വിപണിയുടെ ദൈവത്തെയാണ് സഭകള്‍ ആരാധിക്കുന്നത്

By ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് /സതീശ് സൂര്യന്‍  |   Published: 02nd August 2018 02:40 PM  |  

Last Updated: 02nd August 2018 03:19 PM  |   A+A-   |  

 


പ്രവാചകശബ്ദത്തെ പിന്‍പറ്റുകയെന്നതാണ് യഥാര്‍ത്ഥ പുരോഹിത ദൗത്യം എന്നുറച്ചു വിശ്വസിക്കുന്ന നമ്മുടെ ചുരുക്കം ചില   ക്രൈസ്തവ പുരോഹിതരില്‍ ആദ്യ പേരുകാരനാണ് യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്.   പുരോഗമനപരമായ മാനവിക ആശയങ്ങളുടെ പ്രചാരകനും പ്രയോക്താവുമാകുകയാണ്   പൗരോഹിത്യത്തിന്റെ ദൗത്യം എന്നു ബോധ്യമുള്ളയാള്‍.  പച്ചവെള്ളംപോലെ വിരസമായ ദരിദ്രജീവിതങ്ങളെ മുന്തിരിച്ചാറുപോലെ ലോകത്തിലും ദൈവത്തിലുമുള്ള വിശ്വാസത്താല്‍ ശോണിമയുള്ളതാക്കുകയും  നാവറ്റുപോയ  മൂകലക്ഷങ്ങള്‍ക്ക് നാവുനല്‍കുകയും അവരെ ലാസറിനെപ്പോലെ പ്രതീക്ഷയിലേക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയുമാണ് യഥാര്‍ത്ഥ പുരോഹിതന്റെ കടമയെന്നു വിശ്വസിക്കുകയും  അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാള്‍. ഒരുകാലത്ത് നമ്മുടെ സാമൂഹ്യാന്തരീക്ഷത്തിലും സംവാദമണ്ഡലത്തിലും നിറഞ്ഞുനിന്ന വിമോചന ദൈവശാസ്ത്രാശയങ്ങള്‍ പിന്‍പറ്റുന്നവരില്‍ ഇന്നത്തെ കാലത്ത് ഒരുപക്ഷേ, വളരെ പ്രധാനപ്പെട്ട പേര് കൂറിലോസിന്റേതായിരിക്കും. നവലിബറല്‍ സാമ്പത്തിക ക്രമത്തിനിരയായി അതിനെതിരെ പോരാടുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെങ്ങറയടക്കമുള്ള ഭൂരഹിതരായ ദളിതരുടെ സമരഭൂമികളില്‍ ആവേശകരമായ സാന്നിധ്യവുമാണ് അദ്ദേഹം. ബ്രാഹ്മണാധിപത്യത്തിന്റെ ദുസ്സൂചനകള്‍ നല്‍കുന്നതാണ്  'തിരുമേനി' എന്ന അഭിസംബോധന എന്നതിനാല്‍ത്തന്നെ അങ്ങനെ വിളിക്കരുതെന്നും ആ നിലപാട് ഇന്ത്യയിലെ ജാതിഹിന്ദുവിന്റേയും ഹിന്ദുത്വയുടേയും ആധിപത്യകാലത്ത് പരമപ്രധാനമാണെന്നും വിളിച്ചുപറഞ്ഞയാളാണ്  ഡോ. കൂറിലോസ്.

കാലഘട്ടം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പരിസ്ഥിതിയേയും സഭകള്‍ നേരിടുന്ന മൂല്യശോഷണത്തെക്കുറിച്ചുമൊക്കെ  അദ്ദേഹം വിശദമായി സംസാരിച്ചു. 

അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞ സാമൂഹിക സന്ദര്‍ഭത്തിലാണ് നമ്മളിപ്പോള്‍. നവലിബറല്‍ കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം മാത്രമല്ല, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മിക്കവാറും വാണിജ്യം എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായി നമ്മുടെ സകല വിനിമയങ്ങളും. ഈയൊരു സന്ദര്‍ഭത്തില്‍ ഒരു പുരോഹിതന് എന്താണ് ചെയ്യാനുള്ളത്? 

ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ഒരു പുരോഹിതന്റെ ചുമതലകള്‍ പ്രധാനമായും രണ്ടാണ്. ഒരു സഭാപിതാവ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: പുരോഹിതന്‍ കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുമ്പോള്‍ ദൈവത്തോട് ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. പടിഞ്ഞാറോട്ട് ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പുരോഹിതന്‍ പ്രവാചകനാണ്. പ്രവാചകന്റെ പ്രധാന ദൗത്യം സത്യം പറയുക. സ്പീക്ക് ട്രൂത്ത് ടു ദ പവേഴ്സ്. അധികാര ശക്തികളോട് സത്യം പറയുകയെന്നതാണ്. എന്നാല്‍, ഇന്ന് പൗരോഹിത്യത്തിനു പറ്റിയിരിക്കുന്നതിതാണ്. കിഴക്കോട്ടു നില്‍ക്കുമ്പോള്‍ അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ടാകാം. എന്നാല്‍, പടിഞ്ഞാറോട്ടു നില്‍ക്കുമ്പോള്‍, ജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ പുരോഹിതന്‍ പ്രവാചകനാകുന്നില്ല. പ്രവാചകദൗത്യത്തിലാണ് അവര്‍ പരാജയപ്പെടുന്നത്. അവര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. നിശ്ചയം. അത് യാന്ത്രികമാകാം. അല്ലാതെയാകാം. പുരോഹിതന്റെ ഒരു വശത്തില്‍ മാത്രമേ അല്ലെങ്കില്‍ ദൈവവും പുരോഹിതനും തമ്മിലുള്ള ബന്ധത്തില്‍ മാത്രമേ ശ്രദ്ധയുണ്ടാകുന്നുള്ളൂ. പുരോഹിതനും ജനങ്ങളും തമ്മിലുള്ള ബന്ധത്തില്‍, പുരോഹിതനില്‍നിന്നു ജനം പ്രതീക്ഷിക്കുന്ന പ്രവാചകദൗത്യം നിറവേറപ്പെടുന്നില്ല. സത്യം പറയാനും നീതി പ്രവര്‍ത്തിക്കാനുമുള്ള ആ ദൗത്യത്തിലാണ് പൗരോഹിത്യം പരാജയപ്പെടുന്നത് എന്നാണ് എന്റെ തോന്നല്‍. നിയോലിബറല്‍ കാലഘട്ടത്തില്‍ സത്യം പറയുകയെന്നാല്‍, ഈ പുതിയ മാര്‍ക്കറ്റിന്റെ, ചന്തയുടെ, വിപണിയുടെ ഒരു ദൈവശാസ്ത്രമുണ്ട്. അതിനെ ദൈവശാസ്ത്രമെന്നു തന്നെയാണ് ഞാന്‍ വിളിക്കുന്നത്. ഞങ്ങള്‍ വിശ്വസിക്കുന്ന സത്യത്തിന്റെ, നീതിയുടെ ദൈവത്തെ മാര്‍ക്കറ്റിന്റെ ഒരു ദൈവശാസ്ത്രം വേറൊരു ദൈവത്തെ കൊണ്ട് പകരം വെച്ചിരിക്കുന്നു. ആ ദൈവത്തെ മാമോന്‍ എന്നാണ് ബൈബിള്‍ വിളിക്കുന്നത്. പണമെന്ന, മാമോനെന്ന ദൈവത്തെ എന്റെ വലിയ സ്വാധീനമായ കാപ്പനച്ചന്‍ അദൈവം (unGod) എന്നാണ് വിളിക്കുന്നത്. അത് അദ്ദേഹം കോയിന്‍ ചെയ്ത ഒരു വാക്കാണിതെന്നു തോന്നുന്നു. ഇന്ത്യയില്‍ ലിബറേഷന്‍ തിയോളജിക്ക് ഒരു ഹരിതമുഖം നല്‍കുന്നതില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയ ആളാണ് ഫാ. എസ്. കാപ്പന്‍. അദൈവം എന്നാല്‍ ഒരുതരത്തിലുള്ള വിഗ്രഹാരാധനയാണ്. വേദപുസ്തകം മുന്നോട്ടുവെയ്ക്കുന്ന സത്യത്തിന്റേയും നീതിയുടേയും ദൈവത്തിനു പകരം പണമെന്ന ദൈവത്തെയാണ് ഇന്ന് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇത് പുതിയ ഒരുതരം വിഗ്രഹാരാധനയാണ്. അദൈവമെന്ന സങ്കല്പത്തിനാണ് സഭകളില്‍ ഇന്ന് പ്രാധാന്യം കൈവന്നിരിക്കുന്നത്. പണത്തെ കേന്ദ്രീകരിച്ചുള്ള ഒരാരാധനയും ദൈവത്തിനു പകരം പണത്തെ ആരാധിക്കുകയും ദൈവാരാധനയ്ക്കു പകരം പണത്തെ ഉപാസിക്കുകയും ചെയ്യുന്ന ദാരുണമായ അവസ്ഥയാണ് ഇന്ന് സഭകളിലുള്ളത്. നിയോലിബറല്‍ സാമൂഹ്യ-സാമ്പത്തികാവസ്ഥ ലോകത്തെയാകമാനം സ്വാധീനിക്കുന്നുവെന്നതുപോലെ സഭകളിലും വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അത് പൗരോഹിത്യത്തേയും ഗ്രസിച്ചിരിക്കുന്നു അതുകൊണ്ടാണ് സഭകളിന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ വികസനത്തെക്കുറിച്ച് സംസാരിക്കുന്നതു പോലെ സംസാരിക്കുന്നത്. സഭയുടെ വളര്‍ച്ചയെന്നാല്‍ കെട്ടിടങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനയാണെന്നും സ്ഥാപനങ്ങളുടെ വളര്‍ച്ചയാണെന്നും സ്ഥാപനങ്ങളില്‍ പണം കുമിഞ്ഞു കൂടുന്നതാണെന്നുമൊക്കെയുള്ള വികലമായ ചിന്ത സഭാനേതൃത്വങ്ങള്‍ക്കുവരെ ഉണ്ട്. അതിന്റെ ഭാഗമായി സ്വജനപക്ഷപാതവും അഴിമതിയും ക്രമക്കേടുകളുമൊക്കെ സഭകളുടേയും ഭാഗമായിത്തീര്‍ന്നിരിക്കുന്നു. ഇതൊന്നും പുതിയ കാര്യമല്ല. പണ്ടുമുണ്ട്. എന്നാല്‍, അതിന് ഇന്ന് പുതിയ മുതലാളിത്തത്തിന്റെ മുഖം ഉണ്ടെന്നുള്ളതാണ് വ്യത്യാസം.

ഈ സന്ദര്‍ഭത്തിലാണ് ക്രിസ്തുവിന്റെ പൗരോഹിത്യത്തിലേക്ക് നാം മടങ്ങണമെന്ന ചിന്ത ശക്തിപ്പെടേണ്ടത്. ക്രിസ്തുവിനെപ്പോലെ ചാട്ടവാറെടുത്ത് ശുദ്ധികലശം നടത്തേണ്ട കാലമാണിത്. അത് സംഭവിക്കുന്നില്ല. എന്നാല്‍, ചില അപവാദങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. കാത്തലിക് സഭയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ യേശുക്രിസ്തു കാണിച്ചുതന്ന മാതൃകയില്‍ പൗരോഹിത്യത്തെ മുന്നോട്ടു കൊണ്ടുപോകാനാഗ്രഹിക്കുന്ന ഒരു സഭാനേതാവാണ്. മാര്‍പ്പാപ്പയെപ്പോലെ വിരലിലെണ്ണാവുന്നവര്‍ എല്ലാ സഭകളിലും കാണും. എന്നാല്‍, സാമാന്യവല്‍ക്കരിച്ചു പറഞ്ഞാല്‍ മുതലാളിത്തവും നവലിബറലിസവും കൊണ്ടുവന്ന പുതിയൊരു സാമ്പത്തികക്രമത്തിന് പൗരോഹിത്യം അടിപ്പെട്ടിരിക്കുന്നു. 

ഇങ്ങനെയൊരു പരിതസ്ഥിതിയില്‍ ഒരു മതമെന്ന നിലയില്‍ ക്രിസ്ത്യാനിറ്റിക്ക് എങ്ങനെ അതിജീവിക്കാനാകും? ഒരുപക്ഷേ, ക്രിസ്ത്യാനിറ്റി മുന്നോട്ടുവെച്ച ആത്മീയത നിലനിന്നേക്കാം. അതേസമയം ഒരു സ്ഥാപനമെന്ന നിലയില്‍ ആ മതത്തിന് നിലനില്‍ക്കാനാകുമോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്പിലൊക്കെ സംഭവിച്ചതുപോലെ മതത്തില്‍നിന്ന് അകലുകയും ആത്മീയതയെ ഒരുപരിധിവരെ നിലനിര്‍ത്തുകയും ചെയ്യുന്ന അവസ്ഥ ഇവിടെയും ഉണ്ടാകുമോ?
ന്യായമായ ഒരു ചോദ്യമാണത്. തീര്‍ച്ചയായും സഭയെന്ന സ്ഥാപനം നിലനില്‍ക്കും. കൂടുതല്‍ കൂടുതല്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ സഭ. ഇന്ന് സഭയുടെ വളര്‍ച്ച എന്ന ചിന്ത കേന്ദ്രീകരിക്കുന്നത് ഒരു സഭയ്ക്ക് എത്ര സ്ഥാപനങ്ങളുണ്ട്, കോളേജുകളുണ്ട്, ആശുപത്രികളുണ്ട് എന്നതിലൊക്കെയാണ്. സ്ഥാപനങ്ങള്‍ വേണമെന്നത് ഒരു നല്ല ചിന്തയായിരുന്നു ഒരുകാലത്ത്. മിഷണറിമാരുടെ കാലത്ത് പള്ളികളാണ് പള്ളിക്കൂടങ്ങളും ആതുരാലയങ്ങളുമൊക്കെ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. അന്നതിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. വിദ്യാഭ്യാസം സാമാന്യ ജനതയ്ക്ക് അപ്രാപ്യമായിരുന്ന ഒരുകാലത്ത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം കൊടുക്കാനായിട്ടായിരുന്നു അന്ന് പള്ളിക്കൂടങ്ങളുണ്ടാക്കിയത്. ആരോഗ്യരംഗത്ത് ചികിത്സാസഹായം കിട്ടാന്‍ സാധ്യതയില്ലാത്തവര്‍ക്ക് അതെത്തിക്കാനായിരുന്നു മിഷന്‍ ആശുപത്രികള്‍ ആരംഭിച്ചത്. എന്നാല്‍, ഈ നവസാമ്പത്തികക്രമത്തിന്റെ സ്വാധീനംകൊണ്ട് നമ്മുടെ പരിഗണനകള്‍ മാറിയിരിക്കുന്നു. ഇന്നു പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കുമൊക്കെ വിദ്യാഭ്യാസവും വൈദ്യസഹായവും നല്‍കുന്നതിനുവേണ്ടിയല്ല സ്‌കൂളുകളും ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമൊക്കെ തുടങ്ങുന്നത്. ഈ സ്ഥാപനങ്ങളുടെയെല്ലാം പിറകില്‍ പണമുണ്ടാക്കുക എന്ന അവിശുദ്ധ ലക്ഷ്യം ഉണ്ട്. അക്കാര്യത്തില്‍ ഇന്നു സഭകള്‍ തമ്മില്‍ മത്സരിക്കുകയാണ്. എം.ബി.ബി.എസിന് 100 സീറ്റുണ്ടെങ്കില്‍ നൂറു കോടിയോ 50 കോടിയോ ഒക്കെ എളുപ്പത്തിലുണ്ടാക്കാമെന്ന ചിന്തയാണ് ഈ സ്ഥാപനങ്ങളുണ്ടാക്കുന്നവരെ നയിക്കുന്നത്. തീര്‍ച്ചയായും അത്തരം സ്ഥാപനങ്ങളുള്ളതുകൊണ്ട് സഭ നിലനില്‍ക്കും. സഭയെന്ന സ്ഥാപനം നിലനില്‍ക്കും. എന്നാല്‍, സഭയെന്ന സ്ഥാപനമല്ല, ക്രിസ്തു സ്ഥാപിച്ച ജനമുന്നേറ്റം കൈയൊഴിയപ്പെടും. അധികാരവര്‍ഗ്ഗത്തിനെതിരെ, പൗരോഹിത്യ ദുഷ്പ്രവണതകള്‍ക്കെതിരെ, (റോമന്‍) സാമ്രാജ്യത്വത്തിനെതിരെയൊക്കെ ക്രിസ്തു തുടക്കമിട്ട ജനമുന്നേറ്റമാണ് സഭ. ആ രീതിയില്‍ അതിനി നിലനില്‍ക്കുമോ എന്നെനിക്ക് ആശങ്കയുണ്ട്. വേദപുസ്തകത്തിന്റെ ഭാഷയില്‍ ലോകത്തിനു വെളിച്ചമായി ഭൂമിയുടെ ഉപ്പായിട്ടും നില്‍ക്കാനാണ് സഭയുടെ വിളി. ആ അര്‍ത്ഥത്തില്‍ സഭയെ ഇന്നിവിടെ എവിടെയങ്കിലും കാണാനുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാ എന്നുതന്നെ ഉത്തരം പറയേണ്ടിവരും. മറിച്ച് വലിയൊരു കോര്‍പ്പറേറ്റ് സ്ഥാപനമെന്ന നിലയില്‍ സഭ വളരുകയാണ്. പക്ഷേ, അതു ക്രിസ്തുവിന്റെ സഭയല്ലെന്നുതന്നെ പറയേണ്ടിവരും. 

സഭകളുമായി ബന്ധപ്പെട്ട് ഒരുപാടു വിവാദങ്ങളുണ്ടാകുന്നു. ഭൂമി വിവാദം, ലൈംഗിക പീഡനം തുടങ്ങി ഒട്ടനവധി വിവാദങ്ങള്‍ ഇന്നു മാധ്യമങ്ങളില്‍ നിറയുന്നു. ക്രൈസ്തവദൗത്യത്തില്‍നിന്നു സഭകള്‍ അകലുകയാണെന്ന പ്രതീതി സംജാതമായിരിക്കുന്നു. ഇത് ബോധപൂര്‍വ്വം ആരെങ്കിലും സൃഷ്ടിക്കുന്നതാണെന്നു വിചാരിക്കാന്‍ കഴിയുമോ? നേരത്തെ ചൂണ്ടിക്കാണിച്ച സ്ഥാപനവല്‍ക്കരണം തന്നെയല്ലേ സഭകളെ ഈ അവസ്ഥയിലെത്തിക്കുന്നത്? 
വിവാദങ്ങള്‍ സഭകളെ ചുറ്റിപ്പറ്റി എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഇന്നതിന് ഒരു ആധുനിക മുഖം കൈവന്നിരിക്കുന്നു. അപ്പോള്‍ ആദ്യം സൂചിപ്പിച്ച കാര്യങ്ങളിലേക്കുതന്നെ തിരിച്ചുവരേണ്ടിവരും. ഇന്നു മാധ്യമ സ്വാധീനവും അവയുടെ റീച്ചും വര്‍ദ്ധിച്ചിട്ടുണ്ട്. മാധ്യമ ജാഗ്രത മൂലം പഴയകാലത്തെക്കാള്‍ ഇന്നു കൂടുതല്‍ ഇത്തരം കാര്യങ്ങള്‍ പുറത്തേയ്ക്കു വരുന്നു. ചര്‍ച്ച ചെയ്യപ്പെടുന്നു. അപ്പോഴാണ് തിരുത്തലുകളെക്കുറിച്ച് ആലോചിക്കാന്‍ സാധിക്കുന്നത്. മാധ്യമവല്‍ക്കരണത്തിന്റെ ഒരു നല്ല വശമാണത്. സാധ്യതയാണത്. അതുകൊണ്ട് അത് പുറത്തുവരുന്നു. കറക്ടീവ് മെഷേഴ്സിനെക്കുറിച്ച് ആലോചിക്കുന്നു. ഇതു എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നു ചോദിച്ചാല്‍ കമ്പോളവല്‍ക്കരണത്തെത്തന്നെ ചൂണ്ടിക്കാണിക്കേണ്ടി വരും ഉത്തരമായി. കമ്പോളവ്യവസ്ഥിതിയുടേയും ഉപഭോഗസംസ്‌കാരത്തിന്റേയും സ്വാധീനം സഭയിലുണ്ട്. ഉപഭോഗം എന്ന വാക്കില്‍ത്തന്നെയുണ്ടല്ലോ ഭോഗവും. ശരീരത്തിന്റെ എല്ലാത്തരം പ്ലെഷറുകളും ആ വാക്കു് ഉള്‍ക്കൊള്ളുന്നുണ്ട്. കമ്പോള മുതലാളിത്ത വ്യവസ്ഥിതിയുടെ എല്ലാ മൂല്യങ്ങളും മൂല്യമില്ലായ്മയും സഭയേയും പൗരോഹിത്യത്തേയും സ്വാധീനിച്ചു കഴിഞ്ഞുവെന്നതിന്റെ സൂചനകളാണ് നമ്മളിവിടെ കാണുന്നത്. നവമുതലാളിത്ത ശക്തികളുടെ ശക്തി വര്‍ദ്ധിച്ചുവരുന്ന കാലത്ത് ഒരു ബദല്‍ശക്തിയായി സഭ വിളങ്ങേണ്ട കാലത്താണ് അതിന്റെ ഭാഗമായിത്തന്നെ, അതിന്റെ എല്ലാവിധ മൂല്യത്തകര്‍ച്ചയുടെ ഭാഗമായി സഭ മാറുന്നത്. ഇതിന് ഒരു മാറ്റം വരണമെങ്കില്‍ നവമുതലാളിത്തത്തിന്റെ പിടിയില്‍നിന്ന് സഭ വിമോചനം പ്രാപിക്കേണ്ടിയിരിക്കുന്നു. ഒരു മുതലാളിത്ത ലോകക്രമത്തിന്റെ ശ്ലഥങ്ങളാണ് ഇപ്പോള്‍ കാണുന്നത്. സമൂഹത്തിലും സഭയിലുമൊക്കെ അതു കാണുന്നു. ഇതിനെതിരെ സഭയില്‍ മാത്രമായി ഒരു ചലനം സാധ്യമല്ല. സമൂഹത്തില്‍ സമഗ്രമായ മാറ്റം ഉണ്ടാകണം. ലോകത്തിന്റെ വെളിച്ചമാകാനും ഭൂമിയുടെ ഉപ്പാകാനും വിളിക്കപ്പെട്ടിരിക്കുന്ന ഒരു സഭയ്ക്ക് സദാചാരമൂല്യത്തകര്‍ച്ചയുടേയുമൊക്കെ ഒരു ലോകത്ത് ഒരു ബദല്‍ സംസ്‌കാരം ഉണ്ടാക്കിക്കൊടുക്കാനുള്ള ദൗത്യം ഉണ്ടെന്നോര്‍ക്കാതെ ഒഴുക്കിന്റെ കൂടെ നീന്തുകയെന്ന പ്രവൃത്തിയാണ് സഭ ഇപ്പോള്‍ ചെയ്യുന്നത്. ഒഴുക്കിനെതിരെ നീന്തി സ്വയം ഒരു മാതൃകയാകാന്‍ പൗരോഹിത്യത്തിനു കഴിയണം. അതിനുള്ള ആര്‍ജ്ജവവും ഉള്‍ക്കാഴ്ചയും ദര്‍ശനവും പൗരോഹിത്യത്തിനുണ്ടാകണം. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ സ്വാധീനത്താല്‍ പണത്തെ ആരാധിക്കുന്ന ഈ അവസ്ഥയെ മറികടന്ന്, ഈ വിഗ്രഹാരാധനയെ മറികടന്നുവന്നാല്‍ മാത്രമേ ലോകത്തിനു വെളിച്ചമായിത്തീരാന്‍ സഭയ്ക്ക് സാധിക്കയുള്ളൂ.

ഒരുകാലത്ത് വിശ്വാസി സമൂഹത്തിനിടയില്‍ ലിബറേഷന്‍ തിയോളജി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മതത്തിന്റെ വിമോചനമൂല്യങ്ങളിലൂന്നിയ രാഷ്ട്രീയമായിരുന്നു അതിനുണ്ടായിരുന്നത്. എന്നാല്‍, ഇന്നു സ്ഥിതി മാറി. ലിബറേഷന്‍ തിയോളജിയെ അടിസ്ഥാനപ്പെടുത്തിയ സംഘങ്ങള്‍ക്കു പകരം പ്യൂരിറ്റന്‍ നിലപാടുകളുള്ള പുതുസംഘങ്ങളുണ്ടാകുന്നു. അത്തരം നിലപാടുകളുള്ള ന്യൂജനറേഷന്‍ ചര്‍ച്ചുകള്‍ മുളച്ചുപൊന്തുന്നു. സഭകളിലുണ്ടാകുന്ന ജീര്‍ണ്ണതകളില്‍നിന്നു മുതലെടുക്കുന്നത് പുറത്തുനിന്നും മറ്റുമെത്തുന്ന സാമ്പത്തിക സഹായത്തെ ആശ്രയിച്ചു നില്‍ക്കുന്ന ഇത്തരം സംഘങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ലിബറേഷന്‍ തിയോളജിക്ക് പ്രാമുഖ്യം വര്‍ധിക്കേണ്ടത് മുതലാളിത്ത മൂര്‍ച്ഛയുടെ ഈ കാലത്തല്ലേ? ആ ചിന്താധാരയെ നമ്മുടെ സംവാദമണ്ഡലത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതല്ലേ?
ലിബറേഷന്‍ തിയോളജിയെ നമുക്ക് ഏകശിലാരൂപത്തില്‍ കാണാനൊക്കുകയില്ല. 1970-കളില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും 1980-1990-കളില്‍ ഇന്ത്യയിലും വലിയ സ്വാധീനമുണ്ടാക്കുകയും ചെയ്ത ആശയസംഹിതയാണത്. തുടക്കത്തില്‍. മാര്‍ക്‌സിസ്റ്റ് സാമൂഹ്യവിശകലനോപാധി വഴിയാണ് ഒരു പ്രത്യേക തരംഗം ഉണ്ടാകുന്നത്. അതിനോട് അനുരൂപപ്പെട്ടുനിന്നുകൊണ്ട് ഇന്ത്യയിലും കേരളത്തിലും ധാരാളം ക്രിസ്ത്യന്‍ സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പുകളുണ്ടായി. ഡൈനാമിക് ആക്ഷന്‍ പോലെയുള്ള, മത്സ്യത്തൊഴിലാളികളുടെ ഇടയിലുള്ള ഫാ. അലോഷ്യസിന്റേയും സിസ്റ്റര്‍ ആലീസിന്റേയുമൊക്കെ നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ അങ്ങനെ. ഇതിനു ദാര്‍ശനികമായ അടിത്തറ നല്‍കുന്നത് ഫാ. കാപ്പനും എം.എം. തോമസും പൗലോസ് മാര്‍ ഗ്രിഗോറിയോസും പൗലോസ് മാര്‍ പൗലോസുമൊക്കെയാണ്. എന്നാല്‍, കാലം മുന്നേറിയപ്പോള്‍ ലിബറേഷന്‍ തിയോളജിക്ക് അതിന്റെ സൈദ്ധാന്തിക പരിസരം വികസിപ്പിക്കേണ്ടിവരുന്നതായി നാം കാണുന്നു.

പൗലോസ് മാര്‍ ഗ്രിഗോറിയോസ്

ഉദാഹരണത്തിന് ദളിത് ലിബറേഷന്‍ തിയോളജി, ട്രൈബല്‍ ലിബറേഷന്‍ തിയോളജി എന്നൊക്കെ. മാര്‍ക്‌സിസ്റ്റ് വിശകലനത്തിനു പരിമിതികളുണ്ടെന്ന ബോധ്യത്തില്‍നിന്നാണ് അങ്ങനെ വികസിപ്പിക്കേണ്ടിവരുന്നത്. മാര്‍ക്‌സിസ്റ്റ് വിശകലനം മിക്കപ്പോഴും സാമ്പത്തിക മാത്രമാകുന്നു. അത് കള്‍ച്ചറലാകുന്നില്ല. ഇന്ത്യയിലെ ചില സവിശേഷ സാമൂഹ്യ സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാന്‍ അത് പര്യാപ്തമാകാതെ വരുന്നു. ഉദാഹരണത്തിന് ഇന്ത്യയിലെ ജാതീയത എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുമ്പോള്‍ അത് സാമൂഹ്യനീതിയെന്ന തത്ത്വത്തെ മുന്നോട്ടുവെയ്ക്കാന്‍ പര്യാപ്തമാകാതെ വരുന്നു. ലിംഗാസമത്വം എന്ന പ്രശ്‌നം തുടങ്ങിയവയിലൊക്കെ ഈ ക്ലാസ്സ് കാറ്റഗറി എന്നത് അപര്യാപ്തമാണെന്നു വരുമ്പോഴാണ് പുതിയ ചില വിശകലനരീതികളെക്കുറിച്ച് ആലോചിക്കേണ്ടിവരുന്നത്.

പൗലോസ് മാര്‍ പൗലോസ്

അങ്ങനെ വിമോചനദൈവശാസ്ത്രത്തിനു കീഴാളരൂപങ്ങളുണ്ടായി. സബാള്‍ട്ടേണ്‍ വേര്‍ഷന്‍സ് ഓഫ് ലിബറേഷന്‍ തിയോളജി. അതിന്ന് ശക്തമാണ്. ആദ്യകാലത്ത് എ.പി നിര്‍മലും -അദ്ദേഹമാണ് ഫാദര്‍ ഓഫ് ദളിത് ലിബറേഷന്‍ തിയോളജി എന്നു വിളിക്കപ്പെടുന്നയാള്‍- എബ്രഹാം മൈലൂക്കുഴി അച്ചന്‍, ബിഷപ്പ് ദേവസഹായം, ബിഷപ്പ് അസരിയ, കേരളത്തിലുള്ള മാര്‍ത്തോമസഭയിലെ വൈ.ടി. വിനയരാജ് അച്ചന്‍... അങ്ങനെ ധാരാളം പേര്‍. ഇവരാരും ക്ലാസ്സ് എന്നതിനെ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. അതേസമയം അംബേദ്കറെ കൂടുതലായി ഇന്ത്യയിലെ ജാതിപ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്നു എന്നുമാത്രം. അമേരിക്കയില്‍ ബ്ലാക് തിയോളജി ഉണ്ടായിരുന്നതുപോലെ. ട്രൈബല്‍സിന്റെ ഇടയിലുള്ള ഇഷ്യൂസ് അഡ്രസ്സ് ചെയ്യാന്‍ ഒരു ട്രൈബല്‍ തിയോളജിയും ഉണ്ടാകുന്നു. പ്രത്യേകിച്ചും അവരുടെ ഭൂമിയുമായുളള ബന്ധവും മറ്റും. അത്തരമൊരു സന്ദര്‍ഭത്തിലാണ് ഇക്കോളജിക്കലായ ഒരു വിമോചനദൈവശാസ്ത്രത്തെക്കുറിച്ചുള്ള ചിന്ത ഉണ്ടാകുന്നത്. അപ്പോഴാണ് മനുഷ്യന്റെ വിമോചനവും പ്രകൃതിയുടെ വിമോചനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആലോചന ഉണ്ടാകുന്നത്. അതുവരെ ഈ ദൈവശാസ്ത്രത്തിന് ഒരു ഇക്കോളജിക്കല്‍ മുഖം ഉണ്ടായിരുന്നില്ല. പരിസ്ഥിതിപ്രശ്‌നമൊക്കെ പാശ്ചാത്യമാണ്. അതേക്കുറിച്ച് ചിന്തിക്കുന്നതൊക്കെ എലിറ്റിസ്റ്റ് ഏര്‍പ്പാടാണ് എന്നൊക്കെയായിരുന്നു ധാരണ. എന്നാല്‍, എനിക്ക് കാപ്പനച്ചന്റെയൊക്കെ സ്വാധീനമുള്ളതുകൊണ്ട് 1990-കളുടെ തുടക്കം മുതലേ പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ വിമോചനദൈവശാസ്ത്രത്തിനു മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ധാരണ ഉണ്ടായിരുന്നു. 

ഫാ എസ് കാപ്പന്‍

എന്താണ് ക്രിസ്തുവിന്റെ പാരിസ്ഥിതിക ദര്‍ശനം? എന്താണ് ഇതു സംബന്ധിച്ച ക്രൈസ്തവ വീക്ഷണം?
വേദപുസ്തകത്തിലുടനീളം ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെ ഒരു പാരിസ്ഥിതിക-ഹരിതദര്‍ശനം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ആദിയില്‍ ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്. എന്നാല്‍, മനുഷ്യനും മുന്‍പേ പ്രകൃതിയെ സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യനെ ഏറ്റവുമൊടുവിലാണ് സൃഷ്ടിക്കുന്നത്. മനുഷ്യനാണ് സൃഷ്ടിയുടെ മകുടമെന്ന അബദ്ധധാരണ മോഡേണിസത്തെപ്പോലെ ക്ലാസ്സിക്കല്‍ തിയോളജിയും മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു സങ്കല്പമല്ല വേദപുസ്തകം പറയുന്നത്. പ്രത്യേകിച്ച് പഴയനിയമം. അതില്‍ പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം കാണാം. ഒരുതരം ഇന്റര്‍റിലേറ്റഡ്നെസ്. വെള്ളത്തിന്റെ മേല്‍ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിലാണ് പരിവര്‍ത്തിക്കുന്നത്. വെള്ളം എന്നാല്‍ സൃഷ്ടിയാണ്. സൃഷ്ടിയില്‍ ദൈവത്തെ കാണുന്ന ഒരു ചിന്തയാണത്. പാന്‍ എന്‍തീയിസം എന്നു പറയും. മനുഷ്യനും പ്രകൃതിയും വേറെ വേറെയാണ്, പുരുഷനും സ്ത്രീയും മനുഷ്യനും ദൈവവും വേറെവേറെയാണ് ഇതാണ് ഡ്യുവലിസം. ഇതിനു വിരുദ്ധമായ ഒരു ചിന്തയാണ് എബ്രായരുടെ വേദപുസ്തകം മുന്നോട്ടുവെയ്ക്കുന്നത്. അതു പിന്നെ ശക്തമാകുന്നത് പുതിയ നിയമത്തിലാണ്. ഗ്രീക്ക് ചിന്തയുടെ സ്വാധീനത്തിലാണ് ഡ്യുവലിസം ശക്തിപ്പെടുന്നത്. ശരീരം-ആത്മാവ്; ദൈവം-മനുഷ്യന്‍; പുരുഷന്‍-സ്ത്രീ എന്നിങ്ങനെ. 

ഡോ എംഎം തോമസ്

പലപ്പോഴും സെമിറ്റിക് മതങ്ങള്‍ ഉണ്ടായ പ്രകൃതി പരിസരം മുന്‍നിര്‍ത്തി സെമിറ്റിക് മതസങ്കല്പങ്ങളില്‍ പ്രകൃതിയുമായി മല്ലിടാന്‍ നിര്‍ബന്ധിതനായ മനുഷ്യനെയാണ് അതില്‍ കാണാന്‍ കഴിയുക എന്ന് നീരിക്ഷിക്കപ്പെടാറുണ്ട്. എന്നാല്‍, അങ്ങനെയല്ല, പ്രകൃതിയുമായുള്ള അനുരഞ്ജനത്തിന്റേതായ ഒരു ദര്‍ശനമാണ് അതിലുള്ളതെന്നാണോ പറയുന്നത്?
സെമിറ്റിക് പാരമ്പര്യത്തിലുള്ളത് പ്രകൃതിയും ദൈവവും ഒന്നാണെന്ന ചിന്തക്കെതിരെ യുദ്ധം ചെയ്ത, സമരം ചെയ്ത മുഹൂര്‍ത്തങ്ങളാണുള്ളത്. ഹിന്ദുമതത്തിലൊക്കെ ഉള്ളതുപോലെയുള്ള പാന്‍തിയിസ്റ്റ് ചിന്തക്കെതിരെ പ്രകൃതിയും ദൈവവുമൊന്നെന്ന ഒരു ധാരയോട് മല്ലിട്ടുകൊണ്ടാണ് പാനെന്‍തിയിസമുണ്ടാകുന്നത്. പാനെന്‍തിയിസം എന്നാല്‍, പ്രകൃതിയില്‍ ദൈവമുണ്ടെന്നതാണ്. അവിടെ പ്രകൃതിയെ വര്‍ഷിപ്പ് ചെയ്യുന്നില്ല. പ്രകൃതിയും ദൈവവുമൊന്നാണെന്ന ചിന്തയില്‍നിന്നാണ് പ്രകൃതിയോടുള്ള ആരാധനയുണ്ടാകുന്നത്. പ്രകൃതിയെ ക്രിസ്ത്യന്‍ തിയോളജി ആരാധ്യമാക്കുന്നില്ല. പ്രകൃതിയിലും ദൈവമുണ്ടെന്നു മാത്രം പറയുന്നു. ഹിന്ദു തിയോളജി അങ്ങനെയല്ല. ഇവിടെയാണ് ഹിന്ദുതിയോളജിയുമായി ക്രിസ്ത്യന്‍ തിയോളജിയും ഇസ്ലാം തിയോളജിയും വ്യത്യാസപ്പെടുന്നത്. ഈയൊരു ചിന്തയുടെ അകത്താണ് പ്രകൃതിയെക്കുറിച്ചുള്ള കരുതല്‍ വേദപുസ്തകം ഒളിപ്പിച്ചുവെച്ചിട്ടുള്ളത്. ലേവ്യാ പുസ്തകം 25-ാം അധ്യായം വായിക്കുമ്പോള്‍ ജൂബിലി ഇയര്‍ എന്നൊരു സങ്കല്‍പ്പത്തെ കണ്ടുമുട്ടും. യോവേല്‍ സംവത്സരം. 49 വര്‍ഷമാകുമ്പോള്‍ കടക്കാരുടെ കടമെല്ലാം ഇളവ് ചെയ്തുകൊടുക്കും. ഭൂമി നഷ്ടമായവര്‍ക്കെല്ലാം ഭൂമി തിരിച്ചുകൊടുക്കും. ഇതാണ് യോവേല്‍ സംവത്സരത്തിന്റെ ഒരു രീതി. സാമൂഹ്യനീതിയും പാരിസ്ഥിതിക നീതിയും ആ സങ്കല്പത്തില്‍ സമന്വയിക്കുകയാണ് അവിടെ. നമ്മുടെ ഇന്നത്തെ കോണ്‍ടെക്സ്റ്റില്‍ അതൊന്നു വായിക്കണം. ആരുടെ ഭൂമിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്? ദളിതരുടെ. അവര്‍ക്ക് ഭൂമി തിരിച്ചു കിട്ടുമ്പോള്‍ ഒരു ജൈവനീതി അവിടെ നിറവേറുകയാണ്. മണ്ണിനെ അറിയാവുന്നവര്‍ക്കാണ് മണ്ണ് കിട്ടേണ്ടത്. അത് വലിയ വ്യത്യാസമുണ്ടാക്കും. അതിനുദാഹരണമാണ് ചെങ്ങറ. പരിസ്ഥിതി സംരക്ഷണം എന്നാല്‍, ജൂണ്‍ അഞ്ചിനു ചെടിനടലും അതിനു വെള്ളമൊഴിക്കലും മാത്രമല്ല. യഥാര്‍ത്ഥ പരിസ്ഥിതി നീതിയെന്തെന്നറിയണമെങ്കില്‍ ചെങ്ങറയിലേക്കു ചെല്ലണം. അത് ഹാരിസണിന്റെ കൈയിലിരുന്നപ്പോള്‍ ഒറ്റവിളയായിരുന്നു. റബ്ബര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവിടെ ചെന്നുനോക്കൂ. വിളയാത്തതായി യാതൊന്നുമില്ല. എന്തൊരു ജൈവവൈവിധ്യമാണ്. കാച്ചിലും വാഴയും എല്ലാം അവിടെയുണ്ട്. മണ്ണിനെ അറിയാവുന്നവര്‍ക്ക് ഭൂമി കിട്ടിയപ്പോള്‍ ഭൂമിയോട് നീതിപൂര്‍വ്വമുള്ള പെരുമാറ്റമുണ്ടായി. ജൈവകൃഷിയാണ് അവരവിടെ ചെയ്യുന്നത്. രാസവളം ഉപയോഗിക്കുന്നില്ല. ചെല്ലുമ്പോഴൊക്കെ എന്റെ വണ്ടിയില്‍ അവര്‍ ഏത്തക്കുലകള്‍ കെട്ടിവച്ച് തന്നയച്ചു. അതുപോലെ സമൃദ്ധമായാണ് അവിടെ വിളവു ഞാന്‍ കണ്ടത്. മണ്ണുമായി മനുഷ്യന്‍ അടുത്തുജീവിക്കുന്ന അവസ്ഥയിലാണ് ജൈവനീതി സാധ്യമാകൂ. അതിനു മനുഷ്യന്റെ കൈയില്‍ മണ്ണുവരണം. മണ്ണിനെ അതിനെ അറിയുന്ന മനുഷ്യനു തിരികെ നല്‍കുന്നതാണ് ജൂബിലി ഇയര്‍ എന്ന സങ്കല്പം ഉദ്ഘോഷിക്കുന്നത്. വേദപുസ്തകത്തില്‍ സബാറ്റിക്കല്‍ ഇയര്‍ എന്നൊരു സങ്കല്പമുണ്ട്. ശാബത് വര്‍ഷം. ഏഴാം വര്‍ഷം നിലം വെറുതെയിടണം. ദൈവത്തിന്റെ കല്പനകളിലൊന്നാണത്. നിലം വെറുതെയിടുന്നത് നിലത്തിനും വിശ്രമം വേണമെന്ന കാഴ്ചപ്പാടിനാലാണ്. മറ്റൊന്ന് അവിടെ കൃഷി ചെയ്യാതെ തന്നെ ഉണ്ടാകുന്നതൊക്കെ പ്രകൃതിക്ക് വേണ്ടിയുള്ളതാണ്. പാവപ്പെട്ടവരുള്‍പ്പെടെയുള്ളവരും അതില്‍നിന്ന് ഉപജീവനം കഴിച്ചുകൊള്ളും. അങ്ങനെ പ്രകൃതിയോടു കാണിക്കുന്ന നീതിയും മനുഷ്യരോടു കാണിക്കുന്ന നീതിയും വേദപുസ്തകത്തില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നത്. വേദപുസ്തകത്തിലുടനീളം പാവപ്പെട്ടവരുടെ വിമോചനവും മണ്ണിന്റെ വിമോചനവും വേറെവേറെയായിട്ടല്ല. അതാണ് ഞാന്‍ 1995-ല്‍ പ്രസിദ്ധീകരിച്ച എന്റെ പി.എച്ച്.ഡി തീസിസിലുള്ളത്. വിമോചനദൈവശാസ്ത്രത്തിന് ഒരു പാരിസ്ഥിതിക മുഖം ഉണ്ടാക്കാന്‍ ഞാനതില്‍ ശ്രമിച്ചിട്ടുണ്ട്. 

ചെങ്ങറ സമരഭൂമി

കുടിയേറ്റമേഖലയില്‍ വലിയ ക്രിസ്ത്യന്‍ സാന്നിധ്യമാണുള്ളത്. എന്നാല്‍, കര്‍ഷകനെ കേന്ദ്രീകരിച്ചു പരിസ്ഥിതി സംരക്ഷണം എന്ന സങ്കല്പം മുന്നോട്ടുവെയ്ക്കുന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അവിടെ ശക്തമായി എതിര്‍ക്കപ്പെട്ടു. സഭകളായിരുന്നു എതിര്‍പ്പിന്റെ കുന്തമുന ഉയര്‍ത്തുന്നതില്‍ മുന്നില്‍ നിന്നത്. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ പൊതുവേ സഭകള്‍ നിര്‍വ്വഹിക്കുന്ന പങ്ക് ധനാത്മകമാണ് എന്നു പറയാനാകുമോ?
ഒരിക്കലുമല്ല. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ചുരുക്കം ചില സഭാശുശ്രൂഷകരിലൊരാളാണ് ഞാന്‍. സി.എസ്.ഐ സഭയുടെ പിന്തുണയും അതിനു കിട്ടിയിട്ടുണ്ട്. പൊതുവേ സഭകളെല്ലാം അതു നടപ്പാക്കുന്നതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാത്രമല്ല, അതു സമൃദ്ധമായി വെള്ളം ചേര്‍ത്ത കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുപോലും അവരെതിര്‍ത്തിട്ടുണ്ട്. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സപ്പോര്‍ട്ട് ചെയ്യുമ്പോഴും മാധവ് ഗാഡ്ഗിലിന്റെ കാര്യത്തില്‍ എനിക്ക് ചില സന്ദേഹങ്ങളുണ്ട്. ഹരിതരാഷ്ട്രീയത്തില്‍ നിരവധി ധാരകളുണ്ട്. വന്ദനശിവയും മറ്റുമൊക്കെ ഒരു ഹിന്ദു റിവൈവലിസത്തിന്റേയോ ബ്രാഹ്മണിക് എന്‍വയോണ്‍മെന്റലിസത്തിന്റേയോ ഒക്കെ, അല്ലെങ്കില്‍ ഒരു സാഫ്രോണ്‍ വേര്‍ഷന്‍ എന്നു ഞാന്‍ പറയും. ഗാഡ്ഗിലും എന്റെ വായനയില്‍ ആ ഒരു ധാരയില്‍ വരുന്നയാളാണ്. ഇന്ത്യയില്‍ അത്തരത്തിലൊരു പതിപ്പിനു സാധുതയില്ല. ഒരുപക്ഷേ, ഇന്ത്യയ്ക്ക് പുറത്തു സാദ്ധ്യതയുണ്ടെന്നു വരാം. ഇന്ത്യയില്‍ ജാതി ആണ് അടിസ്ഥാന പ്രശ്‌നം. ജാതിയെ തൊടാതെ ഒന്നിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. വന്ദനാശിവയുടെ ഏതു പുസ്തകമെടുത്തു വായിച്ചാലും ജാതിയെക്കുറിച്ച് ഒരു പരാമര്‍ശവും അതില്‍ കാണാന്‍ കഴിയുകയില്ല.

കാള്‍ മാക്‌സ്

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍, അതു മുന്നോട്ടുവെയ്ക്കുന്ന ഒരു തത്ത്വശാസ്ത്രത്തെ എനിക്ക് സംശയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. ബ്രാഹ്മണികമെന്നു വിളിക്കാവുന്ന ഒരു പാരിസ്ഥിതിക ശാസ്ത്രമാണ് വന്ദനാശിവയുടേയും അദ്ദേഹത്തിന്റേയുമൊക്കെ അടിത്തറ. അതല്ല നമുക്ക് വേണ്ടതെന്നു ഞാന്‍ പറയും. ചെങ്ങറയിലും മുത്തങ്ങയിലുമൊക്കെ കാണുന്നതുപോലെയുള്ള ഒരു കീഴാള പരിപ്രേക്ഷ്യമാണ് അതിനുവേണ്ടതെന്നാണ് എന്റെ വാദം. ഏതു രാജ്യത്തായാലും ആദിവാസികളും തദ്ദേശീയരുമാണ് യഥാര്‍ത്ഥ മണ്ണിന്റെ മക്കള്‍. അവര്‍ക്കേ മണ്ണിനെ സംരക്ഷിക്കാന്‍ കഴിയൂ. ബാക്കിയൊക്കെ ജൂണ്‍ അഞ്ചിന്റെ മരം നടല്‍ ആചരണം മാത്രമാണ്. എന്നാല്‍, ഈ കാഴ്ചപ്പാടിനു പ്രചാരണം കിട്ടുന്നില്ല. സുഗതകുമാരിയൊക്കെ കാവ് സംരക്ഷണത്തിന്റെ കാര്യം പറയുമ്പോഴൊക്കെ മുന്നോട്ടുവെയ്ക്കുന്ന ബ്രാഹ്മണ്യവല്‍ക്കരിക്കപ്പെട്ട ഒരു പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടല്ല നമുക്കു വേണ്ടത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ ബ്രാഹ്മണികതയ്ക്കാണ് നമ്മുടെ മുഖ്യധാരയില്‍ ആധികാരികത്വം ലഭിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അംബേദ്കറിലേക്ക് തിരിയാതെ നമുക്കു രക്ഷയില്ല എന്നു പറയുന്നത്. ഭൂമിയേയും മണ്ണിനേയും സാമൂഹ്യനീതിയെക്കുറിച്ചുമൊക്കെ അംബേദ്കര്‍ പുതിയൊരു ദര്‍ശനം നല്‍കുന്നുണ്ട്.

മഹാത്മാഗാന്ധി

മഹാത്മാഗാന്ധിയും പരിസ്ഥിതിയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്നുണ്ട്. എന്നാല്‍, അതു ജാതിനിരപേക്ഷമാണ്. ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നൊരു വണ്‍ പോയിന്റ് അജന്‍ഡയില്‍ ആളുകളെ മുഴുവന്‍ റാലി ചെയ്യിച്ചു. എന്നാല്‍, അംബേദ്കര്‍ ഈ വണ്‍ പോയിന്റ് അജന്‍ഡയില്‍ യോജിച്ചപ്പോള്‍ അതിന്റെ ഉള്ളടക്കത്തെ ക്രിട്ടിക്കലായി കാണുകയും വിയോജിക്കുകയും ചെയ്തു. ഗാന്ധിയുടെ ഗ്രാമസ്വരാജ് വാസ്തവത്തില്‍ ജാതിവ്യവസ്ഥയെ സസ്റ്റേയ്ന്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ജാതി എവിടെയാണ് നിലനില്‍ക്കുന്നത്? ഗ്രാമങ്ങളിലാണ്. നഗരങ്ങളിലല്ല. നഗരങ്ങള്‍ കുറേയൊക്കെ ലിബറല്‍ ആണ്. അംബേദ്കര്‍ നഗരവല്‍ക്കരണത്തെ അനുകൂലിച്ചു. ഹി വാസ് ആള്‍വേയ്സ് ഇന്‍ ഫേയ്വര്‍ ഓഫ് അര്‍ബനൈസേഷന്‍. എന്നാല്‍, നമുക്കെപ്പോഴും അര്‍ബനൈസേഷന്‍ ഒരു തിന്മയാണല്ലോ. നമ്മുടെ കാഴ്ചപ്പാടില്‍ വിപ്ലവമെന്നാല്‍ ഗ്രാമം. ഗ്രാമ്യസംസ്‌കാരം. ഈ ആദര്‍ശവല്‍ക്കരിക്കപ്പെട്ട കാഴ്ചപ്പാടില്‍ ഒളിഞ്ഞിരിക്കുന്നതു മുഴുവന്‍ ജാതിയാണ്. പ്രകൃതിപരത എന്നാല്‍, റൊമാന്റിക് ആയ ഒരു പരിസ്ഥിതിദര്‍ശനമല്ല വേണ്ടത്. ഇന്ത്യയെ കണ്ടെത്താന്‍ ഗ്രാമങ്ങളിലേക്ക് മടങ്ങാനാണ് ഗാന്ധി ആഹ്വാനം ചെയ്തത്. ഒരര്‍ത്ഥത്തില്‍ ശരിയാണ്. ജാതിഇന്ത്യയെ കാണണമെങ്കില്‍ ഗ്രാമങ്ങളിലേക്ക് തന്നെ പോകണം.

അംബേദ്കര്‍

ഗാന്ധിയുടെ ഗ്രാമസ്വരാജ് സംബന്ധിച്ച് ഒരു മാര്‍ക്‌സിസ്റ്റ് വായനയുണ്ട്. ജനസംഖ്യയുടെ 80 ശതമാനം വരുന്ന നമ്മുടെ ഗ്രാമങ്ങളിലാണ് കര്‍ഷക, കര്‍ഷകത്തൊഴിലാളി, നാമമാത്ര കര്‍ഷകര്‍ ജീവിക്കുന്നത്. അതുകൊണ്ട് അതിന്റെ വര്‍ഗ്ഗപരമായ ഉള്ളടക്കത്തെ കണക്കിലെടുക്കുമ്പോള്‍ ഗ്രാമസ്വരാജ് എന്ന ആശയം ധനാത്മകമാണ് എന്നൊക്കെ?
കര്‍ഷകത്തൊഴിലാളി എന്ന സങ്കല്പം ഏറ്റവും ദുരുപയോഗം ചെയ്യപ്പെട്ട ഒന്നാണ് കേരളത്തില്‍. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ദളിതരെ ചൂഷണം ചെയ്തതു മുഴുവന്‍ ഈ സങ്കല്പത്തെ ഊട്ടിയുറപ്പിച്ചാണ്. കര്‍ഷകത്തൊഴിലാളിയാകാനല്ല ദളിതന്‍ ആഗ്രഹിക്കുന്നത്. ദളിതരിലെ പുതിയ തലമുറ പുതിയ മേഖലകളിലേയ്ക്ക് തിരിയാന്‍ ശ്രമിക്കുന്നു. അക്കാദമികമായി ഉയരാനും പ്രഫഷണലുകളാകാനും അവര്‍ ശ്രമിക്കുന്നു. ഭൂ സമരങ്ങളിലേര്‍പ്പെടുന്ന ദളിത് വിഭാഗമാകട്ടെ, കര്‍ഷകത്തൊഴിലാളികളാകാനല്ല, കര്‍ഷകരായിത്തീരാനാണ് സമരം ചെയ്യുന്നത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും രണ്ടുവര്‍ഗ്ഗം തന്നെയാണ്. ഒരുകാലത്ത് കര്‍ഷകത്തൊഴിലാളിയെക്കൊണ്ട് നമ്മളുകൊയ്യും വയലെല്ലാം നമ്മടേതാകും പൈങ്കിളിയേ എന്നു പാടിച്ചിട്ടുണ്ട്. എന്നിട്ട് ഭൂമിയോ വയലോ കര്‍ഷകത്തൊഴിലാളിയുടേതായോ? കര്‍ഷകത്തൊഴിലാളി എന്നു പറഞ്ഞ് അരികുവല്‍ക്കരിക്കുകയാണ് ഉണ്ടായത്. അംബേദ്കറാണ് സ്വാഭാവികമായും ഇങ്ങനെയൊരു സന്ദര്‍ഭത്തില്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന ആദ്യത്തെ പേര്. മഹാത്മാ ഫൂലെയും അയ്യന്‍കാളിയും ഗുരുദേവനുമൊക്കെ അപ്പോഴുയര്‍ന്നുവരുന്ന മറ്റു പേരുകളാണ്. ഒരു സെക്കുലര്‍ ദളിത് തിയോളജിയുടെ ഭാഗമായി ഉയര്‍ന്നുവരുന്ന മറ്റുപേരുകളാണ് പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍ അപ്പച്ചന്‍ എന്നിവയൊക്കെ. 

നമ്മുടെ കാലത്ത് എന്തായാലും ദളിതരുടെ ഇടയില്‍ പ്രതീക്ഷ നല്‍കുന്ന ചില ചലനങ്ങളുണ്ടാകുന്നുണ്ട്. ഒരു പുതിയ ദളിത് അക്കാദമിക് ജനറേഷനാണത്. സാമൂഹ്യമാധ്യമങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ അത് വ്യക്തമാകും. ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയ്ക്ക് ഒരു ധൈഷണികവിഭാഗം പ്രകടമായിത്തന്നെ രൂപം കൊള്ളുന്നുണ്ട്. അവരുടെ ശക്തമായ സാന്നിധ്യം ഇന്നു രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നു. രേഖാരാജും സണ്ണി കപിക്കാടുമൊക്കെ ഉള്‍പ്പെടുന്നവര്‍. ഗീതാനന്ദനും കൊച്ചും ബാബുരാജുമൊക്കെ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇവരുടെയെല്ലാം പ്രചോദനം അംബേദ്കറാണ്. നാളത്തെ രാഷ്ട്രീയമെന്തെന്നു നിര്‍ണ്ണയിക്കുന്നതില്‍ ഇവര്‍ക്കൊക്കെ സുപ്രധാനമായ പങ്കുണ്ടാകുന്നുവെന്ന വസ്തുത വലിയ ആവേശം തരുന്നു. 

മാധവ് ഗഡ്കില്‍

ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം സംബന്ധിച്ചുണ്ടായ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പിനോട് യാക്കോബായ മതമേലധ്യക്ഷന്‍മാര്‍ പ്രതികരിച്ച രീതിയും പ്രസ്താവനകളും വലിയ കോലാഹലങ്ങളുണ്ടാക്കി. എന്താണ് ഇക്കാര്യത്തില്‍ അഭിപ്രായം?
കോടതിയെ ചോദ്യം ചെയ്യാന്‍ നമുക്ക് അധികാരമില്ല. എന്നാല്‍, വിധി പ്രസ്താവിച്ച ന്യായാധിപനെ വിമര്‍ശിക്കാതെ വിധിയെ വിമര്‍ശിക്കാന്‍ നമുക്ക് അവകാശമുണ്ട്. നമ്മുടെ നിയമവ്യവസ്ഥ അതിനുള്ള അവകാശം തരുന്നുണ്ടെന്ന് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണല്ലോ അപ്പീല്‍ പോകുന്നത്. അതുകൊണ്ട് വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയില്‍ കോടതി അലക്ഷ്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള വ്യവഹാരത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പലതവണ അന്തിമമെന്നു പറയാവുന്ന തീര്‍പ്പുകള്‍ സുപ്രിം കോടതിയില്‍ നിന്നുണ്ടായതാണ്. പിന്നീട് വീണ്ടും കീഴ്ക്കോടതികളില്‍നിന്നു കേസുകളില്‍ മുകളിലെത്തും. നാറാണത്തുഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റുന്നതുപോലെയുള്ള ഒരു പണിയാണത്. ഇരുസഭയ്ക്കും മാനനഷ്ടവും സാമ്പത്തിക നഷ്ടവും ജനങ്ങളുടെ ഇടയിലുള്ള മതിപ്പില്ലായ്മയുമല്ലാതെ വേറൊരു നേട്ടവും ഇതിലില്ല. രണ്ടു സഭകളും പതിറ്റാണ്ടുകളായി തര്‍ക്കിക്കുന്ന ചില വിഷയങ്ങളുണ്ട്. ആളുകള്‍ കാണുന്നതുപോലെ അധികാരത്തിന്റേയും സമ്പത്തിന്റേയും മാത്രം പ്രശ്‌നം മാത്രമല്ല. വേറെയും ചില മൗലിക വിഷയങ്ങളുണ്ട്. ഒന്നു ഞങ്ങളുടെ സഭയ്ക്ക് അന്ത്യോഖ്യാ പാത്രിയാര്‍ക്കീസുമായുള്ള ബന്ധമാണ്. അന്ത്യോഖ്യയുമായി മലങ്കര സഭയ്ക്ക എന്നു ബന്ധം തുടങ്ങി എന്നതു മറ്റൊരു വിഷയമാണ്. അതവിടെ നില്‍ക്കട്ടെ. ഏതായാലും ഇങ്ങനെയൊരു പാരമ്പര്യമുണ്ട്. അത് നാലാം നൂറ്റാണ്ടില്‍ തുടങ്ങിയതായാലും പതിനാറാം നൂറ്റാണ്ടില്‍ തുടങ്ങിയതായാലും യാക്കോബായ സഭ അതു മുറിച്ചുകളയാന്‍ ആഗ്രഹിക്കുന്നില്ല. സിറിയന്‍ കാത്തലിക് സഭക്ക് റോമിലെ പോപ്പിനെ കാണുന്നപോലെ ഇന്ത്യയിലെ യാക്കോബായ സഭ അന്തോഖ്യാ പാത്രിയാര്‍ക്കീസിനെ ആത്മീയ, മതമേലധ്യക്ഷനായി കാണുന്നു. അതു ഒരു മൗലിക പ്രശ്‌നമാണ്. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അങ്ങനെ കാണാന്‍ കഴിയുന്നില്ല. ആ നിലയ്ക്ക് ഏകീകരണം എങ്ങനെ സാധ്യമാകും. അതുകൊണ്ട് ഇരുസഭകളും നിയമവ്യവഹാരങ്ങളവസാനിപ്പിച്ച് സഹോദരസഭകളായി നിലനില്‍ക്കുകയാണ് വേണ്ടത്. റിഫോര്‍മേഷനുണ്ടാകുന്നതുവരെ മാര്‍ത്തോമ സഭക്കാര്‍ യാക്കോബായസഭയുടെ ഭാഗമായിരുന്നു. മാര്‍ത്തോമാ സഭ ഉണ്ടായതില്‍ പിന്നെ യാക്കോബായ സഭയുമായി കുറേ നാളുകള്‍ കേസുകളുണ്ടായി. അവര്‍ക്ക് അനുകൂലമായി വിധിയുണ്ടായി. പക്ഷേ, ഇന്നത്തെ ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നു വിഭിന്നമായി അവര്‍ പള്ളികളൊന്നും ഞങ്ങള്‍ക്കു വേണ്ടെന്നു തീരുമാനിക്കുകയാണ് ഉണ്ടായത്. ഭൂരിപക്ഷമുള്ള സഭയെ ഇറക്കിവിട്ടു പള്ളികള്‍ പിടിക്കുക എന്നതു ചെയ്യാതെ എല്ലാം അവര്‍ ആദ്യം തുടങ്ങുകയാണ് ഉണ്ടായത്. ഓര്‍ത്തഡോക്‌സ് സഭയും അങ്ങനെ ചെയ്യുമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്തായാലും കോടതിവിധിയൊന്നും യാക്കോബായ ചര്‍ച്ചിനെ ഇല്ലാതാക്കാനൊന്നും പോകുന്നില്ല. ഒരു കോടതിവിധിക്കും ഒരു സഭയെ ഇല്ലാതാക്കാനാകില്ല. വിശ്വാസകാര്യങ്ങളില്‍ കോടതിക്ക് ചില പരിമിതികളുണ്ട്. അയോദ്ധ്യ പ്രശ്‌നത്തില്‍ അതു കണ്ടതാണ്. കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് വേണ്ടത്. ഏതായാലും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഒരു സഭയ്ക്കും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയെ അവഗണിക്കാനും ഞങ്ങള്‍ക്കു ബാധകമല്ല എന്നു പറയാനും കഴിയില്ല. 

സഭകളില്‍ കുമിഞ്ഞുകൂടുന്ന സ്വത്തും സമ്പത്തും ജനാധിപത്യവല്‍ക്കരണത്തിന്റെ അഭാവവുമാണ് ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ള വിമര്‍ശകര്‍ മിക്കപ്പോഴും പ്രശ്‌നങ്ങളുടെ ഹേതുവായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഈയൊരു നിരീക്ഷണത്തോട് യോജിക്കുന്നുണ്ടോ?
സഭകളില്‍ ജനാധിപത്യം ഉണ്ടാകണമെന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍. യാക്കോബായ പാരമ്പര്യമുള്ള സഭകളില്‍ ജനാധിപത്യവും എപ്പിസ്‌കോപ്പസിയും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകുക അപൂര്‍വ്വമാണ്. അവിടെ ഒരു പരിധിവരെ ജനങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങളുണ്ട്. ചില ആത്മീയകാര്യങ്ങളില്‍ പൗരോഹിത്യത്തിനു ചില അവകാശങ്ങളുമുണ്ട്. അവ തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ ഉണ്ടാകാറില്ലെന്ന് പറയാം. എന്നാല്‍ കൂടുതല്‍ ജനാധിപത്യം ഇത്തരം സഭകളിലും ആവശ്യമാണ്. എപ്പിസ്‌കോപ്പസി ഒട്ടും വേണ്ടെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ എപ്പിസ്‌കോപ്പസിയെ ഒരു ദുര്‍മേദസ് ഇന്ന് ബാധിച്ചിരിക്കുന്നു. സമ്പത്തിനോടും ആഡംബരത്തിനോടുമുള്ള ഭ്രമം പൗരോഹിത്യത്തില്‍ പ്രകടമാണ്. ഒരു വിചാരണയെ നേരിടാന്‍ ഇക്കാരണങ്ങള്‍കൊണ്ടുതന്നെ എപ്പിസ്‌കോപ്പസി സന്നദ്ധമാകേണ്ടതുണ്ട്. ആയൊരു നിലയ്ക്ക് ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. ജനങ്ങള്‍ക്കുതന്നെ അധികാരം കുറവാണെന്നു പറയുമ്പോള്‍  സ്ത്രീകളുടെ ശാക്തീകരണം എന്ന കാര്യത്തില്‍ സഭകളില്‍ ചില കുറവുകളുണ്ട്. എന്റേതുള്‍പ്പെടെയുള്ള സുറിയാനിസഭകളില്‍ ദളിതര്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നുതന്നെ പറയാം. സിറിയന്‍ സഭയിലുള്ളവര്‍ ബ്രാഹ്മണരല്ല. സിറിയയില്‍നിന്നു വന്നത് ഒരു ആരാധനാരീതിയാണ്. സിറിയന്‍ ലിറ്റര്‍ജി, സിറിയന്‍ തിയോളജി. പക്ഷേ, ഞങ്ങളുടെ കൂട്ടര്‍ അതിനെയൊരു ജാതിയാക്കി മാറ്റിയിരിക്കുന്നു. ഞങ്ങളുടെയൊക്കെ എസ്.എസ്.എല്‍.സി ബുക്ക് നോക്കിയാല്‍ ജാതി കോളത്തില്‍ സിറിയന്‍ ജാക്കബൈറ്റ് എന്നു കാണാം. യഥാര്‍ത്ഥത്തില്‍ സിറിയനും ജാതിയും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരു ബ്രാഹ്മണ മിത്തൊക്കെ കൊണ്ടുവന്ന് ആ ജാതി പരിപ്രേക്ഷ്യത്തെ ഇന്നു ചിലര്‍ ന്യായീകരിക്കുകയാണ്. സഭകളില്‍ ജനാധിപത്യവല്‍ക്കരണം ഉണ്ടാകുക എന്നു പറഞ്ഞാല്‍ സഭയില്‍ സ്ത്രീ-ദളിത്വല്‍ക്കരണങ്ങള്‍ ഉണ്ടാകുക എന്നതാണ്. 

ചില ചര്‍ച്ചുകളിലൊക്കെ വിശേഷിച്ചും റിഫോമിസ്റ്റ് സ്വഭാവമുള്ള സഭകളില്‍, സ്ത്രീപുരോഹിതരുണ്ടാകുന്നു. യാക്കോബായ സഭയിലുള്‍പ്പെടെ മറ്റു ചര്‍ച്ചുകളിലും ഇതേക്കുറിച്ച് ആലോചനകള്‍ നടക്കേണ്ടതല്ലേ?
അതേ. സ്ത്രീകളുടെ പൗരോഹിത്യം ഒരു പ്രധാനപ്പെട്ട വിഷയമാണ്. വ്യക്തിപരമായി ഞാന്‍ സ്ത്രീപൗരോഹിത്യത്തെ അനുകൂലിക്കുന്നു. എന്റെ ദൈവശാസ്ത്രസങ്കല്പം അതിനെ നീതീകരിക്കുന്നുണ്ട്. യേശുക്രിസ്തു തന്റെ ശുശ്രൂഷാവേളയില്‍ പുരുഷന്മാരേയും സ്ത്രീകളേയും വേര്‍തിരിച്ചിട്ടില്ല. പുരുഷനു കൊടുത്ത എല്ലാ പ്രിവിലേജും സ്ത്രീക്കും അദ്ദേഹം കൊടുത്തിരുന്നു. സ്ത്രീ-പുരുഷവിവേചനത്തിനെതിരെ പടവെട്ടിയ ഒരാളാണ് യേശു. അന്നു നിലനിന്ന പൗരോഹിത്യത്തിന്റെ അപ്രമാദിത്വത്തിനെതിരേയും പുരുഷാധിപത്യത്തിനെതിരേയും പടവെട്ടിയ ആളായിരുന്നു. യെരുശലേം ദേവാലയത്തിന്റെ നടുക്കുണ്ടായിരുന്ന വേര്‍പാടിന്റെ നടുച്ചുവരുകളെല്ലാം തകര്‍ത്തു. അതിലൊരു നടുച്ചുവര് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള നടുച്ചുവരായിരുന്നു. അതു തകര്‍ത്ത് ലിംഗസമത്വം ഘോഷിച്ചു. യേശുവിനെ പിന്തുടരുന്ന ഒരാള്‍ക്കും ഒരു വിവേചനത്തേയും അംഗീകരിക്കാന്‍ കഴിയില്ല, അതു പൗരോഹിത്യത്തിന്റെ മേഖലയിലായാലും. അതു പറയുമ്പോള്‍ത്തന്നെ എന്റേത് ഉള്‍പ്പെടെയുള്ള സഭകളില്‍ ഒരിടത്തും സ്ത്രീകള്‍ക്ക് പൗരോഹിത്യം നല്‍കുന്നില്ല. അതിന് അവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു ന്യായം പാരമ്പര്യമാണ്. അതു ശരിയായ വാദമല്ല. കാരണം സുറിയാനി സഭയുടെ ചരിത്രത്തില്‍ സ്ത്രീകള്‍ പട്ടക്കാരായിട്ടുണ്ടായിരുന്നതായി കാണാം. സുറിയാനിയില്‍ അച്ചന്‍ എന്നുള്ളത് കാശ്ശീശ്ശോ എന്നാണ് പറയുന്നത്. അതിന്റെ സ്ത്രീലിംഗം കാശ്ശീസ്‌തോ ആണ്. കാശ്ശീസ്‌തോകള്‍ ഒരുകാലത്തുണ്ടായിരുന്നു സഭയില്‍. അതു നിന്നുപോയി. നിന്നുപോയ പാരമ്പര്യത്തെയാണ് അവര്‍ എടുത്തുപറയുന്നത്. ഉണ്ടായിരുന്ന പാരമ്പര്യത്തെയല്ല.

 ഈസ്റ്ററിന്റെ സമയത്തുള്ള കാലുകഴുകല്‍ ശുശ്രൂഷാവേളയില്‍ പോപ്പ് സ്ത്രീകളെ ഉള്‍പ്പെടുത്തിയത് ചര്‍ച്ചയായിരുന്നു?
അതേ... എന്നാല്‍, എന്റേത് ഉള്‍പ്പെടെയുള്ള സഭകളില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം അടുത്തകാലത്തൊന്നും വരുമെന്ന് എനിക്ക് തോന്നുന്നില്ല. അത്രമാത്രം ശക്തമാണ് പുരുഷാധിപത്യം. പാട്രിയാര്‍ക്കി എന്നു പറയുന്നത് സഭകള്‍ക്കുള്ളിലും സമൂഹത്തിലും 12 അപ്പോസ്തലന്മാരും പുരുഷന്മാരായിരുന്നുവെന്നത് ശരിയാണ്. ഒരുപക്ഷേ, ചില പരിമിതികള്‍ കണക്കിലെടുത്തായിരിക്കണം അങ്ങനെ ചെയ്തത്. യേശുക്രിസ്തുവിനോടൊപ്പം എപ്പോഴും സഞ്ചരിക്കുകയും ഓരോ ദേശങ്ങളിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നവരാണ് ഈ പന്ത്രണ്ടുപേര്‍. അന്നത്തെ സാമൂഹ്യാവസ്ഥ കൂടി കണക്കിലെടുത്തായിരിക്കണം. അപ്പോസ്തലന്‍ എന്നാല്‍, സുവിശേഷമറിയിക്കുന്നയാളാണ്. ആ അര്‍ത്ഥത്തില്‍ ഏറ്റവും വലിയ സുവിശേഷമറിയിച്ചത് മഗ്ദലനമറിയം ആണ്. യേശു ഉയിര്‍ത്തെഴുന്നേറ്റ സുവിശേഷം പത്രോസിനെ ഉള്‍പ്പെടെ അറിയിക്കുന്നത് മേറിയാണ്. അതുകൊണ്ടാണ് സഭാശാസ്ത്രജ്ഞന്മാര്‍ മേറിയെ അപ്പോസ്തെല്‍ ഒഫ് ദി അപ്പോസ്തെല്‍സ് എന്നു വിളിക്കുന്നത്. സ്ത്രീകളെ സുവിശേഷകരായിട്ടും മിഷണറിമാരായിട്ടും സെയിന്റ് പോളിന്റെ കാലത്തും നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് വേദപുസ്തകത്തിന്റെ അടിസ്ഥാനത്തിലും സ്ത്രീകളുടെ പട്ടത്വത്തിന് എതിരായി എന്തെങ്കിലും പറയാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. സ്ത്രീകള്‍ പുരോഹിതരായിടത്തൊക്കെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് വലിയ മാറ്റം വന്നിട്ടുണ്ട്. അവരുടെ മാതൃഭാവവും നീതിയോടുള്ള അഭിനിവേശവും കാരുണ്യപൂര്‍വ്വമുള്ള പെരുമാറ്റവുമൊക്കെ പൗരോഹിത്യത്തിനു ഗുണകരമാണ്. 

സ്ത്രൈണരാഷ്ട്രീയമാണ് അക്രമാസക്തമായ രാഷ്ട്രീയത്തിനുള്ള പ്രതിവിധി എന്നു പറയാറുണ്ട്. സ്ത്രീസാന്നിധ്യം വര്‍ദ്ധിക്കുന്നത് മേല്‍ച്ചൂണ്ടിക്കാണിച്ച കാരണങ്ങളാല്‍ത്തന്നെ രാഷ്ട്രീയത്തിനും ഗുണപരമായ മാറ്റം വരുത്തുമെന്ന് പറയാറുണ്ട്. സ്ത്രൈണമായ ഒരു ആത്മീയതയെക്കുറിച്ചും മതത്തേയുമൊക്കെ കുറിച്ചും ആലോചിക്കേണ്ടതല്ലേ?
തീര്‍ച്ചയായും. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് പറയേണ്ടത്. നമ്മുടെ അധികാരവികേന്ദ്രീകരണ പരീക്ഷണങ്ങളുടെ ഭാഗമായിട്ട് ഒരുപാട് സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. പലയിടത്തും അതു ഗുണകരങ്ങളായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്ത്രീനേതൃത്വം എവിടെയൊക്കെ ഉണ്ടാകുന്നുവോ അവിടെയൊക്കെ ലോകത്തിന് കൂടുതല്‍ നന്മയാണ് ഉണ്ടായിരിക്കുന്നത്. അതു സഭകളിലും സംഭവിക്കേണ്ടിയിരിക്കുന്നു.