ഈ പച്ചവിരിച്ചു നില്‍ക്കുന്നത് ഒരു എണ്ണപ്പാടമാണ്!

ഒരു ഗ്രാമസഭയില്‍പ്പോലും ചര്‍ച്ച ചെയ്യാതെ ഏറ്റെടുക്കുന്ന പ്രദേശത്തെ ആളുകള്‍പോലും അറിയാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു
ഈ പച്ചവിരിച്ചു നില്‍ക്കുന്നത് ഒരു എണ്ണപ്പാടമാണ്!

കണ്ടങ്കാളിയില്‍ നെല്‍വയലും കണ്ടല്‍ക്കാടും ഉള്‍പ്പെടുന്ന നൂറേക്കറോളം സ്ഥലമാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ചേര്‍ന്ന് പെട്രോളിയം സംഭരണശാല നിര്‍മ്മിക്കാനായി ഏറ്റെടുക്കുന്നത്- രേഖാചന്ദ്രയുടെ റിപ്പോര്‍ട്ട്‌


കായലും പുഴയും കണ്ടലും അതിരിടുന്ന നെല്‍വയലിന് നടുവില്‍ കൂറ്റനൊരു പെട്രോളിയം സംഭരണ കേന്ദ്രം വരുന്നത് ചിന്തിച്ചുനോക്കൂ. മഴക്കാലത്ത് മുട്ടറ്റം വെള്ളം നില്‍ക്കുന്ന വയല്‍ മൂന്നു മീറ്ററിലധികം മണ്ണിട്ട് നികത്തണം. മീനുകളുടെ ആവാസകേന്ദ്രമാണ് ചുറ്റും. നിരവധി ചെമ്മീന്‍ കെട്ടുകള്‍, അപൂര്‍വ്വങ്ങളായ ജീവജാലങ്ങള്‍, പല സീസണുകളില്‍ വിരുന്നെത്തുന്ന പക്ഷികള്‍. ഇതിനെല്ലാം പുറമെ ഈ പ്രകൃതിയെ ആശ്രയിച്ചു കഴിയുന്ന കുറേ മനുഷ്യര്‍. കുടിയൊഴിഞ്ഞ് പോകേണ്ടവര്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പുഞ്ചക്കാട്. കിഴക്കെ കണ്ടങ്കാളി പ്രദേശത്തെത്തി നടന്നാല്‍ ഒറ്റനോട്ടത്തില്‍ നമുക്കു കാണാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങളാണിത്. വിദഗ്ദ്ധരുള്‍പ്പെട്ട ഒരു ഏജന്‍സി മാസങ്ങളോളം സൂക്ഷ്മപഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വായിച്ചാല്‍ നമുക്കിത് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. നാട്ടുകാരുടെ ആശങ്കകളേയും എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. 

കണ്ടങ്കാളിയില്‍ നെല്‍വയലും കണ്ടല്‍ക്കാടും ഉള്‍പ്പെടുന്ന നൂറേക്കറോളം സ്ഥലമാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (എച്ച്.പി.സി.എല്‍) ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും (ബി.പി.സി.എല്‍) ചേര്‍ന്ന് പെട്രോളിയം സംഭരണശാല നിര്‍മ്മിക്കാനായി ഏറ്റെടുക്കുന്നത്. 250 കോടി നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ടാങ്കില്‍ 69,490 കിലോ ലിറ്ററാണ് സംഭരണശേഷി. കൊച്ചിയിലേയും മംഗലാപുരത്തേയും റിഫൈനറികളില്‍നിന്ന് റെയില്‍ മാര്‍ഗ്ഗം പെട്രോളിയം എത്തിച്ച് ഇവിടെ സംഭരിക്കുകയും കാസര്‍ഗോട് തൊട്ട് എറണാകുളം വരെയുള്ള വടക്കന്‍ ജില്ലകളിലെ ഔട്ട്ലെറ്റുകളിലേക്ക് ടാങ്കറുകളില്‍ എത്തിക്കുകയുമാണ് ഉദ്ദേശ്യം. പയ്യന്നൂര്‍ നഗരസഭയിലെ കണ്ടങ്കാളിയിലെ 72 ഏക്കറുള്ള താലോത്ത് വയലിലാണ് ടാങ്കുകള്‍ നിര്‍മ്മിക്കുക. 30 മീറ്റര്‍ വീതിയിലുള്ള അപ്രോച്ച് റോഡിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് ബാക്കി സ്ഥലം ഉപയോഗപ്പെടുത്തുക. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്റേയും ഏഴിമല റെയില്‍വേ സ്റ്റേഷന്റേയും ഇടയിലായാണ് നിര്‍ദ്ദിഷ്ട പ്ലാന്റ്. ഏക്കര്‍ കണക്കിന് നെല്‍പ്പാടം ഇല്ലാതാകുന്നതോടെ ഒരു പ്രദേശത്തെ തൊഴില്‍-ഭക്ഷ്യ പ്രശ്‌നത്തിന്റെ തീവ്രത കൂടി കണക്കാക്കപ്പെടേണ്ടതാണ്. സി.ആര്‍.സെഡ്. ( കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) പരിധിയിലുള്ള പ്രദേശം കൂടി ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉള്‍പ്പെടുന്നുണ്ട്. പെരുമ്പ പുഴയുടേയും കവ്വായി കായലിന്റേയും തീരത്തോട് ചേര്‍ന്നാണ് ടാങ്കുകള്‍ സ്ഥാപിക്കുന്നത്. 36 കുടുംബങ്ങളെ പദ്ധതി പ്രദേശത്തുനിന്നും പൂര്‍ണ്ണമായും കുടിയൊഴിപ്പിക്കേണ്ടിവരും. 80-ലധികം വീടുകളെ ഭാഗികമായും ബാധിക്കുന്ന തരത്തിലാണ് പദ്ധതി വരാന്‍ പോകുന്നത്. പാരിസ്ഥിതിക പ്രാധാന്യം ഏറെയുള്ള ഈ സ്ഥലത്ത് പരിസ്ഥിതിക്കായി ഉണ്ടാക്കിയ എല്ലാ നിയമങ്ങളേയും മറികടന്നുകൊണ്ട് കൃഷിഭൂമി നികത്തി എണ്ണ സംഭരണത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും സമരം തുടങ്ങിയിട്ട് നാളുകളേറെയായി. 

അട്ടിമറിക്കപ്പെടുന്ന പരിസ്ഥിതി നിയമങ്ങള്‍

നെല്ലും പയറുവര്‍ഗ്ഗങ്ങളും ഇടവിളയായി കൃഷിചെയ്യുന്ന താലോത്ത് വയല്‍ നികത്തിയാണ് സംഭരണശാല നിര്‍മ്മിക്കാന്‍ പോകുന്നത്. മഴക്കാലത്ത് മുട്ടറ്റം വെള്ളം നില്‍ക്കുന്ന വയലില്‍ മൂന്നു മീറ്ററിലധികം ഉയരത്തില്‍ മണ്ണിട്ട് നികത്തിയാണ് നിര്‍മ്മാണം നടത്തുക. നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണ്ണമായും തെറ്റിച്ചു കൊണ്ടുമാത്രം നടക്കുന്ന നിര്‍മ്മാണം. ഏക്കറുകണക്കിന് ഭൂമി ഇത്തരത്തില്‍ നികത്തിയെടുക്കാന്‍ ഖനന നിയമത്തിന്റെ പരിധികള്‍ ലംഘിച്ചുകൊണ്ട് കുന്നുകള്‍ ഇടിച്ചുനിരത്തപ്പെടും. കുന്നുകള്‍ ഇടിച്ച് തണ്ണീര്‍ത്തടം നികത്തുന്നതോടെ ജലക്ഷാമം പ്രദേശത്ത് രൂക്ഷമാകും. പദ്ധതി പ്രദേശത്തുനിന്നും മീറ്ററുകള്‍ മാത്രം അകലെയാണ് പെരുമ്പ പുഴയും രാമപുരം പുഴയും കവ്വായി കായലും. ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകളുള്ള പ്രദേശം കൂടിയാണിത്. തീരദേശ പരിപാലനനിയമം അടച്ചുവെച്ചുകൊണ്ടുമാത്രമേ ഈ പദ്ധതിക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. കണ്ടല്‍ക്കാടുകളും കായലിനേട് ചേര്‍ന്ന പ്രദേശവുമുള്‍പ്പെടെ 130 ഏക്കര്‍ ഭൂമിയാണ് തുടക്കത്തില്‍ ഏറ്റെടുക്കാന്‍ കമ്പനി തീരുമാനിച്ചത്. സി.ആര്‍.സെഡ് ഒന്ന് പരിധിയില്‍ വരുന്ന സ്ഥലം ഉള്‍പ്പെട്ടാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍ ആ ഭാഗത്തെ ഭൂമി ഒഴിവാക്കിയിട്ടുണ്ട്. ഈ സ്ഥലം ഏറ്റെടുത്തില്ലെങ്കിലും പദ്ധതികൊണ്ടുള്ള ജല മലിനീകരണത്തില്‍നിന്ന് ഈ പ്രദേശം മുക്തമാവില്ല. കായലും പുഴയും സംഗമിക്കുന്ന കവ്വായിക്കായല്‍ കല്ലുമ്മക്കായുടെ കേന്ദ്രമാണ്. നിരവധി തൊഴിലാളികള്‍ കല്ലുമ്മക്കായ കൃഷി, ചെമ്മീന്‍കെട്ട്, മീന്‍പിടുത്തം തുടങ്ങി കായലുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. ടാങ്കറുകള്‍ വൃത്തിയാക്കുമ്പോഴും സംഭരിക്കുമ്പോഴുമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ കായലിലേക്ക് പടരുമെന്ന ആശങ്കയാണ് തൊഴിലാളികള്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും. കവ്വായിക്കായലും പുഴയും പയ്യന്നൂര്‍ നഗരസഭയ്ക്കു പുറമെ 20 പഞ്ചായത്തുകളില്‍ കൂടി കടന്നുപോകുന്നതാണ്. അതുകൊണ്ടു തന്നെ പദ്ധതി ബാധിക്കുന്ന പ്രദേശങ്ങള്‍ കൂടുതലാകും. അതീവ സുരക്ഷ ആവശ്യമുള്ള പദ്ധതിയായതിനാല്‍ത്തന്നെ 15 കിലോമീറ്റര്‍ ചുറ്റളവ് പദ്ധതി സ്വാധീന പ്രദേശമാണ്. പദ്ധതി പ്രദേശംപോലെ തന്നെ ഈ 15 കിലോമീറ്റര്‍ പ്രദേശത്തെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ഘടകങ്ങളുടെ കൂടി പഠനറിപ്പോര്‍ട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. അന്തരീക്ഷവായുവില്‍ കൂടിയും ജലത്തില്‍ കൂടിയുമുള്ള മലിനീകരണം, പൊട്ടിത്തെറി, തീപിടുത്തം പോലുള്ള അപകടങ്ങള്‍ എന്നിവയാണ് ദൂരപരിധി നിശ്ചയിക്കുന്നതില്‍  ഉള്‍പ്പെടുന്നത്.

നാട്ടുകാരറിയാതെ നാട്ടില്‍ പദ്ധതി

ഭൂമാഫിയ താലോത്ത് വയലിലേയും പരിസരങ്ങളിലേയും ഭൂമി വ്യാപകമായി വാങ്ങിക്കൂട്ടാന്‍ തുടങ്ങിയപ്പോഴാണ് പ്രദേശവാസികള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. പെട്രോളിയം സംഭരണശാല വരാന്‍പോകുന്ന കാര്യം അനൗദ്യോഗികമായി ആളുകള്‍ക്കിടയില്‍ പ്രചരിക്കുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരടക്കം നഗരസഭാ അധികൃതരുമായി ഇക്കാര്യം സംസാരിച്ചെങ്കിലും നഗരസഭയ്ക്കും കാര്യമായ വിവരങ്ങള്‍ അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴേക്കും കമ്പനി പ്രദേശത്തെ പാരിസ്ഥിതിക പഠനറിപ്പോര്‍ട്ട് തയ്യാറാക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ഏറെ മുന്നോട്ട് പോയിരുന്നു. ഇതേ സമയം തന്നെ പദ്ധതി പ്രദേശത്തെ സ്ഥലമേറ്റെടുപ്പ് ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഒരു ഗ്രാമസഭയില്‍പ്പോലും ചര്‍ച്ച ചെയ്യാതെ ഏറ്റെടുക്കുന്ന പ്രദേശത്തെ ആളുകള്‍പോലും അറിയാതെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കൂടി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ വന്‍കിട പദ്ധതികളേയുംപോലെ ഏറ്റവും അവസാനം കാര്യങ്ങളറിയുന്നവരായി ഇവിടുത്തെ ജനങ്ങളും മാറി. കമ്പനി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ട് നാട്ടുകാര്‍ക്ക് ലഭ്യമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തുകയുമാണ് പതിവ്. എന്നാല്‍, പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുപോലും റിപ്പോര്‍ട്ട് സമയത്ത് ലഭ്യമായില്ല. കഴിഞ്ഞമാസം കളക്ടറുടെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്തി. പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തോളമായി സമരം നടക്കുന്നുണ്ടെങ്കിലും തെളിവെടുപ്പോടെയാണ് പദ്ധതിയുടെ ആശങ്കകള്‍ കൂടുതലായി പ്രദേശവാസികളിലെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ സമിതിയും പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ ജനരക്ഷാ സമിതിയും ആണ് നിലവില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നത്.

കള്ളം പറയുന്ന റിപ്പോര്‍ട്ട്

കിറ്റ്കോ (കേരള ഇന്‍ഡസ്ട്രിയല്‍ ആന്റ് ടെക്നിക്കല്‍ കണ്‍സല്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍) യുടെ സഹകരണത്തോടെ മഹാരാഷ്ട്രയിലെ അള്‍ട്രാടെക് എന്‍വയോണ്‍മെന്റല്‍ കണ്‍സള്‍ട്ടന്‍സി ആന്റ് ലബോറട്ടറിയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനുവേണ്ടി പ്രദേശത്തെ പാരിസ്ഥിതിക ആഘാതപഠനം നടത്തിയത്. സ്റ്റേറ്റ് ലെവല്‍ എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അതോറിറ്റിയുടെ ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് പഠനം നടത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തുള്ളവരുമായി കളക്ടറുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തുകയും ആ റിപ്പോര്‍ട്ട് വീണ്ടും അസസ്മെന്റ് കമ്മിറ്റിക്കു സമര്‍പ്പിക്കുകയും ചെയ്യും. കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ മുന്നോട്ട് പോക്ക്. പയ്യന്നൂരില്‍ കുറഞ്ഞ ആളുകളെ പ്രതീക്ഷിച്ച് തെളിവെടുപ്പിനെത്തിയ കളക്ടറേയും ഉദ്യോഗസ്ഥരേയും അദ്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു ജനപങ്കാളിത്തം. വളരെ കുറച്ച് കസേരകളും പന്തലും സൗകര്യങ്ങളുമൊരുക്കിയ അധികൃതര്‍ക്ക് ആളുകളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സൗകര്യമൊരുക്കിയ ശേഷമാണ് തെളിവെടുപ്പ് തുടങ്ങാന്‍ സാധിച്ചതുതന്നെ. വൈകുന്നേരം വരെ നീണ്ട ഹിയറിങ്ങില്‍ ആശങ്കകളും പരാതികളും എതിര്‍പ്പുകളുമായി 1500-ലധികം നാട്ടുകാരാണ് പങ്കെടുത്തത്. ഈ റിപ്പോര്‍ട്ട് അസസ്മെന്റ് കമ്മിറ്റിക്ക് കളക്ടര്‍ സമര്‍പ്പിക്കും. യു.ഡി.എഫ്. സര്‍ക്കാറിന്റെ കാലത്ത് നിയമിച്ച കമ്മിറ്റിയുടെ കാലാവധി മാര്‍ച്ച് 31-ന് അവസാനിക്കും. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയെ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് നിയമിക്കുക. മാര്‍ച്ചില്‍ പുതിയ കമ്മിറ്റി നിലവില്‍ വരും.

കമ്പനി സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്ന് നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ സമിതി ചെയര്‍മാനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി. പത്മനാഭന്‍ പറയുന്നു.                       
''15 കിലോമീറ്റര്‍ ചുറ്റളവില്‍ അങ്കണവാടികള്‍ ഉള്‍പ്പെടെ 23 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രം ഉള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അങ്കണവാടികളുടെ മാത്രം കണക്കെടുത്താല്‍ പയ്യന്നൂര്‍ നഗരസഭയില്‍ മാത്രം 45 എണ്ണമുണ്ട്. അതുപോലെ 16 ആരോഗ്യകേന്ദ്രങ്ങളാണ് കാണിച്ചിരിക്കുന്നത്. ഇത് തീര്‍ത്തും തെറ്റാണ്. ജനനിബിഡമല്ല പ്രദേശം എന്ന് കാണിക്കാന്‍ വേണ്ടിയാണിത്. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയാണ് അവര്‍ പഠനം നടത്തിയ കാലയളവ് പറയുന്നത്. ഇത്രയും പാരിസ്ഥിതിക പ്രാധാന്യമുള്ള ഒരു സ്ഥലം എങ്ങനെയാണ് ഇക്കാലയളവില്‍ പഠിക്കാന്‍ കഴിയുക. വേലിയേറ്റവും വേലിയിറക്കവും അടക്കം അന്തരീക്ഷത്തിലും ജീവജാലങ്ങളിലുമുണ്ടാകുന്ന മാറ്റം പഠിക്കാന്‍ ഇക്കാലയളവ് അപര്യാപ്തമാണ്. ഒരു തണ്ണീര്‍ത്തടത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ പഠിക്കണമെങ്കില്‍ത്തന്നെ 12 മാസം വേണം. ദേശാടനപക്ഷികളുടെ താവളമാണ് ഈ പ്രദേശം. നവംബര്‍ മുതല്‍ ജനുവരി വരെയാണ് ദേശാടന പക്ഷികള്‍ വന്നുപോകുന്നത്. അതിനെക്കുറിച്ചൊന്നും പരാമര്‍ശിച്ചിട്ടേയില്ല. അതുകൊണ്ടുതന്നെ സെക്കന്‍ഡറി ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത് എന്ന് മനസ്സിലാകും'' -ടി.പി. പത്മനാഭന്‍ പറയുന്നു.

പബ്ലിക് ഹിയറിങ്ങിന് ഒരു മാസം മുന്‍പ് പത്രത്തില്‍ പരസ്യം ചെയ്യണം എന്നാണ് വ്യവസ്ഥ. പഠനറിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനെക്കുറിച്ചും തെളിവെടുപ്പിനെക്കുറിച്ചും അതില്‍ പറഞ്ഞിരിക്കണം. റിപ്പോര്‍ട്ട് വായിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സംസാരിക്കേണ്ടത്. എന്നാല്‍, പഠനറിപ്പോര്‍ട്ട് തെളിവെടുപ്പിന്റെ തൊട്ടുമുന്‍പുവരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുപോലും  ലഭ്യമായിരുന്നില്ല.

കുടിയൊഴിപ്പിക്കപ്പെടുന്നവരും ആശങ്കകളും

പദ്ധതിപ്രദേശത്തും സമീപത്തുമായി 36 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. പദ്ധതി വരുന്നതോടെ മതില്‍കെട്ടി വേര്‍തിരിക്കുന്നതിനാല്‍ കൂറ്റന്‍ മതിലിനും പുഴയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടുപോകുന്ന 13 കുടുംബങ്ങളും ഇതില്‍ ഉള്‍പ്പെടും. അപ്രോച്ച് റോഡിന്റെ ഇരുവശങ്ങളിലുമായുള്ള 80 വീടുകളേയും പദ്ധതി ബാധിക്കും. പുഞ്ചക്കാട് - മുല്ലക്കോട് റോഡ് അലൈന്‍മെന്റ് പ്രകാരം 12 കുടുംബങ്ങള്‍ ഇവിടെ കുടിയൊഴിയേണ്ടിവരും. 150-ലധികം പേരുടെ ഭൂമി ഏറ്റെടുക്കുന്നതിലുണ്ട്. കൈവശം വെക്കാവുന്ന 15 ഏക്കര്‍ വരെയുള്ള ഭൂമി ഭൂമാഫിയകള്‍ പ്രദേശത്ത് വാങ്ങിക്കൂട്ടിയതായി പരിസ്ഥിതി പ്രവര്‍ത്തകരും കര്‍ഷകരുമായ കെ.പി. വിനോദും വിജയനും പറയുന്നു. ''ജില്ലയ്ക്കു പുറത്തുള്ളവര്‍ വരെ ഇവിടെ വന്ന് ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. വാങ്ങിയ വിലയെക്കാള്‍ കൂടിയ വിലയ്ക്ക് കമ്പനിക്ക് മറിച്ചുവില്‍ക്കുകയാണ് ലക്ഷ്യം. ഭൂമി ചുരുങ്ങിയ ആളുകളിലേക്ക് എത്തുന്നത് കമ്പനിക്കും സൗകര്യമാണ്'' -അവര്‍ പറയുന്നു.
പദ്ധതി പ്രദേശത്തിന്റെ 50 മീറ്റര്‍ പരിധിയില്‍ത്തന്നെയാണ് രണ്ടു ഹിന്ദു സമുദായ ശ്മശാനങ്ങള്‍ ഉള്ളത്. കൂറ്റന്‍ എണ്ണ സംഭരണശാലയോട് ചേര്‍ന്ന് തീ ഉപയോഗിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിലെ ആശങ്ക ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂളിനോട് ചേര്‍ന്നാണ് അപ്രോച്ച് റോഡിന്റെ അലൈന്‍മെന്റ്. റോഡ് മതില്‍ കെട്ടി വേര്‍തിരിക്കുന്നതോടെ മാമ്പലം, കോട്ടി, കിഴക്കെ പുഞ്ചക്കാട് പ്രദേശത്തെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരാനുള്ള വഴി ഇല്ലാതാവും. ഇതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. 1500-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്ന് ഇന്ധന ടാങ്കറുകള്‍ ഓടുന്നത് ഗൗരവതരമായി കാണണമെന്ന് പഠനറിപ്പോര്‍ട്ടില്‍ത്തന്നെ സൂചിപ്പിക്കുന്നുണ്ട്. 
കായലും പുഴയും ചേരുന്നതിനാല്‍ വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടുതലാണ്. ഉപ്പുകലര്‍ന്ന മണ്ണില്‍ സ്ഥാപിക്കുന്ന ടാങ്കിന് ചോര്‍ച്ചയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കായലും പുഴയും കണ്ടലും തൊട്ടടുത്തായതിനാല്‍ വെള്ളത്തിലേക്ക് എണ്ണപ്പാട വളരെ എളുപ്പത്തില്‍ പടരും. മീനുകളുടെ പ്രജനന കേന്ദ്രം കൂടിയാണ് ഇവിടെ. കായലിലെ കക്ക, കല്ലുമ്മക്കായ, ചെമ്മീന്‍ കൃഷിയും ഇല്ലാതായിപ്പോകും. മീനുകളേയും ജീവജാലങ്ങളേയും പോലെ മനുഷ്യരുടെ കുടിവെള്ളപ്രശ്‌നവും ആശങ്കയുയര്‍ത്തുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ജനനിബിഡമായ ഒരു പ്രദേശത്ത് പദ്ധതിയുണ്ടാക്കുന്ന അപകടസാധ്യത. ജൈവവൈവിധ്യമുള്ള കവ്വായിക്കായലിനെ അന്താരാഷ്ട്ര പ്രാധാന്യമുള്ള റാംസെര്‍ സൈറ്റായി പ്രഖ്യാപിക്കാനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് പദ്ധതി ഈ പ്രദേശത്ത് എത്തുന്നത്.
നിലവില്‍ കോഴിക്കോട് എലത്തൂരിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ സംഭരണശാലയില്‍നിന്നാണ് വടക്കന്‍ ജില്ലകളിലേക്ക് ഭാഗികമായി പെട്രോളിയം കൊണ്ടുവരുന്നത്. നിലവിലുള്ള ആവശ്യത്തിന്റെ 10 ശതമാനം മാത്രമാണ് ഇതുവഴി കിട്ടുന്നത്. 11190 കിലോ ലിറ്ററാണ് സംഭരണശേഷി. സ്ഥലവിലയും സ്ഥലലഭ്യതയും കാരണം സംഭരണശാല വിപുലപ്പെടുത്തുക അപ്രായോഗികമാണെന്ന് അധികൃതര്‍ പറയുന്നു. പയ്യന്നൂരില്‍ വരാന്‍പോകുന്ന സംഭരണശാല ഭാവിയില്‍ വികസിപ്പിക്കാനുള്ള സാധ്യത കൂടി പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com