'ചിലപ്പോള്‍ ചിലതൊക്കെ പബ്ലിഷര്‍ക്ക് നിര്‍ത്തേണ്ടിവരും, അല്ലെങ്കില്‍ എഡിറ്റര്‍ക്ക്' ; എംടി-മധുസൂദനന്‍ നായര്‍ ദീര്‍ഘ സംഭാഷണം

'ചിലപ്പോള്‍ ചിലതൊക്കെ പബ്ലിഷര്‍ക്ക് നിര്‍ത്തേണ്ടിവരും, അല്ലെങ്കില്‍ എഡിറ്റര്‍ക്ക്' ; എംടി-മധുസൂദനന്‍ നായര്‍ ദീര്‍ഘ സംഭാഷണം
ചിത്രങ്ങള്‍: ടിപി സൂരജ്, എക്‌സ്പ്രസ്‌
ചിത്രങ്ങള്‍: ടിപി സൂരജ്, എക്‌സ്പ്രസ്‌

അനില്‍: എസ്. ഹരീഷിന്റെ 'മീശ' എന്ന നോവല്‍ വളരെ ചര്‍ച്ച ആയിരിക്കുകയാണല്ലോ? 

എം.ടി: ഞാന്‍ അത് വായിച്ചിട്ടില്ല. വായിച്ചാല്‍ മാത്രമേ പറയാവൂ. അതിന് രണ്ട് വശമുണ്ട്. ഓതറുടെ സ്റ്റാന്‍ഡ് പിന്നെ പബ്ലിഷറുടെ സ്റ്റാന്‍ഡ്. അതൊന്നും പ്രശ്‌നമൊന്നുമല്ല, എന്നുവച്ചാല്‍ പബ്ലിഷര്‍ക്ക് പ്രസിദ്ധീകരിക്കാം, അതല്ല ഇത് ബുദ്ധിമുട്ടാവുമെന്ന് വിചാരിച്ചാല്‍ ഓതര്‍ക്ക് പിന്‍വലിക്കാം. ഇതില്‍ രണ്ടും നടന്നിട്ടുണ്ട്. നമുക്ക് അതിനെക്കുറിച്ച് ഒരഭിപ്രായം പറയണമെങ്കില്‍ ആ അദ്ധ്യായം വായിക്കേണ്ടേ? ഞാന്‍ അത് വായിച്ചിട്ടില്ല. ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നില്ല. 

അനില്‍: ഒരു എഡിറ്റര്‍ എന്ന നിലയ്ക്ക് താങ്കള്‍ എങ്ങനെ കാണുന്നു? പബ്ലിഷര്‍ക്ക് അത് പിന്‍വലിക്കാമെന്നാണോ? 

എം.ടി: ഇപ്പോള്‍ ഞാനാണ് എഡിറ്ററായിട്ട് ഇരിക്കുന്നതെങ്കില്‍ എനിക്ക് അതിനെക്കുറിച്ച് ഒരു ജഡ്ജ്‌മെന്റുണ്ട്. പബ്ലിഷ് ചെയ്തതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ തീരുമാനിക്കുകയാണെങ്കില്‍  പ്രശ്‌നമില്ല. ഞാന്‍ പിന്‍വലിച്ചിട്ടുണ്ട്. ഇതിന്റെ പേരിലല്ല. ഞാന്‍ എഡിറ്ററായിരുന്ന കാലത്ത് ഒരു നോവല്‍ പിന്‍വലിച്ചിട്ടുണ്ട്. രാജലക്ഷ്മിയുടെ രണ്ടാമത്തെ നോവല്‍. അത് അവരുടെ നിര്‍ബന്ധം കൊണ്ടാണ്. പബ്ലിഷ് ചെയ്യാന്‍ തുടങ്ങി മൂന്ന് ഇഷ്യു കഴിഞ്ഞു. ഇന്നത്തെ മാതിരിയുള്ള കമ്യൂണിക്കേഷനല്ല. ഒരുപാട് കമ്പികളൊക്കെ വന്ന് 'പ്ലീസ് സ്റ്റോപ്പ്... പ്ലീസ് സ്റ്റോപ്പ്' എന്നു പറഞ്ഞു. അതവരുടെ എന്തോ ചില കുടുംബപ്രശ്‌നങ്ങളായിരുന്നു. എഴുതിയ ആള്‍ നിര്‍ബന്ധമായി വേണ്ടാ എന്നു പറഞ്ഞപ്പോള്‍,  ഞങ്ങള്‍ സ്റ്റോപ്പ് ചെയ്തു. എന്തുകൊണ്ടാണെന്ന് ഞങ്ങള്‍ പറഞ്ഞില്ല. 

അനില്‍: അത് ഏത് നോവലായിരുന്നു? 'ഒരുവഴിയും കുറെ നിഴലുകളു'മാണോ?

എം.ടി: അതിനുശേഷം വന്ന 'ഉച്ചവെയിലും ഇളനിലാവും'. പില്‍ക്കാലത്ത് ആ പുസ്തകം വന്നു എന്നു തോന്നുന്നു. 

അനില്‍: ഹരീഷ് ആവശ്യപ്പെട്ടതനുസരിച്ച് പിന്‍വലിച്ചതാണ് എന്നാണ് 'മാതൃഭൂമി' പറയുന്നത്. 

എം.ടി: എന്നാണ് ഒറ്റനോട്ടത്തില്‍ ഞാന്‍ കണ്ടത്, 

അനില്‍: പക്ഷേ, ഇതിന് ഒരു മറുവശമില്ലേ. ഹരീഷ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് എഴുത്തുകാരന് നേരെയും കുടുംബാംഗങ്ങള്‍ക്കു നേരെയും ഉള്ള ഭീഷണിയെത്തുടര്‍ന്നാണ്. എഴുത്തുകാരന് നേരെ അത്തരമൊരു ഭീഷണി ഉയര്‍ത്തുന്നത് എത്രത്തോളം ആശാസ്യമാണ്. 

എം.ടി: അതിപ്പോ മറ്റ് ഭാഷകളിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ. പലയിടത്തും സംഭവിച്ചിട്ടുണ്ട്. ചിലര്‍ പിന്‍വലിച്ചു. 

മധുസൂദനന്‍ നായര്‍: ചിലരെ നിരോധിച്ചു. 

എം.ടി: ചിലരെ കൊന്നു. 

മധുസൂദനന്‍ നായര്‍: ഇത് എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. 
എഴുത്തുകാരന്‍ എഴുതും. എഴുത്തുകാരന് തടവുശിക്ഷ കിട്ടിയിട്ടുണ്ട്. നിരോധനം വന്നിട്ടുണ്ട്. നാട് കടത്തിയിട്ടുണ്ട്. 

എം.ടി: ഞാന്‍ അത് മുഴുവന്‍ വായിച്ചാല്‍ മാത്രമേ പറയാന്‍ പറ്റൂ. നമ്മുടെ നാട്ടില്‍ത്തന്നെ തിരുവിതാംകൂറില്‍നിന്ന് സ്വദേശാഭിമാനിയെ നാടുകടത്തി. ചിലതൊക്കെ നിരോധിക്കല്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. സര്‍ സി.പിയുടെ കാലത്ത്. തമാശ അതല്ല. നിരോധിച്ചത് പ്രേമലേഖനങ്ങള്‍ പോലുള്ള പുസ്തകങ്ങളാണ്. 
മധുസൂദനന്‍ നായര്‍: അതുണ്ട്. പിന്നെ പൊന്‍കുന്നം വര്‍ക്കി ജയിലില്‍ കിടന്നിട്ടുണ്ട്. 

എം.ടി: ബഷീര്‍ എന്നിട്ട് ഒരു കത്തൊക്കെ അയച്ചിട്ടുണ്ട്. പട്ടംതാണുപിള്ള വന്നപ്പോള്‍. ഇങ്ങനെ ഒരു നിരോധനം ഉണ്ട്, അത് നീക്കത്തരണമെന്നു പറഞ്ഞ്. ബഷീറിന്റെ കംപ്ലീറ്റ് വര്‍ക്ക്‌സില്‍ അതുണ്ട്. എല്ലാ ദിക്കിലും ഇതു സംഭവിക്കുന്നു. അതിന്റെ പശ്ചാത്തലം  ഓരോന്ന് എന്താണ് അതിന്റെ പശ്ചാത്തലം എന്താണെന്ന് അറിയില്ല.  ഞാന്‍ അത് ഫോളോ ചെയ്തിട്ടില്ല. 
മധുസൂദനന്‍ നായര്‍: Aleksandr Solzhenitsyn പുസ്തകങ്ങള്‍ക്ക് ഇതുപോലെ തടസ്സം നേരിട്ടിട്ടുണ്ട്. വളരെ മുന്‍പ് റോമില്‍ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. എല്ലാ കാലവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. നാടുകടത്തപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത് ഒരു ദേശത്ത് മാത്രമല്ല, എല്ലാ ദേശത്തുമുള്ളതാണ്. 

എം.ടി: കവിത ഇടയ്ക്കുവച്ച് സ്റ്റോപ്പ് ചെയ്തില്ലേ നിങ്ങളുടെ വാരിക. പ്രഭാവര്‍മ്മയുടെ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്ന കവിത പെട്ടെന്ന് സ്റ്റോപ്പ് ചെയ്തു. ഒരു കുറിപ്പ് സഹിതം. 
അനില്‍: അതിന്റെ കൂടി പശ്ചാത്തലത്തിലുള്ള ചോദ്യമാണ്.

എം.ടി: പത്രാധിപരുടെ റൈറ്റ് ഉപയോഗിച്ച് അങ്ങനെ ചെയ്യാവുന്നതാണ്. 

മധുസൂദനന്‍ നായര്‍: പത്രാധിപര്‍ സ്വാച്ഛേയാ നിര്‍ത്തിയതാണ് 'ശ്യാമമാധവം'. 

എം.ടി: പത്രാധിപര്‍ക്ക് അതു വേണ്ടാ എന്നു തോന്നുകയാണ്, അത്രയും പ്രഷര്‍ വായനക്കാരില്‍നിന്നു വരികയാണ്; അങ്ങനെയും സംഭവിക്കാം. 

മധുസൂദനന്‍ നായര്‍: ഹരീഷിന്റെ കാര്യത്തില്‍ അത് വായനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രശ്‌നമാണ്. വായനക്കാരില്‍ ചില വിഭാഗങ്ങള്‍ ഉണ്ടാകാം. എല്ലാ കാലത്തും ഇതേ പോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

എം.ടി: ഉംമ്പര്‍ട്ടോ എക്കോയുടെ ഒരു നോവല്‍ ഉണ്ട്. അതിലെ കഥ ഇങ്ങനെയാണ്. ക്രിസ്റ്റ്യാനിറ്റിയുടെ ഏറ്റവും വലിയ ലൈബ്രറി ഇറ്റലിയിലാണ്. അവിടെ ഇടയ്ക്കിടയ്ക്ക് മരണം സംഭവിക്കുന്നു. എന്താണെന്ന് ആര്‍ക്കും പിടിയില്ല. അങ്ങനെയാണ് ഇവരുടെ കൂട്ടത്തില്‍ ഒരു ഷെര്‍ലക് ഹോംസ് മാതൃകയിലുള്ള ഒരു പുരോഹിതന്‍ - ഒരു ചെറുപ്പക്കാരന്‍. അയാള്‍ അതിക്ലവറാണ്. എന്താണ് ഇതിനു കാരണമെന്ന് കണ്ടെത്താന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു. അയാളും ശിഷ്യനും കൂടി അവിടേക്ക് പോകുകയാണ്. ശിഷ്യനാണ് കഥ പറയുന്നത്. അവിടെ എത്തിയ മുതല്‍ക്കുതന്നെ പല പ്രശ്‌നങ്ങള്‍. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു മരണം സംഭവിച്ചു. ഇതൊക്കെ സംഭവിക്കുന്നത് ലൈബ്രറിയുമായി കണക്ട് ചെയ്തിട്ടാണ്. ലൈബ്രറിയുടെ ഒരു പ്രത്യേക സ്ഥലത്ത് പോകുമ്പോഴാണ് അത് ഉണ്ടാകുന്നത്. അവസാനം വളരെ വൃദ്ധനായ ഒരു പുരോഹിതനാണ് ഇതു ചെയ്യുന്നത് എന്ന് മനസ്സിലായി. ഒരു പുസ്തകമാണ് ഇതിനു കാരണം. പുസ്തകം കയ്യില്‍ കിട്ടിയാല്‍ എടുക്കുന്ന ആള്‍ സാധാരണനിലയില്‍ അതു മറിച്ചുനോക്കുമ്പോള്‍ വിരലില്‍ തുപ്പല്‍തൊട്ടു മറിക്കും. പുസ്തകത്തിന്റെ പേജുകളില്‍ പോയിസന്‍ ഉണ്ട്. മരിച്ച ശരീരങ്ങള്‍ പിന്നെ പരിശോധിച്ചപ്പോളാണ് അവയുടെ നാവില്‍ പോയിസന്‍ ഉണ്ടെന്ന് അറിയുന്നത്. പുസ്തകം മറിച്ചുനോക്കിയപ്പോള്‍  വിരലില്‍നിന്ന് നാവില്‍ പറ്റിയതാണ് ഈ പോയിസന്‍. വലിയ നോവലാണ്, നല്ല നോവലാണ്. അതിന്റെ തമാശ എന്താണെന്നു വച്ചാല്‍ ഈ കാരണവരോട് അവസാനം ചോദിച്ചപ്പോള്‍ വ്യക്തമായത് വായനക്കാരെ വായിക്കുന്നതില്‍നിന്നും തടയുന്നത് അരിസ്റ്റോട്ടിലിന്റെ പൊയറ്റിക്സ് ആണ്. പൊയറ്റ്ക്‌സിന്റെ അതുവരെ വരാത്ത ഒരു വോള്യമാണ്. അതില്‍ ഹ്യൂമറാണ് വിഷയം. അതു വായിച്ച്  നര്‍മ്മമായിട്ടൊക്കെ ചിന്തിച്ചാല്‍ ഭക്തി പൊയ്‌പ്പോവും അതുകൊണ്ട് ആരും വായിക്കരുത് എന്നു വിചാരിച്ചാണ് കാരണവര്‍ ഈ പാതകങ്ങളൊക്കെ ചെയ്തത്. അങ്ങനെയാണ് അഞ്ച് ആറ് ആള്‍ക്കാര്‍ മരിച്ചത്. ഓരോ കാലത്തും ഓരോന്ന് സംഭവിക്കുന്നുണ്ട്. ഇത് നമുക്ക് തൊട്ടുമുന്നില്‍ എത്തുമ്പോഴാണ് നമ്മള്‍ അത്ഭുതപ്പെടുന്നത്. ഇതല്ലാതെ ഇതിന്റെ ഡീറ്റയില്‍സ് എനിക്ക് അറിയില്ല. എന്തുകൊണ്ടെന്ന് അറിയാന്‍ ഞാന്‍ മാതൃഭൂമിയില്‍ വിളിച്ചിട്ടുമില്ല. ചിലപ്പോള്‍ ചിലതൊക്കെ പബ്ലിഷര്‍ക്ക് നിര്‍ത്തേണ്ടിവരും. അല്ലെങ്കില്‍ എഡിറ്റര്‍ക്ക്. എഡിറ്ററുടെ അധികാരം ഉപയോഗിച്ച് നിര്‍ത്തേണ്ടിവരും. എന്തിന്റെ പേരിലാണ് എന്ന് പറയാന്‍ പറ്റില്ല. ഇതിപ്പോള്‍ മനസ്സിലാക്കിയെടത്തോളം പൊളിറ്റിക്സിന്റെ പേരിലാണ്. 

മധുസൂദനന്‍ നായര്‍: ആദ്യകാലങ്ങളില്‍ എഴുത്തില്‍ ഇത്രത്തോളം കടുപ്പം നേരിടേണ്ടി വരുമായിരുന്നോ? കഥ, നോവല്‍ ഒക്കെ വരുമ്പോള്‍?

എം.ടി: നമുക്ക് ആദ്യകാലത്ത് ഇത് ആരെങ്കിലും വായിക്കുന്നതാണ് നല്ലത്. അച്ചടിച്ചുകിട്ടിയാല്‍ നല്ലതായിരുന്നു. ഒരു കഥ എഴുതിയാല്‍ അത് അച്ചടിച്ചു കാണുക എന്നതാണ് പ്രധാനം. പിന്നെ പേരു കിട്ടുമോ പൈസ കിട്ടുമോ എന്ന് നമുക്കറിയില്ല. അന്ന് തപാലാഫീസില്‍ പോയാല്‍ നമ്മുടെ പേരു വിളിച്ച ഒരു കടലാസ് നമുക്ക് കിട്ടുക - അതാണ് ഏറ്റവും വലിയ കാര്യം. അതിനാണ് കാത്തിരിപ്പ്. മിക്കപ്പോഴും നമുക്ക് ഒന്നും ഉണ്ടാവില്ല. അവസാനം എല്ലാവരും പിരിഞ്ഞുപോവുമ്പോള്‍ നമ്മളും പിരിഞ്ഞ് പോവുന്നു.
  
മധുസൂദനന്‍ നായര്‍: ഇന്നത്തെ കാലത്ത് അങ്ങനെയല്ലല്ലോ അവസ്ഥ

എം.ടി: ഇന്ന് അവസ്ഥ മാറി. അന്ന് ഏത് അച്ചടിച്ചുവരുമെന്ന് നമുക്ക് അറിയില്ലല്ലോ. നമ്മള്‍ അത് പകര്‍ത്തി എവിടേക്കാണ് അയയ്‌ക്കേണ്ടത് - പത്രത്തിന്റെ വിലാസം പോലും നമുക്ക് അറിയില്ല. ഏത് ദിക്കിലേക്കാണ് എന്നും അറിയില്ല. അഥവാ അങ്ങനെ അയച്ചാല്‍ അച്ചടിച്ചു വരണമെന്നും ഇല്ല. എന്നിട്ടും നമ്മള്‍ ആഴ്ചകള്‍ കാത്തിരിക്കുന്നു. പിന്നെ ഏകദേശം കണക്കുകൂട്ടി, എന്നാല്‍പ്പിന്നെ ഇല്ല. വേറെ നോക്കാം എന്നു കരുതുന്നു. പിന്നെയും അയച്ചുകൊണ്ടിരിക്കുന്നു. 

അനില്‍: എം.ടിയുടെ എഴുത്തിലേക്ക് വന്നാല്‍ എം.ടിയുടെ സ്ത്രീ കഥാപാത്രങ്ങളെ നോക്കുമ്പോള്‍ അമ്മ പൊതുവെ ശക്തയായ ഒരു കഥാപാത്രമാണ്. എന്നാല്‍, മറ്റു സ്ത്രീ കഥാപാത്രങ്ങള്‍ പൊതുവെ ഉപരിപഠനം നടത്തുന്നവരായി കാണുന്നില്ല. ഇത് അന്നത്തെ കാലഘട്ടത്തിന്റെ പ്രത്യേകതയാണോ? 

എം.ടി: സ്ത്രീകളോട് അവഗണനയില്ല. അവരുടെ വിഷമം അന്നും ഞാന്‍ കണ്ടിരുന്നു. എന്റെ കഥകളില്‍ പലതിലും ഇത് ഉണ്ട് - 'ഓപ്പോള്‍', 'കുട്ട്യേടത്തി.' കാരണം സ്ത്രീകളുടെ ബുദ്ധിമുട്ട് എന്നത് അന്നുമുണ്ടായിരുന്നു. നമ്മളത് വേറെ നിലയില്‍ കണ്ടിരുന്നു. ഞാന്‍ മുതിര്‍ന്നപ്പോള്‍ ഞാന്‍ അതു കാണാന്‍ തുടങ്ങിയത് എന്റെ അമ്മയിലൂടെയായിരുന്നു. ഒരു കുടുംബം ഭരിക്കാന്‍ അമ്മ എത്ര ബുദ്ധിമുട്ടുന്നു. അമ്മയുടെ നന്മകൊണ്ട് അവര്‍ അയല്‍പക്കത്തുള്ളവരുടേയും കാര്യങ്ങള്‍ അന്വേഷിക്കുന്നു. അതു പിന്നീടാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയത്, അമ്മയുടെ ബുദ്ധിമുട്ട് എന്താണെന്ന്. നമ്മള്‍ ഈ പത്തായപ്പുരയുടെ മുകളിലിരുന്ന് പാതിരായ്ക്ക് ചിമ്മിനി കത്തിച്ച് വായിക്കുമ്പോള്‍ എന്ത് വായിക്കുന്നു എന്നൊന്നും അമ്മയ്ക്ക് പ്രശ്‌നമില്ല. രണ്ടാം ലോകമഹായുദ്ധമാണ് മണ്ണെണ്ണയ്ക്ക് ഭയങ്കര ക്ഷാമമാണ്. മണ്ണെണ്ണ അമിതമായി ചെലവാക്കുന്നു എന്ന ബേജാറ് മാത്രമേ ഉള്ളൂ. എന്താ ഇവന് കിടക്കാറായില്ലേ എന്നതാണ് ബേജാറ്. 

മധുസൂദനന്‍ നായര്‍: സ്ത്രീകളുടെ ശരിയായ പ്രശ്‌നങ്ങള്‍ അങ്ങയുടെ നോവലുകളില്‍ വന്നിട്ടുണ്ട്. ഉപരിപഠനം നടത്തുന്ന വിഷയത്തിലാണ് ഇത്തരം സംശയം. 

അനില്‍: 'മഞ്ഞി'ലെ വിമലയെ ഒഴിച്ചാല്‍ ഒരുപാട് പഠിച്ച സ്ത്രീകഥാപാത്രങ്ങളൊന്നും കാണുന്നില്ല. 

എം.ടി: ആയമ്മ ടീച്ചറായിരുന്നല്ലോ നമ്മുടെ വീട്ടില്‍നിന്ന് അങ്ങനെ അധികമൊന്നും പഠിച്ചിട്ടില്ല. പലരും നാട്ടുപള്ളിക്കൂടത്തില്‍ പഠിച്ചതാണ് അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്, ഇവരൊക്കെ കുറച്ച് പ്രതാപത്തിലിരുന്ന കാലത്ത് ഒരു എഴുത്തച്ഛനെ പത്തായപ്പുരയില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. പെണ്ണുങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ ''ഞാന്‍ ശ്രീരാമചരിതമൊക്കെ പഠിച്ചതാണ്'' എന്ന് അവര്‍ തമ്മില്‍ പറയാറുണ്ട്. വേറെ കണ്‍വന്‍ഷനലായുള്ള പഠിപ്പ് എന്റെ അമ്മയ്ക്കുമില്ല, ചെറിയമ്മയ്ക്കുമില്ല. അമ്മയ്ക്ക് കൈകൊട്ടിക്കളിപ്പാട്ടൊക്കെ ഉണ്ടായിരുന്നു. അത് പിന്നെ അയല്‍പത്തൊക്കെനിന്ന് പഠിച്ചതാണ്. 

മധുസൂദനന്‍ നായര്‍: അന്നത്തെ സമൂഹത്തില്‍ അത് ഉണ്ട്. അന്നത്തെ വിദ്യാഭ്യാസത്തിന്റെയൊക്കെ ഭാഗമാണ് അത്.
 
എം.ടി: അതെ. അമ്മ അതില്‍ കേമത്തിയാണ് എന്നൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. അയല്‍പകത്തെ കുഞ്ഞാത്തോല് നിര്‍ബന്ധമായി അമ്മയെ  അങ്ങോട്ട് വിളിക്കും. 

അനില്‍: ആ ചോദ്യം തന്നെ ഒന്ന് ആവര്‍ത്തിച്ചാല്‍ സ്ത്രീകളുടെ ഒരു ആധുനിക ജീവിതം അങ്ങയുടെ കഥകളില്‍ അധികം കണ്ടിട്ടില്ല. 

മധുസൂദനന്‍ നായര്‍: മോഡേണ്‍ സ്ത്രീയുടെ മോഡേണ്‍ ഔട്ട്ലുക്ക്. അതിനെക്കുറിച്ചാണ് ചോദ്യം? പുതിയ സ്ത്രീക്ക് അങ്ങനെ ചില ഔട്ട്ലുക്ക് ഒക്കെയുണ്ടല്ലോ?

എം.ടി: പിന്നീട് വന്ന പല കഥാപാത്രങ്ങളും ബോംബെയില്‍ താമസിക്കുന്നവരും അവരുടെ ജീവിതത്തില്‍ മാറ്റം വന്നതുമൊക്കെയുണ്ട് - 'മഹാനഗരത്തിന്റെ തണലില്‍', 'വില്‍പ്പന'. ബിഗ് സിറ്റിയുടെ തണലില്‍ കഴിയുന്നവര്‍ നന്നായി പഠിച്ചവരാണ്. നമ്മുടെ സാഹചര്യം വേറെയായിരുന്നു. ഞാന്‍ ഇടത്തരത്തിലും താഴെയുള്ള കൃഷിക്കാരുടെ വീട്ടില്‍ ജനിച്ചുവളര്‍ന്ന ആളാണ്. കഷ്ടി മഴയൊന്നും പിഴച്ചിട്ടില്ലെങ്കില്‍. രണ്ട് പൂവ് കൃഷി ചെയ്താല്‍ വീട്ടില്‍ ഉണ്ണാന്‍ ഉണ്ടാവും. മഴ പിഴച്ചാല്‍ കര്‍ക്കടക മാസത്തില്‍ നെല്ലില്ല. അടുത്ത് എവിടെനിന്നെങ്കിലും കടം വാങ്ങിക്കണം. അങ്ങനത്തെ സാഹചര്യത്തില്‍ ആണ്‍കുട്ടികളെത്തന്നെ പഠിക്കാന്‍ അയയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ തന്നെ ഒരു കൊല്ലം വെറുതെ ഇരുന്ന ആളാണ്. എസ്.എസ്.എല്‍.സി. കഴിഞ്ഞപ്പോള്‍. നല്ല മാര്‍ക്കൊക്കെ ആയിട്ടാണ് വന്നത്. ഞാനും എന്റെ നേരെ മൂത്ത, അടുത്ത കാലത്ത് മരിച്ച ജ്യേഷ്ഠനും. അദ്ദേഹം പഠിക്കുകയാണ് ഗവണ്‍മെന്റ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന്. 'കൊച്ചുണ്ണി അവിടെ പഠിക്കുന്നു. അതിന്റെ കൂട്ടത്തില്‍ ഇവനെക്കൂടി അയച്ചാല്‍ ബുദ്ധിമുട്ടാവും. അവന്റെ കഴിയട്ടേ എന്നിട്ട് ഇവന്‍ പോകാം' എന്ന നിലയാണ്. അപ്പോ പിന്നെ പെണ്‍കുട്ടികളുടെ കാര്യം ആലോചിക്കയേ വേണ്ടാ.
 
മധുസൂദനന്‍ നായര്‍: ആണ്‍കുട്ടി കുടുംബത്തിന് ഒരു താങ്ങാണ് പഠിച്ചുവന്നാല്‍. അതാണ് അന്നത്തെ കാഴ്ച. 

എം.ടി: അതെ, പത്താം ക്ലാസ്സൊക്കെ എത്തിയാല്‍ എവിടെയെങ്കിലും പണിയെടുത്ത് കഴിഞ്ഞുകൊള്ളും. 

മധുസൂദനന്‍ നായര്‍: കുടുംബത്തെ സഹായിക്കും പെങ്ങന്‍മാരുടെ കല്യാണത്തിനും മറ്റും സഹായിക്കും. അന്നത്തെ സാമ്പത്തികാവസ്ഥയും ഇന്നത്തേയും തമ്മില്‍ വ്യത്യാസമുണ്ട്. ആ കാഴ്ചപ്പാടിലാണ് ഇത് കാണേണ്ടത്. 

അനില്‍: ഇപ്പോള്‍ പറഞ്ഞ ജ്യേഷ്ഠനല്ലേ ഇംഗ്ലീഷ് വായനയിലേക്ക് കൊണ്ടുവന്നത്? 

എം.ടി: കുമരനല്ലൂര്‍ ഞാന്‍ പഠിച്ച സ്‌കൂളില്‍നിന്ന് നടന്നുപോയി പുസ്തകം എടുത്തിരുന്നു. ഒഴിവു ദിവസങ്ങളില്‍. അവിടെ അക്കിത്തം ഉണ്ട്. അക്കിത്തത്തിന്റെ മനയില്‍ വലിയ ലൈബ്രറിയുണ്ട്. അദ്ദേഹം അവിടെ ഉണ്ടാവുകയില്ല. അദ്ദേഹം അധികവും തൃശൂരാണ്. അദ്ദേഹത്തിന്റെ അനുജന്‍മാര്‍ ഉണ്ടാവും. അതില്‍ ഒരാള്‍ എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ചതാണ്. അവിടെ എനിക്കൊരു സ്വാതന്ത്ര്യമുണ്ട്. പത്തായപ്പുരയില്‍ കയറിച്ചെന്നാല്‍ നമ്മള്‍ അവിടെനിന്ന് കുറച്ച് പുസ്തകമെടുക്കും. കൃത്യമായി കണക്കൊക്കെ എഴുതിവയ്ക്കും. ഇപ്പോഴത്തെ മാതിരി എടുത്തുകൊണ്ട് പോവുകയല്ല. തിരിച്ചുകൊണ്ടുവരുമ്പോള്‍ അതൊക്കെ മാര്‍ക്ക് ചെയ്തുവയ്ക്കും. അക്കിത്തം വല്ലപ്പോഴുമേ വരികയുള്ളൂ. അവിടെനിന്ന് പുസ്തകം എടുക്കാറുണ്ട്. മലയാളവും കുറച്ച് കഴിഞ്ഞ് ഇംഗ്ലീഷും എടുക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് എടുക്കാനുള്ള ഒരു കാരണം - എന്റെ മൂത്ത ജ്യേഷ്ഠന്‍ അപ്പോള്‍ ബി.എ കഴിഞ്ഞിരുന്നു. ജ്യേഷ്ഠന്‍ ചിലയിടത്തൊക്കെ പുസ്തകത്തിന് ആളെ അയയ്ക്കും. ഇന്ന ദിക്കിലെന്ന് കുറിച്ചുതരും. അങ്ങനെ വായിക്കുമ്പോള്‍ ഏട്ടന് കൊണ്ടുവരുന്ന മൂന്ന് നാല് പുസ്തകത്തില്‍ ഒരു പുസ്തകം ഏട്ടന്‍ എന്റെ മുന്നിലേക്ക് ഇട്ടിട്ട് -  ഞാന്‍ അന്ന് എസ്.എസ്.എല്‍.സിക്കാണ് - ഇത് നിനക്കും വായിച്ചാല്‍ മനസ്സിലാവും എന്നു പറയും. പിന്നെ ഞാന്‍ പതിയെ പതിയെ ഈ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കുറെച്ചേ കുറെച്ചേ മനസ്സിലാവാന്‍ തുടങ്ങി. ആ പുസ്തകം തോമസ് ഹാര്‍ഡിയുടെ നോവലായിരുന്നു. 'അണ്ടര്‍ ദ ഗ്രീന്‍ വുഡ് ട്രീ'. 'It Was Village Untouched by faintest sprinkle of modernism' ആദ്യത്തെ വാചകമായിരുന്നു അത്. അങ്ങനെ ഞാന്‍ പെട്ടെന്നൊന്നുമല്ല കുറേശ്ശെ കുറേശ്ശെ ആയിട്ടാണ്  വായിച്ച് തുടങ്ങിയത്. കോളേജില്‍ എത്തിയപ്പോള്‍ സമൃദ്ധമായി. 

മധുസൂദനന്‍ നായര്‍: അന്നത്തെ വായന കുടുംബത്തില്‍നിന്നു കിട്ടുന്ന, അക്കാദമിക് പഠനത്തില്‍നിന്ന് വ്യത്യസ്തമായ, കുടുംബശീലം ഒക്കെയുള്ള വായനയായിരുന്നു. പക്ഷേ, ഇന്നത്തെ വായന അതില്‍നിന്ന് ഏറെ മാറിയിട്ടുണ്ട്. 

എം.ടി: പിന്നെ വായന മാറും. അന്ന് കോളേജ് ലൈബ്രറിയില്‍നിന്ന് കിട്ടുന്ന വായിക്കേണ്ട പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്. കോളേജിലെ ഓരോ സ്റ്റുഡന്റിനും രണ്ട് കാര്‍ഡാണ് ലൈബ്രറിയില്‍ പോകാന്‍. പലരും ഇത് ഉപയോഗിക്കില്ല. അവര്‍ക്ക് താല്പര്യം സ്‌പോര്‍ട്‌സിലും മറ്റു പലതിലുമായിരിക്കും. വെക്കേഷനൊക്കെ വരുമ്പോള്‍ പലരില്‍നിന്നും നമ്മള്‍ ഈ കാര്‍ഡ് കളക്റ്റ് ചെയ്യും. അങ്ങനെ വരുമ്പോള്‍ നമ്മുടെ കയ്യില്‍ പത്ത് പതിനാറ് പുസ്തകമൊക്കെ ഉണ്ടാകും. ഒരു വെക്കേഷന്‍ കഴിയുമ്പോള്‍ പത്ത് പതിനാറ്  പുസ്തകം നമ്മള്‍ അതിനിടയില്‍ വായിച്ചിട്ടുണ്ടാവും. ഇതില്‍ പലതിലും പുതിയ പുതിയ ലോകങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്. നമ്മള്‍ അതുവരെ കാണാത്ത ലോകങ്ങള്‍. ടോള്‍സ്റ്റോയിയുടേതായാലും ദസ്തയേവ്‌സികിയുടേതായാലും നമ്മള്‍ അതുവരെ കാണാത്ത ചില ലോകങ്ങളാണ് കാണുന്നത്. അങ്ങനെ വായന ഒരു ശീലമായി. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഹിഗ്ഗിന്‍ ബോതംസില്‍ നല്ല പുസ്തകങ്ങളുണ്ട്. അന്ന് പോക്കറ്റ് എഡിഷന്‍സ് ഉണ്ടായിരുന്നു. ചുവന്ന ബൈന്‍ഡും കംഗാരുവിന്റെ ചിത്രവുമൊക്കെയായി. ഇമ്മാതിരി പുസ്തകങ്ങളൊക്കെ അവിടെയുണ്ടാവും. ഇത്തിരി ശ്രമിച്ച് മൂന്നോ നാലോ ഉറുപ്പിക മിച്ചം വച്ചാല്‍ ഷെര്‍ണ്ണൂര് വന്ന് ഇറങ്ങിയാല്‍ ഒരു ചെറിയ ഭക്ഷണം കഴിച്ച് ഒരു പുസ്തകമെങ്കിലും വാങ്ങിക്കുമെന്നതാണ് പതിവ്. അന്നത്തെ വലിയ പുസ്തകങ്ങള്‍ക്ക് രണ്ട് ഉറുപ്പികയാണ്. എമിലി സോളയുടെ 'നാനാ' ഈ എഡിഷന്‍ വരുന്നത് രണ്ട് ഉറുപ്പികയാണ്. സാധാരണ പുസ്തകങ്ങള്‍ക്ക് ഒരു ഉറുപ്പികയാണ്. ഒന്നോ രണ്ടോ പുസ്തകം, അത്രക്കൊക്കയേ പൈസ ഉണ്ടാകാറുള്ളു. പക്ഷേ, നമ്മള്‍ ഈ കരുതിവയ്ക്കുന്നത് പല ലക്ഷ്വറികളും ഒഴിവാക്കിയിട്ടാണ്. മൂന്ന് നാല് ഉറുപ്പിക കയ്യില്‍ ഉണ്ടാവും.  ഷൊര്‍ണ്ണൂരില്‍നിന്ന് ഒന്നോ രണ്ടോ പുസ്തകം വാങ്ങാന്‍ സാധിക്കണം. പിന്നെ കുട്ടികളുടെ കയ്യില്‍നിന്ന് ലൈബ്രറി പുസ്തകവും വാങ്ങാറുണ്ട്. പലരും ലൈബ്രറി പുസ്തകം വാങ്ങാറില്ല. 

അനില്‍: വായനയുടെ ഈ സ്വഭാവം മാറുന്നതുപോലെ, വായന പൊതുവില്‍ കുറഞ്ഞുവരികയും ചെയ്യുന്നുണ്ടോ? പ്രത്യേകിച്ചും സാമൂഹിക മാധ്യമങ്ങള്‍ വന്നതിനുശേഷം? 

എം.ടി: ഇന്നത്തെ കുട്ടികള്‍, അവര്‍ക്ക് മറ്റ് രീതിയിലൊക്കെയുള്ള വായനയായിരിക്കാം. പക്ഷേ, എന്റെ മൊത്തത്തിലുള്ള ഒരു അസസ്മെന്റ് വായന കുറഞ്ഞിട്ടില്ല എന്നുതന്നെയാണ്. കോഴിക്കോട് നടക്കുന്ന ബുക്ക് ഫെയറുകളില്‍, ശ്രമക്കാരായി നില്‍ക്കുന്നത് നമ്മുടെ കുട്ടികളാണ്. 

മധുസൂദനന്‍ നായര്‍: പുസ്തകം വാങ്ങിയിട്ട് വായിക്കാത്ത ഒത്തിരിപ്പേരുണ്ട്. വീട്ടില്‍ക്കൊണ്ടുപോയി വയ്ക്കും പക്ഷേ, വായിക്കില്ല. 

എം.ടി: വീട്ടില്‍ ഒരു അലങ്കാരമായി പുസ്തകങ്ങളൊക്കെ ഇങ്ങനെ അടക്കിവയ്ക്കുക എന്ന ശീലം ഉള്ളവരുണ്ട്. എന്റെ അനുഭവം പുതിയ ടെക്നോളജി വന്നിട്ടും വായന നിലനില്‍ക്കുന്നു എന്നുതന്നെയാണ്. ബാണ്‍സ് ആന്റ് നോബിള്‍ അമേരിക്കയിലെ എല്ലാ സിറ്റീസിലുമുള്ള വലിയ പുസ്തകശൃംഖലയാണ്. വലിപ്പം പറഞ്ഞാല്‍ നമ്മുടെ ഇവിടുത്തെ ഫുഡ്‌കോര്‍പ്പറേഷന്റെ ഗോഡൗണ്‍ പോലെ. അത്രയും വലുതാണ്. അവിടെ പുസ്തകങ്ങള്‍ തരംതിരിച്ചൊക്കെ വച്ചിട്ടുണ്ട്. ചില ഭാഗത്ത് കാപ്പിയൊക്കെ കുടിക്കാനുള്ള സൗകര്യമുണ്ട്. അവിടെ ഇരുന്ന് വായിക്കാം. ആരും എന്താണ് നിങ്ങള്‍ പോകാത്തത് എന്ന് ചോദിക്കില്ല. ക്ലോസ് ചെയ്യുംവരെ ഇരുന്ന് വായിച്ചാലും കുഴപ്പമില്ല. മൂന്നുനാല് നഗരങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. മകള്‍ ജോലി ചെയ്യുന്നത് അവിടെയായതിനാല്‍ ചിലപ്പോള്‍ എന്നെ അവിടെ കൊണ്ടുപോയി ഡ്രോപ് ചെയ്യും. ഓരോ തവണയും ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് തിരിച്ച് പുസ്തകമെടുത്ത് പോരുമ്പോള്‍ കൗണ്ടറില്‍ പൈസ കൊടുക്കണമല്ലോ. നമ്മുടെ കയ്യില്‍ പുസ്തകം ഉണ്ടാകും. ചെറിയ ക്യൂ ഉണ്ടാവും. ഓരോ തവണയും ഞാന്‍ ശ്രദ്ധിച്ചത് മുന്‍ വര്‍ഷത്തെക്കാള്‍ രണ്ട് മിനിറ്റ് മൂന്ന് മിനിറ്റ് എനിക്ക് കൂടുതല്‍  നില്‍ക്കേണ്ടിവരാറുണ്ട്. യൂറോപ്പിലെ നഗരങ്ങളില്‍ പാട്ടുവയ്ക്കുന്നതിനു പകരം മുറികളില്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ക്ലാസ്സിക്കുകള്‍ ഓഡിയോ ബുക്സായി കേള്‍ക്കുന്ന സംവിധാനം  ഉണ്ട്. പിന്നീട് ഞാന്‍ അവിടങ്ങളില്‍ സഞ്ചരിക്കവേ പലരോടും ചോദിച്ചപ്പോള്‍ ഓഡിയോ ബുക്സ് വരുത്തുകയാണെന്ന് പറഞ്ഞു. അവര്‍ ഉദ്ദേശിക്കുന്നത്ര റീഡിങ്ങ് നടക്കുന്നില്ല. സംഗീതം കേള്‍ക്കുന്നുണ്ട്. പക്ഷേ, ബുക്സിനോട് ആ പ്രതികരണമില്ല. ഓഡിയോ ബുക്സ് കേള്‍ക്കാന്‍ അധികമാരും താല്പര്യം കാണിക്കുന്നില്ല. അതുകൊണ്ടുതന്നെ അതിനുവേണ്ടി ഒരു സെക്ഷന്‍ ചെയ്യുന്നത് വേണ്ട എന്നു വച്ചിരിക്കുകയാണ്. 

മധുസൂദനന്‍ നായര്‍: ഓഡിയോ ബുക്‌സ് അത്ര വിജയകരമല്ലാതാകാന്‍ കാരണം കഥ വായിക്കുന്ന രീതിയുമാകാം. 

എം.ടി: ഒരു യാത്ര കഴിഞ്ഞു വന്നപ്പോള്‍ സാഹിത്യം എം.എയ്ക്ക് പഠിക്കുന്ന മകള്‍ക്കുവേണ്ടി കുറേ ഓഡിയോ ബുക്സ് കൊണ്ടുവന്നു. അവള്‍ക്ക് ഉപകാരമാകട്ടെ എന്നു കരുതി. പിന്നെ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അതില്‍ താല്പര്യമില്ല. പുസ്തകം നോക്കി വായിക്കുന്ന രസം കിട്ടുന്നില്ല. കയ്യില്‍ പുസ്തകം വച്ചിട്ട് വായിക്കുന്ന വായനയുടെ സുഖം കിട്ടുന്നില്ല എന്നാണ് പറഞ്ഞത്. 

മധുസൂദനന്‍ നായര്‍: അത് നന്നായി കേള്‍പ്പിക്കാത്തതുകൊണ്ടുകൂടി ആവാമല്ലോ?

എം.ടി: ആയിരിക്കാം. ചിലപ്പോള്‍ ഈ തെരഞ്ഞെടുത്ത കവിതകളും കഥകളും റെക്കോര്‍ഡ് ചെയ്ത രീതിയുടെ കുഴപ്പം ഒക്കെ ഉണ്ടാവാം. നിങ്ങളുടെയൊക്കെ കവിതകള്‍ റെക്കോര്‍ഡ് കേള്‍ക്കുന്നുണ്ടല്ലോ.

മധുസൂദനന്‍ നായര്‍: ഫിക്ഷന്‍ ഉണ്ട്. ഒരുപാട് നോവലിസ്റ്റുകള്‍ അവരുടെ കൃതികള്‍ ചെയ്യുന്നുണ്ട്. 

എം.ടി: ഇവരെല്ലാം പറയുന്നത് ഫിക്ഷനെ വച്ചിട്ടാണ്. തോമസ് മാനിന്റെ Buddenbrooks  അതിങ്ങനെ ഇരുന്ന് മുഴുവന്‍ ആരും കേള്‍ക്കില്ല. അതുകൊണ്ടായിരിക്കാം അതു വേണ്ടാന്ന് വയ്ക്കുന്നത്.
 
മധുസൂദനന്‍ നായര്‍: പക്ഷേ, എനിക്കു തോന്നുന്നത് അത് ഹൃദ്യമായി പറയാത്തതുകൊണ്ടുകൂടി ആയിരിക്കാം. കൂടുതല്‍ ഡിസ്‌ക്രിപ്റ്റീവായ ഫിക്ഷന്‍ ആവുമ്പോള്‍ അത് മനസ്സില്‍ കൊള്ളുന്നുണ്ടാവില്ല. പക്ഷേ, കവിത സംഗീതാത്മകവും  ചെറുതും ആകുമ്പോള്‍ അതിന് വ്യത്യാസമുണ്ട്. രണ്ട് മൂന്ന് ഇംഗ്ലീഷ് വനിതാ നോവലിസ്റ്റുകള്‍ അവരുടെ ഫിക്ഷന്‍ വായിക്കുന്നത് കേട്ടിട്ടുണ്ട്. അത് മനസ്സില്‍ തൊടുന്നില്ല. 

എം.ടി: ഫിക്ഷന്‍ ഒക്കെ റെക്കോര്‍ഡ് ചെയ്തു കേള്‍ക്കുമ്പോള്‍ നാം വായിക്കുന്ന രസം കിട്ടുമോ എന്ന് എനിക്കറിയില്ല. എനിക്ക് കിട്ടിയിട്ടില്ല. കവിത ഓക്കേയാണ്. ഓഡിയോ എന്റെ കയ്യില്‍ കുറേ ഉണ്ടായിരുന്നു. ഭംഗിയായുള്ള റെക്കോര്‍ഡിങ്ങാണ് വളരെ ഫെയ്മസായ കമ്പിനികളൊക്കെ ഇറക്കുന്നതാണെങ്കില്‍ ഇപ്പോള്‍ വേര്‍ഡ്‌സ്  വെര്‍ത്ത് ക്ലാസ്സിക് ആന്റ് മോഡേണ്‍ പോയംസ് കേള്‍ക്കുമ്പോള്‍ നമുക്ക് ഒരു സുഖമുണ്ട്. ഒരു വിഷമവുമില്ല. 

അനില്‍: കവിതയിലേക്ക് വരുന്നതുകൊണ്ട് ഒരു ചോദ്യം, ഇടശ്ശേരിയാണ് പ്രിയ കവി എന്ന് പറഞ്ഞിരുന്നല്ലോ? ഇടശ്ശേരിയെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവയ്ക്കാമോ? 

എം.ടി: ഇടശ്ശേരിയെ ഞാന്‍ വളരെ കഴിഞ്ഞിട്ടാണ് കാണുന്നത്. അദ്ദേഹം പൊന്നാനിക്കാരനാണ്. പൊന്നാനി എന്നാല്‍ ഞങ്ങള്‍ക്ക് തലസ്ഥാനമാണ്. ഞങ്ങള്‍ക്ക് അവിടെയൊന്നും പോകേണ്ട കാര്യമില്ല. കുമരനല്ലൂര്‍നിന്ന് പൊന്നാനിക്ക് ആദ്യമായി പോകുന്നത് - ഞങ്ങള്‍ക്കു് പ്രിയപ്പെട്ട ഒരു ഹെഡ്മാസ്റ്റര്‍ ഉണ്ടായിരുന്നു. പിരിഞ്ഞുപോകുമ്പോള്‍ അദ്ദേഹത്തിന് മംഗളപത്രം കൊടുക്കണം. ഞങ്ങളെല്ലാവരുംകൂടി എഴുതിയുണ്ടാക്കിയതാണ്. അത് നന്നായി ഒന്ന് ഫ്രെയിം ചെയ്തെടുക്കാന്‍ പൊന്നാനിക്കാണ് പോയത്. ഇടശ്ശേരിയുമായി  പിന്നീടങ്ങ് പരിചയമായി. നല്ലപോലെ പരിചയമായി. ആ വഴിക്ക് പോകുമ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറും. ചിലപ്പോള്‍ അവിടെ താമസിക്കും. സാഹിത്യം പറയാന്‍ ഒന്നുമല്ല. നാട്ടിലെ വര്‍ത്തമാനങ്ങളൊക്കെ പറയും. 'കടവനാടന്‍ കല്യാണം കഴിക്കാന്‍ പോകുകയാണ് എം.ടി' എന്നൊക്കെ പറഞ്ഞ് അങ്ങനെ കഴിയും. പിന്നെ കവിത എന്നെ ആകര്‍ഷിച്ചിരുന്നു, വ്യക്തി എന്ന  ഒരു ആകര്‍ഷണവും ഉണ്ട്. അന്ന് എനിക്ക് സുപരിചിതമായ ഒരു ഗ്രാമജീവിതം ഉണ്ട്. അതാണ് അദ്ദേഹത്തിന്റേയും ജീവിതം. കൃഷി, അതിന്റെ രൂപങ്ങളൊക്കെയും എനിക്കും വളരെ പരിചിതമാണ്. 

മധുസൂദനന്‍ നായര്‍: ഒരേ തരത്തിലുള്ള മനുഷ്യദര്‍ശനവും പ്രധാനമാണ്. 

എം.ടി: അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പലതിനോടും അടുപ്പമുള്ളതായി തോന്നുന്നത്. 

മധുസൂദനന്‍ നായര്‍: ഒരേ തരത്തിലുള്ള ഒരു ഗ്രാമമനസ്സ് ഉണ്ടായിരുന്നതുകൊണ്ടും ആകാം.

എം.ടി: അതെ. ഞങ്ങള്‍ ഓരോ ഗ്രാമക്കാരാണ്. അടുത്തടുത്താണ്. ഞങ്ങളുടെയൊക്കെ ജീവിത സംസ്‌കാരം തന്നെ ഒന്നാണ്. കൃഷി, വിത്തിറക്കല്‍, അതിന്റെ ഓരോ ഘട്ടവും ഞങ്ങളുടെ ജീവിതവുമായി ബാധിക്കുന്നതാണ്. അത് നമുക്കും അറിയുന്നതാണ്. 

മധുസൂദനന്‍ നായര്‍: ഗ്രാമജീവിതവും ആ വിധത്തില്‍ ഒരേ സംസ്‌കാരമുള്ള ഒരു മനസ്സും ഉണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ നമുക്ക് കാര്‍ഷിക ജീവിതം നശിച്ചു. ഗ്രാമജീവിതവും പോയി. ഇന്ന് ശരിക്കും നാഗരികത എന്നു പറയുന്നതിന് അപ്പുറത്ത് കമ്പോളത്തെ മാത്രം ആശ്രയിച്ചുള്ള ജീവിതരീതിയാണ്. അത് അനുസരിച്ച് മനുഷ്യന്റെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ട്. 

എം.ടി: മാറും, യാതൊരു സംശയവുമില്ല. ഗ്രാമജീവിതം മാറിയത് കാര്‍ഷികജീവിതം പോയതുകൊണ്ടാണ്. നെല്‍ക്കൃഷിയില്ല. വയലുകളില്ല. എന്നൊക്കെയായപ്പോള്‍ ഗ്രാമങ്ങളില്‍ ജീവിതമില്ലാതായി. പണ്ട് ഗ്രാമജീവിതത്തിന് വളരെ പ്രാധാന്യമുണ്ടായിരുന്നു. പണ്ട് രാത്രി ഒരു കൂവല്‍കേട്ടാല്‍ പൊടിമഴ പെയ്യുന്നു, നാളെ വിത്തിറക്കാം എന്നാണ് അര്‍ത്ഥം. അപ്പുറത്ത് ഒരു വീട്ടില്‍നിന്ന് ഒരുവന്‍ അതു കേള്‍ക്കുന്നു. അവനറിയാം അവനും തയ്യാറായി ഇരിക്കുകയാണ്. നാളെ വിത്തിടാം എന്ന്.  എന്റെ ഗ്രാമത്തില്‍നിന്ന്, എന്റെ അമ്മ, അച്ഛന്‍ ഇവരെയൊക്കെ അസുഖം വന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അച്ഛനുമമ്മയ്ക്കുമൊക്കെ ഗൗരവമുള്ള അസുഖമായിരുന്നു. ചികിത്സ അന്ന് മദിരാശിയിലേയുള്ളു. ആരെങ്കിലും കൂടെ പോകണം. ഈ കൂടെ പോകുക എന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. അതിന് റെഡിയായി ഒരുപാട് പേര്‍ ഉണ്ടായിരുന്നു. എത്ര പൈസ കിട്ടും എത്ര ദിവസമെടുക്കും എന്ന ചോദ്യമേ ഇല്ല. 'എന്നാണ് മാഷ് വന്നത് എന്നാ പോകേണ്ടത് എന്നാ പുറപ്പെടേണ്ടത്' എന്തിനും തയ്യാറായി നില്‍ക്കുന്ന ആള്‍ ഉണ്ട്. അത് ഇന്ന് ഇല്ലല്ലോ. 

മധുസൂദനന്‍ നായര്‍: അത് വളരെ മുഖ്യമായ കാര്യമാണ്. അന്ന് ഒരു പ്രതിഫലവും പ്രയോജനവും നോക്കാതെ ആണ് ചെയ്തിരുന്നത്. 

എം.ടി: ശരിയാണ്. അച്ഛന്‍ മദിരാശിയില്‍ ചികിത്സയില്‍ ആയിരുന്നപ്പോള്‍ രണ്ടുപേരാണ് വന്നിരുന്നത്. അടുത്ത മുറിയിലാണ് താമസിച്ചത്. എത്ര ദിവസം കഴിഞ്ഞാണ് പോകേണ്ടതെന്ന ഒരു ചോദ്യമേയില്ല. അവര്‍ വളരെ ആത്മാര്‍ത്ഥമായി രോഗിയെ പരിചരിക്കുകയും ചെയ്തു. എന്താണ് പ്രതിഫലമെന്നുകൂടി അവര്‍ ചോദിക്കാറില്ല. 

മധുസൂദനന്‍ നായര്‍: ഇന്ന് മണിക്കൂറിനാണ് പ്രതിഫലം. 

എം.ടി: ഇന്ന് അതെല്ലാം മാറി. ഗ്രാമത്തിന്റെ സംസ്‌കാരം മാറിയതോടുകൂടി. 

മധുസൂദനന്‍ നായര്‍: ഇന്ന് എല്ലാം ഷോപ്പിങ്ങ്മാളില്‍ പോയാല്‍ കിട്ടും. സംസ്‌കാരം തന്നെ പാടേ  മാറി. 

എം.ടി: കുടുംബത്തില്‍ ചില്ലറ കലഹങ്ങളൊക്കെ ഉണ്ടായാലും എല്ലാവരും ഒന്നാണ്. 'തെക്കേപ്പാട്ട് കല്യാണം നിശ്ചയിച്ചു. എന്നാപ്പിന്നെ എന്തൊക്കെയാണ് ചെയ്യേണ്ടത്. പന്തലിടണം. മറ്റെന്താ വേണ്ടത്.' പിന്നെ അതിന്റെ ശ്രമങ്ങളിലാണ്, ആലോചനകളിലാണ്. അതാരും പറഞ്ഞിട്ടല്ല. പ്രത്യേകിച്ച് അത് അവരുടെ ഒരു ബാധ്യത പോലെയാണ്. 

മധുസൂദനന്‍ നായര്‍: സമൂഹത്തില്‍ വന്ന ഈ മാറ്റം മനുഷ്യന്റെ വൈകാരിക ജീവിതത്തിലും കാഴ്ചപ്പാടിലുമൊക്കെ വ്യത്യാസം വരുത്തില്ലേ. 

എം.ടി: വരും. സൗഹൃദങ്ങളെയൊക്കെ ബാധിക്കുന്നു. കുടുംബബന്ധങ്ങളെ ബാധിക്കുന്നു. ഇതൊക്കെയും നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ തകര്‍ച്ച കാരണമാണ്. കൃഷി എല്ലാം കൊണ്ടുള്ള ഒരു പൊടിപ്പും, അന്നത്തെ ഒരു സൗഹൃദം ഉണ്ടല്ലോ അതില്‍ വഴക്കൊക്കെ ഉണ്ടാവുമെങ്കിലും യഥാര്‍ത്ഥ സൗഹൃദമാണ്. 
മധുസൂദനന്‍ നായര്‍: പക്ഷേ, അത് നാണയത്തില്‍ ഉറച്ചതല്ല. ആ വ്യത്യാസം വളരെ അധികം ഉണ്ട്. ഇപ്പോ മനുഷ്യബന്ധങ്ങളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നതും തകര്‍ക്കുന്നതും കാശാണ്.
 
എം.ടി: ശരിയാണ്, ഇപ്പോള്‍ കാശാണ് മുഖ്യം. എത്ര പൈസ കിട്ടും. എന്തുകിട്ടും അതാണ് ചോദ്യം. 

മധുസൂദനന്‍ നായര്‍: പണ്ട് കൂടെ നില്‍ക്കാന്‍ പോകുന്ന ആളിന് എന്ത് കിട്ടും എന്ന ചിന്തയില്ല. മറ്റേയാളുടെ സുഖമാണ് നമ്മുടെ ലക്ഷ്യം. ഇപ്പോള്‍ അതല്ല. 

എം.ടി: ഇപ്പോള്‍ അത്തരക്കാര്‍ അപൂര്‍വ്വമാണ്. നമ്മുടെ കയ്യില്‍ ആവശ്യത്തിന് പണം ഉണ്ടാവും. ഇങ്ങനത്തെ ഒരു ജോലിക്ക് ആളുണ്ടാവില്ല. ഇപ്പോള്‍ നാട്ടില്‍നിന്നുതന്നെ രോഗമായി ആരെങ്കിലുമൊക്കെ കോഴിക്കോട് വരും. പക്ഷേ, അവരുടെ കൂടെ നില്‍ക്കാന്‍ ആരുമില്ല. ഇവിടെനിന്ന് ആരെയെങ്കിലും കിട്ടുമോ എന്നാണ് ചോദിക്കുന്നത്. 

മധുസൂദനന്‍ നായര്‍: ചില കമ്പനികള്‍ ഉണ്ട് ഇത്തരം കാര്യങ്ങള്‍ക്ക്. മനുഷ്യന്റെ ഇത്തരത്തിലുള്ള മനസ്സ് മാറിപ്പോയതു കണ്ട് എനിക്ക് വീണ്ടും സംശയം തോന്നുകയാണ്. ഇത്തരം മനസ്സുകൊണ്ട് വായിക്കുമ്പോള്‍ ആ വായനകൊണ്ട് എന്താണ് വായനക്കാരന്‍ നേടുന്നത്.  

എം.ടി: കുറച്ചെന്തെങ്കിലും മാറും പതിയെപ്പതിയെയാണെങ്കിലും. എന്തെങ്കിലും കേറിവരാതെ ഇരിക്കില്ലല്ലോ. 

മധുസൂദനന്‍ നായര്‍: മനുഷ്യനിലുള്ള നല്ല അംശത്തിന് കുറച്ചുകൂടി വളരാന്‍ സഹായിച്ചേക്കും. ഇപ്പോള്‍ വിദ്യാഭ്യാസം കൂടുതലാണ് പണ്ടത്തെക്കാള്‍. 

എം.ടി: വിദ്യാഭ്യാസം ഏതു തരത്തിലുള്ളതാണ് എന്നതു പ്രധാനമാണ്. അതും ഒരു പ്രശ്‌നമാണ്. എല്ലാത്തിനേയും മോശമായല്ല പറയുന്നത്. ഇപ്പോഴത്തെ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ - അശ്വതിയുടെ മകന്‍ ഇവിടെ ഉണ്ടായിരുന്നു. അവന്‍ മൂന്നിലാണ്, ഏഴ് വയസ്സ്. അവന്  സ്‌കൂളില്‍ ഒരു വിഷയം വച്ചിട്ടുണ്ട്. ഞായറാഴ്ച ഒരു മണിക്കൂര്‍ സ്‌പെഷ്യല്‍ ക്ലാസ്സ്. എന്താ, റോബോട്ടിക്‌സ്. ഈ കുട്ടികളെ ഏഴ് വയസ്സില്‍ റോബോട്ടിക്സൊക്കൊ പഠിപ്പിച്ചിട്ട് എന്താ? ആ സമയം കുട്ടികള്‍ക്ക് രസകരമായി വായിക്കാന്‍ പറ്റിയ പുസ്തകം എടുത്ത് കൊടുക്കുകയോ അത് വായിച്ചിട്ട് വരാന്‍ പറയുകയോ അല്ല ചെയ്യുന്നത്.

മധുസൂദനന്‍ നായര്‍: ഈ സമയത്ത് അവനിലുള്ള മനുഷ്യനെ ഉണര്‍ത്താനുള്ള വായനയും വിദ്യാഭ്യാസവുമാണ് വേണ്ടിയിരുന്നത്. പക്ഷേ, യന്ത്രത്തെയാണ് പഠിപ്പിക്കുന്നത്. 

എം.ടി: ചാപ്ലിന്റെ സിനിമയില്‍ കണ്ടമാതിരി കുറച്ചു കഴിഞ്ഞാല്‍ യന്ത്രം നമ്മളെ ഭരിക്കാന്‍ തുടങ്ങും സംശയമില്ല. 

അനില്‍: അത് ഇപ്പോള്‍ത്തന്നെ തുടങ്ങിക്കഴിഞ്ഞു. 

എം.ടി: അതാ പറഞ്ഞത്, ഏഴ് വയസ്സുള്ള ചെക്കന്‍ ഇവിടെയിരുന്ന് കളിക്കുന്നതിനു പകരം റോബോട്ടിക്സാണ് കൈകാര്യം ചെയ്യുന്നത്. എന്താണ് പറയുന്നത് എന്ന് എനിക്ക് പലപ്പോഴും മനസ്സിലാകാറില്ല. 

മധുസൂദനന്‍ നായര്‍: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിലേക്ക് മാറുകയാണ്. അത് കുട്ടികളുടെ പ്രതിഭയെ എങ്ങനെ സ്വാധീനിക്കും? 

എം.ടി: കുട്ടിയെ ബാധിക്കും അത്. കുറച്ചു കഴിഞ്ഞാല്‍ ഓര്‍മ്മശക്തിയെ ബാധിക്കും. എന്തിനിപ്പോ ഞാന്‍ മെനക്കെട്ട് പഠിക്കണം. നെറ്റില്‍ നോക്കിയാല്‍ പോരെ. കെ.പി. കേശവമേനോന്‍ എഡിറ്ററായിരുന്ന കാലത്ത് ഞാന്‍ ജേണലിസ്റ്റ് ട്രെയിനി. ''വാസുദേവന്‍ നായരെ, മറ്റന്നാള്‍ കെ.പി.എസ്. മേനോന്‍ വരുന്നുണ്ട്. രണ്ടീസം ഉണ്ടാവും. എന്റെ കൂടെയാണ്. നല്ലൊരു ഇന്റര്‍വ്യൂ ചെയ്യണം.'' ഞാന്‍ പറഞ്ഞു: ''സീനിയേഴ്‌സ് ആരെയെങ്കിലും.'' ''നോ നോ, യു ഡു ഇറ്റ്.'' അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ ഒരു ബുദ്ധിമുട്ടുമില്ല. കെ.പി.എസ്. മേനോന്‍ എന്ന് അടിച്ചാല്‍ എല്ലാ വിവരവും കിട്ടും. അന്ന് കോഴിക്കോട് ആകെ മൂന്ന് ബുക് ഷോപ്പാണ് ഉള്ളത്. അവിടെയൊന്നും കെ.പി.എസ്. മേനോന്റെ പുസ്തകമില്ല. ഒന്നു രണ്ട് കോളേജ് പ്രൊഫസേഴ്‌സിനെ കണ്ടുപിടിച്ച് അവരുടെ കയ്യില്‍നിന്ന് പുസ്തകമെടുത്തു. ഒന്ന് പ്രിപ്പയറാവേണ്ടേ അദ്ദേഹവുമായി സംസാരിക്കുമ്പോള്‍? അദ്ദേഹം ആരാണെന്ന് എനിക്ക് അറിയേണ്ടേ? അല്പകാലം കഴിഞ്ഞാള്‍ നമ്മുടെ ബുദ്ധി വേണ്ടമാതിരി നമുക്ക് ഉപയോഗിക്കാന്‍ പറ്റുമോ. അമേരിക്കയിലെ കുട്ടികള്‍ക്കൊന്നും കണക്ക് കൂട്ടാനൊന്നും അറിയില്ല. എന്റെ കുട്ടികള്‍ക്കും അറിയില്ല. അവര്‍ക്ക് മറ്റേ യന്ത്രമില്ലാതെ ഒന്നും ചെയ്യാനാവില്ല. 

മധുസൂദനന്‍ നായര്‍: നമ്മുടെ വിദ്യാഭ്യാസത്തില്‍ വന്ന ഈ മാറ്റം സര്‍ഗ്ഗാത്മകതയെ ചുരുക്കുകയില്ലേ? 

എം.ടി: ഇതൊക്കെ ചെയ്‌തോട്ടെ. ഇതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. ഇതിന്റെ കൂടെ Can it be in osme way linked to our nature? അതാണ് നോക്കാനുള്ളത്. ഇതൊക്കെ ചെയ്‌തോട്ടെ എന്നാലും പ്രകൃതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വേണം. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴത്തെ ഓര്‍മ്മയാണ്. ഞങ്ങളുടെ അടുത്തുള്ള സ്‌കൂളിനടുത്ത് ഒരു ചെറിയ അരുവി ഒഴുകുന്നുണ്ട്. കുട്ടികള്‍ വെള്ളം കുടിക്കാന്‍ പോകാറുണ്ട്. അതിന്റെ പരിസരത്ത് നല്ല കളിമണ്ണ് ഉണ്ട്. ചില കുട്ടികള്‍ അതുകൊണ്ടുവന്ന് ഇവിടെ വച്ച് ഒരോന്ന് ഉണ്ടാക്കാന്‍ തുടങ്ങി. അതു മാഷ് ശ്രദ്ധിച്ചു. ശരിക്ക് ചെയ്യ് എന്ന് ഉപദേശിച്ചു. പിന്നെ പല കുട്ടികള്‍ അങ്ങനെ ചെയ്യാന്‍ തുടങ്ങി. അവരുടെ ഏറ്റവും നല്ല സാധനങ്ങള്‍ അവിടെ എക്സിബിറ്റ് ചെയ്യാന്‍ തുടങ്ങി. അവര്‍ക്കും രസമായി. എല്ലാവര്‍ക്കും രസമായി. കളിമണ്ണ് എന്ന വസ്തു. അതുകൊണ്ട് എന്തൊക്കെ ചെയ്യാം. നമ്മള്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്ന കാര്യം. അങ്ങനെ പ്രകൃതിയുമായി ബന്ധപ്പെടുത്തുക കൂടി വേണം. ഞങ്ങള്‍ കൃഷിക്കാര്‍ ആണ്. ഞങ്ങള്‍ക്ക് തെങ്ങ് ഇല്ല അധികം. കവുങ്ങും വാഴയുമാണ്. വാഴ പഴയ കാലത്ത് ഒരു പാട് കായ കിട്ടുമായിരുന്നു. അത് ഒന്നിച്ചെടുക്കാന്‍ കരാറുകാര്‍ വരും. അപ്പപ്പോള്‍ വെട്ടി എണ്ണിയെടുക്കണം. ഇത് എണ്ണുന്നത് ഒരു സാധാരണ എണ്ണലല്ല. വളരെ വ്യത്യാസപ്പെട്ട എണ്ണലാണ്. അത് കുട്ടികളെ പഠിപ്പിച്ചിരുന്നു. കായ എണ്ണുന്ന രീതി. നാലെണ്ണം - അഞ്ചെണ്ണം കൂടിയിട്ടാണ് എണ്ണുന്നത്. ഞാനൊന്നും പഠിച്ചിട്ടില്ല. പക്ഷേ, പലര്‍ക്കും കൃത്യമായി അറിയാമായിരുന്നു. എന്റെ ഇത്തിരി മുതിര്‍ന്ന അടുത്തവീട്ടിലെ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവള്‍ കൃത്യമായി എണ്ണും, എത്ര കായ ഉണ്ടെങ്കിലും. കായക്കണക്ക്, മരക്കണക്ക് ഇതൊക്കെ അന്ന് ജീവിതത്തിന്റെ ഭാഗമായിരുന്നു. അവരൊക്കെ കൂട്ടത്തില്‍ അതും പഠിച്ചു. അത് ഒരു വിഷയമല്ല. പരീക്ഷയുമല്ല. ജീവിതത്തിന്റെ ഒരു ഭാഗമായി ഇതൊക്കെ ഉണ്ടായിരുന്നു. 

മധുസൂദനന്‍ നായര്‍: ജീവിച്ച് പഠിക്കലാണ്. ഇന്ന് അതൊക്കെ കമ്പനികള്‍ ഏറ്റെടുത്തിരിക്കുകയാണ്. 

എം.ടി: നമ്മള്‍ ജീവിതംകൊണ്ട് ഭാഷ കൂടുതല്‍ സമ്പന്നമാക്കേണ്ടിയിരുന്നു. 

എം.ടി: ഒരു മീറ്റിങ്ങില്‍വച്ച് ഖുഷ്വന്‍സിങ്ങ് പറഞ്ഞു -  ഞാന്‍ അദ്ദേഹവുമായി തര്‍ക്കിക്കുകയും ചെയ്തു - നമ്മുടെ ഇന്ത്യന്‍ സാഹിത്യത്തില്‍ പ്രകൃതി ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. പ്രകൃതി ഒരു ഘടകമല്ലത്രേ. ഞാന്‍ വിനയത്തോടുകൂടിത്തന്നെ പറഞ്ഞു. അതു ശരിയല്ല. കാളിദാസ കൃതികളില്‍ പ്രകൃതി ഇല്ല എന്ന് ആര്‍ക്ക് പറയാന്‍ പറ്റുക? കാളിദാസനെപ്പോലെ പ്രകൃതിയെക്കുറിച്ച് എഴുതിയ ഒരു കവി വേറെ ആരാണ് ഉള്ളത്. കാട്ടാന കൊമ്പുരച്ച മരം എന്നൊക്കെയാണ് പ്രയോഗിച്ചിരിക്കുന്നത്. അങ്ങനെ കുറേ നേരം തര്‍ക്കിച്ചു. മെ ബി യു ഹാവ് വണ്‍ കാളിദാസന്‍ എന്ന് അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ ഇതും പറഞ്ഞു അയാം റൈറ്റിങ്ങ് ഇന്‍ ഇംഗ്ലീഷ്. കാരണം എന്റെ പുസ്തകങ്ങള്‍ ആളുകള്‍ വായിക്കണം. ഞാന്‍ പഞ്ചാബിയിലെഴുതിയാല്‍ ഇത്ര കോപ്പി ചെലവാകില്ല. അതുകൊണ്ടാണ് ഇംഗ്ലീഷിലെഴുതുന്നത്. അപ്പോള്‍ ഇംഗ്ലീഷിനെക്കുറിച്ച് പറഞ്ഞപ്പോള്‍ 'ഇറ്റ് സേ ബാസ്റ്റാഡ് ലാംഗ്വേജ്. ബാസ്റ്റാഡ് ഇന്‍ എ ഗുഡ് സെന്‍സ്. നല്ല വാക്ക് എവിടെനിന്നുവന്നാലും അത് സ്വന്തമാക്കും.' അതുകൊണ്ടാണ് അത് വികസിച്ചുവികസിച്ചു ഇവിടംവരെ എത്തിയത്. നമുക്കും അങ്ങനെ ഉണ്ടായിരുന്നു. നമ്മുടെ അങ്ങനത്തെ കുറേ ഗ്രാമീണശൈലികളൊക്കെ പതിയെപ്പതിയെ അങ്ങു പോയി.  നമ്മള്‍ ഉപയോഗിച്ചിരുന്ന അനേകം ശൈലികളുണ്ട്. ആ ഗ്രാമീണശൈലികളൊന്നും നമ്മുടെ കൈയില്‍ ഇല്ല.
 
മധുസൂദനന്‍ നായര്‍: അത് നമുക്കു ഉണ്ടായ നഷ്ടം തന്നെയാണ്. പറഞ്ഞുവന്നപ്പോള്‍ വേറൊരു സംശയം തോന്നുന്നു. നമ്മള്‍ വായിക്കുന്ന പടിഞ്ഞാറന്‍ കൃതികള്‍ പോലെയോ അതിനേക്കാള്‍ മികച്ചതോ ആയി മലയാളത്തില്‍ പല കൃതികളും ഉണ്ടായിട്ടുണ്ട്.  പക്ഷേ, അവ ഇംഗ്ലീഷിലേക്ക് വിജയകരമായി വിവര്‍ത്തനം ചെയ്തിട്ടുണ്ടോ? 

എം.ടി: ട്രാന്‍സ്ലേഷന്‍ പോരാ. ട്രാന്‍സ്ലേഷന്‍ ഉണ്ടെങ്കിലും അവര്‍ കഴിവിനൊത്ത് ട്രാന്‍സ്ലേറ്റ് ചെയ്യുന്നതല്ലാതെ അവരുടെ ഗ്രേഡില്‍ അതിനോട് കോംപീറ്റ് ചെയ്ത് എത്താന്‍ കഴിയുന്നില്ല. 

മധുസൂദനന്‍ നായര്‍: അത് എന്തുകൊണ്ടായിരിക്കാം? 

എം.ടി: കൈയിലുള്ള ഇംഗ്ലീഷ് എന്നത് നമ്മള്‍ പഠിച്ചുണ്ടാക്കിയ ഇംഗ്ലീഷാണ്. മറ്റേത് സ്വതേയുള്ള ഭാഷയാണ്. ആ ഒരു വ്യത്യാസമുണ്ട്. സമാനമായ ഒരു ഉദാഹരണം പറയാം. എന്റെ ചില പുസ്തകങ്ങള്‍ ഹിന്ദിയില്‍ വന്നിട്ടുണ്ട്. ഹിന്ദിയില്‍ വന്ന ചിലതിനെപ്പറ്റി ഹിന്ദിയിലെ വലിയ ഒരു എഴുത്തുകാരന്‍ എന്നോട് സങ്കടം പറഞ്ഞു. അവര്‍ ഇംഗ്ലീഷിലും വായിച്ചിട്ടുണ്ടായിരുന്നു. അപകടമാണെന്നാണ് പറഞ്ഞത്. ഒരാള്‍ വളരെ ഗംഭീരമായി മുഖവുരയൊക്കെ എഴുതിക്കൊടുത്തിട്ടുണ്ട്. നമ്മുടെ ഇവിടെ ഹിന്ദിമാഷാവാന്‍ പഠിച്ചവരാണ് തര്‍ജ്ജമക്കാര്‍ പലരും. ഹിന്ദിയില്‍ നല്ല തര്‍ജ്ജമക്കാര്‍ ചിലരുണ്ട്. അവരൊക്കെയും അലിഖഡിലും ബനാറസ് യൂണിവേഴ്സിറ്റിയിലും പോയി പഠിച്ചവരാണ്. അവര്‍ അവിടെ താമസിച്ച് അവിടത്തെ ഭാഷ പഠിച്ചവരാണ്. അവര്‍ ഹിന്ദിയില്‍ ആക്കുമ്പോള്‍ വ്യത്യാസമുണ്ട്. നമ്മുടെ ഇവിടുത്തെ മാഷുമാര്‍ ഹിന്ദിയില്‍ ആക്കുന്നതിനേക്കാള്‍. 

മധുസൂദനന്‍ നായര്‍: നമ്മുടെ ഭാഷയുടെ ഭംഗി ഇംഗ്ലീഷിലേക്ക് വരാത്ത ബുദ്ധിമുട്ടുമുണ്ട്. 

എം.ടി: അതു ശരിയാണ്. ഓണ്‍ ട്രാന്‍സ്ലേറ്റിങ്ങ് എം.ടി എന്ന് ഒരാള്‍ വലിയൊരു പ്രബന്ധമെഴുതിയിട്ടുണ്ട്. 

മധുസൂദനന്‍ നായര്‍: അതെ, അതിനെക്കുറിച്ചുതന്നെയാണ് ഞാന്‍ പറഞ്ഞത്. 

എം.ടി: അതിന്റെ ബുദ്ധിമുട്ടുകള്‍ എന്തൊക്കെ എന്ന് എഴുതിയിട്ടുണ്ട്. നല്ല തര്‍ജ്ജമക്കാര്‍ ചിലരുണ്ട്. അവര്‍ പലവട്ടം നമ്മളോട് സംസാരിച്ചതിനുശേഷമാണ് ചില വാക്കുകള്‍ പകരം വയ്ക്കുന്നത്. അവര്‍ക്കു പോലും ചിലപ്പോള്‍ വേണ്ടമാതിരി, നമ്മള്‍ ആദ്യം ഉദ്ദേശിച്ചതിലേക്ക് എത്താന്‍ കഴിഞ്ഞെന്നു വരില്ല. അവരുടെ തെറ്റല്ല. അത് അങ്ങനെയാണ്. 

മധുസൂദനന്‍ നായര്‍: ഇംഗ്ലീഷ്-മലയാളം ബുദ്ധിമുട്ടാണ് പൊതുവെ. പക്ഷേ, മലയാളത്തില്‍നിന്ന് അങ്ങോട്ട് ചെയ്യുമ്പോഴാണ് ഈ ബുദ്ധിമുട്ട് കൂടുതലായി കാണുന്നത്. നമ്മള്‍ മലയാളത്തില്‍ വായിക്കുന്ന ആ സൗന്ദര്യം, ആഴം പലപ്പോഴും അതിന്റെ ഇംഗ്ലീഷ് വായിക്കുമ്പോള്‍ കിട്ടുന്നില്ല. 

എം.ടി: ട്രാന്‍സ്ലേഷന്റെ ഒരു വീക്ക്‌നസ് അതാണ്. 

അനില്‍: തര്‍ജ്ജമയുടെ ഈ വിഷയം എല്ലാ ഭാഷയ്ക്കുമുണ്ടല്ലോ? സ്പാനിഷില്‍നിന്ന് ഇംഗ്ലീഷിലേക്കാണെങ്കിലും? ലാറ്റിനമേരിക്കന്‍ കൃതികളൊക്കെ നമ്മള്‍ വായിക്കുന്നത് ഇംഗ്ലീഷിലാണ്? 

മധുസൂദനന്‍ നായര്‍: അതു വരാം. എന്റെ കൊച്ചുമകന് 'രണ്ടാമൂഴ'ത്തിന്റെ മലയാളം വായിച്ചുകൊടുക്കുമ്പോള്‍ രസിക്കുന്നുണ്ട്. പക്ഷേ,  അതിന്റെ ട്രാന്‍സ്ലേഷന്‍ വായിച്ചപ്പോള്‍ രസിക്കുന്നില്ല. അവിടെ ട്രാന്‍സ്ലേഷനാണ് പ്രശ്‌നം. മലയാളം വേര്‍ഷന്‍ ഞാന്‍ മലയാളത്തില്‍ വായിച്ചുകൊടുത്തപ്പോള്‍ പന്ത്രണ്ടു വയസ്സായ കുട്ടിക്ക് ആസ്വദിക്കാന്‍ പറ്റി. 

അനില്‍: അതിന് മറ്റൊരു കാരണവും ഉണ്ടാവാം. വായിച്ചുകൊടുത്തത് അങ്ങായതുകൊണ്ടാവാം. താങ്കളുടെ ഭാഷയിലുള്ള അറിവുകൂടെ അതിന് കാരണമാകാം. 

മധുസൂദനന്‍ നായര്‍: ശരിയായിരിക്കാം. ഇംഗ്ലീഷ് ട്രാന്‍സ്ലേഷന്‍ വായിച്ചിട്ട് അത് തുടരാന്‍ പറ്റിയില്ല. രണ്ട് പുസ്തകവും കൈവശമുണ്ട്.

എം.ടി: മിലന്‍ കുന്ദേരയുടെ രണ്ടാമത്തെ പുസ്തകം. - ആദ്യ പുസ്തകം 'ജോക്ക്'. രണ്ടാമത്തെ പുസ്തകത്തിന് ('ദ അണ്‍ബെയറബിള്‍ ലൈറ്റ്‌നസ് ഓഫ് ബീയിങ്ങ്') അദ്ദേഹം ഒരു മുഖവുര എഴുതി. ആദ്യത്തെ പുസ്തകം വരുമ്പോള്‍ തനിക്ക് ഇംഗ്ലീഷ് തീരെ അറിയില്ല. അതിന് കടകവിരുദ്ധമായ തര്‍ജ്ജമകള്‍ വന്നു. അതറിഞ്ഞിട്ട് ആ പുസ്തകം താന്‍ പിന്‍വലിച്ചു എന്നൊക്കെ ആ മുഖവുരയില്‍ പറഞ്ഞു. പക്ഷേ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലൊക്കെ തന്നെയും അവരുടെ ലക്ഷ്യം ഒരു ഇംഗ്ലീഷ് ഓഡിയന്‍സിലേക്ക് എത്തുക എന്നതാണ്. തുടക്കം മുതല്‍ക്കുതന്നെ ഇത് അവരുടെ മനസ്സിലുണ്ട്. പിന്നെ അതിനുവേണ്ടി മാത്രം യൂണിവേഴ്സിറ്റി ലെവലില്‍ ട്രാന്‍സ്ലേഷനു പഠിക്കുന്നവരുണ്ട്. ചൈനയില്‍ ഞാന്‍ രണ്ട് മൂന്ന് തവണ പോയിട്ടുണ്ട്. അവിടുത്തെ എഴുത്തുകാരുടെ സംഘം ക്ഷണിച്ചിട്ട് പോയതാണ്. നമ്മുടെ ട്രാന്‍സ്ലേറ്റേഴ്സൊക്കെ ചില പുസ്തകങ്ങളെക്കുറിച്ച് അപാരം, ഗംഭീരം എന്നു പറയും. ഞാന്‍ ഇതില്‍ ചിലതൊക്കെ വാങ്ങിവരും. ഇവിടെ വന്ന് വായിക്കുമ്പോള്‍ പരമ ബോറാണ്. എന്താണ് കാരണമെന്നുവച്ചാല്‍ തര്‍ജ്ജമയുടെ കുഴപ്പമാണ്. ഫോറിന്‍ ലാംഗേജ് സെക്ഷനില്‍ കയറുമ്പോള്‍ അവര്‍ ഏതെങ്കിലും ഒരു വിഷയമെടുക്കും. ഇംഗ്ലീഷോ ഫ്രെഞ്ചോ. പിന്നെ  അവരുടെ ജോലി അവര്‍ക്കു കൊടുക്കുന്ന നാലഞ്ച് പുസ്തകം തര്‍ജ്ജമ ചെയ്യലാണ്. അത് അവര്‍ തൊഴിലിന്റെ ഭാഗമായി ചെയ്യുന്നതാണ്. നമുക്ക് അത് വായിക്കുമ്പോള്‍ എന്തോ മാതിരി തോന്നും. തൊഴിലിനുവേണ്ടി ഭാഷ പഠിച്ചാല്‍ അതിന് സാഹിത്യവുമായി ബന്ധംവരണമെന്നില്ല. ഒരു വാക്കിന് ഇക്ക്വലന്റ് മറ്റൊരു വാക്ക്. 

അനില്‍: പലതും പദാനുപദ തര്‍ജ്ജമകളാണ്.  ആറ്റിലേക്ക് അച്യുതാ ചാടൊല്ലേ ചാടൊല്ലേ എന്നത് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ Oh Achutha! Don't jump, don't jump into the lake എന്നാണ് വരുന്നത്. 

എം.ടി: അതേ, അതേ. അത് തര്‍ജ്ജമയില്‍ എപ്പോഴും പറ്റുന്നതാണ്. മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്ക് ചെയ്യുമ്പോള്‍ പലര്‍ക്കും പറ്റുന്നുണ്ട്. വളരെ ശ്രദ്ധിച്ചു ചെയ്യുന്ന രണ്ട് മൂന്ന് ട്രാന്‍സ്ലേഴ്സുണ്ട്. അവര്‍ തര്‍ജ്ജമ ചെയ്തതിനുശേഷം എന്നെ കേള്‍പ്പിക്കും. പിന്നെ മറ്റു ചിലരെ കേള്‍പ്പിക്കും. ഭാഷ അറിയാത്തവരെ കേള്‍പ്പിക്കും. ഇതിനു ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. 

മധുസൂദനന്‍ നായര്‍: മലയാളത്തിന് ഒരു ഇന്റര്‍നാഷണല്‍ അംഗീകാരം കിട്ടാന്‍ ഇത് തടസ്സമായിട്ടില്ലേ? 

എം.ടി: അത് തടസ്സമായിട്ടുണ്ട്. കാരണം അതിനു പറ്റിയ ട്രാന്‍സ്ലെറ്റേഴ്സ് ഏറെ ഇല്ല. ചിക്കാഗോയിലെ കവി രാമാനുജന്‍ കന്നഡയിലേയും തമിഴിലേയുമൊക്കെ കൃതികള്‍ തര്‍ജ്ജമ ചെയ്ത ആളാണ്. അദ്ദേഹം അവിടെ പോയി ഇംഗ്ലീഷ് പഠിച്ച ആളാണ്. അദ്ദേഹത്തിന് തമിഴും അറിയാം കന്നഡയും അറിയാം. ഇംഗ്ലീഷ് അപാരമായി അറിയാം. ഇത്രയും എക്സ്പോഷറുള്ള അദ്ദേഹം തര്‍ജ്ജമ ചെയ്തതുകൊണ്ടാണ് കന്നഡയിലെ ചില പുസ്തകങ്ങള്‍ക്ക് വലിയ അംഗീകാരം കിട്ടിയത്. അദ്ദേഹം മരിച്ച ഉടനെയാണ് ഞാന്‍ ചിക്കാഗോ യൂണിവേഴ്സിറ്റിയിലെത്തിയത്. അവിടെ തമിഴും കന്നഡയും പഠിക്കാന്‍ അമേരിക്കക്കാരായ വിദ്യാര്‍ത്ഥികള്‍ തയ്യാറാണ്. ഇദ്ദേഹം തുടങ്ങിവച്ച ഭാഷയോടും തര്‍ജ്ജമയോടുമുള്ള ഒരു അടുപ്പം കാരണമാണ് ഈ താല്പര്യം ഉണ്ടായത്.  നമുക്കും ഉണ്ടായിരുന്നു ഒരു സായിപ്പ് - മോഗ്. മലയാളം പഠിച്ച ആളാണ്. ഇവിടൊക്കെ വന്നിട്ടുണ്ട്. 

മധുസൂദനന്‍ നായര്‍: ആഷര്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട് ബഷീറിനെ.
 
എം.ടി: ആഷറിന്റേത് നല്ല തര്‍ജ്ജമയാണ്. കാരണം, ആഷര്‍ ഇവിടെവന്ന് മലയാളം പഠിക്കുന്നതിനു മുന്‍പ് തമിഴ് പഠിച്ച ആളാണ്. ഒരു സൗത്ത് ഇന്ത്യന്‍ എക്സ്പോഷര്‍ കിട്ടിയിട്ടുണ്ട്. എന്റെ വളരെ അടുത്ത സുഹൃത്താണ്. ആദ്യം തമിഴ് പഠിച്ചു. പിന്നീടാണ് മലയാളത്തില്‍ താല്പര്യം ഉണ്ടായത്. ബഷീര്‍, തകഴി ഇവരുടെയൊക്കെ കൃതികള്‍ വായിച്ചാണ് താല്പര്യം തോന്നിയത്. അങ്ങനെ കൂടുതല്‍ മലയാളത്തോട് അടുപ്പമുണ്ടായി. 

മധുസൂദനന്‍ നായര്‍: അത്തരം അടുപ്പം ഉണ്ടായിട്ടുള്ള തര്‍ജ്ജമക്കാരാരും മലയാളത്തിന്റെ ശരിയായ ജീനിയസ്സ് പുറത്തുകാണിക്കാന്‍ ഉണ്ടായില്ല. 

എം.ടി: നമ്മുടെ തര്‍ജ്ജമകള്‍ പലതും പോര. നമ്മുടെ സ്വാരസ്യം കൂട്ടിയില്ലെങ്കിലും നഷ്ടപ്പെടാതെ അതുപോലെ ഇംഗ്ലീഷില്‍ക്കൂടി കൊണ്ടുവരാന്‍ സാധിച്ചാല്‍ മതി. 

മധുസൂദനന്‍ നായര്‍: ലക്സിക്കല്‍ അര്‍ത്ഥമല്ല നമ്മുടെ ഭാഷയ്ക്ക് കൂടുതലായി സാഹിത്യത്തില്‍ കാണുക. ഇംഗ്ലീഷിന്റെ സാംസ്‌കാരിക ശക്തിയും മലയാളത്തിന്റെ സാംസ്‌കാരിക ശക്തിയും വളരെ വ്യത്യസ്തമാണ്. ഇതു പൂര്‍ണ്ണമായും ഗ്രഹിക്കുന്ന ഒരാളിനേ നന്നായി തര്‍ജ്ജമ ചെയ്യാന്‍ കഴിയൂ. പല കൃതികളെക്കുറിച്ചും നമുക്ക് ഇത് തോന്നിയിട്ടുണ്ട്. ചിലത് വായിക്കുമ്പോള്‍ പരിതാപം തോന്നും. 

അനില്‍: മലയാളത്തിലേക്ക് വരുന്ന തര്‍ജ്ജമകള്‍ നോക്കാം. റഷ്യയിലെ റാബിക പബ്ലിഷേഴ്‌സും ഇവിടുത്തെ പ്രഭാത് ബുക്ക് ഹൗസും ചേര്‍ന്ന് ഒരുപാട് സോവിയറ്റ് യൂണിയന്‍ കൃതികള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതു പലതും വളരെ നല്ലതുമാണ്. 

എം.ടി: ശരിയാണ്. പിന്നെ ഇന്ദുലേഖയുടെ തര്‍ജ്ജമ വളരെ നല്ലതാണ്. അതിന്റെ വിവര്‍ത്തകന്‍ ഇവിടെ കോഴിക്കോട് കളക്ടറായിരുന്നു. അദ്ദേഹം ഇവിടെ വന്ന് മലയാളം പഠിച്ചതാണ്. നിത്യജോലിയുടെ ഭാഗമായിരുന്നു അത്. 

മധുസൂദനന്‍ നായര്‍: എനിക്കു തോന്നുന്നത് ഇംഗ്ലീഷിലേക്ക് നല്ലൊരു ഇംഗ്ലീഷുകാരന്‍ വിവര്‍ത്തനം ചെയ്യണം. 
എം.ടി: മലയാളം അറിയാത്ത ഒരു ഇംഗ്ലീഷുകാരനു വായിച്ചാല്‍ കൂടി അത് മനസ്സിലാകണം. പലരും ഇപ്പോള്‍ അത് ചെയ്യുന്നുണ്ട്. അവരവരുടെ തര്‍ജ്ജമ കഴിഞ്ഞിട്ട് മലയാളം തീരെ അറിയാത്ത ഒരാളിനെക്കൊണ്ട് വായിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ അതൊരു സിസ്റ്റമായി വികസിക്കുന്നുണ്ട്. 

മധുസൂദനന്‍ നായര്‍: നല്ല തര്‍ജ്ജമക്കാര്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഒക്ടോവിയോ പാസിന്റെ കൃതികളുടെ തര്‍ജ്ജമ നോക്കുമ്പോള്‍ ഇതു മനസ്സിലാകും. നെരൂദയുടെ കൃതികളിലെ തര്‍ജ്ജമയിലെ പ്രയാസങ്ങള്‍ ഇംഗ്ലീഷ് തര്‍ജ്ജമക്കാര്‍ പറയുന്നുണ്ട് അവരുടെ ഒറിജിനല്‍ ഭാഷയില്‍ ഇത് എങ്ങനെയാണ് എന്ന് നമുക്ക് അറിയില്ല. പക്ഷേ, നമുക്ക് ഇംഗ്ലീഷില്‍ വായിക്കുമ്പോള്‍ ഒരു ഇംഗ്ലീഷ് പോയട്രി വായിക്കുന്ന സുഖം കിട്ടുന്നുണ്ട്. പക്ഷേ, ആ സുഖം മലയാളത്തിലെ നോവലോ കവിതയോ അത്ര നല്‍കുന്നില്ല. ഞാന്‍ കുമാരനാശാന്റെ തര്‍ജ്ജമകള്‍ ഇംഗ്ലീഷില്‍ നോക്കിയിട്ടുണ്ട്. ചെയ്തിട്ടുള്ളത് കൈനിക്കര കുമാരപിള്ളസാറൊക്കെയാണ്. പക്ഷേ, മൂലകൃതിയുടെ സുഖം കിട്ടുന്നില്ല. നമ്മുടെ ഒന്നാന്തരം കഥകള്‍ ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍ എന്തുകൊണ്ട് ഇതേ ശക്തി അവിടെ കിട്ടുന്നില്ല?

എം.ടി: തര്‍ജ്ജമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. യൂണിവേഴ്സിറ്റി തലത്തിലൊക്കെ. ഭാഷ പഠിപ്പിക്കല്‍ മാത്രമല്ല തര്‍ജ്ജമ എന്നു പറഞ്ഞാല്‍; ഇറ്റ്‌സ് എ നെഗോഷേഷ്യന്‍ ബിറ്റിവിന്‍ ടു കള്‍ച്ചേഴ്സ്. രണ്ട് ഭാഷകള്‍ തമ്മില്‍ ഒരു കൂടിച്ചേരലുണ്ട്. അതിനു പറ്റുന്ന നിലയിലുള്ള തര്‍ജ്ജമക്കാര്‍ വേണം. 

മധുസൂദനന്‍ നായര്‍: അതാണ്. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒരു ബാന്ധവമാണ്. ഇപ്പോള്‍ മറിച്ച് അവിടുന്ന് ഇങ്ങോട്ടുള്ള തര്‍ജ്ജമകള്‍ നമ്മള്‍ എടുത്തുകൊണ്ടിരിക്കുകയാണ്. പക്ഷേ, അങ്ങോട്ട് പോകുന്നില്ല. 

എം.ടി: കുറച്ചു പോകുന്നുണ്ട്. പക്ഷേ, കുറച്ചേയുള്ളു. അതുതന്നെ വിത്ത് ഇന്‍ ഇന്ത്യയാണ്. ഇന്ത്യന്‍ എഡിഷന്‍സായി ഇന്ത്യന്‍ പബ്ലിഷേഴ്സ് പുറത്തിറക്കുന്നത്. പക്ഷേ, പുറം രാജ്യങ്ങളിലെത്താന്‍ വലിയ പ്രയാസമാണ്. 

മധുസൂദനന്‍ നായര്‍: അതുകൊണ്ടാണ് ഇത്തരം പബ്ലിഷേഴ്സ് ഇന്ത്യന്‍ എഡിഷന്‍ ഇറക്കുന്നത്. ഒരേ പുസ്തകം പലയിടത്തേക്ക് പല എഡിഷന്‍സാണ്. പക്ഷേ, ഹാരിപ്പോര്‍ട്ടര്‍ ഒന്നും അങ്ങനെയല്ല. നമ്മുടെ പുസ്തകം എല്ലായിടത്തും ഒരേപോലെ ഇറക്കാവുന്ന രീതിയില്‍, അതിന്റെ ഫുള്‍ സ്പിരിറ്റോടെ തര്‍ജ്ജമ ചെയ്യണം. അത് ഒരു ആവശ്യമല്ലേ?

അനില്‍: ഇതില്‍ ഭാഷയുടെ ഒരു അപകര്‍ഷകത കൂടെയുണ്ട്. നമ്മുടെ അപകര്‍ഷകതയാണോ ഇതില്‍ ഊന്നുന്നത്? ഇന്ത്യയില്‍ ഇറക്കുന്ന എഡിഷന്‍സ് പലതും കുറച്ച് ലൈറ്റാണ്. ഇന്ത്യക്കാര്‍ക്ക് ഇത്ര മതി എന്ന ഒരു ധാരണയുണ്ട്. 

മധുസൂദനന്‍ നായര്‍: അങ്ങനെ ഒരു തോന്നലുണ്ടാക്കിയത് നമ്മള്‍ തന്നെയാണ്. നമ്മുടെ ഭാഷ ഇന്‍ഫീരിയര്‍ അല്ല. മലയാള ഭാഷ വാസ്തവത്തില്‍ ഇന്‍ഫീരിയര്‍ അല്ല. വാസ്തവത്തില്‍ ഇംഗ്ലീഷിനേക്കാള്‍ പദാവലി നമ്മുടെ ഭാഷയിലുണ്ട്. പക്ഷേ, നമ്മുടെ നാട്ടിലേക്ക് ഇന്‍ഫീരിയര്‍ ലാംഗ്വേജ് മതിയെന്ന് ഇംഗ്ലീഷുകാര്‍ക്ക് തോന്നുന്നു. പണ്ടൊന്നും അങ്ങനെ തോന്നിയിട്ടില്ല. ഡിവൈന്‍ കോമഡി ഇവിടുള്ളവര്‍ വായിച്ചിട്ടുണ്ട്. പാരഡൈസ് ലോസ്റ്റും വായിച്ചതാണ്. ഇന്ന് സിമ്പിളിഫൈഡ് ഇന്ത്യന്‍ വേര്‍ഷന്‍ വേണമെന്ന തോന്നല്‍ ഉണ്ടാക്കിയെടുത്തതാണ്. മാത്രമല്ല, നമ്മുടെ വായനയുടെ രീതിയും ശ്രദ്ധിക്കണം. ചേതന്‍ ഭഗത്തിന്റെ പുസ്തകം വായിച്ച് ശീലിച്ചവര്‍ക്ക് ഉംബര്‍ട്ടോ എക്കോയുടെ പുസ്തകം ദഹിക്കണമെന്നില്ല. ആ വായനയുടെ വ്യത്യാസം ഉണ്ട്. 

അനില്‍: അതില്‍ത്തന്നെ മറ്റൊരു ചോദ്യം ഉണ്ട്. ചേതന്‍ ഭഗത് ഒക്കെ വന്നതോടെ വായനയുടെ ഒരു ഗൗരവം കുറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു തോന്നലുണ്ടോ? ലൈറ്റ് റീഡിങ്ങാണ് കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത്. 

മധുസൂദനന്‍ നായര്‍: അമീഷ് ത്രിപാഢി, ചേതന്‍ ഭഗത് ഇങ്ങനെ ഒരു തരം. ചെറുപ്പക്കാരായ വായനക്കാരെ ഇവര്‍ വലിച്ചുകൊണ്ടുപോയിട്ടുണ്ട്. ഇതു വായനയുടെ ഗൗരവം കുറച്ചിട്ടില്ലേ? 

എം.ടി: എനിക്ക് തോന്നുന്നത് നമ്മുടെ മാഷുമാര്‍ക്ക് അതില്‍ ഒരു പങ്കുണ്ടെന്നാണ്. മലയാളത്തിന്റെ ഊര്‍ജ്ജം കുട്ടികളിലേക്ക് പ്രസരിപ്പിക്കുന്നതില്‍ നമ്മുടെ മലയാളം അദ്ധ്യാപര്‍ക്ക്  വലിയ പങ്കുണ്ട്. 

മധുസൂദനന്‍ നായര്‍: അത് സത്യമായ നിരീക്ഷണമാണ്. 

എം.ടി: നമ്മളൊക്കെ മലയാളത്തിലാണ് പഠിച്ചത്. ഇംഗ്ലീഷ് നമ്മള്‍ പിന്നെ വായിച്ചുണ്ടാക്കിയതാണ്. ആദ്യകാലത്ത് മാഷുമാര്‍ കവിത ചൊല്ലിത്തന്നിട്ട് മനപ്പാഠം പഠിച്ചുവരാന്‍ പറഞ്ഞു. ചൊല്ലി ചൊല്ലി നമുക്ക് തന്നെ ഒരു രസം തോന്നി. അവര്‍ അതിന്റെ ചില ന്യുവാന്‍സസ് പറഞ്ഞുതന്നു ഇപ്പോള്‍ അത് ഇല്ല. മനപ്പാഠം പഠിക്കണ്ട. 

മധുസൂദനന്‍ നായര്‍: വളരെ ആഴത്തിലുള്ള വായന വേണമെന്ന് നിര്‍ബന്ധമില്ല. 

എം.ടി: മലയാളമൊന്നും അങ്ങനെ ആഴത്തില്‍ വായിക്കേണ്ട ആവശ്യമില്ല, ടെക്നോളജി വായിച്ചാല്‍മതി എന്നായിരിക്കുന്നു. ടെക്നോളജി പഠിക്കാന്‍ എവിടെയാണ് മലയാളത്തില്‍ പുസ്തകം. സയന്‍സിനും മലയാളത്തില്‍ പുസ്തകമൊന്നുമില്ല. ഇംഗ്ലീഷ് മാത്രമല്ല പല രാജ്യക്കാരും അവരുടെ ഭാഷയിലാണ്... അവിടെ ഇംഗ്ലീഷൊന്നുമല്ല... സയന്‍സും എന്‍ജിനീയറിങ്ങുമൊക്കെ പഠിപ്പിക്കുന്നത്. 

മധുസൂദനന്‍ നായര്‍: മന്ദാരിന്‍, സ്പാനിഷ്.

എം.ടി: ഫ്രാന്‍സില്‍ ഒന്നാംവര്‍ഷ കോഴ്സ് ഫ്രെഞ്ച് മാത്രമാണ്. നമ്മുടെ കുട്ടികളൊക്കെ പഠിക്കാന്‍ പോകുന്നുണ്ട്. പുതിയ കോഴ്സിന് ചേരുമ്പോള്‍ ആദ്യത്തെ ഒരു വര്‍ഷം സബ്ജക്റ്റൊന്നുമല്ല. ഭാഷയാണ് പഠിപ്പിക്കുന്നത്. 

മധുസൂദനന്‍ നായര്‍: മെഡിസിനുപോലും ആദ്യം ഭാഷയാണ് പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ അത്യാവശ്യം നല്ല ഭാഷാദ്ധ്യാപകര്‍ വേണം. 

എം.ടി: ഭാഷയുടെ സ്വാരസ്യം കുട്ടികളില്‍ ചെല്ലുന്ന തരത്തിലുള്ള സമ്പ്രദായം വേണം. ആദ്യം തൊട്ടേ തുടങ്ങണം. 

മധുസൂദനന്‍ നായര്‍: ഭാഷയുടെ ഈ കാര്യം വലിയ ഒരു വിഷയമാണ്. പ്രൈമറിതലം തൊട്ട് കുട്ടികളെ ഭാഷ നന്നായിട്ട് പഠിപ്പിക്കണം. 

എം.ടി: നമ്മുടെ ഭാഷ നന്നായി പഠിക്കാതെ എങ്ങനെയാണ് മറ്റു ഭാഷകള്‍ എളുപ്പമാക്കുക.  മലയാളം നന്നായി പഠിക്കാന്‍ കഴിഞ്ഞാല്‍ മറ്റു ഭാഷകളൊക്കെ എളുപ്പമാണ്. നമ്മളങ്ങനെ അതിനു ശ്രമിക്കുന്നില്ല. ഇപ്പോഴത്തെ പഠനവ്യവസ്ഥയില്‍ അത് പിന്നിലേക്ക് പോയി. 

അനില്‍: നമുക്ക് ഭാഷയില്‍നിന്ന് എം.ടിയുടെ എഴുത്തിലേക്കും ജീവിതത്തിലേക്കും തിരിച്ചുവരാം. എഴുപത് വര്‍ഷത്തെ എഴുത്ത്. എണ്‍പത്തഞ്ചുവര്‍ഷത്തെ ജീവിതം. എഴുത്തിലോ ജീവിതത്തിലോ എന്തെങ്കിലുമൊരു റിഗ്രറ്റ് തോന്നിയിട്ടുണ്ടോ?

എം.ടി: എഴുത്തില്‍ റിഗ്രറ്റ് ഇല്ല. എഴുത്തിലുള്ളതിനെ റിഗ്രറ്റ് എന്ന് പറഞ്ഞുകൂടാ. അസംതൃപ്തിയാണ്. നമുക്കിനിയും ചെയ്യാന്‍ ഉണ്ടെന്ന തോന്നല്‍. അത് ബാക്കി കിടക്കുന്നുണ്ടല്ലോ എന്ന തോന്നല്‍. 'അതു എഴുതാനുണ്ടല്ലോ. ഇനി അച്യുതന്‍നായരെ കുറിച്ച് എഴുതാനുണ്ടല്ലോ. എന്നോ പറയാന്‍ തുടങ്ങിയതാണല്ലോ ചെയ്തില്ലല്ലോ.' എന്റെ നാട്ടിലെ ഒരു ക്യാരക്റ്ററാണ് അയാള്‍. ഇപ്പോള്‍ അത് വീണ്ടും ഓര്‍മ്മ വരാന്‍ കാരണം അയാളുടെ മരുമകന്‍ മരിച്ചുവെന്നു കേട്ടതാണ്. ഇപ്പോള്‍ അയ്യോ ഞാനത് ചെയ്തില്ലല്ലോ അങ്ങനെ ഇനിയും ബാക്കിവച്ചുവല്ലോ എന്ന, ബാക്കിയുണ്ടല്ലോ എന്ന ഒരു ഉല്‍ക്കണ്ഠ ഒക്കെയാണ് ഉള്ളത്. 
 
മധുസൂദനന്‍ നായര്‍: അത് റിഗ്രറ്റ് അല്ല. അത് ഇനിയും ചെയ്യാനുണ്ട് എന്നുള്ള ഒരു വ്യഗ്രതയാണ്. 

എം.ടി: ഇപ്പോ നമുക്കുള്ള ബുദ്ധിമുട്ട് എഴുതാന്‍ ഉള്ളില്‍ ഊര്‍ജം ഇല്ലാഞ്ഞിട്ടല്ല. ശാരീരികമായി  പല അനാരോഗ്യ അവസ്ഥകളുണ്ട്. അതിനെ നമ്മള്‍ മറികടന്ന് പോകണം. 

മധുസൂദനന്‍ നായര്‍: അത് മറികടക്കും. അനാരോഗ്യമൊന്നും ബാധിക്കില്ല. 

എം.ടി: ഓര്‍മ്മയ്‌ക്കൊന്നും കുഴപ്പമില്ല. അതൊന്നും പ്രശ്‌നമല്ല. വായനയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു. അതിപ്പോള്‍ ശരിയായി. ലേസര്‍ ട്രീറ്റ്‌മെന്റിനുശേഷം കുഴപ്പമില്ല. ഇപ്പോള്‍ വായിക്കാം. പണ്ടത്തെ അത്ര വായിക്കുന്നില്ല, എങ്കിലും. കണ്ണിന്റെ എക്സ്പ*!*!*!േര്‍ട്ടുണ്ട്. പത്തിരുപത്തഞ്ച് പേജ് വായിക്കണം എന്നു പറഞ്ഞപ്പോള്‍ അവരെന്നോട് പറയുകയായിരുന്നു നിര്‍ത്തണം എന്തിനാണ് അത്രയൊക്കെ വായിക്കുന്നത്. ഞാന്‍ പറഞ്ഞു ഇത് എന്റെ ശീലമാണ്.

മധുസൂദനന്‍ നായര്‍: കുറച്ച് ഒരു വിശ്രാന്തി കൊടുത്തിട്ട് പിന്നെയും തുടങ്ങാം. 

എം.ടി: ശരിയാണ്. ഇടയ്ക്ക് ഞാന്‍ വളരെ വറീഡായിരുന്നു. വായിക്കാന്‍ വല്ലാത്ത വിഷമമായിരുന്നു. ഇപ്പോള്‍ അതില്‍നിന്ന് ഒരുവിധം ഒരു മോചനം ഉണ്ടായിട്ടുണ്ട്. 

മധുസൂദനന്‍ നായര്‍: അത്യാവശ്യം ഒരാള്‍ക്ക് പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന കാര്യം ആലോചിക്കാവുന്നതാണ്. 

എം.ടി: അത് ഞാന്‍ നോക്കി പക്ഷേ, ശരിയാവുന്നില്ല. അതിനു പറ്റിയ ആള്‍ ഇല്ല. പറ്റിയ ഒന്നു രണ്ടുപേരെ ഞാന്‍ ട്രൈ ചെയ്തിട്ട് സാറ്റിസ്ഫൈഡല്ല. ഇടയ്ക്ക് ഒരാള്‍ വന്നിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ട് അയാള്‍ എഴുതിയത് വായിച്ചുനോക്കി. അത്യാവശ്യം സാഹിത്യം എഴുതുന്ന ആളാണ് എന്നാണു പറഞ്ഞത്. വായിച്ചുനോക്കിയപ്പോള്‍ ഭയങ്കര അബദ്ധം.

അനില്‍: രണ്ടാമൂഴം സിനിമയാക്കാനുള്ള നടപടികള്‍?
എം.ടി: എന്തായെന്നറിയില്ല. ഞാന്‍ എന്റെ പാര്‍ട്ട് ചെയ്തുകഴിഞ്ഞു. പലരും വരുന്നുണ്ട്, ടെക്നിഷ്യന്‍സിനെ കൊണ്ടുവരുന്നുണ്ട്. പലതും നടക്കുന്നുണ്ട്. ഞാന്‍ അത്ര ഇന്‍വോള്‍വ്ഡ് അല്ല. ഞാന്‍ എന്റെ ജോലി പൂര്‍ത്തിയാക്കിക്കൊടുത്തു. തിരക്കഥയുടെ മലയാളം, ഇംഗ്ലീഷ് വേര്‍ഷനുകള്‍ കൊടുത്തു. 

മധുസൂദനന്‍ നായര്‍: മലയാള തിരക്കഥയില്‍ പെര്‍ഫെക്ഷന്‍ എന്താണെന്നു കാണിച്ചുതന്നത് എം.ടിയുടെ തിരക്കഥകളാണ് 

അനില്‍: തിരക്കഥാരചനയിലേക്ക് കടന്നുവന്ന സാഹചര്യം വിശദീകരിക്കാമോ?

എം.ടി: എന്റെ ഒരു കഥ 'സ്‌നേഹത്തിന്റെ മുഖങ്ങള്‍'  സിനിമയാക്കണമെന്ന് ശോഭന  പരമേശ്വരന്‍ നായര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു: ''എടുത്തോളൂ, അതിനെന്താ. തനിക്കു കഥ ഇഷ്ടായി, പറ്റുമെന്ന് തോന്നുന്നെങ്കില്‍ എടുത്തോളൂ.'' അപ്പോ പറഞ്ഞു അതു പോരാ, ഞാന്‍ എഴുതണമെന്ന്. ഞാന്‍ പറഞ്ഞു ''ഞാനിതുവരെ എഴുതിയിട്ടില്ല.'' പരമുവിന് നിര്‍ബന്ധം. അതു വേണം, ഞാന്‍ എഴുതുകയും വേണം. അങ്ങനെ അദ്ദേഹം നിര്‍ബന്ധിച്ചിട്ട് ഞാന്‍ എഴുതുകയായിരുന്നു. 

അനില്‍: മലയാള തിരക്കഥകളില്‍ എം.ടിയുടെ തിരക്കഥ വേറിട്ട് നില്‍ക്കുന്നു. കഥയില്‍നിന്ന് തിരക്കഥയിലേക്കുള്ള മാറ്റം എങ്ങനെയാണ് അങ്ങ് കാണുന്നത്?

എം.ടി: കുറേയെണ്ണം എഴുതേണ്ടിവന്നു. ഒന്ന് കഴിഞ്ഞു പിന്നെയും ചിലര്‍ വന്നു. ഞാനങ്ങനെ ഒന്ന് കഴിഞ്ഞു മറ്റൊന്ന് എന്ന വിധത്തില്‍ എഴുതിയിട്ടില്ല. എന്നാലും ഒരു കൊല്ലത്തില്‍ രണ്ടെണ്ണമൊക്കെ എഴുതി. അതിനു പ്രത്യേക സാങ്കേതികവിദ്യയോ അല്ലെങ്കില്‍ ബുക്കുകളോ ഒന്നുമില്ല. കുറേ മഹാരഥന്മാരുടെ തിരക്കഥകള്‍ വായിച്ചു, ഐസന്‍സ്റ്റീന്‍, പുഡോവ്കിന്‍ തുടങ്ങിയവരുടെ. നമ്മള്‍ നമ്മുടെ ചുറ്റുപാടൊക്കെ വച്ചിട്ടാണ് എഴുതുന്നത്.

മധുസൂദനന്‍ നായര്‍:  മലയാളത്തില്‍ തിരക്കഥയ്ക്കു ഒരു സാഹിത്യരൂപം ഉറപ്പിച്ചത് തന്നെ അങ്ങാണ്.

അനില്‍: എഴുത്തിന്റെ രീതിയെക്കുറിച്ചാണ് ചോദ്യം. കഥയില്‍നിന്ന് വ്യത്യസ്തമായി തിരക്കഥയില്‍ കുറേയേറെ പുതുതായി ചേര്‍ക്കേണ്ടിവരാറുണ്ടല്ലോ? സ്വന്തം കഥയില്‍ത്തന്നെ ഒരു പൊളിച്ചെഴുതല്‍ ചെയ്യുകയല്ലേ അത്?

എം.ടി: ചിലപ്പോ ചിലത് കൂട്ടിച്ചേര്‍ക്കേണ്ടിവരും. തിരക്കഥ എന്നത് മുഴുവനായും ഒരു വ്യത്യസ്ത മേഖലയാണ്. തിരക്കഥയില്‍ സംഭാഷണങ്ങള്‍, ചലനങ്ങള്‍, സൗണ്ട് ഒക്കെ ശ്രദ്ധിക്കേണ്ടിവരും. ഇപ്പോള്‍ത്തന്നെ നമ്മള്‍ സംസാരിക്കുമ്പോള്‍ അവിടെ ഒരു കാക്ക കരയുന്നു. ഇത് പണ്ടെഴുതില്ല. അല്ലെങ്കില്‍ ഒരു വണ്ടി പോകുന്ന ശബ്ദം.  പുഡോവ്കിന്‍ ഒക്കെ എഴുതിയപ്പോഴാണ് ഇത് എഴുതാന്‍ തുടങ്ങിയത്. പണ്ടതിന്റെ ഒന്നും ആവശ്യമില്ല. ആവശ്യമുള്ള സാധനം എഴുതിവയ്ക്കുകയായിരുന്നു. ഈ പരിസരവും അവിടെ എന്തൊക്കെ നടക്കുന്നു എന്ന് സൂചിപ്പിച്ചത് ചെയ്യുന്നവര്‍ക്ക് ഒരു സുഖം കിട്ടും. 

അനില്‍: നോവലുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് അസുരവിത്താണെന്നു പറഞ്ഞിരുന്നല്ലോ? സിനിമയില്‍, അങ്ങ് സംവിധാനം ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?

എം.ടി: ഒരു വെല്ലുവിളി എന്ന് പറയാവുന്നത് നിര്‍മ്മാല്യം ആയിരുന്നു. അത് ഉള്ളടക്കത്തിന്റെ വെല്ലുവിളിയെക്കുറിച്ചല്ല. ഇന്നത്ത സാങ്കേതിക സൗകര്യങ്ങളില്ല.  നാട്ടുകാര്‍ക്ക് പോകുന്ന വൈദ്യുതി അവര് ക്ലോസ് ചെയ്തതിനു ശേഷം നമുക്ക് വിട്ടു തന്നിട്ട് വേണം നമ്മളെടുക്കാന്‍. വലിയ ജനറേറ്റര്‍ കൊണ്ടുവരാം. പക്ഷേ, അതിനുള്ള കോപ്പില്ല. സൗകര്യങ്ങളൊന്നുമില്ലാത്ത  താമസ സൗകര്യമില്ല,  ബുദ്ധിമുട്ടുണ്ട്. പൈസയുടെ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനേക്കാള്‍ വലുത് സാങ്കേതികമായ ബുദ്ധിമുട്ടുകളായിരുന്നു.
 
മധുസൂദനന്‍ നായര്‍: 'അസുരവിത്ത്' സിനിമയായി. ഇപ്പോഴും ആ നോവലിനാണ് സിനിമയെക്കാളും ആഴം. 

എം.ടി: ശരിയാണ്. യു ആര്‍  റൈറ്റ്, ഹണ്‍ഡ്രഡ് പെര്‍സെന്റ് റൈറ്റ്. 

മധുസൂദനന്‍ നായര്‍: നന്നായിട്ടെടുത്തിട്ടുള്ള സിനിമയാണ്. പക്ഷേ, നോവലിന്റെ ആ ആഴം ഇല്ല. ഞാന്‍ പലപ്പോഴും മനസ്സുകൊണ്ട് ഓര്‍ക്കാറുണ്ട്. 

അനില്‍: എഴുത്തുകാരന്‍, ചലച്ചിത്രകാരന്‍, തിരക്കഥാകാരന്‍  ഇതില്‍ ഏതു വേഷമാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ഞാന്‍ ചോദിച്ചിരുന്നു. 

മധുസൂദനന്‍ നായര്‍: എഴുത്താണ് ചലച്ചിത്രകാരനേയും സൃഷ്ടിക്കുന്നത്.

എം.ടി: അതെ. എന്നെ സംബന്ധിച്ച് ഏറ്റവും വലുത് എഴുത്തു തന്നെയാണ്. 

മധുസൂദനന്‍ നായര്‍: എഴുതിയത് രണ്ടു വാക്ക് മതി, അവിടെ കിടക്കും. ചലച്ചിത്രം ഒരു യൂണിവേഴ്സല്‍ ടെക്നോളജി കൂടി ഉപയോഗിച്ചാണ്. 

എം.ടി: പകുതി  ടെക്നോളജി, പകുതി ക്രിയേറ്റിവിറ്റി. രണ്ടും കൂടിയാണ് 

മധുസൂദനന്‍ നായര്‍: സിനിമയില്‍ ഭാഷ കടമെടുക്കുകയാണ്. എഴുത്തില്‍ ഒരു സമൂഹത്തിന്റെ മനസ്സ് മുഴുവന്‍ ഭാഷയ്ക്കകത്തു വരുന്നുണ്ട്. ഞാന്‍ കുട്ടിക്കാലത്തു ശ്രദ്ധിച്ചു വായിച്ചിട്ടുള്ളതാണ് എം.ടിയുടെ കഥകള്‍. 

അനില്‍: മാധവിക്കുട്ടിയുടെ മതം മാറ്റം ഒരിടയ്ക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്.

എം.ടി: അതെന്നും എനിക്ക് ഇഷ്ടായിട്ടില്ല. ഐ ആം നോട്ട് ഹാപ്പി വിത്ത് ദാറ്റ്. അവര്‍ ജ്യേഷ്ഠത്തിയെ വിളിച്ചിട്ട് പറഞ്ഞു, ''വാസു എറണാകുളത്ത് വരും, ഞാന്‍ പിറ്റേന്ന് പേപ്പറുനോക്കുമ്പോഴാ അറിയുക. എന്നെ കണ്ടുകൂടായോ?'' അപ്പൊ പിറ്റേന്ന് ഓപ്പു വിളിച്ചിട്ട് പറഞ്ഞു, ''ആമി വിളിച്ചിരുന്നു വാസു ഒന്ന് പോയിക്കാണണം. ഞാന്‍ പോയപ്പോള്‍, വേറെ കുറേയാളുകള്‍ - ''നിങ്ങളാരാ, എന്താ എന്തിനു വന്നതാ?'' ഒരു സെക്യൂരിറ്റി സംഘം ചോദിക്കുന്നു. ഞാന്‍ പറഞ്ഞു  ''ഒന്നുമില്ല. അവരെയൊക്കെ അറിയും.'' പിന്നെ ഞാന്‍ ഓപ്പുവിനെ വിളിച്ചു പറഞ്ഞു, ഇങ്ങനെയൊക്കെയാണ്. പിന്നൊരിക്കല്‍ പോയി. ഒരുപാട് സംസാരിച്ചു. ആളുകള്‍ മതം മാറുകയോ മാറാതിരിക്കുകയോ ചെയ്യാം. എന്റെ അച്ഛന്റെ വീട് പുന്നയൂര്‍കുളത്താണ്. ആമിയുടെ ഒക്കെ വീടിനടുത്താണ്. ഞങ്ങള്‍ വെക്കേഷനൊക്കെ അവിടെയായിരിക്കും. ഇവരധികവും ഉണ്ടാകില്ല. ഇവര് കല്‍ക്കത്തയിലായിരിക്കും. എന്റെ ജ്യേഷ്ഠത്തിയും ഇവരും അവിടുത്തെ സ്‌കൂളില്‍ ക്ലാസ്സ്‌മേറ്റ്സ് ആയിരുന്നു. 
അങ്ങനെ ഞങ്ങള്‍ വളരെ അടുപ്പം, സ്‌നേഹം ഒക്കെയാണ്. പക്ഷേ, ഇങ്ങനത്തെ പല കാര്യങ്ങളിലും നമുക്കൊരു അഭിപ്രായ വ്യത്യാസമുണ്ട്. അവര് മരിച്ച കാലത്ത് ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്. ജയചന്ദ്രന്‍ നായര്‍ പറഞ്ഞിട്ട്, മലയാളത്തില്‍. അതുകൊണ്ട് റിപ്പീറ്റ് ചെയ്യാന്‍ എനിക്ക് വയ്യ. അവരുടെ നന്മയും ഒക്കെ കുറേശ്ശേ ഉണ്ടതില്‍, വിഡ്ഢിത്തരവുമുണ്ട്. 
എല്ലാവരും ലേഖനമെഴുതി. ആകെ ഒരു ലേഖനമേ ഞാന്‍ എഴുതിയുള്ളു, ജയചന്ദ്രന്‍ നായര്‍ വേണമെന്ന് പറഞ്ഞിട്ട്. അത് ഏതോ ഒരാള്‍ എഡിറ്റ് ചെയ്ത് പുസ്തകത്തിലും ഉള്‍പ്പെടുത്തിയിരുന്നു. എന്റെ അനുവാദം ചോദിച്ചിട്ടു തന്നെയാണ്.
 
അനില്‍: വിശ്വസിനിമകള്‍ കണ്ട അനുഭവം വച്ച് ഇപ്പോഴത്തെ നമ്മുടെ സിനിമകളെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

എം.ടി: ഇപ്പോഴത്തെ സിനിമകള്‍ അധികം കണ്ടിട്ടില്ല. ഞാന്‍ വല്ലപ്പോഴുമാണ് കാണാറ്. കുറേയെണ്ണം എടുത്തുവച്ചിട്ടുണ്ട്. 

മധുസൂദനന്‍ നായര്‍: ഞാനധികം സിനിമ കാണാറില്ല. അറിയാവുന്നിടത്തോളം, ഇപ്പോഴത്തെ ലോക സിനിമകളില്‍ ടെക്നോളജിയുടെ അതിപ്രസരമുണ്ട്. 

എം.ടി: യാഥാര്‍ത്ഥ്യത്തിന്റെ  ഘടകം പോയി. ഇപ്പോഴുള്ളത് പലപ്പോഴും കംപ്യൂട്ടര്‍ ഗ്രാഫിക്സ് ഒക്കെ ഉപയോഗിച്ചാണ്. ഒരുകാലത്ത്  ഞാന്‍ വേള്‍ഡ് ക്ലാസ്സിക്കുകള്‍ ഒക്കെ ഇരുന്നു കണ്ടിട്ടുണ്ട്. ഇപ്പോള്‍ കണ്ണിനു കുഴപ്പത്തിന് ശേഷം അധികം കാണാറില്ല. നിര്‍ബ്ബന്ധമായും കാണണം എന്നാരെങ്കിലും നിര്‍ബന്ധിച്ചാല്‍ കാണും. കഴിഞ്ഞതിന്റെ മുന്‍ വര്‍ഷം ഓസ്‌കാര്‍ കിട്ടിയ സിനിമയാണ് കാണാന്‍ വച്ചിരിക്കുന്നത്. 

അനില്‍: രണ്ടുപേരും ഒരുമിച്ചിരിക്കുന്നതുകൊണ്ട് ചോദിക്കുകയാണ് വി. മധുസൂദനന്‍ നായര്‍ എന്ന  കവിയെ എങ്ങനെയാണ് എം.ടി കാണുന്നത്?

എം.ടി: ഞങ്ങള്‍ തമ്മില്‍ വളരെ നാളായി അറിയും. എപ്പോഴും കാണുകയൊന്നും വേണ്ട, കാണാതെ തന്നെ അടുപ്പമുള്ള ആളുകളാണ്. 

മധുസൂദനന്‍ നായര്‍: കാണാറേയില്ല.

എം.ടി: കാണാതെ തന്നെ അടുപ്പമുണ്ട്. എപ്പോഴും വിളിക്കാറുമില്ല. എന്നാലും വളരെ അടുപ്പമാണ്. 

മധുസൂദനന്‍ നായര്‍: എനിക്ക് വിളിക്കാന്‍ പേടിയാണ്. ഞാന്‍ എട്ടാം ക്ലാസ്സിന് പഠിക്കുമ്പോഴാണ് നാലുകെട്ട് വായിക്കുന്നത്. അന്ന് തൊട്ടു ഞാന്‍ വായിക്കുന്നുണ്ട്. നാട്ടുമ്പുറത്തെ ലൈബ്രറിയില്‍നിന്ന് ഈ പുസ്തകം കിട്ടി-  1962-ല്‍. അങ്ങനെയാണ് എം.ടിയെ ആദ്യമായി വായിക്കുന്നത്. 

എം.ടി: അതെ. 57-ലാണ് അതു വന്നത്. ഇരുപത്തി മൂന്നാം വയസ്സിലാണ് അതെഴുതിയത്.

അനില്‍: 'നാലുകെട്ടി'നെക്കുറിച്ചു  ചോദിക്കുമ്പോള്‍  ആ പേരിനപ്പുറത്ത് നാലു കെട്ടുകള്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടോ?

എം.ടി: ഇല്ല. അങ്ങനെയൊരു അര്‍ത്ഥമില്ല. നമ്മുടെ പഴയ വീടുകള്‍ നാലുകെട്ട്  പഴയ തറവാടുകള്‍ ആയിരുന്നു. ഫോര്‍ കൊര്‍ണേഡ് ഹൗസ്. അതായത് ഉമ്മറം കഴിഞ്ഞാല്‍ പിന്നെ, വടക്കിനി, തെക്കിനി, നടുമുറ്റം. അങ്ങനെയായിരുന്നു അതിന്റെ ഘടന. 

എം.ടി: കന്നഡയില്‍ ചൗക്കറ്റിന മന. ഹിന്ദിയില്‍ ചാര്‍ ദീവരോം മേം. 

മധുസൂദനന്‍ നായര്‍: ഇതുതന്നെ തമിഴ്നാട്ടിലുമുണ്ട്. ചെട്ടിയാര്‍ ഭവനങ്ങളിലും. ചെട്ടിനാടില്‍ എല്ലാ വീടുകളിലുമുണ്ട്. എട്ടുകെട്ടുമുണ്ടായിരുന്നു 

എം.ടി: മണ്ണാര്‍ക്കാട് പതിനാറു കെട്ട് ഉണ്ടായിരുന്നു. 
മധുസൂദനന്‍ നായര്‍: ഞങ്ങളുടെ ഒക്കെ വീടുമായി അതിനു നല്ല ബന്ധമുണ്ടായിരുന്നു.

എം.ടി: ഒരുമാതിരി എല്ലാപേര്‍ക്കും ആ വീടും ബന്ധങ്ങളും ഒക്കെ ഓര്‍മ്മവരും. അതിലെ പലതും എന്റെ അനുഭവമല്ല. എന്റെ അമ്മയൊക്കെ പറഞ്ഞുകേട്ട അനുഭവങ്ങളാണ്. അമ്മ പറയുമായിരുന്നു പണ്ടിങ്ങനെ അതുണ്ടായിരുന്നു എന്നൊക്കെ. അതൊരു കാലഘട്ടത്തിന്റെയും കുറേ കണ്ണികളുടെയും ഓര്‍മ്മയാണ്. ഞങ്ങളുടെ വീട്ടുകാര്‍ വലിയ പ്രതാപികളായിരുന്നത്രെ, ഞാനന്നൊന്നും ഉള്ളപ്പോളല്ല, അമ്മയുള്ളപ്പോളുമല്ല. അപ്പോഴൊക്കെ ക്ഷയിച്ചു കഴിഞ്ഞിരുന്നു. ഏതോ ഒരു അമ്മാമന്‍ - അദ്ദേഹം പത്തായപ്പുരയുടെ മുകളിലിരുന്നാല്‍ കാക്ക പാറില്ലത്രേ. 

മധുസൂദനന്‍ നായര്‍: കാരണവന്‍മാര്‍ക്ക് അത്ര അധികാരം ഉണ്ടായിരുന്നു.

എം.ടി: അതെ അതെ. പൂമാന്‍തോട് മുതല്‍ കൈതക്കാട് വരെയുള്ള സ്ഥലം  എന്നൊക്കെ പറഞ്ഞാല്‍  വലിയ ഏരിയ ഇവരുടെ ഭൂസ്ഥലമാണ്. ക്രൂരന്മാരുണ്ട്, അതിക്രൂരന്മാരുമുണ്ട്. നല്ലവരും ഉണ്ടായിരുന്നു. 

ഓര്‍മ്മകളുടെ ഒരു കുത്തൊഴുക്കില്‍പ്പെട്ട് എം.ടി. ഒരു നിമിഷം കണ്ണടച്ചു. ഒരു പെരുവെള്ളപാച്ചില്‍ കഴിഞ്ഞപോലെ, ഒരു മഴ പെയ്തുതോര്‍ന്നപോലെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com