ചെകുത്താന്റെ അടുക്കളയില്‍ പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്

അടുത്തിടെ ജനപ്രീതിനേടിയ 'ഭ്രമയുഗവും' 'മഞ്ഞുമ്മല്‍ ബോയ്സും' 'ആടുജീവിത'വും ഒരു പരിധിവരെ 'പ്രേമലു'വും അതിജീവനഗാഥകള്‍ തന്നെയാണ്. എവിടെയോ അകപ്പെട്ടിരിക്കുന്നുവെന്നും വളരെ സൂക്ഷ്മവും ചടുലവുമായ മനഃശാസ്ത്രതന്ത്രങ്ങള്‍ വഴി മാത്രമേ ഇതില്‍നിന്ന് പുറത്തുകടക്കാന്‍ സാധിക്കൂവെന്നുമാണ് ഇത്തരം ചലച്ചിത്രങ്ങള്‍ പറയുന്നത്. കൊറോണയും വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാം ചേര്‍ന്ന അസന്തുലിതാവസ്ഥയാണ് ഈ 'അകപ്പെട'ലെന്ന ആവിഷ്‌കാരത്തിന്റെ കാരണം
ചെകുത്താന്റെ അടുക്കളയില്‍
പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്

നുഷ്യമനസ്സിന് ബംഗാള്‍കടുവയെക്കാളും ശക്തിയുണ്ടെന്നും അതിനെ സൂക്ഷ്മരൂപത്തില്‍ ഉപയോഗിച്ചാല്‍ കടുവയെപ്പോലും ചേര്‍ത്തുനിര്‍ത്താനാവുമെന്നും 'ലൈഫ് ഓഫ് പൈ' (ആംഗ് ലീ -2012) എന്ന ചലച്ചിത്രം പറയുന്നുണ്ട്. താന്‍ യാത്ര ചെയ്ത കപ്പല്‍ തകരുകയും കടലില്‍ റിച്ചാര്‍ഡ് പാര്‍ക്കര്‍ എന്ന കടുവയുമായി ഒരു ബോട്ടില്‍ ഒറ്റപ്പെടുകയും ചെയ്ത പൈ പട്ടേല്‍ എന്ന യുവാവിന്റെ അതിജീവനമാണ് ഈ സിനിമ. ആദ്യഘട്ടത്തില്‍ കടുവ വന്യമായി പെരുമാറുന്നുണ്ടെങ്കിലും തുടര്‍ന്ന് കടുവ പൈയോടൊപ്പം ചേര്‍ന്ന് അതിജീവനത്തിന്റെ ഭാഗമാകുകയാണ്. ഇവിടെ കടുവയെന്നത് പൈയുടെയുള്ളിലെ ഭീതിയുടെ പ്രതീകം തന്നെയാണ്. കടുവയെ തന്റെ തന്നെ ഭാഗമാക്കി മാറ്റുന്നതോടെയാണ് പൈക്ക് അതിജീവനം സാധ്യമാകുന്നത്. പ്രകൃതി പ്രതിഭാസങ്ങളെ അപരമായി കാണുന്ന അവസ്ഥ മനുഷ്യസമൂഹത്തിന് ദുരന്തമാകുമെന്ന തിരിച്ചറിവും ഇതില്‍നിന്ന് വായിക്കാം. എന്നാലും അടിസ്ഥാനപരമായി അതിജീവനമെന്നത് മാനസികമാണെന്ന് ഉറപ്പിക്കുന്ന പാഠം തന്നെയാണ് പൈ പറയുന്നത്. ഇങ്ങനെയുള്ള അതിജീവനഗാഥകള്‍ (Survival Stories) മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ജീവിതസംഘര്‍ഷങ്ങളും അധികാരബലതന്ത്രങ്ങളും പാരിസ്ഥിതിക ആഘാതങ്ങളും കൂടുമ്പോഴാണ് ഇത്തരം അതിജീവന ഗാഥകള്‍ കൂടുതലായി ഉണ്ടാകുന്നത്. അടുത്തിടെ ജനപ്രീതിനേടിയ 'ഭ്രമയുഗവും' 'മഞ്ഞുമ്മല്‍ ബോയ്സും' 'ആടുജീവിത'വും ഒരു പരിധിവരെ 'പ്രേമലു'വും അതിജീവനഗാഥകള്‍ തന്നെയാണ്. എവിടെയോ അകപ്പെട്ടിരിക്കുന്നുവെന്നും വളരെ സൂക്ഷ്മവും ചടുലവുമായ മനഃശാസ്ത്രതന്ത്രങ്ങള്‍ വഴി മാത്രമേ ഇതില്‍നിന്ന് പുറത്തുകടക്കാന്‍ സാധിക്കൂവെന്നുമാണ് ഇത്തരം ചലച്ചിത്രങ്ങള്‍ പറയുന്നത്. കൊറോണയും വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാം ചേര്‍ന്ന അസന്തുലിതാവസ്ഥയാണ് ഈ 'അകപ്പെട'ലെന്ന ആവിഷ്‌കാരത്തിന്റെ കാരണം. കൊറോണയ്ക്കും വെള്ളപ്പൊക്കത്തിനുമെല്ലാം ശേഷം മലയാളിയുടെ വിഷാദവും ഉല്‍ക്കണ്ഠയും കൂടിയെന്നുള്ളതും യാഥാര്‍ത്ഥ്യമാണ്. വിഷാദത്തിനോടുള്ള മലയാളിയുടെ ആഭിമുഖ്യത്തെക്കുറിച്ച് കേസരി ബാലകൃഷ്ണപിള്ള വ്യക്തമാക്കിയിട്ടുമുണ്ട്. ഈ അടിസ്ഥാന വിഷാദഭാവത്തോടൊപ്പം ഈയൊരു അകപ്പെടല്‍ മനോനിലയും കൂടി ചേര്‍ന്നതോടെയാണ് ഡിപ്രഷന്‍ ഇവിടെ സാധാരണമാകുന്നത്. ഈ ഡിപ്രസീവ് മൈന്റ്സെറ്റിനെ നിഗൂഢമായി ആവിഷ്‌കരിച്ച് പ്രതീകാത്മകമായ മുക്തി തേടുന്ന ഒരു അബോധമനസ്സ് ഈ സിനിമകളിലെല്ലാമുണ്ട്. ഈ മുക്തിയാണ് സര്‍വൈവല്‍ എന്ന നിലയില്‍ ഈ സിനിമകള്‍ കാണിക്കുന്നത്. ഈ കാഴ്ചകളിലേക്ക് മലയാളമനസ്സ് അസാധാരണമായി ഇഴുകി ചേര്‍ന്നതിന്റെ കാരണവും മറ്റൊന്നല്ല.

 'ലൈഫ് ഓഫ് പൈ'
'ലൈഫ് ഓഫ് പൈ'

ചെകുത്താനും കടലും

ചെകുത്താനും കടലിനുമിടയിലെന്ന പ്രയോഗം മലയാളികള്‍ ആവര്‍ത്തിച്ചുപയോഗിക്കാറുണ്ട്. 'Between the Devil and the Deep Blue sea' എന്ന ഇംഗ്ലീഷ് പ്രയോഗത്തിന് തത്തുല്യമായ അനുഭവമാണിത് നല്‍കുന്നത്. 'ലൈഫ് ഓഫ് പൈ'യില്‍ ഡെവിള്‍ ആയി കടുവയും നീലക്കടലായി കടല്‍ തന്നെയും പ്രത്യക്ഷപ്പെടുന്നു. കടുവയെന്ന ഭീതിയെ മറികടന്നുകൊണ്ടാണ് കടല്‍ എന്ന വന്യതയെ പൈ തത്ത്വശാസ്ത്രപരമായി മറികടന്നത്. എന്നാല്‍ മിത്തുകളും അധികാരപ്രയോഗങ്ങളും സമകാലീനമായ പാരിസ്ഥിതിക ദുരന്തങ്ങളും ചേര്‍ന്നുണ്ടാക്കിയ സമകാലീന മലയാളസിനിമകളുടെ ഘടന തത്ത്വശാസ്ത്രപരമല്ല. അത് ആഴത്തില്‍ മനഃശാസ്ത്രപരവും സംഘര്‍ഷാത്മകവുമാണ്. ഈ സംഘര്‍ഷങ്ങളുടെ കടലിനു മിക്കവാറും പരിസ്ഥിതിയുടെ പ്രതിരൂപമാണുള്ളത്. പഴയകാല സിനിമകളില്‍ കാണുന്നതുപോലെ പരിസ്ഥിതി ഇവിടെ കാല്പനികസ്വരൂപമല്ല. വന്യതയുടേയും നിഗൂഢതയുടേയും സംഘര്‍ഷസ്ഥാനമാണ്. വഴുവഴുപ്പുള്ള പാറക്കെട്ടുകളും ഭയപ്പെടുത്തുന്ന വവ്വാലുകളുടെ ഒച്ചകളും പാറകള്‍ക്കും മരങ്ങള്‍ക്കുമിടയില്‍ മറന്നിരിക്കുന്ന ഇടുങ്ങിയ കുഴികളും പാമ്പുകള്‍ പോലെ ചുറ്റപ്പെട്ട് കിടക്കുന്ന മരങ്ങളുടെ വേരുകളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചെടുത്ത വന്യതയുടെ ഭൂമിശാസ്ത്രമാണ് 'മഞ്ഞുമ്മല്‍ ബോയ്സി'ലുള്ളത്. 'മഞ്ഞുമ്മല്‍ ബോയ്സി'ല്‍ വേരുകള്‍ പാമ്പുകള്‍പോലെ തോന്നുന്നുവെങ്കില്‍ 'ആട് ജീവിത'ത്തില്‍ മണലാരണ്യത്തില്‍ പാമ്പുകള്‍ കൂട്ടമായെത്തി കാഴ്ചയെ തലതരിപ്പുള്ളതാക്കുന്നു. പൊടിക്കാറ്റും കടുത്ത ചൂടും കടുത്ത തണുപ്പുമെല്ലാം ചേര്‍ന്ന മരുഭൂമിതന്നെയാണ് ഇവിടെ സംഘര്‍ഷങ്ങളുടെ കടലായിത്തീരുന്നത്. 'ഭ്രമയുഗ'ത്തില്‍ പേമാരിയും നിഗൂഢമായ പ്രകൃതിയും ഇരുണ്ടനിറത്തിലവതരിപ്പിക്കപ്പെട്ട കാടും വവ്വാലുകള്‍ നിറഞ്ഞാടുന്ന തകര്‍ന്ന തറവാടുമെല്ലാം ചേര്‍ന്നാണ് സംഘര്‍ഷത്തെ അവതരിപ്പിക്കുന്നത്. പെയ്യാത്ത മഴ 'ഭ്രമയുഗ'ത്തില്‍ മാത്രമല്ല, 'മഞ്ഞുമ്മല്‍ ബോയ്സി'ലും 'ആട് ജീവിത'(പൊടിക്കാറ്റ്)ത്തിലും അതിജീവന ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. ഈ നിലയില്‍ ഒരുവശത്ത് 'കടല്‍' സംഘര്‍ഷങ്ങളില്‍ ജനതയെ മുക്കുമ്പോള്‍ മറുവശത്ത് അധികാരവും നെഗറ്റീവ് ബിംബങ്ങളും ചെകുത്താന്‍ പ്രതീകമായി മാറി എരിതീയില്‍ നില്‍ക്കുന്ന ഇരകളുടെമേല്‍ എണ്ണയൊഴിക്കുന്ന അനുഭവമുണ്ടാക്കുന്നു. മഞ്ഞുമ്മല്‍ ബോയ്സില്‍ 'ചെകുത്താന്റെ അടുക്കള'യെന്ന നെഗറ്റീവ് ബിംബം ഇതുവരെ അതിജീവിക്കാത്തവരെക്കുറിച്ച് ഓര്‍മ്മ നല്‍കി പിന്നോട്ട് വലിക്കുന്നു. മാത്രമല്ല, തന്റെ കൂട്ടുകാരനെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന സുഹൃത്തുക്കളെ ലാത്തി ഉപയോഗിച്ച് അടിക്കുന്ന പൊലീസുകാരനും ഇവിടെ നിന്നിട്ട് കാര്യമില്ലെന്നും രക്ഷപ്പെടില്ലെന്നും പറയുന്ന കാവല്‍ക്കാരും പരിശീലനം നേടിയിട്ടും കുഴിയിലേക്ക് ഇറങ്ങാന്‍ ഭയപ്പെടുന്ന ഉദ്യോഗസ്ഥരുമെല്ലാം ഈയൊരു ചെകുത്താന്റെ അടുക്കളയെ സമ്പല്‍സമൃദ്ധമാക്കുന്നു. ഇത്തരമൊരു ചെകുത്താന്റെ അടുക്കളയായാണ് ചാത്തന്‍ പിടിച്ചുവച്ചിരിക്കുന്ന തറവാടിനെ 'ഭ്രമയുഗം' കാണിക്കുന്നത്. ചാത്തനുവേണ്ടി ഭക്ഷണമുണ്ടാക്കുന്ന രീതിയും അത് ചാത്തന്‍ കടിച്ചുവലിച്ച് തിന്നുന്ന രീതിയും ചേര്‍ത്ത് സൃഷ്ടിക്കുന്ന ഭ്രമാത്മകവും ഭീതിജനകവുമായ അവസ്ഥ തനിക്കിവിടെന്ന് രക്ഷപ്പെടാനാകില്ലെന്ന അവസ്ഥ പാണനിലുണ്ടാക്കുന്നു. ക്രൂരമായി അടിക്കുകയും പാസ്പോര്‍ട്ട് കീറിക്കളയുകയും അമിതമായി ജോലിചെയ്യിപ്പിക്കുകയും ജീവിതകാലം മുഴുവന്‍ അടിമയാകാന്‍ വിധിക്കുകയും ചെയ്ത അര്‍ബാബ് തന്നെയാണ് 'ആട് ജീവിത'ത്തില്‍ ചെകുത്താനായി വേഷമിടുന്നത്. രക്ഷപ്പെടലിന് തടസ്സമായി നില്‍ക്കുന്ന മണല്‍ക്കാറ്റും പാമ്പുകളുമെല്ലാം ചെകുത്താന്റെ പ്രതിരൂപങ്ങളായിത്തന്നെ കാണാം. അതായത് പ്രകൃതിദുരന്തങ്ങളും കൊറോണയും വന്യജീവി അതിക്രമവുമെല്ലാം പ്രതീകാത്മകമായി ഈ സിനികളിലെല്ലാം ദുരന്തമായി കടന്നുവരുകയാണ്. ഈ ദുരന്തങ്ങളില്‍നിന്ന് കരകയറുന്നതിന് സഹായകരമായി നില്‍ക്കേണ്ട അധികാരപ്രയോഗങ്ങള്‍ ചെകുത്താന്മാരായി മാറിയിരിക്കുന്നുവെന്നും ഒരു ജനത സ്വപ്നം പോലെ കാണുകയാണ്. നേരിട്ട് ഇതേ പ്രശ്നം ഡിപ്രഷനായി രൂപാന്തരപ്പെടുമ്പോള്‍ സ്വപ്നത്തില്‍ ഇത് പ്രതീകാത്മക സ്വഭാവമുള്ള നെഗറ്റീവ് ബിംബങ്ങളായി കാണപ്പെടുന്നു.

ചെകുത്താന്റെ അടുക്കളയില്‍
പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്
ആടുജീവിതം ആരുടെ ജീവിതം?

അനിഹിലേഷന്‍ എന്ന അകത്താകല്‍

കോവിഡ്-19 ലോകത്തിന്റെ ആരോഗ്യ-സാമ്പത്തിക കുടുംബബന്ധങ്ങളില്‍ ഉണ്ടാക്കിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഏതൊരു മനുഷ്യനേയും പോലെ മലയാളികളും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഈ പ്രതിസന്ധികള്‍ ഉണ്ടാക്കിയ മാനസിക പ്രത്യാഘാതങ്ങള്‍ കൊറോണയ്ക്ക് ശേഷവും തുടര്‍ന്നുവന്നു. കൊറോണാ സമയത്ത് അനുഭവിച്ച ഒറ്റപ്പെടലോ/അകപ്പെടലോ തുടര്‍ന്ന് ഉല്‍ക്കണ്ഠയായും സ്വത്വപ്രതിസന്ധികളുമായി മനുഷ്യരുടെ മനസ്സില്‍ താളക്രമത്തെ മാറ്റിയെഴുതുകയുണ്ടായി. കോവിഡ് രോഗം മനുഷ്യരുടെയുള്ളിലെ മരണഭയത്തെ കൂട്ടിയെന്നും ഇതിന് വിഷാദം, ഉല്‍ക്കണ്ഠ, സംഘര്‍ഷം, മനോവിഭ്രാന്തി എന്നിവയ്ക്ക് കാരണമായിട്ടുണ്ടെന്നും ഒരു ഓസ്ട്രേലിയന്‍ പഠനം പറയുന്നുണ്ട് (Menzies Rachel, E 2020:13). ഈ അവസ്ഥയോടൊപ്പം വെള്ളപ്പൊക്കവും വന്യജീവി ആക്രമണവും സാമ്പത്തിക പ്രതിസന്ധികളുമെല്ലാം ചേര്‍ന്നപ്പോള്‍ മലയാളിയുടെ ഉള്ളിലെ വിഷാദം കൊറോണാ കാലത്തിനു ശേഷം കൂടുതല്‍ തീവ്രമായി അനുഭവപ്പെട്ടു. ഈ സമയങ്ങളില്‍ ഉരുണ്ടുകൂടിയ മരണഭീതി(Death anxiety)ക്ക് സര്‍വനാശത്തെ സംബന്ധിച്ച ഭീതി(fear of annihilation)യുടെ സ്വഭാവം കൂടിയുണ്ടായിരുന്നു. സ്വത്വത്തെ സംബന്ധിച്ച സംഘര്‍ഷം, ഒന്നുമില്ലെന്ന തോന്നല്‍ (feeling of emptiness), അസ്തിത്വവ്യഥ (Existential despair), മരണഭീതി എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. സൂക്ഷ്മത്തില്‍ നോക്കിയാല്‍ ഇത്തരമൊരു ഭീതിയുടെ ആവിഷ്‌കാരവും അതിനുള്ളില്‍നിന്ന് പുറത്തുകടക്കാനുള്ള ആധിയുമാണ് ഈ സിനിമകള്‍ കാണിക്കുന്നത്. 'ആട് ജീവിത'ത്തിലെ ആദ്യ സീനില്‍ തന്നെ ഒട്ടകങ്ങള്‍ വെള്ളം കുടിക്കുന്ന അതേ ടാങ്കില്‍നിന്ന് നജീബും വെള്ളം കുടിക്കുന്നുണ്ട്. താന്‍ ആടുകളിലൊന്നായി മാറ്റപ്പെട്ടുവെന്നും തിരിച്ചുപോക്ക് അസാധ്യമായിരുന്നുവെന്നും അയാള്‍ക്ക് തോന്നിയിട്ടുണ്ട്. താന്‍ പൂര്‍ണ്ണമായി അകപ്പെട്ടുവെന്നും മുന്‍പുണ്ടായിരുന്ന ഒരു തമിഴുനാട്ടുകാരന് തമിഴ്ഭാഷ മുഴുവന്‍ നഷ്ടപ്പെട്ടുവെന്നും നജീബ് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. ഈ നിലയില്‍ ഭാഷയും സ്വത്വവും നഷ്ടപ്പെട്ട് ആടായി രൂപാന്തരപ്പെട്ട നജീബ് ഒരുതരം സര്‍വനാശ ഭീതി തന്നെയാണ് അനുഭവിച്ചത്. ''നിനക്കിവിടുന്ന് പോകാന്‍ അനുവാദം ഇല്ലാ''യെന്ന് ചാത്തന്‍ പറയുന്നത് പാണന്‍ മാത്രമല്ല, കൊറോണക്കാലത്ത് സാമൂഹികബന്ധങ്ങളില്‍നിന്ന് വിച്ഛേദിക്കപ്പെട്ട് ഒറ്റപ്പെട്ട മലയാളികൂടിയാണ് കേള്‍ക്കുന്നത്. അഥവാ മലയാളി അനുഭവിച്ച ഈ സൈക്കോളജിക്കല്‍ ട്രോമയാണ് പാണനിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഈ ട്രോമയ്ക്ക് വെള്ളപ്പൊക്കത്തിന്റെ അനുഭവതലംകൂടി പറയാനുണ്ട്. വര്‍ഷങ്ങളോളം നീണ്ടുനിക്കാവുന്ന പേമാരിയാണെന്നും നിനക്ക് രക്ഷപ്പെടാനാവില്ലെന്നും ചാത്തന്‍ പറയുമ്പോള്‍ പാണനിലൂടെ മലയാളിയുടെ വെള്ളപ്പൊക്കത്തിനോടുള്ള ഭീതി കൂടിയാണ് അനുസ്മരിക്കപ്പെടുന്നത്. 'മഞ്ഞുമ്മല്‍ ബോയ്സി'ലെ അതിജീവനത്തിനു തടസ്സമായി നില്‍ക്കുന്ന മഴ, വെള്ളപ്പൊക്കത്തിന്റെ സമയത്തെ അതിജീവനശ്രമങ്ങളെ നിഗൂഢമായി ഓര്‍മ്മിപ്പിക്കുന്നു. 'മഞ്ഞുമ്മല്‍ ബോയ്സി'ലെ കൂട്ടുകാര്‍ കുഴിയില്‍ വീണ സുഹൃത്തിനെ ഒഴിവാക്കി പോകാന്‍ ശ്രമിക്കുന്നില്ല. ഒരിക്കലും രക്ഷപ്പെടുത്താനാവില്ലെന്ന് അധികാരികള്‍ പറയുമ്പോഴും കനത്ത മഴയില്‍പ്പെട്ടിട്ടും കൂട്ടുകാര്‍ അവിടെനിന്ന് പോകാത്തതിനു കാരണം സുഹൃത്തിനോടുള്ള അഗാധ സ്നേഹം മാത്രമല്ല. കുഴിയില്‍ കിടക്കുന്ന സുഹൃത്തില്‍ തങ്ങളുടെയെല്ലാം ആത്മം അവര്‍ക്കു കാണാനായി എന്നതാണ് യാഥാര്‍ത്ഥ്യം. ജീവനോടെ തടങ്കലിലാക്കപ്പെട്ട കൊറോണാക്കാലത്തെ ആത്മത്തെകൂടിയാണ് (യഥാര്‍ത്ഥ സംഭവം നടന്നത് കൊറോണയ്ക്ക് മുന്‍പാണെങ്കിലും സിനിമാവിഷ്‌കാരത്തില്‍ അബോധമായൊരു കൊറോണാബാധയുണ്ട്) സുഹൃത്തുക്കളുടെ ആധിയിലൂടെ ആവിഷ്‌കരിക്കുന്നത്. മാത്രമല്ല, ഇരകളാക്കി മാറ്റപ്പെട്ട മനുഷ്യര്‍ തങ്ങളുടെ രക്ഷകരായ മനുഷ്യരെപ്പോലും ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നത് ആഘാതത്തോടുള്ള പ്രതികരണം (truma response) എന്നതിലുപരി ഒരു മനോവിഭ്രാന്തി (paranoia) കൂടിയായി മാറുന്നുണ്ട്. രക്ഷിക്കാനായെത്തിയ സിജു ഡേവിഡിനെ ആക്രമിക്കാനൊരുങ്ങുന്ന സുഭാഷിന്റെ ചേഷ്ടകള്‍ ഇതിനുദാഹരണമാണ്. മാത്രമല്ല, സുഭാഷ് കുഴിയിലകപ്പെട്ടന്നറിഞ്ഞ് സ്തബ്ധനായി മാറിയ അഭിലാഷി(ചന്തു സലിംകുമാര്‍)ന്റെ ചലനങ്ങളിലും ഭീതിയുടെ അധീശത്വം കാണാനാകും. മരുഭൂമിയില്‍വച്ച് തങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഇബ്രാഹീം ഖാദിരിയെ ആക്രമിക്കുന്ന ഹക്കീമിന്റെ മനോനിലയേയും ഒരു വിഭ്രാന്തി പിടികൂടിയിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം നടന്നത് കൊറോണയ്ക്ക് മുന്‍പാണെങ്കിലും ആവിഷ്‌കാരത്തിലെല്ലാം പോസ്റ്റ് കോവിഡ് സൈക്കോളജിക്കല്‍ പ്രതിസന്ധികളുടെ പലതരം അവസ്ഥാന്തരങ്ങളുണ്ട്. കോവിഡ് കാലത്ത് സംഭവിച്ച സാമൂഹ്യ അകല(social distance)ത്തിന്റെ ഭീതി കൂടിയാണ് ഇത്തരം ആവിഷ്‌കാരങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. സാമൂഹ്യ അകലമെന്നതിന് അകപ്പെടലെന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്നും ഈ അകപ്പെടലൊരു മാനസിക പ്രതിസന്ധിയായതുകൊണ്ടുതന്നെ എങ്ങനെയും മറികടക്കണമെന്ന അബോധേച്ഛ ഈ ചലച്ചിത്രാവിഷ്‌കാരങ്ങളെ നിര്‍ണ്ണയിച്ചിട്ടുണ്ട്. ഈ അബോധേച്ഛ കാഴ്ചക്കാരുടെ കൂടി ഇച്ഛയായതുകൊണ്ടുതന്നെയാണ് ഈ ചലച്ചിത്രങ്ങളെല്ലാം അസാധാരണമായ സാമ്പത്തിക വിജയങ്ങളും നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വിഷയങ്ങളുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും 'പ്രേമലു' പറയുന്നതും ഇതേ നിലകളിലുള്ളൊരു അകപ്പെടലിന്റെ അനുഭവമാണ്. നിരന്തരം പ്രണയിനിയെ അന്വേഷിച്ചുനടക്കുന്ന പ്രേമലുവായ നായകന്റെ ഒരു തമാശകഥയായാണ് 'പ്രേമലു'വിനെ പലരും അടയാളപ്പെടുത്തിയത്. അഥവാ അടയാളപ്പെടുത്തേണ്ടതായി ഒന്നുമില്ലാതെ ''ചിരിച്ചിട്ട് വരാമെന്ന നിലയില്‍ കണ്ടിട്ട് വരേണ്ട ഒരു ചിത്രം. കുട്ടികളുടെ കളികളും തമാശകളും നമുക്കറിയില്ലല്ലോ. പ്രേമലു കണ്ടാലതൊക്കെയറിയാം'' എന്നൊക്കെ പ്രതികരിക്കുന്നവരുമുണ്ട്. ഇങ്ങനെ പ്രണയത്തില്‍നിന്ന് പ്രണയത്തിലേക്ക് സഞ്ചരിക്കുന്ന തമാശക്കഥയാണെങ്കില്‍ എന്തുകൊണ്ടാണ് സച്ചിന്‍ സന്തോഷ് നിരന്തരമായി ഒരു അസ്വസ്ഥത പുലര്‍ത്തുന്നത്. സൂക്ഷ്മത്തില്‍ നോക്കിയാല്‍ അകാരണമായ ഒരു അസ്വസ്ഥതയും സംഘര്‍ഷവുമാണ് അയാള്‍ അനുഭവിക്കുന്നത്. ഇത് കേവലമായൊരു

 'പ്രേമലു'
'പ്രേമലു'

പ്രണയപ്രശ്നമോ സാമ്പത്തികപ്രശ്നമോ അല്ല. അങ്ങനെയായിരുന്നെങ്കില്‍ പ്രണയം ശരിയായപ്പോള്‍ എല്ലാം ശരിയാകുമായിരുന്നല്ലോ. അപ്പോള്‍ അതിലുപരിയായ ചില പ്രശ്നങ്ങള്‍ സച്ചിന്റെ സ്വത്വത്തെ നിര്‍ണ്ണയിക്കുന്നെന്ന് വ്യക്തമാണ്. നിരന്തരം അസ്വസ്ഥനായിരിക്കുകയും നിലവിലെ പഠനത്തിലോ ജോലിയിലോ താല്പര്യം കാണിക്കാതിരിക്കുന്നതോ പെട്ടെന്ന് വിഷമിക്കുന്നതോ കരയുന്നതോ ചെയ്യുന്നത് ഇയാളുടെ സ്വഭാവത്തിന്റെ സവിശേഷതയാണ്. നിലവിലുള്ള ഇടത്തോടുള്ള അവിശ്വാസവും ഇയാളുടെ പ്രത്യേകതയാണ്. നാട്ടില്‍നിന്ന് ഹൈദ്രാബാദിലേക്കും അവിടെനിന്ന് ചെന്നൈയിലേക്കുമൊക്കെ ഇയാള്‍ പോകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതൊരു പ്രണയത്തിനു വേണ്ടിയാണെന്ന സൂചന ചലച്ചിത്രത്തില്‍ നല്‍കുന്നുണ്ടെങ്കിലും അത് വളരെ ഉപരിപ്ലവമായ ഒന്നാണ്. അതുകൊണ്ടാണ് പ്രണയം വിജയിച്ചിട്ടും അയാള്‍ ഇന്ത്യക്കു പുറത്തേക്ക് പോകുന്നത്. അതായത് തമാശ കലര്‍ന്ന ഭാഷയിലാണെങ്കിലും ഒരുതരം സ്വത്വപ്രതിസന്ധിയും അടയാളപ്പെടാനാകാത്ത മനുഷ്യരുടെ ആധിയും ഇയാളില്‍ കാണാവുന്നതാണ്. 'ആട് ജീവിത'ത്തിലെ 'പെരിയോനേ എന്‍ റഹ്മാനേ' എന്ന് തുടങ്ങുന്ന ഗാനത്തില്‍ 'അങ്ങകലേ അങ്ങകലേ/മണ്ണില്‍ പുതുമഴ വീഴണൊണ്ടേ/മണ്ണില്‍ പുതുമഴ വീഴണൊണ്ടേ' എന്നുള്ള വരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മരുഭൂമിയിലെ തീരാദുരിതത്തില്‍ കിടന്നുള്ള നജീബിന്റെ ഈ ചിന്തകള്‍ സ്വാഭാവികമായും ഈ വഴിയിലൂടെ പോകുമെന്നത് ഉറപ്പാണ്. എന്നാല്‍ 'പുതുമഴ' നല്‍കുന്ന കാല്പനികാനുഭൂതിയും ഉണര്‍വുമെല്ലാം മലയാളിക്കിപ്പോള്‍ പെരുമഴ നല്‍കുന്ന ഭീതികൂടിയാണല്ലോ. അതുകൊണ്ടാണ് 'ആറ്റക്കിളിയുടെ നോക്കും/പറച്ചിലും പുഞ്ചിരിയും/കൊച്ചുനുണക്കുഴിയു'മെല്ലാം തേടിവന്ന നജീബിനു വീണ്ടും ഗള്‍ഫിലേക്ക് പോകേണ്ടിവന്നത്. പെരുമഴയും വെള്ളപ്പൊക്കവും കൊറോണയുമെല്ലാം നല്‍കിയ സാമ്പത്തിക പ്രതിസന്ധികള്‍ വലിയൊരു വിഭാഗം മനുഷ്യരുടെ സര്‍ഗാത്മകതയിലേക്കാണ് കടന്നുകയറിയത്. സ്വാഭാവികജീവിതവും സര്‍ഗാത്മകജോലിയും ആഗ്രഹിച്ച പലര്‍ക്കും സാമ്പത്തികമായ ഭദ്രതയ്ക്കുവേണ്ടി നാടുവിടേണ്ടിയോ ഇഷ്ടമില്ലാത്ത ജോലിയോ ചെയ്യേണ്ടിവന്നിട്ടുണ്ട്. 'പ്രേമലു'വിലെ നായകന് ഒന്നിനോടും താല്പര്യമില്ലാത്തതിനു കാരണവും ഇതൊക്കെത്തന്നെയാണ്. തന്റെ സ്വത്വത്തെ സര്‍ഗാത്മകമായി അടയാളപ്പെടുത്താനോ സ്വന്തം ഇടത്തെ ജൈവികമാക്കാനോ സാധിക്കാത്ത മനുഷ്യരുടെ പിടച്ചിലും പലായനപ്രവണതകളുമാണ് സച്ചിനിലൂടെ 'പ്രേമലു' അവതരിപ്പിക്കുന്നത്. ഈ നിലയില്‍ 'ആട് ജീവിത'ത്തിലെ നജീബ് നാട്ടിലേക്ക് എത്താന്‍ എത്ര തീവ്രമായിട്ടാണോ ആഗ്രഹിക്കുന്നത് അതേ തീവ്രമായിട്ടല്ലെങ്കിലും നാട്ടില്‍നിന്നു പുറത്തുകടക്കാന്‍ ഇവിടെയുള്ളവരും ആഗ്രഹിക്കുന്നത്. നോവലിനു ശേഷമുള്ള നജീബിന്റെ ജീവിതവും അതാണ് പറയുന്നത്.

ചാത്തന്റെ പിടിയിലകപ്പെട്ട പാണന്റെ പിടച്ചിലും (ഭ്രമയുഗം) നിലവിലെ ഇടത്തില്‍ അസ്വസ്ഥനാകുന്ന സച്ചിനും (പ്രേമലു) ഗുണകേവില്‍ അകപ്പെട്ട സുഭാഷും (മഞ്ഞുമ്മല്‍ ബോയ്സ്), മരുഭൂമിയിലകപ്പെട്ട നജീബു(ആട് ജീവിതം)മെല്ലാം അകപ്പെട്ട മനുഷ്യരുടെ ചേഷ്ടകളെ പ്രതീകവല്‍ക്കരിക്കുന്നു. ഈ പ്രതീകാത്മകതയിലേക്ക് മലയാളി അബോധത്തിന് എളുപ്പത്തില്‍ കയറിക്കൂടാന്‍ സാധിക്കുന്നു. കാരണം വെള്ളപ്പൊക്കവും കൊറോണയും വന്യജീവി ആക്രമണവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം ചേര്‍ന്ന് ഒരു അകപ്പെട്ട മനുഷ്യന്റെ ആത്മാവബോധവുമായി ഈ സിനിമകള്‍ പരോക്ഷമായി സംവദിക്കുന്നു. അതുകൊണ്ടാണ് കുഴിയില്‍ വീണ സുഭാഷും മരുഭൂമിയില്‍ അകപ്പെട്ട നജീബും സാത്താന്റെ പിടിയിലകപ്പെട്ട പാണനും നാട്ടിലകപ്പെട്ട പ്രേമലുവുമെല്ലാം തന്റെ അബോധത്തിന്റെ ഭാഗമാണെന്ന് മലയാളി തിരിച്ചറിഞ്ഞതും വേദനയുമായി സാത്മ്യപ്പെട്ടതും.

'മഞ്ഞുമ്മല്‍ ബോയ്സ്'
'മഞ്ഞുമ്മല്‍ ബോയ്സ്'

സാത്താന്റെ അടുക്കളയിലെ ദൈവം

പാരിസ്ഥിതിക രൂപത്തിലുള്ള ദുരന്തങ്ങളും ബിംബങ്ങളാണ് അകപ്പെടല്‍ ഭാവനയായി ഇത്തരം സിനിമകളിലുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍, ഈ അകപ്പെടലിനെ ദുരന്തപൂര്‍ണ്ണമാക്കുന്നത് സാത്താന്റെ പ്രതീകങ്ങളാണ്. ഈ സാത്താന്‍ അധികാരസ്വരൂപമായോ നഷ്ടവിശ്വാസങ്ങളുടെ രൂപത്തിലോ നിര്‍ഭാഗ്യങ്ങളുടെ രൂപത്തിലോ ആണ് ചലച്ചിത്രങ്ങളിലേക്ക് കടന്നുവരുന്നത്. ഇങ്ങനെ മനുഷ്യന്‍ നിസ്സഹായനാകുന്ന സന്ദര്‍ഭങ്ങളിലാണ് ദൈവത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. 'സാത്താന്റെ അടുക്കള'യെന്നറിയപ്പെടുന്ന ഗുഹയില്‍ വീണ സുഭാഷിനെ രക്ഷിക്കാന്‍ സാത്താനെക്കാളുപരിയായ ഒരു പോസിറ്റീവ് ഫോഴ്സ് അനിവാര്യമാണ്. സുഭാഷാണെങ്കില്‍ ദൈവവിശ്വാസമില്ലാത്ത യുക്തിവാദിയുമാണ്. ഈ സന്ദര്‍ഭത്തിലാണ് 'ഗുണ' സിനിമയിലെ ബിംബങ്ങള്‍ 'മഞ്ഞുമ്മല്‍ ബോയ്സി'നെ മാറ്റിയെഴുതുന്നത്. 'ഗുണ' സിനിമ ചിത്രീകരിച്ച അതേ ഗുഹയിലെ കുഴിയില്‍ സുഭാഷ് വീഴുന്നതുകൊണ്ടുതന്നെ ഗുണസിനിമയിലെ ചില ബിംബങ്ങള്‍ 'മഞ്ഞുമ്മല്‍ ബോയ്സി'ലേക്ക് കടന്നുവരുന്നുണ്ട്. സുഭാഷിനെ രക്ഷിച്ചുകൊണ്ടുവരുന്ന സമയത്ത് 'ഗുണ'യിലെ 'കണ്‍മണി അന്‍പോടു കാതലന്‍' എന്ന പാട്ടിലെ ചില വരികള്‍ കേള്‍ക്കുന്നുണ്ട്. ഈ വരികള്‍ നെഗറ്റീവ് ബിംബങ്ങളെ മറികടന്ന് അതിജീവനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല, താന്‍ സ്വാമിയാണെന്നും മനുഷ്യനല്ലെന്നും പറയുന്ന 'ഗുണ'യിലെ നായകന്റെ ഓര്‍മ്മ ചലച്ചിത്രത്തെ കൂടുതല്‍ ചലനാത്മകമാക്കുന്നു. ''ഇത് മനുഷ്യരുടെ പ്രണയമല്ലെന്നും അതിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന വിശുദ്ധമായ എന്തോ ഒന്ന് ആണ്'' എന്നുമുള്ള ഗുണയിലെ നായകന്റെ വാക്കുകള്‍ എങ്ങനെയാണ് കാഴ്ചക്കാര്‍ റിസീവ് ചെയ്യുക? ഗുണ ദൈവമല്ലെന്നും എന്നാല്‍ സ്നേഹംകൊണ്ട് ഗുണയ്ക്ക് ദൈവത്തോളം വളരാനാകുമെന്നായിരിക്കും സാധാരണ പ്രേക്ഷകന്‍ ഇതിനെ റിസീവ് ചെയ്യുന്നത്. ഈയൊരു അവബോധത്തെയാണ് ഗുണയില്‍നിന്ന് 'മഞ്ഞുമ്മല്‍ ബോയ്സ്' വലിച്ചെടുത്തത്. നിങ്ങള്‍ക്ക് കൂട്ടായ്മകൊണ്ട് സാധാരണ മനുഷ്യരുടെ കാതലിനപ്പുറം വളരാന്‍ സാധിക്കുമെന്ന അറിവാണ് 'മഞ്ഞുമ്മല്‍ ബോയ്സി'ലേക്ക് 'ഗുണ' പകരുന്നത്. കൊറോണയുടെ കാലത്ത് ചെറിയൊരു പനിയോ ചുമയോ പോലും മനുഷ്യരെ മാനസികമായി തളര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായ 'സോഷ്യല്‍ ഡിസ്റ്റന്‍സ്' മനുഷ്യരുടെ മനോഘടനയെ തലകീഴാക്കി മാറ്റി. കൂട്ടായ്മയുടെ ബലം ഇല്ലാതായ മനുഷ്യന്‍ മാനസികമായി ശക്തിയില്ലാത്തവരായി മാറി. ഒപ്പം കൂട്ടായ്മയെന്നത് രോഗാണുസൂചനയായും മാറിയപ്പോള്‍ കാര്യങ്ങള്‍ തലകീഴായി മാറി. തന്നെ രക്ഷിക്കാനായി കുഴിയിലേക്കിറങ്ങിവന്ന കുട്ടനെ സുഭാഷ് ആക്രമിക്കാനൊരുങ്ങുന്നത് ഒരു 'ട്രോമ റസിറ്റന്റ്' മാത്രമല്ല അതൊരു 'സോഷ്യല്‍ കണക്ഷ'നോടുള്ള ഭീതികൂടിയാണ്. സോഷ്യല്‍ കണക്ഷന്‍ രോഗാണുവിനെ ഉല്പാദിപ്പിക്കുമെന്നത് ഒരു കൊറോണാ പാഠമാണല്ലോ. ഈയൊരു പാഠം നല്‍കിയ സൈക്കോളജിക്കല്‍ എഫക്ടിനെ സുഭാഷിനെ ചേര്‍ത്തുപിടിക്കുകയും ''എനിക്ക് എന്തെങ്കിലും പറ്റുന്നതിനേക്കാള്‍ വേദനാജനകമാണ് നിനക്ക് പറ്റുന്നത്'' ('കണ്‍മണി അന്‍പോടു കാതലന്‍' എന്ന പാട്ടിലെ ചില വരികള്‍ ഈ അര്‍ത്ഥം മുന്നോട്ടുവയ്ക്കുന്നു. ഇത് 'മഞ്ഞുമ്മല്‍ ബോയ്സ്'ല്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നുണ്ട്) എന്ന ഗാഢമായ സോഷ്യല്‍ ക്ലോസ്നെസിനെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു. ഈ നിലയില്‍ മനുഷ്യരുടെ കൂട്ടായ്മയെ ദൈവമാക്കി വിവര്‍ത്തനം ചെയ്യുന്ന രസവിദ്യയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' മുന്നോട്ടുവയ്ക്കുന്ന മനഃശാസ്ത്ര ശസ്ത്രക്രിയ. 'സാത്താനിക് കിച്ചണ്‍' എന്ന നെഗറ്റീവ് ബിംബത്തെ മുറിച്ചുകളയുന്ന ശസ്ത്രക്രിയയാണിത്. കൂട്ടായ്മ നല്‍കുന്ന സ്നേഹത്തെ ദൈവമായി ഭാവന ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ അടിസ്ഥാന ചേതന 'ഗുണ' നല്‍കിയത് കൂടിയതാണ്. ഗുണയിലെ നായകന്‍ സ്നേഹത്തെ ദൈവമായി വിവര്‍ത്തനം ചെയ്ത് വ്യവസ്ഥയെ ചോദ്യം ചെയ്യുന്നുണ്ട്. മാത്രമല്ല, ഗുണയില്‍ മനുഷ്യന്‍ തന്നെ ദൈവമാണെന്ന് അവകാശവാദം ദൈവവിശ്വാസിയല്ലാത്ത 'മഞ്ഞുമ്മല്‍ ബോയ്സി'ലെ ദൈവവിശ്വാസിയല്ലാത്ത കഥാപാത്രത്തെ രഹസ്യമായി ബാധിക്കുന്നുണ്ട്. കാരണം 'ഗുണ'യില്‍ താന്‍ മനുഷ്യനല്ല, സ്വാമിയാണെന്ന് വിചാരിക്കുന്ന നായകനെയാണ് കാണുന്നതെങ്കില്‍ 'ബോയ്സി'ല്‍ ഗുഹയില്‍ വീണ സുഭാഷ് കടവുള്‍ ആയി മാറുകയാണ്. പിശാചിന്റെ അടുക്കളയില്‍നിന്ന് രക്ഷപ്പെട്ട മനുഷ്യന് ദൈവപദവി നല്‍കി ഒരു സ്ത്രീ അവന്റെ കാല്‍തൊട്ട് വന്ദിക്കുന്നുണ്ട്. ദൈവത്തെ നേരിട്ട് പ്രത്യക്ഷപ്പെടുത്തി രക്ഷകരൂപമാക്കി മാറ്റുന്നതിനു പകരം മനുഷ്യരുടെ കൂട്ടായ്മയ്ക്ക് ദൈവപദവി നല്‍കുക വഴി സംഘര്‍ഷങ്ങള്‍ക്ക് അവധി നല്‍കി മനുഷ്യമനസ്സിനെ പരാമവധി ഉത്തേജിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. സത്യത്തില്‍ ഈ സിനിമയില്‍ അതിജീവനത്തിനു വിധേയമാകുന്നത് സുഭാഷല്ല, അത് കാണുന്ന മനുഷ്യരാണ്. ഇങ്ങനെ കാണുന്നവരുടെ മനസ്സിനെ ശസ്ത്രക്രിയ ചെയ്ത് വിമോചനമാക്കി മാറ്റുന്നതുകൊണ്ടുതന്നെയാണ് കൂടുതല്‍ കാണികള്‍ തങ്ങളുടെ മനസ്സിനെ 'മഞ്ഞുമ്മല്‍ ബോയ്സി'ലേക്ക് കലര്‍ത്തി സ്വാസ്ഥ്യം തേടാന്‍ ശ്രമിക്കുന്നത്.

ചെകുത്താന്റെ അടുക്കളയില്‍
പാകം ചെയ്തെടുക്കുന്ന മലയാളി മനസ്സ്
മലൈക്കോട്ടൈയിലെ കുങ്കുമപടര്‍ച്ചകള്‍

'ഭ്രമയുഗം' വിശ്വാസിയായ പാണനും അവിശ്വാസിയായ ചാത്തനും തമ്മിലുള്ള പോരാട്ടം കൂടിയാണ്. 'ഭ്രമയുഗ'ത്തില്‍ ദൈവത്തെ പൂജിച്ചിട്ട് കാര്യമില്ലെന്നും ആചാരങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ദൈവത്തിന്റെ പലായനത്തോടെയാണ് ഭ്രമയുഗം ആരംഭിക്കുന്നതെന്നുമുള്ള ചാത്തന്റെ പ്രസ്താവനയെ പാണന്‍ ആദ്യം എതിര്‍ക്കുന്നുണ്ടെങ്കിലും തുടര്‍ന്ന് ''എന്തെന്റെ ദൈവമേ... നീയെന്നെ കാണാത്തു'' എന്ന പാട്ടിലൂടെ പാണന്‍ ചാത്തന്‍ പറഞ്ഞത് താല്‍ക്കാലികമായിട്ടാണെങ്കിലും ശരിവയ്ക്കുകയാണ്. തുടര്‍ന്ന് അരിവയ്പുകാരനും പാണനും ചേര്‍ന്ന് നടത്തുന്ന വിദഗ്ദ്ധമായ തന്ത്രങ്ങളിലൂടെയാണ് ചാത്തനെ പരാജയപ്പെടുത്തി പാണന്‍ പുറത്തിറങ്ങുന്നത്. അവസാന സീനില്‍ അധികാരത്തിന്റെ മോതിരം ധരിക്കുന്ന പാണന്‍ നദിയിലേക്ക് മുഖം നോക്കുന്ന സീന്‍ ശ്രദ്ധേയമാണ്. നദിയിലെ പ്രതിബിംബത്തില്‍ പാണന്‍ തന്റെ മുഖത്തെയല്ല, ചാത്തന്റെ മുഖത്തെയാണ് കാണുന്നത്. അതായത് വിശ്വാസിയായ പാണനിലേക്ക് ദൈവം ഇടപെട്ടിരുന്നില്ലെന്ന് വ്യക്തമാണല്ലോ. അതുകൊണ്ടാണ് പാണന്‍ ചാത്തന്‍ തന്നെയായി രൂപാന്തരപ്പെടുന്നത്. ഏതായാലും അകപ്പെടലെന്ന കൊറോണാ മനോനിലയിലൂടെ രഹസ്യാവിഷ്‌കാരം തന്നെയായി പാണന്റെ അകപ്പെടലിനെ കാണാവുന്നതാണ്. ഇവിടെനിന്ന് രക്ഷപ്പെടാനുള്ള താക്കോല്‍ ദൈവം തരില്ലെന്നും അത് ചാത്തന്റെ പക്കലാണെന്നും ബുദ്ധിപൂര്‍വമായ ഇടപെടലിലൂടെ മാത്രം

കൈക്കലാക്കാവുന്ന ഒന്നാണ് അതെന്നുമാണ് ചിത്രം വ്യക്തമാക്കുന്നത്. കൊറോണയും വന്യജീവി ആക്രമണവും വെള്ളപ്പൊക്കവുമൊക്കെ ചേര്‍ന്നുണ്ടാക്കിയ അകപ്പെടലിന്റെ കാരണം അധികാരസ്വരൂപങ്ങളാണെന്നും തുറക്കാനുള്ള താക്കോല്‍ അവരുടെ കയ്യിലാണെന്നുമുള്ള അബോധമാണ് ഈ ദൃശ്യബിംബങ്ങളുടെ കാതല്‍.

സാത്താന്റെ അടുക്കളയെന്ന ബിംബം എന്തുകൊണ്ടാണ് ഈ സര്‍വൈവല്‍ ഗാഥകളില്‍ ആവര്‍ത്തിച്ചുവരുന്നതെന്ന കാര്യം അന്വേഷിക്കേണ്ടതാണ്. 'മഞ്ഞുമ്മല്‍ ബോയ്സി'ലെ ഡെവിള്‍സ് കിച്ചണ്‍ തന്നെയാണ് 'ഭ്രമയുഗ'ത്തില്‍ ചാത്തന്റെ ഇല്ലത്തിലെ അടുക്കളയായും അയാളുടെ മാംസം തീറ്റിയായും അവതരിപ്പിച്ചിരിക്കുന്നത്. കുബ്ബൂസ് ചുട്ടെടുക്കുന്ന അര്‍ബാബും സഹായിയുമാണ് 'ആട് ജീവിത'ത്തില്‍ സാത്താന്റെ അടുക്കള നടത്തുന്നത്. ഇരകളെല്ലാം ദൈവിശ്വാസികളാണെങ്കിലും (സുഭാഷൊഴിച്ച്) സവിശേഷ ഘട്ടത്തില്‍ ഈ വിശ്വാസം നഷ്ടപ്പെട്ടതുപോലെ അവര്‍ക്കനുഭവപ്പെടുന്നു. തുടര്‍ന്ന് നടക്കുന്നത് ഒരു മനഃശാസ്ത്രപ്രക്രിയയാണ്. സാത്താനെതിരെ ദൈവത്തെ പ്രത്യക്ഷപ്പെടുത്തുന്നതിനു പകരം അനേകം മൂല്യരൂപങ്ങളെ കോര്‍ത്തെടുത്ത് സാത്താനില്‍നിന്ന് അവബോധത്തിന്റെ താക്കോല്‍ തിരിച്ചെടുക്കുക എന്ന തന്ത്രമാണ് ഈ സിനിമാദൃശ്യങ്ങള്‍ ചെയ്യുന്നത്. ഇബ്രാഹീം ഖാദിരിയും ഹക്കീമും നജീബും രക്ഷപ്പെടുത്തിയ അറബിയുമെല്ലാം ചേര്‍ന്നു നിര്‍മ്മിച്ചെടുത്ത മനുഷ്യത്വത്തിന്റെ താക്കോല്‍വഴിയാണ് നജീബ് പുറത്തിറങ്ങുന്നത്. അധികാരവും മിത്തുകളും ചേര്‍ത്ത് നിര്‍മ്മിച്ചെടുത്ത സാത്താനിക് കിച്ചന്‍ എന്ന വലക്കെണിയില്‍നിന്ന് കൂട്ടായ്മയുടെ മൂല്യബോധം വഴിയാണ് 'മഞ്ഞുമ്മല്‍ ബോയ്സ്' പുറത്തിറങ്ങുന്നത്. ഈ നിലയില്‍ സാത്താനിക് കിച്ചണെന്നത് അധികാരത്തിന്റെ മദോന്മത്തമായ ഒരു ഇടമാണെന്നും അതിനുള്ളില്‍ കുടുങ്ങിയ ഇരകളാണ് തങ്ങളെന്നും കൊറോണയും മറ്റ് പ്രകൃതിക്ഷോഭങ്ങളുമെല്ലാം ഇവര്‍ നിര്‍മ്മിക്കുന്ന മതിഭ്രമങ്ങള്‍ ആണെന്നും ഈ മതിഭ്രമങ്ങള്‍ മുറിച്ചുകടന്നാല്‍ മാത്രമേ പുറത്തേക്കുള്ള വഴി സാധ്യമാകൂവെന്നും വെളിപ്പെടുത്തുകയാണ് ഈ സിനിമകള്‍.

ഈ സിനിമകളുടെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത, കാഴ്ചക്കാര്‍ ആരിലൂടെയാണോ (ഏത് കഥാപാത്രത്തിന്റെ കാഴ്ചയിലൂടെയാണോ) ആഖ്യാനത്തിലേക്ക് കയറുന്നത് ആ കഥാപാത്രങ്ങള്‍ സവിശേഷമായ ചില സ്വപ്നങ്ങള്‍ കാണുന്നുണ്ട് എന്നുള്ളതാണ്. ഈ സ്വപ്നങ്ങളില്‍ ഈ കഥാപാത്രങ്ങള്‍ തങ്ങള്‍ വെള്ളത്തിലേക്ക് മുങ്ങിത്താഴ്ന്ന് പോകുന്നതും അവര്‍ക്ക് അനുഭവപ്പെടുന്നുമുണ്ട്. അകപ്പെടലിനു ശേഷമുള്ള ഈ മുങ്ങിത്താഴുന്ന സ്വപ്നം ഒരു മതിഭ്രമസുഖമാണ് ഇവര്‍ക്ക് നല്‍കുന്നത്. മരുഭൂമിയിലെ തറയില്‍ ദഹിച്ച് തീരുന്ന നജീബിനെ ഒരു ജലസ്പര്‍ശം ഒരു നദിക്കുള്ളിലേക്ക് താഴുന്ന ഒരു സ്വപ്നത്തിലേക്കെത്തിക്കുന്നു. തുടര്‍ന്ന് മണ്ണുമായി അയാള്‍ ഉയര്‍ന്നുവരുന്നതായും കാണിക്കുന്നു. 'ഭ്രമയുഗ'ത്തിലെ പാണന്‍ ചാത്തന്റെ തടവില്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ അമ്മയുടെ മടിയില്‍ തലവെച്ച് ഉറങ്ങുന്നതായി സ്വപ്നം കാണുന്നു. അരിവെയ്പുകാരന്‍ മുഖത്തേക്ക് വെള്ളമൊഴിച്ചാണ് അയാളെ ഉണര്‍ത്തുന്നത്. അവസാനം പുഴയില്‍ നോക്കുമ്പോള്‍ തന്റെ പ്രതിബിംബം ചാത്തന്റേതാണെന്ന് അയാള്‍ക്ക് തോന്നുകയും ചെയ്യുന്നു. 'മഞ്ഞുമ്മല്‍ ബോയ്സി'ല്‍ ഗുണ കേവ്സിലെ കുഴിയിലകപ്പെട്ട സുഭാഷ് തന്റെ ബാല്യകാലത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. സ്വപ്നത്തില്‍ അവന്‍ പുഴയുടെ ഉള്ളിലേക്ക് താഴ്ന്നുപോകുന്നുണ്ട്. കൂട്ടുകാരന്‍ രക്ഷിക്കുന്നുണ്ടെങ്കിലും പുഴയുടെ ആഴവും പരപ്പും ഒരുതരം ആനന്ദാനുഭൂതിയോടെ അയാള്‍ അനുഭവിക്കുന്നുണ്ട്. 'സൈനൂ' എന്ന് നെഞ്ച്കീറി വിളിക്കുന്ന നജീബും പുഴയിലേക്ക് താഴ്ന്നുപോകുന്ന സ്വപ്നത്തില്‍ ഈ വേദനയെ മറികടന്ന് ഒരുതരം ആനന്ദാനുഭൂതിയിലേക്കാണ് കടക്കുന്നത്. അമ്മയുടെ മടിയില്‍ കിടക്കുന്നതായി സ്വപ്നം കാണുന്ന പാണന്‍ ഈ പുഴയിലേക്ക് താഴ്ന്നുപോകുന്ന സ്വപ്നങ്ങളുടെ മൂര്‍ത്താവസ്ഥ അവതരിപ്പിക്കുന്നു. നിലവിലെ ജീവിതാവസ്ഥകളില്‍നിന്നുള്ള വിച്ഛേദവും (seperatness) ജനനത്തിനു മുന്‍പുണ്ടായിരുന്ന ഗര്‍ഭപാത്രത്തില്‍ അമ്മയുടെ കൂടിച്ചേര്‍ന്ന് ഉദ്ഗ്രഥിതമാകാനുമുള്ള തൃഷ്ണ(Eric Fromm 2000, 40-50)യായി ഇതിനെ വായിക്കാം. മാത്രമല്ല, വ്യത്യസ്ത തരം ജലസ്വപ്നങ്ങളെക്കുറിച്ച് പഠിച്ചിട്ടുള്ള ചിന്തകര്‍ വെള്ളത്തില്‍ മുങ്ങി സ്വപ്നങ്ങളെ സംഘര്‍ഷ(stress)ത്തിന്റേയും അതിശക്തമായ വികാരങ്ങളുടേയും (overwelming emotions) അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടേയും (Repressed emotions) പരിഹരിക്കാനാവാത്ത (unresolved truma) ആഘാതത്തിന്റേയും പ്രതീകങ്ങളായി കണക്കാക്കുന്നു. എന്നാല്‍, ജീവന്റെ ആധാരമായ ജലത്തിനു പുനര്‍ജനനം (Rebirth) എന്നൊരു സവിശേഷതയേയും ഉല്പാദിപ്പിക്കാനാകും. അതായത് ഒരേസമയം വര്‍ത്തമാനകാല സംഘര്‍ഷങ്ങളില്‍നിന്നു വേര്‍പെട്ട് അമ്മയുടെ ഗര്‍ഭപാത്രത്തിലേക്കുള്ള മടങ്ങിപ്പോകലും അവിടത്തെ കേവലമായ സുഖാനുഭൂതിയും സ്വപ്നം കാണുമ്പോള്‍ തന്നെ മറ്റൊരാളായി ജനിക്കാനാവുമോ എന്നൊരു പ്രതീക്ഷയും പുലര്‍ത്തുന്ന പുനര്‍ജനന സ്വഭാവമുള്ള സ്വപ്നങ്ങളാണിവ. ഈ സ്വപ്നങ്ങള്‍ തന്നെയാണ് ഈ ചലച്ചിത്രങ്ങളുടെ അബോധപ്രേരണ. ഇങ്ങനെ സംഘര്‍ഷങ്ങളെ മറികടന്ന് സുഖാനുഭൂതിയിലേക്ക് നയിക്കുന്ന അബോധ ശസ്ത്രക്രിയാ പദ്ധതിയായി ഈ ആഖ്യാനങ്ങള്‍ മാറുന്നതുകൊണ്ടാണ് ഇതൊരു ആനന്ദലഹരിയായി മലയാളികള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്.

Reference

1. മുഹമ്മദലി എം.എന്‍, മനശ്ശാസ്ത്രം മനസ്സിന്റെ കാണാലോകം, ചിന്ത പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2010.

1. Erichfromm, The art of living: The Centennial, Edition, A and C Black, 2000.

2. Rachel E Menzies, Death anxiety in the time of Covid-19: Theoretical explanations and clinical implications, National library of medicine, Pubmed.ncbi.nlm.nib.gov/34191938/

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com