ഓക്‌സ്ഫഡിലെ ഡിനോസറുകള്‍

മാനവരാശിയുടെ മുന്നേറ്റത്തിനു ധാരാളം ബൗദ്ധിക സംഭാവനകള്‍ നല്‍കിയ ഓക്‌സ്ഫഡില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍
ഓക്‌സ്ഫഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി
ഓക്‌സ്ഫഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി

ണുത്ത പ്രഭാതത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഫിറ്റ്സ്റോയ് സ്‌ക്വയറിലുള്ള വാസസ്ഥലത്തുനിന്നും തൊട്ടടുത്തുള്ള അണ്ടര്‍ഗ്രൗണ്ട് മെട്രോസ്റ്റേഷനിലേയ്ക്കു പുറപ്പെട്ടപ്പോള്‍ വഴിയരികിലുള്ള ഉദ്യാനത്തില്‍ തവിട്ടും ചുമപ്പും കലര്‍ന്ന രോമാവരണമുള്ള കുറുക്കന്‍ കുടുംബത്തെ കണ്ടു. അവര്‍ തങ്ങളുടെ ഒളിയിടത്തെത്താനുള്ള തിടുക്കത്തിലായിരുന്നു. അവയെ കണ്ടയിടത്ത് ചെറിയൊരു പൊന്തക്കാടുണ്ട്. അവിടെയായിരിക്കും അവയുടെ വാസം എന്ന് ഊഹിച്ചു. രാത്രിയില്‍ ജനാലയിലൂടെ പാളിനോക്കിയപ്പോള്‍ തെരുവുവിളക്കിനു കീഴില്‍ അവ സൈ്വരവിഹാരം നടത്തുന്നതു കണ്ടിരുന്നു. ലണ്ടന്‍ നഗരത്തില്‍ പതിനായിരത്തോളം കുറുക്കന്മാരുണ്ട്. വീട്ടുവളപ്പുകളില്‍നിന്നുള്ള ആഹാരത്തിന്റെ അവശിഷ്ടങ്ങളും ചെറിയ ജന്തുക്കളും പുഴുക്കളും പ്രാണികളുമാണ് ഭക്ഷണം. ഇതൊന്നും കിട്ടിയില്ലെങ്കില്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളിലെ റബ്ബര്‍ ഭാഗങ്ങള്‍ ചവയ്ക്കും. ഇവയ്ക്കു പ്രത്യേക സംരക്ഷണ സമിതിയുമുണ്ട്. ലണ്ടനിലെ പാഡിങ്ങ്ടണ്‍ സ്റ്റേഷനില്‍നിന്നും ഒന്നേകാല്‍ മണിക്കൂര്‍ ട്രെയിന്‍ യാത്ര ചെയ്താല്‍ വിജ്ഞാനത്തിന്റെ ഉറവിടമായ ഓക്‌സ്ഫഡിലെത്താം. തിരക്കുള്ള സമയങ്ങളിലെ ട്രെയിന്‍ നിരക്ക് ഇരട്ടിയിലധികമാണ്. ഇരുവശത്തേയ്ക്കുമുള്ള ടിക്കറ്റെടുത്താല്‍ ചാര്‍ജ്ജില്‍ അല്പം കുറവുണ്ടാകും. ഓക്‌സ്ഫഡിലേയ്ക്കുള്ള ട്രെയിനില്‍ ആള്‍ത്തിരക്ക് ഒട്ടുമില്ലായിരുന്നു. മനോഹരമായ പുല്‍മേടുകളുള്ള നാട്ടിന്‍പുറങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോയത്. ഇടയ്ക്കിടെ ചെറിയ പട്ടണങ്ങളും കണ്ടു.

വൈജ്ഞാനിക നഗരം
ഓക്‌സ്ഫഡ് റയില്‍വേ സ്റ്റേഷനില്‍നിന്നും നടക്കാവുന്ന ദൂരത്താണ് പ്രശസ്തമായ കോളേജുകളും മ്യൂസിയങ്ങളുമുള്ളത്. ഇടതൂര്‍ന്നു നില്‍ക്കുന്ന മരങ്ങളാണ് വീഥിക്കിരുവശത്തും. വാഹനങ്ങളുടെ തിരക്കൊട്ടുമില്ല. ശാസ്ത്രത്തിനു സുപ്രധാനമായ സംഭാവന നല്‍കിയ അനേകം ഗവേഷകരും കലാസാഹിത്യരംഗത്തെ പ്രമുഖരും രാഷ്ട്രതന്ത്രജ്ഞരും സാമ്പത്തിക വിദഗ്ദ്ധരും തങ്ങളുടെ കഴിവുകള്‍ തെളിയിച്ച കോളേജുകള്‍ നിറഞ്ഞ ഇടമാണ് ഓക്‌സ്ഫഡ്. ഇതൊരു അക്കാദമിക നഗരമാണ്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഓക്‌സ്ഫഡിലെ കോളേജുകള്‍ ആരംഭിച്ചത്. പതിനൊന്നാം നൂറ്റാണ്ടു മുതല്‍ തന്നെ ചെറിയ തോതില്‍ പഠനക്ലാസ്സുകള്‍ നടത്തിയിരുന്നു. ഗ്രീസില്‍നിന്നുള്ള ദാര്‍ശനിക കൃതികള്‍ പരിഭാഷപ്പെടുത്തിക്കൊണ്ടാണ് തുടക്കം. ഇവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങളും കച്ചവടസ്ഥാപനങ്ങളും ഗതാഗത സംവിധാനവുമെല്ലാം പ്രശസ്തമായ കോളേജുകളിലെ അക്കാദമിക കലണ്ടറുമായി സമന്വയിച്ചു രൂപീകരിച്ചിരിക്കുന്നു. ഇവിടുത്തെ ആളുകളുടെ കണ്ണുകളില്‍ വിജ്ഞാനത്തിന്റെ തിളക്കമുണ്ട്. മ്യൂസിയങ്ങളിലെ പ്രവര്‍ത്തകര്‍ക്കും വഴിയോരങ്ങളിലെ പുസ്തകശാലകളിലെ അറ്റന്‍ഡര്‍മാര്‍ക്കും കാര്യങ്ങള്‍ നല്ലതുപോലെ വിശദീകരിക്കാന്‍ അറിയാം. മികച്ച അക്കാദമിക ഗ്രന്ഥങ്ങളുടെ പ്രസാധകരായ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ്സിന്റെ ആസ്ഥാനം ഇവിടെയാണ്. നല്ല നിലവാരമുള്ള ഗ്രന്ഥങ്ങള്‍ വായനക്കാരിലെത്തിക്കുന്ന ബ്ലാക്വെല്‍ പബ്ലിഷേഴ്സിന്റെ പുസ്തകശാലയും ഇവിടുത്തെ ഒരാകര്‍ഷണമാണ്. ബ്രോഡ്സ്ട്രീറ്റില്‍ ശാസ്ത്രചരിത്ര മ്യൂസിയത്തിന്റെ നേരെ മുന്നിലുള്ള ബ്ലാക്വെല്‍ പുസ്തകശാലയില്‍ അപൂര്‍വ്വ പുസ്തകങ്ങളുടെ ഒരു ശേഖരം വില്പനയ്ക്കുണ്ട്. 

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ലോകത്തെ ആവേശം കൊള്ളിച്ച സൃഷ്ടികള്‍ക്കും പുതുതലമുറയെ ആവേശം കൊള്ളിച്ച ഹാരിപോട്ടര്‍ പരമ്പര സിനിമയാക്കിയപ്പോള്‍ അതിന്റെ പശ്ചാത്തലവുമായ ഇടം. കോളേജുകളുടെ കവാടങ്ങളില്‍ ഷേക്‌സ്പിയര്‍ നാടകങ്ങളുടെ പ്രദര്‍ശന വിവരങ്ങള്‍. വെനീസിലെ വ്യാപാരിയും ആസ് യൂ ലൈക് ഇറ്റും ഉണ്ട്. ആഴ്ചകളോളം ഇവിടെ താമസിച്ചാലും ഇതൊക്കെ കണ്ടു തീര്‍ക്കാന്‍ കഴിയില്ല എന്നു തോന്നി. വാഢാം കോളേജിനു മുന്നിലുള്ള മരത്തണലില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ക്ലാസ്സ് ഇല്ലാത്ത വേളകളില്‍ വിദ്യാര്‍ത്ഥികള്‍ ലൈബ്രറികളിലും കോഫീഷോപ്പുകളിലും എത്തുന്നു. പലയിടത്തും ഗൗരവമുള്ള ചര്‍ച്ച നടക്കുന്നതു ശ്രദ്ധിച്ചു. പാര്‍ക്‌സ് റോഡിലെ ഒരു കോഫീഷോപ്പില്‍ ലഘുഭക്ഷണം കഴിക്കാനിരുന്നപ്പോള്‍ ബെയ്റര്‍ മ്യൂസിയങ്ങളിലെത്താനുള്ള കുറുക്കുവഴികള്‍ പറഞ്ഞുതന്നു. പൗണ്ട് നാണയങ്ങള്‍ എണ്ണാനാകാത്തതിനാല്‍ കടയില്‍ ചെല്ലുമ്പോള്‍ കയ്യില്‍ നാണയങ്ങള്‍ കൂട്ടിവച്ച് അവരോട് ബില്‍ തുകയ്ക്കുള്ളത് എടുത്തുകൊള്ളാന്‍ പറയുന്ന രീതിയാണ് അവലംബിച്ചിരുന്നത്. ഒപ്പം ചെറിയ ടിപ്സും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാസൃഷ്ടികളും പുരാവസ്തുക്കളും ആഷ്മൊലീന്‍ മ്യൂസിയത്തിലാണ് സംരക്ഷിച്ചിരിക്കുന്നത്. മൈക്കലാഞ്ചലോ, ഡാവിഞ്ചി, റാഫേല്‍, പിക്കാസോ എന്നിവരുടെ പെയിന്റിങ്ങുകള്‍ അവിടെയുണ്ട്. ഈജിപ്ത്, ഗ്രീസ്, ഇറ്റലി, മദ്ധ്യപൂര്‍വ്വ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നുള്ള പുരാവസ്തുശേഖരം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഓക്‌സ്ഫഡിലെ ലൈബ്രറികളില്‍ അമൂല്യമായ പുസ്തകങ്ങളുടേയും കയ്യെഴുത്തുപ്രതികളുടേയും ശേഖരമുണ്ട്. ഒന്നേകാല്‍ കോടി പുസ്തകങ്ങളാണ് പഴക്കം ചെന്ന ബോദ്ലീന്‍ ഗ്രന്ഥശാലയിലുള്ളത്. 1320-ല്‍ ആരംഭിച്ച ഈ ഗ്രന്ഥശാല 1602-ലാണ് സര്‍വ്വകലാശാലയിലെ പഠിതാക്കള്‍ക്ക് തുറന്നുകൊടുത്തത്. പഴയ കെട്ടിടങ്ങള്‍ ഇന്നും നല്ലതുപോലെ സംരക്ഷിച്ചിരിക്കുന്നു. ബോദ്ലീന്‍ ലൈബ്രറിയിലാണ് ഹാരിപോട്ടര്‍ ചലച്ചിത്രപരമ്പരയുടെ ഭാഗങ്ങള്‍ അഭ്രപാളിയിലാക്കിയത്. പുസ്തകങ്ങളെ കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാസൃഷ്ടികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച റാഡ്ക്ലിഫ് കാമറ എന്ന വൃത്താകൃതിയിലുള്ള മനോഹരമായ കെട്ടിടം ശാസ്ത്രഗ്രന്ഥശാലയാണ്. ഈ കെട്ടിടം പല ചലച്ചിത്രങ്ങളുടേയും പശ്ചാത്തലമായിട്ടുണ്ട്. ഇതേ നിരത്തില്‍ത്തന്നെയുള്ള ശാസ്ത്രചരിത്ര മ്യൂസിയത്തില്‍ ആസ്ട്രോലാബ് പോലെയുള്ള ആദ്യകാല ജ്യോതിശാസ്ത്ര ഉപകരണങ്ങളും ദൂരദര്‍ശിനികളുമുണ്ട്. 1781-ല്‍ വില്യം ഹെര്‍ഷെല്‍ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ യുറാനസ് എന്ന ഗ്രഹത്തെ കണ്ടെത്താന്‍ ഉപയോഗിച്ച ദൂരദര്‍ശിനിയും ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഉപയോഗിച്ചിരുന്ന ബ്ലാക്ബോര്‍ഡും അവിടെയുണ്ട്. ഐന്‍സ്‌റ്റൈന്റെ സ്വന്തം കൈപ്പടയില്‍ ചോക്കുപൊടികൊണ്ട് സമീകരണങ്ങള്‍ കുറിച്ചിരിക്കുന്നു. 

സ്ട്രുതിയോമിമസ് ഡിനോസര്‍ 
സ്ട്രുതിയോമിമസ് ഡിനോസര്‍ 


ഇരുപതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രരംഗത്തെയാകെ മാറ്റിമറിച്ച ഒന്നായിരുന്നു പെനിസിലിന്‍ എന്ന ഔഷധത്തിന്റെ കണ്ടെത്തല്‍. സ്‌കോട്ട്ലണ്ടുകാരനയ അലക്‌സാണ്ടര്‍ ഫ്‌ലെമിങ്ങാണ് പെനിസിലിന്‍ വേര്‍തിരിച്ചത്. പിന്നീട് പരീക്ഷണങ്ങളിലൂടെ ഓക്‌സ്ഫഡിലെ ഡണ്‍ സ്‌കൂള്‍ ഓഫ് പാത്തോളജിയില്‍ ഗവേഷകരായ ഹോവാര്‍ഡ് ഫ്‌ലോറേയും ഏണസ്റ്റ് ചെയിനും ഇതു മനുഷ്യരില്‍ പ്രയോഗിക്കാമെന്നു കണ്ടെത്തി. മാനവരാശിയുടെ ഉന്നമനത്തിന് ഈ കണ്ടെത്തല്‍ വളരെയധികം സഹായകമായിട്ടുണ്ട്. ബാക്ടീരിയ വരുത്തിവയ്ക്കുന്ന രോഗങ്ങളില്‍നിന്നുള്ള വിമുക്തി ഈ ഔഷധത്തിലൂടെ സാധ്യമായി. ഇന്നു ലഭ്യമായ ആന്റിബയോട്ടിക്കുകളില്‍ മിക്കതും വിപുലീകരിക്കാന്‍ പെനിസിലിന്റെ കണ്ടെത്തല്‍ സഹായകമായി. ഇതുപോലെയുള്ള അനേകം കണ്ടെത്തലുകള്‍ക്കും മുന്നേറ്റങ്ങള്‍ക്കും ഓക്‌സ്ഫഡ് വേദിയായിട്ടുണ്ട്. മുന്നേറ്റങ്ങള്‍ ഇന്നും തുടരുന്നു.

സസ്യശേഖരം
ഓക്‌സ്ഫഡിലെ നിരത്തുകള്‍ക്കിരുവശവും നിറയെ വൃക്ഷങ്ങളാണ്. ഇംഗ്ലീഷ് ഓക്ക്, ജൂനിപ്പര്‍, ബീച്ച്, എല്‍മ്, പൈന്‍, പ്ലം, ചെറി, ഹാസെല്‍, ആഷ്, ചെസ്റ്റ്നട്ട്, മേപ്പിള്‍, സൈപ്രസ്, മള്‍ബറി, ആപ്പിള്‍, റെഡ് വുഡ്, വില്ലോ, പോപ്ലാര്‍, ബേഡ്ചെറി, ടുലിപ്, സൈക്കാമോര്‍, ഫിര്‍, ബദാം, ലാര്‍ച്ച്, വാല്‍നട്ട്, ബിര്‍ച്ച് തുടങ്ങിയ മരങ്ങള്‍. കവലകളിലെ പാര്‍ക്കുകളില്‍ പലതരത്തിലുള്ള സസ്യലതാദികള്‍ സംരക്ഷിച്ച് വളര്‍ത്തിയിരിക്കുന്നു. കോളേജുകളുടെ മുന്നിലുള്ള പുല്‍ത്തകിടിയും ചെടികളുമില്ലെങ്കില്‍ വിരസമായ കാഴ്ചയാകും പഴയ കെട്ടിടങ്ങള്‍ നല്‍കുക എന്നു തോന്നി. ദിനവും വൃക്ഷങ്ങളില്‍നിന്നും നിരത്തുകളില്‍ പതിക്കുന്ന ഇലകള്‍ നീക്കം ചെയ്യുന്നു. 450 വര്‍ഷം പഴക്കമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 600 തരം സസ്യവര്‍ഗ്ഗങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സസ്യശാസ്ത്ര ഉദ്യാനമാണിത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ സസ്യശാസ്ത്രജ്ഞരായ ബെന്‍ഥാം, ഹുക്കര്‍ എന്നിവരുടെ രീതി അവലംബിച്ചാണ് സസ്യങ്ങളെ വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. ഔഷധസസ്യങ്ങള്‍ പ്രത്യേകം തരംതിരിച്ചു പരിപാലിച്ചിരിക്കുന്നു.

ഓക്‌സ്ഫഡിലെ ഗണിതശാസ്ത്ര പ്രൊഫസറായിരുന്ന ലൂയീസ് കാരളിന് ആലീസിന്റെ അദ്ഭുതലോകം രചിക്കാന്‍ പ്രചോദനമായത് ഈ പശ്ചാത്തലമാണ്. ഇസെസ് നദിയിലൂടെ (തേംസ്) ഫോളീബ്രിഡ്ജില്‍നിന്നും പിക്‌നിക് കേന്ദ്രമായ ഗോഡ്സ്റ്റൊയിലേയ്ക്കുള്ള ബോട്ടുയാത്രയിലാണ് ചാള്‍സ് ഡോഗ്സണ്‍ (ലൂയീസ് കാരള്‍) ആലീസിന്റെ കഥ പറഞ്ഞത്. ഒരു ഉദ്യാനത്തിലുള്ള മുയല്‍മാളത്തില്‍ പതിച്ചു വിസ്മയങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. കഥ പറയാന്‍ നിര്‍ബ്ബന്ധിച്ച ആലീസ് ലിഡെല്‍ എന്ന പെണ്‍കുട്ടിയുടെ പേരുതന്നെ തന്റെ കഥാപാത്രത്തിനും നല്‍കി. ബോട്ടിലുണ്ടായിരുന്ന കുട്ടികളൊക്കെ ഈ കഥ നന്നായി ആസ്വദിച്ചു. ഇതു പിന്നീട് വിപുലീകരിച്ച് പുസ്തകരൂപത്തില്‍ പുറത്തിറക്കി. ചിത്രങ്ങളുള്ള ആദ്യപതിപ്പുകള്‍ ഓക്‌സ്ഫഡിലേയും കേംബ്രിഡ്ജിലേയും മ്യൂസിയങ്ങളില്‍ കണ്ടു. ലോഡ് ഓഫ് ദ റിങ്ങ്സ് എന്ന കൃതിയുടെ രചയിതാവായ ജെ.ആര്‍.ആര്‍. ടോള്‍കീന്‍ ഈ ഉദ്യാനത്തിലെ പൈന്‍മരത്തിനു ചുവട്ടില്‍ ധാരാളം സമയം ചെലവഴിക്കുമായിരുന്നു. മിഡില്‍ എര്‍ത്ത് എന്ന സാങ്കല്പിക ലോകത്തിലെ സംസാരിക്കുന്ന വൃക്ഷസമാന ജീവികള്‍ക്കു പ്രചോദനമായത് ഇവിടുത്തെ വൃക്ഷങ്ങളാണ്. 

ചാള്‍സ് ഡാര്‍വിന്‍ ഗാലപ്പഗോസില്‍നിന്നും കൊണ്ടുവന്ന പക്ഷികള്‍
ചാള്‍സ് ഡാര്‍വിന്‍ ഗാലപ്പഗോസില്‍നിന്നും കൊണ്ടുവന്ന പക്ഷികള്‍

ജീവലോകപരിണാമത്തിന്റെ തെളിവുകള്‍ ഫോസ്സിലുകളുടെ രൂപത്തില്‍ സംരക്ഷിച്ചിരിക്കുന്ന ഇടമാണ് ഓക്‌സ്ഫഡ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം. ഒപ്പമുള്ള പിറ്റ് റിവേഴ്സ് മ്യൂസിയത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രാചീന സംസ്‌കൃതികളുടെ ശേഷിപ്പുകളുമുണ്ട്. സാഹസികരായ പര്യവേക്ഷകര്‍ നൂറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിച്ചവ. ഡാര്‍വിന്റെ സ്പെസിമനുകളുടെ ശേഖരവും ഇവിടെയുണ്ട്. പലതവണ ചിത്രങ്ങളിലൂടെ പരിചയിച്ചിട്ടുള്ള ഫോസ്സിലുകളും സ്പെസിമനുകളും നിറഞ്ഞ ഇടം. വലിയൊരു പള്ളിപോലെ തോന്നിച്ച കെട്ടിടത്തിനുള്ളില്‍ കടന്നപ്പോള്‍ സ്പെസിമനുകളുടെ ബാഹുല്യം കണ്ട് അന്തംവിട്ടുനിന്നു. താഴത്തെ നിലയില്‍ നിറയെ ഡിനോസറുകളുടേയും പ്രാക്ചരിത്രകാലത്തെ സസ്തനികളുടേയും അപൂര്‍വ്വ ജീവികളുടേയും അസ്ഥിപഞ്ജരങ്ങളാണ്. സ്റ്റഫ് ചെയ്തുവച്ച വന്‍കരടിയും വലിയ ഡിനോസര്‍ രൂപങ്ങളുമുണ്ട്. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയുടെ പ്രശസ്തമായ സ്റ്റഫ് ചെയ്ത രൂപവും കണ്ടു. അവിടെ ഡോഡോ പക്ഷിയുടെ സോഫ്റ്റ് ടോയ് വില്പനയ്ക്കുണ്ട്. ഒരെണ്ണം വാങ്ങണമെന്നുണ്ടായിരുന്നു. എന്നാല്‍, മനുഷ്യന്റെ ചെയ്തികളാല്‍ വംശനാശം ഭവിച്ച ആ പക്ഷിയുടെ കാര്യം മനസ്സില്‍ തികട്ടി വരും എന്നതുകൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു. ഡോഡോയെപ്പോലെ ഇനിയും എത്രതരം ജീവികള്‍ ഇപ്രകാരം കണ്ണാടിക്കൂടുകളിലെത്തും എന്നു ചിന്തിച്ചു. 

ഡിനോസറുകള്‍
മ്യൂസിയത്തില്‍ കയറിയാലുടന്‍ ശ്രദ്ധയില്‍പ്പെടുക ടൈറാനോസോറസിന്റേയും ഇഗ്വാനാഡോനിന്റേയും വന്‍ അസ്ഥിപഞ്ജരമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിനു മുന്‍പുതന്നെ ഡിനോസറുകളുടെ അസ്ഥികള്‍ ലഭിച്ചുതുടങ്ങിയിരുന്നു. വലിയ കുഴികളെടുക്കുമ്പോള്‍ ബ്രിട്ടന്റെ പല ഭാഗങ്ങളില്‍നിന്നും ലഭിച്ച വലിയ അസ്ഥികള്‍ ആദ്യമൊന്നും ഗവേഷകര്‍ തിരിച്ചറിഞ്ഞില്ല. 1824-ലാണ് മേഗാലോസോറസിന്റെ അവശിഷ്ടങ്ങള്‍ ലഭിക്കുന്നത്. ഓക്‌സ്ഫഡിലെ ഭൂവിജ്ഞാനീയ ഗവേഷകനായ വില്യം ബക്ക്ലാന്‍ഡ്, മെഗാലോസോറസ് എന്ന ജീവിയെക്കുറിച്ചുള്ള വിവരണം നല്‍കി. സ്റ്റോണ്‍സ്ഫീല്‍ഡ് എന്ന പ്രദേശത്തുനിന്നാണ് ഇതു ലഭിച്ചത്. 1842-ല്‍ റിച്ചാര്‍ഡ് ഓവന്‍ വംശമറ്റുപോയ വലിയ ജീവികള്‍ക്ക് ഡിനോസര്‍ എന്ന പേര് നല്‍കി. ഏകദേശം 24 കോടി വര്‍ഷം മുന്‍പാണ് ഡിനോസറുകള്‍ ഭൂമിയില്‍ കാണപ്പെട്ടു തുടങ്ങിയത്. 20.1 കോടി വര്‍ഷം മുന്‍പു മുതല്‍ 14.5 കോടി വര്‍ഷം മുന്‍പുവരെയുള്ള ജുറാസിക് യുഗത്തിലും തുടര്‍ന്നുള്ള ക്രീറ്റേഷ്യസ് യുഗത്തിലും ചെറുതും വലുതുമായ ആയിരത്തോളം വര്‍ഗ്ഗങ്ങള്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വിഹരിച്ചിരുന്നു. ഭൂവിജ്ഞാനീയ കാലഘട്ടമായ മീസോസോയിക് യുഗത്തിന്റെ അന്ത്യത്തോടെ, അതായത് 6.64 കോടിവര്‍ഷം മുന്‍പ്, ഭൂമുഖം അടക്കിവാണിരുന്ന പറവയില്ലാത്ത ഡിനോസറുകളുടെ വംശമറ്റുപോയി.  ഭീമന്‍ ഛിന്നഗ്രഹം പതിച്ചതും സൂപ്പര്‍ അഗ്‌നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചതും ഇതിനു പിന്നിലെ കാരണമായി പറയുന്നു. യൂറോപ്പിന്റെ പല ഭാഗങ്ങളില്‍നിന്നും അമേരിക്കയില്‍നിന്നും ധാരാളം ഡിനോസര്‍ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്നു കാണുന്ന പക്ഷികള്‍, പറക്കും ഡിനോസറുകളില്‍നിന്നും പരിണമിച്ചവയാണ്.

മെഗാലോസോറസിന്റെ ഒരു മീറ്ററോളം വലിപ്പമുള്ള കാല്‍പ്പാടുകള്‍ മ്യൂസിയത്തിന്റെ മുന്നിലെ പുല്‍ത്തകിടിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പതിനഞ്ചു മീറ്റര്‍ നീളമുണ്ടായിരുന്ന സസ്യാഹാരിയായ സെറ്റിയോസോറസിന്റെ കാല്പാടുകളുമുണ്ട്. പിന്‍കാലുകളില്‍ നടന്നിരുന്ന മാംസഭുക്കായ യൂസ്ട്രെപ്റ്റോ സ്പോണ്ടിലസ് എന്ന ഡിനോസറിന്റെ അവശിഷ്ടങ്ങള്‍ 15 കോടി വര്‍ഷം പഴക്കമുള്ള കളിമണ്ണിലാണ് കണ്ടെടുത്തത്. നാലരമീറ്ററായിരുന്നു ആ ഡിനോസറിന്റെ ഉയരം. ജുറാസിക് യുഗത്തിലെ കാപ്റ്റോസോറസ് നാലുകാലുകളില്‍ നടന്നിരുന്ന സസ്യഭുക്കായിരുന്നു. ഓക്‌സ്ഫഡിനു ചുറ്റുമുള്ള ക്വാറികളില്‍നിന്നു 16 കോടി വര്‍ഷം മുന്‍പുണ്ടായിരുന്ന സെറ്റിയോസോറസിന്റെ അസ്ഥികള്‍ ലഭിച്ചിട്ടുണ്ട്. ഡക്ബില്‍ എന്ന ഇനത്തില്‍പ്പെടുന്ന കൊക്കുപോലെയുള്ള മുഖഭാഗമുള്ള എഡ്മൊണ്ടോസോറസ് സസ്യഭുക്കായിരുന്നു. ഇവയെ ടൈറാനോസോറസ് ഡിനോസറുകള്‍ ആഹരിച്ചു. ആറരക്കോടി വര്‍ഷം മുന്‍പത്തെ സ്ട്രുതിയോമിമസ് സെഡെന്‍സ് എന്ന സസ്യഭുക്കായ ഡിനോസര്‍ ഒട്ടകപ്പക്ഷിയെപ്പോലെ വേഗത്തില്‍ ഓടുമായിരുന്നു. ബാംബിറാപ്റ്റോര്‍ എന്ന നാല്‍ക്കാലി ടൈറാനോസോറസിന്റെ വര്‍ഗ്ഗത്തില്‍പ്പെട്ടതായിരുന്നു. 

റാഡ്ക്ലിഫ് കാമറ
റാഡ്ക്ലിഫ് കാമറ

ഇരുകാലുകളില്‍ നടന്നിരുന്ന നാലുമീറ്റര്‍ നീളമുള്ള പാക്കിസെഫാലോസോറസ് ആറരക്കോടി വര്‍ഷം മുന്‍പ് അമേരിക്കയില്‍ കാണപ്പെട്ടു. വലിയ നഖങ്ങളുള്ള ഉതറാപ്ടോര്‍ ജുറാസിക് കാലഘട്ടത്തിലേതാണ്. കാണ്ടാമൃഗത്തെപ്പോലെ തോന്നിക്കുന്ന ഇഗ്വാനോഡോണിന്റെ അസ്ഥികള്‍ ബെല്‍ജിയത്തില്‍നിന്നാണ് ലഭിച്ചത്. ഇവ 11.5 കോടി വര്‍ഷം മുന്‍പ് ഭൂമിയില്‍ കാണപ്പെട്ടവയാണ്. ഡിനോസറുകളില്‍ ഏറ്റവും പ്രശസ്തമായത് ടൈറാനോസോറസ് റെക്‌സ് ആണ്. പന്ത്രണ്ടു മീറ്റര്‍ നീളവും നാലു മീറ്റര്‍ ഉയരവും ആറു ടണ്‍ ഭാരവും ഇതിനുണ്ടായിരുന്നു. തലയോടിന്റെ വലിപ്പം ഒന്നര മീറ്ററും പല്ലുകളുടെ നീളം അരമീറ്ററും. ഇതിന്റെ ഇരുപതു സ്പെസിമനുകള്‍ അമേരിക്കയില്‍നിന്നു ലഭിച്ചിട്ടുണ്ട്. പറക്കുന്ന ഡിനോസറായ ടപേജറ, ക്രീറ്റേസ്യസ് കാലഘട്ടത്തിലേതാണ്. അവയുടെ ശിരസ്സില്‍ നിറമുള്ള പൂവുമുണ്ടായിരുന്നു. ജുറാസിക് കാലഘട്ടത്തില്‍ സമുദ്രത്തില്‍ കാണപ്പെട്ടിരുന്നവയാണ് ഡോള്‍ഫിനുകളെപ്പോലെയുള്ള ഇക്തിയോസോറുകള്‍. ഇത്തരത്തില്‍പ്പെട്ട ഒഫ്താല്മൊസോറസിന്റെ അവശിഷ്ടങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. 

സ്റ്റെഗോസെറസ് സ്റ്റെനോപ്സ് എന്ന വന്‍ ഡിനോസറിന്റെ ഫോസ്സില്‍ രൂപമാണ് ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നത്. ഏകദേശം പൂര്‍ണ്ണമാണത്. ഇതുകൂടാതെ നിയാണ്ടര്‍ത്താലുകളുടേയും മറ്റു മനുഷ്യപൂര്‍വ്വികരുടേയും അവശിഷ്ടങ്ങളും സൂക്ഷ്മതയോടെ അവിടെ പരിപാലിച്ചിരിക്കുന്നു. നിയാണ്ടര്‍ത്താലിന്റെ രൂപം കാണാന്‍ നല്ല തിരക്കാണ്. ഹോമോസാപ്പിയനുകളും നിയാണ്ടര്‍ത്താലും മുഖാമുഖം നില്ക്കുന്ന കാഴ്ച കൗതുകകരം തന്നെ. ജീവികളുടെ പരിണാമത്തെക്കുറിച്ചുമുള്ള അനേകം തെളിവുകള്‍ അവിടെയുണ്ട്. ചാള്‍സ് ഡാര്‍വിന്‍ ബീഗിളില്‍ നടത്തിയ പര്യവേക്ഷണത്തില്‍ ശേഖരിച്ച സ്പെസിമനുകളില്‍ ചിലതും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ഡാര്‍വിന്റെ കണ്ടെത്തലുകള്‍
ഓക്‌സ്ഫഡ് മ്യൂസിയത്തില്‍ ഡാര്‍വിന്‍ ശേഖരിച്ച ചിത്രശലഭങ്ങള്‍, പക്ഷികള്‍, സമുദ്രത്തിലെ കവചജീവികള്‍, പവിഴപ്പുറ്റുകള്‍ എന്നിവ തരം തിരിച്ച് ഭൂവിജ്ഞാനീയ കാലഘട്ടം രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതുകൂടാതെ പലതരം പ്രൈമേറ്റുകളുടെ സ്റ്റഫ് ചെയ്ത രൂപങ്ങളുമുണ്ട്. മനുഷ്യന്റെ മുന്‍ഗാമികളായ കുട്ടിത്തേവാങ്കുപോലെയുള്ള ചെറിയജീവികളും ആഫ്രിക്കയില്‍നിന്നുള്ള മനുഷ്യപൂര്‍വ്വികരുടെ അസ്ഥികൂടങ്ങളുമുണ്ട്. മ്യൂസിയത്തിലെ വലിയ തൂണുകളുടെ മുന്നില്‍ മനുഷ്യന്റെ ശാസ്ത്രചിന്തയെ പരിപോഷിപ്പിച്ച ശാസ്ത്രജ്ഞരുടെ പ്രതിമകള്‍. ഡാര്‍വിനും ഗലീലിയോയും ലാമാര്‍ക്കും ഒക്കെ അവിടെയുണ്ട്. ചിലരുടെ കയ്യെഴുത്തു പ്രതികളും സംരക്ഷിച്ചിരിക്കുന്നു. ഓക്‌സ്ഫഡ് സന്ദര്‍ശനത്തിന്റെ ഫലമായി ഡാര്‍വിന്റേയും സമകാലീനരുടേയും ആശയങ്ങളുടെ രൂപീകരണത്തെക്കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചു.

മ്യൂസിയത്തിന്റെ ഉള്‍വശം
മ്യൂസിയത്തിന്റെ ഉള്‍വശം

ഗാലപ്പഗോസിലേയും മറ്റും ഡാര്‍വിന്റെ കണ്ടെത്തലുകളെക്കുറിച്ച് ഏവര്‍ക്കുമറിയാം; എന്നാല്‍, ഫോസ്സിലുകളുടെ പഠനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് അധികം ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ല. മ്യൂസിയത്തിലെ ഡാര്‍വിന്‍ ശേഖരത്തില്‍ ബീഗിള്‍ യാത്രാവേളയില്‍ പലയിടങ്ങളില്‍നിന്നു ശേഖരിച്ച സ്പെസിമനുകളുണ്ട്. വംശനാശം വന്നുഭവിച്ച തെക്കേ അമേരിക്കയിലെ വലിയ സസ്തനികളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതില്‍ ഡാര്‍വിന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കാണ്ടാമൃഗത്തിന്റെ വലിപ്പമുള്ള ടോക്‌സോഡോണ്‍ അതില്‍ പ്രധാനമാണ്. ഡാര്‍വിന്‍ കണ്ടെത്തിയ ആന്‍ഡെസിലെ ഒരു വനത്തിന്റെ ഫോസ്സിലിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. പലയിനം പവിഴപ്പുറ്റുകള്‍, ആന്‍ഡസ് പര്‍വ്വതനിരകളുടെ ഉയരങ്ങളില്‍നിന്നും കണ്ടെടുത്ത സമുദ്രജീവികളുടെ ഫോസ്സിലുകള്‍ എന്നിവയെക്കുറിച്ചുള്ള വിശദീകരണം പ്രധാനമാണ്. ഇവയെല്ലാം പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള പരിണാമത്തെക്കുറിച്ചുള്ള സിദ്ധാന്തം രൂപീകരിക്കാന്‍ ഡാര്‍വിനു സഹായകമായിട്ടുണ്ട്. സങ്കീര്‍ണ്ണമായ ജീവജാലങ്ങള്‍ ഭൂമിയില്‍ കാണപ്പെടുന്നതിനു പിന്നിലെ കാരണങ്ങള്‍ ചാള്‍സ് ഡാര്‍വിന്‍ തന്റെ ആശയങ്ങളിലൂടെ അവതരിപ്പിച്ചു. ആധുനിക ജീവശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ ഡാര്‍വിന്‍ 1859-ല്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ് എന്ന കൃതിയിലൂടെ തന്റെ ആശയം അവതരിപ്പിച്ചു. മാനവചിന്തയെ ഇത്രയധികം സ്വാധീനിച്ച മറ്റൊരു പുസ്തകമില്ല. ശാസ്ത്രമേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് ഇതു വരുത്തിവച്ചത്. 

1809-ല്‍ ജനിച്ച ഡാര്‍വിന്റെ താല്‍പ്പര്യം പ്രകൃതിയുടെ ചരിത്രത്തിലായിരുന്നു. വൈദ്യശാസ്ത്രം പഠിക്കാന്‍ ചേര്‍ന്നെങ്കിലും അതു പൂര്‍ത്തിയാക്കിയില്ല. സസ്യശാസ്ത്രജ്ഞനായ ജോണ്‍ ഹെന്‍സ്ലോ ആണ് ബീഗിള്‍ യാത്രയ്ക്കായി ഡാര്‍വിന്റെ പേരു നിര്‍ദ്ദേശിച്ചത്. ഭൂവിജ്ഞാനീയ ഗവേഷകനായ ആദം ഹെഡ്ജ്വിക്കുമായും ഡാര്‍വിന്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. 1831-36 കാലയളവിലാണ് ഡാര്‍വിന്‍ തന്റെ കപ്പല്‍ യാത്ര നടത്തിയത്. വ്യത്യസ്ത സസ്യങ്ങളുടേയും ജന്തുക്കളുടേയും സവിശേഷതകള്‍ രേഖപ്പെടുത്തുകയും സ്പെസിമനുകള്‍ ശേഖരിക്കുകയും ചെയ്തു. 1835-ല്‍ തെക്കേ അമേരിക്കയിലെ ഗാലപ്പഗോസ് ദ്വീപ് സന്ദര്‍ശനവേളയില്‍ ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ആശയത്തിന് ഉപോല്‍ബലകമായ വിവരങ്ങള്‍ ലഭിച്ചു. അവിടെക്കണ്ട പക്ഷികളും വലിയ ആമകളും മറ്റു ജീവികളും അദ്ദേഹത്തിന്റെ ആശയം വിപുലീകരിക്കുന്നതിനു സഹായകമായി. 1836-ല്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയതിനുശേഷം തന്റെ നിരീക്ഷണങ്ങളുടെ ബലത്തില്‍ ജീവിവര്‍ഗ്ഗങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. ഒരു ജീവിയുടെ സവിശേഷതകള്‍ സന്തതികളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പരിതസ്ഥിതികളുമായി താദാത്മ്യം പ്രാപിച്ചവ നിലനില്‍ക്കുകയും അവയുടെ സവിശേഷതകള്‍ സന്തതി പരമ്പരകളിലേയ്ക്ക് കൈമാറുകയും ചെയ്യുന്നു. ബീഗിള്‍യാത്രയില്‍ ശേഖരിച്ച സ്പെസിമനുകള്‍ പല ഗവേഷകര്‍ക്കും പഠനത്തിനായി നല്‍കി. ഇതിലെ കവചജീവികളുടെ ശേഖരമാണ് ആദ്യം മ്യൂസിയത്തിലെത്തിയത്. ചെറുപ്രാണികള്‍, കടല്‍ച്ചിലന്തി, തേരട്ടകള്‍, കാട്ടുചിലന്തികള്‍ എന്നിവയും ആ ശേഖരത്തിലുണ്ടായിരുന്നു. ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്മസ് ഡാര്‍വിന്റെ രചനകളില്‍ പരിണാമം എന്ന ആശയത്തെക്കുറിച്ചുള്ള സൂചനകളുണ്ട്. വളരെ മുന്‍പുതന്നെ ഫ്രെഞ്ചുകാരനായ ജീന്‍ ബാപ്റ്റിസ്റ്റ് ലാമാര്‍ക്ക് സങ്കീര്‍ണ്ണ ജീവികളുടെ ഉദ്ഭവത്തെക്കുറിച്ചും അവയവങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുകയോ ഒട്ടും ഉപയോഗിക്കുകയോ ചെയ്യാത്ത പക്ഷം മാറ്റങ്ങള്‍ ജീവികളില്‍ ദൃശ്യമാകുമെന്ന ആശയം മുന്നോട്ടുവച്ചിരുന്നു. ആല്‍ഫ്രഡ് റസല്‍ വാലസ് എന്ന ഗവേഷകനും ആമസോണിലും തെക്കുകിഴക്കേ ഏഷ്യയിലും പര്യവേക്ഷണം നടത്തി പ്രകൃതി നിര്‍ദ്ധാരണം എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 

പ്രശസ്തമായ സംവാദം

ബീഗിള്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ പരിണാമം സംബന്ധിച്ച അന്വേഷണമായിരുന്നില്ല ഡാര്‍വിന്റെ മുഖ്യലക്ഷ്യം. ജീവികളിലുണ്ടാകുന്ന പരിവര്‍ത്തനത്തെക്കുറിച്ച്  ഡാര്‍വിനു നല്ല ബോദ്ധ്യവുമുണ്ടായിരുന്നു. ചാള്‍സ് ലിയല്‍ എന്ന ഗവേഷകന്റെ ഭൂവിജ്ഞാനീയത്തെ സംബന്ധിച്ചുള്ള കൃതിയായ പ്രിന്‍സിപ്പിള്‍സ് ഓഫ് ജിയോളജി ആണ് ഡാര്‍വിനെ സ്വാധീനിച്ചത്. ബീഗിള്‍ യാത്രയ്ക്കു മുന്‍പ് ആ കപ്പലിന്റെ കപ്പിത്താനായ ഫിറ്റ്സ്റോയ് മൂന്നു വാല്യങ്ങളുള്ള ഈ കൃതി ഡാര്‍വിനു സമ്മാനിച്ചു. ഈ കൃതിയിലെ ആശയങ്ങളുടെ ബലത്തിലാണ് കാലം കടന്നുപോകുമ്പോള്‍ ജീവികള്‍ പരിണമിച്ച് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ആവിര്‍ഭവിക്കുന്നു എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്നത്. ഡാര്‍വിന്റേയും ചാള്‍സ് ലിയലിന്റേയും കൃതികളുടെ ആദ്യപതിപ്പുകള്‍, ഡാര്‍വിന്റെ കത്തുകള്‍, ആല്‍ഫ്രഡ് റസല്‍ വാലസിന്റെ കത്തുകളും നോട്ടുമൊക്കെ ഓക്‌സ്ഫഡില്‍ സംരക്ഷിച്ചിരിക്കുന്നു. 

നിയാണ്ടര്‍ത്താലും ഹോമോസാപ്പിയനും (ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം)
നിയാണ്ടര്‍ത്താലും ഹോമോസാപ്പിയനും (ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം)


1944-ല്‍ റോബര്‍ട്ട് ചേംബേഴ്സിന്റെ 'വെസ്റ്റീജെസ് ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ഓഫ് ക്രിയേഷന്‍' എന്ന കൃതി രചയിതാവിന്റ പേരില്ലാതെ പുറത്തിറങ്ങി. നക്ഷത്രങ്ങളുടെ പരിണാമവും ജീവിവര്‍ഗ്ഗങ്ങളില്‍ കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങളുമൊക്കെ അതില്‍ ചര്‍ച്ച ചെയ്തിരുന്നു. ചാള്‍സ് ഡാര്‍വിന്റെ പരിണാമത്തെക്കുറിച്ചുള്ള ആശയങ്ങള്‍ അംഗീകരിക്കാനുള്ള ഒരു അടിത്തറ പാകിയത് ഈ കൃതിയാണ്. ഇന്നു കാണുന്ന ജീവിവര്‍ഗ്ഗങ്ങളൊക്കെ മറ്റു ജീവികളില്‍നിന്നും കാലക്രമേണ ആവിര്‍ഭവിച്ചു എന്നതായിരുന്നു ആശയം. ഡാര്‍വിന്റെ കൃതി പുറത്തിറങ്ങിയതിന്റ അടുത്ത വര്‍ഷം, അതായത് 1860-ല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാലാ മ്യൂസിയത്തില്‍ വച്ച് പരിണാമത്തെക്കുറിച്ചുള്ള പ്രശസ്തമായ ഹക്‌സ്ലി/വില്‍ബര്‍ഫോഴ്സ് സംവാദം നടന്നു. സംവാദത്തില്‍ പരിണാമവും സൃഷ്ടിവാദവും ചര്‍ച്ച ചെയ്യപ്പെട്ടു. തോമസ് ഹക്സ്ലിയും ബിഷപ്പ് സാമുവല്‍ വില്‍ബര്‍ഫോഴ്സുമായിരുന്നു മുഖ്യവ്യക്തികള്‍. ജീവശാസ്ത്രജ്ഞനായ ഹക്സ്ലി പരിണാമത്തേയും വില്‍ബര്‍ഫോഴ്സ് സൃഷ്ടിവാദത്തേയും പിന്തുണച്ചു. ബീഗിള്‍യാത്രയില്‍ ബാധിച്ച അസുഖങ്ങള്‍ ഡാര്‍വിനെ വേട്ടയാടിയിരുന്നതിനാല്‍ അദ്ദേഹം സംവാദത്തിനെത്തിയില്ല. വില്‍ബര്‍ഫോഴ്സ് അതിശക്തമായ വിമര്‍ശനമാണ് പരിണാമസിദ്ധാന്തത്തിനെതിരെ ഉന്നയിച്ചത്. അക്കാലത്ത് പരിണാമസിദ്ധാന്തം ശക്തിയാര്‍ജ്ജിച്ചു വരുന്ന സമയമായിരുന്നു. ഹക്സ്ലിയുടെ പിതാമഹന്മാര്‍ കുരങ്ങുകളില്‍നിന്നും ആവിര്‍ഭവിച്ചവരെന്നു കരുതുന്നുവോ എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് വില്‍ബര്‍ഫോഴ്സിന്റെ ആദ്യ പ്രഭാഷണം അവസാനിച്ചത്. കുരങ്ങുകളില്‍നിന്ന് ഉദ്ഭവിച്ചെന്നു കരുതുന്നതില്‍ മനുഷ്യന്‍ ലജ്ജിക്കേണ്ടതില്ല, എന്നാല്‍, ബുദ്ധിയുണ്ടെന്നു നടിക്കുകയും തനിക്കു തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ വിളിച്ചുപറഞ്ഞു കേള്‍വിക്കാരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതരം പിതാമഹന്മാരില്‍നിന്നുണ്ടായി എന്നു പറയുന്നതിലും നല്ലതാണത് എന്നു ഹക്സ്ലി പറഞ്ഞു. അവിടെ സന്നിഹിതരായവരെ പിടിച്ചിരുത്തി ആശയം വ്യക്തമാക്കാനുള്ള കഴിവ് ഹക്സ്ലിക്ക് ഇല്ലായിരുന്നെങ്കിലും ആശയപരമായി ഹക്സ്ലിക്കായിരുന്നു വിജയം. 

വെറും പത്തുവര്‍ഷത്തിനുള്ളില്‍ ഡാര്‍വിന്റെ ആശയം തെറ്റെന്നു തെളിയിക്കപ്പെടും എന്നും വില്‍ബര്‍ഫോഴ്സ് പറയുകയുണ്ടായി. ഇക്കാലത്തും പരിണാമത്തെക്കുറിച്ചുള്ള സംവാദങ്ങളില്‍ ഇത്തരം പ്രസ്താവങ്ങള്‍ കടന്നുവരാറുണ്ട്. സൃഷ്ടിവാദക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് വ്യക്തിപരമായ അധിഷേപം. വിശ്വാസങ്ങള്‍ക്ക് എതിരുപറയുന്നവരെ നിശ്ശബ്ദരാക്കാന്‍ വേണ്ടിയാണത്. സദസ്യരില്‍ ഡാര്‍വിന്‍ സഞ്ചരിച്ച കപ്പലിന്റെ കപ്പിത്താനായ റോബര്‍ട്ട് ഫിറ്റ്സ്റോയ്യും ഉണ്ടായിരുന്നു. ബെഞ്ചമിന്‍ ബ്രോഡീ, ജോസഫ് ഹുക്കര്‍ എന്നീ ശാസ്ത്രജ്ഞരും അതില്‍ പങ്കെടുത്തു. ഓക്‌സ്ഫഡിലെ സംവാദം ബൗദ്ധികവൃത്തങ്ങളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. തന്റെ ആശയം തെറ്റാണെന്നു സ്ഥാപിക്കുന്ന ധാരാളം അഭിപ്രായങ്ങള്‍ ഡാര്‍വിനെ അലട്ടിയിരുന്ന സമയമായിരുന്നു അത്. ശാരീരികമായി അവശനായിരുന്നു അദ്ദേഹം. ബീഗിള്‍ യാത്രയില്‍ പിടിപെട്ട അസുഖങ്ങള്‍ അദ്ദേഹത്തെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. തനിക്കു തെറ്റിയോ എന്നും ഡാര്‍വിന്‍ പലയാവര്‍ത്തി ചിന്തിച്ചിരുന്നു. എന്നാല്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിന്നീട് ലഭിച്ച തെളിവുകളും പഠനവിവരങ്ങളും പരിണാമസിദ്ധാന്തത്തെ അരക്കിട്ടുറപ്പിച്ചു. ലണ്ടന്‍ നഗരത്തില്‍നിന്നും ഏകദേശം 25 കിലോമീറ്റര്‍ ദൂരത്താണ് ചാള്‍സ് ഡാര്‍വിന്‍ വസിച്ചിരുന്ന ഡൗണ്‍ ഹൗസ്. പരിണാമ സിദ്ധാന്തം രൂപീകരിച്ചതും ഒറിജിന്‍ ഓഫ് സ്പീഷീസ് രചിച്ചതും ഇവിടെവച്ചുതന്നെ.

ടൈറാനേസോറസ് റെക്‌സ് ഡിനോസര്‍
ടൈറാനേസോറസ് റെക്‌സ് ഡിനോസര്‍

സായാഹ്നമായപ്പോള്‍ ബോദ്ലീന്‍ ലൈബ്രറിയുടെ മുന്നിലെ പടികളില്‍ വിശ്രമിക്കാനിരുന്നു. വിദ്യാര്‍ത്ഥികള്‍ സൈക്കിളുകളില്‍ പോകുന്ന കാഴ്ച. വീഥിയുടെ എതിര്‍വശത്തു നൂറ്റാണ്ടുകള്‍ പഴക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍. ബ്ലാക്വെല്‍ പുസ്തകശാലയില്‍ പുതിയ പുസ്തകങ്ങള്‍ മനോഹരമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ബൗദ്ധിക മുന്നേറ്റങ്ങള്‍ക്കു കാരണമാകുന്ന ആശയങ്ങള്‍ ആവിര്‍ഭവിക്കുന്ന പരിസരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അനേകം ടൂറിസ്റ്റുകള്‍ ദിനവും ഇവിടം സന്ദര്‍ശിക്കാനെത്തുന്നു.

ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, സംഗീതം, കല, ചരിത്രപഠനം, പുരാവസ്തു പഠനം, പ്രാക്ചരിത്ര ഗവേഷണം, ഗണിതശാസ്ത്രം, വിവിധ മാനവിക വിഷയങ്ങള്‍ തുടങ്ങിയവയില്‍ വ്യത്യസ്തമായ ചിന്താധാരകള്‍ക്കു തുടക്കം കുറിച്ച ഇടം. ഇംഗ്ലണ്ടിലെ സര്‍വ്വകലാശാലകള്‍ അതുല്യമായ സംഭാവനകളാണ് മാനവരാശിക്കു നല്‍കിയിട്ടുള്ളത്. ഇവിടുത്തെ അദ്ധ്യാപകരുടേയും ഗവേഷകരുടേയും വിദ്യാര്‍ത്ഥികളുടേയും അര്‍പ്പണബോധമാണ് ഈ മുന്നേറ്റങ്ങളുടെ അടിസ്ഥാനം. പ്രാക്ചരിത്രത്തെക്കുറിച്ചും സംസ്‌കൃതിയുടെ വികാസത്തെക്കുറിച്ചും ശാസ്ത്രീയമായി അന്വേഷിക്കേണ്ടത് പുരാവസ്തു വിദഗ്ദ്ധരും, ഫോസ്സില്‍ വിദഗ്ദ്ധരുമാണ്. ശാസ്ത്രീയമായ അപഗ്രഥനരീതികള്‍ അവലംബിച്ചാല്‍ മാത്രമേ ഇതു സാധ്യമാകുകയുള്ളു. ഭൂവിജ്ഞാനീയത്തിലെ കണ്ടെത്തലുകള്‍, പണ്ടത്തെ കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍, ഉല്‍ഖനനത്തില്‍നിന്നുള്ള തെളിവുകള്‍, ഫോസ്സില്‍ അപഗ്രഥനങ്ങള്‍, ജനിതകപഠനങ്ങള്‍ തുടങ്ങിയവ സംസ്‌കൃതിയുടെ ഉദ്ഭവത്തെക്കുറിച്ചും അതിന്റെ വികാസത്തെക്കുറിച്ചും ഗ്രഹിക്കാന്‍ സഹായകമാകുന്ന സുപ്രധാനമായ തെളിവുകള്‍ നല്‍കും. 
         

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com