സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍; മതഭ്രാന്തിനു ചികിത്സയില്ല: ജാമിദ

സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍; മതഭ്രാന്തിനു ചികിത്സയില്ല: ജാമിദ

ഒരാള്‍ക്ക് വ്യഭിചരിക്കാം, കള്ളുകുടിക്കാം, മറ്റൊരാളെ കൊല്ലാം. എല്ലാം കഴിഞ്ഞ് അവസാനം ലാ യിലാഹി പറഞ്ഞാല്‍ അവന് സ്വര്‍ഗ്ഗം കിട്ടും എന്നാണ് പറയുന്നത്

മുസ്ലിം സമുദായത്തിലെ കാര്‍ക്കശ്യമായ മതനിയമങ്ങള്‍ക്കെതിരെ സംസാരിക്കുകയും പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നതിന്റെ പേരിലാണ് ചേകന്നൂര്‍ മൗലവിയെ 1993-ല്‍ തട്ടിക്കൊണ്ടുപോയി ഇല്ലായ്മ ചെയ്തത്. മത യാഥാസ്ഥിതികതയേയും തീവ്ര നിലപാടുകളേയും ഖുര്‍ആനിന്റെ യഥാര്‍ത്ഥ വ്യാഖ്യാനത്തിലൂടെയാണ് അദ്ദേഹം എതിര്‍ത്തത്. ഖുര്‍ആനിന്റെ നല്ല ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ അദ്ദേഹം തുടക്കമിട്ട സംഘടനയായിരുന്നു ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ചേകന്നൂരിന്റെ കൊലപാതകത്തിന് ശേഷം 24 വര്‍ഷങ്ങള്‍ക്കിപ്പുറവും അസഹിഷ്ണുക്കളായ മതമൗലികവാദികളുടെ വേട്ടയാടലുകള്‍ ആ സംഘടനയെ പിന്തുടരുകയാണ്. നിരന്തരമായ വധഭീഷണിയാണ് നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ജാമിദ ബീവിക്കു നേരെ. കോഴിക്കോട് കൊയിലാണ്ടിക്കടുത്തുള്ള അവരുടെ വീടിന് നേരെ രണ്ടുതവണ ആക്രമണമുണ്ടായി. മതപൗരോഹിത്യത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്തതിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്വന്തം നാടായ തിരുവനന്തപുരത്തു നിന്ന് കല്ലെറിഞ്ഞോടിക്കുകയായിരുന്നു ജാമിദയെ. സമുദായവും കുടുംബവും ഒറ്റപ്പെടുത്തിയ അവര്‍ പത്തനാപുരത്ത് സഹോദരിയുടെ വീട്ടില്‍ അഭയം തേടി. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് കോഴിക്കോടെത്തിയത്. സംഘടനയുടെ സംരക്ഷണത്തില്‍ തന്റെ ആശയങ്ങള്‍ ഏതു വേദിയിലും ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു അവര്‍. സാധാരണക്കാരനേയും സ്ത്രീയേയും അടിച്ചമര്‍ത്താന്‍ മതപൗരോഹിത്യം ഖുര്‍ആനിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നാണ് ജാമിദ പറയുന്നത്. ഹദീസുകളെന്ന കെട്ടുകഥകളാണ് ഖുര്‍ആന്‍ എന്ന പേരില്‍ വിശ്വാസികളിലെക്കെത്തിക്കുന്നത്. ഹദീസുകളിലെ ഓരോ ആചാരങ്ങളേയും വിശ്വാസങ്ങളേയും ഖുര്‍ആന്‍ വചനങ്ങളിലൂടെ ഖണ്ഡിക്കുകയാണിവര്‍. ഏറ്റവുമൊടുവില്‍ മുത്തലാഖിനെതിരെയും ഹാദിയ വിഷയത്തിലും സംസാരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരായുള്ള കൊലവിളികള്‍ തുടരുകയാണ്. തനിക്കു നേരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും മതപരിവര്‍ത്തനത്തെക്കുറിച്ചും മുത്തലാഖിനെക്കുറിച്ചും ജാമിദ ബീവി സംസാരിക്കുന്നു.

അവര്‍ എന്റെ പിറകെയുണ്ട്

സ്വര്‍ഗ്ഗം കിട്ടാന്‍ വേണ്ടി കൊല്ലാന്‍ മടിയില്ലാത്തവരാണവര്‍. ഏതു ഭ്രാന്തും ചികിത്സിച്ച് ഭേദമാക്കാം, മതഭ്രാന്തിനു ചികിത്സയില്ല. മതനിയമത്തിനു മുന്നില്‍ പൊതുനിയമത്തിനോ മാനുഷികതയ്ക്കോ പ്രസക്തിയില്ല. അതുകൊണ്ടാണ് കൈവെട്ടും കാലുവെട്ടും ഒക്കെ നടക്കുന്നത്. കയ്യുംകാലും പുറകില്‍ കെട്ടി കന്നുകാലികളെപ്പോലെ കൊണ്ടുപോയി മനുഷ്യനെ അറക്കുന്നത് പരലോകത്ത് മോക്ഷം ലഭിക്കുമെന്ന മിഥ്യാവിശ്വാസത്തിലാണല്ലോ. സ്വന്തം സഹജീവിയുടെ കഴുത്തുവെട്ടുമ്പോഴും അവര്‍ സ്വപ്നം കാണുന്നത് സ്വര്‍ഗ്ഗമാണ്. ആ സ്വര്‍ഗ്ഗപ്രതീക്ഷയില്‍ അവരെന്തും ചെയ്യും. എന്റെ ഫോട്ടോ വെച്ച് ഇവളെ കൊന്നാല്‍ സ്വര്‍ഗ്ഗം ലഭിക്കും എന്നെഴുതിയ പോസ്റ്ററുകള്‍ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ പോകണമെന്ന് തോന്നുന്ന ഏതെങ്കിലും ഒരുത്തന്‍ ചിലപ്പോള്‍ അതിനു തയ്യാറായേക്കാം. ജോസഫ് മാഷിന്റ കൈ വെട്ടിയ പ്രതികള്‍ ചിരിച്ചുകൊണ്ട് പോകുന്നത് നമ്മള്‍ കണ്ടതല്ലേ. ചെയ്തത് ഒരു പുണ്യപ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നതുകൊണ്ടാണത്. മുഖംമറച്ചാണ് ഞാനിപ്പോള്‍ പുറത്തിറങ്ങുന്നത്. കുട്ടികളേയും കൊണ്ട് ബീച്ചില്‍ പോലും പോകാറില്ല. മാനസിക പീഡനം ഭീകരമാണ്. വണ്ടി നമ്പര്‍ തിരിച്ചറിയുന്നതുകൊണ്ട് വളരെ അപൂര്‍വ്വമായേ വണ്ടിയുമായി പുറത്തിറങ്ങാറുള്ളൂ. ഏതു നിമിഷവും ഞാന്‍ അക്രമം പ്രതീക്ഷിക്കുന്നുണ്ട്. എസ്.ഡി.പി.ഐ. മാത്രമല്ല, എനിക്ക് ഭീഷണി. എല്ലാ മുസ്ലിം സംഘടനകളും എനിക്കെതിരെ ഒറ്റക്കെട്ടായാണ് നില്‍ക്കുന്നത്.
ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളുടേയും ആശയങ്ങളുടേയും പേരില്‍ എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അറബിക് താല്‍ക്കാലിക അധ്യാപികയായിരുന്നു ഞാന്‍. അതിനു പുറമെ ചിലയിടങ്ങളില്‍ അറബിക്-ഖുര്‍ആന്‍ ക്ലാസ്സുകളും എടുക്കാറുണ്ടായിരുന്നു. സിറ്റിങ് നേഴ്സറി സ്‌കൂളിലും ക്ലാസ്സെടുത്തിരുന്നു. മതത്തിന് എതിരായാണ് ഞാന്‍ സംസാരിക്കുന്നത് എന്നായിരുന്നു പ്രചാരണം. ആമീന്‍ എന്ന വാക്ക് അറബിയല്ല എന്ന് ഞാന്‍ അവിടെ പറഞ്ഞിരുന്നു. അതിന്റെ പേരില്‍ പിറ്റേന്ന് ക്ലാസ്സെടുക്കാന്‍ പോയപ്പോള്‍ എന്റെ വണ്ടി എറിഞ്ഞുപൊട്ടിച്ചു. എന്റെ ആശയങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല. പള്ളിമഹല്ല്കാര് മുഴുവന്‍ വന്ന് ഇനി ക്ലാസ്സെടുക്കാന്‍ പറ്റില്ല എന്നറിയിച്ചു. ഒടുവില്‍ അവിടെനിന്ന് എന്നെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. പിന്നീട് ഒരു ദിവസം മണക്കാട് പള്ളിയുടെ അടുത്തുവെച്ച് എന്റെ വണ്ടിയില്‍ മറ്റൊരു വാഹനമിടിപ്പിച്ചു. എന്റെ കൂടെ മക്കളുമുണ്ടായിരുന്നു. എനിക്കും കുട്ടികള്‍ക്കും പരിക്കു പറ്റി. എന്നെ കൊല്ലുമെന്ന് പറഞ്ഞുകൊണ്ടുള്ള മെസ്സേജുകളും വരാന്‍ തുടങ്ങി. അവരെന്തും ചെയ്യും എന്ന നില വന്നപ്പോള്‍ എനിക്ക് പിന്നെ അവിടെ നില്‍ക്കാന്‍ പറ്റാതായി. പൗരോഹിത്യത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ എന്റെ സഹോദരങ്ങളും കുടുംബാംഗങ്ങള്‍ പോലും എന്നോട് സംസാരിക്കാതായി. എല്ലാവരും എന്നെ തള്ളിക്കളഞ്ഞു.
അങ്ങനെ പത്തനാപുരത്ത് താമസിക്കുന്ന എന്റെ ഒരു സഹോദരിയുടെ വീട്ടിലേക്കു മാറി. അവിടെനിന്ന് ഞാന്‍ കൂടുതല്‍ വായിച്ചു. എന്റെ ആശയങ്ങളെക്കുറിച്ച് കൂടുതല്‍ സംസാരിക്കാനും എഴുതാനും അവസരങ്ങളുണ്ടായി. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുമായി സഹകരിക്കുന്നത് ആ സമയത്താണ്. അങ്ങനെയാണ് കോഴിക്കോടെത്തുന്നത്. കൂടുതല്‍ വേദികളിലും ചാനല്‍ ചര്‍ച്ചകളിലുമൊക്കെ സജീവമായതോടെ ഭീഷണികളും കൂടിവന്നു. ഈ വീടിനു നേരെ രണ്ടുതവണ ആക്രമണമുണ്ടായി. ഒരു ദിവസം രാത്രി വന്ന് ഗേറ്റ് തല്ലിപ്പൊളിച്ച് അകത്തുകടന്നു. കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി. ഞാനും എന്റെ രണ്ടു മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയിട്ടുണ്ട്. വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലും നിരന്തരം കൊലവിളിയും തെറിവിളിയുമാണ്. ഞാന്‍ ഒരു കാര്യം പറയുമ്പോള്‍ ആശയവുമായി നേരിടാന്‍ വരട്ടെ. അല്ലാതെ ആയുധവുമായല്ല വരേണ്ടത്. ചേകന്നൂര്‍ മൗലവിയോട് ഇവര്‍ ചെയ്തതും ഇതുതന്നെയാണ്.


അടുത്തിടെ ഏഷ്യാനെറ്റില്‍ ഇ.ടി. മുഹമ്മദ്ബഷീറിനൊപ്പം ഒരു ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മുത്തലാഖായിരുന്നു വിഷയം. ചര്‍ച്ചയില്‍ ഞാന്‍ അദ്ദേഹത്തെ എതിര്‍ത്ത് സംസാരിച്ചിരുന്നു. അതിനുശേഷം വന്ന ഭീഷണി ഭയാനകമായിരുന്നു. ഞാന്‍ വസ്തുനിഷ്ഠമായാണ് സംസാരിച്ചത്, വ്യക്തിപരമായിട്ടല്ല. എന്റെ മുന്നില്‍ അദ്ദേഹം ഒരു പാനലിസ്റ്റ് മാത്രമാണ്. ചര്‍ച്ച ചെയ്യുമ്പോള്‍ അദ്ദേഹം എനിക്ക് പാര്‍ലമെന്റേറിയനല്ല. എന്നെപ്പോലെ ഒരാളാണ്. അദ്ദേഹത്തിന്റെ പൊസിഷനെ ഞാന്‍ ആരാധിക്കുകയാണെങ്കില്‍ എനിക്കദ്ദേഹത്തോട് ഒന്നും എതിര്‍ത്ത് സംസാരിക്കാന്‍ കഴിയില്ല. അദ്ദേഹം പറയുന്നതൊക്കെ തലകുലുക്കി സമ്മതിക്കാനല്ലേ പറ്റൂ. പദവികള്‍ നോക്കി ആദരിക്കാന്‍ വേണ്ടിയല്ലല്ലോ അവരെ അവിടെ വിളിച്ചുവരുത്തുന്നത്. അദ്ദേഹം പറഞ്ഞത് മുത്തലാഖിന് ഞങ്ങള്‍ എതിരാണ് എന്നാണ്. മുത്തലാഖ് നിലനിര്‍ത്താന്‍ ആളുകളുടെ ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ആളാണ് അദ്ദേഹം. മുത്തലാഖ് നിലനിര്‍ത്താന്‍ അഹോരാത്രം പണിയെടുത്തവര്‍ ഇപ്പോള്‍ പറയുന്നു ഞങ്ങള്‍ മുത്തലാഖിനെതിരാണെന്ന്. അതിനെയാണ് ഞാന്‍ ചാനലില്‍ തുറന്നുകാട്ടിയത്. 
അതിനുവന്ന തെറിവിളിക്ക് കണക്കില്ല. നീയാരാ ഇ.ടിയെ പറയാന്‍ എന്നാണ് ചോദ്യം. നിന്നെ കഷണമാക്കി ജയിലില്‍ പോയാല്‍ അതൊരു സുകൃതമായി എന്നാണ് ചില ഫേസ്ബുക്ക് പോസ്റ്റുകള്‍. മരിക്കാന്‍ എനിക്ക് ഭയമില്ല. ഭയപ്പെടുത്തി പരാജയപ്പെടുത്താം എന്ന് വിചാരിക്കുന്നത് മിഥ്യയാണ്. പിന്നെ ഞാന്‍ വിചാരിക്കുന്നത് മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ എന്നാണ്.

സ്ത്രീയെ ചവിട്ടിയരക്കുന്ന മതം

മുത്തലാഖിനെതിരെ അതിശക്തമായി സംസാരിക്കേണ്ടിവന്നത് എന്റെ സാഹചര്യങ്ങള്‍ കൊണ്ടാണ്. എനിക്ക് ഇഷ്ടമില്ലാത്ത ഒരു വിവാഹം വീട്ടുകാര്‍ നിര്‍ബന്ധിച്ചു നടത്തുകയായിരുന്നു. ഞാന്‍ പറഞ്ഞത് ആരും കേട്ടില്ല. വിവാഹശേഷം ഭര്‍ത്താവിനോടും പറഞ്ഞിരുന്നു എനിക്ക് ഇഷ്ടമില്ലാതെയാണ് ഈ വിവാഹം നടത്തിയത് എന്ന്. ചേര്‍ന്നു പോകാന്‍ കഴിയാതെ വന്നതോടെ ഞാന്‍ പള്ളിക്കാരെ സമീപിച്ചു. അല്ലാഹുവിന്റെ സിംഹാസനം കുലുങ്ങും അതുകൊണ്ട് വിവാഹമോചനം തരാന്‍ പറ്റില്ലെന്നായിരുന്നു അവരുടെ മറുപടി. ഞാനപ്പോള്‍ ആലോചിച്ചത് ഇത്ര ദുര്‍ബ്ബലമാണോ അള്ളാഹുവിന്റെ സിംഹാസനം എന്നാണ്. എന്നെപ്പോലൊരു പെണ്ണിനെ ദുരിതത്തിലാക്കിയിട്ട് അള്ളാഹു എന്തിനാണ് അവിടെ കയറിയിരിക്കുന്നത്. വനിതാകമ്മിഷന്‍, വനിതാ ഹെല്‍പ് ലൈന്‍, കോടതി- എല്ലായിടത്തും ഞാന്‍ പോയി. ഒരു മുസ്ലിം സ്ത്രീയുടെ പ്രയാസം ഞാന്‍ നേരിട്ടനുഭവിച്ചു. പെണ്ണിന് ആണിനെ ഒഴിവാക്കാന്‍ ഇസ്ലാമില്‍ വകുപ്പുകളില്ല. പെണ്ണിന് ഒഴിവാക്കണമെങ്കില്‍ ഒന്നുകില്‍ രണ്ട് വര്‍ഷം ഇയാള്‍ ചെലവിനു കൊടുക്കാതിരിക്കണം. 23 മാസം കൊടുക്കാതെ 24-ാം മാസം 50 രൂപ കൊടുത്താല്‍ വീണ്ടും ഈ സ്ത്രീ രണ്ടുവര്‍ഷം കാത്തിരിക്കണം. മറ്റൊന്ന്, ഭര്‍ത്താവ് നപുംസകമായിരിക്കണം. അതേ അവസ്ഥ മൂന്ന് വര്‍ഷം തുടര്‍ന്നാല്‍ വിവാഹമോചനം ചെയ്യാം. ഏഴുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചാലോ മൂന്ന് വര്‍ഷം ശാരീരിക ബന്ധത്തില്‍ പരാജയപ്പെട്ടാലോ വിവാഹമോചനം ആവാം. പക്ഷേ, ആണിന് പെണ്ണിനെ ഒഴിവാക്കാന്‍ ഒരു കാരണവും വേണ്ട. തലാഖ് പറഞ്ഞാല്‍ മതി. എന്റെ ഭാര്യയെ ഒന്ന് തലാഖ് ചൊല്ലിയേക്കണം എന്ന് ഒരു മീഡിയേറ്ററെ ഏല്‍പ്പിക്കുക പോലും ചെയ്യാം. ഇതൊക്കെ പുരുഷ മതാധിപന്മാര്‍ ഉണ്ടാക്കിയ നിയമങ്ങളാണ്. ഇതിനെതിരെ ശബ്ദിക്കുമ്പോള്‍ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാകും. മുസ്ലിം സ്ത്രീകളെ ചവിട്ടിയരച്ച് പൗരോഹിത്യം നിലനിര്‍ത്തിപ്പോരുകയാണ് ഈ മതം. ഭര്‍ത്താവിന് ആവശ്യത്തിന് പണം നല്‍കി അപേക്ഷിച്ച് അയാളെക്കൊണ്ട് തലാഖ് എന്ന് ചൊല്ലിക്കണം. എന്നാലേ വിവാഹമോചനം പൂര്‍ത്തിയാകൂ. എന്തൊരു ക്രൂരതയാണ് മതം സ്ത്രീകളോട് ചെയ്യുന്നത് എന്ന് നോക്കൂ. 11 വര്‍ഷത്തിനു ശേഷമാണ് എനിക്ക് വിവാഹമോചനം ലഭിച്ചത്.

ഷെഫിന്‍ ജഹാന്‍ എന്ന റെഡിമെയ്ഡ് ഭര്‍ത്താവ്

ഹാദിയയെ കണ്ടശേഷം ഞാന്‍ അഭിപ്രായം പറഞ്ഞതിനും ഭീഷണിയുണ്ടായിരുന്നു. ഹാദിയയുടെ അച്ഛന്‍ അശോകേട്ടനെ വിളിച്ച് മുന്‍കൂട്ടി സമയം അറിയിച്ച ശേഷമാണ് ഹാദിയയെ കാണാന്‍ പോയത്. മൂന്നുമണിക്കൂറോളം ഞാന്‍ ഹാദിയയുമായി സംസാരിച്ചു. എന്തു ചോദിച്ചാലും റെക്കോര്‍ഡ് ചെയ്തുവെച്ചപോലെ ''എന്നെയാരും നിര്‍ബന്ധിച്ച് മതം മാറ്റിയതല്ല, ഞാന്‍ സ്വയം തീരുമാനിച്ചതാണ്''  എന്നാണ് മറുപടി. പലപ്പോഴും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. ഹാദിയ എന്ന വാക്കിന്റെ അര്‍ത്ഥം സന്മാര്‍ഗ്ഗി എന്നാണ്. സന്മാര്‍ഗ്ഗിക്ക് മനുഷ്യനെ സ്‌നേഹിക്കാന്‍ കഴിയണം. മനുഷ്യനെ പോയിട്ട് സ്വന്തം മാതാവിനെപ്പോലും ഉള്‍ക്കൊള്ളാന്‍ അവള്‍ക്ക് കഴിയുന്നില്ല. മകള്‍ ഏതു മതം സ്വീകരിക്കുന്നതിനും ആ മാതാപിതാക്കള്‍ എതിരല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തെ മാത്രമാണ് അവര്‍ എതിര്‍ക്കുന്നത്. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം സംശയകരമാണ്.
2016 ഡിസംബര്‍ 19-ാം തീയതി ഹാദിയ ആവശ്യപ്പെട്ട പ്രകാരം വാര്‍ഡനായ സൈനബയ്ക്കൊപ്പം അവളെ കോടതി വിട്ടു. മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മെമ്പറും എസ്.ഡി.പി.ഐയുടെ മതപരിവര്‍ത്തന സംഘത്തിന്റെ നേതാവും കൂടിയാണ് സൈനബ. 
അച്ഛനും അമ്മയും ഹാദിയയ്ക്കൊപ്പം സേലത്ത് താമസിക്കട്ടെ എന്നായിരുന്നു അന്ന് കോടതി ആദ്യം പറഞ്ഞത്. ഹാദിയയുടെ ആവശ്യപ്രകാരമാണ് അത് മാറ്റിയത്. കെയര്‍ടേക്കര്‍ എന്ന പദവി ഉപയോഗിച്ച് അധികകാലം ഹാദിയയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കാന്‍ സൈനബയ്ക്ക് കഴിയില്ലെന്നും സ്വന്തം മതാപിതാക്കള്‍ക്കൊപ്പം അടുത്ത തവണ കോടതി വിട്ടേക്കുമെന്നും മനസ്സിലാക്കിയ അവര്‍ ഒരു റെഡിമെയ്ഡ് ഭര്‍ത്താവിനെ അവതരിപ്പിക്കുകയായിരുന്നു- അതാണ് ഷെഫിന്‍ ജഹാന്‍. കോടതിയെക്കൂടി കബളിപ്പിക്കുകയായിരുന്നു ലക്ഷ്യം. 19-ന് 3.30-ന് കോടതിയില്‍നിന്നും പോകുന്ന ഹാദിയ 21-ാം തീയതി വരുമ്പോള്‍ കൂടെ ഷെഫിന്‍ ജഹാനുമുണ്ട്. എപ്പോഴാണ് വിവാഹം നടന്നത് എന്ന് കോടതി ചോദിച്ചപ്പോള്‍ 19-ന് 5.30-ന് എന്നാണ് ഉത്തരം. ഷെഫിന്‍ കൊല്ലം സ്വദേശിയാണ്. അവിടെനിന്ന് മലപ്പുറം പെരിന്തല്‍മണ്ണയിലെത്തി വിവാഹം നടത്തി എന്ന് പറയുന്നത് വിശ്വസനീയമല്ല. പ്ലാന്‍ഡ് ആണത്. അതുകൊണ്ടാണ് കോടതി വിവാഹം അസാധുവാക്കി അച്ഛനും അമ്മയ്ക്കുമൊപ്പം വിട്ടത്. അതിനുശേഷം വിധി പ്രസ്താവിച്ച ജഡ്ജിനെതിരെ അക്രമാസക്തമായ രീതിയില്‍ മാര്‍ച്ച് നടത്തി. അശോകന്റെ വീടിനു നേരെ പ്രകടനം നടത്തി. ഇവര്‍ക്ക് ഒരു നേട്ടവും ഇല്ലെങ്കില്‍ പിന്നെന്തിനാണ് ഇവരിങ്ങനെ ഇക്കാര്യത്തില്‍ മെനക്കെടുന്നത്.
ഇസ്ലാം സംഘടനകള്‍ ഈ മതംമാറ്റത്തില്‍ സന്തോഷിക്കുകയാണ്. ഒരു അഖില, ഹാദിയയാകുമ്പോള്‍ ഇസ്ലാം മതത്തിന് എന്ത് പ്രൗഢിയാണ് വര്‍ധിക്കുന്നത്. സംഘടിത മതപരിവര്‍ത്തന ശക്തികള്‍ അരങ്ങുവാഴുന്നതിന്റെ തെളിവാണിത്. അവര്‍ക്ക് അഭ്യസ്തവിദ്യയായ ഒരാളെ അന്യമതത്തില്‍നിന്നും ഇസ്ലാം മതത്തിലേക്കെത്തിക്കുമ്പോള്‍ പണം ലഭിക്കുന്നുണ്ട്. ഓരോരുത്തരെ എത്തിക്കുമ്പോള്‍ ഡോളര്‍ കണക്കിന് പണം ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഷെഫിന്‍ ജഹാനും സൈനബയും സാക്ഷ്യപ്പെടുത്തുന്ന ഒളിക്യാമറ വീഡിയോ വരെയുണ്ട്.
ഒരു സ്ത്രീയുടെ അവകാശത്തിനു വേണ്ടിയാണ് ഇവര്‍ വാദിക്കുന്നതെങ്കില്‍ അനേകായിരം സ്ത്രീകള്‍ ഇവിടെ വേറെയും ബുദ്ധിമുട്ടുന്നുണ്ട്. ഇപ്പോള്‍ത്തന്നെ മുത്തലാഖിനെതിരെ പരാതിയുയര്‍ത്തിയ സ്ത്രീകളെ നോക്കൂ. വാട്സ്ആപ്പിലൂടെയും മെസ്സഞ്ചറിലൂടെയും വെള്ളപ്പേപ്പറിലൂടെയും ഒക്കെ വിവാഹമോചനം കിട്ടിയ 30 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളാണവര്‍. പലര്‍ക്കും കുട്ടികളുമുണ്ട്. അവരുടെ മനുഷ്യാവകാശം എവിടെയാണ്. സത്യത്തില്‍ മുസ്ലിം സംഘടനകളും പേഴ്സണല്‍ ലോ ബോര്‍ഡും മുസ്ലിം സ്ത്രീയുടെ മനുഷ്യാവകാശത്തിനു വേണ്ടിയാണ് സംസാരിക്കുന്നതെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ നടക്കുമോ. ഹാദിയയ്ക്കു വേണ്ടി ഇവര്‍ വന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ട്. ഒരു സിറ്റിങ്ങിന് ലക്ഷങ്ങള്‍ വാങ്ങുന്ന കബില്‍ സിബലാണ് ഹാദിയയുടെ കേസ് വാദിക്കുന്നത്. ഇത്രയും രൂപ ചെലവാക്കി അഖിലയുടെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ മെനക്കെടുന്നവര്‍ മറ്റൊന്നും കാണാത്തതെന്തുകൊണ്ടാണ്. മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടവരും പ്രകൃതിദുരന്തത്തില്‍പ്പെട്ടവരും ഒക്കെയായി ധാരാളം ആളുകള്‍ ഇവിടെയുണ്ട്. അവര്‍ക്കൊക്കെ വേണ്ടി ഇവരെന്താണ് ചെയ്യുന്നത്? അപ്പോള്‍ ഇവര്‍ക്ക് സാമൂഹ്യപ്രതിബദ്ധതയല്ല ഉള്ളത്. ഇവരുടെ ലക്ഷ്യം ഞങ്ങള്‍ ഇസ്ലാമിനുവേണ്ടി നിലനില്‍ക്കുന്നവരാണെന്നും ഇസ്ലാം വളര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും വരുത്തിത്തീര്‍ക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഇതിനെ പിന്തുണയ്ക്കുന്ന മുസ്ലിംലീഗിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും പി.ഡി.പിയുടേയും ഒക്കെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ ബലിയാടുകളാണ് അഖില ഹാദിയമാര്‍.

മറച്ചുവെയ്ക്കപ്പെടുന്ന ലൗ ജിഹാദ്

ലൗ ജിഹാദ് കേരളത്തിലില്ല എന്ന് പറയുന്നവര്‍ ഈ ബലിയാടുകള്‍ക്കൊക്കെ എന്ത് ഉത്തരമാണ് പറയുക. എത്രയെത്ര അനുഭവസാക്ഷ്യങ്ങളാണ് നമുക്ക് മുന്നില്‍. അതുതന്നെ അത്തരം വാദത്തിന്റെ മുനയൊടിക്കുന്നതല്ലേ. ലൗ ജിഹാദിനും ഘര്‍വാപസിക്കും ഞങ്ങള്‍ എതിരാണ്. ഒരു മതത്തില്‍നിന്ന് മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നു പറഞ്ഞാത്ല്‍തന്നെ വലതുകാലിലെ മന്ത് ഇടത് കാലിലേക്ക് ആക്കുന്നത് പോലെയാണ്. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ഇവിടെ അനിവാര്യമാണ്. രാജ്യത്തിന്റെ പുരോഗതിയും മനുഷ്യന്റെ വികാസവുമല്ല ഇവരുടെ ലക്ഷ്യം, മതം വളര്‍ത്തുകയാണ്. അന്യമതത്തില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് ആളുകളെ എത്തിച്ചാല്‍ അവര്‍ക്കു പണം ലഭിക്കുന്നുണ്ട്. മതപരിവര്‍ത്തനത്തെക്കുറിച്ച് ഇവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കൃത്യമായി അറിയാം. പൊലീസുദ്യോഗസ്ഥരുടെ അന്വേഷണത്തില്‍ തെളിഞ്ഞ കാര്യങ്ങളാണിതൊക്കെ. പക്ഷേ, ചില രാഷ്ട്രീയ അജന്‍ഡകള്‍ കാരണം അവരാരും ഇതിനെതിരെ നില്‍ക്കില്ല.

ഖുറാനും ഹദീസും

ഖുര്‍ആനിന്റെ ആശയം ആളുകളിലേക്കെത്തിക്കുകയാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ലക്ഷ്യം. യഥാര്‍ത്ഥ ഖുര്‍ആനല്ല ഇന്ന് ജനങ്ങളിലേക്കെത്തുന്നത്. ഹദീസെന്ന പേരിലുള്ള കെട്ടുകഥകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഇസ്ലാം മതത്തിന്റെ പ്രവര്‍ത്തനം. ഖുര്‍ആന്‍ ഏത്, ഹദീസ് ഏത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തില്‍ കൂടിക്കുഴഞ്ഞ രീതിയിലാണിന്ന്. ഹജ് ചെയ്താല്‍ ഏത് പാപത്തില്‍നിന്നും മുക്തനാകും എന്ന് പറയുന്നത് ഖുര്‍ആന്‍ അല്ല, ഹദീസാണ്. ഇതുപ്രകാരമാണെങ്കില്‍ സമ്പന്നര്‍ക്കൊക്കെ പാപം ചെയ്തിട്ട് കൈകഴുകാന്‍ എന്തെളുപ്പമാണ്. നാലോ അഞ്ചോ ലക്ഷം രൂപ ചെലവാക്കി ഹജ് ചെയ്ത് വന്നാല്‍ പോരെ. അപ്പോള്‍ സാധാരണക്കാരന്  മാത്രമാണ് നരകം. പൗരോഹിത്യം മെനഞ്ഞെടുത്ത ഇത്തരം ഹദീസുകളാണ് സാധാരണക്കാരനുമേല്‍ കെട്ടിവെയ്ക്കുന്നത്. യഥാര്‍ത്ഥ ഖുര്‍ആനിന്റെ ആശയം പ്രചരിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അഞ്ചുനേരം നിസ്‌കരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ മുസ്ലിങ്ങള്‍ക്കു വേണ്ടിയാണെന്ന് ഒരു ആയത്തില്‍പ്പോലും പറഞ്ഞിട്ടില്ല. ജനങ്ങളെ എന്നാണ് അതില്‍ സംബോധന ചെയ്യുന്നത്. മുസ്ലിങ്ങളുടെ മാത്രം കുത്തകയായി ആ ഗ്രന്ഥത്തെ മാറ്റിയതിന്റെ ഫലമാണ് ഇന്നുണ്ടായ വര്‍ഗ്ഗീയതകളൊക്കെ. ഒരാള്‍ക്ക് വ്യഭിചരിക്കാം, കള്ളുകുടിക്കാം, മറ്റൊരാളെ കൊല്ലാം. എല്ലാം കഴിഞ്ഞ് അവസാനം ലാ യിലാഹി പറഞ്ഞാല്‍ അവന് സ്വര്‍ഗ്ഗം കിട്ടും എന്നാണ് പറയുന്നത്. ഇതുപോലുള്ള മിഥ്യാവിശ്വാസങ്ങളാണ് ഹദീസുകളിലൂടെ വന്നത്. ഇതിനെയാണ് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എതിര്‍ക്കുന്നത്. ഹദീസുകള്‍ ഖുര്‍ആനിന് എതിരാണ്.
മതത്തില്‍നിന്ന് മാറിപ്പോകുമോ എന്ന പേടികൊണ്ടാണ് മൂന്നു വയസ്സു മുതല്‍ കുട്ടികളെ മതം പഠിപ്പിക്കുന്നത്. ഞങ്ങളുടെ ആശയങ്ങളിലൂടെ യഥാര്‍ത്ഥ സത്യം എന്താണ് എന്ന് സമുദായാംഗങ്ങള്‍ പഠിക്കും എന്നതുകൊണ്ടാണ് എന്നെയും ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയേയും ഇവര്‍ എതിര്‍ക്കുന്നത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടാന്‍ ജമാഅത്തെ ഇസ്ലാമിക്കോ സുന്നി പണ്ഡിതര്‍ക്കോ മുജാഹിദുകള്‍ക്കോ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 24 വര്‍ഷങ്ങള്‍ക്കുശേഷവും ആ സമുദായത്തില്‍നിന്ന് അതേ ആശയങ്ങള്‍ കേള്‍ക്കുമ്പോള്‍ അവര്‍ക്ക് വീണ്ടും അസഹിഷ്ണുതയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com