കവിതയുടെ റിപ്പബ്ലിക്ക്: ടിപി രാജീവന്‍ എഴുതുന്നു

ഈ വര്‍ഷത്തെ റൂത്ത് ചില്ലി പുരസ്‌കാരം പ്രഖ്യാപിച്ചു. ഇംഗ്ലീഷില്‍ എഴുതുന്ന മാര്‍ട്ടിന്‍ എസ്പാഡ എന്ന ലാറ്റിനോ കവിക്കാണ് ലഭിച്ചത്.
മാര്‍ട്ടിന്‍ എസ്പാഡ
മാര്‍ട്ടിന്‍ എസ്പാഡ

വര്‍ഷത്തെ റൂത്ത് ചില്ലി പുരസ്‌കാരം പ്രഖ്യാപിച്ചു. ഇംഗ്ലീഷില്‍ എഴുതുന്ന മാര്‍ട്ടിന്‍ എസ്പാഡ എന്ന ലാറ്റിനോ കവിക്കാണ് ലഭിച്ചത്. അവാര്‍ഡുകള്‍ സര്‍വ്വസാധാരണമാകുകയും നൊബേല്‍ ഉള്‍പ്പെടെ അവയില്‍ പലതിന്റേയും വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്ര എടുത്തുപറയാന്‍ ഈ പുരസ്‌കാരത്തിന്റെ സവിശേഷത എന്താണ് എന്നു സംശയിച്ചേക്കാം. കാവ്യലോകത്ത് പുരസ്‌കാരത്തിന്റെ പ്രസക്തിയും അതു നല്‍കുന്നതില്‍ പാലിക്കുന്ന വിട്ടുവീഴ്ചയില്ലായ്മയും ലഭിക്കുന്നവരുടെ അതിനുള്ള അര്‍ഹതയും എന്നാണ് ഉത്തരം.

ഷിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'പോയട്രി ഫൗണ്ടേഷന്‍' എന്ന സംഘടനയാണ് ഏറ്റവും മികച്ച അമേരിക്കന്‍ കവിക്ക് എല്ലാ വര്‍ഷവും ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള ഈ പുരസ്‌കാരം നല്‍കുന്നത്. 1986-ല്‍ ഏര്‍പ്പെടുത്തിയതു മുതല്‍ ഈ പുരസ്‌കാരം ലഭിച്ചവരുടെ പട്ടിക പരിശോധിച്ചാല്‍ അവാര്‍ഡ് നിര്‍ണ്ണയത്തിലെ സത്യസന്ധതയും അനുരഞ്ജനമില്ലായ്മയും വ്യക്തമാകും. ജോണ്‍ ആഷ്ബറി, യൂസഫ് കൊമുന്യാക, ജോയ് ഹാരോ, റിച്ചാര്‍ഡ് വില്‍ബര്‍, ഡബ്ല്യു.എസ്. മെര്‍വിന്‍, ഗാരി സിന്‍ഡര്‍, എ.ആര്‍. അമോസ്, ചാള്‍സ് റൈറ്റ്... ഇങ്ങനെ തുടരുന്നു ആ പട്ടിക. എല്ലാവരും കവിതയെ പുതിയ അര്‍ത്ഥ-ഭാവ-അനുഭവ തലങ്ങളിലേക്ക് വളര്‍ത്തിയവര്‍. ആ നിരയിലേക്കാണ് ഇപ്പോള്‍ മാര്‍ട്ടിന്‍ എസ്പാഡയും വന്നു ചേര്‍ന്നിരിക്കുന്നത്. ഈ അംഗീകാരത്തിനു എസ്പാഡയുടെ അര്‍ഹതയ്ക്കുള്ള തെളിവ് അദ്ദേഹത്തിന്റെ കവിതകളും കവിതയെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും മാത്രമാണ്.

'ക്യാപ്റ്റന്‍ അഹാബിന്റെ പ്രോവിന്‍സ് ടൗണ്‍ കാവ്യശില്പശാലയ്ക്കുള്ള നിബന്ധനകള്‍' (Rules for captain Ahab's Province Town Poetry workshop) എന്ന കവിത മാര്‍ട്ടിന്‍ എസ്പാഡയുടെ രചനാരീതിക്കുള്ള നല്ല ഉദാഹരണമായിരിക്കും. ചരിത്രവും സംസ്‌കാരവും രാഷ്ട്രീയവും ഇടകലരുന്നതാണ് അത്. തുറന്നതും സ്വതന്ത്രവുമായതെന്നു പുറമേയ്ക്കു തോന്നിക്കുകയും അതേസമയം, ഉള്ളില്‍ അടിച്ചമര്‍ത്തിയും വരിഞ്ഞുമുറുക്കിയും ഭീതി നിറയ്ക്കുന്ന വര്‍ത്തമാനകാലത്ത് എത്ര അപകടകരമാണ് കവിത എന്നതാണ് ഈ കവിത പറയുന്നത്.
ഒന്ന്: ഏത് വിഷയത്തെപ്പറ്റിയും കവിത എഴുതാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അതു വെള്ളത്തിമിംഗലത്തെപ്പറ്റിയുള്ളതാവണം.
രണ്ട്: കവിതയില്‍ വെള്ളത്തിമിംഗലത്തെ കണ്ടെത്തുന്ന നിങ്ങളില്‍ ആദ്യത്തെയാള്‍ക്ക് ഒരു സ്വര്‍ണ്ണ നാണയം സമ്മാനം ലഭിക്കും.
മൂന്ന്: വെള്ളത്തിമിംഗലത്തെപ്പറ്റിയുള്ള ഏറ്റവും നല്ല കവിതയ്ക്ക് 'ദ കാള്‍ മി ഇസ്മയില്‍' അവാര്‍ഡ് ലഭിക്കുകയും ആ കവിത 'ദ വൈറ്റ് വെയ്ല്‍ റിവ്യൂ'വില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
നാല്: വെള്ളത്തിമിംഗലത്തെ കൊല്ലുന്നതിനുവേണ്ടി നരകവക്ത്രം വരെ നിങ്ങളുടെ നാവികനെ പിന്‍തുടരുന്നതിനെപ്പറ്റി കവിത എഴുതുന്നയാള്‍ക്ക് 'ഹെര്‍മന്‍ മെല്‍വില്‍' വിനോദയാത്രയ്ക്കും പന്തുകളി മത്സരത്തില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.
അഞ്ച്: ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ വെള്ളത്തിമിംഗലത്തെപ്പറ്റി കവിത എഴുതുന്നതിനിടയില്‍ അടിതെറ്റി കടലില്‍ വീണാല്‍ പൊങ്ങിക്കിടക്കുന്ന ഒരു ശവപ്പെട്ടിയുണ്ടാകും.
ആറ്: ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ വെള്ളത്തിമിംഗലത്തെപ്പറ്റി കവിത എഴുതുന്നതിനിടയില്‍ പാമരം തകര്‍ന്നാല്‍ തിമിംഗലത്തിന്റെ എല്ലില്‍നിന്നു കൊത്തിയെടുത്ത ഒരു കാല്‍ വെറുതെ ലഭിക്കും.
ഏഴ്: ശില്പശാലയില്‍ പങ്കെടുക്കുന്നവര്‍ വെള്ളത്തിമിംഗലത്തെപ്പറ്റി കവിത എഴുതുന്നതിനിടയില്‍ ഗളച്ഛേദം ചെയ്യപ്പെട്ടാല്‍, അവരുടെ ശവമടക്ക്, ആവേശഭരിതരായ ഗായകസംഘങ്ങളുടെ വെള്ളത്തിമിംഗലത്തിനെപ്പറ്റിയുള്ള തേക്കുപാട്ടുകളോടെ, ചെലവൊന്നുമില്ലാതെ കടലില്‍ നടക്കും.
എട്ട്: കവിതകളില്‍ വെള്ളത്തിമിംഗലത്തെ അന്വേഷിക്കാത്ത നിങ്ങളെ കുന്തമെറിഞ്ഞു വീഴ്ത്തും.
മനുഷ്യന്റെ സാഹസികതയും ഇതിഹാസ സ്മൃതികളും (മോബിഡിക്ക്) ഇടകലര്‍ത്തി നേരിയ പരിഹാസച്ചിരിയില്‍ ആരംഭിക്കുന്ന കവിത അലങ്കാരങ്ങളില്ലാത്ത യാഥാര്‍ത്ഥ്യത്തിന്റെ പരാമര്‍ശങ്ങളിലൂടെ വളര്‍ന്നു പേടിപ്പെടുത്തുന്ന വിപത്തിന്റെ സൂചനയായി മാറുന്നു. പരിഹാസമോ ദുരന്തമോ എന്നു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത സന്ദേഹം വളര്‍ത്തുന്നു.
തെക്കേ അമേരിക്കയിലെ പെര്‍ട്ടോ റീക്കില്‍നിന്ന് ന്യൂയോര്‍ക്കിലെ ബ്രുക്കിനിലേക്ക് കുടിയേറിയ കുടുംബത്തിലാണ് 1957-ല്‍ മാര്‍ട്ടിന്‍ എസ്പാഡ ജനിച്ചത്. കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി രൂപീകരിച്ച ഒരു സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഫോട്ടോഗ്രാഫറും ഡോക്യുമെന്ററി നിര്‍മ്മാതാവുമായ അച്ഛന്‍ ഫ്രാങ്ക് എസ്പാഡ. നിയമം പഠിച്ച്, മകനും ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായി. ഈ അനുഭവങ്ങളാണ് മാര്‍ട്ടിന്‍ എസ്പാഡയെ ആദ്യം ഒരു ആക്ടിവിസ്റ്റും പിന്നെ കവിയുമാക്കി മാറ്റിയത്. ക്രമേണ കവിത തന്നെ ആക്ടിവിസമായി. കവിതയില്‍നിന്ന് ആക്ടിവിസവും ആക്ടിവിസത്തില്‍നിന്നു കവിതയും വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു പുതിയ മാതൃക എസ്പാഡ സൃഷ്ടിച്ചു.

ടിപി രാജീവന്‍
ടിപി രാജീവന്‍

സാധാരണ അര്‍ത്ഥത്തിലുള്ളതല്ല ഈ ആക്ടിവിസം. ഡോണ്‍ ഷേര്‍ അതിനെ വിലയിരുത്തിയത് ഇങ്ങനെ: മാര്‍ട്ടിന്‍ എസ്പാഡയുടെ കവിതകളിലെ സാമൂഹ്യ സജീവത കവിതകളുടെ രക്തവും മാംസവും തന്നെയാണ്. വാക്കുകളും വാചകങ്ങളും വരികളായി ക്രമീകരിക്കുക മാത്രമല്ല കവിത. കവിയുടെ ശരീരവും പ്രാണനും അതിലേക്കു പകര്‍ത്തിവെയ്ക്കുക കൂടിയാണ്. ഈ അര്‍ത്ഥത്തില്‍ വികാരത്തിന്റെ ചരിത്രമാണ് കവിത.
പ്രബലമായ രണ്ടു കവിതാധാരകള്‍ മാര്‍ട്ടിന്‍ എസ്പാഡയില്‍ വന്നുചേരുന്നുണ്ട്. താന്‍ വിട്ടുപോന്ന തെക്കേ അമേരിക്കയില്‍ നിന്നുത്ഭവിക്കുന്നതും പാബ്ലോ നെരൂദ നിക്കനോര്‍ പാര്‍റ മുതലായ കവികള്‍ പ്രതിനിധാനം ചെയ്യുന്ന കവിത രാഷ്ട്രീയ പ്രതിരോധവും വംശസ്മൃതിയുമാകുന്നതാണ് ആദ്യത്തേത്. ഈ ധാരയില്‍നിന്നാണ് കവിതയുടെ ജനാധിപത്യത്തിന്റേയും പാരസ്പര്യത്തെപ്പറ്റിയുള്ള ചരിത്രപാഠങ്ങള്‍ എസ്പാഡ പഠിച്ചതും ആര്‍ജ്ജിച്ചതും. നെരൂദയെ തടവിലാക്കിയ, അലന്‍ഡയെ കൊന്ന പിനോഷയുടെ സ്വേച്ഛാധിപത്യം അതിജീവിച്ച് ചിലി ജനാധിപത്യത്തിലേയ്ക്ക് തിരിച്ചുവന്നത് ചിലിയന്‍ ജനതയുടെ കവിതയിലും ഭാവനയിലുമുള്ള വിശ്വാസവും കരുത്തും കൊണ്ടാണെന്ന് എസ്പാഡ പറയുന്നു. ചിലിയില്‍ മാത്രമല്ല, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ചരിത്രപരമായ ദുര്‍വിധികള്‍ മറികടന്നു ജനാധിപത്യം നിലനില്‍ക്കുന്നത് ആമസോണ്‍ മഴക്കാടുകള്‍പോലെ അവിടങ്ങളില്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ഗോത്ര വിശ്വാസങ്ങളും കെട്ടുകഥകളും പാട്ടും നൃത്തവും അവയില്‍ നിന്നെല്ലാം ഉറവപൊട്ടുന്ന കവിതയും കൊണ്ടാണ്.
രണ്ടാമത്തെ വഴി പിന്നോട്ടു നടന്നാല്‍ ചെന്നെത്തുക വാള്‍ട്ട് വിറ്റ്മാനും ഹെന്റി ഡേവിഡ തോറോയുമുള്ള വടക്കേ അമേരിക്കന്‍ കാവ്യചരിത്രത്തിലാണ്. മാര്‍ട്ടിന്‍ എസ്പാഡയുടെ കവിതകളില്‍ പ്രസരിക്കുന്ന നൈതികതയുടേയും മനുഷ്യാവകാശബോധത്തിന്റേയും ഉറവിടം ഇവിടമാണ്. പൂര്‍വ്വ കവികളെ അനുകരിക്കുകയല്ല എസ്പാഡ. അവരുടെ കാവ്യബോധം സ്വാംശീകരിച്ച് പുതിയതു സൃഷ്ടിക്കുകയാണ്. തികച്ചും ആധുനികമായത്.
''സ്വന്തം ശബ്ദത്തില്‍ ധാരാളം ശബ്ദങ്ങള്‍ കേള്‍ക്കുകയും സ്വന്തം ചരിത്രത്തിന്റെ ധാരാളം ചരിത്രങ്ങള്‍ കാണുകയും ചെയ്യുന്ന കവിയാണ്'' മാര്‍ട്ടിന്‍ എസ്പാഡ. കഴിഞ്ഞുപോയതോ നിശ്ചലമായതോ നിഷ്ഫലമായതോ ആയ ഒന്നല്ല ചരിത്രം. നമ്മെ വലയം ചെയ്യുന്നതും നമ്മില്‍ത്തന്നെ സംഭവിക്കുന്നതുമാണ്. തീപിടിച്ച തിടുക്കത്തോടെ നമ്മെ മുന്നോട്ടു കൊണ്ടുപോകുന്ന ഒന്ന്.
മാര്‍ട്ടിന്‍ എസ്പാഡയുടെ കാവ്യകല്പനകളില്‍ ഏറെ ശ്രദ്ധേയമായതാണ് 'കവിതയുടെ റിപ്പബ്ലിക്ക്'. ഈ പേരില്‍ ഒരു സമാഹാരം തന്നെയുണ്ട് കവിയുടേതായി. 2004-ല്‍ ചിലിയില്‍ നടത്തിയ യാത്രകളെത്തുടര്‍ന്ന് എഴുതിയ കവിതകളില്‍നിന്നാണ് ആശയം വികസിച്ചുവന്നത്. പിനോഷെയുടെ ഭരണകാലത്ത് കൊല്ലപ്പെട്ട മനുഷ്യരേയും അവരുടെ തകര്‍ക്കപ്പെട്ട വീടുകളും കവി അവിടെ കാണുന്നു. 'മരിച്ചവര്‍ തിരിച്ചുവരുന്ന നാട്' എന്നാണ് കവിക്കു തോന്നിയത്. കവിതയാണ് അവരെ തിരിച്ചുകൊണ്ടുവരുന്നതെന്നും. 2007 മെയ് 19-ന് മാസച്യുസെറ്റ്‌സിലെ ഹാംസ്പയര്‍ കോളേജില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ 'കവിതയുടെ റിപ്പബ്ലിക്' എന്ന ആശയത്തെ എസ്പാഡ വിശദീകരിച്ചത് ഇങ്ങനെ:
''കവിതയുടെ റിപ്പബ്ലിക്കില്‍ യുദ്ധമില്ല. കാരണം, 'കൂട്ടനാശത്തിനുള്ള', 'ഞെട്ടല്‍', 'ഭീതി', 'അതിര്‍ത്തി ഭേദിക്കല്‍', 'നാശം വിതക്കല്‍' മുതലായവ അവിടെ അര്‍ത്ഥം നഷ്ടപ്പെട്ട പ്രയോഗങ്ങളാണ്. ചീത്തക്കവിയുടെ ചീത്തക്കവിതകള്‍ മാത്രം. അവര്‍ ഭാഷയില്‍നിന്നു അര്‍ത്ഥങ്ങള്‍ ചോര്‍ത്തിക്കളയുന്നു, വാക്കുകളില്‍നിന്നു രക്തം വറ്റിച്ചുകളയുന്നു. നിങ്ങള്‍ പുതുതലമുറ ഭാഷയിലേക്ക് അര്‍ത്ഥങ്ങളെ തിരിച്ചുകൊണ്ടുവരണം, വാക്കുകള്‍ക്കു രക്തം നല്‍കണം, ഈ യുദ്ധം അവസാനിപ്പിക്കണം.
യുദ്ധം ന്യായീകരിക്കാനും ആഘോഷിക്കാനും ഭരണകൂടങ്ങള്‍ വാക്കുകളാണ് ഉപയോഗിക്കുന്നത്. രാജ്യത്തിനുവേണ്ടി മരിക്കുക എത്ര മധുരവും ആഡംബരപൂര്‍ണ്ണവുമാണെന്ന് അവര്‍ പറയുന്നു. കവിതയുടെ ഭാഷ ശക്തമാണ്. കാരണം, അത് അധികാരത്തിന്റെ ഭാഷയല്ല.
കവിതയുടെ റിപ്പബ്ലിക്കിനു അതിരുകളില്ല. ഈ റിപ്പബ്ലിക്കില്‍ ആരും നിയമവിരുദ്ധമല്ല. ഈ റിപ്പബ്ലിക്കില്‍ വേലിക്കപ്പുറത്തേയ്ക്ക് ആരും ആട്ടിയോടിക്കപ്പെടുന്നില്ല. വേലികള്‍ ഓരോ നിമിഷവും ഉയര്‍ന്നുകൊണ്ടിരിക്കും. നിങ്ങള്‍ അപ്പപ്പോള്‍ പൊളിച്ചുമാറ്റണം.
ഈ റിപ്പബ്ലിക്കില്‍ ഔദ്യോഗിക ഭാഷയില്ല. കാരണം, എല്ലാ ഭാഷയും കവിതയുടേതാണ്.
ക്രിസ്തുവിനു മുന്‍പ് നാലാം നൂറ്റാണ്ടില്‍ തന്റെ ആദര്‍ശ റിപ്പബ്ലിക്കില്‍നിന്ന് പ്ലാറ്റോ പുറത്താക്കിയതാണ് കവിതയേയും കവികളേയും. ''കവി ഒരു അനുകര്‍ത്താവാണ്. എല്ലാ അനുകര്‍ത്താക്കളേയും പോലെ അയാളും സത്യത്തില്‍നിന്നും രാജാവില്‍നിന്നും മൂന്നു തവണ അകലെയാണ്'' എന്നാണ് പ്ലാറ്റോ അതിനു പറഞ്ഞ കാരണം. മനുഷ്യമനസ്സിനെ പദസംഗീതം കൊണ്ടും അയഥാര്‍ത്ഥ ഭാവനകൊണ്ടും തിന്മയിലേക്കു നയിച്ച് മലിനമാക്കുകയാണത്രേ കവികള്‍. തന്റെ സങ്കല്പത്തിലെ 'കവിതയുടെ റിപ്പബ്ലിക്കി'ല്‍ നടക്കുന്ന കാര്യങ്ങളില്‍ ചിലത് അതേ പേരിലുള്ള ഒരു കവിതയില്‍ മാര്‍ട്ടിന്‍ എസ്പാഡ കാണുന്നത് ഇങ്ങനെ:
കവിതയുടെ റിപ്പബ്ലിക്കില്‍
ആശ്രമത്തിലെ ചോക്കലേറ്റ് പെട്ടികളില്‍
സന്ന്യാസിമാര്‍
രാത്രിയെപ്പറ്റിയുള്ള കവിതകള്‍ എഴുതുന്നു,
ഹോട്ടല്‍ അടുക്കളകളില്‍
സന്ദേശകാവ്യങ്ങള്‍
പാചകക്കുറിപ്പുകളാകുന്നു.

കവിതയുടെ റിപ്പബ്ലിക്കില്‍
കാഴ്ചബംഗ്ലാവിലെ വാനരര്‍ക്ക്
കവികള്‍ കവിത വായിച്ചുകൊടുക്കുന്നു,
പുരോഹിത ശ്രേഷ്ഠരും കവികളും വാനരന്മാരും
ആഹ്ലാദാതിരേകത്താല്‍
അലറിവിളിക്കുന്നു!

കവിതയുടെ റിപ്പബ്ലിക്കില്‍
കവിതകള്‍ കൊണ്ട്
രാജ്യകൊട്ടാരം തകര്‍ക്കാന്‍
കവികള്‍ ഒരു ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നു.

കൊട്ടാരമുറ്റത്ത്
കരഞ്ഞു കണ്ണുകാണാതായവര്‍
ആകാശത്ത് പാറിക്കളിക്കുന്ന കവിതകള്‍
എത്തിപ്പിടിക്കാന്‍ തിരക്കുകൂട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com