നാടകം സിനിമയെ അതിജീവിക്കും

യാഥാര്‍ത്ഥ്യം സംശയാസ്പദമാണെന്ന ചിന്ത പുതിയതല്ല. ഒരേ സംഭവത്തെ നാലു പേര്‍ വിവരിക്കുമ്പോള്‍ തീര്‍ത്തും പരസ്പരവിരുദ്ധമാകുന്നത് കുറോസോവയുടെ റാഷമോണില്‍ കാണാം.
ജിനോ ജോസഫ്
ജിനോ ജോസഫ്

യാഥാര്‍ത്ഥ്യം സംശയാസ്പദമാണെന്ന ചിന്ത പുതിയതല്ല. ഒരേ സംഭവത്തെ നാലു പേര്‍ വിവരിക്കുമ്പോള്‍ തീര്‍ത്തും പരസ്പരവിരുദ്ധമാകുന്നത് കുറോസോവയുടെ റാഷമോണില്‍ കാണാം. യാഥാര്‍ത്ഥ്യത്തിന്റെ യാഥാര്‍ത്ഥ്യത്തെയാണ് കുറസോവ തന്റെ സിനിമയില്‍ പ്രമേയമാക്കിയത്. സത്യാവസ്ഥയെന്തെന്നത് സങ്കീര്‍ണ്ണമായൊരു കാര്യമാണ്. ഉപനിഷദ് കാലം മുതല്‍ തന്നെ ഭാരതീയര്‍ ഇതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ട്. അതൊക്കെ ഒരു കാവ്യാത്മകമായ ചിന്തയാണെങ്കില്‍ ബോധപൂര്‍വ്വം നുണ പറയുകയും നുണ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയും ജനാധിപത്യത്തിന്റെ അന്തസ്സത്തയെത്തന്നെ ചോര്‍ത്തിക്കളയുകയുമാണ് ചെയ്യുന്നത്. സത്യാനന്തരകാലം (Post truth age) എന്നു വിളിക്കുന്ന നമ്മുടെ കാലത്തെ പെരും നുണകള്‍ക്കെതിരെയുള്ള നാടകമാണ് കൊടുവള്ളി ബ്ലാക്ക് തിയേറ്റേഴ്സ് അവതരിപ്പിച്ച ജിനോ ജോസഫിന്റെ 'നൊണ.' സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ തുറന്നു കാട്ടുന്ന നാടകം ഫാസിസവും ഭരണകൂടവും പല രൂപത്തില്‍ ജനങ്ങളിലാകെ പിടിമുറുക്കുന്നതിന്റെ കാഴ്ചകളാണ് കാണിച്ചുതരുന്നത്. രാഷ്ട്രീയ നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ജിനോ ജോസഫ് മലയാള നാടകവേദിയില്‍ സജീവമാണ്. മത്തി, സുമേഷ്, പൊറോട്ട, ആരാച്ചാര്‍, ബീഡി തുടങ്ങിയ നാടകങ്ങള്‍ കേരളത്തിനകത്തും പുറത്തും രംഗാവിഷ്‌കാരം ചെയ്തുകഴിഞ്ഞു. കേരള സംഗീതനാടക അക്കാദമിയുടേതടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് ജിനോ ജോസഫ് അര്‍ഹനായി. ഇന്ത്യന്‍ നാടകവേദിയിലെ ഓസ്‌കര്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന മഹീന്ദ്ര എക്‌സലന്‍സ് ഇന്‍ തിയേറ്റര്‍ (META) ഈ വര്‍ഷത്തെ അവാര്‍ഡ് 'നൊണ'യ്ക്കാണ് ലഭിച്ചത്. മികച്ച നാടകം, മികച്ച സംവിധാനം, മികച്ച രംഗസംവിധാനം, മികച്ച ദീപ വിതാനം എന്നീ നാലിനങ്ങളില്‍ പുരസ്‌കാരം 'നൊണ' നേടിയെടുത്തു. പ്രേക്ഷകനുമായി സംവദിക്കാന്‍ കഴിയുന്നതാകണം നാടകം എന്ന പക്ഷക്കാരനായ ജിനോ ജോസഫ് തന്റെ നാടക സങ്കല്‍പ്പത്തേയും രാഷ് ട്രീയത്തേയും കുറിച്ച് സംസാരിക്കുന്നു. 
-----
പ്രമേയം, സാങ്കേതിക മികവ്, കഥാഘടന ഇവകൊണ്ടെല്ലാം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ നാടകമാണല്ലോ താങ്കളുടെ 'നൊണ.' അതിലെ പ്രധാന കഥാപാത്രം, കര്‍ഷകത്തൊഴിലാളിയായ ഗോവിന്ദന്‍, മകന്‍ പ്രശാന്തനോട് ചോദിക്കുന്ന ഒരു ചോദ്യം: ''ഒരു രാജ്യം വളരുന്നു എന്നത് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു പരസ്യത്തിന്റെ ആവശ്യമെന്ത്?'' എന്നത് കാലിക രാഷ്ട്രീയാവസ്ഥയിലേക്കല്ലേ വിരല്‍ചൂണ്ടുന്നത്?
തീര്‍ച്ചയായും. ഒരു key point ആണ് ആ ചോദ്യം. ഇതിവൃത്ത വികാസത്തിന്റേതെങ്കിലും എന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ആ ചോദ്യത്തിലുണ്ട്. നാട് വളരുന്നുവെങ്കില്‍ ആദ്യം തൊട്ടറിയുക നാട്ടിലെ ജനങ്ങളാണ്. ജനങ്ങള്‍ക്ക് അത് ഫീല്‍ ചെയ്യും. അത് പരസ്യം ചെയ്യേണ്ടതില്ല. പരസ്യത്തിലൂടെ 'ഇന്ത്യ തിളങ്ങുന്നു' എന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ തീര്‍ച്ചയായും മനസ്സിലാക്കാം, യാഥാര്‍ത്ഥ്യം മറ്റൊന്നാകുമെന്ന്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണത്.

മാധ്യമങ്ങളെ കൂട്ടുപിടിച്ചുകൊണ്ടുള്ള ഒരു വ്യാജനിര്‍മ്മിതിയല്ലേ ഇത്? യാഥാര്‍ത്ഥ്യം മറച്ചുവെക്കുക എന്നുള്ളത്  Post truth എന്ന പദംകൊണ്ട് വിശേഷിപ്പിക്കാമെന്ന് തോന്നുന്നു?
അതെ, ഇത് Post truth ആണ്. വ്യാജനിര്‍മ്മിതിയാണ്. യാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കാനുള്ള പ്രചാരണമാണ്. നിങ്ങള്‍ ചിന്തിക്കേണ്ടതെന്തെന്നും പറയേണ്ടതെന്തെന്നും ഇന്ന് മാധ്യമങ്ങളാണ് തീരുമാനിക്കുന്നത്. മാധ്യമങ്ങളുടെ അജന്‍ഡയാണത്. മാധ്യമങ്ങളെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാണല്ലോ വിളിക്കുക. വാസ്തവത്തില്‍ ഇന്ന് ഫസ്റ്റ് എസ്റ്റേറ്റ് തന്നെയാണ്. മീഡിയാ കാംപയിനിലൂടെ അജന്‍ഡ ഊട്ടിയുറപ്പിക്കപ്പെടുക എന്നത് അധികാരത്തിന്റെ തന്ത്രമാണ്.  മീഡിയകള്‍ സ്വതന്ത്രമല്ല. അതൊരു പറച്ചില്‍ മാത്രമാണ്. മാധ്യമങ്ങള്‍ സ്വാധീനവലയത്തിലാണ്. പക്ഷപാതം പ്രകടിപ്പിക്കുന്നവരാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാമത് കണ്ടതല്ലേ? മീഡിയകള്‍ വലിയ 'പ്രൊപ്പൊഗാന്‍ഡ' നടത്തുന്നു. ബോധപൂര്‍വ്വം ഉണ്ടാക്കുന്നു. എന്നിട്ടതിലേക്ക് ആളുകളെ എത്തിക്കുന്നു. എക്കാലത്തേയും ഫാസിസ്റ്റുകളുടെ രീതിയാണത്. സത്യം പറയാതിരിക്കുക... നുണകള്‍ പ്രചരിപ്പിക്കുക.
'ഗീബല്‍സിയന്‍ തന്ത്രം' എന്നതുതന്നെ നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതാണല്ലോ... വളരെ 'പോസിറ്റീവ്' ആയാണ് ഇവര്‍ കാര്യങ്ങള്‍ പറയുക.

നൊണയില്‍ നിന്നുള്ള ദൃശ്യം
നൊണയില്‍ നിന്നുള്ള ദൃശ്യം

ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായി ഗോവിന്ദന്‍ എന്ന തൊഴിലാളിയുടെ വീട്ടുമുറ്റത്ത് മകന്‍ പ്രശാന്തന്‍ ഇന്ത്യയുടെ ഭൂപടം വരച്ചിരുന്നു. നാടക സംഘര്‍ഷമായി പിന്നീട് പരിണമിക്കുന്നതും ആ ഭൂപടമാണല്ലോ?
നാടകത്തിലെ ഭൂപടം, ഒരു ഗ്ലോബല്‍ പൊളിറ്റിക്‌സ് പറയാന്‍ വേണ്ടിയാണ്. അല്ലെങ്കില്‍ അത് 'തിയട്രിക്‌സ്' ആകില്ല. അപ്രസക്തവുമാകും. ഭൂപടമല്ല; അതിരുകളാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഭൂപടത്തിന് അതിരുകള്‍ ഇല്ലാതിരുന്ന കാലത്തെ സ്വാതന്ത്ര്യം അതിരുകള്‍ നിശ്ചയിക്കപ്പെട്ടപ്പോള്‍ നഷ്ടമാകുന്നു. ആ മുറ്റത്ത് ഇടപെടാനുള്ള അയല്‍ക്കാരുടെ സ്വാതന്ത്ര്യം നഷ്ടമാകുന്നു. മനുഷ്യര്‍ക്കു മാത്രമല്ല ''കൂവ്വ്വേം പറക്ക്വേം ചെയ്യുന്ന''വര്‍ക്കും സ്വാതന്ത്ര്യം നഷ്ടമാകുന്നു. അതിരിന് അപ്പുറവും ഇപ്പുറവും ഉണ്ടാകുന്നു. അതിരുകള്‍ മനസ്സിനകത്തും വേലി കെട്ടുന്നു. അതിരുകള്‍ ഒരു 'ഗ്ലോബല്‍ ഇഷ്യു' ആയി വളരുകയാണ്. ആ ഇഷ്യു സ്വന്തം വിട്ടുമുറ്റത്തും എത്തുകയാണ്. ഈയൊരു കാര്യം മറ്റൊരു ഇമേജ്വെച്ച് പറയാന്‍ കഴിയില്ല. അതിരുകളാണല്ലോ 'ദേശീയത' സൃഷ്ടിക്കുന്നത്. ദേശീയത, ദേശീയ ബോധം, ദേശീയ പതാക ഇത്തരം വികാരങ്ങള്‍ കടന്നുവരുന്നത് എങ്ങനെയാണെന്നു പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. നാടകത്തിലെ പ്രശ്‌നവല്‍ക്കരണമാണത്. ഗോവിന്ദന്റെ പ്രിയപ്പെട്ട അയല്‍ക്കാരനായ സുലൈമാനിക്ക... ''ഇനീപ്പം ഞാളൊക്കെ ഈടന്ന് നാട് വിട്ടുപോകേണ്ടിവര്വോ'' എന്ന് ഹൃദയവ്യഥയോടെ പറയുന്നിടം വരെ മനുഷ്യര്‍ തമ്മിലെ വേര്‍തിരിവ് എത്തിനില്‍ക്കുകയാണ്.

പ്രൊജക്ട് ഏറ്റെടുത്തു കഴിയുമ്പോഴുള്ള പ്രശാന്തന്റെ മാറ്റവും പ്രാധാന്യമുള്ളതാണ്. ഒരു ശരാശരി ചെറുപ്പക്കാരന്റെ താല്‍പ്പര്യത്തില്‍നിന്ന് അവന്‍ അതിവേഗം മാറുകയാണല്ലോ?
അതേ. ഈ മാറ്റം നാട്ടില്‍ ചെറുപ്പക്കാര്‍ക്ക് വന്നുകൊണ്ടിരിക്കുന്നു. നമ്മളത് കാണണം. 'പ്രൊജക്ട്' ആദ്യം പ്രതീക്ഷ സൃഷ്ടിക്കുന്നു. ഭരണകൂടത്തിനു വേണ്ടിയാണത്. തൊഴില്‍, കൂലി... ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? പ്രശാന്തന്‍ കുശാഗ്രബുദ്ധിക്കാരനാണ്. അച്ഛന്‍, അമ്മ, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, കൂടെ പഠിച്ച് വളര്‍ന്നവള്‍... ഇവരെല്ലാം അവന് അന്യരായിത്തീരുന്നു. അവനില്‍ മാറ്റം വരികയാണ്. അതോടെ പ്രൊജക്ടിന്റെ ലക്ഷ്യം മാറുകയാണ്. പ്രൊജക്ട് തന്നെ ഒരു നുണയായിരുന്നല്ലോ?
ഒരു Ioslated Society സൃഷ്ടിക്കുക, വര്‍ഗ്ഗീയ ധ്രുവീകരണം വളര്‍ത്തുക തുടങ്ങിയ നിഗൂഢ ലക്ഷ്യത്തിലേക്കാണ് അത് അവനെ നയിക്കുന്നത്... അതുകൊണ്ടുകൂടിയാണ് ''ഇതിന്റെ ക്ലൈമാക്‌സില്‍ കലാപമായിരിക്കുമെന്ന്'' അവന്‍ പറയുന്നതും.

'നൊണ'യിലെ 'മജീഷ്യന്‍' എന്ന കഥാപാത്രം-താങ്കള്‍ പറഞ്ഞ ''ചെയ്യിക്കുന്ന കൂട്ടുകെട്ടിന്റെ'' ബിംബമല്ലേ? 
തീര്‍ച്ചയായും - നിഗൂഢമായ അജന്‍ഡകള്‍ നാടകത്തിലെ മജീഷ്യനില്‍നിന്നാണ് ജനിക്കുന്നത്. നമ്മുടെ രാജ്യത്തെ മീഡിയ ചെയ്യുന്നതും അതല്ലെ?

'നാടകഗതിയിലെ twist' ആണ് കണ്‍കെട്ടുകാരന്‍...?
ശരിയാണ്... പറഞ്ഞു പറഞ്ഞ് വലിയവനാക്കുക. അസാമാന്യനാക്കി മാറ്റുക... അഥവാ ഒരു ഇമേജ് സൃഷ്ടിക്കുക... ഇതെല്ലാം വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമല്ലേ? ''ആളുകള്‍ കണ്ടുകണ്ടാണ് പുഴകള്‍ ഇതിഹാസമായത്'' എന്ന കെ.ജി. ശങ്കരപ്പിള്ളയുടെ കവിതയാണ് ഓര്‍മ്മവരുന്നത്. മീഡിയയിലൂടെ ഉയര്‍ത്തിക്കാട്ടുക,  നുണകളിലൂടെ പ്രചരിപ്പിക്കുക, ഇമേജ്വല്‍ക്കരണം - ഫാസിസത്തിന്റെ രീതി ഇങ്ങനെയൊക്കെയാണ്. 
നോട്ട് നിരോധനം സമയത്ത് നമ്മുടെ പ്രധാനമന്ത്രി നടത്തിയ വൈകാരിക പ്രസംഗം ഓര്‍ത്തുനോക്കൂ. ''നിങ്ങളെന്നെ ചുട്ടുക്കൊന്നോളു എന്നാണ് പറഞ്ഞത്. ഇതൊരു പ്രകടനമാണ്. ശരീരഭാഷയിലൂടെ അമാനുഷികത സൃഷ്ടിക്കലാണ്. ഹിറ്റ്ലര്‍ മറ്റൊരു ഉദാഹരണമായി ചരിത്രത്തിലുണ്ടല്ലോ. 'പൈഡ് പൈപ്പറിന്റെ' കഥയിലെന്നപ്പോലെ ജനങ്ങളെ തന്നിലേക്ക് ആവാഹിച്ചെടുക്കുക; പിന്നെ അറിയാലോ എങ്ങോട്ടാണ് നയിക്കപ്പെടുന്നതെന്ന്? അസത്യം സത്യമാണെന്നു വിശ്വസിപ്പിക്കുന്ന കല കൂടിയാണ് രാഷ്ട്രീയം. കാലിക രാഷ്ട്രീയം പ്രത്യേകിച്ചും. സമൂഹത്തെ ചലനാത്മകമാക്കല്‍ ഫാസിസത്തിന്റെ മറ്റൊരു രീതിയാണ്. ബീഫ് നിരോധനം മറ്റൊരു പ്രശ്‌നത്തിലേക്കുള്ള വഴിയായിരുന്നു. വിഭാഗീയത എത്ര എളുപ്പം സാധ്യമാക്കി എന്നു നോക്കുക. മാജിക്കലായിട്ടാണ് ഓരോ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത്. പിന്നീടതിന്റെ ആഘാതം നിരീക്ഷിക്കപ്പെടുന്നു.  അങ്ങനെ കാര്യങ്ങള്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നു. ചിലത് പിന്‍വലിക്കും, ചിലത് ആവര്‍ത്തിക്കും. വലിയ ചെറുത്തുനില്‍പ്പുകൊണ്ടേ ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയൂ. ഇന്ത്യന്‍ ജുഡീഷ്യറി പോലും ഭീഷണിയുടെ നിഴലിലല്ലേ?

ചലനാത്മകത താങ്കളുടെ നാടകത്തിലെ ഒരു പ്രത്യേകതയാണ്. പുതിയൊരു ദൃശ്യബോധത്തിനായുള്ള ശ്രമം ഉണ്ട്?
ചലനം, ചലനാത്മകത എന്റെ രീതിയാണ്. Stand Still എനിക്കിഷ്ടമല്ല. വന്നുപോയ്ക്കൊണ്ടിരിക്കുന്ന ഗ്രാമക്കാഴ്ചകളാണ് 'മത്തി'യില്‍ കാണിച്ചിട്ടുള്ളത്. 'സുമേഷില്‍' - rounded platform കറങ്ങിക്കൊണ്ടിരുന്നു. 'ആരാച്ചാരില്‍' ഡയസ് തിരിഞ്ഞുകൊണ്ടിരുന്നു. എന്റെ നാടകത്തിലെ 'മൊണ്ടാഷ്' ആണത്. ഒരു തരം ഫ്‌ലോ. അതുവഴി ജമ്പിംഗ് ഒഴിവാക്കപ്പെടുന്നു. സീന്‍സെറ്റിംഗ് എന്നത് സാഹസപ്രവൃത്തിയാണല്ലോ. പ്രേക്ഷകര്‍ക്ക് ഈ രീതി ഇഷ്ടമാണ്. നാടക പ്രേക്ഷകര്‍ മറ്റു മീഡിയകളുടെ സ്വാധീനവലയത്തില്‍നിന്നും വരുന്നവര്‍ തന്നെയാണ്, ഉയര്‍ന്ന ദൃശ്യബോധം ഉള്ളവരാണവര്‍, കാലത്തിനൊത്ത് നാടകവും മുന്നേറിയേ പറ്റൂ. കാലത്തെ പഴിപറഞ്ഞിട്ട് കാര്യമില്ല. ദൃശ്യഭാഷയില്‍ പരീക്ഷണങ്ങള്‍ വേണം. രൂപപരമായ മാറ്റം ആലോചിക്കണം, രാഷ്ട്രീയം പറയുന്നതാകണം നാടകം. പക്ഷേ, വളരെ പരുക്കനായി പറഞ്ഞാല്‍ ആരും കേട്ടിരിക്കില്ല. ജനറേഷനെ തിരിച്ചറിയണം. അവരോട് സംവദിക്കത്തക്ക ശൈലി ആവശ്യമാണ്. എല്ലാ കലക്കും എന്നപോലെ, കലാപരത നാടകത്തിനും അനിവാര്യമാണ്. നാടകത്തെ പ്രേക്ഷകസൗഹൃദ കലയാക്കണം.

നാടകം നേരിടുന്ന വെല്ലുവിളി ഏതെന്ന ചോദ്യത്തിനു കാഴ്ചയുടെ നവീകരണം എന്ന ഉത്തരം ശരിയാണോ?
ശരിയാണ്. പുതിയ ദൃശ്യരീതി അനിവാര്യമാണ്. ദൃശ്യഭാഷ, ശൈലി എന്നിവയില്‍ പുതുഭാവുകത്വം വന്നേ പറ്റൂ. കണ്ട് പരിചയിച്ച രീതി ഉപേക്ഷിക്കപ്പെടണം. ചാരുകസേര നാടകങ്ങളുടെ കാലം അസ്തമിച്ചുകഴിഞ്ഞു. പ്രേക്ഷകരെ നിലനിര്‍ത്തുക എന്നത് നാടകക്കാരുടെ സാമൂഹ്യബാധ്യതയാണ്. അപ്പോള്‍ അവരെ ആകര്‍ഷിക്കാനുള്ള ഘടകങ്ങള്‍ നാടകത്തില്‍ ഉണ്ടാകണം. Flavours ചേര്‍ക്കപ്പെടണം. എങ്കിലേ പ്രേക്ഷകന്റെ സ്വീകാര്യത ഉണ്ടാകൂ. പ്രേക്ഷകനു വേണ്ടാത്ത നാടകം എന്തിനു പടച്ചുണ്ടാക്കണം? സ്വീകാര്യത കൈവരുമ്പോള്‍ നമുക്ക് നമ്മുടെ പൊളിറ്റിക്‌സ് പറയാം, സംവാദങ്ങള്‍ ആകാം. 

'നൊണ'യിലെ അമ്മ പ്രേക്ഷക സ്വീകാര്യത നേടിയെടുത്ത ശക്തമായ കഥാപാത്രമായി നിലകൊള്ളുന്നു. അമ്മ ഓരോ പ്രേക്ഷകന്റേയും മനസ്സായി മാറുകയാണ്?
മകനില്‍ കേന്ദ്രീകൃതമായ നാടകം അന്ത്യത്തോട് അടുക്കുമ്പോള്‍ മാത്രമാണ് അമ്മയിലെത്തുന്നത്. സത്യത്തിന്റെ ശരിയുടെ വീണ്ടെടുപ്പ് അമ്മയിലൂടെയാണ് സാധ്യമാകേണ്ടത്. ജീവിച്ചിരിപ്പില്ലാത്ത സ്വന്തം അച്ഛനെ തള്ളിപ്പറയുന്നുണ്ടല്ലോ പ്രശാന്തന്‍. അച്ഛന്‍ കടം ഉണ്ടാക്കിവെച്ചെന്നും ജീവിതഭാരം തന്റെ തലയില്‍ മറിച്ചിട്ടെന്നും അവന്‍ കുറ്റപ്പെടുത്തുന്നു. ആ കടം വീട്ടാന്‍ അവനമ്മയോട് പറമ്പിന്റെ ആധാരം ആവശ്യപ്പെടുന്നു. അകത്തെ ഇരുമ്പു പെട്ടിയില്‍ സൂക്ഷിച്ചുവെച്ച ആധാരം ആവശ്യപ്പെടുന്നതിനു മുന്‍പുതന്നെ വീടും പറമ്പും വില്‍ക്കാനുള്ള സംവിധാനം അവനുണ്ടാക്കിയിരുന്നു. മകന്റെ ദുഷ്ചെയ്തികളുടെ ആഴം അപ്പോഴാണ് അമ്മ തിരിച്ചറിയുന്നത്.

നാടകം വെറും കളിയല്ലെന്ന കാര്യം കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് പല നാടകങ്ങളും. നിലവിലെ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോട് സത്യസന്ധമായി പ്രതികരിച്ച, ശക്തമായ നാടകങ്ങള്‍ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നു? ദ ക്യാബിനറ്റ് ഓഫ് ഡോ. കാലിഗരി, മരണ മാച്ച്', ചില്ലറ സമരം, ഇപ്പൊഴിതാ നൊണയും. ഇതിനു പിന്തുടര്‍ച്ച ഇനിയുമുണ്ടാകും?
പ്രതീക്ഷയുടെ കാലമാണിതെന്നതില്‍ സംശയമില്ല. ഫലവത്തായ നാടകം, ടിക്കറ്റിനായ് ക്യൂ നില്‍ക്കുന്ന പ്രേക്ഷകന്‍, ഇതൊക്കെ പ്രതീക്ഷയാണ്. പ്രതിരോധം, ചോദ്യം ചെയ്യല്‍, കലയുടെ ആവിഷ്‌കാരങ്ങള്‍, ഇതിനെയൊക്കെ വല്ലാതെ ഭയക്കുന്ന ചിലരുണ്ട്. കൂട്ടായ്മയെ ഭയക്കുന്നു, ചിന്തയെ ഭയക്കുന്നു, വിമര്‍ശനങ്ങളെ ഭയക്കുന്നു, ഭയം ഭീരുവിന്റെ ലക്ഷണമാണ്. ഇരുട്ടിനെ ഇഷ്ടപ്പെടുന്നവരാണ് ഭീരുക്കള്‍. ഇരുട്ടിന്റെ മറവില്‍ നിന്നുകൊണ്ട് സത്യത്തിന്റെ വെളിച്ചത്തെ കെടുത്തിക്കളയാമെന്നു വിചാരിക്കുന്നു. ഗൗരി ലങ്കേഷിനെപ്പോലുള്ളവരുടെ ദുരന്തം അതാണ് വിളിച്ചുപറയുന്നതും. ഫാസിസത്തെ അംഗീകരിക്കാനാവില്ല ഒരു കലാകാരനും. അതുകൊണ്ടുതന്നെ, പ്രതിരോധത്തിന്റെ ആവശ്യം തിരിച്ചറിയപ്പെടുന്നുമുണ്ട്. കവിക്കും ചിത്രകാരനും എഴുത്തുകാരനും നാടകക്കാരനും ആ തിരിച്ചറിവുണ്ട്. എന്റെ രാഷ്ട്രീയബോധവും അവബോധവുമാണ് എന്റെ നാടകം. കപട ദേശീയതകൊണ്ട് എന്റെ ചിന്തകളെ പണയം വെക്കാന്‍ ഞാനില്ല. I am a Global Citizen എന്ന് ചാര്‍ളിചാപ്ലിന്‍ ഈ ലോകത്തോട് വിളിച്ചുപറഞ്ഞതുതന്നെയാണ് എനിക്കും ആപ്തവാക്യം. 

നാടകാന്ത്യത്തില്‍ ഭൂപടത്തിന്റെ അതിരുകള്‍ മായ്ക്കുന്നതായി കാണാം. അതിരുകളില്ലാത്ത ലോകം, യാഥാര്‍ത്ഥ്യമാകണമെന്നല്ലേ...?
അതെ. അതിരുകള്‍ ഭരണകൂട നിര്‍മ്മിതിയാണ്. അതിരുകള്‍ ഇല്ലാതാകുന്ന ലോകം നമ്മുടെ പ്രതീക്ഷയാണ്. സ്വപ്നമാണ്. അതിരുകള്‍ മായ്ക്കപ്പെട്ടശേഷം അരങ്ങില്‍ തെളിയുന്നത് കാല്‍പ്പാടുകളാണ്. നിഷ്‌കളങ്കരായ, കലര്‍പ്പില്ലാത്ത കൂട്ടായ്മക്കായി ത്യാഗപ്പെട്ടവരുടേതാണ് ആ കാല്‍പ്പാടുകള്‍. ഭൂപടം നിര്‍മ്മിക്കപ്പെടേണ്ടത് കല്ലുകളാലല്ല; കാല്പാടുകള്‍ കൊണ്ടാണ് എന്നു പറയാതെ പറയുകയാണ് ചെയ്തത്. പറഞ്ഞകാര്യമാണ്; ഒന്നുകൂടി പറയട്ടെ, അടിച്ചേല്‍പ്പിക്കുന്ന ദേശീയത അംഗീകരിക്കാന്‍ നമുക്കാവില്ല. 

ഒരു നാടക ചര്‍ച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് നാടക പ്രവര്‍ത്തക സജിത മഠത്തില്‍ ചോദിച്ച ചോദ്യം ഓര്‍മ്മയില്‍ വരുന്നു. ''നാടകം കാണുന്നതിനായി യാത്ര ചെയ്യുന്നവരും ടിക്കറ്റെടുത്ത് നാടകം കാണാന്‍ തയ്യാറാകുന്നവരും നിങ്ങളില്‍ എത്രപേരുണ്ട്'' എന്നായിരുന്നു അവരുടെ ചോദ്യം. ഇന്ന് ഏറെക്കുറെ അത്തരമൊരു സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്?
നാടകത്തിന്റെ കാര്യത്തില്‍ വളരെ പോസിറ്റീവ് ആയ സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തെ ഉപയോഗിക്കാന്‍ നാടകക്കാര്‍ക്ക് കഴിയണം. വലിയ ശ്രമം വേണം. നാടകം കണ്ട് ഇഷ്ടപ്പെട്ടാലേ മറ്റൊരു നാടകം കാണാന്‍ സാധാരണ പ്രേക്ഷകര്‍ തയ്യാറാകൂ. പ്രേക്ഷക സങ്കല്‍പ്പത്തെ തകര്‍ക്കുന്നത് ആകരുത് നാടകം. നല്ല നാടകം ഉണ്ടാകണമെങ്കില്‍ നന്നായി അദ്ധ്വാനിക്കണം, ലളിതമല്ലത്. പുതിയ രീതികള്‍, സങ്കേതങ്ങള്‍, ആലോചന, പഠനം. ഇതൊക്കെ ഉണ്ടാകണം. ആവര്‍ത്തനം അരോചകമായിത്തീരും, ശുഭസൂചനകള്‍ വന്നുകഴിഞ്ഞു. സമീപഭാവിയില്‍ നാടകം സിനിമയെ അതിജീവിക്കുമെന്ന വിശ്വാസമാണ് എനിക്കുള്ളത്. വിദേശങ്ങളില്‍ എന്നപോലെ, നാടക തിയറ്ററിനു മുന്നില്‍ നാടകം ഇഷ്ടപ്പെടുന്നവര്‍ ക്യൂ നില്‍ക്കുന്ന കാലം വരാതിരിക്കില്ല. 

ജിനോ നാടകങ്ങള്‍ രൂപപ്പെടുത്തുന്ന രീതി എങ്ങനെയാണ്?
ഞാന്‍ അക്കാദമിക്കായി പരിശീലനം നേടിയിട്ടില്ല. എന്നിലെ നാടകക്കാരനെ വളര്‍ത്തിയത് തുറന്ന വായനയും ആസ്വാദനവുമാണ്. സ്‌കൂള്‍ ഓഫ് ഡ്രാമ പോലുള്ള സ്ഥാപനങ്ങള്‍ എനിക്ക് അപ്രാപ്യമായിരുന്നു. എന്നാല്‍, നാടക വിദ്യാര്‍ത്ഥികള്‍ അത്തരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പുസ്തകങ്ങളും പഠനങ്ങളും ശ്രദ്ധയോടെ വായിക്കുന്ന ശീലം എനിക്കുണ്ട്. നിരീക്ഷണം പ്രധാനമാണ്. ഡയലോഗല്ല ഡ്രാമ. ജീവിതവുമായി അതിനു ബന്ധം വേണം. കാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. ചിലപ്പോള്‍ ഒരു യാത്രക്കിടയില്‍, വായനക്കിടയില്‍ എന്നില്‍ ഒരു നാടകം ഉണ്ടായിവരുന്നു എന്നേ പറയാന്‍ പറ്റൂ. എഴുതിവെക്കുക, പറയിപ്പിക്കുക എന്നത് എന്റെ രീതിയല്ല. നടന്‍ കഥാപാത്രത്തെ ആദ്യം ഉള്‍ക്കൊള്ളണം. ചിലപ്പോള്‍ അയാള്‍ പറയേണ്ടുന്ന ഡയലോഗുകള്‍ നടനില്‍നിന്നുതന്നെ സ്വയം ഉണ്ടായി എന്നും വരാം. അതൊരു പരീക്ഷണമാണ്. ഞാനതില്‍ വിജയിച്ചിട്ടുണ്ട്.

താങ്കളെ പരീക്ഷണ നാടകങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ കാരണമായ നാടകക്കാരും നാടകങ്ങളും ഉണ്ടാകുമല്ലോ?
നാടകങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ട്. പഠിക്കുന്ന കാലം പി.എം. ആന്റണി സാറുമായുള്ള സഹവര്‍ത്തിത്വം, സൈക്കിള്‍ ചവിട്ടിപ്പോയി തെരുവിലും വീട്ടുമുറ്റത്തുമൊക്കെ നാടകം കളിച്ചത്. ഇതിലേതാണ് എന്നിലെ നാടകക്കാരനെ ഉണര്‍ത്തിയതെന്ന് പറയാന്‍ വയ്യ. എന്റെ നാട് (ഇരിട്ടി) നാടകത്തിനു പരുവം വന്ന മണ്ണായിരുന്നില്ല. ജനങ്ങള്‍ക്ക് പ്രധാനം കൃഷി, റബ്ബര്‍, മരച്ചീനി ഇതൊക്കെയായിരുന്നു. ശ്രദ്ധേയമായ നാടകം കാണാനോ ആസ്വദിക്കാനോ അവസരവും ഉണ്ടായിരുന്നില്ല. പിന്നീടെപ്പോഴോ അശോകന്‍ കതിരൂരിന്റെ നാടകങ്ങള്‍ക്കു പിന്നാലെയായി. എന്റെ 'റോള്‍ മോഡല്‍' അശോകന്‍ സാര്‍ ആണെന്നു പറയാനാണ് എനിക്കിഷ്ടം. നാടകത്തിന്റെ കെമിസ്ട്രി അദ്ദേഹമാണ് എന്നില്‍ വളര്‍ത്തിയത്. ജീവിതമുള്ള നാടകവും നാടകത്തിനുള്ളിലെ ടെക്നോളജിയും അദ്ദേഹത്തിലൂടെയാണ് പരിചയിക്കുന്നത്. പ്രൊഫഷണല്‍ നാടകത്തില്‍നിന്ന് അമേച്ച്വറിലേക്കുള്ള മാറ്റം അതോടെയാണ് ഉണ്ടാകുന്നത്.  അതോടെ കണ്ടതൊന്നും നാടകമല്ലെന്നു ബോധ്യമാവുകയായിരുന്നു. എന്‍. ശശിധരന്‍, എന്‍. പ്രഭാകരന്‍, സുവീരന്‍ എന്നിവരുടെ നാടകങ്ങളെ വല്ലാതെ ഇഷ്ടപ്പെട്ടതും പി.എം. താജിന്റെ നാടകങ്ങളുടെ ഉള്‍ക്കാമ്പ് കണ്ട് അദ്ഭുതപ്പെട്ടതും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com