''ഐഐടികള്‍ ബ്രാഹ്മണിക്കല്‍ സ്ഥാപനങ്ങള്‍''

ചെന്നൈ ഐഐടിയിലെ  ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിനു മര്‍ദനമേറ്റ സൂരജ് സംസാരിക്കുന്നു
''ഐഐടികള്‍ ബ്രാഹ്മണിക്കല്‍ സ്ഥാപനങ്ങള്‍''

സഹിഷ്ണുതയ്ക്കും ഫാസിസ്റ്റ് പ്രവണതയ്ക്കും എതിരെ രാജ്യത്തുണ്ടായ പ്രതിഷേധങ്ങളില്‍ പ്രധാനമായിരുന്നു ചെന്നൈ ഐ.ഐ.ടിയില്‍ ബീഫ് വിഷയവുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധം. കന്നുകാലികളെ കശാപ്പുചെയ്യുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ഫലത്തില്‍ ബീഫ് നിരോധനം ലക്ഷ്യമിട്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് റിസര്‍ച്ച് സ്‌കോളര്‍ ആര്‍. സൂരജിന് കണ്ണിന് മര്‍ദ്ദനമേറ്റത്. ആ സംഭവം നടന്നിട്ട് ഒരു വര്‍ഷമാകുന്നു. രാജ്യത്തെമ്പാടും ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുന്നതിനിടയില്‍ തന്നെയാണ് രാജ്യത്തെ സുപ്രധാന പദവിയുള്ള കാമ്പസില്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഒരാള്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ സൂരജ് ഒരുമാസത്തോളം ചികിത്സയിലായിരുന്നു. ഏതാണ്ട് ആറുമാസത്തോളം കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്ത സംഭവത്തില്‍ സൂരജിന് നീതി കിട്ടിയോ? ഐ.ഐ.ടി ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നിഷ്പക്ഷമായ അന്വേഷണമോ നടപടികളോ ഉണ്ടായെന്ന് പറയാനാകില്ല. പൊലീസ് സ്റ്റേഷനിലും കോടതിയിലും കൊടുത്ത കേസുകളും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. പ്രതി സ്ഥാനത്തുള്ള വിദ്യാര്‍ത്ഥിയെ കുറച്ചു ദിവസങ്ങള്‍ ക്യാംപസില്‍നിന്നും സസ്പെന്‍ഡ് ചെയ്തതൊഴിച്ചാല്‍ നിസംഗമായിരുന്നു ഐ.ഐ.ടി ഭരണകൂടം. സംഭവവുമായി ബന്ധപ്പെട്ടും തുടര്‍ന്നുമുണ്ടായ അനുഭവങ്ങളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശക്തമായി വരുന്ന സവര്‍ണ്ണ അജന്‍ഡകളെക്കുറിച്ചും എയറോസ്പേസ് എന്‍ജിനീയറിങ് ഗവേഷകനും മലപ്പുറം പൊന്നാനി സ്വദേശിയുമായ ആര്‍. സൂരജ് സംസാരിക്കുന്നു.


കഴിഞ്ഞ വര്‍ഷം മെയിലാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ 'ബീഫ് ഫെസ്റ്റ്' നടത്തിയത്. ബീഫ് ഫെസ്റ്റ് എന്ന് അതിനെ വിളിക്കാന്‍ കഴിയുമോ എന്നറിയില്ല. ക്യാംപസിലെ ഹിമാലയ മെസിന്റെ ലോണില്‍ അന്‍പതോളം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുകൂടുകയും കേന്ദ്രസര്‍ക്കാര്‍ ആയിടയ്ക്ക് പുറത്തിറക്കിയ നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ പുറത്തുനിന്ന് എത്തിച്ച ബീഫ് എല്ലാവരും കഴിക്കുകയും ചെയ്തു. ഒരു സംഘടനയുടേയും ബാനറിന്റേയും കീഴിലായിരുന്നില്ല പരിപാടി. സാധാരണ ചെറിയ ബര്‍ത്ത്‌ഡേ പാര്‍ട്ടി പോലുള്ളതൊക്കെ നടക്കുന്ന ഒരു സ്ഥലമാണ് ഈ ലോണ്‍. അന്ന് ഒരാള്‍ മാത്രമാണ് സംസാരിച്ചത്. അതും അഞ്ചോ പത്തോ മിനിട്ട്. കന്നുകാലികളെ കശാപ്പുചെയ്യുന്നതിന് നിയമം കൊണ്ടുവരുന്നതോടെ ഭക്ഷണം എന്നതിലുപരി അത് ബാധിക്കുന്ന കര്‍ഷകരടക്കമുള്ള വലിയൊരു വിഭാഗമുണ്ട്. കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത കാലികളെ പിന്നെയും തീറ്റകൊടുത്ത് വളര്‍ത്താന്‍ പാവപ്പെട്ട കര്‍ഷകര്‍ക്ക് കഴിയില്ല. അതിനെ വില്‍ക്കുന്നതും അവര്‍ക്കൊരു വരുമാനമാണ്. അതിനെ വില്‍ക്കുമ്പോള്‍ അത് ഇറച്ചിക്കല്ല എന്ന് ഉറപ്പുവരുത്തണം എന്നൊക്കെ പറയുന്നത് അവര്‍ക്ക് ബുദ്ധിമുട്ടാണ്. അന്നത്തെ പ്രസംഗത്തിലും കര്‍ഷകരെയാണ് ഇത് കൂടുതല്‍ ബാധിക്കുക എന്നും അവര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന തരത്തിലുമാണ് പറഞ്ഞത്. അതിനുശേഷം ബീഫ് കഴിച്ച് എല്ലാവരും പിരിഞ്ഞു.
എന്നെ മര്‍ദ്ദിക്കുന്നതിന് മുന്‍പു തന്നെ ക്യാംപസില്‍ സംഭവത്തിന് നേതൃത്വം നല്‍കിയ ഓഷ്യന്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മനീഷ് കുമാറുമായി ബന്ധപ്പെട്ട് രണ്ട് സംഭവങ്ങളുണ്ടായിട്ടുണ്ട്. ബീഫ് ഫെസ്റ്റിന്റെ പിറ്റേന്ന് ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സസിലെ നിശാന്ത് മെസില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ മനീഷും കൂട്ടരും തടഞ്ഞു നിര്‍ത്തുകയും ബീഫ് ഫെസ്റ്റിന് പങ്കെടുത്തിരുന്നോ എന്നും ചോദിച്ചു. വേറെ ആരൊക്കെയാണ് ഉണ്ടായതെന്നും തട്ടിക്കയറുന്ന മാതിരി ചോദിച്ചു. തനിക്കറിയില്ല എന്നു പറഞ്ഞപ്പോള്‍ പിന്നെ ഭീഷണിയായി. അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ നിന്നെ കൊല്ലും എന്നായിരുന്നു ഭീഷണി. അപ്പോഴേക്കും വേറെ ആരൊക്കെയോ വന്ന് പിടിച്ചുമാറ്റി. ഇക്കാര്യം ചീഫ് സെക്യൂരിറ്റി ഓഫീസറെ അറിയിച്ചു. അദ്ദേഹം നേരിട്ട് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. അതിനുശേഷം സ്റ്റുഡന്റ് ഡീനിനോട് റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന് പരാതി നല്‍കുകയും ചെയ്തു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഡീന്‍ നിശാന്തിനെ വിളിപ്പിച്ചു. ചെന്നുനോക്കിയപ്പോള്‍ ഡീനിന്റെ കംപ്യൂട്ടറില്‍ നിശാന്തിന്റെ ഫേസ്ബുക്ക് പേജ് തുറന്നുവെച്ചിട്ടുണ്ട്. അതില്‍ ആര്‍.എസ്.എസിനേയും ബി.ജെ.പിയേയും വിമര്‍ശിക്കുന്ന കുറച്ചു പോസ്റ്റുകള്‍ ഉണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെ പൊളിറ്റിക്കലായിട്ടുള്ള പോസ്റ്റൊക്കെ ഇടുന്നത് എന്നായിരുന്നു ഡീനിന്റെ ചോദ്യം. നിങ്ങളിവിടെ പഠിക്കാനല്ലേ വരുന്നത്. ഇതൊക്കെ ഇപ്പോത്തന്നെ എടുത്തുമാറ്റൂ എന്നും പറഞ്ഞു. കൊടുത്ത പരാതിയില്‍ യാതൊരു തീരുമാനവും ആയതുമില്ല. അതിന്റെ പിറ്റേ ദിവസം മെക്കാനിക്കലിലെ അര്‍ജുനേയും മനീഷ് തടഞ്ഞുനിര്‍ത്തി ബീഫ് ഫെസ്റ്റിന്റെ കാര്യം ചോദിച്ചു. നിന്നോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല എന്ന് പറഞ്ഞ് അര്‍ജുന്‍ നടന്നുപോയി. മനീഷ് പിന്നാലെ പോയെങ്കിലും ബയോമെട്രിക് സംവിധാനമുള്ള ഹോസ്റ്റലായതിനാല്‍ അര്‍ജുന്‍ ളള്ളില്‍ കയറി. മനീഷിന് കയറാന്‍ പറ്റിയില്ല. അര്‍ജുനും ഇക്കാര്യം ഡീനിന്റെയടുത്ത് പരാതി നല്‍കിയിരുന്നു. ഈ രണ്ടു പരാതിയിലും യാതൊരു നടപടിയുമുണ്ടായില്ല.
ഇതിനു ശേഷമാണ് എന്റെ പ്രശ്‌നം വരുന്നത്. ഞാനും സുഹൃത്ത് അനൂപും കൂടി മെസില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞ് തൊട്ടടുത്ത ടേബിളില്‍ കുറച്ചാളുകള്‍ വന്നിരുന്നു. അതില്‍നിന്ന് ഒരാള്‍ ഞങ്ങളുടെ ടേബിളില്‍ വന്നിരുന്നു. അത് മനീഷ് കുമാറായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. എന്നോട് എന്താ പേര് എന്ന് ചോദിച്ചു, ഞാന്‍ പേര് പറഞ്ഞു. കുറച്ചുകഴിഞ്ഞ് ചോദിച്ചത് ''നീ ബീഫ് തിന്നാറുണ്ടോ'' എന്നാണ്. ഉണ്ട് എന്ന് മറുപടിയും പറഞ്ഞു. പിന്നെ ആ സംസാരം അത്ര സുഖകരമായി തോന്നാത്തതുകൊണ്ട് ഞാന്‍ അയാളെ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ തലയുടെ പുറകില്‍ അടികൊണ്ടു. അപ്രതീക്ഷിതമായിരുന്നു. എണീക്കാന്‍ ശ്രമിച്ചപ്പോള്‍ തലമുടി പിടിച്ചു തലയ്ക്കു പിന്നില്‍ അടിച്ചുകൊണ്ടിരുന്നു. സുഹൃത്ത് അനൂപ് പിടിച്ചുമാറ്റാന്‍ എണീറ്റപ്പോഴേക്കും തൊട്ടടുത്ത ടേബിളില്‍ ഇരുന്നവര്‍ അവനെ തടഞ്ഞുവെച്ചു. തലയ്ക്ക് അടികൊണ്ടപ്പോള്‍ ഞാന്‍ കൈകൊണ്ട് തല പൊത്തിപ്പിടിച്ചു. ആസമയത്താണ് കണ്ണിന് അടി കൊണ്ടത്. പിറകിലെ ടേബിളില്‍ ഇരുന്നവര്‍ വന്നാണ് പിടിച്ചുമാറ്റിയത്. ''ബീഫ് കഴിച്ചാല്‍ നിന്നെ ഞാന്‍ കൊല്ലും'' എന്ന് പിടിച്ചു മാറ്റി കൊണ്ടുപോകുമ്പോഴും അവന്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ആരോ ആംബുലന്‍സ് വിളിച്ച് എന്നെ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ ഒക്കെ കഴിഞ്ഞ് അരമണിക്കൂര്‍ ആയപ്പോഴേക്കും മനീഷും അവിടെ എത്തി. അവന്റെ കൈ ഒടിഞ്ഞു എന്നും പറഞ്ഞാണ് വന്നത്. എന്നെ അടിച്ച് പോകുന്ന വഴിക്ക് എന്റെ സുഹൃത്തു കൂടിയായ അസ്ഹറിനെ കണ്ടപ്പോള്‍ ആ കൈ ഉയര്‍ത്തി അവന്‍ അസ്ഹറിനേയും ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് പരിക്കു പറ്റി എന്നും പറഞ്ഞ് ആശുപത്രിയില്‍ എത്തിയത്. സുഹൃത്ത് അനൂപ് ആശുപത്രിയില്‍ മനീഷിനെ കണ്ടപ്പോള്‍ ''നിനക്ക് തല്ലണമെന്നുണ്ടെങ്കില്‍ ഇവിടെ വെച്ച് വേണ്ട, നീ ക്യാംപസിന്റെ പുറത്തേക്ക് വാ'' എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ അവന്‍ പറഞ്ഞത് ഞാന്‍ ഡീനിന്റെ അടുത്ത് സംസാരിച്ചിട്ടുണ്ട്, നിനക്ക് വേണ്ടുന്നത് നീ ചെയ്‌തോ എന്ന് ഡീന്‍ പറഞ്ഞിട്ടുണ്ട് എന്നാണ്. അതവന്‍ വെറുതെ പറഞ്ഞതാണോ ശരിക്കും പറഞ്ഞതാണോ എന്നറിയില്ല. പക്ഷേ, അങ്ങനെ പറഞ്ഞു.
ക്യാംപസ് ആശുപത്രിയില്‍നിന്ന് ശങ്കര നേത്രാലയത്തിലേക്ക് എന്നെ കൊണ്ടുപോയി. സ്‌കാന്‍ ചെയ്തതില്‍ കണ്ണിന് ഫ്രാക്ചര്‍ ഉണ്ടെന്ന് കണ്ടത്തി. അവിടെ കൂടുതല്‍ സൗകര്യങ്ങളില്ലായിരുന്നതിനാല്‍ അപ്പോളോയിലേക്ക് മാറ്റി. കണ്ണിന് ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്. കൂടുതല്‍ സ്‌ട്രെയിന്‍ എടുക്കാന്‍ പറ്റില്ല. ഓര്‍ബിറ്റല്‍ ഫ്രാക്ചറായിരുന്നു. പത്തു ദിവസത്തോളം അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞു. മൂന്നാഴ്ച വീട്ടിലും കഴിഞ്ഞു.

അന്വേണങ്ങള്‍ കണ്ടെത്തലുകള്‍ 

നീതിയുക്തമായിരുന്നില്ല അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍. പക്ഷപാതപരമായിരുന്നു പലതും. വിദ്യാര്‍ത്ഥികളും ചില അധ്യാപകരും പ്രതിഷേധമുയര്‍ത്തിയതിന്റെ ഭാഗമായാണ് കോളേജ് അഡ്മിനിസ്ട്രേനില്‍നിന്ന് ആള്‍ വന്ന് ആശുപത്രി ബില്ലുകള്‍ അടച്ചത്. സംഭവത്തിന്റെ പിറ്റേന്ന് ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെയില്‍ അയച്ചിരുന്നു. ''മെസില്‍ വെച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി'' എന്നാണ് ആ മെയിലില്‍ അദ്ദേഹം ഉപയോഗിച്ച വാക്ക്. ഈ സംഭവത്തില്‍ എവിടെയാണ് രണ്ടുപേര്‍ തമ്മില്‍ തര്‍ക്കമുണ്ടായത് എന്ന് അറിയില്ല. ഒരാള്‍ വന്ന് ഏകപക്ഷീയമായി കായികമായി അക്രമിക്കുകയാണ് ചെയ്തിട്ടുള്ളത്. അഡ്മിനിസ്ട്രേഷന്‍ പക്ഷപാതപരമായാണ് തുടക്കം മുതല്‍ പെരുമാറിയത് എന്നതിന്റെ തെളിവുകൂടിയാണിത്. 
അന്വേഷണക്കമ്മിഷന്‍ ഉണ്ടാക്കിയപ്പോള്‍ ഹോസ്റ്റല്‍ ഡിസിപ്ലിനറി കമ്മിറ്റി മീറ്റിങ് വിളിച്ചിരുന്നു. ആശുപത്രിയില്‍വെച്ച് മനീഷ് കുമാറിനെതിരെ ഭീഷണി മുഴുക്കി എന്ന കാരണത്തിന് അനൂപിന് താക്കീതും ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത മനീഷിന് ഗുരുതരമായ മുന്നറിയിപ്പും ആയിരുന്നു ശിക്ഷ. 
ഈ പ്രശ്‌നത്തില്‍ അഡ്മിനിസ്ട്രേഷന്‍ ഒരു ഫാക്ട് ഫൈന്റിങ്ങ് കമ്മിറ്റിയെ വെച്ചിരുന്നു. മെസില്‍ അന്ന് നടന്നത് എന്തായിരുന്നു എന്നാണ് പ്രധാനമായും നോക്കിയത്. പ്രാഥമിക വിവരങ്ങള്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് മെയിലും അയച്ചിരുന്നു. എന്നെ മര്‍ദ്ദിച്ചു പോകുന്ന വഴിക്ക് അസ്ഹറിനെ ഭീണിപ്പെടുത്തിയത് ഞാന്‍ പറഞ്ഞിരുന്നല്ലോ. ആ സംഭവം കാണിച്ച് അസ്ഹര്‍ മെയില്‍ അയച്ചപ്പോള്‍ മറുപടി വന്നത് മെസ്സിന്റെ ഉള്ളില്‍വെച്ച് സംഭവിച്ചത് മാത്രം പറഞ്ഞാല്‍ മതി എന്നാണ്. അത് കേള്‍ക്കാന്‍പോലും അവര്‍ തയ്യാറായില്ല. ആശുപത്രിയില്‍നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്ത് വീട്ടിലേക്കു പോകുന്ന സമയത്ത് എന്റെ രക്ഷിതാക്കളോട് ഡീന്‍ പറഞ്ഞത് ''എന്തായാലും നടപടിയെടുക്കും, അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെ ബന്ധപ്പെടും'' എന്നാണ്. അഥവാ സൂരജിനെ ഫോണില്‍ കിട്ടിയില്ലെങ്കിലോ എന്നു പറഞ്ഞ് പാരന്റ്സിന്റെ ഫോണ്‍ നമ്പറടക്കം വാങ്ങിവെച്ചു. കണ്ണിനു പ്രശ്‌നമുള്ളതുകൊണ്ട് ആ സമയത്ത് മെയില്‍ ഞാന്‍ ചെക്ക് ചെയ്തിരുന്നില്ല. വീട്ടില്‍ വിശ്രമത്തിലിരുന്ന സമയത്തൊന്നും അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്ന് ആരും ഫോണില്‍ ബന്ധപ്പെട്ടിരുന്നില്ല.
കുറച്ചു ദിവസം കഴിഞ്ഞ് ഫാക്ട് ഫൈന്റിങ് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്കയച്ച മെയിലില്‍ പറഞ്ഞത് ''രണ്ട് സെറ്റ് മെയില്‍ അയച്ചതില്‍ ഇത്ര പേര്‍ മറുപടി അയച്ചിട്ടുണ്ട്. മനീഷും സൂരജും മറുപടി ഒന്നും അയച്ചില്ല'' എന്നാണ്. ഇത് കണ്ടപ്പോള്‍ സുഹൃത്തുക്കള്‍ എന്നെ വിളിച്ച് മെയില്‍ ചെക്ക് ചെയ്യാന്‍ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ മെയില്‍ അയക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പാണ് എനിക്ക് രണ്ടാമത്തെ മെയില്‍ വരുന്നത്. ആ മെയിലില്‍ പറഞ്ഞിരിക്കുന്നത് ഇതിനു മുന്‍പ് അയച്ച മൂന്ന് മെയിലിന് തുടര്‍ച്ചയായിട്ടാണ് ഈ മെയില്‍ അയക്കുന്നത് എന്നാണ്. സത്യത്തില്‍ അത് രണ്ടാമത്തെ മെയിലായിരുന്നു. ഇതൊക്കെ വളരെ ആസൂത്രിതമായി ചെയ്യുന്നതുപോലെ എനിക്കു തോന്നി. എന്തൊക്കെയോ സാങ്കേതികമായി തെളിവുകളുണ്ടാക്കാന്‍ ശ്രമിക്കുന്നതുപോലെ. രണ്ട് മെയില്‍ മാത്രമാണ് വന്നതെന്നും എന്നോട് ഫോണില്‍ ബന്ധപ്പെടാം എന്നാണ് പറഞ്ഞത് എന്നൊക്കെയുള്ള കാര്യങ്ങള്‍ കാണിച്ച് ഞാന്‍ മറുപടിയും നല്‍കി. എനിക്ക് പറ്റാത്തതുകൊണ്ട് എന്റെ സഹോദരനെക്കൊണ്ടാണ് മെയില്‍ അയപ്പിച്ചത്.
ചികിത്സ കഴിഞ്ഞ് തിരിച്ച് ഞാന്‍ ക്യാംപസില്‍ എത്തിയപ്പോഴേക്കും ഫാക്ട് ഫൈന്റിങ് കമ്മിറ്റി ഹോസ്റ്റല്‍ ഡിസിപ്ലിനറി കമ്മിറ്റിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അവരാണ് തീരുമാനം എടുക്കേണ്ടത്. മീറ്റിങ്ങില്‍ എല്ലാ വാര്‍ഡന്മാരും ഡീനും ഗൈഡും എല്ലാവരും ഉണ്ടാകും. ആ മീറ്റിങ്ങില്‍, ഒരു ഫാക്കല്‍റ്റി ചോദിച്ചത് ''ക്യാംപസിനുള്ളില്‍വെച്ച് ബീഫ് കഴിച്ചത് ഐ.ഐ.ടിയുടെ പേരിന് കളങ്കമുണ്ടാക്കി എന്ന് നിങ്ങള്‍ക്കു തോന്നുന്നില്ലേ'' എന്നാണ്. ഞാന്‍ പലതും പ്രതീക്ഷിച്ചാണ് മീറ്റിങ്ങിനു പോയതെങ്കിലും ഈ രീതിയില്‍ തരം താഴുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 
ഡീന്‍ ചോദിച്ചത്  ''വീട്ടുകാര്‍ ബീഫ് കഴിക്കാറുണ്ടോ'' എന്നാണ്. ''വീട്ടില്‍ വെജിറ്റേറിയനാണ്, ഞാനും സഹോദരനും കഴിക്കാറുണ്ട്''എന്ന് മറുപടി പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം ''വീട്ടില്‍ വെച്ച് കഴിക്കാന്‍ അവര്‍ സമ്മതിക്കാറുണ്ടോ'' എന്നാണ്. ''വീട്ടില്‍ വെച്ച് കഴിക്കാറുണ്ട്, അതവര്‍ക്ക് പ്രശ്‌നമല്ല'' എന്ന് ഞാന്‍ പറഞ്ഞു. ഇതില്‍ കൂടിയെല്ലാം എനിക്ക് മനസ്സിലായത് ബീഫ് കഴിക്കുന്നത് എന്തോ തരംതാണ ഏര്‍പ്പാടാണ് എന്ന് വരുത്താനുള്ള ശ്രമമാണെന്നാണ്.
പിന്നീട് മീറ്റിങ്ങില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് ഞാന്‍ പ്രകോപിതനാക്കിയതുകൊണ്ടാണ് മനീഷ് അക്രമിച്ചത് എന്നാണ്. ഇതില്‍ എന്താണ് എന്റെ പ്രകോപനം എന്ന് എനിക്കറിയില്ല. ചോദ്യങ്ങളെല്ലാം ഈ രീതിയിലായിരുന്നു. മാനസികമായി ഒരുതരത്തില്‍ പീഡനം തന്നെയായിരുന്നു അവിടുത്തെ ചോദ്യങ്ങളും ആ മീറ്റിങ്ങും. ബീഫ് ഫെസ്റ്റ് വഴി ഇവിടുത്തെ ഒരു വിഭാഗം കുട്ടികളുടെ വികാരം വ്രണപ്പെട്ടു എന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നും വലതുപക്ഷ ആശയമുള്ള കുറച്ചുപേരും അഭിപ്രായപ്പെട്ടു. ഞങ്ങള്‍ ഭക്ഷണം കഴിച്ചതുകൊണ്ട് ആര്‍ക്കാണ് വേദനിച്ചത് എന്നറിയില്ല.

ജെയിന്‍ മെസും വിവാദങ്ങളും 

ആ സമയത്തുണ്ടായ ഒരു പ്രധാന ആരോപണം ജെയിന്‍ മെസ്സില്‍ വെച്ച് ബീഫ് കഴിച്ചു എന്നതാണ്. ജെയിന്‍ മെസ് എന്നത് ആ സമയത്ത് തെറ്റിദ്ധാരണയുണ്ടാക്കിയ ഒരു സംഭവമായിരുന്നു. അത് ഒരു പ്രത്യേക വിഭാഗത്തിനുവേണ്ടിയുള്ള മെസ്സൊന്നുമല്ല. ഈ സംഭവത്തിനുശേഷം ജെയിന്‍ മെസ് എന്ന പേര് ദുരുപയോഗം ചെയ്തതായി തോന്നിയത് കൊണ്ട് ഐ.ഐ.ടി. തന്നെ ഇപ്പോ അതിന്റെ പേര് മാറ്റി ''ഫുഡ് വിത്തൗട്ട് ഒനിയന്‍ ആന്റ് ഗാര്‍ലിക്'' എന്നാക്കി. ആ മെസ്സില്‍ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിക്കില്ല എന്നു മാത്രമേ ഉള്ളൂ. അവിടെത്തന്നെ മൂന്ന് കൗണ്ടര്‍ ഉണ്ട്. ഒരു കൗണ്ടറില്‍നിന്നാണ് ഉള്ളി ഉപയോഗിക്കാത്ത ഫുഡ് കിട്ടുന്നത്. മറ്റൊന്ന് സാധാരണ ഫുഡ് കൗണ്ടറും ആണ്. ആവശ്യത്തിനുള്ളത് വാങ്ങി ടേബിളില്‍ ഒരുമിച്ചിരുന്നു കഴിക്കുന്നതാണ് രീതി. ഈ രണ്ടു കൗണ്ടറിനു പുറമെ നോണ്‍ വെജ് കിട്ടുന്ന ഒരു കൗണ്ടര്‍ കൂടിയുണ്ട്. നോണ്‍ വെജ് വേണമെങ്കില്‍ എക്സ്ട്രാ പൈസ കൊടുത്തു വാങ്ങണം എന്നുമാത്രം.

ക്യാംപസിനു പുറത്തെ കേസുകള്‍ 

സംഭവം നടന്ന ഉടനെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മനീഷും എനിക്കെതിരെ കൗണ്ടര്‍ കേസ് കൊടുത്തിരുന്നു. കേസില്‍ കേന്ദ്രസര്‍ക്കാറിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു അത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയടക്കം എനിക്കെതിരെ ട്വീറ്റ് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ ആ സമയത്ത് ഒരു ഉറപ്പുള്ള സര്‍ക്കാര്‍ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ വ്യക്തമായ ഒരു നിലപാട് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. പരാതി കൊടുത്ത ആദ്യ ദിവസം പൊലീസ് കൃത്യമായി കാര്യങ്ങള്‍ ചെയ്തിരുന്നു. പക്ഷേ, പിന്നീട് മെല്ലെപ്പോക്കായിരുന്നു. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടാണ് എഫ്.ഐ.ആര്‍. തയ്യാറാക്കുന്നത്. പിന്നീട് തുടരന്വേഷണവും കാര്യമായി നടന്നില്ല. രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ടായിരിക്കാം. മദ്രാസ് ഹൈക്കോടതിയില്‍ ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനി പരാതി സമര്‍പ്പിച്ചിരുന്നു. ഈ കേസില്‍ ഐ.ഐ.ടിയോട് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപനത്തോടും പൊലീസിനോടും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ആവശ്യപ്പെട്ടുകൊണ്ട് വേറെ രണ്ടു വിദ്യാര്‍ത്ഥികള്‍ റിട്ടും ഫയല്‍ ചെയ്തിരുന്നു. സ്ഥാപനത്തിന്റെ അന്വേഷണം പോലെ ഇതിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

ഐ.ഐ.ടിയുടെ സവര്‍ണ്ണ അജന്‍ഡ

സംഭവം നടന്നുകഴിഞ്ഞും അഡ്മിനിസ്ട്രേഷന്റെ ഭാഗത്തുനിന്നും നിഷ്പക്ഷമായ ഒരു നടപടിയുണ്ടാകുകയോ സംഭവത്തിനെതിരെ പ്രതികരണം ഉണ്ടാകുകയോ ചെയ്തില്ല. ഒരുപക്ഷേ, രാഷ്ട്രീയമില്ല എന്നു പറയുന്നവരുടെ രാഷ്ട്രീയമായിരിക്കാം അത്. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളില്‍ പ്രോ ഹിന്ദു-പ്രോ ബ്രാഹ്മണിക്കല്‍ അജന്‍ഡ നിലനില്‍ക്കുന്നുണ്ട്. ചില കാര്യങ്ങളില്‍ പ്രത്യക്ഷത്തില്‍ അത് പ്രകടമായിരിക്കും. മറ്റ് ചിലതില്‍ അത് പ്രകടമായിരിക്കില്ല. പക്ഷേ, അത് ഉണ്ട് എന്നത് സത്യമാണ്. ആ സ്വഭാവം വെച്ച് നിര്‍ണ്ണയിക്കപ്പെടുന്ന രാഷ്ട്രീയവും അവിടെ ഉണ്ടാകും. എത്രതന്നെ രാഷ്ട്രീയമില്ല എന്ന് പുറമെ പറഞ്ഞാലും. സ്വയംഭരണ സ്ഥാപനമാണെങ്കിലും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഉണ്ട്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സമ്മര്‍ദ്ദവും ഉണ്ടാവാം. ചികിത്സയൊക്കെ കഴിഞ്ഞ് വന്നപ്പോള്‍ പലയിടത്തുനിന്നും പല പ്രതികരണങ്ങളും ഉണ്ടായിരുന്നു. എനിക്ക് പരിചയമുള്ള ഒരു മലയാളി ഫാക്കല്‍റ്റിയെ കണ്ടപ്പോള്‍ സുഖവിവരങ്ങളെല്ലാം അദ്ദേഹം ചോദിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞത് ''വെറുതെ വികൃതി കാണിക്കാന്‍ പോയിട്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്'' എന്നാണ്. ഇതിനോട് ചേര്‍ന്ന് മറ്റൊരു സംഭവം പറയാം, ഹോസ്റ്റലില്‍ ക്ലീനിങ്ങിനു വരുന്നയാള്‍ എന്നോട് ഇതുപോലെ തന്നെ വിവരങ്ങളൊക്കെ അന്വേഷിച്ചു. അതിനുശേഷം അയാള്‍ പറഞ്ഞത് ''ഭക്ഷണം കഴിക്കുന്നതിനൊക്കെ എന്താണ് പ്രശ്‌നം'' എന്നാണ്. വിദ്യാഭ്യാസം കൂടുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങള്‍ ചിലരില്‍നിന്നും കിട്ടിക്കൊള്ളണമെന്നില്ല. 
ഒരു ഫാസിസ്റ്റ് സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. ''ഹിന്ദുമതത്തില്‍പ്പെട്ടവര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി, ഞങ്ങളുടേതാണ് ഉയര്‍ന്ന സംസ്‌കാരം'' എന്നൊക്കെ പറയുന്ന ഒരു രീതിയാണ്. അതിന്റെ ചെറിയ രീതിയിലുള്ള ചിന്തകള്‍ കേരളത്തിലടക്കം നിലനില്‍ക്കുന്നുണ്ട്. ഐ.ഐ.ടികളിലും അതുണ്ട്. ഒരുകാലത്ത് ഇവിടെ പ്രൊഫസര്‍മാരായി ഒക്കെ വന്നത് അതാത് കാലത്ത് പഠിക്കാനൊക്കെ അവസരം കിട്ടിയവരായിരിക്കും. അത് സ്വാഭാവികമായും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരുമായിരിക്കും. അവര്‍ വിദ്യാര്‍ത്ഥികളില്‍ കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളുമൊക്കെ ആ മാനസികാവസ്ഥയില്‍ നിന്നുകൊണ്ടുള്ളതായിരിക്കും. അതുകൊണ്ടു തന്നെ പ്രോ ബ്രാഹ്മണിക്കല്‍ സ്വഭാവം ഐ.ഐ.ടികള്‍ക്കുള്ളില്‍ നിലനില്‍ക്കുന്നുണ്ട്. അതിനെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികളുടെ ശബ്ദങ്ങളെയായിരിക്കും സ്വാഭാവികമായും അവര്‍ പിന്തുണയ്ക്കുക. അതിനെതിരെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ താഴ്ത്തിക്കെട്ടാനും ശ്രമിക്കും. കേന്ദ്രത്തില്‍ ബി.ജെ.പി അല്ല ഭരിക്കുന്നതെങ്കിലും ഈ സ്ഥിതിയില്‍ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. കേന്ദ്രത്തില്‍നിന്നുള്ള സമ്മര്‍ദ്ദം കുറയുമെങ്കിലും ഐ.ഐ.ടികളില്‍ നിലനില്‍ക്കുന്ന വ്യവസ്ഥ അവിടെത്തന്നെയുണ്ടാകും. ഞങ്ങള്‍ ഇവിടെ ഒരു ബീഫ് ഫെസ്റ്റ് നടത്തുകയും അത് ചര്‍ച്ചയാക്കുകയും ചെയ്യുന്നത് ശരിയായില്ല എന്നാണ് അഡ്മിനിസ്ട്രേഷന്‍ പറയുന്നതെങ്കില്‍ അതിനര്‍ത്ഥം രാജ്യത്തെ കര്‍ഷകര്‍ക്കെതിരേയും സാധാരണക്കാര്‍ക്കെതിരേയും കൊണ്ടുവരുന്ന നിയമങ്ങളെക്കുറിച്ച് നിങ്ങള്‍ ചര്‍ച്ച ചെയ്യരുത് എന്ന് പറയുമ്പോലെ തന്നെയാണ്. അതൊരു ഫാസിസ്റ്റ് മനോഭാവമാണ്. ഐ.ഐ.ടിയുടെ ബ്രാഹ്മണിക്കല്‍ സ്വഭാവത്തെ കളിയാക്കിക്കൊണ്ട് 'അയ്യര്‍ അയ്യങ്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി' എന്നു പറയാറുണ്ട്.
ഒരു മിനിമം ഇന്‍കം ഗ്രൂപ്പിന് താഴെയുള്ളവരുടെ പ്രാതിനിധ്യം ഐ.ഐ.ടികളില്‍ ഇപ്പോഴും തീരെ കുറവാണ്. എത്രയൊക്കെ സംവരണം വെച്ചാലും അതാത് ഗ്രൂപ്പുകളിലെ ഉയര്‍ന്ന വരുമാനമുള്ളവരായിരിക്കും വരിക. ബിടെക്കിനെ ഒക്കെ താരതമ്യം ചെയ്യുമ്പോള്‍ പി.എച്ച്.ഡി., പി.ജി. കോഴ്സുകളിലാണ് കുറച്ചെങ്കിലും താഴ്ന്ന വരുമാനക്കാര്‍ ഇവിടെ എത്തിപ്പെടുന്നത്. ഇപ്പോഴും സാങ്കേതിക വിദ്യാഭ്യാസം എലൈറ്റ് ഗ്രൂപ്പിനു മാത്രം പ്രാപ്യമാകുന്ന തരത്തിലാണ്.

ചോദ്യങ്ങള്‍ അരുത് 

ഇന്നത്തെ കാലത്ത് ഐ.ഐ.ടികളൊക്കെ വളര്‍ത്തിക്കൊണ്ടുവരുന്നത് ഗവേഷണ കേന്ദ്രങ്ങളായിട്ടാണ്. ചോദ്യം ചെയ്യുക എന്നത് സംസ്‌കാരത്തിന്റെ ഭാഗമാക്കുക എന്നതാണ് നല്ല റിസര്‍ച്ച് ഉണ്ടാക്കിയെടുക്കാന്‍ വേണ്ടി ചെയ്യാവുന്ന കാര്യം. ഇവിടെ നേരെ തിരിഞ്ഞാണ് വരുന്നത്. ഈ അടുത്തുനടന്ന ഒരു സംഭവം പറയാം. ലേഡീസ് ഹോസ്റ്റലില്‍ ഒരു കുട്ടി സോഫയില്‍ കിടന്നുറങ്ങി. ആ കുട്ടിക്ക് മാനസികമായ എന്തോ ബുദ്ധിമുട്ട് തോന്നി റൂമില്‍ ഒറ്റയ്ക്ക് കിടക്കാന്‍ പേടി തോന്നിയതുകൊണ്ടോ മറ്റോ ആണ് അങ്ങനെ കിടന്നത്. അത് പരാതിയായി ഡിസിപ്ലിനറി കമ്മിറ്റിയിലേക്ക് വന്നു. 20,000 രൂപ പിഴയടക്കാനാണ് നിര്‍ദ്ദേശിച്ചത്. ഈ കുട്ടിയുടെ സുഹൃത്തുക്കള്‍ ഡീനിന്റെ അടുത്ത് ഇത് ചോദിക്കാന്‍ ചെന്നു. നിങ്ങളതൊന്നും ചോദിക്കേണ്ട കാര്യമില്ല, തിരിച്ചുപോയ്‌ക്കോ എന്നു പറഞ്ഞ് ഇവരുടെ ഓരോരുത്തരുടേയും ഗൈഡിനെ വിളിച്ച് ഈ കുട്ടികള്‍ ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ട്, അതൊന്നും വേണ്ട, അവരരവരുടെ വര്‍ക്കില്‍ ശ്രദ്ധിക്കാന്‍ പറയൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതാണ് ഒരു ആറ്റിറ്റിയൂഡ്. ചോദ്യം ചെയ്യാന്‍ പാടില്ല എന്നത്. ഞങ്ങള്‍ പറയുന്നത് അനുസരിച്ചുകൊള്ളുക എന്നതാണ് മനോഭാവം.

നിശ്ശബ്ദത കുറ്റമാണ് 

എനിക്കു നേരിട്ടപോലുള്ള പ്രശ്‌നങ്ങള്‍ ഉത്തരേന്ത്യയിലൊക്കെ നടക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. ബീഫ് കഴിച്ചതിന്റെ പേരിലും കയ്യില്‍ വെച്ചതിന്റെ പേരിലും ഒക്കെ ഉണ്ടാകുന്ന അക്രമങ്ങള്‍. അപ്പോഴൊക്കെ ദൂരെ എവിടെയോ നടക്കുന്ന ഒരു കാര്യമായിട്ടാണ് പലപ്പോഴും കണ്ടിട്ടുള്ളത്. ഈ ഒരു സംഭവത്തോടെ നമ്മുടെ അടുത്തു നടക്കുന്ന, അല്ലെങ്കില്‍ നമ്മളുള്‍പ്പെടുന്ന സമൂഹത്തില്‍ നടക്കുന്ന കാര്യമായി അത് മാറി. കേരളത്തിലെ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്ല എന്നല്ല പക്ഷേ, അതിന്റെ രീതിമാറ്റമാണ്. നിങ്ങള്‍ ഏത് പശ്ചാത്തലത്തില്‍നിന്നു വരുന്നു, എന്താണ് നിങ്ങളുടെ സംസ്‌കാരം, എന്താണ് ജീവിതരീതി-ഇതിനെയൊക്കെ അനുസരിച്ച് നിങ്ങള്‍ക്ക് തല്ലുകൊള്ളാം, തല്ലുകൊള്ളാതിരിക്കാം എന്ന രീതിയിലാണ് ഇവിടുത്തെ കാര്യങ്ങള്‍. നിങ്ങളുടെ ജീവിതരീതി നോക്കി നിങ്ങളെ ആക്രമിക്കുന്നത് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളിലാണ്. അതും ഐ.ഐ.ടി പോലെ തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകേണ്ട ഒരിടത്ത്. അതുകൊണ്ടുതന്നെ നമ്മള്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണിതൊക്കെ. പുറത്ത് എന്തു നടന്നാലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനുള്ളില്‍ സംരക്ഷണം കിട്ടും എന്ന തോന്നല്‍ നമുക്കുണ്ടായിരുന്നു. അതൊക്കെയാണ് ഇല്ലാതായിപ്പോയത്. വ്യക്തിപരമായി നോക്കുകയാണെങ്കില്‍ ഞാന്‍ ഏറ്റവും ഭാഗ്യവാനാണ്. ബാക്കി ബീഫിന്റെ പേരിലുള്ള പ്രശ്‌നങ്ങളില്‍ അടിച്ചുകൊല്ലുകയാണ് ചെയ്തിട്ടുള്ളത്. ആ രീതിയില്‍ നോക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാനാണ്. അതുമാത്രമല്ല, ട്രീറ്റ്മെന്റും സൗകര്യങ്ങളും ഒക്കെ കിട്ടി. പലപ്പോഴും അക്രമിക്കപ്പെടുന്നവര്‍ താഴ്ന്ന വരുമാനം ഉള്ളവരോ താഴ്ന്ന ജാതിയില്‍പ്പെട്ടവരോ ആയിരിക്കും. പരിക്കുപറ്റിയാല്‍പ്പോലും അവരുടെ ചികിത്സയും മറ്റും വളരെ ദയനീയമായിരിക്കും.
പ്രശ്‌നങ്ങളൊക്കെ നമുക്ക് അടുത്ത് എത്തി. നമുക്ക് പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല. സൈലന്‍സ് എന്നത് ഒരു ഓപ്ഷനല്ലാത്ത കാലമാണിത്. വലതുപക്ഷ കക്ഷികള്‍ ഒരിക്കലും ഒരു ഡവലപ്മെന്റല്‍ അജന്‍ഡ മുന്നോട്ട് വെക്കുന്നില്ല. ഹിന്ദുക്കളല്ലാത്തവരോടുള്ള വിദ്വേഷം മാത്രമാണ്. അത് നമ്മള്‍ തിരിച്ചറിയണം.
എന്റെ കേസില്‍ നല്ല രീതിയിലുള്ള പ്രതിഷേധം വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്നുണ്ടായി. അങ്ങനെയുണ്ടായിരുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ മനീഷിനെ അടിച്ചു, ആ സമയത്ത് എനിക്കും പരിക്കുപറ്റി എന്ന രീതിയിലേക്ക് അഡ്മിനിസ്ട്രേഷന്‍ കാര്യങ്ങള്‍ ചിലപ്പോള്‍ മാറ്റിയേനെ. ഈ സംഭവം നടന്നുകഴിഞ്ഞുള്ള മെന്റല്‍ ട്രോമ മറികടക്കാനും വിദ്യാര്‍ത്ഥികളുടെ ഇടയില്‍നിന്നുള്ള പ്രതികരണം തന്നെയാണ് കാരണമായത്. ആ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനും മാക്‌സിമം നോക്കിയിട്ടുണ്ടായിരുന്നു. ഡീനടക്കം വരെ വന്ന് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ മാറാതെ പ്രതിഷേധം തുടര്‍ന്നു. ഗൈഡ് വഴി വിദ്യാര്‍ത്ഥികളെ ഒതുക്കാന്‍ എളുപ്പമാണ്. അതൊക്കെ അവഗണിച്ചാണ് അവര്‍ പ്രതിഷേധത്തിനു നിന്നത്. പലരും പല രാഷ്ട്രീയമുള്ളവരായിരുന്നു. പക്ഷേ, ഈ വിഷയത്തില്‍ അവരെല്ലാം ഒരുമിച്ചുനിന്നു.

താടിയും പ്രായവും 

സംഭവം നടക്കുന്ന സമയത്ത് എനിക്ക് നല്ല താടിയുണ്ടായിരുന്നു. അതും വലിയൊരു ആരോപണം ആയിരുന്നു ആ സമയത്ത്. ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഹോസ്പിറ്റലിന്റെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കാണാന്‍ വന്നിരുന്നു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അദ്ദേഹം എന്നോട് പറയുകയാണ്, എന്തിനാണ് ഇത്രയധികം താടിവെച്ചിരുന്നത്. ഞാന്‍ വിചാരിച്ചത് നിങ്ങളൊരു മുസ്ലിമാണെന്നാണ്. എനിക്കതിന് മറുപടി പറയാന്‍പോലും കഴിഞ്ഞില്ല. താടിവെച്ചുകഴിഞ്ഞാല്‍ ഭീകരവാദിയാണ് എന്നാണ്. താടിയില്‍ത്തന്നെ വ്യത്യാസങ്ങളുണ്ട്. ബാബാ രാംദേവിന്റെയൊക്കെ താടിക്ക് കുഴപ്പമൊന്നുമില്ല. ഇനി അതിന്റെ ഷേപ്പിലാണോ കുഴപ്പം എന്നറിയില്ല.
പിന്നെ പ്രായത്തിനെച്ചൊല്ലിയായിരുന്നു ആരോപണങ്ങള്‍. ഇത്ര വയസ്സുവരെയേ പഠിക്കാന്‍ പാടുള്ളൂ എന്ന് ഇവിടെ ഏജ് ക്രൈറ്റീരിയ ഇല്ല. ഞാന്‍ എം.എസും ഇവിടെത്തന്നെയാണ് പഠിച്ചത്. അതുകഴിഞ്ഞ് പി.എച്ച്.ഡിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഇവിടുത്തെ അധ്യാപകരൊക്കെ പറഞ്ഞത് വേണെമങ്കില്‍ കുറച്ചുകാലം ജോലി ചെയ്ത് വന്നിട്ട് പി.എച്ച്.ഡി. ചെയ്‌തോളൂ എന്നാണ്. അതായത് ഇതിനൊന്നും ഒരു പ്രായവുമില്ല. ഞാന്‍ ഐ.ഐ.ടിയില്‍ അഡ്മിഷന്‍ നേടിയത് പിന്‍വാതില്‍ വഴിയല്ല. 
എപ്പോ ചെയ്യണം എന്നത് സ്വയം തീരുമാനമാണ്. ഞാന്‍ ചെയ്യുന്ന റിസര്‍ച്ച് വര്‍ക്കിന് പൈസ തരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. അത് റിസര്‍ച്ച് ചെയ്യുന്നതിന് തരുന്ന പൈസയാണ്. വെറുതെ തരുന്നതല്ല. ഇവിടെ നമ്മള്‍ ഒരു പ്രൊഡക്ടിന് പേറ്റന്റ് ഉണ്ടാക്കുകയാണെങ്കില്‍ അതിന്റെ പകുതി ഐ.ഐ.ടിക്കാണ്. പ്രൊഡക്ടീവായി വര്‍ക്ക് ചെയ്യുകയാണ് പി.എച്ച്.ഡി ചെയ്യുക എന്നാല്‍. അതിന്റെ റിട്ടേണ്‍സ് അവരെടുത്തുകൊണ്ടുതന്നെയാണ്  അതിനുള്ള പൈസ നമ്മള്‍ക്ക് തരുന്നത്. 
ഇത്രയും ഗുരുതരമായ സംഭവങ്ങള്‍ക്കിടയില്‍ എന്റെ പ്രായത്തെക്കുറിച്ചൊക്കെ ചര്‍ച്ച വരുന്നത് മറ്റ് വിഷയത്തില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി മാത്രമുളളതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com