ഇനി ക്യാപ്റ്റന്റെ ഇന്നിംഗ്സ്?: ഇമ്രാന്‍ ഖാനെ കുറിച്ച്

ചെറുപ്പമല്ലെങ്കിലും ഒരു പുതുമുഖം നല്‍കുന്ന ആകര്‍ഷണീയത. പതിവു അഴിമതിവിരുദ്ധ മുദ്രാവാക്യത്തിന്റെ കൂടെ മാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷ.
ഇനി ക്യാപ്റ്റന്റെ ഇന്നിംഗ്സ്?: ഇമ്രാന്‍ ഖാനെ കുറിച്ച്

മ്രാന്‍ ഖാന്‍ വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത പിന്തുണ മനസ്സിലാക്കാവുന്ന ഒന്നാണ്. ചെറുപ്പമല്ലെങ്കിലും ഒരു പുതുമുഖം നല്‍കുന്ന ആകര്‍ഷണീയത. പതിവു അഴിമതിവിരുദ്ധ മുദ്രാവാക്യത്തിന്റെ കൂടെ മാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷ. അതുപോലെ ഒരുപാട് അപലപിക്കപ്പെടേണ്ട ഇഷ്ടങ്ങളും! ഏതായാലും ഇത് അദ്ദേഹത്തിന്റെ അവസാന ഇന്നിംഗ്സ് ആകാനാണ് സാധ്യത.
പാക് തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിക്കറ്റ് കളിയില്‍നിന്നുള്ള രൂപകങ്ങള്‍ ഉപയോഗിക്കുന്നത് ഒട്ടും ഒഴിവാക്കാന്‍ കഴിയുന്ന ഒന്നല്ലായിരുന്നു. വളരെ പണ്ടാണെങ്കിലും ഇമ്രാന്‍ ഖാന് ക്രിക്കറ്റര്‍ എന്ന നിലയില്‍ പ്രശസ്തമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമല്ല അങ്ങനെ. അദ്ദേഹത്തിന് അത്തരത്തിലുള്ള രൂപകങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നുവെന്നതുകൊണ്ട് കൂടിയാണ്  അത്തരമൊരു അനിവാര്യതയുണ്ടായത്. 

ഈ പശ്ചാത്തലത്തില്‍ ഒരു ചോദ്യം സ്വാഭാവികമായും ഉയരുന്നത് ഒഴിവാക്കാനാകില്ല. ജനാധിപത്യ കാര്യക്രമം എന്നു വിവക്ഷിക്കപ്പെടുന്ന ഈ തെരഞ്ഞെടുപ്പ് യഥാര്‍ത്ഥത്തില്‍ ഒരു ഫിക്‌സഡ് മാച്ച് ആയിരുന്നുവോ? അംപയര്‍മാര്‍ എത്രമാത്രം പക്ഷപാതിത്വത്തോടെയാണ് പെരുമാറിയത്? മിയാന്‍ നവാസ് ഷെരീഫ് ക്ലീന്‍ ബൗള്‍ഡാകുകായിരുന്നോ, അതോ അകപ്പെടുകയായിരുന്നോ? അതോ അവ്യക്തമായ ഒരു എല്‍ബിഡബ്ല്യു സന്ദര്‍ഭമായിരുന്നോ അത്? ഏതെങ്കിലും തരത്തില്‍ പിച്ച് കൈയേറ്റം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് നടക്കുമോ എന്നതാണ് ഇങ്ങനെയുള്ള ഈ ചോദ്യങ്ങളില്‍ പരമപ്രധാനം.

എന്തായാലും ഒരു കാര്യത്തില്‍ ആ കളിയില്‍നിന്നുള്ള ഉപമകളൊന്നും ഇവിടെ സാധൂകരിക്കപ്പെടാതെ വരുന്നുണ്ട്. മാച്ചിന് തൊട്ടുമുന്‍പ് ടീമംഗങ്ങള്‍ കൂറുമാറുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പാക് മുസ്ലിം ലീഗ് (നവാസ് ഷരീഫ്) വിഭാഗത്തില്‍നിന്ന് പാക് ടെഹ് രീക് ഇ ഇന്‍സാഫിലേക്ക് (പിടിഐ - ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി) ഉള്ള ഓരോ കൂറുമാറ്റവും ഓരോ വിക്കറ്റ് വീഴ്ചയായി ആഘോഷിക്കപ്പെട്ടു. പക്ഷേ, ഇത് ശരിക്കും ക്രിക്കറ്റായിരുന്നോ? ഓ... അല്ല. ഇത് രാഷ്ട്രീയമാണ്. പാകിസ്താനില്‍ പൊതുവേ പാര്‍ട്ടിക്കൂറ് രാഷ്ട്രീയമേഖലയുടെ ഒരു സവിശേഷതയായി കണക്കാക്കപ്പെടാറില്ല. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ മാത്രം പ്രത്യയശാസ്ത്രമായിട്ടുള്ളിടത്ത് താരോദയങ്ങളെ ആശ്രയിച്ച് സ്വന്തം വിജയം ഉറപ്പുവരുത്തലാണ് ഇവിടെ പതിവുരീതി. തീര്‍ച്ചയായും ഈ സന്ദര്‍ഭത്തില്‍ പഴി aspiring ആയ സ്ഥാനാര്‍ത്ഥികളിലല്ല ചാര്‍ത്തേണ്ടത് (ശരിക്കും പറഞ്ഞാല്‍ aspiring എന്നല്ല perspiring എന്നാണ് ഇന്നത്തെക്കാലത്ത് വേണ്ടത്). പഴി ഏറെയും ഏല്‍ക്കേണ്ടത് നിശ്ചിത മണ്ഡലങ്ങളില്‍ അനായാസ വിജയസാധ്യതയും മറ്റൊന്നും ആലോചിക്കാതെ കൂറും പ്രഖ്യാപിക്കുന്ന, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശനം കാംക്ഷിക്കുന്ന സ്വാധീനശക്തിയുള്ള തദ്ദേശവാസികളോട് വികാരരഹിതമായി പ്രതികരിക്കുന്ന സംഘടനകളിലാണ്. 
പാകിസ്താനില്‍ ഇത് എപ്പോഴും അങ്ങനെത്തന്നെയായിരുന്നു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ആദ്യം അധികാരം കൈയാളിയ കാലത്തെ അഴിച്ചുപണികളിലാണ് ഇതിന്റെ ഉത്തരവാദിത്വം ആരോപിക്കപ്പെടേണ്ടത്. ഏതാണ്ട് 48 വര്‍ഷം മുന്‍പ് നടന്ന പൊതുതെരഞ്ഞെടുപ്പില്‍നിന്ന് ഇതിന്റെ പാരമ്പര്യം ആരംഭിക്കുന്നു. 

1970-ല്‍ നടന്ന ആ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിനുള്ള പ്രായമേ എനിക്കായിട്ടുണ്ടായിരുന്നില്ല. രാഷ്ട്രം നിലവില്‍ വന്ന് 23 വര്‍ഷങ്ങള്‍ക്കുശേഷം നടന്ന ജനാധിപത്യത്തിന്റെ ആ ആദ്യ പരീക്ഷണം ഉയര്‍ത്തിയ ആവേശം ഞാനിപ്പോഴും ഓര്‍ക്കുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രകടമായ ആവേശമുണ്ടായിരുന്നു. ഏതാണ്ട് രണ്ടു വ്യാഴവട്ടത്തെ സൈനികഭരണത്തിനുശേഷമുള്ള തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ വലിയ മാറ്റങ്ങളായിരിക്കും ഭാവിയിലുണ്ടാകുന്നതെന്ന സൂചനകള്‍ നല്‍കി. ഫലങ്ങള്‍ ടിവിയില്‍ വന്നുകൊണ്ടിരിക്കുന്നത് കാണുന്നതിനായി ഉണര്‍ന്നിരിക്കാന്‍ എനിക്ക് അനുവാദമുണ്ടായിരുന്നു. സമൃദ്ധമായ അന്താരാഷ്ട്ര-പ്രാദേശിക പരിപാടികളോടൊപ്പം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങള്‍ രാത്രി മുഴുവന്‍ ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരുന്നു. പഞ്ചാബിലും സിന്ധിലും പീപ്പിള്‍സ് പാര്‍ട്ടി നേടിയ മുന്നേറ്റങ്ങളോളം കിഴക്കന്‍ പാകിസ്താനില്‍ മുജീബുര്‍ റഹ്മാന്റെ അവാമി ലീഗ് നേടിയ വിജയം അത്രയ്ക്ക് ശ്രദ്ധേയമായിട്ടുണ്ടായിരുന്നില്ല. പടിഞ്ഞാറന്‍ പാകിസ്താനില്‍ സീറ്റൊന്നും നേടിയില്ലെങ്കിലും മുജീബുര്‍ റഹ്മാന്‍ നേടിയ വ്യക്തമായ ഭൂരിപക്ഷം അന്നത്തെ 'അംപയര്‍' മാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്നത് കണ്ണീരിനും ഭീകരമായ തോതിലുള്ള ചോരപ്പുഴയൊഴുകലിനും പുതിയൊരു രാഷ്ട്രത്തിന്റെ പിറവിക്കു തന്നെയും പിന്നീട് വഴിയൊരുക്കുകയായിരുന്നു. എന്നിരുന്നാലും ഒരുതരത്തിലുള്ള പുനര്‍ജന്മം പാകിസ്താനുണ്ടായി. ബംഗ്ലാദേശിനെ അനിവാര്യമാക്കിയ ജനാധിപത്യത്തിനു ചീത്തപ്പേരുണ്ടാക്കിയതിനുള്ള ഉത്തരവാദിത്വത്തില്‍ ഒരു പങ്കുണ്ടെന്നാല്‍ പോലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു തലവനുള്ള ഗവണ്‍മെന്റുണ്ടായി. അദ്ദേഹത്തിന്റെ ഭരണം പൂര്‍ണ്ണമായും ഒരു പരാജയമെന്നു പറയാനാകില്ലെങ്കില്‍പ്പോലും. 

എന്നാല്‍, 1977-ഓടെ രാഷ്ട്രം പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തെ അഭിമുഖീകരിച്ചു. വിശേഷിച്ചും രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്ന തോന്നലിനെ തുടര്‍ന്ന്. ഇന്നത്തെ സാഹചര്യത്തില്‍ അന്നത്തെ ആ പൊതുജനാസ്വാസ്ഥ്യത്തെ ക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ്. ഭൂട്ടോയുടെ അക്കാലത്തെ എതിരാളികളുടെ ഇടയില്‍ ദുഷ്ടലാക്ക് മുന്‍കൂട്ടി ഉണ്ടായിരുന്നെങ്കില്‍പ്പോലും. പരിഭ്രാന്തനായ അന്നത്തെ പ്രധാനമന്ത്രി താരതമ്യേന ചെറുതായിരുന്ന മതലോബിക്ക് കീഴടങ്ങുകയും വലിയ നഗരങ്ങളിലെ ക്രമസമാധാനം വീണ്ടെടുക്കുന്നതിന് പൗരന്മാരില്‍ പട്ടാളനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. 

ആ വര്‍ഷമാദ്യം ഒരു കൂടിക്കാഴ്ചയ്ക്കിടെ ഗവണ്‍മെന്റിനും അതിന്റെ മതനിരപേക്ഷവാദികളായ എതിരാളികള്‍ക്കിടയ്ക്കും സമാധാനശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന എന്റെ പിതാവ് സൈന്യം അപ്പോഴും ഭൂട്ടോയ്ക്ക് പിറകിലുണ്ടെന്ന വസ്തുത എടുത്തുപറയുകയുണ്ടായി. ''ഇക്കണ്ട വര്‍ഷങ്ങളത്രയും ഞാന്‍ എന്തുചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് നിങ്ങള്‍ കരുതിയത്?'' എന്നായിരുന്നു ഭൂട്ടോ ഉടന്‍ പ്രതിവചിച്ചത്. ''സ്വയം വിഡ്ഢിയാക്കുകയാണെന്നാണോ ?'' എന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അധികാരഭ്രഷ്ടനാക്കപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം സുള്‍ഫിക്കര്‍ അലി ഭൂട്ടോ ഇല്ലാതാക്കപ്പെട്ടു. എന്നാല്‍, അന്ന് പാകിസ്താനെ പിടികൂടിയ ശക്തികള്‍ ഇന്നും വിട്ടുപോയിട്ടില്ല. സിയാ ഉല്‍ ഹഖ് ഭരണത്തിന്റെ ആകസ്മിക അന്ത്യത്തിന്റേയും പര്‍വേസ് മുശര്‍റഫിന്റെ പട്ടാള അട്ടിമറിയുടേയും 11 വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ അധികാരദല്ലാളന്മാര്‍ ആരൊക്കെയായിരുന്നുവെന്ന കാര്യം ഒരിക്കലും ഒരു രഹസ്യമായിരുന്നിട്ടില്ല. തുടക്കത്തില്‍ നവാസ് ഷെരീഫിനെ അധികാരത്തിലുറപ്പിച്ചു നിര്‍ത്താന്‍ അവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്നാലും. ചരടുവലിയുടെ കാര്യത്തില്‍ മുശര്‍റഫ് പോയിട്ടും വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല, ഈയടുത്തുവരേയും. അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള വിലക്കുകള്‍  ഗൂഢമായ രീതിയിലെന്നാലും ഇപ്പോഴും കര്‍ശനമായി തുടര്‍ന്നുപോരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍. 

എന്തായാലും ഇമ്രാന്‍ ഖാന്‍ വര്‍ഷങ്ങളായി ഉണ്ടാക്കിയെടുത്ത പിന്തുണ മനസ്സിലാക്കാവുന്ന ഒന്നാണ്. ചെറുപ്പമല്ലെങ്കിലും ഒരു പുതുമുഖം നല്‍കുന്ന ആകര്‍ഷണീയത, പതിവു അഴിമതിവിരുദ്ധ മുദ്രാവാക്യത്തിന്റെ കൂടെ മാറ്റത്തെക്കുറിച്ചുള്ള പ്രതീക്ഷ. അതുപോലെ ഒരുപാട് അപലപിക്കപ്പെടേണ്ട ഇഷ്ടങ്ങളും!. 


പേരുദോഷമുള്ളതും തെരഞ്ഞെടുക്കപ്പെടാന്‍ എല്ലാ സാധ്യതയുള്ളതുമായ നിരവധി പേര്‍ ഇമ്രാന്റെ ടീമിലുണ്ട്. ഇപ്പോള്‍ ഒരു സഖ്യത്തിന്റെ നായകസ്ഥാനത്തുമാണ് അദ്ദേഹം.  എങ്കിലും ഇത് ക്യാപ്റ്റനെന്ന നിലയിലുള്ള ഇമ്രാന്റെ അവസാന ഇന്നിംഗ്സാകാനാണ് എല്ലാ നിലയിലുമുള്ള സാധ്യത. വിശേഷിച്ചും 'അംപയര്‍'മാരുടെ അധികാരത്തിന് കുറവൊന്നും വന്നിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തില്‍. 
(കടപ്പാട്: ഡോണ്‍ ദിനപ്പത്രം)


വസീറിസ്താനിലെ രക്തനക്ഷത്രം
പഷ്തൂണ്‍ തഹ്ഫസ് മൂവ്മെന്റിന്റെ നേതാവും പാകിസ്താനിലെ ഇടതുമുന്നണിയുടെ ഭാഗമായ സ്ട്രഗ്ലിന്റെ കേന്ദ്രകമ്മിറ്റി അംഗവുമായ അലി വസീറിന്റെ വിജയമാണ് ഇക്കഴിഞ്ഞ പാക് തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളിലൊന്ന്. തൊട്ടടുത്ത എതിരാളിയായ മതരാഷ്ട്രീയപ്പാര്‍ട്ടികളുടെ മുന്നണി സ്ഥാനാര്‍ത്ഥിയെ പതിനാറായിരത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് അദ്ദേഹം വിജയിച്ചത്. നേരത്തെ ഇമ്രാന്‍ ഖാന്‍ തന്റെ പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കാന്‍ അലി വസീറിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്. പാകിസ്താനില്‍ അമേരിക്ക നടത്തിയ ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ നാശനഷ്ടമനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെടുന്ന പൗരാവകാശ സംഘടനയാണ് പഷ്തൂണ്‍ തഹ്ഫസ് മൂവ്മെന്റ്. പഷ്തൂണ്‍ തഹ്ഫസ് മൂവ്‌മെന്റിന്റെ രണ്ടു സ്ഥാനാര്‍ഥികള്‍ കൂടി ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നു. അതില്‍ മോഹ്‌സിന്‍ ജാവേദ് ദാവെര്‍ 16,526 വോട്ടുകള്‍ നേടി വിജയിച്ചു. മുഫ്തി മിസ്ബഹുദ്ദീന്‍ 15,363 വോട്ടുകളോടെ ശക്തമായ വെല്ലുവിളിയുയര്‍ത്തുകയും ചെയ്തു. മതഭ്രാന്തന്മാരുടെ അധീനതയിലുള്ള വസീറിസ്താനില്‍ തന്നെയാണ് ഇരുവരും മത്സരിച്ചത്. ഒരു ഭീഷണിയേയും വകവയ്ക്കാതെയാണ് വസീറികള്‍ അവര്‍ക്ക് വോട്ടുചെയ്തത്.

മതതീവ്രവാദികള്‍ക്ക് ശക്തിയുള്ള പ്രദേശമാണ് വസീര്‍ അലിയുടെ പ്രവര്‍ത്തനമണ്ഡലവും അദ്ദേഹത്തിന്റെ ജന്മനാടുമായ വസീറിസ്താന്‍. വസീറിന്റെ അച്ഛനും രണ്ടു സഹോദരങ്ങളും ഉള്‍പ്പെടെ ബന്ധുക്കളായ 16 പേരെയാണ് ഭീകരര്‍ ഇതുവരെ കൊന്നൊടുക്കിയത്. കൂടാതെ വീടും പെട്രോള്‍പമ്പും അടക്കം എല്ലാം ഭീകരവാദികള്‍ തകര്‍ത്തിരുന്നു. പക്ഷേ, ഇതിലൊന്നും തളരാതെ ഭീകരവാദത്തിനെതിരെ യുദ്ധം ചെയ്തും ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയുമാണ് വസീര്‍ വിജയക്കൊടി പാറിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ അലി ഈ വര്‍ഷം ജൂണില്‍ അലി വാസിറിനുനേരെ സര്‍ക്കാര്‍ അനുകൂല തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിലെ പത്തുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജൂണില്‍ അലി വസീറിനെ ലക്ഷ്യമിട്ട് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പഷ്തൂണ്‍ തഹ്ഫാസ് പ്രസ്ഥാനത്തിലെ പത്തുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഒരു കാലത്ത് പാകിസ്താനില്‍ കമ്യൂണിസ്റ്റുകള്‍ക്ക് തരക്കേടില്ലാത്ത സ്വാധീനമുണ്ടായിരുന്നു. തൊഴിലാളികളേയും കര്‍ഷകരേയും സംഘടിപ്പിക്കുന്നതില്‍ തുടക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി പക്ഷേ, വിപ്ലവമോഹങ്ങള്‍ നടപ്പാക്കുന്നതില്‍ ധൃതി കാണിച്ചു. ഒരു സന്ദര്‍ഭത്തില്‍ മേജര്‍ ജനറല്‍ അക്ബര്‍ ഖാന്റെ പട്ടാള അട്ടിമറിശ്രമത്തില്‍ പങ്കാളികളാകുന്നതില്‍ വരെ അതു ചെന്നെത്തി. അറുപതുകളുടെ ഒടുവിലും എഴുപതുകളിലും ശക്തമായ ഇടതുപക്ഷരാഷ്ട്രീയമുണ്ടായിരുന്ന രാജ്യമായിരുന്നു പാകിസ്താന്‍. നാഷണല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ എന്ന ഇടതുപക്ഷവിദ്യാര്‍ത്ഥി സംഘടന അവിടത്തെ ക്യാംപസുകളില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. എന്‍ട്രിയിസ്റ്റ് തന്ത്രമവംലബിച്ച് പാക് കമ്യൂണിസ്റ്റുകള്‍ അവാമി ലീഗും പാക് പീപ്പിള്‍സ് പാര്‍ട്ടിയുമടക്കം പുരോഗമനസ്വഭാവമുള്ള മിക്കവാറും എല്ലാ സംഘടനകളിലും ശക്തമായ സ്വാധീനം നേടിയെടുത്തിരുന്നു. എന്നാല്‍, 1980-കളോടെ ഈ നിലയ്ക്ക് മാറ്റം വരികയും സോവിയറ്റ് പതനത്തോടെ പിറകോട്ടടി പൂര്‍ണ്ണമാകുകയും ചെയ്തു. 

പരിഭാഷ - സതീശ് സൂര്യന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com