''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

തനിക്കു നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും അതിനെ അതിജീവിച്ച രീതികളേയുമൊക്കെയാണ് 'കത്തി' (Knife-Meditations After an Attempted Murder) എന്ന തന്റെ പുതിയ ഓര്‍മ്മക്കുറിപ്പില്‍ സല്‍മാന്‍ റുഷ്ദി വിവരിക്കുന്നത്. ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ആ നിമിഷത്തില്‍ താന്‍ അനുഭവിച്ച ഞെട്ടലും ഭീതിയും അദ്ദേഹം വായനക്കാര്‍ക്കായി പകര്‍ത്തിയിരിക്കുന്നു
 ''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

2022 ഓഗസ്റ്റ് 12-ന് ന്യൂയോര്‍ക്കിലെ വെയില്‍നിറഞ്ഞ ഒരു വെള്ളിയാഴ്ചയില്‍ ആംഫി തിയേറ്ററില്‍വെച്ച് എഴുത്തുകാര്‍ക്ക് സുരക്ഷിതമായ ഇടങ്ങള്‍ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു പ്രഭാഷണത്തിനിടെ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടു. അക്രമിയുടെ പേര് ഹാദി മാതര്‍ എന്നായിരുന്നു. വെറും 27 നിമിഷങ്ങള്‍ മാത്രമേ കൊലയാളിക്കു കിട്ടിയുള്ളൂ. ആക്രമണത്തില്‍ എഴുത്തുകാരന്റെ വലതു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടമായി. ഇടതു കയ്യുടെ സ്വാധീനം ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. തനിക്കു നേരെയുണ്ടായ ക്രൂരമായ ഈ ആക്രമണത്തെക്കുറിച്ചും അതിനെ അതിജീവിച്ച രീതികളേയുമൊക്കെയാണ് 'കത്തി' (Knife-Meditations After an Attempted Murder) എന്ന തന്റെ പുതിയ ഓര്‍മ്മക്കുറിപ്പില്‍ സല്‍മാന്‍ റുഷ്ദി വിവരിക്കുന്നത്. ആക്രമണത്തെക്കുറിച്ചുള്ള വിശദമായ വിവരണം ഓര്‍മ്മക്കുറിപ്പില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. ആ നിമിഷത്തില്‍ താന്‍ അനുഭവിച്ച ഞെട്ടലും ഭീതിയും അദ്ദേഹം വായനക്കാര്‍ക്കായി തന്റെ പുതിയ പുസ്തകത്തില്‍ പകര്‍ത്തിയിരിക്കുന്നു.

വെറും 24 വയസ്സു മാത്രം പ്രായമുള്ള ലെബനീസ്-അമേരിക്കനായ ഹാദി മാതര്‍, റുഷ്ദിയുടെ വിവാദ പുസ്തകത്തിന്റെ വെറും രണ്ട് പേജുകള്‍ മാത്രം വായിക്കുകയും യൂട്യൂബില്‍ അദ്ദേഹത്തിന്റെ ചില വീഡിയോകള്‍ കാണുകയും ചെയ്തിട്ടുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ് റുഷ്ദിയുടെ കൃതികളെല്ലാം 'മോശമാണെന്ന്' മനസ്സിലാക്കി അദ്ദേഹത്തെ വധിക്കാന്‍ ഇറങ്ങിത്തിരിച്ചത്. പുസ്തകത്തില്‍ അക്രമിയുടെ ശരിയായ പേര് ഉപയോഗിക്കാന്‍ റുഷ്ദി ആഗ്രഹിക്കാത്തതുകൊണ്ട് കൊലയാളിയുടെ ഇംഗ്ലീഷ് അര്‍ത്ഥം വരുന്ന assassin എന്ന വാക്കിലെ A എന്ന അക്ഷരം ഉപയോഗിച്ചാണ് പുസ്തകത്തില്‍ അയാളെ ഉടനീളം റുഷ്ദി സംബോധന ചെയ്തിരിക്കുന്നത്. ശരീരത്തില്‍ നിറയെ മുറിവുകളുമായി താഴെ വീഴുമ്പോള്‍ റുഷ്ദിയുടെ മനസ്സിലൂടെ

 ''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''
''മരിച്ചുപോയ എന്റെ ചങ്ങാതിമാരുടെ മുഖങ്ങളില്‍ മഴ പെയ്യുകയാണ്''

നിരവധി കാര്യങ്ങള്‍ കടന്നുപോയി. കടുത്ത ഏകാന്തതയാണ് തനിക്ക് ആദ്യം അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഇനിയൊരിക്കലും തന്റെ ഭാര്യ എലീസയേയും മക്കളേയും സഹോദരിമാരേയും അവരുടെ പെണ്‍മക്കളേയും കാണാന്‍ സാധിക്കില്ല എന്ന് അദ്ദേഹം കരുതി. അന്നേരം തന്റെ വിവാദ പുസ്തകമായ 'ദ് സാത്താനിക് വെഴ്‌സസി'ന്റെ പ്രാരംഭ വരികളിലെ ചിലത് മനസ്സിലേയ്ക്ക് ഓടിക്കയറി വന്നു. ''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

'ദ സാത്താനിക് വേഴ്‌സസി'ന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് 1989-ല്‍ അയത്തുള്ള ഖൊമേനി ഫത്വ പുറപ്പെടുവിച്ചിട്ട് മുപ്പത്തിമൂന്നര വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. അന്നു മുതല്‍ ഇതുപോലെയുള്ള ഏതെങ്കിലും പൊതുചര്‍ച്ചാവേദികളിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലോ തനിക്കു നേരെ നടന്നടുക്കുന്ന ഒരു കൊലയാളിയെ റുഷ്ദി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. ഫത്വയ്ക്കുശേഷമുള്ള വര്‍ഷങ്ങളില്‍ തനിക്കെതിരെ വന്ന ആറോളം കൊലപാതക ഗൂഢാലോചനകളെങ്കിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വൈദഗ്ദ്ധ്യത്താല്‍ പരാജയപ്പെടുത്തിയതായി പറയുന്നുണ്ട്.

സംസ്‌കാരികഭീകരതയുടെ കാഴ്ചകള്‍

ഖൊമേനിയുടെ ഫത്വ പക്ഷേ, കലാകാരനെന്ന നിലയില്‍ത്തന്നെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടു വഴികളുണ്ടെന്നു മനസ്സിലാക്കിയിടത്താണ് തന്റെ വിജയമെന്ന് റുഷ്ദി ഓര്‍മ്മിപ്പിക്കുന്നു. ഫത്വയ്ക്കുശേഷം ഭയന്ന് അതിനു കീഴ്പെട്ട് അത്തരം പുസ്തകങ്ങള്‍ റുഷ്ദി എഴുതിയില്ല. എന്നാല്‍, അതിനെതിരെ പ്രതികാരം മൂത്ത് എതിര്‍ത്തുകൊണ്ടുള്ള പുസ്തകങ്ങളും എഴുതിയില്ല. ഈ രണ്ടു സാധ്യതകളും തന്റെ വ്യക്തിത്വത്തേയും സ്വാതന്ത്ര്യത്തേയും നശിപ്പിക്കുകയും അത് ഫത്വയുടെ തന്നെ സൃഷ്ടിയായി മാറ്റുകയും ചെയ്യും. അതുകൊണ്ട് ഒരു കലാകാരന്‍ എന്ന നിലയില്‍ ഇവയെയെല്ലാം അതിജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം, താന്‍ സഞ്ചരിക്കുന്ന സാഹിത്യപാതയെ മനസ്സിലാക്കുകയും തിരഞ്ഞെടുത്ത യാത്രകളെ അംഗീകരിക്കുകയും ആ വഴിയിലൂടെ തന്നെ മുന്നോട്ട് പോകുകയും ചെയ്യുക എന്നതായിരുന്നു. അതിന് ഇച്ഛാശക്തി മാത്രം ഉണ്ടായാല്‍ മതിയാകുമായിരുന്നു. പക്ഷേ, അത്തരം തിരഞ്ഞെടുപ്പുകള്‍ എളുപ്പമായിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. താന്‍ ആരായിരുന്നുവെന്നും തനിക്കു താനായിത്തന്നെ തുടരാനാകുമോ എന്നുള്ള ചോദ്യങ്ങള്‍ അന്നേരം ഉയര്‍ന്നുവന്നെന്നും റുഷ്ദി പറയുന്നു. ഫത്വയ്ക്ക് മുന്‍പായി അഞ്ച് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു, അതിനുശേഷം പതിനാറെണ്ണവും. ഷാര്‍ലി ഹെബ്ദോ അക്രമത്തിനു തൊട്ടുപിന്നാലെ റുഷ്ദി എഴുതി: 'മതത്തോടുള്ള ബഹുമാനം' എന്നത് 'മതത്തോടുള്ള ഭയം' എന്നര്‍ത്ഥമുള്ള ഒരു വാക്യമായി മാറിയിരിക്കുന്നു.

റുഷ്ദിക്കു നേരെയുള്ള ആക്രമണത്തിനെതിരെ നിരവധിപേര്‍ പ്രതികരിച്ചു. വെറുപ്പിന്റേയും പ്രാകൃതശക്തികളുടെ ഭീരുത്വമായ ആക്രമണത്തിന് അദ്ദേഹം ഇരയായെന്നും. അദ്ദേഹത്തിന്റേത് സാര്‍വ്വത്രികമായ പോരാട്ടമാണ് എന്നും ഫ്രാന്‍സിന്റെ പ്രസിഡന്റ് മാക്രോണ്‍ അഭിപ്രായപ്പെട്ടു. ബൈഡന്‍ ഉള്‍പ്പെടെ മറ്റു ലോകനേതാക്കളും സമാനമായ പ്രസ്താവനകള്‍ നടത്തി റുഷ്ദിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍, തന്റെ ജന്മരാജ്യമായ ഇന്ത്യയ്ക്ക് ഇതേക്കുറിച്ചു പറയാന്‍ അന്നേരം വാക്കുകളൊന്നും കിട്ടിയില്ല എന്ന് അദ്ദേഹം പറയുന്നുണ്ട്. നിലവില്‍ വന്ന ഇന്ത്യയുടെ പുതിയ ഭരണഘടന, ഭാഷയിലും ഉദ്ദേശ്യത്തിലും പൂര്‍ണ്ണമായും മതേതരമായിരുന്നു. എന്നാല്‍, നിലവിലെ ഭരണകൂടം ആ മതേതര അടിത്തറയെ തുരങ്കംവയ്ക്കാനും ആ സ്ഥാപകരെ അപകീര്‍ത്തിപ്പെടുത്താനും പ്രത്യക്ഷമായി മതപരവും ഭൂരിപക്ഷമുള്ളതുമായ ഒരു ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അവസ്ഥകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സല്‍മാന്‍ റുഷ്ദി
സല്‍മാന്‍ റുഷ്ദിRajanish Kakade

തന്റെ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചതിന് ഏതാണ്ട് ആറ് വര്‍ഷങ്ങള്‍ക്കുശേഷം, 1994 ഒക്ടോബര്‍ 14-ന് 82-കാരനായ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ നജീബ് മഹ്ഫൂസ് തന്റെ സഹ എഴുത്തുകാരുമായും ചിന്തകരുമായും നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയ്ക്കായി തന്റെ പ്രിയപ്പെട്ട കെയ്‌റോ കഫേയിലേയ്ക്കു നടക്കാന്‍ വീട് വിട്ടിറങ്ങി. നടത്തം തുടരുമ്പോള്‍ ഒരു കാര്‍ അദ്ദേഹത്തിന്റെ അരികിലൂടെ ഇഴഞ്ഞുനീങ്ങി വന്നു. തന്റെ ആരാധകരില്‍ ആരെങ്കിലുമാകും എന്ന് അദ്ദേഹം കരുതിയെങ്കിലും അതു തെറ്റായിരുന്നു എന്നു തിരിച്ചറിയുമ്പോഴേയ്ക്കും കാറില്‍നിന്നു ചാടിയിറങ്ങിയ ആള്‍ മഹ്ഫൂസിന്റെ കഴുത്തില്‍ തുടര്‍ച്ചയായി കുത്തി അദ്ദേഹത്തെ വീഴ്ത്തി. അക്രമി ഉടനടി രക്ഷപ്പെട്ടു. ഭാഗ്യവശാല്‍, ആ എഴുത്തുകാരന്‍ ആക്രമണത്തെ അതിജീവിച്ചു. 'സാംസ്‌കാരിക ഭീകരതയുടെ' ഒരു ഉദാഹരണമായിരുന്നു ഇതും. ഈജിപ്ഷ്യന്‍ ഇസ്ലാമിക മതമൗലിക വാദികള്‍ക്കെതിരെ നിലപാടുകള്‍ കൈക്കൊണ്ടതിനുള്ള മറുപടിയായിരുന്നു ഈ വധശ്രമം. സ്വാഭാവികമായും ഒരു ആക്രമണത്തിന്റെ

സാധ്യത വര്‍ഷങ്ങളായി മഹ്ഫൂസിന്റെ തലയില്‍ തൂങ്ങിക്കിടന്നിരുന്നു എന്നതാണ് സത്യം. യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്നു മഹത്തായ ഏകദൈവ വിശ്വാസങ്ങളുടെ പിറവിയെ വിവരിക്കുന്ന 'ചില്‍ഡ്രന്‍ ഓഫ് ദ ആലി' എന്ന അദ്ദേഹത്തിന്റെ പുസ്തകം ഇസ്ലാമിനെ അപമാനിച്ചതിനു നിരോധിക്കപ്പെട്ടിരുന്നു.

 ''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''
''ഞാന്‍, വീണ്ടും പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു. മഞ്ഞുപാളികളിലൂടെ റാന്തലുമായി നടന്നുപോകുന്ന ലൂസി ഗ്രേയെ കണ്ടെത്താന്‍''

വര്‍ഷം 1938, ജനുവരി ഏഴ്. സാമുവല്‍ ബെക്കറ്റ് തന്റെ മര്‍ഫി എന്ന നോവലിന്റെ എഴുത്തുകുത്തുകളുമായി നടക്കുന്ന സമയം. ഒരു സിനിമ കഴിഞ്ഞ് പാരീസിലെ ഒരു തെരുവിലൂടെ തന്റെ വീട്ടിലേയ്ക്കു പോകുകയായിരുന്ന സാമുവല്‍ ബെക്കറ്റിനെ പ്രൂഡന്റ് എന്നു പേരുള്ള ഒരു കൂട്ടിക്കൊടുപ്പുകാരന്‍ സമീപിച്ചു പണം ആവശ്യപ്പെട്ടു. ഒടുവില്‍ ബെക്കറ്റിന് പ്രൂഡന്റിനെ തള്ളിമാറ്റേണ്ടിവന്നു. പക്ഷേ, വൈകിപ്പോയിരുന്നു. അപ്പോഴേക്കും പ്രൂഡന്റിന്റെ കയ്യിലുണ്ടായിരുന്ന കത്തി ബെക്കറ്റിന്റെ ഇടത് ശ്വാസകോശത്തിനും ഹൃദയത്തിനും ഇടയിലേയ്ക്ക് കയറിയിരുന്നു. അമിത രക്തസ്രാവം ഉണ്ടായെങ്കിലും തക്കസമയത്ത് ബെക്കറ്റിനെ അടുത്തുള്ള ഹോസ്പിറ്റലില്‍ കൊണ്ടുപോയതുകൊണ്ട് ജീവന്‍ തിരിച്ചുകിട്ടി. യുലീസസിന്റെ എഴുത്തുകാരന്‍ ജെയിംസ് ജോയ്‌സാണ് അന്നേരം ആശുപത്രിയിലെ സ്വകാര്യമുറിയുടെ ചെലവ് വഹിച്ചത്.

ആശുപത്രിയില്‍നിന്നു മോചിതനായശേഷം ബെക്കറ്റ് പ്രൂഡന്റിന്റെ വിചാരണയ്ക്കു പോയി, കോടതിമുറിയില്‍വെച്ച് അയാളെ കണ്ട്, എന്തിനാണ് തന്നോടിതു ചെയ്തതെന്നു ചോദിച്ചു. ''എനിക്കറിയില്ല സര്‍. എന്നോട് ക്ഷമിക്കണം'' എന്നുമാത്രമായിരുന്നു അയാളുടെ മറുപടി. ഈ സംഭവകഥ വായിച്ചപ്പോള്‍, ബെക്കറ്റിനെപ്പോലെ തന്റെ അക്രമിയുടെ മുഖത്ത് നോക്കാനും അയാളെ നേരിട്ടു കണ്ട് സംസാരിക്കാനും റുഷ്ദിയെ പ്രേരിപ്പിച്ചു. തന്റെ കൊലയാളിയുമായി ഒരു സാങ്കല്പിക സംഭാഷണത്തില്‍ റുഷ്ദി ഏര്‍പ്പെടുന്നുണ്ട്. സംഭാഷണം അവസാനിക്കുമ്പോള്‍ അതെല്ലാം കേള്‍ക്കാനുള്ള കഴിവ് അവനുണ്ടെന്നു താന്‍ വിശ്വസിക്കുന്നില്ലെങ്കിലും അയാളോട് പറയാന്‍ ആഗ്രഹിക്കുന്ന ഇനിയും ചില കാര്യങ്ങളുണ്ടെന്നും റുഷ്ദി മനസ്സിലാക്കുന്നു. എഴുത്തുകാര്‍ക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ പുതിയ കാര്യമൊന്നുമല്ല. സമാനസംഭവങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു.

കല ഉണരുന്ന ഒരു സ്വപ്നമാണെന്നു താന്‍ വിശ്വസിക്കുന്നു. ആ ഭാവനയ്ക്ക് സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള വിടവ് നികത്താനും യാഥാര്‍ത്ഥ്യത്തെ അയഥാര്‍ത്ഥമായ ഭൂതക്കണ്ണാടിയിലൂടെ കാണുന്നതിലൂടെ പുതിയ വഴികള്‍ മനസ്സിലാക്കാനും കഴിയും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കത്തി എന്നത് നമ്മളുടെ ഉപയോഗത്തില്‍നിന്ന് അര്‍ത്ഥം നേടുന്ന ഒരു ഉപകരണമാണ്. ധാര്‍മ്മികമായി അതു നിഷ്പക്ഷമാണെങ്കിലും അവയുടെ ദുരുപയോഗമാണ് അധാര്‍മ്മികതയെന്ന് റുഷ്ദി കൂട്ടിച്ചേര്‍ക്കുന്നു. ഈ സംഭവത്തിനുശേഷം പരിഭ്രാന്തി, വിഷാദം തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഇതേക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആഴ്ചയില്‍ പലതവണ പേടിസ്വപ്നങ്ങള്‍ ഉണ്ടാകാറുണ്ട് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. കാലത്തിന് എല്ലാ മുറിവുകളും സുഖപ്പെടുത്താനൊക്കില്ലെന്നും പക്ഷേ, അതിനു വേദനയെ നിര്‍വ്വീര്യമാക്കാനും പേടിസ്വപ്നങ്ങള്‍ ഇല്ലാതാക്കാനും സാധിക്കും -അദ്ദേഹം പറയുന്നു.

സാമുവല്‍ ബെക്കറ്റ്
സാമുവല്‍ ബെക്കറ്റ്

ഇത്തരം ആക്രമണങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവര്‍ക്കു നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനവധിയാണ്. കാരണം അത്തരം ആഘാതങ്ങള്‍ ഓര്‍മ്മകളെ വികലമാക്കപ്പെടുന്നുണ്ട്. ഇതിനെ മറികടക്കാന്‍ നിരവധി ശാസ്ത്രീയ പദ്ധതികള്‍ വൈദ്യശാസ്ത്ര രംഗത്ത് ഇന്നു ലഭ്യമാണ്. അത്തരം പരിശീലന പദ്ധതികളിലൂടെ ഉല്‍ക്കണ്ഠയുടേയും വിഷാദത്തിന്റേയും ലക്ഷണങ്ങള്‍ കുറയ്ക്കാമെന്നും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്താമെന്നും പറയുന്നു. റുഷ്ദിയെ സംബന്ധിച്ചിടത്തോളം, ആക്രമണത്തെക്കുറിച്ച് എഴുതുന്നത്, തനിക്കു നേരിട്ട ആഘാതത്തെ അഭിമുഖീകരിക്കുന്നതിനും അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു ഘടനാപരമായ മാര്‍ഗ്ഗം കൂടിയാണ്. സംഭവത്തിന്റെ ഓര്‍മ്മയുമായി ബന്ധപ്പെട്ട ദുരിതവും ഓര്‍മ്മകളും വികാരങ്ങളും ഇതുവഴി ലഘൂകരിച്ചു എന്ന് റുഷ്ദി അവകാശപ്പെടുന്നു.

ഒന്നിലധികം ശസ്ത്രക്രിയകളും ഫിസിക്കല്‍ തെറാപ്പിയും ഉള്‍പ്പെട്ട തന്റെ 13 മാസത്തെ പുനരധിവാസ സമയത്ത്, വൈകാരികവും മാനസികവുമായ ആഘാതങ്ങളുമായി പൊരുത്തപ്പെടുക എന്നതായിരുന്നു റുഷ്ദി നേരിട്ട വെല്ലുവിളി. ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പായ 'കത്തി' പൂര്‍ത്തിയാക്കുന്നത് വെറുമൊരു സാഹിത്യശ്രമം മാത്രമല്ല, മറിച്ച് അതിജീവനത്തിന്റെ ഒരു പ്രവര്‍ത്തനമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

കത്തിയില്‍ റുഷ്ദിയുടെ ആഖ്യാനം വ്യക്തിപരമായ ആഘാതങ്ങള്‍ക്കപ്പുറം വിശാലമായ സാമൂഹിക ആശങ്കകളേയും അഭിമുഖീകരിക്കുന്നുണ്ട്. ഇതു കേവലം വ്യക്തിയുടെ ശാരീരികമായ അതിജീവനത്തിന്റെ ഒരു വിവരണം മാത്രമല്ല, ആധുനിക സാമൂഹിക ഘടനകളുടേയും പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകളുടേയും സങ്കീര്‍ണ്ണതകളെ അഭിമുഖീകരിക്കാന്‍ ആവശ്യമായ പ്രതിരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ബൗദ്ധികവും വൈകാരികവുമായ ഒരു യാത്ര കൂടിയാണ്. വിശാലമായ ഈ വീക്ഷണം ആഖ്യാനത്തെ സമ്പന്നമാക്കുക മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള സ്വന്തം അനുഭവങ്ങളില്‍ സമാനതകള്‍ കണ്ടെത്തുന്ന വായനക്കാരുമായി ബന്ധിപ്പിക്കാനും ഇടയാക്കും; പ്രത്യേകിച്ചും ലോകം മുഴുവന്‍ അത്തരമൊരു കെട്ട അവസ്ഥയിലൂടെ കടന്നുപോകുന്ന ഈ സമയത്ത്.

ആവിഷ്‌കാര സ്വാതന്ത്യ്രം എന്ന പ്രതിരോധം

വ്യക്തിത്വത്തെ രാഷ്ട്രീയവുമായി ഇഴചേര്‍ക്കാനുള്ള റുഷ്ദിയുടെ കഴിവ് ഇവിടെയും പ്രകടമാണ്, ഈ വിശാലമായ വിവരണങ്ങള്‍ക്കുള്ളില്‍ സ്വന്തം നിലപാടുകള്‍ പ്രതിഫലിപ്പിക്കാന്‍ വായനക്കാരെ ക്ഷണിക്കുന്ന ബഹുതല വീക്ഷണവും റുഷ്ദി വാഗ്ദാനം ചെയ്യുന്നുണ്ട്. അക്രമത്തിന്റെ വ്യക്തിഗത വിവരണത്തെ മറികടക്കുന്ന ഒരു സുപ്രധാന സാഹിത്യ സൃഷ്ടിയാക്കി കത്തിയെ മാറ്റുന്ന പ്രധാന ഘടകവും അതുതന്നെയാണ്. റുഷ്ദിയുടെ വിമര്‍ശനം സാഹിത്യ സമൂഹത്തിലേക്കും പ്രസിദ്ധീകരണ വ്യവസായത്തിലേക്കും വ്യാപിക്കുന്നുണ്ട്, തന്നെപ്പോലെ അവരുടെ സൃഷ്ടികള്‍ക്കു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന എഴുത്തുകാരെ സംരക്ഷിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ഭീഷണി നേരിടുന്ന എഴുത്തുകാര്‍ക്ക് റുഷ്ദിയുടെ ഈ വിമര്‍ശനം കൂടുതല്‍ കരുത്തുറ്റ പ്രതിരോധ സംവിധാനം ആവശ്യപ്പെടുന്നുണ്ട്. ഒപ്പം സ്വതന്ത്രമായ ആവിഷ്‌കാര തത്വം ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ഇവിടെ ഉയര്‍ത്തിക്കാട്ടുന്നു.

സമകാലിക പ്രത്യയശാസ്ത്ര പോരാട്ടങ്ങളെ രൂപപ്പെടുത്തുന്നതില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പങ്കിനെക്കുറിച്ച് റുഷ്ദി ഇവിടെ കൈകാര്യം ചെയ്യുന്നുണ്ട്. യുട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ അക്രമത്തിലേക്കു നയിച്ചേക്കാവുന്ന റാഡിക്കല്‍ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തിന് എങ്ങനെ സംഭാവന നല്‍കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്രമായ ആവിഷ്‌കാരത്തിനുള്ള ഉപകരണമായി നിലകൊള്ളുമ്പോള്‍ തന്നെ തീവ്രവാദി അക്രമത്തിനുള്ള സാധ്യതയുള്ള ഉത്തേജകമായും ഡിജിറ്റല്‍ മീഡിയയുടെ ഈ ഇരട്ട പങ്കിനെ കത്തി കൈകാര്യം ചെയ്യുന്നുണ്ട്. ഈ ഓര്‍മ്മക്കുറിപ്പ് ഒരു വ്യക്തിഗത വിവരണമായി മാത്രമല്ല, ആധുനിക ആശയവിനിമയ ഉപകരണങ്ങള്‍ പൊതുജനാഭിപ്രായത്തേയും രാഷ്ട്രീയ വ്യവഹാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ വിമര്‍ശനാത്മക പരിശോധന കൂടിയാണ്. ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുമായുള്ള സജീവമായ ഇടപെടലിലൂടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുവേണ്ടിയുള്ള തന്റെ വാദത്തില്‍ റുഷ്ദി ഉറച്ചുനില്‍ക്കുന്നു.

2012-ല്‍ പുറത്തിറങ്ങിയ ആത്മകഥാംശം നിറഞ്ഞ റുഷ്ദിയുടെ Joseph Anton: A Memoir എന്ന പുസ്തകത്തിലെ വിശാലമായ സാമൂഹിക വിശകലനത്തില്‍നിന്ന് 'കത്തി'യിലേക്ക് എത്തുമ്പോള്‍ ആഖ്യാനശൈലിയില്‍ ഒരു സുപ്രധാന പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട് എന്നു കാണാം. ബാഹ്യസാംസ്‌കാരിക വിമര്‍ശനങ്ങളേക്കാള്‍ വ്യക്തിപരമായ അതിജീവനത്തിനാണ് കത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെ അപ്പോഴും സങ്കീര്‍ണ്ണമായ സ്വാതന്ത്ര്യം, സ്വത്വം, സാംസ്‌കാരിക സംഘര്‍ഷം തുടങ്ങിയ വിഷയങ്ങളില്‍ ഇടപഴകുന്നത് റുഷ്ദി തുടരുന്നുമുണ്ട്.

'കത്തി' ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ വ്യക്തിപരമായ ഒരു വിവരണം മാത്രമല്ല, എഴുത്തുകാര്‍ക്കെതിരായ അത്തരം അക്രമത്തിന്റെ വിശാലമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ധ്യാനമായും (meditation) വര്‍ത്തിക്കുന്നു. ആക്രമണത്തിനുശേഷമുള്ള ശാരീരികവും മാനസികവുമായ വീണ്ടെടുക്കല്‍ പ്രക്രിയകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ഓര്‍മ്മക്കുറിപ്പു കൂടിയാണിത്. ചില വായനക്കാരും സാഹിത്യ നിരൂപകരും റുഷ്ദിയുടെ ധീരവും ഭാവനാത്മകവുമായ ഈ ആഖ്യാനത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുമ്പോഴും മറ്റു ചിലര്‍ പുസ്തകത്തിന്റെ ആഖ്യാന ഘടനയെ വിമര്‍ശിക്കുകയും ചെയ്യുന്നു.

എന്തായാലും ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും അത് ഉയര്‍ത്തിപ്പിടിക്കുന്ന അപകടസാധ്യതകളേയും കുറിച്ചുള്ള ഒരു വിമര്‍ശനാത്മക വ്യവഹാരത്തിനുള്ളില്‍ തന്നെയാണ് റുഷ്ദി തന്റെ 'കത്തി' ആഴ്ത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com