മാന്തളിരിലെ സഭാജീവിതവും കമ്യൂണിസ്റ്റ് ജീവിതവും

നമുക്കു പറ്റിയത്  ക്രിസ്ത്യാനിയുടെ സംസ്‌ക്കാരമാണ്. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമാണ് ക്രിസ്ത്യാനിയുടേത്
മാന്തളിരിലെ സഭാജീവിതവും കമ്യൂണിസ്റ്റ് ജീവിതവും

യിരത്തിത്തൊള്ളായിരത്തി എഴുപത്തിനാല് സെപ്തംബര്‍ പതിനഞ്ച്  ഞായറാഴ്ച, ഞങ്ങള്‍- അമ്മയും എന്റെ രണ്ട് സഹോദരങ്ങള്‍- മാന്തളിര്‍ പള്ളിയില്‍ എത്തിയത് പ്രഭാത നമസ്‌ക്കാരവും കഴിഞ്ഞായിരുന്നു. സാധാരണ പള്ളിക്കുള്ളില്‍ ഏറ്റവും മുന്നില്‍ കുട്ടികളുടെ കൂടെ നില്‍ക്കുന്ന ഞങ്ങളെ അന്ന് അമ്മ അവിടേക്ക് വിട്ടില്ല. പള്ളിയുടെ ഭിത്തി നിറയെ കറുത്ത ടാര്‍ കോരിയൊഴിച്ച് ''വടുതല മെത്രാന്‍ ഗോബാക്ക്'' എന്ന് എഴുതിവെച്ചിരുന്നു. അതെന്താണ് എന്ന് അമ്മയോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, പള്ളിയില്‍ ചെന്നാല്‍പ്പിന്നെ മിണ്ടരുത് എന്ന അലിഖിത നിയമം കാരണം ഞങ്ങള്‍ മിണ്ടിയതേയില്ല. ഞാനും സഹോദരന്‍ സുനിലും പരസ്പരം നോക്കി. ഞാന്‍ അന്ന് നാലാം ക്ലാസ്സിലും അവന്‍ രണ്ടിലുമാണ് പഠിച്ചിരുന്നത്. കുര്‍ബ്ബാന മധ്യേയുള്ള പ്രസംഗത്തിനായി പുല്ലംപ്ലാവില്‍ അച്ചന്‍ ജനസമൂഹത്തെ അഭിസംബോധന ചെയ്തതും പള്ളിയുടെ പടിഞ്ഞാറെ വലിയ വാതില്‍ പകുതി അടച്ചുകൊണ്ട് കുറേപ്പേര്‍ ഒച്ചയുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങി. അച്ചനും നല്ല കോപത്തിലായിരുന്നു. പിന്നെ പെട്ടെന്ന് കാണുന്നത് മണ്ണിലെ ദാനിച്ചായന്‍ എഴുന്നേറ്റ് ആരെയൊക്കെ അടിക്കുന്നതാണ്. (ബന്യാമിന്റെ പിതാവ്). അതോടെ അമ്മ ഞങ്ങളേയും കൊണ്ട് പുറത്തുചാടി. പിന്നെയുണ്ടായ പൊരിഞ്ഞ അടികള്‍ക്കിടയില്‍ എപ്പോഴോ ഞങ്ങളേയും കൂട്ടി അമ്മ വഴിയില്‍ എത്തിയിരുന്നു. കുര്‍ബ്ബാന മുഴുമിക്കാനാവാത്തതിന്റെ സങ്കടം അമ്മ പറയുന്നതോ കരയുന്നതോ ഞങ്ങളെ ബാധിച്ചില്ല. പള്ളിയും സണ്ടേ സ്‌കൂളും കഴിഞ്ഞ് ഉച്ചവരെ അവിടെ നില്‍ക്കേണ്ടിവരാതെ പോന്നതിലുള്ള സന്തോഷം ഉള്ളിലുണ്ടായിരുന്നു. പിന്നെ ഉച്ചയ്ക്ക് പപ്പാ പള്ളിയില്‍നിന്ന്  വന്നപാട് വിവരം അറിഞ്ഞ് നെഞ്ചത്ത് കൈവെച്ച് ഇരുന്നതോടെയാണ് കാര്യങ്ങളുടെ ഗൗരവം കുറേശ്ശേ ഞങ്ങള്‍ക്ക് ബോദ്ധ്യമായത്. നിറഞ്ഞ കാസായും പീലാസയും പറഞ്ഞ് അമ്മ വീണ്ടും കരയാന്‍ തുടങ്ങി. (വി. കുര്‍ബ്ബാന അനുഷ്ഠാനങ്ങളില്‍ അപ്പവും വീഞ്ഞും വെയ്ക്കുന്ന പാത്രങ്ങളാണ് കാസയും പീലാസയും. കുര്‍ബ്ബാന അവസാനം വീഞ്ഞും അപ്പവും ചേര്‍ത്ത് വിശ്വാസികള്‍ക്ക് നല്‍കി ബാക്കി പുരോഹിതന്‍ കഴിച്ചാണ് കുര്‍ബ്ബാന അവസാനിക്കുക) പിന്നെ എത്രയോ കാലം അത് എന്റെയും വേദനയായി. അങ്ങനെ സംഭവിക്കാന്‍ കാരണക്കാരായ എല്ലാ പള്ളി വഴക്കുകാരെയും ഞാന്‍ വെറുക്കാന്‍ തുടങ്ങുന്നത് അങ്ങനെയാണ്. ആ കുര്‍ബ്ബാന മുഴുമിക്കാനാവാതെ പോയതിന്റെ ദോഷമാവാം മാന്തളിരിലുണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഞങ്ങള്‍ മൂന്ന് സ്‌നേഹിതമാര്‍- ഞാനും ഷേബയും ഷീജയും- പരസ്പരം എത്രയോ കാലം പറഞ്ഞിരുന്നു. ബന്യാമിന്റെ 'മാന്തളിരിന്റെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ ആ ദിവസത്തെ അതിന്റെ എല്ലാ ദുഃഖങ്ങളോടും കൂടെ മുന്നിലേക്കെത്തിച്ചു. വര്‍ഷം എത്രയോ കഴിഞ്ഞു. ഞാന്‍ ആ നാടുവിട്ട് മലബാറുകാരിയായി. എത്രയോ മുഖങ്ങള്‍ കാലയവനികയിലേക്ക് കടന്നുപോയി. അമ്മയുടെ അടക്കത്തിന് പോയപ്പോള്‍ ആ പഴയ പള്ളി വീണ്ടും കണ്ടു. പിന്നെ കേസ് ജയിച്ചെന്നോ പള്ളി തിരികെ കിട്ടിയെന്നോ കേട്ടപ്പോഴും വലിയ ആഹ്ലാദാവേശങ്ങളൊന്നും ഉണ്ടായില്ല. 


കേരളത്തിലെ റവന്യൂരേഖകളില്‍ 'മാന്തുക' എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും മാന്തളിര്‍ എന്ന പേരില്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ ഊറ്റംകൊള്ളുന്നതുമായ ആ പ്രദേശത്തെ ഏറ്റവും വലിയ സ്ഥാപനം പള്ളിയാണ്. അതിനോട് ചേര്‍ന്നുപോവുന്ന കുറേ ജീവിതങ്ങളും പള്ളി ഒരു അഭിമാനപ്രശ്‌നം എന്നതിനെക്കാളേറെ ജീവനും ശ്വാസവുമായി മാറുന്ന അവസ്ഥ. മാന്തളിര്‍ പള്ളിയോട് ചേര്‍ന്ന് മാന്തളിര്‍ വീട്. പള്ളിക്കുവേണ്ടി ജീവിച്ച് മരിക്കാനിരിക്കുന്ന  'സഫയാണ് എല്ലാം' എന്നു വിശ്വസിക്കുന്ന മാന്തളിര്‍ മത്തായിയും മാന്തളിര്‍ കുഞ്ഞൂഞ്ഞും ഇവിടെ സജീവ കഥാപാത്രങ്ങളാവുന്നു. അവരുടെ ചിന്തകളിലൂടെ, പ്രവൃത്തികളിലൂടെ, കാഴ്ചപ്പാടിലൂടെ നോവല്‍ പുരോഗമിക്കുന്നു. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങളില്‍ പള്ളിവഴക്ക് മാത്രമായിരുന്നു വിഷയമെങ്കില്‍ മാന്തളിരിന്റെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങളില്‍ മാന്തളിര്‍ മത്തായിയുടെ മൂത്തമകന്‍ കുഞ്ഞൂഞ്ഞ്  ഇരുപതു വര്‍ഷത്തിനു ശേഷം പട്ടാളജീവിതത്തിനുശേഷം  തിരികെ വരുന്നതാണ്. മൂത്തമകനെ സ്വീകരിക്കാന്‍ പോവാനുള്ള ബഹളങ്ങളാണ് നോവലിന്റെ ആദ്യഭാഗം. 20 വര്‍ഷത്തെ അജ്ഞാതവാസം എന്നു പറയാവുന്ന ഒരു കാലത്തിന്റെ അവസാനമാണ് ആ വരവ്. വരുന്നു എന്നല്ലാതെ ബാക്കി വിവരങ്ങളൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാന്‍ ചെന്നവരെ ഒന്നാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുഞ്ഞൂഞ്ഞ് എന്ന മോഹനന്റെ വല്യച്ചായന്‍ ഭാര്യയോടും അഞ്ച് കുട്ടികളോടുമൊപ്പമാണ് എത്തിയത്. ആ കുട്ടികള്‍ തന്നില്‍നിന്നും മാന്തളിര്‍ വീട്ടിലെ മറ്റ് കുട്ടികളില്‍നിന്നും വളരെ വ്യത്യസ്തരാണെന്നത് വളരെ വേഗം മോഹനന് മനസ്സിലാവുന്നു. അവരുടെ സംസാരം, ഉപയോഗിക്കുന്ന ഭാഷ ഇങ്ങനെ എല്ലാമെല്ലാം വ്യത്യസ്തമായിരുന്നു. വീട്ടില്‍ എത്തുമ്പോഴും അവര്‍ എടുക്കുന്ന സ്വാതന്ത്ര്യവും അധികാരഭാവവും കൂസലില്ലായ്മ, എന്തിനോടുമുള്ള സ്വന്തം എന്ന ഭാവം ഒക്കെ മോഹനന്‍ എന്ന അഞ്ചുവയസ്സുകാരനെ മാത്രമല്ല എല്ലാവരേയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നു. മോഹനന്റെ അതേ പ്രായക്കാരനായ ജിജന്‍ അവന്റെ തലയെടുപ്പുകൊണ്ടും സംസാരംകൊണ്ടും ലോകവിവരം കൊണ്ടും അത്ഭുതപ്പെടുത്തുന്നതു കൂടാതെ തന്റെയും ബാക്കി കുട്ടികളുടേയും മേല്‍ അവനുറപ്പിക്കുന്ന അധികാരഭാവവും മോഹനന് മനസ്സിലാവുന്നുണ്ട്. 


ഞായറാഴ്ച പള്ളിയില്‍ പോകാത്ത, വൈകുന്നേരം സന്ധ്യാനമസ്‌ക്കാരം നടത്താത്ത നിരീശ്വരവാദികളായ ഒരു സമൂഹത്തെ ഉള്‍ക്കൊള്ളാന്‍ മാന്തളിര്‍ വീട് തയ്യാറായിരുന്നില്ല. അന്നമ്മച്ചിക്ക് അടുക്കളയിലെ കയ്യേറ്റങ്ങളോ തന്നോടുള്ള അവഗണനയോ ബാക്കിയുള്ളവരോടുള്ള പുച്ഛമോ മൂത്തമകന്‍ സ്വന്തം പിതാവിനോട് കാണിക്കുന്ന പിണക്കങ്ങളോ ഒക്കെ സഹിക്കാമായിരുന്നു. അതിനും അപ്പുറത്തായിരുന്നു പള്ളിയോടും വിശ്വാസങ്ങളോടുമുള്ള അവഗണന. അതുകൊണ്ടാണ് അത്തരം അവിശ്വാസികള്‍ ആ വീട്ടില്‍നിന്ന് മാറണം എന്ന് അവര്‍ ആവശ്യപ്പെടുന്നത്. പള്ളിയോടും പള്ളിജീവിതത്തോടും ബന്ധപ്പെട്ടതെന്തും വളരെ പരിപാവനമായി കാണുന്ന ഒരു സ്ഥലത്ത്, പ്രാര്‍ത്ഥിക്കാനിരിക്കുന്ന  പായില്‍ നിറഞ്ഞ സന്ധ്യയ്ക്ക് ഇരുന്ന് ചീട്ടുകളിക്കുന്നവരെ വീട്ടില്‍ എങ്ങനെ താമസിപ്പിക്കും. മറുഭാഗത്തും ഇതുതന്നെ സംഭവിക്കുന്നു. അവര്‍ കുട്ടികളേയും കൊണ്ട് സിനിമയ്ക്ക് പോവുന്നു. മറ്റ് പുസ്തകങ്ങള്‍ വായിപ്പിക്കുന്നു. കഠിനമായ ജീവിതചര്യയിലൂടെ അവരെ പരുവപ്പെടുത്തുന്നു. വീട് മാറിയശേഷം തങ്ങള്‍ക്കെതിരെ വരുന്ന ഓരോ ആരോപണങ്ങളോടും നിശിതമായ മറുപടിയിലൂടെ എതിര്‍ത്തു നില്‍ക്കുന്നു. ദേശാഭിമാനി പത്രത്തിന്റെ കാര്യത്തില്‍ എന്നതുപോലെ അല്പം പടവെട്ടിയാലും തങ്ങളുടെ ഭാഗം അവര്‍ സ്ഥാപിച്ചെടുക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ സംഭവിക്കുന്നത് മാന്തളിര്‍ വീടുപോലെയൊരു സുറിയാനി ക്രിസ്ത്യാനി വീട്ടില്‍ ഒരു കമ്യൂണിസ്റ്റുകാരന്റെ നിലനില്പിന്റെ വ്യസനങ്ങളാണ് ഇവയൊക്കെ, ദേശാഭിമാനി പത്രത്തെപ്പോലും സഹിക്കാനാവാത്ത ആ സമൂഹത്തില്‍ സഭാജീവിതവും കമ്യൂണിസ്റ്റ് ജീവിതവും തമ്മില്‍ ഏറ്റുമുട്ടുന്നു. കൊച്ചപ്പച്ചന്‍ എന്ന മാന്തളിര്‍ കുഞ്ഞൂഞ്ഞ് ഒന്നാമന്‍ പറയുന്ന ''നമുക്കു പറ്റിയത്  ക്രിസ്ത്യാനിയുടെ സംസ്‌ക്കാരമാണ്. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമാണ് ക്രിസ്ത്യാനിയുടേത്'' എന്ന വാക്കുകളില്‍നിന്ന് ഇത് വ്യക്തമാണ്. 
ഇത്രയും കഷ്ടപ്പെട്ട് ജീവിതം മുഴുവനും ഒരു പാര്‍ട്ടിക്കുവേണ്ടി കൊടുത്ത ഒരു മനുഷ്യന്‍ നേരിടുന്ന പാര്‍ട്ടി പരീക്ഷണങ്ങളും ഇതിലെ വിഷയമാണ്.

വീട്ടില്‍നിന്നുള്ള അവഗണനകള്‍ അയാളെ കൂടുതല്‍ കരുത്തനാക്കിയിരുന്നുവെങ്കില്‍  പാര്‍ട്ടിയുടെ കുത്തുകള്‍ കുഞ്ഞൂഞ്ഞ് എന്ന സഖാവിനെ തളര്‍ത്തുന്നു. മന്നം ഷുഗര്‍മില്‍ സമരത്തിന്റെ പരാജയവും പൊതുജനങ്ങളുടെ വെറുപ്പും വെടിവെയ്പും ഒക്കെക്കൂടി പാര്‍ട്ടിയുടെ മുന്നില്‍ അവര്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാനാവാതെ കുഴങ്ങിനില്‍ക്കുന്നു. എല്ലാ അശരണരുടേയും അവസാന അത്താണി ദൈവമായിരിക്കും എന്ന പറച്ചില്‍പോലെ മാന്തളിര്‍ കുഞ്ഞൂഞ്ഞ് രണ്ടാമന്‍ പള്ളിയില്‍ പോയിത്തുടങ്ങുന്നു. പോയിത്തുടങ്ങുമ്പോഴാവട്ടെ, ഒരു വെറും വിശ്വാസിയല്ല; കഠിനവും തീവ്രവുമായ ഒരു വിശ്വാസിയാവാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. പക്ഷേ, അവിടെയും അയാള്‍ തീവ്രമായ സംഘര്‍ഷം അനുഭവിക്കുന്നുണ്ട്. പാര്‍ട്ടി കാടുമാത്രം കാണുന്നു എന്നും ക്രിസ്തു മരങ്ങളെക്കൂടി കാണുന്നു എന്നുമുള്ള ഗുട്ടിരിയേസ് അച്ചന്റെ വാക്കുകള്‍ അയാളെ സംശയാലുവാക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന ഒരു കാലത്തിന്റെ നൊമ്പരങ്ങള്‍ സഖാവേ എന്ന വിളിയുടെ അര്‍ത്ഥശൂന്യത. കുട്ടന്‍പിള്ളയോട് പറയുന്നത് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഖാവ് കുട്ടന്‍പിള്ളയെ പുറത്താക്കുമ്പോള്‍ അതിനെപ്പറ്റി പാര്‍ട്ടിക്കുവേണ്ടി സംസാരിക്കേണ്ടിവരുന്നത് ഇതെല്ലാം ആ സംഘര്‍ഷങ്ങളായിരുന്നു. ഇരുപത്തിയഞ്ചു നോമ്പ് നോല്‍ക്കുന്നതും പാതിരാക്കുര്‍ബ്ബാനയ്ക്ക് കൂടുന്നതും ക്രിസ്തുമസ്സ് ആഘോഷിക്കുന്നതും ഉള്ളിലെ ഇതേ സംഘര്‍ഷത്തോടെയാണ്. ആ മാനസിക ഏറ്റുമുട്ടലിനെ മറികടക്കാന്‍ കഴിയാത്തതാണ് ആ പക്ഷാഘാതമായി മാറുന്നത്. അതിനുശേഷം ആ മനുഷ്യനില്‍ വരുന്ന മാറ്റങ്ങള്‍ എല്ലാവരോടും പക. അന്ധമായ ചില വിശ്വാസങ്ങള്‍ അങ്ങനെ സ്വന്തം വീടുപോലും പൊളിച്ചുകളയാനുള്ള തീരുമാനത്തില്‍ അയാള്‍ എത്തുന്നതോടെ ഒരു വിശ്വാസിയുടെ- കമ്യൂണിസ്റ്റിന്റെ- പതനം പൂര്‍ണമാവുന്നു. 


ഈ എല്ലാ പരീക്ഷണഘട്ടങ്ങളിലും സഖാവ് കുഞ്ഞൂഞ്ഞിനൊപ്പം നില്‍ക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്ത മന്ദാകിനി കൗര്‍ എന്ന പഞ്ചാബുകാരി തികഞ്ഞ മാന്തളിരുകാരിയായി മാറുന്ന കൗതുകകരമായ കാഴ്ച ഈ നോവലിന്റെ മറ്റൊരു സവിശേഷതയാണ്. മാന്തളിര്‍ വീടിന്റെ 'സഫാ ജീവിതത്തെ' സ്പര്‍ശിക്കാതെ അവര്‍ സ്വന്തം നിലയ്ക്ക് വളരെ സ്വതന്ത്രമായി അവിടെ ജീവിച്ചു. വന്നുകയറിയ ദിവസം തന്നെ സങ്കോചം വെടിഞ്ഞ് ആ വീടിന്റെ അടുക്കള തനിക്കിഷ്ടമുള്ളതുപോലെ അവള്‍ മാറ്റിമറിച്ചു. പിന്നെ അവര്‍ വരുത്തിയ മാറ്റങ്ങളുടെ നീണ്ട പട്ടിക ബന്യാമിന്‍ നോവലില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. മാന്തളിരിന്റെ നവോത്ഥാന കാലം എന്ന് നോവലിസ്റ്റ്  ആ കാലത്തെ വിശേഷിപ്പിക്കുന്നുമുണ്ട്. ഭാഷയില്‍, സംസ്‌ക്കാരത്തില്‍, ജീവിതരീതികളില്‍, ഭക്ഷണശീലങ്ങളിലും വിഭവങ്ങളിലും ഒക്കെ ആ വ്യതിയാനം തീര്‍ച്ചയായും മാന്തളിരിലെ സമ്പൂര്‍ണ്ണ വിപ്ലവങ്ങളുടെ കാരണക്കാരിയായി അവര്‍ മാറുന്നു. തന്റെ ഭര്‍ത്താവിനു നേരെ പാര്‍ട്ടി ദുരാരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അദ്ദേഹത്തെ ധൈര്യപ്പെടുത്തി കൂടെ നില്‍ക്കുകയും പാര്‍ട്ടിയില്‍നിന്ന് അകലാന്‍ തുടങ്ങുമ്പോള്‍ പാര്‍ട്ടിയുടെ സ്‌നേഹത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കൂടെ നില്‍ക്കുകയും ചെയ്യുന്നത് അവരാണ്. സമരമുഖങ്ങളിലൊക്കെ അവര്‍ ഒപ്പം നില്‍ക്കുന്നു. മക്കളെ അതേ വിശ്വാസങ്ങളില്‍ വളര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. 


മാന്തളിര്‍ മത്തായിയുടെ മകന്‍ സഖാവ് കുഞ്ഞൂഞ്ഞിന്റെ ഭാര്യ മേരി സഖാവ് എന്ന വ്യക്തിയില്‍നിന്നാണ് ഈ മന്ദാകിനിയെ നോവലിസ്റ്റ് രൂപപ്പെടുത്തിയത്. കുളനട, പന്തളം പ്രദേശത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയ എല്ലാ സമരങ്ങളിലും വളരെ വീറോടെ പങ്കെടുത്ത ഒരു സഖാവായിരുന്നു അവര്‍. ധര്‍ണ്ണയ്ക്കും പിക്കറ്റിങ്ങിനുമൊക്കെ ശേഷം ഉശിരോടെ പൊലീസ് വാനിലൊക്കെ ഉറക്കെ മുദ്രാവാക്യം വിളിച്ചു കയറിപ്പോവുന്ന ആ വ്യക്തിയെ ഉള്‍ക്കൊള്ളാന്‍ പൊതുവേ കുളനടയിലെ ക്രിസ്ത്യാനിക്ക് കഴിഞ്ഞിരുന്നില്ല. നമുക്കിതൊക്കെ യോജിച്ചതാണോ എന്നൊരു സംശയം പൊതുവേ അവര്‍ക്കിടയിലുണ്ടായിരുന്നു. ഇത് ആ സമൂഹം പരസ്പരം പങ്കുവെച്ചിരുന്നു എങ്കിലും ഒരിക്കലും ഒരു മുറുമുറുപ്പിനപ്പുറം അതു പോയില്ല. കാരണം, മേരി സഖാവിന്റെ മറുപടികളുടെ മൂര്‍ച്ച തന്നെ. അവരുടെ ഇത്തരം പ്രകടനങ്ങള്‍ ഞങ്ങളുടെ ബാല്യകൗമാരങ്ങളില്‍ രഹസ്യമായി അവരെ ആരാധിക്കാനും ഒട്ടൊരു അത്ഭുതത്തോടെ അവരെ നോക്കാനും ഞങ്ങളെ പഠിപ്പിച്ചിരുന്നു. 
ഈ നോവലിലെ ഏറ്റവും സജീവമായ കഥാപാത്രം മാന്തളിര്‍ കുഞ്ഞൂഞ്ഞ് ഒന്നാമനാണ്. 'അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങളിലെ' പ്രധാന കഥാപാത്രവും അദ്ദേഹം തന്നെ. ആദ്യ നോവലില്‍ സഭാവഴക്കുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ധീരകൃത്യങ്ങള്‍ മാത്രമാണ് അവതരിപ്പിക്കപ്പെടുന്നത്. ഇവിടെ മറ്റ് ചില മുഖങ്ങള്‍ കൂടിയുണ്ട്. ''വരുമ്പോഴും പോകുമ്പോഴും പിള്ളാരെ എരികേറ്റുകയും കഥകള്‍ പറഞ്ഞുകൊടുക്കുകയും തമാശ പറയുകയും ചെയ്യുന്ന'' ഈ കഥാപാത്രം ഞങ്ങളുടെ മാന്തളിര്‍ പള്ളിയുടെ ആത്മാവും ശരീരവുമായിരുന്നു. ഏതു സംഭവവും നീണ്ടകഥയായി വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് അപാരമായ സിദ്ധിയുണ്ടായിരുന്നു. വഴക്കാളികളുടെ വേദപുസ്തകം എന്നൊന്ന് തനിക്ക് ദൈവം നേരിട്ടു നല്‍കിയിട്ടുണ്ടെന്ന് എല്ലാ കുട്ടികളേയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു കുഞ്ഞൂഞ്ഞ് അപ്പച്ചന്‍. പൊതുവേ പെണ്‍കുട്ടികളെ അദ്ദേഹം അതിലെ ശിക്ഷാവിധികളില്‍നിന്നും  ഒഴിവാക്കിയിരുന്നു എങ്കിലും അദ്ദേഹത്തിന്റെ കണ്‍മുന്‍പില്‍പ്പെടാതെ ഇരിക്കാന്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചിരുന്നു. കാരണം കണ്ടാല്‍ പിടിച്ചുനിര്‍ത്തി ഉപദേശിക്കും. അല്ലെങ്കില്‍ സഭാചരിത്രം പറയും. അതുമല്ലെങ്കില്‍ ക്രിസ്ത്യാനിയുടെ സംസ്‌ക്കാരം കോണ്‍ഗ്രസ്സിന്റെ സംസ്‌ക്കാരമാണെന്ന് ഓര്‍മ്മപ്പെടുത്തും. ഈ കോണ്‍ഗ്രസ് വികാരം എത്ര ശക്തമായിരുന്നു എന്ന് കോമ്രേഡ് എന്ന വാക്കിന് കറുത്തവന്‍ എന്നാണ് അര്‍ത്ഥം എന്ന് മോഹനനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതും പഞ്ചാബിക്കാരിയുടെ കൂടോത്രം ചെയ്ത ചായയെക്കുറിച്ച് പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നതുമൊക്കെ ഈ വിരോധത്തിന്റെ തെളിവുകളാണ്. പള്ളിയായിരുന്നു ആ മനുഷ്യന്റെ ജീവനും ആത്മാവും ജീവിച്ചതും മരിച്ചതും അതിനുവേണ്ടിയും ആയിരുന്നു. സഭാവഴക്കു വറക്കുന്ന ഒരു മണ്‍ചട്ടി എന്ന് മാന്തളിര്‍ പള്ളിയെ ബന്യാമിന്‍ വിശേഷിപ്പിക്കുന്നതും അവിടെ അത്ര തീവ്രമായ ഒരു വികാരമായി പള്ളിവഴക്ക് നിലനില്‍ക്കുന്നതിനാലാണ്. ചോരയില്‍ അലിഞ്ഞുചേര്‍ന്നത് എന്നൊക്കെ പറയുന്നതുപോലെ ഒന്നായിരുന്നു അത്. 
നോവലിന്റെ ആദ്യഭാഗത്ത് ആഖ്യാതാവ് മോഹനനാണെങ്കില്‍ പിന്നീടത് അവന്റെ അനുജന്‍ സണ്ണിയിലേക്ക് മാറുന്നുണ്ട്. വളരെ സ്വാഭാവികമായി ഇത് സംഭവിക്കുന്നു. മോഹനന്റെ ചിന്തകളുടേയോ വികാരങ്ങളുടേയോ തുടര്‍ച്ചയാണ് നോവലിന്റെ ബാക്കി ഭാഗം. ഒരു വ്യതിയാനം അനുഭവപ്പെടുന്നതുപോലുമില്ല. വളരെ വിദഗ്ദ്ധമായി ഈ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ബന്യാമിന് കഴിയുന്നുമുണ്ട്. കോമ്രേഡ് ജിജന്‍ എന്ന കുട്ടിയാവും ഈ നോവലിലെ അവിസ്മരണീയ കഥാപാത്രം. പഞ്ചാബില്‍നിന്ന് വന്ന കാലത്ത് വളരെ ചുണക്കുട്ടനായി പ്രത്യക്ഷപ്പെടുകയും ആരോടും കൂസലന്യേ ഇടപെടുകയും ചെയ്തിരുന്നവന്‍. അവന്റെ മുന്നില്‍ ബാക്കി കുട്ടികള്‍ നിന്നിരുന്നതുതന്നെ തികഞ്ഞ അപകര്‍ഷതയോടെയായിരുന്നു. പിന്നീട് മാതാപിതാക്കന്മാരുടെ കമ്യൂണിസ്റ്റ് ആദര്‍ശങ്ങള്‍ക്ക് അവന്‍ ബലിയാടാവുന്നു. വീട്ടുജോലി മുഴുവനും ചെയ്യുന്നു. പട്ടിണിപോലും കിടക്കുന്നു. അവസാനം പീഡനം സഹിക്കാതെ നാടുവിടുന്നു. അവനാണ് മോഹനനും പിന്നെ ചണ്ണിക്കുഞ്ഞിനും ഭാവനയുടെ അനേകം ലോകങ്ങള്‍ സമ്മാനിച്ചത്. 


മാന്തളിര്‍ വീട്ടിലെ എല്ലാ കഥാപാത്രങ്ങളും പോലെ മാന്തളിര്‍ പള്ളിയുടെ ആത്മാവും ശരീരവുമായി ജീവിച്ച അനേകം മനുഷ്യരും ഇവിടെ കഥാപാത്രങ്ങളാവുന്നു. മാന്തളിര്‍ പള്ളിയും സ്വത്തുക്കളും പൂട്ടിയിട്ടപ്പോള്‍ ഒരു ചെറിയ ചാപ്പലുപള്ളിയില്‍ അവര്‍ ഒത്തുചേര്‍ന്നതും പിടിച്ചുനിന്നതും പുതിയ തലമുറയെ അവിടെ പിടിച്ചുനില്‍ക്കാന്‍ പഠിപ്പിച്ചെടുക്കുന്നതും സഭ എന്ന ഒരു വികാരത്തില്‍ ഊന്നിയാണ്. അന്നത്തെ സണ്ടേ സ്‌കൂള്‍ ക്ലാസ്സുകളില്‍ പാഠപുസ്തകങ്ങള്‍ക്കു പുറമേ ഓരോ ക്ലാസ്സിലും ഞങ്ങള്‍ മാന്തളിര്‍ പള്ളിയുടെ ചരിത്രവും പഠിച്ചിരുന്നു. ഇല്ലത്തു തെക്കേതിലെ ദാനിയേല്‍ സാറൊക്കെ ഗദ്ഗകണ്ഠനായി  നിന്നാണ് അത് പുതുതലമുറയെ മനസ്സിലാക്കിയിരുന്നത്. ചാപ്പലുപള്ളിയുടെ പരിമിതമായ സൗകര്യങ്ങളില്‍ ഞങ്ങള്‍ എത്രയോ കാലം ഞെരുങ്ങിക്കഴിഞ്ഞു. എന്നാലും ആവേശത്തിന് ഒരു കുറവും ഇല്ലായിരുന്നു. ഈ നോവലിന്റെ ആദ്യഭാഗത്ത് തന്റെ പിതാവിന്റെ സമ്പാദ്യങ്ങളായ സ്ഥാവരജംഗമ വസ്തുക്കളുടെ ഒരു വിവരണം കഥാഖ്യാതാവ് നല്‍കുന്നുണ്ട്. ഇതൊക്കെയായിരുന്നു അക്കാലത്ത് എല്ലാ വീട്ടിലേയും സ്ഥിതി. പിന്നീട് പ്രവാസികളുണ്ടായി പണവും. ചാപ്പലുപള്ളി വലിയ പള്ളിയായി മാറി. ഇതില്‍ അവതരിപ്പിക്കപ്പെട്ട എത്രയോ പേര്‍ നമ്മെ കടന്നുപോയി. ദേശം തന്നെ മാറി. ഇതില്‍ എടുത്തുപറയുന്ന മനുഷ്യര്‍ക്കൊപ്പം ഒരു അചേതന കഥാപാത്രം കൂടിയുണ്ട്, അത് ദാനിച്ചായന്റെ കാറാണ്. എനിക്കൊക്കെ ഓര്‍മ്മയുള്ള കാലം മുതലേ ആ കാറിനോട് ബന്ധപ്പെട്ടേ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ആ കാറായിരുന്നു എവിടെപ്പോവാനും എല്ലാവരും വിളിച്ചിരുന്നതും (ഞാനും കരുനാഗപ്പള്ളിയിലേക്ക് കല്യാണപ്പെണ്ണായി അതേ കാറിലാണ് പോയത്). 
ദേശചരിത്രത്തെ നോവലാക്കുക ആ സാഹിത്യരൂപത്തിന്റെ ചട്ടക്കൂടിലേക്ക് മാറ്റുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഒരു ദേശം കടന്നുവന്ന എല്ലാ വ്യതിയാനങ്ങളേയും കഴിയുന്നതും സ്പര്‍ശിച്ചു പോവാന്‍ ബന്യാമിന്‍ ശ്രമിക്കുന്നുണ്ട്. കരിമ്പുകൃഷി മാറി റബ്ബര്‍ കൃഷി വരുന്നത്, യന്ത്രച്ചക്കുകള്‍ക്കു പകരം മന്നം ഷുഗര്‍മില്‍ ആധിപത്യം സ്ഥാപിക്കുന്നത്, തൊഴിലാളി സമരങ്ങള്‍ ഇവയൊക്കെ നോവലിന്റെ ആഖ്യാനത്തെ സജീവമാക്കുന്നു. മാന്തളിര്‍ കുഞ്ഞൂഞ്ഞ് ഒന്നാമന്റെ കഥപറയാനുള്ള പാടവം പാരമ്പര്യമായി ബന്യാമിനും പകര്‍ന്നുകിട്ടിയിട്ടുണ്ട്. നെടിയ കാലം കീവറീച്ചനും കൊച്ചുതുണ്ടത്തിലെ അപ്പച്ചനും ഇടികാട്ടിലെ പാപ്പിസാറുമൊക്കെ വളരെ സജീവതയുള്ള കഥാപാത്രങ്ങളായി ഈ നോവലിലൂടെ വീണ്ടും മനസ്സിലേക്കെത്തുന്നു. ഇതില്‍ ബന്യാമിന്‍ അല്പം ആക്ഷേപഹാസ്യം സ്വീകരിക്കുന്നുണ്ടെങ്കിലും ആ കഥാപാത്രങ്ങളുടെ ജീവനും ശ്വാസവുമായ വിശ്വാസങ്ങളേയോ ആചാരങ്ങളേയോ വികാരങ്ങളേയോ അനുവാചകന് ലഭ്യമാകാതെ പോവുന്നുമില്ല. സ്വാതന്ത്ര്യസമരത്തിനു വിളിച്ചാല്‍ കപ്പേടെ മൂട് കിളച്ചിട്ട് വരാമെന്ന് അവര്‍ പറഞ്ഞേക്കും. പക്ഷേ, ഒരിക്കലും പള്ളി വഴക്കിന്റെ കാര്യത്തില്‍ അവര്‍ നിസ്സംഗരാവില്ല.

ബെന്യാമിന്‍ (ഫയ്‌സ്ബുക്ക് ചിത്രം)


കേരളത്തിന്റെ റവന്യൂ രേഖകളിലും പൊതുമരാമത്ത് കണക്കുകളിലും 'മാന്തുക' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെറിയ സ്ഥലത്തെ ഇത്രയും സജീവമാക്കി മലയാള സാഹിത്യത്തിന് നല്‍കിയതിന്, എവിടെയൊക്കെയോ മറന്നുപോയ ചില സംഭവങ്ങളെ അതിന്റെ സകല സജീവതയോടും കൂടി വീണ്ടും ഓര്‍മ്മകളിലേക്ക് കൊണ്ടുവന്നതിന് ഒക്കെ പ്രിയ എഴുത്തുകാരനോട് നന്ദി. അതിലുപരി എവിടെയൊക്കെപ്പോയാലും എത്രകാലം കഴിഞ്ഞാലും ജന്മനാട് നമ്മിലെ സജീവതയാണ് എന്ന് ഓര്‍മ്മപ്പെടുത്തിയതിന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com