തവളകള്‍: സി റഹിം എഴുതുന്നു

ആകാശത്ത് അടുത്ത മഴക്കായി കാര്‍മേഘം ഉരുണ്ടു കൂടുമ്പോള്‍ നാടാകെ കുരാപ്പ് (ഇരുള്‍) വീഴും.
ചിത്രീകരണം - മണി കാക്കര
ചിത്രീകരണം - മണി കാക്കര

ണ്ടത്തില്‍ വെള്ളം കെട്ടിക്കിടക്കുന്ന കാലത്ത് ആയിരക്കണക്കിന് തവളകള്‍ വരും. ആകാശത്ത് അടുത്ത മഴക്കായി കാര്‍മേഘം ഉരുണ്ടു കൂടുമ്പോള്‍ നാടാകെ കുരാപ്പ് (ഇരുള്‍) വീഴും.  കാര്‍മേഘങ്ങളുടെ വിടവിലൂടെ വെള്ളിവെളിച്ചം ഭൂമിയെ ഒളിച്ചുനോക്കുന്നുണ്ടാകും. അപ്പോഴാണ് തവളകളുടെ കൂട്ടക്കരച്ചില്‍ മുഴങ്ങുക. ഇടതടവില്ലാതെ തവളകള്‍ കരയാന്‍ തുടങ്ങും. താളത്തില്‍ മുറുകിയും അയഞ്ഞുമാണവയുടെ തൊള്ളതുറക്കല്‍. കടല്‍ ഇരമ്പും പോലെ നാടാകെ തവളയുടെ കൂട്ടക്കരച്ചിലില്‍ മുങ്ങും. ഒരുതരം തകിലുകൊട്ടാണിത്. കര്‍ണ്ണകഠോരമെന്നൊന്നും നമുക്കാ ശബ്ദത്തെ വിളിക്കാനാവില്ല. തവളശബ്ദം താളാത്മകമാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.  ഞങ്ങള്‍ക്ക് കോതകുളത്ത് വയല്‍ കൃഷിയുള്ള കാലമാണ്.  അവിടെ മഞ്ഞയും പച്ചയും നിറമുള്ള ഈ തവളകളുടെ കൂട്ടക്കരച്ചില്‍ കാര്യമായി കേട്ടിരുന്നു. ചില ഗോത്രവിഭാങ്ങളുടെ ചിലമ്പിച്ച സംഗീതം  കേള്‍ക്കുമ്പോഴുണ്ടാകുന്ന ഭയാന്മകമായൊരു അനുഭവമാണ് നമുക്ക് തവളകളുടെ കൂട്ടക്കരച്ചില്‍ കേള്‍ക്കുമ്പോള്‍ തോന്നുക.

കോതകുളത്തെ തവളക്കൂട്ടത്തെ കണ്ട് നാട്ടില്‍ ഇത്രമാത്രം തവളകള്‍ ഉണ്ടല്ലോയെന്നോര്‍ത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്. തവളകള്‍ പെരുകുന്ന കാലത്താവണം അവയെ പിടിക്കാന്‍ ആളുകള്‍ ഇറങ്ങുക. വിസ്തൃതമായ കരിങ്ങാലി പുഞ്ചയില്‍ എണ്ണിയാലൊടുങ്ങാത്ത പച്ചത്തവളകളും മാക്രികളും ചെറുതവളകളുമൊക്കെ കഴിയുന്നുണ്ട്. പച്ചത്തവളകളോടാണ് തവളപിടുത്തക്കാര്‍ക്ക് കമ്പം. വൈകുന്നേരങ്ങളില്‍ കുടയും വടിയും പെട്രോള്‍ മാക്സും ടോര്‍ച്ചുമൊക്കെയായി തവളപിടുത്തക്കാരുടെ സംഘം വയലേലകളിലേക്കു നീങ്ങുന്നതു കാണാം. തവളക്കാലു പൊരിച്ചത് കള്ള് ഷാപ്പുകളിലെ ഒരു പ്രധാന ഭക്ഷണവിഭവമാണ് പോലും.  സായിപ്പന്‍മാര്‍ക്ക് തവളക്കാല് ഇഷ്ടഭോജ്യവസ്തുവാണെന്നും ആരോക്കെയോ പറഞ്ഞുകേട്ടു. എന്നാല്‍ ഒരിക്കല്‍പോലും തവളക്കാല് ഒന്നു പരീക്ഷിക്കാന്‍ വീട്ടിലാരും മുതിര്‍ന്നിട്ടില്ല.  മുസ്ലിങ്ങള്‍ക്കു തവളക്കാല് ഹറാമാണോ(നിഷിധം), ഹലാലാണോ (അനുവദിക്കരുത്) എന്ന് ആര്‍ക്കും ഒരുതിട്ടവും ഉണ്ടായിരുന്നില്ല. മീനുകളില്‍ ചെകിളയുള്ള മീനുകളെ വീട്ടില്‍ കഴിച്ചിരുന്നുള്ളു. ചെകിളയില്ലാത്ത മീനുകള്‍ അനുവദനീയമല്ല.  തിരണ്ടി, സ്രാവ് തുടങ്ങിയ മീനുകള്‍ കഴിക്കാറില്ല.  എന്നാല്‍ പുഞ്ചയില്‍ നിന്നു കിട്ടുന്ന വരാലും മൂശി, കാരി, കോലാമീന്‍, കരിമീന്‍ തുടങ്ങിയവ വാങ്ങുക പതിവായിരുന്നു. നെല്‍പ്പാടങ്ങളില്‍ കീടങ്ങള്‍ പെരുകാതെ കാത്തിരുന്നത് ഈ തവളക്കൂട്ടങ്ങളായിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലായി. പ്രകൃതിയില്‍ യഥാര്‍ത്ഥത്തില്‍ കീടമെന്നൊന്നില്ല. അനിയന്ത്രിതമായി പെരുകുന്ന ജീവികളെ കീടമെന്നു വിളിക്കുകയാണ്. കീടങ്ങളെ നശിപ്പിക്കാന്‍ കീടനാശിനി ഉപയോഗിച്ചതാണ് കൂടുതല്‍ കുഴപ്പമായത്. ഒന്ന് മറ്റൊന്നിനെ ആഹരിച്ചുള്ള പ്രകൃതിയുടെ ജൈവസംതുലന നഷ്ടം കീടനാശിനികളുടെ വരവോടെ പൂര്‍ണ്ണമായി. നൂറുകണക്കിന് കിലോ കീടനാശിനിക്കു നശിപ്പിക്കാന്‍ കഴിയാത്തത്ര കീടങ്ങളെ ഒരു തവളയുടെ ജീവിതകാലം കൊണ്ടവ തിന്നു തീര്‍ക്കുന്നുണ്ട്. ഇങ്ങനെ നോക്കിയാല്‍ മനുഷ്യരുടെ വിവേകമില്ലാത്ത തവളപിടുത്തം പോലെയുള്ള അതിക്രമങ്ങളാണ് പ്രകൃതിവിനാശത്തിലേക്ക് നയിച്ചതെന്നു മനസ്സിലാക്കാവുന്നതേയുള്ളു. ചില കാലത്ത് ചൊറിയന്‍ തവളകള്‍ വീട്ടില്‍ കയറിയിരിക്കും. ഉണ്ടക്കണ്ണും ദേഹം മുഴുവന്‍ വിഷദ്രാവകം ഒലിപ്പിച്ചുള്ള ഒരുതരം കുട്ടന്‍മാക്രിയാണിത്. ഇവയെ കണ്ടാല്‍ത്തന്നെ ആളുകളൊന്നറയ്ക്കും. ആരെങ്കിലും അബദ്ധത്തിലവയുടെ മേലൊന്നു തൊട്ടാല്‍ കൈചൊറിയും. വലിയ വാ തുറന്ന് അവ കരയുന്നതു കേട്ടാല്‍ പാറപ്പുറത്തു ചെരട്ടയുരയ്ക്കുന്ന പറപറാ ശബ്ദമാണ് ഓര്‍മ്മവരിക. കുട്ടന്‍മാക്രിയെന്നാണിവയെ എല്ലാവരും വിളിച്ചിരുന്നത്. കുട്ടന്‍മാക്രി വീട്ടില്‍ കയറിവരുന്നതു ദോഷമാണത്രെ. അതുകൊണ്ടവയെ എത്രയും വേഗം പിടിച്ചു ദൂരെ കൊണ്ടുകളയും. അമ്മയാണ് ഇതിനുത്സാഹിക്കുക. വീടിന്റെ മുക്കിലും മൂലയിലും പമ്മിയിരിക്കുന്ന കുട്ടന്‍മാക്രിയെ പിടിക്കാന്‍ ഞങ്ങള്‍ അതിന്റെ പിന്നാലെ കൂടും.  രണ്ടുവലിയ കണ്ണന്‍ ചിരട്ടകളാണിതിനുവേണ്ടത്. രണ്ടുകൈയിലും ഓരോ ചിരട്ടകള്‍ എടുക്കും. തവളപിടുത്തകാരെ കാണുമ്പോള്‍ അവറ്റകള്‍ കാലുപറിച്ചോടും. വടികൊണ്ടോ മറ്റോ അവയെ തടഞ്ഞുപിടിച്ചു ചിരട്ടകമഴ്ത്തും. അടുത്ത ചിരട്ട അടിയിലൂടെ ഒരു തായത്തില്‍ കടത്തി തവളയെ ചിരട്ടക്കുള്ളിലാക്കും. പിന്നെ ഒരൊറ്റയോട്ടമാണ്.  വളരെ ദൂരെയെവിടെയെങ്കിലും കൊണ്ടുകളയും.  കനാല്‍ വന്നതില്‍ പിന്നെ ദൂരെ കനാലില്‍ കൊണ്ടുചെന്നാണ് കളയുക. എന്നാല്‍, അദ്ഭുതമെന്നു പറയട്ടെ, നമ്മള്‍ വീട്ടില്‍ തിരികെ വന്നു കുറച്ചു കഴിയുമ്പോള്‍ തവളയും തിരികെയെത്തും.  വീണ്ടും അവയെ പിടിക്കാനുള്ള ഓട്ടമാണ്.  ഇതൊരു കള്ളനും പൊലീസും കളിയാണ്.  ഇങ്ങനെ കളിച്ചുതളരുമ്പോള്‍ തവളയ്ക്കുമേല്‍ ഉപ്പുവെള്ള പ്രയോഗം നടത്തും. ഉപ്പുവെള്ളം ദേഹത്തുവീണാല്‍ പിന്നെ തവളകള്‍ അവിടെ നില്‍ക്കില്ല. ഓടടാ ഓട്ടമായിരിക്കും.  തവളയെ കമ്പുകൊണ്ട് ഒന്നു കുത്താന്‍ ഭാവിച്ചാലതു ചത്തതുപോലെ കാലുവിരിച്ചു പള്ള വീര്‍പ്പിച്ച് ഒരു കിടപ്പാണ്. ഒരു റബ്ബര്‍പ്പന്തുമാതിരിയായിരിക്കും. തട്ടിയാലും മുട്ടിയാലുമൊന്നും അതിന്റെ ദേഹത്ത് ഏല്‍ക്കില്ല.  തവള ചത്തുവെന്നു കരുതി നമ്മള്‍ മുന്നോട്ടു നടക്കുമ്പോള്‍ അത് ഒറ്റക്കുതിപ്പിന് എണീറ്റ് ഒരു ചാട്ടമാണ്.

ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും ഒക്കെവരുന്നത് അക്കാലത്ത് നാട്ടില്‍ വലിയൊരു സംഭവമായിരുന്നു.  ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഭൂമിക്കുമേല്‍ എന്തോ അത്യാപത്തു വരുന്നുവെന്ന ഭാവമായിരിക്കും എല്ലാവര്‍ക്കും.  സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും ആഹാരങ്ങളൊന്നും കഴിക്കാതെ എല്ലാവരും ശ്വാസം അടക്കി പിടിച്ചിരിക്കും. സൂര്യനെയും ചന്ദ്രനേയും നോക്കുകയോ പുറത്തിറങ്ങുകയോ ഒന്നും ചെയ്യില്ല.  എല്ലാവര്‍ക്കും ഭയങ്കര പേടിയായിരിക്കും.  സൂര്യനെ നോക്കി പലരുടേയും കണ്ണു നഷ്ടപ്പെട്ടുപോയതായി ആളുകള്‍ കഥപറഞ്ഞിരിക്കും, ചന്ദ്രഗ്രഹണത്തിനും സൂര്യഗ്രഹണത്തിനും ആളുകള്‍ കൂട്ടംകൂടി മടലും വടിയുംമൊക്കെ എടുത്ത് നിലത്തടിച്ചു ചന്ദ്രനെയും സൂര്യനെയും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തും. വിടുപാമ്പേയെന്ന് ചിലര്‍ അലറുന്നുണ്ടാകും. ആകാശത്തെക്കാള്‍ വലിപ്പമുള്ള രാഹു എന്ന ഒരു പെരുമ്പാമ്പ് ചന്ദ്രനെ വിഴുങ്ങുകയാണെന്നാണ് എല്ലാവരും ധരിച്ചുവച്ചിരുന്നത്. ഈ പാമ്പിനെ ഓടിക്കാനാണത്രെ മടലും കമ്പും കൊണ്ട് ആളുകള്‍ നിലത്ത് അടിച്ചവയെ പേടിപ്പിക്കുന്നത്. കുട്ടിക്കാലത്ത് ഇങ്ങനെ ചന്ദ്രനെ രക്ഷിക്കാനായി മടലടിശബ്ദം കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ഭയപ്പാടോടെ വീട്ടിനുള്ളിലൊളിക്കും. മടലടിക്ക് ജാതിയും മതവുമൊന്നും ഒരു വേര്‍തിരിവായിരുന്നില്ല. ചന്ദ്രന്‍ എല്ലാവരുടേതുമാണല്ലോ.  അതിനൊരാപത്തു വരുമ്പോള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സംഘബോധം ആളുകള്‍ക്കന്നൊക്കെയുണ്ടായിരുന്നു.  ചന്ദ്രഗ്രഹണത്തേയും സൂര്യഗ്രഹണത്തേയും സംബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയതോടെയാവണം ഇത്തരം അസംബന്ധങ്ങള്‍ ഇല്ലാതായത്.

ആകാശത്തു ധൂമകേതുക്കള്‍ വരുന്ന കാലത്തും ആളുകള്‍ ഭയപ്പാടിലായിരിക്കും. ധൂമകേതു വന്നു ഭൂമിയില്‍ ഇടിച്ച് എല്ലാം തകര്‍ന്നുതരിപ്പണമായിപ്പോകുമെന്ന ഭീതിയിലാവും നാട്ടുകാരെല്ലാം. നമ്മളൊക്കെ വസിക്കുന്നത് ആകാശത്തു തൂങ്ങി നിന്നു കറങ്ങുന്ന ഒരദ്ഭുതഗോളത്തിലാണെന്ന ബോധം ഇത്തരം സന്ദര്‍ഭങ്ങളിലാണ് എല്ലാവരിലും ഉണ്ടാകുന്നത്. മാനത്തുനോക്കി നടക്കുന്ന പീരുക്കണ്ണനണ്ണനെപ്പോലെയുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്. പ്രപഞ്ചത്തില്‍ നടക്കുന്ന ഇത്തരം പ്രതിഭാസങ്ങളെക്കുറിച്ച് അവരോരോ കഥകള്‍ പറഞ്ഞുകൊണ്ടിരിക്കും.  മുസ്ലിങ്ങള്‍ക്ക് അഞ്ചുനേരം നിസ്‌കാരം നിര്‍ബന്ധമാണ്. നിസ്‌കാരത്തിന് 'ഖിബില' (മെക്കയുടെ ദിശ) തിരിച്ചറിയേണ്ടതുണ്ട്. ദിക്കറിഞ്ഞാലെ പടിഞ്ഞാറ് വടക്കേദിശയേതെന്നു മനസ്സിലാക്കാനാവുകയുള്ളു. അതുകൊണ്ട് യാത്ര വേളകളിലും മറ്റും ദിക്കറിയുന്നവരും സമയം അറിയുന്നവരുമായ ആളുകള്‍ക്ക് ഒരു പ്രത്യേക മാന്യത ലഭിച്ചിരുന്നു. ഉദയവും അസ്തമയവുമൊക്കെ കൃത്യമായി ഗണിച്ചാണ് അഞ്ചുനേരത്തിനുള്ള നിസ്‌കാര സമയം കണിശതയോടെ നിശ്ചയിക്കുന്നത്.  ബാങ്ക് വിളിക്കാനൊരു സമയം, നിസ്‌കാരത്തിന് മറ്റൊരു സമയം ഇതില്‍ അണുകിട മാറ്റം വരില്ല. അതുകൊണ്ട് സമയത്തെക്കുറിച്ചും പ്രകൃതി പ്രതിഭാസങ്ങളെക്കുറിച്ചുമൊക്കെ പഠിക്കേണ്ടത് നിസ്‌കാരത്തിന് ആവശ്യമായി വരും. നാടുകള്‍ മാറുന്തോറും നിസ്‌കാരദിശയും സമയക്രമവും മാറും. അതുകൊണ്ട് ഭൂമിശാസ്ത്രത്തെക്കുറിച്ചു അറിവുണ്ടാകണം.  നിസ്‌കാര സമയത്തില്‍ ഓരോ ദിവസവും നിമിഷങ്ങളുടെ വിത്യാസം ഉദയത്തിന്റെയും അസ്തമയത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. മാസപ്പിറ കാണുന്നതു വലിയൊരു സംഭവം തന്നെയായിരുന്നു.  പ്രത്യേകിച്ച് നോമ്പുകുറിക്കാനും ചെറിയ പെരുന്നാളും വലിയ പെരുന്നാളും നിശ്ചയിക്കാനും പിറ കാണണം.  ചന്ദ്രമാസത്തെ അധികരിച്ചാണ് മുസ്ലിങ്ങളുടെ എല്ലാ കാര്യങ്ങളും ക്രമപ്പെടുത്തിയിരിക്കുന്നത്.  അതുകൊണ്ടുതന്നെ ചന്ദ്രനിലേക്കൊരു നോട്ടം മുസ്ലിങ്ങള്‍ക്കെപ്പോഴും ഉണ്ടാകും.  ഇതൊരു ആരാധനാഭാവമല്ല.  കാലഗണനയ്ക്കായാണ്. ചന്ദ്രക്കലയും നക്ഷത്രവും മുസ്ലിം സമുദായത്തിന്റെ ഒരു അടയാളമായി കരുതപ്പെടുന്നതുകൊണ്ട് ഒരു പ്രത്യേക മമത ചന്ദ്രനോടും നക്ഷത്രത്തോടുമൊക്കെയുണ്ടുതാനും.  മാനത്തുനോക്കി നടക്കുന്ന പീരുകണ്ണനെപ്പോലെയുള്ളവരാണ് നൊയമ്പിനു സമയമായി എന്നു കണ്ടെത്തുന്നത്. ചെറിയ പെരുന്നാള്‍ ദിനം, വലിയ പെരുന്നാള്‍ ദിനം തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങള്‍ എന്നായിരിക്കണമെന്നുമൊക്കെ നിശ്ചയിക്കുന്നത് ഇവര്‍ തന്നെ.  മിക്കപ്പോഴും നമ്മളെ ചുറ്റിപ്പറ്റിക്കഴിയുന്നവരും ഒപ്പം യാത്രികരും മതബോധമുള്ളവരുമായിരിക്കും ഇത്തരക്കാര്‍.

പള്ളിഭരണക്കാരും നാട്ടുകാരും മാനത്തുനോക്കി നടക്കുന്ന പീരുകണ്ണനണ്ണന്മാരോടാവും എന്തിനും ഏതിനും ഒരഭിപ്രായം തേടുന്നത്. ഭൂമിയിലും പ്രപഞ്ചത്തിലും നടക്കുന്ന സര്‍വ്വമാനകാര്യങ്ങളെക്കുറിച്ചും ഇവര്‍ക്ക് വിവരമുണ്ടെന്നാണ് എല്ലാവരും കരുതുന്നത്. ഓരോ നാട്ടിലും മാനത്തുനോക്കി നടക്കുന്ന പീരുകണ്ണനണ്ണന്മാരുള്ളതുകൊണ്ട് ആ നാട്ടുകാര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിച്ചാണ് പെരുനാളുകളും മറ്റും നിശ്ചയിക്കുക. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ വാക്കുകള്‍ വിശ്വസിച്ച് ഒരു പ്രദേശത്തുതന്നെ പെരുന്നാളുകള്‍ വിവിധ ഗ്രാമങ്ങളില്‍ പല ദിവസങ്ങളിലായി കൊണ്ടാടപ്പെടുകയും പതിവായിരുന്നു. ആളുകള്‍ക്കിതൊരു അസൗകര്യമായതോടെ മതപണ്ഡിതന്മാര്‍ സംഘടിച്ച് ഇക്കാര്യങ്ങളില്‍ പൊതുവായ അറിയിപ്പുകള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും കേരളത്തില്‍ത്തന്നെ പെരുന്നാളുകള്‍ രണ്ടുദിവസങ്ങളിലായി ആഘോഷിക്കുന്ന പതിവ് ഇപ്പോഴും പൂര്‍ണ്ണമായി മാറിയെന്നു പറയാറായിട്ടില്ല. നാടായ നാട്ടിലൊക്കെ അലഞ്ഞുതിരിയുന്ന മാനത്തുനോക്കി നടക്കുന്ന പീരുകണ്ണനണ്ണന്മാര്‍ കുട്ടിക്കാലത്ത് എനിക്കൊരദ്ഭുതം തന്നെയായിരുന്നു. ഇത്തരക്കാരുടെ സംസാരം മിക്കപ്പോഴും ആകാശത്തുനടക്കുന്ന അദ്ഭുതങ്ങളെക്കുറിച്ചായിരിക്കും. ഭൂമി എങ്ങനെ ആകാശത്തു തൂങ്ങിപ്പിടിച്ചുനില്‍ക്കുന്നുവെന്ന അറിവും മാനത്തുനോക്കി നടക്കുന്ന പീരുകണ്ണനണ്ണനാണ് എനിക്കു പറഞ്ഞുതന്നത്.    
തൈക്കാവിലെ പുരാണത്തില്‍ മീരണന്‍രാവുത്തരണ്ണനാണ് അക്കഥ പറയുന്നത്.

ഭൂമി കീഴ്പോട്ടു വീഴാതിരിക്കാന്‍ പടച്ചതമ്പുരാന്‍ ഒരു മലക്കിനെ (മാലാഖ) ഭൂമിയുടെ അടിഭാഗത്തേക്ക് അയച്ചു. ആ മലക്ക് ഭൂമിയെ തന്റെ തലയിലും ചുമലിലുമായി താങ്ങിനിര്‍ത്തിയിരിക്കുകയാണ്. സൂര്യന്റെ ഉദിപ്പും അസ്തമയവും ആ മലക്കിന്റെ കരങ്ങള്‍ക്കുള്ളിലാണ് നടക്കുന്നത്. ആ മലക്ക് ഒരു കാളയുടെ പുറത്താണിരിക്കുന്നത്. കാള ഒരു കല്ലിന്റെ മുകളില്‍. കല്ല് ഒരു മീനിന്റെ മുകളില്‍. മീന്‍ അനങ്ങാതിരിക്കാന്‍ ഒരു ജീവി അതിന്റെ മൂക്കിന്‍തുമ്പില്‍ കാവലിരിക്കുകയാണ്. മീന്‍ ഒന്നനങ്ങാന്‍ ഭാവിച്ചാല് ഈ ജീവി അതിന്റെ മൂക്കിനുള്ളില്‍ കയറും. അതു ഭയന്നിട്ട് മീന്‍ അനങ്ങാതെ ഈ ഭാരമെല്ലാം താങ്ങിപ്പിടിച്ചു കിടക്കുകയാണത്രെ! ഇത്തരം കഥകള്‍കേട്ട് ഞാന്‍ ഭയപ്പെടും. ഈ ഭൂമിയെങ്ങാനും നിലംപൊത്തുമോയെന്നായിരുന്നു എന്റെ ഭയം. ഭൂമിയെക്കുറിച്ചുള്ള ആകുലചിന്തകള്‍ തൈക്കാവിലെ പുരാണത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു കുട്ടിക്കാലത്ത് ഇടപഴകിയ മാനത്തുനോക്കി നടക്കുന്ന പീരുകണ്ണനണ്ണന്മാരുമായുള്ള ബന്ധംകൊണ്ടാണെണന്നു പറയാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com