വാങ്ക് - ഉണ്ണി ആര്‍ എഴുതിയ കഥ

''എന്റെ കൊച്ചേ, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ, രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?''
വാങ്ക് - ഉണ്ണി ആര്‍ എഴുതിയ കഥ

''എന്റെ കൊച്ചേ, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ, രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?'' ഷമീന ചോദിച്ചു: ''നീ എന്നാ വേണന്ന് പറ ഞങ്ങളില്ലേ, ധൈര്യായിട്ട് പറഞ്ഞോ?''  - ഉണ്ണി ആര്‍ എഴുതിയ കഥ, ചിത്രീകരണം: അംബീഷ്‌

പ്രജകള്‍തന്‍കുറ്റം പൊരുത്തരുളുവാന്‍
ത്രിജഗതീ പിതാവൊടു പലപ്പോഴും
നിബിഡപ്രേമത്താലപേക്ഷിച്ചു പോന്ന
നബിത്തിരുനാവിന്‍ തലയ്ക്കല്‍ നിന്നപ്പോള്‍,
ഗുരുവധക്രിയയ്ക്കുഴറിനില്ക്കുമാ
ക്കരാളന്നും കൈവാള്‍ വഴുതിപ്പോംവണ്ണം
അതിസ്‌നിഗ്ദ്ധഭക്തിരസമൊഴുക്കി നി
ഷ്പതിച്ചത, 'ല്ലാഹെ'ന്നൊരു ചെറുപദം!

'അല്ലാഹ്'
വള്ളത്തോള്‍

''എനിക്ക് നമ്മടെ ഹെഡ്ഡിന്റെ നെറച്ചും രോമമുള്ള കയ്യിലൊന്ന് ഉമ്മവെക്കണം.'' ദീപ പറഞ്ഞു.
''എനിക്ക് ഇംഗ്ലീഷിലെ ജോണിനോട് ഇഷ്ടമാണെന്ന് പറയണം.'' ജ്യോതി പറഞ്ഞു.
''എനിക്ക് അഷറഫിന്റെ കൂടെയിരുന്ന് സിനിമ കാണണം.'' ഷമീന പറഞ്ഞു.
മൂന്നു പേരും അവരുടെ ആഗ്രഹം പറഞ്ഞ് കഴിഞ്ഞിട്ടും റസിയ മാത്രം ഒന്നും മിണ്ടിയില്ല.
''നീ എന്നാ ഒന്നും പറയാത്തെ?'' ജ്യോതി ചോദിച്ചു.
ഒന്നുമില്ലെന്ന് റസിയ തലയാട്ടി.
''ഒരു തരം അലമ്പ് പണി കാണിക്കരുത്. ഇനി ഒരു മാസം കൂടിയേ ക്ലാസ്സുള്ളൂ. അതിനു മുന്‍പ് നമുക്കാഗ്രഹമുള്ളതെന്നാന്ന് വെച്ചാ ചെയ്യണം.'' ദീപക്ക് ദേഷ്യം വന്നു.
ഇതു കേട്ടിട്ടും റസിയ ഒന്നും മിണ്ടാതെ ക്ലാസ്സിനു പുറത്തേക്ക് നോക്കിയിരുന്നു.
''എന്റെ റസിയാ നീ വാ തൊറന്ന് എന്നാങ്കിലും ഒന്ന് പറയ്'' ഷമീന റസിയയുടെ മുഖം തിരിച്ചിട്ട് പറഞ്ഞു. ''കെട്ടിച്ചു വിട്ടുകഴിഞ്ഞാല്‍ പിന്നെ ഇതൊന്നും നടക്കണമെന്നില്ല, അതാ പറഞ്ഞേ, എന്നാങ്കിലും ഒണ്ടെങ്കില്‍ ഒന്ന് പറ.''
റസിയ തലയില്‍നിന്നും വഴുതിപ്പോയ തട്ടം തിരിച്ചിട്ടിട്ട് ചെറിയൊരു ചിരിയോടെ എല്ലാവരെയും ഒന്ന് നോക്കി. കൂട്ടുകാരികള്‍ ആകാംക്ഷയോടെ ഇരുന്നു.


''എനിക്കൊരു ആഗ്രഹമുണ്ട് പക്ഷേ, നടക്കുവോ?''
''എന്റെ കൊച്ചേ, നിനക്ക് പ്രിന്‍സിപ്പലിനെ കെട്ടിപ്പിടിക്കണോ? അതോ, രണ്ടെണ്ണം അടിക്കണോ? അതുമല്ല ഇനിയിപ്പം ആരുടെയെങ്കിലും കൂടെ കെടക്കണോ?'' ഷമീന ചോദിച്ചു: ''നീ എന്നാ വേണന്ന് പറ ഞങ്ങളില്ലേ, ധൈര്യായിട്ട് പറഞ്ഞോ?''
റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് തന്റെ സ്വതേയുള്ള ചിരിയോടെ പറഞ്ഞു: ''എനിക്കൊന്ന് വാങ്ക് വിളിക്കണം.''
പെട്ടെന്ന് ഒരു നിമിഷം അവര്‍ നാലു പേര്‍ക്കുമിടയിലേക്ക് ആരോടും പറയാതെ നിശ്ശബ്ദത വന്നു. ഷമീന അപ്പോള്‍ത്തന്നെ അയാളെ തന്റെ ദേഷ്യം കൊണ്ട് പുറത്താക്കി ''നീ എന്ത് ഭ്രാന്താ ഈ പറഞ്ഞെ? വേറെ ആരും കേള്‍ക്കണ്ട.''
റസിയ അപ്പഴും അതേ ചിരിയോടെ ചോദിച്ചു: ''എന്തിനും കൂടെയുണ്ടെന്ന് പറഞ്ഞിട്ട് ?''
''എന്റെ കൊച്ചേ കൂടെയൊക്കെയുണ്ട്.'' ഷമീന ചെറിയൊരു പേടിയോടെ പറഞ്ഞു: ''ഇമ്മാതിരി പണിക്കൊന്നും കൂടെ നില്‍ക്കാന്‍ പറ്റത്തില്ല.''
''അത്ര കുഴപ്പമാണോ?'' ജ്യോതിക്ക് സംശയമായി.
''അതേ, മതോം ദൈവോമൊക്കെ തൊട്ടാല്‍ കത്തുന്ന ഏര്‍പ്പാടാ, അത് വിട്, കൊച്ചേ വേറെ വല്ലതുമുണ്ടേല്‍ പറ.'' ദീപ പറഞ്ഞു
റസിയ ഒന്നും മിണ്ടിയില്ല.
''എടീ നീ ഒന്ന് കൂടി ഒന്ന് ആലോചിച്ച് ഒരു ഗുമ്മുള്ള പരിപാടി പിടിക്ക് ' ഷമീന റസിയയുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു: ''ഇത് തല്‍ക്കാലം നമുക്ക് വേണ്ട.''
റസിയ ഒന്നും പറഞ്ഞില്ല. 
കോളേജ് വിട്ട് തിരിച്ച് പോകുമ്പോള്‍ ജ്യോതി പറഞ്ഞു: ''നിനക്ക് വാങ്ക് വിളിക്കണമെന്ന് അത്ര ആഗ്രഹമാണോ?''
റസിയ തലയാട്ടി.
അഞ്ച് വയസ്സുള്ളപ്പോഴാണ് റസിയ വാപ്പയുടേയും ഉമ്മയുടേയും കൂടെ തിരുവനന്തപുരത്ത് പോകുന്നത്. മൃഗശാലയിലെ ആദ്യത്തെ കൂടിനുള്ളിലെ മൃഗത്തിനെ കണ്ടപ്പോള്‍ തന്നെ റസിയ കരയാന്‍ തുടങ്ങി. അതൊന്നും ചെയ്യില്ലെന്ന് ഉമ്മയും വാപ്പയും എത്ര പറഞ്ഞിട്ടും റസിയ കരച്ചില്‍ നിര്‍ത്തിയില്ല. കരച്ചിലിനുള്ളിലൂടെ റസിയ ആ കൂട് തുറക്കാന്‍ വാപ്പയോട് പറഞ്ഞു. തുറന്നാല്‍ അത് നമ്മളെ ഉപദ്രവിക്കുമെന്ന് വാപ്പ പറഞ്ഞു. റസിയ അതൊന്നും കേട്ടില്ല. നിര്‍ത്താതെ കരഞ്ഞു. റസിയേയുമായി ഉമ്മയും വാപ്പയും പുറത്തുവന്നു. ഇനി ഒരിടത്തും ഈ അസത്തിനേം കൊണ്ട് വരില്ലെന്ന് വാപ്പ ശപഥം ചെയ്തു. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ജുമഅ നിസ്‌ക്കാരത്തിനായി വാപ്പ പാളയം പള്ളിയിലേക്ക് പോയി. റസിയയും ഉമ്മയും പള്ളിക്ക് മുന്നിലെ കണ്ണിമേറ മാര്‍ക്കറ്റിലെ അടഞ്ഞുകിടന്നിരുന്ന ഒരു കടയുടെ പടിയില്‍ ഇരുന്നു. റസിയ അപ്പോഴും കരയുകയായിരുന്നു. പെട്ടെന്നാണ് ജുമഅയുടെ വാങ്ക് വിളി റസിയയുടെ അടുത്തേക്ക് വന്നത്. റസിയ വാങ്കിന്റെ മധുരത്തിലേക്ക് നോക്കി. അവള്‍ കരച്ചില്‍ നിര്‍ത്തി. ആകാശത്തിലെ ഉച്ചവെയിലിനെക്കാള്‍ ഉയരത്തില്‍ ആ ശബ്ദം വിടരുന്നതു നോക്കിക്കിടന്ന് റസിയ ഉറങ്ങിപ്പോയി. തിരിച്ച് കോട്ടയത്തേക്ക് പോരുമ്പോള്‍ റസിയയുടെ ഇരുകാതുകളിലും ആരും കാണാതെ വാങ്ക് വിളിയുടെ സംഗീതം ഒരാഭരണം പോലെ ചേര്‍ന്നിരുന്നു.
''നമ്മടെ അഷറഫ് മാമേടെ ചെറുക്കന് നിന്നെ ഭയങ്കര ഇഷ്ടാന്ന്'' വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഉമ്മ തിണ്ണയില്‍നിന്ന് വിളിച്ചു പറഞ്ഞു.
ഉമ്മ ഇങ്ങനെയാണ്. എന്ത് പറയണമെന്ന് തോന്നിയോ പിന്നെ അതിന് നേരോ കാലമോ സ്ഥലമോ ഒന്നും പ്രശ്‌നമല്ല.
റസിയ അയല്‍വീട്ടുകാരാരെങ്കിലും ഉമ്മ പറഞ്ഞത് കേട്ടോ എന്നറിയാനായി തലയൊന്ന് വെട്ടിച്ച് നോക്കിയിട്ട് ചോദിച്ചു: ''ഏത്? ആ വെളുത്ത് വെളുത്ത് ഇരിക്കുന്ന മസിലന്‍ ചെറുക്കനോ? എന്നിട്ടുമ്മ എന്നാ പറഞ്ഞു?''
''ഞാന്‍ പറഞ്ഞു നീ പഠിത്തം കഴിഞ്ഞ് ഐ.എ.എസ് കോച്ചിംഗിന് പോകുവാ, അതുകൊണ്ട് ഇപ്പം കെട്ടുന്നില്ലന്ന്. അപ്പം അവര് പറയുവാ, കെട്ടീട്ട് കോച്ചിംഗിന് വിടാന്ന്. ഞാന്‍ പറഞ്ഞു, ആ കോച്ചിംഗ് വേണ്ടാന്ന്.''
റസിയ ചിരിച്ചുകൊണ്ട് ഉമ്മയോട് പറഞ്ഞു: ''അത് കലക്കി. വാപ്പ അറിയണ്ട.''
അത്താഴം കഴിഞ്ഞ് വിശേഷം പറഞ്ഞിരിക്കുമ്പോള്‍ റസിയ ഉമ്മയോട് പറഞ്ഞു: ''അതേ, ഇന്ന് ദീപേം ഷമീനേമൊക്കെ എന്നോട് ചോദിച്ചു, നിന്റെ വെല്യ ആഗ്രഹമെന്നാന്ന്?''
''എന്നിട്ട് നീ എന്നാ പറഞ്ഞു?''
''ഞാനെന്റെ ആഗ്രഹമങ്ങ് പറഞ്ഞു.''
''അതാ എന്നാന്ന് ചോദിച്ചത്?''
റസിയ ഉമ്മയുടെ ചെവിക്കരികിലേക്ക് ചുണ്ട് ചേര്‍ത്തപ്പോള്‍, ആ കൊച്ചേ ഇക്കിളി കൂടുന്നുവെന്ന് പറഞ്ഞ് ഉമ്മ തല വെട്ടിച്ചു.
''പിന്നേ, കൊച്ച് പെണ്ണല്ലേ ഇക്കിളി കൂടാന്‍?''
''എന്നാടീ എനിക്ക് കൊഴപ്പം? പതിനാലാമത്തെ വയസ്സില്‍ പിടിച്ച് കെട്ടിച്ചതുകൊണ്ടാ, അല്ലേ ഞാനിപ്പോ നിന്നേപ്പോലെ ജില്‍ ജില്ലന്നും പറഞ്ഞ് ഒറ്റയ്ക്കങ്ങ് നടന്നേനെ.''
''എന്റുമ്മാ, ഉമ്മേക്കണ്ടാല്‍ എന്റെ അനിയത്തിയാണോന്നു വരെ ആളുകള്‍ ചോദിക്കും... പോരേ?''
''നീ അതിന്റെടേല് എന്നാത്തിനാ ഒരു പോരേ ഇട്ടത്? സത്യമല്ലേ? അതേ, മൂന്നര വയസ്സുവരെ നീ മൊല കുടിച്ചിട്ടും ഈ മൊലയൊന്നും ഇടിഞ്ഞുതൂങ്ങാതെ കൊണ്ടുനടക്കുന്നതേ ചെറിയ പണിയൊന്നുമല്ല.''
''അത് ബലാശ്വിഗന്ധാദിതൈലത്തിന്റെ ഗുണം കൊണ്ടും പിന്നെ വാപ്പാനെ...''
''കുരുത്തക്കേട് പറയുന്നോടീ ?''
റസിയയുടേം ഉമ്മേടേം പെട്ടെന്നുള്ള ചിരി വീട് നിറഞ്ഞു.
''ഇനി നീ കാര്യം പറ.''
''അതേ'' റസിയ ചുറ്റുമൊന്ന് നോക്കിയിട്ട് ശബ്ദം ചെറുതായി കുനിച്ചു' ''എനിക്കൊന്ന് വാങ്ക് വിളിക്കണന്ന് പറഞ്ഞു.''


ഉമ്മ പെട്ടെന്ന് ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ റസിയയെ നോക്കി. കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് എഴുന്നേറ്റ് പോയി. ഉമ്മയ്ക്ക് ഇഷ്ടമില്ലങ്കില്‍ അരുത്, വേണ്ട, പാടില്ല എന്നീ ഒരു വാക്കും ഉച്ചരിക്കില്ല. നിശ്ശബ്ദതയാണ് മറുപടി.
അന്ന് രാത്രി റസിയയോട് ഉമ്മ പിന്നെയൊന്നും സംസാരിച്ചില്ല. എല്ലാവരും ഉറങ്ങിക്കഴിഞ്ഞപ്പോള്‍ റസിയ പടച്ചോനോട് ചോദിച്ചു: ''ഞാന്‍ ആഗ്രഹിക്കുന്നത് തെറ്റാണോ?''
ചന്ദ്രനെ മറച്ചുനിന്ന മേഘമപ്പോള്‍ തൂര്‍ന്നു. വെട്ടത്തിന്റെ ഒരിത്തിരി ജനലിലൂടെ റസിയയുടെ മുറിക്കുള്ളിലേക്ക് വന്നു.
ഉച്ചയൂണു കഴിഞ്ഞ് എല്ലാവരും വര്‍ത്തമാനം പറഞ്ഞിരിക്കുന്നിടത്തേക്ക് ദീപ ഓടിവന്നു. അണച്ചുകൊണ്ട് റസിയയുടെ തോളില്‍ പിടിച്ചുകൊണ്ട് ദീപ പറഞ്ഞു: ''ഉമ്മവെച്ചു.''
ആദ്യം ആരും വിശ്വസിച്ചില്ല. ദീപ ഷമീനയുടെ അടുത്തേക്ക് ചുണ്ട് ചേര്‍ത്ത് വെച്ചിട്ട് ചോദിച്ചു: ''കണ്ടോ? ആവി പറക്കുന്നത് കണ്ടോ?''
ഷമീന പറഞ്ഞു: ''ശരിയാ, ഒരു മണിപ്രവാള ഗന്ധം.''
മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെ പുസ്തക അലമാരകള്‍ക്കിടയില്‍നിന്നിരുന്ന വര്‍മ്മ സാറിന്റെ കയ്യില്‍നിന്ന് കേരളപാണിനീയം വാങ്ങുകയും കൈത്തണ്ടയിലേക്ക് ഒരു മീന്‍ കൊത്തിയെപ്പോലെ ഊളിയിട്ട് ആ രോമത്തിലെ വിയര്‍പ്പ് കൊത്തി ചുണ്ടുകള്‍ പറന്നുവെന്നും ആലങ്കാരികതകള്‍ ചുറ്റി ദീപ പറഞ്ഞ് തീരും മുന്‍പ് എല്ലാവരും മലയാളം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജനലരികില്‍ എത്തിയിരുന്നു.
''അസ്ഥപ്രജ്ഞന്‍'' ജ്യോതി പറഞ്ഞു.
''പാണിയില്‍ തൊട്ടതിനാല്‍ ഇനി മുതല്‍ നീ പാണിനി'' ദീപയെ നോക്കി റസിയ പറഞ്ഞു:
ആ ദിവസം ഉച്ചയ്ക്ക് തന്നെ ഇംഗ്ലീഷിലെ ജോണിനെ ഇഷ്ടമാണെന്ന് പറയാന്‍ ജ്യോതി തീരുമാനിച്ചു. ജോണിന്റെ അടുത്ത് എത്തും മുന്‍പ് ജ്യോതി ചെറുതായൊന്ന് കിതച്ചു. അതുകൊണ്ടുതന്നെ, ജ്യോതിയുടെ നില്‍പ്പാകെ അളന്നിട്ടാവണം ജോണ്‍ പറഞ്ഞു: ''കൊച്ചേ, ഞാനും തന്റെ ക്ലാസ്സിലെ കൃഷ്ണകുമാറും തമ്മില്‍ ഇഷ്ടാ... അതുകൊണ്ട്...''
ആദ്യം ജ്യോതി എന്ത് പറയണമെന്നറിയാത്ത ഒരമ്പരപ്പില്‍പ്പെട്ടു. പിന്നെ എവിടെ നിന്നൊക്കയോ കൂട്ടിക്കൊണ്ടുവന്ന ഇത്തിരി ശക്തിയില്‍ പറഞ്ഞു: ''അത് സാരമില്ല. എനിക്ക് തന്നെ ഇഷ്ടമാണ്.''
ജോണ്‍ ചെറിയൊരു കരച്ചിലോടെ ജ്യോതിയോട് പറഞ്ഞു: ''അങ്ങനെ പറയരുത് ജ്യോതീ, എന്നെ ഒരു ബ്രദറിനെപ്പോലെ...''
ജോണിന്റെ ആ വാചകത്തിനു മേല്‍ ജ്യോതിയുടെ ക്ഷമയില്ലായ്മ അല്‍പ്പം ഉച്ചത്തില്‍ ശബ്ദിച്ചു: ''അതൊന്നും പറ്റത്തില്ല. എന്റെ വീട്ടില് ആങ്ങളമാരെ തട്ടീട്ട് നടക്കാന്‍ മേല.''
ജോണ്‍ നിസ്സഹായനായി ജ്യോതിയെ നോക്കി. ജ്യോതി തന്റെ ചെറിയ തോല്‍വിയെ നിസ്സാരമായി കാണുന്നുവെന്ന് ഭാവിച്ച് ഇപ്പോള്‍ വിതുമ്പിപ്പോയേക്കുമെന്ന് ഭീഷണിപ്പെടുത്തിയ ചുണ്ടുകളെ കടിച്ച് നിര്‍ത്തിയിട്ട് കുറച്ചൊന്നു നടന്നു. പിന്നെ കാലുകള്‍ക്ക് പോലും മനസ്സിലായില്ല എവിടേക്കാണ് ഇത്ര വേഗത്തില്‍ ഓടുന്നതെന്ന്.


കുറച്ചു ദിവസത്തേക്ക് ചെറിയൊരു സങ്കടം ജ്യോതിയുടെ കൂടെ ഒരു കാറ്റുപോലെ ചുറ്റി നിന്നിരുന്നു. പിന്നെ അതില്‍നിന്നും പുറത്തുവന്നത് ഷമീനയുടെ കൂടെ സിനിമക്ക് പോയപ്പോഴാണ്. ഷമീന അഷറഫിന്റെ അടുത്തിരുന്നു. അഷറഫിന്റെ കൂട്ടുകാരന്‍ ജ്യോതിയുടെ അടുത്തും. തിയേറ്ററില്‍ ഇരുട്ട് വീണ് കുറച്ചു കഴിഞ്ഞപ്പോള്‍ അഷറഫിന്റെ കൂട്ടുകാരന്‍ പതുക്കെ ജ്യോതിയോട് ചോദിച്ചു: ''എനിക്ക് ഭയങ്കരായിട്ട് തണുക്കുന്നു. ഞാനൊന്ന് കെട്ടിപ്പിടിച്ച് ഇരുന്നോട്ടെ ?''
കഴുവേറീ, തന്തയില്ലാത്തരം പറയുന്നോ എന്നൊക്കെ ചോദിക്കാന്‍ വേണ്ടി നാവുയര്‍ന്ന് വരുന്ന ഒരു സമയമുണ്ടല്ലോ, അതിനു മുന്‍പ് തന്നെ പഞ്ഞിപോലെ നേര്‍ത്ത ഒരു കൈ ജ്യോതിയെ വന്നങ്ങ് ചേര്‍ത്തു. ഇടവേളയിലെ വെളിച്ചം വരും മുന്‍പ് അതങ്ങ് അയഞ്ഞു. ഇടവേളക്ക് ശേഷം വീണ്ടും വന്ന് ചേര്‍ത്തു. ഒരുമ്മയോ അല്ലെങ്കില്‍ വിരലുകള്‍ പതുമ്മിപ്പതുമ്മി മുലകളിലേക്ക് നടക്കുകയോ ഒന്നും ചെയ്തില്ല. സിനിമ കഴിഞ്ഞ് പോവുമ്പോള്‍ നല്ലൊരു ചിരി ജ്യോതിക്ക് അഷറഫിന്റെ കൂട്ടുകാരന്‍ കൊടുത്തു.
''അതേ, ഉടുപ്പെല്ലാം ചുളുങ്ങി.'' തിരിച്ച് പോകും വഴി ചെറിയൊരു നാണത്തോടെ ഷമീന ചോദിച്ചു: ''ആളുകള്‍ക്ക് സംശയം വല്ലതും തോന്നുവോ?''
ജ്യോതി അതിനല്ല മറുപടി പറഞ്ഞത്: ''ആ ചെറുക്കന് ശരിക്കും തണുത്തിട്ടാവും അങ്ങനെ ചെയ്തത് അല്ലേ?''
സമയത്തിന്റെ കുതിപ്പ് അവരെല്ലാം വിചാരിച്ചതിലും വേഗത്തിലായിരുന്നതുകൊണ്ട് ഇനി കുറച്ചു ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്ന് കലണ്ടര്‍ ഇടക്കിടക്ക് ഓര്‍മ്മിപ്പിച്ചു. റസിയയുടെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകാത്തതില്‍ കൂട്ടുകാര്‍ക്ക് വിഷമം ഉണ്ടായിരുന്നു. ഒരാഴ്ച കൂടി കഴിഞ്ഞാല്‍ കോളേജ് അടക്കും.
''അതേ റസിയാ.'' ജ്യോതി പറഞ്ഞു: ''നീ വേറെന്തെങ്കിലും ഒരാഗ്രഹം പറയ്. മറ്റേതങ്ങ് വിട്.''
''അതേ, എന്ത് അലമ്പും പറഞ്ഞോ, ഞങ്ങള് കൂടെയുണ്ട്.'' ഷമീന റസിയയുടെ തലയില്‍ തൊട്ടു. ''പടച്ചോനാണേ സത്യം.''
റസിയ കുറച്ചു നേരം മിണ്ടാതിരുന്നിട്ട് പറഞ്ഞു: ''അതല്ലാതെ എനിക്ക് വേറെ ഒരാഗ്രഹവും ഇല്ല.''
''ഇതിന് വട്ടാ.'' ദീപയ്ക്ക് ദേഷ്യം വന്നു. ''കളിക്ക് ഓരോ കാര്യം പറയുമ്പോ വെറുതെ സീരിയസ്സ് ആയിട്ട് ഓരോന്നും പറഞ്ഞോണ്ട് വന്നോളും. തല്‍ക്കാലം ഈ കളി ഇവിടെ വെച്ചങ്ങ് നിര്‍ത്താം.''
''ആ അതാ നല്ലത്'' ഷെമീനയും പറഞ്ഞു. ''എല്ലാത്തിനും ഒരു ലിമിറ്റുണ്ട് അത് ക്രോസ്സ് ചെയ്തിട്ടൊള്ള വിപ്ലവമൊന്നും വേണ്ട.''
''ഷെമീ, ഞാന്‍ വിപ്ലവമൊന്നും നടത്തണമെന്ന് പറഞ്ഞില്ലല്ലോ, എന്റെ ഒരാഗ്രഹം പറയാന്‍ പറഞ്ഞു. ഞാനത് പറഞ്ഞു. അതെനിക്ക് കൊച്ചുന്നാളേ മുതലുള്ളതാ.''
''ഈ പ്രായത്തില്‍ വേറെ എന്നാക്കെ തോന്നും. അതൊന്നും നീ എന്നാ പറയാത്തെ? നടക്കാത്ത കാര്യം തന്നെ പറയണമെന്ന് എന്നാ ഇത്ര നിര്‍ബന്ധം?''
''നീ അതിനെന്നാത്തിനാ അവളോട് ചൂടാവുന്നേ'' ജ്യോതി ദീപയോട് ചോദിച്ചു.
ഞാനാരോടും ഒന്നും പറഞ്ഞില്ലേ എന്നും പറഞ്ഞ് ദീപ ബാഗുമെടുത്ത് ഇറങ്ങാന്‍ തുടങ്ങി. ''ഷമീ, നീ വരുന്നുണ്ടങ്കില്‍ വാ ഞാന്‍ പോകുവാ.''
ഷമീന ദീപക്കൊപ്പം ഇറങ്ങും മുന്‍പ് റസിയയോട് പറഞ്ഞു: ''അതേ, കൊച്ചേ, നീ ദീനിയായ ഒരു പെണ്ണ് ആവാന്‍ നോക്ക്.''
ജ്യോതിക്ക് ഷമീന പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലായില്ല. രണ്ടു പേരും കുറച്ചു നേരം കൂടി ക്ലാസ്സിലിരുന്നു. തിരിച്ച് ബസ്റ്റാന്‍ഡിലേക്ക് നടക്കുമ്പോള്‍ ജ്യോതി ചോദിച്ചു: ''നീ അത് ശരിക്കും പറഞ്ഞതാണോ?''
റസിയ തലയാട്ടി.
''നാളെ നിനക്ക് വാങ്ക് വിളിക്കണോ?''
''വേണ്ട.'' റസിയ പറഞ്ഞു.
''പിന്നെ?''
''വരുന്ന വെള്ളിയാഴ്ച ജുമുഅയ്ക്ക്.''
ജുമുഅ എന്താണെന്ന് അറിയില്ലെങ്കിലും വെള്ളിയാഴ്ച മതിയെന്ന് മനസ്സിലായി.
''നമുക്കന്ന് ഒന്നിച്ച് പോവാം.'' ജ്യോതി പറഞ്ഞു.
''എവിടെ?''
''ഇവിടുന്ന് പത്ത് പതിനഞ്ച് കിലോമീറ്ററു പോയാല്‍ ചെറിയൊരു കാടുണ്ട്, അവിടാകുമ്പം ഒരു മനുഷ്യന്‍ പോലുമില്ല. അവിടെപ്പോകുന്നതിന് നിനക്ക് പ്രശ്‌നമൊന്നുമില്ലല്ലോ?''
എന്ത് പ്രശ്‌നമെന്ന് ചോദിച്ച് റസിയ സ്‌നേഹത്തോടെ ജ്യോതിയുടെ കയ്യില്‍ പിടിച്ചു.


വ്യാഴാഴ്ച രാത്രിയില്‍ കിടക്കുമ്പോള്‍ റസിയ കുട്ടിക്കാലത്ത് പാളയം പള്ളിയില്‍നിന്ന് കേട്ട വാങ്ക് വിളിയുടെ സംഗീതമോര്‍ത്തു. അത്ര മധുരമായി പിന്നീടൊരിക്കലും റസിയ വാങ്ക് വിളി കേട്ടിട്ടില്ല. ഒരിക്കല്‍ വാപ്പ ഗള്‍ഫില്‍നിന്നും കൊണ്ടുവന്ന ടൈംപീസിലാണ് പിന്നീട് കാന്തക്കല്ല് പോലെ ഉള്ളു മുത്തിയ വിളി കേട്ടത്. സംഗീതം ദൈവത്തിലേക്കുള്ള ക്ഷണമാണെന്ന് തോന്നുന്ന അപൂര്‍വ്വ നിമിഷമായും റസിയക്കത് അനുഭവപ്പെട്ടിരുന്നു. 
പിറ്റേന്ന് രാവിലെ വെല്ല്യുമ്മയുടെ നിസ്‌ക്കാരപ്പായയും വലിയൊരു അടപ്പുമൊന്തയില്‍ വുള് എടുക്കാനുള്ള വെള്ളവുമായി റസിയ കോളേജിനു മുന്നില്‍നിന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ജ്യോതി വന്നു. കൂടെ അവരുടെ ഒരു സമപ്രായക്കാരനും.
''ഇത് അഷറഫിന്റെ കൂട്ടുകാരനാ.'' ജ്യോതി ചിരിയോടെ പറഞ്ഞു: ''ഞാനന്ന് പറഞ്ഞില്ലേ?''
റസിയ തലയാട്ടി.
''അങ്ങോട്ട് ബസ്സില്ല. ഓട്ടോക്കാരും വരത്തില്ല. നീ ഇവന്റെ കൂടെപ്പോയിട്ട് വാ.''
റസിയ മറുപടി പറഞ്ഞില്ല.
''പേടിയുണ്ടോ?'' ജ്യോതി ചോദിച്ചു.
മറുപടി ഒന്നും പറയാതെ ജ്യോതിയെ നോക്കിയൊന്ന് ചിരിച്ചിട്ട് റസിയ അവന്റെ ബൈക്കിനു പിന്നില്‍ കയറി.
ഇരുട്ടിലേക്ക് വളര്‍ന്ന് പന്തലിച്ച മരങ്ങള്‍ക്കിടയിലൂടെ അവര്‍ നടന്നു. ചെറുചെടികള്‍ അണിഞ്ഞ പാമ്പിന്‍ പടങ്ങളില്‍നിന്ന് ഇപ്പോള്‍ ഇഴഞ്ഞുപോയ ജീവനെന്ന് തോന്നിപ്പിക്കം വിധം ആറാതെ നിന്ന ഗന്ധം റസിയയ്ക്ക് ആദ്യത്തെ അനുഭവമായിരുന്നു. ശിഖരങ്ങളില്‍നിന്നും നിലം തൊടാനായുന്ന വള്ളികള്‍ ഇടയ്ക്കിടെ രണ്ടു പേരുടേയും കഴുത്തില്‍ നീളന്‍ വിരലുകള്‍ പോലെ കാറ്റില്‍ വന്ന് തൊട്ടു. ചില കൊമ്പുകള്‍ കണ്ണിലേക്കാഞ്ഞു.
''കടന്നല്‍ക്കൂടുണ്ട് .'' ഒരു മരം ചൂണ്ടി അവന്‍ പറഞ്ഞു.
''ഞാന്‍ കടന്നലിനെ കണ്ടിട്ടില്ല.'' റസിയ പറഞ്ഞു.
''കുത്താന്‍ വന്നാല്‍ കാണാന്‍ നില്‍ക്കണ്ട, ഓടിക്കോണം.''
റസിയ ചിരിച്ചു.


കാടിനു പുറത്ത് ഒരു ബൈക്കിരിക്കുന്നത് കണ്ടിട്ടാണ് ഷാപ്പിലേക്ക് പോയ രണ്ട് ചെറുപ്പക്കാര്‍ അവരുടെ യാത്ര പാതിയില്‍ നിര്‍ത്തി കാട്ടിലേക്ക് കയറിയത്. ഇലകള്‍ വകഞ്ഞ്, കൊമ്പുകള്‍ വകഞ്ഞ് അവര്‍ നടക്കുമ്പോള്‍ മരങ്ങള്‍ക്ക് മറഞ്ഞ് ഒരാണിന്റേയും പെണ്ണിന്റേയും ശബ്ദം മുന്നില്‍ നടന്നുപോവുന്നത് കേട്ടു. ആ ശബ്ദത്തിനു പിന്നാലെ അവര്‍ വേഗം കൂട്ടി. ഒരു മരത്തിന്റെ വലിയ തായ്ത്തടി തിരിഞ്ഞ് വരുമ്പോള്‍ അവര്‍ അവരെ രണ്ടു പേരേയും കണ്ടു. അവര്‍ മുഖത്തോട് മുഖം നോക്കി.
''ചെറിയ പെണ്ണാണ്.'' ഒരാള്‍ പറഞ്ഞു.
''ചെറുക്കനും ചെറുതാണല്ലോ.'' മറ്റെയാള്‍ പറഞ്ഞു.
അയാള്‍ തലയാട്ടിയിട്ട് ചോദിച്ചു: ''അവന്മാരെക്കൂടി വിളിക്കണ്ടേ?''
''വേണം.''
''എന്നാല്‍ സമയം കളയണ്ട.''
അയാള്‍ കാടിനു പുറത്തേക്ക് ഓടി.
ഒരു കൂട്ടം വാക്കുകള്‍ ഒന്നിച്ച് ഉരുവിടും പോലെ മരങ്ങളിലൊന്ന് ഇലകള്‍ പൊഴിച്ചു.
റസിയ അവനോട് സമയം ചോദിച്ചു. അവന്‍ സമയം പറഞ്ഞു.
''ഇതല്ലേ പടിഞ്ഞാറ്?'' അവള്‍ ദിക്ക് ചൂണ്ടി സംശയിച്ചു.
''അതെ.''
കാടിന് പുറത്തേക്ക് പോയവനൊപ്പം മറ്റ് രണ്ട് പേര്‍ കൂടി വന്നു. അവര്‍ ചെടികളെ മെതിച്ച്, കയ്യിലെ വാക്കത്തികൊണ്ട് തടസ്സം വന്ന കൊമ്പുകളെ വകഞ്ഞ് ഉള്ളിലേക്ക് കുതിച്ചു. പെട്ടെന്ന് കാറ്റിനേയും ഇലകളേയും അവരുടെ കാലുകളേയും നിശ്ശബ്ദമാക്കിക്കൊണ്ട് അല്ലാഹ് അക്ബര്‍ എന്ന് സ്ത്രീ ശബ്ദത്തിലുള്ള വാങ്ക് മുഴങ്ങി. പച്ചയുടെ ഇരുട്ടില്‍, നൂറ്റാണ്ടുകളുടെ തിരകള്‍ തൊട്ടു തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണിന്റെ ആഴത്തിലേക്ക് ഉയരം വെച്ച വേരുകളിലും തൊട്ടു.
തിരിച്ചു വരുമ്പോള്‍ റസിയയ്ക്ക് കാടിനുളളിലെ ഇരുട്ടില്‍ നില്‍ക്കുന്നവരെ അപരിചിതരായി തോന്നിയില്ല. അവള്‍ അവരെ നോക്കിച്ചിരിച്ചു. അവര്‍ ചിരിച്ചില്ല.
റസിയ അവനൊപ്പം കോളേജിലേക്കും അവര്‍ ഷാപ്പിലേക്കും പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com