കണ്ണാടിയില്‍ തെളിയുന്ന നാര്‍സിസിസ്റ്റ്: എം ലീലാവതി എഴുതുന്നു

By എം. ലീലാവതി  |   Published: 16th December 2018 06:02 AM  |  

Last Updated: 16th December 2018 06:02 AM  |   A+A-   |  


 

രാഷ്ട്രീയത്തില്‍ പദവികളാര്‍ജ്ജിച്ചതിനു ശേഷമോ സിവില്‍ സര്‍വ്വീസില്‍ അധികാരം കൈയാളി 'ആളായ'തിനു ശേഷമോ 'ഓഥര്‍' എന്നൊരു പൊന്‍തൂവല്‍കൂടി കിരീടത്തില്‍ ചാര്‍ത്താന്‍ കൊതിച്ചുംകൊണ്ട്  തൂലികാലോകത്തിലേക്കിറങ്ങുന്നവര്‍  ഒട്ടേറെയുണ്ട്; സാഹിത്യത്തിലോ ദൃശ്യകലാരംഗത്തോ വിഖ്യാതി നേടി ജനഗണമനത്തിലിരിപ്പുറച്ചവര്‍  അധികാരത്തിന്റേയും പദവികളുടേയും ലവണപ്രകാശത്തിലുള്ള തിളക്കം കൂടി ആര്‍ജ്ജിക്കണമെന്നാശിക്കുന്നവരുമുണ്ട്. രണ്ടു വിഭാഗത്തിലും  പൂര്‍വ്വാശ്രമത്തിലെന്നപോലെ ഉത്തരാശ്രമത്തിലും വിജയിക്കുന്നവര്‍ വിരളമാണ്. ആ വിരള പ്രതിഭാസത്തില്‍പ്പെടുന്നു.

''നക്ഷത്രതാരാഗ്രഹ സങ്കലാപി ജ്യോതിഷ്മതീചന്ദ്രമസൈവരാത്രീ'' എന്ന കാളിദാസോപമ ചേരുന്ന സാര്‍ത്ഥനാമാവായ ശശി തരൂര്‍. സാഹിത്യത്തില്‍ പ്രതിഷ്ഠ നേടിയതിനുശേഷം രാഷ്ട്രീയത്തിന്റെ ഗോദായിലിറങ്ങിയ അദ്ദേഹം അവിടെയും തുല്യമായ വിജയത്തിന് അര്‍ഹനാണെന്നു സ്ഥാപിക്കുന്ന ഗ്രന്ഥമാണ് 'ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍.' ഇന്നത്തെ പ്രധാനമന്ത്രിയുടെ ദര്‍പ്പണ പ്രതിബിംബം എന്ന വിശ്വാസമുളവാക്കുന്ന കൃതി - ദര്‍പ്പണ പ്രതിബിംബത്തിലുള്ള ഇടം-വല മാറ്റം പോലും ഇല്ലെന്ന വ്യതിരേകത്തോടുകൂടിയ കൃതി. ഉള്ളടക്കത്തിനു നന്നേ ചേരുന്ന ഒരു ചിത്രം പുറംചട്ടയിലുണ്ട്. പ്രതിമയും വ്യക്തിയും പ്രതീകാത്മകമായ ചിത്രം. പ്രതിമയ്ക്ക് കൂടുതല്‍ യൗവ്വനോര്‍ജ്ജവും സ്വച്ഛതയും വിനയവും ഉയര്‍ച്ചയും ഉണ്ടെന്നു തോന്നും- പ്രചാരണത്തിലൂടെ സാധിച്ച പ്രതിച്ഛായ നിര്‍മ്മിതിപോലെ. 
എതിര്‍കക്ഷിയില്‍പ്പെട്ടവര്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം നിരപവാദമായി എതിര്‍ത്തേ തീരൂ എന്നൊരു അലിഖിത നിയമമുണ്ടെന്ന മട്ടിലാണ് പൊതുവെ രാഷ്ട്രീയക്കാരുടെ പെരുമാറ്റം.

ഇതില്‍നിന്നു വ്യത്യസ്തമായി എതിര്‍കക്ഷിയിലുള്‍പ്പെടുന്നവരെപ്പറ്റി നല്ലതു പറയാനും നല്ല കാര്യങ്ങള്‍ അവര്‍ ചെയ്യുമ്പോള്‍ അഭിനന്ദിക്കാനും മടിയില്ലാത്ത വിരളഗണത്തില്‍പ്പെടുന്നു ശശി തരൂര്‍. സഹിഷ്ണുതയുടേയും സത്യസന്ധതയുടേയും ജീനുകള്‍ അദ്ദേഹത്തിന്റെ വ്യക്തിസ്വത്വത്തിലുണ്ട്. മനപ്പൂര്‍വ്വം അതിനെ ഇരുട്ടിലാഴ്ത്തുന്നില്ല. 
''രാമസ്തുലിത കൈലാസമരാതിം ബഹ്വമന്യത'' എന്ന രാമായണവാക്യം ഓര്‍മ്മവരും. കഥാപുരുഷനുള്ള മേന്മകളെ തമസ്സിലാഴ്ത്താനോ മറിച്ചുള്ളവയെ തൂവെളിച്ചത്തില്‍ കാട്ടിത്തരാതിരിക്കാനോ തുനിഞ്ഞിട്ടില്ല. അഭിനന്ദനമായാലും പ്രതികൂല വിമര്‍ശനമായാലും ആധികാരികതയോടെയുള്ള തെളിവുകള്‍ നല്‍കാന്‍ മനസ്സിരുത്തുന്നു. സ്വന്തം പ്രസ്താവനകള്‍ക്കാലംബമായ രേഖകളേവയെന്ന് അപ്പപ്പോള്‍ അടിക്കുറിപ്പുകള്‍ നല്‍കുന്നു. രേഖകള്‍ ഓരോ അധ്യായത്തിനും വെവ്വേറെ ഒടുവില്‍ കൊടുക്കുന്ന രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. മൊത്തം സംഖ്യയാണ്. 747 അടിക്കുറിപ്പുകളുണ്ട്. 739-ാമത്തേത് 2018 ആഗസ്റ്റ് പതിനഞ്ചിന് പ്രധാനമന്ത്രി ചെയ്ത പ്രഭാഷണമാണ്. അതിനുശേഷം രണ്ട് മാസത്തിനുള്ളില്‍  പുസ്തകം വിപണിയിലെത്തിയിരിക്കുന്നു! പുസ്തകരചനയിലും വിപണനത്തിലും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെന്നപോലെയുള്ള ഈ 'ജീവത് സംപ്രേഷണം' അഭിനന്ദനീയം. 

എളിമയില്‍നിന്ന് ഗരിമയിലേക്കുള്ള പ്രധാനമന്ത്രിയുടെ അത്ഭുതാവഹമായ യാത്രാവിജയത്തില്‍ നിശ്ചയദാര്‍ഢ്യം, തീവ്രമായ ഉല്‍കര്‍ഷേച്ഛ, കഠിനാധ്വാനം, നിസ്തന്ദ്രയത്‌നം, ദൗര്‍ബ്ബല്യങ്ങളിലേക്കു വഴുതാത്ത മനഃപരിപാകം,  സ്വപ്രത്യയസ്ഥൈര്യം മുതലായ വ്യക്തിത്വ മഹിമകള്‍ വഹിച്ച പങ്ക് ഗ്രന്ഥകര്‍ത്താവ് ഒട്ടും ലഘൂകരിച്ചിട്ടില്ല. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെയും തനതു കക്ഷിയുടേയും ഹിന്ദുത്വവാദത്തിന്റെ സങ്കുലിതത്വത്തേയും ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ഇളവില്ലാത്ത നിരന്തരശ്രമത്തൈയും ഈ ഗ്രന്ഥത്തില്‍ ആദ്യന്തം അപലപിച്ചിട്ടുണ്ട്. പണ്ടില്ലാതിരുന്ന ഗാന്ധിഭക്തിയുടേയും പട്ടേല്‍ ഭക്തിയുടേയും പിന്നിലുള്ള തന്ത്രങ്ങള്‍ അനാവരണം ചെയ്യുന്നുമുണ്ട്. വ്യക്തിത്വ ഘടകങ്ങളുടെ സവിശേഷത വിവരിക്കുമ്പോള്‍ തുര്‍ക്കി ഭരണകര്‍ത്താവായ എര്‍ദോഗിനോടുള്ള ഏഴ് സദൃശതകള്‍ ചൂണ്ടിക്കാണിക്കുന്നത് ഗ്രന്ഥകര്‍ത്താവിന്റെ തീക്ഷ്ണവും സൂക്ഷ്മവുമായ ഉള്‍ക്കാഴ്ചയെ അനാവരണം ചെയ്യുന്നു (പേ. 71-75). എര്‍ദോഗിന് 'കുര്‍ദു'കളോടുള്ള മനോഭാവം തന്നെയാണ് മോദിക്കും അദ്ദേഹത്തിന്റെ കക്ഷിക്കും മുസ്ലിം ജനവിഭാഗത്തോടുള്ളത് എന്ന് സമര്‍ത്ഥിച്ചിരിക്കുന്നു. സ്വത്വഘടകങ്ങളിലെന്നപോലെ, വ്യക്തിത്വവികാസ ചരിത്രത്തിലും ഇവര്‍ക്കു തമ്മിലുള്ള സമാനത നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 

ചരിത്രത്തില്‍നിന്ന് വ്യക്തികളെ മായ്ചുകളയുന്നതിലും സംഭവങ്ങളെ മാറ്റിമറിക്കുന്നതിലും രാഷ്ട്രീയകക്ഷികള്‍ ഏര്‍പ്പെടുന്നതിലെ നിര്‍ഘൃണമായ സംഹാരാത്മകതയും സത്യത്തെ വളച്ചൊടിക്കുന്നതിലെ ഉളുപ്പില്ലായ്മയും വിവരിക്കുന്ന പ്രകൃതത്തില്‍ മിലാന്‍ കുന്ദേരയുടെ ഒരു നോവലിലെ കഥാപാത്രത്തെ ഉപമാനമാക്കുന്നതുപോലുള്ള ഉപാഖ്യാനങ്ങള്‍ (പേ. 58-60) ഗ്രന്ഥപാരായണം ഹൃദ്യമാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. മഹാരാഷ്ട്രീയത്തിലെ ചരിത്രപാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ ഭരണഘട്ടം അപ്രത്യക്ഷമായതുപോലുള്ള നിദര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. (ചൈനയില്‍ പോയപ്പോള്‍ ഒരു ഗ്രന്ഥാലത്തിലെ ഇംഗ്ലീഷിലുള്ള ചരിത്രഗ്രന്ഥം മറിച്ചുനോക്കാനിടയായതും അതില്‍ മാവോ സേതൂങ്ങിന്റെ ഭരണഘട്ടത്തേയും സാംസ്‌കാരിക വിപ്ലവകഥകളേയും മായ്ചുകളഞ്ഞിരിക്കുന്നതായി കണ്ടതും ലേഖിക ഓര്‍ക്കുന്നു).

ഇന്നത്തെ പ്രധാനമന്ത്രിയെ ദൈവാവതാരമാക്കി പ്രതിഷ്ഠിക്കാന്‍ പ്രത്യക്ഷമായും പരോക്ഷമായും അനുയായികള്‍ കൈക്കൊണ്ടിരിക്കുന്ന തന്ത്രങ്ങള്‍ വിശദീകരിച്ച് വിമര്‍ശിക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വിജയിച്ചിട്ടുണ്ട്. 

മോഡിഫൈ എന്ന ഇംഗ്ലീഷ് വാക്കില്‍ വര്‍ണ്ണമാറ്റം ഇല്ലാതെ മോദി-ഫൈ എന്ന ഉച്ചാരണവുമായി ഏകീഭവിപ്പിക്കുന്ന ശീര്‍ഷകമുള്ള രണ്ടാം ഭാഗത്തില്‍ വിസ്തരിച്ചു പ്രതിപാദിക്കുന്ന വിഷയങ്ങള്‍, വ്യാജചരിത്രവും ദേശീയതാഭാസവും സങ്കുചിത വര്‍ഗ്ഗീയതാധ്രുവീകരണം, 'വിശുദ്ധപശു' - രാഷ്ട്രീയം, ന്യൂനപക്ഷ ജനതയോടുള്ള ശത്രുതാഭാവം, രാഷ്ട്രീയ വിശുദ്ധഗ്രന്ഥ സങ്കല്പം, ഭരണഘടനാനുശാസനത്തിലെ ഇടപെടലുകള്‍, സ്ത്രീശാക്തീകരണ വിഷയത്തില്‍ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുദ്ധ്യം, അഭിരുചി വിശേഷങ്ങള്‍, ഭക്ഷണശീലം, മാനുഷികബന്ധങ്ങള്‍ തുടങ്ങിയവയിലെ വ്യക്തിസ്വാതന്ത്ര്യം ഭഞ്ജിക്കുന്ന പ്രവണതകള്‍, ആധുനിക ശാസ്ത്രത്തോടുള്ള സമീപനത്തിലെ പശ്ചാദ്ഗമനത്വര, ചരിത്രപ്രധാനമായ സ്മാരകങ്ങളോടും സ്ഥാപനങ്ങളോടുമുള്ള സമീപനത്തിലെ സങ്കുചിത വീക്ഷണം, മാധ്യമ സ്വാതന്ത്ര്യത്തോടുള്ള എതിര്‍പ്പുകള്‍, ഭാഷാപരമായ സങ്കുചിത പക്ഷപാതം എന്നിവയാണ്. 

ഒന്നാമധ്യായത്തില്‍ത്തന്നെ 'മോദിത്വ'ത്തിന്റെ വികാസചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കക്ഷിക്കുള്ള പ്രവണതകളെ 'ഫാസിസ്റ്റ്' എന്ന് എതിരാളികള്‍ വിശേഷിപ്പിക്കാറുണ്ടെങ്കിലും താന്‍ അത്രത്തോളം പോകുന്നില്ലെന്നാണ് തരൂരിന്റെ നിലപാട്. ജനാധിപത്യത്തെ തീര്‍ത്തും തള്ളുകയും എതിരുകാരെ ഒട്ടുക്കു മുടിക്കാന്‍ ഒരുമ്പെടുകയും ചെയ്യുമ്പോഴേ 'ഫാസിസ്റ്റ്' എന്ന വിശേഷണം അര്‍ഹിക്കുന്നുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രണ്ടിന്റേയും സൂചകമായ സംഭവങ്ങള്‍ അവിടവിടെ അരങ്ങേറിയിട്ടുണ്ടെങ്കിലും എമ്പാടും വ്യാപിച്ചിട്ടില്ല; പക്ഷേ, വ്യാപിച്ചേക്കാമെന്നതിന്റെ സൂചനയുള്ളത് മറച്ചുവെച്ചിട്ടുമില്ല. അദ്ദേഹത്തിന്റെ കക്ഷിക്കു കിട്ടിയ 31 ശതമാനം വോട്ടിന്റെ ബലത്തില്‍ ഭൂരിപക്ഷത്തിന്റെ ഫലമുണ്ടെന്ന വിശ്വാസത്തിലടിയുറച്ച 'ഔട്ട്-ഗ്രൂപ്പ്' തരംതിരിവ് രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. (ഡസ്മണ്ട്  മോറിസിന്റെ 'ദ ഹ്യൂമന്‍ സൂ' ('The Human Zoo') എന്ന പുസ്തകത്തിലാണ് ഞങ്ങള്‍ - നിങ്ങള്‍ അല്ലെങ്കില്‍ 'നമ്മള്‍ - അവര്‍' എന്ന സമീപനത്തെ 'ഇന്‍ഗ്രൂപ്പ് - ഔട്ട് ഗ്രൂപ്പ്' എന്നു നാമകരണം ചെയ്തിട്ടുള്ളത് - ലേഖിക) സംശയിക്കപ്പെടുന്ന വ്യക്തികളെ ആള്‍ക്കൂട്ടം തല്ലിച്ചതച്ചു കൊല്ലുന്ന സംഭവങ്ങള്‍ അവിടവിടെ ഉണ്ടായി. ബീഫ് തിന്നെന്നോ വീട്ടില്‍ സൂക്ഷിച്ചുവെന്നോ ഒരാളെപ്പറ്റി സംശയമുണ്ടായാല്‍ അതു സത്യമാണോ എന്നു തിട്ടപ്പെടുത്താന്‍ കൂടി മിനക്കെടാതെ തല്ലിക്കൊല്ലുക; ചത്ത പശുവിന്റെ തോലുരിക്കല്‍ തൊഴിലായിട്ടുള്ള ദളിതരെപ്പോലും അതു ചെയ്തതിന്റെ പേരില്‍ ചതച്ചരയ്ക്കുക... ഇത്യാദി സംഭവങ്ങള്‍ ഭരിക്കുന്ന കക്ഷിയോ നേതാക്കളോ അല്ല ഇതു ചെയ്യുന്നത്. എങ്കിലും ഇതു ചെയ്യാനുള്ള ചങ്കൂറ്റത്തോടുകൂടിയ ആള്‍ക്കൂട്ടം രൂപപ്പെടുന്നത് സംഭ്രാന്തിജനകമാണ്. ഭയത്തിന്റെ പരിസ്ഥിതിവ്യൂഹം (Ecosystem of fear) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് സന്തോഷ് ദേശായി രേഖ(Times of India)പ്പെടുത്തിയത് (3.9.'18) ഉദ്ധൃതമായിട്ടുണ്ട്. Fear-ലെ f ഫാസിസത്തിലെ f പോലെ അസ്വാസ്ഥ്യജനകമാണെന്നു ഗ്രന്ഥകര്‍ത്താവ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 
പ്രധാനമന്ത്രിയുടെ ചില പ്രസ്താവനകളിലെ അയുക്തികതകളും അവാസ്തവങ്ങളും തുറന്നുകാണിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ശങ്കിച്ചിട്ടില്ല. ഉദാ: ഗണപതിയുടെ മാനവശരീരത്തില്‍ ആനത്തല ഒട്ടിച്ചത്, അവയവങ്ങള്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്ന ശാസ്ത്രവിജ്ഞാന പ്രയോഗം ഭാരതീയര്‍ക്ക് അറിയാമായിരുന്നുവെന്നതിനു തെളിവാണെന്ന് പ്രസ്താവിച്ചത്; (രക്തഗ്രൂപ്പിനു ചേര്‍ച്ചയില്ലെങ്കില്‍ മാനുഷികമായ അവയവങ്ങള്‍പോലും പുറന്തള്ളപ്പെടുമെന്ന് സ്‌കൂള്‍കുട്ടികള്‍ക്കുപോലും അറിയാം) എത്ര ചെറിയ ആനയുടെ തലയും എത്ര വലിയ ആളുടെ കഴുത്തിനുപോലും പാകമാവില്ലെന്ന് തരൂര്‍. 2018-ല്‍ ദാവോസില്‍വെച്ച്

പ്രധാനമന്ത്രി പ്രസ്താവിച്ചുവത്രെ: 600 കോടി ആളുകള്‍ തനിക്കു വോട്ട് ചെയ്തുവെന്ന്! ലോക ജനസംഖ്യയോടടുത്തുവരുന്ന കണക്ക്! 31 ശതമാനം ഇന്ത്യന്‍ വോട്ടര്‍മാര്‍ എന്ന വസ്തുതവെച്ചു നോക്കിയാല്‍ 17.98 കോടിയേയുള്ളൂ. 

തനിക്കിഷ്ടമില്ലാത്ത പത്രപ്രവര്‍ത്തകരെ നിലംപരിചാക്കുന്ന തന്ത്രങ്ങളും പ്രസ് കോണ്‍ഫറന്‍സ് ഒഴിവാക്കുന്ന പതിവും പ്രഭാഷണങ്ങളിലൂടെ ജനങ്ങളോടു നേരിട്ടു സംവദിക്കുന്ന ശൈലിയും പ്രധാനമന്ത്രിയെ പൂര്‍വ്വികരില്‍നിന്നു വ്യത്യസ്തനാക്കുന്നു. അസത്യ പ്രസ്താവനകളില്‍, നെഹ്‌റു ഫീല്‍ഡ്മാര്‍ഷല്‍ കരിയപ്പയേയും ജനറല്‍ തിമ്മയ്യയേയും രക്തസാക്ഷിത്വം വരിച്ച ഭഗത്സിങ്ങിനേയും മാനിച്ചില്ല എന്നതും നെഹ്‌റുവിന്റെ മൃത്യുവിനു ഹേതുവായ രോഗം സിഫിലിസ് ആയിരുന്നെന്ന് 'വെളിപ്പെടുത്തി'യതും ഫിറോസ് ഗാന്ധി മുസ്ലിം ആയിരുന്നെന്ന് ആരോപിച്ചതും മറ്റും ഉള്‍പ്പെടുന്നു. (പേ. 64-65)

മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 180-ല്‍ 138-ാമത്തേതാണ് എന്ന നിലയിലെത്തിയിരിക്കുന്നതായി റോയിട്ടേഴ്സിനെ ഉദ്ധരിച്ചു ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (പേ. 168) പ്രധാനമന്ത്രിക്കെതിരായവര്‍ മാത്രമല്ല, അദ്ദേഹത്തിന്റെ വലംകയ്യായ അമിത്ഷായ്‌ക്കെതിരായും ഒരിക്കല്‍ മിണ്ടിയവര്‍ക്ക് പിന്നൊരിക്കല്‍ മിണ്ടാന്‍ ഇടം (വേദി) കിട്ടുകയില്ലെന്ന അവസ്ഥയുണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു. (പേ. 79) നൃപതിനിര്‍മ്മാതാവ് (kingmaker) എന്നാണ് അദ്ദേഹത്തിനു കൊടുത്തിട്ടുള്ള വിശേഷണം. ബാലകരുടെ മനസ്സില്‍ ഐശ്വര്യപ്രഭാവത്തോടെ പ്രധാനമന്ത്രിയെ വാഴിക്കാന്‍ രചിക്കപ്പെട്ട 'ബാല നരേന്ദ്ര' പോലെ അടുത്ത തെരഞ്ഞെടുപ്പിനു മുന്‍പ് ഒരു സൂപ്പര്‍മാന്‍ കോമിക്ക് രചിക്കപ്പെട്ടേക്കുമെന്ന് തരൂര്‍ ഊഹിക്കുന്നു. (പേ. 85) 

ഇന്ത്യയില്‍ ഹിന്ദുത്വമെന്ന സംപ്രത്യയം തന്നെ രണ്ടായി വേര്‍പെട്ടിട്ടുണ്ടെന്നാണ് തരൂരിന്റെ നിരീക്ഷണം. വിവേകാനന്ദന്‍, ദയാനന്ദസരസ്വതി, അരവിന്ദമഹര്‍ഷി, ഗാന്ധിജി തുടങ്ങിയവരുടെ ഹിന്ദുത്വം ഒന്ന്. സംഘപരിവാരത്തിന്റെ ഹിന്ദുത്വം മറ്റൊന്ന്. ആദ്യത്തേത് പൗരസമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും സൗഹൃദം പുലര്‍ത്തുന്നു. രണ്ടാമത്തേത് ചില വിഭാഗങ്ങളെ നിരാകരിക്കുന്നു. നൂറ്റാണ്ടുകളായി ഈ മണ്ണില്‍ വേരൂന്നി ജീവിച്ചുപോരുന്നവരെ 'ഔട്ട് ഗ്രൂപ്പ്' ആയി പുറന്തള്ളാന്‍ ആദ്യത്തെ വിഭാഗത്തിനു കഴിയില്ല. (വിദേശത്തുനിന്നു ചിലര്‍ രാജ്യം പിടിച്ചടക്കാന്‍ വേണ്ടിയും മറ്റു ചിലര്‍ കച്ചവടം പിടിച്ചടക്കാന്‍ വേണ്ടിയും എത്തിച്ചേര്‍ന്നു എന്നത് ചരിത്രവസ്തുത. പക്ഷേ, അവരാരും പെണ്ണുങ്ങളെ കൂടെ കൊണ്ടുവന്നിരുന്നില്ലെന്നത് മറ്റൊരു വസ്തുത. ബ്രിട്ടീഷുകാര്‍ ചിലര്‍ മാത്രം സ്ത്രീകളേയും കൂട്ടി വന്നുവെങ്കില്‍ അവരോടുകൂടി തിരിച്ചുപോകുകയും ചെയ്തു. തീര്‍ത്തും വിദേശീയരായവരുടെ രക്തം മാത്രം സിരകളിലോടുന്ന ഒരു ജനവിഭാഗത്തെ പ്രതിഷ്ഠിക്കുകയുണ്ടായില്ല. ഇവിടെ വിദേശീയരായ പുരുഷന്മാര്‍ക്ക് പിന്മുറക്കാരുണ്ടായത് ഇന്നാട്ടിലെ പെണ്ണുങ്ങളില്‍നിന്നാണ്. അമ്മവഴിയായി ജീനുകളിലൂടെ പകരുന്ന പൈതൃകത്തില്‍ ഭാരതീയത തന്നെയാണുള്ളത്. (പൈതൃകം എന്ന പദം അച്ഛന്‍ വഴിയെ മാത്രമല്ല, സൂചിപ്പിക്കുന്നത്.  'പിതരൗ' എന്ന ദ്വിവചനത്തിനു അച്ഛനമ്മമാര്‍ എന്ന അര്‍ത്ഥംകൂടി സംസ്‌കൃതത്തിലുണ്ട്. 'ജഗതഃപിതരൗവന്ദേപാര്‍വ്വതീ പരമേശ്വരാ' - കാളിദാസന്‍) ഈ വസ്തുത ന്യൂനപക്ഷങ്ങളെ വിദേശീയര്‍ എന്നു മുദ്രകുത്തുന്നവര്‍ അവഗണിക്കുന്നു. (ഇതോടൊപ്പം ന്യൂനപക്ഷങ്ങള്‍ ഓര്‍ക്കേണ്ടുന്ന മറ്റൊരു പൗരത്വധര്‍മ്മത്തെക്കൂടി ഇവിടെത്തന്നെ പരാമര്‍ശിക്കേണ്ടതുണ്ട്. ഭൂരിപക്ഷം പൗരര്‍ക്കില്ലാത്ത അവകാശങ്ങള്‍ തങ്ങള്‍ക്കു വേണമെന്ന് ന്യൂനപക്ഷം ശഠിക്കുമ്പോള്‍ അത് അവകാശവാദം മാത്രമല്ല, മതശാഠ്യം കൂടിയാവുന്നു. ഇന്ത്യന്‍ പീനല്‍കോഡ് എല്ലാ പൗരര്‍ക്കും സ്വീകാര്യമെങ്കില്‍ ഇന്ത്യന്‍ സിവില്‍ കോഡും എല്ലാവര്‍ക്കും സ്വീകാര്യമാവണം).

ഹിന്ദു ദേശീയതയെ മൂര്‍ച്ഛിപ്പിച്ച് ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയില്‍ എത്തിക്കണമെന്ന കടുംപിടുത്തം സ്വാമി വിവേകാനന്ദനേയും മഹാത്മാ ഗാന്ധിയേയും പിന്തുടരുന്നവര്‍ക്ക് ഉണ്ടാവാന്‍ തരമില്ല. മറ്റൊരു മതത്തിന്റെ ആരാധനാലയത്തിനു നേരെ അക്രമമുണ്ടായപ്പോള്‍ പ്രധാനമന്ത്രി പ്രതികരിച്ചത് വിവേകാനന്ദന്റേയും മഹാത്മജിയുടേയും പിന്‍ഗാമിക്ക് യോജിക്കുന്ന തരത്തില്‍ത്തന്നെയാണ്. ''യാതൊരു മതസ്ഥാപനത്തിന്റെ നേര്‍ക്കും അക്രമം ഞാന്‍ അനുവദിക്കുകയില്ല'' എന്ന് 2015 ഫെബ്രുവരി 18-ന് ഉറപ്പിച്ചു പ്രഖ്യാപിച്ചത് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തീവ്ര ഹിന്ദുത്വവാദികള്‍ മറിച്ചുള്ള മനോഭാവം പ്രകടിപ്പിക്കുമ്പോള്‍ അദ്ദേഹം മൗനം പാലിക്കുന്നു എന്നാണ് ഗ്രന്ഥകര്‍ത്താവ് ഉന്നയിക്കുന്ന ആരോപണം (പേ. 111). വ്യാജ ഗോരക്ഷകര്‍ (Fake Cow - Rakshakar) സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ഒരുമ്പെടുന്നതിനെതിരായി 2016-ല്‍ പ്രധാനമന്ത്രി സുശക്തമായി താക്കീതു നല്‍കി. പക്ഷേ, 2018-ന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ആള്‍ക്കൂട്ടം വ്യക്തികളെ തല്ലിച്ചതച്ച 15 സംഭവങ്ങളുണ്ടായി! (പേ. 116).

മോഹന്‍ ഭഗ്വതിനെപ്പോലുള്ള ആര്‍.എസ്.എസ്സുകാര്‍ 'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ്' എന്നു പ്രസ്താവിക്കുന്നു. ഇതിന്റെ ലാക്ഷണിക വിവക്ഷിതം ഹിന്ദുവായി സ്വയം കരുതാത്തവര്‍ക്ക് ഇന്ത്യക്കാരനാവാന്‍ അര്‍ഹതയില്ലെന്നാണല്ലോ(പേ. 121). വര്‍ഗ്ഗീയത വളര്‍ത്തുന്ന വാക്കുകളും പ്രവൃത്തികളും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. സ്ത്രീശാക്തീകരണത്തെപ്പറ്റിയും നാരീനന്ദനത്തെപ്പറ്റിയും നിരന്തരം പ്രഭാഷണം നടത്തുമ്പോഴും സ്ത്രീനിന്ദനം കൂടിക്കൂടി വരുന്നുവെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. 2016-ല്‍ ഉണ്ടായ ബാലികാ ബലാത്സംഗക്കേസ്സുകള്‍ മുന്‍കൊല്ലത്തെക്കാള്‍ 82 ശതമാനം വര്‍ദ്ധിച്ചു (പേ. 139). കത്വായിലെ പെണ്‍കുട്ടിയോട് കാട്ടിയ പുരുഷഗണ കശ്മലതയെ അവളുടെ സഹകരണത്തോടുകൂടിയ കര്‍മ്മമെന്നു വിശേഷിപ്പിക്കാനാളുണ്ടായി. കുറ്റവാളികള്‍ക്കെതിരായി കേസെടുത്ത പൊലീസുകാരെ അപലപിക്കുന്ന ജാഥയില്‍ മന്ത്രിമാര്‍കൂടി പങ്കെടുത്തുവത്രെ! (പേ. 139). പുസ്തകത്തിലെ എട്ടാമധ്യായം സ്ത്രീ നിന്ദനത്തിന്റെ കഥകളാണ്. 2015-ല്‍ ബലാത്സംഗക്കേസുകളുടെ എണ്ണം 34651, 2016-ല്‍ 38947 (12.4 ശതമാനം കൂടുതല്‍).
ജനപ്രതിനിധി സഭകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യക്കണക്കു നോക്കിയാല്‍ ലോകരാഷ്ട്രങ്ങളില്‍ 148-ാമത്തേതാണ് ഇന്ത്യ. പാകിസ്താന്‍ 89-ാം സ്ഥാനത്ത്. ബംഗ്ലാദേശിന്റെ സ്ഥാനം 91-ാമത്തേത് (പേ. 11). 

ആധുനിക ശാസ്ത്രത്തോടുള്ള തെറ്റായ സമീപനത്തിലൂടെ വരുംതലമുറകളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നതിനെ ഈ ഗ്രന്ഥത്തില്‍ വീറോടെ വിമര്‍ശിച്ചിട്ടുണ്ട്. ഭൂഗോളതാപനത്തെക്കുറിച്ച് കുട്ടികള്‍ക്കു നല്‍കപ്പെട്ട വിജ്ഞാനം അങ്ങനൊന്നില്ല എന്നും ശരീരം ചൂടിനോടും തണുപ്പിനോടും പ്രതികരിക്കുന്നതിലാണ് വ്യതിയാനമെന്നുമാണത്രെ. ഇന്റര്‍നെറ്റ് മഹാഭാരതകാലത്ത് പ്രചരിച്ചിരുന്നു എന്ന് ത്രിപുരയിലെ ചീഫ് മിനിസ്റ്റര്‍. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് സ്ഥാപിക്കുന്നതിനുള്ള യുക്തിയായി സത്യപാല്‍സിങ്ങ് എന്ന മന്ത്രി പറഞ്ഞത് ഒരു കുരങ്ങ് മനുഷ്യനായി മാറുന്നത് ആരും കണ്ടിട്ടില്ലെന്നാണ്! ആണ്‍മയിലിന്റെ കണ്ണുനീരില്‍നിന്നാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നു പ്രഖ്യാപിച്ചത് ഒരു ശാസ്ത്രബിരുദധാരിയായ ഹൈക്കോര്‍ട്ട് ജഡ്ജിയാണ് (പേ. 162). പശു ഓക്സിജന്‍ ഉച്ഛ്വസിക്കുന്നു എന്ന് 'സിദ്ധാന്തി'ക്കുന്നവരുമുണ്ട്. 
കുറഞ്ഞ ആധിപത്യം ഏറിയ രക്ഷക ഭരണം (Minimum Govt; Maximam Governance) എന്ന നയം നടപ്പിലാക്കുമെന്ന പ്രഖ്യാപനം മധുരോദാരമായ വാഗ്ദാനമായിരുന്നു. അതു ക്രമേണ നേര്‍വിപരീതമായി പരിണമിച്ചുവെന്നാണ് പതിനാറാം അധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിച്ചിരിക്കുന്നത്. നീതിപാലനം, തെരഞ്ഞെടുപ്പ്, ധനവിനിമയം, ഉന്നതവിദ്യാഭ്യാസം, വിദ്യാഭ്യാസരംഗത്തെ പരീക്ഷാപദ്ധതി മുതലായവയോടു ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്ള കൈകടത്തല്‍, മന്ത്രിമാര്‍ അധികാരമുപയോഗിച്ച് 'വേണ്ടപ്പെട്ടവരെ' സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്, പാര്‍ലമെന്റില്‍ ശബ്ദം മുഴങ്ങാതായത്,  ഗവര്‍ണര്‍മാരെ 'ഗവേണ്‍' ചെയ്യുന്നത്, നീതിപാലകരോടു നീതിചെയ്യാത്തത്, കുട്ടിക്കുറ്റവാളികളോട് അവരര്‍ഹിക്കുന്ന ദാക്ഷിണ്യം കാട്ടാത്തത്, വധശിക്ഷയോടുള്ള സമീപനത്തിലെ വൈരുദ്ധ്യങ്ങള്‍, സൈനികരോടുള്ള അനാസ്ഥ, യൂണിവേഴ്സിറ്റികളോടുള്ള അവഗണന... പതിനാറ് മുതല്‍ക്കുള്ള പതിനാറ് അദ്ധ്യായങ്ങള്‍ മൊത്തത്തില്‍ വിനിയുക്തമായിട്ടുള്ളത് പുരോഗമനമല്ല പശ്ചാദ്ഗമനമാണ് സംഭവിക്കുന്നതെന്ന് സ്ഥാപിക്കാനാണ്. (ഇവയില്‍ ചിലതിനോട് മുന്‍ ഗവണ്‍മെന്റിന്റെ സമീപനമെന്തായിരുന്നു എന്ന ചോദ്യം പ്രസക്തമാണ്. 'വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍', പ്രശ്‌നം വധശിക്ഷാ പ്രശ്‌നം എന്നിവയോട് മുന്‍ ഭരണകൂടങ്ങളുടെ സമീപനം കുറ്റമറ്റതായിരുന്നോ?)

നാലാം വിഭാഗത്തില്‍ നോട്ടുപിന്‍വലിക്കലിനെക്കുറിച്ചുള്ള അധ്യായം ഏറ്റവും സുചിന്തിതവും ശ്രദ്ധേയവുമാണ്. 86 ശതമാനം വരുന്ന കറന്‍സിയാണ് രാത്രിക്കു രാത്രി 8.11.'16-ന് മൂല്യരഹിതമാക്കിയത്. വേണ്ടുന്നത്ര തയ്യാറെടുപ്പില്ലാതെയുള്ള ആ പ്രഖ്യാപനം വന്‍കിട കമ്പനികള്‍ക്കോ വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കോ വിശേഷിച്ചു കഷ്ടപ്പാടൊന്നും ഉണ്ടാക്കിയില്ല. സാമാന്യരും അന്നന്നത്തെ കൂലികൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന ദരിദ്രവര്‍ഗ്ഗവുമാണ് ഓര്‍ക്കാപ്പുറത്ത് ദുരിതക്കയത്തിലേക്കെറിയപ്പെട്ടത്. പഴയ നോട്ടുകൊടുക്കാനും പുതിയത് കിട്ടാനും വേണ്ടി ക്യൂ നിന്നു നട്ടംതിരിഞ്ഞവരും നട്ടെല്ലു തളര്‍ന്നവരും കുറച്ചൊന്നുമായിരുന്നില്ല. കള്ളപ്പണക്കാര്‍ക്കെതിരെയുള്ള മിന്നലാക്രമണം എന്ന പ്രചാരണംകൊണ്ട് മധ്യവര്‍ഗ്ഗത്തിന്റേയും നിര്‍ധനരുടേയും മസ്തിഷ്‌കശക്തികളെ മയക്കിക്കിടത്തുന്നതില്‍ ഏറെക്കുറെ വിജയിച്ചതിനാല്‍ കലാപങ്ങളുണ്ടായില്ല. വന്‍കിടക്കാര്‍, കള്ളപ്പണം സൂക്ഷിക്കാനും വെള്ളപ്പണമാക്കി മാറ്റാനും വീട്ടിലെ അലമാരകളെ ആശ്രയിക്കാറില്ല എന്ന് ആര്‍ക്കും അറിയാം. ഭരണത്തിലെത്തിയാല്‍ വിദേശബാങ്കുകളില്‍നിന്ന് കള്ളപ്പണം തിരിച്ചെത്തിക്കുമെന്നും ഓരോ പൗരന്റെ അക്കൗണ്ടിലും പതിനഞ്ച് ലക്ഷം വീതം നിക്ഷേപിക്കാന്‍ പോരുന്ന നിക്ഷേപ വന്മലയാണതെന്നും തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ബഹുജനത്തെ വിശ്വസിപ്പിച്ചിരുന്നു. അതൊന്നുമുണ്ടായില്ലെന്നതു പോകട്ടെ, സ്വന്തം പണം ആവശ്യമനുസരിച്ച് എടുക്കാന്‍ പൗരനുള്ള സ്വാതന്ത്ര്യത്തിന്മേലാണ് ചങ്ങല വീണത്. ബാങ്കില്‍നിന്ന് സ്വന്തം പണം എടുക്കാന്‍ പൗരനെ അനുവദിക്കാത്ത മറ്റേതെങ്കിലും രാജ്യത്തിന്റെ പേരു പറയാമോ എന്നു പാര്‍ലമെന്റില്‍ ഗ്രന്ഥകര്‍ത്താവിന്റെ ചോദ്യത്തിന് ധനമന്ത്രിയില്‍നിന്ന് ഉത്തരം കിട്ടിയില്ല എന്നു പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (പേ. 335). പുതിയ നോട്ടുകള്‍ അടിക്കുന്നതിനുണ്ടായ ചെലവ് 3500 കോടിയിലേറെയാണത്രെ. നോട്ട് റദ്ദാക്കല്‍ നാട്ടിനൊട്ടാകെ ഗുണമോ ദോഷമോ ചെയ്തതെന്നറിയാതെ ഇരുട്ടില്‍തപ്പുന്നവര്‍ക്ക് 34-35 അധ്യായങ്ങള്‍ വെളിച്ചം കാട്ടിക്കൊടുക്കും. 

''നല്ല നാളുകള്‍ ഇതാ വരുന്നു'' എന്നു കാഹളം മുഴക്കി ഭരണത്തിന്റെ സിംഹാസനങ്ങളില്‍ ഉപവിഷ്ടരായവരുടെ കാലത്ത് (2014-'16) ആത്മഹത്യ ചെയ്യേണ്ടിവന്ന കര്‍ഷകരുടെ എണ്ണം 36420 (പേ. 10) എന്ന് വായിക്കേണ്ടിവരുന്നവര്‍ക്കും വികാരംകൊള്ളുന്ന മനസ്സുണ്ടെങ്കില്‍ ആ വഴി തന്നെ കരണീയം എന്നു തോന്നിപ്പോവില്ലേ, സ്വന്തം മക്കള്‍ക്കും അമ്മമാര്‍ക്കും വേണ്ടുന്ന സംരക്ഷണം നല്‍കാനാവാതെ ആത്മഹത്യയില്‍ അഭയം തേടേണ്ടിവരുന്ന കര്‍ഷകരോടാണ് കറവവറ്റിയ ഗോമാതാക്കളെ തീറ്റകൊടുത്തു സ്വാഭാവിക മൃതിയെത്തും വരെ പോറ്റണമെന്ന് ഉപദേശിക്കുന്നത്! ഗോമാതാക്കളെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതോ വേദനയില്ലാത്ത ഉടന്‍മരണം നല്‍കുന്നതോ, ഏതാണ് വലിയ പാപം?
ധനസംബന്ധമായ വമ്പന്‍ വെട്ടിപ്പുകള്‍ നടത്തിയതിനുശേഷം വിദേശങ്ങളിലേക്കു കടന്ന് സ്വര്‍ഗ്ഗീയ സുഖത്തില്‍ കഴിയുന്നവരെക്കുറിച്ചുള്ള വിവരങ്ങളും (47-ാം അദ്ധ്യായം) ഏറ്റവും ഒടുവിലത്തെ അഴിമതി കഥയായ റാഫേല്‍ ഇടപാടിനെപ്പറ്റിയുള്ള സൂചനയും (പേ. 10, 487) പുസ്തകത്തിലുണ്ട്. 
ഭരണകക്ഷിയുടെ മുഖ്യ എതിരാളിയായ കക്ഷിയിലെ ഒരു നേതാവെന്ന നിലയ്ക്ക് തെരഞ്ഞെടുപ്പ് വരുന്നതിനു മുന്‍പുള്ള പ്രചാരണവേലയുടെ ഒരു ഭാഗമായി മാത്രം ഈ പുസ്തകത്തെ താഴ്ത്തിക്കെട്ടാന്‍ ആര്‍ക്കും കഴിയാത്തവിധത്തില്‍ രേഖകളുടെ ആധികാരികതയോടെയും ഏതു വിഷയത്തിലും ഇരുവശവും നിരീക്ഷിക്കുന്നതിലുള്ള സന്നദ്ധതയോടെയും ആണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്. അവിടവിടെ സന്ദര്‍ഭോചിതമായി വാരിവിതറിയിട്ടുള്ള പരിഹാസങ്ങളും മര്‍മ്മസ്പര്‍ശികളായ നര്‍മ്മങ്ങളും പുസ്തകത്തിനു പാരായണസുഖം വര്‍ദ്ധിപ്പിക്കുന്നതല്ലാതെ, പ്രതിപാദ്യത്തിന്റെ ഗൗരവം ലഘുപ്പെടുത്താന്‍ ഹേതുവായിട്ടില്ല. വിട്ടുവീഴ്ചയില്ലാതെ വസ്തുതാശേഖരണത്തിനുവേണ്ടി ചെയ്തിട്ടുള്ള പ്രയത്‌നവും വസ്തുതകളുടെ വൈപുല്യവും പുസ്തകത്തെ രൂപത്തിലും അര്‍ത്ഥത്തിലും കനപ്പെട്ടതാക്കിയിരിക്കുന്നു. ആശയസമുച്ചയം മൂലവും പല വിഷയങ്ങളുടേയും തനതു ഭാവം മൂലവും പ്രതിപാദനം ശുഷ്‌കതയിലേക്കു വഴുതിയേക്കാമായിരുന്നതായിട്ടും ദുര്‍ഗ്രഹതയോ ശുഷ്‌കതയോ വൃഥാസ്ഥൂലതയോ പ്രതിപാദനത്തെ ബാധിച്ചിട്ടില്ല. ശുഷ്‌കതയില്ലെന്നു മാത്രമല്ല, ഒരു നോവല്‍ പോലെ വായിക്കാവുന്ന ഹൃദ്യത പ്രതിപാദനശൈലിക്കുണ്ടുതാനും. ഒരു ചരിത്രനിബന്ധം മാത്രമാകാമായിരുന്ന വസ്തുതാസഞ്ചയത്തെ സാഹിത്യകൃതിയാക്കി മാറ്റുന്നത് അവതരണശൈലിയിലുള്ള ലാവണ്യഘടകങ്ങളാണ്. സാഹിത്യരചനയില്‍ ദീര്‍ഘകാല പരിചയമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുള്ള രാഷ്ട്രീയ നേതാക്കളെപ്പോലെ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏറെ ഉണ്ടായിട്ടില്ല. ആ വിരളഗണത്തില്‍പ്പെട്ട് ജീവിത് - സാഹിത്യ രചയിതാക്കളില്‍ തരൂരിനെ അതിശയിക്കാന്‍പോന്നവരുണ്ടെന്നു തോന്നുന്നില്ല. ഇത് തെരഞ്ഞെടുപ്പിനെ മുന്‍പില്‍ കണ്ടും കൊണ്ടുള്ള ഒരു പ്രചാരണ ഗ്രന്ഥം മാത്രമോ, വിദ്വേഷ വമനമോ ആയി താണിട്ടില്ല; ഇംഗ്ലീഷറിയാവുന്ന ഏത് ഇന്ത്യനും വായിക്കേണ്ടുന്ന ഉയര്‍ന്ന കൃതിക്കുവേണ്ടുന്ന മഹത്വഘടകങ്ങള്‍ ഈ കൃതിയില്‍ ഒത്തുചേര്‍ന്നിട്ടുണ്ട്. വസ്തുതാസമാഹരണ യത്‌നവും വിചിന്തന സിദ്ധിയും രാഷ്ട്രീയത്തിലുള്ള ഉള്‍ക്കാഴ്ചയും വസ്തുതാപഗ്രഥനത്തിലുള്ള ശാസ്ത്രീയ നിഷ്‌കൃഷ്ടതയും ഉണ്ടായാല്‍ പോരാ സാഹിത്യ സര്‍ജനശക്തിയും ഉചിതപദങ്ങള്‍ വിളിപ്പുറത്തു വന്നുചേരുന്ന ഭാഷാപ്രയോഗസിദ്ധിയും കൂടി വേണം ഇത്തരം ഒരു കൃതി രചിക്കാന്‍ കഴിയണമെങ്കില്‍. യുക്തിവാദികളേയും സ്വതന്ത്ര ചിന്തകരേയും അഭിപ്രായസ്വാതന്ത്ര്യം അടിയറവെക്കില്ലെന്നു ശാഠ്യമുള്ള പത്രപ്രവര്‍ത്തകരേയും നിശ്ശബ്ദരാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ചിലര്‍ ഇന്നാട്ടിലുണ്ടെന്ന സാഹചര്യമോര്‍ക്കുമ്പോള്‍ ഇമ്മട്ടിലൊരു കൃതി രചിക്കാന്‍ മറ്റൊരു വ്യക്തിത്വ പ്രഭാവം കൂടിവേണം - മൃതിഭീതി തീണ്ടാത്ത ധീരത. 
താനുള്‍പ്പെട്ട കക്ഷിയുടെ 'തിങ്ക്-ടാങ്ക്' എന്നു വിശേഷിപ്പിക്കാവുന്ന സിദ്ധിയും സാധനയുമുള്ള ഗ്രന്ഥകര്‍ത്താവിന്റെ വ്യക്തിസ്വത്വ പ്രതിച്ഛായയില്‍ വീണ നിഴല്‍ പുസ്തകത്തിന്റെ പ്രഭാവത്തേയോ പ്രജ്ഞാബലത്തേയോ ബാധിച്ചിട്ടില്ല. രാജ്യഭരണത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാന്‍ സഹായിക്കുന്ന ബൗദ്ധിക സജ്ജീകരണത്തികവുള്ള വ്യക്തിയാണ് ഗ്രന്ഥകര്‍ത്താവ് എന്ന് സൂചിപ്പിക്കാന്‍ ഗ്രന്ഥം പര്യാപ്തമായിട്ടുണ്ട്. എന്നാല്‍, നമ്മുടെ നാട്ടില്‍ ബഹുജനത്തിന്റെ ഭാഷയില്‍ അവരെ വശീകരിക്കാന്‍ പോന്ന വാചാലതയും വാഗ്‌ധോരണിയും നാടകീയ ഭാവഹാവ പ്രകടനസിദ്ധികളുമുള്ളവരുടെ വികാരനിര്‍ഭരമായ പ്രഭാഷണശക്തിയോടു മത്സരിക്കാന്‍ സാമാന്യ ജനതയുടേതല്ലാത്ത ഭാഷയിലുള്ള വിചാരനിര്‍ഭരമായ ഒരു ഗ്രന്ഥത്തിനു കഴിയുമെന്നു തോന്നുന്നില്ല. പുസ്തകം വായിക്കാനിടയുള്ള ഒരു ശതമാനം വോട്ടര്‍മാര്‍ അല്ല, പ്രഭാഷണ ചാതുര്യത്താല്‍ മയക്കപ്പെടുന്ന 99 ശതമാനമാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായക ശക്തിയായിത്തീരുന്നത്. പ്രഭാഷണകലയില്‍ ആധുനിക ടെക്നോളജികൊണ്ടുണ്ടാക്കാവുന്ന മായികപ്രഭാവം ഒന്നു വേറെയും. പ്രഭാഷകന്റെ ഹോളോഗ്രാഫിക് ചിത്രം ഓരോ മൂലയിലും പ്രതിഷ്ഠിച്ചുകൊണ്ട് ഒരേസമയം പ്രഭാഷണം സംപ്രേഷണം ചെയ്യുമ്പോള്‍ ആളെ നേരില്‍ കണ്ടുംകൊണ്ട് പ്രഭാഷണം കേള്‍ക്കുന്ന പ്രതീതിയുളവാക്കാന്‍ കഴിയും. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏതു മഹത്തായ കൃതിക്കും പരിമിതികളുണ്ടെന്ന് പറയാതെ വയ്യ.

എങ്കിലും, ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്ന 739-ാമത്തെ രേഖയെ മുന്‍നിര്‍ത്തിയുള്ള ചോദ്യം ഗ്രന്ഥനിരപേക്ഷമായി ജനഗണമനസ്സില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. 2018 ആഗസ്റ്റ് 15-ലെ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു: ഇന്ത്യയെ മുന്നോട്ടു നയിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ഊന്നിയ മനസ്സാണ് തന്റേതെന്ന്; അതിനു വേണ്ടിയുള്ള അസ്വസ്ഥതയും അവിശ്രാന്തതയും ഉല്‍ക്കണ്ഠയും തീവ്രേച്ഛയും തന്നെ നയിക്കുന്നു എന്നും. ആ വികാരങ്ങള്‍ക്കു ചേരുംവിധത്തില്‍ വാക്കുകളെ കര്‍മ്മത്തിലേക്കു പരിവര്‍ത്തിപ്പിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. വലിയൊരു ജനഗണത്തിന്റെ മനസ്സില്‍ ഉയര്‍ന്ന ചോദ്യമാണ് ഗ്രന്ഥകര്‍ത്താവിന്റെ വാക്കുകളിലൂടെ പുസ്തകത്തില്‍ ഇടം നേടിയത്. 

അച്ചടിത്തെറ്റുകളില്ലാത്ത ഈ ഗ്രന്ഥത്തില്‍ ഒരു പ്രാദേശിക ഭാഷാപദം റോമന്‍ ലിപിയിലെഴുതിയപ്പോള്‍ വലിയ അര്‍ത്ഥവ്യത്യാസമുള്ള മറ്റൊന്നായി മാറിപ്പോയി. 'സര്‍വ്വധര്‍മ്മസമഭാവം' സര്‍വ്വധര്‍മ്മസംഭവമായി മാറി, ഒരൊറ്റ സ്വനിമത്തിന്റെ അഭാവംമൂലം (പേ. 91 Samabhavam എന്നത് Sambhavam ആയി).
രണ്ടു വിഷയങ്ങള്‍ ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടോ എന്നു ഞാന്‍ പരതി. ഒന്ന്, It+It=It. എന്ന സമവാക്യം. ഇന്ത്യന്‍ ടാലന്റ് + ഇന്ത്യന്‍ ടെക്നോളജി = ഇന്ത്യാ ടുമോറോ എന്നാണതിന്റെ പൂര്‍ണ്ണരൂപം. ടെക്നോളജി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ പ്രതിഭാശാലികളായ യുവാക്കള്‍ തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു എന്ന് രാജ്‌നാഥ് ദേശായി തന്റെ '2014' എന്ന ഗ്രന്ഥത്തില്‍ പറയുന്നു. അവര്‍ കൂടെത്തന്നെയുണ്ടോ എന്നതിനെപ്പറ്റിയും അന്നു പ്രായപൂര്‍ത്തിയായിട്ടില്ലാത്തവരായ 2019-ലെ പുതിയ വോട്ടര്‍മാരുടെ ചായ്വുകള്‍ എങ്ങനെയായിരിക്കും എന്നതിനെപ്പറ്റിയും അഭ്യൂഹം ഇതുപോലൊരു ഗ്രന്ഥത്തില്‍ പ്രസക്തമാകേണ്ടതാണ്. രണ്ട്, കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന ബാലവേലക്കാരെ രക്ഷിക്കാന്‍ എന്തെങ്കിലും പദ്ധതി ആര്‍ക്കെങ്കിലും ഉണ്ടോ? സ്ത്രീപീഡനത്തെക്കാള്‍പോലും കഠിനതരമായ പ്രശ്‌നമാണിത്. 3000 കോടി ചെലവാക്കി നേതാവിന്റെ പ്രതിമ നിര്‍മ്മിക്കുന്നത് കൊടിയ ദുര്‍വ്യയമായിത്തീരുന്നത് കുറേ കുഞ്ഞുങ്ങളുടെയെങ്കിലും വിശപ്പടക്കാന്‍ ആ തുക ഉപയോഗിക്കാമായിരുന്നതുകൊണ്ടാണ്. പുതിയ നോട്ടടിക്കാന്‍ അധികച്ചെലവ് ചെയ്ത 3500 കോടിയും ഈ മൂവായിരവും കൂടിയാല്‍ ലക്ഷക്കണക്കിന് പട്ടിണിക്കുഞ്ഞുങ്ങളെ രക്ഷിക്കാമായിരുന്നു! ഭാരതത്തെ ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലെത്തിക്കാന്‍ പോന്ന 'ചൊവ്വാദൗത്യ'ത്തെക്കുറിച്ചും (മുന്‍ഗവണ്‍മെന്റിന്റെ) കുഞ്ഞുങ്ങളുടെ പട്ടിണിയില്‍ നൊന്തുകരയുന്ന അമ്മമാര്‍ക്കു തോന്നുക അതു ദുര്‍വ്യയമാണെന്നാണ്. 4 രൂപാ വീതം തലവരി വരുന്ന ചെലവേ അതിനുണ്ടായുള്ളൂ എന്ന് ചുമതലപ്പെട്ടവര്‍ അന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. അതായത് അഞ്ഞൂറ്റില്‍ ചില്വാനം കോടിയിലൊതുങ്ങിയെന്ന്. അതുപോലും കുട്ടികളുടെ പട്ടിണി പരിഹരിക്കാന്‍ ഉപയോഗിക്കാമായിരുന്നെന്നേ അമ്മമാര്‍ക്കു തോന്നൂ. ഒരു പെണ്ണൊരുത്തിയായിട്ടുപോലും മായാവതിയും പ്രതിമകള്‍ നിര്‍മ്മിക്കാന്‍ കോടികള്‍ ചെലവാക്കി. പണ്ട് നടുവത്തച്ഛന്‍ ''തീവണ്ടി തിന്നാവതോ?'' എന്നു ശ്ലോകത്തില്‍ ചോദിച്ചപ്പോള്‍, കൊച്ചിരാജ്യത്ത് തീവണ്ടിപ്പാത നിര്‍മ്മിക്കാന്‍ ഭൂമി കണ്ടുകെട്ടിയതിനു കൊടുത്ത നഷ്ടപരിഹാരം അപര്യാപ്തമെന്നു ബോധ്യപ്പെട്ട ന്യായാധിപതി തുക കൂട്ടിക്കൊടുക്കാന്‍ ഉത്തരവായി. ''പ്രതിമകള്‍ തിന്നാവതോ?'' എന്ന് കുട്ടികള്‍ക്കുവേണ്ടി ആരെങ്കിലും ചോദിച്ച് രാഷ്ട്രീയക്കാരുടെ കണ്ണുതുറപ്പിക്കേണ്ടിയിരിക്കുന്നു. മുന്‍ ഭരണകൂടത്തിന്റെ കാലത്താണ് അഞ്ചുവയസ്സിനു താഴെയുള്ള പന്ത്രണ്ടര കോടി കുഞ്ഞുങ്ങളെപ്പറ്റി ഒരു കണക്ക് കണ്ടത് (10.12.'09 'ദ ഹിന്ദു'). അഞ്ചുവയസ്സെത്തും മുന്‍പ് രണ്ടര കോടി 'കൊഴിഞ്ഞുപോകുന്നു.' ആറരക്കോടി പോഷകാഹാരക്കുറവുകൊണ്ട് വളര്‍ച്ച മുരടിച്ചവരായിപ്പോകുന്നു. ശേഷിക്കുന്ന മൂന്നരക്കോടി മാത്രമാണ് മനുഷ്യക്കുഞ്ഞുങ്ങള്‍ വളരേണ്ടപോലെ വളരുന്നത്. ഈ കണക്കിനൊപ്പം അന്നത്തെ പ്രധാനമന്ത്രിയുടെ ഒരു ഉദീരണവുമുണ്ടായിരുന്നു: 'A matter of national shame' എന്ന്. ആ 'നാണക്കേട്' പരിഹരിക്കാന്‍ എന്തെങ്കിലും പദ്ധതി നടപ്പാക്കിയോ എന്ന ചോദ്യം അക്കാലത്തു പ്രസക്തമായിരുന്നതുപോലെത്തന്നെയാണ് പ്രതിമകളുടെ മുന്നില്‍ ഈ ചോദ്യം ഇക്കാലത്തും പ്രസക്തമാവുന്നത്. 
തരൂരിന്റെ പുസ്തകത്തില്‍ ബാലവേലയെപ്പറ്റിയോ പട്ടിണിക്കുഞ്ഞുങ്ങളെപ്പറ്റിയോ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെങ്കിലും അതിന്റെ മൗലികഹേതുവായ ദാരിദ്ര്യത്തിന്റെ നിര്‍മ്മാര്‍ജനത്തിന് സ്വന്തം സങ്കല്പത്തിലുള്ള നവേന്ത്യാനിര്‍മ്മിതിയില്‍ ഒന്നാംസ്ഥാനം അദ്ദേഹം നല്‍കുന്നുണ്ട്. സമാപനാധ്യായത്തില്‍, 119 'ഡോളര്‍ - കോടീശ്വര'ന്മാര്‍ ഉള്ള ഇന്ത്യയില്‍ 36.3 കോടി മനുഷ്യര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരാണെന്ന കഠോര സത്യത്തിന് ഊന്നല്‍ നല്‍കുന്നുണ്ട്. കുബേര വര്‍ഗ്ഗത്തിന്റെ നിധികള്‍ കുചേല വര്‍ഗ്ഗത്തിന്റെ വിശപ്പടക്കാന്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധതി പ്രായോഗികമാക്കാതെ വിടവ് നികത്താനാവില്ല. ഇതിന് രക്തരൂക്ഷിത വിപ്ലവമല്ലാതെ എന്തെങ്കിലും പദ്ധതി ഗ്രന്ഥകര്‍ത്താവിന്റെ വിഭാവനത്തിലുണ്ടോ എന്ന ചോദ്യവും മുഴങ്ങിയേ തീരൂ. കുബേരവര്‍ഗ്ഗം വിദേശമെന്ന സ്വര്‍ഗ്ഗത്തില്‍ സൂക്ഷിക്കുന്ന നിധികള്‍ ഇന്ത്യയുടെ നടുമുറ്റത്തു വര്‍ഷിപ്പിക്കാന്‍ പോന്ന രഘുബലം ഉണ്ടാവണം. ലഘുബലങ്ങള്‍ പോരാ. മോദിക്കു കൈവരാതിരുന്ന രഘുബലം ('രഘുവംശ'ത്തിലെ രഘുചക്രവര്‍ത്തി) ഇനിയാര്‍ക്കു കൈവരും എന്ന ചോദ്യമാണ് പുസ്തകത്തിന്റെ സമഗ്രധ്വനി.