ചരിത്രശാസ്ത്രം: പ്രൊഫസര്‍ ഇ ശ്രീധരന്‍ എഴുതുന്നു

ചരിത്രം ഐച്ഛിക വിഷയമായെടുത്ത് കോളേജില്‍ പഠിക്കണമെന്ന് പറയുവാനല്ല ഇതെഴുതുന്നത്.
ചരിത്രശാസ്ത്രം: പ്രൊഫസര്‍ ഇ ശ്രീധരന്‍ എഴുതുന്നു

ചരിത്രമെന്ന വിഷയത്തെ തെറ്റിദ്ധരിക്കുന്നവരില്‍, അല്ലെങ്കില്‍ ശരിയായി ധരിക്കാത്തവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇതില്‍ നമുക്കൊരു പാരമ്പര്യം തന്നെയുണ്ട്. നിങ്ങള്‍ കോളേജില്‍ ചേര്‍ന്നാല്‍ അയല്‍പക്കക്കാരന്‍ ചോദിക്കും ''എന്തിനാണ് ചേര്‍ന്നതെന്ന്.'' ചരിത്രത്തിനാണ് ചേര്‍ന്നതെങ്കില്‍ നിങ്ങള്‍ വിഷമിച്ചുകൊണ്ട്, ഒരപകര്‍ഷബോധത്തോടെ, പറയും 'തേഡ് ഗ്രൂപ്പ്' എന്ന്. ''മാര്‍ക്ക് കുറവായിരിക്കും അല്ലേ'' എന്ന് ചോദ്യകര്‍ത്താവ് ഒരഭിപ്രായ പ്രകടനവും നടത്തും.

അലക്സാണ്ടര്‍ പോപ്പ് എന്ന ഇംഗ്ലീഷു് കവി ചരിത്രകാരന്മാരോട് പരിഹസിച്ചുകൊണ്ട് പറയുകയാണ്: ''കഴിഞ്ഞകാലത്തെ മൂഢത്വം കാത്തുസൂക്ഷിക്കുന്ന നിങ്ങളുടെ മൂഢത്വം വരാന്‍ പോകുന്ന കാലം കാത്തുസൂക്ഷിക്കുമാറാകട്ടെ!'' അതുപോലെതന്നെ സര്‍ ഫിലിപ്പ് സിഡ്‌നി പറഞ്ഞു: ''കേട്ടുകേള്‍വിയാണ് ചരിത്രകാരന്മാരുടെ ഏറ്റവും വലിയ പ്രമാണ''മെന്ന്. ''പല നുണകളില്‍നിന്നും സത്യത്തോട് ഏറ്റവും സാദൃശ്യമുള്ള നുണ തിരഞ്ഞെടുക്കുകയെന്ന കലയാണ് ചരിത്രം'' എന്നാണ് റൂസ്സോ പറഞ്ഞത്. ''നാലാളുകള്‍ സമ്മതിച്ചാല്‍ മതി, ഏതു കെട്ടുകഥയും ചരിത്രമാകും'' എന്നു നെപ്പോളിയന്‍. ചരിത്രം എപ്പോഴെങ്കിലും കുറച്ചു വായിക്കണമെന്നു തോന്നിയാല്‍, ചരിത്രകാരനും കൂടിയായിരുന്ന പ്രഷ്യയിലെ മഹാനായ ഫ്രെഡറിക് പറയുമായിരുന്നു, ''എന്റെ നുണയനെ കൊണ്ടുവരു'' എന്ന്!

ചരിത്രത്തിന്റെ സര്‍വ്വവ്യാപിത്വം
ഇങ്ങനെയൊക്കെയായാലും ആധുനിക ജീവിതത്തിലെ വലിയൊരു വ്യവസായമാണ് ചരിത്രം. എവിടെ നോക്കിയാലും ചരിത്രത്തിന്റെ സാന്നിദ്ധ്യം കാണാം. വെറും സാധാരണ സംഭാഷണത്തില്‍ക്കൂടി ചരിത്രം കടന്നുവരുന്നു. 'കാലം മാറിപ്പോയി', 'യുദ്ധത്തിനു മുന്‍പ്', 'യുദ്ധം കഴിഞ്ഞ്', 'ഇതുവരെ ഉണ്ടാകാത്ത', 'വിലയിടിവ്', 'വില വര്‍ദ്ധന', 'ക്ഷയിക്കുക', 'ഉല്‍ഭവവും വളര്‍ച്ചയും' എന്നിങ്ങനെയുള്ള വാക്ക് പ്രയോഗങ്ങള്‍ക്കുതന്നെ ചരിത്രത്തിന്റെ മണമുണ്ട്.

വലിയ ജനനേതാക്കന്മാരും രാജ്യതന്ത്രജ്ഞരുമെല്ലാം പല പ്രതിസന്ധിഘട്ടങ്ങളിലും ചരിത്രത്തിലേക്കു തിരിയുന്നതും ചരിത്രമുദ്ധരിക്കുന്നതും കാണാം. 1799-ല്‍ നെപ്പോളിയന്‍ ഈജിപ്തിലെ വലിയ പിരമിഡിന്റെ മുന്‍പില്‍ നിന്നുകൊണ്ട് തന്റെ സൈനികരോടു പറഞ്ഞു: '40 നൂറ്റാണ്ടുകളുടെ ചരിത്രമാണ് നിങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നതു്. ഇവിടെനിന്നുകൊണ്ടു തന്നെയാണ് സീസറും ഈ അത്ഭുതകരമായ കാഴ്ച കണ്ടതു്.'' ഏബ്രഹാം ലിങ്കണ്‍ തന്റെ പ്രസിദ്ധമായ ഗെറ്റിമ്പ്ബര്‍ഗ്ഗ് പ്രസംഗം തുടങ്ങുന്നതുതന്നെ ചരിത്രമുദ്ധരിച്ചുകൊണ്ട്: ''എണ്‍പത്തി ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ പൂര്‍വ്വികന്മാര്‍ സ്വാതന്ത്ര്യത്തില്‍ വിഭാവനം ചെയ്ത ഒരു രാഷ്ട്രം ഈ മണ്ണില്‍ സ്ഥാപിച്ചു.'' കത്തോലിക്കാസഭയുമായുള്ള തന്റെ ശക്തിപരീക്ഷണത്തില്‍ ബിസ്മാര്‍ക്ക് ജര്‍മ്മന്‍ റേക്സ്റ്റാഗില്‍ പ്രഖ്യാപിക്കുകയാണ്: ''പേടിക്കേണ്ട, ദേഹംകൊണ്ടോ ആത്മാവുകൊണ്ടോ നാം കാനോസ്സയിലേക്ക് പോവുകയില്ല.'' (1077-ല്‍ കാനോസ്സയിലെ കൊടുംതണുപ്പില്‍ മൂന്നുദിവസം പാദരക്ഷ പോലുമില്ലാതെ ജര്‍മ്മന്‍ ചക്രവര്‍ത്തിയായ ഹെന്‍ട്രി നാലാമന്‍ മഹാനായ ഗ്രിഗറി മാര്‍പ്പാപ്പയെ കാത്തുനിന്നു് അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണ് പശ്ചാത്തപിച്ച സംഭവം- ബിസ്മാര്‍ക്ക് ഉദ്ധരിച്ചത് 800 വര്‍ഷം മുന്‍പു നടന്ന സംഭവമാണ്.) രണ്ടാം ലോകമഹായുദ്ധകാലത്ത് 1943-ല്‍ സഖ്യസൈന്യങ്ങള്‍ ആക്രമിച്ചുകൊണ്ട് ഇറ്റലിയിലിറങ്ങിയപ്പോള്‍ മുസ്സോളിനിയുടെ ദീനരോദനം എന്തായിരുന്നെന്നോ? ''അയ്യോ, ചരിത്രം നമ്മുടെ കഴുത്തിലാണല്ലോ കയറിപ്പിടിച്ചിരിക്കുന്നത്!'' പ്രസിഡന്റ് ഐസന്‍ഹോവര്‍ ''പേള്‍ ഹാര്‍ബര്‍ ഇനി ഒരിക്കലുമില്ല'' എന്നു പറഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തിന്റെ പകുതി കഥ പറയുന്നുണ്ട്. 1947-ല്‍, ഇന്ത്യന്‍ സ്വാതന്ത്ര്യപ്പുലരിയില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്നുകൊണ്ട് നെഹ്‌റു ചെയ്ത പ്രസംഗം നമ്മുടെ ചെവികളില്‍ മാറ്റൊലിക്കൊണ്ടേ ഇരിക്കും. കാരണം അതു ചരിത്രത്തില്‍നിന്നുള്ള മാറ്റൊലിയാണ്. അദ്ദേഹം പറഞ്ഞു: ''നീണ്ട വര്‍ഷങ്ങള്‍ക്കു മുന്‍പ് വിധിയോടു ചെയ്ത വാഗ്ദാനമാണ് നാമിന്നു നിറവേറ്റുന്നത്.''

ചരിത്രം ഒരു സാമൂഹികാവശ്യം
നാമെല്ലാം എപ്പോഴും ചരിത്രത്തിലേക്കു് തിരിയുന്നതും ചരിത്രം ഉദ്ധരിക്കുന്നതും ഒരു കാര്യം തെളിയിക്കുന്നു: മനുഷ്യന്റെ വ്യാവഹാരിക ജീവിതത്തില്‍ മാറ്റിനിര്‍ത്താന്‍ പറ്റാത്ത ഒരു ഗുണവിശേഷം ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിങ്ങനെയുള്ള ശാസ്ത്രങ്ങളെപ്പോലെ ചരിത്രത്തിനുണ്ടെന്നതാണ്. സാധാരണ ജീവിതത്തില്‍ നിസ്സാരമായ കാര്യങ്ങളെപ്പറ്റി പറയുമ്പോള്‍ക്കൂടി കഴിഞ്ഞ കാലത്തേതുമായി നാം അറിയാതെതന്നെ ഒരു താരതമ്യപഠനം നടത്തുന്നു. ഇന്നത്തെ ഫാഷനെപ്പറ്റി പറയുമ്പോഴൊക്കെ മുന്‍കാലങ്ങളിലെ രീതികളിലേക്കു നാം അറിയാതെ ചെന്നെത്തുന്നു. രാഷ്ട്രീയം, സദാചാരം, സംഗീതം, സാഹിത്യം, കല എന്നിവയെപ്പറ്റി ചര്‍ച്ച നടത്തുമ്പോഴെല്ലാം അവ കഴിഞ്ഞ കാലങ്ങളില്‍ എങ്ങനെയായിരുന്നുവെന്ന് നാമറിയാതെ തന്നെ ഒരു താരതമ്യപഠനവും വിധികര്‍ത്തൃത്വവും നടത്തുന്നു. പഴയതും പുതിയതും നമ്മുടെ ഇക്കാലവും തമ്മിലുള്ള ഈ വ്യത്യാസം വീട്, അമ്പലം, പള്ളി, ഭക്ഷണം, ജീവിതരീതി എന്നിവയിലെല്ലാം പ്രകടമായി കാണാം. ചരിത്രം മാറ്റത്തിന്റേയും പുരോഗതിയുടേയും കഥയാണ്.

എബ്രഹാം ലിങ്കണ്‍
എബ്രഹാം ലിങ്കണ്‍

മനുഷ്യജീവിതത്തില്‍ ചരിത്രത്തിന്റെ ഈ സര്‍വ്വവ്യാപിത്വം അതിന്റെ അനുപേക്ഷണീയതെയാണ് കുറിക്കുന്നത്. ഈ അനുപേക്ഷണീയതയെയാണ് ചരിത്രത്തിന്റെ സാമൂഹികാവശ്യകതയെന്ന് വിളിക്കുന്നത്. ഭൂതകാല ചരിത്രത്തെപ്പറ്റി യാതൊരു ബോധവുമില്ലാത്ത ഒരു ജനത പെട്ടെന്നു ഓര്‍മ്മശക്തി നഷ്ടപ്പെട്ടുപോയ ഒരു വ്യക്തിയെപ്പോലെയാണ്. അവന് എല്ലാം പുതിയതാണ്. ഓര്‍മ്മയും സ്വബോധവുമില്ലാത്ത ഒരു വ്യക്തി എങ്ങനെ നിരാലംബനായിത്തീരുന്നുവോ, അതുപോലെതന്നെയാണ് ചരിത്ര ബോധമില്ലാത്ത ഒരു സമൂഹത്തിന്, ജനതയ്ക്കു്, നിരാശ്രയത അനുഭവപ്പെടുന്നതു്.
ഒരു വ്യക്തിക്ക് അസ്തിത്വവും ദിശാബോധവും കൈവരുത്തുന്നതു് അവന്റെ ഓര്‍മ്മയാണ്. എന്നാല്‍ സമൂഹത്തിന്, ഒരു ജനതയ്ക്ക് അങ്ങനെ ഒരു ഘടനാപരമായ-ഓര്‍ഗാനിക്-ഓര്‍മ്മ ഇല്ല. ഒരു സമൂഹത്തിന് അതിന്റെ ഭൂതകാലത്തെപ്പറ്റിയുള്ള അറിവുനേടുകയെന്നത് തലമുറകളായി പറഞ്ഞുകേട്ടുവന്ന അലിഖിത കഥകളില്‍നിന്നും ഐതിഹ്യങ്ങളില്‍നിന്നും മാത്രമെ സാധിക്കുകയുള്ളു. ഈ ഐതിഹ്യകഥനം ഒരുതരത്തിലുള്ള ചരിത്രം തന്നെയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഭൂതകാലത്തിന്റെ അവസാന ഘട്ടമാണ്, വേര്‍തിരിക്കാന്‍ പറ്റാത്ത ഘട്ടമാണ്, വര്‍ത്തമാനകാലം. അതുകൊണ്ട് ചരിത്രത്തെ അവഗണിക്കുന്നവര്‍ക്ക് വര്‍ത്തമാനകാലം തന്നെ വാസ്തവത്തില്‍ അറിയാതായിപ്പോകുന്നു. ഒരു വര്‍ഗ്ഗത്തിന്റേയോ ജനതയുടേയോ ഭൂതകാല ചെയ്തികളെപ്പറ്റിയുള്ള ഓര്‍മ്മ പുലര്‍ത്തി അതാവര്‍ത്തിച്ചു പറയുകയോ, പാടുകയോ ചെയ്തിരുന്നവര്‍ വളരെ അയഞ്ഞ തരത്തിലുള്ള ചരിത്രകാരന്മാരായിരുന്നു. കാരണം തങ്ങളുടെ വര്‍ഗ്ഗത്തിനോ സമൂഹത്തിനോ സ്വയം തിരിച്ചറിയാനുള്ള കഴിവും ദിശാബോധവും ഏകുകയായിരുന്നു ഇവര്‍. അനന്തമായ ഭൂതകാലത്തിന്റേയും അനന്തവും അജ്ഞേയവുമായ ഭാവികാലത്തിന്റേയും നടുവിലാണ് മനുഷ്യന്‍ നില്‍ക്കുന്നത്. കാലമാകുന്ന കരകാണാക്കടലില്‍ എത്തും പിടിയുമില്ലാതെ, നട്ടം തിരിയുന്നതിനുപകരം സമൂഹവും അതുള്‍ക്കൊള്ളുന്ന വ്യക്തിയും അവധാനതയോടെ, ദിശാബോധത്തോടെ, താദാത്മ്യബോധത്തോടെ ജീവിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിനു നാം ചരിത്രത്തോടാണ് കടപ്പെട്ടിരിക്കുന്നത്.

എന്താണീ ചരിത്രം? എന്താണതിന്റെ സ്വഭാവം?
സഹജീവികളുമായും പരിതസ്ഥിതിയുമായുള്ള മനുഷ്യന്റെ പരസ്പര പ്രവര്‍ത്തനത്തിന്റെ ഫലമാണ് ചരിത്രം. അങ്ങനെയാണെങ്കില്‍ ചരിത്രം തന്നെ എന്താണ്?

ഒരു നിര്‍വ്വചനത്തിന്റെ കൃത്യതയോടും എന്നാല്‍ അര്‍ത്ഥം മുഴുവനുള്‍ക്കൊള്ളുന്ന സമഗ്രതയോടുംകൂടി പറയുകയാണെങ്കില്‍, മനുഷ്യസമൂഹം ദേഹം കൊണ്ടും മനസ്സുകൊണ്ടും ഇന്നിതുവരെ എന്തെല്ലാം ചെയ്തുവോ അതിന്റെ കാര്യകാരണ ബന്ധത്തിലുള്ള വിവരണമാണ് ചരിത്രം. അങ്ങനെ പറഞ്ഞാല്‍ തെറ്റൊന്നും പറയാനില്ലെങ്കിലും വലിയൊരു കുറവുണ്ട്. മനുഷ്യജീവിതം ഒരിക്കലും നിശ്ചിതമായിരുന്നിട്ടില്ല; അതു മാറിക്കൊണ്ടേ ഇരിക്കുന്ന ഒരു പ്രതിഭാസമാണ്. ഗുഹാമനുഷ്യന്റെ ജീവിതമല്ല നമ്മുടേത്; എന്തിന്? രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പുള്ള ജീവിതമല്ല ഇപ്പോഴത്തെ നമ്മുടെ ജീവിതം. ചരിത്രത്തെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ സമൂഹജീവിതം എത്രകണ്ട് അടിസ്ഥാനപരമായ സത്യമാണോ, അത്രതന്നെ അടിസ്ഥാനപരമായ ഒരു വസ്തുതയാണ് സമൂഹജീവിതത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയും. അതുകൊണ്ട്, ഒരു തെറ്റും വരുത്താതെ ചരിത്രത്തെ നിര്‍വ്വചിക്കുകയാണെങ്കില്‍ അതിങ്ങനെയിരിക്കും; മാറിക്കൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ കഥയാണ് ചരിത്രം- മാനവസംസ്‌കാരത്തിന്റെ കഥയാണ് ചരിത്രം.

ആര്‍ജി കോളിംഗ്യുഡ്
ആര്‍ജി കോളിംഗ്യുഡ്


ഞാന്‍ ഈ പ്രബന്ധത്തിന് 'ചരിത്രശാസ്ത്രം' എന്നു പേരിട്ടപ്പോള്‍ അതൊന്നു ചുരുക്കി വിവരിക്കേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. ചരിത്രത്തിന്റെ സ്വഭാവമെന്താണു്? ഓക്സ്ഫോര്‍ഡ് ചിന്തകനായ ആര്‍.ജി. കോളിംഗ്വുഡ് അദ്ദേഹത്തിന്റെ idea of History എന്ന കൃതി തുടങ്ങുന്നത് ചരിത്രത്തിന്റെ നാലു സവിശേഷതകള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ്. നാലെണ്ണത്തിന്റെ ക്രമം തെല്ലൊന്നു മാറ്റി അദ്ദേഹം പറയുന്നത് നമുക്കിങ്ങനെ സംക്ഷേപിക്കാം: കോളിംഗ്വുഡ് പറയുന്നു ചരിത്രം humanistic അഥവാ മാനുഷികമാണെന്ന്. ഇതു പറയേണ്ട ആവശ്യമില്ല, എന്നാല്‍ പറയാതേയും വയ്യ. ചരിത്രം അന്വേഷിക്കുന്നത് ഭൂതകാലമനുഷ്യരുടെ ചെയ്തികളെപ്പറ്റിയാണ്. അതു നമുക്കറിയാം. എന്നാല്‍ എടുത്തുപറയേണ്ട ഒരു സംഗതിയുണ്ട്, ചരിത്രത്തിന്റെ ഒരേ ഒരു കര്‍ത്താവ് മനുഷ്യനാണെന്നുള്ളത്. ദൈവത്തിനോ പ്രകൃതിക്കോ പക്ഷിമൃഗാദികളുടെ ലോകത്തിനോ അതില്‍ പങ്കില്ല. പ്രകൃതിക്കും പക്ഷിമൃഗാദികള്‍ക്കും ഒക്കെയുള്ള പങ്ക് അവയുടെ ബോധപൂര്‍വ്വമായ പങ്കല്ല, മനുഷ്യനിലൂടെയുള്ള പങ്കാണ്, മനുഷ്യന്‍ അവയെ അങ്ങനെ ഉപയോഗിച്ചു എന്നതിലൂടെ ഉളവാകുന്ന പങ്കാണ്. അതു പങ്കല്ലതാനും. മനുഷ്യനില്ലെങ്കില്‍ ചരിത്രമില്ല; പ്രകൃതി മാത്രമുണ്ടായാലും ചരിത്രമുണ്ടാകുന്നുമില്ല. കര്‍ത്തൃത്വത്തിന്റേയും ഉപഭോഗത്തിന്റേയും കാര്യമാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്. ചരിത്രത്തിന്റെ സൃഷ്ടികര്‍ത്താവും ഉപഭോക്താവും മനുഷ്യന്‍ മാത്രമാണ്.

ചരിത്രത്തിന്റെ രണ്ടാമത്തെ സവിശേഷതയാണ് അതൊരു ശാസ്ത്രമാണെന്നുള്ളത് - ഒരു പ്രത്യേക തരത്തിലുള്ള ശാസ്ത്രം. ശാസ്ത്രത്തിന്റെ വിശാലമായ അര്‍ത്ഥം അന്വേഷിച്ച് കണ്ട് പിടിക്കുകയെന്നതാണ്. സൂര്യന്റെ രാസഘടന എന്താണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുന്നത് ശാസ്ത്രമാണോ? അര്‍ബ്ബുദരോഗത്തിന്റെ കാരണം കണ്ടുപിടിക്കുന്നത് ശാസ്ത്രമാണോ? അതെല്ലാം ശാസ്ത്രമാണെങ്കില്‍ ചരിത്രവും ശാസ്ത്രമാണ്. എന്തുകൊണ്ടെന്നാല്‍, അറിയപ്പെടുന്ന വസ്തുതകളുടെ സഞ്ചയനമല്ല ചരിത്രപഠനം. ജൈവ-ഭൗതിക ശാസ്ത്രങ്ങളെപ്പോലെതന്നെ, അറിയപ്പെടാത്തതിനെ കണ്ടുപിടിക്കുകയാണ് ചരിത്രവും ചെയ്യുന്നത്. പാര്‍ലമെന്റിന്റെ ഉല്‍ഭവത്തെപ്പറ്റി നമുക്കറിയില്ല; ഇന്ത്യയില്‍ മാത്രം കാണുന്ന ജാതിവ്യവസ്ഥ എങ്ങനെയുണ്ടായി എന്നു നമുക്കറിയില്ല. ഇത്തരത്തിലുള്ള പരസഹസ്രം കാര്യങ്ങളെപ്പറ്റി അന്വേഷിച്ച് കണ്ടുപിടിക്കുകയെന്നതാണ് ചരിത്രത്തിന്റെ ജോലി. ഇവിടെ ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്; ജൈവ-ഭൗതികശാസ്ത്രങ്ങളുടെ വസ്തുവിഷ്ഠത ചരിത്രത്തിനവകാശപ്പെടാന്‍ നിവൃത്തിയില്ല, അതിന്റെ ആവശ്യവുമില്ല. കാരണം, ജൈവ-ഭൗതിക ശാസ്ത്രങ്ങള്‍ പ്രതിപാദിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, ഭൂതാത്മകവും മൂര്‍ത്തവുമായ വസ്തുക്കളാണ്; അതുകൊണ്ടുതന്നെ പഠനഫലം കൂടുതല്‍ വസ്തുനിഷ്ഠമാകും. കല്ലും മണ്ണും വായുവും വെള്ളവുമെല്ലാം നമുക്ക് ഇഷ്ടാനുസരണം കൂട്ടാം, കുറയ്ക്കാം, ചൂടാക്കാം, തണുപ്പിക്കാം, ലബോറട്ടറിയില്‍ ഏതു തോതിനും അളവിനും അനുസരിച്ച് പരീക്ഷണങ്ങള്‍ നടത്താം. ഭൂതകാല സംഭവങ്ങളെ അന്വേഷിച്ചറിയുന്ന ചരിത്രപഠിതാവിനാകട്ടെ, ആ സംഭവങ്ങളെ അങ്ങനെയൊന്നും ചെയ്തുകൂടാ. മാത്രമല്ല, അന്വേഷിച്ചറിഞ്ഞത് എഴുതുന്ന ഘട്ടത്തിലെത്തുമ്പോള്‍ കലയുടെ അംശം - ഭാഷ, ശൈലി എന്നിവ കടന്നുവരുന്നതു് ചരിത്രാന്വേഷിയുടെ പ്രവര്‍ത്തനത്തില്‍ മാത്രമാണ്. ഭൗതിക ശാസ്ത്രജ്ഞന്റെ പ്രവര്‍ത്തനത്തില്‍ അതു വരുന്നില്ല. പിന്നെ ചരിത്രം ശാസ്ത്രമാണെന്ന് അവകാശപ്പെടുമ്പോള്‍ ഞാന്‍ ഒന്നുകൂടി സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു: 'History' എന്ന ഇംഗ്ലിഷ് വാക്കു് Istroria എന്ന ഗ്രീക്കു പദത്തില്‍നിന്ന് വന്നതാണ് - അതിന്റെ അര്‍ത്ഥമോ 'അന്വേഷണം', 'exploration' എന്നെല്ലാമാണുതാനും. ചരിത്രം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതിനെ ശാസ്ത്രമാക്കുന്നു.

നെഹ്‌റു
നെഹ്‌റു

ചരിത്രത്തിന്റെ മൂന്നാമത്തെ സവിശേഷതയായി കോളിംഗ്വുഡ് പറയുന്നത് ചരിത്രാന്വേഷണം അഥവാ ഭൂതകാല സംഭവങ്ങളെ അന്വേഷിച്ചറിയല്‍ തെളിവിന്റെ അടിസ്ഥാനത്തിലാണ് എന്നതാണ്. സാഹിത്യകാരന്‍ സാഹിത്യസൃഷ്ടി ചെയ്യുന്നത് തെളിവിന്റെ അടിസ്ഥാനത്തിലല്ല; ചരിത്രകാരന്‍ തെളിവിന്റെ അടിസ്ഥാനത്തിലല്ലാതെ ഒന്നും ഉണ്ടായെന്ന് പറയുകയോ സമര്‍ത്ഥിക്കുകയോ ചെയ്യുന്നുമില്ല. ചരിത്രകാരന്‍ താന്‍ സമര്‍ത്ഥിക്കുന്നതിന്റെ തെളിവായി എടുത്തുകാണിക്കുന്നത് ഭൂതകാലാവശിഷ്ടങ്ങളെയാണ്. ഇവയ്ക്കാണ് sources അഥവാ ഉപാദാനങ്ങള്‍ എന്നു പറയുന്നത്. ഈ ഉപാദാനങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലുള്ളവയാണ്. ഒന്ന്, കഴിഞ്ഞ കാലങ്ങളിലുണ്ടായ സംഭവങ്ങളെപ്പറ്റി അതതു കാലങ്ങളില്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങളടക്കമുള്ള രേഖകള്‍. ഇവയ്ക്ക് literary sources എന്നു പറയാം. രണ്ട്, മനുഷ്യനിര്‍മ്മിതങ്ങളായ വസ്തുക്കളടക്കമുള്ള ഭൗതികാവശിഷ്ടങ്ങള്‍. മെഗസ്തനിസിന്റെ 'ഇന്‍ഡിക്ക'യും കൗടില്യന്റെ 'അര്‍ത്ഥശാസ്ത്ര'വും ചന്ദ്രഗുപ്തമൗര്യന്റെ ഭരണത്തിന്റെ സാഹിത്യപരമായ തെളിവുകളാണ്. രണ്ട്, മനുഷ്യനിര്‍മ്മിതങ്ങളായ വസ്തുക്കളടക്കമുള്ള ഭൂതകാല ഭൗതികാവശിഷ്ടങ്ങള്‍. ഇവയ്ക്കു archaeological അഥവാ പുരാവസ്തുപരമായ ഉപാദാനങ്ങള്‍ എന്നു പറയാം. മനുഷ്യന്റേയും ജന്തുക്കളുടേയും എല്ലുകള്‍, മനുഷ്യനിര്‍മ്മിതങ്ങളായ നൂറുകണക്കിലുള്ള നിത്യോപയോഗ സാധനങ്ങള്‍, സൗധങ്ങള്‍, തെരുവുകള്‍, പട്ടണങ്ങള്‍, നാണയങ്ങള്‍ എന്നിവയെല്ലാം പുരാവസ്തുപരമായ ഉപാദാനങ്ങളില്‍ പെടുന്നു. മോഹന്‍ജോദാരോ, ഹാരപ്പ, കാളിഭംഗന്‍, റൂപാര്‍, ലോത്തല്‍ എന്നിവിടങ്ങളിലുള്ള അവശിഷ്ടങ്ങളെല്ലാം 'ഹാരപ്പന്‍' എന്ന് പൊതുനാമകരണം ചെയ്യപ്പെട്ടിട്ടുള്ള സംസ്‌കാരത്തിന്റെ ഉപാദാനങ്ങളാണ്, തെളിവുകളാണ്. ഭൗതികശാസ്ത്രജ്ഞന്‍ ഭൗതിക വസ്തുക്കളുടെ നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയുമാണ് തന്റെ കണ്ടുപിടുത്തങ്ങളിലെത്തുന്നതെങ്കില്‍, ഉപാദാനങ്ങളുടെ വ്യാഖ്യാനത്തിലൂടെയാണ് ചരിത്രകാരന്‍ തന്റെ നിഗമനങ്ങളിലെത്തുന്നതും കഴിഞ്ഞ കാലങ്ങളെ പുനഃസൃഷ്ടി ചെയ്യുന്നതും. ചരിത്രം ശാസ്ത്രമാണ്.

കാള്‍ മാക്‌സ്
കാള്‍ മാക്‌സ്

ചരിത്രത്തിന്റെ നാലാമത്തതും അവസാനത്തേതുമായ സവിശേഷതയായി കോളിംഗ്വുഡ് പറയുന്നത് ചരിത്രപഠനത്തിന്റെ ഉദ്ദേശ്യത്തെപ്പറ്റിയാണ്. ചരിത്രപഠനത്തിന്റെ ലക്ഷ്യം self knowledge അഥവാ സ്വാത്മജ്ഞാനം നേടലാണെന്നാണ് അദ്ദേഹം പറയുന്നത്. മനുഷ്യന്, മനുഷ്യനെന്ന നിലയ്ക്ക് തന്നെപ്പറ്റി, തന്റെ സ്വഭാവത്തെപ്പറ്റി അറിയേണ്ടതുണ്ട്. ഇതു തന്റെ സഹജീവികളെ മനസ്സിലാക്കുക വഴിയാണ് സാദ്ധ്യമാകുന്നത്. സഹജീവികളെന്നു പറഞ്ഞാല്‍ ലോകത്തെമ്പാടുമുള്ള മരിച്ചുപോയവരടക്കമുള്ള മനുഷ്യര്‍. ചരിത്രപഠനത്തിലൂടെ മാത്രമെ ഇതു സാധിക്കുകയുള്ളു. ജവഹര്‍ലാല്‍ നെഹ്‌റു കേംബ്രിഡ്ജില്‍ ട്രിനിറ്റി കോളേജില്‍ ശാസ്ത്രം പഠിച്ചു; പിന്നെ ലണ്ടനില്‍ നിയമം പഠിച്ചു. ഇന്ത്യയില്‍ വന്നു. വക്കീല്‍ ജോലികൊണ്ട് പണമുണ്ടാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ, ഗാന്ധിജിയുടെ ഒരു സ്പര്‍ശം മാത്രം - ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ചെന്നുവീണു. അപ്പോള്‍ അദ്ദേഹത്തിന് തോന്നിയത്രെ താനാരാണെന്ന് സ്വയം അറിയണമെന്നും അതിനു തന്റെ രാജ്യക്കാരെ മനസ്സിലാക്കണമെന്നും അതിനു ലോകത്തുള്ളവരേയും കഴിഞ്ഞ കാലങ്ങളേയും മനസ്സിലാക്കണമെന്നും അതു ചരിത്രപഠനത്തിലൂടെ മാത്രമെ സാധിക്കുള്ളൂവെന്നും! അങ്ങനെയാണത്രെ നെഹ്‌റു ചരിത്രത്തിലെത്തിയതു്. ഫലമോ, മികച്ച രണ്ടു ചരിത്രഗ്രന്ഥങ്ങള്‍ : Glimpses of World History-യും Discovery of India-യും! സ്വതന്ത്ര്യസമരത്തിന്റെ ചൂടിലും തിരക്കിലും എഴുതാന്‍ സമയമില്ല. അതു ബ്രിട്ടീഷ് ജയിലുകള്‍ ഉണ്ടാക്കിക്കൊടുത്തു. ജയിലില്‍ ജോലിയൊന്നുമില്ല, മുഴുവന്‍ സമയവും ഒഴിവുസമയം! നമുക്കു ബ്രിട്ടീഷ് ജയിലിനോടു് നന്ദി പറയേണ്ടിയിരിക്കുന്നു!

ചരിത്രത്തിന്റെ വിഷയം
എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയമാണ് ചരിത്രം. അതുകൊണ്ടാണ് ചരിത്രത്തെ 'വിഷയങ്ങളുടെ വിഷയം' എന്നു പറയാറ്. ആര്‍ക്കും എന്തു ചോദിച്ചാലും കൊടുക്കുന്ന മുത്തശ്ശിയാണ് ചരിത്രം എന്നാണ് കാര്‍ലൈല്‍ പറയുന്നത്. ഇങ്ങനെയൊക്കെ പറഞ്ഞാലും ചരിത്രത്തിന്റെ വിഷയമെന്തെന്ന് വ്യക്തമാകുന്നില്ല. ചരിത്രത്തില്‍ രണ്ടു ഗംഭീര കൃതികള്‍ രചിച്ച വോള്‍ട്ടേര്‍ക്ക് ആ വിഷയം എന്തെന്നു സൂചിപ്പിക്കുവാനൊക്കുമോ? അദ്ദേഹം ശ്രമിച്ചിട്ടുണ്ട്: ''ഏതെല്ലാം പടവുകള്‍ ചവിട്ടിയാണ് മനുഷ്യരാശി പ്രാകൃതത്വത്തില്‍നിന്ന് പരിഷ്‌കൃതിയിലെത്തിയതെന്ന് എനിക്കറിയണം'' എന്നാണദ്ദേഹം പറഞ്ഞത്. അതറിയണമെങ്കില്‍ മാനവസംസ്‌കാരം അതിന്റെ രൂപഭാവങ്ങളിലുള്ള എല്ലാ വൈവിദ്ധ്യത്തിലും കാര്യകാരണബന്ധങ്ങളിലും വരച്ചുകാട്ടണം. അങ്ങനെയെങ്കില്‍ മാനവസംസ്‌കാരം തന്നെയാണ് ചരിത്രത്തിന്റെ വിഷയവും. സംസ്‌കാരത്തിന്റെ ജീവചരിത്രമാണ് ചരിത്രം.
എന്നാല്‍, സംസ്‌കാരമെന്ന പദംകൊണ്ട് നാം എന്താണ് അര്‍ത്ഥമാക്കേണ്ടത്? C.E.M. ജോഡ് എന്ന ബ്രിട്ടീഷ് ചിന്തകന്‍ തന്റെ story of civilization എന്ന കൃതിയില്‍ പറയുന്നു, നാലു കാര്യങ്ങളില്ലാതെ സംസ്‌കാരമുണ്ടാവില്ലെന്ന്. ഈ നാലു കാര്യങ്ങളില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത് making beautiful things - 'സുന്ദരമായ വസ്തുക്കള്‍ ഉണ്ടാക്കുക'' എന്നതാണ്. സാഹിത്യവും എല്ലാ തരത്തിലുള്ള കലകളും ഇതിലടങ്ങുന്നു. മാനവരാശി ഇക്കാര്യത്തില്‍ വമ്പിച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എങ്കിലും നാം ഇപ്പോഴും വിരൂപവും ഭീഷണവുമായ വസ്തുക്കള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. രണ്ടാമത്തേതായി ജോഡ് പറയുന്നതു് സ്വതന്ത്രമായി ചിന്തിക്കുക എന്നതാണ്. സ്വതന്ത്ര ചിന്ത, സംസ്‌കാരത്തിന്റെ അടിസ്ഥാന പ്രമാണമാണ്. സ്വതന്ത്രചിന്ത എന്നു പറഞ്ഞാല്‍ സ്വതന്ത്രമായി ചിന്തക്കുവാന്‍ മാത്രമല്ല, ആശയവിനിമയം ചെയ്യാനും എഴുതാനും ഉള്ള സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നു. ഇപ്പോള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മേലുള്ള കൈവെപ്പ് വളരെ, വളരെ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇതു പലകാരണങ്ങളാലും വേണ്ടത്ര ആയിട്ടുണ്ടെന്ന് പറഞ്ഞുകൂട. ചിന്തിക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കില്‍ പുരോഗതിയുമില്ല. മൂന്നാമത്തെ കാര്യമായി ജോഡ് പറയുന്നതു് thinking of new things - പുതിയ കാര്യങ്ങളെപ്പറ്റി ചിന്തിക്കുക എന്നതാണ്. പുതിയ ആശയങ്ങള്‍, കണ്ടുപിടുത്തങ്ങള്‍ എന്നിങ്ങനെ പുതിയ കാര്യങ്ങളെപ്പറ്റി, സാധനങ്ങളെപ്പറ്റി നാം ധാരാളം ചിന്തിച്ചിട്ടുണ്ട്. ഇല്ലെങ്കില്‍ നാം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങളും കൈവരിച്ചിട്ടുള്ള പുരോഗതിയും സാദ്ധ്യമാകുകയില്ല. ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ നാം കാണുന്നതു് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയാണ്. എന്നാല്‍, ഇപ്പോഴും നാം തെറ്റാണെന്നും മാനുഷികമല്ലെന്നും അശാസ്ത്രിയമെന്നും തെളിയിക്കപ്പെട്ട പലതിനേയും മുറുകെ പിടിക്കുന്നു. നമ്മുടെ ജാതിവ്യവസ്ഥ ഓര്‍ക്കുക. നാലാമത്തേതും അവസാനത്തേതുമായി ജോഡ് പറയുന്നതു് മാനവസമൂഹത്തിനു മുഴുവന്‍ ഒത്തൊരുമിച്ചു ജീവിക്കുവാനുതകുന്ന നിയമങ്ങള്‍ പാലിക്കുക എന്നതാണ്. പണ്ടെല്ലാം തര്‍ക്കമുണ്ടാകുമ്പോള്‍ അതെല്ലാം അടിച്ചും കൊന്നും തീര്‍ക്കുകയാണ് പതിവ്. പക്ഷേ, അപ്പോഴൊക്കെ തര്‍ക്കങ്ങള്‍ തീരുകയല്ല, തീരാപ്പകയായി തീരുകയാണ് പതിവ്. പിന്നെ കോടതികളും ജഡ്ജിമാരും എല്ലാം വന്നു. ഇതു തീര്‍ച്ചയായും കുറെക്കൂടി സംസ്‌കാരപൂര്‍വ്വമായ രീതിയാണ്. കാരണം, തര്‍ക്കങ്ങള്‍ അടിച്ചും ഒടിച്ചും തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം എന്നല്ല, ആര്‍ക്കാണ് അധികം കയ്യൂക്കു് എന്നാണ് തെളിയുക. എന്നാല്‍ വ്യക്തികളും കുടുംബങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറെക്കൂടി ന്യായപൂര്‍വ്വം തീര്‍ക്കാന്‍ നാം പഠിച്ചിട്ടുണ്ടെങ്കില്‍ക്കൂടി, രണ്ടോ അതിലധികമോ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറേക്കൂടി ന്യായപൂര്‍വ്വം തീര്‍ക്കാന്‍ നാം പഠിച്ചിട്ടുണ്ടോ? സര്‍വ്വരാജ്യസമിതിയും (1919) ഐക്യരാഷ്ട്രസംഘടനയും ഈ പുതിയ പാഠം പഠിപ്പിക്കാന്‍ രൂപീകരിച്ചവയാണ്. മാനവരാശി ഇന്നും 'വസുധൈവ കുടുംബകം' എന്ന ആദര്‍ശം ശരിയായി ഉള്‍ക്കൊണ്ടിട്ടില്ലെങ്കിലും അക്കാര്യത്തില്‍ വളരെയേറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നുള്ളത് ആശ്വാസജനകമാണ്. അപ്പോള്‍ ജോഡ് പറയുന്ന നാലുകാര്യങ്ങളിലും വമ്പിച്ച നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായി എന്നു കൃതകൃത്യരായിരിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. മനുഷ്യന്‍ ഇന്നും സംസ്‌കാരത്തിനുള്ള പോരാട്ടം തുടരുകയാണ്.

ചരിത്രം ഏറ്റവും ഉത്തമമായ സാംസ്‌കാരിക വിദ്യാഭ്യാസം
ഇതര ശാസ്ത്രങ്ങള്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത ഒരു പ്രത്യേക ബഹുമതി ചരിത്രത്തിന് കല്‍പ്പിച്ചു കൊടുക്കുകയാണെങ്കില്‍ അത് ചരിത്രം ഏറ്റവും ഉത്തമമായ സാംസ്‌കാരിക വിദ്യാഭ്യാസം എന്ന നിലയ്ക്കായിരിക്കും. മനുഷ്യന്റെ ഭൂതകാലവളര്‍ച്ചയെപ്പറ്റിയുള്ള ബോധം ഭാവിയില്‍ അവന്റെ വളര്‍ച്ചയെ നിര്‍ണ്ണായകമായി സ്വാധീനിക്കും. മനുഷ്യന്റെ ശരിയായ കഥ അവന്റെ സങ്കീര്‍ണ്ണമായ വൈവിദ്ധ്യത്തില്‍ ഗ്രഹിച്ചുകൊണ്ട് ഹൃദ്യവും ആകര്‍ഷകവുമായ ശൈലിയില്‍ കൃത്യമായും ക്രമാനുഗതമായും ആഖ്യാനം ചെയ്യുകയാണെങ്കില്‍ അതു മനുഷ്യരാശിയുടെ ജീവചരിത്രമായിരിക്കും. വില്‍ഡ്യൂറന്റും പത്‌നിയും പതിനൊന്ന് ബൃഹദ് ഗ്രന്ഥങ്ങളില്‍ നിര്‍വ്വഹിച്ചതും അതുതന്നെയാണ്: The Story of Civilization. സമഗ്രവീക്ഷണമേകുന്ന ഒരേ ഒരു വിഷയം ചരിത്രമാണ്, പുരോഗതിയുടെ മാനദണ്ഡം. ഭൂതകാലത്തെപ്പറ്റിയുള്ള അജ്ഞതയെന്നാല്‍ വര്‍ത്തമാനകാലത്തെപ്പറ്റിയുള്ള അജ്ഞതയാണെന്നര്‍ത്ഥം. ചരിത്രവുമായി പരിചയമുള്ള ഒരാള്‍ ഒരു കണക്കിനു ലോകത്തിന്റെ ഉല്പത്തി മുതല്‍ ജീവിച്ചിരുന്നതായി കണക്കാക്കാവുന്നതാണെന്നാണ് ഡേവിഡ് ഹ്യൂം എന്ന തത്ത്വചിന്തകന്‍ പറയുന്നതു്. സിസെറൊ പറയുകയാണ്, നിങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് എന്തു സംഭവിച്ചുവെന്നറിയായ്ക എപ്പോഴും ശിശുവായിരിക്കുന്നതിന് തുല്യമാണെന്ന്!

ചരിത്രത്തിന്റെ ബോധനക്ഷമതയില്‍ നിന്നുളവാകുന്ന മറ്റൊരു ഗുണമാണ് ഭൂതകാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാതെ തന്നെ തിരുത്താന്‍ സാധിക്കുകയെന്നത്. ലീഗ് ഒഫ് നേഷന്‍സ്, യു.എന്‍.ഒ., നിരായുധീകരണങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ ചരിത്രപാഠങ്ങളില്‍ നിന്നുണ്ടായവയാണ്. ''എന്റെ മകന്‍ ചരിത്രം പഠിക്കട്ടെ, എന്തെന്നാല്‍ അതൊന്നു മാത്രമാണ് ശരിയായ ദര്‍ശനം'' എന്നു നെപ്പോളിയന്‍ പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞതോടെ UNESCO ചെയ്ത ആദ്യത്തെ പണി 'The History of Man' എന്ന ബൃഹത്തായ ഒരു കൃതി രചിക്കാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.

പുരോഗതിയുടെ വ്യവസ്ഥ-പ്രകൃതം തന്നെ ചരിത്രമാണ്
ചരിത്രം പുരോഗതിയുടെ മാനദണ്ഡം മാത്രമല്ല, കോളിംഗ്വുഡ് പറയുന്നതുപോലെ, അതിന്റെ വ്യവസ്ഥ തന്നെയാണ്. ശൂന്യതയില്‍ നമുക്കു പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല, എല്ലാം പുതുതായുണ്ടാക്കാന്‍ കഴിയുകയില്ല. ഇതുവരെ നേടിയതൊന്നും നഷ്ടപ്പെടുത്താതെ അതിന്മേല്‍ നാം പടുത്തുയര്‍ത്തുകയാണ്; അതിനെയാണ് നാം പുരോഗതിയെന്നു പറയുന്നതു്. അതു ചരിത്രപരമായ ചിന്തയിലൂടെയും ഈടുവെയ്പിലൂടെയുമല്ലാതെ സാധിക്കുകയില്ല. ന്യൂട്ടന്റെ ചിന്ത നിരാകരിച്ചുകൊണ്ടല്ല, തള്ളിപ്പറഞ്ഞുകൊണ്ടല്ല അതു സ്വാംശീകരിച്ച് മെച്ചപ്പെടുത്തി മുന്‍പോട്ടു പോയാണ് ഐന്‍സ്‌റ്റൈന്‍ അപേക്ഷിക സിദ്ധാന്തത്തിലെത്തിയത്.

ചരിത്രം സൃഷ്ടിപരമാണോ?
പുരോഗതിയുടെ പ്രകൃതം തന്നെ, അടിസ്ഥാനം തന്നെ ചരിത്രപരമായ ചിന്തയാണെന്ന അവഗാഹം, ബോധം, ചരിത്രം ഗതകാലങ്ങളുടെ മരണാനന്തര പരിശോധനയെന്ന തെറ്റിധാരണ നീക്കുക മാത്രമല്ല ചെയ്യുന്നത്, അതിനു സൃഷ്ടിപരമായ കഴിവുകളുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. പാശ്ചാത്യ മനുഷ്യന്റെ അഭിരുചിയിലും ചിന്തയിലും മനോഭാവത്തിലും വിപ്ലവാത്മകമായ മാറ്റം കുറിച്ച നവോത്ഥാനം പാശ്ചാത്യ മനുഷ്യന്റെ ചിന്തയില്‍നിന്ന് ഉടലെടുത്തതായിരുന്നു. എന്നുവെച്ചാല്‍ പുരാതന ഗ്രീക്ക്-റോമന്‍ സംസ്‌കാരത്തിന്റേയും അതിന്റെ സത്തയായ മാനവികതയുടേയും പുനഃപ്രകാശനത്തിലൂടെ, പുനരാവിഷ്‌കരണത്തിലൂടെ വളര്‍ന്ന സൃഷ്ട്യുന്‍മുഖമായ ഒരു സാംസ്‌കാരിക പ്രസ്ഥാനമായിരുന്നു അതു്. പാശ്ചാത്യ ചിന്ത 1500 കൊല്ലം അപ്പുറത്തേക്ക് നോക്കിക്കൊണ്ട്, പ്രചോദനമുള്‍ക്കൊണ്ടാണ് അതു സാധിച്ചതു്.

മറ്റൊരുദാഹരണം: ചരിത്രത്തിലും ചരിത്രപരമായ സമീപനത്തിലും തികച്ചും അധിഷ്ഠിതമായ ഒരു ദര്‍ശനമാണ് മാര്‍ക്സിസം, അല്ലെങ്കില്‍ ചരിത്രപരമായ ഭൗതികവാദം. ഒരടിഭൂമിയില്‍ നിന്നുകൊണ്ട്- അത് ബെര്‍ളിനിലായാലും വേണ്ടില്ല, പാരിസിലോ ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയിലോ ആയാലും വേണ്ടില്ല, കാറല്‍ മാര്‍ക്സ് മെനഞ്ഞെടുത്ത ഈ ദര്‍ശനം ലോകത്തെ പ്രകമ്പനം കൊള്ളിക്കാന്‍ പര്യാപ്തമായി. മറ്റൊരുദാഹരണം: ഇന്ത്യാചരിത്രത്തില്‍ വലിയൊരു മാറ്റത്തിന്റെ തുടക്കത്തെയാണ് 19-ാം നൂറ്റാണ്ട് കുറിച്ചതു്. സൃഷ്ടിപരമായ കഴിവുകളുള്ള നീണ്ട ഒരു സാംസ്‌കാരിക പാരമ്പര്യമുള്ളവരാണ് ഇന്ത്യക്കാരെന്ന് ചരിത്രം തെളിയിച്ചപ്പോള്‍ നമുക്കതൊരാവേശമായി മാറി. വേഗത്തിലത് സ്വാതന്ത്ര്യപ്രസ്ഥാനമായും മാറി. ഉറവിടം ഇവിടെയും ചരിത്രപരമായ വെളിപാടാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com