ശ്രീജിത്ത് എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്ന് എണീറ്റുപോകാത്തത്?

കേരളത്തില്‍ ഭരണം മാറി, മുഖ്യമന്ത്രിയും പൊലീസ് മേധാവിയും ഉള്‍പ്പെടെ. പക്ഷേ, ശ്രീജിത്തിനെയൊന്ന് എഴുന്നേല്‍പ്പിച്ച് സമാധാനിപ്പിച്ചു വീട്ടില്‍ വിടാന്‍ ഉതകുന്ന തീരുമാനവും നടപടിയുമുണ്ടായില്ല
ശ്രീജിത്ത് എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്ന് എണീറ്റുപോകാത്തത്?

തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ രമണി എന്ന വിധവയായ അമ്മയുടെ മൂന്ന് ആണ്‍ മക്കളില്‍ രണ്ടാമനായ ഇരുപത്തിയൊമ്പതുകാരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങിയിട്ട് ഒരു വര്‍ഷവും രണ്ടു മാസവുമായി. ഇക്കാലയളവിനിടെ കേരളത്തില്‍ ഭരണം മാറി, മുഖ്യമന്ത്രിയും പൊലീസ് മേധാവിയും ഉള്‍പ്പെടെ. പക്ഷേ, ശ്രീജിത്തിനെയൊന്ന് എഴുന്നേല്‍പ്പിച്ച് സമാധാനിപ്പിച്ചു വീട്ടില്‍ വിടാന്‍ ഉതകുന്ന തീരുമാനവും നടപടിയുമുണ്ടായില്ല. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുന്നതുവരെ അത് വെറും സത്യഗ്രഹം മാത്രമായിരുന്നു. കഴിഞ്ഞ മാസം ആദ്യം മുതല്‍ നിരാഹാര സമരമായും ഫെബ്രുവരി 27 മുതല്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാത്ത സമ്പൂര്‍ണ്ണ നിരാഹാരമായും മാറി. നീതി വേണം ശ്രീജിത്തിന്; സ്വന്തം സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണം, തന്നേക്കാള്‍ ഒരു വയസ് മാത്രം ഇളയതായിരുന്ന അനിയന്‍ ശ്രീജീവിന്റെ ജീവനെടുത്തവര്‍ സുഖമായി ജീവിക്കുമ്പോള്‍ ജ്യേഷ്ഠന് സ്വസ്ഥമായിരിക്കാനാകില്ല. 

സെക്രട്ടേറിയറ്റിനു മുന്നിലെ നിരവധി സമരങ്ങള്‍ക്കിടയില്‍, മരച്ചുവട്ടില്‍ വിരിച്ച വെറും ഷീറ്റില്‍, ശ്രീജീവിന്റെ കസ്റ്റഡി മരണത്തേക്കുറിച്ചു വന്ന വാര്‍ത്തകള്‍ ചേര്‍ത്ത ബാനറിനു കീഴില്‍ പന്തലും സന്ദര്‍ശക ബഹളങ്ങളും ഇല്ലാതെ ആ സമരം തുടങ്ങിയ പിന്നാലെ സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഇടപെട്ട് അന്വേഷണം നടത്തി. കസ്റ്റഡിയില്‍ വച്ച് ശ്രീജീവ് വിഷം കഴിച്ചുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കസ്റ്റഡിയിലെ അതിഭീകര മര്‍ദനമാണ് മരണകാരണമെന്നാണ് കംപ്ലെയിന്റസ് അതോറിറ്റി കണ്ടെത്തിയത്. പാറശാല സിഐ ആയിരുന്ന ഗോപകുമാര്‍, എസ്‌ഐ ഡി. ബിജുകുമാര്‍, എഎസ്‌ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരുടെ പേരെടുത്തു പറഞ്ഞ് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കി. അവര്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ച്് സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തി പ്രത്യേക സംഘം അന്വേഷിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക, അന്വേഷണം സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കുക, ശ്രീജീവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക എന്നീ നിര്‍ദേശങ്ങളാണ് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷനായ പൊലീസ് കംപ്ലെയിന്റ്് അതോറിറ്റി ശുപാര്‍ശ ചെയ്തത്. പത്ത് ലക്ഷം രൂപ വീട്ടില്‍ കൊണ്ടുപോയി കൊടുത്തതോടെ ഉത്തരവാദിത്തം കഴിഞ്ഞു എന്നാണ് കൈകഴുകിക്കൊണ്ട് പൊലീസ് പറയാതെ പറഞ്ഞത്. പക്ഷേ, കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ ശുപാര്‍ശകളെല്ലാം നടപ്പാക്കണം എന്ന് വ്യക്തമായും വിശദമായും നിര്‍ദേശിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിറക്കി. അതിന് പൊലീസ് കടലാസിന്റെ വില പോലും നല്‍കിയില്ല എന്നതിന്റെ തെളിവാണ് ശ്രീജിത്ത് ഇപ്പോഴും ഇവിടെ കിടക്കുന്നത്; ആ അമ്മ എല്ലാ ദിവസും കണ്ണീരോടെ വന്ന് കണ്ണീരോടെതന്നെ മടങ്ങുന്നത്.

എവിടെ ലഭിക്കും നീതി

നിരാഹാരം കിടക്കുന്നതിനു മുമ്പും നളിനി നെറ്റോയെ നേരിട്ടു കണ്ടും അമ്മ മുഖേനയും ശ്രീജിത്ത് അറിയിച്ചിരുന്നു. അമ്മ പലവട്ടം പോയിക്കണ്ടു. പക്ഷേ, ഡിജിപിയാണ് ഇനി നടപടിയെടുക്കേണ്ടത് എന്ന് നിസ്സഹായായി കൈമലര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുക്കേണ്ടത് ഡിജിപിയാണ്. അദ്ദേഹത്തെക്കൊണ്ട് അതു ചെയ്യിക്കാനുള്ള ഇടപെടല്‍ മുഖ്യമന്ത്രിയില്‍ നിന്നുതന്നെ ഉണ്ടാകേണ്ടി വന്നേക്കാം. മുഖ്യമന്ത്രി പിണറായി വിജയനെ ഒരിക്കല്‍ നേരിട്ട് കണ്ട് ശ്രീജീത്ത് കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. രണ്ടാമത് ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നുമില്ല.

പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറിപ്പിന്റെ ശുപാര്‍ശകളെല്ലാം നടപ്പാക്കുക എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം. പത്ത് ലക്ഷം രൂപ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ കൊണ്ടുക്കൊടുത്തു. അഞ്ച് ലക്ഷം രൂപ വീതമുള്ള രണ്ട് ഡിമാന്റ് ഡ്രാഫ്റ്റുകള്‍. പക്ഷേ, അതിനേക്കുറിച്ചുമുണ്ട് സംശയങ്ങള്‍ എന്ന് ശ്രീജിത്ത്. ' അതില്‍ ഒരു വ്യക്തതയില്ല. കടലാസില്‍ ഒപ്പിട്ടു വാങ്ങി. പക്ഷേ, ഞങ്ങള്‍ക്കു തന്ന പണത്തിന്റെ നടപടിക്രമങ്ങള്‍് വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. ഞങ്ങളില്‍ നിന്ന് ഒപ്പിട്ടു വാങ്ങിയ കടലാസ് എഡിറ്റ് ചെയ്ത രൂപത്തിലാണ് ഡിജിപിയുടെ ഓഫീസില്‍ നിന്നു കിട്ടിയത്. കസ്റ്റഡി മരണം, ഇന്നയിന്ന ഉത്തരവുകള്‍ പ്രകാരം നല്‍കുന്നത്് എന്നായിരുന്നു ഞങ്ങളോട് ഒപ്പിട്ടു വാങ്ങിയപ്പോള്‍ അതിനു മുകളില്‍ എഴുതിയിരുന്നത്. എന്നാല്‍ പണം സ്വീകരിച്ചതിനുള്ള രസീത് എന്ന നിലയിലാണ് പിന്നീട് ഞങ്ങളുടെ ചോദ്യത്തിനു മറുപടിയായിത്തന്നെ അത് തിരിച്ചുകിട്ടിയത്.' ശ്രീജിത്ത് പറയുന്നു. അതില്‍ എന്തോ കള്ളത്തരം ഉണ്ട് എന്നുതന്നെയാണ് ശ്രീജിത്ത് കരുതുന്നത്. 'സമര സ്ഥലത്തു നിന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പണം തന്ന്് എല്ലാം അവസാനിപ്പിക്കാം എന്നായിരുന്നു അവരുടെ പരിപാടി എന്നു തോന്നി. പൊലീസ് കസ്റ്റഡിയില്‍ ഒരു കൊലപാതകം നടത്തിയിട്ട് അതിന് ഉത്തരവാദികളായവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാതെ സമരം തീര്‍ക്കാന്‍ പറ്റില്ല. പക്ഷേ, പണം സ്വീകരിച്ചു. നഷ്ടപരിഹാരമായി സര്‍ക്കാര്‍ അനുവദിച്ചതാണല്ലോ. അത് ആധികാരികതയുള്ള പണമാണ്. പക്ഷേ, പണം കൈമാറിയതില്‍ ഒരു ഉറപ്പില്ലായ്മയുണ്ട്. സര്‍ക്കാര്‍ പണം അങ്ങനെയല്ല തരേണ്ടത്. ഒപ്പിട്ടു വാങ്ങിയ രീതിയും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലെ രസീത് എന്നുള്ള മാറ്റം വരുത്തലും മറ്റും സംശയങ്ങളുണ്ടാക്കുന്നുണ്ട്.'

കഴിഞ്ഞ വര്‍ഷം മെയ് 17നാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക എന്ന അതിലെ പ്രധാന ശുപാര്‍ശയുടെ കാര്യത്തില്‍ ഒരു നടപടിയുമായിട്ടില്ല. ഇതുവരെ ശ്രീജിത്തിനെയോ രമണിയെയോ വിളിപ്പിക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരു സംഘം രൂപീകരിച്ചിരുന്നെങ്കില്‍ സ്വാഭാവികമായും ആദ്യംതന്നെ പരാതിക്കാരെ വിളിപ്പിക്കുകയോ അവരുടെ അടുത്തേക്ക് ചെല്ലുകയോ ചെയ്യേണ്ടതാണ്. 2016 സെപ്റ്റംബര്‍ മൂന്നിനാണ് നളിനി നെറ്റോ അതുസംബന്ധിച്ച ഉത്തരവിറക്കിയത്. പക്ഷേ, പൊലീസ് അനങ്ങാതിരിക്കുന്നതിനു കാരണമുണ്ട്. ശ്രീജീവിന്റെ മരണം ആത്മഹത്യയാക്കിത്തീര്‍ക്കാനാണ് പൊലീസ് തുടക്കം മുതല്‍ ശ്രമിക്കുന്നത്. മൃതശരീരത്തില്‍ ഉണ്ടായിരുന്ന പരിക്കുകളേക്കുറിച്ചെല്ലാം വിശദീകരിച്ചുകൊണ്ട് പരാതി കൊടുക്കുകയും സംഭവിച്ചത് കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്നുള്ള മരണമാണെന്ന് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി സ്ഥിരീകരിക്കുകയും ചെയ്ത ശേഷവും അവര്‍ ആ നിലപാട് മാറ്റിയിട്ടില്ല. പിന്നീടും ബന്ധപ്പെടുമ്പോഴെല്ലാം ആത്മഹത്യയാണ് എന്ന് ആവര്‍ത്തിക്കുകയാണ് ഡിജിപിയുടെ ഓഫീസ് ചെയ്തതെന്ന് ശ്രീജിത്ത് വെളിപ്പെടുത്തുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ ശുപാര്‍ശ, അന്വേഷണം വേണം എന്ന് നളിനി നെറ്റോയുടെ ഉത്തരവ് എന്നിവ ശ്രീജിത്തിന്റെയും രമണിയുടെയും പക്ഷത്താണ്. പക്ഷേ, ഡിജിപി മുതല്‍ താഴേക്കുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ അതിനെതിരേയാണ് നിലകൊള്ളുന്നത്. പൊലീസുകാര്‍ നിരപരാധികളാണ് എന്ന് അവരങ്ങ് പറയുന്നു.

ദുരഭിമാനക്കൊലയ്ക്ക് പൊലീസ്

2014 മെയ് 21ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് ശ്രീജീവ് മരിച്ചത്. നാട്ടില്‍ ദിവസ കൂലിപ്പണികളുള്‍പ്പെടെ എന്തും ചെയ്യുമായിരുന്ന എല്ലാവര്‍ക്കും സ്വീകാര്യനായിരുന്ന യുവാവ്. മൊബൈല്‍ റിപ്പയറിംഗായിരുന്നു പ്രധാന ജോലി. വീടിനടുത്തുള്ള ഒരു പെണ്‍കുട്ടിയുമായി ശ്രീജീവ് ഇഷ്ടത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആ ബന്ധം ഇഷ്ടമായിരുന്നില്ല. ജാതി വ്യത്യാസവും ശ്രീജീവിന്റെ മോശം സാമ്പത്തിക നിലയുമൊക്കെ അതിന് കാരണങ്ങളായി. മരിക്കുന്നതിന് നാലഞ്ച് മാസം മുമ്പ് പെണ്‍കുട്ടിയുടെ അഛനും ശ്രീജിവും തമ്മില്‍ വഴക്കുണ്ടായി. അതിനേത്തുടര്‍ന്ന് വീടുവിട്ടുപോയ ശ്രീജീവിനെ പൊലീസ് കസ്റ്റഡിയില്‍ അവശനിലയാണ് പിന്നെ വീട്ടുകാര്‍ കണ്ടത്, ആശുപത്രിക്കിടക്കയില്‍. 'ജോലിക്കെന്നു പറഞ്ഞാണ് പോയത്. വഴക്കുണ്ടായതൊന്നും അപ്പോള്‍ ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, പിന്നീട് പെണ്‍കുട്ടിയുടെ അമ്മയാണ് പറഞ്ഞത്, വഴക്കുണ്ടായെന്നും മറ്റും. പോയ ശേഷം നാലഞ്ചു മാസത്തേക്കു വീട്ടിലേക്ക് വന്നേയില്ല. ഇടയ്ക്കിടെ അവന്‍ അമ്മയെ വിളിക്കും, എന്നെയും വല്ലപ്പോഴും വിളിക്കുമായിരുന്നു.' ശ്രീജീത്ത് പറയുന്നു. മെയ് 22ന് പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 12ന് പെണ്‍കുട്ടിയുടെ ബന്ധുവായ എഎസ്‌ഐ ഫിലിപ്പോസും മറ്റു ചിലരും അര്‍ധരാത്രി ശ്രീജീവിന്റെ വീട്ടില്‍ കയറിച്ചെന്നു. ശരിക്കും അതിക്രമിച്ചു കയറുകതന്നെയായിരുന്നു. രാത്രിയില്‍ മുഴുവനാളുകളും ഉറങ്ങുന്ന സമയത്ത് കതക് ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. നിന്റെ സഹോദരന്‍ എവിടെ എന്ന് ശ്രീജിത്തിനോട് ചോദിച്ചു. കാര്യം ചോദിച്ചപ്പോള്‍ ഒരു പെറ്റിക്കേസുണ്ട് എന്നായിരുന്നു മറുപടി. എവിടെയാണെന്ന് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ശ്രീജിത്തിനെ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തി ഭീഷണിപ്പെടുത്തി. നിനക്ക് അറിയാമെന്നാണ് അവര്‍ പറഞ്ഞത്. ശ്രീജിത്തും അമ്മയും ചേട്ടനും വല്ലാതെ ഭയന്നു. 'കതകു ചവിട്ടിപ്പൊളിച്ച് പാതിരാത്രി അവര്‍ വന്നുകയറിയപ്പോള്‍ത്തന്നെ ഞങ്ങള്‍ ഞെട്ടി അമ്പരന്നാണ് ഉണര്‍ന്നത്. അതിന്റെ പിന്നാലെയാണ് ഭീഷണി. അവന്‍ വന്നാല്‍ അറിയിക്കണം എന്ന് പറഞ്ഞിട്ടാണ് പോയത്. പോകാറായപ്പോള്‍ സംസാര രീതി മാറ്റി അനുനയത്തിലായി. എടാ, അവന്‍ വന്നാല്‍ അറിയിക്കണം, കുറച്ചു കാശ് കെട്ടിവച്ചാല്‍ തീരുന്ന കേസാണ്, അവനെ കിട്ടിയില്ലെങ്കില്‍ ഞങ്ങളുടെയൊക്കെ പണി പോകുന്ന കേസാണ് എന്നൊക്കെ പറഞ്ഞു. പിന്നീടും പലപ്പോഴും പലരും വീടിന്റെ പരിസരങ്ങളില്‍ ആരൊക്കെയോ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. അവന്‍ വരുന്നുണ്ടോ എന്ന് അറിയാനായിരിക്കും. ശ്രീജിത്ത് വിശദീകരിക്കുന്നു. ' 20ന് രാവിലെ രണ്ട് പൊലീസുകാര് യൂണിഫോമില്ലാതെ വീട്ടില്‍ ചെന്ന് ഇന്നലെ രാത്രി ശ്രീജിവിനെ കസ്റ്റഡിയിലെടുത്തു എന്നു പറഞ്ഞു. ലോക്കപ്പില്‍ വച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നും കൂടെച്ചെല്ലണമെന്നും ആവശ്യപ്പെട്ടു. വിവരം അറിഞ്ഞയുടനെ ശ്രീജിത്ത് അവരുടെ കൂടെ പോയി. നേരേ പാറശാല പൊലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. വീട് പൊഴിയൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. പാറശാല പൊലീസിന് അവിടെ കാര്യമൊന്നുമില്ല. പക്ഷേ, ശ്രീജിവിനെ തലേന്ന് അര്‍ധരാത്രി പാറശാല പൊലീസ് എവിടെ നിന്നോ പിടിച്ചുകൊണ്ടുവരികയായിരുന്നു എന്ന് പിന്നീട് മനസിലായി. അവിടെ ചെന്നപ്പോള്‍ സിഐ ഗോപകുമാര്‍ മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞുവിട്ടു. ഒരു കുട്ടുകാരനെയും കൂട്ടിയാണ് ആശുപത്രിയിലെത്തിയത്. അവിടെ കണ്ട കാഴ്ചയേക്കുറിച്ച് പറയുമ്പോള്‍ ശ്രീജിത്തിന് ഇപ്പോഴും വാക്കുകള്‍ മുറികയും കണ്ണുകള്‍ നിറയുകയും ചെയ്യും. 'അവനെ കാലുകളും കൈകളും കട്ടിലിനോട് ചേര്‍ത്ത് കെട്ടി കട്ടിലില്‍ കിടത്തിയിരിക്കുന്നു. മുഖത്ത് ഓക്‌സിജന്‍ മാസ്‌ക് വച്ചിട്ടുണ്ട്. മൂത്രം പോകാന്‍ ട്യൂബ്, ഡ്രിപ്പ് കൊടുക്കാന്‍ കൈയിലേക്ക് ട്യൂബ്. നാലഞ്ചു പൊലീസുകാര്‍ ചുറ്റിനും നില്‍ക്കുന്നു.'

കുഴപ്പമൊന്നുമില്ല എന്നാണ് പൊലീസുകാരും ആശുപത്രി ജീവനക്കാരും പറഞ്ഞത്. പക്ഷേ, ശ്രീജിവ് ആകെ ഞെരിപിരി കൊള്ളുന്നുണ്ടായിരുന്നു. കെട്ടിയിട്ടിരിക്കുകയും മുഖത്ത് മാസ്‌ക് വച്ചിരിക്കുകയും ചെയ്യുന്നതുകൊണ്ട് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. പക്ഷേ, കണ്ണുകള്‍ കൊണ്ടും മുഖം കൊണ്ടും എന്തോ ആംഗ്യം കാണിക്കാന്‍ ശ്രമിച്ചു, ഓക്‌സിജന്‍ ഇരിക്കുന്ന ഭാഗത്തേക്ക് കൈയുടെ പെരുവിരല്‍കൊണ്ട് ബദ്ധപ്പെട്ട് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചു, പുറംകൊണ്ട് ഞരങ്ങി ഞരങ്ങി വലതുഭാഗത്തേക്ക് നീങ്ങാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ അത് ജീവരക്ഷയ്ക്കു വേണ്ടിയോ സംഭവിച്ചത് എന്താണെന്ന് പറയാന്‍ വേണ്ടിയോ ശ്രമിക്കുകയായിരുന്നിരിക്കാം എന്നാണ് ശ്രീജിത്ത് പിന്നീട് മനസിലാക്കിയത്, പിന്നീടു മാത്രം. 'അപ്പോള്‍ അത് ഞങ്ങള്‍ക്ക് മനസിലായില്ല. അവനെന്താണ് സംഭവിച്ചത് എന്ന് യാതൊരു ഊഹവും ഇല്ലായിരുന്നല്ലോ. പൊലീസുകാര് പറഞ്ഞത് അവന്‍ മാസ്‌കും ട്യൂബുമൊക്കെ പൊട്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു. വേറൊരു രീതിയിലുള്ള ചിന്ത ഞങ്ങള്‍ക്ക് ഉണ്ടായതുമില്ല.' എന്ന് അതേക്കുറിച്ച് ശ്രീജിത്ത് പറയുന്നു.
യഥാര്‍ത്ഥത്തില്‍ പൊലീസ് മാരകമായി മര്‍ദ്ദിച്ചിരുന്നു എന്നാണ് പിന്നീട് പുറത്തുവന്നത്. വിട്ടയച്ചാലും രക്ഷപ്പെടില്ലെന്ന് പൊലീസിന് അറിയാമായിരുന്നു എന്നുറപ്പ്. എത്ര വിദഗ്ധ ചികില്‍സ ലഭിച്ചാലും അധികം ദിവസം ജീവിക്കാത്ത വിധമുള്ള മര്‍ദനമാണ് ഏറ്റത്. കസ്റ്റഡിയില്‍ ശ്രീജിവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചത്. കസ്റ്റഡിയില്‍ എടുത്ത് ലോക്കപ്പ് ചെയ്യുമ്പോള്‍ വസ്ത്രങ്ങളെല്ലാം അഴിച്ചുവാങ്ങി അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു എന്ന് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വിഷം കഴിച്ചു എന്ന വാദം അപ്പോള്‍ത്തന്നെ പൊളിയുകയും ചെയ്തു. ചികില്‍സയ്ക്കിടയില്‍ മരിച്ചു എന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. ഒന്നും അറിഞ്ഞുകൂടാത്ത, ഇത്തരം സാഹചര്യങ്ങള്‍ മുമ്പ് കണ്ടും അനുഭവിച്ചും പരിചയമില്ലാത്ത നാട്ടുംപുറത്തുകാരെ പറ്റിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞാണ് കാര്യങ്ങള്‍ ഓരോന്നായി അവര്‍ക്ക്് മനസിലായത്. അങ്ങനെയാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി കൊടുത്തത്.
'എങ്ങനെയാണ് അത് പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരു ജീവനെ ഇഞ്ചിഞ്ചായി അവര്‍ ഇല്ലാതാക്കുകയായിരുന്നു. ഞങ്ങള്‍ വിചാരിച്ചു ചികില്‍സിക്കുകയാണെന്ന്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ അടുത്തുതന്നെ നിന്നു. രാത്രിയിലും ഉറങ്ങിയില്ല. പൊലീസുകാരും പോയില്ല. മാസ്‌കൊന്നു മാറ്റാനോ സംസാരിക്കാനോ അനുവദിച്ചുമില്ല. ഡോക്ടര്‍മാര്‍ ഇടയ്‌ക്കൊന്നു പേരിനു വന്ന് നോക്കിയിട്ടു പോവുക മാത്രമാണ് ചെയ്തത്. ' എന്ന് ശ്രീജിത്ത്.

20ന് ഉച്ച കഴിഞ്ഞ് പൊലീസ് നെയ്യാറ്റിന്‍കരയില്‍ നിന്ന് മജിസ്‌ട്രേട്ടിനെ കൊണ്ടുവന്നു, മൊഴിയെടുക്കാന്‍. പക്ഷേ, അദ്ദേഹം വരുന്നതിനു കുറച്ചുമുമ്പ് ഒരു ഇഞ്ചക്ഷന്‍ കൊടുത്തുവെന്നും അപ്പോള്‍ മുതല്‍ മജിസ്‌ട്രേട്ട് വന്നു പോകുന്നതു വരെ ശ്രീജിവ് മയങ്ങി കിടക്കുകയായിരുന്നു എന്നും ശ്രീജിത്ത് പറയുന്നു. 'എന്താണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് അപ്പോള്‍ മനസിലായില്ല. എല്ലാം കഴിഞ്ഞ് സംശയങ്ങള്‍ ഓരോന്നായി ഉണ്ടായപ്പോഴാണ് നടന്നത് മുഴുവനും വീണ്ടും ആലോചിച്ചു നോക്കിയത്. ഒരുപക്ഷേ, മജിസ്‌ട്രേട്ട് വന്നു പോകുന്നതു വരെ അവന്‍ മയങ്ങിക്കിടക്കാന്‍ ചെയ്തതായിരിക്കാം ഇഞ്ചക്ഷന്‍. അബോധാവസ്ഥയിലാണെന്ന് മജിസ്‌ട്രേട്ടിനെ അവര്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നേരേ മറിച്ച്, മജിസ്‌ട്രേട്ട് വന്നിരിക്കുമ്പോള്‍ എന്നെക്കാണിച്ചതുപോലെയുള്ള ആംഗ്യങ്ങള്‍ അവന്‍ കാണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിനു മനസിലാകുമായിരുന്നു. മാസ്‌ക് മാറ്റി സംസാരിപ്പിക്കാന്‍ അദ്ദേഹം നിര്‍ദേശവും നല്‍കുമായിരുന്നു. ശ്വാസം മുട്ടി ഓക്‌സിജന്‍ വലിച്ചുകൊണ്ടിരിക്കുന്നയാളിന്റെ ആംഗ്യങ്ങളല്ല അതെന്നും അദ്ദേഹത്തിനു മനസിലാകുമായിരുന്നു. പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്ന് കോടതിയെ വരെ പറ്റിക്കുകയാണുണ്ടായത്.'
പിറ്റേന്ന് പുലര്‍ച്ചെ ആറേകാലോടെയാണ് ശ്രീജീവ് മരിച്ചത്. ശരീരത്തിലെ ഒരു പാടൊഴികെ മറ്റു പാടുകളൊന്നും ആ സമയം വരെ കാണുന്നുണ്ടായിരുന്നില്ല. വലത്തേ വാരിയെല്ലിന്റെ ഭാഗത്ത് അടിയേറ്റ പാട് കണ്ടിരുന്നു. അതേക്കുറിച്ചു ശ്രീജിത്ത് ചോദിച്ചപ്പോള്‍ പൊലീസുകാര്‍ പറഞ്ഞത് കട്ടിലില്‍ പിടിച്ചു കിടത്തിയപ്പോള്‍ ഉരഞ്ഞതിന്റെ പാടാണ് എന്നാണ്. 'അവര്‍ പറഞ്ഞതെല്ലാം ഞാന്‍ ഒരു പൊട്ടനെപ്പോലെ വിശ്വസിക്കുകയായിരുന്നു. അതിനുള്ള പ്രായശ്ചിത്തം കൂടിയാണ അവന് മരണാനന്തരമെങ്കിലും നീതി കിട്ടണം എന്ന് ആവശ്യപ്പെട്ടുള്ള ഈ കിടപ്പ്. ഞാനിത് വെറുതേ അവസാനിപ്പിക്കില്ല.' ശ്രീജിത്തിന്റെ ഉറപ്പ്.


സബ്കലക്ടറായിരുന്ന കാര്‍ത്തികേയന്‍ ആണ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ എത്തിത്. ആ ദേഹപരിശോധനയിലാണ് അതിക്രൂരമായ മര്‍ദനത്തിന്റെ വിശദാംശങ്ങള്‍ ശ്രീജീവിന്റെ ശരീരത്തിലെ ഓരോ ഇഞ്ചിലും കണ്ടത്. വൃഷണഭാഗത്ത് ചവിട്ടേറ്റിരുന്നു. ബൂട്‌സിട്ടോ മറ്റോ ചവിട്ടേറ്റതുപോലെ വൃഷണ സഞ്ചി ചതഞ്ഞ് വല്ലാതെയായിരുന്നു, കഴുത്തിന്റെ ഭാഗത്ത്, മുതുകില്‍ ഒക്കെ ഇടിയേറ്റ് കരുവാളിച്ച് കിടന്നു. പക്ഷേ, പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അതൊന്നുമില്ല. 'ആശുപത്രിയിലെ ഒരു വിഭാഗവും പൊലീസുമായി ഒത്തുകളിച്ചു എന്നാണ് മനസിലാകുന്നത്. അതില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. പാവപ്പെട്ട നാട്ടുംപുറത്തുകാരല്ലേ, ഞങ്ങള്‍ ഇതിന്റെ പുറകേ ഇങ്ങനെ ഇറങ്ങിത്തിരിക്കുമെന്നൊന്നും അവര്‍ വിചാരിട്ടുണ്ടാകില്ല.' ശ്രീജിത്തിന്റെ വാക്കുകള്‍.

നീതിക്കു വേണ്ടി തെരുവില്‍

എവിടെ പരാതി കൊടുക്കണം, എന്തു ചെയ്യണം എന്നൊന്നും അറിഞ്ഞുകൂടായിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി തുടങ്ങിയവര്‍ക്കൊക്കെ കൊടുക്കാന്‍ അടുത്തുള്ള വീട്ടിലെ ചിലര്‍ പരാതി എഴുതിക്കൊടുത്തു. പിന്നീടാണ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ നമ്പര്‍ കിട്ടിയത്. പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റിയേക്കുറിച്ച് പറഞ്ഞ ജോമോന്‍ അവിടെ ഒരു പരാതി കൊടുക്കാനും നിര്‍ദേശിച്ചു. ആദ്യമായാണ് ആ സംവിധാനത്തേക്കുറിച്ച് കേട്ടത്. അതുകൊണ്ട് സിബിഐ അന്വേഷണത്തിനു വിടണം എന്ന് അഭ്യര്‍ത്ഥിക്കുന്ന ഒരു പരാതിയാണ് തയ്യാറാക്കിയത്. എന്നാല്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ കംപ്ലെയിന്റ്‌സ് അതോറിറ്റിക്ക് അധികാരമില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പരാതി തയ്യാറാക്കണമെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞുകൊടുത്തു. അങ്ങനെയാണ് ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പിന് നേരിട്ട് പരാതി കൊടുത്തത്. ഇതുകൂടാതെ, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തായിരിക്കാം എന്ന് തന്റെ വഴിക്ക് ശ്രീജി്ത്തും അന്വേഷിച്ചു. ആശുപത്രിയില്‍ നടന്നത് ചികില്‍സയൊന്നുമല്ലെന്നും ചതിക്കപ്പെടുകയായിരുന്നു എന്നും അപ്പോഴാണ് കൂടുതല്‍ വ്യക്തമായത്.

കംപ്ലെയിന്റ്‌സ് അതോറിറ്റിയെക്കൂടാതെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കൊക്കെ പരാതി കൊടുത്തു. പൊലീസ് മാത്രമല്ല ആശുപത്രി അധികൃതരും ആ കൊലപാതകത്തില്‍ ഉത്തരവാദികളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതികള്‍. അതുകൊണ്ട് സിബിഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കുകയോ ഹൈക്കോടതി ഉത്തരവിടുകയോ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.


ഒരു പരാതിയിലും ഒരു നടപടികളും ഉണ്ടാകാതിരുന്നതിനേത്തുടര്‍ന്ന് 2015 മെയ് അവസാനവാരമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങിയത്, ശ്രീജിവ് മരിച്ച് ഒരു വര്‍ഷം തികഞ്ഞപ്പോള്‍. അന്ന് മുതലുള്ള സമര ദിനങ്ങള്‍ കണക്കുകൂട്ടിയാല്‍ 450അല്ല 600 ദിവസങ്ങളിലേറെയായി തുടങ്ങിയിട്ട്. പക്ഷേ, ഇടയ്ക്ക് ജ്യേഷ്ഠന് അപകടം സംഭവിച്ച് ചികില്‍സയിലായപ്പോള്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്ന് ജ്യേഷ്ഠനെ ശുശ്രൂഷിക്കാനായി മാറി നിന്നു. ആദ്യത്തെ സമരം തുടങ്ങിയ ശേഷമാണ് പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.

സര്‍ക്കാര്‍ മാറിയശേഷം മുഖ്യമന്ത്രി പിണറായി വിജയനെ ശ്രീജിത്ത് പോയി കണ്ടു. അപ്പോള്‍ സമരം 200 ദിവസം പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളു. പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കണം, അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം, കുറ്റക്കാരായ പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണം എന്നീ ആവശ്യങ്ങള്‍ അദ്ദേഹം വിശദമായി കേട്ടു. ഇനി സമരം ചെയ്യേണ്ട കാര്യമില്ലെന്നും വേണ്ടത് ഈ സര്‍ക്കാര്‍ ചെയ്യാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ, എന്തെങ്കിലുമൊരു നടപടി ആയിട്ട് പോകാമെന്നു കരുതിയാണ് പിന്നെയും സമരം തുടര്‍ന്നത്. ഒന്നുമായില്ല, ഇതുവരെ. അതുകൊണ്ട് ശ്രീജിത്ത് സമരം നിര്‍ത്തിയുമില്ല. മുഖ്യമന്ത്രിയെ കണ്ടുപിരിഞ്ഞിട്ട് ഇപ്പോള്‍ ഇരുന്നൂറ്റമ്പതിലേറെ ദിവസങ്ങളായി. പിന്നെയും ഒന്നുകൂടി കാണാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹത്തെ കാണാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് ശ്രീജിത്ത്.

2016 ഒക്ടോബര്‍ 15നാണ് പണം ഡി ഡിയായി വീട്ടില്‍ എത്തിച്ചത്. അന്വേഷണ സംഘം രൂപീകരിക്കാതെ, കുറ്റവാളികളെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്താതെ ആ പണം സ്വീകരിക്കാന്‍ ശ്രീജിത്തിനും അമ്മയ്്ക്കും മടിയുണ്ടായിരുന്നു. ഈ കാര്യങ്ങളില്‍ക്കൂടി തീരുമാനമായിക്കഴിഞ്ഞ് പൊലീസ് ആസ്ഥാനത്തോ സെക്രട്ടേറിയറ്റിലോ എവിടെ വേണമെങ്കിലും ചെന്ന് ഡി ഡി സ്വീകരിച്ചുകൊള്ളാം എന്ന് അവര്‍ പറഞ്ഞു. പക്ഷേ, ഇപ്പോള്‍ വാങ്ങിയില്ലെങ്കില്‍ പിന്നെ ഇതിന്റെ പിറകേ നിങ്ങള്‍ കയറി ഇറങ്ങേണ്ടി വരും എന്നായിരുന്നു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി. വീട്ടില്‍ പണത്തിന് ഒരുപാട് ആവശ്യങ്ങളുള്ള സമയമായിരുന്നുവെന്നുകൂടി ശ്രീജിത്ത് കൂട്ടിച്ചേര്‍ക്കുന്നു. അമ്മയുടെ സഹോദരനും മറ്റും നിര്‍ബന്ധിക്കുകയും ചെയ്തു.

ശ്രീജിത്തൊക്കെ കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ 1991ല്‍ മരിച്ചതാണ് അഛന്‍. സ്വന്തമായി വീടുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്നീട് ഏറെക്കാലം കുഞ്ഞുമക്കളുടെ ജീവിതം അനാഥാലയത്തിലായിരുന്നു. താന്‍ 12 വര്‍ഷം മാവേലിക്കരയിലെ അനാഥാലയത്തിലായിരുന്നു എന്ന് ശ്രീജിത്ത്. ആദ്യം ശ്രീജീവും അവിടെയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി. മുതിര്‍ന്ന കുട്ടികളുടെ ചില ബുദ്ധിമുട്ടിക്കലുകളാണ് അതിനു കാരണമായത്. അതിനെ അതീജീവിച്ച് അതിനോട് പൊരുത്തപ്പെടാന്‍ പറ്റാതെയാണ് പഠനം തന്നെ അവസാനിപ്പിച്ച മടങ്ങിയത്. പിന്നെയും ഏറെക്കഴിഞ്ഞ് മാമന്മാരും മറ്റും സഹായിച്ചിട്ടാണ് സ്വന്തമായി വീടുണ്ടായത്.

ആരോ പ്രേരിപ്പിച്ചിട്ടാണ് ശ്രീജിത്ത് സമരം ഇപ്പോഴും തുടരുന്നത് എന്നാണ് രമണി വിചാരിക്കുന്നത്. എല്ലാ ദിവസവും ശ്രീജിത്തിന്റെയടുത്ത് വന്ന് കരഞ്ഞുമടങ്ങുമ്പോള്‍ അത് തുറന്നു പറയാറുമുണ്ട്. അവസാനിപ്പിച്ചുകൂടെ എന്നാണ് അവരുടെ ചോദ്യം. മകന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടല്ല അത്. പൊലീസിനെതിരേ വിട്ടുവുവീഴ്ചയില്ലാത്ത സമരം ചെയ്താല്‍ ശ്രീജിത്തിനും വല്ലതും സംഭവിക്കുമോ എന്ന പേടിയാണ് ആ പാവത്തിന്റെ ഉള്ളില്‍. ശ്രീജിത്ത് അത് തിരിച്ചറിയുകയും തുറന്നു പറയുകയും ചെയ്യുന്നു. പക്ഷേ, ഇണങ്ങിയും പിണങ്ങിയും തനിക്കൊപ്പം ജീവിച്ച അനിയന്റെ കൊലയാളികളോട് ക്ഷമിക്കലായിപ്പോകും ഒരു തീരുമാനമാകാതെ സമരം അവസാനിപ്പിച്ചു പോകുന്നത് എന്നാണ് ശ്രീജിത്തിന്റെ മനസ് പറയുന്നത്.

? ഉന്നത നേതാക്കളാരെങ്കിലും ശ്രീജിത്തിന്റെയടുത്ത് എത്തുകയോ അന്വേഷിക്കുകയോ ചെയ്‌തോ?
'വി എം സുധീരന്‍ സാര്‍ ഒരു ദിവസം ഇതിലേ പൊയപ്പോള്‍ ഇവിടെ ഇറങ്ങി എന്താ കാര്യം എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു തുടങ്ങുന്നതിനു മുമ്പുതന്നെ സെക്രട്ടേറിയറ്റിനു മുന്നില്‍ നില്‍പ്പുണ്ടായിരുന്ന ഏതോ പൊലീസുകാരന്‍ എന്തോ പറഞ്ഞു. അതോടെ സാറങ്ങു പോയി.'
ബിഎ വരെ പഠിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന ശ്രീജിത്തിന് വിസ്മയ സ്റ്റുഡിയോയില്‍ ചെറിയൊരു ജോലി ഉണ്ടായിരുന്നു. സമരത്തില്‍ ഉറച്ചുനിന്നതോടെ അതും പോയി. ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുന്നതു വരെ സമരം തുടരുക എന്നതു മാത്രമാണ് ഇപ്പോള്‍ ശ്രീജിത്തിനു മുന്നിലുള്ളത്.


നളിനി നെറ്റോയുടെ ഉത്തരവ് എവിടെപ്പോയി 

പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റതാണ് ശ്രീജീവിന്റെ മരണകാരണം എന്ന കംപ്ലെയിന്റ്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് സംശയരഹിതമായി അംഗീകരിക്കുന്നതാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്് അന്വേഷിക്കണമെന്നും ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു മാറ്റി നിര്‍ത്തണമെന്നും ഉത്തരവില്‍ പറയുന്നു. കംപ്ലെയിന്റ്‌സ് അതോറിറ്റി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശദമായി പരാമര്‍ശിക്കുന്നതാണ് നളിനി നെറ്റോ പുറപ്പെടുവിച്ച ഉത്തരവ്. 'പാറശാല പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീവി്‌ന് പൊലീസിന്റെ ക്രൂര മര്‍ദനം ഏറ്റിട്ടുള്ളതായും ശരീരമാസകലം മരണകാരണമാകാവുന്ന ക്ഷതം ഏറ്റിരുന്നതായും, പൊലീസ് സ്‌റ്റേഷനില്‍ വച്ച് പരേതന്‍് വിഷം കഴിച്ചതായുള്ള പൊലീസിന്റെ വാദം പൊള്ളയാണെന്നും കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടി ടിയാനെ പൊലീസ് മര്‍ദിച്ച് അവശനാക്കി വിഷം കഴിപ്പിച്ചതാണെന്നും സംസ്ഥാന പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. പരേതനെ മര്‍ദിച്ചത് അന്ന് പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ആയതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നിട്ടുള്ളതായും പൊലീസ് കംപ്ലെയിന്റ്‌സ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട മഹസര്‍ തയ്യാറാക്കിയ സബ് ഇന്‍സ്‌പെക്ടര്‍ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ട്. ' എന്ന് അതില്‍ ചൂണ്ടിക്കാണിക്കുന്നു. കംപ്ലെയിന്റ്്‌സ് അതോറിറ്റിയുടെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവെന്നു നടപടിക്രമങ്ങളുടെ ഭാഗമായി വ്യക്തമാക്കിക്കൊണ്ടാണ് സുപ്രധാനമായ രണ്ട് നിര്‍ദേശങ്ങള്‍ നളിനി നെറ്റോ നല്‍കിയത്, ശ്രീജീവ് പാറശാല പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു എന്ന ആമുഖത്തോടെ. ശ്രീജീവിന്റെ മാതാവിനും പരാതിക്കാരനായ ശ്രീജിത്തിനും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ അനുവദിക്കുകയും ഈ തുക ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുന്ന കാര്യം പൊലീസ് മേധാവി ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഒന്നാമത്തേത്. കസ്്റ്റഡി മരണം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നത് സംബന്ധിച്ച നിര്‍ദേശത്തിന്മേല്‍ കൈക്കൊണ്ട തുടര്‍ നടപടിയും കുറ്റക്കാരായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തുന്നത് സംബന്ധിച്ച ശുപാര്‍ശയും പൊലീസ് മേധാവി അടിയന്തരമായി സര്‍ക്കാരില്‍ ലഭ്യമാക്കേണ്ടതാണ് എന്നതാണ് അടുത്തത്.
പ്രത്യേക സംഘം രൂപീകരിച്ചോ, അന്വേഷണം തുടങ്ങിയോ, വ്യക്തമായി പേരെടുത്തു പറഞ്ഞ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയോ എന്നൊക്കെ ചോദിച്ചാണ് ശ്രീജിത്തും അമ്മയും പലവട്ടം നളിനി നെറ്റോയെ കണ്ടത്. പക്ഷേ, ഡിജിപിയാണ് ഇനി നടപടിയെടുക്കേണ്ടത് എന്ന് നിസ്സഹായായി കൈമലര്‍ത്തുക മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത്.

(സമകാലിക മലയാളം വാരിക 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com