ബോധിയിലുണര്‍ന്ന ജ്ഞാനോദയങ്ങള്‍

വേലൂര്‍ എന്ന ചെറുഗ്രാമത്തിന്റെ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ബോധിയേയും ശേഖരന്‍ മാഷേയും കുറിച്ച്
ബോധിയിലുണര്‍ന്ന ജ്ഞാനോദയങ്ങള്‍

രു കാലത്ത് കേരളത്തിലെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ വായനശാലകളായിരുന്നു. അവയുടെ പ്രതാപകാലത്തിന്റെ ഒരു ഘട്ടം കഴിയുമ്പോഴാണ് നാടെങ്ങും പാരലല്‍ കോളേജുകള്‍ മുളച്ചുപൊന്തിയത്. കലാലയ വിദ്യാഭ്യാസം ഏറെക്കുറെ പൂര്‍ത്തിയാക്കിയ, ഒരേസമയം അമര്‍ഷവും പ്രതീക്ഷയും ഉള്ളിലൊതുക്കി പുറത്തുവന്നവരായിരുന്നു പ്രധാനമായും നാടെങ്ങും പാരലല്‍ കോളേജുകള്‍ സ്ഥാപിച്ചത്. പഠിപ്പു കഴിഞ്ഞാല്‍ വലിയൊരു വിഭാഗം ബോംബെയിലേക്കും അതുവഴി ഗള്‍ഫിലേക്കും പോയിരുന്ന കാലമായിരുന്നു അത്. മറ്റൊരു വിഭാഗം ടെസ്റ്റുകളെഴുതി, മറ്റൊന്നിനും ശ്രമിക്കാതെ സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുകയായിരുന്നു. ഇന്നത്തെപ്പോലെ സ്വയം എന്തെങ്കിലും സംരംഭങ്ങള്‍ ആരംഭിക്കുന്ന ശീലം അന്നില്ലായിരുന്നു. ആഗ്രഹമുണ്ടെങ്കില്‍ ഇന്നത്തെപ്പോലെ ലോണുകള്‍ക്കു സാധ്യത കുറവായിരുന്നു. കാര്‍ഷികമേഖലയുടെ തകര്‍ച്ച ഏറെക്കുറെ ആരംഭിച്ചിരുന്നതിനാല്‍ ആ രംഗത്തേക്കും കാര്യമായി ആരും പോയിരുന്നില്ല.

നോവലുകള്‍, കവിതകള്‍, ചെറുകഥകള്‍, നാടകങ്ങള്‍, സിനിമകള്‍, ശില്‍പ്പങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങി കലാ-സാംസ്‌കാരിക-സാഹിത്യമേഖലകള്‍ തിളച്ചുമറിഞ്ഞിരുന്ന കാലം. പഴയ പ്രചരണസാഹിത്യവും ഗൃഹാതുരത്വവും പുതിയ കാല ആവിഷ്‌കാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കാന്‍ ആരംഭിച്ചിരുന്നു. മുകുന്ദനും വിജയനും കാക്കനാടനും ആനന്ദും മാധവിക്കുട്ടിയും സക്കറിയയുമൊക്കെ വലിയ തോതില്‍ വായിക്കപ്പെട്ടു തുടങ്ങി. മറുവശത്ത് കെ.ജി.എസും സച്ചിദാനന്ദനും ആറ്റൂരും എം. സുകുമാരനും യു.പി. ജയരാജും സി.ആര്‍. പരമേശ്വരനും. നാടക- സിനിമാ രംഗത്തും ഗുണപരമായ മാറ്റങ്ങള്‍ ശക്തമായി. ജോണ്‍ എബ്രഹാമിനു നാടെങ്ങും ആരാധകര്‍. പി.എം. താജിനെപ്പോലുള്ള ചെറുപ്പക്കാര്‍ നാടകമേഖലയില്‍. കലാമേഖലയില്‍ റാഡിക്കല്‍ പെയ്ന്റേഴ്സ് സൃഷ്ടിച്ച വിപ്ലവം. മറുവശത്ത് ഇന്ത്യന്‍ ചക്രവാളത്തില്‍ മുഴങ്ങിയ വസന്തത്തിന്റെ ഇടിമുഴക്കത്തിന്റെ അലയൊലികള്‍. വര്‍ഗീസിന്റെ നേതൃത്വത്തിലെ ആദ്യ തലമുറക്കുശേഷം കെ. വേണുവിന്റേയും കെ.എന്‍. രാമചന്ദ്രന്റേയും നേതൃത്വത്തില്‍ നക്‌സലൈറ്റുകളുടെ രണ്ടാംതലമുറ രംഗത്ത്. ഇവയെല്ലാം ചേര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക മേഖലയെ ഇളക്കിമറിക്കുന്ന കാലത്തായിരുന്നു അവയോടെല്ലാം ഐക്യപ്പെട്ട ഒരു തലമുറയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെമ്പാടും സമാന്തര പഠനകേന്ദ്രങ്ങള്‍ പൊട്ടിമുളക്കുന്നത്. ഈ പാരലല്‍ കലാലയങ്ങള്‍ കേവലം ട്യൂഷന്‍ ക്ലാസ്സുകളായിരുന്നില്ല. മറിച്ച്, നാട്ടിലെ സമാന്തരമായ സാമൂഹ്യ - സാംസ്‌കാരിക - രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. ഇവിടങ്ങളിലെ താടിവെച്ച അധ്യാപകര്‍ കേവലം സിലബസ് പഠിപ്പിക്കുകയായിരുന്നില്ല. കാലം മുന്നോട്ടുവെച്ച പുതിയ സ്വപ്നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.

ബോധിയിലെ ഒരു പഴയകാലം
ബോധിയിലെ ഒരു പഴയകാലം

ബോധിയുടെ പിറവി
തൃശൂര്‍ ജില്ലയിലെ വേലൂര്‍ എന്ന ഗ്രാമത്തിലെ 35 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ബോധി ഇത്തരത്തിലുള്ള സമാന്തര സാംസ്‌കാരിക കേന്ദ്രമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം സംസ്ഥാനത്തുടനീളം സജീവമായ ജനകീയ സാംസ്‌കാരിക വേദി പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ചലനങ്ങളുടെ സൃഷ്ടിയായിരുന്നു ബോധി. 1979-ലാണ് ശേഖരന്‍ മാസ്റ്റര്‍ ബോധി ആരംഭിക്കുന്നത്. കേരളത്തിലെ മിക്കവാറും പാരലല്‍ കോളേജുകളിലെ അധ്യാപകര്‍ പൊതുവില്‍ ഡിഗ്രി പാസ്സായവരായിരുന്നു എങ്കില്‍ ശേഖരന്‍ പ്രീഡിഗ്രി (ഇന്നത്തെ പ്ലസ് ടു) വരെയേ പഠിച്ചിരുന്നുള്ളു. എന്നാല്‍, യഥാര്‍ത്ഥ അധ്യാപനം ഒരു കലയാണെന്നും സാമാന്യമായ അറിവും വാക് ചാതുരിയുമാണ് അതിനു പ്രാഥമികമായും വേണ്ടതെന്നും അറിയാമായിരുന്ന മാഷ്‌ക്ക് ഈ മേഖലയിലേക്ക് ചാടിയിറങ്ങാന്‍ ഒരു ഭയവുമുണ്ടായിരുന്നില്ല. അതിനു മുന്‍പേ അടിയന്തരാവസ്ഥയില്‍ ജയിലിലടക്കപ്പെട്ട മാഷ് തന്റെ ജീവിതത്തിന്റെ ദിശ അപ്പോഴേ തീരുമാനിച്ചിരുന്നു.

വാസ്തവത്തില്‍ ശേഖരന്‍ മാഷ് പ്രീഡിഗ്രി പാസ്സായിട്ടില്ല. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സമരമെടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുകയായിരുന്നു. എന്നാല്‍, കാരണം പറഞ്ഞത് ഫീസ് കൊടുക്കാന്‍ വൈകിയെന്നായിരുന്നു. പിന്നെ മാഷ്‌ക്ക് വാശിയായി. കോളേജില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍പോലും വാങ്ങിയില്ല. പിന്നീട് പ്രിന്‍സിപ്പല്‍ തന്നെ ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോകാന്‍ അപേക്ഷിച്ചെങ്കിലും പോയില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ ജീവിച്ചു കാണിക്കാമെന്ന് പ്രിന്‍സിപ്പാളെ വെല്ലുവിളിക്കുകയായിരുന്നു. പിന്നീടൊരിക്കല്‍ അവിടെ കഥയരങ്ങില്‍ കഥ വായിക്കാന്‍ ചെന്നപ്പോളും പ്രിന്‍സിപ്പല്‍ ഏറെ നിര്‍ബന്ധിച്ചു. എന്നാല്‍, വാശി കൈവിട്ടില്ല. ഇപ്പോഴും മാഷുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ ഏതെങ്കിലും അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നുണ്ടാകും. 

കെ.ജി. ശങ്കരപ്പിള്ളയുടെ രണ്ടുവരി കവിത മാഷ് കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാറുണ്ട്. ''ഒരു കഷണ്ടിക്കാരന്‍ മറ്റൊരു കഷണ്ടിക്കാരനോട് സംസാരിക്കുമ്പോള്‍ ഒന്നും മറച്ചുവെക്കേണ്ടതില്ല എന്നാണത്. നിങ്ങള്‍ പാരലല്‍ കോളേജില്‍ എത്തിയത് പരീക്ഷയ്ക്ക് അല്‍പ്പം മാര്‍ക്ക് കുറഞ്ഞതുകൊണ്ടാണ്. ഞങ്ങള്‍ അധ്യാപകര്‍ ഇവിടെയെത്താനും കാരണം ചില കുറവുകള്‍തന്നെ. അതിനാല്‍ നമുക്കൊന്നും മറച്ചുവെക്കാനില്ല.''

ശേഖരന്‍ മാസ്റ്ററും ഭാര്യയും
ശേഖരന്‍ മാസ്റ്ററും ഭാര്യയും

മാഷുടെ അച്ഛന്‍ ചെത്തുതൊഴിലാളിയായിരുന്നു. മാഷ് ട്യൂഷന്‍ മേഖലയിലേക്കു തിരിഞ്ഞതോടെ കുലത്തൊഴില്‍ അന്യം വന്നു. താന്‍ ചെത്തുതൊഴില്‍ തുടരാമെന്നു പറഞ്ഞുനോക്കിയെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല. അങ്ങനെയാണ് അധ്യാപനമെന്ന അവസാന തീരുമാനം എടുക്കുന്നത്. കുന്ദംകുളത്തായിരുന്നു ആദ്യം ട്യൂഷന്‍ സെന്റര്‍ തുടങ്ങിയത്. അടുത്ത വര്‍ഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒപ്പം അവിടെ ക്ലാസ്സെടുത്തിരുന്ന ക്രിസ്ത്യാനിയായ വത്സല ടീച്ചറും ഉണ്ടായിരുന്നു. മിക്ക പാരലല്‍ കോളേജുകളിലും പതിവുള്ളപോലെ പ്രണയം. നാട്ടില്‍ ട്യൂഷന്‍ സെന്റര്‍ തുടങ്ങുമ്പോള്‍ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ബിരുദം പോലുമില്ല. നക്‌സലെന്ന ലേബലുണ്ട്. അടിയന്തരാവസ്ഥയില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. നസ്രാണിപ്പെണ്ണുമായി ജീവിക്കുന്നു. തൊട്ടടുത്ത് മാഷുടെ അധ്യാപകന്‍ കൂടിയായ പട്ടരു മാഷ് ക്ലാസ്സ് നടത്തുന്നു. നല്ലതായി ഒന്നും പറയാനില്ലാത്ത മാഷുടെയടുത്തേക്ക് ആരാണ് കുട്ടികളെ വിടുക എന്നായിരുന്നു അഭ്യുദയകാംക്ഷികളുടെ ചോദ്യം. എന്നാല്‍, ആദ്യവര്‍ഷത്തെ റിസള്‍ട്ടോടുകൂടി കാര്യങ്ങള്‍ മാറിമറിഞ്ഞു. 1979-1980ലാണ് ബോധിയില്‍ ആദ്യ എസ്.എസ്.എല്‍.സി തോറ്റവര്‍ക്കുള്ള ബാച്ച് ആരംഭിച്ചത്. എസ്.എസ്.എല്‍.സി തോറ്റവര്‍ക്കുള്ള ബാച്ചായിരുന്നു അക്കാലത്തെ പാരലല്‍ കോളേജുകളുടെ നിലനില്‍പ്പിന്റെ പ്രധാന അടിസ്ഥാനം. അന്ന് എസ്.എസ്.എല്‍.സിക്ക് സംസ്ഥാനതലത്തിലെ വിജയശതമാനം 32-33 ആയിരുന്നു. വേലൂര്‍ സ്‌കൂളിലേത് 19-ഉം. എന്നാല്‍, ബോധിയില്‍നിന്നു പരീക്ഷയെഴുതിയ 50-ല്‍പ്പരം പേരില്‍ തോറ്റത് നാല് പേര്‍ മാത്രം. ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ്സ് കിട്ടി. അതോടെ ബോധിയിലേക്ക് കുട്ടികളുടെ ഒഴുക്കായി. അടുത്ത വര്‍ഷം 100-ല്‍പ്പരം പേര്‍ പരീക്ഷയെഴുതി. ആ വര്‍ഷവും ഫസ്റ്റ് ക്ലാസ്സുകാര്‍ ഉണ്ടായിരുന്നു. പിന്നീട് കുട്ടികളെ ചേര്‍ക്കാന്‍ 'എന്‍ട്രന്‍സ്' പരീക്ഷ തന്നെ നടത്തേണ്ടിവന്നു. 

മറ്റു സ്ഥാപനങ്ങള്‍ സെപ്തംബര്‍ പരീക്ഷയ്ക്കു കുട്ടികളെ ഇരുത്തുമ്പോള്‍ അതൊഴിവാക്കി അടുത്ത മാര്‍ച്ചില്‍ എഴുതുന്നവര്‍ക്കു വേണ്ടിയായിരുന്നു ബോധിയിലെ കോഴ്സ്. ഒരു വര്‍ഷം കൊണ്ട് കുട്ടികളെ മികച്ച നിലവാരത്തിലെത്തിക്കുകയായിരുന്നു  ലക്ഷ്യം. വളരെ പെട്ടെന്നുതന്നെ അതിന്റെ ഗുണഫലം നാട്ടുകാര്‍ തിരിച്ചറിഞ്ഞു. ക്രമേണ വേലൂര്‍ സ്‌കൂളിലെ സെപ്തംബര്‍ ബാച്ച് പരീക്ഷയ്ക്ക് കുട്ടികളില്ലാതായി എന്നതാണ് തമാശ. പതുക്കെപ്പതുക്കെ ആ പ്രവണത കേരളം മുഴുവന്‍ പരന്നു. അവസാനം സെപ്തംബര്‍ പരീക്ഷ തന്നെ സര്‍ക്കാര്‍ അവസാനിപ്പിച്ചു. മാഷും ഭാര്യയും തന്നെയായിരുന്നു മിക്കവാറും വിഷയങ്ങള്‍ക്ക് ക്ലാസ്സെടുത്തിരുന്നത്. ഹിന്ദിയും മലയാളവും സംസ്‌കൃതവും ഒഴികെ. ബോധിയിലെ ലൈബ്രറിയാകട്ടെ, ഏതു സ്‌കൂള്‍ ലൈബ്രറിയോടും കിടപിടിക്കുന്നതായിരുന്നു.

സ്വാഭാവികമായും ബോധി ഒരു സാദാ ട്യൂഷന്‍ സെന്ററായിരുന്നില്ല. മൂന്നര പതിറ്റാണ്ടുകാലം വേലൂരിന്റെ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ-കലാചരിത്രം ബോധിയുമായി ഇഴപിരിഞ്ഞാണ് കിടക്കുന്നത്. വി.കെ. ശ്രീരാമന്‍ സംവിധാനം ചെയ്യുന്ന കൈരളി ചാനലിലെ വേറിട്ട ജീവിതങ്ങള്‍ പരിപാടിയില്‍ അര്‍ണോസ് പാതിരിക്കുശേഷം വേലൂരിന്റെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ചത് ബോധിയാണെന്നാണ് വിശേഷിപ്പിക്കുന്നത്. തീര്‍ച്ചയായും കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.എസ്.എന്‍ നമ്പീശനും നക്‌സലൈറ്റ് ഭരതനുമൊക്കെ ഈ ചരിത്രത്തിന്റെ മുന്‍ഗാമികളാണ്. രാഷ്ട്രീയം, കല, സാഹിത്യം, സംസ്‌കാരം തുടങ്ങി വേലൂരിനെക്കുറിച്ച് എന്തു പറഞ്ഞാലും ബോധി കടന്നുവരും. നടന്മാരായ ശിവജി, ഇര്‍ഷാദ്, പിന്നണി ഗായിക പുഷ്പാവതി തുടങ്ങിയവര്‍ ബോധിയുടെ ഉല്‍പ്പന്നങ്ങളാണ്. പാഠ്യവിഷയങ്ങള്‍ക്കപ്പുറവും ഒരു ലോകമുണ്ടെന്നു തങ്ങളെ ബോധ്യപ്പെടുത്തിയത് മാഷായിരുന്നു എന്ന് ബോധിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളെല്ലാം പറയും. തോറ്റ കുട്ടികളുടെ ഒരു ചന്തയായി തീരട്ടെ താങ്കളുടെ ട്യൂട്ടോറിയല്‍ എന്നായിരുന്നു സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ ബോധിയെ ആശംസിച്ചത്. 

തീര്‍ച്ചയായും ശേഖരന്‍ മാഷ്‌ക്ക് രാഷ്ട്രീയമുണ്ടായിരുന്നു. മാഷ് നക്‌സലൈറ്റ് തന്നെയായിരുന്നു. സി.പി.ഐ എം.എല്‍.റെഡ് ഫ്‌ലാഗിന്റേയും അവരുടെ യുവജനവിഭാഗമായ യുവജനവേദിയുടേയും സാംസ്‌കാരിക വിഭാഗമായ ജനകീയ കലാസാഹിത്യവേദിയുടേയും സജീവ പ്രവര്‍ത്തകനുമായിരുന്നു. എന്നാല്‍, വേലൂരിലെ പൊതുപ്രവര്‍ത്തനങ്ങളിലൊന്നും മാഷ് രാഷ്ട്രീയം കലര്‍ത്തിയിരുന്നില്ല. 

ബോധിയിലെ വായനശാല
ബോധിയിലെ വായനശാല

വേലൂര്‍ ഇന്ന് നാടകപ്രവര്‍ത്തകരുടെ ഒരു പ്രധാന കേന്ദ്രമാണ്. ആ വളര്‍ച്ചയില്‍ മാഷുടേയും ബോധിയുടേയും പങ്ക് വളരെ വലുതാണ്. മാഷ് രചിച്ച നഗ്‌നശില്‍പ്പം എന്ന നാടകം 1971-ല്‍ സംഗീതനാടക അക്കാദമിയുടെ രചനയ്ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. അതാകട്ടെ, ബോധിയൊക്കെ ആരംഭിക്കുന്നതിനു മുന്‍പ്. ആ നാടകം നാട്ടില്‍ അവതരിപ്പിച്ചപ്പോള്‍ വേലൂര്‍ ഹൈസ്‌കൂളിനു മുന്നില്‍ സ്റ്റേഷനറി കട നടത്തിയിരുന്ന മാണി എന്നയാള്‍ അണിയിച്ച മാലയാണ് തനിക്കാദ്യം കിട്ടിയതും ഏറ്റവും വിലപിടിച്ചതുമായ പുരസ്‌കാരമെന്നും ശേഖരന്‍ മാഷ് പറയുന്നു. 21-ാം വയസ്സില്‍ ജില്ലാതലത്തില്‍ ഏഴു പുരസ്‌കാരങ്ങള്‍ നേടി. കൂടാതെ ആ വര്‍ഷം തന്നെ അമേച്വര്‍ നാടകരചനയ്ക്കുള്ള സംഗീതനാടക അക്കാദമി പുരസ്‌കാരവും ലഭിച്ചു. 1978-ല്‍ ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ സമ്മേളനത്തില്‍ മാഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച കള്ളക്കോലങ്ങള്‍ എന്ന തെരുവുനാടകം അവതരിപ്പിച്ചു. തൃശൂര്‍ ജില്ലയില്‍ അവതരിപ്പിക്കപ്പെട്ട ആദ്യ തെരുവുനാടകമായിരുന്നു അത്. 1980-ല്‍ ബോധിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അവതാരം എന്ന നാടകം അവതരിപ്പിച്ചു. തേവരുടെ ആന, സോക്രട്ടീസ്, ദശാസന്ധി, കുടകള്‍, കുരുതി, ഇബ്സന്റെ ഭൂതം എന്നിങ്ങനെ നാടകങ്ങളുടെ പട്ടിക നീളുന്നു. വാസന്‍ പുത്തൂരും ജോയ് മാത്യുവും ജോസ് ചിറമ്മലുമൊക്കെ നാടകങ്ങളും കളരികളുമായി വേലൂരിലെത്തി. വാസന്‍ പുത്തൂരിന്റെ കബന്ധങ്ങള്‍ ആദ്യ അസംബന്ധ നാടകമായിരുന്നു. ഇതിനൊക്കെ പുറമെ പ്രൊഫഷണല്‍ നാടകരംഗത്തും മാഷ് കൈവെച്ചു. നെല്ലിക്കോട് ഭാസ്‌കരനായിരുന്നു മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. 

കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം
നാടകം മാത്രമല്ല, മറ്റു കലാ-സാഹിത്യരൂപങ്ങളും ബോധിയുടെ ഭാഗമായിരുന്നു. കവിയരങ്ങ്, ചിത്ര-ശില്‍പ്പ പ്രദര്‍ശനങ്ങള്‍, കഥകളി എന്നിങ്ങനെ പട്ടിക നീളുന്നു. കലാമണ്ഡലം ഗോപിയാശാന്‍ തന്നെയായിരുന്നു കഥകളി അവതരിപ്പിച്ചത്. പാടിയത് ഹൈദരാലിയും. കടമ്മനിട്ടയും ആറ്റൂരും സച്ചിദാനന്ദനും കുഞ്ഞുണ്ണിമാഷുമടക്കമുള്ളവര്‍ തങ്ങളുടെ കവിതകളുമായി ബോധിയിലെത്തി. രാജന്‍, കൃഷ്ണന്‍ തുടങ്ങിയ ചിത്രകാരന്മാരും ശില്‍പ്പികളും. കലാമണ്ഡലം മേജര്‍ സെറ്റിന്റെ കൂടിയാട്ടവും ഏറെ ശ്രദ്ധേയമായിരുന്നു. വേലൂരിലെ ചിത്രകാരനായിരുന്ന അന്തരിച്ച സി.ടി. സൈമണ്‍ എന്ന ചിത്രകാരന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് വേലൂര്‍ ഹൈസ്‌കൂളില്‍ നടന്ന ചിത്ര-ശില്‍പ്പ ക്യാമ്പില്‍ തൃശൂരിലേയും കേരളത്തിലേയും മാത്രമല്ല, അഖിലേന്ത്യാ തലത്തിലുള്ള കലാകാരന്മാര്‍ തന്നെ പങ്കെടുത്തു. ടി.വി. സന്തോഷ്, ബാലകൃഷ്ണന്‍ മാസ്റ്റര്‍, ശശി മാസ്റ്റര്‍, ശേഖര്‍ അയ്യന്തോള്‍, ഗായത്രി, കെ.കെ. മുഹമ്മദ്, യയാതി എന്ന പ്രശസ്തമായ നോവല്‍ കാന്‍വാസില്‍ പകര്‍ത്തി പ്രശസ്തനായിരുന്ന വേലൂരിന്റെ സ്വന്തം ചിത്രകാരന്‍ കെ.കെ. സുരേഷ്, വേലൂരിലെ റെയ്നോള്‍ഡ് തുടങ്ങിയവര്‍ ക്യാമ്പില്‍ പങ്കെടുത്തു. ജില്ലയിലെ പൊതു ആദ്യത്തെ ചിത്ര-ശില്‍പ്പ പ്രദര്‍ശനവും അതായിരുന്നു. തുടര്‍ന്നും പലവട്ടം ചിത്ര - ശില്‍പ്പകലാ ക്യാമ്പുകള്‍ക്ക് വേലൂര്‍ വേദിയായി. അതിന്റെയെല്ലാം തുടര്‍ച്ചയായി നിരവധി കലാകാരന്മാര്‍ വേലൂരില്‍ നിന്നുയര്‍ന്നുവന്നു. 

നാടകത്തോടൊപ്പം സിനിമാപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി ബോധി മാറി. മാഷുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട സുചിത്ര ഫിലിം സൊസൈറ്റിയിലൂടെ മലയാളത്തിലെ മികച്ച സിനിമകള്‍ മാത്രമല്ല, ലോക ക്ലാസ്സിക്കുകളും വേലൂര്‍ നിവാസികള്‍ കണ്ടു. അതോടൊപ്പം തന്നെയായിരുന്നു യുവവേദി എന്ന യുവജനക്കൂട്ടായ്മയുടെ രൂപീകരണം. യുവവേദിയുടെ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു മുഖ്യധാരയില്‍നിന്നു മാറിയ രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനത്തിനും വേലൂര്‍ വേദിയായത്. ജോണ്‍ എബ്രഹാമിന്റേയും ആനന്ദ് പട്വര്‍ദ്ധനന്റേയുമൊക്കെ സിനിമകള്‍ വേലൂര്‍ക്കാര്‍ കണ്ടത് യുവവേദിയിലൂടെയായിരുന്നു. യുവവേദി പിന്നീട് സി.പി.ഐ എം.എല്‍. റെഡ്ഫ്‌ലാഗിന്റ യുവജനവിഭാഗമായ യുവജനവേദിയുടെ ഭാഗമാകുകയായിരുന്നു. ചിലപ്പോള്‍ ക്ലാസ്സുകള്‍ നടക്കുമ്പോഴായിരിക്കും പാര്‍ട്ടിയുടെ പ്രചരണജാഥയോ മറ്റോ വരുന്നത്. കുട്ടികളോട് പഠിക്കാന്‍ പറഞ്ഞ് മാഷ് പുറത്തിറങ്ങും. എത്രയും വേഗം ചെയ്യാനുള്ളത് ചെയ്ത് തിരിച്ചുവരും... 

കലയും സാഹിത്യവും നാടകവും സിനിമയും മാത്രമായിരുന്നില്ല ബോധിയുടെ നാള്‍വഴികള്‍. സമൂഹത്തിലെ അനീതികള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരായ പ്രതിഷേധാഗ്‌നിയുമായി വേലൂരിന്റെ തെരുവുകളില്‍ ബോധിയുടെ ശബ്ദം എന്നുമുയര്‍ന്നു. ഭോപ്പാല്‍ കൂട്ടക്കൊല നടന്ന ദിവസം തന്നെ ശേഖരന്‍ മാഷും സഹപ്രവര്‍ത്തകരായ ജോണ്‍സന്‍, ജോയ്, ഹരിദാസന്‍, മോഹനന്‍, സുരേഷ് തുടങ്ങിയവരെല്ലാം ചേര്‍ന്ന് എവറഡി ബാറ്ററിയുടെ വലിയൊരു രൂപമുണ്ടാക്കി തെരുവിലിറങ്ങി. ആരംഭത്തില്‍ എട്ടോ പത്തോ പേരാണ് പ്രകടനത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ വേലൂര്‍ പോസ്റ്റ് ഓഫീസിനു മുന്നിലെത്തി ബാറ്ററി കത്തിക്കുമ്പോള്‍ നൂറുകണക്കിനു പേരുണ്ടായിരുന്നു.

വേലൂരിന്റെ തെരുവുകള്‍ ഇളകിമറിഞ്ഞ മറ്റൊരു കാലഘട്ടം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ സമയമായിരുന്നു. പി.എം. ആന്റണിയുടെ നാടകം ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചപ്പോള്‍ കേരളത്തിലെമ്പാടുമുയര്‍ന്ന പ്രതിഷേധാഗ്‌നിയില്‍ മാഷുടേയും കൂട്ടരുടേയും നേതൃത്വത്തില്‍ വേലൂര്‍ക്കാരും സജീവമായി. യുവവേദിയുടെ ബാനറിലായിരുന്നു പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയത്. തൃശൂരില്‍ നടന്ന വിപുലമായ ഫാസിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷനില്‍ വേലൂരില്‍നിന്ന് നിരവധി പേര്‍ പങ്കെടുത്തു. വിവിധ പ്ലോട്ടുകളുമായി നഗരം കയ്യടക്കിയ വേലൂര്‍ക്കാരായിരുന്നു പ്രകടനത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. 

സോക്രട്ടീസ് എന്ന നാടകത്തില്‍ നിന്ന്
സോക്രട്ടീസ് എന്ന നാടകത്തില്‍ നിന്ന്

രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രചരണങ്ങള്‍ക്ക് മാഷും കൂട്ടരും സ്വീകരിച്ചിരുന്ന ഒരു പ്രധാന മാധ്യമം സ്ലൈഡുകളായിരുന്നു. തൃശൂരില്‍ മാത്രമല്ല, മറ്റു ജില്ലകളിലേക്കും ഈ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. കോഴിക്കോട്ടെ ചില കോളനികളില്‍ നടന്നിരുന്ന കുടിവെള്ളത്തിനായുള്ള സമരങ്ങളില്‍ മാഷ് ഈ മീഡിയം കാര്യമായിത്തന്നെ ഉപയോഗിച്ചു. ക്ലാസ്സ് കഴിഞ്ഞ് കോഴിക്കോട് പോയി സ്ലൈഡുകള്‍ പ്രദര്‍ശിപ്പിക്കുകയും സമരത്തോട് ഐക്യപ്പെടുകയും ചെയ്ത് രാത്രി തിരിച്ചുവന്ന് പിറ്റേന്ന് ക്ലാസ്സെടുക്കുന്ന ദിനചര്യ ഒരുപാട് ദിവസം തുടര്‍ന്നിരുന്നു. അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ട രാജന്റെ പ്രതിമ സ്ഥാപിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം മാഷ് സ്ലൈഡ് രൂപത്തിലാക്കി കേരളമെങ്ങും എത്തിച്ചിരുന്നു. 

സമരങ്ങളുടെ ഉപഭവകേന്ദ്രം
1979 മുതല്‍ 2014 വരെയാണ് ബോധി പ്രവര്‍ത്തിച്ചത്. അത്രയും കാലം ക്ലാസ്സുകളുടെ സിംഹഭാഗവും എടുത്തത് മാഷും ഭാര്യയും തന്നെ. ഈ തിരക്കുകള്‍ക്കിടയില്‍ ആദ്യം ജില്ലയിലേയും പിന്നീട് സംസ്ഥാനത്തേയും പാരലല്‍ കോളേജുകളെ ബോധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സംസ്ഥാനം മുഴുവന്‍ ചിന്നിച്ചിതറി കിടന്നിരുന്ന സമാന്തര കലാലയങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ശേഖരന്‍ മാഷ് തന്നെയായിരുന്നു. പാരലല്‍ വിദ്യാര്‍ത്ഥികള്‍ വിദ്യ നേടാന്‍ നികുതി അടക്കണമെന്ന തീരുമാനത്തിനെതിരെയായിരുന്നു സംസ്ഥാനത്തുടനീളമുള്ള പാരലല്‍ കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും ആദ്യമായി സംഘടിച്ചത്. സമാന്തര വിദ്യാഭ്യാസത്തിന്റെ അന്തസ്സുയര്‍ത്തി പിടിച്ചുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ അസോസിയേഷന്‍ സംഘടിപ്പിച്ചു. ആദ്യം ജില്ലാതലത്തിലും പിന്നീട് സംസ്ഥാനതലത്തിലും സംഘടിപ്പിച്ച പാരലല്‍ കോളേജ് യുവജനോത്സവങ്ങള്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തോട് കിടപിടിക്കുന്നതായിരുന്നു. നിരവധി വര്‍ഷങ്ങള്‍ യുവജനോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. അതുവഴി പാരലല്‍ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ സര്‍ഗ്ഗാത്മകാവിഷ്‌കാരങ്ങള്‍ക്കുള്ള അവസരം ലഭിക്കുകയായിരുന്നു. പാരലല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാസൗജന്യമടക്കമുള്ള പല വിഷയങ്ങളിലും സംഘടന ഇടപെട്ടു.

സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെയാണ് ശേഖരന്‍ മാഷ് സമരങ്ങളേയും കണ്ടിരുന്നത് വേലൂരില്‍ അതിശക്തമായ പോരാട്ടങ്ങള്‍ക്കു മാഷും കൂട്ടരും നേതൃത്വം നല്‍കി. ലക്ഷം വീട്ടില്‍നിന്നു പുറത്താക്കാന്‍ ശ്രമിച്ച വിധവയായ സ്ത്രീയുടെ പുനരധിവാസത്തിനുവേണ്ടി നടന്ന സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. അനധികൃതമായി ലക്ഷം വീട് കൈക്കലാക്കിയ വ്യക്തിയായിരുന്നു സി.പി.എം പിന്തുണയോടെ അവരെ കുടിയിറക്കാന്‍ ശ്രമിച്ചത്. വേറെ വീടുണ്ടായിരുന്ന അയാള്‍ സ്വാധീനം ഉപയോഗിച്ചായിരുന്നു ആ വീട് കൈക്കലാക്കിയിരുന്നത്. അയാള്‍ക്ക് വീടിന്റെ വിലയുടെ അഡ്വാന്‍സായി പണം കൊടുത്തായിരുന്നു അവരവിടെ താമസിച്ചിരുന്നത്. എന്നാലത് വാടകയായിരുന്നു എന്നായി അയാളുടെ ഭാഷ്യം. ആരുമില്ലാത്ത സമയം നോക്കി അര്‍ദ്ധരാത്രി ഭീഷണിപ്പെടുത്തി അവരെ പുറത്താക്കുകയായിരുന്നു. വളരെ കുറച്ചു പേരുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളു എങ്കിലും യുവവേദി അവര്‍ക്കായി രംഗത്തിറങ്ങി. സമരത്തിന്റെ ഭാഗമായി മാഷ് ഏഴ് ദിവസം നിരാഹാരം കിടന്നു. ഒപ്പം ജനാധിപത്യ കണ്‍വെന്‍ഷനും ഹര്‍ത്താലും മറ്റു പ്രചരണങ്ങളും നടന്നു. അവസാനം കളക്ടര്‍ ഇടപെട്ടു. വീടു പൂട്ടി സീല്‍ വെക്കാനുള്ള കളക്ടറുടെ ഉത്തരവ് പക്ഷേ, ക്രമസമാധാനപ്രശ്‌നത്തിന്റെ പേരു പറഞ്ഞ് അധികൃതര്‍ നടപ്പാക്കിയില്ല. ലോനപ്പന്‍ നമ്പാടനായിരുന്നു അന്നു ഭവനനിര്‍മ്മാണത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി. സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് പ്രകാരം വീടയാള്‍ക്കു കൊടുക്കാന്‍ തീരുമാനമായി. 

വളരെ തന്ത്രപരമായിട്ടായിരുന്നു പിന്നീട് യുവവേദിയുടെ നീക്കം. സമീപത്തെ എഴുത്തച്ഛന്‍ 'കുന്ന്' എന്ന പേരിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ ഓലഷെഡ് കെട്ടി അവരെ താമസിപ്പിച്ചു. ഞായറാഴ്ചയായിരുന്നതിനാല്‍ അധികൃതര്‍ക്ക് ഇടപെടാനായില്ല. ഒപ്പം വീടില്ലാത്ത അഞ്ച് കുടംബങ്ങളും സ്ഥലം വളച്ചുകെട്ടി കുടില്‍ കെട്ടി. എല്ലാവരേയും ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ശക്തമായി ചെറുത്തുനിന്നതിനാല്‍ നടന്നില്ല. എല്ലാവരും അവിടെത്തന്നെ താമസമായി. 

ഇക്കാലഘട്ടത്തില്‍ നടന്ന ഏറ്റവും ശക്തമായ സമരം പാരലല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗജന്യവുമായി ബന്ധപ്പെട്ട സമരമായിരുന്നു. സംസ്ഥാനതലത്തില്‍ തന്നെ അതൊരു വന്‍ വാര്‍ത്തയായിരുന്നു. ലക്ഷം വീട് സമരത്തോടനുബന്ധിച്ചു നടന്ന ഹര്‍ത്താലില്‍ സഹകരിക്കാതിരുന്ന ഒരു ബസിന്റെ ജീവനക്കാരോട് ആ ട്രിപ്പിനുശേഷം തിരിച്ചുവരരുതെന്ന്. യുവവേദി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലതു ഗൗനിക്കാതെ അവരോടിക്കുകയും നാട്ടുകാര്‍ ബസ് തടയുകയും ചെയ്തു. ഇതിനു പകരംവീട്ടാനായി ആ ബസുകാര്‍ ബോധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗജന്യം നിഷേധിച്ചു. വിദ്യാര്‍ത്ഥികള്‍ ബസ് തടുത്തു. തുടര്‍ന്ന് ആ റൂട്ടിലെ എല്ലാ ബസുകളും പണിമുടക്കി. വേലൂര്‍ സെന്ററില്‍ 22-ഓളം ബസുകള്‍ നിരയായി പാര്‍ക്ക് ചെയ്തു. നാട്ടുകാരെ മുഴുവന്‍ മാഷ്‌ക്കും ബോധിക്കുമെതിരെ തിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ജനപ്രതിനിധികളും പൊലീസും എല്ലാം ഇടപെട്ടിട്ടും ഒരു തീരുമാനവുമായില്ല. ദിവസങ്ങള്‍ നീങ്ങിയപ്പോള്‍ നാട്ടുകാര്‍ പലരും ബസുകാരോടൊപ്പം ചേര്‍ന്നു മാഷ്‌ക്കെതിരെ തിരിഞ്ഞു. പലരും ബോധിക്കു മുന്നിലെത്തി കൊലവിളി നടത്തി. കാറില്‍ യാത്രചെയ്തിരുന്ന മാഷ്‌ക്കെതിരെ അക്രമ ശ്രമം നടന്നു. വീട്ടിലേക്ക് കല്ലെറിഞ്ഞു. എസ്.ഐയുടെ ജീപ്പു തടഞ്ഞു. അവസാനം അക്രമാസക്തമായ ജനങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പിന്നാലെ മാഷ് ഒളിവില്‍ പോയി. ശേഖരന്‍ മാഷെ കയ്യില്‍ കിട്ടുക എന്നായി പിന്നീട് ബസുകാരുടേയും ഒരു വിഭാഗം ജനങ്ങളുടേയും ആവശ്യം. അവസാനം എ.ഡി.എം സ്ഥലത്തെത്തി. നിയമപരമായ കണ്‍സെഷന്‍ നല്‍കാനും എന്നാല്‍ ഞായറാഴ്ചകളില്‍ നല്‍കേണ്ടതില്ല എന്നും തീരുമാനമായി. എന്നാല്‍ സംഭവിച്ചതെന്താ? തുടക്കത്തിലെ വാശിയൊക്കെ പോയപ്പോള്‍ ഞായറാഴ്ചയും കണ്‍സഷന്‍ നല്‍കിത്തുടങ്ങി.

അതിനിടെ കേരളം മാറുകയായിരുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ പെരുമയും ആകര്‍ഷണീയതയും കുറഞ്ഞു. അണ്‍ എയ്ഡഡ്-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് വാചകമടിക്കുന്നവരും സ്വന്തം കുട്ടികളെ അവിടെ ചേര്‍ക്കാന്‍ തുടങ്ങി. പൊതുവിദ്യാഭ്യാസരംഗത്തെ തളര്‍ച്ച സ്വാഭാവികമായും പാരലല്‍ കോളേജുകളേയും ബാധിച്ചു. എസ്.എസ്.എല്‍.സിക്ക് ഏറെക്കുറെ എല്ലാവരേയും വിജയിപ്പിക്കാന്‍ ആരംഭിച്ചതോടെ തോറ്റ ബാച്ചുകള്‍ ഇല്ലാതായി. പ്രീഡിഗ്രി കോളേജുകളില്‍നിന്ന് പ്ലസ് ടു ആയി മാറി സ്‌കൂളുകളിലെത്തി. മെഡിക്കല്‍ - എന്‍ജിനീയറിംഗ്, എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ കൂണുപോലെ വളര്‍ന്നു. വിപ്ലവത്തെ കിനാവുകണ്ട ചെറുപ്പക്കാര്‍ കലാലയങ്ങളില്‍നിന്നു പുറത്തുവരാതായി. സ്വാഭാവികമായും പാരലല്‍ കലാലയങ്ങളും നേര്‍ത്തുവന്നു. 2004 വരെ പിടിച്ചുനിന്ന ശേഷം ബോധിയും ചരിത്രത്തിലേക്കു പിന്‍വാങ്ങി. 35 വര്‍ഷത്തെ അധ്യാപനത്തിന്റേയും നാടകഡയലോഗുകളുടേയും മുദ്രാവാക്യങ്ങളുടേയും ഓര്‍മ്മകളുമായി മാഷുടെ വീടിനോടു ചേര്‍ന്ന കെട്ടിടം ബാക്കി. കുട്ടികള്‍ ധാരാളമുണ്ടായിട്ടും ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും അവസാന കണക്കു നോക്കുമ്പോള്‍ ബോധിക്ക് 25 ലക്ഷം നഷ്ടം.

ഇന്ന് ബോധി ചരിത്രത്തിന്റെ ഭാഗമാണ്. ഒരു നാടിന്റെ സാംസ്‌കാരിക ചരിത്രത്തെ പ്രോജ്ജ്വലമാക്കിയ പ്രതാപത്തോടെ ബോധി മാഷുടെ വീട്ടുമുറ്റത്ത് തലയുയര്‍ത്തിത്തന്നെയാണ് നില്‍ക്കുന്നത്. പഴയപോലെ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും വേലൂരിന്റെ സമകാലീന സാമൂഹ്യജീവിതത്തില്‍ ശേഖരന്‍ മാഷുടെ സജീവസാന്നിധ്യം ഇപ്പോഴുമുണ്ട്. നിരവധി സാമൂഹ്യ-സാംസ്‌കാരിക-കലാ പ്രവര്‍ത്തകര്‍ ഇന്നും വേലൂരിലുണ്ട്. മാഷുടെ മകന്‍ സന്താളും അവരിലൊരാളാണ്. നാടകവും കലാപ്രവര്‍ത്തനവും സിനിമയുമാണ് തന്റേയും മേഖല എന്ന് സാന്താള്‍ പറയുന്നു. നാടകോത്സവങ്ങളും സിനിമാ ഫെസ്റ്റിവലുകളും ചര്‍ച്ചകളും പോരാട്ടങ്ങളും ചിത്രങ്ങളും ശില്‍പ്പങ്ങളും കഥകളും കവിതകളുമൊക്കെ ചെറുതായെങ്കിലും വേലൂരിലെ പുതുതലമുറയിലെ ഒരു വിഭാഗം ഇപ്പോഴും നെഞ്ചിലേറ്റുന്നു. അതിനാല്‍ത്തന്നെ തന്റെ ജീവിതം ധന്യമായി എന്ന് ശേഖരന്‍ മാഷ് ഉറച്ചു വിശ്വസിക്കുന്നു. അതേസമയം സമൂഹത്തില്‍ മൊത്തമുണ്ടാകുന്ന രാഷ്ട്രീയ ഉണര്‍വ്വിനു സമാന്തരമായിരിക്കും സാംസ്‌കാരിക ഉണര്‍വ്വെന്നും ഇപ്പോള്‍ അത്തരം ഉണര്‍വ്വിന്റെ കാലമല്ല എന്നും മാഷ് തിരിച്ചറിയുന്നു. എങ്കിലും നിരാശനാകാത്ത മാഷ് മറ്റൊരു രാഷ്ട്രീയ നാടകത്തിന്റെ പണിപ്പുരയിലാണ്. 32 വര്‍ഷം മുന്‍പ് താന്‍ തന്നെ രചിച്ച പ്രവാചകരെ കല്ലെറിയുമ്പോള്‍ എന്ന നാടകം പുസ്തകരൂപത്തിലും സി.ഡി രൂപത്തിലും ഒപ്പം രംഗത്തവതരിപ്പിക്കാനുമുള്ള ശ്രമത്തിലാണ് മാഷും സുഹൃത്തുക്കളും.

കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തെക്കുറിച്ച് പറയുമ്പോള്‍ പാരലല്‍ കോളേജുകളെ പലരും അവഗണിക്കാറാണ് പതിവ്. തോറ്റവരെ വിജയത്തിന്റെ പാതയിലേക്ക് തിരിച്ചുകൊണ്ടുവരുക, പുറകിലായവരെ മുന്നിലെത്തിക്കുക എന്ന ഏറ്റവും ദുഷ്‌കരമായ കാര്യങ്ങള്‍ ചെയ്തത് സത്യത്തില്‍ പാരലല്‍ കലാലയങ്ങളായിരുന്നു. വിദ്യാഭ്യാസരംഗത്ത് അനാഥരായി പോയിരുന്ന വിദ്യാര്‍ത്ഥികളുടെ അമ്മത്തൊട്ടിലുകളായിരുന്നു അവ. ഒപ്പം കുട്ടികളില്‍ സാമൂഹ്യബോധം വളര്‍ത്തുന്നതിലും അവ വഹിച്ച പങ്ക് ചെറുതല്ല. അവയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ആയിരക്കണക്കിനു അധ്യാപകര്‍ ഇന്നു കേരളത്തിലുണ്ട്. അവരില്‍ പലരുടേയും ജീവിതം ക്ലേശകരമാണ്. കേരളീയസമൂഹത്തെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അവരോട് സമൂഹത്തിനു ഒരു കടപ്പാടുണ്ട്. പാരലല്‍ കോളേജ് അധ്യാപകര്‍ക്കും എന്തെങ്കിലും തിരിച്ചു നല്‍കേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. കാരണം അവരില്‍ പലരുമിന്ന് വാര്‍ദ്ധക്യത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു എന്നതുത്തന്നെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com