ഇകെ നായനാര്‍- അതുല്യനായ ജനപ്രിയ നായകന്‍: എംഎ ബേബി

By എംഎ ബേബി  |   Published: 16th December 2018 04:30 AM  |  

Last Updated: 16th December 2018 05:51 AM  |   A+A-   |  

 

ലയാളികള്‍ അളവറ്റു സ്‌നേഹിച്ച ഒരു നേതാവായിരുന്നു സഖാവ് നായനാര്‍. ചെറുപ്രായത്തില്‍ തന്നെ സഖാവ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നു. കുട്ടികളുടെ സംഘടനയായ ബാലസംഘത്തിലാണ് തുടക്കം. വിദ്യാര്‍ത്ഥി സംഘടനയിലും സജീവമായി. കെ.പി.ആര്‍. ഗോപാലനായിരുന്നു പ്രചോദനം. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ മുന്‍പിന്‍ നോക്കാതെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ആ കൗമാരക്കാരന്‍ എടുത്തുചാടി. ഇതേത്തുടര്‍ന്ന് ഔപചാരിക വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകാനായില്ല. വായനയിലൂടെയും പഠനത്തിലൂടെയും എഴുത്തുകാരനായും പ്രഭാഷകനായും സഖാവ് അംഗീകാരം നേടി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഭീകരമായ പീഡനത്തിന് ഇരയായി. രക്തസാക്ഷിയായ ദളിത് വിഭാഗത്തില്‍പ്പെട്ട ഹര്‍ഷന്റെ സ്മരണ നിലനിര്‍ത്താന്‍ യുവാവായ നായനാര്‍ മുന്‍കൈ എടുത്ത് ഗ്രന്ഥശാല നാട്ടിന്‍പുറത്ത് സ്ഥാപിച്ചതുപോലെയുള്ള ഭാവനാപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ ചെറുപ്രായത്തില്‍ത്തന്നെ അദ്ദേഹത്തെ ജനങ്ങളുടെ പ്രിയങ്കരനാക്കി. ആദ്യ ജയില്‍വാസം 46 ദിവസം നീണ്ടുനിന്ന ആറോണ്‍ മില്‍ തൊഴിലാളി സമരത്തോടനുബന്ധിച്ചായിരുന്നു. മൊറാഴ, കയ്യൂര്‍ പോരാട്ടങ്ങളിലും സഖാവ് പങ്കെടുത്തു. ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞു. അക്കാലത്ത് കേരളകൗമുദി പത്രത്തില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാര്‍ലമെന്റിലും നിയമസഭയിലും സഖാവ് പ്രാഗല്‍ഭ്യം തെളിയിച്ചു. മൂന്ന് തവണയായി ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ മുഖ്യമന്ത്രി ആയിരുന്നതിന്റെ റെക്കോര്‍ഡ് സഖാവ് നായനാര്‍ക്കാണ്.
ജീവിതത്തിന്റെ നാനാതുറയിലും പെട്ട മലയാളികള്‍ സഖാവ് നായനാരെ അകമഴിഞ്ഞ് സ്‌നേഹിക്കാനുള്ള കാരണമെന്താകാം? മലയാളിയുടെ ഒരു മൗലിക സ്വഭാവം നര്‍മ്മവും വിമര്‍ശിക്കാനുള്ള ഔത്സുക്യവുമാണ്. സഖാവിന്റെ പ്രസംഗങ്ങളില്‍ ഇത് രണ്ടും ആവോളമുണ്ടാവും. തന്റെ വാദമുഖങ്ങള്‍ക്ക് ആധികാരികത നല്‍കാന്‍ വേണ്ട പത്രകട്ടിങ്ങുകളുമായിട്ടാണ് സഖാവ് പ്രസംഗിക്കാനെത്തുക. സ്റ്റേജിലുള്ള സഹപ്രസംഗകരില്‍ ചിലരെ നോക്കി ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അവര്‍ വായിച്ചിട്ടില്ലെന്നത് കണ്ടുപിടിച്ച് അവരെ പരിഹസിക്കുന്ന രംഗങ്ങളും ചിലപ്പോള്‍ ഉണ്ടാവാറുണ്ട്. ഇത് സദസ്സിനെ ഹരംപിടിപ്പിക്കുമെന്ന് പറയേണ്ടതില്ലല്ലോ?

മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഏഷ്യാനെറ്റ് ചാനലില്‍ സഖാവിന്റെ ഒരു പരിപാടി പ്രക്ഷേപണം ചെയ്തിരുന്നു. വളരെ ജനപ്രിയമായി മാറി അത്. 'മുഖ്യമന്ത്രിയോട് ചോദിക്കാം' എന്നായിരുന്നു പേര്. സ്വതസിദ്ധമായ ശൈലിയില്‍ കൂട്ടുകാരോടെന്ന പോലാണ് സഖാവ് പ്രതികരിച്ചത്. പല പരാതികള്‍ക്കും ജനകീയമായി പരിഹാരം കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതോടൊപ്പം വലിയൊരു പ്രേക്ഷകവൃന്ദം ഈ പരിപാടിക്കുവേണ്ടി കാത്തിരിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. മറുപടി പറഞ്ഞു കഴിഞ്ഞതിനു ശേഷമുള്ള സഖാവിന്റെ കമന്റ് രസകരമായിരുന്നു. ചോദ്യം ചോദിച്ചയാളിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള സഖാവിന്റെ ഊഹം കണ്ണൂര്‍ ഭാഷയില്‍ ''ഓന്‍ നമ്മുടാളാണ്''', എന്ന മട്ടില്‍ അവതരിപ്പിക്കുന്നത് വളരെ നിഷ്‌കളങ്കമായിട്ടായിരുന്നു. സഖാവ് നായനാരുടെ ജനകീയതയ്ക്കും ഏഷ്യാനെറ്റിന്റെ വളര്‍ച്ചയ്ക്കും ഈ പരിപാടിയും മറ്റു ഘടകങ്ങള്‍ക്ക് പുറമേ ഒരു പങ്കുവഹിച്ചിട്ടുണ്ട്.


1975 മാര്‍ച്ചിലാണ് സഖാവുമൊത്ത് ആദ്യമായൊരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. എസ്.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുയോഗം തിരുവനന്തപുരത്ത് നടന്നപ്പോഴായിരുന്നു അത്. അന്ന്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി ആയിരുന്നു സഖാവ്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി സഖാവ് കോടിയേരി ബാലകൃഷ്ണനും പങ്കെടുത്ത ആ യോഗത്തില്‍, ആ സംസ്ഥാന സമ്മേളനം പ്രസിഡന്റായി തെരഞ്ഞെടുത്ത ആളെന്ന നിലയില്‍ ഞാനാണ് അദ്ധ്യക്ഷത വഹിച്ചത്.
അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍ക്കായി എറണാകുളത്ത് വടക്കന്‍ പറവൂരില്‍വച്ച് സംഘടിപ്പിക്കപ്പെട്ട പഠനക്ലാസ്സില്‍ സഖാവ് നായനാര്‍ നടത്തിയ ഒരു വിശദീകരണം ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയയുടെ നേതാവ്, കിം ഇല്‍ സുങ് 'ജ്യൂച്ചെ' എന്ന സിദ്ധാന്തത്തെപ്പറ്റി പൂര്‍ണ്ണ പേജ് പരസ്യങ്ങള്‍ നല്‍കുന്ന കാലമായിരുന്നു അത്. എന്നാല്‍, എന്താണ് ഈ സിദ്ധാന്തം എന്നത് പലര്‍ക്കും വേണ്ടപോലെ പിടികിട്ടിയിരുന്നില്ല. ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് മറുപടിയായി വിശദീകരണങ്ങള്‍ നല്‍കിയിട്ട് അവസാനം സഖാവ് ഒരു വാചകം പറഞ്ഞു: ''സ്വന്തം കാലില്‍ നില്‍ക്കുക'' അതാണ് 'ജ്യൂച്ചെ'യുടെ ഉദ്ദേശ്യവും ലക്ഷ്യവും.
1996-2001 ഗവണ്‍മെന്റിന്റെ കാലത്ത് ജനകീയാസൂത്രണ പരീക്ഷണത്തിലൂടെ കേരളത്തിന്റെ  വികസന ചരിത്രത്തില്‍ ഒരിക്കലും മായാത്ത നാമധേയമായി സഖാവ് ഇ.എം.എസ്സിനൊപ്പം സഖാവ് നായനാരും ഇടം നേടി. പുതിയൊരു നൂറ്റാണ്ടിലേക്കും സഹസ്രാബ്ദത്തിലേക്കും നാം നടന്നുകയറിയത് 1999-2000 അന്നായിരുന്നു. അത് നമ്മളോരോരുത്തരുടേയും ബോധത്തില്‍ അഗാധമായി സ്പര്‍ശിക്കുന്ന ഒരു സാംസ്‌കാരിക അനുഭവമായി രൂപപ്പെടുത്താനാവുമോ എന്ന അന്വേഷണമായിരുന്നു 'മാനവീയം' എന്ന സാംസ്‌കാരിക മിഷന്‍. സഖാവ് നായനാരും സാംസ്‌കാരിക മന്ത്രി സഖാവ് ടി.കെ. രാമകൃഷ്ണനും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിച്ച് മാറ്റത്തിന്റെ പാതയിലൂടെ മലയാളി മുന്നോട്ട് പോകണം എന്ന ആശയമാണ് മാനവീയം വികസിപ്പിച്ചെടുക്കാന്‍ ശ്രമിച്ചത്.

അതിന്റെ ഭാഗമായി നടന്ന വൈവിധ്യപൂര്‍ണ്ണങ്ങളായ അനേകം പ്രവര്‍ത്തനങ്ങളും മുന്‍കൈകളും പൂര്‍ണ്ണത തേടിയ അപൂര്‍ണ്ണാന്വേഷണങ്ങളായിരുന്നു. 'മാനവീയം സ്ത്രീ പദവി പഠനം' എടുത്തുപറയേണ്ട ഒരു ഉദാഹരണമാണ്. സ്ത്രീ തുല്യതയ്‌ക്കെതിരെ ശബരിമല പ്രശ്‌നത്തില്‍ സ്ത്രീകളില്‍ത്തന്നെ ഒരു വിഭാഗത്തെ ഇളക്കിവിടാന്‍ കഴിയുന്നത് എന്തുകൊണ്ടാണ്? ഉത്തരം വ്യക്തം. നവോത്ഥാനം ബാക്കിവച്ചിരിക്കുന്ന ബലഹീനതയുടേയും അപൂര്‍ണ്ണതകളുടേയും നമ്മുടെ തന്നെ ജാഗ്രതക്കുറവിന്റേയും സാക്ഷ്യപ്പെടുത്തലുകളാണ്. നവോത്ഥാനം നാം ഒരിക്കല്‍ പൂര്‍ത്തിയാക്കുന്ന ഒരു പ്രതിഭാസമല്ല. മറിച്ച്, അവിരാമം തുടരേണ്ട ഒരു പ്രക്രിയയാണ്. ഈ മൗലിക സത്യം വാക്കിലും പ്രവൃത്തിയിലും നാം ഓര്‍ക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. 

എംഎ ബേബി


സഖാവ് നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ടെക്നോപാര്‍ക്ക് പോലെയും അശരണര്‍ക്കായുള്ള പെന്‍ഷന്‍-ക്ഷേമപദ്ധതികള്‍ പോലെയും നാടിന്റെ മുഖച്ഛായ മാറ്റിയ ഭരണനേട്ടങ്ങളും ജനകീയാസൂത്രണവും മാനവീയവും പോലെ പുതിയൊരു വികസന പരിപ്രേക്ഷ്യവും സാംസ്‌കാരിക ഇടപെടലും ലക്ഷ്യംവച്ചുകൊണ്ടുള്ള പുതുമാതൃകയും കേരളത്തിന് നല്‍കാനായി. ഇതിന്റെയാകെ പ്രതിഫലനമായിരുന്നു സഖാവിന്റെ മൃതശരീരവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്ക് വിലാപയാത്രയെ അനുഗമിക്കുമ്പോള്‍ കാത്തുനിന്ന ജനലക്ഷങ്ങളുടെ നിറഞ്ഞ കണ്ണുകളില്‍ കണ്ടത്. സഖാവിനെ അവസാനമായി ഒരു നോക്കു കാണുവാന്‍ മണിക്കൂറുകള്‍ അവര്‍ ക്ഷമാപൂര്‍വ്വം കാത്തുനിന്നു, അര്‍ദ്ധരാത്രിയും അതിരാവിലെയും. മലയാളിയുടെ മനസ്സില്‍ ഇത്രമാത്രം ഇഴുകിച്ചേര്‍ന്ന ബഹുജന നേതാക്കള്‍ ഏറെയില്ല.