അതിജീവനത്തിന്റെ ഉടലാഴങ്ങള്‍

By ഉണ്ണികൃഷ്ണന്‍ ആവള/എസ്. കലേഷ്   |   Published: 07th December 2018 05:34 PM  |  

Last Updated: 07th December 2018 05:34 PM  |   A+A-   |  

 

ദിവാസി ട്രാന്‍സ്‌ജെന്‍ഡറിന്റെ സ്വത്വസംഘര്‍ഷങ്ങളും അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുമാണ് ഉണ്ണികൃഷ്ണന്‍ ആവളയുടെ 'ഉടലാഴം' എന്ന ചലച്ചിത്രത്തിനാധാരം. ഐ.എഫ്.എഫ്.കെ മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ഇടം നേടിയ ഈ സിനിമയെക്കുറിച്ചും ഡോക്യുമെന്ററികള്‍ കടന്നുവന്ന ചലച്ചിത്രവഴികളെക്കുറിച്ചും ഉണ്ണികൃഷ്ണന്‍ ആവള സംസാരിക്കുന്നു

 പതിനഞ്ചു വര്‍ഷം മുന്‍പ് കവിയെന്ന നിലയിലാണ് ഉണ്ണികൃഷ്ണന്‍ ആവളയെ പരിചയപ്പെടുന്നത്. പിന്നീട് കവിത ഉപേക്ഷിച്ച് ഫീച്ചറുകളും റിപ്പോര്‍ട്ടുകളും എഴുതാന്‍ തുടങ്ങി. പിന്നീട് ഡോക്യുമെന്ററികള്‍ ചെയ്തു തുടങ്ങി. ഇപ്പോള്‍ 'ഉടലാഴം' എന്ന സിനിമയിലെത്തി നില്‍ക്കുന്നു. ക്രമമായ വളര്‍ച്ചയും കൃത്യമായ ഒരു പരിണാമവും ഇതില്‍ കാണാനാവും. പരസ്പരബന്ധിതമായ മാധ്യമങ്ങളിലേയ്ക്കുള്ള ഈ മാറ്റം എങ്ങനെയാണ് സംഭവിച്ചത്? 
മേല്‍പ്പറഞ്ഞതൊന്നും വെവ്വേറെയായിട്ടല്ല കാണുന്നത്. കവിത എഴുതുന്ന പോലെതന്നെ ലേഖനവും സിനിമയും ഡോക്യുമെന്ററിയും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ചിലപ്പോള്‍ അതെന്റെ നിലവിളിയാവാം, സമരമാവാം, ഒരു മനുഷ്യജീവി എന്ന നിലയില്‍ എന്റെ വാദങ്ങളാവാം, സ്‌നേഹമാവാം. ഇപ്പറഞ്ഞതൊക്കെ ഉന്നയിക്കാനുള്ള ടൂള്‍ ആണ് ഇതെല്ലാം. എന്റേതു മാത്രമായ ചില ചെറിയ ഇടങ്ങളില്‍ എനിക്ക് സ്വാസ്ഥ്യവും തൃപ്തിയും ഇവ തരുന്നുണ്ട്. കവിതയോടുള്ള താല്‍പ്പര്യം കൗമാരത്തില്‍ ഉണ്ടായതാണ്. ഞാന്‍ പ്രവര്‍ത്തിച്ച മാധ്യമങ്ങളില്‍ എന്നെ ഏറ്റവും സ്വാധീനിച്ചത് കവിതയാണ്. ഇപ്പോഴും വായിക്കാന്‍ ഇഷ്ടം കവിത തന്നെ. പക്ഷേ, നമുക്ക് പറയാനുള്ള ചില വിഷയങ്ങള്‍ കവിതയിലൂടെ പറയാന്‍ കഴിയാതെ വന്നു, ഒരുതരം പറഞ്ഞു മതിയാവായ്ക. വിശാലമായ രീതിയില്‍ സ്വാതന്ത്ര്യത്തോടെ പറയാനാണ് ലേഖനത്തിലെത്തുന്നത്. അതും സംഭവിച്ചുപോയതാണ്. എപ്പോഴും ഹൃദയംകൊണ്ട് ഇടപെടാന്‍ താല്‍പ്പര്യമുള്ള ഒരാള്‍ എന്ന നിലയില്‍ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും കവിതകൊണ്ട് എഴുതുക എന്നതായിരുന്നു എന്റെ ആഗ്രഹം. മാറ്റിനിര്‍ത്തപ്പെട്ട മനുഷ്യരെക്കുറിച്ച് പറയുമ്പോള്‍ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലുള്ള ചിലര്‍, പൊലിപ്പിക്കപ്പെട്ട (Exaggerated) അനുഭവങ്ങളാണോ അതെന്നു സംശയങ്ങളുന്നയിച്ചിരുന്നു. അതിനാല്‍ പലതും പ്രസിദ്ധീകരിക്കാതിരിക്കുകയും ചെയ്തു. കേരളത്തിലെ ആദിവാസി കോളനികളില്‍ എയ്ഡ്‌സ് ഉണ്ടാകുമോ എന്നു ചോദിച്ച് പ്രസിദ്ധീകരണയോഗ്യമല്ലെന്നു മറുപടി തന്ന ഒരു ലേഖനത്തില്‍നിന്നാണ് എന്റെ ആദ്യ ഡോക്യുമെന്ററിയുണ്ടാകുന്നത്. എന്തും പറഞ്ഞുകൊടുക്കുന്നതിനെക്കാളും കാണിച്ചു കൊടുക്കുമ്പോള്‍ കൃത്യതയുണ്ടാകും. ഇടപെടുന്ന വിഷയത്തിന്റെ വസ്തുതാപരമായ സത്യസന്ധതയാണ് ഡോക്യുമെന്ററി എന്ന മീഡിയം ആവശ്യപ്പെടുന്നത്. സിനിമ എന്റെ കാഴ്ചപ്പാടുകളുടേയും സ്വപ്നങ്ങളുടേയും സങ്കടങ്ങളുടേയും സത്യസന്ധമായ നുണകളുടേയും കൂടിക്കലരലാണ്. 

മലബാറിന്റെ നെല്ലറയാണ് ആവള. അവിടെയാണ് ഉണ്ണികൃഷ്ണന്‍ ജനിച്ചുവളര്‍ന്നത്. പിന്നീട് അധ്യാപകനായി നിലമ്പൂരിലേക്കെത്തി. രണ്ടും വ്യത്യസ്ത ഭൂപ്രദേശങ്ങള്‍. കാര്‍ഷികവൃത്തിയില്‍ കേന്ദ്രീകരിച്ച ഗ്രാമീണജീവിതത്തിന്റെ സാഹചര്യങ്ങളില്‍നിന്ന് നിലമ്പൂരിലെത്തുമ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍ എങ്ങനെയാണ് സ്വാധീനിച്ചത്. ആ സ്വാധീനമാണോ ഒടുവിലത്തെ താള്‍ എന്ന ആദ്യ ഡോക്യുമെന്ററിയിലേക്കെത്തിച്ചത്?
ഒരു വയല്‍ക്കരയില്‍നിന്നു വനയോരത്തേക്ക് എത്തിയ ഒരാളുടെ അന്വേഷണമായിരുന്നു നിലമ്പൂരില്‍ എത്തിയപ്പോള്‍ എന്റെ ഉള്ളിലുണ്ടായിരുന്നത്. രണ്ട് ഗ്രാമങ്ങള്‍ക്കും ഒരുതരം തകര്‍ച്ചയുടെ സ്വഭാവമുണ്ടായിരുന്നു. ഇറിഗേഷന്‍ പ്രൊജക്ടിന്റെ ഭാഗമായ ചെറിയ ഷട്ടര്‍ ചോര്‍ച്ചകൊണ്ട് ഹെക്ടര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ ഒന്നിച്ചു വെള്ളത്തിലായതിനാല്‍ കൃഷി ഉപേക്ഷിച്ചു പോയവരുടെ നാടായിരുന്നു ആവള. വകുപ്പുകള്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നെങ്കില്‍ പരിഹരിക്കാമായിരുന്ന ചെറിയ പ്രശ്‌നങ്ങള്‍ അവഗണിച്ചതുകൊണ്ട് സംഭവിച്ച തകര്‍ച്ചയായിരുന്നു ആ നാടിന്. ടി.ടി.സിക്ക് പഠിക്കാന്‍ പോകുന്ന സമയത്തുപോലും വീട്ടിലെ കട്ടില്‍ മറിച്ചിട്ട് വെള്ളത്തിലാണ്ട മുളച്ച നെല്‍ക്കറ്റകള്‍ ഉന്തിനടന്ന അനേകം ആവളക്കുട്ടികളിലൊരാളാണ് ഞാന്‍. പലപ്പോഴും നെല്ല് കൊയ്യാനാകാതെ കതിര് ചവിട്ടിത്താഴ്ത്തി കരഞ്ഞു തിരിച്ചുപോകുന്ന കര്‍ഷകരുടെ പ്രാകലുകള്‍ ഞങ്ങള്‍ക്ക് ശീലമായിരുന്നു. ഈ കര്‍ഷകരുടെ കണ്ണീരിന്റേയും പ്രാകലിന്റേയും ചൂര് തട്ടിയ ഞാന്‍ ആദ്യമായി അധ്യാപകനായി സ്‌കൂളിലെത്തുമ്പോള്‍ കുട്ടികളെ പഠിപ്പിക്കേണ്ട പുസ്തകത്തിന്റെ ആദ്യ പേജില്‍ നെല്‍ക്കൃഷിയെക്കുറിച്ചും വയല്‍പ്പാട്ടിനെക്കുറിച്ചുമായിരുന്നു. കുട്ടികള്‍ക്കൊപ്പം പ്രദേശത്തെ കര്‍ഷകരിലേയ്ക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തുമ്പോള്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. അന്നു സ്‌കൂള്‍വിട്ട് നിലമ്പൂരിലാണ് വന്നിറങ്ങുക. സവര്‍ണ്ണ നാട്ടുരാജാക്കന്മാര്‍ കുടിയേറ്റം പ്രോത്സാഹിപ്പിച്ച്, നാടു വളര്‍ത്തി, ഗിരിജനതയുടെ തനതു സംസ്‌കാരത്തെ തകര്‍ത്തുകളഞ്ഞ മണ്ണ്. ഗോത്രജനതയുടെ കാട്ടിലേയ്ക്ക് കുടിയേറ്റക്കാരുടെ നാടു വളര്‍ന്നപ്പോള്‍ ഉണ്ടായ തകര്‍ച്ചകളുടെ പ്രത്യക്ഷ അടയാളങ്ങള്‍ ആ നാട്ടില്‍ അപ്പോളുമുണ്ടായിരുന്നു. മദ്യപിച്ച് സ്വയം മറന്നുപാടുന്ന ഗോത്രവിഭാഗക്കാരായിരിക്കും പലപ്പോഴും ബസില്‍ ഒപ്പമുണ്ടാകുക. ഞാന്‍ ആദ്യമായി കാട് കണ്ടത് വനംവകുപ്പിന്റെ ക്യാമ്പിന് ആവള യു.പി സ്‌കൂളില്‍നിന്ന് മുത്തങ്ങയില്‍ പോയപ്പോഴാണ്. അന്നത്തെ ക്യാമ്പില്‍ ഞങ്ങള്‍ക്കൊപ്പം വന്ന മുത്തങ്ങയിലെ ഗോത്രമനുഷ്യരുടെ മുഖമാണ്, ഓരോ കാട്ടുതീ വാര്‍ത്തയിലും മുത്തങ്ങ വെടിവെപ്പിന്റെ വാര്‍ത്തയിലും എന്നെ വേദിനിപ്പിക്കുന്നത്, ഓര്‍മ്മിപ്പിക്കുന്നത്. മഞ്ഞിറ്റുന്ന നാല് മണിക്ക് പപ്പന്‍ മാഷിന്റെ കൈപിടിച്ച് മയിലിനെ കാണാന്‍ പോയ ആ കാടിന്റെ തുടര്‍ച്ച തന്നെയാണ് എനിക്ക് ഈ മനുഷ്യരിലും കാണാന്‍ പറ്റിയത്. സമൃദ്ധമായ ഒരു കാടിന്റേയും മനുഷ്യജീവിതത്തിന്റേയും തകര്‍ച്ചയ്‌ക്കെതിരെയുള്ള എന്റേതായ പ്രതിരോധവും സ്‌നേഹവുമാണ് ഒടുവിലത്തെ താളും വിപരീതവുമൊക്കെ. 

വിപരീതം: ഗര്‍ഭപാത്രമുള്ള പുരുഷന്റെ സാഹസിക ജീവിതം ആയിരുന്നു ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം. ഒരുപക്ഷേ, ഇന്ത്യയില്‍ത്തന്നെ ഒരു ആദിവാസി ട്രാന്‍സ്‌ജെന്‍ഡറിനെക്കുറിച്ച് ആദ്യമായി പുറത്തുവന്ന പുസ്തകം. എങ്ങനെയാണ് വിപരീതത്തിലേക്കെത്തിയത്?
ഇന്നും ഉള്‍ക്കാട്ടില്‍ താമസിക്കുന്ന ചോലനായ്ക്കരെക്കുറിച്ചും നാട് വളര്‍ന്നപ്പോള്‍ കാടിനും നാടിനും ഇടയിലായ അറനാടരെക്കുറിച്ചും കൃഷിയിടങ്ങള്‍ വികസിപ്പിക്കാന്‍ കാട്ടില്‍നിന്നും കുടിയിറക്കി നാട്ടില്‍ താമസിപ്പിച്ച ആളരെക്കുറിച്ചും അന്വേഷിക്കുന്ന ഡോക്യുമെന്ററിയാണ് ഒടുവിലത്തെ താള്‍. നിലമ്പൂര്‍ താഴ്വരയില്‍ മാത്രം കാണപ്പെടുന്ന ഈ മൂന്നു ഗോത്രങ്ങളും വംശനാശത്തിന്റെ വക്കിലാണ്. 1941-ല്‍ 459 ആയിരുന്ന അറനാടരുടെ എണ്ണം ഇന്നു 169-ല്‍ താഴെയാണ്. ഡോക്യുമെന്ററിക്കായുള്ള അന്വേഷണങ്ങള്‍ക്കിടയിലാണ് രാജുവിനെ പരിചയപ്പെടുന്നത്. സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ഷാനവാസ് പറഞ്ഞറിഞ്ഞാണ് മാധ്യമപ്രവര്‍ത്തകയായ ഷബ്നയോടൊത്ത് രാജുവിനെ കാണാന്‍ ചെന്നത്. ആണാണോ പെണ്ണാണോ എന്നു സ്വയം തിരിച്ചറിയാനാകാത്ത 40 വയസ്സുള്ള ആ മനുഷ്യന്‍ സ്ത്രീ ആവാനുള്ള പ്രാഥമിക ശസ്ത്രക്രിയകള്‍ കഴിഞ്ഞ് കാട്ടോരത്തെ കുടിലില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യാനെത്തുന്ന നാട്ടിലെ കുണ്ടന്മാരെ പേടിച്ച് നാഭിക്കടച്ചിലിന്റെ അസഹനീയ വേദനയില്‍ ജീവിക്കുന്ന രാജുവിനെക്കുറിച്ചുള്ള ലേഖനം മാധ്യമം വാരിക കവര്‍‌സ്റ്റോറിയായി പ്രസിദ്ധീകരിച്ചു. ഇത് പിന്നീട് 'വിപരീതം' എന്ന പുസ്തകമായി.

രണ്ടാമത്തെ ഡോക്യുമെന്ററി വിമെന്‍സസ് അനുഷ്ഠാനങ്ങളിലെ ലിംഗവിവേചനത്തെ പ്രശ്‌നവല്‍ക്കരിക്കുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന കാലമായതിനാല്‍ ഡോക്യുമെന്ററി ഇപ്പോള്‍ കൂടുതലിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. എങ്ങനെയാണ് വിമെന്‍സസിലേക്കെത്തിയത്? 
വിമന്‍സെസ് എന്റെ ഉള്ളിലെ അനുഭവങ്ങളില്‍നിന്നാണ് പൂര്‍ത്തീകരിച്ചത്. നൂറുകണക്കിന് അമ്മഭഗവതിമാരാണ് തെയ്യവേഷങ്ങളില്‍ അധികവും. പക്ഷേ, മുഖത്തേയും നെഞ്ചിലേയും രോമം വടിച്ച്, മാര്‍ക്കച്ച കെട്ടി പുരുഷനാണ് ഭഗവതിവേഷം കെട്ടുക. എന്തുകൊണ്ട് സ്ത്രീ ഒഴിവാക്കപ്പെടുന്നു? തെയ്യത്തിന്റെ നാട്ടുകാരന്‍ കൂടിയായ എന്റെ ഉള്ളില്‍ എന്നോ കടന്നുവന്ന ചോദ്യമാണിത്. അനുഷ്ഠാനങ്ങളില്‍ പുരുഷനുണ്ടായിരുന്ന നിയമങ്ങളൊക്കെ കാലാനുസൃതമായി മാറ്റംവരുന്നുണ്ട്. എന്നാല്‍, സ്ത്രീയെ ഈ അനുഷ്ഠാന നിയമങ്ങള്‍ പ്രാകൃതരീതികളില്‍ തളച്ചിടുന്നു. ഇതിനു പിന്നിലെ പുരുഷയുക്തിയെയാണ് ചോദ്യം ചെയ്തത്. ദേവീപ്രതിഷ്ഠയിലെ തീണ്ടാരിത്തുണി ദിവ്യപ്രസാദമായി സ്വീകരിക്കുന്ന നാട്ടില്‍ ആര്‍ത്തവമുള്ള അമ്മയ്ക്ക് അയിത്തം വിധിക്കുക എന്നുള്ള അനുഷ്ഠാന വിധിയെ ചരിത്രപരമായ അന്വേഷണങ്ങളിലൂടെ പൊളിക്കുകയാണ് വിമെന്‍സസ്. മല്ലിക സാരാഭായ് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സാഹിത്യ അക്കാദമിയില്‍ ഇതു റിലീസ് ചെയ്യാനെത്തിയപ്പോഴാണ് കേരളം ഈ ഡോക്യുമെന്ററി ശ്രദ്ധിച്ചത്. കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പൊള്ളലുകൊണ്ടാകാം ഒരു ഫെസ്റ്റിവലിലും വിമെന്‍സസിന് ഇടം കിട്ടിയില്ല. എന്നാല്‍, ഗ്രാമീണ ചലച്ചിത്രവേദിയുടെ പ്രവര്‍ത്തകര്‍ വിമെന്‍സസ് കേരളത്തിലെ ക്യാമ്പസുകളില്‍ റിലീസ് ചെയ്തു. പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഒരേ ദിവസം രണ്ടും മൂന്നും സ്ഥലങ്ങളില്‍ മാറിമാറി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് അറിയുന്നു.

ആദ്യ ഫീച്ചര്‍ ഫിലിമായ ഉടലാഴത്തിന് മുംബൈ മാമി ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണങ്ങള്‍ ലഭിച്ചു. ഐ.എഫ്.എഫ്.കെ അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേയ്ക്ക് പ്രദര്‍ശനത്തിനൊരുങ്ങുന്നു. എന്താണ് ഉടലാഴം? വിപരീതത്തില്‍ അവതരിപ്പിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറായ രാജുവില്‍നിന്നാണോ ഉടലാഴത്തിലെ ഗുളികനെ കണ്ടെത്തുന്നത്?
'ഉടലാഴം' പോലെ ഒരു സിനിമ ചെയ്യുക എന്നത് എന്റെ അത്യാവശ്യമായിരുന്നു. ഉടലാഴത്തിന്റെ പ്രമേയത്തിനെ രണ്ട് രീതിയില്‍ ഞാന്‍ കാണുന്നു. ഒന്നു പതിന്നാലാം വയസ്സില്‍ വിവാഹിതനായ ഗുളികന്‍ എന്ന ഇരിപ്പുറക്കാത്ത ആദിവാസി ട്രാന്‍സ്‌ജെന്‍ഡറുടെ അതിജീവന നെട്ടോട്ടങ്ങള്‍. അതേസമയം മുഖ്യധാരാസമൂഹം ശരീരവുമായി ബന്ധപ്പെട്ട് സൂക്ഷിക്കുന്ന സൗന്ദര്യത്തിന്റെ ചില അളവുകോലുകളെക്കുറിച്ചും. ശരീരത്തിന്റേതായ അളവ് തെറ്റിപ്പോയ മനുഷ്യരെ എങ്ങനെയാണ് സമൂഹം ഒറ്റപ്പെടുത്തുന്നത്? ഇതൊക്കെ ചേര്‍ന്നുവരുന്നതാണ് ഉടലാഴത്തിന്റെ പ്രമേയം. ഒരാളുടെ ഉടല്‍ എങ്ങനെയാണ് അയാളുടെ ഐഡന്റിറ്റിയും കെണിയുമായി മാറുന്നതെന്നു സിനിമ പറഞ്ഞു വയ്ക്കുന്നു.

വിപരീതം എന്ന പുസ്തകത്തിലെ രാജു (ചാത്തന്‍) എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമല്ല ഉടലാഴം. എന്നാല്‍, രാജുവിന്റെ ജീവിതാനുഭവങ്ങള്‍ക്കും പരിസരങ്ങള്‍ക്കും ഉടലാഴവുമായി നല്ല ബന്ധമുണ്ട്. രാജുവിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതോടെ രാജുവിനെ നേരില്‍ കാണാനും രാജുവിനെക്കുറിച്ച് എഴുതാനും ഒരുപാട് പേരുണ്ടായി. ആദ്യമൊക്കെ രാജു സന്ദര്‍ശകരോട് സഹകരിച്ചിരുന്നു. പിന്നീട് ഇതെല്ലാം അലോസരപ്പെടുത്തലുകളായി തോന്നിത്തുടങ്ങിയപ്പോള്‍ ഒഴിഞ്ഞുമാറി. അവസാന നാളുകളില്‍ തമ്മില്‍ കാണുമ്പോഴും രാജു എന്നോട് ഇങ്ങനെ പറഞ്ഞു: ''പുസ്തകവും എഴുത്തുമൊക്കെ വന്നപ്പോള്‍ കുറേ ആളുകള്‍ തിരിച്ചറിയുന്നുണ്ട്. ഇനി ആരോടും വരരുതെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കു വേണ്ടത് ഇതൊന്നുമല്ല. എന്റെ കാടിനോട് ചേര്‍ന്നുള്ള ഇടമാണ്. അവിടെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണം. ആക്രമിക്കാന്‍ വരുന്നവരില്‍നിന്നും മോചനം വേണം. ഇതൊന്നും ചെയ്തുതരാന്‍ ആര്‍ക്കും പറ്റുന്നില്ല.''
രാജുവിന്റേയും കൂടെയുള്ളവരുടേയും നിസ്സഹായതകളില്‍നിന്നാണ് ഉടലാഴവും മാതിയും ഗുളികനും ഒക്കെ പിറക്കുന്നത്. മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഗോത്രജീവിതങ്ങളെ പതിവു സിനിമാപരിചരണങ്ങളില്‍നിന്നു വ്യത്യസ്തമായും ആത്മാര്‍ത്ഥമായും എങ്ങനെ ആവിഷ്‌കരിക്കാം എന്നതായിരുന്നു ഉടലാഴത്തില്‍ ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി. 

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടും മലയാളത്തിലെ ചലച്ചിത്രമേഖല മണി എന്ന ആദിവാസി ബാലന്റെ അഭിനയശേഷി തിരിച്ചറിഞ്ഞില്ല. അല്ലെങ്കില്‍ മണിയെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലേക്ക് മലയാള സിനിമ വളര്‍ന്നില്ല. മോഹന്‍ലാല്‍ ചിത്രമായ ഫോട്ടോഗ്രാഫറില്‍ അഭിനയിച്ചശേഷം അപ്രത്യക്ഷനായ മണിയാണ് ഉടലാഴത്തിലെ നായകന്‍
കറുത്ത, മെലിഞ്ഞ ശരീരങ്ങളൊന്നും മുഖ്യധാര സിനിമയുടെ നായക മാതൃകകള്‍ക്ക് ചേരുന്നതായിരുന്നില്ല. മിക്ക മലയാള സിനിമയിലേയും ആദിവാസി കഥാപാത്രങ്ങള്‍ കറുത്ത നിറമടിച്ച് ഉപരിപ്ലവമായി രൂപപ്പെടുത്തിയവരാണ്. അവരുടെ സംസ്‌കാരമോ ഭാഷയോ ഒരുതരത്തിലും അവ പ്രതിനിധീകരിച്ചില്ലെന്നു മാത്രമല്ല, വികലമാക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഗുളികന്‍ എന്ന കഥാപാത്രത്തെ യാഥാര്‍ത്ഥ്യബോധത്തോടെ ആവിഷ്‌കരിക്കുക എന്നത് എനിക്ക് വെല്ലുവിളിയായത്. ഗുളികന്റെ കണ്ണില്‍ എപ്പോഴും പതറിപ്പോയ ഒരു നോട്ടമുണ്ടായിരുന്നു. എത്ര വേദനിച്ചാലും അവനു ചിരിക്കാന്‍ കഴിഞ്ഞിരുന്നു. ഇതു രണ്ടുമായിരുന്നു ഗുളികനില്‍ എനിക്ക് വേണ്ടിയിരുന്നത്. എന്നാല്‍, ഒരു കഥാപാത്രമെന്നാല്‍ അയാളുടെ ആകാരം മാത്രമല്ല, സംസ്‌കാരംകൂടി ഉള്‍ച്ചേര്‍ന്നാലേ പൂര്‍ണ്ണമാകുവെന്ന ബോധ്യത്തിലാണ് മണിയിലേയ്‌ക്കെത്തിയത്. തികച്ചും ബോധപൂര്‍വ്വമായ തീരുമാനം. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഗോത്രവിഭാഗത്തില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ സിനിമയില്‍ നായകനാകുന്നത്.

ഇന്ദ്രന്‍സും മണിയും ഉടലാഴത്തില്‍

മണിയെ എങ്ങനെയാണ് കണ്ടെത്തിയത്?
പെട്ടെന്ന് ഒരു ആലോചനയിലാണ് മണിയുടെ പഴയ മുഖം മനസ്സിലെത്തിയത്. അവന്‍ വളര്‍ന്ന് ഇപ്പോള്‍ എങ്ങനെ ആയിട്ടുണ്ടാകും എന്നാലോചിച്ചു. പല വഴിക്ക് മണിയെ തേടി അന്വേഷണം തുടങ്ങി. ഒടുവില്‍ അന്വേഷണം കോളനിയിലെത്തി. അപ്പോഴാണ് അറിഞ്ഞത്, സഹോദരിയുടെ ആത്മഹത്യയ്ക്കുശേഷം മണി കോളനിയിലേയ്ക്കു വന്നിട്ടില്ല. രണ്ടു ദിവസത്തിനുശേഷം എനിക്കൊരു മിസ്ഡ് കോള്‍. മണിയുടെ ഭാര്യ പവിഴമായിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ മണിയുടെ ജീവിതത്തെക്കുറിച്ചും സിനിമയെ ജീവിതസാഹചര്യങ്ങള്‍ക്കൊണ്ട് ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ചും അറിഞ്ഞു. മണിയുടെകൂടെ കുടകിലുള്ള ഒരാളുടെ നമ്പര്‍ പവിഴം തന്നു. വിളിച്ചപ്പോഴൊന്നും കൃത്യമായി ഉത്തരം പറയാതെ സിനിമയോട് വിമുഖത കാണിച്ച മണിയെ നേരില്‍ കാണാന്‍ തീരുമാനിച്ചു. നാട്ടില്‍ വരുന്ന തീയതി മണി തെറ്റിച്ചു പറഞ്ഞെങ്കിലും പവിഴം കൃത്യമായി അറിയിച്ചു. ഞാനും പ്രൊജക്റ്റ് ഡിസൈനര്‍ സതീഷും കൂടെ കാണാന്‍ പോയി. ഒരു പകല്‍ മുഴുക്കെ സംസാരിച്ചതോടെയാണ് മണി അടുത്തത്. പിന്നീട് മണി എനിക്കൊപ്പം വീട്ടിലേക്ക് വന്നു. ആ ആറുമാസക്കാലം ഞങ്ങളുടെ വീട്ടുകാരിലൊരാളായി ജീവിച്ച അടുപ്പത്തില്‍നിന്നാണ് ഉടലാഴത്തിലെ ഗുളികന്‍ രൂപപ്പെടുന്നത്.

ക്യാമറക്കു മുന്‍പില്‍നിന്നു യാതൊരു മുന്‍പരിചയവുമില്ലാത്ത ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍. ഇതോടൊപ്പം ശ്രദ്ധേയരായ അഭിനേതാക്കള്‍-ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍. ഇവരെയെല്ലാം ഉള്‍പ്പെടുത്തി ചിത്രീകരണത്തെക്കുറിച്ച്?
ഇത്തരം വെല്ലുവിളികള്‍ തന്നെയായിരുന്നു സംവിധായകന്‍ എന്നതിന്റെ ത്രില്ല്. വെറ്റിലക്കൊല്ലി പണിയ കോളനിയിലെ അംഗങ്ങളേയും ചോലനായ്ക്കര്‍ ഉള്‍പ്പടെയുള്ള കുട്ടികളേയും ഒരു തരത്തിലുള്ള പരിശീലനവും കൊടുക്കാതെയാണ് ഞങ്ങള്‍ ക്യാമറയ്ക്കു മുന്‍പിലെത്തിച്ചത്. മേയ് മാസത്തില്‍ മാത്രം വെള്ളമിറങ്ങി മണല്‍ത്തിട്ടകളുണ്ടാകുന്ന ഒരു പുഴക്കടവിലായിരുന്നു സെറ്റ്. ഇതിനടുത്ത് ഒരു വീട് വാടകക്കെടുത്ത് എല്ലാ അംഗങ്ങളും ഒരുമിച്ച് താമസിക്കുകയായിരുന്നു. എല്ലാവരെയും ഒരുമിച്ചുകൂട്ടി നിര്‍ത്തുക എന്നുള്ളതിനാല്‍ യൂണിറ്റ് മുഴുവനായും ഒഴിവാക്കി രാത്രി പന്തങ്ങളുടെ വെളിച്ചത്തിലായിരുന്നു ഷൂട്ട്. അത് സിനിമയുടെ ജൈവികത നിലനിര്‍ത്താന്‍ സഹായിച്ചു. മണിക്കൊപ്പം പവിഴത്തേയും കുട്ടികളേയും അടുത്ത ബന്ധുക്കളേയും ഞങ്ങളിങ്ങോട്ടു കൊണ്ടുവന്നിരുന്നു.

ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ഫീച്ചര്‍ ഫിലിമാണ് 'ഉടലാഴം.' വിഷയത്തിന്റെ പ്രത്യേകതയോട് ഇണങ്ങി പ്രവര്‍ത്തിക്കാനുള്ള ഒരു ഗ്രൂപ്പിനെ എങ്ങനെ കണ്ടെത്തി. ഗായിക സിത്താര കൃഷ്ണകുമാര്‍ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നുവെന്ന പ്രത്യേകതയും ഉടലാഴത്തിനുണ്ട്.
സംവിധായക ഉദ്ദേശ്യങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും ഒരുകേടും വരുത്താതെ, സ്വന്തം കഴിവുകള്‍ സംഭാവന തരുന്ന ക്യാമറാമാനെയായിരുന്നു എനിക്ക് സിനിമയില്‍ ആവശ്യം. എ. മുഹമ്മദ് എന്ന നവാഗത ക്യാമറമാന്‍ സിനിമയുടെ ഫൈനല്‍ ഔട്ട് എടുക്കുന്നതുവരെ കൂടെ നിന്നു. എന്നാല്‍, ഈ സിനിമ ആദ്യമായി കണ്ടത് ബിജിബാലായിരുന്നു. അദ്ദേഹം തന്ന അഭിപ്രായവും ധൈര്യവും ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഊര്‍ജ്ജം പകര്‍ന്നു. സിനിമയുടെ പൂര്‍ണ്ണതയ്ക്കുവേണ്ടി ഒടുക്കം വരെ ബിജിബാലും രംഗനാഥ് രവിയും അജിത് ജോര്‍ജ്ജും കൂടെ നിന്നു. അവര്‍ക്കു ബോധ്യപ്പെടുന്ന, ഏതു മാറ്റങ്ങള്‍ക്കും അവര്‍ തയ്യാറായത് ഒരു തുടക്കക്കാരനെന്ന നിലയില്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. 


വിമെന്‍സസില്‍ പശ്ചാത്തല സംഗീതം നിര്‍വ്വഹിക്കുന്നതിനുവേണ്ടി ഞാനും സിത്താരയുംകൂടി തീരുമാനിച്ചതായിരുന്നു. പരമ്പരാഗത തെയ്യവാദ്യം അറിയുന്ന ഒരാള്‍ വേണം എന്ന തീരുമാനത്തിലെത്തിയപ്പോള്‍ ആ പ്രൊജക്റ്റ് നടന്നില്ല. അതിനാല്‍ ആദ്യത്തെ സിനിമ ആലോചിക്കുമ്പോള്‍ സിത്താര തന്നെയായിരുന്നു എന്റെ ആദ്യ ചോയ്‌സ്. ഇത്രയും പ്രതിഭാശാലികളായ വനിതാ സംഗീതജ്ഞരുണ്ടായിട്ടും പുരുഷന്മാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സംഗീതം മാത്രമായിരുന്നു നമ്മള്‍ കേട്ടുകൊണ്ടിരുന്നത്. സിത്താരക്കൊപ്പം ഉറ്റ സുഹൃത്തായ മിഥുന്‍ ജയരാജും കൂടെച്ചേര്‍ന്നു സംഗീതം നല്‍കാമെന്നു പറഞ്ഞപ്പോള്‍ ആണും പെണ്ണും ചേര്‍ന്ന, മനസ്സിന്റെ ഈണമാവാന്‍ അതാകും നല്ലതെന്നും തോന്നി. ചിത്രത്തിലെ മേടസൂര്യന്റെ നെഞ്ചിലെ എന്ന ഗാനം കവിത ഉള്ളിലുള്ളതുകൊണ്ടാണ് എനിക്ക് എഴുതാനായതെന്നും കരുതുന്നു. അതുപോലെ ചമയരംഗത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുന്നതും ഉടലാഴത്തിലൂടെയാണ്-മിറ്റ ആന്റണി. ഇങ്ങനെ പ്രതിഭകളായ ഒരു പറ്റം ആളുകള്‍ ഉടലാഴത്തിനു പിന്നിലുണ്ട്. 


ഉടലാഴത്തിന് നിര്‍മ്മാതാക്കളെ കണ്ടെത്തിയതിനെക്കുറിച്ചും പറയേണ്ടതുണ്ട്.
ഒരു ദിവസം ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് വീടിനു സമീപത്തെ പീപ്പിള്‍സ് ഹോസ്പിറ്റലില്‍ എഴുത്തുകാരന്‍ കൂടിയായ ഡോ. കെ.ടി. മനോജ് കുമാറിനെ കാണാന്‍ പോയി. കമലിനെ കേട്ടെഴുതിയ ആത്മാവിന്‍ പുസ്തകത്താളില്‍ പുറത്തിറങ്ങിയ സമയമായിരുന്നു അത്. സംസാരത്തിനിടയില്‍ പുതിയ സിനിമയുടെ കഥ അദ്ദേഹത്തോട് പറഞ്ഞു. ഞാനും മറ്റൊരു സുഹൃത്തും മുടക്കുമുതല്‍ വളരെ കുറച്ച്, മൂലധനത്തിന്റെ വന്‍ഭാരമില്ലാതെ ഉടലാഴം ചെയ്യാനായിരുന്നു ഉദ്ദേശ്യം. സംസാരത്തിനൊടുവില്‍ സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ താല്‍പ്പര്യമുണ്ടോ എന്നു ഞാന്‍ ഡോക്ടറോട് ചോദിച്ചു. പിന്നീട് മെഡിക്കല്‍ കോളേജ് പഠനകാലത്തെ സുഹൃത്തുക്കളായ ഡോ. രാജേഷ്, ഡോ. സജീഷ് എന്നിവരും ചേര്‍ന്ന് ഡോക്ടേര്‍സ് ഡിലേമ എന്ന ബാനറില്‍ ഇവര്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനത്തിലെത്തുകയായിരുന്നു. എന്നെയും ടീമിനേയും വിശ്വസിച്ച് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവാതെ ഇവര്‍ ഒപ്പം നിന്നു. പ്രതിഫലേച്ഛയില്ലാതെ അധ്വാനം ദാനം തന്ന സഹസംവിധായകരും ടെക്നീഷ്യന്‍സും അഭിനേതാക്കളും ഉള്‍പ്പെടുന്ന ഉടലാഴത്തിന്റെ ടീമിനോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്.

രണ്ടു ഡോക്യുമെന്ററികള്‍ താങ്കള്‍ സ്വന്തമായി നിര്‍മ്മിച്ചു. വിഷയത്തിന്റെ പ്രാധാന്യം കൊണ്ടുതന്നെ വിമെന്‍സസ് പല ഫെസ്റ്റിവലുകളിലും തഴയപ്പെട്ടെന്നും മുന്‍പ് പറഞ്ഞു. സിനിമ എടുക്കുന്നു എന്നതുപോലെ തന്നെയല്ലേ അതു കൃത്യമായി കാണികള്‍ക്ക് മുന്നില്‍ എത്തിക്കുക എന്നതും.
ലുങ്കിമുണ്ടുകള്‍ പിന്നു കൂട്ടി തമ്മില്‍ കുത്തി കര്‍ട്ടനുണ്ടാക്കി നാടകം കളിക്കുന്ന ആവളയിലെ കലാസമിതി പ്രസ്ഥാനങ്ങളിലൂടെയാണ് ഞാന്‍ കലാപ്രവര്‍ത്തനം തുടങ്ങുന്നത്. കൂട്ടോത്ത് സ്‌കൂളിലെ ഗീത ടീച്ചറെപ്പോലുള്ള സ്വന്തം വള ഊരി പണയംവെച്ച് കുട്ടികളെ സബ്ജില്ല നാടകത്തിന് കൊണ്ടുപോകുന്ന അധ്യാപകരെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അച്ചടക്കത്തോടെ ജീവിക്കുമെന്നു കരുതിയിട്ടാണ് എന്നെ അധ്യാപകനാക്കിയതെന്നു കൂട്ടുകാരി സ്മിഷയോട് എന്റെ അമ്മ തമാശ പറയാറുണ്ട്. ആ ജോലിയുടെ പിന്‍ബലത്തിലാണ് വീടുവയ്ക്കാന്‍ എന്ന വ്യാജേന ടീച്ചേഴ്‌സ് സൊസൈറ്റിയില്‍നിന്നും ലോണെടുത്ത് ഞാന്‍ ഡോക്യുമെന്ററി ചെയ്തത്.
രണ്ടോ മൂന്നോ പ്രഗല്‍ഭര്‍ ഇരുന്നാണ് ഒരു ഫെസ്റ്റിവലിലേക്ക് ഡോക്യുമെന്ററിയും സിനിമയുമൊക്കെ തെരഞ്ഞെടുക്കുന്നത്. മൂന്നോ നാലോ അംഗങ്ങളുള്ള ജൂറിയാണ് ഇതിനൊക്കെ അവാര്‍ഡ് നിശ്ചയിക്കുന്നത്. ഇവരുടെ രാഷ്ട്രീയവും താല്‍പ്പര്യങ്ങളും ഈ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്നറിഞ്ഞുതന്നെയാണ് ഡോക്യുമെന്ററിയും സിനിമയും ഫെസ്റ്റിവലിന് അയക്കുന്നത്. അവാര്‍ഡ് നേടുക എന്നതിനപ്പുറം, ഫെസ്റ്റിവലുകളിലൂടെ സിനിമ സാധാരണ ജനങ്ങളിലേയ്‌ക്കെത്തും. എന്നെപ്പോലുള്ള സാധാരണ മനുഷ്യര്‍ സിനിമ കണ്ടിറങ്ങുമ്പോഴുള്ള സന്തോഷം മറ്റൊരു ഇന്റര്‍നാഷണല്‍ വേദിയിലും കിട്ടില്ലല്ലോ.

ചിത്രീകരണത്തിനിടെ ഉണ്ണികൃഷ്ണന്‍ ആവള

ഉടലാഴത്തില്‍ മാതി ഒരു കരുത്തുറ്റ കഥാപാത്രമാണ്. തോറ്റുപോകുമായിരുന്ന ഒരിടത്ത് സമൂഹത്തിന്റെ മുഖത്തേയ്ക്ക് ഒരൊറ്റ തുപ്പലിലൂടെ അവസാനംവരെ വിജയിച്ച സ്ത്രീ. ആര്‍ത്തവത്തിന് അയിത്തം കല്‍പ്പിച്ച് അനുഷ്ഠാനങ്ങള്‍ക്കു പുറത്തു നിര്‍ത്തിയ സ്ത്രീകള്‍ക്കു വേണ്ടി, അമ്പലക്കമ്മിറ്റി ബോര്‍ഡിലെ അടിച്ചുതളി എന്നിടത്ത് മാത്രം സ്ത്രീകളുടെ പേരെഴുതിയ ബോര്‍ഡ് കാണിച്ചുകൊണ്ടാണ് വിമെന്‍സസ് സംസാരിക്കുന്നത്. സ്വന്തം ആവാസവ്യസ്ഥയിപ്ല്‌പോലും ഏതു സമയത്തും ആക്രമണത്തിന് ഇരകളാകേണ്ടിവരുന്ന സ്ത്രീകള്‍, അവരുടെ അതിജീവനമാണ് ഒടുവിലത്തെ താള്‍. സ്ത്രീകളിലൂടെയാണ് ഉണ്ണികൃഷ്ണന്റെ സിനിമയും ഡോക്യുമെന്ററിയും സാമൂഹികരാഷ്ട്രീയം വ്യക്തമാക്കുന്നതെന്നു തോന്നുന്നു.
കോറോത്ത് കുഞ്ഞിക്കാവ എന്ന സ്ത്രീയാണ് എന്നെ വളര്‍ത്തിയത്. അവര് പഠിപ്പിച്ച ജീവിതത്തിനെക്കാള്‍ ഒരു ക്ലാസ്സ് മുറിയും എന്നെ ഒന്നും പഠിപ്പിച്ചിട്ടില്ല. വിമെന്‍സെസ് പുറത്തിറങ്ങിയാല്‍ മറ്റു പലതും സംഭവിക്കുമെന്നു വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയവരോട് ''ഓന്‍ എനിക്ക്ണ്ടായതാ'' എന്നു പറയാന്‍ അവര്‍ കാണിച്ച ആര്‍ജ്ജവം എന്റെ സൃഷ്ടികളിലുമുണ്ടാവും. കൂടെ യാത്ര ചെയ്യുന്നതും ഒരുമിച്ചിരിക്കുന്നതും സുഹൃത്താണോ എന്നു മാത്രമേ ഞാന്‍ നോക്കാറുള്ളൂ. അത് ആണാണോ പെണ്ണാണോ എന്നുപോലും ശ്രദ്ധിക്കാറില്ല. അതുകൊണ്ട് തന്നെയാണ് തന്തയ്ക്കു പിറന്നവനാണ് എന്ന് ഊറ്റം കൊള്ളുന്ന പുരുഷന്റെ സമൂഹത്തില്‍, ഞാന്‍ അമ്മക്ക് പിറന്നവനാണ് എന്ന് എനിക്ക് ഉറക്കെ പറയാനാവുന്നത്.

രണ്ട് വര്‍ഷത്തോളം കമലിന്റെ കൂടെ നിന്ന് ജീവിതമെഴുതി. ആത്മാവിന്‍ പുസ്തകത്താളില്‍. എന്നാല്‍, കമലിന്റെ സംവിധാന സഹായിയായില്ല. കമല്‍ ഏതെങ്കിലും രീതിയില്‍ സിനിമയേയോ വ്യക്തിപരമായോ സ്വാധീനിച്ചിട്ടുണ്ടോ? 
മലയാള സിനിമയുടെ നാല് പതിറ്റാണ്ടിലധികമുള്ള ചരിത്രത്തെ അനുഭവിച്ചറിഞ്ഞ ഒരാളിലൂടെയുള്ള മലയാളസിനിമാ ലോകത്തെക്കുറിച്ചുള്ള എന്റെ അന്വേഷണമായിരുന്നു ആത്മാവിന്‍ പുസ്തകത്താളില്‍. കമാലുദ്ദീന്‍ എന്ന വ്യക്തി സംവിധായകന്‍ കമലായി മാറുന്നതുവരെയുള്ള അധ്വാനവും ഇച്ഛാശക്തിയും എന്നെ ആശ്ചര്യപ്പെടുത്തി. ഡോക്യുമെന്ററി ചെയ്യുന്ന ഒരാളാണ് ഞാന്‍ എന്നുപോലും കമല്‍ജിക്ക് അറിയില്ല. ഞാന്‍ പറഞ്ഞിട്ടുമില്ല. പുസ്തകമെഴുത്ത് ഒരു വര്‍ഷം പിന്നിടുന്ന സമയത്ത്, രണ്ടാമത്തെ ഡോക്യുമെന്ററിയായ വിമെന്‍സെസിന്റെ പ്രകാശനത്തിന് മല്ലികാ സാരാഭായ് വരുന്ന വിവരം അറിയിച്ചപ്പോഴാണ് എന്റെ ഈ 'മേല്‍വിലാസം' കമല്‍ജി തിരിച്ചറിയുന്നത്. ജോലിയില്‍നിന്നു ദീര്‍ഘകാല അവധിയെടുത്ത വിവരം കൂടിയറിയുമ്പോഴാണ് ഭാവിപദ്ധതികളെക്കുറിച്ച് ചോദിക്കുന്നത്.

മണി, സജിത മഠത്തില്‍

ആമിയുടെ തിരക്കഥാ രചനയുടെ തിരക്കിലായിരുന്നു അദ്ദേഹം. മറ്റൊരാളുടെ പുസ്തകമെഴുതുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍, ഇത്തരം പുസ്തകമെഴുത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നും കമല്‍ജിയുടെ അനുഭവങ്ങള്‍ അറിയുക മാത്രമായിരുന്നു എന്റെ ലക്ഷ്യമെന്നും പറഞ്ഞു. അങ്ങനെയാണ് ഞാന്‍ എന്റെ സിനിമാ സങ്കല്‍പ്പത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കുന്നത്. സിനിമ ഉണ്ടാക്കുക എന്നതിനപ്പുറത്തേയ്ക്ക് വ്യത്യസ്തരായ കലാകാരന്മാരുടെ ഒരു ക്രൂവിനെ എങ്ങനെയാണ് ഏകോപിപ്പിച്ച് കൊണ്ടുപോവുക എന്നറിയാന്‍ എനിക്ക് കൗതുകമുണ്ടായിരുന്നു. അതിനുവേണ്ടി മാത്രം ഒരു സഹസംവിധായകനായി നീ നില്‍ക്കേണ്ടതില്ല എന്നും വേണമെങ്കില്‍ അടുത്ത സിനിമയില്‍ കൂടെ നില്‍ക്ക് എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നീട് അദ്ദേഹത്തോടൊപ്പമുള്ള യാത്രകളിലും താമസസ്ഥലത്തും ലോക്കേഷനില്‍ മാറിനിന്നു കാണുമ്പോഴുമൊക്കെ ഒരു 'സഹസംവിധായക'ന്റെ ജോലി ചെയ്തുകൊണ്ടേയിരുന്നു. 
കേരളത്തിലെ ഏറ്റവും കൂടുതല്‍ ശിഷ്യന്മാരുള്ള സംവിധായകനായി കമല്‍ മാറിയത് എങ്ങനെയെന്ന് അക്കാലത്തെനിക്ക് മനസ്സിലായി. കൂടെയുള്ള ശിഷ്യരുടെ ഓരോ സിനിമയിലും അത്രയും കരുതലോടെയായിരുന്നു അദ്ദേഹം ഇടപെട്ടിരുന്നത്. സിനിമ തുടങ്ങുമ്പോള്‍ പറയാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. ഉടലാഴത്തിലെ നായിക രമ്യ വത്സല ആമിയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. രമ്യ എന്റെ സെറ്റില്‍ നിന്നാണു വരുന്നത് എന്നു പറഞ്ഞപ്പോഴാണ് അദ്ദേഹം എന്റെ സിനിമയെക്കുറിച്ച് അറിയുന്നത്. അന്നു വിളിച്ചപ്പോള്‍ കമല്‍ജി ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ''നീ എന്റെ ഏകലവ്യനായല്ലോടാ.''