മഞ്ചു- കെ.എന്‍. പ്രശാന്ത് എഴുതിയ കഥ

''എന്നാലും ഇതേട്ന്ന് വന്നത്?'' ''തീവണ്ടി കേറി വന്നതാരിക്കും, സൈലന്റ് വാലീന്ന്.'' ''അതെ എന്നിറ്റ് തൃക്കരിപ്പൂര് എറങ്ങി ഒട്ട്രോഷ പിടിച്ച് മാധ്യേട്ടീന കാണാന്‍ ഈട വന്നു.'' ''അയിന് ആട കരിങ്കൊരങ്ങ് ഇണ്ടാ?
മഞ്ചു- കെ.എന്‍. പ്രശാന്ത് എഴുതിയ കഥ

മേഘങ്ങളില്‍ തൊട്ടുനില്‍ക്കുന്ന ഒണ്ടന്‍പുളിമരത്തിന്റെ ഇലപ്പടര്‍പ്പിനു മുകളിലൂടെ തലയിട്ട് ആ കരിങ്കുരങ്ങ് ഉദിനൂരിനെ നോക്കി. പത്താമുദയത്തിനും ധനുവിലെ ആയില്യത്തിനും ആളുകൂടുന്ന പാവൂര്കാവും നാഗപ്രതിഷ്ഠയും അന്തിത്തിരിയും ഉള്ള കണ്ടംകുളം കാവും വനങ്ങളെ അനുകരിച്ച് അധികം ദൂരെയല്ലാതെ ഇരുഭാഗങ്ങളിലായി കാണാം. കുറച്ചു മുന്‍പേ ഒച്ചയിട്ടും കല്ലെറിഞ്ഞും നിന്ന ആള്‍ക്കൂട്ടം താഴെ മരത്തണലില്‍നിന്നും അതിനെ കബളിപ്പിക്കാന്‍ വേണ്ടി മാറിനിന്നിരുന്നു. ഏതോ ഓര്‍മ്മയില്‍, നിശ്ശബ്ദയായി അത് മരത്തിന്റെ തുച്ചാംകോടിയില്‍ ഇരുന്നു.
ഇന്നലെ ഉച്ചതിരിഞ്ഞ് വെയിലാറിയ നേരത്ത് ആകാശത്തുനിന്നും ഇറങ്ങി വന്നകണക്കിനു ചെനോത്തെ പ്ലാവില്‍ ഇരുന്ന അതിനെ മാധവിയമ്മയാണ് ആദ്യം കണ്ടത്. വെയിലുതാഴുമ്പോള്‍  മഞ്ഞളിന്റെ തടത്തില്‍ മണ്ണ് കോരിയിട്ടും വീണ മടലുകള്‍ അടുക്കിവച്ചും പറമ്പില്‍ ഒരു നടത്തമുണ്ട് അവര്‍ക്ക്. അപ്പോഴാണ് ഇലകള്‍ക്കിടയില്‍ ഒരു അനക്കം. പച്ചത്തെഴുപ്പുകള്‍ക്കിടയില്‍ ഒരു കറുത്തരൂപം. ''എന്ത്ന്നപ്പാ ഇത്?'' അവര്‍ പേടിച്ച് പിറകോട്ടു മാറി. മനുഷ്യരെ കണ്ടു പഴക്കം വന്ന തരത്തില്‍ ഒരു കരിങ്കുരങ്ങ് അവരെ നോക്കുന്നു. അവര്‍ മുകളിലേക്ക് നോക്കിക്കൊണ്ട് ബാലാമണിയെ വിളിച്ചു. 
''കരിങ്കൊരങ്ങാന്ന് ഇതേട്ന്ന്പ്പാ വന്നിനി?''
ആടലോടകവും കൃഷ്ണകിരീടവും പടര്‍ന്ന വേലിക്കപ്പുറത്തെ ഇടവഴിയിലൂടെ പോയവര്‍ അവരുടെ വിളിയുടെ തുമ്പുപിടിച്ച് അവിടെ എത്തി. രണ്ടു ദിവസം മുന്‍പ് കാണാതായ തെയ്യോത്തെ സീതേട്ടിയെ അന്വേഷിച്ചു പോയതായിരുന്നു ആ കൂട്ടം. മുപ്പതു വര്‍ഷം മുന്‍പ് ഉദിനൂരിലേക്ക് കെട്ടിടംമേസ്ത്രി കുഞ്ഞിഗോപാലന്‍ കല്യാണം കഴിച്ചുകൊണ്ടു വന്ന സീത ഏകദേശം നൂറു തവണ അയാളുടെ പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്. പക്ഷേ, പോയ ദിവസം അസ്തമിക്കും മുന്‍പ് തല താഴ്ത്തി അവര്‍ തിരിച്ചുവരും. ഇപ്രാവശ്യം അങ്ങനെ ഉണ്ടായില്ല. ജന്മവീട്ടില്‍ അവര്‍ ചെന്നിട്ടുമില്ല. നാട്ടുകാര്‍ സംഘങ്ങളായി തോടുകളിലും കുളങ്ങളിലും കിണറുകളിലും തിരഞ്ഞു. ആളെ കിട്ടിയില്ല. വേലിപ്പടര്‍പ്പ് വകഞ്ഞുവന്നവരുടെ ഫോണുകളിലൂടെ മരത്തില്‍നിന്നും കൂസലില്ലാതെ നോക്കുന്ന കുരങ്ങ് ദൂരെയും അടുത്തും ഉള്ളവരുടെ വിരല്‍ത്തുമ്പുകളില്‍ എത്തി. പറമ്പില്‍ ആള്‍ നിറഞ്ഞു.
''എന്നാലും ഇതേട്ന്ന് വന്നത്?''
''തീവണ്ടി കേറി വന്നതാരിക്കും, സൈലന്റ് വാലീന്ന്.''
''അതെ എന്നിറ്റ് തൃക്കരിപ്പൂര് എറങ്ങി ഒട്ട്രോഷ പിടിച്ച് മാധ്യേട്ടീന കാണാന്‍ ഈട വന്നു.''
''അയിന് ആട കരിങ്കൊരങ്ങ് ഇണ്ടാ? സിംഹവാലനല്ലേ?'' പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്ന പ്രജിത്ത് കുരങ്ങിന്റെ വലുപ്പം കണ്ട് കണ്ണ് മിഴിച്ചു.
    ഉദിനൂരില്‍ കുരങ്ങുകള്‍ ഇല്ല. ഏകദേശം അഞ്ചു കിലോമീറ്റര്‍ പടിഞ്ഞാറോട്ട് പോയാല്‍ ആയിറ്റിപ്പുഴയില്‍ ഇടയിലക്കാട് ദ്വീപാണ്. കരയ്ക്കും ദ്വീപിനും നടുവില്‍ ബണ്ട്. പേരില്‍ കാടുണ്ടെങ്കിലും അത് ഭുവനേശ്വരിയുടെ കാവാണ്. കാവുനിറയെ സാദാ കുരങ്ങുകളായിരുന്നു ഒരു കാലത്ത്. ഇപ്പോള്‍ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. പുഴയ്ക്കക്കരെ ഇത്തിരി കര. പിന്നെ അറബിക്കടല്‍. പക്ഷേ, ഇന്നേ വരെ അവിടത്തെ കുരങ്ങുകള്‍ കാവിറങ്ങി വന്ന് കുഴപ്പം കാണിച്ച ചരിത്രം ഇല്ല. കരിങ്കുരങ്ങിനെ കാണാന്‍ ആവേശത്തോടെ നാട്ടുകാര്‍ വന്നുകൊണ്ടിരുന്നു. അവര്‍ മുകളിലേക്ക് നോക്കി ഒച്ചയിട്ടു. ഇലകള്‍ക്കിടയിലൂടെ വെയില്‍ നുഴഞ്ഞുകയറുന്നിടത്ത് അതിന്റെ കണ്ണുകള്‍ തിളങ്ങി. 
''മരത്തിന്റെ മോളില് എന്തെങ്കിലും ഉണ്ടോന്ന് നോക്കാന്‍ കേറീതാരിക്കും പാവം.''
മാധവിയമ്മ അടുക്കളയില്‍നിന്നും ഒരു തക്കാളി എടുത്ത് മരത്തിനു നേരെ എറിഞ്ഞു. കൊമ്പില്‍ തട്ടി അത് ചിതറി. കൂടിനിന്നവര്‍ ചിരിച്ചു. അപ്പോള്‍ പിറകില്‍ ദീപ വന്നുനിന്നത് അവരെ അസ്വസ്ഥയാക്കി. ആളുകള്‍ അവളെ കണ്ടു. അന്ന് ഉച്ചയാകാറായപ്പോഴാണ് അവള്‍ നടക്കാവില്‍ വന്നിറങ്ങിയത്. വലിയ ബാഗുമായി ഓട്ടോസ്റ്റാന്‍ഡില്‍ ഏറ്റവും മുന്നില്‍ നിര്‍ത്തിയ വണ്ടിയിലേക്ക് കയറിയതിനു ശേഷമാണ് അത് ദുരശശിയുടെ വണ്ടിയാണെന്ന് അവള്‍ക്ക് മനസ്സിലായത്. ഇറങ്ങാന്‍ തോന്നിയെങ്കിലും പുറത്ത് വെയിലിന്റെ മനുഷ്യപ്പറ്റില്ലായ്മ കണ്ടപ്പോള്‍ അതില്‍ത്തന്നെ ഇരുന്നു. ''മംഗലം കയിഞ്ഞിറ്റ് ഒരായ്ച്ച അല്ലെ ആയിറ്റൂ? മിസ്റ്റര്‍ വന്നില്ലേ?'' ശശി ദുര കാട്ടിത്തുടങ്ങി.
''ഇല്ല.''
''എന്തേ എന്തെങ്കിലും കൊയപ്പുണ്ടാ?''
''എന്തെങ്കിലും കൊഴപ്പം ഉണ്ടെങ്കിലേ എനക്ക് എന്റെ വീട്ടില് വന്നൂടൂ? നിങ്ങ ഒട്ട്രോഷ ഓടിക്ക്പ്പാ'' അവള്‍ക്ക് ദേഷ്യം വന്നു. അങ്ങനെ ചെനോത്തെ പെണ്ണ് പിണങ്ങി വന്നതാണെന്ന് നാട്ടില്‍ പാട്ടായി. അതറിഞ്ഞവര്‍ അവളെ നോക്കി കുശുകുശുത്തു.
''പുത്യ പെണ്ണ് എന്തേ ഒറ്റക്ക് വന്നിനി? ഇവളെ പുരുവന്‍ വന്നിറ്റെ?'' കുരങ്ങിനു നേരെ കൈ വീശിക്കൊണ്ട് കവടിയന്‍ രാഘവന്‍ ചോദിച്ചു.
''ഓള്‍ക്ക് ഒരു പരീഷ ഇണ്ട് അയിനു വന്നതാ'' ബാലാമണി കുരങ്ങിനെ ഒന്നുകൂടി നോക്കിക്കൊണ്ട് പറഞ്ഞു. ദീപയോട് കാഴ്ച കണ്ടു മതിയായെങ്കില്‍ അകത്തേക്ക് കയറിപ്പോകാന്‍ അവര്‍ പല്ലുകടിച്ചു. അവള്‍ അത് കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു.
''കാണാതായ സീതേട്ടി വന്നൂട്ട്വാ. ഏതോ ബന്ധു വീട്ടില് തുക്കാന്‍1 പോയതാന്നോലും.'' ഫോണില്‍ അപ്പോള്‍ വന്ന സന്ദേശം വായിച്ച് ദുരന്തം രാജന്‍ എല്ലാവരോടുമായി ആഹ്ലാദം പങ്കുവച്ചു. കുഞ്ഞിഗോപാലന്‍ അന്ന് രാത്രി അവരെ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ ചെറിയ ശബ്ദത്തില്‍ പറഞ്ഞ് അവന്‍ ഉറക്കെ ചിരിച്ചു.
''അല്ലെങ്കിലും ഇവളുമാര് പോയാ എത്രവരെ പോവും?''
രാഘവന്‍ കാര്‍ക്കിച്ചു തുപ്പിക്കൊണ്ട് ദീപയെ നോക്കി. അറപ്പ് തോന്നി അവള്‍ അകത്തേക്ക് കയറിപ്പോയി. പെട്ടെന്ന് കുരങ്ങിന്റെ തുളയ്ക്കും പോലുള്ള കരച്ചില്‍ അവിടെ മുഴങ്ങി. ആരോ കല്ലെറിഞ്ഞതാണ്. വേദനയില്‍ പുളഞ്ഞ് പല്ലുകള്‍ പുറത്തുകാട്ടി  കുരങ്ങ് ചീറി. ആദ്യ ഏറില്‍ രസം പിടിച്ചവര്‍ അടുത്ത കല്ല് തൊടുത്തു. കലികയറിയ കുരങ്ങ് പല്ലിളിച്ച് ആക്രോശിച്ചു. അപ്പോഴാണ് എല്ലാവരും അതിനെ ശരിക്കും കണ്ടത്. ഇളംവയലറ്റു മുലഞെട്ടുകള്‍. പെണ്ണാണ്. മാധവിയമ്മ കരയാന്‍ തുടങ്ങി.
''എറിയല്ല മക്കളേ ഒര് മിണ്ടാപ്രാണി അല്ലേ അത്?''
അടുത്ത കല്ല് കുരങ്ങിന്റെ ചെറിയ നെറ്റിയില്‍ കൊണ്ടു. കറുത്ത രോമങ്ങള്‍ക്കിടയില്‍ ചോര പൊടിഞ്ഞു.
''ദിക്ക് മാറിവന്ന അയിന വെര്‍തേ വിട് മക്കളേ.''
മാധവിയമ്മ തലയ്ക്ക് കൈ കൊടുത്തു. ആവേശം മൂത്തുനില്‍ക്കുന്ന ആളുകള്‍ക്കു നേരെ ആക്രോശിച്ച് മുന്നോട്ടാഞ്ഞശേഷം മുന്‍കാലുകള്‍ നീട്ടി കുരങ്ങ് ആള്‍ക്കൂട്ടത്തിന്നിടയിലേക്ക് ചാടി. വന്യമൃഗത്തിന്റെ ആക്രമണത്തില്‍നിന്നും രക്ഷപ്പെടാന്‍ ഇരുകാലികള്‍ ചിതറിമാറി. പക്ഷേ, കവടിയാന്‍ രാഘവന് അനങ്ങാന്‍ ഇടകിട്ടിയില്ല. തന്റെ നേരെ ചീറിവരുന്ന കുരങ്ങിനെ കണ്ട് കണ്ണുകള്‍ ഇറുക്കിയടച്ച് അയാള്‍ നിലത്തേക്ക് വീണു. ഒന്നും സംഭവിച്ചില്ല. ആശ്വാസത്തില്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ മറ്റുള്ളവര്‍ അയാള്‍ക്കു ചുറ്റും കൂടിനിന്ന് കൂക്കിവിളിക്കുന്നു. ''രാഘവേട്ടന്റെ മുണ്ട് കൊരങ്ങ് കൊണ്ടോയേ.'' കൈകള്‍ അരയില്‍ പൊത്തി അയാള്‍ നിലത്തു കിടന്നു.
അസാധ്യ വേഗത്തില്‍ മരങ്ങളില്‍നിന്നും മരങ്ങളിലേക്ക് കുരങ്ങ് ഓടിപ്പോയി. രാഘവന്റെ മുണ്ട് പോയ അമ്പരപ്പ് മാറിയപ്പോള്‍ ഗോത്രകാലത്തെ ഓര്‍മ്മിപ്പിച്ച് ആരവത്തോടെ ആളുകള്‍ അതിനു പിറകെ  പാഞ്ഞു. ആരോ എറിഞ്ഞുകൊടുത്ത തോര്‍ത്ത് ചുറ്റി ആരെയൊക്കെയോ തെറി വിളിച്ചു കൊണ്ട് അയാള്‍ ഇടവഴിയിലേക്ക് നടന്നു. സന്ധ്യയാകാറായിരുന്നു. കുരങ്ങിനെ പിടിച്ചു കഴിഞ്ഞാന്‍ ഫോറസ്റ്റുകാരെ അറിയിക്കാം എന്നും പിടിക്കുന്നതിനു മുന്‍പ് വിളിക്കാം എന്നും അവര്‍ക്കിടയില്‍ രണ്ടഭിപ്രായം ഉണ്ടായി. ഇരുട്ട് വീഴും മുന്‍പ് അവളെ പിടിച്ചില്ലെങ്കില്‍ ഇന്ന് ഉദിനൂരില്‍ കുരങ്ങുരാത്രി ആയിരിക്കും. മൊയന്തന്‍ ഷൈജു കരിങ്കുരങ്ങ് രസായനത്തെക്കുറിച്ചുള്ള തന്റെ അറിവ് എടുത്തിട്ടു. ''ബോഡി ണ്ടല്ലാ നല്ല കരിങ്കല്ല് പോല്യാവും. ഒറ്റ സൂക്കേടും പിന്ന ആ വയിക്ക് വെരൂല. അല്ലെങ്കില്‍ തന്നെ ഈട എന്ത് ഫോറസ്റ്റ്? ശരിക്കും ഒരു കാട് കാണണോങ്കില് അങ്ങ് ബഡൂര് വരെ പോണം. അതാന്നെങ്കില് പത്തമ്പതു കിലോമീറ്ററു ദൂരെ'' അവന്‍ കളിയാക്കി. ആദ്യം കുരങ്ങിനെ പിടിക്കാം എന്നായി ഭൂരിപക്ഷം. അവര്‍ കാലുകള്‍ക്ക് വേഗം കൂട്ടി. ഓടുന്നതിനിടയില്‍ ആള്‍ക്കൂട്ടം വലുതായി. ഇടവഴികളും റോഡും കടന്ന് കുരങ്ങ് വയലിലേക്ക് ഇറങ്ങി തരിശിട്ടതെങ്കിലും ചളി ഉണങ്ങിയിട്ടില്ലാത്ത കണ്ടങ്ങളിലൂടെ കുതിച്ചു. വയലു കഴിഞ്ഞാല്‍ സുലൈമാന്‍ കാടാണ്. അതിനകത്ത് കയറിയാല്‍ പണിയാകും. ആരോ വിളിച്ചു പറഞ്ഞു. വയലിനക്കരെ മരങ്ങള്‍ക്കിടയില്‍ ചാരനിറത്തിലായ ആകാശത്തിന്റെ നെറ്റിയില്‍ ചോരപൊടിഞ്ഞ് ചുവപ്പുരാശി പടര്‍ന്നു.


    ആദ്യകാല ഗള്‍ഫുകാരില്‍ ഒരാളായ സുലൈമാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒന്നാംലീവില്‍ നാട്ടില്‍വന്നപ്പോള്‍ കുടുംബസ്വത്തായി തനിക്കു കിട്ടിയ സ്ഥലത്തിന്റെ പകുതി അളന്നു കല്ലിട്ട് ഒരു ഭാഗത്ത് കാട്ടുമരത്തൈകള്‍  നട്ടുപിടിപ്പിച്ചു. നല്ല ഒന്നാംനമ്പര്‍ സ്ഥലത്ത് വല്ല തെങ്ങോ കവുങ്ങോ വാഴയോ വയ്ക്കാതെ ഇലഞ്ഞിയും മരുതും വേങ്ങയും വച്ച അയാള്‍ക്ക് ഭ്രാന്താണെന്ന് നാട്ടുകാര്‍ പറഞ്ഞുനടന്നു. വര്‍ഷങ്ങള്‍ കഴിയും തോറും കാട് തെഴുത്ത് കനത്തു. മരങ്ങളാല്‍ പറമ്പും മനസ്സും നിറഞ്ഞപ്പോള്‍ അയാള്‍ പ്രവാസം മതിയാക്കി. കാട് കാണാന്‍ പത്രക്കാരും ചാനലുകാരും എത്തി. സ്‌കൂളില്‍നിന്നും കുട്ടികള്‍ വരിവരിയായി മാഷമ്മാരോടൊപ്പം പാട്ടുകള്‍ പാടി വന്നു. ദൂരസ്ഥലങ്ങളില്‍നിന്നും പരിസ്ഥിതി ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യാന്‍ അയാള്‍ക്ക് ക്ഷണം കിട്ടി. ''മരുഭൂമീല് പണി എടുത്തിറ്റ് പാവത്തിന്റെ പിരി എളി'' അപ്പോഴും നാട്ടുകാര്‍ പറഞ്ഞ് ചിരിച്ചു.
തെക്കന്‍ ജില്ലയിലെവിടെയോ നാളെ നടക്കുന്ന പരിസ്ഥിതിക്ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകാന്‍ റെഡി ആകുകയായിരുന്നു സുലൈമാന്‍. അപ്പോഴാണ് കാടിനടുത്ത് കൂക്കിവിളി കേട്ടത്. ഷര്‍ട്ടിന്റെ കൈകള്‍ മടക്കിക്കൊണ്ട് അയാള്‍ പുറത്തേക്കിറങ്ങി. ''ഒരു കരിങ്കൊരങ്ങ് ഇങ്ങോട്ട് വെര്ന്നത് കണ്ടിനാ?'' കിതപ്പോടെ മൊയന്തന്‍ ഷൈജു ചോദിച്ചു. ''കരിങ്കൊരങ്ങോ?'' അദ്ഭുതം അടക്കി വയ്ക്കാതെ സുലൈമാന്‍ കണ്ണ് മിഴിച്ചു. കാടുകള്‍ വളര്‍ത്തി താന്‍ വിളിച്ചുവരുത്തിയതാണ് അതിനെ എന്ന തരത്തില്‍ അയാള്‍ ചിരിച്ചു. ''കരിങ്കൊരങ്ങാന്നെങ്കില് ഫോറസ്റ്റ്കാരെ വിളിക്കണം. പ്രൊട്ടക്ടഡാ'' അയാള്‍ ഫോണെടുക്കാന്‍ അകത്തേക്ക് നടന്നു.
''നമ്മ വിളിച്ചിനി അവര് ഇപ്പൊ വരുംന്ന് പറഞ്ഞു.'' മൊയന്തന്‍, ദുരന്തംരാജനെ നോക്കി കണ്ണിറുക്കി. ''കാടിനു ചുറ്റും തീയിട്ടാ കൊരങ്ങ് പൊറത്തെറങ്ങും'' രാജന്‍ പറഞ്ഞു. ഇത് കേട്ട സുലൈമാന്‍ അവനെ ഒരു വലിയ തെറിവിളിച്ചു. ''അത് ഈന്റകത്ത് കേറുന്നത് ആരെങ്കിലും കണ്ടിനാ?'' 
''കണ്ടം കേറ്ന്നത് കണ്ടിനി.''
''കണ്ടം കേറ്യാല് ഈട കേറീന്നാ?ഏതെങ്കിലും ഒരുത്തന്‍ ഈന്റകത്ത് കേറിയാ എല്ലാത്തിനീം കോടതി കേറ്റും ഞാന്‍. എല്ലാരും കണ്ടത്തിലേന്നെ വന്ന വയിക്ക് വിട്ടോ.'' അയാള്‍ അകത്തേക്ക് പോയി യാത്രയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ബാഗില്‍ നിറയ്ക്കാന്‍ തുടങ്ങി. ഏഴുമണിക്കാണ് വണ്ടി. വേഗം ഇറങ്ങിയില്ലെങ്കില്‍ യാത്ര മുടങ്ങും.
''പാകിസ്താനില്‍ പോവണ്ടോനെല്ലം ഈട നിന്ന് നമ്മളോട് ഞായം വിട്ന്നു.'' താന്‍ പറഞ്ഞതിലെ മണ്ടത്തരം മനസ്സിലാകാതെ  രാജന്‍ ഷൈജുവിന്റെ ചെവിയില്‍ പറഞ്ഞു. 
''കൊരങ്ങല്ലേ ഒരു രാത്രി ഈ കാട്ടില് നിക്കട്ടെ.''
സുലൈമാന്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു.
''മ്മളെ കാടിന്റെ ഒരെല പോയാല് അത് ചെയ്തോന്‍ ജയിലില് കെടക്കും. അറിയാലോ?''
സ്‌കൂട്ടര്‍ കാട് കടന്നുപോയി. അയാള്‍ പറഞ്ഞാല്‍ പറഞ്ഞതാണെന്ന് അറിയുന്നവര്‍  പതിയെ പിന്‍വലിയാന്‍ തുടങ്ങി.
''ഈ കൊരങ്ങാമറ്റം രാത്രി പൊറത്ത് കീഞ്ഞ് ആര്യെങ്കിലും കടിക്ക്വോ മാന്ത്വോ ചെയ്താല് ഇവനാരിക്കും ഉത്തരവാദി.'' ദുരന്തം രാജന്‍ സ്‌കൂട്ടര്‍ പോയ വഴിയിലേക്ക് നോക്കി പല്ലിറുമ്മി.        
രാത്രി പതിയെ കാടകത്തുനിന്നും പുറത്തേക്ക് പരക്കാന്‍ തുടങ്ങി. വെളിച്ചം അണയും വരെ അവര്‍ സുലൈമാന്‍ കാടിന്റെ പല ഭാഗത്തും മരങ്ങളില്‍ പാട്ടകള്‍ കൊണ്ടടിച്ചും ചെറുവൃക്ഷങ്ങള്‍ കുലുക്കിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുരങ്ങ് ഒരു മായികതയിലേക്ക് അപ്രത്യക്ഷമായോ അതോ മരങ്ങള്‍ ഇടതൂര്‍ന്ന ഇലമറകളില്‍ അതിനെ ഒളിപ്പിച്ചോ? അവര്‍ക്ക് മനസ്സിലായില്ല. അതിലൊരുത്തന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയെരുത് എന്ന് വിളിക്കുന്ന ഒരുതരം കാട്ടുപൂച്ചയെ തങ്ങള്‍ വേട്ടയാടി കറിവച്ചു തിന്നത് ഓര്‍ത്തെടുത്തു. തങ്ങളെ നോക്കി മുരണ്ടുനിന്ന മൃഗത്തിന്റെ തലയ്ക്ക് ആദ്യം അടിച്ചത് താനാണെന്ന് പറയുമ്പോള്‍ അവന് രോമാഞ്ചം ഉണ്ടായി. ഏതു നിമിഷവും കാട്ടില്‍നിന്നും പുറത്തു ചാടാവുന്ന കുരങ്ങിനെ അടിക്കാനായി അവന്‍ കരുതലോടെ നിന്നു.
''മന്‍ഷന്‍മാര്‍ക്ക് ജീവിക്കേണ്ട സ്ഥലത്ത് കാട് വെച്ച ഓനെല്ലം കൊടുക്കണം ആദ്യം അടി.''
''മോയന്തനും ദുരന്തവും ബീവറേജിലേക്ക് വണ്ടിവിട്ടു. പോകും മുന്‍പ് വിശക്കുന്ന കുരങ്ങന്‍ നാട്ടിലിറങ്ങുമെന്നും ഇന്ന് ഉദിനൂരില് പലതും നടക്കുമെന്നും ഷൈജു പറഞ്ഞു. അപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി. അവര്‍ക്ക് പിറകേ ഓരോരുത്തരായി മൊബൈലിന്റെ വെട്ടം തെളിച്ച് നടന്നു തുടങ്ങി.
''സാദാകൊരങ്ങല്ല കരിങ്കൊരങ്ങാ. ഇരുട്ടത്ത് കണ്ടാ തിരിയുംപോലും ഇല്ല.''
''എന്നാലും ഈ കൊരങ്ങെങ്ങന ഈട എത്തീനി?''
''എനക്ക് തോന്ന്ന്ന് അത് സുലൈമാന്‍ കാട് സ്വപ്നം കണ്ട് എറങ്ങി വന്നതാരിക്കും.''
''സ്വപ്‌നോ? കൊരങ്ങനോ?''
''എന്തേ? കൊരങ്ങ് മൂത്തിറ്റല്ലേ മന്ഷ്യന്‍ ഇണ്ടായീനി? അപ്പോ അത് സ്വപ്നം കാണൂലാന്ന് പറയാമ്പറ്റ്വാ?''
അവര്‍ വയല്‍വരമ്പിലൂടെ വീടുകളിലേക്ക് കയറി.
രാത്രിയോടൊപ്പം കുരങ്ങിനെ കുറിച്ചുള്ള കൗതുകം നിറഞ്ഞ ഭയം അവിടെ പരന്നു. വിശന്നു പ്രാന്തെടുക്കുമ്പോള്‍ അവള്‍ ഭക്ഷണം തേടി വരാതിരിക്കില്ല. അടുക്കളകള്‍ കൂടുതല്‍ ഭദ്രമായി അടയ്ക്കപ്പെട്ടു. പല വീടുകളും വെളിച്ചം കെടുത്താതെയാണ് ഉറങ്ങിയത്. എങ്കിലും കുരങ്ങുകഥകള്‍ രാത്രിയില്‍ത്തന്നെ പ്രചരിച്ചു തുടങ്ങി. അതില്‍ ഏറ്റവും പ്രചാരണം കിട്ടിയത് സുപ്രിയയെക്കുറിച്ചുള്ള കഥയ്ക്കായിരുന്നു. അവര്‍ കിടക്കുന്നതിനു മുന്‍പ് പശുവിനു പുല്ലിട്ട് കൊടുക്കാന്‍ ആലയില്‍ ചെന്നതായിരുന്നു. അത്താഴം കഴിഞ്ഞ് വെറുതെ ആ ഭാഗത്തേക്ക് പോയ അവരുടെ ഭര്‍ത്തൃമാതാവ് ഇരുട്ടില്‍ സുപ്രിയയോട് ചേര്‍ന്ന് ആരോ നില്‍ക്കുന്നത് കണ്ടു.
''ആരാ?''
''കൊരങ്ങന്‍!'' നിലവിളിച്ച് സുപ്രിയ വല്ലത്തിലെ പുല്‍മെത്തയിലേക്ക് വീണതും ഒരുമിച്ചായിരുന്നു. താന്‍ കണ്ട രൂപം ഇരുട്ടില്‍ മാഞ്ഞുപോയതായി തോന്നി അവര്‍ക്ക്. പേടിച്ചു വിറച്ചു കിടക്കുന്ന അവളുടെ വസ്ത്രങ്ങള്‍ അഴിഞ്ഞത് കണ്ട് വൃദ്ധയ്ക്ക് സങ്കടം വന്നു. കാര്യമറിഞ്ഞു കുറച്ചുപേര്‍ ടോര്‍ച്ചുകളുമായി വന്നെങ്കിലും ഫലമൊന്നും ഉണ്ടായില്ല. കയ്യാലപ്പുറത്തും തെങ്ങിന്റെ മുകളിലും വെളിച്ചം തെളിച്ച് അല്‍പ്പസമയം അവിടെയൊക്കെ നടന്ന ശേഷം ഭാര്യമാരുടെ ഫോണ്‍ വിളിയുടെ ചരടില്‍ തൂങ്ങി അവര്‍ സ്ഥലം വിട്ടു. നൈറ്റ് ഡ്യൂട്ടിക്ക് പോയ സുപ്രിയയുടെ ഭര്‍ത്താവ് വിവരം അറിഞ്ഞ് തിരികെ വന്നു. പല പറമ്പുകളില്‍നിന്നും തേങ്ങകളും കരിക്കുകളും മോഷ്ടിക്കപ്പെട്ടു. വീടുകളുടെ  ജനാലകളില്‍ തട്ടി ശബ്ദമുണ്ടാക്കി. പെണ്‍കുട്ടികള്‍ കുളിക്കാന്‍ നേരം കുളിമുറിക്കടുത്ത് കറുത്തരൂപം കണ്ടു. വായനശാലയുടെ പിന്നിലുള്ള പറമ്പില്‍ ഇരുന്നു മദ്യപിച്ച ദുരന്തത്തിനേയും മൊയന്തനേയും ആരോ ആക്രമിച്ചു. മത്ത് തലയ്ക്കു പിടിച്ചപ്പോള്‍ പരസ്പരം തള്ളയ്ക്ക് വിളിച്ച് കടിപിടി കൂടിയതായിരിക്കും. നാട്ടുകാര്‍ക്ക് അറിയാമായിരുന്നു. എങ്കിലും നേരം പുലര്‍ന്ന ഉടന്‍ ആ കുരിപ്പ് പിടിച്ച കുരങ്ങിനെ എങ്ങനെയെങ്കിലും പിടിക്കണം. അവര്‍ തീരുമാനിച്ചു. അതിരാവിലെ തന്നെ കുറച്ചുപേര്‍ സുലൈമാന്‍ കാടിനടുത്ത് എത്തി. വെയിലു മൂക്കും വരെ അവര്‍ തലേന്നത്തെ ചെയ്തികള്‍  ആവര്‍ത്തിച്ചു. പക്ഷേ, തങ്ങളുടെ തോന്നലായിരുന്നിരിക്കാം ആ കുരങ്ങ് എന്നു തോന്നിപ്പിക്കുന്ന വിധം  അവള്‍ എവിടെയോ മറഞ്ഞിരുന്നു.
അപ്പോഴാണ് ഒരുത്തന്‍ കുരങ്ങുമൊത്ത് എടുത്ത സെല്‍ഫി അവരുടെ ഫോണുകളില്‍ വന്നു വീഴുന്നത്. ഉദിനൂര്‍ യു.പി. സ്‌കൂളിലെ മുന്‍ സംഗീതാദ്ധ്യാപകന്‍ വര്‍ഗീസ്മാഷിന്റെ പറമ്പിലെ വലിയ ഒണ്ടന്‍പുളി മരത്തില്‍ ഇരുന്ന് അത്  മൊബൈലുകളിലേക്ക് നോക്കി. അധികം മുകളിലല്ലാതെ ഇരുന്ന കുരങ്ങിനെ ആദ്യമെത്തിയവര്‍ ഫോട്ടോ എടുത്ത ശേഷം എറിഞ്ഞും കൂവിയും ഏറ്റവും മുകളിലേക്ക് ഓടിച്ചിരുന്നു. നാട്ടുകാര്‍ കരിങ്കുരങ്ങുകളെ കുറിച്ചുള്ള തങ്ങളുടെ പരിമിതമായ അറിവ് പങ്കുവച്ച് മരത്തണലില്‍ നിന്നു. വര്‍ഗീസ്മാഷ് മായാമാളവഗൗളയില്‍ തലയിളക്കി അവര്‍ക്ക് നടുവിലും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്‌കൂളില്‍ പാട്ട് മാഷായി ചേരാന്‍ മാന്നാനത്തു നിന്നും അയാള്‍ വന്നിറങ്ങിയത് പഴയ ആളുകള്‍ക്ക് ഓര്‍മ്മവന്നു. സ്‌കൂളില്‍ ചേര്‍ന്ന് അധിക നാള് കഴിയും മുന്‍പ് ഭൂമിയുടെ തുച്ഛവില കണ്ട് അയാള്‍ വാങ്ങിയതാണ് ആ സ്ഥലം. ''റബറുവെക്കാന്‍ ഒക്കത്തില്ല പക്ഷേ, വീട് വെക്കാം'' അയാള്‍ അപ്പന് എഴുതി. സ്ഥലം എഴുതി വാങ്ങിയ അന്ന് തന്നെ പറമ്പുനിറയെ ഫലവൃക്ഷങ്ങളും നാണ്യവിളകളും നട്ടുപിടിപ്പിച്ചു. പക്ഷേ, കുരങ്ങ് ഇരിക്കുന്ന മരം ഏതോ കാലം മുതല്‍ ആ പറമ്പില്‍ ഉള്ളതാണ്. ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും അതിന്റെ പ്രായം അറിയില്ലായിരുന്നു.
''എടാ ഊവേ ഇത് മുന്തിയ ഇനമാണല്ല്യോടാ? എന്നാ കറുപ്പാന്നേ അതിന്?'' മാഷ് ചുറ്റും കൂടിയവരോടായി പറഞ്ഞു. കഴുത്തിനൊപ്പം വളര്‍ത്തിയ മുടിയും കൊമ്പന്‍ മീശയും വെയിലേറ്റാല്‍ കറുക്കുന്ന കണ്ണടയുമാണ് മാഷിന്റെ രൂപം. കുറച്ചു നേരം എല്ലാവരും നിശ്ശബ്ദരായി ഒരിടത്ത് ഒളിച്ചിരിക്കാന്‍ അയാളാണ് നിര്‍ദ്ദേശിച്ചത്. ''സംഗീതത്തിന്റെ മാസ്മരികത നിശ്ശബ്ദതയ്ക്കകത്താന്നേ. അതിലേക്ക് ഏത് മൃഗവും ഇറങ്ങിയങ്ങ് വരും.'' അയാള്‍ പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവര്‍ അത് അനുസരിച്ചു. കുറേ നേരം കാത്തിരുന്നപ്പോള്‍ കുരങ്ങ് പതിയെ താഴേക്ക് വന്നുതുടങ്ങിയതും മാഷ് മറ്റുള്ളവരെ നോക്കി ചുണ്ടുകള്‍ക്കു മുകളില്‍ ചൂണ്ടുവിരല്‍ വച്ചു. പക്ഷേ, അപ്പോഴാണ് അയാള്‍ കയറിവന്നത്.
ക്ഷീണിതനായാണ് അയാള്‍ നടക്കാവില്‍ ബസ്സിറങ്ങിയത്. രണ്ടുദിവസമായി ഓട്ടമായിരുന്നു. ആദ്യം കണ്ട ആളോട് അയാള്‍ കരഞ്ഞു. ''ഈ ഭാഗത്ത് ഒരു കര്‍ത്തകൊരങ്ങ് എറങ്ങീറ്റ്ണ്ട്ന്ന് കേട്ടു?'' ചോദിച്ചയുടന്‍ കേട്ടയാള്‍ അയാള്‍ക്ക് വഴി പറഞ്ഞുകൊടുത്തു. ഓടിക്കിതച്ചെത്തിയപ്പോള്‍ പതുങ്ങിനില്‍ക്കുന്ന ആള്‍ക്കൂട്ടവും മരത്തിനു മുകളില്‍ കുരങ്ങനെയും കണ്ട് അയാള്‍ കരയാന്‍ തുടങ്ങി:
''മോളേ മഞ്ചൂ. എറങ്ങി വാ മോളേ... മഞ്ചൂ...''
ഇറങ്ങിയതിന്റെ പത്തിരട്ടി വേഗത്തില്‍ മരത്തിന്റെ തുച്ചാംകൊടിയിലേക്ക് പാഞ്ഞുകയറി മേഘങ്ങളില്‍ മുട്ടുന്ന ചില്ല കാലുകള്‍ക്കിടയിലാക്കി കൈകള്‍ അതില്‍ പിടിച്ച് വാലിളക്കി മഞ്ചു ഇരുന്നു. വര്‍ഗീസ് മാഷ് ഒച്ചയിട്ട ആളെ തിരുവിതാംകൂര്‍ ശൈലിയില്‍ ചീത്ത വിളിച്ചു. തുടര്‍ന്ന് മാഷും ആദിതാളത്തില്‍ ആ പേര് വിളിച്ചു. ''കൊള്ളാവുന്ന പേരാ കേട്ടോ'' അയാള്‍ മുകളിലേക്ക് നോക്കി പറഞ്ഞു. കൂടി നിന്നവര്‍ അത് ഏറ്റുവിളിച്ചു.
''മഞ്ചൂ...''
ഉടമസ്ഥന്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ കരിങ്കുരങ്ങുരസായനമോഹികള്‍ക്ക് താല്‍പ്പര്യം കുറഞ്ഞു. അവര്‍ അയാളെ വനംവകുപ്പിന്റെ പേരു പറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. അയാളുടെ പേരും സ്ഥലവും ചോദിച്ചു വിരട്ടി. കുരങ്ങ് ഉണ്ടാക്കിയ നഷ്ടങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് കയര്‍ത്തു.
റങ്കൂണ്‍ കുട്ട്യന്‍ എന്നാണ് അയാളുടെ പേര്. പക്ഷേ, കുട്ട്യന്‍ റങ്കൂണ്‍ കണ്ടിട്ടില്ല. ഭൂപടത്തില്‍ പോലും ആ നാട് എവിടെയാണെന്ന് അയാള്‍ക്ക് അറിയില്ല. അമ്മ കറുത്തയേയും ചേച്ചി കുഞ്ഞിപ്പെണ്ണിനേയും തന്നെയും പട്ടിണികിടക്കാന്‍ വിട്ട് ഒരു കുരങ്ങുകളിക്കാരന്റെ സ്വത്വവേദനയും കണ്‍കെട്ട് വിദ്യകളുമായി അച്ഛന്‍ ബബ്ബിസാമി വടക്കേ ഇന്ത്യയില്‍ അലയുമ്പോള്‍ കുട്ട്യന്‍ ലോകം തിരിയാത്ത കുഞ്ഞായിരുന്നു. അലഞ്ഞലഞ്ഞ് ബബ്ബിസാമി എത്തിയത് ബര്‍മ്മയിലാണ്. ചെറിയ കണ്ണുകളും മിനുത്ത മുഖവും ഉള്ള പെണ്ണുങ്ങള്‍ മുളന്തോലു ചീന്തിമെടഞ്ഞ കൂടകളുമായി എത്തുന്ന റങ്കൂണിലെ ഒരു ചന്തയില്‍  തന്റെ കുരങ്ങിനോടൊപ്പം കയറുകള്‍ പാമ്പുകളെപ്പോലെ വട്ടത്തിലാക്കി നിറച്ച കൂടയുമായി അയാള്‍ ഇരുന്നു. മകുടിയുടെ വിലാപശബ്ദത്തിനൊപ്പം കൂടതുറന്ന് പുറത്തു ചാടി ഫണം വിടര്‍ത്തി ആടുന്ന കയറുകള്‍ കണ്ട് ഉറച്ച മസിലുള്ളവരും അഞ്ചടി ഉയരവും തോര്‍ത്തുമുണ്ടോളം വരുന്ന തുണി മാത്രം ധരിച്ചവരുമായ ആണുങ്ങള്‍ അയാള്‍ക്ക് ചുറ്റും കൂടി. തനിക്ക് കുടുംബസ്വത്തായി കിട്ടിയ കുഞ്ഞിരാമന്‍ എന്ന മുച്ചന്‍കുരങ്ങായിരുന്നു അയാളുടെ പങ്കാളി.
''ആടിക്കളിക്കെടാ കുഞ്ഞിരാമാ.''
പുരാതന ആജ്ഞാഗാനത്തിനൊപ്പം കുഞ്ഞിരാമന്‍ മുന്‍കാലുകള്‍ നിലത്തുകുത്തി തല കീഴോട്ടാക്കി മലക്കമെടുത്തു. പുല്ലുമേഞ്ഞ മേല്‍ക്കൂരയുള്ള വീടുകളില്‍നിന്നും ആളുകള്‍ അയാളെ തിരിച്ചറിഞ്ഞു തുടങ്ങി. റങ്കൂണിന്റെ വൈകുന്നേരങ്ങള്‍ അയാളുടേതായി. പക്ഷേ, അധികനാള്‍ കഴിയും മുന്‍പ് കുഞ്ഞിരാമന്‍ ചത്തുപോയി. അയാള്‍ അന്തിയുറങ്ങാറുള്ള ബര്‍മ്മാക്കാരിയുടെ വീടിന്റെ മുന്നിലെ തൂണില്‍ കെട്ടിയ നിലയില്‍ പുലരിയുടെ ഇളംവെയിലില്‍ അത് ചത്തുകിടക്കുകയായിരുന്നു.
    കുരങ്ങു ചത്ത  ബബ്ബി ചന്തയില്‍ കുത്തിയിരുന്ന് കരഞ്ഞു. ആ സങ്കടം കണ്ട ഒരു തേരവാദ സന്ന്യാസി കാട് കയറി അയാള്‍ക്ക് രണ്ടു കരിങ്കുരങ്ങുകളെ പിടിച്ചുകൊടുത്തു. അമ്മയും കുഞ്ഞുമായിരുന്നു അവ. അമ്മയ്ക്ക് തിരി മോയ് എന്നും കുഞ്ഞിനു മഞ്ച് മോയ് എന്നും സന്ന്യാസി തന്നെ പേരിട്ടു. രണ്ടും പെണ്ണാണെന്ന് ബബ്ബി നെടുവീര്‍പ്പിട്ടു. എങ്കിലും അവ പെട്ടെന്ന് അയാളോട് ഇണങ്ങി. കാലം അതിവേഗം കടന്നുപോയി. പട്ടാളഭരണകാലത്ത് അയാള്‍ക്ക് തെരുക്കൂത്ത് നടത്തുന്നതിന് വിലക്കുണ്ടായി. അപ്പോള്‍ ബബ്ബി ഗ്രാമങ്ങളിലേക്ക് പോയി. കുരങ്ങുകള്‍ അയാള്‍ക്കു വേണ്ടി നൃത്തം പഠിച്ചു. അയാള്‍ ചെറിയ തുടികൊട്ടി ഒച്ചയിട്ട് പാട്ടുകള്‍ പാടി. ദില്‍ തക് ദേഖോ ദില്‍ തക് ദേഖോ ജീയും പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേയും കേട്ട് കുരങ്ങുകള്‍ പെണ്ണുടുപ്പുകള്‍ ചുറ്റി നൃത്തം ചവിട്ടി. ഇതിനിടയില്‍ രോമങ്ങള്‍ നരച്ചതും തൊലിയില്‍ ചുളിവുകള്‍ വീണതും ബബ്ബിസാമി അറിഞ്ഞതേയില്ല.
    ഒരു ദിവസം ബബ്ബി സ്വപ്നത്തില്‍ തമരക്കുന്നിലെ തന്റെ കുടില്‍ കണ്ടു. ഊരുചുറ്റലിനു മുന്‍പ് താന്‍ മംഗലം കഴിച്ച അമ്മാവന്റെ മകള്‍ കറുത്തയേയും മക്കളായ കുട്ട്യനേയും കുഞ്ഞിപ്പെണ്ണിനേയും കണ്ടു. അവര്‍ ചാണകം മെഴുകിയ മുറ്റത്തിരുന്ന് തന്നെ വിളിച്ചു കരയുന്നു. താന്‍ വീടു വിടുമ്പോള്‍ ഉണ്ടായിരുന്ന അതേ പ്രായത്തിലായിരുന്നു മക്കള്‍. അവരുടെ കണ്ണീര്‍ ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് നെഞ്ച് പൊള്ളി. സ്വപ്നത്തിന്റെ ആ വിളിയില്‍ ഇരിപ്പുറക്കാതെ ബബ്ബിസാമി നാട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് അയാള്‍ കുരങ്ങുകളെക്കുറിച്ച് ഓര്‍ത്തത്. ഒരു കുരങ്ങുകളിക്കാരന്‍ എങ്ങനെയാണ് അവന്റെ ആത്മാവ് പേറുന്ന കുരങ്ങുകളെ ഉപേക്ഷിച്ച് യാത്ര ചെയ്യുക? അവയെ ഇരുതോളിലുമേറ്റി അയാള്‍ പുറപ്പെട്ടു. അപ്പോഴേക്കും ബര്‍മ്മ മ്യാന്മാര്‍ ആയിക്കഴിഞ്ഞിരുന്നു. വളരെ എളുപ്പത്തില്‍ ബര്‍മ്മയിലേക്ക് കയറിയ അയാള്‍ക്ക് മ്യാന്മാറില്‍ നിന്നും പുറത്തു കടക്കുക എളുപ്പമല്ലായിരുന്നു. കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ രേഖകള്‍ അയാളെ കഷ്ടപ്പെട്ട് അതിര്‍ത്തി കടത്തി. പക്ഷേ, കുരങ്ങുകള്‍ തടഞ്ഞുവയ്ക്കപ്പെട്ടു. അയാള്‍ മലയാളത്തിലും ഹിന്ദിയിലും അവരെ അനുസരിപ്പിക്കുന്നത് കണ്ടപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവയെ അയാള്‍ക്കൊപ്പം വിട്ടു. ''ഇന്ത്യന്‍ കുരങ്ങുകളെ മ്യാന്മറിന് വേണ്ട'' അയാള്‍ പുച്ഛത്തോടെ ബബ്ബിയേയും കുരങ്ങുകളേയും നോക്കി.


    കുരങ്ങുകളേയും ചുമലില്‍ ഏറ്റി അയാള്‍ തമരക്കുന്ന് കയറി. മകന്‍ കുട്ട്യന്‍ മൂക്കിനു താഴെ രോമങ്ങള്‍ കറുത്തു തുടങ്ങിയ വാല്യക്കാരന്‍ ആയിക്കഴിഞ്ഞിരുന്നു. ഒരു മഴക്കാലത്ത് തുള്ളല്‍പനി വന്ന് വിറച്ചു മരിച്ച കറുത്തയെ ഓര്‍ത്ത് തനിക്ക് കരച്ചില്‍ വരാത്തതില്‍ ബബ്ബിസാമി അദ്ഭുതപ്പെട്ടു. അന്ന് രാത്രി അയാള്‍ കുട്ട്യന്‍ വാറ്റിയ ചാരായം കുടിച്ച് വെളിവില്ലാതെ കിടന്നു. കുരങ്ങുകള്‍ വീടിനു പുറത്ത് മരത്തില്‍ കെട്ടിയ നിലയില്‍ വിശ്രമിച്ചു. പിറ്റേന്ന് രാവിലെ  അച്ഛനെ കാണാന്‍ ഭര്‍ത്താവിനേയും മക്കളേയും കൂട്ടിവന്ന കുഞ്ഞിപ്പെണ്ണ് കണ്ടത് വിശന്ന് ഒച്ചയുണ്ടാക്കുന്ന കുരങ്ങുകളെയാണ്. അവയെ കണ്ട് പേടിച്ച് അകത്തു കയറിയ അവള്‍ ആങ്ങളയോട് അച്ഛനെ അന്വേഷിച്ചു. തുറന്നിട്ട പിന്‍വാതിലിലൂടെ ഒറ്റയാള്‍ വഴി തമരക്കുന്നിലേക്ക് കയറിപ്പോകുന്നത് കാണാം. അവിടേക്ക് കണ്ണ് നട്ട് എന്നാല്‍ വഴിയിലേക്ക് നോക്കാതെ അവന്‍ കൈമലര്‍ത്തി. കുഞ്ഞിപ്പെണ്ണും കുടുംബവും തിരികെ പോയി.
അച്ഛന്റെ അത്രയും കാലത്തെ സമ്പാദ്യങ്ങളായ ആ കരിങ്കുരങ്ങുകള്‍ കുട്ട്യന് കൂട്ടായി. വാറ്റാത്ത സമയങ്ങളില്‍ അവന്‍ കുരങ്ങുകളുമായി ഊര് ചുറ്റാന്‍ തുടങ്ങി. തിരിമോയ് തിരി എന്നും മഞ്ച് മോയ് മഞ്ചു എന്നും വിളികേട്ടു. കെട്ടുപ്രായമായപ്പോള്‍ കല്യാണം കഴിച്ചെങ്കിലും നാലാം നാള്‍ ഭാര്യയെ ചവിട്ടി പുറത്താക്കി വാറ്റുലഹരിയില്‍ തന്റെ കുരങ്ങുകളെ കെട്ടിപ്പിടിച്ച് കുട്ട്യന്‍ ഉറങ്ങി. തിരിയ്ക്ക് പ്രായമായപ്പോഴേക്കും കുരങ്ങുകളിയില്‍ ആള്‍ക്കാരുടെ താല്‍പ്പര്യങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. നിരന്തര മദ്യപാനം കുട്ട്യനെ ഒരു കരിയിലയാക്കിയിരുന്നു. കുരങ്ങിനെ കൈവശം വെക്കുന്നതിലുള്ള നിയമമാറ്റവും അയാള്‍ക്ക് അവയോടൊപ്പം പുറത്തിറങ്ങുന്നതില്‍ തടസ്സമായി. ഒന്നുരണ്ടു വട്ടം വനംവകുപ്പുകാര്‍ തമരക്കുന്ന് കയറിയെങ്കിലും അപ്പോഴൊക്കെ കുട്ട്യന്‍ അവയെ കുന്നിന്‍മുകളിലെ പൊന്തകളില്‍ ഒളിപ്പിച്ചു. വീടിന്റെ തിണ്ണയില്‍ ഇരുന്നാല്‍ താഴെ നിന്ന് ഒരു ഇല അനങ്ങിയാല്‍ കുട്ട്യന് കാണാം. ആയിടയ്ക്കാണ് പീടികമുക്കില്‍ അജമാംസരസായനക്കാരുടെ വരവ്. പണിയൊന്നും ഇല്ലാതെ ഇരുന്നു മദ്യപിക്കുന്ന കുട്ട്യനെ അവര്‍ വട്ടമിട്ടു. 
''കരിങ്കൊരങ്ങാന്നണ്ണാ അയ്‌ന നമ്മക്ക് തന്നറു. പൊന്നിന്റെ വെല തരാപ്പാ.''
ദാരിദ്ര്യത്തിന്റെ കുന്നില്‍നിന്നും അയാള്‍ ആ മിണ്ടാപ്രാണികളെ നോക്കി. അയാള്‍ക്ക് അച്ഛന്‍ ബബ്ബിസാമിയെ ഓര്‍മ്മ വന്നു. മുറ്റത്തേക്ക് കാറിത്തുപ്പി തിരിയുടെ കയറഴിച്ച് രസായനക്കാര്‍ക്ക് കൊടുത്തു.
''തൊണ്ടി2 ആയ്റ്റാന്ന് വെല കൊറഞ്ഞത് മറ്റേതിന തന്നാ ഈന്റെ എരട്ടി തരാപ്പാ.''
രസായനക്കാരന്‍ ചിരിയോടൊപ്പം നോട്ടുകള്‍ എണ്ണി കുട്ട്യന്റെ കയ്യില്‍ കൊടുത്തു. പക്ഷേ. എന്തോ മഞ്ചുവിനെ കൊടുക്കാന്‍ അയാള്‍ക്ക് തോന്നിയില്ല. അമ്മയെ കൊണ്ടു പോകുമ്പോള്‍ മകള്‍ മണ്ണുവാരി എറിയുകയും മരത്തിനു ചുറ്റും ഓടി ബഹളമുണ്ടാക്കുകയും ചെയ്തു.
    അതിനുശേഷം മഞ്ചു വിഷാദഭാവത്തില്‍ വഴിയിലേക്ക് നോക്കി മരക്കൊമ്പില്‍ ഇരിക്കും. അയല്‍വീടുകളിലെ കുട്ടികളുടെ കുസൃതികളോ കുട്ട്യന്‍ കൊടുത്ത പഴങ്ങളോ അവളെ സന്തോഷിപ്പിച്ചില്ല. ഒരു ദിവസം ബീവറേജ് ക്യൂവില്‍ നില്‍ക്കേ തന്റെ കയ്യില്‍ ബാക്കിയുള്ള പൈസയും തട്ടുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മദ്യക്കുപ്പികളുടെ വിലയും തമ്മില്‍ താരതമ്യം ചെയ്ത് അയാള്‍ മഞ്ചുവിനേയും വില്‍ക്കാന്‍ തീരുമാനിച്ചു. സാധനം വാങ്ങിയ ഉടന്‍ ധൃതിയില്‍ ഓട്ടോ പിടിച്ച് അയാള്‍ പീടികമുക്കില്‍ ഇറങ്ങി. രസായനക്കാര്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുട്ട്യന്‍ അവരെ കയ്യോടെ വീട്ടിലേക്ക് നടത്തി. വീട്ടിലേക്കുള്ള പടവുകള്‍ ആവേശത്തോടെ കയറി അയാള്‍ മഞ്ചുവിന്റെ കയര്‍ അഴിച്ചു. പെട്ടെന്ന് പ്രകോപിതയായി മുഖം ചുളിച്ച് ബബ്ബി സാമി പഠിപ്പിച്ച അടവുകളില്‍ ഒന്ന് പുറത്തെടുത്ത് മഞ്ചു മലക്കം മറിഞ്ഞു. ആ നിമിഷത്തിന്റെ അമ്പരപ്പില്‍ കയര്‍ കുട്ട്യന്റെ കയ്യില്‍നിന്നും ഊര്‍ന്നുവീണു. റോക്കറ്റിന്റെ വേഗത്തിലാണ് അത് പാഞ്ഞുപോയത്. പരവേശത്തില്‍ അയാള്‍ അരക്കുപ്പി റം നിന്നനില്‍പ്പില്‍ കുടിച്ചുതീര്‍ത്തു. കുന്നിന്‍ചരിവില്‍ പുല്ലരിയുകയായിരുന്ന സ്ത്രീ കുരങ്ങ് കുന്നുകയറിപ്പോയതായി പറഞ്ഞു. കുന്നിനപ്പുറം ചീമേനി ടൗണ്‍. പിന്നെ പടിഞ്ഞാറോട്ട് പോയാല്‍ നാഷണല്‍ ഹൈവേ. അതും കഴിഞ്ഞു വയലുകള്‍. ശേഷം റെയില്‍വേ സ്റ്റേഷന്‍. പിന്നെ അടുത്തടുത്ത് വീടുകള്‍ ഉള്ള ഗ്രാമമോ പട്ടണമോ അല്ലാത്ത പ്രദേശങ്ങള്‍. അത് കഴിഞ്ഞ് ഉദിനൂര്. പിന്നെ ആയിറ്റിപ്പുഴ. അവസാനം അറബിക്കടല്‍. അയാള്‍ക്ക് കരച്ചില്‍ വന്നു. തിരിയെ വിറ്റപണം തീരാറായിരുന്നു. പിടിച്ചു നില്‍ക്കാനുള്ള ഉണക്കപ്പുല്ലാണ് മഞ്ചു. അത്രയും ദൂരം അയാള്‍ ഓടുകയായിരുന്നു. പാദങ്ങള്‍ പൊള്ളിയിട്ടും അയാള്‍ നിര്‍ത്തിയില്ല. കാണുന്നവരോടൊക്കെ അതിനെക്കുറിച്ച് ചോദിച്ച് അയാള്‍ കരഞ്ഞു.
കുട്ട്യന്‍ തലയ്ക്ക് കയ്യും കൊടുത്ത് ഒണ്ടന്‍പുളിമരത്തിന്‍ കീഴില്‍ ഇരുന്ന് പരപ്പ് പറഞ്ഞു. വര്‍ഗീസ് മാഷ് അടുത്ത സൂത്രം അവതരിപ്പിച്ചു. കേള്‍ക്കാന്‍ നാട്ടുകാര്‍ അയാളുടെ അടുത്തേക്ക് നീങ്ങിനിന്നു. പണ്ട് നാട്ടിലുള്ള തങ്ങളുടെ പറമ്പിലെ ജാതിമരത്തില്‍ ഒരു കുരങ്ങന്‍ കയറിയതും അപ്പന്‍ അതിനെ തോട്ടികൊണ്ട് പിടിച്ചതും അയാള്‍ വിവരിച്ചു. തന്റെ വീട്ടില്‍നിന്നും വലിയ തോട്ടിയും ഒരു കയറും കുറച്ചു തക്കാളിയും എടുക്കാന്‍ ഒരു പയ്യനെ വിട്ടു. വളരെ വേഗത്തില്‍ തോട്ടി കൊണ്ടുവരപ്പെട്ടു. മാഷ് ആവേശത്തോടെ തോട്ടിയുടെ മുകളില്‍നിന്നും പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന തരത്തില്‍ കയര്‍ കെട്ടി. അതിന്റെ അറ്റത്ത് കുടുക്കിട്ടു. അതിനോടൊപ്പം കെട്ടിയ പ്ലാസ്റ്റിക് കൂടില്‍ തക്കാളികള്‍ ഉരുണ്ടു. തോട്ടി പതിയെ ചില്ലകള്‍ക്കിടയിലൂടെ ഉയര്‍ത്തി. ആളുകള്‍ ക്ഷമയോടെ അതിന്റെ പോക്ക് നോക്കിനിന്നു. മഞ്ചുവിന് അല്‍പ്പം താഴെയായി അതിന്റെ നീളം തീര്‍ന്നു. തുടുത്തു ചുവന്ന തക്കാളികളില്‍ നോക്കി അവള്‍ തല ചൊറിഞ്ഞു. വിശക്കുന്ന വയര്‍ കുരങ്ങിനെ വെപ്രാളത്തിലാക്കി. ഇരുന്ന ചില്ലയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഗത്യന്തരമില്ലാതെ പതിയെ താഴേക്കിറങ്ങി. മാഷ് എല്ലാവരെയും നോക്കി കണ്ണുമിഴിച്ച് നിശ്ശബ്ദതയ്ക്ക് ആജ്ഞയിട്ടു. കുരങ്ങ് തക്കാളിക്കൂടയ്ക്കടുത്ത് വന്നതും മാഷ് കുടുക്ക് അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയതും ഒരുമിച്ചായിരുന്നു. പക്ഷേ, മഞ്ചു മെയ് വഴക്കത്തോടെ ഒരു തക്കാളി കൈക്കലാക്കിയ ശേഷം ഒരു ചില്ല താഴേക്ക് ചാടി. മാഷ് കുടുക്ക് താഴ്ത്തിയപ്പോള്‍ വീണ്ടും ഒരു ചില്ല താഴേയ്ക്ക്. തോട്ടി താഴേയ്ക്ക് വരുംതോറും ഓരോ ചില്ലകള്‍ താഴേക്ക് ചാടി മാഷിന്റെ തൊട്ടടുത്തുള്ള കൊമ്പിന്റെ അറ്റത്തേക്ക് തൂങ്ങി. ഇപ്പോള്‍ കൈ നീട്ടിയാല്‍ അയാള്‍ക്ക് കുരങ്ങിനെ തൊടാം. ആള്‍ക്കൂട്ടം ശ്വാസം സംഭരിച്ചു നിന്നു. ''ഇത്രേ ഒള്ളൂ'' മാഷ് എല്ലാവരെയും നോക്കി തലയാട്ടി. തോട്ടിയില്‍നിന്നും കയര്‍ അഴിച്ച് കുരങ്ങിന്റെ കഴുത്തിലിടാന്‍ നിശ്ചയിച്ച് അടുത്തു നില്‍ക്കുന്ന ആളോട് അത് അഴിക്കാന്‍ ആംഗ്യം കാട്ടി.
മഞ്ചു വര്‍ഗീസ് മാഷിന്റെ ഏറ്റവും അടുത്ത് ചിരപരിചിതയെപ്പോലെ ഇടതു കയ്യാല്‍ മരക്കൊമ്പില്‍ തൂങ്ങിക്കിടന്നു. മാഷിനെ തലോടാന്‍ അവള്‍ തന്റെ നീളമുള്ള വലംകൈ നീട്ടി. പിന്നെ മിന്നലിനെക്കാള്‍ വേഗത്തില്‍ റോസു നിറമുള്ള ഉള്ളം കൈ മാഷിന്റെ മുഖത്ത് പതിപ്പിച്ചു. വെടിപൊട്ടും പോലുള്ള ഒച്ച കേട്ടതേ എല്ലാവര്‍ക്കും ഓര്‍മ്മയുള്ളൂ. മാഷ് നിലത്തു കിടക്കുന്നു. അവളുടെ വേഗത അവരെ ഭ്രമിപ്പിച്ചു. ആ മരം അതിന്റെ ജീവിതകാലം മുഴുവന്‍ വളര്‍ന്ന തടിയിലൂടെ ഒരു നിമിഷം പോലുമെടുക്കാതെ മഞ്ചു കുതിച്ചു. മരത്തിന്റെ തുച്ചാംകോടിയില്‍ വെണ്‍മേഘക്കൂട്ടങ്ങളുടെ സ്വച്ഛതയിലേക്ക് നോക്കി എന്തോ ആലോചിച്ചു നിന്നു. ശേഷം അവയിലേക്ക് കരണം മറിഞ്ഞ് ചാടി. ''ഊശ്ശ്ശ്ശ്...'' ആള്‍ക്കൂട്ടം ഒച്ചയിട്ട് മുകളിലേക്ക് നോക്കി. അവര്‍ക്കു നേരെ മേഘക്കൂട്ടം കുരങ്ങുരൂപമെടുത്ത് പല്ലിളിച്ചു.
    പഞ്ഞിമേഘങ്ങളില്‍ മാഞ്ഞുപോയ കുരങ്ങിനെ തിരയുന്നത് മണ്ടത്തരമാണെന്ന് അറിയുന്നവര്‍ മരത്തണലില്‍ ഇരുന്നു. അപ്പോള്‍ ബൈക്കില്‍ പാഞ്ഞുവന്ന ഒരുത്തന്‍ ചേനോത്തെ ദീപ വീടുവിട്ടുപോയതായി അറിയിച്ചു. ആവേശം കയറിയവര്‍ അങ്ങോട്ടേക്ക് പോകാന്‍ ഒരുങ്ങി. ''നിനക്കൊന്നും വേറെ ഒരു പണീം ഇല്ല്യോടാ മൈരുകളേ...'' തല്ലുകൊണ്ട് നിലത്തിരുന്ന് വര്‍ഗീസ് മാഷ് അവരെ നോക്കി. തലതാഴ്ത്തി അവര്‍ വന്ന വഴിയിലൂടെ തിരികെ നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com