'കൂടെയൊഴുകുന്ന അരുവികള്‍'

'കൂടെയൊഴുകുന്ന അരുവികള്‍'

''What you seekoing is seeking you'
-Jalaluddin Rumi

ജീവിതത്തിന്റെ തത്ത്വശാസ്ത്രവുമായി ഇഴയടുപ്പമുള്ളതും പ്രകാശം പരത്തുന്നതുമായ ഹൃദയപദമാണ്  'കൂടെ'. ഒടുവില്‍ ഒറ്റയാകുന്ന ഏകാകിതയുടെ നരച്ച ക്യാന്‍വാസില്‍ മഴവില്‍ക്കൊടിയുടെ മുനമുക്കി ചാരെ ചേര്‍ത്തുനിര്‍ത്തി വരച്ച പ്രത്യാശയുടെ പൂര്‍ണ്ണ ചിത്രമാണത്. ''കഞ്ഞിയില്‍ ഉപ്പുതരി വീണലിഞ്ഞ് മറഞ്ഞുപോകുന്നതുപോലെ'' മറയുമെന്നും എന്നാല്‍ നിന്നിലെ ഉപ്പായിരിക്കുമെന്നും രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുമെന്നും ജീവിതഗന്ധിയാകുമെന്നും ഒന്നിലധികം പേര്‍ പരസ്പരം പൂട്ടുന്ന ഹൃദയത്താഴാണ് വാക്കി. കൂവലുകളില്‍ കൂടെപ്പൊഴിക്കുന്ന തൂവലുകളാണതിന്റെ തൂവെളിച്ചം. 'കൂടെ' എന്ന പേരില്‍ സിനിമയുണ്ടാക്കുമ്പോള്‍ ഫിലിം മേക്കര്‍ കടന്നുപോകാനിടയുള്ള നിര്‍വ്വികാരതകളുടെ തുരുത്തുകളുണ്ടല്ലോ, അവയിലേയ്ക്ക് പണിയുന്ന വര്‍ണ്ണവിചിത്ര വൈകാരികതകളുടെ പാലമായി പരിണമിക്കുമതിന്റെ സാക്ഷാല്‍ക്കാരം! ഇതൊക്കെ സിദ്ധാന്തമെങ്കില്‍ അതടിവരയിടുന്ന ദൃഷ്ടാന്തമാണ് അഞ്ജലീ മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'കൂടെ'. പെണ്‍മനസ്സുകളിലെ സൂക്ഷ്മസഞ്ചാരങ്ങളിലേക്ക് വിഗഹവീക്ഷണം നടത്തുകയാണ് പ്രബലയായ ഈ സ്ത്രീ സംവിധായിക.

സ്വന്തം ജീവിത പരാധീനതകളിലേക്ക് ജോഷ്വ (പൃഥ്വിരാജ്) നടത്തുന്ന നിറഭേദങ്ങളുടെ യാത്രയാണ് കൂടെയുടെ ആകത്തുക. വിദേശത്ത് ഓയില്‍ റിഫൈനറി(?)യിലെ സാധാരണ തൊഴിലാളിയാണവന്‍. ഒരു ദിവസം നാട്ടില്‍നിന്ന് ജോഷ്വയ്ക്ക് ലഭിക്കുന്ന ഫോണ്‍കോള്‍ അയാളെ നാട്ടിലെത്തിക്കുകയാണ്. നേരിടാനൊരുങ്ങുന്ന ദുരന്തസന്ദര്‍ഭങ്ങളിലേക്ക് നിസ്സംഗനായാണവന്‍ വണ്ടിയിറങ്ങുന്നത്. അപ്പന്‍ അലോഷിയും (രഞ്ജിത്ത്) അമ്മ ലില്ലിയും (മാല പാര്‍വ്വതി) ജോഷ്വയെ കാത്തിരിക്കുന്നുണ്ട്. സെമിത്തേരിയിലെ അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ അകാലത്തില്‍ പൊലിഞ്ഞ അനുജത്തി ജെന്നിയുടെ (നസ്‌റിയ) മുഖം അവനുവേണ്ടി തുറക്കപ്പെടുന്നു. പൂര്‍ത്തീകരിക്കാനാകാത്ത കൊത്തുപണിപോലെ സോഫിയയുമായുള്ള (പാര്‍വ്വതി) പ്രണയഭംഗം അവനില്‍ പാതിവെന്ത് നീറുന്നുണ്ട്. അനന്തരം അവളവനെ (ജെന്നിയോ സോഫിയയോ) ആവാഹിക്കുന്നതാണ് കഥാഗതി. സച്ചിന്‍ കുന്ദല്‍ക്കറുടെ 'ഹാപ്പിജേര്‍ണി' എന്ന സിനിമയില്‍നിന്നാണ് അഞ്ജലി മേനോന്‍ 'കൂടെ'യുടെ പ്രമേയം സ്വീകരിച്ചിരിക്കുന്നത്.

അഞ്ജലി മേനോന്‍
അഞ്ജലി മേനോന്‍

ജോഷ്വയുടെ മതിഭ്രമങ്ങള്‍
നായകനായ ജോഷ്വയുടെ കാഴ്ചകളിലും വിചാരങ്ങളിലും നങ്കൂരമിടുന്നതാണ്  'കൂടെ'യുടെ ആഖ്യാന സ്വഭാവം. ജോലിസ്ഥലത്ത്, അയാളില്‍ തുടങ്ങുന്ന ആദ്യ സീനില്‍ത്തന്നെ വരാനിരിക്കുന്ന രണ്ടര മണിക്കൂറിന്റെ ബിംബദൃശ്യം സംവിധായിക വ്യക്തതയോടെ അവതരിപ്പിക്കുന്നുണ്ട്. നിറയെ വെള്ളത്തില്‍ കറുത്ത വൃത്തത്തില്‍ ജോഷ്വ ജോലി ചെയ്യുന്നതിന്റെ  ഏരിയല്‍ ഷോട്ട് ശ്രദ്ധിക്കുക; തന്നെ കാത്തിരിക്കുന്ന വിദൂര വിളിയന്വേഷിച്ചുള്ള അയാളുടെ വരവ് കാണുക. കഠിനാനുഭവങ്ങള്‍ കിനാവു കവര്‍ന്ന ജീവിതത്തുടര്‍ച്ചയാണ് ജോഷ്വയിലെ നിസ്സംഗന്‍ എന്ന നിഗമനത്തിലേയ്ക്ക് പ്രേക്ഷകനായി തുറക്കുന്ന ജനല്‍പ്പാളിയാണാ സീക്വന്‍സ്.

വളരെ പതുക്കെ, നേര്‍ത്ത കാറ്റിന്റെ ഗതിവേഗങ്ങളില്‍ ജോഷ്വ എന്ന ചെറുപ്പക്കാരന്‍ നമുക്കു മുന്നില്‍ വെളിപ്പെടുകയായി. അഞ്ചാണ്ടിലൊരിക്കല്‍ നാട്ടിലെത്താറുള്ള അയാള്‍ക്ക് അനുജത്തി ജെന്നി തീര്‍ത്തും അപരിചിതയായിരുന്നു. അവളുടെ വിചിത്ര മുറിയിലാണ് പുനര്‍ ഗൃഹപ്രവേശത്തിന്റെ പ്രഥമദിനങ്ങള്‍ മുതല്‍ ജോഷ്വ ചെലവഴിക്കുന്നത്. ഒ. ഹെന്റിയുടെ 'അവസാനത്തെ ഇല' (The last leaf) എന്ന ചെറുകഥയിലെ ചിരപ്രതീക്ഷ നല്‍കുന്ന കൊഴിയായിലയുടെ ചിത്രം പോലെ പലതും ആ മുറിയില്‍ ചേര്‍ന്ന് കിടന്നു. ശേഷം സിനിമയില്‍ മുഴുനീളം ജോഷ്വയുടെ പ്രണയപ്രയാണങ്ങളില്‍ കൂടെയുണ്ടാകുന്ന വളര്‍ത്തുനായ ബ്രൗണിയും ജെന്നിയുടെ ആമ്പുലന്‍സ് വാനുമടക്കം അപരിചിതത്വത്തിന്റെ ദുരൂഹഭാണ്ഡങ്ങളാണ് അയാള്‍ക്ക് പേറാനുള്ളത്. എന്നാല്‍, ഹൈപ്പര്‍ റിയാലിറ്റിയുടെ (അതീത യാഥാര്‍ത്ഥ്യം) അതിസമ്മര്‍ദ്ദങ്ങളോടാണ് ജോഷ്വ പിന്നീടങ്ങോട്ട് ഏറ്റുമുട്ടുന്നത്.

വിഹായസ്സില്‍ നക്ഷത്രമായി 'പറന്നേ പറന്നേ' പോയ ജെന്നിയില്‍ അയാളെ മാത്രം ചൂടു ചേര്‍ക്കപ്പെടുകയാണ്. തുടര്‍ന്ന് ജോഷ്വയുടെ പ്രശ്‌നങ്ങള്‍ ജെന്നിയില്‍ പരിഹാരം കാണുന്നു. അന്യമായെന്ന് കരുതിയ ലോകങ്ങള്‍ ദ്രുതവേഗത്തില്‍ ഇരട്ടി തീവ്രതയില്‍ അയാള്‍ തിരിച്ചുപിടിക്കുകയാണ്. കുടുംബവും കാമുകിയുമെല്ലാമടങ്ങുന്ന പരാനന്ദത്തില്‍ ആത്മനിന്ദയുടെ ചുടല വെന്തടങ്ങുന്നതോടെ ജോഷ്വ മാനുഷികമായി/മാനസികമായി പരിപൂര്‍ണ്ണത നേടുന്നു. എന്നാല്‍, ജെന്നിയുടെ തിരോധാനം അയാളുടെ ബോധനില തകര്‍ക്കുകയാണ്.

പ്രേക്ഷകര്‍ ജോഷ്വയിലാണ്. അതിനാല്‍ അയാള്‍ക്കെന്താണ് സംഭവിച്ചതെന്നറിയാന്‍ അവര്‍ക്ക് കൗതുകമുണ്ടാകാം. ഈ തന്ത്രത്തിന്റെ നയതന്ത്രമാണ് അഞ്ജലി വിദഗ്ദ്ധമായി ഉപയോഗിക്കുന്നത്. അച്ഛന്റെ സുഹൃത്തിനൊപ്പം നിര്‍ബന്ധിത നാടുവിടലിന്റെ നിവൃത്തികേട് ഏറ്റുവാങ്ങുന്ന പതിനഞ്ചു വയസ്സുകാരന്‍ ജീവിതത്തില്‍ ഒറ്റപ്പെടുകയാണ്. കുഞ്ഞുപെങ്ങളോടവന് കുന്നോളം സ്‌നേഹമുണ്ട്. പ്രകടമാകാത്ത നിരര്‍ത്ഥകലാവണ്യമായി അബോധ മനസ്സില്‍ അതടിഞ്ഞുകൂടുകയാണ്. മാത്രമല്ല, സംരക്ഷകനിലെ വിധ്വംസകനെ സിനിമ സൂക്ഷ്മമായി അവതരിപ്പിക്കുന്നുമുണ്ട്. തിരസ്‌കൃതനാക്കിയപ്പോഴും മൂലധന സ്രോതസ്സ് എന്ന നിലയില്‍ കുടുംബമെന്ന സ്ഥാപനം തന്നെ ഉപയോഗപ്പെടുത്തുകയായിരുന്നെന്ന അബദ്ധജഡിലമായ ആലോചന ജോഷ്വയെ പരുക്കനും പ്രതിഷേധിയുമാക്കുന്നു. രണ്ട് ദിവസക്കാലത്തെ അവധിയിലാണയാള്‍ നീലഗിരിയിലെത്തുന്നത്. തിരിച്ചുപോകണമെന്ന് ഉല്‍ക്കടമായി ചിന്തിക്കുമ്പോള്‍ത്തന്നെ തങ്ങിനില്‍ക്കണമെന്ന് അഗാധമായി ആഗ്രഹിക്കുന്ന ജോഷ്വയുടെ ഉപബോധ മനസ്സിന് ലഭിക്കുന്ന കൃത്യമായ പിടിവള്ളിയാണ് ജെന്നി. നീലവാനിന്റെ അഭൗമമായ ആമ്പിയന്‍സില്‍ അവള്‍ അയാള്‍ക്ക് കൂടെയാകുന്നു. ചെകുത്താനില്‍നിന്ന് മനുഷ്യനിലേക്കുള്ള ദൂരത്തെ ഒരു വിശുദ്ധ ഗ്രന്ഥം/വിശുദ്ധ പുരുഷന്‍ നിര്‍ണ്ണയിക്കുന്നതുപോലെ തന്റെ ജീവിതത്തില്‍ ജെന്നി നിറയണമെന്ന് ജോഷ്വ വാശിപിടിക്കുന്നു. ഇതിന്റെയെല്ലാം പ്രതിചലനങ്ങളാണ് ജോഷ്വയിലെ ജെന്നി.

ജെന്നി എന്ന വാല്‍നക്ഷത്രം
'കൂടെ' ഉണ്ടാക്കുന്ന ഊര്‍ജ്ജപ്രവാഹത്തിന്റെ ഇന്ധനം നിറച്ചിരിക്കുന്ന വാഹനമാണ്/വാനാണ് ജെന്നി. ''ഞാന്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇതൊരു അവാര്‍ഡ് പടമായേനെ'' എന്ന് അവള്‍ തമാശ പറയുന്നുണ്ട്. പ്രേക്ഷകന്റെ കേവല യുക്തികള്‍ക്ക് സംതൃപ്തിപ്പെടാവുന്ന ഘടനയില്ല ആ പാത്രസൃഷ്ടി. രോഗാതുരമായ ജീവിതം തീര്‍ത്ത് മേഘപടലങ്ങളില്‍ പതിഞ്ഞതിനു ശേഷമാണ് വാന്‍ ചില്ലുകളിലൂടെ സുതാര്യമെങ്കിലും ഹ്രസ്വ പ്രതലത്തില്‍ അവള്‍ കാണിയോട് സംവദിക്കുന്നത്. മാന്‍ഹോളിന്റെ കറുത്ത വൃത്തത്തില്‍ വര്‍ണ്ണരഹിതവും ഏകമുഖവും വിരസവുമായ ജീവിതം നയിക്കുന്ന സഹോദരന് അവള്‍ നവോന്മേഷം പകരുകയാണ്. ചടുലവും വാചാലവും അമിട്ടു കണക്കെ പെരുക്കുന്നതുമാണവളുടെ പ്രവൃത്തികള്‍.

സഹോദരന്‍-സഹോദരി പാരമ്പര്യബന്ധ സമ്പ്രദായങ്ങളുടെ തലയ്ക്ക് കിഴുക്കുന്നുണ്ട് സംവിധായിക, ജെന്നിയിലൂടെ. ഇവിടെ ജെന്നി മൂത്ത ജ്യേഷ്ഠനായും ജോഷ്വ ഇളയ പെങ്ങളായും പരിണമിക്കുകയാണ്. യാഥാസ്ഥിതിക കുടുംബ ബന്ധങ്ങളില്‍ അണുവിട അസംഭവ്യമാണത്. അതിനാല്‍ക്കൂടിയാകണം അതീന്ദ്രിയമായ അന്തരീക്ഷത്തില്‍ അഞ്ജലി ജെന്നിയെ അവതരിപ്പിക്കുന്നത്. ഒരാളെ മികച്ച മനുഷ്യനാക്കുന്നതിന്റെ ആദ്യ ചുവട് തീവ്ര പ്രണയിതാവാക്കലാണെന്ന് ജെന്നി തിരിച്ചറിയുന്നു. കോളേജ് പഠനത്തിനിടയില്‍ രൂപപ്പെട്ട പ്രണയഭംഗത്തിന്റെ ചുഴലി ജന്മസിദ്ധമായ രോഗാവസ്ഥയെക്കാള്‍ കഠിനമായി അവളെ ഇളക്കി മറിച്ചിട്ടുണ്ട്. ഈ പാഠങ്ങളുടെ സമഗ്ര സംഗ്രഹമാണ് ജെന്നി ജോഷ്വയിലേക്ക് പകരുന്നതും ആ പരീക്ഷയില്‍ അയാള്‍ ഉന്നത വിജയം നേടുന്നതും.

സോഫിയുമായുള്ള ജോഷ്വയുടെ പുറംകടല്‍ കടക്കാത്ത പ്രണയത്തിരയെ തീവ്രമായ സുനാമിയാക്കിയശേഷം ജെന്നി അവരുടെ ശാരീരിക ബന്ധത്തില്‍ ഇടപെടുന്നതും അഭിപ്രായം പറയുന്നതും ശ്രദ്ധിക്കുക; ജോഷ്വയിലെ ക്ലീഷേ സഹോദരന് അലോസരമുണ്ടാക്കുന്ന ആ ചര്‍ച്ച ഏറ്റവും പുരോഗമനപരമായാണ് ജെന്നി തുറക്കുന്നത്. വേഗത്തില്‍ ജ്യേഷ്ഠനും അനുജത്തിയുടെ തരംഗദൈര്‍ഘ്യത്തിലേയ്ക്ക് ഉയരുന്നത് കാണാം.
അടിമുടി കലാകാരിയാണ് ജെന്നി. അവളിലെ ചിത്രകാരിയും ശില്പിയും കവയിത്രിയും ഉജ്ജ്വലമായ അടരുകളാണ്. ഒരു അനുഭവത്തിന്റെ ശേഷിക്കുന്ന അനുഭൂതിയാണ് കലയുടെ വിശാലതയെ അടയാളപ്പെടുത്തേണ്ടത്, എങ്കില്‍ ചാരമായിട്ടും ചാരെ നില്‍ക്കുന്ന അവളുടെ ആ ശിഷ്ട  ജീവിതമുണ്ടല്ലോ, മഹത്തായ കലയാണത്. അന്തര്‍മുഖനും ബഹിഷ്‌കൃതനുമായ സഹോദരന്റെ കൂടെ നില്‍ക്കല്‍ കലാകാരിയായ ജെന്നിയുടെ ഉത്തരവാദിത്വമാണ്. മരണാനന്തരവും അതാണവള്‍ നിര്‍വ്വഹിക്കുന്നതെന്ന് ചുരുക്കം.

ദൃശ്യദേശങ്ങളുടെ കൂടി 'കൂടെ'
ദൃശ്യലാവണങ്ങളില്‍ ആഞ്ഞ് തളച്ചിട്ട കഥാഖ്യാനമാണ് കൂടെയുടേത്. ക്ലീഷേ പ്രേക്ഷകനില്‍നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണങ്ങള്‍ കഥമെനയുമ്പോഴേ രചയിതാവ് ആലോചിച്ചിരിക്കണം. അടുക്കിവെക്കുന്ന സ്റ്റോറി സ്ട്രക്ചര്‍ യുക്തിയുടെ സാധാരണത്വത്തെ വെല്ലുവിളിക്കാന്‍ സാധ്യതയുണ്ടെന്നും ആ അര്‍ത്ഥത്തില്‍ താരസിനിമയുടെ പരിവാരങ്ങള്‍ പാടിപ്പതിക്കുന്ന വായ്ത്താരി പരിമിതമാകുമെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കണം. ആവിഷ്‌കാരത്തെ ഇപ്പറഞ്ഞതിലൊന്നും 'കോമ്പ്രമൈസ്' ചെയ്യാത്ത ഫിലിം മേക്കറുടെ ദൃശ്യധാരാളിത്തത്തിന്റെ സിനിമാനുഭവം കൂടിയാണ് കൂടെ.

ജോഷ്വ നടത്താനിരിക്കുന്ന യാത്രയുടെ വര്‍ത്തുള വ്യായാമങ്ങള്‍ ടൈറ്റില്‍ സ്വീക്വന്‍സിന് പകരുന്ന മനോഹാരിത, അയാളെ പരിചയപ്പെടുത്തുന്ന ഷോട്ടിലെ ആമ്പിയന്‍സ് അടക്കം ദൃശ്യവശ്യതയുടെ നിമ്ന്നോന്നതികളിലേക്കാണ് വണ്ടി കയറാനിരിക്കുന്നതെന്ന ധാരണയിലാകും കാണി. പിന്നീടങ്ങോട്ട് നീലഗിരിമലനിരകളിലെ മഴയിലും വെയിലിലും ഇരുളിലുമാണ് കഥയരങ്ങേറുന്നത്. ജോഷ്വയുടെ മാനസികാവസ്ഥയുടെ പ്രതിരൂപമായി പ്രകൃതിയുടെ ഭിന്നഭാവങ്ങളെ സിനിമ ആവാഹിക്കുന്നു. ജെന്നിയുടെ രണ്ടാം വരവില്‍ ജോഷ്വയ്ക്ക് ലഭിക്കുന്ന ചൂടും ചൂരും നിറഞ്ഞ തേജസിനനുസരിച്ച് ദൃശ്യങ്ങളും ചുവടു മാറുന്നു. 'വാന്‍' ലോകത്തിലെ ജെന്നിയും ബ്രൗണിയും അവരുടെ ലോകങ്ങളിലെ വാനും ജോഷ്വയും ഉള്‍പ്പെടാത്ത സീനുകള്‍ 'കൂടെ'യില്‍ വിരളമാണ്. ഈ ആഖ്യാനപരതയില്‍ അലോസരമില്ലാതെ/ആവര്‍ത്തനവിരസതയില്ലാതെ കാഴ്ചകള്‍ പൂക്കുകയാണ്.

ഊട്ടി സഞ്ചാരികളുടെ പറുദീസയാണ്. അലസമായി പാകിയ ഫ്രെയിമും പാഴായിപ്പോകാത്ത കുളിര്‍ഭൂമിയാണത്. എന്നാല്‍, ദൃശ്യദേശങ്ങളില്‍ താളംതെറ്റുന്ന ഛായാഗ്രഹണ സ്വഭാവമല്ല 'കൂടെ'യുടേത്. ജോഷ്വയുടേയും ജെന്നിയുടേയും സോഫിയുടേയും തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങളിലും മരവിച്ച അയാഥാര്‍ത്ഥ്യങ്ങളിലും അന്തരീക്ഷം മാറിമറിയുന്ന ക്യാമറാ ക്രാഫ്റ്റ് സിനിമ പ്രകടിപ്പിക്കുന്നു. സോഫിയെത്തുന്നതോടെ വാനില്‍നിന്നും പുറത്തേയ്ക്ക് ചാടുന്ന വിഷ്വലുകള്‍ മലഞ്ചെരിവുകളിലും പൊയ്കയിലും യൂക്കാലിപ്‌സ് കാടുകളിലും ജ്ഞാനാന്വേഷണം നടത്തുകയാണ്. സംവിധായികയ്ക്കും ഉയര്‍ന്ന കുന്നില്‍ ഛായാഗ്രാഹകന്റെ കയ്യൊതുക്കം നടത്തുന്ന ദൂരക്കാഴ്ചയുടെ കണ്ണാകുകയാണ് നമ്മളിലെ കാണി. ലിറ്റില്‍ സ്വയമ്പിന് കയ്യടിക്കാം.

കയ്യടക്കത്തിന്റെ അഭാവങ്ങള്‍
മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡേയ്‌സ്, കൂടെ എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് അഞ്ജലി മേനോന്റേതായി പുറത്തുവന്നത്. എവിടെ അവസാനിപ്പിക്കണമെന്ന ആശയക്കുഴപ്പം നേരിടുന്ന സിനിമകള്‍ കൂടിയാണവ. അവര്‍ തിരക്കഥ നിര്‍വ്വഹിച്ച ഉസ്താദ് ഹോട്ടലില്‍ ഈ പ്രതിസന്ധി പൊടിയിട്ടു തിരഞ്ഞാല്‍ കാണുകയുമില്ല.

കൂടെ നോക്കുക. രണ്ടാം പകുതിയുടെ ഉത്തരഭാഗത്ത് സിനിമം അവസാനിപ്പിക്കാവുന്ന എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ആവിഷ്‌കരിച്ച് മതിവരാത്ത അഞ്ജലിയിലെ 'മാസ്റ്റര്‍ ക്രാഫ്റ്റര്‍' പിടിവിടുന്നേയില്ല. മുത്തശ്ശിക്കഥകളിലെ പറഞ്ഞ് പഞ്ഞ്/കേട്ട് കേട്ട് മതിവരാത്ത ആഖ്യാനവ്യാഖ്യാനങ്ങള്‍പോലെ അവ ലക്ഷ്യസ്ഥാനവും കടന്നുപോകുന്നു. നെഞ്ചോട് ചേര്‍ത്ത യാത്രപോലെ ഒരിക്കലും അവനസാനിക്കരുതേ  എന്ന് ആഗ്രഹിക്കുന്നപോലെ ഫ്രെയിമുകള്‍ അടുത്തത് തിരയുന്നു. എന്നാല്‍, സിനിമയുടെ സമഗ്രതയ്ക്ക് എന്തെങ്കിലും സംഭാവന നല്‍കാന്‍ ഇത്തരം അലകുപിടികള്‍ക്കാകുന്നുമില്ല. സമകാലികരായ ദിലീഷ് പോത്തനിലും ലിജോ ജോസ് പെല്ലിശ്ശേരിയിലും അഞ്ജലിക്കാവശ്യമായ പാഠങ്ങള്‍ തിരയാം. ഒറ്റ വാക്കും വെട്ടിമാറ്റാനില്ലാത്ത കാരൂര്‍ കഥകളിലാണ് മലയാളിയുടെ കഥാക്രാഫ്റ്റ്!

കൂടെയില്‍ നിരവധിയാവര്‍ത്തിക്കപ്പെട്ട സീനുകള്‍/സന്ദര്‍ഭങ്ങള്‍ അനവധി കാണാം. സോഫിയുടെ വില്ലന്മാരായ കുടുംബാംഗങ്ങള്‍, ജെന്നിയുടെ കോളേജ് ദിനങ്ങള്‍, ദരിദ്രനായ അച്ഛന്റെ പ്രകടമാകാത്ത സ്‌നേഹം, പരദൂഷണപ്രിയയായ ത്രേസ്യ (പോളിവത്സന്‍) തുടങ്ങി ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്.

മുഖത്തടിച്ചപോലെ ജോഷ്വയെ തിരസ്‌കരിക്കുന്ന സോഫിയയുടെ തിരിച്ചുവരവില്‍ മലയാള സിനിമയിലെ സ്ഥിരപ്രതിഷ്ഠാ സ്വഭാവമുള്ള സീന്‍ മറികടക്കാന്‍ സംവിധായികയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇവയൊക്കെ മറികടക്കുന്ന ദൃശ്യപരമായ ഔന്നത്യം 'കൂടെ' പ്രദര്‍ശിപ്പിക്കുന്നുണ്ട്.

നീല വിതാനിച്ച കളര്‍ടോണില്‍ നിറഞ്ഞൊഴുകുന്ന ഫ്രെയിമുകളില്‍ നീലഗിരി പ്രേക്ഷകന്റെ കൂടെപ്പോരുന്നു, ഒപ്പം ജോഷ്വയും ജെന്നിയും സോഫിയും ബ്രൗണിയും നീലവാനും കൂടെ ആവിഷ്‌കരിച്ച ഏകാന്തതയുടെ ശീതീകരിച്ച കുടിലില്‍ നാം ഇഷ്ടങ്ങളുടെ ഉത്തരായനം കാത്തുകിടക്കുന്നു,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com