സംരക്ഷിക്കുന്നത് ദൈവങ്ങളെയോ വിശ്വാസങ്ങളെയോ?: മല്ലികാ സാരാഭായ് സംസാരിക്കുന്നു

By മല്ലികാ സാരാഭായ്/ പ്രമീളാഗോവിന്ദ്   |   Published: 07th December 2018 03:08 PM  |  

Last Updated: 07th December 2018 03:08 PM  |   A+A-   |  

tvm13

tvm13

 

സ്വാതന്ത്ര്യ സമരനായിക അമ്മു സ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, മൃണാളിനി സാരാഭായ്, സുഭാഷിണി അലി എന്നിവര്‍ ജനിച്ച പാലക്കാട്ടെ ആനക്കര വടക്കത്ത് തറവാടിനെ പിടിയാനക്കരയെന്ന് ആള്‍ക്കാര്‍ കളിയാക്കി വിളിച്ചിരുന്നത് അവിടത്തെ പെണ്‍രത്‌നങ്ങളുടെ തന്റേടം കണ്ടിട്ടായിരുന്നു. സ്വാതന്ത്ര്യ യസമരചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ രേഖപ്പെടുത്തിയ സ്ത്രീരത്‌നങ്ങളെ സംഭാവന ചെയ്ത പരമ്പരയിലെ അംഗമാണ് നര്‍ത്തകിയായ മല്ലികാ സാരാഭായിയും. കലയിലെ വൈഭവം കൊണ്ടും നിലപാടിലെ ഉള്ളുറപ്പുകൊണ്ടും നേടിയെടുത്തൊരു സിംഹാസനം അവര്‍ക്കുണ്ട്. പ്രകടമായ രാഷ്ട്രീയ ബോധ്യവും നരേന്ദ്ര മോദിക്കെതിരെ തുടങ്ങിവച്ച പോരാട്ടങ്ങളിലൂടെ ആഴത്തിലുറച്ച തന്റേടത്തിന്റെ ബലരേഖകളും മല്ലികാ സാരാഭായിയുടെ ഓരോ വാക്കുകള്‍ക്കിടയില്‍നിന്നും വായിച്ചെടുക്കാം. നര്‍ത്തകി, ആക്ടിവിസ്റ്റ്, പത്രപ്രവര്‍ത്തക, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലൊക്കെ പ്രശസ്തയായ മല്ലികാ സാരാഭായ് സംസാരിച്ചതു മുഴുവന്‍ രാഷ്ട്രീയമായിരുന്നു. 

എല്ലാക്കാലത്തും താങ്കളുടെ കലയും കലാകാരിയെന്ന സ്വത്വവും നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനുമെതിരായിരുന്നു. പ്രധാനമന്ത്രി പദത്തില്‍ മോദി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എന്തു തോന്നുന്നു?
ഒറ്റവാക്കില്‍ പറഞ്ഞാല്‍ അങ്ങേയറ്റം ശോചനീയം. എല്ലാം നശിപ്പിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന മികച്ച ചാന്‍സലര്‍മാരേയും വൈസ് ചാന്‍സലര്‍മാരേയും മാറ്റി പകരം ആര്‍.എസ്.എസ്സുകാരെ പ്രതിഷ്ഠിച്ചുകഴിഞ്ഞു. സമുദായങ്ങളും വിവിധ വിഭാഗങ്ങളും തമ്മിലുള്ള വെറുപ്പിന്റെ അളവ് വല്ലാതെ കണ്ട് വര്‍ധിച്ച് ആളുകളെ തല്ലിക്കൊല്ലുന്നതുവരെ കാര്യങ്ങളെത്തി. കഴിഞ്ഞ അഞ്ചു കൊല്ലങ്ങളില്‍ ജനക്കൂട്ടം ആളുകളെ ഇങ്ങനെ തുടര്‍ച്ചയായി തല്ലിക്കൊല്ലുന്നത് എന്റെ ജീവിതത്തില്‍ മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത കാഴ്ചയാണ്. സമൂഹത്തില്‍ ഇത്തരം നീചകൃത്യങ്ങള്‍ നിരന്തരം നടക്കുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും പറയാനാവുന്ന ഭേദപ്പെട്ട ഒരാളെപ്പോലും ഈ സര്‍ക്കാരില്‍ കാണാനാവില്ല. ആത്മഹത്യകള്‍ കൂടി.  ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും വര്‍ദ്ധിച്ചു. കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, ചെറുതും ഇടത്തരക്കാരുമായ കച്ചവടക്കാര്‍. തൊഴിലെടുക്കുന്നവര്‍ തുടങ്ങിയവരൊക്കെയും കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് വീണിരിക്കുന്നു. ഭയത്തിന്റേയും വെറുപ്പിന്റേയും രൂപത്തില്‍ തുണ്ടുതുണ്ടുകളാക്കപ്പെട്ട ഇന്ത്യയെയാണ് ഇതിനെ ഞാന്‍ കാണുന്നത്.

ഈ രാഷ്ട്രീയ പരിസരത്തില്‍ കലാരംഗത്തെ എങ്ങനെയാണ് താങ്കള്‍ നോക്കിക്കാണുന്നത്?
ബി.ജെ.പിയേയും ആര്‍.എസ്.എസ്സിനേയും പിന്തുടരുന്നവര്‍ എം.പിമാരും എം.എല്‍.എമാരുമാകുന്നു. അവാര്‍ഡുകള്‍ കൈക്കലാക്കുന്നു. മറ്റുള്ളവരൊക്കെ ചിത്രത്തിന് പുറത്താണ്.

വാസ്തവികമായ കലയും വസ്തുനിഷ്ഠമായ രാഷ്ട്രീയവും ഇന്നില്ല എന്നാണോ?
നോക്കൂ, നാം ജീവിക്കുന്ന സമൂഹത്തില്‍ ഒരേയൊരു ചിഹ്നമേ ഉള്ളൂ. അത് സമ്പത്തിന്റെ ചിഹ്നമാണ്. എങ്ങനെ സമ്പന്നനായി എന്നത് ഒരു വിഷയമല്ല എന്നു മാത്രവുമല്ല, കോടിക്കണക്കിനാളുകളെ നിങ്ങള്‍ക്ക് പീഡിപ്പിക്കാം, സമ്പന്നനായിരിക്കുന്നിടത്തോളം ആരുമത് ചോദ്യം ചെയ്യുകയില്ല. ബി.ജെ.പി നേതാവ് അദ്വാനിക്ക് ലൈഫ് ടൈം അവാര്‍ഡ് ലഭിച്ച സന്ദര്‍ഭത്തില്‍ താങ്കളുടെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടമെന്ത് എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ ഉത്തരം 'രഥയാത്ര' എന്നായിരുന്നു. ഡസന്‍കണക്കിന് ആളുകളെ കൊന്നു തീര്‍ത്ത ഒന്നായിരുന്നു രഥയാത്ര എന്നു നമ്മളോര്‍ക്കണം. ഇന്നും നമുക്ക് അതേ ഉത്തരമാണ് ലഭിക്കുന്നതെങ്കില്‍ യാഥാര്‍ത്ഥ്യം എത്ര വേദനാജനകമാണ്. ഞാന്‍ പറയുന്നതെന്തന്നാല്‍ സര്‍വ്വരും പണത്തിന് പിറകെ ഓടുകയാണ്. എന്നിട്ട് പറയുന്നു പണത്തിന് പിന്നാലെ പായുന്നതു തന്നെയാണ് ഏറ്റവും പ്രധാനമെന്ന്. പണം കിട്ടുമെന്നുറപ്പുണ്ടെങ്കില്‍ ഒരു കളിയില്‍നിന്നു മറ്റൊന്നിലേയ്ക്ക് പായുന്നതിന് സര്‍വ്വരും തയ്യാറാകുമ്പോള്‍ കലാകാരന്മാര്‍ മാത്രം എന്തിന് വ്യത്യസ്തരാകണം. ആര്‍ട്ടിസ്റ്റുകള്‍ക്കെല്ലാം മനസ്സാക്ഷിയുണ്ടെന്നു നിങ്ങളെന്തിനാണ് ചിന്തിക്കുന്നത്. സ്വന്തം ആശയത്തില്‍ വിശ്വസിക്കുകയും അതിനുവേണ്ടി മരിക്കാനും തയ്യാറുള്ള എത്രപേരെ നിങ്ങള്‍ക്കറിയാം.

ശരിയായിരിക്കാം, അതേ സമയം ചുരുക്കമെങ്കിലും തത്ത്വാധിഷ്ഠിത നിലപാടുകളെടുക്കുന്ന കലാകാരന്മാര്‍ക്ക് അവരുടെ കലാപ്രകടനത്തിനുള്ള സാഹചര്യം ഒരുക്കേണ്ട പ്രാഥമികവും മൗലികവുമായ ബാദ്ധ്യത ഈ സമൂഹത്തിനുമില്ലേ?
മാഗ്സേസെ അവാര്‍ഡും ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡും നേടിയ ടി.എം. കൃഷ്ണ എന്ന വിശ്രുത സംഗീതജ്ഞനെയാണ് ദേശദ്രോഹിയെന്ന ട്രോളുകളുടെ പേരില്‍ കഴിഞ്ഞയാഴ്ച പാടാനനുവദിക്കാതിരുന്നത്. പക്ഷേ, അദ്ദേഹം പാടി. കെജ്രിവാള്‍ വന്നതുകൊണ്ടുമാത്രം. കാര്യങ്ങള്‍ വളരെ ദയനീയമാണ്. നമ്മുടെ രാജ്യം എത്ര താഴേയ്ക്ക് പോയിരിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. ദേശീയതയോ അന്തര്‍ദ്ദേശീയതയോ എന്തെന്നറിയാത്തവിധം പ്രദേശസ്‌നേഹികളായി നാം മാറിയിരിക്കുന്നു. തീവ്ര ദേശസ്‌നേഹികളുടെ രാജ്യത്ത് നാമെല്ലാം രാജ്യദ്രോഹികളാണല്ലോ.  അയല്‍രാജ്യങ്ങളുമായുള്ള അതിര്‍ത്തിരേഖകളിലുള്ള അനിഷ്ടമൊട്ടുമില്ലാതെ സ്വന്തം രാജ്യത്തിന്റെ ആത്മാവിനെ അറിയുന്ന വലിയ ബോധ്യമായിരിക്കേണ്ട ദേശീയതയില്‍ ഉത്തമവിശ്വാസമുള്ളയാളാണ് ഞാന്‍. പതാകയും കയ്യിലേന്തി ദേശീയഗാനം കേട്ട് എഴുന്നേറ്റ് നില്‍ക്കാത്തവരെ കൊല്ലാന്‍ നടക്കുന്ന ഈ വിചിത്രധാരികള്‍ക്ക് ദേശീയഗാനത്തിന്റെ അര്‍ത്ഥമെന്തെന്നറിയാമോ. ഇതു ദേശീയതയോ ഭാരതീയതയോ ആണെന്ന് ആര്‍ക്കെങ്കിലും പറയാനാവുമോ? നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരികതയെ സംബന്ധിച്ച് എങ്ങനെയാണ് ഇവര്‍ ഇത്രയും വികൃതബുദ്ധികളാകാനാവുന്നത്.

ആനക്കര വടക്കത്ത് തറവാട്

വ്യത്യസ്തവും വിവിധവുമായ സാംസ്‌കാരിക ധാരകളുടെ സമന്വയം തിരിച്ചറിയുന്നതിനുള്ള ജനാധിപത്യ സമീപനവും യുക്ത്യാധിഷ്ഠിതമായ ശാസ്ത്രീയ വീക്ഷണവും വേണ്ടേ.  ഇതിന്റെ അഭാവം കാര്യമായി അനുഭവപ്പെടുന്നതാണോ?
ശാസ്ത്രീയ സമീപനത്തിന്റെ വികസനം ഇന്ത്യയില്‍ ഇന്നു വളരെ പരിമിതമാണ്. ഇതിനു സയന്‍സ് കോണ്‍ഗ്രസ്സില്‍പോലും ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അങ്ങനെ നമ്മുടെ ചിന്ത ആയിരം കൊല്ലം പിറകിലേയ്ക്ക് പോകുന്നു. അഭിമാനാര്‍ഹമായ പുത്തന്‍ കണ്ടെത്തലുകളും പുതുക്കി പണിയലുകളും എത്രയെങ്കിലും ഇന്ത്യയ്ക്ക് സ്വന്തമായുണ്ട്. പക്ഷേ, അതൊന്നും ഇവര്‍ പറയുന്നവയല്ലെന്നു മാത്രം. ഗണിതരംഗത്തും കൈവല്യരംഗത്തും വിസ്മയകരമായ സംഭാവനകള്‍ നല്‍കിയ ആര്യഭടനേയും സുശ്രുതനേയും പോലെയുള്ള നൂറുകണക്കിന് പ്രതിഭകളെ നമുക്ക് ചൂണ്ടിക്കാട്ടാനാവും. ഇതില്‍ കൂടുതലെന്താണ് വേണ്ടത്. ഭാരതീയമായതിനെ കുറിച്ചന്വേഷിക്കുന്ന ഒരു ടെലിവിഷന്‍ പരിപാടിയുണ്ടായിരുന്നു. നിരത്തുകളിലേക്കിറങ്ങി അവിടെ നില്‍ക്കുന്നവരോട് ഭാരതീയമായ ഏതിനെയെങ്കിലും കുറിച്ച് പറയാന്‍ പറയും. സ്വാഭാവികമായും അവര്‍ സാരിയെക്കുറിച്ചും ഭാരതീയ ഭൂഷണത്തെക്കുറിച്ചും പറയും. രണ്ടിലും അവര്‍ക്ക് തെറ്റുപറ്റും. കാരണം സാരി ശുദ്ധ ഭാരതീയ വേഷമല്ല.

അത് സ്വാധീനിക്കപ്പെട്ട് രൂപപ്പെട്ട ഒരു വേഷമാണ്. ഗ്രീക്കുകാര്‍ ഇവിടെ വരുന്നതുവരെ ചുറ്റിയുടുക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്കില്ലായിരുന്നു. ഇന്ത്യയെ കീഴടക്കാനെത്തിയ മഹാനായ അലക്‌സാണ്ടറുടെ ഭാര്യ ഹെലന്റെ വേഷമായിരുന്നു തോളത്തുകൂടി ചുറ്റിയെടുത്ത നീളമുള്ള അയഞ്ഞ വസ്ത്രം. അതില്‍നിന്നാണ് ഇന്ത്യാക്കാര്‍ക്ക് സാരി കിട്ടിയത്. 300 കൊല്ലം മുന്‍പുവരെ ഇന്ത്യക്കാര്‍ ഭക്ഷണത്തില്‍ മുളകുപയോഗിച്ചിരുന്നില്ല. എന്നാല്‍, നമുക്ക് വിശ്വസിക്കാനാവുമോ? ചൈനക്കാര്‍ വരുംവരെ നമുക്ക് ചായയില്ലായിരുന്നു. ഇത് നമ്മുടേതല്ല. അല്ലെങ്കില്‍ അങ്ങനെയാക്കി മാറ്റുന്നു. എല്ലാത്തിന്റേയും ഉറവിടം നമുക്ക് തന്നെയാവണമെന്നില്ല. എല്ലായിടത്തുനിന്നു സ്വീകരിക്കുകയും അതെല്ലാം നമ്മുടേതാക്കി മാറ്റുകയും ചെയ്യുന്നതിലാണ് നമ്മുടെ മഹത്വമെന്നാണ് ഞാന്‍ കരുതുന്നത്. ശുദ്ധി അന്വേഷിക്കുക എന്നു പറഞ്ഞാലെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നിങ്ങള്‍ക്കറിയാമോ വംശശുദ്ധി പുലര്‍ത്തുന്ന നായകളാണ് ഏറ്റവും ദുര്‍ബ്ബലരായ നായകള്‍. അവരുടെ ജനിതകപരമ്പര ദുര്‍ബ്ബലരാണ്. എത്ര സങ്കരപ്പെടുന്നുവോ അത്രയും ശക്തരാവും. മനുഷ്യരുടെ കാര്യവും ഇതുതന്നെ. ഏറ്റവും വംശശുദ്ധി പുലര്‍ത്തുന്നത് ആദ്യം നശിക്കും. പാഴ്സികളെ നോക്കൂ, മറ്റുള്ളവരുമായി ഒട്ടും ഇടപഴകാത്തവരാണവര്‍. ഇന്നവര്‍ 60,000 മാത്രമായി. എന്നെ നോക്കൂ, അഞ്ചു വ്യത്യസ്തമായ രക്തമാണ് എന്നിലുള്ളത് (തുറന്ന ചിരി). ഇത്തരം സങ്കരങ്ങള്‍ മനുഷ്യന് കൂടുതല്‍ ശക്തിയും തെളിച്ചവും പ്രതിഭയും നല്‍കുന്നു. അപ്പോള്‍ എത്ര അസംബന്ധമാണീ ശുദ്ധിവാദം, എന്താണി അശുദ്ധി?

സുപ്രീംകോടതിപോലും അയിത്തോച്ചാടനത്തിന്റെ വകുപ്പുകളില്‍ ഉള്‍പ്പെടുത്തി പരിശോധിച്ച സ്ത്രീ സ്വാതന്ത്ര്യത്തിന്റെ വിഷയം ശബരിമലയില്‍ ഇന്നു വിശ്വാസത്തിന്റെ പേരിലുള്ള ബഹളമായി മാറപ്പെടുകയാണോ?
ഈ സമരങ്ങളിലെല്ലാം ആളുകള്‍ പറയുന്നത് അയ്യപ്പന്‍ അപമാനിക്കപ്പെടുമെന്നാണ്. നമ്മള്‍ സാധാരണ അയ്യപ്പന്‍, കൃഷ്ണരാമന്‍ ഇവരെക്കാളൊക്കെ ശക്തരാണ്. നമ്മള്‍ എന്നുള്ള അഹംഭാവം ഉണ്ടാകുന്നതുതന്നെ ശരിയാണോ? എത്രത്തോളം സ്വയം ഊതിപ്പെരുപ്പിക്കുകയും നമ്മുടെ ദൈവങ്ങളെ കഥയില്ലാത്തവരാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണ് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ ദൈവങ്ങളെ സംരക്ഷിക്കേണ്ടി വരികയാണെങ്കില്‍ എവിടെയാണ് നമ്മുടെ വിശ്വാസത്തിന്റെ സ്ഥാനം.

പക്ഷേ, തങ്ങളെയോ കുടുംബത്തെയോ നേരിട്ടു ബാധിക്കുന്ന ഏതെങ്കിലുമൊരു വിഷയത്തില്‍ ഇന്നുവരെ പുറത്തിറങ്ങി ഒരു വാക്കുപോലും ഉച്ചരിക്കാന്‍ തയ്യാറല്ലാതിരുന്ന സ്ത്രീകളുടെ വന്‍കൂട്ടമാണ് ഈ വിഷയത്തില്‍ തെരുവിലിറങ്ങിയത്?
 പിന്നാക്കം നില്‍ക്കുന്ന പെണ്ണുങ്ങള്‍ എന്നുമുണ്ടാവും. പുരുഷമേധാവിത്വതമാണവരെ അങ്ങനെയാക്കി തീര്‍ക്കുന്നത്. 1987 രൂപ കന്‍വര്‍ സതി അനുഷ്ഠിച്ചപ്പോള്‍ സിന്ധ്യയിലെ മഹാറാണി പറഞ്ഞത് ഭാരതത്തിലെ ഏറ്റവും മഹതിയായ സ്ത്രീ രുപ കന്‍വര്‍ ആണെന്നാണ്. ഒരു ഭരണാധികാരി ഇത്രയും പിന്നാക്കം പോയെങ്കില്‍ സാധാരണ സ്ത്രീകളുടെ കാര്യം പറയാനുണ്ടോ?

പഴയചിത്രം

ദൈവിക വിശ്വാസമെന്നതിനെക്കാള്‍ പുരുഷവിശ്വാസമാണ് സ്ത്രീകളെ തെരുവിലെത്തിച്ചത് എന്നാണോ?
സ്ത്രീകളില്‍ പലരും തെരുവിലിറങ്ങിയത് അവര്‍ പുരുഷന്മാരുടെ കയ്യിലെ കളിപ്പാവകളായതുകൊണ്ടാണ്. എങ്ങനെയാണോ ബ്രിട്ടീഷുകാര്‍ വിഭജിക്കുക, ഭരിക്കുക എന്ന നയമെടുത്തത്, എങ്ങനെയാണോ രാജാക്കന്മാര്‍ പരസ്പരം യുദ്ധം ചെയ്ത് തമ്മില്‍ തല്ലിച്ചാവുന്നത് അങ്ങനെയാണ് ഇവിടെയും പാട്രിയാര്‍ക്കി പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ക്കറിയാം കേരളത്തില്‍ എന്റെ പാരമ്പര്യം അമ്മവാഴ്ചയുടേതാണ്. മാട്രിയാര്‍ക്കലായ ഒന്ന്. ഞാന്‍ ജനിച്ചതും വളര്‍ന്നതും അത്തരമൊരു സാഹചര്യത്തിലാണ്. അതേ കേരളത്തില്‍ സ്ത്രീകള്‍ ഭയന്നുവിറച്ച് അടിച്ചമര്‍ത്തപ്പെടുന്നതൊക്കെ കാണുമ്പോള്‍ എന്നിലുണ്ടാകുന്ന വികാരങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ഇവിടെ രാഷ്ട്രീയമെന്നത് പുരുഷമേധാവിത്വമാണ്. ബ്രാഹ്മണിക്കലാണ്.

ഒരു പുരുഷ വ്യവസ്ഥയില്‍ ഭക്തരായി മാറുമ്പോള്‍ സ്ത്രീകള്‍ സ്വതന്ത്രരാണെന്ന കാര്യം സ്വയം മറന്നുപോകുന്നതാണോ?
ഭക്തിയും സ്വാതന്ത്ര്യവും വിരുദ്ധങ്ങളാണെന്നതാണ് പറഞ്ഞത്. ഭരണാധികാരമാണ് അവരെ അങ്ങനെയാക്കി തീര്‍ക്കുന്നത്. നിങ്ങളൊരു ഉത്തമ കുടുംബിനിയാണെങ്കിലും അല്ലാത്തവളാണെങ്കിലും അതങ്ങനെയാണ്. പെണ്ണിന്റെ സ്വാതന്ത്ര്യത്തേയും സ്വച്ഛാധികാരത്തേയും സംബന്ധിച്ച വിചാരങ്ങള്‍ ഇന്ത്യയില്‍ത്തന്നെ എല്ലായിടത്തും ഒരുപോലെ തന്നെയെന്നു കരുതാനാവുമോ. ഹാജി ദര്‍ഗയിലെ സ്ത്രീപ്രവേശനത്തില്‍ വിജയിക്കുകയും ശനി ക്ഷേത്രത്തില്‍ കടക്കുകയും ചെയ്ത തൃപ്തി ദേശായിക്ക് പുരോഗമന കേരളത്തില്‍ വിമാനത്താവളത്തിനു പുറത്തുപോലും കടക്കാനായില്ല. തൃപ്തിയുടെ രാഷ്ട്രീയം എന്തുതന്നെയായിരുന്നാലും അനിവാര്യമായ ഒന്നാണ് അവര്‍ ചെയ്തത്. അവരതിനുള്ള ധൈര്യവും കാണിച്ചു. ഭരണഘടനാവിരുദ്ധമായ ലിംഗവിവേചനത്തെ തിരുത്താനാണവള്‍ ശ്രമിച്ചത്. മലയാളി അവരുടെ പുരോഗമന ചിന്തയെ കൗശലപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിനു പകരം സ്വന്തം പുരോഗമന ശീലത്തെ ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത്. മലയാളികള്‍ ചിന്തിക്കുന്നവരാണെന്നു കരുതിയ ഞാന്‍ സത്യത്തില്‍ അന്തംവിട്ടുപോയി. കേരളത്തിലെ ചായക്കടക്കാരനുപോലും സമകാലിക വിഷയത്തിലും ചുറ്റുമുള്ള രാഷ്ട്രീയത്തിലും നല്ല ധാരണയാണുള്ളത്. അങ്ങനെയുള്ള കേരളത്തെ ഇങ്ങനെയാക്കിയതില്‍ എനിക്കത്ഭുതവും സങ്കടവും തോന്നുന്നു.

പല പ്രഗത്ഭരും മീടൂ ക്യാംപയിനെ  നിസ്സാരവല്‍ക്കരിച്ചിട്ടും ആക്ഷേപിച്ചിട്ടുമുണ്ട്. ഇതോടെ ജനങ്ങള്‍ സംശയത്തോടെ ക്യാംപയിനെ കാണുന്ന പരുവത്തിലെത്തിച്ചിട്ടുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ പുരോഗമന ഭാവം ഇപ്പോഴും അതു പുലര്‍ത്തുകതന്നെ ചെയ്യുന്നുണ്ടോ?
എനിക്ക് തോന്നുന്നത് അതിനെ പുരോഗമനപരമാക്കാനുള്ള ഉത്തരവാദിത്വം എനിക്കും നിങ്ങള്‍ക്കുമാണെന്നാണ്. സ്വയം പ്രേരിതമായി അതു പുരോഗമനപരമാവില്ല. അതിപ്രഗത്ഭര്‍ക്കെതിരെപ്പോലും സംസാരിക്കാനുള്ള ആര്‍ജ്ജവം അദ്ഭുതമുളവാക്കുന്നതാണ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കിടയില്‍ തന്നെയുണ്ടായ തന്‍മയീഭാവവും വളരെ പ്രാധാന്യമുള്ള ഒന്നാണ്. എന്നാല്‍, ഈ സഹോദരി ബോധ്യത്തിനുള്ളില്‍ കടന്നു പെണ്ണിനെ പെണ്ണിനെതിരാക്കുന്നതില്‍ പുരുഷാധികാരം വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്നു വീണ്ടും പെണ്ണും പെണ്ണും ചേര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡബ്ല്യു.സി.സി. തന്നെ അതിനൊരു ഉദാഹരണമാണല്ലോ. ഇത് വളരെ പോസിറ്റീവായ ഒന്നാണ്. പുരുഷന്മാര്‍ ഇത് വളരെ നിസ്സാരമായിക്കാണും; അതിനനുവദിക്കരുത്.

ഡബ്ല്യു.സി.സി. സംബന്ധിച്ച വിഷയങ്ങള്‍ ആഴത്തിലറിയാന്‍ ശ്രമിച്ചിരുന്നല്ലോ അല്ലേ?
തീര്‍ച്ചയായും. അല്പം താമസിച്ചുവെന്നേയുള്ളു. ഹിന്ദി സിനിമാലോകത്ത് ഏതെങ്കിലും തരത്തിലുള്ള ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ദേശീയ തലത്തില്‍ ഇതിന് ഏന്തെങ്കിലും ചലനങ്ങളുണ്ടാക്കാനാവുമെന്നും തോന്നുന്നില്ല. എങ്കിലും ഇതൊരു നല്ല കാര്യമായി ഞാന്‍ കാണുന്നു. അമിതമായി താമസിച്ചില്ല. എന്റെ പഴയകാല സുഹൃത്തായ ബീന പോള്‍ ഉള്‍പ്പെടെ പലരോടും ഞാനിക്കാര്യം സംസാരിച്ചു. അതിന്റെ ശക്തിയും പ്രതിബന്ധങ്ങളും മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും എന്റെ പിന്തുണ നല്‍കുകയും എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ മടിക്കരുതെന്നും ഉറപ്പു നല്‍കി. സിനിമാലോകത്ത് ഇതിന്റെ പേരില്‍ പലരും ജോലിപോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇക്കാര്യവും സംസാരിച്ചിരുന്നു. ജോലി നിഷേധത്തെ സംബന്ധിച്ച് ആദ്യമായി പുരുഷന്മാര്‍ക്കെതിരായി പരാതി നല്‍കിയെന്ന കാര്യവും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെങ്ങനെ സിനിമ സംവിധാനം ചെയ്യാനും നിര്‍മ്മിക്കാനും സാധിക്കുമെന്നു ചോദിക്കുന്നവരുണ്ടത്രെ. ഇത് ഒരു ഇന്‍ഡസ്ട്രിയെ സംബന്ധിച്ച് ഘടനാപരമായൊരു പ്രശ്‌നമാണ്. അതേ സമയം മാനസികമായ ഒന്നുമാണ്. കാരണം പുരുഷന്മാര്‍ക്കൊപ്പം ഇതിനു കൂട്ടുനില്‍ക്കുന്ന സ്ത്രീകളുമുണ്ട്. പുരുഷാധികാരത്തിന്റെ ആഴത്തിലുള്ള വേരുകള്‍ ഉള്ളിലുള്ളവരാണവര്‍.

 വ്യക്തമായ രാഷ്ട്രീയ ധാരണയും കലാപാരമ്പര്യവുമുള്ള പ്രത്യേകിച്ച് നര്‍ത്തകി, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നൊക്കെയുള്ള നിലയില്‍  സ്വന്തം ശരീരത്തെ കലാമാധ്യമമാക്കി പതിറ്റാണ്ടുകളായി തന്റെ സപര്യ അനുസ്യൂതം മുന്നോട്ടുകൊണ്ടുപോകുന്നയാളാണെന്നു താങ്കള്‍ സ്ത്രീ ശരീരത്തിന്റെ അശുദ്ധി സംബന്ധിച്ച വര്‍ത്തമാനങ്ങള്‍ ഒന്ന് കേരളത്തിലെ ഏറ്റവും ഉച്ചത്തിലുള്ള വര്‍ത്തമാനമായി മാറിയിരിക്കുന്നു. അശുദ്ധമോ ആര്‍ത്തവം?
യുദ്ധത്തിനായാലും അഭിമാനക്കൊലയിലും അതിന്റെയൊക്കെ കണക്കുകള്‍ തീര്‍പ്പാക്കുന്നത് പെണ്‍ ശരീരത്തിലാണ്. ആര്‍ത്തവം അശുദ്ധമെങ്കില്‍ മനുഷ്യരാശിതന്നെ അശുദ്ധമാണ്. കാരണം ആര്‍ത്തവമില്ലെങ്കില്‍ അവരും നമ്മളുമില്ലല്ലോ. സന്തതിപരമ്പരകളെ നിര്‍മ്മിക്കുന്ന മൂലകോശങ്ങള്‍ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്നത് ആര്‍ത്തവകാലത്തെ രക്തത്തിലാണെന്നത് ഒരു ശാസ്ത്രീയതത്ത്വമെന്നത് മനസ്സിലാക്കി ലോകത്ത് പലയിടങ്ങളിലും മൂലകോശങ്ങള്‍ സംഭാവന നല്‍കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുന്ന കാലമാണിത്. ജീവന്‍ സംരക്ഷിക്കപ്പെടുന്ന വസ്തുവെങ്ങനെ ഹീനമാകും? ഒരു കാര്യം മാത്രം. ആര്‍ത്തവം അശുദ്ധിയെങ്കില്‍ ജീവിതവും അങ്ങനെതന്നെ.