''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

റഷീദ് ഗോരംഗോരോ ക്രേറ്ററിന്റെ പ്രവേശനഭാഗത്ത് വണ്ടി കേറ്റിനിര്‍ത്തി. ആറു മണിക്കു മുന്‍പേ സഞ്ചാരികള്‍ ക്രേറ്റര്‍ വിടണമെന്നാണ് നിയമം. അതുകൊണ്ട് സഞ്ചാരികളൊന്നുമില്ല. ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ മാത്രമുണ്ട്. അവരോട് കുശലം പറയാനായി റഷീദ് പോയി. ഞങ്ങള്‍ ഗോരംഗോരോ ഗര്‍ത്തത്തിന്റെ ചെരുവില്‍ സന്ധ്യയോടൊപ്പം കാറ്റേറ്റ് നിന്നു
''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, 
അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''

ശിലാഭൂത മനുഷ്യവംശ വിജ്ഞാനീയത്തിന്റെ ഏഴു വോള്യങ്ങളാണ് ഈ ഗര്‍ത്തത്തിന്റെ ആഴം. ഏറ്റവും താഴെയുള്ള ബെഡ് ഒന്നു മുതല്‍ മേലോട്ട്. ഒന്നാം തട്ടില്‍നിന്നാണ് നട്ട് ക്രാക്കര്‍ എന്ന വിളിപ്പേരുള്ള പരന്ത്രോപസ് ബോയ്സെയ് മേരി ലീക്കിയുടെ പിടിയിലകപ്പെടുന്നത്. രണ്ടാം തട്ടിന്റെ തുടക്കഭാഗത്തുനിന്നു പിന്നീട് ഹോമോ ഹാബിലിസും കസ്റ്റഡിയിലായി. പിന്നീട് മറ്റു ചില പൂര്‍വ്വികരും അവരുടെ ആയുധങ്ങളും അന്നത്തെ മൃഗങ്ങളും. അങ്ങനെ ഒരുപാട് പൂര്‍വ്വികരെ ഒളിപ്പിച്ചതിന്റെ ഗര്‍വ്വുമായി നില്‍ക്കുകയാണ് ഓള്‍ഡുവായ് ഗോര്‍ജ്.

ഭൂതകാലാസക്തിയുടെ ഇരയാണ് ഞാനെന്ന് എന്റെ കുടുംബം വിശേഷിപ്പിക്കാറുണ്ട്. ചരിത്രം മണ്‍പ്പുതപ്പിട്ടുറങ്ങുന്ന റോമിലേയും എഫസ്സസിലേയും ആതന്‍സിലേയും ബീസിപ്പറമ്പുകളിലൂടെ ഞാന്‍ വിയര്‍ത്തു നടന്നിട്ടുണ്ട്. ഗ്രീസിലെ മീറ്റിയോറയിലുള്ള, ഏറ്റവും പ്രീഹിസ്റ്റോറിക്കായ തിയോപെട്ര ഗുഹയിലേക്കു നടക്കുമ്പോള്‍ നൂറ്റാണ്ടുകളുടെ ആഴങ്ങളിലേക്കു വീഴാതിരിക്കാന്‍ ഞാന്‍ കൈവരികളിലും അപ്പുവിന്റെ കൈകളിലും അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്. എന്നിട്ടിപ്പോള്‍ രണ്ടു മില്ല്യണ്‍ വര്‍ഷങ്ങളോളം പൂര്‍വ്വികര്‍ മറഞ്ഞുകിടന്ന ഓള്‍ഡുവായ് ഗോര്‍ജ് എന്നെ പ്രചോദിപ്പിക്കുന്നില്ല. ഇത് ഗോര്‍ജിന്റേയോ മ്യൂസിയത്തിന്റേയോ പ്രശ്‌നമല്ല. ഞങ്ങളുടെ മനസ്സുകളെ ഇനിയും തിരിച്ചുതന്നിട്ടില്ലാത്ത സെരങ്കട്ടിപ്പെണ്ണിന്റെ കുസൃതിയാണ്. ഒരു യാത്രയിലെ എല്ലാ കണ്ണികളും വിടവുകളില്ലാതെ ഇണക്കപ്പെടണമെന്നില്ല. സാരമില്ല. ഓരോ യാത്രയും കാഴ്ചകളും സന്ദര്‍ഭാനുസരണം വ്യത്യസ്തമായ ശിരോകോശങ്ങളിലാണ് ചെന്നടിയുന്നത്. ചിലത് മനസ്സിനെ നേരിട്ടാശ്ലേഷിച്ച് തീവ്രാനുഭവമാക്കുന്നു. മറ്റ് ചിലത് ഓ... എന്ന് അലസമായിക്കിടക്കുന്നു. ഒരുപക്ഷേ, പിന്നീടൊരിക്കല്‍ മോണോലിത്തിന്റേയും ഗോര്‍ജിന്റേയും അടരുകളില്‍നിന്നു വിവിധ പ്രായക്കാരായ ഹോമിനിഡുകള്‍ ഇറങ്ങിവരുന്നതും ഗോര്‍ജിലൂടെ നടന്നു സഞ്ചാരികള്‍ക്കു നേരെ കൈവീശി മൂസിയത്തിലെ ചില്ലുകൂട്ടിലേക്കു കയറുന്നതും സ്വപ്നത്തില്‍ കണ്ട് ഞാന്‍ മറ്റൊരു അനുഭവക്കുറിപ്പ് എഴുതിയേക്കാം.

ദൂരദർശിനിയിലൂടെ ഗോരംഗോരോ ഗർത്തത്തിലെ കാഴ്ചകൾ കാണുന്ന അമ്മ
ദൂരദർശിനിയിലൂടെ ഗോരംഗോരോ ഗർത്തത്തിലെ കാഴ്ചകൾ കാണുന്ന അമ്മ

ഗൈഡിനോട് സമയം വൈകിയത്‌കൊണ്ടെന്നു ക്ഷമാപണം പറഞ്ഞ് ക്രൂയിസറിലേക്കു മുങ്ങി. സമയം ശരിക്കും വൈകിയിരുന്നു. ഇരുട്ടാവുമ്പോഴേയ്ക്കും ഗോരംഗോരോ ഹോട്ടലിലെത്തേണ്ടെ എന്ന് റഷീദ് പരിഭവിച്ചു. അപ്പോള്‍ വന്ന എട്ടു പേരും ഫോസിലുകളുടെ താഴ്വാരത്തിലേയ്ക്കുള്ള ക്ഷണം നിരസിച്ചത് ഗൈഡിനു വലിയ സങ്കടമായിക്കാണും. ക്ഷമിക്കൂ സുഹൃത്തേ.

ക്രൂയിസര്‍ കുളമ്പടിച്ചു നീങ്ങിത്തുടങ്ങി. സായാഹ്നത്തിന്റെ അലസതയൊന്നും ഓട്ടത്തിലില്ല. സെരങ്കട്ടിയില്‍ പുല്‍പ്പരപ്പില്‍ വരച്ചെടുത്ത വഴികളിലൂടെ ഓടി മടുത്ത ക്രൂയിസര്‍ അതിന്റെ സ്വാതന്ത്ര്യം വീണ്ടും ആഘോഷിച്ചു തുടങ്ങി. അഞ്ചോ ആറോ കിലോമീറ്റര്‍ ഓടിക്കാണും വണ്ടി സെരങ്കട്ടി-ഗോരംഗോരോ റോഡിലേയ്ക്ക് കയറി. ഗോരംഗോരോയുടെ പച്ച പടര്‍ന്ന താഴ്വാരങ്ങളും പാതക്കിരുവശവും ഒരുങ്ങിനിന്നു.

താഴ്വാര പ്രദേശങ്ങളാണ് ഗോരംഗോരോ ക്രേറ്ററിനോട് അടുത്തു കിടക്കുന്നത്. അവിടെ ചില രസകരമായ കാഴ്ചകളുണ്ട്. ഇരുട്ടാകുന്നതിനു മുന്‍പ് ബോമകളിലേക്ക് മടങ്ങാന്‍ തിരക്കുകൂട്ടുകയാണ് മസായി ബാലന്മാര്‍. അവരുടെ ആടുമാടുകള്‍ മേച്ചില്‍ തുടരുകയാണ്. ഏതാനും ഇംപാലകളും വില്‍ഡ് ബീസ്റ്റുകളും അവരോടൊപ്പം പുല്ലുമേയുന്നുണ്ട്. മസായികള്‍ ഒച്ചവെച്ചും അവരുടെ ശ്വാനസഹായികള്‍ കുരച്ചും കന്നുകൂട്ടത്തെ തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുണ്ട്. അവസാനം നാട്ടുകൂട്ടവും കാട്ടുകൂട്ടവും വളരെ വിഷമത്തോടെ ഉപചാരം ചൊല്ലി പിരിയുകയാണ്. നാളെയും കാണാം എന്നൊക്കെ അവര്‍ പരസ്പരം സമാധാനിപ്പിക്കുന്നുണ്ടാകും.

ദിവസങ്ങള്‍ക്കു മുന്‍പ് മന്യാരയില്‍നിന്നു ഗോരംഗോരോ വഴി സെരങ്കട്ടിയിലേയ്ക്കു പോകുമ്പോള്‍ കണ്ട കാഴ്ചകള്‍ തന്നെ ഈ സായന്തനത്തിലും. ആനകളുടെ ചെറിയ കൂട്ടങ്ങള്‍, ഇരുട്ടാവുന്നല്ലോ എന്നു ബദ്ധപ്പെട്ടു പുല്ലു തിന്നുന്ന ഇംപാലകള്‍, പുക്കുകള്‍. മരക്കൊമ്പുകളിലും പാതവക്കത്തും വെറുതെയിരുന്നു പോക്കുവെയില്‍ കായുന്ന ബബൂണുകള്‍. ഭൂമിയുടെ അറ്റത്തുകൂടി നീളന്‍ കാലുകളില്‍ അടിവെച്ചടിവെച്ച് സൂക്ഷിച്ചു നീങ്ങുന്ന ജിറാഫുകള്‍. എല്ലാ കാഴ്ചകള്‍ക്കും പശ്ചാത്തലമായി ചുവപ്പ്, ഓറഞ്ച്, മഞ്ഞ ശീലകള്‍ വലിച്ചിട്ടുണ്ട് അസ്തമയ സൂര്യന്‍.

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, 
അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''
''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

റഷീദ് ഗോരംഗോരോ ക്രേറ്ററിന്റെ പ്രവേശനഭാഗത്ത് വണ്ടി കേറ്റിനിര്‍ത്തി. ആറു മണിക്കു മുന്‍പേ സഞ്ചാരികള്‍ ക്രേറ്റര്‍ വിടണമെന്നാണ് നിയമം. അതുകൊണ്ട് സഞ്ചാരികളൊന്നുമില്ല. ചെക്ക് പോസ്റ്റിലെ ജീവനക്കാര്‍ മാത്രമുണ്ട്. അവരോട് കുശലം പറയാനായി റഷീദ് പോയി. ഞങ്ങള്‍ ഗോരംഗോരോ ഗര്‍ത്തത്തിന്റെ ചെരുവില്‍ സന്ധ്യയോടൊപ്പം കാറ്റേറ്റ് നിന്നു.

താഴെ പലവര്‍ണ്ണയിഴകളിട്ട കമ്പളംപോലെ ഗോരംഗോരോ എന്ന അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട് കാണാം. അതില്‍ നീങ്ങുന്ന മൃഗസംഘങ്ങളെ അവ്യക്തമായി കാണാം. 600 മീറ്റര്‍ ആഴത്തിലേയ്ക്ക് ഇറങ്ങിപ്പോകുന്ന അക്കേഷ്യമരങ്ങളില്‍ നിറയെ കിളിക്കൂടുകള്‍ തൂങ്ങുന്നുണ്ട്. ക്രേറ്ററിന്റെ അങ്ങേക്കരയില്‍ പച്ചയുടെ പല ഷേഡുകളില്‍ ചെറുകുന്നുകള്‍. താഴേക്കോടിയിറങ്ങാന്‍ കൊതിയാകും.

ഗോരംഗോരോയും മോശമല്ല. സെരങ്കട്ടി സുതാര്യ സുന്ദരിയാണെങ്കില്‍ ഇവള്‍ കാല്പനികമോഹിനി. പോക്കുവെയിലിന്റെ പൊന്‍പ്രഭയില്‍ അലസമാരുതന്റെ ഇക്കിളിക്കുളിരേറ്റിവിടെ നിന്നാല്‍ ആരും പ്രണയപരവശരാകും. അമ്മ അടുത്തുണ്ടായിട്ടും ഞാന്‍ മിനിയുടെ മുഖം എന്റെ നെഞ്ചോട് ചേര്‍ത്ത് പുണര്‍ന്നു. അമ്മു അത് ഫ്രെയിമിലാക്കുകയും ചെയ്തു. കുശലാന്വേഷണങ്ങള്‍ കഴിഞ്ഞ് റഷീദ് തിരിച്ചുവന്നു. നാളെ നേരത്തെ പുറപ്പെടാം എന്നാണ് മൂപ്പരുടെ അഭിപ്രായം. സാധാരണ പ്രാതല്‍ കഴിഞ്ഞിറങ്ങുമ്പോള്‍ ഒന്‍പതു കഴിയും. അമ്മയ്ക്കു ബുദ്ധിമുട്ടാവരുത് എന്നു കരുതിയാണ് റഷീദ് ഒമ്പതെങ്കില്‍ ഒന്‍പത് എന്നു വെച്ചത്. പക്ഷേ, ഇന്നലെ പോത്തിന്‍ കൂട്ടത്തിലേയ്ക്കുള്ള മോര്‍ണിംഗ് വാക്ക് പ്രശ്‌നമായി. അമ്മ ആറുമണിയാവുമ്പോഴേയ്ക്കും തയ്യാറാവുന്നുണ്ടെന്ന് മൂപ്പര്‍ക്കു വെളിപ്പെട്ടു.

നാളെ ഏഴരയ്ക്ക് പുറപ്പെടാം എന്ന കരാറൊപ്പിട്ട് ഞങ്ങള്‍ അന്നത്തെ സങ്കേതത്തിലേയ്ക്കു വണ്ടി വിട്ടു. ഗോരംഗോരോ വൈല്‍ഡ് ലൈഫ് ലോഡ്ജിലാണ് ഇന്നത്തെ അത്താഴവും അന്തിയുറക്കവും. സഫാരിയുടെ ആദ്യ രാത്രി ഞങ്ങള്‍ തങ്ങിയ മന്യാര വൈല്‍ഡ് ലോഡ്ജുകാരുടെ തന്നെയാണ് ഇതും. അത് മന്യാരത്തടാകത്തിന്റെ വക്കത്തായിരുന്നെങ്കില്‍ ഇത് ഗോരംഗോരോ ക്രേറ്ററിന്റെ തുഞ്ചത്താണ്. പ്രധാന പാത വിട്ട് 30 മിനിട്ടോളം ഓടാനുണ്ടത്രേ ലോഡ്ജിലേയ്ക്ക്. ഈ ഭാഗത്ത് ഒരുവിധം മരത്തിരക്കുണ്ട്. നമ്മുടെ സാമ്പ്രദായിക വനം തന്നെ. പച്ചിലപ്പടര്‍പ്പിന്റെ കനത്ത മേലാപ്പ് സമയത്തില്‍ കവിഞ്ഞ ഇരുട്ട് മണ്‍വഴിയില്‍ ഒഴുക്കുന്നുണ്ട്. ഈ വഴിക്കപ്പുറത്ത് ലോഡ്ജുണ്ടോ എന്നു ഞങ്ങള്‍ക്കു സംശയമായി. 15 മിനിട്ടോളം ഓടിക്കഴിഞ്ഞ് റഷീദ് വണ്ടി നിര്‍ത്തി. അടുത്ത വളവില്‍ വഴിയിലേയ്ക്കു തലനീട്ടിനില്‍ക്കുന്ന ഒറ്റപ്പോത്തിനെ ചൂണ്ടിക്കാട്ടി. പോത്തില്‍നിന്നു ദൂരെ വണ്ടി നിര്‍ത്താന്‍ റഷീദ് ഇപ്പോഴും ശ്രദ്ധിച്ചു. പോത്തിനു ചുറ്റും പ്രത്യേകിച്ചും തലയ്ക്കു ചുറ്റും പ്രകാശകണികകള്‍ കുത്തിമറിയുന്നു. ചിത്രങ്ങളിലെ വിശുദ്ധന്മാര്‍ക്കുള്ള ദീപ്തിവലയം പോലെ. പോത്തിനു ചുറ്റും ആര്‍ത്തുപറക്കുന്ന പ്രാണികളുടെ കുഞ്ഞിച്ചിറകുകളില്‍ പോക്കുവെയിലിന്റെ നേരംപോക്കായിരുന്നു അത്. ഹോളി ബഫലോ... റഷീദ് ഹൈനച്ചിരി ചിരിച്ചു. പരിശുദ്ധന്‍ പോത്തന്‍... ഞങ്ങളും ചിരിച്ചു. ഏതാനും കൊഴുത്ത ബബൂണുകളും ഒരു ഹൈനയും കുറെ കിളിയൊച്ചകളും മാത്രമേ പിന്നെയുള്ള യാത്രയില്‍ ഇടപെട്ടുള്ളൂ.

ഞങ്ങള്‍ക്കു മുന്നേ ലോഡ്ജിലെത്തിയ ഇരുട്ട് അലങ്കാര ബള്‍ബുകളും ക്രിസ്തുമസ് നക്ഷത്രവിളക്കുകളും തെളിയിച്ചിരുന്നു. ഇത് ഡിസംബര്‍ മാസമാണെന്നും ക്രിസ്തുമസ് അടുത്തെത്തിയെന്നും നക്ഷത്രവിളക്കുകള്‍ ഓര്‍മ്മപ്പെടുത്തി. ലോഡ്ജിന്റെ ഗംഭീരമായ മുഖപ്പ് ഉള്ളിലെ ഗരിമ അറിയിക്കുന്നുണ്ട്. ജീവനക്കാര്‍ പെട്ടികളെടുത്തു മുറികളിലേക്കു പോയി. ഒപ്പം അമ്മയേയും കൊണ്ട് മിനിയും അമ്മുവും. റഷീദ് വണ്ടിയുമായി ഡ്രൈവേഴ്സ് ഏരിയയിലേയ്ക്ക് വിട്ടു. റിസപ്ഷനിലെ ചടങ്ങുകള്‍ തീര്‍ത്ത് വൈഫൈ പാസ്വേര്‍ഡ് വാങ്ങി ഞാന്‍ മുറിയിലേക്കു നടന്നു. എല്ലാവരും ഉപേക്ഷിച്ച ആ വലിയ ചോദ്യം വണ്ടിയില്‍നിന്നെടുക്കാന്‍ ഞാന്‍ മറന്നില്ല.

ക്രേറ്ററിലേക്കു ജാലകക്കാഴ്ചയുള്ള രണ്ടു മുറികളാണ് കിട്ടിയത്. മങ്ങിയ വെളിച്ചത്തില്‍ തെളിമയില്ലാതെ നില്‍ക്കുമ്പോഴും ഗോരംഗോരോയുടെ സൗന്ദര്യത്തിനു കുറവില്ല. കുളി കഴിഞ്ഞു വന്ന് ക്രേറ്റര്‍ കാഴ്ചയിലേക്കു കസേര വലിച്ചിട്ട് ആ ചോദ്യം ഞാന്‍ വിക്കിച്ചേട്ടനും മറ്റു പീടികകള്‍ക്കും കൊടുത്തു. മൃഗങ്ങളില്‍ ആര്‍ത്തവമുണ്ടോ?

ഗോരോംഗോരോ വൈൽഡ് ലൈഫ് ലോഡ്ജ്
ഗോരോംഗോരോ വൈൽഡ് ലൈഫ് ലോഡ്ജ്

അത്ഭുതപ്പെടുത്തുന്നതായിരുന്നു മറുപടികള്‍. മനുഷ്യര്‍, ചിമ്പാന്‍സികള്‍, എയ്പ്സ് എന്നു വകയിരുത്തുന്ന ചില കുരങ്ങുകള്‍, ചിലയിനം വവ്വാലുകള്‍, പിന്നെ എലിഫന്റ് ഷ്ര്യൂ, സ്പൈനി മൗസ് എന്നീ എലിരൂപികള്‍-ഇവരില്‍ മാത്രമാണ് ദുനിയാവില്‍ ആര്‍ത്തവത്തിന്റെ തൊന്തരവുകളുള്ളത്. ആനയ്ക്കില്ല, ആടിനില്ല, പട്ടിക്കും പശുവിനുമില്ല. മൃഗങ്ങളൊക്കെ ഇണ ചേരുന്നു, ഗര്‍ഭം ധരിക്കുന്നു, പ്രസവിക്കുന്നു. ആര്‍ത്തവമില്ലാതെത്തന്നെ. പടച്ചോനെ നീയെന്തു ചതിയാണ് ഞങ്ങളോട് ചെയ്തത് എന്നായിരുന്നു കാര്യമറിഞ്ഞ മിനിയുടെ കരച്ചില്‍. ശബരിമല കയറ്റം, വിളക്കുകൊളുത്തല്‍, കുളി, അശുദ്ധം അങ്ങനെയെന്തൊക്കെ പുകിലുകള്‍ ഒഴിവായേനേ എന്ന് അമ്മു. ''സ്രഷ്ടാവിന് എല്ലാറ്റിനും കാരണങ്ങളുണ്ട്. നമുക്കറിയാന്‍ കഴിയാതെ പോകുന്നതാവാം'' -അമ്മ പടച്ചോനെ പിന്തുണയ്ക്കുന്നു. 80 കഴിഞ്ഞ അമ്മയ്ക്കതൊക്കെ പറയാം-ഞങ്ങള്‍ മൂന്നു പേര്‍ അമ്മയേയും സ്രഷ്ടാവിനേയും ഒറ്റയടിക്ക് വീറ്റോ ചെയ്തു. ഒരു മുഴുപകലില്‍ അലഞ്ഞ് പൊടിയടിച്ച് തളര്‍ന്ന ഉന്മേഷത്തെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ചെടുത്ത് ഉഷാറാക്കി, ഭക്ഷണശാലയിലേക്കു നടക്കുമ്പോഴും സ്ത്രീയില്‍ വീഴ്ത്തിയ ചോരപ്പാടുകളുടെ പേരില്‍ നിയന്താവിനെ ഞങ്ങള്‍ നിര്‍ത്തിപ്പൊരിച്ചുകൊണ്ടിരുന്നു.

ഓഫ് സീസണായിരുന്നിട്ടും ഇരുപതോളം പേര്‍ ഭക്ഷണത്തിനുണ്ടായിരുന്നു. അറേബ്യന്‍ കുബൂസിന്റെ ചാര്‍ച്ചക്കാരനായ ഒരു തരം റൊട്ടി, ചോറ്, പുലാവ് എന്നിവയും കോളിഫ്‌ലവര്‍, ഉരുളക്കിഴങ്ങ് മസാലക്കറികളും പലവിധ ഇറച്ചി തയ്യാറിപ്പുകളും ധാരാളം പഴങ്ങളുംകൊണ്ട് അലംകൃതമായിരുന്നു തീന്‍മേശകളും ബുഫേ കൗണ്ടറും.

പല കറിക്കൂട്ടുകളും ആര്‍ഷഭാരത രസനമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല, ഞങ്ങള്‍ക്ക് സ്‌പെഷ്യലായി ഈരണ്ടു ചപ്പാത്തിയും കിട്ടി.

ഡൈനിങ്ങ് ഹാളിനുപുറത്തു നീളന്‍ വരാന്തയാണ്. വരാന്തയിലെമ്പാടും ക്രിസ്തുമസ് നക്ഷത്രങ്ങളുടെ 'നിറ' വെളിച്ചങ്ങളാണ്. റിസപ്ഷനോട് ചേര്‍ന്ന മൂലയില്‍ ഒരു ഗംഭീര പുല്‍ക്കൂടും. പുല്‍ക്കൂട്ടില്‍ ആട്ടിന്‍പറ്റങ്ങള്‍ക്കു കൂട്ടായി സാവന്നയുടെ ജിറാഫും സീബ്രയും ഇംപാലകളുമുണ്ട്. വരാന്ത നീളത്തില്‍ തുറക്കുന്നത് ഗോരംഗോരോ ക്രേറ്ററിലേയ്ക്കാണ്.

ഭക്ഷണം കഴിഞ്ഞു നീളന്‍ വരാന്തയിലേയ്ക്ക് നടക്കുമ്പോള്‍, ഡൈനിങ്ങ് ഏരിയയില്‍നിന്നു മാറിയൊരു വന്‍മേശയ്ക്കു ചുറ്റുമിരുന്നിരുന്ന സംഘം അമ്മയെ അഭിവാദനം ചെയ്തു.

ഹൈ മാമ, ഡിയര്‍ ഗ്രാന്‍ഡ് മാമ, ഹൗ ആര്‍ യു സ്വീറ്റ് മാമ എന്നൊക്കെ പല രൂപത്തിലവര്‍ അമ്മയെ ആദരിച്ചു. വീയാര്‍ ഫൈന്‍. അമ്മ അവരുടെ സ്‌നേഹവായ്പുകള്‍ കയ്യുയര്‍ത്തി സ്വീകരിച്ചു. ഇത്തരം ചോദ്യങ്ങളെ ഏകവചനത്തില്‍ സ്വീകരിക്കാതെ വീയാര്‍ ഫൈന്‍ എന്ന് ബഹുവചനത്തില്‍ മറുപടി പറയുന്നത് അമ്മയ്ക്ക് ആഫ്രിക്ക നല്‍കിയ പുതുശീലമാണ്. ആ 'വി'യില്‍ റഷീദും ഉള്‍പ്പെടുന്നുണ്ടെന്നു ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും അമ്മ ഉറപ്പുവരുത്തുകയും ചെയ്തു. ഡൈനിങ്ങ് ഹാളിലേക്കു വരുമ്പോഴും ഈ സംഘത്തെ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ ഞങ്ങള്‍ക്കു പുഞ്ചിരികള്‍ സമ്മാനിച്ചിരുന്നു. ടൂറിസ്റ്റുകളല്ല, പ്രാദേശിക കേമന്മാരാണെന്ന് അവരുടെ രൂപവും വസ്ത്രവും ഇരുപ്പും ഭാവങ്ങളും ഉറപ്പാക്കുന്നു. വീതിയും നീളവും അനുഗ്രഹിച്ച മൂന്നാണുങ്ങള്‍. അവരോട് കിടപിടിക്കുന്ന ഒരു സ്ത്രീയും. പാനീയങ്ങളുടെ പരിലാളനയില്‍ കാര്യമായ ചര്‍ച്ചയിലാണവര്‍.

നീളന്‍ വരാന്തയില്‍നിന്നു കാണാനൊന്നുമുണ്ടായിരുന്നില്ല. തീരെ നിലാവില്ല. ആകാശക്കറുപ്പിലേയ്ക്കു പിറന്നുവീഴുന്ന നക്ഷത്രക്കുഞ്ഞുങ്ങളുടെ കണ്ണിറുക്കലും കളിയാക്കലും മാത്രം. പരന്നൊഴുകുന്ന നിലാവില്‍ എന്തൊരു മോഹനീയ ദൃശ്യമായേനെ ക്രേറ്റര്‍. സ്റ്റുപ്പിഡ് മൂണ്‍. വേര്‍ ഡിഡ് ഹി ഗോ? മുറിയിലേയ്ക്ക് മടങ്ങുമ്പോഴും ഒളിച്ചുനിന്ന ചന്ദ്രനോടുള്ള കലി അമ്മുവില്‍ ബാക്കിയായിരുന്നു. അപ്പോഴും കറുത്ത ആകാശത്തുണിയില്‍ മനോഹരമായൊരു കാഴ്ച തുന്നിയെടുക്കുകയായിരുന്നു പ്രകൃതിയെന്നു ഞങ്ങളറിഞ്ഞില്ല.

കേറ്ററിലേയ്ക്കുള്ള ജാലകങ്ങളിലെ കര്‍ട്ടനുകള്‍ മാറ്റി ക്രേറ്ററിനോട് കടുപ്പിച്ചൊരു ഗുഡ്‌നൈറ്റും പറഞ്ഞു ഞങ്ങള്‍ ഉറങ്ങി.

ഗോരോംഗോരോ ഗർത്തത്തിന്റെ കാല്പനികച്ചന്തം
ഗോരോംഗോരോ ഗർത്തത്തിന്റെ കാല്പനികച്ചന്തം

രാത്രിയെപ്പോഴോ മൂത്രശങ്കയ്‌ക്കെഴുന്നേറ്റതാണ് അമ്മ. ബാത്റൂമില്‍നിന്നു തിരിച്ചുവരുമ്പോഴാണ് നക്ഷത്രങ്ങളുടെ പ്രളയം ജാലകങ്ങളെ തുറന്നു മുറിയിലേയ്ക്കു തുളുമ്പിവീഴുന്നത് കണ്ടത്. നോക്ക്, നോക്ക് ഇതു നോക്ക് എന്ന് അമ്മ എന്നെ വിളിച്ചുണര്‍ത്തി. പിന്നാലെ അമ്മുവും മിനിയും എഴുന്നേറ്റു. നക്ഷത്രങ്ങളെ തുന്നിവെച്ച ആകാശത്തിരശ്ശീലയിലേക്കുതന്നെ നോക്കിയിരിപ്പാണ് അമ്മ. ഞാനും അമ്മയ്‌ക്കൊപ്പമിരുന്നു. വല്ലാത്തൊരനുഭവമാണിത്. ചില്ലുജാലകത്തിനു പുറത്ത്, നേര്‍ക്കാഴ്ചയില്‍ താരകങ്ങള്‍ തിക്കിത്തിരക്കുകയാണ്.

ഞങ്ങള്‍ക്കു മുകളിലല്ല, ഞങ്ങള്‍ക്കൊപ്പമാണ് ആകാശവും നക്ഷത്രങ്ങളും. ഇങ്ങനെയൊക്കെയാണ് പ്രപഞ്ചത്തിന്റെ നടത്തിപ്പുകാരല്ല, അതിന്റെ ഒരു ഭാഗം തന്നെയാണെന്നു നമ്മള്‍ അനുഭവിക്കുന്നത്. ഇവിടെ ഒരു കുഞ്ഞു വെളിച്ചമോ കൊച്ചിരുട്ടോ ആണ് നമ്മള്‍. സെരങ്കട്ടിയിലെ ആകാശവും ഇതായിരുന്നു എന്നു പിറുപിറുത്ത് മിനിയും അമ്മുവും ഉറക്കത്തിലേയ്ക്ക് മടങ്ങിപ്പോയി.

ഉറക്കം വരാതിരിക്കാന്‍ അമ്മ ഇടത്തുനിന്നും ഞാന്‍ വലത്തുനിന്നും നക്ഷത്രങ്ങളെ എണ്ണിത്തുടങ്ങി. എന്തൊരു കാഴ്ച്യാ ഇത്, കണ്ടിട്ട് മതിയാവുന്നില്ല എന്നൊക്കെയുള്ള ആശ്ചര്യപ്പെടലുകളില്‍ ആ എണ്ണമൊക്കെ തെറ്റും. അപ്പോള്‍ ഞങ്ങള്‍ താരങ്ങളെ തരംതിരിച്ച് കൂട്ടങ്ങളാക്കാന്‍ തുടങ്ങും. ചില കുസൃതികള്‍ കൂട്ടം മാറി മിന്നി ഞങ്ങളെ അവിടേയും പരാജയപ്പെടുത്തും. വെളിച്ചപ്പൊട്ടുകളെ നോക്കിനോക്കിയിരുന്ന് എന്റെ കണ്ണുകള്‍ അണഞ്ഞുതുടങ്ങി. ഇനിയുറങ്ങാം, ഞാന്‍ അമ്മയോട് പറഞ്ഞു. പക്ഷേ, നക്ഷത്രക്കുഞ്ഞുങ്ങളെ ആകാശത്ത് ഉപേക്ഷിച്ച് പോരാന്‍ അമ്മയ്ക്ക് വയ്യ.

ഞാനിങ്ങനെ ഇരിക്കട്ടെ. നാളെ രാത്രി ഇവിടെയല്ലല്ലോ. അതുകൊണ്ട് ഉറക്കം കിടത്തുന്നത് വരെ ഞാനിരിക്കട്ടെ. നക്ഷത്രങ്ങളെ അമ്മയ്ക്കു കാവലിരുത്തി ഞാനുറങ്ങി.

ഇന്നലെ ഡൈനിങ്ങ് ഹാളില്‍നിന്നു പിരിയുമ്പോള്‍ ഇന്നത്തെ ഏഴരമണിക്കരാര്‍ റഷീദ് ഓര്‍മ്മപ്പെടുത്തിയിരുന്നു. അതുകൊണ്ട് അമ്മ നാലരയ്‌ക്കേ എഴുന്നേറ്റ് റെഡിയായിരുന്നു. അഞ്ചുമണി മുതല്‍ ഞങ്ങളെ വിളിച്ചുണര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. യാത്രാഭിനിവേശം 85-ാം വയസ്സിലും അമ്മയില്‍ തിരക്കുകൂട്ടുന്നത് നോക്കൂ.

രാത്രി എപ്പോഴാണ് ഉറങ്ങിയത്? ഞാന്‍ അമ്മയോട് ചോദിച്ചു.

ആ... അതവരോട് ചോദിക്കണം.

ആരോട്?

നക്ഷത്രങ്ങളോട്.

അപ്പോഴുണ്ടായ കൂട്ടച്ചിരിയിലാണ് പ്രഭാതം പൊട്ടിവിരിഞ്ഞതും ഞങ്ങളുടെ ആലസ്യത്തിന്റെ ആടകള്‍ ചീന്തിപ്പോയതും.

ഏഴു മണിയായപ്പോഴേയ്ക്കും പ്രാതലും കഴിഞ്ഞ് പെട്ടികളെടുത്തവര്‍ക്കുള്ള മാമൂലും കൊടുത്ത് ചെക്കൗട്ട് ചെയ്തു ഞങ്ങള്‍ നീളന്‍ വരാന്തയില്‍ ഹാജരായി. വരാന്തയില്‍നിന്നു നോക്കിയാല്‍ ഗോരംഗോരോ ഉണര്‍ന്നുവരുന്നതു കാണാം. ജലപ്രദേശങ്ങളും കുന്നുകളും മരങ്ങളും മൃഗങ്ങളും ഒരു വിധം വ്യക്തമായി കാണാം. നന്നായി കാണണമെങ്കില്‍ വരാന്തയിലൊരറ്റത്തുള്ള വലിയ ടെലസ്‌കോപ്പില്‍ കണ്ണു വെയ്ക്കാം. അമ്മ അതിന്റെ മുന്‍പില്‍നിന്നു മാറില്ലെന്നായി. മൂപ്പരവിടെ നിന്ന് ആനക്കൂട്ടങ്ങളോടും സീബ്രകളോടും പോത്തുകളോടും സല്ലാപത്തിലാണ്. ഏഴരയ്ക്ക് റഷീദ് വന്നു വിളിക്കുമ്പോള്‍ സിനിമയ്ക്കു മുന്‍പേ ട്രെയിലര്‍ കണ്ട സന്തോഷത്തിലായിരുന്നു അമ്മ. എന്നിട്ടും കുറച്ചുനേരം കൂടി കിട്ടിയിരുന്നെങ്കിലെന്ന് റഷീദിനോട് കൊഞ്ചുന്നുണ്ടായിരുന്നു.

''പലവര്‍ണ്ണ ഇഴകളിട്ട കമ്പളംപോലെ ഗോരംഗോരോ അഗ്നിപര്‍വ്വത ഗര്‍ത്തത്തിന്റെ അടിത്തട്ട്, 
അതില്‍ നീങ്ങുന്ന മൃഗസംഘങ്ങള്‍''
''വിരഹത്തിനു തയ്യാറെടുക്കുന്ന കമിതാക്കളെപ്പോലെയാണിപ്പോള്‍ ഞങ്ങളും സെരങ്കട്ടിയും അതിലെ മൃഗങ്ങളും മരങ്ങളും പുല്‍പ്പരപ്പും പാറക്കെട്ടുകളും''

കാടും നഗരത്തിന്റെ അലമ്പുകളുടെ അഭാവവും തയ്യാറാക്കി നല്‍കുന്ന ശുദ്ധവായുവിന്റെ ഉന്മേഷം പ്രാതല്‍ മുതല്‍ ഓരോരുത്തരിലുമുണ്ടായിരുന്നു. ''സുപ്രഭാതം, സുപ്രഭാതം, സുപ്രഭാതം നീലഗിരിയുടെ സഖികളേ'' പാടി ജയചന്ദ്രനേയും വീട്ടുകാരേയും മലയാളമറിയാത്ത റഷീദിനെപ്പോലും വെറുപ്പിക്കാന്‍ മാത്രം എന്നെ ആവേശഭരിതനാക്കിയത് ആ ഉന്മേഷമായിരുന്നു. കാട്ടിടവഴികളെ ഉപേക്ഷിച്ച് സെരങ്കട്ടി-ഗോരംഗോരോ മെയിന്‍ റോഡില്‍ കയറിയപ്പോള്‍ ഉന്മേഷച്ചൂടുമായി ഇളംവെയില്‍ കാത്തുനില്‍ക്കുന്നുണ്ട്. അപ്പോഴും ഏഴരയായിരുന്നില്ല.

രാവിലെ ആറു മുതലാണ് ക്രേറ്ററിലേക്ക് സഫാരിവണ്ടികള്‍ ഇറങ്ങിത്തുടങ്ങുന്നത്. നാല് മണിക്കു മുന്‍പേ അവസാനം വണ്ടിയും ഇറങ്ങിയിരിക്കണം. പരമാവധി ആറു മണിക്കൂറാണ് ഓരോ കൂട്ടര്‍ക്കും അവിടെ ചുറ്റിത്തിരിയാവുന്ന സമയം. ക്രേറ്ററിലെ കാഴ്ചകള്‍ തീര്‍ക്കാന്‍ ആറു മണിക്കൂര്‍ ധാരാളമെന്ന് റഷീദ്. വൈകുന്നേരം ആറുമണിക്ക് എല്ലാവരും സ്ഥലം വിട്ടിരിക്കണം. ചുട്ടുപഴുത്തൊരൊഴുക്കില്‍ ലാവയായി മലയിറങ്ങാതെ, ഗര്‍ഭാശയത്തിലേക്കു പിറന്നപടി മടങ്ങിപ്പോയി മയങ്ങിയുറഞ്ഞ തീക്കുഞ്ഞുങ്ങളാണ് അഗ്‌നിപര്‍വ്വതങ്ങളില്‍ caldera എന്നു വിളിക്കപ്പെടുന്ന വന്‍കുഴികളുണ്ടാക്കുന്നത്. അങ്ങനെ, ഗോരംഗോരോ മലയുടെ നെറുകയില്‍ ഭൂമി തന്നെ ഒരുക്കിയെടുത്തതാണ് ഈ ക്രേറ്റര്‍ അഥവാ കല്‍ദേര. 610 മീറ്റര്‍ താഴ്ചയിലും 260 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്താരത്തിലുമാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിസ്ഫോടനം ഈ ക്രേറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗോരംഗോരോയില്‍നിന്ന് 50 കിലോമീറ്റര്‍ ദൂരെ മറ്റൊരു 'കല്‍ദേര'യുണ്ട് - എംബാക്കി. ചൂടാറാത്ത ചില പോക്കിരിക്കുന്നുകളും ഗോരംഗോരോയിലുണ്ട്. ഇപ്പോഴും തീവെള്ളമൊഴുക്കാന്‍ ബാല്യമുള്ളവര്‍.

ആഫ്രിക്കയെ പിളര്‍ത്താന്‍ തയ്യാറെടുക്കുന്ന ഗ്രേറ്റ് റിഫ്ടിന്റെ ഭാഗമാണ് ഈ ക്രേറ്റര്‍. ഗോരംഗോരോയെപ്പോലെ മറ്റനേകം അഗ്‌നിപര്‍വ്വതങ്ങളും മന്യാരയെപ്പോലെ നിരവധി തടാകങ്ങളും ഗര്‍ത്തങ്ങളും ഇടയ്ക്കിടെയുള്ള ഭൂകമ്പങ്ങളുമായി, വടക്ക് ലെബനോന്‍ മുതല്‍ തെക്ക് മൊസാംബിക്ക് വരെ ഭൂമിയില്‍ വീണ വിള്ളലാണ് ഗ്രേറ്റ് റിഫ്ട് വാല്ലി. ആ മുറിവിലെ കാടുകളും മൃഗങ്ങളും നദികളും ജലാശയങ്ങളുമാണ് പല ആഫ്രിക്കന്‍ രാജ്യങ്ങളേയും തീറ്റിപ്പോറ്റുന്നത്.

ഓൾഡ്  വായ്  മ്യൂസിയം
ഓൾഡ് വായ് മ്യൂസിയം

പുലര്‍ക്കാലത്തിന്റെ ആലസ്യം റഷീദിനും ഗോരംഗോരോയിലെ പച്ചക്കുന്നുകള്‍ക്കും ഉണ്ണിസൂര്യനും ഇപ്പോഴുമുണ്ട്. മെല്ലെയാണ് ക്രൂയിസറിന്റെ കുതിരക്കുതിപ്പ്. മസായിക്കുട്ടികളും അവരുടെ കാലിക്കൂട്ടങ്ങളും മേച്ചിലിനിറങ്ങിയിട്ടില്ല. പ്രഭാതസൂര്യന്റെ കുഞ്ഞന്‍ രശ്മികള്‍ വണ്ടിക്കു പിന്നാലെ മെല്ലെ ഓടിവരുന്നുണ്ട്.

പുറപ്പെട്ടിട്ട് പത്തിരുപത് മിനുട്ടായിക്കാണും. മിലിട്ടറിപ്പച്ചയടിച്ച ഗോരംഗോരോ പൊലീസ് സ്റ്റേഷന്‍ കഴിഞ്ഞിരിക്കുന്നു. കുന്നുകളില്‍നിന്നു വെട്ടിയൊതുക്കിയെടുത്ത റോഡിലൂടെ കുന്നോരം ചേര്‍ന്നാണ് പോക്ക്. പെട്ടെന്നാണ് മറ്റൊരു ലാന്‍ഡ് ക്രൂയിസര്‍ എതിര്‍ദിശയില്‍നിന്നു തുള്ളിച്ചാടി വെകിളിയെടുത്തൊരു കാട്ടുപോത്തായി പാഞ്ഞുവന്നത്. മുന്‍സീറ്റുകളിലിരുന്ന ഞാനും റഷീദും അനിവാര്യമായ അപകടം മുന്നില്‍ കണ്ടു. യാത്ര പുറപ്പെടുമ്പോള്‍ എല്ലാവര്‍ക്കും ഫുള്‍ ഇന്‍ഷുറന്‍സ് എടുത്തത് നന്നായെന്ന് ഞാന്‍ ഓര്‍ത്തു. അപകടം അപ്പുവിനെ ആര് എങ്ങനെ എപ്പോള്‍ അറിയിക്കാനാണെന്ന് ഞാന്‍ ആശങ്കപ്പെട്ടു. റഷീദ് വണ്ടി കുന്നിന്റെ മണ്ണിടിഞ്ഞ പള്ളയിലേയ്ക്ക് കേറ്റിയൊതുക്കി. ശത്രുശകടം പെട്ടെന്ന് വേഗം കുറയ്ക്കുകയും വലത്തോട്ട് തെന്നിമാറുകയും ചെയ്തു. ആവൂ, രക്ഷപ്പെട്ടു എന്ന് ഉറപ്പിച്ച നിമിഷം തന്നെ അതു വന്നു ഞങ്ങളുടെ വലതു മൂലയില്‍ ശക്തിയായി ഇടിക്കുകയും വീണ്ടും തെന്നി ഞങ്ങളെ കടന്നുപോകുകയും ചെയ്തു. റഷീദിന്റെ കീഴ്ത്താടി കിടുകിടെ വിറയ്ക്കുന്നു. മുഖം ഇരുണ്ടിരിക്കുന്നു. ബിഗ് പ്രോബ്ലം, വെരി ബിഗ് പ്രോബ്ലം, റഷീദ് ആവര്‍ത്തിക്കുന്നു.

റഷീദ്, ഭയപ്പെടാതെ. ആര്‍ക്കും ഒന്നും പറ്റിയില്ലല്ലോ. അമ്മയും സുഖമായിരിക്കുന്നു. ഇതു താങ്കളുടെ പിഴവല്ല. ഞങ്ങള്‍ നിന്നോടൊപ്പമുണ്ട്. ഞാന്‍ പറഞ്ഞു. പക്ഷേ, ഇങ്ങനെ വന്നിടിച്ചിട്ടും എന്താണ് അവര്‍ നിര്‍ത്താതെ പോയത്. അതെന്നെ പ്രകോപിപ്പിച്ചിരുന്നു.

റഷീദ് പിന്നിലേയ്ക്ക് വിരല്‍ചൂണ്ടിയതും നോക്കച്ഛാ എന്ന് അമ്മു നിലവിളിച്ചതും ഒരുമിച്ചായിരുന്നു. അവസാനത്തെ രണ്ടു മറിച്ചിലും കഴിഞ്ഞു പാതയുടെ വക്കത്ത് ഇടതു ചരിഞ്ഞ് കിടപ്പായി മറ്റേ ക്രൂയിസര്‍. ഞാനും റഷീദും അമ്മുവും വണ്ടിയില്‍നിന്നിറങ്ങിയോടി. ഉള്ളില്‍നിന്നു കരച്ചിലും വേദനയുടെ വലിയ ഒച്ചകളും കേള്‍ക്കാം. റഷീദ് വണ്ടിക്കു മുകളിലേക്കു വലിഞ്ഞുകയറി. അപ്പോഴേയ്ക്കും ഏതാനും മസായികളും നാട്ടുകാരും എത്തി. എല്ലാവരും ചേര്‍ന്നു നാല് പേരെ പുറത്തെത്തിച്ചു. കയ്യിനും കാലിനുമൊക്കെ ഒടിവും പരുക്കുമുണ്ടെങ്കിലും ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ല. നാലെണ്ണത്തിനും പട്ടച്ചാരായത്തിന്റെ മണം. റോഡിന്റെ തിട്ടില്‍ അവരെ നിരത്തിയിരുത്തി.

മനുഷ്യവംശത്തിന്റെ പിള്ളത്തൊട്ടിൽ
മനുഷ്യവംശത്തിന്റെ പിള്ളത്തൊട്ടിൽ

രാവിലെത്തന്നെ സഫാരിക്കിറങ്ങിയവര്‍ ഞങ്ങളോട് സഹതപിക്കുകയും ഞങ്ങളെല്ലാവരും സുരക്ഷിതരായതില്‍ ദൈവത്തോട് നന്ദി പറയുകയും റോഡരികിലിരുന്നു വേദനകൊണ്ടു പുളയുന്ന മദ്യപാനികളെ പുലഭ്യം പറയുകയും ചെയ്തു. അതിനിടയിലേയ്ക്ക് ഒരു ചുവന്ന നിസ്സാന്‍ വന്നുനിന്നു. കാറിന്റെ ഡോര്‍ അടയ്ക്കാന്‍ മറക്കുംവിധം പരിഭ്രാന്തനായൊരാള്‍ അതില്‍നിന്നിറങ്ങി ഞങ്ങള്‍ക്കടുത്തേക്കു വന്നു.

ഹൗ ഈസ് ഗ്രാന്‍ഡ് മാ? അയാള്‍ക്കതു മാത്രമാണ് അറിയേണ്ടിയിരുന്നത്.

അമ്മ സുഖമായിരിക്കുന്നു. ഞങ്ങള്‍ക്കും കുഴപ്പമൊന്നുമില്ല.

താങ്ക് ഗോഡ്. അയാള്‍ കൈകളുയര്‍ത്തി

ഗോരംഗോരയുടെ ആകാശത്ത് ഒളിച്ചിരുന്ന ദൈവത്തെ പിടികൂടി നന്ദി പറഞ്ഞു.

പിന്നെ വണ്ടിയിലിരിക്കുന്ന അമ്മയോട് ചെന്നു സംസാരിച്ച് അതീവ സ്വസ്ഥനായി തിരിച്ചു വന്നു.

ഞങ്ങളുടെ ഡ്രൈവറുടെ കുഴപ്പമല്ല. അവര്‍ ഓവര്‍ സ്പീഡിലായിരുന്നു. മദ്യപിച്ചിട്ടുമുണ്ട്. റഷീദിനെ ഈ പ്രശ്‌നത്തില്‍നിന്നൂരിയെടുക്കാന്‍ ഞാന്‍ വല്ലാത്ത തിടുക്കത്തിലായിരുന്നു.

ഇല്ല. അയാള്‍ക്കു കുഴപ്പമൊന്നും വരില്ല. അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

സത്യത്തില്‍ അപകടത്തിലെ കുറ്റവും ശരിയും ശിക്ഷയും തീര്‍ച്ചപ്പെടുത്താന്‍ രണ്ടു വണ്ടികളുടെ കിടപ്പും മറിഞ്ഞ വണ്ടിയിലെ നാലു പേരുടെ ചാരായമണവും ധാരാളമായിരുന്നു.

അദ്ദേഹം കാറില്‍നിന്നു ഫോണെടുത്ത് തിരിച്ചുവന്നു. ഡോണ്ട് വറി എന്ന് അമ്മയെച്ചെന്നു ധൈര്യപ്പെടുത്തി. ഞങ്ങള്‍ ആദരവോടെയും അത്ഭുതത്തോടെയും അയാളെ നോക്കിനിന്നു. ഇന്നലെ ഗോരംഗോരോ ലോഡ്ജില്‍, അത്താഴസമയത്ത് അമ്മയോട് ആദരപൂര്‍വ്വം കുശലം പറഞ്ഞ വി.ഐ.പി രൂപനായിരുന്നു അദ്ദേഹം.

അദ്ദേഹം ആദ്യം ഫോണ്‍ ചെയ്തത് ലോഡ്ജിലേയ്ക്ക് തന്നെയായിരുന്നു. ഇന്നു രാവിലെ ചെക്കൗട്ട് ചെയ്ത ഇന്ത്യന്‍ ഫാമിലിയില്ലേ. ഒരു എലഗെന്റ് ഗ്രാന്‍ഡ്മ കൂടെയുള്ളത്. അവര്‍ക്കു ചെറിയ ആക്‌സിഡന്റ്. ഡോണ്ട് ലീവ് ദെം സ്ട്രാന്‍ഡഡ് ഓണ്‍ ദ റോഡ്. വണ്ടിയയച്ച് തിരിച്ചു കൊണ്ടുപോണം.

രണ്ടാമത്തെ വിളി പൊലീസ് സ്റ്റേഷനിലേയ്ക്കായിരുന്നു. എത്രയും വേഗം വന്ന് ഫോര്‍മാലിറ്റീസ് അവസാനിപ്പിക്കാന്‍. മൂന്നാമത്തെ വിളി നേരിട്ടായിരുന്നു, റഷീദിന്. പൊലീസിന്റെ ചടങ്ങുകള്‍ കഴിഞ്ഞാല്‍ വണ്ടി വര്‍ക്ക്ഷോപ്പിലേയ്‌ക്കെടുക്കണം. പണികഴിഞ്ഞു പൊലീസ് സ്റ്റേഷനില്‍നിന്ന് ok വാങ്ങിക്കണം. ഒരു മണി, അതിനപ്പുറം വൈകരുത്. വലിയ പണിയുണ്ടെങ്കില്‍ കമ്പനിയില്‍നിന്നു മറ്റൊരു വണ്ടി വരുത്തണം. ഞാന്‍ വിളിച്ചന്വേഷിക്കും.

റഷീദ് എല്ലാം തലയാട്ടിക്കേട്ടു. കീഴ്ത്താടി മേളം നിന്നു.

ഞാനും റഷീദും കൂടി അമ്മയെ വണ്ടിയില്‍ നിന്നിറക്കിക്കൊണ്ടു വന്നു. അപകടത്തിന്റെ ചെറിയൊരാഘാതംപോലും അമ്മയറിഞ്ഞിട്ടില്ല. ക്രൂയിസറിന്റെ സ്റ്റീല്‍ കരുത്തും 7000 പൗണ്ട് ഭാരവും കൂട്ടിയിടിയുടെ ആഘാതം നേര്‍പ്പിച്ചിരുന്നു. വി.ഐ.പി രൂപന്‍ അമ്മയോട് യാത്രപറഞ്ഞ് ടേയ്ക്ക് കെയര്‍ ഓഫ് ഹെര്‍ എന്നു ഞങ്ങളോട് നിര്‍ദ്ദേശിച്ചു കാറില്‍ കയറിപ്പോയി.

പച്ച യൂണിഫോമിട്ട പൊലീസെത്തി. രണ്ടാണ്‍ പൊലീസും ഒരു പെണ്‍ പൊലീസും. എല്ലാവരും നല്ല സൗഹൃദത്തിലാണ്. പെണ്‍ പൊലീസ് അമ്മയെ ഹസ്തദാനം ചെയ്യുകയും അവരുടെ ഭാഷയിലും ഇംഗ്ലീഷിലും കുശലം പറയുകയും ടേയ്ക്ക് ഗുഡ് കെയര്‍ ഫോര്‍ ഹെര്‍ എന്നു ഞങ്ങളോട് ഉത്തരവിടുകയും ചെയ്തു. ആവശ്യമായ ഔദ്യോഗിക കടലാസുകളുമായി, വേഗം വരുമെന്ന് ഉറപ്പ് തന്ന് റഷീദ് വര്‍ക്ക്‌ഷോപ്പിലേയ്ക്ക് പുറപ്പെട്ടു. അല്പസമയത്തിനുള്ളില്‍ വൈല്‍ഡ് ലൈഫ് ലോഡ്ജില്‍നിന്നുള്ള വണ്ടി വന്നു.

ലോഡ്ജുകാര്‍ ഇന്നലെത്തെപ്പോലെത്തന്നെ ഹാര്‍ദ്ദമായി ഞങ്ങളെ സ്വീകരിച്ചു. വിശാലമായ റിസപ്ഷന്‍ ലോഞ്ചിലെ സോഫകളില്‍ ഞങ്ങളിരുന്നു. അമ്മ, കുറച്ചു മുന്‍പ് ഉപേക്ഷിച്ചു പോകേണ്ടിവന്ന ഭീമന്‍ ബൈനോക്കുലറിലേക്കു മടങ്ങിച്ചെന്നു. അടുക്കളയില്‍നിന്ന് കാപ്പി - ചായ - പാല്‍ - പഞ്ചാര ട്രേയുമായി ഷെഫെത്തി.

വേണ്ട. ഞങ്ങള്‍ ചെക്കൗട്ട് ചെയ്തതാണ്. ഞാന്‍ ജാള്യതയോടെ അയാള്‍ക്കു നന്ദി പറഞ്ഞു.

അല്ലല്ല. നിങ്ങളിപ്പോഴും ഞങ്ങളുടെ ഗസ്റ്റുകള്‍ തന്നെ. വൈമനസ്യത്തിന്റെ കാര്യമില്ല. അമ്മയ്‌ക്കൊന്നു കിടക്കണമെങ്കില്‍ റൂം ശരിയാക്കിത്തരാം. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാം. മടിക്കരുത്.

ബൈനോക്കുലറിനടുത്തു ചെന്ന് അമ്മയോട് 'ഒന്നു കിടക്കണമോ?' എന്നന്വേഷിച്ച് അടുക്കളയില്‍ ചെന്നു കുറേ മൊരിയന്‍ സമോസകളുമായി തിരിച്ചുവന്നു. എന്റെ കണ്ണുകളില്‍ സന്തോഷത്തടാകങ്ങള്‍ നിറഞ്ഞുതുളുമ്പി.

ഗോരംഗോരയിലെ സഫാരി തടസ്സപ്പെട്ടത് ഞാന്‍ മറന്നു.

പക്ഷേ, 12 മണിയായതോടെ എന്റെ ക്ഷമ നെല്ലിപ്പലകയില്‍ തട്ടി മുഴങ്ങിത്തുടങ്ങി. ഒന്നു രണ്ട് തവണ ഞാന്‍ റഷീദിനോട് ഫോണിലൂടെ ആക്രോശിക്കുക കൂടി ചെയ്തപ്പോള്‍ അമ്മു അടുത്തുവന്നു.

സഫാരി കഴിയുമ്പോള്‍ റഷീദിന് ടിപ്പ് കൊടുക്കേണ്ടേ?

വേണം. തീര്‍ച്ചയായും. ഞാന്‍ പറഞ്ഞു.

ഈ വൈകലൊന്നും റഷീദിന്റെ കുറ്റമല്ല. അച്ഛന്‍ വിളിക്കുമ്പോഴൊക്കെ ആ പാവത്തിന്റെ കീഴ്ത്താടി കിടുകിടുക്കുന്നുണ്ടാവും. അതുകൊണ്ട് ടിപ്പില്‍ ഈ വൈകല്‍ കുറവ് വരുത്തരുത്.

ഞാന്‍ സമ്മതിച്ചു. അമ്മുവില്‍നിന്നു വരുന്ന തുടര്‍തിരുത്തല്‍ നടപടികളൊഴിവാക്കാന്‍ ഞാന്‍ ലോഞ്ചില്‍ ഒരുക്കിയിട്ടുള്ള ബ്രോഷര്‍ സ്റ്റാന്‍ഡില്‍നിന്ന് ഏതാനും പാംലെറ്റുകളെടുത്തു വായിച്ചു തുടങ്ങി. അമ്മ ബൈനോക്കുലറില്‍ തൂങ്ങിക്കിടന്നു. അമ്മുവും മിനിയും ലോഡ്ജും പരിസരവും ചുറ്റിക്കാണാനിറങ്ങി. ഗോരംഗോരോ ക്രേറ്ററിന്റെ വക്കത്തുയര്‍ന്നുവന്ന ആദ്യ ലോഡ്ജാണ് ഗോരംഗോരോ വൈല്‍ഡ് ലൈഫ് ലോഡ്ജ്. ടാന്‍സാനിയന്‍ സര്‍ക്കാരിന്റേതായിരുന്നു ലോഡ്ജ്. സര്‍ക്കാരിന്റെ മുന്തിയ അതിഥികള്‍ക്ക് ആഡംഭരത്താമസം ഒരുക്കലായിരുന്നു ലക്ഷ്യം. പിന്നീട് ഇതു വ്യക്തികള്‍ ഏറ്റെടുക്കുകയായിരുന്നു. ആഫ്രിക്കയുടെ തനതു ശൈലിയില്‍ പരുക്കന്‍ കല്ലും മരവും ചേര്‍ത്താണ് നിര്‍മ്മാണം. കൂറ്റന്‍ മുഖപ്പ്. വലിയ ഹാളുകള്‍. ചെറുതായതൊന്നിലും ആഫ്രിക്കയ്ക്ക് താല്പര്യമില്ല.

റൈനോ മുഖമുള്ള വാതില്‍പ്പിടിയും ക്രേറ്ററിലേക്കു നോട്ടമിറങ്ങുന്ന റെസ്റ്റിംഗ് ലോഞ്ചും ഗോരംഗോരോയ്ക്ക് ഫ്രെയിമിടുന്ന പനോരമിക്ക് ജനലുകളും ലോഡ്ജിന്റെ പ്രത്യേകതകളായി വിവരിക്കുന്നുണ്ട് ബ്രോഷറില്‍. ആ പനോരമിക്ക് ജാലകത്തിലൂടെയാണ് കഴിഞ്ഞ രാത്രിയില്‍ ഒരാകാശം നിറയെ നക്ഷത്രങ്ങളെ കണ്ടത്.

ലോഡ്ജിനടുത്തുതന്നെയാണ് ഗോരംഗോരോ എയര്‍സ്ട്രിപ്പ്. അരുഷപ്പട്ടണത്തില്‍നിന്നു ഇവിടേയ്ക്ക് പ്രൊപ്പല്ലറുകളുണ്ട്. സാമ്പത്തികമായി മുന്തിയ മണ്ടന്മാര്‍ പ്രൊപ്പല്ലര്‍ ഫ്‌ലൈറ്റുകളിലാണ് സെരങ്കട്ടിയും ഗോരംഗോരോയും മന്യാരയും കാണാനെത്തുന്നത്. അവരെ മണ്ടന്മാരെന്നു വിളിക്കുന്നത് എന്റെ കൊതിക്കെറുവാകാം. മുകളില്‍നിന്നുള്ള കാനനക്കാഴ്ച അതിഗംഭീരമാണെന്നാണ് റഷീദ് പറയുന്നത്. അതാസ്വദിക്കുന്നതിനായി സെരങ്കട്ടിക്കു മീതെ ഹോട്ട് എയര്‍ ബലൂണ്‍ യാത്ര നടത്തുന്നവരുണ്ട്.

അമ്മ ബൈനോക്കുലറില്‍ത്തന്നെയാണ്. കറക്കം കഴിഞ്ഞുവന്ന മിനിക്കും അമ്മുവിനും കുറച്ചു സമയം അമ്മ അനുവദിച്ചിരുന്നു. ഞാന്‍ ഗോരംഗോരോ ക്രേറ്ററിന്റെ മാപ്പും വിവരണവുമുള്ള ലഘുലേഖക്കെട്ടുമായി അമ്മയ്ക്കടുത്തു ചെന്നു. ഇതു കാണിച്ചിട്ടെങ്കിലും ഒരു പത്തു മിനിറ്റ് ബൈനോക്കുലര്‍ കൈവശപ്പെടുത്തണം. അതേറ്റു. മൂപ്പര് കടലാസുകെട്ടുമായി അടുത്ത സോഫയിലിരുന്നു. ബൈനോക്കുലറിന്റെ ഭാഗത്തുനിന്ന് ഗോരംഗോരയെ നിറയെ കാണാം. മൃഗങ്ങള്‍ യഥേഷ്ടം

മേഞ്ഞുനടക്കുന്ന ഒരു തുറന്ന മൃഗശാലയാണിപ്പോള്‍ ക്രേറ്റര്‍. ഭൂമിയുടെ ഒരു കൈക്കുമ്പിള്‍. അവിടെ പുല്‍പ്പരപ്പും മരങ്ങളും കുന്നുകളും തടാകങ്ങളും തയ്യാറാക്കി പ്രകൃതി.

അമ്മ ഒരു കുട്ടിയെപ്പോലെ ബ്രോഷര്‍ പഠനത്തില്‍ മുഴുകിപ്പോയി. ഇടയ്ക്ക് എനിക്കു നേരെ വിവരവിക്ഷേപണങ്ങളും നടത്തുന്നുണ്ട്. വടക്ക് സെരങ്കട്ടി പാര്‍ക്കിനും തെക്ക് മന്യാര പാര്‍ക്കിനും ഇടയിലാണ് ഗോരംഗോരോ. ഗോരംഗോരോ വനപ്രദേശത്ത് മാത്രമാണ് മസായികള്‍ക്ക് ബോമകളടിക്കാനും കാലി വളര്‍ത്താനും കാട്ടിലവയെ മേയ്ക്കാനും പരിമിതമായി കൃഷി ചെയ്യാനും അനുവാദമുള്ളൂ. എന്നാല്‍, ഈ മൂന്നിനും - ബോമ, കൃഷി, കന്നുകാലി - ക്രേറ്ററിലേയ്ക്കു പ്രവേശനമില്ല. (2015 വരെ ക്രേറ്ററില്‍ കാലിമേയ്ക്കല്‍ അനുവദിച്ചിരുന്നു.) അവിടം പ്രകൃതിയുടെ മാത്രം തനത് ലീലകളാണ്. സന്ദര്‍ശകര്‍ക്കു വിനയാന്വിതരായി പ്രവേശിക്കാം.

ഗോരംഗോരോ ക്രേറ്റര്‍
ഗോരംഗോരോ ക്രേറ്റര്‍

രണ്ട് മില്യണ്‍ വര്‍ഷങ്ങളുടെ ചരിത്രവും 260 കിലോമീറ്റര്‍ ചതുരയളവുമാണ് ഈ ക്രേറ്റര്‍. പൊട്ടിത്തെറിച്ചും കത്തിയമര്‍ന്നും കുള്ളനാകുന്നതിനു മുന്‍പ്, 5000 മീറ്റര്‍ പൊക്കവുമായി കിളിമഞ്ജാരയ്‌ക്കൊപ്പം തലയുയര്‍ത്തി നിന്നവനാണ് ഗോരംഗോരോ. ക്രേറ്ററിന്റെ വിവിധ ഭാഗങ്ങള്‍ അടയാളപ്പെടുത്തുന്ന ഒരു മാപ്പും ബ്രോഷറിലുണ്ട്. ലെറായ് വനവും (Lerai) മഗാദി (Magadi) തടാകവും ചെറുകുളങ്ങളും ഏതാനും ചതുപ്പുകളും ക്രേറ്ററിന്റെ മുകളില്‍നിന്നിറങ്ങിവരുന്ന ഏതാനും അരുവികളുമാണ് ക്രേറ്ററിന്റെ പ്രധാന ഭാഗങ്ങള്‍. പിന്നെ നിരപ്പുകളിലെല്ലാം പരന്നൊഴുകുന്ന പുല്‍ച്ചെടികളും കുറ്റിച്ചെടിക്കൂട്ടങ്ങളും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 മിനിട്ടിനുള്ളില്‍ ബ്രോഷറുകളെല്ലാം അരച്ചു കഴിച്ച് അമ്മ ബൈനോക്കുലറിലേയ്ക്ക് തിരിച്ചെത്തി. അക്കേഷ്യമരങ്ങള്‍ അരങ്ങുനിറയുന്ന ലെറായ് വനം, ഫ്‌ലെമിംഗോക്കൂട്ടങ്ങള്‍ പിങ്ക് പടര്‍ത്തുന്ന മഗാദിയെന്ന ക്ഷാരജലത്തടാകം - അങ്ങനെ ബ്രോഷറുകളില്‍ വായിച്ചറിഞ്ഞവയെ ക്രേറ്ററില്‍ തപ്പുകയാണ് അമ്മ. അമ്മയുടെ ജിജ്ഞാസഭരിതരായ കണ്ണുകളോട് ആവുന്നത്ര സഹകരിച്ചു തിരിഞ്ഞുകളിക്കുന്നുണ്ട് ഭീമന്‍ ബൈനോക്കുലര്‍.

സമയം ഒന്നര കഴിഞ്ഞല്ലോ, ഭക്ഷണം ഇവിടെനിന്നു കഴിക്കാം എന്നു പറഞ്ഞ് ഷെഫെത്തി. എന്നിലെ വെപ്രാളക്കാരനെ വിളിച്ചുണര്‍ത്തുകയായിരുന്നു അവര്‍. ഞാന്‍ റഷീദിനെ വിളിച്ചു, മറുപടിയില്ല. വീണ്ടും വിളിച്ചു, ഇല്ല. കിട്ടുന്നില്ല. എന്റെ മനസ്സിന്റെ ചരടുകളെല്ലാം പൊട്ടിപ്പോയി. ഞാന്‍ ഞങ്ങളുടെ ടൂര്‍ ഏജന്റ് രജബുവിനെ വിളിച്ചു തട്ടിക്കേറി. ഒരഞ്ചുമിനിറ്റോളം എന്റെ അട്ടഹാസങ്ങള്‍ മാന്യമായും മൗനിയായും അയാള്‍ കേട്ടുനിന്നു. അപ്രതീക്ഷിത സംഭവങ്ങള്‍ക്കു മാപ്പ് പറഞ്ഞു. പിന്നെ ശാന്തനായി പറഞ്ഞുതുടങ്ങി - റഷീദ് വാഹനം ശരിയാക്കി ഗോരംഗോരോ പൊലീസ് സ്റ്റേഷനിലേയ്ക്കു പോയിട്ടുണ്ട്. അവിടെനിന്നു ഫിറ്റ്നസ് വാങ്ങി ലോഡ്ജിലേയ്ക്കു വരും. പത്തു മിനിറ്റിനുള്ളില്‍ തീര്‍ച്ചയായും റഷീദെത്തും. ചിലപ്പോള്‍ അയാള്‍ ഇപ്പോള്‍ത്തന്നെ ലോഡ്ജിലെത്തിയിട്ടുണ്ടാകും. മറ്റൊരു വണ്ടി അരുഷയില്‍നിന്നു വരാന്‍ ഇതിലും സമയമെടുക്കും. അതാണ് അങ്ങനെ ചെയ്യാതിരുന്നത്. സമയത്തെക്കുറിച്ചു വേവലാതിപ്പെടരുത്. ഇനിയും ഒരു നാലുമണിക്കൂര്‍ സാറിനു കിട്ടും. ഒരു സഫാരി അവിസ്മരണീയമാവാന്‍ എട്ടും പത്തും മണിക്കൂറൊന്നും വേണ്ട. ഭാഗ്യമുണ്ടെങ്കില്‍ ഒരൊറ്റ മണിക്കൂര്‍ പോലും വേണ്ട.

ഞാന്‍ തണുത്തു കൊണ്ടിരിക്കയായിരുന്നു. ഞാന്‍ ചെറുതായിക്കൊണ്ടിരിക്കയായിരുന്നു.

രജബു തുടര്‍ന്നു, ഐക്കാന്‍ ഗിവ് യു ഏന്‍ ഓഫര്‍. ഫ്‌ലൈറ്റ് ടിക്കറ്റ് ഒരു ദിവസത്തേക്കു

നീട്ടാമെങ്കില്‍ നാളെക്കൂടി ക്രേറ്റര്‍ സഫാരി ഏര്‍പ്പാടാക്കാം. സഫാരിയുടെ ചെലവു മാത്രം ഡോക്ടറേറ്റാല്‍ മതി. താമസം, ഭക്ഷണം അതേ ലോഡ്ജില്‍ ശരിയാക്കാം. നോ എക്‌സ്ട്രാ കോസ്റ്റ്. ഞാന്‍ രജബുവിനു നന്ദി പറഞ്ഞു. എന്റെ അമാന്യമായ പെരുമാറ്റത്തിനു മാപ്പ് പറഞ്ഞുകൊണ്ടിരിക്കെ വിറയ്ക്കുന്ന കീഴ്ത്താടിയുമായി റഷീദ് കയറിവന്നു. സാരമില്ല സാരമില്ല എന്നവനെ ആശ്വസിപ്പിച്ച്, ലോഡ്ജിലെ സുഹൃത്തുക്കളോട് നിറയെ നന്ദി പറഞ്ഞു ഞങ്ങള്‍ വീണ്ടും പുറപ്പെട്ടു.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.