നിയന്ത്രിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍: ദയാവധം കാത്ത് യു.ജി.സി

യു.ജി.സിയുടെ 65 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പല വിമര്‍ശനങ്ങളുണ്ട്.
നിയന്ത്രിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍: ദയാവധം കാത്ത് യു.ജി.സി


 റിപ്പബ്ലിക്കിന്റെ 68-ാം വര്‍ഷത്തിലാണ് ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോകുന്ന ഒരു നീക്കം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കാനുള്ള മാനവവിഭവശേഷി മന്ത്രാലയത്തിന്റെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍  രൂപീകരണത്തോടെ 1956 ലെ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ നിയമം റദ്ദാക്കപ്പെടും.  ഡോ.എസ്. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 1948-49 ല്‍ പ്രവര്‍ത്തിച്ച വിദ്യാഭ്യാസ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ യു.ജി.സിയുടെ പ്രവര്‍ത്തനോദ്ഘാടനം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡോ. മൗലാന അബ്ദുള്‍ കലാം ആസാദ് 1953 ഡിസംബറിലാണ് നിര്‍വ്വഹിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ കമ്പോള സൗഹൃദ നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനു പുതിയ നിയമം മൂലം കഴിയും. 

യു.ജി.സി ഇല്ലാതാകുന്നതോടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ, അല്ലെങ്കില്‍ ഗവേഷണ-ശാസ്ത്ര/സാങ്കേതിക സ്ഥാപനങ്ങളുടെ നിലവാരം നിര്‍ണ്ണയിക്കുന്നതിനും ഏകോപനത്തിനും കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അധികാരമാണ് നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനമായി പ്രസ്താവിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് അതിന്റെ ഏകീകൃത നിലവാരവും സംഘടിതമായ മോണിറ്ററിംഗ്/പ്രോത്സാഹന സംവിധാനം നിലവില്‍ കൊണ്ടുവരുക, ഉന്നത വിദ്യാഭ്യാസത്തിന്റെ ചലനാന്മകമായ മുന്‍ഗണനയ്ക്കും വളര്‍ച്ചയ്ക്കും അനുഗുണമായ രീതിയില്‍ നിലവിലെ യു.ജി.സിയുടെ റെഗുലേറ്ററി ഘടന പുന:നിര്‍വ്വചിക്കുക തുടങ്ങിയവയാണ് നിയമനിര്‍മ്മാണത്തിന്റെ ഉദ്ദേശ്യങ്ങളായി ആമുഖത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. 
ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. കരട് നിയമം മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 20 വരെ മാത്രമാണ് ഭേദഗതികള്‍ നിര്‍ദ്ദേശിക്കാന്‍ സമയം നല്‍കിയിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്ന ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ എന്നിവരുള്‍പ്പെടുന്ന 14 അംഗങ്ങളാണ് കമ്മിഷനിലുണ്ടാകുക. ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രഗല്‍ഭരായിരിക്കും ഈ നിലയില്‍ നിയമിക്കപ്പെടുന്നവര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും അടങ്ങുന്ന സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിയായിരിക്കും കമ്മിഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനത്തിലോ സര്‍വ്വകലാശാലയിലോ പത്ത് വര്‍ഷമെങ്കിലും പ്രൊഫസറായിരിക്കണമെന്നതാണ് ചെയര്‍മാന്റെ പ്രധാന യോഗ്യത. അല്ലെങ്കില്‍ വിദ്യാഭ്യാസരംഗത്ത് ഭരണത്തിലും സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രാഗല്‍ഭ്യം തെളിയിച്ച ഒരു പ്രമുഖ അക്കാദമിക് ആകണം. ഇന്ത്യക്കാരനോ അല്ലെങ്കില്‍ പ്രവാസി ഇന്ത്യാക്കാരനോ ആകാം. വൈസ് ചെയര്‍മാനേയും മറ്റു കമ്മിഷന്‍ അംഗങ്ങളേയും തെരഞ്ഞെടുക്കുന്നത് ചെയര്‍മാന്‍ കൂടി ഉള്‍പ്പെടുന്ന ഇതേ സേര്‍ച്ച് കമ്മിറ്റി തന്നെ ആയിരിക്കും.

കര്‍ത്തവ്യങ്ങളും ചുമതലകളും
സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി സമര്‍പ്പിക്കുന്ന പാനലില്‍നിന്ന് കേന്ദ്രസര്‍ക്കാരായിരിക്കും ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, മറ്റ് അംഗങ്ങള്‍ എന്നിവരുടെ നിയമനം നടത്തുന്നത്. ഇവരുടെ കാലാവധി അഞ്ചുവര്‍ഷമായിരിക്കും, എന്നാല്‍, 70 വയസ്സ് തികയാന്‍ പാടില്ല. കാലാവധി അവസാനിച്ച് കഴിഞ്ഞ് രണ്ട് വര്‍ഷത്തേയ്ക്ക് ഇവര്‍ കേന്ദ്ര-സംസ്ഥാന- സ്വകാര്യ മേഖലയിലെ മറ്റ് ഉദ്യോഗങ്ങള്‍ ഏറ്റെടുക്കുവാന്‍ പാടുള്ളതല്ല. കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറിയുടെ ശമ്പളവും മറ്റ് അലവന്‍സുകളും ചെയര്‍മാന് ലഭിക്കുമ്പോള്‍, സ്‌പെഷ്യല്‍ സെക്രട്ടറിയുടെ സേവന വേതന വ്യവസ്ഥകളാണ് വൈസ് ചെയര്‍മാനും അംഗങ്ങള്‍ക്കും ബാധകമാക്കുന്നത്. കമ്മിഷന്‍ ആഗ്രഹിക്കുന്ന സഹായങ്ങളും ഉപദേശങ്ങളും ആരില്‍നിന്നും സ്വീകരിക്കാന്‍ കമ്മിഷന് സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

അക്കാദമിക് ബോധന നിലവാരം മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം നിലനിര്‍ത്താനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് ആദ്യ ദൗത്യം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണം, സമഗ്ര വളര്‍ച്ച, ഗവേഷണം എന്നിവ മത്സരാധിഷ്ഠിതമായ ആഗോള ചുറ്റുപാടില്‍ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യാനും കമ്മീഷന്‍ ലക്ഷ്യമിടുന്നു. ഉന്നത വിദ്യാഭ്യാസ വ്യവസ്ഥയില്‍ അക്കാദമിക നിലവാരം ഉറപ്പിക്കാന്‍ ആവശ്യമായ  നടപടികളും കമ്മിഷന്‍ സ്വീകരിക്കും. 
കോഴ്സുകളുടെ learning outcomes  (പഠന ഫലപ്രാപ്തി) നിശ്ചയിക്കുന്നതും അദ്ധ്യയന/ അസസ്സ്മെന്റ്/റിസേര്‍ച്ച് എന്നിവയുടെ നിലവാരം തിട്ടപ്പെടുത്തുന്നതും കമ്മീഷനായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാര്‍ഷിക അക്കാദമിക പ്രകടനം വിലയിരുത്തു. ഗവേഷണം പരിപോഷിപ്പിക്കുന്നതിനാവശ്യമായ ഫണ്ടിനുവേണ്ടി സര്‍ക്കാരുമായി സഹകരിക്കും. മികവാര്‍ന്ന ഒരു അക്രഡിറ്റേഷന്‍ സമ്പ്രദായം സ്ഥാപിക്കുക, സ്ഥാപനങ്ങളുടെ മെന്ററിങ്ങിന് നടപടികള്‍ സ്വീകരിക്കുക, നിലവാരം പുലര്‍ത്താത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക എന്നിവയൊക്കെ കമ്മീഷന്റെ ചുമതലകളാണ്.  

ഒരു സര്‍വ്വകലാശാലയുടേയോ സ്ഥാപനത്തിന്റേയോ അക്കാദമിക പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്ന വേളയില്‍ ഡിഗ്രികളും മറ്റും നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളും നിലവാരവും നിശ്ചയിക്കുന്നതും കൗണ്‍സിലാണ്. സ്ഥാപനങ്ങള്‍ അഫിലിയേറ്റ് ചെയ്യുന്നതിന് ആവശ്യമായ അക്കാദമിക നിലവാരം നിശ്ചയിക്കുന്നതും കൗണ്‍സിലാണ്. ഒരു സ്ഥാപനത്തിന് കരിക്കുലം വികസിപ്പിക്കാനാവശ്യമായ സ്വാതന്ത്ര്യവും വഴക്കവും സംബന്ധിച്ച വിഷയങ്ങളില്‍ ഓട്ടോണമി പ്രദാനം ചെയ്യുന്നതിനാവശ്യമായ നിലവാരം നിശ്ചയിക്കുന്നതും ഈ കൗണ്‍സിലാണ്. ഗ്രേഡഡ് ഓട്ടോണമി, ഫാക്കല്‍റ്റി, സര്‍വകലാശാലകള്‍ എന്നിവ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും നിലവാരവും നിശ്ചയിക്കുന്നതും കൗണ്‍സിലാണ്. സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അടച്ചുപൂട്ടുന്നതിനുമുള്ള അധികാരവും ഈ കൗണ്‍സിലിനായിരിക്കും. 

പ്രോഗ്രാമുകളുടെ നടത്തിപ്പും ബിരുദധാരികളുടെ തൊഴില്‍ സാധ്യതയും നിര്‍ണ്ണയിക്കാനാവശ്യമായ മാനദണ്ഡവും സംവിധാനവും കൗണ്‍സില്‍ നിശ്ചയിക്കും. ഒരു നിശ്ചിത കാലയളവില്‍ മിനിമം ക്രെഡിറ്റുകള്‍ക്ക് ഡിഗ്രികള്‍ നല്‍കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങളും കൗണ്‍സില്‍ നിശ്ചയിക്കും. വൈസ് ചാന്‍സിലര്‍, പ്രോ വൈസ് ചാന്‍സിലര്‍, ഡയറക്ടര്‍/പ്രിന്‍സിപ്പല്‍, ഡീന്‍സ്, ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ്, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവരുടെ നിയമനം സംബന്ധിച്ചുള്ള മിനിമം യോഗ്യതയും കൗണ്‍സിലിന്റെ അധികാരപരിധിയിലാണ്. അനുയോജ്യമായ ഫാക്കല്‍റ്റി കേന്ദ്രീകൃതമായ ഭരണസംവിധാനം ശുപാര്‍ശ ചെയ്യുക,  ഗവേഷണത്തിനുള്ള കോഡ് ഓഫ് ഗുഡ് പ്രാക്റ്റിസസ് രൂപീകരിക്കുക, ഫീസ് നിശ്ചയിക്കുക എന്നിവയെല്ലാം കൗണ്‍സിലിന്റെ അധികാരപരിധിയിലാണ്. 

എല്ലാവര്‍ക്കും വിദ്യാഭ്യാസം പ്രാപ്യമാകുന്ന രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളേണ്ട നടപടികളും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യും. അഫിലിയേറ്റഡ് കോളേജുകളിലെ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അക്കാദമിക നിലവാരം ഉറപ്പിക്കാന്‍ സര്‍വ്വകലാശാലകളെ പ്രാപ്തമാക്കുന്ന സെല്‍ഫ്-റഗുലേറ്ററി ബോഡികളായി മാറ്റാനും കൗണ്‍സില്‍ ലക്ഷ്യമിടുന്നു. പുതിയ വിജ്ഞാന മേഖല, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീകൃത വളര്‍ച്ച, ഉന്നത വിദ്യാഭ്യാസത്തിന്റേയും ഗവേഷണത്തിന്റേയും അക്കാദമിക് ഗുണനിലവാരം തുടങ്ങിയവയുടെ ദേശീയ വിവരശേഖരം മുഖേനയുള്ള മോണിറ്ററിങ്ങും കൗണ്‍സില്‍ നടത്തും. പങ്ക്, ഉത്തരവാദിത്വം, അധികാരവും കര്‍ത്തവ്യങ്ങളും സംബന്ധിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ശുപാര്‍ശകളും നിയമങ്ങളും പാലിക്കാത്ത സര്‍വകലാശാലകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും പിഴയിടുന്നതും കൗണ്‍സിലാണ്.

കേന്ദ്ര മാനവ വികസന മന്ത്രി അദ്ധ്യക്ഷനായ ഉപദേശക സമിതി കമ്മിഷന് ഉണ്ടായിരിക്കും. കമ്മിഷന്‍ അംഗങ്ങള്‍ക്ക് പുറമേ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍/വൈസ് ചെയര്‍മാന്‍ എന്നിവരും ഉപദേശകസമിതിയില്‍ അംഗങ്ങളായിരിക്കും. ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മിഷന്‍ നടപടികള്‍ സ്വീകരിക്കും. ദേശീയ ലക്ഷ്യങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും കമ്മിഷന്റെ കര്‍ത്തവ്യ നിര്‍വ്വഹണം. കേന്ദ്രസര്‍ക്കാരും കമ്മിഷനും തമ്മില്‍ വിയോജിപ്പുണ്ടായാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അന്തിമമായിരിക്കും (Clause 28 (2)) കമ്മിഷന്‍ നോട്ടിഫൈ ചെയ്യുന്ന റഗുലേഷനുകള്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമായിരിക്കും. ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതും മാനദണ്ഡങ്ങള്‍ രൂപീകരിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ റഗുലേഷനുകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം. ഈ നിയമനത്തിനു കീഴില്‍ ഉണ്ടാക്കിയിട്ടുള്ള എല്ലാ റൂളുകളും റഗുലേഷനുകളും പാര്‍ലമെന്റില്‍ സമര്‍പ്പിച്ച് അംഗീകാരം നേടേണ്ടതാണ്. ഈ ആക്ടിലെ വ്യവസ്ഥകള്‍ വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിനു ബാധകമായിരിക്കും (I-GNOG ഒഴികെ). യു.ജി.സിയില്‍ നിലവിലുള്ള ജീവനക്കാരുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ മുഖേന തുടര്‍ നടപടികള്‍ സ്വീകരിക്കും.

കാതലായ മാറ്റങ്ങളെന്തൊക്കെ?
ഗ്രാന്റ് വിതരണവുമായി ബന്ധപ്പെട്ട ഉത്തരവാദിതത്തില്‍നിന്നു പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ ഉന്നത വിദ്യാഭ്യാസ കമ്മിഷനെ യു.ജി.സിയില്‍നിന്നും വ്യത്യസ്തമാക്കുന്ന പ്രധാന സംഗതി. ഗ്രാന്റ് വിതരണം പൂര്‍ണ്ണമായും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കയ്യടക്കുന്നു. സര്‍വ്വകലാശാലകളുടേയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും

അക്കാദമിക് പ്രവര്‍ത്തനങ്ങളും ധനപരമായ കാര്യങ്ങളും പരസ്പര പൂരകങ്ങളാണ്. അക്കാദമിക കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഉദ്യോഗസ്ഥതല സമിതികളല്ല. പുതിയ തീരുമാനം ഉന്നത വിദ്യാഭ്യാസരംഗത്തെ ശാസ്ത്ര-സാങ്കേതിക ഗവേഷണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
അക്കാദമിക കാര്യങ്ങളില്‍ പുതിയ കമ്മിഷന് അധികാരം ഉണ്ടെങ്കില്‍ത്തന്നെ, ദേശീയ തലത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മറ്റ് പ്രൊഫഷണല്‍ ബോഡികളുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു. മാത്രമല്ല, ഫണ്ടിങ്ങ് സംബന്ധിച്ച് യാതൊരുവിധ അധികാരവുമില്ലാത്ത കമ്മിഷന് മാന്യമായും കാര്യക്ഷമമായും എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ചോദ്യം ഉയര്‍ന്നുവരും. കേന്ദ്ര സര്‍വ്വകലാശാലകള്‍, IIT, IISC തുടങ്ങിയവയ്ക്ക് ഇപ്പോള്‍ത്തന്നെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നേരിട്ടാണ് ഫണ്ട് വിതരണം ചെയ്യുന്നത്. അതുകൊണ്ട് 47 കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് ഫണ്ട് വിതരണം ചെയ്യുന്ന കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ലായെന്ന് കരുതാം. എന്നാല്‍, രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥി പ്രവേശവും നടത്തുന്ന സംസ്ഥാന സര്‍വ്വകലാശാലകളുടേയും കോളേജുകളുടേയും ഫണ്ട് വിതരണം പുതിയ സംവിധാനത്തില്‍ എങ്ങനെ നിര്‍വ്വഹിക്കുമെന്നു യാതൊരു വ്യക്തതയും പുതിയ ബില്ല് നല്‍കുന്നില്ല. ഇപ്പോള്‍ത്തന്നെ ഉന്നത വിദ്യാഭ്യാസരംഗത്തെ കേന്ദ്ര ഫണ്ടിങ്ങ് പദ്ധതിയായ റൂസ്സാ (RUSA) യു.ജി.സിയെ നിഷ്‌ക്രിയമാക്കിയിരിക്കുകയാണ്. യു.ജി.സി നടത്തിയിരുന്ന ഫണ്ടിങ്ങിന്റെ ഉത്തരവാദിത്വവും റൂസ്സയില്‍ എത്തിച്ചേരും എന്ന കാര്യത്തില്‍ സംശയമില്ല. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിന് ആവശ്യമായ വിഭവങ്ങളുടെ വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനു മുഴുവന്‍ ബാധകമാകുന്ന ഏകശിലാ രൂപത്തിലുള്ള പദ്ധതികളും മാനദണ്ഡങ്ങളുമാണ് റൂസ്സായിലൂടെ നടപ്പിലാകുന്നത്. കേന്ദ്രവിഹിതമായ 60 ശതമാനം ഫണ്ട് ലഭിക്കാന്‍ സംസ്ഥാന വിഹിതമായി 40 ശതമാനം ഫണ്ട് നല്‍കേണ്ടിവരുകയും തത്വദീക്ഷയില്ലാത്ത കേന്ദ്ര മാനദണ്ഡങ്ങള്‍ അതേപടി അംഗീകരിക്കേണ്ടിവരുകയും ചെയ്യുന്ന വിഷമസ്ഥിതിയാണ് സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കേണ്ടത്. ഫണ്ട് വിതരണത്തിലും വിനിയോഗത്തിലും സംസ്ഥാനതല നയങ്ങളും കാഴ്ചപ്പാടുകളും അപ്രസക്തമാകുന്ന സ്ഥിതിയാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. സാമൂഹ്യനീതിയുടെ ബദല്‍ നയങ്ങള്‍ നടപ്പിലാക്കി മുന്നേറ്റങ്ങള്‍ ഉണ്ടാക്കിയ കേരളത്തിന് കേന്ദ്രത്തിന്റെ പുതിയ സമീപനം പ്രതികൂലമായി ഭവിച്ചേക്കാം.

ദേശീയ തലത്തില്‍ യു.ജി.സി മുന്നോട്ടുവെച്ച കര്‍മ്മ പദ്ധതി (Plan of Action)യുടെ ചുവടുപിടിച്ച് 2009 മുതല്‍ കേരളത്തിലെ സര്‍വ്വകലാശാല - കോളേജ് തലങ്ങളില്‍ അക്കാദമിക-ഭരണ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ക്രെഡിറ്റ് സെമസ്റ്റര്‍ സമ്പ്രദായം, ചോയിസ് ബെയിസ്ഡ് കോഴ്സുകള്‍, കരിക്കുലം പരിഷ്‌കാരങ്ങള്‍, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ ജനാധിപത്യവല്‍ക്കരണം, പരീക്ഷാ പരിഷ്‌കരണം എന്നിവ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ക്കൂടി, കൃത്യതയോടും കാര്യക്ഷമതയോടെയും കേരളത്തില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ റൂസ്സയുടെ പുതിയ 'വെല്ലുവിളി മാതൃക' (Challenge funding mode) ഫണ്ടിങ്ങ് കേരളത്തിന്റെ നേട്ടങ്ങള്‍, നാക്കിന്റെ ഗ്രേഡിങ്ങ് കണക്കില്‍ രേഖപ്പെടുത്തുവാന്‍ സാധിക്കാത്തതുകൊണ്ട്, മികവിന്റെ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍, അവഗണനയുടെ പട്ടികയിലേയ്ക്ക് പിന്‍തള്ളപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. നിര്‍ദ്ദിഷ്ട ഉന്നത വിദ്യാഭ്യാസ കമ്മിഷനും റൂസ്സയുടെ ഈ 'വെല്ലുവിളി മാതൃക' അവലംബിക്കാനാണ് സാധ്യത. കേന്ദ്ര ധനസഹായത്തിന്റെ കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന തലത്തില്‍ ഇപ്പോള്‍ത്തന്നെ നിലനില്‍ക്കുന്ന കുത്തനെയുളള ധന അസന്തുലിതാവസ്ഥ (vertical fiscal imbalance), പുതിയ കമ്മിഷന്റെ വരവോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിഭവങ്ങളുടെ കൈമാറ്റത്തിലും ശക്തി പ്രാപിക്കും. വിഭവ ദാരിദ്രത്തില്‍ കഴിയുന്ന സംസ്ഥാന സര്‍വ്വകലാശാലകളെ വര്‍ദ്ധിച്ച കേന്ദ്രനിയന്ത്രണത്തിനുകൂടി വിധേയമാക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ പുതിയ സംവിധാനം അക്കാദമിക് രംഗത്ത് പരിഹരിക്കുന്നതിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

ഒരു ഭാഗത്ത് ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ സര്‍വ്വവിധ നിയന്ത്രണങ്ങളുമായി നില ഉറപ്പിക്കുമ്പോള്‍ത്തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് വഴി തെളിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് വാചാലമാകുന്നുമുണ്ട്. ഇത് ഫണ്ടിംഗ് എന്ന വജ്രായുധം ഉപയോഗിച്ച് പൊതുമേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരുതിക്ക് നിര്‍ത്താനും സ്വകാര്യ മേഖലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കമ്പോളത്തിന്റെ അച്ചടക്കത്തിനനുസൃതമായി പ്രവര്‍ത്തിക്കാനാവശ്യമായ അധികാരങ്ങള്‍ നല്‍കാനുമുള്ള കുത്സിത ശ്രമമാണ്. ഫലത്തില്‍ സര്‍ക്കാരിനും പൊതുസ്ഥാപനങ്ങള്‍ക്കും ഭരണഘടനാപരവും ജനാധിപത്യപരവുമായി നിക്ഷിപ്തമായിരുന്ന നിയന്ത്രണാധികാരങ്ങള്‍ ഒരു ഇടനിലക്കാരനെപ്പോലെ സ്വകാര്യമേഖലയ്ക്ക് നിയമത്തിന്റെ പിന്‍ബലത്തോടെ കൈമാറ്റം ചെയ്യുകയാണ്. പൊതു സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണവും സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങള്‍ക്ക് സ്വാതന്ത്ര്യവും - ഇതാണ് ബില്ലിന്റെ തത്ത്വശാസ്ത്രം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിപണി തുറന്നിടാനുള്ള നീക്കത്തിന് ബില്ല് ആക്കം കൂട്ടും. സര്‍വ്വകലാശാലകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗ്രേഡഡ് ഓട്ടോണമി നല്‍കുന്നത് ഇതിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് പശ്ചാത്തല വികസനത്തിന് രൂപീകരിച്ച ഹയര്‍ എഡ്യുക്കേഷന്‍ ഫിനാന്‍സിങ്ങ് ഏജന്‍സി (ഹീഫ), റിവൈറ്റലൈസിങ്ങ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ആന്‍ഡ് സിസ്റ്റംസ് എഡ്യുക്കേഷന്‍ (റൈസ്) എന്നിവയുടെ പ്രവര്‍ത്തനമേഖല വിപുലീകരിക്കാനാണ് പദ്ധതി. വായ്പയിലൂടെ ധനസമാഹരണം നടത്തുന്ന സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് വര്‍ദ്ധനവിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതമാകും. ഇത് തൊഴില്‍ സാധ്യതയില്ലാത്ത കോഴ്സുകള്‍ ഉപേക്ഷിക്കാന്‍ പൊതുസ്ഥാപനങ്ങളെ പ്രേരിപ്പിക്കും. കമ്പോളത്തില്‍ ഡിമാന്റുള്ള കോഴ്സുകള്‍ക്കുവേണ്ടി ലോണ്‍ എടുക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കും. ഇത് ഒരു വശത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരായിരിക്കുമ്പോള്‍ത്തന്നെ വിദ്യാര്‍ത്ഥി വായ്പാ തിരിച്ചടവ് പ്രതിസന്ധി മൂര്‍ച്ചിപ്പിക്കും.

ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ അംഗങ്ങളില്‍ നാല് പേര്‍ ഒഴികെ മറ്റെല്ലാവരും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ സര്‍ക്കാര്‍ സമിതികളിലെ അംഗങ്ങളോ ആയിരിക്കും. കമ്മിഷനിലെ 12 അംഗങ്ങളില്‍ ഏഴ് പേര്‍ ഈ രീതിയിലുള്ളവരായിരിക്കും. കമ്മിഷനില്‍ എസ്.സി/എസ്.ടി/സ്ത്രീകള്‍/പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ഒരു പ്രാതിനിധ്യവും നല്‍കുന്നില്ല. ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കാരങ്ങള്‍ എല്ലാ വിഭാഗങ്ങളുടേയും ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കേണ്ട ഒന്നാണ്. ഇതിനു വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഒരു ഘടകമാണ്. യു.ജി.സിയില്‍ ഉദ്യോഗസ്ഥ പ്രാതിനിധ്യം ഒരിക്കലും കമ്മിഷന്‍ അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിലും കൂടിയിരുന്നില്ല. 

70 ശതമാനം യൂണിവേഴ്സിറ്റികളും 90 ശതമാനം കോളേജുകളും സംസ്ഥാനതലത്തിലാണ്. എന്നാല്‍, സംസ്ഥാനങ്ങള്‍ക്ക് നയരൂപീകരണത്തില്‍ പങ്കാളിത്തമില്ല. കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള ഉപദേശക സമിതിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്/വൈസ് ചെയര്‍മാന് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. എന്നാല്‍, പല സംസ്ഥാനങ്ങളിലും നിയമപരമായി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നിലവിലില്ല. കേരളം, തമിഴ്നാട്, ആന്ധ്രാ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ആക്ടിലൂടെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ചിട്ടുള്ളത്. റൂസ്സാ ഫണ്ട് ലഭിക്കാന്‍ വേണ്ടി പല സംസ്ഥാനങ്ങളും ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിക്കാനുള്ള തിരക്കിലാണ്.
ഉന്നത വിദ്യാഭ്യാസരംഗത്ത് പല ചോദ്യങ്ങളും കമ്മിഷന്റെ ഡ്രാഫ്റ്റ് ബില്ല് പ്രസിദ്ധീകരിച്ചശേഷവും അവശേഷിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ രണ്ട് ശതമാനം മാറ്റിവെയ്ക്കുക, സര്‍വ്വകലാശാലകളെ ശാസ്ത്ര-സാങ്കേതിക ഗവേഷണത്തിന്റെ ഉറവിടമാക്കുക, സാമൂഹ്യശാസ്ത്രം, മാനവിക വിഷയങ്ങള്‍ എന്നിവയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പാവപ്പെട്ട മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്ന ഫീസും ഇഷ്ടമുള്ള കോഴ്സുകളും തെരഞ്ഞെടുക്കാന്‍ കഴിയുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, അദ്ധ്യാപക ഒഴിവുകള്‍ നികത്തുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉത്തരമില്ലാതെ തുടരുന്നു.
യു.ജി.സിയുടെ അറുപത്തഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പല വിമര്‍ശനങ്ങളുമുണ്ട്. എന്നാല്‍, യു.ജി.സിക്ക് പകരമായി ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുള്ള ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍ ആദ്യ നിരീക്ഷണത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ല എന്നത് മാത്രമല്ല, ഈ രംഗത്ത് കൂടുതല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കും ഇടപെടലുകള്‍ക്കും വഴിയൊരുക്കുകയും ചെയ്യും. സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങും പ്രകടന സൂചികകളും അടിസ്ഥാനമാക്കി മാനവ വിഭവശേഷി മന്ത്രാലയം ധനസഹായം നല്‍കുന്നതോടുകൂടി സാമൂഹ്യനീതിയുടേയും സമത്വത്തിന്റേയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ കൂടുതല്‍ പിന്‍തള്ളപ്പെടും. സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം നല്‍കുമെന്ന് നടിക്കുമ്പോള്‍ത്തന്നെ കൂടുതല്‍ കേന്ദ്രീകരണ സ്വഭാവമുള്ള നിയമ നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. യു.ജി.സിയുടെ 320-ഓളം അക്കാദമിക കമ്മിറ്റികളില്‍ (കുറഞ്ഞത് പത്ത് വീതം അക്കാദമിക വിദഗ്ദ്ധര്‍ ഉള്ളവ) ഉന്നത വിദ്യാഭ്യാസത്തിന്റെ അക്കാദമികവും വികസനപരവുമായ കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സ്ഥാനത്താണ് ചെയര്‍മാനും വൈസ് ചെയര്‍മാനും ഉള്‍പ്പെടെ കേവലം 14 പേര്‍ക്ക് വിജ്ഞാന സമ്പദ്ഘടനയ്ക്ക് അനുഗുണമായി ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസം വികസിപ്പിക്കാനുള്ള ചുമതല ലഭിക്കുക. സാങ്കേതികവിദ്യയിലും കമ്പോളത്തിന്റെ യുക്തിയിലും അമിതമായി ഊന്നല്‍ നല്‍കുന്ന ഒരു വിദ്യാഭ്യാസ വികസന പദ്ധതിക്ക് ആക്കം കൂട്ടാനാണ് കേന്ദ്രം പുറപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com