നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

സിനിമ സൃഷ്ടിക്കുന്നവര്‍ക്കും സിനിമയുടെ ഭാവിയെക്കുറിച്ച് വേവലാതിയുണ്ടായിരുന്നു. ''ഭാവിയില്ലാത്ത ഒരു കണ്ടുപിടുത്തമാണ് സിനിമ'' എന്നാണ് ആദ്യ സിനിമ പ്രദര്‍ശിപ്പിച്ച ലൂമിയര്‍ സഹോദരന്മാര്‍ അന്നു സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇതിനെയൊക്കെ മറികടന്നുകൊണ്ട് സിനിമ മുന്നോട്ട് പോവുകയാണ്. നിശ്ശബ്ദതയില്‍നിന്നു ശബ്ദത്തിലേക്കും, കറുപ്പിലും വെളുപ്പിലും നിന്നു നിറങ്ങളിലേക്കുമുള്ള മാറ്റത്തിനു കുറച്ചധികം സമയം എടുത്തുവെങ്കില്‍ അനലോഗില്‍നിന്നു ഡിജിറ്റലില്‍ എത്തിയതോടെ മാറ്റങ്ങള്‍ക്കു വേഗതയേറി. സിനിമ കാണുന്ന ഉപകരണങ്ങളിലും സിനിമാക്കാഴ്ചയിലും ഇനിയും വലിയ മാറ്റങ്ങള്‍ വന്നേക്കാം
നിരന്തരം മരിക്കുകയും
പുനര്‍ജനിക്കുകയും
ചെയ്യുന്ന സിനിമ

''സിനിമയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കും, കാരണം സിനിമ അതിന്റെ അന്വേഷണത്തിന്റെ ആരംഭത്തിലാണ്''

-ഗില്‍ ദെല്യൂസ്

1895 ഡിസംബര്‍ 28-ന് ലൂമിയര്‍ സഹോദരന്മാരുടെ പാരീസിലെ പ്രദര്‍ശനത്തോടെ സിനിമ ജനിച്ചു എന്നാണ് നാം പറയുക. അതുപോലെ 1913 ഏപ്രില്‍ 21-ന് ബോംബെയിലെ ഒളിമ്പിയ തിയേറ്ററില്‍ ഫാല്‍ക്കെ തന്റെ 'രാജാ ഹരിശ്ചന്ദ്ര' പ്രദര്‍ശിപ്പിച്ചതോടെ ഇന്ത്യന്‍ സിനിമ ജനിച്ചു എന്നും. എന്നാല്‍, സിനിമയേക്കാള്‍ വലുതാണ് സിനിമയുടെ പ്രായം എന്നാണ് സിനിമാ പഠിതാവായ ആഷിഷ് രാജാധ്യക്ഷയുടെ അഭിപ്രായം. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ ഇപ്രകാരം പറയുകയുണ്ടായി: ''യൂറോപ്യന്‍ കലയുടെ ചരിത്രമായ Social History of Art എന്ന പുസ്തകം അര്‍ണോള്‍ഡ് ഹൌസര്‍ അവസാനിപ്പിക്കുന്നത് 'ഫിലിം ഏജ്' എന്ന അദ്ധ്യായത്തിലാണ്. സിനിമായുഗത്തിന്റെ ഭാഗമായി ക്യൂബിസ്റ്റ് പെയിന്റിംഗിനെ അദ്ദേഹം പരാമര്‍ശിക്കുന്നു. അതുപോലെ ഫോട്ടോഗ്രാഫിയിലും മറ്റു പ്രകടനകലകളിലും സിനിമയെ നിര്‍വ്വചിക്കുന്ന പലതും ഉണ്ട്.'' അങ്ങനെ നോക്കുമ്പോള്‍ സിനിമ ജനിച്ചതല്ല, അത് ഉണ്ടാവാന്‍ നിര്‍ബ്ബന്ധിതമായതാണ് എന്നു പറയേണ്ടിവരും. അതു പതുക്കെ ജനിച്ചു എന്നും പറയേണ്ടിവരും. അതായത്, ഈ പറയുന്ന പ്രദര്‍ശനങ്ങള്‍ക്ക് എത്രയോ മുന്‍പേ സിനിമ എന്ന കല ജനിച്ചു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ജീവിതകാലം മുഴുവന്‍ ഒരു ഗുഹയുടെ ഭിത്തിയില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട് ശൂന്യമായ ചുമരിന് അഭിമുഖമായി ജീവിച്ച ഒരുകൂട്ടം ആളുകള്‍ അവരുടെ പിന്നില്‍ തീയുടെ മുന്നിലൂടെ കടന്നുപോകുന്ന വസ്തുക്കളില്‍നിന്നു ചുവരില്‍ തെളിയുന്ന നിഴലുകള്‍ നിരീക്ഷിക്കുകയും ഈ നിഴലുകള്‍ക്കു പേരുകള്‍ നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള പ്ലാറ്റോയുടെ വിവരണം ഒരുപക്ഷേ, സിനിമയുടെ ആദ്യ മാതൃകയാവാം. പ്രകാശത്തോടുള്ള സ്വാഭാവികമായ ജിജ്ഞാസയും അഭിനിവേശവും നമുക്കുണ്ട്. പ്രകാശം ചലിക്കുന്ന ചിത്രങ്ങളെ രൂപപ്പെടുത്തുകയും ആധുനിക യുഗത്തില്‍ നാം എങ്ങനെ സിനിമകള്‍ നിര്‍മ്മിക്കുന്നുവെന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നു. ഗില്‍ ദെല്യൂസിന്റെ അഭിപ്രായത്തില്‍ പ്രപഞ്ചം തന്നെ സിനിമയാണ്. അദ്ദേഹം ഇപ്രകാരം എഴുതുകയുണ്ടായി: പ്രപഞ്ചം മുഴുവനും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, എന്നാല്‍ ഏതൊരു വ്യക്തിഗത വശവും അതിന്റെ ഏതു ഭാഗവും ഒരു ദൃശ്യമാണ്. എന്റെ ശരീരം, ഒരു ആറ്റം, ഭൂമി, സൂര്യന്‍, ഒരു നായ ഇവയെല്ലാം ദൃശ്യങ്ങളാണ്. ഇത് ഈ വാക്കിന്റെ വിചിത്രമായ ഉപയോഗമായി തോന്നിയേക്കാം, എന്നാല്‍, ആശയക്കുഴപ്പത്തിലാകുമ്പോഴെല്ലാം, ഈ പദത്തെ അതിന്റെ ക്രിയാരൂപമായ 'image' ഉപയോഗിച്ച് മാറ്റി സ്ഥാപിക്കാം. വ്യക്തിഗതമായി നിലനില്‍പ്പുള്ള ഈ ഓരോന്നും എന്റെ ശരീരം, ഭൂമി, ഒരു ആറ്റം മുതലായവ പ്രപഞ്ചത്തിന്റെ ബാക്കി ഭാഗങ്ങളെ അവതരിപ്പിക്കുകയോ ദൃശ്യമാക്കുകയോ ചെയ്യുന്നു. അവ ബാക്കിയുള്ളവയുടെ അപവര്‍ത്തനങ്ങളാണ്.

ലൂമിയര്‍ സഹോദരന്മാര്‍
ലൂമിയര്‍ സഹോദരന്മാര്‍

പല സാങ്കേതികവിദ്യകളുടെ കണ്ടുപിടുത്തമാണ് പതിയെ ചലിക്കുന്ന ചിത്രങ്ങളുടെ (സിനിമയുടെ) ജനനത്തിലേക്ക് നയിച്ചത്. Optical toys, Diorama theatre, Magic lantern പോലുള്ള വിനോദ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍, പരീക്ഷണ കുതുകികള്‍, വിനോദ കലാകാരന്മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരുടെ ശ്രമങ്ങള്‍ ഇതിനു പിന്നിലുണ്ട്. 18-ാം നൂറ്റാണ്ടിലേയും 19-ാം നൂറ്റാണ്ടിലേയും സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ സാഹചര്യവും. ഇതൊക്കെയും ചേര്‍ന്ന് വാണിജ്യവല്‍ക്കൃത വിനോദങ്ങളുടെ വിജയത്തെ പ്രാപ്തമാക്കി.

നമ്മുടെ നാട്ടില്‍ നിഴല്‍പാവനാടകങ്ങളുടെ ദൃശ്യ-ശ്രാവ്യാനുഭവം ഉണ്ടായിരുന്നു. ഇന്ത്യയില്‍ ആദ്യകാലത്ത് കൊല്‍ക്കത്തയിലും മറ്റും ഒരു നാടകത്തോടൊപ്പം ബയോപിക് പ്രദര്‍ശനവും ഉണ്ടായിരുന്നു. ''അങ്ങനെ ഒരു ചെറിയ ബീജമായി ജനിച്ച സിനിമ പതിയെ ഭീമാകാരമായ തിമിംഗലമായി മാറി'' എന്നാണ് രാജാധ്യക്ഷ അഭിപ്രായപ്പെട്ടത്. സിനിമ മെല്ലെ എല്ലാത്തിനേയും അതിലേയ്ക്ക് വലിച്ചെടുക്കാന്‍ തുടങ്ങി. അങ്ങനെ ആദ്യകാലത്തെ അരികുവല്‍ക്കരിക്കപ്പെട്ട സാന്നിധ്യത്തില്‍നിന്നു സിനിമ മറ്റു കലാരൂപങ്ങളെ പിന്നിലാക്കി മുന്നേറി. അതുപോലെ സിനിമയ്ക്കു ശേഷമുള്ള നിരവധി സാംസ്‌കാരിക വ്യവസായങ്ങളും ഉണ്ട്. ടിവി, പരസ്യം, ഇവന്റ് മാനേജ്മെന്റ്, നവ മാധ്യമങ്ങള്‍ എന്നിവയെല്ലാം പോസ്റ്റ്-സിനിമാറ്റിക് വിനോദ മേഖലകളാണ്. അതായത്, സിനിമ പലതായി പരന്നൊഴുകുന്നു.

അക്കാലത്ത് കൊല്‍ക്കത്തയ്ക്ക് പ്രൊഫഷണല്‍ നാടകത്തിന്റെ ശക്തമായ പാരമ്പര്യമുണ്ടായിരുന്നതിനാല്‍ നാടകശാലകള്‍ സിനിമകളുടെ പ്രദര്‍ശനവേദിയായി പ്രവര്‍ത്തിച്ചു. അന്ന് ഒരു നാടകത്തോടൊപ്പം ബയോപിക് പ്രദര്‍ശനവും ഉണ്ടായിരുന്നു. അതു പ്രേക്ഷകരെ സംബന്ധിച്ച് വിനോദത്തിനുള്ള ഇരട്ട അവസരമായിരുന്നു. മാത്രവുമല്ല, ക്ലാസിക് തിയേറ്ററിന്റെ ഉടമയായിരുന്ന അമരേന്ദ്ര നാഥ് ദത്തയെപ്പോലെ നാടകവേദിയില്‍ സ്വാധീനമുള്ള തിയേറ്റര്‍ ഉടമകള്‍ ഹിരാലാല്‍ സെന്നിനെ തന്റെ നാടകാവതരണങ്ങളുടെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചുകൊണ്ട് സിനിമകളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിച്ചു, അവ പിന്നീട് ''നമ്മുടെ പ്രശസ്ത നാടകങ്ങളില്‍നിന്നുള്ള ആകര്‍ഷകമായ ദൃശ്യങ്ങള്‍'' എന്നു പരസ്യപ്പെടുത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

അതേസമയം, സിനിമയുടെ പിറവി സിനിമയുടെ മരണവുമായും ബന്ധപ്പെട്ടിരിക്കുന്നു. മരണം ജനനത്തെ സാധ്യമാക്കുന്നു. അതായത്, ഒന്നിന്റെ പിറവിക്കു കാരണമായത് അതിന്റെതന്നെ അന്തകനായി മാറുന്നു എന്നു സംശയം തോന്നിപ്പിക്കുന്ന വിചിത്രമായ സംഗതികളാണ് സിനിമയുടെ കാര്യത്തില്‍ സംഭവിച്ചത്. സാങ്കേതികവിദ്യയില്‍നിന്ന് ജന്മംകൊണ്ട

സിനിമയെ സാങ്കേതികവിദ്യതന്നെ തളര്‍ത്തുമോ എന്നാണ് നാം സംശയിച്ചത്. ടി.വി, വീഡിയോ കാസറ്റ്, ഡി.വി.ഡി എന്നിവ വലിയതോതില്‍ പ്രചരിച്ചപ്പോള്‍ നാം സിനിമയുടെ അന്ത്യം പ്രവചിച്ചു. വലിയ ഒറ്റ തിയേറ്ററില്‍നിന്ന് മള്‍ട്ടിപ്ലെക്‌സുകളിലേയ്ക്ക് സിനിമ ചേക്കേറിയപ്പോഴും നാം വിലപിച്ചു. അതുപോലെ സിനിമ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കും മൊബൈലിലേയ്ക്കും ലാപ്ടോപ്പുകളിലേയ്ക്കും കുടിയേറിയപ്പോള്‍ തിയേറ്ററുകളുടേയും സിനിമയുടേയും ശവപ്പെട്ടിയില്‍ നാം ആണിയടിച്ചു. കൊറോണ ലോകത്തെ മുഴുവന്‍ നിശ്ചലമാക്കി മനുഷ്യരെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിയ സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെക്കുറിച്ചു നാം ഒരിക്കല്‍ക്കൂടി വേവലാതിപ്പെട്ടു. ശബ്ദത്തിന്റേയും ഡിജിറ്റലിന്റേയും വരവ് സിനിമയുടെ മരണമാണ് എന്ന രീതിയില്‍ പലരും പറഞ്ഞു. ഇന്നു നിര്‍മ്മിതബുദ്ധി സിനിമയുണ്ടാക്കുമ്പോള്‍ നാം സിനിമയുടെ ഭാവിയെക്കുറിച്ചു വീണ്ടും വേവലാതിപ്പെടുന്നു. നിര്‍മ്മിതബുദ്ധി തൊഴില്‍ നഷ്ടപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് ഹോളിവുഡില്‍ നടന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സാമൂഹികാഘാതത്തെപ്രതി വേവലാതികൊള്ളുന്നു.

ഭാവിയില്ലാത്ത കണ്ടുപിടുത്തം

സിനിമ സൃഷ്ടിക്കുന്നവര്‍ക്കും സിനിമയുടെ ഭാവിയെക്കുറിച്ച് വേവലാതിയുണ്ടായിരുന്നു. ''ഭാവിയില്ലാത്ത ഒരു കണ്ടുപിടുത്തമാണ് സിനിമ'' എന്നാണ് ആദ്യ സിനിമ പ്രദര്‍ശിപ്പിച്ച ലൂമിയര്‍ സഹോദരന്മാര്‍ അന്നു സിനിമയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാല്‍, ഇതിനെയൊക്കെ മറികടന്നുകൊണ്ട് സിനിമ മുന്നോട്ട് പോവുകയാണ്. നിശ്ശബ്ദതയില്‍നിന്നു ശബ്ദത്തിലേക്കും, കറുപ്പിലും വെളുപ്പിലും നിന്നു നിറങ്ങളിലേക്കുമുള്ള മാറ്റത്തിനു കുറച്ചധികം സമയം എടുത്തുവെങ്കില്‍ അനലോഗില്‍നിന്നു ഡിജിറ്റലില്‍ എത്തിയതോടെ മാറ്റങ്ങള്‍ക്കു വേഗതയേറി. സിനിമ

നിരന്തരം മരിക്കുകയും
പുനര്‍ജനിക്കുകയും
ചെയ്യുന്ന സിനിമ
ബങ്കുബാബുര്‍ ബന്ധു മുതല്‍ അയലാന്‍ വരെ

കാണുന്ന ഉപകരണങ്ങളിലും സിനിമാക്കാഴ്ചയിലും ഇനിയും വലിയ മാറ്റങ്ങള്‍ വന്നേക്കാം. രൂപം മാത്രമല്ല, ഉള്ളടക്കവും മാറുകയാണ്. വ്യത്യസ്ത മാധ്യമങ്ങള്‍ തമ്മില്‍ (ഉദാ: ചിത്രം, ശില്പം, പ്രകടനം, സിനിമ) പരമ്പരാഗതമായി നിലനിന്നിരുന്ന അതിരുകള്‍ മാഞ്ഞുപോവുകയും വിവിധ കലാരൂപങ്ങള്‍ തമ്മിലുള്ള സങ്കലനവും സംയോഗവും സംഭവിക്കുന്നു. ഇത്തരത്തില്‍ സിനിമ പല രീതിയില്‍ വിപുലീകരിക്കും. സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്: ''വരും കാലങ്ങളില്‍ സിനിമ അതിന്റെ അതിരുകള്‍ വികസിപ്പിക്കും.''

വിഷ്വല്‍ ആര്‍ട്ടിലെ ഒരു വിഭാഗമാണ് വീഡിയോ ആര്‍ട്ട്. ഇത് വീഡിയോ റെക്കോര്‍ഡിംഗുകള്‍, പ്രൊജക്ഷനുകള്‍ എന്നിവയിലൂടെ ആശയത്തെ സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിക്കാനുള്ള മാധ്യമമാണ്. വീഡിയോ ആര്‍ട്ടും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, വീഡിയോ ആര്‍ട്ട് തിയേറ്ററിനായി രൂപകല്പന ചെയ്ത സിനിമയെ നിര്‍വ്വചിക്കുന്ന പല സമ്പ്രദായങ്ങളേയും ആശ്രയിക്കുന്നില്ല. വീഡിയോ ആര്‍ട്ട് അഭിനേതാക്കളെ ഉപയോഗിച്ചേക്കില്ല, സംഭാഷണങ്ങളൊന്നും അടങ്ങിയിരിക്കില്ല, വ്യക്തമായ ഇതിവൃത്തമോ ആഖ്യാനമോ ഇല്ലായിരിക്കാം, കൂടാതെ ചലനചിത്രങ്ങളെ വിനോദമെന്നു പൊതുവെ നിര്‍വ്വചിക്കുന്ന മറ്റു ഘടകങ്ങളേയും പിന്തുടരുന്നില്ല. അവാംഗ് ഗാര്‍ഡ് സിനിമ, ഷോര്‍ട്ട് ഫിലിം, പരീക്ഷണ സിനിമ എന്നിങ്ങനെയുള്ള സിനിമയുടെ ഉപവിഭാഗങ്ങളില്‍നിന്നു വീഡിയോ ആര്‍ട്ടിനെ ഈ വ്യത്യാസം വേര്‍തിരിക്കുന്നു.

ഡിജിറ്റല്‍ റെക്കോര്‍ഡിംഗ് ഉപകരണങ്ങളുടെ ആവിര്‍ഭാവത്തോടെ, പല കലാകാരന്മാരും ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഒരു പുതിയ ആവിഷ്‌കാരമാര്‍ഗ്ഗമായി പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങി. ചിത്രം, ശില്പം എന്നിവ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന ആര്‍ട്ട് എക്‌സിബിഷനുകള്‍ വീഡിയോ ആര്‍ട്ടിന്റെ ശബ്ദം പ്രേക്ഷകരുടെ ശ്രദ്ധയെ മലിനപ്പെടുത്തുമെന്നു കരുതി. എന്നാല്‍, 1990-കളുടെ തുടക്കം മുതല്‍ ആര്‍ട്ട് എക്‌സിബിഷനുകള്‍ മറ്റു സൃഷ്ടികള്‍ക്കൊപ്പം കലാകാരന്മാരുടെ വീഡിയോ ആര്‍ട്ടും പ്രദര്‍ശിപ്പിക്കുന്നു. 1960-കളില്‍ പരീക്ഷണാത്മക സിനിമയില്‍ തുടങ്ങി, വീഡിയോ ആര്‍ട്ട് കലാരംഗത്ത് വിപ്ലവം സൃഷ്ടിച്ചു.

വിഷ്വല്‍ ആര്‍ട്ട് മേഖലയിലെ മറ്റൊരു വിഭാഗമാണ് വീഡിയോ ഇന്‍സ്റ്റലേഷന്‍. അതു വീഡിയോ സാങ്കേതികവിദ്യയെ ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടുമായി സംയോജിപ്പിച്ച് പ്രേക്ഷകരെ സ്വാധീനിക്കുന്നതിനായി ഗാലറിയുടെ എല്ലാ വശങ്ങളും ഉപയോഗപ്പെടുത്തുന്നു. വീഡിയോ ആര്‍ട്ടിന്റെ പിറവിയില്‍നിന്നാണ് ഇതിന്റെ ഉത്ഭവം. ഡിജിറ്റല്‍ വീഡിയോ പ്രൊഡക്ഷന്‍ ടെക്നോളജി കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമായതോടെ ഇതിനു പ്രചാരം വര്‍ദ്ധിച്ചു. ഇന്ന്, വീഡിയോ ഇന്‍സ്റ്റലേഷന്‍ സര്‍വ്വവ്യാപിയാണ്, ഗാലറികളും മ്യൂസിയങ്ങളും മുതല്‍ നഗരങ്ങളിലോ വ്യാവസായിക ഭൂപ്രകൃതിയിലോ ഉള്ള സൈറ്റ്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന വിപുലീകൃത ഫീല്‍ഡ് വരെയുള്ള പരിതഃസ്ഥിതികളില്‍ ദൃശ്യമാണ്.

ഉപഭോക്തൃ വീഡിയോ ഉപകരണങ്ങള്‍ അവതരിക്കുന്നതിനു മുന്‍പ്, 8 എംഎം, 16 എംഎം ഫിലിം ഫോര്‍മാറ്റിലായിരുന്നു കലാകാരന്മാര്‍ ചലന ചിത്രങ്ങള്‍ സൃഷ്ടിച്ചത്. (35 എം.എം. ഫിലിം ഫോര്‍മാറ്റ് ചെലവേറിയതായിരുന്നു). എന്നാല്‍, സോണിയുടെ പോര്‍ട്ടാപാക്ക് വീഡിയോ ചിത്രീകരണ ഉപകരണം ലഭ്യമായതോടെ നിരവധി കലാകാരന്മാര്‍ പുതിയ സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങി. വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച കൊറിയന്‍-അമേരിക്കന്‍ കലാകാരനായ നാം ജൂണ്‍ പൈക്കിനെ (Nam June Paik) വീഡിയോ ആര്‍ട്ടിന്റെ സ്ഥാപകനായി കണക്കാക്കപ്പെടുന്നു. ഒരു ശാസ്ത്രീയ സംഗീതജ്ഞനായി പരിശീലനം നേടിയ അദ്ദേഹം 'ഫ്‌ലക്‌സസ്' കൂട്ടായ്മയില്‍ ചേരുകയും പരീക്ഷണാത്മക സംഗീത സംവിധായകനായ ജോണ്‍ കേജുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. 1964-ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലേയ്ക്ക് താമസം മാറിയ അദ്ദേഹം, സെലിസ്റ്റ് ഷാര്‍ലറ്റ് മൂര്‍മാനുമായി ചേര്‍ന്നു പ്രകടനകല സൃഷ്ടിക്കാന്‍ തുടങ്ങി. താമസിയാതെ, അദ്ദേഹം ടെലിവിഷനുകളും വീഡിയോ ടേപ്പ് റെക്കോര്‍ഡറുകളും തന്റെ ജോലിയില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി.

ഷിഗെക്കോ കുബോട്ട
ഷിഗെക്കോ കുബോട്ട

ഒരു കലാരൂപമെന്ന നിലയില്‍ പരക്കെ അംഗീകരിക്കപ്പെടുന്നതിനു വളരെ മുന്‍പുതന്നെ, പോര്‍ട്ടബിള്‍ വീഡിയോ ക്യാമറയായ സോണി പോര്‍ട്ടപാക്ക് ഉപയോഗിച്ച് വീഡിയോ ആര്‍ട്ടിലും നവമാധ്യമങ്ങളിലും പ്രവര്‍ത്തിച്ച ആദ്യ കലാകാരന്മാരില്‍ ഒരാളാണ് ഷിഗെക്കോ കുബോട്ട (Shigeko Kubota). ഒരു ജാപ്പനീസ് ശില്പിയും അവാംഗ്-ഗാര്‍ഡ് പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റുമായിരുന്ന കുബോട്ട കൂടുതലും ന്യൂയോര്‍ക്ക് സിറ്റിയിലാണ് താമസിച്ചിരുന്നത്. ഫ്‌ലക്‌സസ് സംഘടനയുടെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അവര്‍. വീഡിയോ മേഖലയെ ശില്പകലയിലേയ്ക്ക് വിപുലീകരിക്കുന്നതില്‍ കുബോട്ട വലിയ സംഭാവനകള്‍ ചെയ്തു. ഇതിലൂടെ വീഡിയോ സ്‌കള്‍പ്ച്ചര്‍ എന്നൊരു വിഭാഗം സൃഷ്ടിച്ചു. കുബോട്ടയുടെ ആദ്യത്തെ പ്രധാന വീഡിയോ ശില്പങ്ങള്‍ ആര്‍ട്ടിസ്റ്റ് മാര്‍സെല്‍ ഡുഷാമ്പിനാണ് സമര്‍പ്പിച്ചത്.

സാങ്കേതികവിദ്യയുടെ സ്വാധീനം, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ടെലിവിഷന്‍ സെറ്റ് വ്യക്തിഗത ഓര്‍മ്മകളിലും വികാരങ്ങളിലും ചെലുത്തുന്ന സ്വാധീനം പര്യവേക്ഷണം ചെയ്യുന്നു കുബോട്ടയുടെ സൃഷ്ടികള്‍. ദൃശ്യങ്ങള്‍ക്ക് ടെക്സ്റ്റും ഓഡിയോ കമന്ററിയും ചേര്‍ത്ത് ക്രോമ കീയിംഗ്, മാറ്റിംഗ്, കളറിംഗ് തുടങ്ങിയ ആദ്യകാല ഇമേജ് പ്രോസസ്സിംഗ് ടെക്നിക്കുകള്‍ ഉപയോഗിച്ചുകൊണ്ട് വീഡിയോ ഡോക്യുമെന്ററിയേയും വീഡിയോ ആര്‍ട്ടിനേയും സംയോജിപ്പിക്കുന്നു. 1977-ല്‍ കുബോട്ട, നാം ജൂണ്‍ പൈക്കിനെ വിവാഹം കഴിച്ചു.

ഈ രംഗത്തെ ആദ്യകാല കലാകാരന്മാരില്‍ പ്രശസ്തനാണ് ആന്‍ഡി വാര്‍ഹോള്‍ (Andy Warhol). അമേരിക്കന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റും ചലച്ചിത്ര സംവിധായകനും പോപ്പ് ആര്‍ട്ട് പ്രസ്ഥാനത്തിലെ മുന്‍നിര വ്യക്തിയുമായിരുന്ന അദ്ദേഹം 1970-ന്റെ തുടക്കത്തില്‍, ഒരു സോണി പോര്‍ട്ടപാക്ക് സ്വന്തമാക്കിയപ്പോള്‍ വീഡിയോ മീഡിയം പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങി.

നാം ലോകത്തെ നോക്കുന്ന രീതിയേയും ലോകം കലയെ കാണുന്ന രീതിയേയും ആന്‍ഡി വാര്‍ഹോള്‍ മാറ്റി. ദൃശ്യ നിര്‍മ്മാണത്തിന്റെ പുതിയ വഴികള്‍ അദ്ദേഹം കണ്ടുപിടിച്ചു. പെയിന്റിംഗ്, ഫോട്ടോഗ്രാഫി, ഫിലിം മേക്കിംഗ്, എഴുത്ത്, പ്രസിദ്ധീകരണം, പരസ്യം, ബ്രാന്‍ഡിംഗ്, പ്രകടനം, വീഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ എന്നീ മേഖലകളില്‍ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കൂടാതെ സ്വന്തം വ്യക്തിത്വംപോലും സര്‍ഗ്ഗാത്മക പരീക്ഷണങ്ങള്‍ക്കു തുല്യ സാധുതയുള്ള വേദിയാക്കി. വീഡിയോഗ്രാഫര്‍ എന്ന നിലയില്‍ ആന്‍ഡി വാര്‍ഹോളിന്റെ പ്രവര്‍ത്തനം വെറും ഒരു ദശാബ്ദത്തിലേറെ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും ഇന്ന്, വീഡിയോ ആര്‍ട്ടിലെ മികച്ച കലാകാരന്മാരില്‍ ഒരാളാണ് ആന്‍ഡി വാര്‍ഹോള്‍.

ആന്‍ഡി വാര്‍ഹോള്‍
ആന്‍ഡി വാര്‍ഹോള്‍

ആദ്യകാല പ്രമുഖ വീഡിയോ ആര്‍ട്ടിസ്റ്റുകളില്‍ പലരും കണ്‍സെപ്ച്വല്‍ ആര്‍ട്ട്, പ്രകടനം, പരീക്ഷണാത്മക സിനിമ എന്നിവയിലെ സമകാലിക ചലനങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു. തങ്ങളുടെ ഭാവനയെ ഏറ്റവും സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിക്കാന്‍ കലാകാരന്മാര്‍ പല വഴികള്‍ അന്വേഷിക്കുന്നു. എഡിറ്റിംഗ് സോഫ്റ്റ്വെയറിന്റെ വില കുറഞ്ഞതോടെ സാധാരണക്കാര്‍ക്ക് ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാനുള്ള അവസരം വര്‍ദ്ധിച്ചു. വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ വളരെ എളുപ്പത്തില്‍ ലഭ്യമായിത്തീര്‍ന്നു, അത് കലാകാരന്മാര്‍ മാധ്യമവുമായി പ്രവര്‍ത്തിക്കുന്ന രീതിയെ മാറ്റിമറിച്ചു.

യൂറോപ്പിലെ സ്വതന്ത്ര ടെലിവിഷനുകളുടെ വരവോടേയും വീഡിയോ ക്ലിപ്പുകളുടെ ആവിര്‍ഭാവത്തോടേയും കലാകാരന്മാര്‍ സ്പെഷ്യല്‍ ഇഫക്റ്റുകള്‍, ഉയര്‍ന്ന നിലവാരമുള്ള ദൃശ്യങ്ങള്‍, സങ്കീര്‍ണ്ണമായ എഡിറ്റിംഗ് എന്നിവയുടെ സാധ്യതകളും ഉപയോഗിച്ചു. ഹേഗിലെ വേള്‍ഡ് വൈഡ് വീഡിയോ ഫെസ്റ്റിവല്‍ (World Wide Video festival in The Hague), ജനീവയിലെ ബിനാലെ ഡി എല്‍ ഇമേജ് (Biennale de l'Image in Geneva) അല്ലെങ്കില്‍ ലിന്‍സിലെ ആര്‍സ് ഇലക്ട്രോണിക്ക (Ars Eletcronica in Linz) തുടങ്ങിയ വീഡിയോ ആര്‍ട്ടുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ട മേളകള്‍ ഈ രംഗത്തെ സൃഷ്ടിയുടെ പ്രാധാന്യം വികസിപ്പിക്കുകയും അടിവരയിടുകയും ചെയ്തു. നൂറ്റാണ്ടിന്റെ അവസാനത്തോടെ വിദേശത്ത്, സ്ഥാപനങ്ങളും കലാകാരന്മാരും മാധ്യമങ്ങളുടെ വിപുലീകരണ പ്രക്രിയയില്‍ പ്രവര്‍ത്തിച്ചു. കോളേജുകളിലും സര്‍വ്വകലാശാലകളിലും വീഡിയോ ആര്‍ട്ട്സ് പ്രോഗ്രാമുകള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങി.

സിനിമയും കലാകാരകൂട്ടായ്മയും

യൂറോപ്പിലും അമേരിക്കയിലും കലാകാരന്മാരുടെ കൂട്ടായ്മകള്‍ ഉണ്ടായിരുന്നു, വളരെക്കാലം മുന്‍പേ തന്നെ. രാഷ്ട്രീയം, സാഹിത്യം, നാടകം, ചിത്രകല, ശില്പം, സംഗീതം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുചേരുകയും ചര്‍ച്ചകള്‍ നടത്തുകയും പതിവായിരുന്നു. അതിന്റെയൊക്കെ ഭാഗമായാണ് കലയില്‍ പല പ്രസ്ഥാനങ്ങളും മാനിഫെസ്റ്റോകളും ഉടലെടുത്തത്. 1960-കളിലും 1970-കളിലും പരീക്ഷണാത്മക കലാപ്രകടനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കലാകാരന്മാര്‍, സംഗീത സംവിധായകര്‍, ഡിസൈനര്‍മാര്‍, കവികള്‍ എന്നിവരടങ്ങിയ ഒരു സംഘമായിരുന്നു ഫ്‌ലക്‌സസ്. അറുപതുകളിലെ ഏറ്റവും വിപ്ലവാത്മകവും പരീക്ഷണാത്മകവുമായ കലാ പ്രസ്ഥാനം എന്നാണ് ഫ്‌ലക്‌സസ് അറിയപ്പെടുന്നത്. ഒരു ജര്‍മന്‍ കലാകാരനും അദ്ധ്യാപകനും പ്രകടന കലാകാരനും ആര്‍ട്ട്

തിയറിസ്റ്റുമായിരുന്ന ജോസഫ് ഹെന്റിച്ച് ബ്യൂസ് (Joseph Heinrich Beuys), ഒരു ഡച്ച് അരാജകവാദിയും കലാകാരനുമായിരുന്ന വില്ലെം ഡി റിഡര്‍ (Willem de Ridder), അമേരിക്കന്‍ സംഗീതജ്ഞനും സംഗീത സൈദ്ധാന്തികനുമായിരുന്ന ജോണ്‍ കേജ് (John Cage), ഒരു അമേരിക്കന്‍ കലാകാരന്‍, സംഗീതസംവിധായകന്‍, ആര്‍ട്ട് തിയറിസ്റ്റ്, കവി, പ്രസാധകന്‍, പ്രിന്റ് മേക്കറും ആയിരുന്ന ഡിക്ക് ഹിഗ്ഗിന്‍സ് (Dick Higgins), ഒരു സ്വീഡിഷ് ഫോക്ക്‌ലോറിസ്റ്റും നരവംശശാസ്ത്രജ്ഞനുമായിരുന്ന ബെംഗ്ത് അഫ് ക്ലിന്റ്ബര്‍ഗ് (Bengt af Klintberg) മുതലായവര്‍ ഈ കൂട്ടായ്മയില്‍ പ്രവര്‍ത്തിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ യൂറോപ്പിലെ ഒരു അവാംഗ്-ഗാര്‍ഡ് കലാ പ്രസ്ഥാനമായിരുന്ന ദാദായിസം മറ്റൊരു കൂട്ടായ്മയായിരുന്നു. കലയുടെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ. ഹുഗോ ബോള്‍ (Hugo Ball) എന്ന എഴുത്തുകാരന്‍, ചിത്രകാരന്‍, ശില്പി, ചെസ്സ് കളിക്കാരന്‍, എഴുത്തുകാരന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ച മാര്‍സല്‍ ഡുഷാംപ് (Marcel Duchamp), ചിത്രകാരനും ശില്പിയും പ്രിന്റ് മേക്കറും ഗ്രാഫിക് ആര്‍ട്ടിസ്റ്റും കവിയുമായിരുന്ന മാക്‌സ് ഏണസ്റ്റ് (Max Ernst). വിഷ്വല്‍ ആര്‍ട്ടിസ്റ്റായിരുന്ന മാന്‍ റേ (Man Ray), കവിയും ഉപന്യാസകാരനും പ്രകടന കലാകാരനും പത്രപ്രവര്‍ത്തകനും നാടകകൃത്തും സാഹിത്യ-കലാ നിരൂപകനും സംഗീത സംവിധായകനും ആയിരുന്ന ട്രിസ്റ്റന്‍ സാറ (Tristan Tzara) മുതലായവര്‍ ഈ കൂട്ടായ്മയിലെ അംഗങ്ങളായിരുന്നു.

അംഗങ്ങളെക്കുറിച്ച് ഇത്രയും വിശദമായി പ്രതിപാദിക്കാന്‍ കാരണം അവരുടെ രാജ്യം, ഭാഷ, പ്രവര്‍ത്തന മേഖല എന്നിവയുടെ വൈവിധ്യം വ്യക്തമാക്കാനാണ്. ഇവര്‍ ഒന്നിച്ചു ചര്‍ച്ചകള്‍ നടത്തി എന്നു മാത്രമല്ല, ഇവര്‍ കലയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. അപ്പോള്‍ കലാസൃഷ്ടികളില്‍ ഉള്‍ച്ചേരുന്ന ആശയങ്ങളുടേയും ഭാവനയുടേയും ബഹുലതയും സങ്കരതയും വ്യക്തമാക്കാനാണ്. ഇതിന് ഉദാഹരണമാണ് സാല്‍വദോര്‍ ദാലിയുടേയും ലൂയി ബുനുവലിന്റേയും പ്രശസ്തമായ കൂട്ടുകെട്ട്. ബുനുവലിന്റെ Un Chien andalou, L'Âge d'or എന്നീ സിനിമകളുടെ രചനയില്‍ ദാലിയും പങ്കാളിയാണ്. എന്നാല്‍, ആ രീതിയിലുള്ള കൂട്ടായ്മകളോ കൊടുക്കല്‍

വാങ്ങലുകളോ അതിന്റെ ഭാഗമായി എന്തെങ്കിലും മാനിഫെസ്റ്റോയോ സിനിമാരംഗത്ത് നമുക്ക് ഉണ്ടായതായി അറിവില്ല. ഇവിടെ സിനിമയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ അതിന്റെ കര്‍ത്തൃത്വത്തെച്ചൊല്ലി തര്‍ക്കിക്കുകയായിരുന്നു.

വിദേശത്ത് 1960-കളോടെ വീഡിയോ ആര്‍ട്ട് പ്രദര്‍ശിപ്പിച്ച് തുടങ്ങിയെങ്കിലും 1990-കളോടെയാണ് ഇന്ത്യയില്‍ വീഡിയോ ആര്‍ട്ട് പ്രചാരത്തില്‍ വരുന്നത്. ഇന്ത്യയില്‍ ഹാന്‍ഡി ക്യാമുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമായതോടെ നിരവധി കലാകാരന്മാരും കലാകാരികളും അവരുടെ ആവിഷ്‌കാരത്തിന്റെ വിപുലീകരണത്തിനായി വീഡിയോ ഉപയോഗിച്ചു തുടങ്ങി. അടുത്തകാലത്തായി ഇന്ത്യയിലെ നിരവധി ഗാലറികളും സ്വകാര്യ കളക്ടര്‍മാരും അവരുടെ ശേഖരങ്ങളില്‍ വീഡിയോ ആര്‍ട്ട് ചേര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. വീഡിയോ ഫോര്‍മാറ്റുകള്‍ ഉപയോഗിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഉയര്‍ച്ചയിലേയ്ക്ക് ഇതു നയിച്ചു, കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഇത് അസാധ്യമാണെന്നു കരുതപ്പെട്ടിരുന്നു.

എന്നാല്‍, ഇതിനും വളരെ മുന്‍പേ ദശരഥ് പട്ടേല്‍ എന്ന കലാകാരന്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. ഫോട്ടോഗ്രാഫി, പെയിന്റിംഗ്, ഡിസൈന്‍, സെറാമിക്, ആര്‍ക്കിടെക്ച്ചര്‍, പ്രിന്റ് മേക്കിംഗ്, ശില്പം, സ്റ്റേജ് പെര്‍ഫോര്‍മന്‍സ് മുതലായ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടേല്‍ 1967-ല്‍, മോണ്‍ട്രിയല്‍ മേളയിലെ ഇന്ത്യന്‍ പവലിയനുവേണ്ടി, 'എ ജേര്‍ണി ഇന്‍ ഇന്ത്യ' എന്ന 9-സ്‌ക്രീന്‍ 360 ഡിഗ്രി പ്രൊജക്ഷന്‍ സൃഷ്ടിച്ചു. (അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു അദ്ദേഹം. ഹൈ-ടെക് ഉപകരണങ്ങള്‍ ലഭ്യമല്ലാതിരുന്ന കാലത്ത് പട്ടേല്‍ തന്റെ സ്വപ്നം സാക്ഷാല്‍ക്കരിച്ചത് ഇപ്രകാരം: ഒരു 'circarama effect' (ഒരു സിനിമ 360 ഡിഗ്രിയില്‍ പ്രദര്‍ശിപ്പിക്കുക) സൃഷ്ടിക്കാനായി അദ്ദേഹം കഴുത്തില്‍ തൂക്കിയിട്ട ഒന്‍പത് ക്യാമറകള്‍ക്കായി ഒരു പ്ലൈവുഡ് ഭവനം വിഭാവനം ചെയ്തു. ഒരു റിമോട്ട് ഷട്ടര്‍ റിലീസ് ഉപകരണവുമായി ക്യാമറകളെ ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍, വ്യത്യസ്ത ദിശകളിലേക്ക് അഭിമുഖീകരിക്കുന്ന ക്യാമറകള്‍ 'ഷൂട്ടിംഗ് ഇന്‍ ദി റൗണ്ട്' എന്ന പ്രഭാവം സൃഷ്ടിക്കുന്നതിന് ഒരേസമയം ഓണാവുകയും ഓഫാവുകയും ചെയ്യും. കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ക്യാമറകളുമായി ഇന്ത്യയിലൂടെ സഞ്ചരിച്ച് അദ്ദേഹം പകര്‍ത്തിയ 30,000 ചിത്രങ്ങള്‍ 1,600 ആയി എഡിറ്റ് ചെയ്യുകയും 18 ക റൗസല്‍ പ്രൊജക്ടറുകളുടെ കണ്‍സോളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഡിസോള്‍വ് സാങ്കേതികവിദ്യയെ മറികടക്കാനായി അദ്ദേഹം സ്ലേവ് മോട്ടോറുകള്‍ ഘടിപ്പിച്ച് മെക്കാനിക്കല്‍ ഫ്‌ലാപ്പുകള്‍ ഓടിക്കുന്നതിലൂടെ ഫേഡ്-ഇന്‍/ഫേഡ്-ഔട്ട് പ്രശ്‌നം തത്സമയം പരിഹരിച്ചു.

ചിത്രകലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നളിനി മലാനി, പുഷ്പമാല, തേജല്‍ ഷാ, തുഷാര്‍ ജോഗ്, അനിത ദുബെ, രണ്‍ബീര്‍ കലേക്ക, വിഭാ ഗല്‍ഹോത്ര, കിരണ്‍ സുബ്ബയ്യ, അനീഷ് കപൂര്‍, സഹേജ് റഹാല്‍, സുമേധ് രാജേന്ദ്രന്‍, ഗിഗി സ്‌കാറിയ, സുദര്‍ശന്‍ ഷെട്ടി, മിത്തു സെന്‍ മുതലായവര്‍ ഇന്ത്യയില്‍ വീഡിയോ ആര്‍ട്ട് രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ചിലരാണ്. ഇന്നു പല മേളകളിലും 'ആര്‍ട്ടിസ്റ്റ് സിനിമ' എന്നൊരു വിഭാഗം ക്യൂറേറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം പാക്കേജുകള്‍ ക്യൂറേറ്റ് ചെയ്ത സി.എസ്. വെങ്കിടേശ്വരന്‍ ഈ മേഖലയെക്കുറിച്ച് ഇപ്രകാരം പറയുന്നു: ''ദൃശ്യങ്ങളിലൂടെയുള്ള ആശയവിനിമയത്തിന്റെ തീവ്രതകളിലേയ്ക്ക് കാഴ്ചക്കാരനെ ക്ഷണിക്കാന്‍ ഈ കലാകാരന്മാരും കലാകാരികളും ചിന്തിക്കുകയും ധ്യാനിക്കുകയും ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ സംയോജിപ്പിക്കുകയും ചെയ്യുന്നു. കാലത്തിലേക്കും കാലത്തിലൂടെയും ഖനനം ചെയ്യുന്നു, സ്ഥലത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തുന്നു. സാമ്പ്രദായിക ആഖ്യാനങ്ങളില്‍നിന്നും ആദിമധ്യാന്തപ്പൊരുത്തമുള്ള ഘടനയില്‍നിന്നും അര്‍ത്ഥനിര്‍മ്മാണത്തിന്റെ നിര്‍ബ്ബന്ധങ്ങളില്‍നിന്നും പ്രേക്ഷക പ്രതീക്ഷകളെക്കുറിച്ചുള്ള വിപണി അടിച്ചേല്പിക്കലില്‍നിന്നും മുക്തമായ ഈ സൃഷ്ടികള്‍ കാഴ്ചയുടെ മറ്റു ധാരണകളുടേയും അനുഭവങ്ങളുടേയും ആവേശകരമായ യാത്രകളിലേയ്ക്ക് കാഴ്ചക്കാരെ ക്ഷണിക്കുന്നു.''

Un Chien andalou
Un Chien andalou

വ്യത്യസ്തരായ ചലച്ചിത്ര സംവിധായകര്‍ എന്ന നിലയില്‍ അറിയപ്പെടുന്ന വിദേശികളായ പലരും വീഡിയോ ആര്‍ട്ട്, പ്രതിഷ്ഠാപനം എന്നീ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അപിചാത്പോംഗ് വീരസേതാകുല്‍ (Sleep cinema hotel, Fire works, A Conversation with Sun), അബ്ബാസ് കിയരോസ്തമി (Five/Dedicated to Ozu, Seagull Eggs), സായ് മിംഗ് ലിയാംഗ് (Wandering), ഷിറിന്‍ നേഷാട്ട് (Turbulent, Soliloquy) മുതലായവര്‍ ഈ രംഗത്ത് പ്രശസ്തരാണ്. സ്ലോ സിനിമയ്ക്ക് പേരുകേട്ട ലിയാംഗിന്റെ Walker Series, Journey to the West എന്നീ സൃഷ്ടികള്‍ സിനിമയാണോ പ്രതിഷ്ഠാപനമാണോ പ്രകടനമാണോ എന്നു പറയാന്‍ ബുദ്ധിമുട്ടാണ്. സിനിമാ സംവിധാനം മതിയാക്കിയതിനുശേഷം ബേലാ താര്‍ Till the End of the World, Missing People എന്നീ പ്രതിഷ്ഠാപനങ്ങളിലൂടെ തിരിച്ചുവന്നു. മാത്രവുമല്ല, ചിലര്‍ പ്രതിഷ്ഠാപനത്തെ ഫീച്ചര്‍ സിനിമയാക്കി മാറ്റുന്നു, ഫീച്ചര്‍ സിനിമയെ പ്രതിഷ്ഠാപനമാക്കി മാറ്റുന്നു. ജൂലിയന്‍ റോസ്ഫെല്‍ഡ് തന്റെ Manifesto എന്ന 13 ചാനല്‍ ഇന്‍സ്റ്റലേഷനെ എഡിറ്റ് ചെയ്താണ് അതേ പേരില്‍ ഒരു ഫീച്ചര്‍ സിനിമയുണ്ടാക്കിയത്.

ബൗദ്ധികതയോട് മുഖം തിരിക്കുന്ന സിനിമ

മാറുന്ന ലോകം വിദേശ സിനിമാ സംവിധായകരെ പുതുക്കുന്നു. അല്ലെങ്കില്‍ മാറുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് അവര്‍ തങ്ങളുടെ സൃഷ്ടികളെ നവീകരിക്കുന്നു. തങ്ങളുടെ ആശയങ്ങളെ ഏറ്റവും ക്രിയാത്മകമായി ആവിഷ്‌കരിക്കാനുള്ള പുതുവഴികള്‍ അന്വേഷിക്കുകയാണ് ഇവര്‍. അതേസമയം, നമ്മുടെ സിനിമാ സംവിധായകര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു കാണുന്നില്ല. (അവര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കണം എന്ന നിര്‍ബ്ബന്ധം പറ്റില്ലല്ലോ). അവര്‍ പുതിയ കാലത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നു വ്യക്തമാക്കുകയാണ് ഇതിലൂടെ. (ശില്പം, പ്രതിഷ്ഠാപനം, പ്രിന്റ് മേക്കിംഗ് മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെ.എം. മധുസൂദനന്‍,

പെയിന്റിംഗ്, വീഡിയോ ആര്‍ട്ട് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബാബു ഈശ്വര്‍ പ്രസാദ്, ചിത്രകാരനായ എം.എഫ്. ഹുസൈന്‍ എന്നിവരെ മറക്കുന്നില്ല. മധുസൂദനന്‍ 'ബയോസ്‌കോപ്' എന്നൊരു സിനിമയും ബാബു ഈശ്വര്‍ പ്രസാദ് 'ഗലിബീജ' എന്നൊരു സിനിമയും ഹുസൈന്‍ Gaja Gamini, Meenaxi: A Tale of Three Cities എന്നീ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്). നമ്മുടെ സിനിമാ സംവിധായകര്‍ സിനിമയെ ഒരു ശുദ്ധ കല, പവിത്ര കല എന്ന രീതിയിലാണോ കാണുന്നത്? എന്നാല്‍, സിനിമ എന്ന സര്‍ഗ്ഗാത്മക ആവിഷ്‌കാരം കവിത, സംഗീതം, ചിത്രകല, നാടകം, വാസ്തുവിദ്യ മുതലായ കലാരൂപങ്ങളെ വിവിധ അളവുകളില്‍ സംയോജിപ്പിക്കുന്നു എന്നു ചില പഠിതാക്കള്‍ അഭിപ്രായപ്പെടുന്നു. സിനിമ മള്‍ട്ടി ട്രാക്ക് ആണെന്ന് ഒരു വാദമുണ്ട് ഇമേജ് ട്രാക്കിനു ചിത്രകലയുടേയും വിഷ്വല്‍ ആര്‍ട്ടിന്റേയും ചരിത്രമുണ്ട്, അതേസമയം സൗണ്ട് ട്രാക്കിനു സംഗീതം, സംഭാഷണം, ശബ്ദങ്ങള്‍ എന്നിവയുടെ ചരിത്രമുണ്ട് എന്നു ചില പഠിതാക്കള്‍ പറയുന്നു. മറ്റു കലാരൂപങ്ങളെ സ്വാംശീകരിക്കാനുള്ള സിനിമയുടെ കഴിവിനെക്കുറിച്ചു പലരും എഴുതിയിട്ടുണ്ട്. ഒരു സൈദ്ധാന്തികന്‍ നിശ്ശബ്ദ സിനിമയെ ഫോട്ടോഗ്രാഫിയുടേയും നാടകത്തിന്റേയും സങ്കരമായി കാണുന്നു, ശബ്ദ സിനിമയെ ശബ്ദവും സിനിമയും തമ്മിലുള്ള സങ്കരമായും കണക്കാക്കുന്നു. പുതിയകാലത്തെ സങ്കരമായി ചലിക്കുന്ന ദൃശ്യങ്ങളെ 'അശുദ്ധ ദൃശ്യങ്ങള്‍' എന്ന് ഒരു പഠിതാവ് വിശേഷിപ്പിക്കുകയുണ്ടായി സാമ്പ്രദായിക സിനിമാ സങ്കല്പങ്ങളില്‍നിന്നു മാറി പല മാധ്യമങ്ങള്‍ കൂടിക്കലരുന്നതുകൊണ്ടാണ് ഈ പ്രയോഗം.

നമ്മെ സംബന്ധിക്കുന്ന മറ്റൊരു കാര്യം, നാം പൊതുവെ യാഥാസ്ഥിതികരാണ്. മലയാളിയുടെ കടല്‍ കടന്നു പോക്കിനു വലിയ ചരിത്രമുണ്ടെങ്കിലും പല രാജ്യങ്ങളില്‍, പല അവസ്ഥകളില്‍, പല സംസ്‌കാരങ്ങളില്‍ ജീവിച്ചുവെങ്കിലും നാം അകമേ മാറിയില്ല. ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങളെക്കുറിച്ചു നമുക്ക് അറിവുണ്ടെങ്കിലും ഏറ്റവും പുതിയ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ സാമര്‍ത്ഥ്യം ഉണ്ടെങ്കിലും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം ഉള്ളവരാണെങ്കിലും സാഹിത്യം ധാരാളമായി വായിക്കുകയും സിനിമ ധാരാളമായി കാണുകയും ചെയ്യുന്നവരാണെങ്കിലും നാം അകത്ത് യാഥാസ്ഥിതികരാണ്. വിഷ്വല്‍ ആര്‍ട്ടിന്റെ കാര്യത്തില്‍ സാമ്പ്രദായിക സങ്കല്പങ്ങളാണ് നമ്മെ നയിക്കുന്നത്. അതുകൊണ്ടാണ് ബിനാലെ കണ്ട നാം പകച്ചതും 'ഇതൊക്കെ കലയാണോ' എന്നും സാമ്പ്രദായിക സങ്കല്പങ്ങളെ അട്ടിമറിക്കുന്ന അവാംഗ്-ഗാര്‍ഡ് സിനിമകള്‍ കാണുമ്പോള്‍ 'ഇതൊക്കെ സിനിമയാണോ' എന്നും നാം അത്ഭുതപ്പെടുന്നത്.

മറ്റൊന്ന്, ബൗദ്ധികതയോടുള്ള നമ്മുടെ മനോഭാവമാണ്. ബൗദ്ധികതയെ കുറ്റമായാണ് നാം കാണുന്നത്. തന്റെ കൃതികളെ ബൗദ്ധികമായ ആഡംബരത്താല്‍ ഭാരപ്പെടുത്താന്‍ ശ്രമിക്കാത്തത് ഒരു സംവിധായകന്റെ മഹത്വമായാണ് നാം കാണുന്നത്. ഈ ബൗദ്ധികതാനിരാസം ഇന്നത്തെ നമ്മുടെ സിനിമകളെ ആശയദരിദ്രമാക്കുന്നു. അതുകൊണ്ടുതന്നെ, ആവിഷ്‌കാരത്തിലും പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ നമുക്കാവുന്നില്ല. മറ്റൊന്ന്, ഒരു മധ്യവര്‍ത്തി സിനിമാ സംവിധായകന്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരാളെ നാം ബെഞ്ച്മാര്‍ക്ക് ആകുമ്പോള്‍ മലയാളത്തിലേയും ലോകത്തിലേയും കലാ സിനിമയുടെ, സൗന്ദര്യാത്മക സിനിമയുടെ വലിയ പാരമ്പര്യത്തെ നാം റദ്ദ് ചെയ്യുകയാണ്. ഇവരിലൂടെയാണ് സിനിമ വളര്‍ന്നതും വികസിച്ചതും.

ഇന്ന് ഉണ്ടാവുന്ന ഭൂരിഭാഗം സിനിമകളും ശരാശരിയോ അതിലും താഴെയുള്ളതോ ആണ്. ബൗദ്ധികതയോടുള്ള, വിനിമയത്തിലെ സങ്കീര്‍ണ്ണതകളോടുള്ള മുഖംതിരിക്കല്‍ നമ്മെ ലോകത്തിന്റെ സങ്കീര്‍ണ്ണതകള്‍ (സിനിമയുടേയും) ഒഴിവാക്കാനും സിനിമ എല്ലാവര്‍ക്കും അനായാസം ഗ്രഹിക്കാന്‍ കഴിയുന്നതും ആയിരിക്കണം എന്ന ചിന്തയിലേക്ക് എത്തിച്ചു. വീഡിയോ ആര്‍ട്ട്, ഇന്‍സ്റ്റലേഷന്‍ എന്നിവ പോകട്ടെ, വളരെ എക്സ്ട്രീം ആയ ആര്‍ട്ട് സിനിമകള്‍ പോലും ആസ്വദിക്കാന്‍ നമുക്കാവുന്നില്ല. എഴുപതുകളില്‍ അരവിന്ദന്‍, മണി കൗള്‍ പിന്നീട് വിപിന്‍ വിജയ് എന്നിവരുടെ സിനിമകളോട് പ്രതികരിച്ച അതേ രീതിയിലാണ് ഇത്തരം സിനിമകളോട് ഇന്നു ഭൂരിപക്ഷവും പ്രതികരിക്കുന്നത്. മാറുന്ന കാലത്തെ സങ്കര കലാസൃഷ്ടികള്‍ കാണാന്‍ നമുക്കു പുതിയ കണ്ണുകള്‍ വേണം.

സിനിമയെ സംബന്ധിച്ച് നാം ഇപ്പോഴും വളരെ ഇടുങ്ങിയ സങ്കല്പങ്ങളാണ് പിന്തുടരുന്നത്. റിയലിസത്തേയും ആഖ്യാനത്തേയും സംബന്ധിച്ച് സാമ്പ്രദായിക കാഴ്ചപ്പാടാണ് നമുക്കുള്ളത്. പഴയകാലത്തെ സംവിധായകരുടെ കാര്യം പോകട്ടെ, പുതിയകാലത്തെ സംവിധായകരും നവീകരിക്കാന്‍ തയ്യാറാവുന്നില്ല. സ്വയത്തേയും മാധ്യമത്തേയും നിരന്തരം പുതുക്കുന്നതിലൂടെ മാത്രമേ ഒരു കലാരൂപം എന്ന നിലയില്‍ സിനിമ മുന്നോട്ട് പോവൂ.

ആവിഷ്‌കാരത്തിനും കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനും നാടകത്തേക്കാള്‍ സാധ്യത കൂടുതല്‍ സിനിമയിലാണ് എന്നു തോന്നിയതിനാലാണത്രേ ഘട്ടക് സിനിമയിലേക്ക് വന്നത്. സിനിമയേക്കാള്‍ കൂടുതല്‍ സാധ്യതകളുണ്ട് എന്നു തോന്നുന്ന മറ്റൊരു മാധ്യമം ഉണ്ടെങ്കില്‍ സിനിമ ഉപേക്ഷിച്ച് അതിലേയ്ക്ക് പോവും എന്ന് ഘട്ടക് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വിഖ്യാത സോവിയറ്റ് ചലച്ചിത്ര സംവിധായകനും സൈദ്ധാന്തികനുമായ സെര്‍ഗി ഐസന്‍സ്റ്റീന്‍ കുറിച്ച വാക്കുകളാണ് ഓര്‍മ്മയില്‍ വരുന്നത്: ''സിനിമയുടെ ജനനശേഷമുള്ള 50 വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ അക്ഷയമായ വിഭവങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. ഇതുവരെ ചെയ്തതിനെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്, ചെയ്തത് പലതും വളരെ മികച്ചതാണ്. ഞാന്‍ സംസാരിക്കുന്നത് എന്തൊക്കെ ചെയ്യാമെന്നും സിനിമയ്ക്കു മാത്രം എന്തുചെയ്യാനാകുമെന്നുമാണ്. സിനിമയില്‍ മാത്രം ചെയ്യാനും സൃഷ്ടിക്കാനും കഴിയുന്ന സവിശേഷവും അതുല്യവുമായ കാര്യങ്ങളാണ് ഞാന്‍ ഉദ്ദേശിക്കുന്നത്... കലകളുടെ സമന്വയത്തിന്റെ പ്രശ്‌നം, സിനിമയില്‍ സാക്ഷാല്‍ക്കരിക്കാവുന്ന ഒരു സമന്വയത്തിന് ഇതുവരെ പൂര്‍ണ്ണമായ പരിഹാരം കണ്ടെത്തിയിട്ടില്ല.''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com