ബാലാ... സൂക്ഷിക്കണം, ഇത് തിരുവനന്തപുരമാ: അന്ന് നായനാര്‍ പറഞ്ഞു

''എന്തെങ്കിലും സംശയമൊക്കെ ഉണ്ടെങ്കില്‍ ഓനോട് ചോദിച്ചോ. ഓന്‍ നമ്മളെ ആളാ. ഇത് തിരുവനന്തോരാ. ശ്രദ്ധിച്ച് ജീവിച്ചോളണം. അല്ലെങ്കില്‍ കാലുവാരും.
ബാലാ... സൂക്ഷിക്കണം, ഇത് തിരുവനന്തപുരമാ: അന്ന് നായനാര്‍ പറഞ്ഞു

സംബ്ലിക്ക് അകത്ത് മുഖ്യമന്ത്രി ഇ.കെ. നായനാരും പ്രതിപക്ഷവും തമ്മില്‍ പൊരിഞ്ഞ വാഗ്വാദം. ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു പ്രതിരോധം. ഇടയ്ക്ക് ആര്യാടന്‍ എന്തോ ശബ്ദമുയര്‍ത്തിപ്പറഞ്ഞത് തന്നെ കൂവി എന്ന നിലയിലാണ് നായനാര്‍ പരിഗണിച്ചത്. അതില്‍പ്പിടിച്ചായി നായനാര്‍. ''ആര്യാടന്‍ കൂക്കിയില്ലേ.. ആര്യാടന്‍ കൂക്കിയില്ലേ'' എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. കൂവുന്നതും കൂക്കുന്നതും ഒന്നാണെന്ന് അറിയാതെ തെക്കന്‍ ഭാഗങ്ങളിലെ എം.എല്‍.എമാരും പത്രക്കാരുമൊക്കെ 'കൂക്കി' എന്നതിന്റെ അര്‍ത്ഥം കിട്ടാതെ അന്ധാളിപ്പിലുമായി. ആര്യാടന്‍ എന്ത് ചെയ്തുവെന്നാണ് നായനാര്‍ പറയുന്നതെന്നറിയാതെ അന്തംവിട്ടു പലരും.
ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ അല്‍പ്പനേരത്തേക്ക് സഭ നിര്‍ത്തിവച്ചു. കക്ഷി നേതാക്കള്‍ സ്പീക്കറുടെ ചേംബറില്‍ സമ്മേളിക്കുമ്പോള്‍ നായനാര്‍ സഭയ്ക്കകത്തെ ഇരിപ്പിടത്തില്‍ തുടരുന്നു. മൂന്ന് നാല് പത്രക്കാര്‍ സഭയിലിറങ്ങി നായനാരോട് കുശലം പറയാന്‍ ചെന്നു. ഒരാഴ്ച മുന്‍പ് മാത്രം കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വന്ന ദേശാഭിമാനി ലേഖകന്‍ കെ. ബാലകൃഷ്ണനുമുണ്ട് കൂട്ടത്തില്‍. തിരുവനന്തപുരത്ത് ചുമതലയേറ്റ ശേഷം ബാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ ആദ്യമായി കാണുകയാണ്. ബാലകൃഷ്ണനോട് സുഖവിവരങ്ങള്‍ തേടിയ നായനാര്‍ പറഞ്ഞു: ''എടോ ഹുസ്സാ. നീ ഇവനെ ശ്രദ്ധിക്കണം. ഓന്‍ ഇവിടെ പുതിയതാ. നീ കൊറച്ച് കാലായില്ലേ. ഒന്ന് ശ്രദ്ധിക്കണം, കേട്ടാ.''

എന്നിട്ട് ബാലകൃഷ്ണനോടായി പറഞ്ഞു; ''എന്തെങ്കിലും സംശയമൊക്കെ ഉണ്ടെങ്കില്‍ ഓനോട് ചോദിച്ചോ. ഓന്‍ നമ്മളെ ആളാ. ഇത് തിരുവനന്തോരാ. ശ്രദ്ധിച്ച് ജീവിച്ചോളണം. അല്ലെങ്കില്‍ കാലുവാരും. അനന്തപത്മനാഭന്‍ എന്തുകൊണ്ടാ കിടക്കുന്നത് എന്നറിയോടാ നിനക്ക്. എഴുന്നേറ്റ് നിന്നാല്‍ ആരെങ്കിലും കാലുവാരും. അതുകൊണ്ടാ... മനസ്സിലായാ...''
(കാലം പിന്നെയും കറങ്ങി. ദേശാഭിമാനിയില്‍നിന്ന് ബാലകൃഷ്ണന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്സ് സെക്രട്ടറിയായി. പാര്‍ട്ടിയിലെ വിഭാഗീയതയുടെ രക്തസാക്ഷിയായി. പാര്‍ട്ടിയില്‍നിന്നും പത്രത്തില്‍നിന്നും പുറത്തുമായി. നായനാരുടെ മുന്നറിയിപ്പ് അര്‍ത്ഥവത്തായപോലെ).

റെഡ് ബെല്‍റ്റും ഗ്രീന്‍ ബെല്‍റ്റും
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ കരിവെള്ളൂര്‍ മേഖലയില്‍ ഏതാണ്ട് 100 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച ജനതാ പാര്‍ട്ടി നേതാവ് എന്‍. ഹരിഹരന്‍ കരിവെള്ളൂരിലെ ചില ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിച്ചു. അന്ന് വൈകിട്ട് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പത്രസമ്മേളനം. നിയമസഭയിലേക്ക് തൃക്കരിപ്പൂരില്‍നിന്നുള്ള സ്ഥാനാര്‍ത്ഥിയുമാണ് നായനാര്‍.
ഹരിഹരന്റെ ആവശ്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നതോടെ നായനാര്‍ ഫോമിലായി. ''അവന് വല്ല വിവരവുമുണ്ടോടാ, കരിവെള്ളൂര്‍ റെഡ് ബെല്‍റ്റാ... റെഡ് ബെല്‍റ്റ്. അവിടെ റീപോളിങ് നടന്നാല്‍ നൂറ്, നൂറ്റിപ്പത്ത് ആകൂന്നെല്ലാതെ വേറെന്ത് സംഭവിക്കാന്‍. വിവരം വേണ്ടെടോ വിവരം.''

റീ പോളിങ്ങ് ആവശ്യപ്പെട്ട ഹരിഹരനെക്കുറിച്ചായി പിന്നെ. ''അവനെ എനക്കറിയുമ്പോലെ നിനക്കറിയോ. അവന്‍ കള്ളപ്പണക്കാരനാണ്. അവന്‍ മത്സരിച്ചത് തന്നെ കള്ളപ്പണം വെള്ളപ്പണമാക്കാനാണ്. മനസ്സിലായാ...''
എന്‍. ഹരിഹരന്‍ ചില്ലറക്കാരനായിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി സ്വദേശി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് പ്രവാസജീവിതമൊക്കെ കഴിഞ്ഞ് കേരളത്തില്‍ ജനതാ പാര്‍ട്ടിയുടെ തലപ്പത്തെത്തിയ ആള്‍. സുബ്രഹ്മണ്യസ്വാമിയുടെ കേരളത്തിലെ പ്രതിരൂപം. തിരുവനന്തപുരത്ത് ഹരിഹരന് വസതിയുണ്ട്. അതാകട്ടെ, കേരളചരിത്രത്തില്‍ സ്ഥാനമുള്ള കെട്ടിടവും. ഡല്‍ഹിയില്‍ ഇന്ദിരാ ഗാന്ധിയുടെ ജന്‍പഥ്- 10നുണ്ടായിരുന്നതുപോലെ തിരുവനന്തപുരത്ത് ശാന്തിനഗര്‍-10 എന്നതിനുമുണ്ടായിരുന്നു ഖ്യാതി. കാരണം ആ വസതിയുടെ ഉടമ ഇ.എം.എസ് ആയിരുന്നു എന്നതുതന്നെ. ഇ.എം.എസ്സിന്റെ പക്കല്‍നിന്നാണ് ഹരിഹരന്‍ പ്രസ്തുത വസതി വിലക്ക് വാങ്ങിയത്.

ആര്യാടന്‍ മുഹമ്മദ്
ആര്യാടന്‍ മുഹമ്മദ്


ഹരിഹരന്‍ കള്ളപ്പണക്കാരനാണെന്ന നായനാരുടെ ആക്ഷേപം കേട്ടപ്പോള്‍ ഒരു തോന്നല്‍. അങ്ങനെയെങ്കില്‍ ശാന്തിനഗറിലെ വസതിയുടെ വിലയായി ഇ.എം.എസിന് ഹരിഹരന്‍ നല്‍കിയതും കള്ളപ്പണമായിരിക്കില്ലേ. ആ ചോദ്യം കേട്ടപ്പോഴേക്കും നായനാര്‍ ക്ഷുഭിതനായി. ''ഒരു കടലാസ് കയ്യിലുണ്ടെന്ന് വെച്ച് എന്തും ചോദിക്കാമോടാ. നിന്റെ കളി എന്നോട് വേണ്ടാ, കേട്ടാ.''
തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയ ദിവസം മുഖ്യമന്ത്രി വീണ്ടും പത്രക്കാരെ കണ്ടു. മാളയില്‍ കരുണാകരനും തൃക്കരിപ്പൂരില്‍ ഇ.കെ. നായനാരും ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന നിലയിലായിരുന്നു വോട്ടെണ്ണല്‍ പൂര്‍ത്തിയാകുംവരെ. അതെങ്ങനെ സംഭവിച്ചുവെന്നതായിരുന്നു അന്നത്തെ ചോദ്യം. അതൊക്കെ അങ്ങനെയാണെങ്കിലും തൃക്കരിപ്പൂരില്‍ ഞങ്ങള്‍ ജയിക്കുമെന്ന് തുടക്കം തൊട്ടേ ഉറപ്പായിരുന്നുവെന്ന് നായനാര്‍.

കെ ബാലകൃഷ്ണന്‍
കെ ബാലകൃഷ്ണന്‍

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ തൃക്കരിപ്പൂര്‍, വലിയപറമ്പ് തുടങ്ങി മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളുമുണ്ട്. മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം അറിയാവുന്നത് കൊണ്ടുതന്നെ മുഖ്യമന്ത്രിയോട് ചോദിച്ചു: കഴിഞ്ഞ ദിവസം പറഞ്ഞ റെഡ് ബെല്‍റ്റില്‍ മുന്നിലായിരുന്നുവെങ്കിലും വോട്ടെണ്ണുമ്പോള്‍ ഗ്രീന്‍ ബെല്‍റ്റ് അല്ലേ പിന്നിലാക്കിയത്.

ഉടന്‍ വന്നു മറുപടി: ''നിനക്ക് ആ സ്ഥലോക്കെ അറിയാം അല്ലേ. ഓന്‍ പറഞ്ഞത് തന്നെ കറക്ട്. എന്റെ മണ്ഡലത്തില്‍ റെഡ് ബെല്‍റ്റുമുണ്ട്, ഗ്രീന്‍ ബെല്‍റ്റുമുണ്ട്.'' ഒന്നാം ദിവസം റെഡ് ബെല്‍റ്റിന്റെ മഹിമ പറഞ്ഞ നായനാര്‍ക്ക് അടുത്ത ദിവസം ഗ്രീന്‍ ബെല്‍റ്റിന്റെ സാന്നിധ്യവും വെളിപ്പെടുത്താന്‍ മടിയുണ്ടായില്ല.

മുന്നിലിരുന്നാല്‍ പോരാ,
വിവരം വേണം

പ്രതിപക്ഷ നേതാവായിരിക്കെയാണ് ഇ.കെ. നായനാര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. പകരം വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവുമായി. അതോടെ നിയമസഭയില്‍ പ്രതിപക്ഷനിരയില്‍ മുന്‍നിരയിലെ ഇരിപ്പിടത്തില്‍നിന്ന് നായനാര്‍ രണ്ടാംനിരയിലേക്ക് മാറി. അച്യുതാനന്ദന്‍ മുന്‍നിരയിലുമെത്തി. പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എ.കെ.ജി. സെന്ററില്‍ പത്രസമ്മേളനം. വലിയൊരു മേശയുടെ ഒരുവശത്ത് നായനാരും മൂന്ന് ഭാഗങ്ങളിലായി പത്രക്കാരും എന്നതായിരുന്നു അന്നത്തെ ഇരിപ്പിട സൗകര്യം. നായനാരുടെ നേരെ മുന്നിലിരുന്ന പത്രലേഖകന്റെ ചോദ്യം എന്തുകൊണ്ടോ നായനാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ചോദ്യം ഇഷ്ടപ്പെടാതിരുന്നാലുള്ള പതിവ് പ്രതികരണമായി പിന്നെ. ഏത് കടലാസാ, എവിടുത്തെ പത്രക്കാരനാ എന്നൊക്കെ ചോദിച്ചതിനു ശേഷം ഒരു ഉപദേശവും: ''മുന്നിലിരുന്നാല്‍ പോരാ, വിവരവും വേണം, വിവരം.''

എല്ലാ സ്ഥലത്തും അങ്ങനെ തന്നെയാണോ വേണ്ടതെന്ന് നായനാരോട് ആരാഞ്ഞത് വളരെ മയത്തിലാണ്. ''എന്താടോ സംശയം. ലോകത്ത് എല്ലായിടത്തും അങ്ങനെയല്ലെ വേണ്ടത്. മുന്നില്‍ കയറി ഇരിക്കുമ്പോള്‍ അത്യാവശ്യം വിവരമൊക്കെ വേണം. അല്ലെങ്കില്‍ മുന്നില്‍ വന്നിരിക്കാന്‍ പാടില്ല.''
അസംബ്ലിക്കകത്തും അങ്ങനെ വേണമോ എന്നാകാം ഹസ്സന്‍ ഉദ്ദേശിച്ചതെന്ന് മറ്റാരോ ഉണര്‍ത്തിയപ്പോഴാണ് നായനാര്‍ക്ക് കത്തിയത്. ''എടോ, നിന്റെ കൊസ്രാക്കൊള്ളിയൊന്നും എന്നോട് വേണ്ടാ'' എന്നും പറഞ്ഞ് വിഷയം മാറ്റി നായനാര്‍.

ചന്ദ്രികക്കാരന്റെ ശമ്പളമറിയാന്‍
ദേശാഭിമാനിയുടെ അധിപന്‍

പത്രസമ്മേളനങ്ങളില്‍ അനിഷ്ട ചോദ്യങ്ങളുടെ പേരില്‍ ക്ഷോഭിച്ചാലും അത് കഴിഞ്ഞിറങ്ങുമ്പോള്‍ കുശലം പറഞ്ഞ് സമാധാനിപ്പിക്കുന്ന പ്രകൃതമായിരുന്നു നായനാരുടേത്. നമ്മള്‍ അറിയാതെ നമ്മുടെ ജീവിതത്തെക്കുറിച്ചു പോലും ചോദിച്ച് മനസ്സിലാക്കുന്ന കാരണവരുടെ രീതി. നിയമസഭാമന്ദിരത്തിനകത്തു വച്ച് ഒരു ദിവസം നായനാരുടെ ചോദ്യം: നീ എപ്പോഴാണെടാ നാട്ടില്‍ പോകുന്നത്. ഒന്നര മാസമൊക്കെ ആകുമ്പോള്‍ എട്ടുപത്തു ദിവസം നാട്ടിലാകുമെന്ന് പ്രതികരിച്ചപ്പോള്‍ അവധിയുടെ ഗണിതവുമായി മറുചോദ്യം വന്നു.
ഒരുവര്‍ഷം എടുക്കാവുന്ന പരമാവധി അവധികളുടെ കണക്ക് നിരത്തിയ ശേഷം എനിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു. അപ്പോള്‍ നീ നിന്റെ കമ്പനിയെ വഞ്ചിക്കുകയല്ലേ.
പ്രതിവാര അവധിയെടുക്കാതെ കോമ്പന്‍സേറ്റ് ചെയ്യുകയാണെന്നൊക്കെ പറഞ്ഞ് പിടിച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.
അതൊക്കെപ്പോട്ടെ. നിനക്കെത്രയാടോ ശമ്പളം എന്നതായി അടുത്ത ചോദ്യം. സ്ത്രീകളോട് വയസ്സും ആണുങ്ങളോട് ശമ്പളവും ചോദിക്കരുതെന്ന സൂത്രവാക്യം പ്രയോഗിച്ചെങ്കിലും നായനാര്‍ വിട്ടില്ല. ബച്ചാവത്ത് പറഞ്ഞതൊക്കെ തരുന്നുണ്ടോടാ എന്നറിയണം നായനാര്‍ക്ക്. പത്രസ്ഥാപനങ്ങളിലെ ശമ്പളം നിര്‍ണ്ണയിച്ച കമ്മിഷനാണ് ബച്ചാവത്ത്.
ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായിരുന്ന നായനാര്‍ ചന്ദ്രിക ലേഖകന്റെ ആനുകൂല്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നുവെന്ന് ചുരുക്കം.

ഫാക്സിനെ കുറിച്ചൊരു ക്ലാസ്സ്
നിഷ്‌കളങ്കമായിരുന്നു നായനാര്‍ മനസ്സ്. ഒരിക്കല്‍ എ.കെ.ജി സെന്ററില്‍ നായനാരുടെ മുറിക്കകത്ത് ചെന്നപ്പോള്‍ ഓഫീസിനകത്തെ ഫാക്സിന് സമീപം കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ നായനാര്‍. കൊല്‍ക്കത്തയിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പ്രാധാന്യമുള്ള കാലമായിരുന്നു അത്. ഫാക്സില്‍ എന്തോ സന്ദേശം വന്നുകൊണ്ടിരിക്കുന്നു. ഫാക്സ് യന്ത്രത്തില്‍നിന്ന് സന്ദേശമടങ്ങിയ കടലാസ് പുറത്തേക്ക് വരുന്നത് കൗതുകത്തോടെ വീക്ഷിക്കുകയാണ് അദ്ദേഹം.
''ഇതു കണ്ടോടാ, ഇതെവിടുന്ന് വരുന്നൂന്ന് അറിയാ, നിനക്ക്. കല്‍ക്കത്തയില്‍നിന്നാ. അവിടെ ഇതുപോലത്തെ മെഷീനില്‍ ഒരു കടലാസ് വെച്ചാല്‍ അത് അതുപോലെ ഇവിടെ കിട്ടും.''
നിന്റെ ഓഫീസിലുണ്ടോടാ ഈ സാധനം.
ഉണ്ടെന്ന് പറഞ്ഞപ്പോള്‍ നായനാരുടെ പ്രതികരണം: ''അപ്പോള്‍ വിചാരിച്ചപോലെയല്ല. ചന്ദ്രികയില്‍ മോഡേണ്‍ സംവിധാനമൊക്കെയുണ്ട്, അല്ലേ.''


തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് സ്ഥലം മാറ്റമായി. കാബിനറ്റ് ബ്രീഫിങ് കഴിഞ്ഞ് യാത്ര പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. ഹാളിലേക്ക് കയറിവന്നയുടനെ ആര്‍.എസ്. ബാബു അക്കാര്യം നായനാരോട് പറഞ്ഞു. ഉടന്‍ വന്നു നായനാരുടെ പ്രതികരണം; ''തനിക്ക് വട്ടുണ്ടോടാ. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോകാന്‍. എന്ത് പ്രമോഷന്‍ ലഭിച്ചാലും തിരുവനന്തപുരത്തെ സാദാ ലേഖകനുള്ള പകിട്ടുണ്ടോടാ കണ്ണൂരിലെ എഡിറ്റര്‍ക്ക്?''

മനസ്സെന്നും കരുണാര്‍ദ്രം
കുവൈത്തിലെ അമീരി ആശുപത്രിയിലാണ് ഇ.കെ. നായനാരെ അവസാനമായി കണ്ടത്. ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തില്‍ എത്തിയ മുഖ്യമന്ത്രി നായനാരെ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്ക്. സുരക്ഷാസംവിധാനവും ശക്തം. പുറത്ത് കാത്തുനില്‍ക്കുന്ന വിവരം മലയാളി നഴ്സിന്റെ സഹായത്തോടെ അറിയിച്ചതിനെ തുടര്‍ന്ന് നായനാരുടെ താല്‍പ്പര്യം കൂടി പരിഗണിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്. സ്‌നേഹനിധിയായ തറവാട്ട് കാരണവരെപ്പോലെയായിരുന്നു അവിടെ നായനാരുടെ സംസാരം.
കുവൈത്തിലേക്ക് ജോലി തേടി വരാനുണ്ടായ കാരണംതൊട്ട് നാട്ടില്‍ അവധിക്ക് പോകുന്ന കാലപരിധി വരെ ചോദിച്ചറിഞ്ഞു. ഒന്നര വര്‍ഷത്തിലേറെ കഴിഞ്ഞായിരുന്നു ആദ്യത്തെ അവധി. അതുകേട്ട നായനാന്‍ പ്രതികരിച്ചു: ''പാടില്ല, വര്‍ഷത്തില്‍ ഒരിക്കലെങ്കിലും നാട്ടില്‍ പോകണം. എന്ത് പ്രയാസം സഹിച്ചായാലും വേണ്ടില്ല. നിന്നെക്കാത്ത് ഭാര്യയും മക്കളുമുണ്ട് അവിടെ. അവരുടെ പ്രയാസം കൂടി മനസ്സിലാക്കണം.''

ചന്ദ്രിക ദിനപത്രത്തിന്റെ മുന്‍ തിരുവനന്തപുരം  ലേഖന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com