ദൈവത്തെ അപനിര്‍മ്മിക്കുന്ന പൈശാചികത്വം

ആയിരം വര്‍ഷം മുന്‍പ് അല്ലെങ്കില്‍ അതിനും പതിനായിരക്കണക്കിന് വര്‍ഷങ്ങളില്‍ ജീവിച്ച സ്വന്തം പേരും വ്യക്തിത്വവുമില്ലാത്ത ഭൂരിഭാഗം മനുഷ്യരുണ്ട്.
എസ് ഹരീഷ്/ ഫോട്ടോ: ബെന്‍ഹര്‍ ഭാസി
എസ് ഹരീഷ്/ ഫോട്ടോ: ബെന്‍ഹര്‍ ഭാസി

''ആയിരം വര്‍ഷം മുന്‍പ് അല്ലെങ്കില്‍ അതിനും പതിനായിരക്കണക്കിന് വര്‍ഷങ്ങളില്‍ ജീവിച്ച സ്വന്തം പേരും വ്യക്തിത്വവുമില്ലാത്ത ഭൂരിഭാഗം മനുഷ്യരുണ്ട്. അവരെ ദൈവം നനഞ്ഞ തുണികൊണ്ട് ഭൂമിയില്‍നിന്നും നശ്വരരായ മനുഷ്യരുടെ ഒരു വിലയുമില്ലാത്ത ഓര്‍മ്മകളില്‍നിന്നും മായ്ചുകളഞ്ഞു... ഉടന്‍ തന്നെ മരിച്ചുപോകേണ്ട ചിലരുടെ ഓര്‍മ്മകളിലും ചിന്തകളിലും മാത്രമാണ് നമ്മള്‍ ജീവിക്കുന്നത്'' (മീശ, എസ്. ഹരീഷ്).

ദൈവത്തിനുമാത്രം അവകാശപ്പെട്ട കര്‍മ്മസ്ഥലികളില്‍ പിശാചുക്കള്‍ കടന്നുവന്നാലോ? ഈ ദുരവസ്ഥയാണ് എസ്. ഹരീഷ് എന്ന നോവലിസ്റ്റിനു നേരിടേണ്ടിവന്നത്. സഹിഷ്ണുതയുടെ ആത്മപ്രകാശം നഷ്ടമായവരാണ് സര്‍ഗ്ഗരചനയ്‌ക്കെതിരെ ഭീഷണിയുടെ കരവാളുയര്‍ത്തുന്നത്. സര്‍ഗ്ഗധനനായ എഴുത്തുകാരന്റെ പ്രതിഭയെ ജീവന്റെ ഭീഷണികൊണ്ട് പ്രതിരോധിക്കുന്നവര്‍ അനുഷ്ഠിക്കുന്നത് പിശാച കര്‍മ്മമാണ്. നശ്വരമായ മനുഷ്യജീവിതത്തിനിടയില്‍ അരങ്ങേറപ്പെടുന്ന കാപട്യങ്ങളെ, അനീതികളെ നിഷ്‌കളങ്കമായ നര്‍മ്മബോധത്തോടെയാണ്  നോവലിസ്റ്റ് ആവിഷ്‌കരിക്കുന്നത്. അതില്‍ അന്തര്‍ലീനമായ സര്‍ഗ്ഗസൗന്ദര്യമാണ് ആസ്വദിക്കപ്പെടേണ്ടത്. അതിനു പകരം സങ്കുചിതമായ സ്വന്തം സമീപനങ്ങളിലൂടെ സാഹിത്യ കൃതിയെ വിലയിരുത്തുന്നത് അപകടമാണ്. ഈ ആപത്താണ് കേരളത്തില്‍ ഒരു പെരുമാള്‍ മുരുകനെ സൃഷ്ടിച്ചിരിക്കുന്നത്. ലൈംഗികത, സ്ത്രീ വിരുദ്ധത എന്നിങ്ങനെയുള്ള പരാമര്‍ശനങ്ങളുടെ പേരില്‍ സാഹിത്യം തമസ്‌കരിക്കപ്പെടേണ്ടതാണെങ്കില്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോലായ ഇന്ദുലേഖ മുതല്‍ വിഖ്യാതമായ പല നോവലുകളും ഇതിനകം നിരോധിക്കപ്പെടേണ്ടതായിരുന്നു.

അതിസമര്‍ത്ഥമായ ജീവിതനിരീക്ഷണംകൊണ്ട് സമ്പന്നവും ആസ്വാദ്യകരവുമായ രചനകളാണ് ഹരീഷിന്റേത്. 
ഉത്തരാധുനികതയുടെ ശാഠ്യങ്ങളില്‍  വിട്ടുവീഴ്ച ചെയ്ത് ചെറുകഥയുടെ 21-ാം നൂറ്റാണ്ടില്‍ ആസ്വാദനത്തിന്റെ നവാനുഭൂതി സൃഷ്ടിക്കുന്നതിനുള്ള സാമര്‍ത്ഥ്യം  അദ്ദേഹത്തിനുണ്ട്. ഭീഷണിയില്‍ അവസാനിപ്പിക്കേണ്ടതല്ല അദ്ദേഹത്തിന്റെ സര്‍ഗ്ഗജീവിതം. ഈ സാഹചര്യത്തില്‍ ഹരീഷിന്റെ രചനാസിദ്ധിയിലേക്ക് ഒരെത്തിനോട്ടം ഉചിതമാകുമെന്നു തോന്നുന്നു.  

മൂന്നാമധ്യായത്തോടെ മുടങ്ങിയ 'മീശ'യില്‍നിന്നുതന്നെ സമകാല പ്രസക്തിയുള്ള സമര്‍ത്ഥമായ ഒരു നിരീക്ഷണം ഉദ്ധരിക്കാവുന്നതാണ്. ''എഴുത്തുകാര്‍ കൊല്ലപ്പെടുമ്പോഴും ആക്രമിക്കപ്പെടുമ്പോഴും ചിലരിവിടെ ആമയും മുയലും കഥയാണ് ഉജ്ജ്വല സാഹിത്യമെന്ന് പറയുന്നതായി അയാള്‍ പരിഹസിച്ചപ്പോള്‍ ആളുകള്‍ എന്നെ നോക്കി ആര്‍ത്തു ചിരിച്ചു... എന്നെപ്പോലുള്ളവര്‍ ഇന്ത്യയില്‍ ഇതിനോടകമെത്തിക്കഴിഞ്ഞ ഫാസിസത്തോടൊപ്പമാണെന്ന് അവന്‍ സ്ഥാപിച്ചു കഴിഞ്ഞപ്പോള്‍ എല്ലാവരും എന്നെ സംശയത്തോടെ നോക്കി.'' ആക്ഷേപ ഹാസ്യത്തിന്റെ, സാമൂഹ്യവിമര്‍ശത്തിന്റെ അകമ്പടി ഇദ്ദേഹത്തിന്റെ രചനയുടെ പൊതു സവിശേഷതയാണ്.

കഥയുടെ കരുത്തും സമ്പന്നതയും
ഉത്തരാധുനികതയുടെ മൂല്യനിരാസം, നിഷേധാത്മകത, നിസ്സാരവല്‍ക്കരണം, അപനിര്‍മ്മാണയുക്തി എന്നിവ സ്വാംശീകരിച്ച് ആസ്വദിക്കാന്‍ ഒരുപക്ഷേ, ശരാശരി വായനക്കാരന് കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്റേതു മാത്രമായ ഒരു ശില്‍പ്പവൈദഗ്ദ്ധ്യം ഉപയോഗിച്ച് കഥാബീജവും പരിസരവും ഇദ്ദേഹം ആസ്വാദനാത്മകമായി സ്ഫുടം ചെയ്‌തെടുക്കുന്നു. വാചികസൗന്ദര്യത്തിന്റേയും നര്‍മ്മത്തിന്റേയും കറിക്കൂട്ടുകൊണ്ട് വായനക്കാരെ രസിപ്പിക്കുന്നു. സൂചകസമൃദ്ധികൊണ്ട് ആസ്വാദനത്തെ ഉദ്ദീപിപ്പിക്കുന്നു. തുടക്കം മുതല്‍ ഒടുക്കംവരെ കഥ എങ്ങനെ അനുഭവിപ്പിക്കണമെന്ന് ഹരീഷിന് നന്നായറിയാം. സമകാല മലയാളകഥയുടെ കരുത്തും സമ്പന്നതയും ഇദ്ദേഹത്തിന്റെ രചനകളില്‍ പ്രതിഫലിക്കുന്നു. 

പ്രമേയവും ആഖ്യാനതന്ത്രവും ശരീരവും മനസ്സുംപോലെ സംയോജിതമാകുമ്പോഴാണ് കഥ സമ്പൂര്‍ണ്ണ വിജയത്തിലെത്തുന്നത്. രചനയില്‍ ശ്രദ്ധിക്കേണ്ട സൂക്ഷ്മാംശങ്ങള്‍, സമര്‍ത്ഥമായ സൂചകങ്ങള്‍, കാലബോധം, ചരിത്രബോധം, ആസ്വാദനശേഷിയെ പ്രോജ്വലിപ്പിക്കുന്ന നര്‍മ്മബോധം, കഥാപാത്രങ്ങളുടെ സ്വഭാവസ്വരൂപണം, വാചിക നിര്‍മ്മിതിയിലെ സൗന്ദര്യബോധം, കഥാസന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പൊട്ടിവിടരുന്ന മനോധര്‍മ്മം എന്നിങ്ങനെ കഥയെ അനുഭവിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളെല്ലാം ഈ കഥാകൃത്ത് സ്വായത്തമാക്കിയിരിക്കുന്നു. യഥാതഥമായ ചരിത്രാവിഷ്‌കാരമാണ് കഥനമെന്ന മനോശീലനത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നതിനുള്ള സാമര്‍ത്ഥ്യമാണിത്. കഥയെ പുനര്‍വായനയ്ക്കു പ്രേരിപ്പിക്കുന്നതിനുള്ള ശില്‍പ്പവൈദഗ്ദ്ധ്യവും ഹരീഷിന്റെ സവിശേഷതയാണ്.

പ്രമേയം നിസ്സാരമാണെങ്കിലും ഏറ്റവും അനുയോജ്യമായ കഥാസന്ദര്‍ഭം സൃഷ്ടിക്കുന്നതില്‍ ഇദ്ദേഹം അസാമാന്യമായ ഭാവനാവിലാസം പ്രകടിപ്പിക്കുന്നു. 
''പതിനൊന്നുമണിയോടെ ജോലി ഏറെക്കുറെ ഒതുങ്ങിക്കഴിഞ്ഞാല്‍ തേക്കിലയില്‍ മുറുക്കിക്കെട്ടിയ കുറച്ച് പൊതികളുമായി  അവന്‍ ധൃതിയില്‍ സൈക്കിള്‍ ചവിട്ടിപ്പോകും. തങ്ങള്‍ ഇറച്ചിക്കടയില്‍ നേരിട്ടെത്തുന്നത് ഏതോ അജ്ഞാതമായ കാരണത്താല്‍ കുറച്ചിലായി കരുതുന്ന ചില നായന്മാരുടേയും അമ്പലവാസികളുടേയും വീടുകളിലാണ് അവ എത്തുന്നത്. അവരുടെ മനസ്സറിഞ്ഞ് ആന്റണി വീടുകളുടെ മുന്‍വശത്തുകൂടി ചെല്ലാതെ പിന്നാമ്പുറം വഴിയെത്തി അടുക്കളപ്പടിയില്‍ വെച്ചിരിക്കുന്ന ചട്ടിയില്‍ ഒന്നുമറിയാത്തപോലെ പൊതി നിക്ഷേപിക്കും. ഉള്ളിയും തേങ്ങാപ്പാലും മസാലയും ചേര്‍ത്ത് നീട്ടി ചാറാക്കിവെച്ച ഇറച്ചിക്കറിയുടെ ആദ്യ തിള വരുമ്പോഴുള്ള സുഗന്ധമോര്‍ക്കുന്ന ദീര്‍ഘനിശ്വാസങ്ങള്‍ അപ്പോള്‍ ഉള്ളില്‍നിന്നു കേള്‍ക്കാം'' (മാവോയിസ്റ്റ്).

അറവുശാലയില്‍നിന്ന് കയര്‍പൊട്ടിച്ചോടിയ ഒരു പോത്തിന്റേയും എരുമയുടേയും പരാക്രമങ്ങള്‍ പശ്ചാത്തലമാക്കി മനുഷ്യാവസ്ഥയുടെ വര്‍ത്തമാന ജീര്‍ണ്ണതയെ വിചാരണ ചെയ്യുന്ന ലക്ഷണമൊത്ത കഥയാണ് 'മാവോയിസ്റ്റ്.' പദാനുപദം ഒളിപ്പിച്ചുവെച്ച ഗൂഢനര്‍മ്മത്തിന്റെ മനോഹാരിത, ആക്ഷേപഹാസ്യത്തിന്റെ തീക്ഷ്ണത എന്നിവ ആസ്വാദനത്തെ വേറിട്ട ഒരനുഭവമാക്കുന്നു. ആഖ്യാന ലാവണ്യത്തെ പ്രോജ്വലിപ്പിക്കുന്ന നിരവധി സമകാലബിംബങ്ങളും വാങ്മയചിത്രങ്ങളും ഇക്കഥയിലുണ്ട്.

''പെട്ടെന്നുണ്ടായ ബഹളത്തിലും ആക്രോശത്തിലും മൃഗം ജനങ്ങളുടെ ഭിത്തി പൊളിച്ച് രക്ഷപ്പെട്ടുപോകുന്ന വഴി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ തങ്ങളുടെ പരമ്പരാഗത ആചാരപ്രകാരം അടുത്തിടെ തടിപ്പലകകളും ചുവന്ന തുണിയുംകൊണ്ട് സ്ഥാപിച്ച ആകാശത്തേക്ക് മുനകൂര്‍ത്ത രക്തസാക്ഷിമണ്ഡപം ചവിട്ടിമെതിച്ചു.'' അധികാരത്തിന്റെ ചിഹ്നങ്ങളേയും അഹന്തകളേയും ആത്മരക്ഷയ്ക്കായുള്ള പരാക്രമത്തിലൂടെ മിണ്ടാപ്രാണികള്‍ തച്ചുടക്കുമ്പോള്‍ മാനുഷികതയുടെ പ്രച്ഛന്നമായ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാകുന്നു അത്! മനുഷ്യരുടെ വിചിത്രമായ പ്രതികരണങ്ങള്‍, സ്വാര്‍ത്ഥതയുടേയും കാപട്യത്തിന്റേയും സുതാര്യമായ പ്രതിഫലനങ്ങള്‍ എന്നിവ മൃഗങ്ങളുടെ സ്വാഭാവിക ചേഷ്ടകളോടൊപ്പം സമര്‍ത്ഥമായി അവതരിപ്പിക്കപ്പെടുന്നു. മറ്റൊരു സമകാല ബിംബം ഇങ്ങനെ:

''ബാംഗ്ലൂരില്‍നിന്ന് ഈയിടെ പഠനം കഴിഞ്ഞെത്തിയേയുള്ളു സുധീര്‍. തൊട്ടയല്‍പക്കക്കാരെ അറിയില്ലെങ്കിലും നാട്ടുകാര്‍ അവനെ ഒരു പ്രായം കഴിഞ്ഞ് കണ്ടിട്ടില്ലെങ്കിലും ഫേസ്ബുക്കില്‍ സുധീറിന് അയ്യായിരം ഫ്രണ്ട്സും ആയിരക്കണക്കിന് ഫോളൊവേഴ്സുമുണ്ട്.'' ചുറ്റുപാടുകളെ തമസ്‌കരിക്കുന്ന സമകാല ജീവിതാവസ്ഥയെ മറ്റു രീതിയിലും കഥയില്‍ വിമര്‍ശിക്കുന്നുണ്ട്. വൃദ്ധനായ കഥാപാത്രത്തിന്റെ മരണം ചിത്രീകരിക്കുന്നത് ഇങ്ങനെ:

''രണ്ടെണ്ണം വീശുന്നയാളാരുന്നെങ്കില്‍ നേരത്തെ പോയേനെ.'' മാറിമാറി ശുശ്രൂഷിക്കുന്ന മക്കളിലൊരാള്‍ ആത്മഗതമായി പറയുന്നത് അദ്ദേഹം പാതിമയക്കത്തില്‍ കേട്ടു. ബോധപ്പകര്‍ച്ചയില്‍ ഇടയ്‌ക്കൊന്ന് കണ്ണു തുറന്ന് മുറ്റത്തേക്കു നോക്കിയപ്പോള്‍ തൊട്ടടുത്ത് കറുത്തിരുണ്ട ഒരു മൃഗം തന്നെ നോക്കിനില്‍ക്കുന്നത് വൈദ്യര്‍ കണ്ടു. അതിന്റെ പുറത്ത് പ്രഭാമയനായ ഒരാള്‍ തന്നെ കരുണയോടെ വീക്ഷിക്കുന്നുണ്ട്. വൈദ്യരുടെ വയ്യാത്ത ശരീരം അത്ഭുതകരമായി കിടക്കയില്‍ എഴുന്നേറ്റിരുന്നു. കൈകള്‍ കൂപ്പി നെഞ്ചോട് ചേര്‍ത്ത് തൊഴുതു. ''ഭഗവാനേ...'' ആ ദേഹി പരലോകം പ്രാപിച്ചു.

യാഥാര്‍ത്ഥ്യവും വിചിത്ര കല്‍പ്പനകളും
സംഭവഗതികളുടെ വാങ്മയചിത്രങ്ങള്‍ അസാധാരണ വൈഭവത്തോടെ രചനയില്‍ സംശ്ലേഷണം ചെയ്യുമ്പോഴാണ് കഥ വിജയിക്കുന്നത്. ചാരുതയാര്‍ന്ന ഈ വാങ്മയചിത്രങ്ങള്‍ 'ആദം' എന്ന കഥയിലും അത്യപൂര്‍വ്വമായ ആസ്വാദന വിസ്മയം സൃഷ്ടിക്കുന്നു. ചില കഥാപരിസരങ്ങള്‍ ഇങ്ങനെ:

''അവള്‍ കൗതുകത്തോടെ നോക്കിനില്‍ക്കെ ഗൗരവക്കാരനായ കുറുപ്പ് പോളി മാത്യു എന്ന ചെമ്പന്‍ മുടിക്കാരിയുമായി വാതോരാതെ ഇംഗ്ലീഷില്‍ സംസാരിക്കുകയും അടുക്കളയില്‍ ഓംലെറ്റുണ്ടാക്കാന്‍ സഹായിക്കുകയും സോഫയില്‍വെച്ച് പരാക്രമത്തോടെ ബന്ധപ്പെടുകയും ചെയ്തു.''

''ഒരു പൊലീസ് ജീപ്പിലാണ് അയാളിരുന്നത്. പിന്നില്‍ രണ്ട് എസ്.ഐമാര്‍ ആദരവോടെയിരുന്നു. അതിനു പിന്നില്‍ ജീപ്പിന്റെ പിന്‍ഭാഗത്തെ പടികളില്‍ ചവിട്ടി നിക്കര്‍ധാരികളായ രണ്ട് പൊലീസുകാര്‍ തൂങ്ങിനിന്നു. അതിലൊരാളുടെ നോട്ടമേറ്റ മുറുക്കാന്‍കടക്കാരന്‍ നിമിഷാര്‍ധത്തില്‍ത്തന്നെ തട്ടുപലകകള്‍ താഴ്ത്തിയടച്ചശേഷം കടയ്ക്കു പിന്നില്‍ ഇരുട്ടുണ്ടാക്കി അങ്ങോട്ടു മറഞ്ഞു.''   പൊലീസിനോടുള്ള പൊതുജനത്തിന്റെ എക്കാലത്തേയും ഭീതി ഇവിടെ സമര്‍ത്ഥമായി പ്രതിഫലിക്കുന്നു.

പുറംലോകം കാണാതെ വീടിന്റെ മതില്‍ക്കെട്ടിനകത്ത് അടച്ചിടാന്‍ വിധിക്കപ്പെട്ട ജോര്‍ദ്ദാന്‍ എന്ന വളര്‍ത്തുനായയുടെ രക്ഷപ്പെടല്‍ ചിത്രീകരിക്കുന്നത് ഇപ്രകാരം:    ''ജോര്‍ദ്ദാന്‍ മല ഓടിക്കയറി. തന്റെ ജീവിതത്തിലെ മനുഷ്യരെ തിരിഞ്ഞുനോക്കി ഒരു നിമിഷം നിന്നു. നന്ദിസൂചകമായി ഒന്നു കുരച്ചശേഷം മറുവശത്തേക്ക് ഓടിയിറങ്ങി അപ്രത്യക്ഷനായി.'' മേലുദ്ധരിച്ച വാങ്മയചിത്രങ്ങള്‍ കഥാസന്ദര്‍ഭങ്ങളുമായി പൊരുത്തപ്പെട്ട് അസാധാരണമായ ആസ്വാദനക്ഷമതയാണ് സൃഷ്ടിക്കുന്നത്.    

മനുഷ്യര്‍ക്കിടയിലെന്നപോലെ ഒരു തള്ളയ്ക്കു പിറന്നെങ്കിലും പലര്‍ക്കും പല ജീവിതവിധികളുള്ളതുപോലെ ഉന്നതകുലജാതയായ ബെന്‍ജിയന്‍ മാലിനോയിസ് എന്ന അപൂര്‍വ്വയിനം പട്ടിയുടെ നാലു സന്തതികള്‍ വിഭിന്നങ്ങളായ ജീവിതവിധികളിലൂടെ കടന്നുപോകുന്നതാണ് കഥയുടെ പ്രമേയം. ഏറ്റവും മൂത്തവനായ ആദം ജിവിതത്തില്‍ നരകിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ഇളയവനായ വിക്ടര്‍ പൊലീസ് നായയായി രാജകീയ ജീവിതം നയിക്കുന്നു. മനുഷ്യരുടെ ജീവിതത്തോട് സദൃശപ്പെടുത്തി സഹോദരരായ നാല് നായകളുടെ ജീവിതത്തെ മനുഷ്യജീവിതത്തെക്കാള്‍ സൂക്ഷ്മമായി സ്വാഭാവിക കഥനം ചെയ്യുന്നു. വളരെ മികച്ച ആഖ്യാന രീതിയാണ് കഥാകൃത്ത് അവലംബിക്കുന്നത്. 

'നിര്യാതരായി' എന്ന കഥ എന്തുകൊണ്ടും ലക്ഷണമൊത്ത രചനയാണ്. കാര്യകാരണങ്ങളെയും സംഭവങ്ങളേയും വികാരവിചാരങ്ങളേയും അസാധാരണമായ ശില്‍പ്പവൈദഗ്ദ്ധ്യം ഉപയോഗിച്ച് പരസ്പരം സമന്വയിപ്പിക്കുവാനുള്ള പാടവം ഈ കഥയിലുണ്ട്. വായിക്കുകയാണെന്ന തോന്നല്‍ ഒരുതരത്തിലും വായനക്കാരെ അലട്ടുന്നില്ല. ഇത്തരത്തിലുള്ള ഒരു സംവേദനക്ഷമതയാണ് വര്‍ത്തമാനകഥയില്‍ വേണ്ടത്. ഇക്കാര്യത്തില്‍ ഹരീഷിനെ അതിശയിക്കുന്ന നവകഥാകൃത്തുക്കള്‍ വിരളമാണ്.

മൃഗങ്ങളും മനുഷ്യരും മറ്റെല്ലാ ജീവികളും മരിക്കുന്നു അഥവാ കൊല്ലപ്പെടുന്നു. പക്ഷേ, ചില മരണങ്ങളെ/കൊലകളെ നാം നിസ്സാരവല്‍ക്കരിക്കുന്നു. മറ്റു ചില വേര്‍പാടുകളില്‍ ദുഃഖിക്കുന്നു. മനുഷ്യന്റെ സ്വാര്‍ത്ഥതയുമായി ബന്ധപ്പെട്ട സ്വഭാവവൈരുധ്യമാണിത്. മനുഷ്യന് അലോസരമുണ്ടാക്കുന്ന നായ്ക്കുട്ടികളെ ജീവനോടെ കുഴിച്ചുമുടുന്നു. ആമയെ തിളച്ചവെള്ളത്തിലിട്ട് പീഡിപ്പിച്ചുകൊന്ന് ചികിത്സയുടെ ഭാഗമായി പാകം ചെയ്തു കഴിക്കുന്നു. എന്നാല്‍ മനുഷ്യന് ഉപകാരമുള്ള പശുവിന്റെ മരണത്തില്‍ വ്യസനിക്കുന്നു. ഇതൊക്കെയാണെങ്കിലും മനുഷ്യന്റെ മരണം എത്ര നിസ്സാരമാണെന്ന് സമര്‍ത്ഥമായി സൂചകങ്ങളിലൂടെ കഥാകൃത്ത് ബോധ്യപ്പെടുത്തിത്തരുന്നു. കഥയില്‍ മരിച്ചവരുടെ ചിത്രം ഉപയോഗിച്ചുകൊണ്ടുള്ള ചീട്ടുകളി ഇത്തരമൊരു സൂചകമാണ്.

കഥാപാത്രങ്ങളുടെ ആസക്തികളും വികാരവിചാരങ്ങളും സമര്‍ത്ഥമായി ഒപ്പിയെടുക്കുന്ന ചാരുതയാര്‍ന്ന ഭാഷ ആദരണീയമാണ്. മരണത്തെ കാത്തുകഴിയുന്ന പീറ്റര്‍സാര്‍ എന്ന വയസ്സന്‍ കഥാപാത്രം. അദ്ദേഹത്തിന്റെ വീരശൂര കഥകള്‍. ഒക്കെയും ജീവിതത്തിന്റെ വസന്തകാലത്തു സംഭവിച്ചത്. ഒടുവില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ സുഹൃത്തുക്കളും ഭാര്യയും ഒത്തുചേര്‍ന്ന് പീറ്റര്‍ സാറിനെ മരണം പുല്‍കാന്‍ സഹായിക്കുന്നു. നിസ്സാരനായ മനുഷ്യനെ അവന്റെ അനുമതിക്ക് കാത്തുനില്‍ക്കാതെ മരണം വിളിച്ചുകൊണ്ട് പോകുന്നു. എന്നിട്ടും ആസക്തികള്‍ ബാക്കിയാകുന്നു എന്ന സൂചനയും കഥാന്ത്യത്തിലുണ്ട്. വായിച്ചു തീര്‍ന്നാലും അവസാനിച്ചുവെന്ന് തോന്നാത്ത കഥനരീതി. യാഥാര്‍ത്ഥ്യവും വിചിത്രകല്‍പ്പനയും ഇഴചേര്‍ത്തുകൊണ്ടുള്ള ആഖ്യാനരീതിയും കഥയെ വിജയിപ്പിച്ചിരിക്കുന്നു. 

പദനിര്‍മ്മിതിയുടെ അസാമാന്യമായ ചാരുതയാല്‍ മികച്ചുനില്‍ക്കുന്ന കഥയാണ് 'കാവ്യമേള.' ''നൂറ്റാണ്ടുകളുടെ മണ്ണടിയുന്ന ശില്‍പ്പംപോലെ പതുക്കെ സൂര്‍ദാസ് അവളുടെ മടിയിലേക്ക് തല ചായ്ചു കിടന്നു... ഒന്നോ രണ്ടോ വര്‍ഷമോ ഒരു ജീവിതകാലമോ അവനവിടെ കിടന്ന് ആണ്ടുകളെടുത്ത് അവളുടെ മണം ശ്വസിച്ചു. മരണാനന്തരം അവളുടെ ഇളവയറിന്റെ ചൂടിലേക്ക് കവിള്‍ ചേര്‍ത്തു. ആയുസ്സു മുഴുവനുമെടുത്ത്  ഒരു കഥയിലെ ഒരു വരിമാത്രം സൂര്‍ദാസ് പിന്നെയും പിന്നെയും എഴുതി.'' ഇത്തരത്തില്‍ സൗന്ദര്യാത്മകമായി  കമിതാക്കളുടെ രഹസ്യസമാഗമത്തെ നവകഥയില്‍ മറ്റാരും ആവിഷ്‌കരിച്ചിട്ടുള്ളതായി തോന്നുന്നില്ല.
കുലീനമായ രീതിയിലാണ് 'മീശ'യിലും ലൈംഗിക പരാമര്‍ശം കടന്നുവരുന്നത്. രതിയെ വള്‍ഗറായി കൈകാര്യം ചെയ്യുന്ന ഉത്തരാധുനികരായ ചിലരുടെ രീതി ഹരീഷിനു സ്വായത്തമല്ല.

മനുഷ്യര്‍ക്കിടയില്‍ അന്ധമായി വളര്‍ന്നുകയറുന്ന ശത്രുതയുടെ അര്‍ത്ഥരഹിതമായ അവസ്ഥാന്തരങ്ങളെ നര്‍മ്മമധുരമായി വിചാരണ ചെയ്യുന്ന കഥയാണ് 'രാത്രികാവല്‍.' കഥാപാത്രങ്ങളുടെ സ്വഭാവസ്ഫുടീകരണത്തിന് അനുഗുണമായ കഥാസന്ദര്‍ഭങ്ങളും മൗലികമായ വാചികനിര്‍മ്മിതികളുമാണ് കഥയുടെ വിജയരഹസ്യം. മനുഷ്യരുടെ ചിരപരിചിതമായ മനോവൈകല്യങ്ങളെ ഹരീഷിന്റെ കഥാപാത്രങ്ങള്‍ സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്നു. 

ജീവിതത്തിനും മരണത്തിനുമിടയിലെ അപരിചിതമായ ആത്മമണ്ഡലത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കഥയാണ് 'ഒറ്റ.' പറയാതെ പറയുന്ന കാവ്യാത്മകമായ ഒരു ഫാന്റസി ഇക്കഥയില്‍ വിടര്‍ന്നുവരുന്നു. ഇരുട്ടിലൂടെ അനന്തമായി അലയുന്ന കഥാപാത്രം. അയാള്‍ ജീവിച്ചിരിക്കുന്നുവോ മരിച്ചുവോ എന്ന് വായനക്കാര്‍ സംശയിക്കാന്‍ തുടങ്ങുമ്പോള്‍ കഥ അവസാനിക്കുന്നത് ഇങ്ങനെ: ''മറ്റുള്ള സ്ഥലങ്ങളിലെല്ലാം പലതവണ നേരം പുലര്‍ന്നിട്ടുണ്ടെങ്കിലോ? ഇവിടെ മാത്രം ഇനി പകല്‍ വരാത്തതാണെങ്കിലോ? ഭാര്യയും മക്കളും അയാളെ ഓര്‍ത്തുള്ള കരച്ചില്‍ നിര്‍ത്തിയിട്ട് കാലങ്ങളായെങ്കിലോ?''

പുതിയ കാലത്തിന്റെ സമീപനങ്ങളെ, പ്രത്യേകിച്ച് യുവത്വത്തിന്റെ കാഴ്ചപ്പാടുകളെ ഉത്തരാധുനികമായ അവബോധത്തോടെയാണ് 'മാന്ത്രികവാല്‍' എന്ന കഥയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ദുരൂഹതയുടേയും ഐറണിയുടേയും ശാഠ്യങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കപ്പെടുന്നു. ഇവയൊന്നുമില്ലാതെ പ്രത്യക്ഷ കഥനത്തിന്റെ ഉത്തരാധുനികഭാഷ നിര്‍മ്മിക്കാനാകുമെന്ന് കഥാകൃത്ത് തെളിയിക്കുന്നു. 

കഥയുടെ സമകാല പരിസരത്തെ നവീകരിച്ച് ഉത്തരാധുനികാനന്തരതയുടെ പ്രതീക്ഷനിര്‍ഭരമായ ഭാവുകത്വത്തിലേക്ക് ആസ്വാദകരെ നയിക്കാനുള്ള കരുത്ത് ഹരീഷിന്റെ കഥകള്‍ക്കുണ്ട്. ആ പരിശ്രമത്തെ  പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കറുത്ത  മനസ്സുകളെ ഒറ്റപ്പെടുത്തേണ്ടത് എഴുത്തിനെ പ്രണയിക്കുന്നവരുടെ ചുമതലയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com