'എന്റെ ഹൃദയത്തിന്റെ അടയാളം'; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ (അവസാന ഭാഗം)

കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ അവസാനഭാഗം
'എന്റെ ഹൃദയത്തിന്റെ അടയാളം'; കാന്‍സറിനോട് പടവെട്ടി ഒടുവില്‍ വീണുപോയ ശ്രീലത രാകേഷിന്റെ ആത്മകഥ (അവസാന ഭാഗം)

കാന്‍സറിനോട് പടവെട്ടി അതിജീവനത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നുതന്ന് നമുക്ക് മുന്നിലൂടെ കടന്നുപോയ ശ്രീലത രാകേഷിന്റെ ആത്മകഥയുടെ അവസാനഭാഗം

ഞാനെന്റെ വീട്ടിലായിരുന്നു. 'പൂര്‍വ്വാശ്രമ'ത്തില്‍.ബയോപ്സിയുടെ ഫലം വരാനുണ്ടായിരുന്നു.കീമോത്തെറാപ്പി വേണ്ടിവരില്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എടുത്തുകളഞ്ഞത് തീരെ ചെറിയ ഒരു മുഴയായിരുന്നു. റേഡിയേഷന്‍ മാത്രം മതിയാവും എന്നു പറഞ്ഞു. ഞാനെന്റെ മൂടിയെ വീണ്ടും സ്‌നേഹിച്ചു തുടങ്ങി.''ട്രീറ്റ്മെന്റില്‍ മുടിയൊക്കെ പോയി ഞാന്‍ മൊട്ടച്ചിയാവും ഏട്ടാ''ന്ന് ഞാനെത്ര തവണ പറഞ്ഞിരിക്കുന്നു.കീമോത്തെറാപ്പി ഇല്ലെങ്കില്‍ പാര്‍ശ്വഫലങ്ങളും അത്രതന്നെ കുറയുമല്ലോ...

എനിക്ക് തോന്നുന്നു, കാന്‍സറിനെ ആള്‍ക്കാര്‍ ഭയക്കുന്നത് അതിന്റെ പാര്‍ശ്വഫലങ്ങളെ ഓര്‍ത്താണെന്ന്. ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും അതാണ് ഭയം.സ്ത്രീകളാണെങ്കില്‍ മുടി പൊഴിയുമെന്നും ഭംഗിയില്ലാതെ ആവുമെന്നും ഭര്‍ത്താവ് എങ്ങനെ സ്‌നേഹിക്കും എന്നും. സ്തനാര്‍ബുദം ആണെങ്കില്‍ മാറിടം മുറിച്ചുകളയേണ്ടി വന്നേക്കുമെന്നും ശരീരം അപൂര്‍ണ്ണമാകുമെന്നും വീണ്ടും ഭര്‍ത്താവുമൊത്ത് എങ്ങനെ സ്‌നേഹിക്കുമെന്നും ജീവിതം എങ്ങനെ മുന്‍പോട്ട് പോകുമെന്നും ഭയക്കും.തീര്‍ച്ചയായും ഇതൊക്കെ എന്റെയും പേടികളായിരുന്നു.

മുടി കൊഴിഞ്ഞു മൊട്ടയാവുമെന്ന്, ഏട്ടന്റെ കൂടെ എങ്ങനെ ജീവിക്കും എന്ന്, ഏട്ടനെന്നെ എങ്ങനെ സ്‌നേഹിക്കും എന്ന്...25-ാമത്തെ വയസ്സില്‍ ശരീരം അപൂര്‍ണ്ണമാകുമോ എന്ന്, അമ്മയാകാന്‍ പറ്റുമോ എന്ന്, എങ്ങനെ തുറന്നു കാണിക്കും എന്ന്...പറഞ്ഞില്ലേ, കാന്‍സറിനെക്കാള്‍ അധികം പടര്‍ന്നു വ്യാപിക്കുന്നതും ആഴത്തിലേക്ക് കൂര്‍ത്ത് ഇറങ്ങുന്നതും ഭയത്തിന്റെ വേരുകളാണ്.പക്ഷേ, മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. ഒരു പരിധിവരെ നമ്മുടെ ഭയങ്ങളെ ആട്ടിയോടിക്കാന്‍ അതു നമ്മളെ സഹായിക്കും.
പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു കാലത്തേയ്ക്ക് മാത്രമുള്ളതാണ്.മുടി പൊഴിഞ്ഞുപോകുന്ന തലയില്‍ വീണ്ടും പുതിയവ കിളിര്‍ക്കും.

പരസ്പരം പങ്കുവച്ച പ്രണയത്തിന്റെ ഓര്‍മ്മയില്‍, പ്രണയിക്കുന്നുവെങ്കില്‍ ഒരിക്കലും കൈ പിടിച്ചവര്‍ നമ്മളെ വിട്ട് പോവുകയില്ല. ''പോകൂ'' എന്നു കരഞ്ഞാലും ആജ്ഞാപിച്ചാലും കെഞ്ചിയാലും പോവുകയില്ല. പോകുന്നുവെങ്കില്‍, തീര്‍ച്ചയായും പ്രണയമില്ലാത്തതുകൊണ്ടാണ്.
അങ്ങനെയാണെങ്കില്‍ പോവുന്നത് തന്നെയാണ് നല്ലത്, അല്ലേ?

പിന്നെ, ജീവിതം...സ്‌നേഹമുള്ള കുറേയേറെ ആള്‍ക്കാര്‍ ചുറ്റുമുള്ളപ്പോള്‍ ജീവിതം തീര്‍ച്ചയായും മനോഹരം തന്നെയായിരിക്കും.
തുറന്നുകാണിക്കുക എന്നതു തീര്‍ച്ചയായും വേദനയുളവാക്കും. പക്ഷേ, ജീവനാണ് പ്രധാനം. ജീവിക്കുക എന്നതിലാണ് കാര്യം. മൂക്കിലൂടെ അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്ന ഇത്തിരിപ്പോരെയുള്ള വായുവുണ്ടല്ലോ, അതാണ് മൂല്യമേറിയത്, രക്തമൊഴുകുന്നിടത്തെല്ലാം അറിയുന്ന ചെറിയ മിടിപ്പുകളുണ്ടല്ലോ, അതാണ് വിലപ്പെട്ടത്.

അപ്രതീക്ഷിതമായ ഒരു നിമിഷത്തില്‍ അതൊക്കെ നഷ്ടപ്പെട്ടുപോയേക്കാം. നഷ്ടപ്പെടാതെ കാത്തുവയ്ക്കാന്‍ ചിലപ്പോള്‍ കഴിയണമെന്നില്ല. കഴിയുമെങ്കില്‍ കാത്തുവയ്ക്കുകതന്നെ വേണം, എന്തു വിലകൊടുത്തും. കാരണം, ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നീടൊരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തതില്‍ ആദ്യത്തേതാണ് ജീവന്‍.കീമോത്തെറാപ്പി ഇല്ല എന്നുള്ളത് ഒരു പരിധിവരെ എന്റെ ഭയങ്ങളെ മായ്ചു തുടങ്ങിയ നാളുകളായിരുന്നു. അത്...ആശ്വാസം..!റേഡിയേഷനു മുന്‍പുള്ള സ്‌കാനിംഗിനുവേണ്ടി പോയപ്പോഴാണ് ആ ആശ്വാസം തകര്‍ന്നുപോയത്.അത്തവണ അമ്മയും ശ്രീരാഗും ആയിരുന്നു കൂട്ട്.

സ്‌കാനിംഗ് റൂമിനു മുന്‍പില്‍ കാത്തിരിക്കുമ്പോഴാണ് ബയോപ്സി റിസള്‍ട്ടുമായി ഡോക്ടര്‍ വന്നത്. അതിനുള്ളില്‍ എന്നെ അടിമുടി ഉലയ്ക്കാന്‍ മാത്രം പോന്നൊരു കൊടുങ്കാറ്റും ഉണ്ടായിരുന്നു.''ശ്രീലത, മുഴയുടെ വലുപ്പം തീരെ ചെറുതായിരുന്നുവെങ്കിലും ഹോര്‍മോണ്‍ റിസള്‍ട്ട് കുറച്ച് മോശമാണ്.

അതുകൊണ്ട്, നമുക്ക് കീമോത്തെറാപ്പി കൂടി എടുക്കണം. അതാണ് നല്ലത്. കൂടെ വേറെ ഒരു ഇന്‍ജക്ഷന്‍ കൂടി ഉണ്ട്. ഒരു വര്‍ഷത്തേക്ക് മുടങ്ങാതെ എടുക്കണം. കീമോത്തെറാപ്പി നമുക്ക് പെട്ടെന്നുതന്നെ തുടങ്ങണം. താമസിപ്പിക്കണ്ട.''
ഞാന്‍ തകര്‍ന്നുപോയി.അതിനെക്കാള്‍ തകര്‍ന്നത് അമ്മയാണ്.അമ്മ അങ്ങനെ കരയുന്നത് ഞാന്‍ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. 


ആ കണ്ണീര് കണ്ടപ്പോള്‍ എനിക്ക് കരയാന്‍ കൂടി തോന്നിയില്ല. എന്റെ ഒരു പാതി മരിച്ചതുപോലെ തോന്നി. അല്ലെങ്കില്‍ എന്റെ ഉള്ളില്‍ വേറെ ഒരു ഞാന്‍ മരിച്ചതുപോലെ. ഞാന്‍ ഉറഞ്ഞുപോയി.

''സാരമില്ല, അമ്മേ'' എന്നു പറഞ്ഞു.''മുടിയല്ലേ? പിന്നെയും കിളിര്‍ത്തുവരും. ബ്രെസ്റ്റ് എങ്ങാനും മുറിച്ചിരുന്നുവെങ്കിലോ? പിന്നൊരിക്കലും വളര്‍ന്നുവരില്ലല്ലോ. അതൊന്നും വേണ്ടിവന്നില്ലല്ലോ... സാരമില്ല...''അത് എനിക്കും കൂടിയുള്ള സാന്ത്വനമായിരുന്നു. മുടിയല്ലേ, പിന്നെയും വളരും...

റേഡിയേഷന്‍ ബ്ലോക്കിന് മുന്‍പില്‍ ചെറിയ അരഭിത്തിയില്‍ ഇരുന്ന് അമ്മ ഉറക്കെ കരഞ്ഞു. അമ്മ വേദനിക്കരുതെന്നായിരുന്നു എന്നത്തേയും ആഗ്രഹം. അമ്മ കരയുന്നത് കാണരുതെന്നായിരുന്നു പ്രാര്‍ത്ഥന.

ഒക്കെ വെറുതെയായി. മന:പൂര്‍വ്വം അല്ലെങ്കില്‍ കൂടിയും അമ്മയുടെ ഹൃദയത്തില്‍ ഞാന്‍ ആഴത്തിലൊരു മുറിവുണ്ടാക്കി.
പോട്ടെ, ചിലതൊക്കെ അങ്ങനെയാണ്. നിസ്സഹായരായി മറ്റാരുടേതോ എന്നത് പോലെ നമ്മുടെ ജീവിതത്തെ നമുക്ക് നോക്കിനില്‍ക്കേണ്ടിവരും..!
എന്താണാ ഇന്‍ജക്ഷന്‍?കുറച്ചു വില അധികമാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്.എനിക്ക് സത്യമായും മടുത്തിരുന്നു.എന്തിനാണ് ഇങ്ങനെയൊരു ജന്മമെന്നുപോലും ആ ആശുപത്രി വരാന്തയില്‍നിന്നു ഞാനോര്‍ത്തു കരഞ്ഞു.ചേട്ടായി വിളിച്ചപ്പോള്‍ ''എന്തിനാണെന്നെ കല്യാണം കഴിച്ചയച്ചത്'' എന്നു നിലവിളിച്ചു.ചേട്ടായി എന്നും എന്റെ ധൈര്യമായിരുന്നു.

''എനിക്കുവേണ്ടി, എന്റെ കൂടെ ചേട്ടായി ഉണ്ട്'' എന്നത് എന്നും എന്റെ വിശ്വാസമായിരുന്നു. ഒരുപക്ഷേ, അച്ഛായിക്കുപോലും തരാന്‍ കഴിയാത്ത ആത്മവിശ്വാസം ആണ് ചേട്ടായി പകര്‍ന്നു തന്നിട്ടുള്ളത്.''ഒന്നും സാരമില്ല, കൊച്ചേ'' എന്ന് അന്നും എന്നോടു പറഞ്ഞു. ''ഇന്‍ജക്ഷന്‍ ഒക്കെ നമുക്ക് എടുക്കാം'' എന്ന് ആശ്വസിപ്പിച്ചു.

പക്ഷേ,പരീക്ഷണങ്ങള്‍ തീര്‍ന്നില്ലായിരുന്നു.പരിശോധനയില്‍ മാറിടത്തില്‍ ഡോക്ടര്‍ക്ക് വീണ്ടും ഒരു തടിപ്പ് തോന്നി.വീണ്ടും FNAC എടുക്കാന്‍ പറഞ്ഞു.തകരാന്‍ ഞാന്‍ ബാക്കിയുണ്ടായിരുന്നില്ല. എന്റെ ശരീരമോ മനസ്സോ ഹൃദയമോ ഒന്നും...ചേച്ചിയെ വിളിച്ച് അടുത്ത ദിവസം വരാന്‍ പറഞ്ഞു. അന്നു ധൈര്യത്തിന് അമ്മയും അനിയനും പോരാ എന്നു തോന്നി.ഏട്ടനെ വിളിച്ച് കീമോത്തെറാപ്പിയുടെ കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ കരഞ്ഞില്ല.ഞാന്‍ കരഞ്ഞാല്‍ കണ്ണെത്താ ദൂരത്ത് എന്റെ ഏട്ടന്‍ തകര്‍ന്നു വീണുപോകും.

എന്നെനിക്കറിയാമായിരുന്നു. ഞാന്‍ സാധാരണ പറയുന്നതുപോലെ ഏട്ടനോട് പറഞ്ഞു തീര്‍ത്തു.ഏട്ടന്‍ കരഞ്ഞിട്ടുണ്ടാവുമോ? എനിക്കറിയില്ല.എനിക്കുവേണ്ടി നിന്റെ കണ്ണ് നിറഞ്ഞ ഓരോ നിമിഷവും ഏട്ടാ...

ഞാന്‍ പക്ഷേ, അലകടലായി അലറിക്കരഞ്ഞത് പിന്നീടാണ്.ആര്‍ത്തലച്ചു പെയ്തതും പിന്നീടാണ്.തനിച്ചായ നിമിഷത്തില്‍.വാടകമുറിയുടെ പിന്നില്‍.''കരയരുതെന്ന്'' ഒരായിരം തവണ മനസ്സിനോട് പറഞ്ഞു.എന്നിട്ടും...മിഥൂ... ഓര്‍ക്കുന്നുണ്ടോ..?ആദ്യമായി ആയിരിക്കും ഞാനങ്ങനെ കരഞ്ഞു നീ കേള്‍ക്കുന്നത്.''എനിക്ക് ആത്മഹത്യ ചെയ്യാനാണ് തോന്നുന്നതെന്ന്'' പറഞ്ഞതോര്‍മ്മയുണ്ടോ?''മരിച്ചാല്‍ മതിയായിരുന്നു'' എന്നു പുലമ്പിയതോര്‍മ്മയുണ്ടോ?''എന്തിനാണ് ജീവിക്കുന്നതെന്നു നിലവിളിച്ചത് ഓര്‍മ്മയുണ്ടോ?''''എനിക്ക് സത്യമായും മടുത്തു'' എന്നു വിതുമ്പിയത് ഓര്‍മ്മയുണ്ടോ?ഞാന്‍ മറ്റാരോടും പറഞ്ഞിട്ടില്ല. അങ്ങനെ...

നിന്നോടല്ലാതെ...അന്നത്തെ ആ ദിവസത്തിനുവേണ്ടി ഞാന്‍ നിന്നോട് ഇന്നു മാപ്പ് ചോദിക്കുന്നു. പ്രിയപ്പെട്ട കൂട്ടുകാരാ. നിനക്ക് വേദനിക്കുമോ എന്ന് ഓര്‍ത്തില്ല ഞാന്‍. നിന്റെ മനസ്സിനെ കരയിപ്പിക്കുമോ എന്നും ഓര്‍ത്തില്ല.തീര്‍ച്ചയായും അന്ന് അങ്ങനെ തന്നെയാണ് തോന്നിയത്.ജീവിക്കേണ്ടെന്നും ജീവിച്ചു മതിയായെന്നും.


മിഥു എന്തൊക്കെയോ പറഞ്ഞു സാന്ത്വനവാക്കുകള്‍... ''ശ്രീ, കരയല്ലേ'' എന്ന്...എങ്ങനെയായിരുന്നു ആ നിമിഷങ്ങള്‍ കടന്നുപോയത് എനിക്കറിയില്ല.ഒരുപക്ഷേ, അന്നവനെന്നെ സഹായിച്ചതുപോലെ മറ്റൊരിക്കലും സഹായിച്ചിട്ടുണ്ടാവില്ല.

ആ നിമിഷത്തിന്റെ പേരില്‍ ഞാന്‍ നിന്നോടു കടപ്പെട്ടിരിക്കുന്നു. നീ എനിക്ക് ജീവിതം തിരിച്ചുതന്ന നിമിഷമാണ് അതെന്നു പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്.മിഥു, നന്ദി...!കണ്ണീരില്‍ കുതിര്‍ന്ന് ഒരു രാത്രി കൂടി കടന്നുപോയി.പിഞ്ഞിപ്പോയ ഹൃദയവുമായാണ് ഒരിക്കല്‍ക്കൂടി പാതോളജി ലാബിനു മുന്‍പില്‍ ഇരുന്നത്. ചേച്ചി കൂടെയിരുന്നു.എന്റെ ഹൃദയം ആകെ ഒഴിഞ്ഞിരുന്നു. എനിക്കാകെ ഒരു ശൂന്യത തോന്നി.


എല്ലാത്തിനും ഒരു അതിരുണ്ടെന്നു നമ്മള്‍ പറയാറില്ലേ?വേദനയ്ക്കും ഒരു അതിരുണ്ട്. ആ അതിരുകള്‍ ലംഘിക്കപ്പെട്ടു കഴിയുമ്പോള്‍ വേദനയും നമ്മളെ സ്പര്‍ശിക്കുകയില്ല.കരയണമെന്നുണ്ടാവു,ം കണ്ണീര്‍ വരില്ല.ഒരു പരിധിയിലപ്പുറം തണുപ്പറിയുമ്പോള്‍ മരവിച്ചുപോവുകയില്ലേ? അതുപോലെ വേദനകൊണ്ടും നമ്മള്‍ മരവിച്ചുപോകും.''ഒന്നുമുണ്ടാവില്ലെടീ'' എന്നു ശബ്ദം ഇടറിയാണെങ്കിലും ചേച്ചി പറഞ്ഞു. എനിക്കത് ഓര്‍മ്മയുണ്ട്.ഞാന്‍ മിണ്ടിയില്ല. എന്തു പറയാനാണ്? വാക്കുകള്‍ ഒക്കെ അര്‍ത്ഥശൂന്യമാകുന്ന നേരങ്ങള്‍.
സര്‍ജറിയുടെ അവശേഷിപ്പിലൂടെ FNACനീഡില്‍ ആഴ്ന്നിറങ്ങി. എനിക്ക് വേദനിച്ചില്ല. വേദനപോലും എന്നില്‍ മരിച്ചിരുന്നു.


'FNAC'യുടെ റിസള്‍ട്ട് വരുന്നതിനു മുന്‍പു തന്നെ എന്നെ മൈനര്‍ ഓപ്പറേഷന്‍ തിയേറ്ററിലേക്ക് അയച്ചു.ഉടലുരുകി, മനമുരുകി ചേച്ചിയും ഞാനും ശ്രീരാഗും കാത്തിരുന്നു.എന്തൊരു പേടിയായിരുന്നു...?മുറിവിനു മേലെക്കൂടി വീണ്ടും മുറിപ്പെടുമോ എന്ന്...!


റിസള്‍ട്ട് വരട്ടെ എന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ തിരിച്ചയച്ചു.ഏതു ദൈവമാണ്, ആരുടെ പ്രാര്‍ത്ഥനയാണ് എന്നൊന്നും അറിയില്ല.ആ FNAC ഫലം നെഗറ്റീവ് ആയിരുന്നു.വലിയൊരു കാര്‍മേഘം പെയ്‌തൊഴിഞ്ഞതുപോലെ തോന്നി.
പക്ഷേ, ഇനി വരാനുള്ളതു തീമഴയുടെ നാളുകളാണ്..കീമോത്തെറാപ്പിക്ക് തീയതി എടുത്തു.അതിനു മുന്‍പ് ഡോക്ടറുടെ ക്ലാസ്സ് ഉണ്ട്.

കീമോത്തെറാപ്പിയെക്കുറിച്ചും അതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും.
മുടി പൊഴിയുമെന്നും ശരീരം ക്ഷീണിക്കുമെന്നും ഭക്ഷണം കഴിക്കാന്‍ പറ്റുകയില്ലെന്നും ശബ്ദങ്ങളും വെളിച്ചവും അരോചകമായി തീരുമെന്നും എനിക്കറിയാം.

പെട്ടെന്നു ദേഷ്യം വന്നേക്കും, ശരീരം തളരും. അങ്ങനെയങ്ങനെ കീമോ മരുന്നുകള്‍ നമ്മളെ ശല്യപ്പെടുത്തും.ഡോക്ടറുടെ മുന്‍പില്‍ ഞാന്‍ തന്നെയായിരുന്നു. ശ്രീരാഗ് പുറത്ത് നമ:ശിവായ ജപിച്ച് കാത്തുനിന്നിരുന്നു. ഡോക്ടര്‍ ചികിത്സയെക്കുറിച്ചു പറഞ്ഞു.

പക്ഷേ, എന്റെ വിദൂരമായ ആലോചനയില്‍പ്പോലും കടന്നുവരാത്ത ഒന്നാണ് ഡോക്ടര്‍ അവസാനം പറഞ്ഞത്. ഞാന്‍ അടിമുടി ഉലഞ്ഞുപോയി.
''ശ്രീലത, ചിലപ്പോള്‍, വളരെ ചിലപ്പോള്‍, ഫെര്‍ട്ടിലിറ്റിയെ ബാധിച്ചേക്കാം'' എന്ന് മനസ്സിലായില്ലേ?ചിലപ്പോള്‍ എനിക്ക് അമ്മയാവാന്‍ കഴിഞ്ഞേക്കുകയില്ലെന്ന്.എനിക്കിന്നും ഓര്‍മ്മയുണ്ട്.

പരിശോധനമുറിയുടെ ചില്ലുചുമരിനപ്പുറം ലോകമാകെ ഇടിഞ്ഞുതകരുന്നതു ഞാന്‍ കണ്‍മുന്നില്‍ കണ്ടു. എന്റെ ഉള്ളില്‍ കടുത്ത മഞ്ഞുപെയ്തു.ഞാനാകെ ഉറഞ്ഞുപോയി.ഞാന്‍ തനിച്ചായിരുന്നു.ആ നിമിഷവും ഞാന്‍ അതിജീവിച്ചു. പൊട്ടിത്തകര്‍ന്ന് കരയാന്‍ എനിക്ക് തോന്നി. പക്ഷേ, കരയാനും വികാരങ്ങള്‍ ഉണര്‍ന്നിരിക്കണമല്ലോ... എന്നില്‍ വികാരങ്ങളും അസ്തമിച്ചിരുന്നു.

േഡാക്ടര്‍ കരുണയുള്ളവളായിരുന്നു. ഏട്ടനോട് അവരുതന്നെ സംസാരിക്കം എന്നു പറഞ്ഞു. ഞാന്‍ പുറത്തിറങ്ങി ശ്രീരാഗിനോട് ഫോണ്‍ വാങ്ങി ഡോക്ടര്‍ക്ക് കൊടുത്തു. ഡോക്ടര്‍ ഏട്ടനോട് സംസാരിക്കുമ്പോള്‍ ഞാന്‍ ചില്ലുചുമരിനപ്പുറം ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന ലോകം പുനര്‍നിര്‍മ്മിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കുകയായിരുന്നു. ഒരു തരത്തില്‍ എന്റെ ജീവിതം തന്നെയല്ലേ അങ്ങനെ തകര്‍ന്നടിഞ്ഞു കിടക്കുന്നതെന്നു തോന്നി.

ആര്‍ത്തവം എന്നതിന്റെ അര്‍ത്ഥമറിഞ്ഞ നാള്‍ മുതല്‍ ഓരോ മാസവും ഞാന്‍ ചുവന്നൊഴുകുന്നത് ആര്‍ദ്രതയോടെ ആയിരുന്നു. അമ്മയാവുക എന്നത് ഒരു സ്വപ്നമായിരുന്നു. എനിക്ക് മക്കളെ വേണം, ഓരോ നാളും വയര്‍ വീര്‍ത്തുവരുന്നത് കണ്ടും തൊട്ടും അറിയണം, എന്റെ വയറിനോടു ചേര്‍ന്ന് ഏട്ടന്‍ എന്നും കൈപ്പടം വയ്ക്കണം, പ്രസവിക്കണം, പാലൂട്ടി വളര്‍ത്തണം, നെഞ്ചിനോട് ചേര്‍ക്കണം, കൈ പിടിച്ചു നടത്തണം. എല്ലാം ഒരു നിമിഷം കൊണ്ട് ഒരു മൂടല്‍മഞ്ഞിനപ്പുറത്തേയ്ക്ക് നടന്നുപോയി.

25 വയസ്സ്, രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മാത്രം വിവാഹിതയായവള്‍, അമ്മയാകാന്‍ ആഗ്രഹിച്ചവള്‍, ഒരു കുടുംബം സ്വപ്നം കണ്ടവള്‍, പ്രണയിച്ചും ജീവിച്ചും കൊതി തീരാത്തവള്‍.തനിച്ചായിരുന്നു...!ചില നിമിഷങ്ങളൊക്കെ നമ്മള്‍ തനിച്ചുതന്നെ അതിജീവിക്കണം.കീമോത്തെറാപ്പി മരുന്നുകളുടെ സ്വഭാവം ആണത്. വളരുന്ന കോശങ്ങളേയും പെരുകുന്ന കോശങ്ങളേയും നല്ലതോ ചീത്തയോ എന്നു നോക്കാതെ നശിപ്പിച്ചുകളയും. വളര്‍ച്ചയുടെ അടയാളങ്ങള്‍ ഉള്ള ഇടത്തെല്ലാം അതിന്റെ ആക്രമണം അഴിച്ചുവിടും. മുടി പൊഴിയുന്നതും അണ്ഡാശയങ്ങളെ ബാധിക്കുന്നതും ഒക്കെ അതുകൊണ്ടാണ്.

ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് ഒരു ഇന്‍ജക്ഷന്‍ കൂടി എടുക്കാനാണ്. 'ലൂപ്രൈട് ഇന്‍ജക്ഷന്‍!' 28 ദിവസം കൂടുമ്പോള്‍ ഒന്ന്. അങ്ങനെ നാലെണ്ണം. അത് താല്‍ക്കാലികമായി നാല് മാസത്തേക്ക് ആര്‍ത്തവം തടഞ്ഞുനിര്‍ത്തും. അപ്പോള്‍ കീമോത്തെറാപ്പി മരുന്നുകള്‍ കബളിപ്പിക്കപ്പെടുമായിരിക്കും. ഇവിടെ വളരുന്ന പെരുകുന്ന കോശങ്ങളില്ലെന്ന്...!

അത് ഒരു പരിധിവരെ അണ്ഡാശയങ്ങളെ സംരക്ഷിച്ചേക്കും. നാല് മാസങ്ങള്‍ക്കു ശേഷം ഞാന്‍ വീണ്ടും ചുവന്നേക്കും. പിന്നെയും കുറച്ച് മാസങ്ങള്‍ക്കുശേഷം എനിക്ക് അമ്മയാവാന്‍ കഴിഞ്ഞേക്കും.''എന്ത് ചെയ്യും ഏട്ടാ'' എന്നു ചോദിച്ചു. എപ്പോള്‍ വേണമെങ്കിലും വിട്ടുപോകാമെന്നു പറഞ്ഞു. ഇതൊന്നും ഏട്ടന്‍ അനുഭവിക്കേണ്ടതല്ല. സന്തോഷത്തോടെ ജീവിക്കാന്‍ അവകാശവും അര്‍ഹതയുമുള്ളപ്പോള്‍ എന്തിനാണ് വെറുതെ അനിശ്ചിതമായ ഇടങ്ങളിലേക്ക് കൂട്ട് വരുന്നത്?ഏട്ടന്‍ ''സാരമില്ലെ''ന്നു പറഞ്ഞു.''വാവ ഉണ്ടായില്ലെങ്കിലും സാരമില്ല മോളേ, നമ്മള്‍ക്ക് നമ്മള്‍ മതി'' എന്ന്...!ഈ ജന്മത്തില്‍ എനിക്ക് ആ വാക്കുകളുടെ കടം വീട്ടാന്‍ കഴിയുകയില്ല. ഏട്ടാ...!ആദ്യത്തെ ഇന്‍ജക്ഷന്‍ എടുത്ത് നാട്ടിലേക്ക് മടങ്ങി.കീമോത്തെറാപ്പിക്ക് മുന്‍പ് ഞാനൊരു ഒളിച്ചോട്ടത്തിനു തയ്യാറായി. പരിചിതമായ മുഖങ്ങളില്‍നിന്നും വധുവായി കയറിയ നാട്ടില്‍നിന്നും... തീര്‍ച്ചയായും ഭീരുവായത് കൊണ്ടല്ല.

കീമോത്തെറാപ്പി എങ്ങനെയാണ് എന്നെ ശാരീരികവും മാനസികവുമായി മാറ്റി മറിക്കുക എന്നറിയില്ല.പലതിനോടും കടുത്ത ഭാഷയില്‍ പ്രതികരിച്ചേക്കുമെന്നും അത് ഊഷ്മളമായ പല ബന്ധങ്ങളിലും വിള്ളലുകള്‍ ഉണ്ടാക്കുമെന്നും ഉള്ള ബോദ്ധ്യത്തില്‍നിന്ന് ഒരു മുന്‍കരുതല്‍...അങ്കമാലിയിലേക്കാണ്.അവിടെ അമ്മ കൂടെ നില്‍ക്കും.ചേച്ചിയുണ്ട്, രഞ്ജിത്തേട്ടനുണ്ട്, ചേച്ചിയുടെ വയറ്റില്‍ കുഞ്ഞുവാവയും ഉണ്ട്.നിറയെ ജാതിമരങ്ങള്‍ തണലും തണുപ്പും നിറയ്ക്കുന്ന ഒരു വീടായിരുന്നു അത്. വലിയ മുറികളും തണുപ്പുള്ള ചെറിയ ബാല്‍ക്കണിയും.

കഠിനമായ ദിവസങ്ങളിലേക്കുള്ള മുന്നൊരുക്കങ്ങള്‍ അവിടെയായിരുന്നു.ആദ്യം ചെയ്തത് ചുമലിനു താഴെ വച്ച് മുടി മുറിക്കുക എന്നതാണ്.
പകുതിയോളം മുടി. എനിക്ക് മുട്ടോളം എത്തുന്ന കാര്‍ക്കൂന്തലൊന്നും ഉണ്ടായിരുന്നില്ല.

പിന്നിയിടാന്‍ മാത്രം ഉണ്ടായിരുന്നു. കുളിപ്പിന്നല്‍ തെറ്റി, തുളസിക്കതിര്‍ ചൂടാറുണ്ടായിരുന്നു. ചൂടില്‍ മുടി മാറിലേക്ക് എടുത്ത് ഇടാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ മുഖത്തേക്ക് അമര്‍ത്തി വാസനിക്കാറുണ്ടായിരുന്നു..!മിനുസമാര്‍ന്ന മുടിച്ചുരുളുകള്‍ എന്റെ ചുമലിലൂടെ ഊര്‍ന്നുവീണു.ചേച്ചിയുടെ കണ്ണീര്‍ മുത്തുകളും പൊഴിഞ്ഞു.

ഞാനോ?ഞാനത് നിസ്സാരമാക്കി.ഹൃദയത്തിനുള്ളില്‍ ഒരു വലിയ കല്ലിരിക്കുന്നതുപോലെ എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കനം കൊണ്ട് ഞാന്‍ തളരുമെന്നു തോന്നി. തിടുക്കത്തില്‍ എഴുന്നേറ്റ് ബാല്‍ക്കണിയില്‍ ചെന്ന് ആരും കാണാതെ ഞാന്‍...ഇല്ല... എപ്പോഴുമെപ്പോഴും എന്തിനാണ് കരഞ്ഞെന്ന് പറയുന്നത്..?എനിക്കറിയാം, ഒരിക്കലും ഈ വാക്കുകളൊന്നും എന്റെ ഹൃദയമപ്പാടെ തുറന്നു കാട്ടില്ലെന്ന്.'കരഞ്ഞു' എന്നു പറയുമ്പോള്‍ എന്താണ് മനസ്സിലാവുക?കരഞ്ഞു, അത്രതന്നെ!പക്ഷേ, എങ്ങനെ കരഞ്ഞെന്ന്, കരഞ്ഞ നിമിഷത്തിലെ വേദന എന്തായിരുന്നുവെന്ന് എങ്ങനെ പറയാന്‍..?പറഞ്ഞാലും എങ്ങനെയാണ് മനസ്സിലാവുക?മുറിവുകള്‍ എത്രയാണ് വേദനിപ്പിക്കുന്നത് എന്നറിയാന്‍ മുറിപ്പെടുകതന്നെ വേണം.മുടി മുറിച്ചപ്പോഴും ഹൃദയത്തില്‍ അങ്ങനെയൊരു മുറിപ്പാട് വീണു.
ഇനി കാത്തിരിപ്പാണ്...!

കീമോത്തെറാപ്പി-ജൂണ്‍ 30

രക്തപരിശോധനയുടെ ഫലവുമായിട്ടാണ് ഡോക്ടറെ കാണേണ്ടത്. കീമോത്തെറാപ്പി ചാര്‍ട്ടില്‍ ഡോക്ടര്‍ 'ഓക്കേ'ന്നു രേഖപ്പെടുത്തിയാല്‍ മാത്രമേ മരുന്ന് എടുക്കാന്‍ പറ്റുകയുള്ളൂ. ഡോക്ടര്‍ 'ഓക്കെ' എഴുതി.കീമോത്തെറാപ്പി മരുന്നുകള്‍ വാങ്ങി.കാത്തിരിപ്പ് തുടങ്ങി.അമ്മയും ശ്രീരാഗും ഞാനും...കാത്തിരിപ്പാണ് വേദന...കാത്തിരിപ്പാണ് നിസ്സഹായത...കാത്തിരിപ്പാണ് പരിഭവം...കാത്തിരിപ്പാണ് അനിശ്ചിതത്വം
ഒടുവില്‍ പേര് വിളിച്ചു.ഓരോ തവണയും ആര്‍.സി.സിയുടെ കാത്തിരിപ്പു മുറികളില്‍ പേര് മുഴങ്ങിക്കേള്‍ക്കുമ്പോള്‍ എനിക്കൊരു ഉള്‍ക്കിടിലമാണ് ഉണ്ടാവുക. അടിവയറ്റില്‍നിന്നു ഒരു തീഗോളം ഉടലാകെ പാഞ്ഞുനടക്കുന്നതുപോലെ തോന്നും. എണ്ണം ഇല്ലാത്തത്രയും തവണ ഞാനിപ്പോള്‍ പോയിവന്നിരിക്കുന്നു. എങ്കിലും ഇപ്പോഴും ശ്രീലത, 25 വയസ്സ്. എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ വല്ലാതെ നടുങ്ങും.

ആര്‍.സി.സി രേഖകളിലൊക്കെ എനിക്കിപ്പോഴും 25 വയസ്സാണ്.കീമോത്തെറാപ്പി വാര്‍ഡില്‍ ഒരു മൂന്നര മണിക്കൂര്‍.വലംകൈയിലെ കാനുലയിലൂടെ പലതരം മരുന്നുകള്‍ കയറിപ്പോയി. ചിലത് കുത്തിത്തറയ്ക്കുന്ന വേദനയോടെ.
കണ്ണിന്റെ കോണില്‍ ചിലപ്പോഴെല്ലാം നനവൂറി.ഹൃദയത്തില്‍ പക്ഷേ, അശാന്തമായ കാറും കോളുകളും ഒഴിഞ്ഞെന്നു തോന്നി.

''ഞാന്‍ എത്തിപ്പെട്ടിരിക്കുന്നു'' എന്ന ഒരു സ്വാസ്ഥ്യം.ഇതാണത്. ഇത്രയും വേദനിക്കും.അല്ലെങ്കില്‍, ഇത്രയേ ഉള്ളൂ... ഒരു ശാന്തി.ഏറെ കാലമായി നടക്കുന്നതാണെന്നും ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നുവെന്നും തോന്നി.
ഇതിനപ്പുറത്തേയ്ക്ക് എനിക്ക് യാത്രയില്ല...ഇതാണെന്റെ ഇടം...ശാന്തി... സംതൃപ്തി..!ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു. ഇല്ല. എനിക്ക് പകലുറങ്ങുക എന്നത് ''കിട്ടാത്ത മുന്തിരിയാണ്''.മൂന്നര മണിക്കൂറിനുശേഷം തളര്‍ന്ന ഉടലുമായി പുറത്തിറങ്ങി.രാത്രി വണ്ടിക്ക് തിരിച്ചു പോവേണ്ടതുണ്ട്.


പകലിനുവേണ്ടി കാത്തിരുന്നാല്‍ എന്താവും എന്നറിയില്ല. ശ്രീരാഗ് നീലേശ്വരത്തേക്ക് മടങ്ങി. ഞാനും അമ്മയും അങ്കമാലിക്കും.
അത് ജൂണിന്റെ അവസാന ദിവസമായിരുന്നു..!ജൂലൈ-ഈ മഴയില്‍ ഒലിച്ചുപോവുന്നത് എന്തെല്ലാമാണ്...?

മാറ്റം... മാറ്റം...മരുന്നെടുത്തിട്ട് ഒന്നരയാഴ്ച ആയതേ ഉണ്ടായിരുന്നുള്ളൂ.ഒരു ദിവസം രാവിലെ ഉറങ്ങിയെഴുന്നേറ്റു പതിവുപോലെ മുടിയൊന്നു കോതിയതേ ഉള്ളൂ.കൈ നിറയെ മുടി കൂടെ പോന്നു. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇത്രയും മുടി..? എന്റെ തലയില്‍നിന്നു പൊഴിയുന്നോ എന്നൊരു വിശ്വാസം ഇല്ലായ്മ അതില്‍നിന്നു പുറത്ത് കടക്കണം എന്ന് ഒരു തിക്കുമുട്ടല്‍ തോന്നി. കൈ കുടഞ്ഞു ഞാനത് കളഞ്ഞു. എനിക്ക് അത് ഒളിപ്പിച്ചുവയ്ക്കണം എന്നു തോന്നി.ആരെയും അറിയിക്കരുതെന്നു തോന്നി.അതായിരുന്നു ആദ്യത്തെ മാറ്റം.

പിന്നീട് ഓരോ നിമിഷത്തിലും ഓരോ തലോടലിലും മുടി പൊഴിഞ്ഞുകൊണ്ടിരുന്നു.ചിലപ്പോള്‍ ഞാന്‍ ബാല്‍ക്കണിയില്‍ വെറും നിലത്തിരുന്നു തലയില്‍ പരതും. ഉതിര്‍ന്നുവീഴുന്ന മുടിയിഴകള്‍ വാരിയെടുത്ത് മുഖത്തോട് ചേര്‍ക്കും. എന്തിനാണ്?മണമോര്‍ത്തു വയ്ക്കാനോ?
അതോ എന്റെ നേര്‍ത്ത മുടിയുടെ സ്നിഗ്ദത അറിയാനോ..?തല ശൂന്യമായിക്കൊണ്ടിരുന്നു.മുടി പൊഴിഞ്ഞു തീര്‍ന്നപ്പോഴേക്കും കണ്ണീരും തീര്‍ന്നിരുന്നു.അപകര്‍ഷത തോന്നിയിരുന്നു.പക്ഷേ, ''വിഗ്ഗ് വേണോ ഏട്ടാ'' എന്നു ചോദിച്ചപ്പോള്‍.''വേണ്ട'' എന്ന ഒറ്റ വാക്ക്‌കൊണ്ട് ഏട്ടനെന്റെ അപകര്‍ഷതയെ ഉടച്ചുകളഞ്ഞു.

എന്നെ ''മൊട്ടച്ചി''യായും സ്‌നേഹിക്കാന്‍ ഏട്ടനു കഴിയുമെങ്കില്‍ പിന്നെ എനിക്കെന്താണ്..?ഹൃദയത്തിനു കനം തോന്നിയിരിക്കാം.അമ്മയും ചേച്ചിയും ചേട്ടനും എന്നെ എങ്ങനെയായിരുന്നിരിക്കും കണ്ടിരിക്കുക? അറിയില്ല. ഞാന്‍ എന്റെ കണ്ണിലൂടെ മാത്രമേ കണ്ടിരുന്നുള്ളൂ. ഒരുപക്ഷേ, ഞാന്‍ വേദനിച്ചതിനെക്കാള്‍ വേദനിച്ചിട്ടുണ്ടാവണം ചുറ്റുമുള്ളവരൊക്കെ.ഞാന്‍ അതൊന്നും ആലോചിച്ചില്ല. എന്തൊക്കെയാണെങ്കിലും എന്നെ ഇങ്ങനെ തന്നെ സ്വീകരിച്ചേ മതിയാവൂ.എങ്ങനെയാണോ ഞാന്‍, അങ്ങനെ തന്നെ ജീവിക്കും എന്നു തീരുമാനമെടുത്തത് ആ നിമിഷങ്ങളിലായിരിക്കാം.ഇനി ഞാന്‍ മുഖം മൂടിയിട്ട് ജീവിക്കുകയില്ല. ഇനി ഞാന്‍ മറ്റൊരാളായി ജീവിക്കുകയില്ല..!


എന്റെ ശരീരം വേദനിക്കാന്‍ തുടങ്ങി.ഓരോ രോമകൂപങ്ങളിലും വേദന, അസ്ഥികള്‍ ഒടിഞ്ഞുനുറുങ്ങുന്ന വേദന, എന്റെ ഉള്ളില്‍ മറ്റൊരു ഞാന്‍ ഉടലാര്‍ന്നു വളര്‍ന്ന്, പുറത്തേയ്ക്ക് ചാടാനൊരുങ്ങുന്നതുപോലെ.ഉറങ്ങാനനുവദിക്കാത്ത വേദന...

വേദനസംഹാരികള്‍കൊണ്ട് തടയാനാവാത്ത വേദന...രാത്രികളില്‍ ഉറങ്ങാനാവാതെ ഞാന്‍ കിടക്കയില്‍ കിടന്നു ഉരുകും.
മതിമറന്ന് ഒന്ന് ഉറങ്ങാന്‍ കൊതിക്കും.ഇടയ്ക്ക് ഞങ്ങള്‍ ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിയില്‍ പോയി. വേദന കുറയാന്‍ ഇന്‍ജക്ഷന്‍ എടുത്ത്, ഹൃദയം തകര്‍ന്ന് മൗനമായി പ്രാര്‍ത്ഥിച്ചുകൊണ്ട് കിടക്കുമ്പോള്‍ കര്‍ത്താവിന്റെ മണവാട്ടിമാര്‍ അടുത്തുവരും. സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയും. കൈപിടിച്ചു പ്രാര്‍ത്ഥിക്കും. തലയില്‍ തൊട്ട് അനുഗ്രഹിക്കും. സാന്ത്വനിപ്പിക്കും.രണ്ടു വര്‍ഷത്തിനിപ്പുറം എനിക്കാരുടേയും മുഖങ്ങള്‍ ഓര്‍മ്മയില്ല.

അവരുടെയൊക്കെ സ്‌നേഹം ഞാന്‍ ഇന്നും അനുഭവിക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍ ഓര്‍മ്മിക്കാറുണ്ട്.ഓര്‍ക്കുമ്പോള്‍ മനസ്സില്‍ കുളിരു പടര്‍ത്തുന്നതാണ് അവയൊക്കെ.ആ നിര്‍മ്മലതയ്ക്ക് മറ്റെന്താണ് പകരം വയ്ക്കാനാവുക?പിന്നത്തെ ദുരിതമായിരുന്നു എന്നെ കഷ്ടത്തിലാക്കിയത്.എനിക്ക് വെള്ളം വേണം.ധാരാളം വെള്ളം കുടിക്കുക എന്നത് കീമോത്തെറാപ്പിയില്‍ അത്യാവശ്യവുമാണ്. ചികിത്സയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പുറന്തള്ളപ്പെടണമെങ്കില്‍ ധാരാളം വെള്ളം കുടിച്ചേ മതിയാവൂ.


എനിക്ക് പക്ഷേ, വെള്ളം കുടിക്കാന്‍ വയ്യ.ദാഹമുണ്ട്...പക്ഷേ, വെള്ളം കുടിക്കാന്‍ വയ്യ.ചിലപ്പോള്‍ തോന്നും, പച്ചവെള്ളം വേണമെന്ന് ചിലപ്പോള്‍ തണുത്തത് വേണമെന്ന്, മറ്റു ചിലപ്പോള്‍ നാരങ്ങ വെള്ളം, അല്ലെങ്കില്‍ സംഭാരം.എത്ര കുടിച്ചാലും എന്ത് കുടിച്ചാലും എപ്പോഴും ദാഹം മാത്രം ബാക്കിയാവും.

വെള്ളം കുടിച്ചു തൃപ്തിയാവുക എന്നത് കനവ് മാത്രമായി അവശേഷിച്ചു. വരണ്ട തൊണ്ടയില്‍ എപ്പോഴും ഒരു കയ്പ് തോന്നും.
ഭക്ഷണം...?എല്ലാ ഭക്ഷണങ്ങളോടും വിരക്തി.വയര്‍ പിണങ്ങിയിരുന്നു.ചിലപ്പോള്‍ വയറിളക്കം, ചിലപ്പോള്‍ ഒരാഴ്ചയ്ക്ക് മേലെ കക്കൂസില്‍ പോകാന്‍ വയ്യ.എനിക്കാകെ ഭ്രാന്ത് പിടിച്ചു.അമ്മയോ..?തീര്‍ച്ചയായും വശം കെട്ടിട്ടുണ്ടാവും.'ഗര്‍ഭിണി'യുടെ 'വ്യാക്കൂണും' കീമോത്തെറാപ്പിക്കാരിയുടെ വാശികളും ഒക്കെക്കൂടി അമ്മയേയും ചേട്ടനേയും വലച്ചിട്ടുണ്ടാവും.അടുക്കളവാതിലിലിരുന്നു അമ്മ ഒരുപാട് കരഞ്ഞിരുന്നുവെന്നു പറഞ്ഞുതന്നത് ചേട്ടനാണ്.എനിക്ക് മറ്റൊരിക്കലും ഇല്ലാത്തതുപോലെ ഏട്ടന്‍ അടുത്തുണ്ടാവണം എന്നു തീവ്രമായ ആഗ്രഹം തോന്നിയത് അപ്പോഴായിരുന്നിരിക്കണം. അത് അറിഞ്ഞതും ''രാകേഷ്, ഒന്നു വരൂ'' എന്ന് ഏട്ടനോട് വിളിച്ചു പറഞ്ഞതും ചേട്ടനാണ്.
ഞാനെന്താണ് അതിനൊക്കെ പകരം കൊടുക്കുക..?

അല്ലെങ്കില്‍ പകരം എന്തെങ്കിലും കൊടുത്തു തീര്‍ക്കാന്‍ പറ്റുന്ന കടങ്ങളല്ലല്ലോ അതൊന്നും...എനിക്കാണെങ്കില്‍ ഒഴിഞ്ഞ കൈയും നിറഞ്ഞ ഹൃദയവുമേ ബാക്കിയുള്ളൂ...ജീവനുള്ള കാലത്തോളം അമ്മ കരയരുതെന്നായിരുന്നു ആഗ്രഹം...എന്തുചെയ്യാനാണ്..?അമ്മ കരഞ്ഞുവല്ലോ എന്നോര്‍ക്കുമ്പോള്‍ ഇന്നും ഹൃദയം പിടയും.കണ്ണ് നിറഞ്ഞ നിമിഷങ്ങള്‍ക്കെല്ലാം എന്നോട് പൊറുക്കുക അമ്മേ...വേദനയില്‍ മുറിപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞിട്ടുണ്ട് ഞാന്‍...കടുത്ത വാക്കുകള്‍കൊണ്ട് തല്ലിയിട്ടുണ്ട്. അപമാനിതയാക്കും വിധത്തില്‍ നിയന്ത്രണമില്ലാതെ സംസാരിച്ചിട്ടുണ്ട്.


അമ്മ പക്ഷേ, ക്ഷമിച്ചു...മരുന്നുകൊണ്ടാണെന്ന് ഓര്‍ത്തിട്ടുണ്ടാകും അമ്മ.എങ്കിലും,''അമ്മേ, എന്നോട് ക്ഷമിക്കൂ...'' എന്നു ഞാനിപ്പോഴെങ്കിലും പറയട്ടെ.ചിലപ്പോഴൊക്കെ 'നന്ദി' എന്ന വാക്ക് കൂടി എന്റെ നാവിന്‍ തുമ്പിലോളം വരാറുണ്ട്. പുറത്തേയ്ക്കു പറഞ്ഞുപോയാല്‍ വീണ്ടും മുറിപ്പെടുത്തിയേക്കുമോ എന്ന ഭയം കൊണ്ടാണ് ഞാനതു പറയാത്തത്.നന്ദി എന്നുകൂടി പറഞ്ഞു ഞാനമ്മയെ ഇനിയും അപമാനിക്കുകയില്ല.
എന്റെ കൈനഖങ്ങളും ഞരമ്പുകളും കറുത്തു.പഴയ എന്നെ എനിക്ക് നഷ്ടപ്പെടാന്‍ തുടങ്ങിയിരുന്നു.ജൂലൈ മഴയില്‍ ജാതിമരങ്ങളുടെ ഇലച്ചാര്‍ത്തുകളുടെ മറ്റൊരു മഴയില്‍, ജനല്‍വാതിലുകള്‍ക്കപ്പുറം എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുപോയി.ശരീരത്തിന്റെ കടുത്ത ഉഷ്ണം,
അന്യമായിപ്പോയ ഉറക്കം,വരണ്ട നാവും ചുണ്ടുകളുംകഠിനമായ ദേഷ്യം,കലഹങ്ങള്‍,വാശികള്‍...രാത്രിയെന്നോ പകലെന്നോ നോക്കാതെ, സമയമോ തവണയോ നോക്കാതെ കുളിക്കും.ഷവറിനു ചുവട്ടില്‍ ആകെ തണുക്കുന്നത് വരെ...മുടിയൊഴിഞ്ഞ തല തുവര്‍ത്തേണ്ടതില്ല എന്നൊരു ആശ്വാസം..

ഒരു രാത്രി ഞാനങ്ങനെ ഉറക്കം വരാതെ കിടക്കുകയായിരുന്നു. ഞാന്‍ നമ:ശിവായ ജപിച്ചു. അക്കങ്ങള്‍ പുറകോട്ടെണ്ണി. കടുത്ത ചൂടും.
എനിക്ക് ശാന്തമായി ഉറങ്ങാന്‍ കൊതി തോന്നി.രാത്രി കുറേ വളര്‍ന്നപ്പോള്‍ കഷ്ടപ്പെട്ട് ഒന്നുറങ്ങാന്‍ പറ്റി.ഉറക്കത്തിന്റെ ഗാഢതയില്‍ അമരുന്നതിനു മുന്‍പ് ഉറുമ്പ് പണി പറ്റിച്ചു. എന്റെ ചെവിയില്‍... വേദനയില്‍ ഉറക്കം ഒറ്റ ഓട്ടം.എനിക്ക് വന്നൊരു സങ്കടം.കഷ്ടപ്പെട്ട് ഉറങ്ങിയതാണ്. ഇനി അങ്ങനെ ഒന്നുറങ്ങണമെങ്കില്‍ ഞാനെന്തുചെയ്യണം?ഞാന്‍ വലിയ വായില്‍ കരഞ്ഞു. വീടുണര്‍ന്നു.അമ്മയുടെ പൊടിക്കൈകള്‍ക്കു ശേഷം ആശുപത്രിയില്‍ പോയി.വേദനിച്ചുതന്നെ തിരിച്ചു വന്നു.ചെവിയില്‍ ഉറുമ്പ് പോയാല്‍ ആരെങ്കിലും അങ്ങനെ കരയുമോ എന്ന് ഇപ്പോഴും ഇടയ്ക്കൊക്കെ ചില അഭ്യുദയകാംക്ഷികള്‍ ചോദിക്കാറുണ്ട്.

ഉറുമ്പ് കയറിയതുകൊണ്ടല്ല. മൂന്നുനാലു മണിക്കൂര്‍ നമ:ശിവായ ചൊല്ലിയും അക്കങ്ങളെണ്ണിയും ഞാന്‍ കഷ്ടപ്പെട്ട് ക്ഷണിച്ചുവരുത്തിയ ഉറക്കം ഓടിപ്പോയല്ലോ എന്ന സങ്കടം കൊണ്ടാണ് ഞാന്‍ കരഞ്ഞതെന്നു പറഞ്ഞാല്‍ ഇപ്പോഴും ആ മണ്ടശിരോമണികള്‍ക്ക് മനസ്സിലാവില്ല.
തൃപ്തിയോടെ ഉള്ള ഉറക്കം, ആഴമുള്ള ഉറക്കം... അതൊരു സൗഭാഗ്യമാണെന്നു പറഞ്ഞിട്ട് വേണോ അറിയാന്‍..?


അമ്മയെ ഞാന്‍ ചവിട്ടി താഴെയിട്ടു എന്നൊരു പരാതി കൂടി ഉണ്ട്, എന്നെപ്പറ്റി അത് കള്ളമാണ് എന്നേ ഞാന്‍ പറയൂ. പക്ഷേ, വാദിയും സാക്ഷികളും എന്നെക്കാളും ബോധമുള്ളവരായതുകൊണ്ട് ഇപ്പോഴും പരാതി നിലനില്‍ക്കുന്നു. എന്തോ, അതില്‍ പിന്നെ അമ്മ കീമോക്കാലത്തൊന്നും എന്റെ കൂടെ ഉറങ്ങിയിട്ടില്ല.നന്നായിപ്പോയി.അതുകൊണ്ട്, ഉറക്കമില്ലാതെ പല രാത്രികളിലേയും കണ്ണീര്‍ അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.

ജനാലയ്ക്കപ്പുറത്ത് മഴ പെയ്യുമ്പോള്‍ അടക്കാനാവാത്ത ഹൃദയവേദനയോടെ ഞാന്‍ പൊട്ടിക്കരഞ്ഞതും അമ്മ അറിഞ്ഞിട്ടുണ്ടാവില്ല.
ഏട്ടന്‍ വന്നു. രണ്ടാമത്തെ കീമോത്തെറാപ്പിക്ക് മുന്‍പ് ഞാന്‍ ആളാകെ മാറിയിട്ടുണ്ടായിരുന്നു.കാണുമ്പോഴുള്ള ഒരു സന്തോഷം.ഞാനാകെ പൂത്തുലയുന്നു എന്നു തോന്നും.ആഘോഷം, ശരീരത്തിന്റേയും മനസ്സിന്റേയും ആഘോഷം എന്നാണ് തോന്നാറ്.എങ്ങനെയാണ് ഒരാളുടെ വരവ് എന്നില്‍ ഇത്രയധികം വര്‍ണ്ണങ്ങള്‍ വിതറുക?

ഏട്ടാ, എനിക്ക് പ്രണയത്തിനും ജീവിതത്തിനും അപ്പുറം ഏതോ ഒരു ബിന്ദുവില്‍ വച്ച് നമ്മുടെ ആത്മാവുകള്‍ തമ്മില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ് തോന്നുക...എന്റെ ഓരോ അണുവിലും ഞാന്‍ നിന്റെ സാന്നിദ്ധ്യം അറിയും.എന്തുകൊണ്ടാണത്..?ആ കഠിനമായ ദിവസങ്ങളില്‍ ഞാന്‍ ഹൃദയം തുറന്നു ചിരിച്ചത് ഏട്ടനുള്ളപ്പോഴായിരുന്നു.എന്തൊരു ആത്മഹര്‍ഷം.ഏട്ടന്റെ മുന്‍പില്‍ ഞാനൊരിക്കലും തല മറച്ചില്ല.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ തോന്നുന്നു. ചിലപ്പോള്‍ ഓരോ നിമിഷവും 'മൊട്ടത്തല' കാണുമ്പോള്‍ അമ്മയ്ക്കും ചേച്ചിക്കും രഞ്ജിത്തേട്ടനും ഒക്കെ മനസ്സ് ഉരുകിയിട്ടുണ്ടാകും. ഞാനതൊന്നും ഓര്‍ത്തില്ല.

പറഞ്ഞല്ലോ, ഞാന്‍ കണ്ടത് എന്റെ മാത്രം കണ്ണിലൂടെയായിരുന്നു.മുടി പൊഴിഞ്ഞതിനു ശേഷം ഞാന്‍ ആദ്യമായി പുറത്തു പോയത് ഏട്ടന്‍ വന്നിട്ടാണ്.പുറമേയ്ക്ക് എന്തൊക്കെ ഭാവിച്ചാലും ഉള്ളിന്റെ ഉള്ളിലെ വേറൊരു ഞാനുണ്ടല്ലോ... കഠിനമായ കുറ്റബോധംകൊണ്ട് നീറുന്ന, അപകര്‍ഷതകൊണ്ട് ചൂളുന്ന, കണ്ണീരു കൊണ്ട് നനയുന്ന ഞാന്‍...ആ എന്നെ എനിക്ക് കൊല്ലണമായിരുന്നു.അല്ലെങ്കില്‍ അല്‍പ്പാല്‍പ്പമായി ഞാന്‍ നെയ്‌തെടുത്ത മുഖംമൂടികള്‍ ദ്രവിച്ചുപോയേനേ.തീര്‍ച്ചയായും എനിക്ക് 'മുടിയില്ലല്ലോ' എന്നൊരുഅപകര്‍ഷത ഉണ്ടായിരുന്നു. ഏട്ടനെന്നെ എങ്ങനെ കാണുമെന്നൊരു വേദന...

(ചിലപ്പോള്‍ അഴിഞ്ഞുലഞ്ഞ മുടി കൂടി പ്രണയം ഒളിപ്പിച്ചുവയ്ക്കും.) അതുകൊണ്ടാണ് ഞാനും ഏട്ടനും സിനിമയ്ക്ക് പോയത്.
വയലറ്റും വെള്ളയും നിറത്തില്‍ ചതുരക്കളങ്ങള്‍ നിറഞ്ഞ സ്‌കാര്‍ഫും തലയില്‍ കെട്ടി, ഏട്ടന്റെ കൈപിടിച്ചു ഞാന്‍ പുറത്തിറങ്ങി. അതു മഴയൊഴിഞ്ഞുനിന്ന ഒരു ദിവസമായിരുന്നു...എന്നത്തേയും പോലെ ഏട്ടനെന്റെ കൈ പിടിച്ചു.എന്നത്തേയും പോലെ എന്നെ ചേര്‍ത്തുപിടിച്ചു.
എന്നത്തേയും പോലെ ഏട്ടനെന്റെ തോളില്‍ കയ്യിട്ടു നടന്നു.ഏട്ടാ, ഓര്‍ക്കുമ്പോഴൊക്കെ എനിക്ക് നിന്നെ ഇറുകെ പുണര്‍ന്ന് ഉമ്മവെയ്ക്കാന്‍ തോന്നും.

ബസില്‍ കയറിയപ്പോള്‍ പലരും രണ്ടാമതൊന്നു കൂടി നോക്കി.ഒരു നിമിഷം എന്റെ ഹൃദയം അസാധാരണമായി മിടിച്ചു. പിന്നെ ഞാനത് ശരിയാക്കി എടുത്തു. അന്ന്, മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന അപകര്‍ഷതയെ ഞാന്‍ പടിയടച്ചു പിണ്ഡം വച്ചു. അന്നു മുതലിന്നോളം അങ്ങനെയുള്ള എല്ലാത്തരം നോട്ടങ്ങളേയും ഞാന്‍ അവഗണിച്ചിട്ടുണ്ട്. അല്ലെങ്കില്‍, ധീരമായി നേരിട്ടിട്ടുണ്ട്.
ആത്യന്തികമായി ഇതൊന്നും എന്റെ തെറ്റോ എനിക്കുള്ള ശിക്ഷയോ അല്ലല്ലോ... ഞാന്‍ ക്ഷണിച്ചുവരുത്തിയതോ വില കൊടുത്തു വാങ്ങിയതോ അല്ല. പിന്നെ ഞാനെന്തിന് ചൂളണം? എനിക്കെന്തിനാണ് കുറ്റബോധം?

അങ്കമാലി കാര്‍ണിവല്‍ തിയേറ്ററിലേക്കുള്ള ആ 20 മിനിട്ട് നേരത്തെ യാത്രയാണ് പിന്നീടുള്ള ആറേഴു മാസക്കാലം ആര്‍.സി.സിയിലേക്കും തിരിച്ചും കണ്ണൂര്‍ക്കും ഒക്കെയുള്ള യാത്രകള്‍ക്ക് ധൈര്യം പകര്‍ന്നത്.ഒളിച്ചിരിക്കേണ്ടതില്ല എന്നു ബോദ്ധ്യപ്പെടുത്തിയത്.

തിയേറ്ററിലെ ജനക്കൂട്ടത്തില്‍ ഞാനും സാധാരണ ഒരു സ്ത്രീയായി സിനിമ കണ്ടു. ഏതാണെന്ന് ഓര്‍മ്മയില്ല. കരഞ്ഞിട്ടും ചിരിച്ചിട്ടും ഉണ്ടാവാം.
സിനിമ എന്നതിനെക്കാള്‍, സിനിമ കാണുന്നതിന്റെ ആഹ്ലാദം എന്നതിനെക്കാള്‍ അതു ജീവിതത്തിനു ഒരു ഉറപ്പു കൈവന്ന ദിവസമായിരുന്നു എന്ന് ഓര്‍ത്തുവയ്ക്കുന്നു.

ആ ദിവസം എന്റെ ജീവിതത്തില്‍ എന്തായിരുന്നു എന്നു പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് ആവുകയില്ല.ആഭ്യന്തരകലഹം കാര്യങ്ങളും കാരണങ്ങളും തീര്‍ച്ചയായും പറയേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. പറയേണമോ'' എന്ന് ആലോചിച്ചു വേണമെങ്കില്‍ ഒളിച്ചുവയ്ക്കാം. പക്ഷേ, ഇതും കൂടി പറഞ്ഞാലേ കീമോക്കാലം പൂര്‍ത്തിയാവൂ.ഞാനും ഏട്ടനും തമ്മില്‍ ഞാനും വത്സലമ്മയും തമ്മില്‍ ആദ്യമായി വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചതും ആ കീമോക്കാലത്തായിരുന്നു.ഞാനൊരിക്കലും ഇല്ലാത്തവിധം പൊട്ടിത്തെറിച്ചു. പറയരുതാത്ത വാക്കുകള്‍ പറഞ്ഞിട്ടുണ്ടാവില്ലെന്നു വിശ്വാസം. എങ്കിലും അവസാനം കുറേയേറെ കണ്ണീര്‍ ആയിരുന്നു ബാക്കി.എനിക്കും ഉണ്ട് വിഷമം. എന്റെയത്ര വിഷമം വേറെ ആര്‍ക്കാണുണ്ടാവുക എന്ന് എല്ലാ നിയന്ത്രണവും വിട്ട് ഞാന്‍ അലറിയ ദിവസം.
കയ്യിലിരുന്ന ചാര്‍ജര്‍ നിലത്തേക്ക് ആഞ്ഞെറിഞ്ഞു ഞാന്‍ ചീറി.

ചേച്ചി ഞെട്ടി. (വയറ്റില്‍ എന്റെ 'സുന്ദരിപ്പൂച്ച'യും ഞെട്ടിയിട്ടുണ്ടാവും.) കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അമ്മ നോക്കിയിരുന്നു. എന്നെത്തന്നെ രണ്ടായി വലിച്ചു കീറാനുള്ളത്ര കോപം തോന്നി.ആരും ഒരക്ഷരം പോലും പറഞ്ഞില്ല. ഞാന്‍ ചവിട്ടിക്കുതിച്ച് മുറിയില്‍ കടന്നു വാതിലടച്ചു. അടക്കാനാവാത്ത അന്ത:ക്ഷോഭംകൊണ്ട് വിറച്ചു.മാപ്പ്...'രോഗ'മെന്നും 'മരുന്നെ'ന്നും കരുതിയവര്‍ക്കൊക്കെ നന്ദി.

അന്നു മുറിവേറ്റവര്‍ക്കൊക്കെ മാപ്പ്...ക്ഷമിക്കാന്‍ വയ്യാത്തതൊന്നും ചെയ്തിട്ടില്ലെന്നും പറഞ്ഞിട്ടില്ലെന്നും കരുതുന്നു ഞാന്‍.എങ്കിലും...അത് ആദ്യത്തെ കലഹമായിരുന്നു. അവസാനത്തേതുമാകട്ടെ...നീ അകന്നുപോകുന്നതിന്റെ വേദനയായിരുന്നു അത്...പേടി... തനിച്ചായി പോകുന്നതിന്റെ അടക്കാനാവാത്ത പേടി... സങ്കടം...എന്നിട്ടും ഏട്ടന്‍ തിരിച്ചുപോയി. (ജീവിക്കണ്ടേ...?)ഞാന്‍ കരഞ്ഞു വാശിപിടിച്ചു.

വെള്ളം കുടിച്ചതേ ഇല്ല...അത് എന്നെ കൊണ്ടെത്തിച്ചത് ആശുപത്രിയിലായിരുന്നു. മൂത്രക്കടച്ചിലിന്റെ രൂപത്തില്‍ എന്നെ ഒരുപാട് കഷ്ടപ്പെടുത്തി. അതില്‍ പിന്നൊരിക്കലും എന്തു വാശിക്കായാലും സങ്കടത്തിലായാലും ഞാന്‍ വെള്ളം കുടിക്കാതിരുന്നിട്ടില്ല.
ദുരിതങ്ങള്‍ തുടങ്ങിയതേ ഉള്ളൂ. ഇനിയും മൂന്നു മാസത്തോളം ഇതൊക്കെ ഇങ്ങന തന്നെ എന്റെ കൂടെ തന്നെയുണ്ടാകും.എന്തൊക്കെയായിരുന്നു ആ ജൂലൈ മഴയില്‍ ഒലിച്ചുപോയത്...?

എനിക്കൊരു സുഹൃത്തുണ്ട്. 'മിഥു' എന്നു ഞങ്ങളൊക്കെ വിളിക്കുന്ന 'മിഥുന്‍'. പത്തു വര്‍ഷത്തേക്കപ്പുറം നീണ്ടുകിടക്കുന്ന സൗഹൃദം. സൗഹൃദത്തെ ഞാന്‍ 'സൗഹൃദം' എന്നു മാത്രമേ അടയാളപ്പെടുത്താറുള്ളൂ എന്നു പറഞ്ഞോട്ടെ... ആണെന്നും പെണ്ണെന്നും വേര്‍തിരിക്കാറില്ല. ഇതു പക്ഷേ, 'വെറും സൗഹൃദം' എന്നുമാത്രം എനിക്ക് പറഞ്ഞുതീര്‍ക്കാന്‍ വയ്യ. 

ഇത്രയധികം ഞാന്‍ ഹൃദയംകൊണ്ട് സംസാരിച്ചിട്ടുള്ള മറ്റൊരാളില്ല. ഇത്രയധികം എന്റെ വട്ടുകള്‍ക്ക് ചെവി തന്നിട്ടുള്ള മറ്റൊരാളില്ല.
അവനാണെനിക്ക് ആര്‍.സി.സിയിലേക്കുള്ള ആദ്യത്തെ യാത്രയില്‍, വിഷുദിനത്തില്‍ 'ഹാപ്പി വിഷു' ആശംസിച്ചത്.ആര്‍.സി.സിയിലെ എന്റെ ആദ്യത്തെ പകലിനുശേഷം ''മിഥു, കാന്‍സര്‍ ആണ്'' എന്നു ഞാന്‍ കാരിരുമ്പുപോലെ പറഞ്ഞപ്പോള്‍ വാക്കുകളില്ലാതെ പതറി.

''ശ്രീ, ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം'' എന്നു പറഞ്ഞു ഫോണ്‍ വച്ചു.അവനോടാണ് ഞാന്‍ ''എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു'' എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞത്.അവനാണ് ഏറ്റവും അധികം ആഴത്തില്‍ എന്നില്‍ സൗഹൃദം അടയാളപ്പെടുത്തിയതും.

അവന്‍ ഒരു പുലര്‍ച്ചെ വണ്ടിക്ക് പയ്യന്നൂര്‍നിന്നും കയറി അങ്കമാലിക്ക് വന്നു. കൊണ്ടു വന്നു തന്നത് നിറയെ സിനിമകളായിരുന്നു. ഇത്തിരിപ്പോന്ന സമയത്തില്‍ കുറച്ചു വിശേഷങ്ങള്‍ പങ്കുവച്ചു. വാക്കുകള്‍ പക്ഷേ, കുറവായിരുന്നു.കുറേയേറെ സിനിമകള്‍ പകര്‍ത്തിത്തന്ന് ഉച്ച വണ്ടിക്ക് തിരിച്ചുപോയി.

ചിലപ്പോള്‍ ആലോചിക്കാറുണ്ട്. അവനെന്തിനാണ് എന്നെ കാണാന്‍ വേണ്ടി മാത്രം അത്രയും ദൂരം, ഒരു ദിവസം പത്ത് മണിക്കൂറിലേറെ യാത്ര ചെയ്തത് എന്ന്? ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം നനയും.ശരിക്കും, നമുക്ക് വേണ്ടിമാത്രം ഒരാള്‍ എന്തെങ്കിലും ഒന്നു ചെയ്യുക എന്നത് വല്ലാത്തൊരു അനുഭവമാണ്.മിഥു, നീയെന്റെ ഹൃദയത്തെ തൊട്ട അനേകം നിമിഷങ്ങളില്‍ ഒന്നാണ് ആ ദിവസം!

അത് അങ്ങനെ സിനിമകളുടെ മാസമായി നിറയെ സിനിമകള്‍ കണ്ടു!നുറുങ്ങു തമാശകള്‍... ജീവിതത്തോടും രോഗാവസ്ഥയോടും പാര്‍ശ്വഫലങ്ങളോടും ഒക്കെയുള്ള സമരസപ്പെടലുകള്‍...എന്റെ ജീവിതത്തില്‍ ഞാനത്രയധികം വെറുതെയിരുന്ന നാളുകള്‍ ഉണ്ടായിട്ടില്ല. പഠനം കഴിഞ്ഞപ്പോള്‍ വീണ്ടും പഠനം, കല്യാണം...തനിച്ചായെന്ന തോന്നലുണ്ടായപ്പോള്‍ തുടര്‍ച്ചയായി എഴുതി. ഹൃദയം അപ്പാടെ ഡയറിത്താളുകളിലേക്ക് കുടഞ്ഞിട്ടു. പിന്നൊരിക്കല്‍ അവയൊക്കെ കുനുകുനെ കീറിക്കളഞ്ഞു.ചില ചിരി നിമിഷങ്ങളില്‍ വേദനകള്‍ മറന്നു.

കാന്‍സര്‍ ഒഴിഞ്ഞുനിന്ന നേരങ്ങളായിരുന്നു അതൊക്കെ.എന്റെ ചെറിയൊരു തത്ത്വശാസ്ത്രം പറയട്ടെ ഞാന്‍...?നിന്റെ മേലെ ഞാന്‍ വിജയിച്ചു എന്ന് ആരെങ്കിലും പറയുന്നു എന്നു കരുതുക. നിവര്‍ന്നുനിന്ന്, തലയുയര്‍ത്തി, മുഖത്തേയ്ക്ക് നോക്കി, കണ്ണുകളില്‍ നോട്ടം കൊരുത്ത്, മധുരമായി, സന്തോഷമായി, സ്‌നേഹത്തോടെ പുഞ്ചിരിക്കുക, ആ നിമിഷം എതിരാളി തോല്‍ക്കും. ആരായിരുന്നാലും !

കഴിയുമെങ്കില്‍ ആഹ്ലാദത്തോടെ ചിരിക്കുക. ഉത്സാഹത്തോടെ പൊട്ടിച്ചിരിക്കുക, നമുക്ക് മേലെ പിന്നീട് ആരും വിജയിക്കുകയില്ല!
കീമോ മരുന്നുകള്‍ വേദനിപ്പിക്കും, ശാരീരികവും മാനസികവുമായി അതു നമ്മളെ തകര്‍ത്തു കളയും. പക്ഷേ, അതില്‍നിന്നു ഒഴിഞ്ഞുനില്‍പ്പില്ല. അതു ജീവിതത്തിന്റെ തന്നെ ഭാഗമാവും. വേദനയ്ക്ക് ഇടയ്ക്ക് ഓരോ ഇന്‍ജക്ഷന്‍, വേദനാസംഹാരികള്‍, ഇടയ്ക്കുള്ള രക്തപരിശോധന... അത്രയേ ഉള്ളൂ... സമരസപ്പെടേണ്ടവയോടു സമരസപ്പെട്ടേ മതിയാവൂ...ചിലപ്പോള്‍ ജീവിതം സമരസപ്പെടലുകളുടേതു കൂടിയാണ്...!

കീമോത്തെറാപ്പി വാര്‍ഡ് പല വികാരങ്ങളുടേയും നിസ്സഹായതയുടേയും നേര്‍ക്കാഴ്ചകളായിരുന്നു.നീണ്ട കാത്തിരിപ്പിനു ശേഷം വാര്‍ഡില്‍ കയറുമ്പോള്‍ ഒരു ശാന്തതയാണ് തോന്നുക. ഒരു സ്വാസ്ഥ്യം. എത്തേണ്ടിടത്ത് എത്തി എന്നൊരു ആശ്വാസം.

പക്ഷേ, ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ നമ്മുടെ ചങ്ക് തകര്‍ത്തുകളയും. അന്യഗ്രഹ ജീവികളെപ്പോലെ, അടിമുടി സുതാര്യമായ ഒരു പുറം കുപ്പായത്തില്‍ മൂടി, കൈയില്‍ മരുന്നുകളടുക്കിയ ട്രേയുമായി 'മാലാഖമാര്‍' നടന്നടുക്കുമ്പോള്‍ത്തന്നെ അവര്‍ കരഞ്ഞുതുടങ്ങും. അവരുടെ കണ്ണില്‍ 'മാലാഖമാര്‍' അല്ലല്ലോ, സൂചി വച്ച് വേദനിപ്പിക്കാന്‍ വരുന്ന 'പിശാചുക്കള്‍' ആണല്ലോ... അലറിക്കരയുന്ന ആ മക്കളാണ് കീമോത്തെറാപ്പി വാര്‍ഡിന്റെ വേദന.ഓ... ദൈവമേ, നീ അങ്ങനെയൊന്നും ചെയ്യരുതായിരുന്നു.പിന്നെ, ഭയം, വേവലാതി, കണ്ണീര്...


ജീവിതം ഒരു മുറിക്കുള്ളില്‍ കുറേയേറെ പാഠങ്ങള്‍ കൂട്ടിവച്ച് അതിനു 'കീമോത്തെറാപ്പി വാര്‍ഡ്' എന്നു പേരിട്ടിരിക്കുകയാണെന്നു തോന്നും. ചിലതൊക്കെ, മൂല്യമേറിയതും ആഴമേറിയതും പഠിച്ചത് അവിടെനിന്നു തന്നെയാണ്.

കണ്മുന്നില്‍ ഒരു ജീവന്‍ പൊലിഞ്ഞതും നിസ്സാരത ബോധ്യമായതും ആര്‍.സി.സിയില്‍നിന്നു തന്നെയാണ്.ഒരുപക്ഷേ, അതൊക്കെയായിരുന്നിരിക്കാം പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍...!സിനിമകളുടെ മാസം കഴിഞ്ഞു. ഇനിയൊരു കീമോ കൂടി ബാക്കിയുണ്ട്.
അത് അടുത്ത മാസമാണ്...

സെപ്തംബര്‍-ഒരു ദുരിതകാലത്തിന്റെ അവസാനം

അവസാനത്തെ കീമോത്തെറാപ്പിയും കഴിഞ്ഞു. കാഴ്ചയില്‍ ഞാനൊരു രോഗിയായി മാറി.കണ്‍പുരികങ്ങളും പീലികളും പോലും പൊഴിഞ്ഞു.
തല ഒന്ന് വടിച്ച് വെടിപ്പാക്കണം.എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ചേട്ടന്‍ പറഞ്ഞത്, ''ചേട്ടന്‍ ശരിയാക്കിത്തരാം'' എന്ന്.
എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.പക്ഷേ, കോളേജ് കഴിഞ്ഞുവന്ന ഒരു വൈകുന്നേരം ഷേവിംഗ് സെറ്റെടുത്ത് ചേട്ടന്‍ വിളിച്ചുപറഞ്ഞല്ലോ, അതു ചേച്ചിയുടെ ഭര്‍ത്താവാണ്. ആദ്യം നിയമം കൊണ്ടും പിന്നീട് സ്‌നേഹം കൊണ്ടും സ്വന്തമായ സഹോദരന്‍...

ചേട്ടന്‍ എന്റെ മൊട്ടത്തല സുന്ദരമായി വടിച്ച് ഒന്നുകൂടി സുന്ദരമാക്കി, മിന്നുന്ന, മിനുങ്ങുന്ന മൊട്ടയാക്കി.എനിക്കറിയാം, മറ്റൊരാളാണെങ്കില്‍ ചെയ്യണമെന്നില്ല. ഞങ്ങള്‍ തമാശ പറഞ്ഞു. അമ്മയും ചേച്ചിയും നോക്കിനിന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ഒരു ആര്‍ദ്രത കിനിയുന്നു.

ഈ ഓര്‍മ്മകള്‍ക്കു മുന്‍പിലാണ് തലകുനിച്ചു നില്‍ക്കാന്‍ തോന്നുക.രക്തം കൊണ്ടല്ലാതെ ബന്ധിക്കപ്പെട്ട ഈ സ്‌നേഹങ്ങള്‍ക്കു മുന്‍പിലാണ് ഹൃദയം നിറഞ്ഞൊഴുകുക.ഞാനൊരിക്കലും അതിനൊന്നും 'നന്ദി' എന്നു പറഞ്ഞിട്ടില്ല.(പറയുകയും ഇല്ല, പ്രതീക്ഷിക്കണ്ട...)


അവസാനത്തെ കീമോ എന്നെ വല്ലാതെ വലച്ചുകളഞ്ഞു.അസ്ഥികള്‍ നുറുങ്ങുന്ന വേദനയായിരുന്നു.ശരീരമാസകലം ചതഞ്ഞൊടിയുന്ന വേദന
ഒരു രാത്രി ഉറക്കമില്ലാതെ വേദനകൊണ്ട് ഞാന്‍ കരഞ്ഞു.അല്ല, നിലവിളിച്ചു . എല്ലാവരും ഉറക്കം പിടിച്ചിരുന്നു.''എനിക്ക് ആശുപത്രിയില്‍ പോകണം'' എന്നു പറഞ്ഞു തേങ്ങിത്തേങ്ങി കരഞ്ഞു.

ചേച്ചി നിറവയറുമായി കഷ്ടപ്പെട്ട് എണീറ്റു വന്നു. എന്നെ നോക്കി.എന്തിനാണെന്ന് എനിക്കിന്നും അറിയില്ല. അവള്‍ സ്വിച്ചിട്ടതുപോലെ ഒരു കരച്ചില്‍. ഞാനമ്പരന്നു പോയി. ചേച്ചിയുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു. എന്റെ കരച്ചില്‍ ഞാനവിടെ നിര്‍ത്തി. ഞാന്‍ പേടിച്ചുപോയി. ആറ്റുനോറ്റ് ഒരു കുഞ്ഞാവ വരുന്ന സമയമാണ്. എന്റെ ദൈവമേ...ആശുപത്രിയില്‍ വച്ച് ഞാന്‍ അമ്മയോട് ചോദിച്ചു:''അല്ലമ്മേ, ഞാന്‍ കരഞ്ഞത് എനിക്ക് വേദനിച്ചിട്ടാ, അവളെന്തിനാ കരഞ്ഞത്?'' എന്ന്.അമ്മ കൈമലര്‍ത്തി.ഞങ്ങളൊരുപാടു ചിരിച്ചു. ഓര്‍ത്തോര്‍ത്ത് ഉറക്കം വരുന്നതുവരെ ചിരിച്ചു.

നോവിന്റെ നിമിഷങ്ങളെ അങ്ങനെ ചില ചിരിനിമിഷങ്ങള്‍ സാന്ത്വനിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ നോവിന്റെ നിമിഷങ്ങളില്‍ സാന്ത്വനമായത് ചില ചിരി നിമിഷങ്ങളും സ്‌നേഹ നിമിഷങ്ങളും മാത്രമാണ്.പക്ഷേ, അമ്മ എന്നെ തോല്പിച്ചുകളഞ്ഞത് റേഡിയേഷനു മുന്‍പുള്ള സ്‌കാനിംഗിന് വേണ്ടി പോയപ്പോഴാണ്.''എന്റെ ഡോക്ടറെ, ഇവള് ഇപ്രാവശ്യം ഭയങ്കര വഴക്കാരുന്നു. മേലും കൈയും വേദനയാ, എനിക്ക് മരുന്നു മാറിപ്പോയെന്നും പറഞ്ഞ് ഒരു സൈ്വര്യവും തന്നിട്ടില്ല.''

ഞാനങ്ങ് ഉരുകി ഇല്ലാണ്ടായാലെന്താണെന്നു തോന്നിപ്പോയി. ഇല്ലെങ്കിലെന്റെ ഭൂമിദേവി എന്നെയങ്ങെടുത്തോ...അസഹ്യമായ വേദനയില്‍, അതുവരെ അങ്ങനെ വേദന ഉണ്ടായിരുന്നില്ല. ഇനി മരുന്നെങ്ങാനും മാറിപ്പോയിട്ടുണ്ടാവുമോ എന്നു ഞാന്‍ സന്ദേഹിച്ചു എന്നതു നേരുതന്നെ. എനിക്ക് തോന്നിയത്, ആ കീമോത്തെറാപ്പിക്കു ശേഷം വേദനയ്ക്കുവേണ്ടി ഞാന്‍ മൂന്നു തവണ ഇന്‍ജക്ഷന്‍ എടുത്തിട്ടുണ്ട് എന്നാണ്. ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നെനിക്കറിയാം. അത്രയധികം കൃത്യതയോടെയാണ് മരുന്നുകള്‍ തയ്യാറാക്കി എടുത്തുവയ്ക്കുന്നതു തന്നെ.

ഡോക്ടര്‍ എന്നെ നോക്കി. ഞാന്‍ ദയനീയമായി അമ്മയെ നോക്കി.ആ നാണക്കേടില്‍നിന്നു പുറത്തുവരാന്‍ ഡോക്ടറുടെ അടുത്തു ഞാനെത്ര ഉരുണ്ടെന്നു ദൈവത്തിനു മാത്രമേ അറിയൂ.അങ്ങനെയൊന്നും സംഭവിക്കില്ലെന്നു ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു.

പിന്നീട് ഓര്‍ത്തു ചിരിക്കാനും അമ്മയെ കളിയാക്കാനും ഉള്ള വകുപ്പുണ്ടായെങ്കിലും അന്നത്തെ ഒരു അവസ്ഥ...
സ്‌കാനിംഗ് കഴിഞ്ഞു.ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവുകയുളളൂ എന്നു പറഞ്ഞ് ഒരു നാളും മായാത്ത പച്ച കുത്തി. മാറിടത്തിലും നെഞ്ചിന്റെ താഴെയും വശങ്ങളിലും.

ഇനി റേഡിയേഷനു വേണ്ടിയുള്ള കാത്തിരിപ്പാണ്. 21 എണ്ണം.
അപ്പോഴേക്കും ഏട്ടന്‍ വരും.ഞാനും അമ്മയും ഏട്ടനും ആശുപത്രിക്ക് അടുത്തെവിടെയെങ്കിലും ഒരു വീട് എടുത്ത് താമസിക്കാം എന്നു കരുതുന്നുണ്ട്.എന്തായാലും ഏട്ടന്‍ വരട്ടെ.ഏട്ടന്‍ വന്നാല്‍ എനിക്ക് പേടിയേ ഇല്ല.ഏട്ടന്റെ കൈക്കുള്ളില്‍ ഉറങ്ങുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വാസ്ഥ്യം.ഒരു ദുരിതകാലത്തിന്റെ അവസാനമായല്ലോ.ഇനിയെന്താണെന്ന് അറിയില്ലഇതിനെക്കാളധികം നോവുമോ...?

ഒക്ടോബര്‍ : ഉടല്‍ പൊള്ളുകയാണ് 

ഏട്ടന്‍ വന്നു.
ഏട്ടന്‍ വന്നു രണ്ട് ദിവസത്തിനുള്ളില്‍ ആര്‍.സി.സിയില്‍നിന്നു വിളിയും വന്നു. ഞാനും അമ്മയും ഏട്ടനും തിരുവനന്തപുരത്തേയ്ക്ക് പോയി.
വാടകവീട് തരപ്പെടുത്തുകയായിരുന്നു വിഷമം. ഭാഗ്യം പോലെ ചേട്ടന്റെ തിരുവനന്തപുരത്തെ ചിറ്റ ഒരു വീട് ശരിയാക്കി തന്നു. സപ്പോട്ടമരത്തിന്റെ നിഴലില്‍, നിറയെ കായ്ക്കുന്ന ലൂബിക്ക മരത്തിന്റെ അടുത്ത്.വൈകുന്നേരം ആറരയ്ക്കാണ് റേഡിയേഷന്‍ സമയം.

ഞാനും ഏട്ടനും സന്ധ്യയാവുമ്പോള്‍ ഇറങ്ങും. എന്നെ ചേര്‍ത്തുപിടിക്കാതെ, അല്ലെങ്കില്‍ എന്റെ തോളില്‍ കയ്യിടാതെ ഏട്ടന്‍ നടക്കാറേയില്ല. അമ്മ പറയാറുണ്ട്, ''രണ്ടും അങ്ങനെ പോകുന്നത് ഞാന്‍ കണ്ണുനിറഞ്ഞു നോക്കിനില്‍ക്കാറുണ്ട്'' എന്ന്. (പല യുദ്ധങ്ങളിലും ഞാന്‍ നിനക്ക് തോറ്റുതരുന്നത് ആ യാത്രകള്‍ ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഏട്ടാ... ഓര്‍ത്തോളൂ.)

മൂന്നുചക്ര വണ്ടിയില്‍ ആര്‍.സി.സിയില്‍ പോകും. പല ദിവസങ്ങളിലും റേഡിയേഷനു ശേഷം ഇരുട്ട് വീണു തുടങ്ങുന്ന വഴിയോരത്തു കൂടി തിരിച്ചു നടക്കും. ഞാനും ഏട്ടനും തമ്മിലുള്ള ആര്‍ദ്രമായ ഓര്‍മ്മകള്‍ കൂടിയാണ് എനിക്കാ സന്ധ്യകള്‍.

പലതും പറയും, ചിലപ്പോള്‍ പിണങ്ങും വഴക്കുണ്ടാക്കും, ചായ കുടിക്കും... പക്ഷേ, ഒരിക്കലും ആ വഴികളില്‍ ഏട്ടനെന്നെ തനിച്ചാക്കിയിട്ടില്ല. ഇത്തിരി പിണങ്ങി, കുതറി മാറി, ''ഇനിയെന്നെ തൊടണ്ട'' എന്ന മട്ടില്‍ ഞാന്‍ വാശിയോടെ നടക്കുമ്പോള്‍ ഏട്ടനെന്നെ ബലമായി ചേര്‍ത്തുപിടിക്കും.

'പെണ്ണിന് മുടിയഴക്' എന്ന സാമാന്യ തത്ത്വത്തിന്റെ നാട്ടില്‍ തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ, പുരികങ്ങളും കണ്‍പീലികള്‍പോലും പൊഴിഞ്ഞു വിരൂപിയായൊരു പെണ്ണിനെ, വാരിച്ചുറ്റിയ സാരിയിലോ തീര്‍ത്തും പാകമാവാത്ത ചുരിദാറിനുള്ളിലോ പൊതിഞ്ഞ ചീര്‍ത്ത ശരീരത്തെ എങ്ങനെയാണ് പ്രണയപൂര്‍വ്വം ചേര്‍ത്തുപിടിക്കാന്‍ ഏട്ടനു കഴിഞ്ഞതെന്നു ഞാന്‍ ആലോചിക്കാറുണ്ട്.പ്രണയം, അല്ലേ? മധുരവാക്കുകള്‍ പറയാത്ത, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാത്ത പ്രണയം..!

അതോര്‍ക്കുമ്പോഴൊക്കെ നിന്നോടുള്ള എന്റെ പ്രണയം വാക്കുകള്‍ക്ക് പകര്‍ത്താനാവാത്തവിധം വീണ്ടും വീണ്ടും കുടുക്കും ഏട്ടാ... ഇത്ര നാളുകള്‍ക്കിപ്പുറവും...!പ്രണയം ചിലപ്പോഴൊക്കെ എന്നെ ശ്വാസം മുട്ടിക്കാറുണ്ട്.''ഞാന്‍ നിന്നെ എന്റെ ശരീരം കൊണ്ടും ആത്മാവ് കൊണ്ടും മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും അഗാധമായി പ്രണയിക്കുന്നു'' എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ. 

നിന്റെ കൈകളുടെ ഊഷ്മളത ഒരിക്കലും എന്നില്‍നിന്നു വാര്‍ന്നുപോവുകയില്ല. നിന്റെ നെഞ്ചില്‍ ചാരി നില്‍ക്കുമ്പോള്‍ ഞാനറിയുന്ന സ്വാസ്ഥ്യം മറ്റൊന്നും മറ്റാരും എനിക്ക് പകര്‍ന്നു തരികയില്ല..!റേഡിയേഷന്‍ മറ്റൊരു വേദനയായിരുന്നു.മൂന്നുനാല് ദിവസങ്ങള്‍ക്കു ശേഷമാണ് അത് അറിഞ്ഞു തുടങ്ങിയത്. മാറിടം കറുക്കുകയും കടുത്ത ചൂടില്‍ പൊള്ളുകയും ചെയ്തു. വെള്ളം നിറഞ്ഞ കുമിളകള്‍ മാറിടത്തിനു താഴെ വേദനിപ്പിച്ചുകൊണ്ട്, പൊട്ടുമോ എന്നു പേടിപ്പിച്ചുകൊണ്ട് നിന്നു. അതു പൊട്ടാതെ നോക്കുക എന്നത് എന്റെ ബാധ്യതയായി മാറി. കടുത്ത ചൂടില്‍ എന്റെ ഉടലാകെ ഉരുകി. രാത്രിയെന്നോ പകലെന്നോ നോക്കാതെ ഞാന്‍ കുളിച്ചു തുടങ്ങി. നനഞ്ഞ ഉടലുമായി ഫാനിനു താഴെ നീണ്ടു നിവര്‍ന്നുകിടക്കുക എന്നതു മാത്രമായിരുന്നു ആശ്വാസം. നേര്‍ത്തുപോയ തൊലി ഒന്നനങ്ങുമ്പോഴേക്കും വേദനിപ്പിക്കും.

റേഡിയേഷനു വേണ്ടി കൈകളുയര്‍ത്തിവച്ചു കിടക്കുമ്പോഴും പ്രാണന്‍ പോകുന്ന വേദനയാണ് ശരീരത്തിനും മനസ്സിനും... നേര്‍ത്ത തൊലി കൈകളുയര്‍ത്തുമ്പോഴേക്കും വലിയും.ഓരോ തവണയും കണ്ണീര്‍ ഇറ്റ് വീഴും.എന്തുകൊണ്ടെന്നാല്‍...ഇതു വളരെ സ്വകാര്യമായ എന്റെ മാത്രം ഓര്‍മ്മയാണ്, വികാരമാണ്...ഈ കണ്ട കാലമത്രയും താലി വയ്ക്കുന്നവന് മാത്രം കാണാന്‍ വേണ്ടി പൊതിഞ്ഞു സൂക്ഷിച്ച നമ്മുടെ ശരീരമാണല്ലോ അനാവൃതമാകുന്നത്. അതും പൂര്‍ണ്ണബോധത്തോടെ...ഒരിക്കലും ആഗ്രഹിക്കാത്ത ഒന്ന്, എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെടുന്നു.


കണ്ണില്‍ കണ്ണീരോടെയല്ലാതെ ഒരു റേഡിയേഷനും പൂര്‍ത്തിയാക്കിയിട്ടില്ല. 21 ദിവസവും ശരീരത്തില്‍ തുളച്ചുകയറുന്ന ചൂടിനു താഴെ കിടന്നു ഞാന്‍ കരഞ്ഞു. പുറത്ത് ഏട്ടന്‍ എന്നും എന്നെ കാത്തിരുന്നു. ഞാനൊരിക്കലും എന്റെ കണ്ണീര്‍ ഏട്ടനു മുന്‍പില്‍ കാണിച്ചതേയില്ല.


ചില ഓട്ടോ ചേട്ടന്മാര്‍ ആര്‍.സി.സിയിലേയ്ക്ക് പൈസ വാങ്ങുകയില്ല. നല്ല മനസ്സുകള്‍...ചിലര്‍ 25-ന് പകരം 30, 40 ഒക്കെ വാങ്ങും.എങ്കില്‍ കൂടിയും ദയയും സഹാനുഭൂതിയും മരിച്ചിട്ടില്ലാത്ത മനസ്സുകള്‍ ഉണ്ടെന്ന് ഓരോ ആര്‍.സി.സി. യാത്രയും കാണിച്ചു തന്നിട്ടുണ്ട്.ഓര്‍മ്മകളില്‍ അത്തരം ആര്‍ദ്രത പകരുന്ന ഒരുപാട് നല്ല നിമിഷങ്ങള്‍ കൂടിയാണ് ഒക്ടോബര്‍.


ഒരിക്കല്‍ വൈശാഖും ശ്രീരാഗും വന്നു. ഞങ്ങളെല്ലാവരും സിനിമ കാണാന്‍ പോയി. പറയുമ്പോള്‍ അതൊരു സാധാരണ സംഭവം തന്നെ. കുടുംബം ഒരുമിച്ച് സിനിമ കാണാന്‍ പോകുന്നു, അത്രതന്നെ. പക്ഷേ, എനിക്കത് വിവരിക്കാനാവാത്ത അനുഭൂതികളാണ്. നിറഞ്ഞ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ്.ഇന്നും നടന്നുപോയ വഴികളില്‍ വീണ്ടും വീണ്ടും ആര്‍ദ്രത പൂക്കാറുണ്ട്. യാത്രകളിലെ എന്റെ കുറുമ്പുകളെ ഏട്ടന്‍ പിണങ്ങിയും ബലമായി അടക്കിപ്പിടിച്ചും പിടിച്ചുവലിച്ചും നിഷ്‌ക്രിയമാക്കുന്നതോര്‍ക്കുമ്പോള്‍ ഹൃദയം കൂടി നനുത്ത പുഞ്ചിരി പൊഴിക്കും. റേഡിയേഷന്റെ പൊള്ളലുകളെക്കാള്‍ ഒക്ടോബറിനെ ഞാനോര്‍ത്തുവയ്ക്കുന്നത് ഇങ്ങനെ ചില ആര്‍ദ്രതകളായാണ്.

നവംബര്‍ എന്റെ വലിയൊരു പാഠപുസ്തകം

ഏട്ടന്‍ മടങ്ങിപ്പോയി.എന്റെ മൊട്ടത്തലയില്‍ പുതിയ മുടി എത്തിനോക്കിത്തുടങ്ങി. റേഡിയേഷന്റെ പൊള്ളലുകള്‍ ഭേദമായി തുടങ്ങി. ഞാന്‍ വീണ്ടും നിലയില്ലാക്കയത്തില്‍നിന്നും കരയ്ക്കു കയറി പിച്ചവച്ചു തുടങ്ങി.രുചികളും ഗന്ധങ്ങളും ശബ്ദങ്ങളും മടങ്ങിയെത്തി.


ഇഷ്ടത്തോടെ, ഇഷ്ടം പോലെ വെള്ളം കുടിച്ചു.അതൊരു തിരിച്ചുവരവ് തന്നെയായിരുന്നു. കണ്‍പീലികള്‍പോലും പൊഴിഞ്ഞു പോയിരുന്നു എന്നോര്‍ക്കുമ്പോള്‍... അതെല്ലാം കഴിഞ്ഞുപോയല്ലോ...പക്ഷേ, കഴിഞ്ഞുപോയ ആ കാലമാണ് വിലയേറിയ പലതും പഠിപ്പിച്ചത്. നവംബര്‍ ആദ്യം ചേട്ടായി വന്നു.കഴിഞ്ഞുപോയ മാര്‍ച്ച് മാസത്തില്‍ എന്നെ വിവാഹം കഴിച്ചയച്ച ആളാണ്.ഏട്ടന്റെ വീട്ടില്‍ ഞാനുപേക്ഷിക്കപ്പെടുകയായിരുന്നില്ല. എന്നിട്ടും... എന്നെ വിട്ടിട്ടു പോയപ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ചേട്ടായി. അമ്മയുടെ അടുത്തുപോലും ഞാനങ്ങനെ കരഞ്ഞിട്ടില്ല.


എന്തിനും ചേട്ടായി ഉണ്ട് എന്നതായിരുന്നു എന്റെ ധൈര്യം. ആത്മവിശ്വാസം... കണ്ടു.ചേട്ടായി തനിച്ചായിരുന്നു എന്നെ എനിക്ക് പറയാനുള്ളൂ...
ബന്ധങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിലയെ കൊടുക്കേണ്ടതുള്ളൂ എന്നു ഞാന്‍ പഠിച്ചത് അന്നാണ്.ആരെങ്കിലും കാണാന്‍ വന്നില്ലെന്നോ അന്വേഷിച്ചിട്ടില്ലെന്നോ ഞാന്‍ പരാതി പറഞ്ഞിട്ടില്ല. പകരം സ്‌നേഹം കൊണ്ടുള്ള ബന്ധനമാണ് വലുത് എന്നു പഠിച്ചു.


നിയമംകൊണ്ട് ബന്ധിക്കപ്പെടുന്നവ നിലനില്‍ക്കണമെന്നില്ല. രക്തംകൊണ്ട് ബന്ധിതരായവരും ചിലപ്പോള്‍ അകന്നു മാറിനില്‍ക്കും. പക്ഷേ, സ്‌നേഹംകൊണ്ട് ചേര്‍ന്ന ഒന്നും ഒരു നാളും വിട്ടുപോവുകയില്ല.

പിന്നെയൊന്ന് 'ക്ഷമ' എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും ആഴവും അറിയുന്നവരോടു മാത്രം ക്ഷമിച്ചാല്‍ മതിയെന്ന തിരിച്ചറിവുണ്ടായി എന്നതാണ്. തീര്‍ച്ചയായും ഞാന്‍ നന്മയുടെ നിറകുടമൊന്നും അല്ല.തെറ്റുകളും കുറ്റങ്ങളും ഏറെയുണ്ട്.പക്ഷേ, രോഗാവസ്ഥ എന്നത് എന്നെ പെട്ടെന്നു ക്ഷമിക്കാന്‍ പഠിപ്പിച്ചു.ഒരുപക്ഷേ, ജീവിതത്തിന്റെ നിസ്സാരത ജീവിതം തന്നെ പഠിപ്പിച്ചതുകൊണ്ടാവാം.പക്ഷേ, ക്ഷമ...

അത് അര്‍ത്ഥമറിയുന്ന ആളോട് മാത്രം മതി. ഇത് ഇങ്ങനെ ഒരോര്‍മ്മയാണ്... എനിക്കൊരു സുഹൃത്തുണ്ടായിരുന്നു.എന്റെ കൗമാരകാലത്തിലെ സുഹൃത്ത്. ഞാന്‍ അവനു തീര്‍ച്ചയായും ഒരു നല്ല സുഹൃത്തായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. എനിക്ക് അവനും... ഇടയ്‌ക്കൊക്കെ ജീവിതവും ഞങ്ങള്‍ സംസാരിച്ചിരുന്നു എന്നാണ് ഓര്‍മ്മ.

കുറച്ചുകാലത്തെ നിശ്ശബ്ദതയ്ക്കുശേഷം ഞങ്ങള്‍ വീണ്ടും സംസാരിച്ചു തുടങ്ങുന്നത് എന്റെ ചെന്നൈ വാസത്തിനിടയ്ക്കാണ്.ഒരു നാള്‍, ആവലാതികള്‍ക്കിടയ്ക്ക് തീര്‍ച്ചയായും ഒരു പെണ്ണ് എന്ന നിലയ്ക്ക് എനിക്ക് സഹിക്കാനാവാത്ത ഒന്ന് അവനെന്നോടു പറഞ്ഞു.ഒരുപക്ഷേ, ഇന്നാണെങ്കില്‍ ക്ഷമിക്കാന്‍ പറ്റുന്ന ഒന്ന്, അന്നത്തെ എന്റെ പ്രായവും വിവരക്കേടും അതിനെ തെറ്റായി മാത്രമേ കണ്ടുള്ളൂ.ആ സൗഹൃദം അവിടെ വച്ച് ഉപേക്ഷിച്ചു.വെറുതെ ഉപേക്ഷിച്ചതല്ല. അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥത്തില്‍ ഇതിനു മുന്‍പും സംസാരിച്ചിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ട് ഉപേക്ഷിച്ചു.

നാളുകള്‍ക്കുശേഷം മുഖപുസ്തകത്തില്‍ വീണ്ടും കണ്ടുമുട്ടിയത് ഈ നവംബറിലായിരുന്നു.പറഞ്ഞല്ലോ, എനിക്ക് ക്ഷമിക്കാന്‍ എളുപ്പമായിരുന്നു.
പ്രായത്തിന്റെ പക്വതയില്ലായ്മ എന്നോ ഒരു നിമിഷത്തെ തെറ്റോ എന്നു കരുതി ഞാനവനോട് ക്ഷമിച്ചു. മുഖപുസ്തകത്തില്‍ ചെറിയ വിശേഷങ്ങള്‍ പങ്കുവച്ചു.എന്നോട് സംസാരിക്കണമെന്നും നമ്പര്‍ വേണമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ തുറന്നു സംസാരിച്ചു.രോഗം, സൗഹൃദം ഉപേക്ഷിക്കാനുള്ള കാരണം, ക്ഷമിക്കാനുള്ള കാരണം... എല്ലാം... നമുക്ക് മുഖപുസ്തകത്തില്‍ സംസാരിക്കാം എന്നു പറഞ്ഞു. അതു മതിയെന്നാണ് എനിക്ക് തോന്നുന്നത് എന്നു പറഞ്ഞു.

അപ്പോഴാണ് എനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ആ അടി കിട്ടിയത്.ജീവിതത്തിലെ അഞ്ചു വര്‍ഷക്കാലത്തോളം സുഹൃത്തെന്നു ഞാന്‍ തെറ്റിദ്ധരിച്ചു.അവന്‍ എന്നോടു പറഞ്ഞത്''നിന്റെ ശരീരത്തിനല്ല, മനസ്സിനാണ് കാന്‍സര്‍'' എന്നാണ്.ഞാന്‍ അടിമുടി ചിതറിപ്പോയി.ചിലപ്പോള്‍ ഇത് അംഗീകരിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ടാവും.ഒരുത്തനെങ്കിലും സത്യം പറഞ്ഞു എന്നു കരുതുന്ന പലരും ഉണ്ടാകും...


പക്ഷേ, ആ വാക്കെന്നെ ഒരു നിമിഷത്തേയ്ക്ക് തകര്‍ത്തുകളഞ്ഞു.ഞാന്‍ വീണ്ടും അപമാനിതയായി. സൗഹൃദത്തില്‍ വ്യക്തിയെന്ന നിലയ്ക്കു ഞാന്‍ വീണ്ടും വ്രണപ്പെട്ടു.അങ്ങനെ എന്നോടു പറയാന്‍ അവനെങ്ങനെ തോന്നി എന്ന് അദ്ഭുതപ്പെടാറുണ്ട് ഇപ്പോഴും...അങ്ങനെയൊക്കെ പറയാന്‍ പറ്റുമോ? എന്തായിരുന്നിരിക്കും അവന്റെ മനസ്സില്‍?

എനിക്കറിയില്ല.ഞാന്‍ വീണ്ടും അവന്റെ സൗഹൃദം ഉപേക്ഷിച്ചു.ക്ഷമിക്കപ്പെടാനും അര്‍ഹത വേണം.
ആ വാക്കിന്റെ അര്‍ത്ഥമറിയണം, ആഴമറിയണം.ഏട്ടനോട് പറഞ്ഞില്ല... എങ്ങാനും കരഞ്ഞുപോയാല്‍...കരയാതെ, കരയിപ്പിക്കാതെ എന്നെ അടക്കിപ്പിടിച്ച ഒരു ദുരിതകാലം മുഴുവന്‍ കൊണ്ട് നടന്നിട്ട് ഏതോ ഒരുത്തന്‍ എന്തോ പറഞ്ഞെന്ന് പറഞ്ഞ് എനിക്ക് കരയാന്‍ പറ്റുമോ?ഞാന്‍ മിഥുനെ വിളിച്ചു.

മുന്‍പ്, സൗഹൃദം ഉപേക്ഷിച്ചപ്പോഴും ഞാന്‍ അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, മിഥുവിനോട്, എടോ, നന്ദിയുണ്ട്, കേട്ടോ... അന്നു നീ പകര്‍ന്നു തന്ന ആത്മവിശ്വാസം ചെറുതല്ല. എന്റെ വായില്‍ മുളച്ച സരസ്വതിയൊക്കെ നീ ഏറ്റുവാങ്ങി. ആശ്വസിപ്പിച്ചു.അല്ലെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയപ്പോഴൊക്കെ നീ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷവും.തനിച്ചായപ്പോഴും പേടി തോന്നിയപ്പോഴും അനിശ്ചിതത്വത്തിലും...അല്ലെങ്കില്‍, ഞാനെന്തിനു നന്ദി പറയണം..?സുഹൃത്തെന്ന നിലയില്‍ അതൊക്കെ തന്റെ കടമ തന്നെ.അതായിരുന്നു, നവംബര്‍. ക്ഷമിക്കേണ്ടവരോടു മാത്രം ക്ഷമിച്ചാല്‍ മതിയെന്ന ഏറ്റവും വലിയ പാഠം പഠിപ്പിച്ച നവംബര്‍...

ഡിസംബര്‍ മഞ്ഞ് പൊഴിയുന്നു...

ജീവിതം കുറേയേറെ പഴയ പാതയിലേയ്ക്ക് തിരിച്ചുവന്നിരുന്നു. മുടി വളര്‍ന്നു തുടങ്ങി.കൈഞരമ്പില്‍നിന്നു കറുപ്പു നിറം മാഞ്ഞുതുടങ്ങി.വിരല്‍ നഖങ്ങള്‍ തെളിഞ്ഞുതുടങ്ങി.തിരിഞ്ഞു നോക്കുമ്പോള്‍ രോഗാവസ്ഥ എന്നത് കൈവിരല്‍ തുമ്പുകളില്‍നിന്നു മുടിത്തുമ്പുകളിലേക്കുതിര്‍ന്ന വാത്സല്യമാണെന്നറിയുന്നു ഞാന്‍...അമ്മയുടെ, ഏട്ടന്റെ, ചേച്ചിയുടെ, രഞ്ജിത്തേട്ടന്റെ, വൈശാഖിന്റെ, ശ്രീരാഗിന്റെ അത്രയധികം വാത്സല്യം നിറഞ്ഞ തലോടലുകള്‍ മുന്‍പൊരിക്കലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.റേഡിയേഷന്റെ സമയത്തായിരുന്നു, നാലാം സെമസ്റ്ററിന്റെ പരീക്ഷ. എനിക്ക് എഴുതാന്‍ പറ്റിയില്ല.ഡിസംബറില്‍ അടുത്ത പരീക്ഷ വന്നു.

വളരെയേറെ നാളുകള്‍ക്ക് ശേഷം ഞാന്‍ തനിച്ചു ട്രെയിന്‍ കയറി യാത്ര ചെയ്തു. തനിച്ചുള്ള യാത്രകള്‍ ആത്മവിശ്വാസം കൂട്ടിയിട്ടേ ഉള്ളൂ.
മാര്‍ച്ചിനു ശേഷം ഞാനങ്ങനെ തനിച്ചായിട്ടേയില്ല. തനിച്ചാവുക എന്നത് എന്റെ ഏറ്റവും വലിയ ആഘോഷമായിട്ട് കൂടി...ഞാന്‍ ഞാനായിരിക്കുന്ന നേരങ്ങളാണ് അവയൊക്കെ... എന്റെ ഉന്മാദത്തിന്റേയും വിഷാദത്തിന്റേയും നേരങ്ങള്‍...മടപ്പള്ളി കോളേജില്‍ ആയിരുന്നു പരീക്ഷ.


തൊപ്പിവച്ച് പരീക്ഷ എഴുതാന്‍ ആദ്യം തന്നെ അനുവാദം വാങ്ങി.ഒരാഴ്ചക്കാലം കണ്ണൂര്‍ എസ്.എന്‍. കോളേജ് ഹോസ്റ്റലില്‍ താമസിച്ചു.
തീര്‍ച്ചയായും ഞാനൊരിക്കലും പഴയ ഞാനാവുകയില്ല.

എപ്പോഴും പറയാറുള്ളതുപോലെ ഈ നിമിഷത്തിലെ നമ്മള്‍, ഇതുവരെയുള്ള, ഈ കഴിഞ്ഞ നിമിഷം വരെയുള്ള, ഓര്‍മ്മകളും അനുഭവങ്ങളും ആണ്. അല്ലെങ്കില്‍ ഈ നിമിഷത്തിലെ നമ്മള്‍ രൂപപ്പെട്ടത് ഈ കഴിഞ്ഞ നിമിഷം വരെ ജീവിതം, ആള്‍ക്കാര്‍, സാഹചര്യം ഒക്കെ നമ്മളോട് എങ്ങനെ പെരുമാറി എന്നതനുസരിച്ചാണ്.തീര്‍ച്ചയായും ഞാനൊരിക്കലും പഴയ ഞാനാവുകയില്ല.
എങ്കിലും നടന്നു പഴകിയ വഴികളില്‍, പരിചിതമായ ഇടങ്ങളില്‍ നടക്കുമ്പോള്‍, പഴയതെന്തൊക്കെയോ കൂടെ ഉണ്ടെന്നു തോന്നും...ഓര്‍മ്മകളും സൗഹൃദങ്ങളും സ്‌നേഹങ്ങളും ആയിരിക്കാം...

കണ്ണൂര്‍-തോട്ടട അല്ലെങ്കിലും എന്നും എന്റെ രണ്ടാമത്തെ വീടായിട്ടാണ് തോന്നുക. എന്റെ കൗമാരം ഞാന്‍ ആഘോഷിച്ചത് അവിടെയാണ്, എന്റെ യൗവ്വനം ആരംഭിച്ചത് അവിടെയാണ്... വൈകാരികമായ ഒരു അടുപ്പമുണ്ട്, അതുകൊണ്ട് തന്നെ... ഇപ്പോള്‍ ജീവിതം വീണ്ടും ഒഴുകിത്തുടങ്ങുന്നതും അവിടെനിന്നു തന്നെ...ഡിസംബറില്‍ പിന്നെ ഒന്നെന്റെ സൗഹൃദത്തിന്റെ ഓര്‍മ്മയാണ്... ചെന്നൈക്കാലം സമ്മാനിച്ചത്. കൃഷ്ണേച്ചി...കാണാന്‍ വരുകയും നിറയെ സംസാരിക്കുകയും ചെയ്തു.ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വിഷയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

ഞങ്ങളുടെ യാത്രകളും ചുറ്റിത്തിരിയലുകളും ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമുള്ള യാത്രകളും വായനയും സിനിമകളും...കൃഷ്ണേച്ചിയില്ലാതെ ഒരു മദിരാശി ഓര്‍മ്മ കണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാ നിമിഷങ്ങളിലും ഒന്നുകില്‍ എന്റെ കൂടെ അല്ലെങ്കില്‍ മുന്‍പില്‍, അതുമല്ലെങ്കില്‍ പിറകില്‍ കൃഷ്ണേച്ചിയും ഉണ്ടാകും...ഗൃഹാതുരത്വത്തോട് ചേര്‍ത്തുവയ്ക്കാവുന്ന ഒരു കൂട്ട്...!ചില സൗഹൃദങ്ങള്‍ ഉണ്ടാകും അങ്ങനെ...

എന്നും സംസാരിക്കണമെന്നില്ല. എങ്കിലും എന്നു സംസാരിക്കുമ്പോഴും ഇന്നലെ പറഞ്ഞുനിര്‍ത്തിയ ഇടത്തുനിന്നു വീണ്ടും സംസാരിച്ചു തുടങ്ങുകയാണ് എന്നു തോന്നിപ്പിക്കുന്നത്ര സ്വാഭാവികമായ സൗഹൃദങ്ങള്‍...പുതിയ കാര്യങ്ങള്‍..പല പുതിയ കാര്യങ്ങളും പഠിച്ചെടുത്തത് ഈ ഡിസംബറിലാണ്.ഒന്നു ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു.ആദ്യമൊക്കെ വീണു. പുറകോട്ടും മുമ്പോട്ടും ചവിട്ടി, ഉരുണ്ടു, കാലു കുത്തി, ചാടിയിറങ്ങി...

എന്തായാലും രണ്ടാഴ്ചയ്ക്കുള്ളില്‍, എന്റെ 26-ാമത്തെ വയസ്സില്‍ ഞാന്‍ സൈക്കിളോടിക്കാന്‍ പഠിച്ചു.പുതിയതെന്തും സ്വായത്തമാക്കുമ്പോള്‍ എനിക്കൊരു വല്ലാത്ത സുഖം തോന്നും. എന്തോ നേടിയെടുത്തതുപോലെ അഭിമാനം തോന്നും. മുന്‍പോട്ടുള്ള യാത്രയ്ക്ക് അങ്ങനെയുള്ള അഭിമാന നിമിഷങ്ങള്‍ ഒരുപാട് കരുത്തു പകരും. ജീവിതത്തില്‍ അതൊക്കെയാണ് നേട്ടങ്ങള്‍ ആയി എടുത്തുവച്ചിരിക്കുന്നതും.രണ്ട്,ഞാന്‍ യോഗ പഠിച്ചു.

പണ്ടെങ്ങോ കുറച്ച് കൂട്ടുകാരില്‍നിന്നു പഠിച്ചിട്ടുണ്ട്. അതൊക്കെ എന്റെ ചെന്നൈ വാസത്തിനിടയ്ക്ക് മറന്നുപോയി. ഗുരു, യോഗാചാര്യന്‍ നാരായണന്‍ ആയിരുന്നു. സര്‍ജറിയേയും കയ്യുടെ ബലഹീനതയേയും വേദനയേയും പരിഗണിച്ച് അദ്ദേഹം എനിക്ക് ചില യോഗാസനങ്ങള്‍ പരിശീലിപ്പിച്ചു തന്നു. ജീവിതത്തില്‍ അങ്ങോളം പുലര്‍ത്തേണ്ട ഒരു ജീവിതചര്യയാണെന്നറിയാം. പക്ഷേ, ഖേദകരം... ഇടയ്ക്ക് മുടങ്ങും വീണ്ടും ആരംഭിക്കും...കഴിഞ്ഞുപോയത് ഒരു വല്ലാത്ത വര്‍ഷമായിരുന്നു.തകര്‍ന്നടിഞ്ഞ, ഉയിര്‍ത്തെണീറ്റ വര്‍ഷം...ബന്ധങ്ങളുടെ ആഴവും വ്യര്‍ത്ഥതയും തിരിച്ചറിഞ്ഞ വര്‍ഷം.സ്‌നേഹങ്ങളുടെ ഇഴയടുപ്പം അറിഞ്ഞ വര്‍ഷം.ജീവിതത്തിലെ കഠിനമായ ഒരു വര്‍ഷം...ഏറിയ നോവും പെയ്തു നനഞ്ഞ വര്‍ഷം..ഇനി വരുന്നതു പുതിയ ഒരു വര്‍ഷമാണ്...വരുന്ന ജനുവരിയില്‍ ഞാന്‍ ഏട്ടന്റെ കൂടെ പോവുകയാണ്..ഭിലായിലേക്ക്...

അവിടെ ഞാന്‍ കുടുംബനാഥയാകാന്‍ പോവുകയാണ്.ഏട്ടനും ഒത്ത് പുതിയൊരു ജീവിതം നിര്‍മ്മിച്ചെടുക്കാന്‍, ഞങ്ങളുടേതായ ഒരു ലോകം പണിതുയര്‍ത്താന്‍...കാത്തിരുന്നു കാണാം, ഇനി വരുംകാലങ്ങള്‍ മണിച്ചെപ്പിലെന്താണെനിക്കായി കരുതിയിരിക്കുന്നതെന്ന്...
എന്തായിരുന്നാലും, ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും...ഇപ്പോള്‍ ഈ ഡിസംബര്‍ തണുപ്പിലലിയട്ടെ ഞാന്‍...

ഈ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പേ 2018 ജനുവരി 24-ന് ശ്രീലത മരണത്തിന് കീഴടങ്ങി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com