അവസാനിക്കാത്ത ദൃഷ്ടാന്തങ്ങള്‍: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണത്തോടെ മുതിര്‍ന്നവര്‍ നിര്‍വ്വഹിക്കുന്ന 'സലാത് അല്‍-ഇസ്തിഖ'യും മഴയ്ക്കുവേണ്ടിയാണ്.
അവസാനിക്കാത്ത ദൃഷ്ടാന്തങ്ങള്‍: സിവി ബാലകൃഷ്ണന്‍ എഴുതുന്നു

രണ്ട മണ്ണിലേയ്ക്ക് മഴ പെയ്യിക്കുന്നതിനും ആട്ടിടയന്മാരുടെ ഉടുപ്പുകള്‍ നനയ്ക്കുന്നതിനും ആട്ടിന്‍പറ്റങ്ങള്‍ക്കു മേയാനായി പച്ചപ്പുല്ല് കിളിര്‍പ്പിക്കുന്നതിനും മഴയുടെ മാതാവിനോടുള്ള പ്രാര്‍ത്ഥനയായ 'ഉം അല്‍-ഖേയ്ത്' കുവൈറ്റിന്റെ പഴയ ആചാരങ്ങളിലൊന്നായിരുന്നു. പെണ്‍കുട്ടികള്‍ തുണികൊണ്ടോ മരംകൊണ്ടോ പാവകളുണ്ടാക്കി 'ഉം അല്‍-ഖേയ്ത്' പാടിക്കൊണ്ട് വീടുകള്‍ കയറിയിറങ്ങും. മേഘരഹിതമായ ആകാശത്തിലേയ്ക്ക് മഴയ്ക്കായുള്ള പ്രാര്‍ത്ഥനകള്‍ ഉയരും. മഴ പെയ്യട്ടെ, പെയ്യട്ടെ...

ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ഖുര്‍ആന്‍ പാരായണത്തോടെ മുതിര്‍ന്നവര്‍ നിര്‍വ്വഹിക്കുന്ന 'സലാത് അല്‍-ഇസ്തിഖ'യും മഴയ്ക്കുവേണ്ടിയാണ്. മരുഭൂമികളെ സംബന്ധിച്ച് അതിശയമാര്‍ന്ന ഒരു അമാനുഷ ക്രിയയാണ് (miracle) മഴ. ശമശുദ്ധമായ ചേതസ്സുകളുടെ അപേക്ഷയ്ക്കുള്ള മറുപടി. അതു മണ്ണിനേയും മലനിരകളേയും ഈന്തപ്പനകളേയും ഒട്ടകക്കൂട്ടങ്ങളേയും ആടുകളേയും അജപാലകരേയും ആഹ്ലാദിപ്പിക്കുന്നു. ജനപദങ്ങള്‍ തിമിര്‍ക്കുന്നു...
മഴ, പക്ഷേ, എല്ലായ്പോഴും ഒരേപോലെയല്ല. അത് ഭയകാരിണിയുമാവാം: കുവൈറ്റില്‍ ഈയിടെ സംഭവിച്ചതുപോലെ.

അന്തരീക്ഷാവസ്ഥ സംബന്ധിച്ച കൃത്യമായ മുന്നറിയിപ്പുകളുണ്ടായിരുന്നു. മീററിയെറോളജി കേന്ദ്രത്തിന്റെ പ്രവചനങ്ങള്‍ കുവൈറ്റുകാര്‍ അവിശ്വസിക്കുകയോ നിസ്സാരവല്‍ക്കരിക്കുകയോ ചെയ്യാറില്ല. അവ തെറ്റാറില്ലെന്നതാണ് അവരുടെ അനുഭവം. സീസണിലെ ഓരോ പൊടിക്കാറ്റും പ്രവചിക്കപ്പെട്ടിരുന്നു. പൊടിക്കാറ്റുകള്‍ വീശിയടങ്ങിയ മണ്ണിലേയ്ക്കു മഴ പെയ്തിറങ്ങാന്‍ പോകുന്നുവെന്നത് കുവൈറ്റിനെയാകെ ആഹ്ലാദിപ്പിക്കാന്‍ പോന്ന അറിയിപ്പായി. പതിഞ്ഞ താളത്തിലായിരുന്നു തുടക്കം. എന്നാല്‍, മഴ രൗദ്രവേഗമാര്‍ജ്ജിച്ചതോടെ ആഹ്ലാദമകന്ന് കുവൈറ്റ് പാടെ സ്തബ്ധമായി. പാതകളിലൂടെ ജലം തിരയിളക്കത്തോടെ പാഞ്ഞു. ഗോപുരങ്ങള്‍ക്കും ഈന്തപ്പനകള്‍ക്കുമിടയിലേയ്ക്ക് കടല്‍ കയറിവന്ന പ്രതീതിയായി. എല്ലാ സര്‍വ്വീസുകളും റദ്ദു ചെയ്ത് വിമാനത്താവളം അടച്ചിടുകയാണെന്ന പ്രഖ്യാപനമുണ്ടായി. നേര്‍ക്കാഴ്ചകളൊക്കെയും അസ്പഷ്ടമായി. ടെലിവിഷന്‍ ചാനലില്‍ ഒഴുക്കില്‍പ്പെട്ട ഒട്ടകങ്ങളുടെ ദൈന്യം. പേമാരി. വിസ്തൃതമായ ഒരു കബര്‍സ്ഥാനില്‍ മരിച്ചവര്‍ക്കായുള്ള മീസാന്‍ കല്ലുകള്‍ക്കാകെ സ്ഥാനചലനം. ജലപ്പരപ്പില്‍ പൊങ്ങുതടികള്‍പോലെ ശവക്കുഴികളിലെ ശേഷിപ്പുകള്‍. ആവാസസ്ഥാനങ്ങളും വ്യാപാരസ്ഥലികളുമായ കുവൈറ്റ് സിറ്റിയും മംഗാഫും ഫഹഹീലും മെഹറൗളയും അബ്ബാസിയയും സാല്‍മിയയും ഷര്‍ഖുമെല്ലാം ക്രോധവൃഷ്ടിയില്‍. എങ്ങും മഴയുടെ ഇരമ്പം മാത്രം. സുല്‍ത്താന്റെ കൊട്ടാരങ്ങളും ഗോത്രവര്‍ഗ്ഗക്കാരുടെ എളിയ പാര്‍പ്പിടങ്ങളും കേള്‍ക്കുന്നത് ഒരേ ശബ്ദം.

വലിപ്പമേറിയ ഹൃദയമുള്ള ചെറിയ രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുവൈറ്റില്‍ തദ്ദേശിയരെക്കാള്‍ അധികം അന്യദേശക്കാരാണ്. തദ്ദേശിയരുടെ സംഖ്യ 1.4 ദശലക്ഷവും വിദേശികളുടേത് 3.2 ദശലക്ഷവും. മറ്റ് അറബ് നാടുകളെപ്പോലെ കുവൈറ്റും സ്വദേശിവല്‍ക്കരണത്തിന്റെ കര്‍ശന നടപടികളിലാണ്. തെരഞ്ഞെടുക്കപ്പെട്ട അമ്പതംഗ അസംബ്ലിയിലെ ഏക വനിതയായ സഫ അല്‍-ഹാഷെം വീറോടെ വാദിക്കുന്നത് വിദേശികള്‍ അവര്‍ ശ്വസിക്കുന്ന വായുവിനുപോലും നികുതി നല്‍കണമെന്നാണ്. ഒട്ടും സൗഹൃദപരമല്ല ഹാഷെമിന്റെ നിലപാട്. ഒരു അന്താരാഷ്ട്ര പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിനുശേഷം വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് വിദേശികള്‍ക്ക് വായുവിനുപോലും നികുതി ചുമത്തണമെന്ന വിചിത്രമായ നിര്‍ദ്ദേശം ഹാഷെം ഉന്നയിച്ചതെന്നതാണ് കൗതുകകരമായ വസ്തുത. എന്തൊരു അന്താരാഷ്ട്ര ബോധം!

യാഥാസ്ഥിതികമായ കാഴ്ചപ്പാട് രാഷ്ട്രീയത്തിലെന്നപോലെ സമൂഹത്തിലും വര്‍ദ്ധിച്ചുവരുന്നുവെന്നതിന്റെ വേറൊരു ദൃഷ്ടാന്തം നാല്പത്തിമൂന്നാമത്തെ പുസ്തകമേളയില്‍ 948 പുസ്തകങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനമാണ്. വാര്‍ത്താവിതരണ മന്ത്രാലയം കഴിഞ്ഞ വര്‍ഷങ്ങളിലായി നാലായിരത്തിലേറെ പുസ്തകങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ആ പട്ടിക ഓരോ മേളയിലും ദീര്‍ഘിക്കുകയാണ്. ഇത്തവണ നിരോധിച്ച പുസ്തകങ്ങളിലൊന്ന് ദസ്തയേവ്‌സ്‌കിയുടെ 'കാരമസോവ് സഹോദരന്മാരാ'ണ്.

സിവി ബാലകൃഷ്ണന്‍ കുവൈറ്റില്‍
സിവി ബാലകൃഷ്ണന്‍ കുവൈറ്റില്‍

വിക്ടര്‍ ഹ്യൂഗോയുടെ 'നോത്രദാമിലെ കൂനനും' ഗാര്‍സ്യാ മാര്‍ക്വേസിന്റെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളും' നിരോധിത കൃതികളില്‍പ്പെടുന്നു. മതനിന്ദ, കുവൈറ്റിന്റെ നീതിന്യായവ്യസ്ഥയോടുള്ള അനാദരവ്, ദേശീയ സുരക്ഷിതത്വത്തിനുള്ള ഭീഷണി, സാമൂഹികമായ അശാന്തി സൃഷ്ടിക്കാനുള്ള ശ്രമം, അസാന്മാര്‍ഗ്ഗിക ചെയ്തികള്‍ എന്നിവ മാനദണ്ഡമാക്കിക്കൊണ്ട് സെന്‍സര്‍ഷിപ്പ് കമ്മിറ്റി വര്‍ഷംതോറും പുതിയ പുതിയ വിധിതീര്‍പ്പുകള്‍ നടപ്പിലാക്കുന്നപക്ഷം ചെറിയ രാജ്യത്തിന് അതിന്റെ ഹൃദയവലിപ്പത്തെച്ചൊല്ലി എങ്ങനെ അഭിമാനിക്കാനാകും? ദസ്തയേവ്‌സ്‌കിയേയും ഹ്യൂഗോയേയും മാര്‍ക്വേസിനേയും അവര്‍ക്കു സമശീര്‍ഷരായ മറ്റനേകം പേരേയും കടന്നുവരാന്‍ അനുവദിക്കാതെ ഒരു അന്താരാഷ്ട്ര പുസ്തകോത്സവമോ? വിശ്വാസികള്‍ ആലോചിച്ചറിയട്ടെ. ഈന്തപ്പനകളും മുന്തിരിവള്ളികളുമുള്ള ഒരു തോട്ടം തീക്കാറ്റേറ്റ് കരിഞ്ഞുപോകുന്നത് ഖുര്‍ആനിലെ ദൃഷ്ടാന്തങ്ങളിലൊന്നാണ്. അത് വിശ്വാസികള്‍ ആലോചിച്ചറിയുന്നതിനായിരുന്നു. ദൃഷ്ടാന്തങ്ങള്‍ അവസാനിച്ചിട്ടില്ല തന്നെ. കുവൈറ്റ് അതു സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com