കാറ്റില്‍ പാറുന്ന മുടിയിഴകള്‍

By ശ്രീലത രാകേഷ്   |   Published: 07th December 2018 05:20 PM  |  

Last Updated: 07th December 2018 05:20 PM  |   A+A-   |  


 

നിക്കൊരു സുഹൃത്തുണ്ട്. 'മിഥു' എന്നു ഞങ്ങളൊക്കെ വിളിക്കുന്ന 'മിഥുന്‍'. പത്തു വര്‍ഷത്തേക്കപ്പുറം നീണ്ടുകിടക്കുന്ന സൗഹൃദം. സൗഹൃദത്തെ ഞാന്‍ 'സൗഹൃദം' എന്നു മാത്രമേ അടയാളപ്പെടുത്താറുള്ളൂ എന്നു പറഞ്ഞോട്ടെ... ആണെന്നും പെണ്ണെന്നും വേര്‍തിരിക്കാറില്ല. ഇതു പക്ഷേ, 'വെറും സൗഹൃദം' എന്നുമാത്രം എനിക്ക് പറഞ്ഞുതീര്‍ക്കാന്‍ വയ്യ. 
ഇത്രയധികം ഞാന്‍ ഹൃദയംകൊണ്ട് സംസാരിച്ചിട്ടുള്ള മറ്റൊരാളില്ല. ഇത്രയധികം എന്റെ വട്ടുകള്‍ക്ക് ചെവി തന്നിട്ടുള്ള മറ്റൊരാളില്ല.
അവനാണെനിക്ക് ആര്‍.സി.സിയിലേക്കുള്ള ആദ്യത്തെ യാത്രയില്‍, വിഷുദിനത്തില്‍ 'ഹാപ്പി വിഷു' ആശംസിച്ചത്.
ആര്‍.സി.സിയിലെ എന്റെ ആദ്യത്തെ പകലിനുശേഷം ''മിഥു, കാന്‍സര്‍ ആണ്'' എന്നു ഞാന്‍ കാരിരുമ്പുപോലെ പറഞ്ഞപ്പോള്‍ വാക്കുകളില്ലാതെ പതറി.
''ശ്രീ, ഞാന്‍ കുറച്ചു കഴിഞ്ഞു വിളിക്കാം'' എന്നു പറഞ്ഞു ഫോണ്‍ വച്ചു.
അവനോടാണ് ഞാന്‍ ''എനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു'' എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞത്.
അവനാണ് ഏറ്റവും അധികം ആഴത്തില്‍ എന്നില്‍ സൗഹൃദം അടയാളപ്പെടുത്തിയതും.
അവന്‍ ഒരു പുലര്‍ച്ചെ വണ്ടിക്ക് പയ്യന്നൂര്‍നിന്നും കയറി അങ്കമാലിക്ക് വന്നു. കൊണ്ടു വന്നു തന്നത് നിറയെ സിനിമകളായിരുന്നു. ഇത്തിരിപ്പോന്ന സമയത്തില്‍ കുറച്ചു വിശേഷങ്ങള്‍ പങ്കുവച്ചു. വാക്കുകള്‍ പക്ഷേ, കുറവായിരുന്നു.
കുറേയേറെ സിനിമകള്‍ പകര്‍ത്തിത്തന്ന് ഉച്ച വണ്ടിക്ക് തിരിച്ചുപോയി.
ചിലപ്പോള്‍ ആലോചിക്കാറുണ്ട്. അവനെന്തിനാണ് എന്നെ കാണാന്‍ വേണ്ടി മാത്രം അത്രയും ദൂരം, ഒരു ദിവസം പത്ത് മണിക്കൂറിലേറെ യാത്ര ചെയ്തത് എന്ന്? ചില ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല.
ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയം നനയും.
ശരിക്കും, നമുക്ക് വേണ്ടിമാത്രം ഒരാള്‍ എന്തെങ്കിലും ഒന്നു ചെയ്യുക എന്നത് വല്ലാത്തൊരു അനുഭവമാണ്.
മിഥു, നീയെന്റെ ഹൃദയത്തെ തൊട്ട അനേകം നിമിഷങ്ങളില്‍ ഒന്നാണ് ആ ദിവസം!
അത് അങ്ങനെ സിനിമകളുടെ മാസമായി നിറയെ സിനിമകള്‍ കണ്ടു!
നുറുങ്ങു തമാശകള്‍... ജീവിതത്തോടും രോഗാവസ്ഥയോടും പാര്‍ശ്വഫലങ്ങളോടും ഒക്കെയുള്ള സമരസപ്പെടലുകള്‍...
എന്റെ ജീവിതത്തില്‍ ഞാനത്രയധികം വെറുതെയിരുന്ന നാളുകള്‍ ഉണ്ടായിട്ടില്ല. പഠനം കഴിഞ്ഞപ്പോള്‍ വീണ്ടും പഠനം, കല്യാണം...
തനിച്ചായെന്ന തോന്നലുണ്ടായപ്പോള്‍ തുടര്‍ച്ചയായി എഴുതി. ഹൃദയം അപ്പാടെ ഡയറിത്താളുകളിലേക്ക് കുടഞ്ഞിട്ടു. പിന്നൊരിക്കല്‍ അവയൊക്കെ കുനുകുനെ കീറിക്കളഞ്ഞു.
ചില ചിരി നിമിഷങ്ങളില്‍ വേദനകള്‍ മറന്നു.
കാന്‍സര്‍ ഒഴിഞ്ഞുനിന്ന നേരങ്ങളായിരുന്നു അതൊക്കെ.
എന്റെ ചെറിയൊരു തത്ത്വശാസ്ത്രം പറയട്ടെ ഞാന്‍...?
നിന്റെ മേലെ ഞാന്‍ വിജയിച്ചു എന്ന് ആരെങ്കിലും പറയുന്നു എന്നു കരുതുക. നിവര്‍ന്നുനിന്ന്, തലയുയര്‍ത്തി, മുഖത്തേയ്ക്ക് നോക്കി, കണ്ണുകളില്‍ നോട്ടം കൊരുത്ത്, മധുരമായി, സന്തോഷമായി, സ്‌നേഹത്തോടെ പുഞ്ചിരിക്കുക, ആ നിമിഷം എതിരാളി തോല്‍ക്കും. ആരായിരുന്നാലും !
കഴിയുമെങ്കില്‍ ആഹ്ലാദത്തോടെ ചിരിക്കുക. ഉത്സാഹത്തോടെ പൊട്ടിച്ചിരിക്കുക, നമുക്ക് മേലെ പിന്നീട് ആരും വിജയിക്കുകയില്ല!
കീമോ മരുന്നുകള്‍ വേദനിപ്പിക്കും, ശാരീരികവും മാനസികവുമായി അതു നമ്മളെ തകര്‍ത്തു കളയും. പക്ഷേ, അതില്‍നിന്നു ഒഴിഞ്ഞുനില്‍പ്പില്ല. അതു ജീവിതത്തിന്റെ തന്നെ ഭാഗമാവും. വേദനയ്ക്ക് ഇടയ്ക്ക് ഓരോ ഇന്‍ജക്ഷന്‍, വേദനാസംഹാരികള്‍, ഇടയ്ക്കുള്ള രക്തപരിശോധന... അത്രയേ ഉള്ളൂ... സമരസപ്പെടേണ്ടവയോടു സമരസപ്പെട്ടേ മതിയാവൂ...
ചിലപ്പോള്‍ ജീവിതം സമരസപ്പെടലുകളുടേതു കൂടിയാണ്...!
കീമോത്തെറാപ്പി വാര്‍ഡ് പല വികാരങ്ങളുടേയും നിസ്സഹായതയുടേയും നേര്‍ക്കാഴ്ചകളായിരുന്നു.
നീണ്ട കാത്തിരിപ്പിനു ശേഷം വാര്‍ഡില്‍ കയറുമ്പോള്‍ ഒരു ശാന്തതയാണ് തോന്നുക. ഒരു സ്വാസ്ഥ്യം. എത്തേണ്ടിടത്ത് എത്തി എന്നൊരു ആശ്വാസം.
പക്ഷേ, ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ നമ്മുടെ ചങ്ക് തകര്‍ത്തുകളയും. അന്യഗ്രഹ ജീവികളെപ്പോലെ, അടിമുടി സുതാര്യമായ ഒരു പുറം കുപ്പായത്തില്‍ മൂടി, കൈയില്‍ മരുന്നുകളടുക്കിയ ട്രേയുമായി 'മാലാഖമാര്‍' നടന്നടുക്കുമ്പോള്‍ത്തന്നെ അവര്‍ കരഞ്ഞുതുടങ്ങും. അവരുടെ കണ്ണില്‍ 'മാലാഖമാര്‍' അല്ലല്ലോ, സൂചി വച്ച് വേദനിപ്പിക്കാന്‍ വരുന്ന 'പിശാചുക്കള്‍' ആണല്ലോ... അലറിക്കരയുന്ന ആ മക്കളാണ് കീമോത്തെറാപ്പി വാര്‍ഡിന്റെ വേദന.
ഓ... ദൈവമേ, നീ അങ്ങനെയൊന്നും ചെയ്യരുതായിരുന്നു.
പിന്നെ, ഭയം, വേവലാതി, കണ്ണീര്...
ജീവിതം ഒരു മുറിക്കുള്ളില്‍ കുറേയേറെ പാഠങ്ങള്‍ കൂട്ടിവച്ച് അതിനു 'കീമോത്തെറാപ്പി വാര്‍ഡ്' എന്നു പേരിട്ടിരിക്കുകയാണെന്നു തോന്നും. ചിലതൊക്കെ, മൂല്യമേറിയതും ആഴമേറിയതും പഠിച്ചത് അവിടെനിന്നു തന്നെയാണ്.
കണ്മുന്നില്‍ ഒരു ജീവന്‍ പൊലിഞ്ഞതും നിസ്സാരത ബോധ്യമായതും ആര്‍.സി.സിയില്‍നിന്നു തന്നെയാണ്.
ഒരുപക്ഷേ, അതൊക്കെയായിരുന്നിരിക്കാം പാഠ്യപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍...!
സിനിമകളുടെ മാസം കഴിഞ്ഞു. ഇനിയൊരു കീമോ കൂടി ബാക്കിയുണ്ട്.
അത് അടുത്ത മാസമാണ്...

സെപ്തംബര്‍-ഒരു ദുരിതകാലത്തിന്റെ അവസാനം
അവസാനത്തെ കീമോത്തെറാപ്പിയും കഴിഞ്ഞു. 
കാഴ്ചയില്‍ ഞാനൊരു രോഗിയായി മാറി.
കണ്‍പുരികങ്ങളും പീലികളും പോലും പൊഴിഞ്ഞു.
തല ഒന്ന് വടിച്ച് വെടിപ്പാക്കണം.
എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ചേട്ടന്‍ പറഞ്ഞത്, ''ചേട്ടന്‍ ശരിയാക്കിത്തരാം'' എന്ന്.
എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.
പക്ഷേ, കോളേജ് കഴിഞ്ഞുവന്ന ഒരു വൈകുന്നേരം ഷേവിംഗ് സെറ്റെടുത്ത് ചേട്ടന്‍ വിളിച്ചുപറഞ്ഞല്ലോ, അതു ചേച്ചിയുടെ ഭര്‍ത്താവാണ്. ആദ്യം നിയമം കൊണ്ടും പിന്നീട് സ്‌നേഹം കൊണ്ടും സ്വന്തമായ സഹോദരന്‍...
ചേട്ടന്‍ എന്റെ മൊട്ടത്തല സുന്ദരമായി വടിച്ച് ഒന്നുകൂടി സുന്ദരമാക്കി, മിന്നുന്ന, മിനുങ്ങുന്ന മൊട്ടയാക്കി.
എനിക്കറിയാം, മറ്റൊരാളാണെങ്കില്‍ ചെയ്യണമെന്നില്ല. ഞങ്ങള്‍ തമാശ പറഞ്ഞു. അമ്മയും ചേച്ചിയും നോക്കിനിന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ ഒരു ആര്‍ദ്രത കിനിയുന്നു.
ഈ ഓര്‍മ്മകള്‍ക്കു മുന്‍പിലാണ് തലകുനിച്ചു നില്‍ക്കാന്‍ തോന്നുക.
രക്തം കൊണ്ടല്ലാതെ ബന്ധിക്കപ്പെട്ട ഈ സ്‌നേഹങ്ങള്‍ക്കു മുന്‍പിലാണ് ഹൃദയം നിറഞ്ഞൊഴുകുക.
ഞാനൊരിക്കലും അതിനൊന്നും 'നന്ദി' എന്നു പറഞ്ഞിട്ടില്ല.
(പറയുകയും ഇല്ല, പ്രതീക്ഷിക്കണ്ട...)
അവസാനത്തെ കീമോ എന്നെ വല്ലാതെ വലച്ചുകളഞ്ഞു.
അസ്ഥികള്‍ നുറുങ്ങുന്ന വേദനയായിരുന്നു.
ശരീരമാസകലം ചതഞ്ഞൊടിയുന്ന വേദന
ഒരു രാത്രി ഉറക്കമില്ലാതെ വേദനകൊണ്ട് ഞാന്‍ കരഞ്ഞു.
അല്ല, നിലവിളിച്ചു . എല്ലാവരും ഉറക്കം പിടിച്ചിരുന്നു.
''എനിക്ക് ആശുപത്രിയില്‍ പോകണം'' എന്നു പറഞ്ഞു തേങ്ങിത്തേങ്ങി കരഞ്ഞു.
ചേച്ചി നിറവയറുമായി കഷ്ടപ്പെട്ട് എണീറ്റു വന്നു. എന്നെ നോക്കി.
എന്തിനാണെന്ന് എനിക്കിന്നും അറിയില്ല. അവള്‍ സ്വിച്ചിട്ടതുപോലെ ഒരു കരച്ചില്‍. ഞാനമ്പരന്നു പോയി. ചേച്ചിയുടെ കൃഷ്ണമണികള്‍ മേലോട്ട് മറിഞ്ഞു. എന്റെ കരച്ചില്‍ ഞാനവിടെ നിര്‍ത്തി. ഞാന്‍ പേടിച്ചുപോയി. ആറ്റുനോറ്റ് ഒരു കുഞ്ഞാവ വരുന്ന സമയമാണ്. എന്റെ ദൈവമേ...


ആശുപത്രിയില്‍ വച്ച് ഞാന്‍ അമ്മയോട് ചോദിച്ചു:
''അല്ലമ്മേ, ഞാന്‍ കരഞ്ഞത് എനിക്ക് വേദനിച്ചിട്ടാ, അവളെന്തിനാ കരഞ്ഞത്?'' എന്ന്.
അമ്മ കൈമലര്‍ത്തി.
ഞങ്ങളൊരുപാടു ചിരിച്ചു. ഓര്‍ത്തോര്‍ത്ത് ഉറക്കം വരുന്നതുവരെ ചിരിച്ചു.
നോവിന്റെ നിമിഷങ്ങളെ അങ്ങനെ ചില ചിരിനിമിഷങ്ങള്‍ സാന്ത്വനിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ നോവിന്റെ നിമിഷങ്ങളില്‍ സാന്ത്വനമായത് ചില ചിരി നിമിഷങ്ങളും സ്‌നേഹ നിമിഷങ്ങളും മാത്രമാണ്.
പക്ഷേ, അമ്മ എന്നെ തോല്പിച്ചുകളഞ്ഞത് റേഡിയേഷനു മുന്‍പുള്ള സ്‌കാനിംഗിന് വേണ്ടി പോയപ്പോഴാണ്.
''എന്റെ ഡോക്ടറെ, ഇവള് ഇപ്രാവശ്യം ഭയങ്കര വഴക്കാരുന്നു. മേലും കൈയും വേദനയാ, എനിക്ക് മരുന്നു മാറിപ്പോയെന്നും പറഞ്ഞ് ഒരു സൈ്വര്യവും തന്നിട്ടില്ല.''
ഞാനങ്ങ് ഉരുകി ഇല്ലാണ്ടായാലെന്താണെന്നു തോന്നിപ്പോയി. ഇല്ലെങ്കിലെന്റെ ഭൂമിദേവി എന്നെയങ്ങെടുത്തോ...
അസഹ്യമായ വേദനയില്‍, അതുവരെ അങ്ങനെ വേദന ഉണ്ടായിരുന്നില്ല. ഇനി മരുന്നെങ്ങാനും മാറിപ്പോയിട്ടുണ്ടാവുമോ എന്നു ഞാന്‍ സന്ദേഹിച്ചു എന്നതു നേരുതന്നെ. എനിക്ക് തോന്നിയത്, ആ കീമോത്തെറാപ്പിക്കു ശേഷം വേദനയ്ക്കുവേണ്ടി ഞാന്‍ മൂന്നു തവണ ഇന്‍ജക്ഷന്‍ എടുത്തിട്ടുണ്ട് എന്നാണ്. 
ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നെനിക്കറിയാം. അത്രയധികം കൃത്യതയോടെയാണ് മരുന്നുകള്‍ തയ്യാറാക്കി എടുത്തുവയ്ക്കുന്നതു തന്നെ.
ഡോക്ടര്‍ എന്നെ നോക്കി. ഞാന്‍ ദയനീയമായി അമ്മയെ നോക്കി.
ആ നാണക്കേടില്‍നിന്നു പുറത്തുവരാന്‍ ഡോക്ടറുടെ അടുത്തു ഞാനെത്ര ഉരുണ്ടെന്നു ദൈവത്തിനു മാത്രമേ അറിയൂ.
അങ്ങനെയൊന്നും സംഭവിക്കില്ലെന്നു ഡോക്ടര്‍ എന്നെ ആശ്വസിപ്പിച്ചു.
പിന്നീട് ഓര്‍ത്തു ചിരിക്കാനും അമ്മയെ കളിയാക്കാനും ഉള്ള വകുപ്പുണ്ടായെങ്കിലും അന്നത്തെ ഒരു അവസ്ഥ...
സ്‌കാനിംഗ് കഴിഞ്ഞു.
ഉറുമ്പ് കടിക്കുന്ന വേദനയേ ഉണ്ടാവുകയുളളൂ എന്നു പറഞ്ഞ് ഒരു നാളും മായാത്ത പച്ച കുത്തി. മാറിടത്തിലും നെഞ്ചിന്റെ താഴെയും വശങ്ങളിലും.
ഇനി റേഡിയേഷനു വേണ്ടിയുള്ള കാത്തിരിപ്പാണ്. 21 എണ്ണം.
അപ്പോഴേക്കും ഏട്ടന്‍ വരും.
ഞാനും അമ്മയും ഏട്ടനും ആശുപത്രിക്ക് അടുത്തെവിടെയെങ്കിലും ഒരു വീട് എടുത്ത് താമസിക്കാം എന്നു കരുതുന്നുണ്ട്.
എന്തായാലും ഏട്ടന്‍ വരട്ടെ.
ഏട്ടന്‍ വന്നാല്‍ എനിക്ക് പേടിയേ ഇല്ല.
ഏട്ടന്റെ കൈക്കുള്ളില്‍ ഉറങ്ങുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വാസ്ഥ്യം.
ഒരു ദുരിതകാലത്തിന്റെ അവസാനമായല്ലോ.
ഇനിയെന്താണെന്ന് അറിയില്ല
ഇതിനെക്കാളധികം നോവുമോ...?

ഒക്ടോബര്‍ : ഉടല്‍ പൊള്ളുകയാണ് 
ഏട്ടന്‍ വന്നു.
ഏട്ടന്‍ വന്നു രണ്ട് ദിവസത്തിനുള്ളില്‍ ആര്‍.സി.സിയില്‍നിന്നു വിളിയും വന്നു. ഞാനും അമ്മയും ഏട്ടനും തിരുവനന്തപുരത്തേയ്ക്ക് പോയി.
വാടകവീട് തരപ്പെടുത്തുകയായിരുന്നു വിഷമം. ഭാഗ്യം പോലെ ചേട്ടന്റെ തിരുവനന്തപുരത്തെ ചിറ്റ ഒരു വീട് ശരിയാക്കി തന്നു. സപ്പോട്ടമരത്തിന്റെ നിഴലില്‍, നിറയെ കായ്ക്കുന്ന ലൂബിക്ക മരത്തിന്റെ അടുത്ത്.
വൈകുന്നേരം ആറരയ്ക്കാണ് റേഡിയേഷന്‍ സമയം.
ഞാനും ഏട്ടനും സന്ധ്യയാവുമ്പോള്‍ ഇറങ്ങും. എന്നെ ചേര്‍ത്തുപിടിക്കാതെ, അല്ലെങ്കില്‍ എന്റെ തോളില്‍ കയ്യിടാതെ ഏട്ടന്‍ നടക്കാറേയില്ല. അമ്മ പറയാറുണ്ട്, ''രണ്ടും അങ്ങനെ പോകുന്നത് ഞാന്‍ കണ്ണുനിറഞ്ഞു നോക്കിനില്‍ക്കാറുണ്ട്'' എന്ന്. (പല യുദ്ധങ്ങളിലും ഞാന്‍ നിനക്ക് തോറ്റുതരുന്നത് ആ യാത്രകള്‍ ഓര്‍മ്മയിലുള്ളത് കൊണ്ടാണ് ഏട്ടാ... ഓര്‍ത്തോളൂ.)
മൂന്നുചക്ര വണ്ടിയില്‍ ആര്‍.സി.സിയില്‍ പോകും. പല ദിവസങ്ങളിലും റേഡിയേഷനു ശേഷം ഇരുട്ട് വീണു തുടങ്ങുന്ന വഴിയോരത്തു കൂടി തിരിച്ചു നടക്കും. ഞാനും ഏട്ടനും തമ്മിലുള്ള ആര്‍ദ്രമായ ഓര്‍മ്മകള്‍ കൂടിയാണ് എനിക്കാ സന്ധ്യകള്‍.

പലതും പറയും, ചിലപ്പോള്‍ പിണങ്ങും വഴക്കുണ്ടാക്കും, ചായ കുടിക്കും... പക്ഷേ, ഒരിക്കലും ആ വഴികളില്‍ ഏട്ടനെന്നെ തനിച്ചാക്കിയിട്ടില്ല. ഇത്തിരി പിണങ്ങി, കുതറി മാറി, ''ഇനിയെന്നെ തൊടണ്ട'' എന്ന മട്ടില്‍ ഞാന്‍ വാശിയോടെ നടക്കുമ്പോള്‍ ഏട്ടനെന്നെ ബലമായി ചേര്‍ത്തുപിടിക്കും.
'പെണ്ണിന് മുടിയഴക്' എന്ന സാമാന്യ തത്ത്വത്തിന്റെ നാട്ടില്‍ തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ, പുരികങ്ങളും കണ്‍പീലികള്‍പോലും പൊഴിഞ്ഞു വിരൂപിയായൊരു പെണ്ണിനെ, വാരിച്ചുറ്റിയ സാരിയിലോ തീര്‍ത്തും പാകമാവാത്ത ചുരിദാറിനുള്ളിലോ പൊതിഞ്ഞ ചീര്‍ത്ത ശരീരത്തെ എങ്ങനെയാണ് പ്രണയപൂര്‍വ്വം ചേര്‍ത്തുപിടിക്കാന്‍ ഏട്ടനു കഴിഞ്ഞതെന്നു ഞാന്‍ ആലോചിക്കാറുണ്ട്.
പ്രണയം, അല്ലേ? മധുരവാക്കുകള്‍ പറയാത്ത, പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാത്ത പ്രണയം..!
അതോര്‍ക്കുമ്പോഴൊക്കെ നിന്നോടുള്ള എന്റെ പ്രണയം വാക്കുകള്‍ക്ക് പകര്‍ത്താനാവാത്തവിധം വീണ്ടും വീണ്ടും കുടുക്കും ഏട്ടാ... ഇത്ര നാളുകള്‍ക്കിപ്പുറവും...!
പ്രണയം ചിലപ്പോഴൊക്കെ എന്നെ ശ്വാസം മുട്ടിക്കാറുണ്ട്.
''ഞാന്‍ നിന്നെ എന്റെ ശരീരം കൊണ്ടും ആത്മാവ് കൊണ്ടും മനസ്സ് കൊണ്ടും ഹൃദയം കൊണ്ടും അഗാധമായി പ്രണയിക്കുന്നു'' എന്നുമാത്രം പറഞ്ഞുകൊള്ളട്ടെ. 
നിന്റെ കൈകളുടെ ഊഷ്മളത ഒരിക്കലും എന്നില്‍നിന്നു വാര്‍ന്നുപോവുകയില്ല. നിന്റെ നെഞ്ചില്‍ ചാരി നില്‍ക്കുമ്പോള്‍ ഞാനറിയുന്ന സ്വാസ്ഥ്യം മറ്റൊന്നും മറ്റാരും എനിക്ക് പകര്‍ന്നു തരികയില്ല..!
റേഡിയേഷന്‍ മറ്റൊരു വേദനയായിരുന്നു.
മൂന്നുനാല് ദിവസങ്ങള്‍ക്കു ശേഷമാണ് അത് അറിഞ്ഞു തുടങ്ങിയത്. മാറിടം കറുക്കുകയും കടുത്ത ചൂടില്‍ പൊള്ളുകയും ചെയ്തു. വെള്ളം നിറഞ്ഞ കുമിളകള്‍ മാറിടത്തിനു താഴെ വേദനിപ്പിച്ചുകൊണ്ട്, പൊട്ടുമോ എന്നു പേടിപ്പിച്ചുകൊണ്ട് നിന്നു. അതു പൊട്ടാതെ നോക്കുക എന്നത് എന്റെ ബാധ്യതയായി മാറി. കടുത്ത ചൂടില്‍ എന്റെ ഉടലാകെ ഉരുകി. രാത്രിയെന്നോ പകലെന്നോ നോക്കാതെ ഞാന്‍ കുളിച്ചു തുടങ്ങി. നനഞ്ഞ ഉടലുമായി ഫാനിനു താഴെ നീണ്ടു നിവര്‍ന്നുകിടക്കുക എന്നതു മാത്രമായിരുന്നു ആശ്വാസം. നേര്‍ത്തുപോയ തൊലി ഒന്നനങ്ങുമ്പോഴേക്കും വേദനിപ്പിക്കും. റേഡിയേഷനു വേണ്ടി കൈകളുയര്‍ത്തിവച്ചു കിടക്കുമ്പോഴും പ്രാണന്‍ പോകുന്ന വേദനയാണ് ശരീരത്തിനും മനസ്സിനും... നേര്‍ത്ത തൊലി കൈകളുയര്‍ത്തുമ്പോഴേക്കും വലിയും.
ഓരോ തവണയും കണ്ണീര്‍ ഇറ്റ് വീഴും.
എന്തുകൊണ്ടെന്നാല്‍...
ഇതു വളരെ സ്വകാര്യമായ എന്റെ മാത്രം ഓര്‍മ്മയാണ്, വികാരമാണ്...
    ഈ കണ്ട കാലമത്രയും താലി വയ്ക്കുന്നവന് മാത്രം കാണാന്‍ വേണ്ടി പൊതിഞ്ഞു സൂക്ഷിച്ച നമ്മുടെ ശരീരമാണല്ലോ അനാവൃതമാകുന്നത്. അതും പൂര്‍ണ്ണബോധത്തോടെ...
ഒരിക്കലും ആഗ്രഹിക്കാത്ത ഒന്ന്, എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെടുന്നു.
കണ്ണില്‍ കണ്ണീരോടെയല്ലാതെ ഒരു റേഡിയേഷനും പൂര്‍ത്തിയാക്കിയിട്ടില്ല. 21 ദിവസവും ശരീരത്തില്‍ തുളച്ചുകയറുന്ന ചൂടിനു താഴെ കിടന്നു ഞാന്‍ കരഞ്ഞു. പുറത്ത് ഏട്ടന്‍ എന്നും എന്നെ കാത്തിരുന്നു. ഞാനൊരിക്കലും എന്റെ കണ്ണീര്‍ ഏട്ടനു മുന്‍പില്‍ കാണിച്ചതേയില്ല.
ചില ഓട്ടോ ചേട്ടന്മാര്‍ ആര്‍.സി.സിയിലേയ്ക്ക് പൈസ വാങ്ങുകയില്ല. നല്ല മനസ്സുകള്‍...
ചിലര്‍ 25-ന് പകരം 30, 40 ഒക്കെ വാങ്ങും.
എങ്കില്‍ കൂടിയും ദയയും സഹാനുഭൂതിയും മരിച്ചിട്ടില്ലാത്ത മനസ്സുകള്‍ ഉണ്ടെന്ന് ഓരോ ആര്‍.സി.സി. യാത്രയും കാണിച്ചു തന്നിട്ടുണ്ട്.
ഓര്‍മ്മകളില്‍ അത്തരം ആര്‍ദ്രത പകരുന്ന ഒരുപാട് നല്ല നിമിഷങ്ങള്‍ കൂടിയാണ് ഒക്ടോബര്‍.
ഒരിക്കല്‍ വൈശാഖും ശ്രീരാഗും വന്നു. ഞങ്ങളെല്ലാവരും സിനിമ കാണാന്‍ പോയി. പറയുമ്പോള്‍ അതൊരു സാധാരണ സംഭവം തന്നെ. കുടുംബം ഒരുമിച്ച് സിനിമ കാണാന്‍ പോകുന്നു, അത്രതന്നെ. പക്ഷേ, എനിക്കത് വിവരിക്കാനാവാത്ത അനുഭൂതികളാണ്. നിറഞ്ഞ സ്‌നേഹത്തിന്റെ ഓര്‍മ്മകളാണ്.
ഇന്നും നടന്നുപോയ വഴികളില്‍ വീണ്ടും വീണ്ടും ആര്‍ദ്രത പൂക്കാറുണ്ട്. യാത്രകളിലെ എന്റെ കുറുമ്പുകളെ ഏട്ടന്‍ പിണങ്ങിയും ബലമായി അടക്കിപ്പിടിച്ചും പിടിച്ചുവലിച്ചും നിഷ്‌ക്രിയമാക്കുന്നതോര്‍ക്കുമ്പോള്‍ ഹൃദയം കൂടി നനുത്ത പുഞ്ചിരി പൊഴിക്കും. റേഡിയേഷന്റെ പൊള്ളലുകളെക്കാള്‍ ഒക്ടോബറിനെ ഞാനോര്‍ത്തുവയ്ക്കുന്നത് ഇങ്ങനെ ചില ആര്‍ദ്രതകളായാണ്.
നവംബര്‍ എന്റെ വലിയൊരു പാഠപുസ്തകം
ഏട്ടന്‍ മടങ്ങിപ്പോയി.
എന്റെ മൊട്ടത്തലയില്‍ പുതിയ മുടി എത്തിനോക്കിത്തുടങ്ങി. റേഡിയേഷന്റെ പൊള്ളലുകള്‍ ഭേദമായി തുടങ്ങി. ഞാന്‍ വീണ്ടും നിലയില്ലാക്കയത്തില്‍നിന്നും കരയ്ക്കു കയറി പിച്ചവച്ചു തുടങ്ങി.
രുചികളും ഗന്ധങ്ങളും ശബ്ദങ്ങളും മടങ്ങിയെത്തി.
ഇഷ്ടത്തോടെ, ഇഷ്ടം പോലെ വെള്ളം കുടിച്ചു.
അതൊരു തിരിച്ചുവരവ് തന്നെയായിരുന്നു. കണ്‍പീലികള്‍പോലും പൊഴിഞ്ഞു പോയിരുന്നു എന്നോര്‍ക്കുമ്പോള്‍... അതെല്ലാം കഴിഞ്ഞുപോയല്ലോ...
പക്ഷേ, കഴിഞ്ഞുപോയ ആ കാലമാണ് വിലയേറിയ പലതും പഠിപ്പിച്ചത്. നവംബര്‍ ആദ്യം ചേട്ടായി വന്നു.
കഴിഞ്ഞുപോയ മാര്‍ച്ച് മാസത്തില്‍ എന്നെ വിവാഹം കഴിച്ചയച്ച ആളാണ്.
ഏട്ടന്റെ വീട്ടില്‍ ഞാനുപേക്ഷിക്കപ്പെടുകയായിരുന്നില്ല. എന്നിട്ടും... എന്നെ വിട്ടിട്ടു പോയപ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞ ചേട്ടായി. അമ്മയുടെ അടുത്തുപോലും ഞാനങ്ങനെ കരഞ്ഞിട്ടില്ല.
എന്തിനും ചേട്ടായി ഉണ്ട് എന്നതായിരുന്നു എന്റെ ധൈര്യം. ആത്മവിശ്വാസം... കണ്ടു.
ചേട്ടായി തനിച്ചായിരുന്നു എന്നെ എനിക്ക് പറയാനുള്ളൂ...
ബന്ധങ്ങള്‍ക്ക് അര്‍ഹിക്കുന്ന വിലയെ കൊടുക്കേണ്ടതുള്ളൂ എന്നു ഞാന്‍ പഠിച്ചത് അന്നാണ്.
ആരെങ്കിലും കാണാന്‍ വന്നില്ലെന്നോ അന്വേഷിച്ചിട്ടില്ലെന്നോ ഞാന്‍ പരാതി പറഞ്ഞിട്ടില്ല. പകരം സ്‌നേഹം കൊണ്ടുള്ള ബന്ധനമാണ് വലുത് എന്നു പഠിച്ചു.
നിയമംകൊണ്ട് ബന്ധിക്കപ്പെടുന്നവ നിലനില്‍ക്കണമെന്നില്ല. രക്തംകൊണ്ട് ബന്ധിതരായവരും ചിലപ്പോള്‍ അകന്നു മാറിനില്‍ക്കും. പക്ഷേ, സ്‌നേഹംകൊണ്ട് ചേര്‍ന്ന ഒന്നും ഒരു നാളും വിട്ടുപോവുകയില്ല.
പിന്നെയൊന്ന് 'ക്ഷമ' എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും ആഴവും അറിയുന്നവരോടു മാത്രം ക്ഷമിച്ചാല്‍ മതിയെന്ന തിരിച്ചറിവുണ്ടായി എന്നതാണ്. തീര്‍ച്ചയായും ഞാന്‍ നന്മയുടെ നിറകുടമൊന്നും അല്ല.
തെറ്റുകളും കുറ്റങ്ങളും ഏറെയുണ്ട്.
പക്ഷേ, രോഗാവസ്ഥ എന്നത് എന്നെ പെട്ടെന്നു ക്ഷമിക്കാന്‍ പഠിപ്പിച്ചു.
ഒരുപക്ഷേ, ജീവിതത്തിന്റെ നിസ്സാരത ജീവിതം തന്നെ പഠിപ്പിച്ചതുകൊണ്ടാവാം.
പക്ഷേ, ക്ഷമ...
അത് അര്‍ത്ഥമറിയുന്ന ആളോട് മാത്രം മതി. ഇത് ഇങ്ങനെ ഒരോര്‍മ്മയാണ്... എനിക്കൊരു സുഹൃത്തുണ്ടായിരുന്നു.
എന്റെ കൗമാരകാലത്തിലെ സുഹൃത്ത്. ഞാന്‍ അവനു തീര്‍ച്ചയായും ഒരു നല്ല സുഹൃത്തായിരുന്നു എന്നുതന്നെയാണ് എന്റെ വിശ്വാസം. എനിക്ക് അവനും... ഇടയ്‌ക്കൊക്കെ ജീവിതവും ഞങ്ങള്‍ സംസാരിച്ചിരുന്നു എന്നാണ് ഓര്‍മ്മ.
കുറച്ചുകാലത്തെ നിശ്ശബ്ദതയ്ക്കുശേഷം ഞങ്ങള്‍ വീണ്ടും സംസാരിച്ചു തുടങ്ങുന്നത് എന്റെ ചെന്നൈ വാസത്തിനിടയ്ക്കാണ്.
ഒരു നാള്‍, ആവലാതികള്‍ക്കിടയ്ക്ക് തീര്‍ച്ചയായും ഒരു പെണ്ണ് എന്ന നിലയ്ക്ക് എനിക്ക് സഹിക്കാനാവാത്ത ഒന്ന് അവനെന്നോടു പറഞ്ഞു.
ഒരുപക്ഷേ, ഇന്നാണെങ്കില്‍ ക്ഷമിക്കാന്‍ പറ്റുന്ന ഒന്ന്, അന്നത്തെ എന്റെ പ്രായവും വിവരക്കേടും അതിനെ തെറ്റായി മാത്രമേ കണ്ടുള്ളൂ.
ആ സൗഹൃദം അവിടെ വച്ച് ഉപേക്ഷിച്ചു.
വെറുതെ ഉപേക്ഷിച്ചതല്ല. അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടികളോട് ദ്വയാര്‍ത്ഥത്തില്‍ ഇതിനു മുന്‍പും സംസാരിച്ചിട്ടുണ്ട് എന്നറിഞ്ഞതുകൊണ്ട് ഉപേക്ഷിച്ചു.
നാളുകള്‍ക്കുശേഷം മുഖപുസ്തകത്തില്‍ വീണ്ടും കണ്ടുമുട്ടിയത് ഈ നവംബറിലായിരുന്നു.
പറഞ്ഞല്ലോ, എനിക്ക് ക്ഷമിക്കാന്‍ എളുപ്പമായിരുന്നു.
പ്രായത്തിന്റെ പക്വതയില്ലായ്മ എന്നോ ഒരു നിമിഷത്തെ തെറ്റോ എന്നു കരുതി ഞാനവനോട് ക്ഷമിച്ചു. മുഖപുസ്തകത്തില്‍ ചെറിയ വിശേഷങ്ങള്‍ പങ്കുവച്ചു.
എന്നോട് സംസാരിക്കണമെന്നും നമ്പര്‍ വേണമെന്നും പറഞ്ഞപ്പോള്‍ ഞാന്‍ തുറന്നു സംസാരിച്ചു.
രോഗം, സൗഹൃദം ഉപേക്ഷിക്കാനുള്ള കാരണം, ക്ഷമിക്കാനുള്ള കാരണം... എല്ലാം... നമുക്ക് മുഖപുസ്തകത്തില്‍ സംസാരിക്കാം എന്നു പറഞ്ഞു. അതു മതിയെന്നാണ് എനിക്ക് തോന്നുന്നത് എന്നു പറഞ്ഞു.
അപ്പോഴാണ് എനിക്ക് ജീവിതത്തില്‍ മറക്കാനാവാത്ത ആ അടി കിട്ടിയത്.
ജീവിതത്തിലെ അഞ്ചു വര്‍ഷക്കാലത്തോളം സുഹൃത്തെന്നു ഞാന്‍ തെറ്റിദ്ധരിച്ചു.
അവന്‍ എന്നോടു പറഞ്ഞത്
''നിന്റെ ശരീരത്തിനല്ല, മനസ്സിനാണ് കാന്‍സര്‍'' എന്നാണ്.
ഞാന്‍ അടിമുടി ചിതറിപ്പോയി.
ചിലപ്പോള്‍ ഇത് അംഗീകരിക്കുന്ന ഒരുപാട് ആള്‍ക്കാര്‍ ഉണ്ടാവും.
ഒരുത്തനെങ്കിലും സത്യം പറഞ്ഞു എന്നു കരുതുന്ന പലരും ഉണ്ടാകും...
പക്ഷേ, ആ വാക്കെന്നെ ഒരു നിമിഷത്തേയ്ക്ക് തകര്‍ത്തുകളഞ്ഞു.
ഞാന്‍ വീണ്ടും അപമാനിതയായി. 
സൗഹൃദത്തില്‍ വ്യക്തിയെന്ന നിലയ്ക്കു ഞാന്‍ വീണ്ടും വ്രണപ്പെട്ടു.
അങ്ങനെ എന്നോടു പറയാന്‍ അവനെങ്ങനെ തോന്നി എന്ന് അദ്ഭുതപ്പെടാറുണ്ട് ഇപ്പോഴും...
അങ്ങനെയൊക്കെ പറയാന്‍ പറ്റുമോ? എന്തായിരുന്നിരിക്കും അവന്റെ മനസ്സില്‍?
എനിക്കറിയില്ല.
ഞാന്‍ വീണ്ടും അവന്റെ സൗഹൃദം ഉപേക്ഷിച്ചു.
ക്ഷമിക്കപ്പെടാനും അര്‍ഹത വേണം.
ആ വാക്കിന്റെ അര്‍ത്ഥമറിയണം, ആഴമറിയണം.
ഏട്ടനോട് പറഞ്ഞില്ല... എങ്ങാനും കരഞ്ഞുപോയാല്‍...
കരയാതെ, കരയിപ്പിക്കാതെ എന്നെ അടക്കിപ്പിടിച്ച ഒരു ദുരിതകാലം മുഴുവന്‍ കൊണ്ട് നടന്നിട്ട് ഏതോ ഒരുത്തന്‍ എന്തോ പറഞ്ഞെന്ന് പറഞ്ഞ് എനിക്ക് കരയാന്‍ പറ്റുമോ?
ഞാന്‍ മിഥുനെ വിളിച്ചു.
മുന്‍പ്, സൗഹൃദം ഉപേക്ഷിച്ചപ്പോഴും ഞാന്‍ അവനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, മിഥുവിനോട്, എടോ, നന്ദിയുണ്ട്, കേട്ടോ... അന്നു നീ പകര്‍ന്നു തന്ന ആത്മവിശ്വാസം ചെറുതല്ല. എന്റെ വായില്‍ മുളച്ച സരസ്വതിയൊക്കെ നീ ഏറ്റുവാങ്ങി. ആശ്വസിപ്പിച്ചു.
അല്ലെങ്കിലും ആത്മവിശ്വാസം നഷ്ടപ്പെട്ടുപോയപ്പോഴൊക്കെ നീ കൂടെയുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷവും.
തനിച്ചായപ്പോഴും പേടി തോന്നിയപ്പോഴും അനിശ്ചിതത്വത്തിലും...
അല്ലെങ്കില്‍, ഞാനെന്തിനു നന്ദി പറയണം..?
സുഹൃത്തെന്ന നിലയില്‍ അതൊക്കെ തന്റെ കടമ തന്നെ.
അതായിരുന്നു, നവംബര്‍. 
ക്ഷമിക്കേണ്ടവരോടു മാത്രം ക്ഷമിച്ചാല്‍ മതിയെന്ന ഏറ്റവും വലിയ പാഠം പഠിപ്പിച്ച നവംബര്‍...

ഡിസംബര്‍ മഞ്ഞ് പൊഴിയുന്നു...
ജീവിതം കുറേയേറെ പഴയ പാതയിലേയ്ക്ക് തിരിച്ചുവന്നിരുന്നു. മുടി വളര്‍ന്നു തുടങ്ങി.
കൈഞരമ്പില്‍നിന്നു കറുപ്പു നിറം മാഞ്ഞുതുടങ്ങി.
വിരല്‍ നഖങ്ങള്‍ തെളിഞ്ഞുതുടങ്ങി.
തിരിഞ്ഞു നോക്കുമ്പോള്‍ രോഗാവസ്ഥ എന്നത് കൈവിരല്‍ തുമ്പുകളില്‍നിന്നു മുടിത്തുമ്പുകളിലേക്കുതിര്‍ന്ന വാത്സല്യമാണെന്നറിയുന്നു ഞാന്‍...
അമ്മയുടെ, ഏട്ടന്റെ, ചേച്ചിയുടെ, രഞ്ജിത്തേട്ടന്റെ, വൈശാഖിന്റെ, ശ്രീരാഗിന്റെ അത്രയധികം വാത്സല്യം നിറഞ്ഞ തലോടലുകള്‍ മുന്‍പൊരിക്കലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
റേഡിയേഷന്റെ സമയത്തായിരുന്നു, നാലാം സെമസ്റ്ററിന്റെ പരീക്ഷ. എനിക്ക് എഴുതാന്‍ പറ്റിയില്ല.
ഡിസംബറില്‍ അടുത്ത പരീക്ഷ വന്നു.
വളരെയേറെ നാളുകള്‍ക്ക് ശേഷം ഞാന്‍ തനിച്ചു ട്രെയിന്‍ കയറി യാത്ര ചെയ്തു. തനിച്ചുള്ള യാത്രകള്‍ ആത്മവിശ്വാസം കൂട്ടിയിട്ടേ ഉള്ളൂ.
മാര്‍ച്ചിനു ശേഷം ഞാനങ്ങനെ തനിച്ചായിട്ടേയില്ല. തനിച്ചാവുക എന്നത് എന്റെ ഏറ്റവും വലിയ ആഘോഷമായിട്ട് കൂടി...
ഞാന്‍ ഞാനായിരിക്കുന്ന നേരങ്ങളാണ് അവയൊക്കെ... എന്റെ ഉന്മാദത്തിന്റേയും വിഷാദത്തിന്റേയും നേരങ്ങള്‍...
മടപ്പള്ളി കോളേജില്‍ ആയിരുന്നു പരീക്ഷ.
തൊപ്പിവച്ച് പരീക്ഷ എഴുതാന്‍ ആദ്യം തന്നെ അനുവാദം വാങ്ങി.
ഒരാഴ്ചക്കാലം കണ്ണൂര്‍ എസ്.എന്‍. കോളേജ് ഹോസ്റ്റലില്‍ താമസിച്ചു.
തീര്‍ച്ചയായും ഞാനൊരിക്കലും പഴയ ഞാനാവുകയില്ല.
എപ്പോഴും പറയാറുള്ളതുപോലെ ഈ നിമിഷത്തിലെ നമ്മള്‍, ഇതുവരെയുള്ള, ഈ കഴിഞ്ഞ നിമിഷം വരെയുള്ള, ഓര്‍മ്മകളും അനുഭവങ്ങളും ആണ്. അല്ലെങ്കില്‍ ഈ നിമിഷത്തിലെ നമ്മള്‍ രൂപപ്പെട്ടത് ഈ കഴിഞ്ഞ നിമിഷം വരെ ജീവിതം, ആള്‍ക്കാര്‍, സാഹചര്യം ഒക്കെ നമ്മളോട് എങ്ങനെ പെരുമാറി എന്നതനുസരിച്ചാണ്.
തീര്‍ച്ചയായും ഞാനൊരിക്കലും പഴയ ഞാനാവുകയില്ല.
എങ്കിലും നടന്നു പഴകിയ വഴികളില്‍, പരിചിതമായ ഇടങ്ങളില്‍ നടക്കുമ്പോള്‍, പഴയതെന്തൊക്കെയോ കൂടെ ഉണ്ടെന്നു തോന്നും...
ഓര്‍മ്മകളും സൗഹൃദങ്ങളും സ്‌നേഹങ്ങളും ആയിരിക്കാം...
കണ്ണൂര്‍-തോട്ടട അല്ലെങ്കിലും എന്നും എന്റെ രണ്ടാമത്തെ വീടായിട്ടാണ് തോന്നുക. എന്റെ കൗമാരം ഞാന്‍ ആഘോഷിച്ചത് അവിടെയാണ്, എന്റെ യൗവ്വനം ആരംഭിച്ചത് അവിടെയാണ്... വൈകാരികമായ ഒരു അടുപ്പമുണ്ട്, അതുകൊണ്ട് തന്നെ... ഇപ്പോള്‍ ജീവിതം വീണ്ടും ഒഴുകിത്തുടങ്ങുന്നതും അവിടെനിന്നു തന്നെ...
ഡിസംബറില്‍ പിന്നെ ഒന്നെന്റെ സൗഹൃദത്തിന്റെ ഓര്‍മ്മയാണ്... ചെന്നൈക്കാലം സമ്മാനിച്ചത്. കൃഷ്ണേച്ചി...
കാണാന്‍ വരുകയും നിറയെ സംസാരിക്കുകയും ചെയ്തു.
ഞങ്ങള്‍ക്ക് സംസാരിക്കാന്‍ വിഷയങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.
ഞങ്ങളുടെ യാത്രകളും ചുറ്റിത്തിരിയലുകളും ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമുള്ള യാത്രകളും വായനയും സിനിമകളും...
കൃഷ്ണേച്ചിയില്ലാതെ ഒരു മദിരാശി ഓര്‍മ്മ കണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാ നിമിഷങ്ങളിലും ഒന്നുകില്‍ എന്റെ കൂടെ അല്ലെങ്കില്‍ മുന്‍പില്‍, അതുമല്ലെങ്കില്‍ പിറകില്‍ കൃഷ്ണേച്ചിയും ഉണ്ടാകും...
ഗൃഹാതുരത്വത്തോട് ചേര്‍ത്തുവയ്ക്കാവുന്ന ഒരു കൂട്ട്...!
ചില സൗഹൃദങ്ങള്‍ ഉണ്ടാകും അങ്ങനെ...
എന്നും സംസാരിക്കണമെന്നില്ല. എങ്കിലും എന്നു സംസാരിക്കുമ്പോഴും ഇന്നലെ പറഞ്ഞുനിര്‍ത്തിയ ഇടത്തുനിന്നു വീണ്ടും സംസാരിച്ചു തുടങ്ങുകയാണ് എന്നു തോന്നിപ്പിക്കുന്നത്ര സ്വാഭാവികമായ സൗഹൃദങ്ങള്‍...
പുതിയ കാര്യങ്ങള്‍..
പല പുതിയ കാര്യങ്ങളും പഠിച്ചെടുത്തത് ഈ ഡിസംബറിലാണ്.
ഒന്നു ഞാന്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു.
ആദ്യമൊക്കെ വീണു. പുറകോട്ടും മുമ്പോട്ടും ചവിട്ടി, ഉരുണ്ടു, കാലു കുത്തി, ചാടിയിറങ്ങി...
എന്തായാലും രണ്ടാഴ്ചയ്ക്കുള്ളില്‍, എന്റെ 26-ാമത്തെ വയസ്സില്‍ ഞാന്‍ സൈക്കിളോടിക്കാന്‍ പഠിച്ചു.
പുതിയതെന്തും സ്വായത്തമാക്കുമ്പോള്‍ എനിക്കൊരു വല്ലാത്ത സുഖം തോന്നും. എന്തോ നേടിയെടുത്തതുപോലെ അഭിമാനം തോന്നും. മുന്‍പോട്ടുള്ള യാത്രയ്ക്ക് അങ്ങനെയുള്ള അഭിമാന നിമിഷങ്ങള്‍ ഒരുപാട് കരുത്തു പകരും. ജീവിതത്തില്‍ അതൊക്കെയാണ് നേട്ടങ്ങള്‍ ആയി എടുത്തുവച്ചിരിക്കുന്നതും.
രണ്ട്,
ഞാന്‍ യോഗ പഠിച്ചു.
പണ്ടെങ്ങോ കുറച്ച് കൂട്ടുകാരില്‍നിന്നു പഠിച്ചിട്ടുണ്ട്. അതൊക്കെ എന്റെ ചെന്നൈ വാസത്തിനിടയ്ക്ക് മറന്നുപോയി. ഗുരു, യോഗാചാര്യന്‍ നാരായണന്‍ ആയിരുന്നു. സര്‍ജറിയേയും കയ്യുടെ ബലഹീനതയേയും വേദനയേയും പരിഗണിച്ച് അദ്ദേഹം എനിക്ക് ചില യോഗാസനങ്ങള്‍ പരിശീലിപ്പിച്ചു തന്നു. ജീവിതത്തില്‍ അങ്ങോളം പുലര്‍ത്തേണ്ട ഒരു ജീവിതചര്യയാണെന്നറിയാം. പക്ഷേ, ഖേദകരം... ഇടയ്ക്ക് മുടങ്ങും വീണ്ടും ആരംഭിക്കും...
കഴിഞ്ഞുപോയത് ഒരു വല്ലാത്ത വര്‍ഷമായിരുന്നു.
തകര്‍ന്നടിഞ്ഞ, ഉയിര്‍ത്തെണീറ്റ വര്‍ഷം...


ബന്ധങ്ങളുടെ ആഴവും വ്യര്‍ത്ഥതയും തിരിച്ചറിഞ്ഞ വര്‍ഷം.
സ്‌നേഹങ്ങളുടെ ഇഴയടുപ്പം അറിഞ്ഞ വര്‍ഷം.
ജീവിതത്തിലെ കഠിനമായ ഒരു വര്‍ഷം...
ഏറിയ നോവും പെയ്തു നനഞ്ഞ വര്‍ഷം..
ഇനി വരുന്നതു പുതിയ ഒരു വര്‍ഷമാണ്...
വരുന്ന ജനുവരിയില്‍ ഞാന്‍ ഏട്ടന്റെ കൂടെ പോവുകയാണ്..
ഭിലായിലേക്ക്...
അവിടെ ഞാന്‍ കുടുംബനാഥയാകാന്‍ പോവുകയാണ്.
ഏട്ടനും ഒത്ത് പുതിയൊരു ജീവിതം നിര്‍മ്മിച്ചെടുക്കാന്‍, ഞങ്ങളുടേതായ ഒരു ലോകം പണിതുയര്‍ത്താന്‍...
കാത്തിരുന്നു കാണാം, ഇനി വരുംകാലങ്ങള്‍ മണിച്ചെപ്പിലെന്താണെനിക്കായി കരുതിയിരിക്കുന്നതെന്ന്...
എന്തായിരുന്നാലും, ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും...
ഇപ്പോള്‍ ഈ ഡിസംബര്‍ തണുപ്പിലലിയട്ടെ ഞാന്‍...

അനുബന്ധം
യാത്രകള്‍...
യാത്രകളെന്നാല്‍ കീമോത്തെറാപ്പി യാത്രകളെന്നാണ് ആദ്യം ഓര്‍ത്തത്. പിന്നെയത് ആര്‍.സി.സി. യാത്രകളെന്നും യാത്രകളെന്നും തിരുത്തി. ഇത് കുറച്ച് ഓര്‍മ്മകളാണ്. കുറച്ച് പ്രിയമുള്ളവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഒരു രുചിയുടെ ഓര്‍മ്മ മറക്കാനാവാത്ത മുഖങ്ങളുടെ ഓര്‍മ്മകള്‍...

ആര്‍.സി.സി.
എണ്ണമില്ലാത്തത്രയും യാത്രകള്‍ ആര്‍.സി.സിയിലേക്ക് നടത്തിക്കഴിഞ്ഞു.
ഇന്നും പക്ഷേ, ആര്‍.സി.സിയുടെ ഗേറ്റ് കടക്കുമ്പോള്‍ ഒരു പിടച്ചിലാണ്. ആദ്യം എത്രയധികം വേവലാതിയുമായാണോ ഞാന്‍ കടന്നുചെന്നത്, അതേ വേവലാതി ഇന്നും ഉണ്ട്. ഇടയ്ക്കിടെ ചെക്കപ്പിന് പോകുമ്പോഴൊക്കെ പേടി (പേടിയെന്നു പറയണം).
എന്നെ പക്ഷേ, ആരും രോഗിയായി കാണാറില്ല.
എപ്പോഴും സെക്യൂരിറ്റി 'മുതലാളിമാര്‍' തടഞ്ഞുനിര്‍ത്തി കാര്‍ഡ് ചോദിക്കും. കാര്‍ഡ് കാണിച്ചാലും ''ആരാണ് പേഷ്യന്റ് ?'' എന്നു ചോദിക്കും.
ഒരിക്കല്‍ കടന്നുചെന്നപ്പോള്‍ ''ഇന്റര്‍വ്യൂവിന് വന്നതാണോ?'' എന്നുവരെ ചോദിച്ചിട്ടുണ്ട്. കേള്‍ക്കുമ്പോള്‍ സത്യമായും എനിക്കൊരു മതിപ്പൊക്കെ തോന്നും (അഹങ്കാരമാണെങ്കില്‍ അങ്ങനെ).
കാന്‍സര്‍ എന്നതിനെ എന്റെ മുഖത്തോ കണ്ണുകളിലോ ശരീരചലനങ്ങളിലോ ആരും വായിച്ചെടുത്തിട്ടുണ്ടാവില്ല. അതെന്റെ വിജയം തന്നെയാണ്. അതുതന്ന ആത്മവിശ്വാസം മാത്രം മതി ഇനിയുള്ള കാലങ്ങളൊക്കെ ജീവിച്ചുതീര്‍ക്കാന്‍. ഒരുപക്ഷേ, അതുകൊണ്ടൊക്കെ ആയിരിക്കാം ഞാനിങ്ങനെ തിരിച്ചുവന്നത്.

ട്രെയിന്‍ യാത്രകള്‍
യാത്ര ഒന്ന് 
അതെന്റെ ആദ്യത്തെ കീമോത്തെറാപ്പി യാത്രയാണെന്നാണ് ഓര്‍മ്മ.
സ്ലീപ്പര്‍ കോച്ചില്‍ മദ്ധ്യവയസ്സിലെത്തിയ രണ്ട് പേരാണ് ഉണ്ടായിരുന്നത്. സംസാരിച്ചപ്പോള്‍ അവരും ആര്‍.സി.സിക്ക് പോവുകയാണെന്ന് അറിഞ്ഞു. സുഭദ്രാന്റിയും അങ്കിളും അന്നു തുടങ്ങിയ സ്‌നേഹമാണ്. ഇന്നും മകളെപ്പോലെയാണെന്നും മകള്‍ തന്നെയാണെന്നും പറഞ്ഞുള്ള സ്‌നേഹം അങ്കിളും ആന്റിയും എനിക്ക് തരുന്നുണ്ട്.
അതുവരെ അറിയാത്ത നാട്ടില്‍, ഒരു കുടുംബത്തിലും കൂടി ഞാന്‍ അംഗമായി എന്നു തോന്നും. അങ്കിളും ആന്റിയും വരുന്നത് ഭിലായില്‍ നിന്നാണ്. അന്നു ആ വര്‍ഷത്തിനു ശേഷം താല്‍ക്കാലികമായി ഞാനും ഭിലായ്വാസി ആകുമെന്നു കരുതിയേയില്ല.
ഇന്നും വിളിക്കുകയും സ്‌നേഹം പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു കുടുംബമാണത്. ചിലപ്പോള്‍, നമ്മള്‍ ആരെയെല്ലാം, എങ്ങനെയെല്ലാം കണ്ടുമുട്ടണമെന്നത് ഒരുപക്ഷേ, നേരത്തെ തന്നെ കുറിക്കപ്പെട്ടിട്ടുണ്ടാവും.

യാത്ര - രണ്ട് 
അത് ആര്‍.സി.സിയില്‍നിന്നുള്ള മടക്കയാത്രയായിരുന്നു...
ഞാനും അമ്മയും.
ട്രെയിനിന്റെ ജനാലയ്ക്കരികില്‍ ഞാന്‍ പാട്ട് കേള്‍ക്കുകയായിരുന്നു എന്നാണ് ഓര്‍മ്മ. തൊപ്പിയുണ്ടായിരുന്നു.
അമ്മ എന്നത്തേയും പോലെ സൗഹൃദങ്ങള്‍ നിര്‍മ്മിച്ചെടുത്തിരുന്നു.
പാട്ട് കേള്‍ക്കുന്നുണ്ടെങ്കിലും എന്റെ ഒരു കാത് പുറം കാഴ്ചകളില്‍ അലയുന്നുണ്ടെങ്കിലും എന്റെ ഒരു കണ്ണ് ഞാനവിടേയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരുന്നു.
''എവിടേക്കാ..?''
''എവിടുന്നാ..?''
''മോള്‍ക്കെന്താ..?''
''കല്യാണം കഴിഞ്ഞതാ..?''
നെറ്റിയില്‍ സിന്ദൂരം കണ്ടാലും ചിലര്‍ക്ക് ഈ ചോദ്യം പ്രത്യേകം ചോദിക്കണം.
''മക്കളുണ്ടോ...?''
എന്നൊക്കെയുള്ള സ്ഥിരം ചോദ്യോത്തര പംക്തി തന്നെ..
ചിലര്‍ സഹതാപനോട്ടം നീട്ടും. ആര്‍ക്ക് വേണമത്? എനിക്ക് വേണ്ടത് അഭിനന്ദനമാണ്. ആ നോട്ടങ്ങളെ എല്ലാം ഞാന്‍ പുല്ലുപോലെ അവഗണിക്കും.
ചിലരെന്നെ മതിപ്പോടെ നോക്കും. അതെനിക്കിഷ്ടമാണ്. ആ നോട്ടങ്ങളില്‍ ഞാന്‍ വീണ്ടും കരുത്താര്‍ജ്ജിക്കും. പ്രതിച്ഛായ തകരാതെ നോക്കാന്‍ ഞാന്‍ വീണ്ടും വീണ്ടും ബാധ്യസ്ഥയാവും.
ആ ബാധ്യത എനിക്ക് മറ്റൊരു മുഖം നല്‍കി. ഒരിക്കലും എന്നെ ജയിക്കാന്‍ മറ്റൊന്നിനേയും അനുവദിക്കില്ലെന്ന് ഒരു നിശ്ചയദാര്‍ഢ്യം നല്‍കി.
കരഞ്ഞിട്ടില്ലെന്നും തകര്‍ന്നിട്ടില്ലെന്നും അല്ല.
കരഞ്ഞിട്ടുണ്ട്, തകര്‍ന്നിട്ടുണ്ട്...
ചുരുക്കം ചിലപ്പോള്‍, ചുരുക്കം ചിലരോട്...
ചിലപ്പോള്‍ മൗനമായി അലറിയിട്ടുണ്ട്, തലയിണയില്‍ മുഖമമര്‍ത്തി പൊട്ടിക്കരഞ്ഞിട്ടുണ്ട്. തനിച്ചായിരുന്ന നിമിഷങ്ങളില്‍ മാത്രം.
പുറമേയ്ക്ക് ഞാന്‍ മറ്റൊരാളായിരുന്നു.
അല്ലെങ്കിലും അങ്ങനെ തന്നെയാണ്, തോറ്റു കൊടുക്കാന്‍ മനസ്സില്ലെങ്കില്‍ തോല്‍പ്പിക്കാന്‍ വിഷമമാണ്. ശത്രുവിനായാലും കാന്‍സറിനായാലും...
ട്രെയിനിലേക്ക് മടങ്ങിവരാം...
അമ്മയുടെ കഥാകഥനത്തിനിടയ്ക്കാണ്...
''മോള്‍ക്ക് നല്ല ധൈര്യം ഉണ്ടെന്നു തോന്നുന്നു'' എന്നൊരു പ്രസ്താവന കേട്ടത്. അതെനിക്കിഷ്ടപ്പെട്ടു. പ്രസ്താവന നടത്തിയ ആളെ ഞാനും ഒളികണ്ണിട്ട് സ്‌നേഹത്തോടെ നോക്കി.


ഇതുതന്നെയാണെന്റെ ലക്ഷ്യം. അടയാളപ്പെടുത്തുമ്പോള്‍, ധൈര്യത്തോട് ചേര്‍ത്തു മാത്രമേ എന്നെ അടയാളപ്പെടുത്താന്‍ പാടുള്ളൂ.
നമ്മള്‍ പുറത്തുനിന്നു കാണുന്നതുപോലെ ഈ 'കാന്‍സര്‍' അത്ര ഭീകരമൊന്നും അല്ല. നമ്മള്‍ എങ്ങനെയാണ് അതിനെ കാണുന്നത് എന്നതുപോലെയിരിക്കും. എന്തായാലും മനസ്സിനു ഇത്തിരി കട്ടി വേണം, അത്രേയുള്ളൂ.
''ഞാന്‍ പ്രാര്‍ത്ഥിക്കാം, മോളേ'' എന്നു പറഞ്ഞ പെണ്‍മുഖം എനിക്കിന്നോര്‍മ്മയില്ല. അങ്കമാലി സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോള്‍ ''മോള്‍ക്ക് വേണ്ടി ഞാനും തീര്‍ച്ചയായും പ്രാര്‍ത്ഥിക്കും'' എന്നു പറഞ്ഞ് ഇരുട്ടിലേയ്ക്ക് ഊളിയിട്ട ആണ്‍മുഖവും എനിക്കോര്‍മ്മയില്ല.
പക്ഷേ, അതൊക്കെ ഹൃദയം നിറക്കുന്ന നിമിഷങ്ങളായിരുന്നു.
നമുക്കുവേണ്ടി മറ്റൊരാള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അതു വളരെ വേഗം ദൈവത്തില്‍ എത്തുന്നു എന്നാണെന്റെ വിശ്വാസം.
എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നന്ദി.
രുചിയോര്‍മ്മ.
അത് തിരുവനന്തപുരത്തെ ആദ്യ നാളുകളിലാണ്.
ചിത്രച്ചേച്ചിയുടെ ഫ്‌ലാറ്റില്‍ ഞാനും ഏട്ടനും തന്നെയായിരുന്നു.
മഴ പെയ്‌തൊഴിഞ്ഞ ഒരു സന്ധ്യയ്ക്ക് ഞാനും ഏട്ടനും നടക്കാനിറങ്ങി. വെറുതെ ഒരു ചായ കുടിക്കാം എന്നൊരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നു.
അറിയാത്ത നാട്, അറിയാത്ത വഴികള്‍...
ഞങ്ങള്‍ കൈകള്‍ കൊരുത്തു നടന്നു.
ചെറിയൊരു നാല്‍ക്കവലയില്‍, ചെറിയൊരു ചായക്കടയില്‍ കയറി.
രസവട എന്നു പറഞ്ഞപ്പോള്‍ പുതിയ രുചി അറിയാന്‍ ഇഷ്ടം തോന്നി.
രസവട വന്നു.
ചെറിയൊരു പാത്രത്തില്‍, രസത്തില്‍ മുങ്ങി, സാമാന്യം വലിയൊരു ഉഴുന്നുവട
എന്തൊരു രുചിയായിരുന്നു...
രണ്ടു വര്‍ഷത്തിനപ്പുറവും ആ രുചിയോര്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറും.
അതിനുശേഷം ഇതുവരെ അതു കഴിക്കാന്‍ പറ്റിയിട്ടില്ല.
ഒരിക്കല്‍ക്കൂടി പോകണം,
ഒരു സന്ധ്യയില്‍, മഴ പെയ്‌തൊഴിയുന്ന നേരത്ത് ഏട്ടന്റെ കൂടെ, ഏട്ടന്റെ കയ്യില്‍ കൈ കൊരുത്ത്...
എന്റെ മുടിയോര്‍മ്മകള്‍...
മറ്റൊരിക്കലും ഇല്ലാത്തവിധം ഞാനെന്റെ മുടിയുമായി പ്രണയത്തിലാവുന്നത് ഇപ്പോഴാണ്.
മുടി വളര്‍ന്നു തുടങ്ങിയത് ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങി.
ചില നിമിഷങ്ങളില്‍ തൊപ്പിവച്ച തലയെക്കൂടി ഞാന്‍ ആസ്വദിച്ചിരുന്നു.
ചിലപ്പോള്‍ വളരെ നിസ്സാരമെന്നു തോന്നുന്ന പലതും ആണ് നമുക്ക് അളക്കാനാവാത്ത ആത്മഹര്‍ഷം പകര്‍ന്നു തരുന്നത്.
ഇതും അങ്ങനെ ഒരു ആത്മഹര്‍ഷമാണ്.
മുടിയഴിച്ചിട്ട എന്നെ എനിക്കോര്‍മ്മയില്ല. ബാല്യത്തില്‍പോലും...
മുടി ഒതുക്കിവയ്ക്കാതെ ഞാനെവിടെയും പോയിട്ടില്ല. ഒന്നുകില്‍ കുളിപ്പിന്നല്‍ തെറ്റി. അല്ലെങ്കില്‍ വെറുതേ കെട്ടിവച്ച്, അതുമല്ലെങ്കില്‍ പിന്നിയിട്ട്.
അമ്മ അങ്ങനെയാണ് ശീലിപ്പിച്ചത്.
യാത്രകളില്‍ മുടി പാറി മുഖത്ത് വീഴുന്നത് അലോസരപ്പെടുത്തിയിരുന്ന കാലമുണ്ടായിരുന്നു. എത്ര ഒതുക്കിവച്ചാലും അനുസരണയില്ലാതെ പാറുന്ന മുടിയായിരുന്നു എനിക്ക്. കണ്ണിലും മൂക്കിലും വായിലും വീണു അലോസരപ്പെടുത്തുന്ന മുടി.
പക്ഷേ, ഇപ്പോള്‍ ഞാന്‍ മുടി കെട്ടാറില്ല, യാത്രകളില്‍ കാറ്റ് ഓരോ മുടിയിഴകളേയും തലോടും. കാറ്റെന്നെത്തന്നെ ആശ്ലേഷിപ്പിക്കുന്നുവെന്നു തോന്നും. എനിക്ക് എന്നോടും മുടിയോടും കാറ്റിനോടും പ്രണയം തോന്നും. എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് കാറ്റില്‍ പാറുന്ന മുടിയിഴകളില്‍ എന്നു തോന്നും.
ഞാന്‍ അഗാധമായി പ്രണയത്തില്‍പ്പെടും.
സ്ത്രീത്വത്തിന്റെ ആഘോഷം
ആര്‍ത്തവദിനങ്ങള്‍ ശല്യമെന്നു കരുതിയ നാളുകള്‍ ഏതൊരു പെണ്ണിലും ഉണ്ടാകും എന്നു തോന്നുന്നു. എനിക്കങ്ങനെ ആയിരുന്നു.
ഒരു ശാരീരിക അവസ്ഥ എന്നതിനെക്കാള്‍ അധികം മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നത് അതൊരു 'അശുദ്ധി' ആണെന്നാണ്. പല സ്വാതന്ത്ര്യങ്ങളും ഋതുമതിയാവുന്നതോടുകൂടി അസ്തമിച്ചുപോകുന്നു. പല പെണ്‍കുട്ടികള്‍ക്കും വിലക്കുകള്‍ ഉണ്ടായിവരും. കാലുകളില്‍ അദൃശ്യമായ ചങ്ങലകള്‍ പിന്നെയും.
ആ ദിവസങ്ങളെക്കുറിച്ച് പറയുകയും വേണ്ട. ഒളിപ്പിച്ചു വയ്ക്കേണ്ട മഹാവ്യാധിയാണ്. ചിലപ്പോള്‍ ശല്യമെന്നു തന്നെ തോന്നും.
അവയെ സ്‌നേഹിച്ചു തുടങ്ങുന്നത് അതിന്റെ അര്‍ത്ഥമറിയുമ്പോഴാണ്. ഒരു പരിധി വരെ അമ്മയാകാന്‍ ശരീരം തയ്യാറാണ് എന്നതിന്റെ വിളംബരം ആണല്ലോ അത്.
അടിവയറ്റില്‍ കൈപ്പടം അമര്‍ത്തി വെറുതെ കിടന്ന് എന്നെതന്നെ പ്രണയിച്ച ആര്‍ത്തവനാളുകള്‍ ഓര്‍മ്മയിലുണ്ട്.
'ലൂപ്രൈഡ്' ഇന്‍ജക്ഷനു ശേഷം ആര്‍ത്തവം മടങ്ങിവന്നത് നവംബര്‍ മാസത്തിലാണ്. പറഞ്ഞല്ലോ, തീരെ നിസ്സാരമെന്നു തോന്നുന്ന പലതിലുമാണ് ആത്മഹര്‍ഷം കുടിയിരിക്കുന്നത്.


വീണ്ടും ചുവന്നപ്പോള്‍ ഞാന്‍ അടിമുടി പൂത്തെന്നു തോന്നി. എന്റെ സ്ത്രീത്വം എന്നിലേക്ക് തിരിച്ചു വന്നുവെന്ന ഒരു ഉന്മാദം.
തീര്‍ച്ചയായും സ്ത്രീത്വം എന്നാല്‍, ആര്‍ത്തവം മാത്രമാണെന്ന് എനിക്കഭിപ്രായമില്ല. പക്ഷേ, എന്റെ സ്ത്രീത്വം അത് കൂടിയാണ്. അതു കൂടിയാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് അന്നാണെന്നു മാത്രം..!
ഇപ്പോള്‍ ഓരോ ആര്‍ത്തവകാലങ്ങളും ഞാന്‍ ആഘോഷിക്കാറുണ്ട്. ഞാനതിന്റെ ഉന്മാദലഹരി അറിയും. ചിലപ്പോള്‍ കടുത്ത വേദനയിലും ഒരു നിര്‍വൃതി അറിയും. അന്നു ചില്ലുചുമരിനപ്പുറത്ത് തകര്‍ന്നുപോയ എന്റെ ലോകം പുനര്‍നിര്‍മ്മിക്കപ്പെടുകയാണെന്നു തോന്നും.
ഞാന്‍ എന്നെത്തന്നെ ആഘോഷിക്കും, വീണ്ടും വീണ്ടും എന്നെത്തന്നെ പ്രണയിക്കും.
ഇതൊരു വര്‍ഷത്തെ മുഴുവന്‍ ഓര്‍മ്മകളല്ല.
മറന്നുപോയതും മറന്നുവച്ചതും ഉണ്ട്.
അങ്ങനെ മറന്നുവച്ചവയില്‍ ഞാനും ഏട്ടനും ഉണ്ട്, ഞങ്ങളുടെ നിമിഷങ്ങളുണ്ട്.
ഏട്ടനും ഞാനും തമ്മിലുള്ളതൊക്കെ ഞങ്ങളില്‍ തന്നെയിരിക്കട്ടെ. ആര്‍ദ്രമായ ചില ഓര്‍മ്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്നത് തന്നെയാണന്ന് സുഖം. വാക്കുകള്‍കൊണ്ട് പകര്‍ത്തി ഞാനതിന്റെ സൗന്ദര്യം കളഞ്ഞാല്‍ എനിക്കുതന്നെ എന്നോടു ക്ഷമിക്കാന്‍ പറ്റുകയില്ല.
ഇതില്‍ കണ്ണീരുണ്ട്, പ്രാര്‍ത്ഥനയും പ്രണയവും ഉണ്ട്.
കടലുണ്ട്, തിരകളുണ്ട്.
ഞാന്‍ മാത്രമല്ല... പക്ഷേ... ഇത് എന്റെ മാത്രം ഓര്‍മ്മകളും വികാരവിചാരങ്ങളും ആണ്.
എന്റെ മാത്രം വേദനകളാണ്.
എന്റെ മാത്രം വീഴ്ചകളാണ്.
എന്റെ മാത്രം കാഴ്ചകളാണ്.
എന്റെ ജീവിതമാണ്.


തിരിച്ചുവരവിന്റെ സാക്ഷ്യമാണ്.
എല്ലാ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹങ്ങള്‍ക്കും നന്ദി എന്നു മാത്രമേ പറയാനുള്ളൂ.
നന്ദി പറയുന്നത്... ചിലപ്പോള്‍ അപമാനിക്കലാവാം, അപഹാസ്യമാവാം...
ഞാന്‍ പക്ഷേ, മറ്റെന്താണ് തരിക, മറ്റെന്താണ് പറയുക?
എന്റെ ഹൃദയം നിറഞ്ഞു തുളുമ്പുമ്പോള്‍ 'നന്ദി' എന്നൊരു വാക്ക് പുറത്തുവിട്ട് ഞാനതിനെ അടക്കുന്നുവെന്നേയുള്ളൂ...
എല്ലാവരും പറയുക കഴിഞ്ഞ കാലവും കാന്‍സറിന്റെ ദുരിതവും മറന്നേക്കൂ... എന്നാണ്...
എനിക്ക് മറിച്ചാണ് പറയാനുള്ളത്.
ഞാനീ 2015 മറക്കില്ല. അത് മറന്നാല്‍ പിന്നെ ഞാനില്ല. എനിക്കാ ഓര്‍മ്മകളുമായി തന്നെ ജീവിച്ചു തീര്‍ക്കണം.
ആ ഓര്‍മ്മകളുള്ളിടത്തോളം കാലം ഞാന്‍ നിര്‍മ്മലയായിരിക്കും എന്നു തോന്നും.
എനിക്ക് പ്രണയിക്കാനും സ്‌നേഹിക്കാനും ക്ഷമിക്കാനും എളുപ്പമായിരിക്കും.
ആ ഓര്‍മ്മകളുള്ളിടത്തോളം കാലം എനിക്ക് ആള്‍ക്കാരെ വായിച്ചെടുക്കാന്‍ എളുപ്പമായിരിക്കും.
എനിക്ക് ഒന്നുമൊന്നും പ്രതീക്ഷിക്കാതെ ഹൃദയം തുറന്നു സ്‌നേഹിക്കാനും സംസാരിക്കാനും കഴിയും.
ഒരുപക്ഷേ, ശുദ്ധീകരിക്കപ്പെടാന്‍ വേണ്ടിയുള്ള അഗ്‌നിപരീക്ഷ ആയിരുന്നിരിക്കും.
എനിക്ക് അതൊന്നും മറക്കണ്ട...
എല്ലാ ഓര്‍മ്മകളും വേണം...
എനിക്ക് ഞാനായി തന്നെ ജീവിച്ചു തീര്‍ക്കാന്‍...