'ഒറ്റ വെട്ടിനുതന്നെ മരണം സംഭവിച്ചു; ഒരു ഗ്രാമം മുഴുവന്‍ നോക്കിനിന്നു'

ഞങ്ങളുടെ കണ്ണൂര്‍ ഇങ്ങനെയല്ല എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ബുദ്ധിജീവികള്‍ക്കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അരിയില്‍ ഷുക്കൂര്‍ വധത്തെപ്പറ്റി സഹോദരന്റെ ഓര്‍മ്മകളിലൂടെ
മുഹമ്മദ് ഷെഫീക്ക്
മുഹമ്മദ് ഷെഫീക്ക്

ഞങ്ങളുടെ കണ്ണൂര്‍ ഇങ്ങനെയല്ല എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ബുദ്ധിജീവികള്‍ക്കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ അരിയില്‍ ഷുക്കൂര്‍ വധത്തെപ്പറ്റി സഹോദരന്റെ ഓര്‍മ്മകളിലൂടെ

ണ്ണൂരില്‍ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിക്കുന്നില്ല. അങ്ങനെ അവസാനിക്കുമെന്നും കരുതാനാകില്ല. കാരണം. അവയുടെ തുടര്‍ച്ചയും സാധൂകരണവും ന്യായീകരണവുമെല്ലാം വ്യവസ്ഥാപിതമായി സ്ഥാപിച്ചെടുക്കുന്ന സങ്കീര്‍ണ്ണമായ ഒരു സംവിധാനം തന്നെ ഇവിടെയുണ്ട്. അത് രാഷ്ട്രീയ നേതാക്കളില്‍ മാത്രം ഒതുങ്ങുന്നുവെന്ന് പറയാനാകില്ല. അതിനെ അനുഷ്ഠാനവല്‍ക്കരിക്കാനും പ്രത്യയശാസ്ത്ര പ്രയോഗത്തിന്റെ 'വ്യാജ സര്‍ട്ടിഫിക്കറ്റു'കള്‍ തയ്യാറാക്കിക്കൊടുക്കാനും കോടതി വിചാരണകള്‍ക്കിടയില്‍ ആള്‍മാറാട്ടത്തിന്റെ പ്രഹസനങ്ങള്‍ ഒരുക്കാനും എല്ലാം തയ്യാറായിനില്‍ക്കുന്ന വലിയ ആള്‍ക്കൂട്ടം തന്നെ ഇതിനു പിന്നിലുണ്ട്. 
ഞങ്ങളുടെ കണ്ണൂര്‍ ഇങ്ങനെയല്ല എന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ബുദ്ധിജീവികള്‍ക്കുറിപ്പുകള്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ വീണ്ടും കൊലപാതകങ്ങള്‍ നടക്കുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴാണ് എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിന്റെ കൊലപാതക വാര്‍ത്ത പുറത്തു വന്നത്. ഇതിനിടയില്‍ ഈ ''അനാചാരത്തിനെതിരെ എതിര്‍പ്പുകളുമായി കുറച്ചു പേരെങ്കിലും നിസ്വാര്‍ത്ഥമായി രംഗത്തുവരാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് അടുത്തകാലത്തുണ്ടായ മാറ്റം. അക്രമങ്ങളിലെ ഉള്ളുകളികളെക്കുറിച്ചും അതിന്റെ നിഗൂഢമായ പദ്ധതികളെക്കുറിച്ചും പറയാന്‍ കുറേപ്പേരെങ്കിലും തയ്യാറായിരിക്കുന്നു. ഇത് പ്രതീക്ഷ നല്‍കുന്നതാണ്. അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബി. അജിത് കുമാറിന്റെ ഈട എന്ന സിനിമ അത്തരത്തില്‍ എടുത്തുപറയാവുന്ന ഇടപെടലാണ്. ഇത്തരം ഇടപെടലുകള്‍ കൂടുതല്‍ തുറന്നുപറച്ചിലുകളുടെ സാധ്യതകള്‍ കൂടിയാണ് തുറന്നിടുന്നത്. അത് ചിലപ്പോള്‍ അക്രമരാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെ വേവലാതിപ്പെടുത്തുകയും ചെയ്‌തേക്കാം.
ചെറുപ്പക്കാരനായ നായകനെ കൊല്ലാനുള്ള മുന്നോടിയായി, അക്രമികള്‍ അയാളെ തടഞ്ഞുനിര്‍ത്തി സെല്‍ഫി എടുക്കുന്ന രംഗം ഈട എന്ന സിനിമയിലുണ്ട്. അത് കാണുമ്പോള്‍ കണ്ണൂരിലുള്ളവര്‍ ഓര്‍ക്കുക തളിപ്പറമ്പിനടുത്ത് കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിനെയായിരിക്കും. ഫോട്ടോയെടുത്ത് മൊബൈലില്‍ അയച്ചുകൊടുത്ത് ഉറപ്പാക്കിയതിനുശേഷമാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത്. ആള്‍ അതുതന്നെ എന്ന് ഉറപ്പാക്കുന്നതുവരെ രണ്ടര മണിക്കൂറോളം ഷുക്കൂറും സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുടെ തടവിലായിരുന്നു. 2012 ഫെബ്രുവരി 20-ന് ചെറുകുന്നിനടുത്ത് കീഴറയിലായിരുന്നു പ്രാകൃതമായ രീതിയില്‍ ആ രാഷ്ട്രീയ കൊലപാതകം നടന്നത്.
അരിയിലിലെ ഷുക്കൂറിന്റെ വീടിന് മുന്നിലെ പുഴ കടന്നാല്‍ അക്കരെ വള്ളുവന്‍കടവ് കീഴറ എത്താം. അവിടെ വെച്ചാണ് കൊലപാതകം നടന്നത്. ആ പുഴയുടെ കരയിലിരുന്ന് ഷുക്കൂറിനെക്കുറിച്ചും മരണത്തിന് തൊട്ടുള്ള മണിക്കൂറുകളെക്കുറിച്ചും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചും സഹോദരന്‍ മുഹമ്മദ് ഷെഫീക്ക് സംസാരിച്ചു.

ഷുക്കൂര്‍

മരണത്തിനായി കാത്തിരുന്ന മണിക്കൂറുകള്‍

ക്രിക്കറ്റ് കളിക്കിടെ വീണു പരിക്കുപറ്റിയ അയൂബിനെ ചെറുകുന്ന് മിഷന്‍ ഹോസ്പിറ്റലില്‍ കാണിക്കാന്‍ വേണ്ടി മറ്റ് മൂന്നു കൂട്ടുകാരും കൂടി പോകുകയായിരുന്നു. ഈ പുഴ കടന്നാല്‍ വള്ളുവന്‍കടവ് എത്താം. അവിടെനിന്ന് ചെറുകുന്നിലേക്ക് പോകാം. ബി.എ സപ്ലിമെന്ററി പരീക്ഷയുടെ അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുക്കാന്‍ വേണ്ടി ഷുക്കൂറും അവരുടെ കൂടെ പോകുകയായിരുന്നു. മറ്റ് നാലുപേരും തോണിയില്‍ കുറച്ചു ദൂരം എത്തിയ ശേമാണ് ഷുക്കൂര്‍ വീട്ടില്‍ നിന്ന് ഓടിവന്ന് ഞാന്‍ കൂടി വരുന്നുണ്ട് എന്ന് പറഞ്ഞത്. അവര്‍ തിരിച്ചുവന്നാണ് ഷുക്കൂറിനെ കയറ്റിയത്. മരണം വരുമ്പോഴുള്ള ഓരോരോ തോന്നലുകള്‍ എന്നല്ലാതെ ആ പോക്കിന് വേറെന്താ പറയുക. ചെറിയ തോണിയില്‍ അഞ്ചുപേരും കൂടി പോയാല്‍ മറിയുമോ എന്നു തോന്നി അവരെ വിലക്കണം എന്നു വീട്ടിലുണ്ടായിരുന്ന എന്റെ മൂത്ത സഹോദരന്‍ ദാവൂദ് കരുതിയതാണ്. പക്ഷേ, പോയിവരട്ടെ എന്നു കരുതി ഒന്നും പറഞ്ഞില്ല. അവര്‍ക്ക് പരിചിതമായ പുഴയാണല്ലോ. 
ഇവര്‍ ഇവിടെനിന്ന് പോകുന്നതിന് തൊട്ടുമുമ്പാണ് അരിയിലില്‍ വെച്ച് സി.പി.എം. നേതാവ് പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച കാറിനു നേരെ അക്രമമുണ്ടായത്. അപ്പോഴേക്കും ടി.വിയിലൊക്കെ വാര്‍ത്ത വരാനും തുടങ്ങിയിരുന്നു. ഇവര്‍ അഞ്ചുപേരും സംഘര്‍ഷമുണ്ടായിരുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ല.
തോണി തുഴഞ്ഞുപോകുന്നതിനിടയില്‍ തൊട്ടടുത്തുള്ള ഒരു തുരുത്തില്‍നിന്ന് ഒരാള്‍ ഇവരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അയാളായിരിക്കണം അക്കരെയുള്ളവര്‍ക്ക് അരിയിലില്‍നിന്ന് നാലഞ്ചുപേര്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന് വിവരം കൊടുത്തത്. വള്ളുവന്‍ കടവില്‍ തോണിയിറങ്ങി മുന്നോട്ട് നടക്കുമ്പോള്‍ത്തന്നെ ഒന്നുരണ്ടുപേര്‍ പിന്നാലെ ഉണ്ടായിരുന്നു. കീഴറ എത്തുമ്പോഴേക്കും ആളുകള്‍ കൂടാന്‍ തുടങ്ങി. അതോടെ ഇവര്‍ക്കെന്തോ പന്തികേടു തോന്നി. പേടിയും കൂടി. നമ്മുടെ കണ്ണില്‍ കുട്ടികളല്ലേ അവര്‍. അരിയിലുമായി ബന്ധമുള്ള മുഹമ്മദ് കുഞ്ഞി എന്നയാളുടെ വീട് അവിടെയുണ്ടായിരുന്നു. ഇവര്‍ ആ വീട്ടിലേക്ക് ഓടിക്കയറി. വീട്ടുകാരോട് സംഭവം പറഞ്ഞു. ''ആരൊക്കയോ ഫോളോ ചെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് പേടിയാവുന്നു. അവര്‍ ഇങ്ങോട്ടു വരികയാണെങ്കില്‍ കല്യാണം വിളിക്കാന്‍ വന്നതാണ് എന്ന് എന്തെങ്കിലും പറയണം'' എന്നൊക്കെയാണ് പറഞ്ഞത്. വീട്ടിലേക്ക് ഓടിക്കയറുന്നത് പിന്നാലെ വന്ന ചിലര്‍ കണ്ടിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ കുറെ പേര്‍ ഓടിവന്നു അവരെ ഇറക്കിവിടാന്‍ വീട്ടുകാരോട് ആക്രോശിച്ചു. വീട്ടുകാര്‍ അപ്പോള്‍ത്തന്നെ ഗ്രില്‍ പൂട്ടി അവരെ അകത്താക്കി. പെട്ടെന്നു തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട് വളഞ്ഞു. പലരുടേയും കയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നു. സ്ത്രീകളും ഉണ്ടായിരുന്നു കൂട്ടത്തില്‍. നൂറിലധികം പേര്‍. ഇറക്കി വിട്ടില്ലെങ്കില്‍ വീടിന് തീയിടും എന്നാണ് ഭീഷണി. 
പൊലീസ് വരാതെ ഇവരെ വിടില്ല എന്ന് വീട്ടുടമ പറഞ്ഞുകൊണ്ടിരുന്നു. പൊലീസിന്റെ നമ്പര്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അടുത്ത വീട്ടില്‍ നമ്പര്‍ ചോദിക്കാനായി ഇറങ്ങാന്‍ തുടങ്ങിയപ്പോഴേക്കും മൂന്നാലുപേര്‍ അകത്ത് കയറി. പിന്നെ ചോദ്യം ചെയ്യലായിരുന്നു. വീട്ടുപേരും അച്ഛന്റെ പേരും അഡ്രസ്സും ഒക്കെ ചോദിച്ചു. ഒരാള്‍ എല്ലാം എഴുതിയെടുത്തു. തിരിച്ചറിയല്‍ പരേഡ് പോലെയായിരുന്നു. അകത്തുകയറിയവര്‍ ആരെയൊക്കെയോ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങളൊക്കെ സംസാരിക്കുന്നുണ്ട്. തിരിച്ചും തുടരെ ഫോണ്‍കോളുകള്‍ വന്നു. ഞങ്ങള്‍ ആ പ്രശ്‌നത്തില്‍ ഇല്ലായെന്ന് പല ആവര്‍ത്തി ഇവര്‍ അഞ്ചുപേരും കെഞ്ചി പറഞ്ഞു. അതിനിടയില്‍ മൊബൈല്‍ ഫോണില്‍ ഇവരുടെ ചിത്രങ്ങളെടുത്ത് ആര്‍ക്കൊക്കയോ അയച്ചുകൊടുക്കുകയും ചെയ്തു. അരിയിലില്‍നിന്നും സി.പി.എമ്മിന്റെ പ്രവര്‍ത്തകര്‍ തിരിച്ചറിയാന്‍ അവിടെ പോകുകയും ചെയ്തു. പ്രശ്‌നത്തില്‍ ഇവരുണ്ടായിരുന്നില്ല എന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ടാകണം. പക്ഷേ, ഇവരെ ടാര്‍ജറ്റ് ചെയ്തിരുന്നു എന്ന് എനിക്ക് തോന്നുന്നു. കുറച്ചു സമയം കഴിഞ്ഞ് ഷുക്കൂറിനേയും സക്കറിയ എന്ന സുഹൃത്തിനേയും അവിടെയിരുത്തി ബാക്കി മൂന്നു പേരെയും വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയി. മൂന്നു പേരെയും ക്രൂരമായി മര്‍ദ്ദിച്ചു. ആയുധങ്ങളൊന്നും എടുത്തില്ല. മര്‍ദ്ദിച്ച് അവരെ വിടുകയും ചെയ്തു. തുടര്‍ന്ന് ഷുക്കൂറിനോടും സക്കറിയയോടും പുറത്തിറങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഒന്നും ചെയ്യില്ല എന്നവര്‍ പറയുന്നുണ്ടെങ്കിലും കൊല്ലാന്‍ കൊണ്ടുപോകുകയാണെന്ന് ഷുക്കൂറിന് ഉറപ്പായിരുന്നു. അവരുടെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍നിന്നും അവനത് മനസ്സിലായിക്കാണും. അവസാനം അവിടെനിന്ന് ഇറങ്ങുന്നതിന് മുന്‍പ് അംഗശുദ്ധി വരുത്തി നിസ്‌കരിച്ചിരുന്നു അവന്‍. മരണം ഉറപ്പിച്ചൊരു പോക്കായിരുന്നു അത്. മറ്റൊന്നും ചെയ്യാനില്ലല്ലോ. ഒരു വലിയ ആള്‍ക്കൂട്ടം അക്രമാസക്തരായി നില്‍ക്കുന്നു. അതിനിടയില്‍ പെട്ടുപോയ ഒരാളല്ലേ അവന്‍.
പുറത്തിറക്കി വയലിലേക്ക് നടത്തിച്ചുകൊണ്ടുപോയി. സ്ത്രീകളടക്കം നൂറോളം പേരുണ്ടായിരുന്നു അപ്പോഴും കാഴ്ചക്കാരായി. അടിക്കെടാ എന്ന് ആക്രോശിച്ച സ്ത്രീ വരെയുണ്ട്. കൂടിനിന്ന സ്ത്രീകളില്‍ ഒരാളെങ്കിലും മനസ്സലിഞ്ഞ് മുന്നോട്ട് വന്നിരുന്നെങ്കില്‍ അവന്‍ രക്ഷപ്പെടുമായിരുന്നില്ലേ. വയലിലെത്തിയതോടെ അവര്‍ സക്കറിയയെ വെട്ടി. ഇതു കണ്ടു ഭയന്ന ഷുക്കൂര്‍ കുതറിയോടി. അതോടെ അവര്‍ സക്കറിയയെ അവിടെയിട്ട് ഷുക്കൂറിന് പിന്നാലെ ഓടി. നെഞ്ചിലാണ് വെട്ടിയത്. ഒറ്റ വെട്ടിനുതന്നെ മരണം സംഭവിച്ചു. ഒരു ഗ്രാമം മുഴുവന്‍ നോക്കിനിന്നു. മൃതദേഹം അവിടെനിന്ന് എടുത്ത് അടുത്തുള്ള മുള്ളുക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസെത്തി കണ്ടുപിടിച്ച് പുറത്തെത്തിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. രണ്ടരമണിക്കൂറോളം ബന്ദികളാക്കി വെച്ച് നടത്തിയ ജനകീയ വിചാരണയുടെ എറ്റവും അവസാന സമയങ്ങളിലാണ് കണ്ണപുരം പൊലീസ് സ്ഥലത്തെത്തിയത്. പലരും പൊലീസിനെ വിവരം അറിയിച്ചിരുന്നു. കൈക്കും പുറത്തും വെട്ടേറ്റ സക്കറിയ ഓടി രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസ് ജീപ്പിനടുത്തെത്തിയത്. സക്കറിയയെ പൊലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടയില്‍ ഷുക്കൂറിന്റെ കാര്യം അവന്‍ പറഞ്ഞിരുന്നു. പൊലീസ് പറഞ്ഞത് ഒരാളുടെ ജീവനെ ഇപ്പോള്‍ ഞങ്ങള്‍ക്ക് നോക്കാന്‍ പറ്റുള്ളൂ എന്നാണ്. 
ഇത് കീഴറയില്‍ നടന്നതാണെങ്കില്‍ ആ സമയമത്രയും ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷനും നിസ്സഹായതയും പറയാന്‍ കഴിയാത്തത്രയാണ്. അരിയിലില്‍ ജയരാജന്റെ കാറിന് മുന്നിലായി വന്ന ഓട്ടോയിലുള്ളവര്‍ റോഡരികില്‍നിന്ന ചെറുപ്പക്കാരെ ചീത്ത വിളിച്ചിരുന്നു. ഇതില്‍ അവര്‍ പ്രകോപിതരായിരുന്നു. തൊട്ടു പിന്നാലെ വന്ന ജയരാജന്റെ കാര്‍ തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. ഞാന്‍ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു. കാര്‍ നിര്‍ത്താതെ പോയതോടെയാണ് അവിടെയുള്ളവര്‍ ഓടിയടുത്തതും കല്ലെറിഞ്ഞതും. ആ സമയത്ത് കാറിന് കാര്യമായ കേടുപാടുകളൊന്നും ഉണ്ടായിരുന്നില്ല. പരിക്കേറ്റയാളെയും കൊണ്ട് ഞാന്‍ അപ്പോള്‍ത്തന്നെ കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്കു പോയി. അവിടെയെത്തിയപ്പോഴാണ് ഷുക്കൂറിനേയും മറ്റുള്ളവരേയും തടങ്കലില്‍ വെച്ചതറിഞ്ഞത്. കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് ഷുക്കൂര്‍ എന്നെ വിളിച്ചിരുന്നു. ഇവിടെ അടുത്തുള്ള നാസര്‍ എന്നൊരാളുടെ നമ്പര്‍ ചോദിച്ചുകൊണ്ടായിരുന്നു. രക്ഷപ്പെടാനുള്ള ഒരു വഴി അതിലൂടെ കിട്ടും എന്ന് തോന്നിയതുകൊണ്ടായിരിക്കാം. പക്ഷേ, ആ സമയത്ത് എന്റെ കയ്യില്‍ നമ്പര്‍ ഉണ്ടായിരുന്നില്ല. എനിക്ക് സംഘടിപ്പിച്ചു കൊടുക്കാനും കഴിഞ്ഞില്ല. ഞാനും പ്രശ്‌നങ്ങള്‍ ഇത്ര സീരിയസാണെന്ന് മനസ്സിലാക്കിയില്ല എന്നതാണ് സത്യം.
ഞങ്ങളുടെ സഹോദരന്‍ ദാവൂദ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. അനിയന്റെ ജീവനുവേണ്ടി ദാവൂദ് പലരേയും വിളിച്ച് കെഞ്ചിയിട്ടുണ്ട്. അവര്‍ നിരപരാധികളാണെന്നും ഒന്നും ചെയ്യരുതെന്നും സി.പി.എമ്മിലെ പലരേയും വിളിച്ചു അപേക്ഷിച്ചിരുന്നു. ഷുക്കൂറിനും അവന്‍ ചില പ്രാദേശിക നേതാക്കളുടെ നമ്പര്‍ കൊടുത്തിരുന്നു, വിളിച്ചു സംസാരിക്കാന്‍. ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന്റെ നമ്പറും കൊടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകനായതുകൊണ്ട്  ആളുകളെ വിളിച്ചാല്‍ ഒരു ചെറിയ പരിഗണനയെങ്കിലും കിട്ടും എന്ന് കരുതിയിരുന്നു. ദാവൂദിന്റെ അനിയനാണ് എന്ന് പറഞ്ഞ് വിളിച്ചോ എന്നു പറഞ്ഞാണ് നമ്പര്‍ കൊടുത്തത്. അവന്‍ വിളിച്ചോ എന്നറിയില്ല. പക്ഷേ, ഒന്നിനും അവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്കരെ എന്തോ പ്രശ്‌നം നടക്കുന്നുണ്ട് എന്നറിഞ്ഞ് ഇവിടെനിന്ന് സ്ത്രീകള്‍ അക്കരെയ്ക്ക് പോകാന്‍ ഇറങ്ങിയിരുന്നു. പക്ഷേ, പ്രശ്‌നം ഒന്നും ഉണ്ടാകില്ല, അവരെ വിടും എന്നാണ് പൊതുവെ എല്ലാവരും വിചാരിച്ചത്. അതുകൊണ്ട് പോകണ്ട എന്ന് നാട്ടുകാരുതന്നെ പറയുകയായിരുന്നു. അക്കരെ ഞങ്ങള്‍ സ്ഥിരം പോകുന്ന ഇടമാണ്. നമുക്കറിയാവുന്ന ആളുകളും സ്ഥലവും അല്ലെ. അതുവരെ അങ്ങനെ പ്രശ്‌നങ്ങളൊന്നും നടക്കാത്ത സ്ഥലവുമാണ്. അവിടെ വെച്ച് ഇത്ര ദാരുണമായി അവനെ കൊലപ്പെടുത്തുമെന്ന് ഞങ്ങളും വിചാരിച്ചില്ല, അരിയിലില്‍ ഉള്ളവരും വിചാരിച്ചില്ല. ഒരുപക്ഷേ, അന്ന് സ്ത്രീകള്‍ അങ്ങോട്ട്  പോയിരുന്നെങ്കില്‍ അവനെ രക്ഷപ്പെടുത്താമായിരുന്നു.
എല്ലാം കഴിഞ്ഞ് അവന്റെ മയ്യത്ത് കാണാന്‍ വന്നവര്‍ക്കു നേരെയും അക്രമം ഉണ്ടായി. തളിപ്പറമ്പിലുള്ള ഞങ്ങളുടെ കുടുംബക്കാര്‍ വരുന്ന സമയത്ത് വണ്ടിക്കു നേരെ കല്ലെറിഞ്ഞു. ഇങ്ങോട്ട് വരാന്‍ പറ്റാതെ അവര്‍ക്ക് മടങ്ങേണ്ടിവന്നു. പിന്നീട് ആംബുലന്‍സിലൊക്കെ കയറിയാണ് അവരെത്തിയത്. ആംബുലന്‍സിന് നേരെയും കല്ലേറുണ്ടായിരുന്നു. ഇതൊക്കെ പറയുമ്പോള്‍ കളവാണെന്ന് തോന്നും പുറത്തുള്ളവര്‍ക്ക്. പക്ഷേ, ഇതൊക്കെ ഇവിടെ നടന്നതാണ്, നടക്കുന്നതാണ്.
അവന്റെ മരണശേഷം ഉമ്മയ്ക്ക് അസുഖം വന്നു. ഉമ്മയുടേതാണ് ഏറ്റവും പ്രശ്‌നം. ഞങ്ങള്‍ ചെറുപ്പക്കാരല്ലേ, പുറത്തൊക്കെ പോയി ഓരോ കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ ഇതില്‍ നിന്നൊക്കെ പുറത്തു കടക്കാന്‍ പറ്റും. ഉമ്മ മുഴുവന്‍ സമയവും ഇതുതന്നെ ആലോചിച്ചുകൊണ്ടിരിക്കും. ഷുക്കൂറും സഹോദരിയും ഇരട്ടകളാണ്. ഇളയ കുട്ടിയായതുകൊണ്ടുള്ള സ്‌നേഹകൂടുതലും ഉണ്ടാവും. ഉപ്പ മത്സ്യത്തൊഴിലാളിയായിരുന്നു. 10 വര്‍ഷം മുന്‍പ് മരിച്ചു. കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. ഉപ്പ പള്ളിയില്‍പ്പോലും പോകാത്ത കമ്യൂണിസ്റ്റുകാരനായിരുന്നു. ഒരിക്കല്‍ ഉപ്പയ്ക്ക് കണ്ണിന് ഓപ്പറേഷന്‍ വേണ്ടിവന്നപ്പോള്‍ മുസ്ലിം ലീഗ് പൈസ സ്വരൂപിച്ച് കൊടുത്തിരുന്നു. പക്ഷേ, അവരില്‍നിന്ന് പൈസ വാങ്ങാന്‍പോലും ഉപ്പ കൂട്ടാക്കിയിരുന്നില്ല. ആ ഉപ്പയുടെ മകനാണ് ഈ ഗതി വന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതുകൊണ്ട് പണിയെടുത്തുകൊണ്ടാണ് ഷുക്കൂര്‍ പഠിച്ചത്. പെങ്ങളുടെ ഭര്‍ത്താവിനൊപ്പം വെളിച്ചെണ്ണയുടെ പണിക്ക് പോയിരുന്നു ആ സമയത്ത്. അരിയിലിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ വെളിച്ചെണ്ണ വേണമെന്ന് ഷുക്കൂറിനോട് പറഞ്ഞിരുന്നു. അവരുടെ വീട്ടില്‍ വെളിച്ചെണ്ണ കൊണ്ടുകൊടുത്തു. ഇപ്പോള്‍ തരാന്‍ പൈസയില്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ ഉള്ളപ്പോള്‍ തന്നാല്‍ മതിയെന്ന് പറഞ്ഞാണ് അവന്‍ പോന്നത്. അതേ ബ്രാഞ്ച് സെക്രട്ടറിയെ അവസാനം രക്ഷ തേടി വിളിച്ചപ്പോള്‍ ''നിങ്ങള്‍ അനുഭവിച്ചോ'' എന്നായിരുന്നു മറുപടി.
ജനസേവകനായിരുന്നു അവന്‍. ഈ പ്രദേശത്തെ പത്താംക്ലാസ്സില്‍ പഠിക്കുന്ന മുപ്പതിലധികം കുട്ടികള്‍ക്ക് നൈറ്റ് ക്ലാസ്സ് നടത്തിയിരുന്നു. ഞാന്‍ എട്ടാംക്ലാസ്സ് വരെയേ പഠിച്ചിരുന്നുള്ളു. ഇന്ന് ഞാന്‍ പത്താം ക്ലാസ്സ് പാസ്സ് ആണ്. അവനാണ് എന്നെ തുല്യത പരീക്ഷയ്ക്കിരുത്തിയത്. എന്നെപോലെ പലര്‍ക്കും അവന്‍ സഹായിച്ചിരുന്നു. പഞ്ചായത്തില്‍ നിന്നൊക്കെയുള്ള ആനുകൂല്യങ്ങളൊക്കെ ചോദിച്ചറിഞ്ഞ് നാട്ടുകാര്‍ക്ക് ഫോം വാങ്ങി പൂരിപ്പിച്ച് എത്തിച്ചുകൊടുക്കുമായിരുന്നു. എല്ലാവര്‍ക്കും അവനെക്കുറിച്ചു പറയാന്‍ നൂറു നാവാണ്. അവന്‍ ഇത്ര വലിയ ഉപകാരിയായിരുന്നു എന്ന് ഞാന്‍ പോലും അറിഞ്ഞത് അവന്റെ മരണശേഷമാണ്. രക്തദാനവും പരിസ്ഥിതി പ്രവര്‍ത്തനവും ഒക്കെയുണ്ടായിരുന്നു. അതും അവന്റെ മരണത്തിന് കാരണമായി എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അവന്റെ സാമൂഹ്യമായ ഇടപെടല്‍ അവരെ ഭയപ്പെടുത്തിയിട്ടുണ്ടാകാം. യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷററായി തെരഞ്ഞെടുത്തതിന്റെ പിറ്റേന്നാണ് അവനെ ഇല്ലാതാക്കിയത്.
ഇതിന് മുന്‍പും ശേഷവും എത്രയധികം കൊലപാതകങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നു. കൊല്ലപ്പെടുന്നവര്‍ക്കുപോലും അറിയില്ല എന്തിനാണ് കൊല്ലപ്പെട്ടതെന്ന്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും എഴുതിയാലും ഇതിനൊരു മാറ്റം വരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല. 
വെട്ടിയിട്ട് ഒരിത്തിരി ജീവന്‍ ബാക്കിവെച്ച് അവനെ കിട്ടിയാലും മതിയായിരുന്നു. ഒരു കാലുപോയിട്ടായാലും മതിയായിരുന്നു. ആ രണ്ടര മണിക്കൂര്‍ അവനനുഭവിച്ച വികാരമെന്തായിരിക്കും. മരണം മുന്നില്‍ കണ്ട മണിക്കൂറുകള്‍. കൂട്ടുകാരനെ കണ്‍മുന്നില്‍ വെട്ടുന്നതു കണ്ടപ്പോഴുണ്ടായ ഭയം. എന്തൊക്കെ മാനസികാവസ്ഥകളിലൂടെയാണ് മരണത്തിന് മുമ്പ് അവന്‍ കടന്നുപോയത്. അവന്‍ ഉണ്ടായിരുന്നെങ്കില്‍ നിങ്ങളോട് ഇപ്പോള്‍ ഒരുപാട് സംസാരിച്ചേനെ. ഇവിടുത്തെ സ്ഥലങ്ങളൊക്കെ കൊണ്ടുപോയി കാണിച്ചേനെ. വേദന നിറഞ്ഞ ചിരിയോടെയാണ് ഷെഫീക്ക് പറഞ്ഞു നിര്‍ത്തിയത്. അവിടെനിന്ന് മടങ്ങിയപ്പോഴേക്കും ആ വാര്‍ത്ത എത്തിയിരുന്നു: ''കണ്ണവത്ത് എ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ വെട്ടിക്കൊന്നു.''
.....................

2012 ഫെബ്രുവരി 20-നായിരുന്നു കണ്ണൂര്‍ തളിപ്പറമ്പ് അരിയില്‍ ഷുക്കൂറിനെ കീഴറയില്‍ വെച്ച് കൊലപ്പെടുത്തിയത്. സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും ഉള്‍പ്പെടെ 32 പേരാണ് കേസിലെ പ്രതികള്‍. സി.ബി.ഐ അന്വേഷിച്ച കേസ് ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. അരിയിലില്‍ വെച്ച് പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച കാറിനു നേരെ അക്രമമുണ്ടായതിനെ തുടര്‍ന്നാണ് ഷുക്കൂര്‍ കൊലചെയ്യപ്പെട്ടത് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരും തളിപ്പറമ്പ് സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വെച്ച് ഇവരുടെ സാന്നിധ്യത്തില്‍ പ്രാദേശിക നേതാക്കള്‍ കൊലപാതകം ഗൂഢാലോചന നടത്തുകയും കൊലപാതകം നടപ്പിലാക്കുകയും ചെയ്തു എന്നാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com