദ്യാര്‍ത്ഥിസമൂഹത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നു. എന്താണ് വിദ്യാര്‍ത്ഥികളിലും ക്യാംപസുകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റം എന്നത് തിരിച്ചറിയണം. പഴയ രീതിയിലുള്ള മൂല്യബോധവും വിശ്വാസവും അല്ല പുതുതലമുറയുടേത്. ഇന്ത്യയിലും ലോകത്ത് നടക്കുന്ന പല കാര്യങ്ങളും അപ്പപ്പോള്‍ അറിയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ടവര്‍. മതവിശ്വാസം, പരമ്പരാഗത മൂല്യങ്ങള്‍ എന്നിവയ്ക്കപ്പുറത്ത് അതാണ് അവരെ നയിക്കുന്നത്. വേഷത്തെപ്പറ്റിയും മതത്തെപ്പറ്റിയും സ്വത്വത്തെപ്പറ്റിയും മാത്രമുള്ള ആശങ്കകളില്‍നിന്ന് അധ്യാപകര്‍ മാറേണ്ടിയിരിക്കുന്നു.
ക്യാംപസിനുള്ളിലെ അധികൃതരുടെ സദാചാര പീഡനങ്ങളില്‍ ഒതുങ്ങുന്നില്ല ഫാറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം. നാട്ടുകാരെക്കൂടി പേടിക്കണം ഇവര്‍. ഫാറൂഖ് കോളേജിന്റെ പരിസരം ഒരു ടൗണ്‍ഷിപ്പ് മാതൃകയിലാണ്. ഫാറൂഖ് മാനേജ്മെന്റിന് കീഴിലുള്ള സ്‌കൂളുകളും ട്രെയിനിങ്ങ് സെന്ററുകളും ഉള്‍പ്പെടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പ്രദേശത്തുണ്ട്. കൂടുതലും ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ് ഇതിന് ചുറ്റിലും താമസിക്കുന്നത്. ആ പ്രദേശത്തുകാര്‍ വളരെ കുറവാണ്. ഇവിടെ താമസിക്കുന്നവരുടെ റെസിഡന്‍സ് അസോസിയേഷനുകളാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിരന്തരം പരാതി ഉന്നയിക്കുന്നത്. ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്നും നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതല്ല ഇവയെന്നുമുള്ള 'ഉപദേശി ബോര്‍ഡുകളും' ക്യാംപസിന് പുറത്ത് അസോസിയേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കോളേജ് സമയം കഴിഞ്ഞ് റോഡില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ ഈ നാട്ടുകാര്‍ ചോദ്യം ചെയ്യും. ആണിനേയും പെണ്ണിനേയും ഒരുമിച്ചു കണ്ടാല്‍ പിന്നെ പറയുകയേ വേണ്ട. ചുരുക്കത്തില്‍ അധ്യാപകര്‍, ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവരുടെ പൂര്‍ണ്ണ നിരീക്ഷണത്തിലും ചോദ്യം ചെയ്യലുകള്‍ക്കിടയിലുമാണ് ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ ജീവിതം. ക്യാംപസില്‍ ആഘോഷം നടത്താന്‍ അനുമതിയില്ലാത്തതുകൊണ്ട് പുറത്ത് ഗേറ്റില്‍ നടത്താന്‍ തീരുമാനിച്ചാല്‍ അതിന് റെസിഡന്‍സ് അസോസിയേഷന്റെ അനുമതികൂടി വേണം എന്ന് ചുരുക്കം.

ഫോട്ടോ: ടിപി സൂരജ്‌
 

ആണ്‍ ഇരിപ്പിടങ്ങളും സദാചാര പൊലീസും

കേരളത്തിലെ മറ്റുപല കലാലയങ്ങളിലേയും പോലെ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് ഇവിടത്തെ അധ്യാപകര്‍ക്കും സഹിക്കില്ല. കോളേജിലെ ഓരോ പ്രശ്‌നങ്ങളുടേയും കാരണം അന്വേഷിച്ചു പോയാല്‍ എത്തുന്നത് ഇത്തരം ഒത്തുചേരലുകളിലാണ്. ഏറ്റവുമൊടുവിലുണ്ടായ ഹോളി ആഘോഷം പോലും ആണും പെണ്ണും ഒരുമിച്ചു കളിച്ചു എന്നതാണ് അടിസ്ഥാന പ്രശ്‌നം. മറ്റ് കോളേജുകളില്‍നിന്ന് വ്യത്യസ്തമായി ആണ്‍കുട്ടികള്‍ക്കു മാത്രമായി ഇരിപ്പിടങ്ങളൊരുക്കിയ കലാലയമാണിത്. 'റെസ്റ്റ് ഓണ്‍ ബോയ്സ്' എന്ന് ബോര്‍ഡെഴുതിവെച്ച ആ ഇടത്തേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ഈ ആണ്‍ ഇരിപ്പിടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിച്ചത്. പിന്നീട് എതിര്‍പ്പുകള്‍ കൂടിയപ്പോള്‍ ബോര്‍ഡെടുത്തു മാറ്റി. ഈ ആണ്‍ റിസര്‍വേഷനെതിരെ സംസാരിച്ചതു കൊണ്ടായിരുന്നു ദിനു എന്ന വിദ്യാര്‍ത്ഥി അധികൃതരുടെ നോട്ടപ്പുള്ളിയാകുന്നതും പുറത്താക്കല്‍ വരെ എത്തിയതും. മലയാളം ക്ലാസ്സില്‍ ഒരുമിച്ചിരുന്നു എന്നതിന്റെ പേരിലാണ് ദിനുവടക്കം നാല് ആണ്‍കുട്ടികളേയും നാല് പെണ്‍കുട്ടികളേയും സസ്പെന്‍ഡ് ചെയ്തത്. സംഭവം ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയെങ്കിലും ക്യാംപസില്‍ ഇപ്പോഴും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ചിരിക്കാന്‍ നിയന്ത്രണമുണ്ട്. ഈ അടുത്ത ദിവസം ഒരുമിച്ചിരുന്ന് സംസാരിച്ച രണ്ടുപേരെ അധ്യാപകന്‍ ചോദ്യം ചെയ്തു. ഇത് തെറ്റാണ്, സി.എച്ചിന്റെ സംസ്‌കാരം ഇതല്ല നമ്മളെ പഠിപ്പിക്കുന്നത് എന്നായിരുന്നു ഉപദേശം. അതിനുശേഷം വീട്ടിലെ നമ്പര്‍ വാങ്ങി രക്ഷിതാക്കളെ വിളിച്ച് ഇക്കാര്യം പറയുകയും ചെയ്തു. ഐഡന്റിറ്റി കാര്‍ഡ് വാങ്ങി പരിശോധിക്കുക, ഭീഷണിപ്പെടുത്തുക ഒക്കെ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നാടകം കളിക്കുന്നതിന് വിലക്കായിരുന്നതിനാല്‍ അടുത്തകാലം വരെ യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ഫാറൂഖ് കോളേജില്‍നിന്ന് നാടകം ഒരു ഐറ്റമായി പോയിരുന്നില്ല.
പരിപാടികള്‍ നടക്കുന്ന ഹാളിനകത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ ഇരിക്കണമെന്ന് സര്‍ക്കുലര്‍ ഉണ്ട്. അങ്ങനെയാണ് ഇരിക്കുന്നത് എന്ന് അതിന്റെ ചാര്‍ജ്ജുള്ള ടീച്ചര്‍മാര്‍ ഉറപ്പാക്കണം എന്നും ഇതില്‍ പറയുന്നു.
 ഫൈന്‍ ആര്‍ട്സ് ഡേ പോലുള്ള കോളേജിലെ പ്രോഗ്രാമുകള്‍ക്കൊന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ പാടില്ല എന്നാണ് ഇവിടത്തെ നിയമം. 
കോളേജ് ഡേയ്ക്കും ഫൈന്‍ ആര്‍ട്സ് ഡേയ്ക്കും അവതരിപ്പിക്കുന്ന ഐറ്റങ്ങള്‍ ഡിസിപ്ലിനറി കമ്മിറ്റിയിലെ അധ്യാപകര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച് അനുമതി വാങ്ങിയ ശേഷമേ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പാടുള്ളൂ. നാടകങ്ങളിലൊക്കെ കടുംവെട്ട് സെന്‍സറിങാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ''പല പരിപാടികള്‍ക്കും അനുമതി കിട്ടാറില്ല. കഴിഞ്ഞ തവണ സദാചാരം എന്ന വാക്കുപയോഗിച്ചു എന്ന പേരില്‍ നാടകത്തിന് അനുമതി നിഷേധിച്ചിരുന്നു. അതൊഴിവാക്കി സ്‌ക്രിപ്റ്റ് തിരുത്തിയെഴുതി അവതരിപ്പിച്ചതിനുശേമാണ് അനുമതി കിട്ടിയത്'' എപ്പോഴും പൊളിച്ചഴുത്ത് പതിവാണെന്നും ഇവര്‍ പറയുന്നു.

ഹോളിയും ഹോസ്റ്റല്‍ റെയ്ഡും

പല സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നം. ദിവസങ്ങള്‍ക്ക് മുന്‍പ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ ഹോളി ആഘോഷിച്ചിരുന്നു. ക്യാംപസില്‍ ആഘോഷങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ പുറത്തായിരുന്നു ആഘോഷം. ഇതിനെതിരെ റസിഡന്‍സ് അസോസിയേഷന്‍കാരുടെ പരാതി പ്രകാരം പോലീസെത്തി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഹോളി കളിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഒരു നാട്ടുകാരന്‍ പറഞ്ഞത് ''ആഘോഷങ്ങള്‍ക്കൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് തുള്ളുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പ്രത്യേകിച്ചും പര്‍ദ്ദയൊക്കെയിട്ട പെണ്‍കുട്ടികള്‍ ചെയ്യുന്നത് ഞങ്ങള്‍ക്ക് പ്രശ്‌നം തന്നെയാണ്'' എന്നാണ്. ഈ ആഘോഷത്തിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥികളുടെ ആഘോഷം. ഉത്തരേന്ത്യയിലെ ഹോളി ആഘോഷമല്ല ക്യാംപസുകളില്‍ നടക്കുന്ന ആഘോഷം. പരീക്ഷ കഴിഞ്ഞ് വെക്കേഷനു പോകുന്നതുമുന്‍പുള്ള ഒരു 'കളര്‍ ആഘോഷം' മാത്രമാണ് ക്യാംപസിലെ ഹോളി. ക്യാംപസിനുള്ളിലും മെയിന്‍ ഗേറ്റായ രാജാഗേറ്റിലും അനുമതി നിഷേധിച്ചതോടെ പിന്നിലെ ഗേറ്റില്‍ ആഘോഷം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. അതിനായുള്ള വാദ്യങ്ങള്‍ കൊണ്ടുവന്ന വാഹനം ക്യാംപസില്‍ കടക്കുന്നു എന്നറിഞ്ഞാണ് അധ്യാപകരും ജീവനക്കാരും അങ്ങോട്ടോടിയത്. വാഹനത്തിന് ചുറ്റും തിങ്ങിനിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലൂടെ വാഹനം എടുത്തപ്പോഴാണ് ജീവനക്കാരന്റെ കാലിന് തട്ടിയത്. സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ ജീവനക്കാരന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കണ്ണിനു പരിക്കേറ്റു. പിന്നീട് അധ്യാപകര്‍ ഹോസ്റ്റലിലടക്കം കയറി ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് പിടിച്ചു മര്‍ദ്ദിക്കുകയായിരുന്നു.
ഗേള്‍സ് ഹോസ്റ്റലിലും ടീച്ചര്‍മാരുടെ നേത്യത്വത്തില്‍ പരിശോധന നടത്തി. അന്ന് മൂന്നര മണി കഴിഞ്ഞപ്പോള്‍ത്തന്നെ ഹോസ്റ്റല്‍ പൂട്ടി. ഒരുവിധം എല്ലാ ഡിപ്പാര്‍ട്ട്മെന്റിലേയും ടീച്ചര്‍മാര്‍ ഹോസ്റ്റലിലെത്തി വിദ്യാര്‍ത്ഥിനികളുടെ തല മുതല്‍ കാലു വരെ പരിശോധനയായിരുന്നു. കളര്‍ പറ്റിയിട്ടുണ്ടോ എന്നാണ് പരിശോധന. എല്ലാ മുറിയിലും കയറി പരിശോധിച്ചു. എവിടുന്നെങ്കിലും കളര്‍ കിട്ടിയാല്‍ സസ്പെന്‍ഷന്‍ ആണ് എന്ന് പറഞ്ഞാണ് പരിശോധന. ''സ്ഫോടന വസ്തുക്കളൊക്കെ കണ്ടെടുക്കാന്‍ നടത്തുന്നതുപോലുള്ള റെയ്ഡായിരുന്നു അന്ന്. ഹോസ്റ്റലില്‍ രണ്ടു ദിവസം കൂടുമ്പോഴൊക്കെയാണ് വെള്ളം വരുന്നത്. പലപ്പോഴും വെള്ളത്തിന് നിറവ്യത്യാസം ഉണ്ടാകുകയും ചെയ്യും. പലതവണ ഇക്കാര്യം പരാതിപ്പെട്ടിട്ടും ഹോസ്റ്റലിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് കളര്‍ കണ്ടുപിടിക്കാന്‍ കൂട്ടമായി എത്തിയത്'' -വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഫോട്ടോ: ടിപി സൂരജ്‌
 

മതം ക്യാംപസുകളിലേക്ക് 

ക്യാംപസിനകത്തുള്ള പള്ളിയില്‍ ക്യാംപസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് വെള്ളിയാഴ്ചകളില്‍ പറയുന്നത്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതും പെണ്‍കുട്ടികളുടെ വസ്ത്രധാരണവും വിഷയമാകും. എങ്ങോട്ടാണ് നമ്മുടെ സമുദായത്തിന്റെ പോക്ക് എന്ന തരത്തിലുള്ള ആശങ്കകളാണ് പ്രസംഗത്തില്‍. ഹോളി ആഘോഷത്തില്‍ പങ്കെടുത്ത പര്‍ദ്ദയിട്ട പെണ്‍കുട്ടികളോട് ഈ വസ്ത്രം നിങ്ങളെ ഇതാണോ പഠിപ്പിക്കുന്നത് എന്നാണ് ഒരധ്യാപിക ചോദിച്ചത്. മക്കന കൊണ്ട് മാറ് മറക്കാത്തതിനെക്കുറിച്ചാണ് ഫാറൂഖ് ട്രെയിനിങ് കോളേജ് അധ്യാപകന്റേതായി വന്ന ഓഡിയോയില്‍ പറയുന്നത്. ഇവിടുത്തെ ഡിസിപ്ലിന്‍ കമ്മിറ്റിയാണ് വിദ്യാര്‍ത്ഥികളുടെ പേടിസ്വപ്നം. പല പ്രശ്‌നങ്ങളിലും വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനു മുന്‍പ് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളെ കോളേജില്‍ വരുത്തിയാണ് ചോദ്യം ചെയ്യല്‍. ഒരുമിച്ചിരുന്നു എന്ന കുറ്റത്തിനു പിടിക്കപ്പെട്ട പെണ്‍കുട്ടിയോട് അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ച് അധ്യാപകന്‍ ചോദിച്ചത്  ''സുഖം കിട്ടാന്‍ വേണ്ടിയല്ലേ അങ്ങനെ ഇരിക്കുന്നത് എന്നാണ്.'' അത്രയ്ക്ക് അപമാനിക്കപ്പെടുമ്പോള്‍ നമ്മുടെയൊക്കെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ആലോചിക്കാന്‍പോലും പറ്റില്ല. മതം പറഞ്ഞും സദാചാരം പറഞ്ഞും മാനസികമായി തകര്‍ത്തുകളയും'' -ഒരു വിദ്യാര്‍ത്ഥിനി അനുഭവം പങ്കുവെച്ചു. 
ഒരുമിച്ചിരുന്നതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ പറഞ്ഞിരിക്കുന്നത് കേരളീയ സംസ്‌കാരത്തിന് എതിരായിരുന്നു പ്രവൃത്തി എന്നാണ്.

പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍

ഹോസ്റ്റലില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും രജിസ്റ്ററില്‍ പേര് എഴുതാന്‍ വിട്ടുപോയാല്‍ ഹോസ്റ്റലില്‍നിന്ന് സസ്പെന്റ് ചെയ്യലാണ് പ്രധാന പരിപാടി.  അഞ്ചുമണിയാണ് ഹോസ്റ്റലില്‍ കയറാനുള്ള സമയം. എന്തെങ്കിലും അത്യാവശ്യത്തിനു വൈകുകയാണെങ്കിലോ ഹോസ്റ്റലില്‍നിന്ന് ഇറങ്ങേണ്ടിവരികയോ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആദ്യം വീട്ടിലേക്ക് വിളിക്കണം. വീട്ടില്‍നിന്ന് ഹോസ്റ്റലിന്റെ ചാര്‍ജുള്ള അധ്യാപകനെ വിളിച്ച് അനുമതി വാങ്ങണം. അധ്യാപകന്‍ ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചു പറയും. വീട്ടുകാര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ പറയും, നിങ്ങളുടെ മകള്‍ എവിടെ പോകുന്നു എന്ന് ഞങ്ങള്‍ക്കെന്താ ഉറപ്പ് എന്ന്. ശനിയും ഞായറുമൊക്കെ ഹോസ്റ്റലിനുള്ളില്‍ത്തന്നെ ചെലവഴിക്കണം. അഥവാ ലൈബ്രറിയില്‍ പോകുകയാണെങ്കില്‍ ലൈബ്രേറിയന്റെ ഒപ്പും സീലും തിരിച്ചുവരുമ്പോള്‍ കാണിച്ചുകൊടുക്കണം. മൊബൈല്‍ ഫോണ്‍ വൈകിട്ട് ഏഴുമണിക്ക് വാര്‍ഡനെ ഏല്‍പ്പിക്കണം. പിറ്റേന്ന് രാവിലെ ആറുമണി വരെ വാര്‍ഡന്റെ കയ്യിലായിരിക്കും. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഈ പറയുന്ന നിയന്ത്രണങ്ങളൊന്നുമില്ല. കഴിഞ്ഞ ദിവസം വിശന്നപ്പോള്‍ രണ്ടുമൂന്ന് കുട്ടികള്‍ പുറത്തുനിന്ന് ഭക്ഷണം വാങ്ങാന്‍ സെക്യൂരിറ്റിയെ പൈസ കൊടുത്തു ഏല്‍പ്പിച്ചു. ഫുഡ് കൊണ്ടുവന്നുകൊടുക്കുന്നതു കണ്ട വാര്‍ഡന്‍ പറഞ്ഞത് വിശക്കുന്നുണ്ടെങ്കില്‍ കുറച്ചു കാന്താരി മുളക് അരച്ച് തിന്ന് എന്നാണ്. ഇതൊന്നും ഇവിടെ പാടില്ല, കംപ്ലയിന്റ് ചെയ്യും എന്ന ഭീഷണിയും.

യൂണിയന്റെ ഇരട്ടത്താപ്പ് 

ഇത്തവണ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപത്തുനിന്ന് ഉയര്‍ന്നുകേട്ട മുദ്രാവാക്യം ''ആണും പെണ്ണും ഒന്നിച്ചിരുന്നാല്‍ ആരിക്കാണ്ടാ കുരുപൊട്ട്ന്ന്'' എന്നതായിരുന്നു. ക്യാംപസിലെ മുഴുവന്‍ വിദ്യാര്‍ത്ഥിസംഘടനകളും ഒറ്റക്കെട്ടായി നടത്തിയ സമരം. ക്യാംപസിലുള്ളത് എം.എസ്.എഫ്. നേതൃത്വം കൊടുക്കുന്ന യൂണിയനാണ്. സമരത്തിന് എസ്.എഫ്.ഐ., എസ്.ഐ.ഒ., കെ.എസ്.യു. എന്നീ സംഘടനകളും സജീവമായുണ്ട്. ഒരു വര്‍ഷം മുന്‍പ് ഇതേ പ്രശ്‌നം ക്യാംപസില്‍ ഉയര്‍ന്നപ്പോള്‍ സമരം നടത്തിയത് എസ്.എഫ്.ഐ. മാത്രമായിരുന്നു. ബാക്കി വിദ്യാര്‍ത്ഥിസംഘടനകളെല്ലാം അധികൃതര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. പത്രങ്ങളില്‍ വാര്‍ത്ത വന്നതോടെ കോളേജിന്റെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്നും അതിനെ വിദ്യാര്‍ത്ഥികള്‍ പ്രതിരോധിക്കണമെന്നും പ്രിന്‍സിപ്പാലിന്റെ നിര്‍ദ്ദേശത്തോടെ അനൗണ്‍സ് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ യൂണിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്റിന് അനൂകൂലമായി പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എം.എസ്.എഫ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ ഹോളി പ്രശ്‌നത്തില്‍ ഇരയാക്കപ്പെട്ടതോടെയാണ് യൂണിയന് സമരം ഏറ്റെടുക്കേണ്ടിവന്നത്. ''അന്നവര്‍ വിദ്യാര്‍ത്ഥികളെത്തന്നെ ഉപയോഗിച്ചു പ്രതിഷേധക്കാരെ നേരിട്ടു, ഇന്ന് അധ്യാപകരേയും ജീവനക്കാരേയും നേരിട്ടിറക്കി ചെയ്തു എന്നതേ ഉള്ളൂ വ്യത്യാസം എന്നാണ് ഒരു വിദ്യാര്‍ത്ഥി പറഞ്ഞത്.
വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മനസ്സുകൊണ്ടു നില്‍ക്കുന്ന ചില അധ്യാപകരുണ്ടെങ്കിലും തുറന്നുപറയാന്‍ ഭയമാണ്. എതിര്‍ത്താല്‍ ഒറ്റപ്പെടും എന്നതാണ് അവസ്ഥ. ഫാറൂഖ് കോളേജില്‍ 64-69 കാലത്ത് പഠിച്ച ഹമീദ് ചേന്നമംഗലൂരും ക്യാംപസിന്റെ സ്വഭാവം മാറിയത് സമ്മതിക്കുന്നു. ''ഞാന്‍ പഠിക്കുന്ന കാലത്തെ പ്രിന്‍സിപ്പാല്‍ ജലീല്‍ ലിബറല്‍ കാഴ്ചപ്പാടുള്ള ഒരാളായിരുന്നു. എം.ഇ.എസിന്റെ യൂത്ത് വിങ് രൂപീകരിച്ചപ്പോള്‍ അതിന്റെ മീറ്റിങ്ങ് നടത്താന്‍ കോളേജിന്റെ ഓഡിറ്റോറിയം ആവശ്യപ്പെട്ടിരുന്നു. നാളെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതുപോലെ സൊസൈറ്റികള്‍ രൂപീകരിച്ചെത്തിയാല്‍ എന്തുചെയ്യും എന്നു പറഞ്ഞ് അന്നത്തെ അധികൃതര്‍ ഓഡിറ്റോറിയം വിട്ടുകൊടുത്തില്ല. അത്രത്തോളം മതേതരമായിരുന്നു ക്യാംപസ്. അക്കാലത്ത് മുസ്ലിം പെണ്‍കുട്ടികളാരും പര്‍ദ്ദ ധരിച്ചെത്തിയിരുന്നില്ല. ഇന്ന് ലിബറല്‍ കാഴ്ചപ്പാടുകളുള്ള അധ്യാപകരുണ്ടാവുന്നില്ല. ഇടുങ്ങിയ ചിന്താഗതിക്കാരായ മതവിശ്വാസികളാണ് കുറേയധികം ജീവനക്കാര്‍'' -അദ്ദേഹം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com