ആലഞ്ചേരിയുടെ കുരിശാരോഹണവും ഉയിര്‍ത്തെഴുന്നേല്പും 

സീറോ മലബാര്‍ സഭയില്‍ ഉയര്‍ന്നുവന്ന ഭൂമി ഇടപാടു വിവാദം തല്‍ക്കാലം കെട്ടടങ്ങിയാലും അതുയര്‍ത്തുന്ന ധാര്‍മ്മിക പ്രശ്‌നങ്ങള്‍ ഇനിയും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട്. 
ആലഞ്ചേരിയുടെ കുരിശാരോഹണവും ഉയിര്‍ത്തെഴുന്നേല്പും 

ഹങ്കാരം, സ്വാര്‍ത്ഥത, കാമം, അസൂയ, അത്യാര്‍ത്തി, ക്രോധം, അലസത തുടങ്ങിയവയാണ് കത്തോലിക്ക ദൈവശാസ്ത്രത്തില്‍ മരണകരങ്ങളായ, അല്ലെങ്കില്‍ മാരകങ്ങളായ പാപങ്ങള്‍. കാര്‍ഡിനല്‍ സിന്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്. ഇവയില്‍നിന്നത്രെ മറ്റു പാപങ്ങളൊക്കെ ഉണ്ടാകുന്നത്. ക്രിസ്തീയ വിശ്വാസപ്രകാരം പാപത്തിന്റെ ശമ്പളം മരണമാണ്. എല്ലാ പാപവും മരണത്തിലേക്കു നയിക്കുന്നു. സീറോ മലബാര്‍ സഭാത്തലവനും എറണാകുളം-അങ്കമാലി അതിരൂപതാധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി വിവാദത്തെ അധികരിച്ചെഴുതിയതും കത്തോലിക്കാസഭയുടെ പ്രസിദ്ധീകരണമായ ഇന്‍ഡ്യന്‍ കറന്റ്‌സില്‍നിന്ന് പിന്‍വലിക്കപ്പെട്ടതുമായ ലേഖനങ്ങളിലൊന്നിന്റെ പേര് കാര്‍ഡിനല്‍ സിന്‍ എന്നായിരുന്നു. അങ്ങേയറ്റം ഗൗരവമുള്ളതും സഭയെ പിടിച്ചുലച്ചതുമായ ക്രമക്കേടുകളിലേക്ക് നയിച്ച കര്‍ദ്ദിനാളിന് സംഭവിച്ചതെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ കൈക്കുറ്റപ്പാടുകള്‍ക്ക് മറ്റൊരു വിശേഷണവും സഭാസമൂഹത്തിനു കണ്ടെത്താനായില്ല എന്നതില്‍ അദ്ഭുതമില്ല. എന്നാല്‍, വ്യവസ്ഥാപരമായ ഒരു തകരാറ് പലപ്പോഴും ബന്ധപ്പെട്ട വ്യക്തികളുടെ കൈക്കുറ്റപ്പാടുകളായാണ്, അവരുടെ പ്രവൃത്തികളിലെ പാകപ്പിഴകളായാണ് പ്രകടിപ്പിക്കപ്പെടുക എന്ന വസ്തുതയിലേക്ക് വിശ്വാസി സമൂഹത്തിന്റേയും നിഷ്പക്ഷരായ വൈദികരുടേയും ശ്രദ്ധ ഇനിയും പതിഞ്ഞിട്ടുണ്ടോ എന്നുള്ളതിന് ഇതുവരേയും തെളിവുകളും ലഭ്യമായിട്ടില്ല. 
ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കിട്ടുന്ന സൂചനകളനുസരിച്ച് ഭൂമി ഇടപാടുകളെ ചുറ്റിപ്പറ്റിയുണ്ടായ വിവാദം തല്‍ക്കാലം കെട്ടടങ്ങിയേക്കും. എന്നാല്‍, അതുയര്‍ത്തിയ ധാര്‍മ്മികമായ പ്രശ്‌നങ്ങള്‍ ഇനിയും അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് വിശ്വാസി സമൂഹവും പുരോഹിത വിഭാഗത്തില്‍ വലിയൊരു പങ്കും കരുതുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴില്‍ വികസന പ്രവര്‍ത്തനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപതയുമായി ബന്ധപ്പെട്ട സമിതികളില്‍ തീരുമാനമായിരുന്നു. തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വിറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താനായിരുന്നു തീരുമാനം. നൂറുകോടി രൂപയുടെ വില്‍പ്പനക്കരാറിനായിരുന്നു സമിതികള്‍ അംഗീകാരം നല്‍കിയത്. എന്നാല്‍, അതിരൂപത ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്വകാര്യ വ്യക്തിക്ക് കര്‍ദ്ദിനാള്‍ എഴുതി നല്‍കിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഒന്‍പതു കോടി രൂപ മാത്രമാണ് ഇടപാടില്‍ രൂപതയ്ക്ക് ലഭിച്ചതെന്നും. 
2016 നവംബര്‍ എട്ടിനുണ്ടായ നോട്ടുനിരോധന നടപടിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് ബാക്കി തുക നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് വാങ്ങിയ ആള്‍ ആവശ്യപ്പെടുകയായിരുന്നു. ബാക്കി തുകയുടെ ഉറപ്പിനായി വാങ്ങിയ ആളുടെ മൂന്നു സ്ഥലങ്ങള്‍ അതിരൂപതയ്ക്കായി കര്‍ദ്ദിനാളിന്റെ പേരില്‍ ഈട് നല്‍കുകയും ചെയ്തു. ഈ സ്ഥലങ്ങളില്‍ ചിലത് പരിസ്ഥിതി ദുര്‍ബ്ബല മേഖലയിലാണെന്നും ആരോപണത്തിന്റെ ഭാഗമായി ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചി തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശമുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാത കോളേജിന്റെ എതിര്‍വശമുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ സമീപമുള്ള 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, മരടിലുള്ള 54.71 സെന്റ് എന്നീ ഇടങ്ങളിലുള്ള ഭൂമിയാണ് വില്‍പ്പന നടത്തിയത്. അതായത് 306.98 സെന്റ്. വില്‍പ്പന ഉറപ്പിച്ചതാകട്ടെ, 27.30 കോടി രൂപയ്ക്കും. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചു നല്‍കാന്‍ പാടില്ലെന്ന കരാര്‍ ലംഘിച്ചായിരുന്നു വില്‍പ്പനയെന്നും ആരോപണമുണ്ടായി. 2016 മെയ് 21-ന് വില്‍പ്പന നടന്നു. തുക ഒരു മാസത്തിനകം നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഒന്നരവര്‍ഷത്തിനുള്ളില്‍ സഭയ്ക്ക് ആകെ ലഭിച്ചത് 9.13 കോടി രൂപ. 

കടം അകപ്പെടുത്തിയ കെണി

കത്തോലിക്ക സഭയ്ക്ക് സ്വന്തമായി ഒരു മെഡിക്കല്‍ കോളേജ് എന്ന ആശയത്തില്‍നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനായി തുറവൂരിലെ മറ്റൂരില്‍ 23.22 ഏക്ര സ്ഥലം വാങ്ങിയതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ വിവാദങ്ങളുണ്ടാകുന്നത്. സെന്റിന് ഏകദേശം രണ്ടു ലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം രൂപ വെച്ചാണ് ഈ ഭൂമി ക്രയവിക്രയം നടന്നത്. വരന്തരപ്പിള്ളിയില്‍ രൂപതയ്ക്ക് കുറച്ചു ഭൂമിയുണ്ട്. അതു വിറ്റിട്ട് തിരിച്ചടയ്ക്കാമെന്ന ധാരണയില്‍ 59 കോടി രൂപ മറ്റൂരിലെ സ്ഥലം വാങ്ങുന്നതിനായി ബാങ്ക് വായ്പയായി ലഭ്യമാക്കി. എന്നാല്‍, വരന്തരപ്പിള്ളിയിലെ ഭൂമി വില്‍പ്പന നടന്നില്ല. അതോടെ വാര്‍ഷികപ്പലിശയായ ആറുകോടി രൂപ നല്‍കാന്‍ സാധ്യമല്ലാതെ വന്നു. ഈ പ്രതിസന്ധി മറികടക്കാനായിരുന്നു വിവിധ സ്ഥലങ്ങളില്‍ കാത്തലിക് സഭയ്ക്ക് സ്വന്തമായുള്ള ഭൂമി വില്‍ക്കാന്‍ തീരുമാനമായത്. ഭൂമി വില്‍ക്കുന്നതിലൂടെ കിട്ടുന്ന 27.30 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കണമെന്നായിരുന്നു തീരുമാനം. പിന്നീട് 32 കോടി രൂപ മാത്രമേ ബാങ്കില്‍ ബാധ്യത ഉണ്ടാകുമായിരുന്നുള്ളൂ. പക്ഷേ, ഈ വില്‍പ്പനയില്‍നിന്ന്  18.17 കോടി രൂപ കിട്ടാതിരുന്നത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 
ഇങ്ങനെ സാമ്പത്തിക പ്രയാസത്തിലകപ്പെട്ട സമയത്തുതന്നെ സഭാധികൃതര്‍ കൂടുതല്‍ ഭൂമി വാങ്ങുന്നതിനും മുതിര്‍ന്നു. അതിരൂപതയുടെ കാനോനിക സമിതികളുടേയും അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫിസിന്റേയും അനുമതിയില്ലാതെ 10 കോടി രൂപ ബാങ്ക് വായ്പയെടുത്ത് പതിനാറര കോടി രൂപയ്ക്ക് കോതമംഗലം കോട്ടപ്പടിയില്‍ 25 ഏക്രയും ഇടുക്കി ദേവികുളത്ത് 17 ഏക്രയും വാങ്ങി. മറ്റൂരില്‍ സ്ഥലം വാങ്ങിയപ്പോള്‍ത്തന്നെ 60 കോടി രൂപയുടെ ബാധ്യത സഭയ്ക്കുണ്ടായിരുന്നു. ഈ ഭൂമി വാങ്ങലോടെ അത് 84 കോടിയായി ഉയര്‍ന്നു. 

അന്വേഷണ കമ്മിഷനും ആലഞ്ചേരിക്കെതിരെ

ഭൂമി വില്‍പ്പനയെ സംബന്ധിച്ച് വിവാദങ്ങള്‍ ഉരുണ്ടുകൂടിയതിന്റെ പശ്ചാത്തലത്തില്‍ പ്രിസ്ബിറ്റരല്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തതനുസരിച്ച് സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഒരു എന്‍ക്വയറി കമ്മിറ്റിയെ നിയോഗിച്ചു. 2015 ഏപ്രില്‍ ഒന്നിനും 2017 നവംബര്‍ 30-നുമിടയില്‍ കാത്തലിക് സഭ നടത്തിയ എല്ലാ ഭൂമി ഇടപാടുകളേയും സംബന്ധിച്ച് അന്വേഷിക്കുക എന്നതായിരുന്നു ഈ പാനലിന്റെ ചുമതല. ഈ ഇടപാടുകളുടെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി രൂപതയിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക്  പരിഹാരം നിര്‍ദ്ദേശിക്കലും കമ്മിറ്റിയുടെ ചുമതലകളിലുള്‍പ്പെട്ടു. 
ഫാദര്‍ ബെന്നി മാറംപറമ്പിലായിരുന്നു കണ്‍വീനര്‍. ഫാ. ലൂക്കോസ് കുന്നത്തൂര്‍, ഫാ. ജോസഫ് കൊടിയന്‍, എ.ജെ. ജോസഫ് പുത്തന്‍പള്ളി, ജോണി പള്ളിവാതുക്കല്‍, അഡ്വ. അബ്രഹാം പി. ജോര്‍ജ് എന്നിവര്‍ കമ്മിറ്റി അംഗങ്ങളും. കഴിഞ്ഞ ജനുവരി നാലിന് കമ്മിറ്റി അതിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 
2017 നവംബര്‍ 29-നാണ് ഇത്തരമൊരു കമ്മിറ്റി ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളെ സംബന്ധിച്ച് അന്വേഷിക്കാനായി നിയോഗിക്കപ്പെടുന്നത്. നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ സഭ നടത്തിയ ചെറുതും വലുതുമായ ഭൂമി ഇടപാടുകളെ സംബന്ധിച്ച് വിശദമായി പരിശോധിക്കുന്നതിന്  25 സിറ്റിംഗുകള്‍ നടത്തി. മരട്, നിലംപതിഞ്ഞിമുകള്‍, വാഴക്കാല ഭാരത്മാതാ കോളേജ് പരിസരം, നൈപുണ്യ സ്‌കൂള്‍ പരിസരം, കൊല്ലംകുടിമുകള്‍, മറ്റൂര്‍, കോതമംഗലം മുട്ടത്തുപാറ, ദേവികുളം താലൂക്കിലെ ആനവിരട്ടി എന്നിവിടങ്ങളില്‍ കത്തോലിക്കാസഭ വിറ്റതും വാങ്ങിയതുമായ സ്ഥലങ്ങള്‍ ഈ പാനല്‍ സന്ദര്‍ശിച്ചു. നിരവധി രേഖകള്‍ പരിശോധിക്കുകയും വിവരശേഖരണത്തിന്റെ ഭാഗമായി ആലഞ്ചേരിയുള്‍പ്പെടെ ബന്ധപ്പെട്ട വൈദികരേയും വിശ്വാസ സമൂഹത്തിലെ പ്രമുഖരേയും ഈ കമ്മിറ്റി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു. 
ജനുവരി നാലിന് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കാനോനിക-സിവില്‍ നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആരോപിച്ച റിപ്പോര്‍ട്ട് വ്യക്തമായും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഉത്തരവാദിത്വപ്പെട്ട വൈദികരേയും സംവിധാനങ്ങളേയും അറിയിക്കാതെ സ്വേച്ഛപ്രകാരമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഇടപാടുകള്‍ ഒട്ടും സുതാര്യതയില്ലാത്തതായിരുന്നു എന്നൊക്കെ തെളിയിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. 
കണ്‍സള്‍ട്ടേഴ്‌സ് ഫോറത്തില്‍ ചര്‍ച്ച ചെയ്യാതെയാണ് ആദ്യ ഇടപാടില്‍ റജിസ്‌ട്രേഷന്‍ നടന്നത്. ഫിനാന്‍സ് കൗണ്‍സിലിന്റെ തീരുമാനം തെറ്റായാണ് 36 ആധാരങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ളത്. 27.30 കോടി രൂപയ്ക്ക് വില്‍ക്കണമെന്നായിരുന്നു കൂറിയയുടെ തീരുമാനം. പക്ഷേ, ആധാരത്തില്‍ കാണിച്ചിട്ടുള്ള വിലയാകട്ടെ, 13.51 കോടിയും. എന്നാല്‍, ഇടപാട് നടത്തിയ ഏജന്റില്‍നിന്ന് ലഭിച്ചത് 9.13 കോടി. ആധാരം നടത്തുന്ന സമയത്ത് പണം കിട്ടിയോ എന്ന കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്പ് രൂപതയെ ബോധ്യപ്പെടുത്തുകയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 
പാനലിന്റെ അന്വേഷണപരിധിയില്‍ വന്ന നിശ്ചിത കാലയളവിലെ വില്‍ക്കലും വാങ്ങലുമടക്കമുള്ള എല്ലാ ഭൂമി ഇടപാടുകളും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ പൂര്‍ണ്ണമായ അറിവോടുകൂടിയാണ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 36 കഷണങ്ങളായി വിറ്റ അഞ്ചു പ്ലോട്ടുകളുടെ വില്‍പ്പനയില്‍ അദ്ദേഹത്തിന് നേരിട്ടു ബന്ധമുണ്ട്.
ദേവികുളം, കോട്ടപ്പടി എന്നിവിടങ്ങളില്‍ ഭൂമി വാങ്ങിയതിലും സുതാര്യതയില്ലായ്മയുണ്ടെന്ന് റിപ്പോര്‍ട്ട് ആരോപിച്ചു. ഈ ഇടപാടുകള്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ്, സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫിനാന്‍സ് ഓഫിസറായ ഫാ. ജോഷി പുതുവ എന്നിവര്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. കൂറിയയില്‍ ചര്‍ച്ച ചെയ്യാതെയോ രൂപതയിലെ സഹമെത്രാന്മാരോട് കൂടിയാലോചിക്കുകയോ ഇക്കാര്യത്തില്‍ ഉണ്ടായില്ല. രൂപതാ സ്ഥാപനങ്ങള്‍ക്കായുള്ള കേന്ദ്ര ഓഫിസ് (ഐക്കോ) മുഖാന്തിരം ഇതിനുവേണ്ടി പത്തുകോടി രൂപ വായ്പ നേടി. ഇങ്ങനെ വായ്പയെടുക്കുന്ന കാര്യമാകട്ടെ, ഐക്കോയുടെ പ്രസിഡന്റായ സെബാസ്റ്റ്യന്‍ എടയന്ത്രത്തില്‍നിന്ന് മറച്ചുവെയ്ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 
ആരോപണത്തേയും റിപ്പോര്‍ട്ടിനേയും തുടര്‍ന്ന് ഗൗരവതരമായ സ്ഥിതിവിശേഷമാണ് സഭയ്ക്കുള്ളില്‍ സംജാതമായത്. ആലഞ്ചേരിയെ എതിര്‍ത്തും പിന്തുണച്ചും വൈദികരും രൂപതകളും രംഗത്തെത്തി. ഭൂമി വില്‍പ്പന നടന്ന എറണാകുളം-അങ്കമാലി രൂപതയ്ക്കുള്ളില്‍ വൈദികസമൂഹത്തിലും വിശ്വാസികള്‍ക്കിടയിലും രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നതെങ്കില്‍ ചങ്ങനാശ്ശേരി, തൃശൂര്‍ അതിരൂപതകളും മാനന്തവാടി, തക്കല, ഷംസാബാദ് രൂപതകളുമാണ് മാര്‍ ആലഞ്ചേരിക്ക് പിന്തുണയുമായി എത്തിയത്. ചങ്ങനാശ്ശേരിയുടെ സാമന്ത രൂപതയായ തക്കലയും ചങ്ങനാശ്ശേരിക്കൊപ്പം മാര്‍ ആലഞ്ചേരിയെ പിന്തുണച്ച് രംഗത്തുവന്നു. വിശ്വാസിസമൂഹത്തിലും ഇത് ശക്തമായി പ്രതിഫലിച്ചു. ഉടലെടുത്ത ഭിന്നിപ്പ് സഭയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുമെന്ന ഭയം പൊതുവേ വ്യാപകമായി. ആലഞ്ചേരിക്കെതിരെ സഭയുടെ നേതൃത്വം സര്‍ക്കുലര്‍ ഇറക്കുന്നതുവരെ എത്തി കാര്യങ്ങള്‍. അദ്ദേഹത്തെ ചില ചുമതലകളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. അതിരൂപതയിലെ തലവനെതിരെ സഹായ മെത്രാന്‍ സര്‍ക്കുലര്‍ ഇറക്കുകയെന്ന പണ്ടെങ്ങുമില്ലാത്ത നടപടി സഭാവിശ്വാസികളില്‍ മാത്രമല്ല, പൊതുസമൂഹത്തില്‍ തന്നെയും വലിയ അമ്പരപ്പാണ് ഉണ്ടാക്കിയത്. ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാളിന്റെ വാദങ്ങളെ തള്ളുന്നതായിരുന്നു സര്‍ക്കുലര്‍. സഭയുടെ ഭൂമി വില്‍ക്കുന്നതില്‍ സുതാര്യത ഉണ്ടായില്ല. ആലഞ്ചേരിയെ നീക്കണമെന്നാവശ്യപ്പെട്ട് രൂപതയിലെ ഒരു വിഭാഗം വൈദികര്‍ ഒപ്പിട്ട പരാതി പോപ്പിനയയ്ക്കാനും തീരുമാനമുണ്ടായി. വിവാദവുമായി ബന്ധപ്പെട്ട് ഫിനാന്‍സ് ഓഫിസറായിരുന്ന ഫാ. ജോഷി പുതുവാ, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ എന്നിവരെ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തി. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സുതാര്യത ആവശ്യപ്പെട്ട് എറണാകുളം അതിരൂപതയിലെ അല്‍മായ കൂട്ടായ്മയായ ആര്‍ച്ച് ഡയസിഷന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി (എ.എം.ടി) രംഗത്തുവന്നതോടെ വിശ്വാസികള്‍ക്കിടയിലും ചേരിപ്പോര് രൂക്ഷമായി. കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ രാജിയാവശ്യപ്പെടുന്ന എ.എം.ടിയെ എറണാകുളം രൂപതയിലെ വൈദികസമിതി ശക്തമായി പിന്തുണച്ചപ്പോള്‍ മുതിര്‍ന്ന വൈദികര്‍ ആ നിലപാടിനെതിരെ എതിര്‍പ്പുയര്‍ത്തി. വൈകാതെ വിഷയം കോടതിയിലെത്തുകയും കര്‍ദ്ദിനാളിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തപ്പോള്‍ പ്രതിസന്ധി രൂക്ഷമായി. 

അനുരഞ്ജനത്തിലൊതുങ്ങാത്ത സമസ്യകള്‍

ഭൂമി വിവാദത്തില്‍ അതിരൂപതയിലെ വൈദികര്‍ തന്നെ രണ്ട് ചേരിയിലാവുകയും സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകള്‍ ഭിന്ന നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തതോടെ സീറോ മലബാര്‍ സഭയുടെ മെത്രാന്മാരും ഉള്‍പ്പെടുന്ന കേരള കത്തോലിക്കാസഭ മെത്രാന്‍ സമിതിയും (കെ.സി.ബി.സി) ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയും പ്രശ്‌നപരിഹാരത്തിനു ശ്രമങ്ങളാരംഭിച്ചു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ അവര്‍ നടത്തുന്ന സമവായ ശ്രമങ്ങള്‍ ഫലപ്രാപ്തിയോടടുക്കുന്നുവെന്നതാണ് സൂചന. കെ.സി.ബി.സിയുടെ പ്രസിഡന്റ് സൂസൈപാക്യം, സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമിസ് എന്നിവരുള്‍പ്പെടെയുള്ള ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്കു താല്‍ക്കാലിക വിരാമമിടാന്‍ സഹായമാകുന്നത് എന്നറിയുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എട്ടുതവണ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നു. മാര്‍ ആലഞ്ചേരി, സ്ഥിരം സിനഡിലെ മെത്രാന്മാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പൊരുന്നേടം, കൂറിയ മെത്രാന്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, സഹായ മെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. മാര്‍ച്ച് 18-ന് ചേര്‍ന്ന പ്രസ്ബിറ്ററല്‍ യോഗത്തിനു ശേഷം അനുരഞ്ജന സാധ്യതകള്‍  കൂടുതല്‍ വ്യക്തമായി. 
എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദത്തിനു പരിഹാരമായെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പിന്നീട് വ്യക്തമാക്കി. കൊച്ചി സെന്റ് മേരീസ് ബസിലിക്കയിലെ ഓശാന സന്ദേശത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നത്. ഭൂമി വിവാദത്തില്‍ താനും സഹായ മെത്രാന്മാരും വാര്‍ത്താക്കുറിപ്പിലറിയിച്ചതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തെറ്റുപറ്റിയെന്ന് ആലഞ്ചേരി വൈദികസമിതിയില്‍ സമ്മതിച്ചതായാണ് വിവരം. ഇടനിലക്കാരനെ വിശ്വസിച്ചുപോയെന്ന അബദ്ധം ചെയ്‌തെന്നും. സഭയ്ക്ക് ഇടപാടുകൊണ്ടുണ്ടായ നഷ്ടം നികത്തപ്പെടും. ഇതിനകം തന്നെ സഭയ്ക്ക് പത്തുകോടി രൂപ തിരികെ കിട്ടിയെന്നും കോട്ടപ്പടിയില്‍ ഈടായി ലഭിച്ച 25 ഏക്ര ഭൂമി വില്‍ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇതുവഴി ബാക്കിത്തുക ലഭിക്കുമെന്നും മുതിര്‍ന്ന ഒരു വൈദികന്‍ പറഞ്ഞു. ആത്മപരിശോധനയുടെ സ്വരമാണ് കര്‍ദ്ദിനാളിന്റെ ഓശാനാ സന്ദേശത്തില്‍ വായിച്ചെടുക്കാനാകുന്നത്. ക്രിസ്തീയ വിശ്വാസത്തിന്റെ പരമമായ പ്രഘോഷണമാണത് - അദ്ദേഹം പറഞ്ഞു. 
പ്രശ്‌നം ഒത്തുതീരാനുള്ള സാധ്യത ഏറെ പ്രകടമായിക്കൊണ്ടിരിക്കുമ്പോഴും പ്രശ്‌നങ്ങള്‍ക്ക് ആധാരമായ കാര്യങ്ങളില്‍ ഒരു തീരുമാനവും എളുപ്പം ഉണ്ടാകില്ലെന്ന ബോധ്യമാണ് ഇപ്പോഴും ലഭിക്കുന്നത്. ഇടപാടുകളിലെ സുതാര്യതയില്ലായ്മ എന്ന ആരോപണത്തില്‍ ഒരു തീരുമാനവും ഉണ്ടാകാനിടയില്ല. വ്യവസ്ഥാപരമായ തകരാറാണ് ഇതിനെല്ലാം വഴിവെച്ചതെന്ന് സഭാനേതൃത്വവും സമ്മതിക്കാനിടയില്ല. 
സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ത്തന്നെ ആരാധനക്രമം, വിശ്വാസപാരമ്പര്യം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ രൂപതകള്‍ തമ്മില്‍ കടുത്ത ഭിന്നതയുണ്ട്. ആലഞ്ചേരിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഇവയെച്ചൊല്ലിയുള്ള ഭിന്നത ചേരിതിരിവിനു പശ്ചാത്തലമായതാണ്. ഇതിനും പുറമേയാണ് എടയന്ത്രത്ത് ഉള്‍പ്പെടുന്ന സഹമെത്രാന്‍മാരുമായുള്ള അഭിപ്രായഭിന്നത. വ്യക്തിപരമായ ചില കാരണങ്ങള്‍ ഭിന്നതയ്ക്ക് രൂക്ഷത വര്‍ധിപ്പിച്ചുവെന്നതിനു വ്യക്തമായ സൂചനകളുണ്ട്. 


ചര്‍ച്ച് ആക്ട് നടപ്പാക്കണം

റെജി ഞെള്ളാനി
ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ്

സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ ഇന്നു നടക്കുന്ന ഭൂമി ഇടപാടുകളെച്ചൊല്ലിയുള്ള വിവാദം യഥാര്‍ത്ഥത്തില്‍ അതിലും ഗുരുതരമായ മറ്റൊരു പ്രതിസന്ധിയുടെ അനുരണനമാണ്. ആരാധനക്രമം, വിശ്വാസപാരമ്പര്യം എന്നിവയെച്ചൊല്ലി രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ തര്‍ക്കമുണ്ട്. ആലഞ്ചേരിയുടെ സ്വാധീനമേഖലയായ ചങ്ങനാശ്ശേരിയും പാലായുമൊക്കെ കല്‍ദായ പാരമ്പര്യം മുറുകെപ്പിടിക്കണമെന്ന പക്ഷക്കാരാണ്. കല്‍ദായ സഭയുടെ ഒരു പുത്രികാസഭ എന്ന മട്ടിലാണ് സീറോ മലബാര്‍ സഭ കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഭാരതീയമായ മാര്‍ത്തോമ്മാ ശ്ലൈഹികപാരമ്പര്യത്തെ പിന്തുടരണമെന്ന് വാദിക്കുന്ന വിഭാഗവും പ്രബലമാണ്. എടയന്ത്രത്ത്, ഭരണിക്കുളങ്ങര, താഴത്ത് തുടങ്ങിയവരൊക്കെ ഈ വിഭാഗക്കാരാണ്. ഇവര്‍ തമ്മില്‍ വലിയൊരു പോരാട്ടം ഇപ്പോഴും നടന്നുവരുന്നുണ്ട്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ ഭൂമി ഇടപാട് വിവാദം. കല്‍ദായക്കാരനായ ആലഞ്ചേരിക്കെതിരെ കിട്ടിയ സന്ദര്‍ഭം മുതലാക്കിയെന്നു മാത്രം. 
ഇതിനു പുറമേയുള്ള മറ്റൊരു ഘടകം കൂടി വിവാദത്തിലുള്‍ച്ചേരുന്നുണ്ട്. പാത്രിയാര്‍ക്കീസ് എന്നൊരു പദവി വരാന്‍ പോകുകയാണ്. ആലഞ്ചേരിയാണ് പാത്രിയാര്‍ക്കീസാകുക. സഭയുടെ സര്‍വ്വാധികാരങ്ങളും അതോടുകൂടി അദ്ദേഹത്തിന്റെ കൈയിലാകും. അദ്ദേഹത്തിന്റെ ഈ അധികാരലബ്ധി തടയുക എന്നൊരു ഉദ്ദേശ്യം കൂടി വിരുദ്ധപക്ഷത്തിനുണ്ട്. 
മെത്രാന് സമഗ്രാധികാരമാണ് സഭയില്‍. കാനോനിക നിയമം 190, 191, 192, 392 വകുപ്പുകളനുസരിച്ച് സ്വത്തുക്കളുടെ അധികാരി മെത്രാനാണ്. 1263- വകുപ്പനുസരിച്ച് നികുതി പിരിക്കാന്‍പോലും അധികാരമുണ്ട്. സഭയ്ക്ക് വിശ്വാസികള്‍ നല്‍കുന്ന സ്വത്തുക്കള്‍ അദ്ദേഹത്തിന്റേതാണ്. ഈ നില മാറിയാല്‍ മാത്രമേ സുതാര്യത ഉറപ്പുവരുത്താനാകൂ. 2009-ല്‍ വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമപരിഷ്‌കരണസമിതി ചര്‍ച്ച് ആക്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ചര്‍ച്ച് ആക്ട് നടപ്പാക്കിയാല്‍ മാത്രം പോരാ. ദേവസ്വം ബോര്‍ഡ്, വഖഫ് ബോര്‍ഡ് മാതൃകയില്‍ ഭരണകൂടത്തിന്റെ നിയന്ത്രണപരിധിയില്‍ പള്ളിയുടെ സ്വത്തുവഹകള്‍ വരേണ്ടതുണ്ട്. ഹിന്ദു, മുസ്ലിം മതസ്ഥാപനങ്ങളുടെ സ്വത്തിന്‍മേല്‍ സര്‍ക്കാര്‍ നിയന്ത്രണമുണ്ടെങ്കിലും ക്രിസ്ത്യന്‍ മതസ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണം ഇതുവരേയും ഉണ്ടായിട്ടില്ല.

വി.വി. അഗസ്റ്റിന്‍
കാത്തലിക് കോണ്‍ഗ്രസ്സ്

ഭൂമി വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആവശ്യത്തിലേറെ പെരുപ്പിക്കപ്പെട്ടുവെന്നാണ് എനിക്കു തോന്നുന്നത്. അതും ആവശ്യമില്ലാത്ത അനുപാതത്തില്‍. ഏതായാലും അങ്ങനെയൊരു അനാവശ്യ വിവാദം അവസാനിക്കുന്നുവെന്ന സന്തോഷത്തിലാണ് ഞാന്‍. ആലഞ്ചേരി പിതാവിനെ കുറ്റപ്പെടുത്തുന്നതിലൊന്നും കാര്യമില്ല. ഇടനിലക്കാരന്‍ സമയത്ത് കാര്യങ്ങള്‍ ചെയ്തില്ല. ചില പിഴവുകള്‍ വരുത്തി. അതിന് ആലഞ്ചേരി ഉത്തരവാദിയായി എന്നുമാത്രം. കേരളഭരണവുമായി ബന്ധപ്പെട്ട് എന്തു പ്രശ്‌നമുണ്ടായാലും ആദ്യം പഴി കേള്‍ക്കുക മുഖ്യമന്ത്രി പിണറായി വിജയനല്ലേ, അതുപോലെ. ഇപ്പോള്‍ ഇടനിലക്കാരന്‍ തന്നെ നഷ്ടമായെന്നു കരുതുന്ന തുക തിരികെ കൊടുക്കുന്നു. കോട്ടപ്പടിയിലുള്ള ആ ഭൂമി വിറ്റാല്‍ പ്രശ്‌നം സുന്ദരമായി തീര്‍ന്നില്ലേ. കടം വീട്ടാനാണ് അസെറ്റ് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, കടം വീടിയില്ല. അസെറ്റ് വര്‍ദ്ധിക്കുകയും ചെയ്തു. ഇതാണവസ്ഥ. സമയത്തിനു കാര്യം നടന്നില്ല എന്നൊരു പിഴവുണ്ട്. അത് പിതാവ് ബോധപൂര്‍വ്വം വരുത്തിയതല്ല. ആ പിഴവ് ആരൊക്കെയോ മുതലെടുത്തുവെന്നു മാത്രം. കേരളത്തിലിന്നു വലിയ തോതിലുള്ള മാധ്യമ മത്സരം നടക്കുന്നുവെന്നതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്  അത് ഒരു ചൂടന്‍ വിഷയമായി. അത്രയേ പറയാനാകൂ.

ബഹുസ്വരതയുടെ നഷ്ടം യഥാര്‍ത്ഥ പ്രശ്‌നം

ഫാ. പോള്‍ തേലക്കാട്ട്

ബഹുസ്വരത നഷ്ടമാകുകയും ഏകസ്വരീയത പ്രബലമാകുകയും ചെയ്തുവെന്നതാണ് ഇപ്പോള്‍ ഉണ്ടായ വിവാദത്തിന്റെ കാതലായ കാരണം.  ബാബേല്‍ ഗോപുരത്തില്‍ ദൈവം വന്നത് ഭാഷകളെ ചിതറിക്കാനായിരുന്നു.  പരസ്പരമുള്ള ആദരവ്, പരസ്പരശ്രവണം, സമവായം ഇതൊക്കെ ഏതൊരു വ്യവസ്ഥക്കുള്ളിലും ജനാധിപത്യത്തിന്റെ ശുദ്ധവായു നിലനിര്‍ത്തുന്ന ഘടകങ്ങളാണ്. 
ഭൂമിവില്‍പ്പന യഥാര്‍ത്ഥത്തില്‍ സഭയ്ക്കു വന്നുചേര്‍ന്ന കടം വീട്ടാനായിരുന്നു. എന്നാല്‍, കടം വീടിയില്ലെന്നതു മാത്രമല്ല, അതു വര്‍ദ്ധിക്കുകയും ചെയ്തു.  ആലഞ്ചേരി പിതാവ് ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത കാട്ടിയില്ല. ഏതൊരു സംഘടനയായാലും സഭയായാലും അവിടെ ഒരാളുടെ സ്വരം മാത്രം മതിയെന്ന വിചാരമുണ്ടാകുന്നത് അഭിലഷണീയമല്ല. അപ്പോള്‍ ആരെങ്കിലും അത്തരം പ്രവണതകള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവൃത്തികളെ ചോദ്യം ചെയ്‌തെന്നിരിക്കും. അത് ജനാധിപത്യമാണ്. ദൈവികമാണ്. ചോദ്യം ചെയ്യുന്നത് ആരോടെങ്കിലുമുള്ള ബഹുമാനക്കുറവ് കൊണ്ടാണെന്നും കരുതേണ്ടതില്ല. ആരോടും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തതു കൊണ്ടുണ്ടായ കുഴപ്പങ്ങളാണ് ഭൂമി ഇടപാട് വിവാദവുമായി ബന്ധപ്പെട്ട് ഉണ്ടായത്. 
പ്രശ്‌നങ്ങള്‍ തീര്‍ന്നുവെന്ന് പറയാറായിട്ടില്ല. ഞങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റേയും അനുരഞ്ജനത്തിന്റേയും പാതയിലാണ്. ഭൂമി ഇടപാട് ഉയര്‍ത്തിയ ധാര്‍മിക പ്രശ്‌നങ്ങള്‍ അവിടെത്തന്നെ നിലനില്‍ക്കുന്നു.  അവ അഭിസംബോധന ചെയ്യപ്പെടുക തന്നെ ചെയ്യും. 
ഏതൊരു സംഘടനക്കുള്ളില്‍ എന്തിനെച്ചൊല്ലിയും വ്യത്യസ്താഭിപ്രായങ്ങള്‍ കാണും. സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ ആചാരപരമായ കാര്യങ്ങളില്‍ അഭിപ്രായ ബാഹുല്യം ഉണ്ടാകാം. അത് വേറൊരു വിഷയമാണ്. അതുപോലെ ഏതെങ്കിലും മുതിര്‍ന്ന വൈദികനെതിരെയുള്ള വ്യക്തിപരമായ ആരോപണങ്ങള്‍. അതും അന്വേഷിക്കാവുന്നതാണ്. പ്രാദേശികമായ താല്‍പ്പര്യങ്ങള്‍ ഓരോ പ്രശ്‌നങ്ങള്‍ക്ക് പിറകിലും ഉയര്‍ന്നുവരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, അതെല്ലാം കണക്കിലെടുത്ത് പ്രശ്‌നത്തെ വ്യാഖ്യാനിക്കുന്നത്  മൗഢ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com