നമ്മുടെ കമിതാക്കള്‍ക്കു കൈകള്‍ കോര്‍ത്തു നടക്കാനാവുമോ? 

കൈകൂപ്പല്‍, ഷേക്ക് ഹാന്റ്, ആലിംഗനം തുടങ്ങി പലതും സമൂഹത്തിലുണ്ട്. നമ്മുടെ കൈകൂപ്പല്‍ തൊട്ടുകൂടായ്മയില്‍നിന്നും രൂപപ്പെട്ടതാകണം
നമ്മുടെ കമിതാക്കള്‍ക്കു കൈകള്‍ കോര്‍ത്തു നടക്കാനാവുമോ? 

ശ്രീവിദ്യയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പില്‍, തങ്ങള്‍ എപ്പോള്‍ കണ്ടുമുട്ടിയാലും സ്‌നേഹപ്രകാശനമായി മൂക്കുകള്‍ തമ്മിലുരസും എന്ന് കെ.ജി. ജോര്‍ജ് പറയുന്നുണ്ട്. അത് ഒരാളുടെ വ്യക്തിപരമായ രീതി. കൈകൂപ്പല്‍, ഷേക്ക് ഹാന്റ്, ആലിംഗനം തുടങ്ങി പലതും സമൂഹത്തിലുണ്ട്. നമ്മുടെ കൈകൂപ്പല്‍ തൊട്ടുകൂടായ്മയില്‍നിന്നും രൂപപ്പെട്ടതാകണം- ഉമ്മര്‍ ടി.കെ. എഴുതുന്നു

യിരം വാക്കുകളെക്കാള്‍ കരുത്തുണ്ട് ഒരു സ്പര്‍ശത്തിന്. ആലിംഗനം അതിന്റെ ഉയര്‍ന്ന രൂപവും. ലോകത്തെല്ലായിടത്തും അതങ്ങനെയാണ്. സ്പര്‍ശത്തെക്കുറിച്ച് ഏറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. അത് ശമനൗഷധമാണെന്നാണ് കണ്ടെത്തലുകള്‍ പറയുന്നത്. ആ ഡോക്ടര്‍ ഒന്നു തൊട്ടാല്‍ മതി അസുഖം മാറാന്‍ എന്നു നാം പറയുന്നതിന്റെ പിന്നിലും ഇതുതന്നെ. സ്പര്‍ശത്തെ ഒരു ചികിത്സാരീതിയായി കണ്ടുകൊണ്ടുള്ള പഠനങ്ങള്‍ ലോകമെങ്ങും നടന്നുകൊണ്ടിരിക്കുന്നു. ന്യൂ ഗയാനയിലെ അരപേഷ്, മുണ്ടുഗമൂര്‍ സമൂഹങ്ങളില്‍ മാര്‍ഗരറ്റ് മീഡ് നടത്തിയ പഠനമുണ്ട്. അരപേഷ് സമൂഹത്തില്‍ ശിശുക്കളെ ശരീരത്തോട് ചേര്‍ത്തു കെട്ടിയ വലസഞ്ചിയിലാണ് അമ്മമാര്‍ കൊണ്ടുനടക്കാറുള്ളത്. അമ്മയുമായുള്ള നിരന്തര സ്പര്‍ശവും ആവശ്യമുള്ളപ്പോള്‍ മുലകുടിക്കാനുള്ള അവസരവും അവിടെയുണ്ട്. ആ സമൂഹത്തിലെ മുതിര്‍ന്നവര്‍ ദേഷ്യമില്ലാത്തവരും ശാന്തമായ പെരുമാറ്റത്തിനുടമകളുമാണ്. എന്നാല്‍, അതേ രാജ്യത്തെ മുണ്ടുഗമൂര്‍ സമൂഹത്തില്‍ കുഞ്ഞുങ്ങളെ ശരീര സ്പര്‍ശമില്ലാതെ ബാസ്‌ക്കറ്റുകളിലാണ് കൊണ്ടുനടക്കാറുള്ളത്. അവിടുത്തെ ആളുകള്‍ വളരെ ദേഷ്യക്കാരും കലഹപ്രിയരുമായി കാണപ്പെടുന്നു. സ്പര്‍ശത്തിന്റെ പ്രാധാന്യത്തെയാണ് മീഡ് സൂചിപ്പിക്കുന്നത്.
 
എന്നാല്‍, മലയാളി ഈ സ്പര്‍ശത്തെ ഭയക്കുന്നവനാണ്. സ്പര്‍ശത്തെ മാത്രമല്ല, ചലനത്തേയും മലയാളി അടിച്ചമര്‍ത്തുന്നു. അത് നമ്മുടെ സമൂഹത്തെ രോഗാതുരമാക്കുന്നു. സന്തോഷം പ്രകടിപ്പിക്കാന്‍ ലോകത്തെവിടെയുമുള്ള മാര്‍ഗ്ഗം ആലിംഗനവും ചുംബനവുമൊക്കെയാണ്. പക്ഷേ, കൈകോര്‍ത്തു നടക്കുന്ന ദമ്പതികളെ നാട്ടില്‍ നമ്മളധികം കണ്ടിട്ടുണ്ടോ? കമിതാക്കള്‍ക്ക് കൈകോര്‍ത്ത് നടക്കാന്‍ നമ്മുടെ നാട്ടില്‍ പറ്റുമോ? എന്നാല്‍ കുട്ടികള്‍ നമ്മുടെ വൈകൃതങ്ങളില്‍നിന്ന് മോചിതരാവുന്നു എന്നത് ആശ്വാസകരമാണ്. പക്ഷേ, അത് വലിയ സംഘര്‍ഷങ്ങള്‍ക്കു കാരണമാവുന്നു എന്നാണ് തിരുവനന്തപുരം സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. കലോല്‍സവ സമയത്ത് വിജയിയായ പെണ്‍കുട്ടിയെ സഹപാഠികളുടെ സാന്നിധ്യത്തില്‍ ആലിംഗനം ചെയ്ത് അനുമോദിച്ചത് ഗുരുതരമായ അച്ചടക്കലംഘനമായി പരിഗണിച്ച് രണ്ടു കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കുകയുണ്ടായി. ബാലാവകാശ കമ്മിഷന്‍ കുട്ടികളുടെ പ്രവൃത്തിയില്‍ അസ്വാഭാവികമായി ഒന്നും കാണാത്തതിനാല്‍ അവരെ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശിച്ചു. പക്ഷേ, സ്‌കൂളധികൃതര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കുകയാണുണ്ടായത്. യഥാര്‍ത്ഥത്തില്‍ പരസ്യമായ ഒരാലിംഗനത്തിന്റെ പേരില്‍ അധ്യാപകരും സ്‌കൂളധികൃതരും കോടതിയും നമ്മുടെ പൊതുസമൂഹവും കൂടി മാസങ്ങളായി രണ്ടു കുട്ടികളുടെ പഠനം മുടക്കി വീട്ടിലിരുത്തുകയായിരുന്നു. എന്നാല്‍, ഏറ്റവും പരമപ്രധാനമായ രണ്ടു ചോദ്യങ്ങള്‍ ഇതിലുള്‍പ്പെട്ടവരാരും ചോദിച്ചില്ല. ഉഭയസമ്മതപ്രകാരമാണോ അവര്‍ കെട്ടിപ്പിടിച്ചത്? പെണ്‍കുട്ടി പരാതിക്കാരിയാണോ? സൗഹൃദത്തിന്റെ പേരിലാണ് ആണ്‍കുട്ടി തന്നെ ആലിംഗനം ചെയ്തത് എന്ന് പെണ്‍കുട്ടി പറയുന്നു. അവള്‍ക്ക് നല്ല സ്പര്‍ശവും ചീത്ത സ്പര്‍ശവും തിരിച്ചറിയാനാവും. (തന്റെ സമ്മതത്തോടെയല്ല ആലിംഗനം ചെയ്തത് എന്നു പറഞ്ഞ് രക്ഷപ്പെടാനുള്ള നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞ ആ പെണ്‍കുട്ടിയുടെ ധീരത സമാനതകളില്ലാത്തതാണ് രക്ഷിതാക്കള്‍ക്കും കുട്ടികളെ അറിയാം. അവര്‍ക്കും പരാതിയില്ല. പിന്നെ എവിടെയാണ് പ്രശ്‌നം? അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത വ്രണമായി പഴുത്തു പൊട്ടിയൊഴുകുന്നതാരിലൊക്കെയാണ്? NDTVയിലെ ചര്‍ച്ചയില്‍ താന്‍ ചെയ്തത് തെറ്റാണെന്ന് സ്‌കൂളിനു തോന്നിയതിനാല്‍ മൂന്നു തവണ മാപ്പ് എഴുതിക്കൊടുത്തു എന്നു കുട്ടി പറയുന്നു. തന്റെ സ്വകാര്യ ഇടമായ ഇന്‍സ്റ്റാഗ്രാമിലേക്ക് അധികൃതര്‍ കടന്നുകയറിയതായും അവന്‍ വെളിപ്പെടുത്തുന്നു. അവന്റെ വാദങ്ങള്‍ക്ക് യുക്തമായ ഒരു മറുപടിയും നല്‍കാന്‍ മാനേജ്മെന്റ് പ്രതിനിധിക്കു കഴിയുന്നില്ല. മലയാളി രക്ഷിതാക്കളുടെ ആദര്‍ശ വിദ്യാലയങ്ങള്‍ ഇത്തരം തടവറകളാണ്. നമ്മുടെ പൊതുവിദ്യാലയങ്ങള്‍ പോലും ഇത്തരം തടവറകളെയാണ് മാതൃകയാക്കുന്നത്. നമ്മുടെ സമൂഹം ആന്തരികമായി എത്രമാത്രം രോഗാതുരമാണ് എന്ന് തിരിച്ചറിയാനുള്ള മാപിനിയായി ഈ സംഭവത്തെ കാണേണ്ടതാണ്.

കോടതി വിധിയുടെ സാംഗത്യം

ആലിംഗനം ചെയ്തത് തെറ്റാണ് എന്ന് വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ചത് എന്താവാം? മനുഷ്യര്‍ തമ്മില്‍ സ്‌നേഹവും സൗഹൃദവും പ്രകടിപ്പിക്കേണ്ട രീതികളെക്കുറിച്ച് കൃത്യമായ ചട്ടങ്ങളൊന്നുമില്ല. അത് വ്യക്തികളേയും സമൂഹത്തേയും അനുസരിച്ചിരിക്കുന്നു. ശ്രീവിദ്യയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പില്‍, തങ്ങള്‍ എപ്പോള്‍ കണ്ടുമുട്ടിയാലും സ്‌നേഹപ്രകാശനമായി മൂക്കുകള്‍ തമ്മിലുരസും എന്ന് കെ.ജി. ജോര്‍ജ് പറയുന്നുണ്ട്. അത് ഒരാളുടെ വ്യക്തിപരമായ രീതി. കൈകൂപ്പല്‍, ഷേക്ക് ഹാന്റ്, ആലിംഗനം തുടങ്ങി പലതും സമൂഹത്തിലുണ്ട്. നമ്മുടെ കൈകൂപ്പല്‍ തൊട്ടുകൂടായ്മയില്‍നിന്നും രൂപപ്പെട്ടതാകണം. ചുണ്ടു മുട്ടിക്കാതെ വെള്ളം കുടിക്കാന്‍ നാം പരിശീലിപ്പിക്കുന്നതും ജാതിപരമായ സ്പര്‍ശഭയം കൊണ്ടുതന്നെ. ഇതുപോലെ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരപരമായ സ്പര്‍ശഭയത്തില്‍നിന്നും കോടതിക്കും മാറിനില്‍ക്കാനായില്ല. കുട്ടികള്‍ക്കെതിരെ തെളിവു കൊടുത്ത അധ്യാപകരും മാനേജ്മെന്റും സദാചാരരോഗം പേറുന്നവരാണ്. അവരെ മാത്രം കുറ്റം പറയാനാവില്ല, സമൂഹത്തിന്റെ രോഗാവസ്ഥയുടെ പ്രതിഫലനം തന്നെയാണത്. കുട്ടികള്‍ ആലിംഗനം ചെയ്തു നില്‍ക്കുന്ന കാഴ്ച തന്നെ സ്തബ്ധയാക്കി എന്നാണ് അധ്യാപിക മൊഴി കൊടുത്തത്. അവര്‍ ആലിംഗനത്തില്‍നിന്നും മുക്തരാവാന്‍ ആവശ്യത്തിലധികം സമയമെടുത്തു എന്നും. ആലിംഗനത്തിന്റെ മൂന്നോ നാലോ നിമിഷങ്ങള്‍ സദാചാരക്കാരെ സംബന്ധിച്ച് യുഗങ്ങള്‍ തന്നെയാണ്. യഥാര്‍ത്ഥ സമയമല്ലല്ലോ അനുഭവിക്കുന്ന സമയം. കോടതി മുഖ്യമായും പരിഗണിച്ചത് ഈ ആലിംഗനത്തിന്റെ ദൈര്‍ഘ്യമാണ്.

തൊട്ടറിയാനുള്ള തീവ്രമായ താല്പര്യം മനുഷ്യരിലും ജന്തുജാലങ്ങളിലെല്ലാമുണ്ട്. അതു നല്‍കുന്ന സ്വാസ്ഥ്യം ചെറുതല്ല. പക്ഷേ, അത്തരം മാനുഷികമായ താല്പര്യങ്ങളെ നിരോധിക്കുക വഴി നാം മനോവൈകല്യമുള്ളവരായി മാറുന്നു. സ്പര്‍ശവും ആലിംഗനവും ആഗ്രഹിക്കുന്ന കുട്ടി എത്ര പ്രായമായവരിലുമുണ്ട്. എ.കെ. ആന്റണിയായാലും സുപ്രീം കോടതി ജഡ്ജി ആയാലും മാതാ അമൃതാനന്ദമയിയുടെ ഒരാലിംഗനത്തില്‍ കുഞ്ഞുങ്ങളെപ്പോലെ സ്വസ്ഥരാവുന്നത് അതു കൊണ്ടാണ്.

ചലനം ഭയക്കുന്ന മലയാളി

ലോകത്തിന്റെ ഏതു മൂലയിലേക്കും മലയാളി സഞ്ചരിക്കും. പക്ഷേ, ശരീരചലനത്തിലൂടെ ആഹ്ലാദം പങ്കിടാന്‍ അവന് മടിയാണ്. നൃത്തം സംഘര്‍ഷങ്ങളെ ലഘൂകരിക്കുന്നു. ആഘോഷവേളകളില്‍ നൃത്തം ചെയ്യുന്നതും ആഹ്ലാദം പങ്കിടുന്നതും കേരളത്തിലൊഴിച്ച് മറ്റേതു സമൂഹത്തിലും നമുക്ക് കാണാം. പക്ഷേ, മലയാളി വെറും കാഴ്ചക്കാരനാണ്. ചലനത്തിലൂടെ മനസ്സും ശരീരവും വീണ്ടെടുക്കേണ്ട ഉന്മേഷം അവന് അന്യമാണ്. അതുകൊണ്ടാണ് ഫ്രസ്ട്രേറ്റഡ് മല്ലു എന്ന പ്രയോഗം തന്നെ വന്നത്. മദ്യത്തോടുള്ള മലയാളി പുരുഷന്റെ ആസക്തി ഈ ഫ്രസ്ട്രേഷന്‍ കാരണമാവാം. മദ്യം ഇച്ഛാഭംഗത്തില്‍നിന്ന് താല്‍ക്കാലിക മോചനം നല്‍കി പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും കെട്ടിപ്പിടിക്കാനും അവനെ പ്രാപ്തനാക്കുന്നു. നിയന്ത്രിതമായ രീതിയില്‍ ആഹ്ലാദനൃത്തത്തിനുള്ള അവസരങ്ങള്‍ നല്‍കുന്ന ആള്‍ദൈവസന്നിധികളിലേക്ക് മധ്യവര്‍ഗ്ഗ സമൂഹത്തിലുള്ളവര്‍ ആകര്‍ഷിക്കപ്പെടുന്നതും ഇതുകൊണ്ടു തന്നെയാണ്.
പാട്ടും നൃത്തവുമെല്ലാം ഗോത്രവര്‍ഗ്ഗ ജീവിതത്തിന്റെ സവിശേഷതകളാണ്. ലിംഗഭേദമില്ലാതെ സമൂഹം മുഴുവന്‍ അതില്‍ പങ്കാളികളാവുന്നു. ഗോത്രവര്‍ഗ്ഗ ജീവിതത്തോട് കേരളീയ സമൂഹം അബോധമായ ഒരു ആഗ്രഹം വെച്ചു പുലര്‍ത്തുന്നതും ദമിതമായ ഈ ചലന താല്പര്യം കൊണ്ടാണ്. സി.കെ. ജാനുവും എ.കെ. ആന്റണിയും നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ നാം കണ്ടിട്ടുണ്ട്. അത് നമ്മില്‍ ചിരി ഉണര്‍ത്തുന്നതിനു കാരണം ചലനമില്ലാത്ത കേരളത്തിന്റെ പ്രതിനിധിയായ ആന്റണിയും നാം വേറിട്ടു നിര്‍ത്തിയ ഗോത്രവര്‍ഗ്ഗ പ്രതിനിധിയായ ജാനുവും തമ്മിലുള്ള വൈരുധ്യമാണ്. ജാനുവിന് നൃത്തം ചെയ്യാം, ആന്റണിക്ക് പറ്റില്ല. അയാള്‍ കാഴ്ചക്കാരനാവേണ്ടവനാണ്.

നമ്മള്‍ പ്രജകളില്‍നിന്ന് പൗരന്മാരായി പരിവര്‍ത്തിപ്പിക്കപ്പെട്ട പ്രക്രിയ ആധുനികതയോടെയാണ് ഉണ്ടായത്. അതിന്റെ നിര്‍വ്വാഹകത്വം വഹിച്ചത് പാശ്ചാത്യ മിഷനറിമാരും. അവരിവിടെ രൂപപ്പെടുത്തിയ വിക്ടോറിയന്‍ സദാചാര മൂല്യബോധത്തിലൂടെയാണ് നാം നമ്മെത്തന്നെ തിരിച്ചറിഞ്ഞത്. പക്ഷേ, ആ ഘട്ടത്തില്‍നിന്ന് നമുക്ക് ഒട്ടും മുന്നേറാന്‍ കഴിഞ്ഞില്ല. (പുറത്താക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ ഈ ബോധത്തില്‍നിന്നു മുന്നേറിയവരാണെങ്കിലും കോടതി, വിദ്യാലയം അടക്കമുള്ള സ്ഥാപനങ്ങള്‍ അവരെ ഒറ്റപ്പെടുത്തുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷിയാവുന്നത്. സമൂഹത്തിന്റെ വികൃതമായ ശരീരബോധത്തില്‍നിന്നും മുക്തനായ ഒരു കുട്ടി മുഖം പൊത്തി ചാനലില്‍ നമുക്കു മുന്നില്‍ പ്രത്യക്ഷപ്പെടേണ്ടിവരുന്നതിലും അപമാനകരമായ മറ്റെന്തുണ്ട്!) ആധുനികതാ വിമര്‍ശനത്തിലൂടെ ഇടതുപക്ഷത്തിന് ഈ സദാചാര മൂല്യസങ്കല്‍പ്പങ്ങളെ മറികടക്കാന്‍ കഴിയേണ്ടതായിരുന്നു. ലോകത്തെവിടെയും സ്ത്രീകളുടെ പദവി, ലൈംഗികത, പരിസ്ഥിതി തുടങ്ങിയവയെക്കുറിച്ചെല്ലാം പുതിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെച്ചത് ഇടതുപക്ഷ ചിന്തകരായിരുന്നു. അവയൊന്നും മനസ്സിലാക്കാനോ സ്വാംശീകരിക്കാനോ ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശ്രമിച്ചില്ല എന്നതിന് ചില ഉദാഹരണങ്ങള്‍ മാത്രം മതി. ഉയര്‍ന്ന നേതാക്കളടക്കമുള്ള വേദിയില്‍ നാടന്‍ പാട്ടിന്റെ ചടുല താളത്തിനൊപ്പം പി.കെ. ശ്രീമതി ടീച്ചര്‍ ചുവടുവെച്ചത് നാമോര്‍ക്കുന്നുണ്ടാവും. തൊട്ടപ്പുറത്ത് അത് അലോസരത്തോടെ നോക്കിനില്‍ക്കുന്ന പുരുഷനേതാക്കളുടെ ദൃശ്യവും ഉണ്ടായിരുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ അണികള്‍ അല്പം ആഹ്ലാദച്ചുവടുകള്‍ വെച്ചപ്പോള്‍ ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്നു പിണറായി പറഞ്ഞതും ഓര്‍ക്കുക. ചലനത്തോടുള്ള മനോഭാവത്തിന്റെ അടയാളങ്ങള്‍ തന്നെയാണിവ. 
സംവരണം എന്ന ഏര്‍പ്പാട് ഇല്ലായിരുന്നെങ്കില്‍ പല രംഗങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം എന്താകുമായിരുന്നു എന്നോര്‍ക്കുക. സംഘടനാരംഗത്ത് ജില്ലയോ ഏരിയയോ പോകട്ടെ, ലോക്കല്‍ സെക്രട്ടറിയായി ഒരു സ്ത്രീ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

നമുക്കും തമിഴനും ഒരു പൊതു പാരമ്പര്യമുണ്ട്. പക്ഷേ, ഇവിടുത്തെ ഉപരിവര്‍ഗ്ഗം ആര്യവല്‍ക്കരണത്തോടും പിന്നീടു വന്ന അധിനിവേശ ശക്തികളോടും അതിയായ വിധേയത്വം കാണിച്ച് അപകര്‍ഷത നിറഞ്ഞ സമൂഹമായി മാറി. നമ്മള്‍ പറയുന്ന ചില തമാശക്കഥകളെ ഒന്ന് അപഗ്രഥിച്ചു നോക്കിയാല്‍ ഇത് മനസ്സിലാവും. സ്വയം പരിഹസിക്കുന്ന, ആത്മനിന്ദ നിറഞ്ഞ മനോഭാവം അവയുടെ പ്രത്യേകതയാണ്. ഒരു തമിഴനോ ബംഗാളിയോ തന്റെ സ്വത്വത്തെ ഇടിച്ചു താഴ്ത്തുന്ന ഇത്തരം കഥകള്‍ ഉണ്ടാക്കുമെന്നു തോന്നുന്നില്ല. ഈ അപകര്‍ഷത മറ്റൊരു തരത്തില്‍ കൂടി രൂപപ്പെട്ടതാണ്. 

ഉത്തരേന്ത്യന്‍ സാഹചര്യങ്ങളില്‍നിന്നും ഭിന്നമായി നമ്മുടെ നവോത്ഥാനം തുടങ്ങുന്നത് അയ്യന്‍കാളി തുടക്കമിട്ട കീഴാളപ്രക്ഷോഭങ്ങളിലൂടെയാണ്. നാരായണഗുരുവും തന്റെ ദര്‍ശനങ്ങളെ ഈഴവരിലേക്കു മാത്രമായല്ല, പൊതുസമൂഹത്തിനു മുന്നിലേക്കാണ് പ്രക്ഷേപിച്ചത്. പക്ഷേ, മന്നം നേതൃത്വം കൊടുത്ത ചലനങ്ങള്‍ പൊതുവായും ആ ജാതിയെ മാത്രം മുന്നില്‍ കണ്ടു കൊണ്ടുള്ളതായിരുന്നു. മറ്റെല്ലാ ജാതികള്‍ക്കും കൃത്യമായ ഒരു തൊഴില്‍ ഉണ്ടായിരുന്നു. നായര്‍ സമൂഹം അത്തരമൊരു തൊഴില്‍ക്കൂട്ടമായിരുന്നില്ല. നമ്പൂതിരിമാരോടുള്ള ആശ്രിതബന്ധമുണ്ടാക്കുന്ന അപകര്‍ഷതയും മറ്റു ജാതികള്‍ക്കു മേലുള്ള ഉല്‍ക്കര്‍ഷതയും ഒരു പോലെ അവരുടെ മനോഭാവത്തില്‍ കലര്‍ന്നു. ബ്രിട്ടീഷുകാരോടു ചേര്‍ന്നുനിന്ന് വിദ്യാഭ്യാസത്തിലൂടെ ഭരണത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നായര്‍ സമുദായം നേടുന്നുണ്ട്. 40-കളോടെ കേരളീയമായ മുന്നേറ്റങ്ങളുടെ നേതൃത്വവും അവരുടെ കൈകളിലെത്തിച്ചേരുന്നു. പിന്നീട് ഭൂപരിഷ്‌ക്കരണം മൂലം കൃഷിഭൂമി യഥാര്‍ത്ഥ കര്‍ഷകരിലേക്കല്ലാതെ ഇടനിലക്കാരായ നായര്‍ സമുദായത്തിലെത്തിച്ചേര്‍ന്നത് ഈ അധികാര സ്വാധീനം കൊണ്ടാണ്. 


ഇടനിലക്കാരിലെത്തിയതുകൊണ്ടാണ് ഭൂമി തുണ്ടുവല്‍ക്കരണത്തിന് വിധേയമായതും നമുക്ക് കൃഷി അന്യമായതും. അങ്ങനെ ഇരുപക്ഷത്തും നേടിയെടുത്ത സ്വാധീനഫലം പില്‍ക്കാലത്ത് രാഷ്ട്രീയ അധികാരത്തിലും ബ്യൂറോക്രസിയിലും സാംസ്‌കാരിക മണ്ഡലത്തിലും ഒരുപോലെ നിര്‍ണ്ണായക സ്വാധീനം അവര്‍ക്കു നല്‍കി. ആധിപത്യം നേടിയ സമുദായത്തിന്റെ മനോഭാവം കേരളത്തിന്റെ പൊതുബോധമായി രൂപപ്പെടുകയാണുണ്ടായത്. മലയാള സാഹിത്യവും സിനിമയുമെല്ലാം ഈ നായര്‍ സ്വത്വത്തിന്റെ ആഖ്യാനങ്ങളാണല്ലോ. നമ്പൂതിരി സമുദായത്തിനു കീഴില്‍ ദൃഢമായ കുടുംബജീവിതം പോലുമില്ലാതെ നൂറ്റാണ്ടുകളായി അരക്ഷിതമായി, വിധേയപ്പെട്ടു നില്‍ക്കേണ്ടിവന്ന നായര്‍ സ്വത്വത്തിന്റെ ആത്മനിന്ദയും അപകര്‍ഷതയും പെട്ടെന്നങ്ങനെ വിട്ടുപോകുന്നതായിരുന്നില്ല. അയ്യന്‍കാളിയുടെ തുടര്‍ച്ച സൃഷ്ടിക്കേണ്ടിയിരുന്ന ആത്മവിശ്വാസമല്ല, വിധേയത്വത്തില്‍നിന്നും രൂപപ്പെട്ട ആത്മനിന്ദയാണ് കേരളീയന്റെ പൊതു സ്വഭാവമായി മാറിയത്. ആത്മബോധമില്ലാത്ത ഈ മലയാളിക്ക് ഇന്നും മാതൃക ഇംഗ്ലീഷുകാര്‍ പോലും ഉപേക്ഷിച്ച ആ മിഷനറി അച്ചടക്കം തന്നെ. പെരുമാറ്റത്തിലും ഭാഷയിലും പ്രവൃത്തിയിലുമെല്ലാം പരിഷ്‌കൃതര്‍ ആവണം. ഇന്ദുലേഖയും മാധവനും പോലെ. തമിഴന്റെ താളവും ആട്ടവും ഉച്ചത്തിലുള്ള സംസാരവും അവന് അലോസരമാവുന്നത് അതുകൊണ്ടാണ്.

സ്വകാര്യ ഇടവും പൊതു ഇടവും

തന്റെ സ്വകാര്യ ഇടത്തിനപ്പുറം പൊതു ഇടം എന്ന സങ്കല്‍പ്പമുണ്ട് എന്ന് മലയാളി മനസ്സിലാക്കിയിട്ടുണ്ട്. അതില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്റേഴ്സിനും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം സ്ഥാനമുണ്ടെന്നും. പക്ഷേ, അവയില്‍ എങ്ങനെ പെരുമാറണം എന്നിനിയും മനസ്സിലാക്കിയിട്ടില്ല. സ്‌കൂളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആലിംഗനം ചെയ്തത് പൊതു ഇടത്തിലാണ്. പൊതു ഇടം തന്റേതു കൂടിയാണെങ്കിലും തന്റേതു മാത്രമല്ല എന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത പ്രശ്‌നമുണ്ട് മലയാളിക്ക്. സ്വകാര്യ ഇടം എന്നത് സങ്കല്പത്തിലുപരി യാഥാര്‍ത്ഥ്യമാണെന്നും അതിനും മാന്യതയുണ്ടെന്നും കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ മനുഷ്യര്‍ പരസ്യമായ ചുംബനാലിംഗനങ്ങളില്‍ മുഴുകിയിരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. പ്രണയ പ്രകടനമായാലും അല്ലെങ്കിലും അതാരെയും അലോസരപ്പെടുത്തുന്നില്ല. ആരെയും ഹിംസിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അത് ശ്രദ്ധിക്കാതെ കടന്നുപോകുകയാണ് മാന്യതയുടെ ലക്ഷണമെന്ന് അവിടെയുള്ളവര്‍ കരുതുന്നു. പൊതു ഇടത്തിലും മറ്റൊരാളിന്റെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട് എന്നതുകൊണ്ടാണത്. സ്വകാര്യത എന്നത് അനാവശ്യവും ശിക്ഷാര്‍ഹവുമായ ഒന്നായാണ് മലയാളി കരുതുന്നത്. ചുംബനസമരത്തെക്കുറിച്ചു വന്ന ആക്ഷേപങ്ങളിലൊന്ന് കിടപ്പറയില്‍ കാണിക്കേണ്ടത് പുറത്തുകാണിക്കുന്നു എന്നായിരുന്നുവെന്നോര്‍ക്കുക. ഭൗതികമായ ഒരു പൊതു ഇടത്തില്‍ത്തന്നെ വ്യക്തികളുടെ സ്വകാര്യ ഇടത്തില്‍നിന്നുകൊണ്ടാണ് സമരക്കാര്‍ അതിലേര്‍പ്പെട്ടത്. വ്യക്തിസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നൊക്കെ വിളിച്ച് നാം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് ഈ സ്വകാര്യ ഇടത്തിന്റെ സാന്നിദ്ധ്യത്തെയാണ്. വ്യക്തിയുടെ താല്‍പ്പര്യങ്ങളും ശീലങ്ങളും ചേര്‍ന്നതാണ് അവന്റെ സ്വകാര്യ ഇടം. (Perosnal space) അത് നാലു ചുവരുകള്‍ക്കുള്ളിലൊതുങ്ങുന്ന ഭൗതിക സ്ഥലം മാത്രമല്ല എന്ന വസ്തുത അംഗീകരിക്കാന്‍ മലയാളി ഏറെ ബുദ്ധിമുട്ടേണ്ടി വരും. നമ്മുടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി രൂപപ്പെട്ടു വരുന്ന ഹൈടെക് സ്‌കൂളുകളുടെ ഒരു പ്രധാന പ്രത്യേകത ക്ലാസ്സ് മുറികളിലേക്കു കടന്നുവരുന്ന സര്‍വേലന്‍സ് ക്യാമറകളാണ്. ഇത് അന്താരാഷ്ട്ര നിലവാരമോ നമ്മുടെ തനത് നിലവാരമോ അല്ല, മറിച്ച് നമ്മുടെ അണ്‍ എയിഡഡ് സ്‌കൂളുകള്‍ പിന്തുടരുന്ന വിക്ടോറിയന്‍ സദാചാര നിലവാരത്തിലേക്കുള്ള തിരിച്ചുപോക്കാണെന്ന് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണരൊന്നും തിരിച്ചറിഞ്ഞിട്ടേ ഇല്ല.

കഥയും സദാചാരവും

സദാചാരം രണ്ടു വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടിക്കുന്ന ഒരു യഥാര്‍ത്ഥ പ്രശ്‌നമായിട്ടും അത് ഗുണപരമായ രീതിയില്‍ ചര്‍ച്ച ചെയ്യാന്‍ നമ്മുടെ മാധ്യമങ്ങള്‍ ശ്രമിച്ചോ എന്നത് ആലോചിക്കേണ്ടതാണ്. യാഥാസ്ഥിതികമായ പൊതു സമൂഹമനസ്സിനെ അലോസരപ്പെടുത്താന്‍ അവര്‍ സ്വാഭാവികമായും വിമുഖത കാണിക്കും.
by sexualizing innocent affection between friends and fellow Students we are creating self - conscious hypocrites trained to suppress their feelings  എന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കേരളത്തെ കുടഞ്ഞുകളഞ്ഞ ഒരു ലോകപൗരന്‍ ഈ ട്വീറ്റിലുണ്ട്. സുസ്മേഷ് ചന്ത്രോത്ത് FB യില്‍ ആ കുട്ടികളെ അഭിനന്ദിച്ചുകൊണ്ടും നമ്മുടെ സമൂഹത്തിന്റെ ജീര്‍ണ്ണതയെ വ്യക്തമാക്കിക്കൊണ്ടും കുറിപ്പിട്ടു. ഡോ. ദീപുസദാശിവന്‍ തുടങ്ങി സാധാരണക്കാരായ പലരും തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചു. പക്ഷേ, എഴുത്തുകാരോ അധ്യാപക സമൂഹമോ ഇടതുപക്ഷ പ്രസ്ഥാനങ്ങളോ ഇതിനോട് അധികം പ്രതികരിച്ചതായി കണ്ടില്ല.


യഥാര്‍ത്ഥമായ ഒരു സംഭവം സമൂഹത്തില്‍ വലിയ വിവാദമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഭാവനാത്മകമായ ഒരു കഥ, എന്‍. പ്രഭാകരന്റെ 'കളിയെഴുത്ത്' വലിയ വിവാദങ്ങള്‍ക്ക് കളമൊരുക്കി. അധ്യാപകരെ അപമാനിക്കുന്നു, പുതിയ പഠനരീതികളെ പരിഹസിക്കുന്നു എന്നൊക്കെയായിരുന്നു ആരോപണം. അതിന്റെ പേരില്‍ എഴുത്തുകാരന്‍ കൂട്ടായ ഭീഷണിക്കും ഇരയായി. നവമാധ്യമങ്ങളില്‍ എഴുത്തിനപ്പുറം എഴുത്തുകാരനെത്തന്നെ അപമാനിക്കും വിധം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ സച്ചിദാനന്ദന്‍ തന്നെ എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി രംഗത്തു വന്നപ്പോഴാണ് അത് അല്പം ഒടുങ്ങിയത്. വിരലിലെണ്ണാവുന്ന ഏതാനും എഴുത്തുകാര്‍ മാത്രമേ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിച്ചുള്ളു. അതിന്റെ പേരില്‍ അവരും അപമാനിക്കപ്പെട്ടു. അധികാരത്തോട് സന്ധി ചെയ്യാത്ത, വ്യവസ്ഥാപിത ഇടതുപക്ഷത്തോടു കലഹിക്കുന്ന ഒരാള്‍ക്കൊപ്പം നില്‍ക്കുന്നതിലെ മൗഢ്യം തിരിച്ചറിഞ്ഞതുകൊണ്ടാവണം ഭൂരിപക്ഷം എഴുത്തുകാരും മൗനികളായത്.

അധ്യാപക പരിശീലനത്തില്‍ നടക്കുന്ന മൂന്നു കളികളെക്കുറിച്ചാണ് കളിയെഴുത്തില്‍ വിവരിക്കുന്നത്. അവ അധ്യാപകരും അധ്യാപികമാരും ഇടകലര്‍ന്നുള്ളതും അതുകൊണ്ടുതന്നെ ശാരീരിക സ്പര്‍ശം സംഭവിക്കാന്‍ സാധ്യതയുള്ളതുമാണ്. സ്പര്‍ശത്തേയും ചലനത്തേയും ഭയക്കുന്ന ഒരു ഇടതു സദാചാരബോധം ഈ കഥയുടെ അടിസ്ഥാന ശ്രുതിയാണ്. അതോടൊപ്പം ക്ലസ്റ്ററുകളെക്കുറിച്ചു സൂചിപ്പിക്കുക വഴി പൊതുവിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്നുമുണ്ട് കഥ. പക്ഷേ, അധ്യാപകര്‍ മുഖ്യമായും വിമര്‍ശിച്ചത് കഥയിലെ ലൈംഗിക സൂചനകളെയാണ്. കഥയില്‍ അഥവാ എഴുത്തുകാരനില്‍ ആരോപിക്കാവുന്ന ഈ സദാചാരപ്രശ്‌നം അതേ തലത്തില്‍ വിമര്‍ശകര്‍ക്കും ബാധകമാണ് എന്നതാണ് കൗതുകം. എഴുത്തുകാരനും വിമര്‍ശകരും ഒരേ ലൈംഗിക സദാചാരബോധം തന്നെയാണ് പിന്‍പറ്റുന്നതും. അധ്യാപകര്‍ ലിംഗഭേദമെന്യേ ഇടകലരണമെന്നും ആ സന്ദേശമാണ് കുട്ടികളിലേക്കു പകരേണ്ടതെന്നുമുള്ള ധീരമായ മറുപടിക്കു പകരം തങ്ങളുടെ അമ്മമാരും പെങ്ങമ്മാരും ടീച്ചര്‍മാരാണ്, അവരൊന്നും ഇത്തരക്കാരല്ല, എന്നിട്ടും അവരെയാണ് എഴുത്തുകാരന്‍ അപമാനിച്ചത് എന്ന വാദവുമായി സദാചാര സംരക്ഷകരായ ആങ്ങളാധ്യാപകരും രംഗത്തു വന്നു. 

പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് കഥ മുന്നോട്ടു വെയ്ക്കുന്ന വിമര്‍ശനത്തിന് മറുപടി പറയാതെ ഇങ്ങനെയൊക്കെ പറയാമോ എന്ന രോഷവും വിലാപവുമാണ് എങ്ങും അലയടിച്ചത്. സാഹിത്യകാരന്റെ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുള്ള എഴുത്തുകാരുടെ അഭിപ്രായങ്ങളെപ്പോലും സോഷ്യല്‍ മീഡിയയില്‍ അസഹിഷ്ണുതയോടെയും ഭീഷണിയോടെയുമാണ് പലരും സമീപിച്ചത്. കഥയെ കഥയായി കാണാനാവാതെ ഭീഷണിയുമായി നേരിടുന്ന സമൂഹത്തിന് ഇന്ത്യയ്ക്കുമേല്‍ പിടിമുറുക്കിയ ഫാസിസത്തെക്കുറിച്ചു പറയാന്‍ എന്തര്‍ഹതയാണുള്ളത്? അതും സോഷ്യല്‍ മീഡിയ അടക്കം സംവാദങ്ങളുടെ അനേകം സാധ്യതകള്‍ മുന്നിലുള്ളപ്പോള്‍. പൊതുവികാരം എഴുത്തുകാരന് അനുകൂലമായപ്പോള്‍ ഫോണ്‍ ഭീഷണിയുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലല്ലേ പരാതിപ്പെടേണ്ടത് എന്ന ലളിതയുക്തിയുമായവതരിച്ച പോസ്റ്റുകള്‍ വൈറലായി. പക്ഷേ, സി.പി.എം ഓഫീസ് ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പൊലീസ് സ്റ്റേഷനിലേക്കല്ല മാധ്യമങ്ങള്‍ക്കു മുന്നിലാണ് യെച്ചൂരി സംസാരിച്ചത് എന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറന്നു. പെരുമാള്‍ മുരുകനും കെ.എസ്. ഭഗവാനും പൊലീസ് സഹായം സ്വീകരിച്ചാല്‍ പോരേ എന്ന് ഇതേ യുക്തിവെച്ച് ഒരു ഹിന്ദു തീവ്രവാദിക്കും  ചോദിക്കാം. റോമില്‍ പണ്ട് ആഘോഷവേളകളില്‍ വെളിച്ചത്തിനു വേണ്ടി അടിമകളെ വൈക്കോല്‍ കൂനയില്‍ കെട്ടി കത്തിക്കാറുണ്ടായിരുന്നത്രെ. അവയെ അനുസ്മരിപ്പിക്കും വിധം ഹിംസാത്മകമായിരുന്നു ചില പോസ്റ്റുകള്‍. പഴയ അശ്വത്ഥാമാവ് ഗര്‍ഭത്തിലെ ശിശുവിലേക്കാണ് അമ്പു പായിച്ചതെങ്കില്‍ ഇന്ന് എഴുത്തുകാരനിലേക്കു മാത്രമല്ല, മരിച്ചുപോയ അദ്ദേഹത്തിന്റെ ഗുരുവിലേക്കും അമ്പുകള്‍ പായിക്കുന്നു.  ആശയത്തെ ആശയം കൊണ്ടു നേരിടാന്‍ കഴിയാത്ത ഭീരുത്വത്തിന്റെ ആഘോഷങ്ങള്‍.

പാഠ്യപദ്ധതിയിലെ പാളിച്ചകള്‍

വിദ്യാഭ്യാസരംഗത്തെ പ്രവണതകളെ വിമര്‍ശിച്ചുകൊണ്ട് എന്‍. പ്രഭാകരന്‍ മുന്‍പും കഥയെഴുതിയിട്ടുണ്ട്. പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കാരങ്ങളെ മുന്‍വിധിയോടെ നോക്കിക്കാണുന്ന, പണ്ട് എല്ലാം ഭദ്രമായിരുന്നു എന്ന ഭൂതകലാരാധനയോളമെത്തുന്ന ഒരു ചിന്ത വിദ്യാഭ്യാസ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് അദ്ദേഹം വെച്ചുപുലര്‍ത്തുന്നു. ഇന്ന് പകുതി കുട്ടികള്‍ക്കും അക്ഷരമറിയില്ല എന്ന വാദം അദ്ദേഹമടക്കം പലരും ആവര്‍ത്തിക്കാറുണ്ട്. SSLC-യും പ്രീഡിഗ്രിയും കഴിയുമ്പോള്‍ പണ്ട് 80 ശതമാനവും പുറന്തള്ളപ്പെട്ടിരുന്നു എന്ന് സൗകര്യപൂര്‍വ്വം പലരും മറക്കുന്നു. ഇന്ന് തൊണ്ണൂറു ശതമാനവും പ്ലസ് ടു പഠനത്തിലേര്‍പ്പെടുന്നു. കുട്ടികളെ അരിച്ചരിച്ചു പുറന്തള്ളുകയല്ല, ഉള്‍ച്ചേര്‍ക്കുകയാണ് പുതിയ സമീപനം. പുസ്തകത്തിലെ കാര്യങ്ങള്‍ കാണാപ്പാഠം പഠിക്കുക എന്നതിനപ്പുറം ചിന്താപ്രക്രിയയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സമീപനം പുതിയ പാഠ്യപദ്ധതിയുടെ സവിശേഷതയാണ്. അതിന്റെ പ്രയോഗതലത്തില്‍ പല പാളിച്ചകളും ഉണ്ടാവാം. പൊതു വിദ്യാഭ്യാസ മേഖലയില്‍ അടുത്തകാലത്തുണ്ടായ ഉണര്‍വ്വിനു പ്രധാനമായ ഒരു കാരണം പൊതുവിദ്യാലയത്തിലേക്കു പടര്‍ന്നു കയറുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളാണെന്നതും മറന്നുകൂടാ. കുട്ടികളുടെ അഭിരുചിയും പഠനവുമായി വേണ്ട ബന്ധത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവല്‍ക്കരിക്കുന്നതിലും നാം പരാജയപ്പെട്ടു. അതുകൊണ്ടാണ് ഏറ്റവും ക്രീം ആയ ലക്ഷത്തിനടുത്ത വിദ്യാര്‍ത്ഥികള്‍ എന്‍ജിനീയറിങ്ങ് പോലുള്ള കോഴ്സുകളിലേക്കു പോകുന്നത്. അവരില്‍ ചെറിയൊരു ശതമാനം മാത്രമാണ് അവര്‍ പഠിച്ച മേഖലയിലുമായി ബന്ധപ്പെട്ട തൊഴിലിലേക്കു പ്രവേശിക്കുന്നത്. കോഴ്സിനോ ക്ലസ്റ്ററിനോ പോകുന്ന അധ്യാപകരില്‍ 80 ശതമാനം പേരും അതിനോട് വിമുഖത കാട്ടുന്നുവെങ്കില്‍ എവിടെയാണ് പിഴവ് എന്ന് ആലോചിക്കേണ്ടതാണ്. യാന്ത്രികമായ പരിശീലനങ്ങള്‍ അധ്യാപകരെ മടുപ്പിക്കുന്നുണ്ട്. ഏതൊക്കെയോ ട്രെയിനിങ്ങുകളില്‍ അധ്യാപകര്‍ ഒന്നിച്ചുകൂടി തമാശപ്പാട്ടു പാടി നൃത്തം ചെയ്യുന്ന വീഡിയോ പുതിയ പഠനരീതിയെ പരിഹസിക്കാന്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇത് സ്‌കൂള്‍ തലത്തിലെ ട്രെയിനിങ്ങിന്റേതല്ല മറ്റേതോ ആണ് എന്ന് എതിര്‍പക്ഷവും പറയുന്നു. രണ്ടു വാദങ്ങളിലും അധ്യാപകര്‍ ആടുകയും പാടുകയും ചെയ്തുകൂടാ എന്ന മുന്‍വിധി തന്നെ. പാട്ട് പാവാടയെക്കുറിച്ചോ ലുങ്കിയെക്കുറിച്ചോ എന്നതല്ല പ്രധാനം. ചലനാത്മകമാവുക എന്നതാണ്. പാട്ടിന്റെ സാഹിത്യ ഗുണമല്ല അവിടെ മുഖ്യം. സര്‍വ്വാധികാരിയായ അധ്യാപകന്‍ എന്ന സങ്കല്‍പ്പത്തിന്റെ കാലം കഴിഞ്ഞു. നമ്മുടെ കുടുംബങ്ങളില്‍ രക്ഷിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഇന്ന് ഏറെക്കുറെ ജനാധിപത്യപരമാണ്. കുട്ടിയാണ് കുടുംബത്തിന്റെ കേന്ദ്രം. ഈ മാറ്റം സ്‌കൂളുകളിലും ഉണ്ടാവണം. ലക്ഷ്യംവെയ്ക്കുന്ന ഇത്തരം ജനാധിപത്യ സമീപനം സ്‌കൂളുകളിലുണ്ടോ എന്നത് സംശയമാണ്. സ്‌കൂളില്‍നിന്നും കുട്ടികളെ പുറത്താക്കിയ സംഭവത്തിലായാലും കളിയെഴുത്ത് എന്ന കഥയുടെ പേരില്‍ കഥാകൃത്തിനെതിരെ തിരിഞ്ഞ അധ്യാപകരുടെ കാര്യത്തിലായാലും കപടമായ സദാചാര പ്രശ്‌നമാണ് അടിസ്ഥാനമായി വരുന്നത്. ഈ കാപട്യത്തില്‍നിന്ന് മലയാളി പെട്ടെന്നൊന്നും മോചിതനാവുമെന്നു തോന്നുന്നില്ല. കുടുംബത്തിലൂടെ, വിദ്യാലയമടക്കമുള്ള സാമൂഹിക സ്ഥാപനങ്ങളിലൂടെ നാം തലമുറകളിലേക്കു കൈമാറുന്നത് ഈ കാപട്യമല്ലാതെ മറ്റെന്താണ്!

പ്രസിദ്ധ അമേരിക്കന്‍ കവി ഷെല്‍ സില്‍വര്‍സ്റ്റെയിന്റെ ഒരു കവിതയിലൂടെ നമുക്ക് ഈ ലേഖനം അവസാനിപ്പിക്കാം.
അകറ്റുന്ന വടംവലിയില്‍ ഞാന്‍ പങ്കാളിയാവില്ല.
അടുപ്പിക്കുന്ന ആലിംഗനമാണെനിക്കിഷ്ടം.
എല്ലാവരും കെട്ടിപ്പുണരുന്ന 
എല്ലാവരും പൊട്ടിച്ചിരിയോടെ വീണുരുളുന്ന 
എല്ലാവരും ഉമ്മവെക്കുന്ന 
എല്ലാവരും തുറന്നു ചിരിക്കുന്ന 
എല്ലാവരും വിജയിക്കുന്ന ആശ്ലേഷമാണെനിക്കിഷ്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com