ഇതിന് പിണറായി നാളെ കൈയുംകെട്ടി നിന്ന് മറുപടി പറയേണ്ടിവരും; മുല്ലപ്പള്ളി രാമചന്ദ്രന്‍-അഭിമുഖം

കേട്ടാല്‍ തോന്നും കേരള നവോത്ഥാനം സി.പി.എമ്മിന്റേയോ ഇടതുപക്ഷത്തിന്റേയോ സംഭാവനയാണെന്ന്. നേരേ തിരിച്ചല്ലേ യാഥാര്‍ത്ഥ്യം? 
ഇതിന് പിണറായി നാളെ കൈയുംകെട്ടി നിന്ന് മറുപടി പറയേണ്ടിവരും; മുല്ലപ്പള്ളി രാമചന്ദ്രന്‍-അഭിമുഖം

മുന്‍പൊരു കാലത്തുമില്ലാത്ത കെട്ടുറപ്പോടെയാണ് കോണ്‍ഗ്രസ്സും യുഡിഎഫും ലോക്സഭാ തെരഞ്ഞെടുപ്പിനു തയ്യാറെടുക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന് ഒരു നിര്‍ണ്ണായക യുദ്ധമാണെന്ന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്ന മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും അറിയാം എന്നും അതനുസരിച്ചുള്ള തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നത് ആത്മവിശ്വാസത്തോടെയാണ്.  സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ പഴയ മുഖങ്ങളും സ്ഥിരം പേരുകളും തന്നെയാണ് പരിഗണിക്കുന്നതെങ്കില്‍ യുദ്ധം ജയിക്കാനാകുമോ എന്ന ചോദ്യത്തിന്, ഇത്തവണ കോണ്‍ഗ്രസ്സ് കുറേക്കൂടി സ്ട്രിക്റ്റായിരിക്കും എന്നാണ് മറുപടി.

ശബരിമലയിലെ യുവതിപ്രവേശ വിഷയത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല സമീപിക്കുന്നത്. ''ശബരിമല വിഷയം പ്രചാരണരംഗത്ത് വന്നുകഴിഞ്ഞാല്‍, സി.പി.എമ്മും ബി.ജെ.പിയും അതൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഞങ്ങള്‍ ഞങ്ങളെടുത്ത നിലപാട് പറയും. പക്ഷേ, തെരഞ്ഞെടുപ്പിലെ വിഷയം ദേശീയ രാഷ്ട്രീയമാണ്; വിഷയം നരേന്ദ്ര മോദിയുടേയും പിണറായി വിജയന്റേയും ഭരണം തന്നെയാണ്. അത് ഉയര്‍ത്തിത്തന്നെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പു പോരാട്ടം നടത്തുക. കേരളത്തിലും വലിയ തകര്‍ച്ചയാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നത്. പാര്‍ട്ടിയും മുഖ്യമന്ത്രിയും തെറ്റായ നിലപാടുകള്‍ക്കു കൈകെട്ടി നിന്നു മറുപടി പറയേണ്ടിവരും. ബി.ജെ.പി ഇവിടെ ഒരൊറ്റ സീറ്റില്‍പ്പോലും വിജയിക്കാന്‍ പോകുന്നില്ല. അവരുടെ നില പൂജ്യമായിത്തന്നെ തുടരും'' മുല്ലപ്പള്ളി പറയുന്നു.

കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിനു കറകളഞ്ഞ വിശ്വാസമുള്ള കേരളത്തിലെ നേതാക്കളുടെ മുന്‍നിരയില്‍ കാലങ്ങളായി ഇടമുള്ള മുല്ലപ്പള്ളിക്ക് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ വ്യക്തിപരമായും നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. പാര്‍ട്ടി ഏല്പിച്ചിരിക്കുന്ന വലിയ ദൗത്യം വെല്ലുവിളിയാണെന്നും ആ വെല്ലുവിളിയെ ഒരു അവസരമാക്കി മാറ്റണമെന്നും അദ്ദേഹം സ്വയം ഓര്‍മ്മിപ്പിക്കുകകൂടി ചെയ്യുന്നു. 

മോദി ഭരണത്തേയും പിണറായി വിജയന്‍ സര്‍ക്കാരിനേയും ഒരുപോലെ കോണ്‍ഗ്രസ് നേരിടുകയാണല്ലോ. സ്വാഭാവികമായും കേരളത്തില്‍ കോണ്‍ഗ്രസിനു ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകവുമാണ്. എന്താണ് തന്ത്രം?

ങ്ങള്‍ ഈ രണ്ടു കൂട്ടരുടേയും നീചമായ രാഷ്ട്രീയക്കളികള്‍ കേരളത്തിനു മുന്നില്‍ തുറന്നുകാട്ടും. മോദിയുടെ 46 മാസ ഭരണവും പിണറായി വിജയന്റെ 1,000 ദിവസത്തെ ഭരണവും വന്‍ ദുരന്തങ്ങളായിരുന്നു. ജനങ്ങള്‍ക്ക് കൊടുത്ത ഒരു പ്രതീക്ഷയും വാഗ്ദാനവും പാലിക്കാന്‍ അവര്‍ക്കു സാധിച്ചില്ല. കേന്ദ്രഭരണം വാഗ്ദാനലംഘനത്തിനപ്പുറം രാജ്യത്തെയാകെ തകര്‍ത്തു. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ഇതുപോലെ വര്‍ഗ്ഗീയ ധ്രുവീകരണം മുന്‍പൊരു കാലത്തും ഉണ്ടായിട്ടില്ല. ആളുകളെ തമ്മില്‍ അകറ്റുന്ന തരത്തിലുള്ള അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കേന്ദ്രം ഭരിക്കുന്നവരുടേത്. രണ്ടുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തവര്‍ യുവജനങ്ങളെ വഞ്ചിച്ചു. ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും തകര്‍ത്തു. റിസര്‍വ് ബാങ്കിനെ നോക്കുകുത്തിയാക്കി. ദേശസാല്‍കൃത ബാങ്കുകള്‍ മുഴുവന്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ കൊള്ളയടിച്ചു കടന്നുകളഞ്ഞവരൊക്കെ പ്രധാനമന്ത്രി മോദിയുമായോ ഭരണകക്ഷിയുമായോ നേരിട്ടു ബന്ധമുള്ളവരാണ്. അഴിമതി അവസാനിപ്പിക്കുമെന്നും കള്ളപ്പണം പിടിച്ചെടുക്കുമെന്നും പറഞ്ഞത് പാലിക്കാന്‍ സാധിച്ചില്ല. ഒന്നും ചെയ്യാതെ വാചകമടിക്കുക മാത്രം ചെയ്യുന്നു. റഫാല്‍ മാത്രം മതി മോദി ഭരണത്തിലെ അഴിമതിയുടെ വ്യാപ്തി മനസ്സിലാക്കാന്‍. മറ്റ് കൂടുതല്‍ അഴിമതികളുടേയും വിവരങ്ങള്‍ ഞങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. വൈകാതെ പുറത്തുവിടും. കേരളം ലക്ഷ്യമിട്ട് മാസത്തില്‍ രണ്ടുവട്ടം എന്നപോലെ മോദി ഇവിടെ വന്നുപോവുകയാണ്. പക്ഷേ, ജനങ്ങള്‍ തികച്ചും നിരാശരാണ്. ഇപ്പോഴും ആര്‍.എസ്.എസ് പ്രചാരകന്റെ മനസ്സാണ് അദ്ദേഹത്തിന്; പ്രധാനമന്ത്രിയുടെ മനസ്സായി മാറിയിട്ടില്ല. 

കേരളത്തില്‍ പിണറായി ഗവണ്‍മെന്റ് അധികാരത്തിലെത്തിയത് യാദൃച്ഛികതയാണ് എന്നാണ് എന്റെ അഭിപ്രായം. ജനപക്ഷത്തു നിന്നുകൊണ്ടു നിരവധി കാര്യങ്ങള്‍ ചെയ്ത ജനപക്ഷ സര്‍ക്കാരായിരുന്നു ഉമ്മന്‍ ചാണ്ടിയുടേത്. എന്നിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ ഞങ്ങളുടെ കൈത്തെറ്റുമുണ്ട്. അതുകൊണ്ടാണ് ഈ സര്‍ക്കാര്‍ വന്നത്. അല്ലാതെ ഇടതുപക്ഷം വന്നുകഴിഞ്ഞാല്‍ നാട്ടില്‍ ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടാകുമെന്ന് കരുതിയിട്ടല്ല. ഞങ്ങളുടെ വീഴ്ചകൊണ്ടു മാത്രം വന്ന ഒരു സര്‍ക്കാരാണ്. മോദിയും ഇവരും തമ്മില്‍ ഒരുപാടു സാദൃശ്യങ്ങളുണ്ട്. അഛാദിന്‍ ആനേവാലാ ഹേ എന്ന് മോദി പറഞ്ഞു, എല്ലാം ശരിയാകും എന്ന് ഇവരും പറഞ്ഞു. പക്ഷേ, നല്ല ദിനം വന്നില്ല, ഒന്നും ശരിയായുമില്ല. ആയിരം ദിവസം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെക്കുറിച്ച് നമുക്കൊരു സംവാദം നടത്താമെന്ന് മുഖ്യമന്ത്രിയെ ഞാന്‍ കഴിഞ്ഞ ദിവസം വെല്ലുവിളിച്ചു. എന്തായിരുന്നു കഴിഞ്ഞ ആയിരം ദിവസത്തെ നേട്ടങ്ങളെന്ന് അദ്ദേഹം പറയട്ടെ. ഒരു നേട്ടവുമുണ്ടായിട്ടില്ല. കേരളം സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രശ്‌നം പ്രളയമാണ്. മനുഷ്യനിര്‍മ്മിത പ്രളയമായിരുന്നു അത്. അതില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ശബരിമല വിഷയത്തെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് ചെയ്തത്. ഊതിവീര്‍പ്പിച്ച് ഇങ്ങനെയാക്കേണ്ട വിഷയമേ അല്ല ശബരിമല. ഇവരും ബി.ജെ.പിയും ചേര്‍ന്ന് അത് ഊതിവീര്‍പ്പിച്ച് രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുകയാണ് ചെയ്തത്. 

ലത്തില്‍ കോണ്‍ഗ്രസ്സും മുന്നണിയും അവരുടെ അജന്‍ഡയ്ക്കൊത്ത് നീങ്ങേണ്ട സ്ഥിതിയിലല്ലേ?

ങ്ങനെയല്ല അതിനെ കാണേണ്ടത്. അവരുടെ നീചമായ രാഷ്ട്രീയക്കളികള്‍ കേരളത്തിനു മുന്നില്‍ തുറന്നുകാട്ടേണ്ടത് ഒരു മതേതര രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. രണ്ടു കൂട്ടരും കലാപത്തിനു ശ്രമിച്ചപ്പോള്‍ ശബരിമല വിഷയത്തില്‍ ഏറ്റവും ശരിയായ നിലപാടെടുത്തത് ഞങ്ങളാണ്. ഒരു ജനാധിപത്യ, മതേതര പാര്‍ട്ടിക്ക് അത്തരമൊരു നിലപാടേ എടുക്കാന്‍ സാധിക്കുകയുള്ളു. 

ബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു വശത്തും മറുവശത്ത് സംഘപരിവാറുമാണല്ലോ. കോണ്‍ഗ്രസ്സ് ഇതിനിടയില്‍ ബി.ജെ.പിയുടെ ഒരു ബി ടീം മാത്രമായി പോയില്ലേ? തെരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയാകാതിരിക്കുമോ?

രിക്കലും ഞങ്ങള്‍ ആരുടേയും ബി ടീം ആയിട്ടില്ല. തെറ്റായ പ്രചരണമാണ് അത്. നീതിപീഠത്തോട് എല്ലാക്കാലത്തും ബഹുമാനം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. അതേസമയം, ഏതു വിധിയും അന്തിമമാണെന്ന് കരുതേണ്ട കാര്യമില്ല. സ്വതന്ത്ര ഇന്ത്യയിലെ സുപ്രീംകോടതി വിധികള്‍ എടുത്താല്‍ എത്ര വിധികള്‍ മാറിയിട്ടുണ്ട്. പുനപ്പരിശോധനയ്ക്കു വധേയമായ വിധികളുണ്ട്. സുപ്രീംകോടതി വിധി സുപ്രീംകോടതി തന്നെ തിരുത്തിയ ചരിത്രമുണ്ട്. അതുകൊണ്ട് ഒരിക്കല്‍പ്പോലും മാറ്റപ്പെടാത്തതാണ് സുപ്രീംകോടതി വിധി എന്ന് കരുതരുത്. ഇതാകട്ടെ, ഒരു സെന്‍സിറ്റീവ് വിഷയവുമാണ്. കോടതികള്‍ക്കെതിരെ ഏറ്റവും ശക്തമായി തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചിട്ടുള്ള പാര്‍ട്ടിയാണല്ലോ സി.പി.എം. മുഖ്യമന്ത്രി ഉള്‍പ്പെടെ അതിനു നേതൃത്വം കൊടുത്തവരാണ്. ലാവ്ലിന്‍ കേസില്‍ അദ്ദേഹത്തിനെതിരെ വിധി ഉണ്ടായപ്പോഴും ഇതുതന്നെ ആയിരുന്നു അവരുടെ നിലപാട്. തങ്ങള്‍ക്കെതിരെ വിധി വന്നപ്പോഴൊക്കെ തള്ളിപ്പറഞ്ഞവര്‍ ഈ വിധി ഇത്രയും ധൃതിപിടിച്ച് നടപ്പാക്കേണ്ട കാര്യമെന്താ. ധൃതിപിടിച്ച് തീരുമാനമെടുക്കാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളേയും വിളിച്ച് കൂടിയാലോചന നടത്തുകയായിരുന്നു വേണ്ടിയിരുന്നത്. യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നിക്ഷിപ്ത താല്പര്യത്തോടെയോ അല്ലാതെയോ തെരുവില്‍ ഇറങ്ങിയത് ആയിരക്കണക്കിനു സ്ത്രീകളാണ്. വിശ്വാസവും വികാരവും കൂടിക്കലര്‍ന്നു പോകുന്ന കാര്യമാണിത്. അതുകൊണ്ട് സമയമെടുത്താണ് മുന്നോട്ടു പോകേണ്ടിയിരുന്നത്. അതിനുള്ള സാവകാശം കോടതിയോട് തുടക്കത്തില്‍ത്തന്നെ ചോദിക്കാമായിരുന്നു. 

സുപ്രീംകോടതി വിധി വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിലും അതിനു ശേഷവും കോണ്‍ഗ്രസ്സ് സ്വീകരിച്ചത് രണ്ടുതരം നിലപാടാണല്ലോ. 
ആദ്യം കോടതി വിധിയെ സ്വാഗതം ചെയ്തു. പിന്നീട് ബി.ജെ.പിയുടെ അതേ നിലപാടിലേക്കു മാറി?

ല്ല. വിശ്വാസികള്‍ക്കൊപ്പം എന്ന അന്ധമായ നിലപാടല്ല കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. ആ നിലപാടിനൊരു പശ്ചാത്തലമുണ്ട്. ജവഹര്‍ലാല്‍ നെഹ്രു നിരീശ്വരവാദിയായിരുന്നു. പക്ഷേ, ഏതെങ്കിലും വിശ്വാസിയുടെ വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനെതിരെ, അവരുടെ അവകാശത്തിനുവേണ്ടി പൊരുതും എന്നാണ് അദ്ദേഹം പറഞ്ഞത്. സത്യമാണ് ഈശ്വരന്‍ എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. പക്ഷേ, വിശ്വാസവും യുക്തിയും തമ്മിലൊരു സംഘട്ടനം ഉണ്ടായാല്‍ ഞാന്‍ വിശ്വാസത്തിനൊപ്പം നില്‍ക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഞങ്ങള്‍ ശബരിമല വിഷയത്തിലും സ്വീകരിച്ച നിലപാട്. പക്ഷേ, സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന സമീപനമാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിച്ചത്. എന്നിട്ട് അത് കൈവിട്ടു പോയെന്നു മനസ്സിലായപ്പോള്‍ നവോത്ഥാനത്തെക്കുറിച്ച് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. 

കേട്ടാല്‍ തോന്നും കേരള നവോത്ഥാനം സി.പി.എമ്മിന്റേയോ ഇടതുപക്ഷത്തിന്റേയോ സംഭാവനയാണെന്ന്. നേരേ തിരിച്ചല്ലേ യാഥാര്‍ത്ഥ്യം. കേരളത്തിലെ നവോത്ഥാന ശ്രമങ്ങളുടെയെല്ലാം ഒരു ഘട്ടത്തില്‍ അതിനിര്‍ണ്ണായകമായ പങ്കാണ് കോണ്‍ഗ്രസ്സ് വഹിച്ചത്. വൈക്കം, ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിന്റെയൊക്കെ പിന്നില്‍ കോണ്‍ഗ്രസ്സുണ്ടായിരുന്നല്ലോ. ഗാന്ധിജി അതിനെയൊക്കെ സ്വാധീനിക്കുന്ന ചൈതന്യമായും മാറി. ടി.കെ. മാധവന്‍, കെ. കേളപ്പന്‍, കെ.പി. കേശവമേനോന്‍, ബാരിസ്റ്റര്‍ ജോണ്‍ ജോസഫ് അങ്ങനെ എത്രയെത്ര കോണ്‍ഗ്രസ്സ് നേതാക്കളുടെ നേതൃത്വമുണ്ടായി. എന്തിനേറെ എ.കെ. ഗോപാലനും പി. കൃഷ്ണ പിള്ളയുമുള്‍പ്പെടെ കോണ്‍ഗ്രസ്സിന്റെ സന്നദ്ധ ഭടന്മാരായിരുന്നില്ലേ. പിന്നെയല്ലേ കമ്യൂണിസ്റ്റുകാരായത്. നവോത്ഥാന പ്രക്രിയയ്ക്ക് സമീപകാലത്ത് തുടക്കം കുറിച്ചതും അതിനെ വലിയൊരു മുന്നേറ്റമായി വളര്‍ത്തിയെടുത്തതും കോണ്‍ഗ്രസ്സ് തന്നെയാണ്. സംശയമില്ലാത്ത ഈ കാര്യത്തിന്റെ പേരില്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും പുതിയ അവകാശികള്‍ രംഗപ്രവേശം ചെയ്യുന്നതും ശുദ്ധ അസംബന്ധമാണ്. ആരെങ്കിലും കേരളം മുഴുവന്‍ മൈക്കു കെട്ടി പ്രസംഗിച്ചു നടന്നാല്‍ മാഞ്ഞുപോകുന്ന സ്ലേറ്റെഴുത്തല്ല ചരിത്രം. സവര്‍ണ്ണ, അവര്‍ണ്ണ യുദ്ധമാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് എന്നുപോലും മുഖ്യമന്ത്രി പറഞ്ഞുവച്ചില്ലേ. പത്തു വോട്ടിനു വേണ്ടി ജാതി സമ്പ്രദായം തിരിച്ചുകൊണ്ടുവരാന്‍ ഇടയാക്കുന്ന മോശം പ്രചരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. 

ബരിമല വിഷയത്തില്‍ എടുത്ത നിലപാട് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും നേട്ടമായി മാറും എന്നു പ്രതീക്ഷിക്കുന്നുണ്ടോ?

രിക്കലും അതിനുവേണ്ടിയല്ല ഞങ്ങള്‍ ആ വിഷയത്തില്‍ ഇടപെട്ടത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ശബരിമല വിഷയം രാഷ്ട്രീയമായ എന്തെങ്കിലും നേട്ടത്തിനുവേണ്ടി ഞങ്ങള്‍ ഉപയോഗിക്കുന്നില്ല. അത് ഞങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു. ഒരിക്കല്‍പ്പോലും ഞങ്ങള്‍ക്കെതിരായി അത് മാറുകയുമില്ല. ഞങ്ങളെടുത്ത നിലപാടാണ് കേരളത്തിലെ പൊതുസമൂഹം ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. അത് വ്യത്യസ്തമായ ഒരു വിഷയമാണ്. അത് ഉയര്‍ത്തിക്കൊണ്ടുവന്ന് ഞങ്ങള്‍ പ്രചാരണം നടത്തുകയില്ല. ശബരിമല വിഷയം പ്രചാരണ രംഗത്ത് വന്നുകഴിഞ്ഞാല്‍, സി.പി.എമ്മും ബി.ജെ.പിയും അതൊരു വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ഞങ്ങള്‍ ഞങ്ങളെടുത്ത നിലപാട് പറയും. പക്ഷേ, തെരഞ്ഞെടുപ്പിലെ വിഷയം ദേശീയ രാഷ്ട്രീയമാണ്, വിഷയം നരേന്ദ്ര മോദിയുടേയും പിണറായി വിജയന്റേയും ഭരണം തന്നെയാണ്. അത് ഉയര്‍ത്തിത്തന്നെയാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പു പോരാട്ടം നടത്തുക. 

സംഘപരിവാര്‍ മുന്‍പെന്നത്തെക്കാള്‍ കേരളത്തില്‍ വേരുകളാഴ്ത്താന്‍ ശ്രമിക്കുന്നു. അവര്‍ കേരളത്തില്‍ ഒരു മുഖ്യശക്തിയാണ് എന്ന പ്രതീതി വരുത്താന്‍ ശ്രമിക്കുന്നു. അത് കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും ഒരു വിഷയമല്ലേ?

രിയാണ്. സംഘപരിവാര്‍ വളരെ വലിയ ശ്രമം നടത്തുന്നുണ്ട്. കുറച്ചൊക്കെ അതില്‍ വിജയിച്ചുവെന്ന തോന്നലും ഉണ്ടാക്കുന്നു. കേരളത്തില്‍ സമീപകാലത്ത് ആര്‍.എസ്.എസ് ഉണ്ടാക്കിയ വേരോട്ടം അവരുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ അവര്‍ക്ക് ഗുണകരമായി മാറാന്‍ പോകുന്നില്ല. അവരെ ആളുകള്‍ക്ക് മനസ്സിലായിരിക്കുന്നു. അവര്‍ക്കിവിടെ ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കില്ല; കേരളത്തില്‍ അവര്‍ക്ക് ഒരൊറ്റ സീറ്റില്‍പ്പോലും വിജയിക്കാനും കഴിയില്ല. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റേയും യു.ഡി.എഫിന്റേയും പ്രകടനം ഏതുവിധമായിരിക്കും. വലിയ പരാജയമാണ് കാത്തിരിക്കുന്നത് എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ പറയുന്നത്?

ങ്ങനെ അവര്‍ക്ക് അത് പറയാന്‍ സാധിക്കും. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥിതിയെന്താണ് ഈ രാജ്യത്തിപ്പോള്‍ എന്ന് അവരാദ്യം ആലോചിക്കട്ടെ. ബംഗാളിലും ത്രിപുരയിലും കൂടി നടക്കാന്‍പോലും വയ്യ. കേരളം സി.പി.എമ്മിന്റെ ഒരു ഔട്ട്പോസ്റ്റായി നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിന്റെ ഫ്രാഞ്ചൈസി മാത്രമായി മാറിയിരിക്കുകയാണ് ഡല്‍ഹിയിലെ ഇവരുടെ എ.കെ.ജി ഭവന്‍. പിണറായി വിജയന്‍ പറയുന്നത് എന്താണോ അതാണ് അവിടുത്തെ അലിഖിത നിയമം. മുഖ്യമന്ത്രിയുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറിയിരിക്കുന്നു. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പിക്കെതിരെ മതേതര പാര്‍ട്ടികളുടെ ഒരു വിശാലവേദി ഉണ്ടാക്കാനുള്ള ശ്രമത്തില്‍ മതേതര പാര്‍ട്ടികള്‍ക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കേണ്ട പാര്‍ട്ടിയല്ലേ സി.പി.എം. മുഖ്യമന്ത്രിയും നാലഞ്ച് പൊളിറ്റ്ബ്യൂറോ അംഗങ്ങളും മാത്രമാണ് ആ ശ്രമത്തിന് ഇടങ്കോലിട്ടു നില്‍ക്കുന്നത്. ബംഗാളിലേയും ത്രിപുരയിലേയും നേതാക്കളുടേയും ഡല്‍ഹിയിലെ ഭൂരിഭാഗം നേതാക്കളുടേയും നിലപാട് വേറെയാണ്. പക്ഷേ, അതല്ല നടപ്പാകുന്നത്. ഫലത്തില്‍ ദേശീയ തലത്തില്‍ മതേതര ജനാധിപത്യ കക്ഷികളുടെ മോദിവിരുദ്ധ വേദി തകര്‍ക്കാന്‍ ശ്രമിക്കുന്നത് പിണറായി വിജയനാണ്. ഇതിന് പിണറായി നാളെ കൈയുംകെട്ടി നിന്ന് മറുപടി പറയേണ്ടിവരും. 

സീറ്റ് വിഭജനത്തിലേക്ക് യു.ഡി.എഫ് കടക്കുകയാണല്ലോ. മുസ്ലിം ലീഗ് മൂന്നാമതൊരു സീറ്റും കേരള കോണ്‍ഗ്രസ്സ് മാണി വിഭാഗം രണ്ടാമതൊരു സീറ്റും കൂടി ചോദിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്താണ് കോണ്‍ഗ്രസ്സ് ചെയ്യാന്‍ പോകുന്നത്?

ക്യജനാധിപത്യ മുന്നണിക്കു മുന്‍പൊരു കാലത്തുമില്ലാത്ത കെട്ടുറപ്പ് ഇന്നുണ്ട്. മുസ്ലിം ലീഗുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധം എന്നത്തെക്കാളും സുദൃഢമാണിന്ന്. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും മറ്റാരെക്കാളും നന്നായി അറിയാവുന്നത് മുസ്ലിം ലീഗിനാണ്. ലോക്സഭയിലെ നടപടികളെടുത്തു നോക്കിയാലും അവരെടുത്ത നിലപാടുകള്‍ നോക്കിയാലും അതു ബോധ്യപ്പെടും. അതുകൊണ്ട് സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഒരിക്കല്‍പ്പോലും ഒരു അസ്വാരസ്യം ഉണ്ടാകില്ല. കേരള കോണ്‍ഗ്രസ്സിനും കാര്യങ്ങള്‍ അറിയാം. ഇത് നിര്‍ണ്ണായക തെരഞ്ഞെടുപ്പാണ്, നിര്‍ണ്ണായക യുദ്ധമാണ്. ഈ യുദ്ധത്തില്‍ നമ്മള്‍ പരസ്പരം അടിക്കുമോ? ഇല്ലല്ലോ. അതുകൊണ്ട് കാര്യങ്ങള്‍ അവര്‍ക്ക് നന്നായി അറിയാം. അതനുസരിച്ചുള്ള തീരുമാനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകും. 

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ പഴയ മുഖങ്ങളും സ്ഥിരം പേരുകളും തന്നെയാണ് പരിഗണിക്കുന്നതെങ്കില്‍ യുദ്ധം ജയിക്കാനാകുമോ?
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ ഇത്തവണ കുറേക്കൂടി സ്ട്രിക്റ്റായിരിക്കും. ഹൈക്കമാന്‍ഡുമായി പലവട്ടം സംസാരിച്ചപ്പോഴും ബോധ്യപ്പെട്ടത് വിജയസാധ്യത മാത്രമാണ് പരിഗണനാ വിഷയം എന്നാണ്. കിട്ടാവുന്ന ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കും. വേറെ ഒരു പരിഗണനയുമില്ല. ആരാണോ ഓരോ മണ്ഡലത്തിലും വിജയിക്കാന്‍ ഏറ്റവുമധികം സാധ്യത. ആ ആളായിരിക്കും സ്ഥാനാര്‍ത്ഥി.

സ്ത്രീ, യുവ പ്രാതിനിധ്യം ഇത്തവണ കൂടുതല്‍ ഉണ്ടാകുമോ?

ത്തരം പരിഗണനകളെക്കാള്‍, ആരാണ് മികച്ച സ്ഥാനാര്‍ത്ഥി എന്നതായിരിക്കും പരിഗണന. ഒരു പരീക്ഷണത്തിനുള്ള സമയമല്ല ഇത്. ഈ തെരഞ്ഞെടുപ്പ് ഒരു പരീക്ഷണമല്ല. എന്തു വിലകൊടുത്തും ജയിക്കേണ്ട തെരഞ്ഞെടുപ്പാണിത്. തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും നോക്കിയിട്ട് ലഭ്യമായ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എനിക്ക് തന്നിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശവും അതാണ്. അതിലപ്പുറം ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നാണ് നിര്‍ദ്ദേശം. എ. കെ. ആന്റണിയും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ.സി. വേണുഗോപാലുമൊക്കെ ഈ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ആരുടെയെങ്കിലും കൂടെ നില്‍ക്കുന്നയാള്‍ എന്ന പരിഗണനയൊന്നും ഉണ്ടാകില്ല. 

സാമുദായിക സംഘടനകളുടെ തരംപോലെയുള്ള ചാടിക്കളിക്കുന്ന നിലപാട് കോണ്‍ഗ്രസ്സിനെ ഏതുവിധമായിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ബാധിക്കുക?

സാമുദായിക സംഘടനകളുമായി എല്ലാക്കാലത്തും നല്ല ബന്ധമാണ് കോണ്‍ഗ്രസ്സ് നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്. അതു മാത്രമല്ല, വ്യത്യസ്ത സമുദായങ്ങളുടെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് ചെയ്തുകൊടുത്തതുപോലുള്ള സഹായങ്ങള്‍ വേറെ ഒരു പാര്‍ട്ടിയും ചെയ്തുകൊടുത്തിട്ടില്ല. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അവര്‍ക്കൊക്കെ നന്നായിട്ടറിയാം. അവരെല്ലാം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഈ തെരഞ്ഞെടുപ്പില്‍ എടുക്കുന്ന നിലപാട് കോണ്‍ഗ്രസ്സിന് അനുകൂലമായിരിക്കും. അതേ പറ്റുകയുള്ളു അവര്‍ക്ക്. അവരുടെയൊക്ക അടിസ്ഥാനപരമായ കൂറും പ്രതിബദ്ധതയും രാജ്യത്തോടാണ് എന്നതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് അവര്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടിനെക്കുറിച്ച് ആശങ്കയില്ല. 

കെ.പി.സി.സി പ്രസിഡന്റ് മത്സരിക്കുന്നില്ല എന്ന തീരുമാനത്തില്‍ത്തന്നെയാണോ ഉറച്ചു നില്‍ക്കുന്നത്?

തെ. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. പെട്ടെന്ന് എടുത്ത ഒരു തീരുമാനമല്ല അത്. വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. പിന്നോട്ടു പോകേണ്ട സാഹചര്യമില്ല. ഞാന്‍ എല്ലാ തീരുമാനങ്ങളും നന്നായി ആലോചിച്ചാണ് എടുക്കാറ്. അതൊക്കെ ശരിയായി വരാറുമുണ്ട്. കെ.പി.സി.സി പ്രസിഡന്റായാലും ഇല്ലെങ്കിലും ഇനി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് കഴിഞ്ഞ തവണ തന്നെ തീരുമാനിച്ചതാണ്. ഇപ്പോഴാണെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും ശ്രദ്ധിക്കണം. എന്നെ പാര്‍ട്ടി ഏല്പിച്ചിരിക്കുന്നത് വലിയൊരു ദൗത്യമാണ്. ഇതൊരു വെല്ലുവിളിയാണ്; ആ വെല്ലുവിളിയെ ഒരു അവസരമാക്കി മാറ്റണം. 
എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന മുദ്രാവാക്യം കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഭിമാനത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. ബൂത്ത് തലത്തില്‍നിന്നു പുനസ്സംഘടന ആരംഭിക്കുന്നതിനെക്കുറിച്ച് ആശങ്കയുള്ള പലരുമുണ്ടായിരുന്നു. പക്ഷേ, അടിത്തറയില്ലാതെ കെട്ടിടം നിര്‍മ്മിക്കുന്നതുപോലെ ദുര്‍ബ്ബലമായിരിക്കും ബൂത്തുകമ്മിറ്റികള്‍ ശക്തമാക്കാതിരുന്നാല്‍ എന്ന നിലപാടാണ് ഞാന്‍ മുന്നോട്ടു വച്ചത്. പുനസ്സംഘടന പൂര്‍ത്തിയാക്കിയപ്പോള്‍ 25000 ബൂത്തുകളിലും വനിതാ വൈസ് പ്രസിഡന്റുമാര്‍, മൂന്ന് യുവ ഭാരവാഹികള്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും ദളിത് വിഭാഗത്തില്‍നിന്നും ഭാരവാഹികള്‍. നിസ്സാര കാര്യമല്ല. കൊച്ചിയില്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ അവിടെ കൂടിയ ബൂത്ത് ഭാരവാഹികളില്‍ കണ്ട ആവേശം ചെറുതല്ലല്ലോ. ആരൊക്കെയൊ അവരെ ഉറക്കിക്കടത്തിയിരിക്കുകയായിരുന്നു. അവര്‍ ഉണര്‍ന്നിരിക്കുന്നു. ഈ ഉണര്‍വ് വിജയത്തിനു വേണ്ടിയുള്ളതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com