ഒരൊറ്റ നായനാര്‍: നിലപാടുകളിലും പ്രതികരണങ്ങളിലും

തിരുവനന്തപുരം നഗരത്തില്‍ യൂണിവേഴ്സിറ്റി കോളേജിനും വി.ജെ.ടി ഹാളിനും എതിര്‍വശത്ത് റോഡിനപ്പുറം കൂറ്റനൊരു മാവുണ്ടായിരുന്നു.
ഒരൊറ്റ നായനാര്‍: നിലപാടുകളിലും പ്രതികരണങ്ങളിലും

തിരുവനന്തപുരം നഗരത്തില്‍ യൂണിവേഴ്സിറ്റി കോളേജിനും വി.ജെ.ടി ഹാളിനും എതിര്‍വശത്ത് റോഡിനപ്പുറം കൂറ്റനൊരു മാവുണ്ടായിരുന്നു. അതിനു ചുവട്ടില്‍ വേദി കെട്ടി എത്രയോ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടന്നു. 2002 ഫെബ്രുവരി ആദ്യം തുടങ്ങിയ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും അനിശ്ചിതകാല പണിമുടക്ക്. എ.കെ. ആന്റണി സര്‍ക്കാര്‍ അനങ്ങുന്നില്ല. ഇതിങ്ങനെ നീണ്ടാല്‍ എങ്ങനെ എന്ന ആശങ്കകള്‍ക്കിടയില്‍ മരച്ചുവട്ടില്‍ ഇടതുമുന്നണിയുടെ സമരവിശദീകരണ യോഗം. ഉയര്‍ത്തിക്കെട്ടിയ വേദിയില്‍നിന്ന് ഇ.കെ. നായനാര്‍ പ്രസംഗം തുടങ്ങി. വന്‍ ജനക്കൂട്ടമുണ്ട് കേള്‍ക്കാന്‍. പ്രസംഗം തുടങ്ങി. ആളുകളെ പതിവുരീതിയില്‍ അഭിസംബോധന ചെയ്തിട്ട് നേരെ വിഷയത്തിലേക്കു കടക്കുകയാണ്: ''നമ്മള്‍ ഈ സമരം...'' അത്രയും പറഞ്ഞിട്ട് വളരെച്ചെറിയ ഒരു ഇടവേള. സി.പി.എമ്മിന്റെ അത്യുന്നത നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഇ.കെ. നായനാര്‍ എന്തു പ്രഖ്യാപനമാണ് നടത്താന്‍ പോകുന്നതെന്നുപോലും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ കേള്‍വിക്കാര്‍ക്ക് ആകാംക്ഷ. അപ്പോള്‍ അതിന്റെ ബാക്കിഭാഗം വന്നു: ''തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളു'' കൈയടിച്ചും ചിരിച്ചും ജനം അതിലെ ഉന്നം തിരിച്ചറിഞ്ഞ് ഇളകിമറിഞ്ഞു; ചിലര്‍ മുദ്രാവാക്യം വിളിച്ചു, ''ഇല്ലാ, ഇല്ലാ പിന്നോട്ടില്ല, ഓരോ അടിയും മുന്നോട്ട്.'' അങ്ങനെയായിരുന്നു നായനാര്‍. കുറച്ചു വാക്കുകളില്‍ ഒരുപാടു പറയും. സമരം തുടങ്ങി ഒരാഴ്ചയായിട്ടും സര്‍ക്കാര്‍ അനങ്ങാത്തതിലെ രോഷപ്രകടനമില്ല; പകരം, ഇത് ഇവിടംകൊണ്ടൊന്നും തീരില്ലെന്നു നേരിട്ടു പറയാത്ത മുന്നറിയിപ്പ്. എത്രകാലം വേണമെങ്കിലും പരിഹാരമുണ്ടാകുന്നതുവരെ തുടരാന്‍ തയ്യാറെന്നു ജനത്തെക്കൊണ്ടുതന്നെ പറയാതെ പറയിക്കുന്ന നായനാര്‍ ട്രിക്ക്. നായനാര്‍ നിറഞ്ഞുനിന്നു ജീവിച്ച കാലത്തെക്കുറിച്ച് ഇതുപോലെയുള്ള ഇടപെടലുകളുടെ ഇന്ദ്രജാല അനുഭവങ്ങള്‍ കേരളത്തിലെ മിക്ക സ്ഥലങ്ങളിലുള്ളവര്‍ക്കുമുണ്ട് പറയാന്‍. അതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുണ്ട്, അനുഭാവികളുണ്ട്, വിരുദ്ധരുണ്ട്. ഇത്തരം നിരവധി സന്ദര്‍ഭങ്ങളിലൂടെയാണ് നായനാര്‍ ജനങ്ങളുടെ നേതാവായത്. അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദങ്ങളിലെ നേതാവ്.

നര്‍മ്മങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം പറഞ്ഞിരുന്നു അദ്ദേഹം. അര്‍ത്ഥമില്ലാത്ത തമാശകള്‍ പറഞ്ഞതുമില്ല. ''ഇല്ലാ, ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ'' എന്ന സഖാക്കളുടെ പ്രഖ്യാപനം പോലും നായനാരുടെ കാര്യത്തില്‍ വന്നപ്പോള്‍  നര്‍മ്മം കലര്‍ത്തി പ്രചരിപ്പിക്കാന്‍ ആളുകള്‍ മടിക്കാത്തത് നായനാര്‍ കേട്ടാല്‍ അതും ആസ്വദിക്കും എന്നുറപ്പുള്ളതുകൊണ്ടാണ്. ഇങ്ങനെയാണ് ആ കഥ: ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ച് നായനാര്‍ മരിച്ച വിവരം അറിഞ്ഞ് തലസ്ഥാനത്തെ ഒരു പത്രത്തിന്റെ എഡിറ്റര്‍ ഫോട്ടോഗ്രാഫറെ വിളിച്ചു. എ.കെ.ജി സെന്ററില്‍ത്തന്നെ ഉണ്ടാകണം, ഒരുപാടാളുകള്‍ സ്‌നേഹിക്കുന്ന നേതാവാണ്, പൊതുദര്‍ശനത്തിനു വയ്ക്കുമ്പോള്‍ അവരൊക്കെ വരും. ജീവനുള്ള പടങ്ങള്‍ വേണം നമുക്ക്. ഫോട്ടോഗ്രാഫര്‍ അപ്പോള്‍ത്തന്നെ സി.പി.എം ആസ്ഥാനത്തേക്കു പാഞ്ഞു. അവിടെ വന്‍ജനക്കൂട്ടം. അവര്‍ മുഷ്ടിചുരുട്ടി ഉച്ചത്തില്‍ പറയുകയാണ്, ''ഇല്ലാ ഇല്ല മരിച്ചിട്ടില്ല, സഖാവ് നായനാര്‍ മരിച്ചിട്ടില്ല.'' പോയപോലെ തിരിച്ചെത്തിയ ഫോട്ടോഗ്രാഫര്‍ എഡിറ്ററെ വിളിച്ചു പറഞ്ഞത്രേ: ''സാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാ, നായനാര്‍ മരിച്ചിട്ടൊന്നുമില്ല.''
എണ്‍പത്തിയാറാം വയസ്സില്‍ 2004 മെയ് 19-നു വിടപറഞ്ഞ ഇ.കെ. നായനാരുടെ നൂറാം ജന്മദിനം. നായനാരില്ലാത്ത പതിന്നാല് വര്‍ഷവും കേരളം നായനാരെ മറന്നല്ല ജീവിച്ചത്.

മനസ്സറിയുന്ന നായനാര്‍
സംഘപരിവാര്‍ രാഷ്ട്രീയം മുന്‍പത്തെക്കാള്‍ കേരളത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍, നായനാര്‍ മുന്‍പ് ഇക്കാര്യം എങ്ങനെ തന്മയത്വത്തോടെ അവതരിപ്പിച്ചു എന്ന് കേള്‍ക്കുകതന്നെ വേണം. നായനാരുടെ തമാശകളെക്കുറിച്ച് പുസ്തകമെഴുതുകയും അദ്ദേഹവുമായി അവസാന അഭിമുഖങ്ങളിലൊന്നു നടത്തുകയും ചെയ്ത തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകന്‍ ഷാനവാസ് പോങ്ങനാട് എഴുതുന്നു: ''ബി.ജെ.പിയെക്കുറിച്ചുള്ള സ്വന്തം പാര്‍ട്ടിക്കാരുടെ ആശങ്ക അകറ്റാന്‍ നായനാര്‍ ഘടാഘടിയന്‍ പ്രസംഗമൊന്നും നടത്താതെ കാര്യം സാധിച്ചു. ബി.ജെ.പി ചിഹ്നമായ താമരയെ കുറിച്ച് നായനാര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു: ''താമര കണ്ട് ആരും പരിഭ്രമിക്കേണ്ട. രാവിലെ അത് വിടര്‍ന്ന് നിവര്‍ന്നിരിക്കും. വൈകുമ്പം അടഞ്ഞുപോകും. പിന്നെ വാടി താഴെവീഴും.'' ശരിയാണല്ലോയെന്ന് ചിന്തിച്ച് അണികള്‍ ആശ്വാസം കണ്ടു.''
അദ്ദേഹവും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഊഷ്മള ബന്ധം എല്ലാക്കാലത്തും ചര്‍ച്ചയായിട്ടുണ്ട്. അന്നത്തെ പത്രക്കാര്‍ക്ക് അത് പറഞ്ഞാലും പറഞ്ഞാലും തീരില്ലതാനും. മുസ്ലിം ലീഗ് പത്രം ചന്ദ്രികയുടെ ലേഖകന്‍ എം.എം. ഹസ്സന്‍, ആര്‍.എസ്.എസ് പത്രം ജന്മഭൂമിയുടെ ലേഖകന്‍ കെ. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ അനുഭവിച്ച വാല്‍സല്യവും കരുതലും പ്രത്യേകം കേള്‍ക്കുകതന്നെ വേണം. രാഷ്ട്രീയ ഭിന്നത തുറന്നുപറഞ്ഞുകൊണ്ടുതന്നെ അദ്ദേഹം അവരോട് വ്യക്തിപരമായ അടുപ്പം നിലനിര്‍ത്തി.

''പാര്‍ട്ടി സെക്രട്ടറിയായിരിക്കെ ശാസ്തമംഗലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു നായനാര്‍. ശാന്തിനഗറിലെ വീട്ടില്‍നിന്ന് ഗാന്ധാരിയമ്മന്‍ കോവിലിലെ ദേശാഭിമാനിയിലേക്ക് നടന്നുപോകവെ എസ്.ആര്‍. ശക്തിധരന്‍ ഒരു ദിവസം പ്രസ്സ് റോഡിലെ 'ചന്ദ്രിക' ഓഫീസില്‍ കയറിവന്നു. നായനാര്‍ സുഖമില്ലാതെ വിശ്രമത്തിലാണ്. സന്ദര്‍ശകരെ ആരെയും അനുവദിക്കുന്നില്ല. താനൊന്ന് ചെന്ന് നോക്ക്. ചിലപ്പോള്‍ കാണാന്‍ പറ്റിയേക്കുമെന്നായിരുന്നു ശക്തിധരന്റെ നിര്‍ദ്ദേശം. വീടിന്റെ പടിക്കല്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ ഗേറ്റിലുണ്ടായിരുന്ന ആള്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്നും പറഞ്ഞ് തടഞ്ഞു. വിസിറ്റിങ് കാര്‍ഡ് നല്‍കിയിട്ട് അനുമതിയില്ലെങ്കില്‍ തിരിച്ചുപൊയ്‌ക്കൊള്ളാമെന്ന് അറിയിച്ചപ്പോള്‍ അകത്തേക്കു പോയ അയാള്‍ പ്രവേശനാനുമതിയുമായി തിരിച്ചെത്തി. കണ്ടയുടനെ ശാരദ ടീച്ചര്‍ക്ക് പരിചയപ്പെടുത്തി: ''ഇവനെ അറിയോ... നമ്മളെ നാട്ടുകാരനാ. നമ്മളെ പാര്‍ട്ടി അല്ലാട്ടോ.''

നീ എന്തിനാടോ വന്നത് എന്നായി എന്നോട്. അസുഖമാണെന്നറിഞ്ഞ് കാണാന്‍ വന്നതാണെന്ന് പറഞ്ഞിട്ട് നായനാര്‍ക്ക് വിശ്വാസമില്ല. ഏതോ വിഷയത്തില്‍ വിവാദം നിലനില്‍ക്കുന്ന കാലമായിരുന്നു അത്. അതുമായി ബന്ധപ്പെട്ട പ്രതികരണം തേടി വന്നതായിരിക്കാമെന്ന സംശയം നായനാരുടെ മനസ്സിലുള്ളതുപോലെ. അസുഖത്തെക്കുറിച്ച് വിവരിച്ചു. കടുത്ത പനിയാണ്. ഇടയ്ക്ക് കാലെടുത്ത് സ്റ്റൂളില്‍വച്ചു. കാലില്‍ നീരുവന്നിട്ടുണ്ട്. ഇത് കണ്ടോടാ.. പണ്ട് ഒളിവില്‍ കഴിഞ്ഞകാലത്ത് ഇങ്ങനെയുണ്ടായിട്ടുണ്ട്. അതിനുശേഷം ഇപ്പോള്‍ ഇതാദ്യമാ. വിശ്രമിക്കണം, ആളുകളെ കാണാന്‍ പാടില്ല എന്നൊക്കെ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ഡോക്ടര്‍ക്ക് പറയുന്നതിനെന്താ. ആളെക്കാണാതെ കഴിയാന്‍ പറ്റോടാ എനിക്ക്.
പിന്നെയും ചോദ്യം: ശരിക്കും നീ എന്തിനാടോ വന്നത്?

സുഖവിവരം അറിയാന്‍ മാത്രം വന്നതാണെന്നും മറ്റൊരു ദുരുദ്ദേശ്യവും ഇല്ലെന്നും ആവര്‍ത്തിച്ചറിയിച്ചിട്ടും നായനാരുടെ ശങ്ക മാറിയില്ല. അവസാനം യാത്ര പറഞ്ഞ് പിരിഞ്ഞു. നായനാരുടെ ആരോഗ്യസ്ഥിതി ശക്തിധരനെ വിളിച്ചറിയിച്ചതിനൊപ്പം തമാശയായി മറ്റൊരു കാര്യംകൂടി പറഞ്ഞു: ''സംഗതി ആളെ കണ്ടുവെങ്കിലും ഒരു ചായ പോലും തന്നില്ല.''
എ.കെ.ജി സെന്ററില്‍ അടുത്ത പത്രസമ്മേളനത്തിന് അല്‍പ്പം നേരത്തെ എത്തിയപ്പോള്‍ പതിവിന് വിപരീതമായി പത്രസമ്മേളനത്തിന് മുന്‍പെ ചായ കിട്ടി. ചായ കുടിച്ച് കഴിഞ്ഞപ്പോള്‍ നായനാരുടെ കമന്റ്. ''പാല്‍ക്കാരന്‍ വരുന്നതിനു മുന്‍പ് വീട്ടില്‍ വന്നിട്ട് ചായ കിട്ടിയില്ലെന്ന് പരാതി പറയുന്നത് ശരിയല്ല, കേട്ടാ...''
എത്രയോ സന്ദര്‍ഭങ്ങളില്‍, ''ഓന്‍ നമ്മുടെ നാട്ടുകാരനാ'' എന്നു പറഞ്ഞ് സൗഹൃദം കാട്ടുകയും അതേപോലെത്തന്നെ ശുണ്ഠി പ്രകടിപ്പിക്കുകയും ചെയ്തതിനെക്കുറിച്ച് കെ. കുഞ്ഞിക്കണ്ണനുമുണ്ട് പറയാനേറെ. 
ഐ.എ.എന്‍.എസ് എന്ന വാര്‍ത്താ ഏജന്‍സിയുടെ തിരുവനന്തപുരം ലേഖകന്‍ സാനു ജോര്‍ജ്ജിന്റെ ഏതോ ചോദ്യം ഇഷ്ടപ്പെടാതെ നായനാര്‍ ചോദിച്ചു: താനേതാ കടലാസ്. 'ഇന്ത്യാ എബ്രോഡ് ന്യൂസ് ഏജന്‍സി'യാണ് എന്നു പറഞ്ഞപ്പോള്‍ നായനാരുടെ ഭാവം സൗഹാര്‍ദ്ദത്തിലേക്കു മാറി. ''എബ്രോഡാ? എബ്രോഡല്ലേ നമ്മുടെ ആളുകളൊക്കെ, എത്രയോ മലയാളികളാണ് പുറത്തുപോയി നമ്മുടെ നാടിനെ സഹായിക്കുന്നത്.'' എന്നായി പ്രതികരണം. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ചികില്‍സയ്ക്കു പോകും മുന്‍പ് നായനാര്‍ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെക്കുറിച്ചു പറയുമ്പോള്‍ കണ്ണുനിറയുന്ന പത്രക്കാരുണ്ട്. സംസാരിച്ചു കഴിഞ്ഞ് വിമാനത്താവളത്തിലേക്കു പുറപ്പെടാന്‍ ലിഫ്റ്റിലേക്ക് കയറും മുന്‍പ് അദ്ദേഹം എല്ലാവരോടുമായി കൈവീശിപ്പറഞ്ഞു: ''താങ്ക്സ് റ്റു ആള്‍.'' വിടപറയുന്നതുപോലെയൊരു നന്ദിപറച്ചില്‍.

അധികമാരും അതറിഞ്ഞില്ല
വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ച 'സ്ത്രീവിരുദ്ധ' പ്രസ്താവനകളൊക്കെ നടത്തിയിട്ടുള്ള നായനാര്‍ യഥാര്‍ത്ഥത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സ്ത്രീപക്ഷ സമീപനമുള്ള നേതാവായിരുന്നു. പാര്‍ട്ടിയുടെ ഒരു പ്രമുഖ ജനപ്രതിനിധിയുടെ കുടുംബപ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ നായനാര്‍ക്കു വന്നുചേര്‍ന്ന രക്ഷാകര്‍ത്താവിന്റെ പക്വഭാവത്തെക്കുറിച്ചു വാചാലമായി പറയുന്ന സി.പി.എം നേതാക്കളുണ്ട്. പുരോഗമന സാമൂഹിക പ്രവര്‍ത്തകനായ അച്ഛന്‍ തള്ളിപ്പറഞ്ഞപ്പോള്‍പ്പോലും ആ പെണ്‍കുട്ടിയുടെ കാര്യത്തില്‍ നായനാര്‍ അങ്ങനെയല്ല പ്രതികരിച്ചത്. ''ജീവിതമാണ്, സംഭവിച്ചുപോകാം. പക്ഷേ, അവളെ അതിന്റെ പേരില്‍ കൈവിടരുത്'' എന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്‍ വൈകാരികമായി ഉലഞ്ഞുപോയിരുന്നു. അതുകൊണ്ടുതന്നെ കര്‍ക്കശമായി പെരുമാറുകയും ചെയ്തു. നായനാരുടെ ഉപദേശവും ജീവിതത്തെക്കുറിച്ചു പറഞ്ഞ അനുഭവസാക്ഷ്യങ്ങളും അവര്‍ വീണ്ടും ഒന്നിക്കാന്‍ കാരണമായി. പിന്നീടും പിരിഞ്ഞെങ്കിലും നായനാരുടെ ആ സമയത്തെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. വികാരത്തെ വിചാരംകൊണ്ടു മറികടക്കണം എന്ന അദ്ദേഹത്തിന്റെ വിലപ്പെട്ട വാക്കുകള്‍ ആ സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദ സാന്നിധ്യമായിരുന്നവര്‍ ഓര്‍ക്കുന്നു. 

കുടുംബക്കോടതി നിയമങ്ങളുമായി ബന്ധപ്പെട്ട് നായനാര്‍ നടത്തിയ പ്രതികരണങ്ങള്‍ ഇതേവിധം സ്ത്രീപക്ഷത്തുനിന്നുള്ളതായിരുന്നു. കുടുംബക്കോടതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കൗണ്‍സലിംഗ് നല്ലതാണ് എന്ന പൊതുധാരണയ്ക്കു വിരുദ്ധമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആ നിയമനിര്‍മ്മാണ സമയത്ത്, തൊണ്ണൂറുകളുടെ പകുതിയില്‍ അദ്ദേഹം പറഞ്ഞത് കൗണ്‍സിലിംഗ് എന്ന വ്യവസ്ഥ വച്ചാല്‍ സ്ത്രീകള്‍ക്കായിരിക്കും അതു വിനയാകുക എന്നായിരുന്നു. ''എല്ലാം നീ സഹിച്ചോ, അഡ്ജസ്റ്റ് ചെയ്‌തോ എന്നായിരിക്കും കൗണ്‍സലിംഗിന്റെ പേരില്‍ സ്ത്രീക്ക് നല്‍കുന്ന ഉപദേശം. സഹിക്കേണ്ടിവരുന്നത് സ്ത്രീകളായിരിക്കും, അതൊരു സ്ത്രീവിരുദ്ധ ഇടപാടായി മാറും'' എന്നദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ അത് എത്രയോ ശരിയായി വന്നിരിക്കുന്നുവെന്നും ഇപ്പോഴാണ് നമുക്കത് ബോധ്യപ്പെടാന്‍ തുടങ്ങിയത് എന്നും അഭിഭാഷകര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. സഹിച്ചോ എന്ന് പറഞ്ഞ് വീണ്ടും വീണ്ടും സ്ത്രീയെ കൂട്ടിവിടുന്ന ഏര്‍പ്പാടായി കൗണ്‍സലിംഗ് അക്ഷരാര്‍ത്ഥത്തില്‍ മാറി.


വ്യക്തിബന്ധത്തിന്റെ കാര്യത്തില്‍, ഭരണനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ ഈവിധം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു നായനാര്‍. പലപ്പോഴും കോമാളിയെപ്പോലെ സംസാരിച്ച, സ്ത്രീകളുള്ളിടത്തോളം പീഡനവുമുണ്ടാകുമെന്നും അമേരിക്കയില്‍ ചായ കുടിക്കുന്നതുപോലെയാണ് ബലാല്‍സംഗമെന്നുമൊക്കെ പറഞ്ഞു നിസ്സരവല്‍ക്കരിച്ച നായനാരെയാണ് പുറംലോകത്തിന് അറിയുക. അതിന്റെ അപ്പുറത്ത് കാര്യങ്ങളെ സ്ത്രീപക്ഷത്തു നിന്നും ദീര്‍ഘവീക്ഷണത്തോടെയും കണ്ടു അദ്ദേഹം. 
സങ്കടം വന്നാല്‍ നിയന്ത്രിക്കാനാകാത്ത നായനാരെക്കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ കെ.പി. സുധയും എസ്.എഫ്.ഐ നേതാവും കേരള സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍പേഴ്സണായിരുന്ന ടി. ഗീനാകുമാരിയും പറയുന്നത് അനുഭവങ്ങള്‍ തന്നെയാണ്. മറ്റു നിരവധിപ്പേരുടെ അനുഭവങ്ങള്‍ കൂടിയാകുന്നു അത്. ''പെട്ടെന്നു സങ്കടം വരുന്ന പ്രകൃതമായിരുന്നു അച്ഛന്. അത് നിയന്ത്രിക്കാനും കഴിയില്ല. സഖാവ് ഇ.എം.എസ് മരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞതുപോലെതന്നെയാണ് അമ്മാവന്‍ കെ.പി.ആര്‍. ഗോപാലന്‍ മരിച്ചപ്പോഴും കരഞ്ഞത്. രണ്ടു സന്ദര്‍ഭങ്ങളിലും അച്ഛന്‍ മുഖ്യമന്ത്രിയായിരുന്നു. പക്ഷേ, പദവിയൊന്നും ഉള്ളിലെ സങ്കടം പ്രകടിപ്പിക്കുന്നതിന് അച്ഛനു തടസ്സമായിട്ടില്ല. കെ.പി.ആര്‍. ഗോപാലന്‍ അമ്മയുടെ അമ്മാവനാണ്. പക്ഷേ, എല്ലാവരും പരസ്പരം ബന്ധുക്കളാണല്ലോ. അങ്ങനെയാണ് അവരുടെ വിവാഹവും നടക്കുന്നത്. അതുകൊണ്ട് അച്ഛന് അദ്ദേഹവുമായി വലിയ അടുപ്പമായിരുന്നു. രാഷ്ട്രീയ ഗുരു എന്നു പറയാവുന്ന അടുപ്പം.'' സുധ പറയുന്നു.
''ആ അമ്മയുടെ (ആര്യാ അന്തര്‍ജ്ജനത്തിന്റെ)യത്ര നിയന്ത്രണം പോലും നായനാര്‍ സഖാവിനു കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു നിഷ്‌കളങ്കതയും സ്‌നേഹവും. കണ്ണീരൊഴുക്കിക്കൊണ്ട് അവിടെ കസേരയില്‍ ഇരുന്നു. കുറേനേരം നിശ്ശബ്ദയായി മൃതദേഹത്തിന്റെ അടുത്തിരുന്നിട്ട് ''നായനാരേ എനിക്കൊന്നു നമസ്‌കരിക്കണം'' എന്ന് അമ്മ പറഞ്ഞു. അവരുടെ കൂടെ എണീറ്റുചെന്ന് അവര്‍ നമസ്‌കരിച്ചതുപോലെതന്നെ ഇ.എമ്മിന്റെ കാലില്‍ത്തൊട്ടു തല മുട്ടിച്ച് നായനാര്‍ സഖാവും നമസ്‌കരിച്ചു. 
പിറ്റേന്നു തൈക്കാട് മേട്ടുക്കട ജംഗ്ഷനില്‍ അനുശോചന യോഗം. സഖാവിന് എണീറ്റു നിന്നിട്ടു സംസാരിക്കാന്‍ വയ്യ, കരയുകയാണ്, പൊട്ടിക്കരയുകയാണ്. ''എനക്ക്...'' എന്നു പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. അങ്ങനെ ആ സംസാരത്തിലുടനീളം കരയുകയായിരുന്നു.'' ഇ.എം.എസ്സിന്റെ വിയോഗവേളയിലെ നായനാരെ ഗീനാകുമാരി ഓര്‍ക്കുന്നു.  
അച്ഛനെ സ്‌നേഹിക്കുന്ന ആളുകള്‍ വീട് അന്വേഷിച്ചു കണ്ടുപിടിച്ച് വരുന്നത് കാണണമെങ്കില്‍ കല്യാശേരിയില്‍ പോകണമെന്നു സുധ. ''ഇന്നു പോയാലും കാണാം അമ്മയുടെ അടുത്ത് ആരെയെങ്കിലുമൊക്കെ. എവിടെന്നെങ്കിലുമൊക്കെ പറശ്ശിനിക്കടവിലോ മറ്റോ പോകുന്ന മിക്കവരും അമ്മ അവിടെയുണ്ട് എന്നറിഞ്ഞാല്‍ കാണാതെ പോകില്ല. തമിഴ്നാട്ടില്‍നിന്നു പോലും അച്ഛന്റെ വീടന്വേഷിച്ചു വരുന്നവരുണ്ട്.''

പഴയ സഖാവ്
അഞ്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മരണത്തിന് ഇടയാക്കിയ 1994 നവംബര്‍ 25-ലെ കൂത്തുപറമ്പ് പൊലീസ് വെടിവയ്പില്‍ പ്രതിയാക്കി അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിയും മുന്‍ സി.പി.എം നേതാവുമായ എം.വി. രാഘവനെ അറസ്റ്റ് ചെയ്തു. പിന്നീട് ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ഇടതുമുന്നണി സര്‍ക്കാരാണ് രാഘവനെ അറസ്റ്റു ചെയ്തത്. അതിന്റെ തുടര്‍ച്ചയായി നായനാരും പഴയ സഖാവും തമ്മിലുണ്ടായ വാക്പോര് കേരളം ഓരോ ദിവസവും താല്‍പ്പര്യത്തോടെ ശ്രദ്ധിച്ചിരുന്നു. ''വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറഞ്ഞ് നിഷ്‌കളങ്കനെന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത് അധികാരക്കൊതിയേയും ജന്മിസ്വഭാവത്തേയും ക്രൂരതയേയും നിങ്ങള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നു'' എന്നായിരുന്നു എം.വി. രാഘവന്റെ വിമര്‍ശനം. നായനാര്‍ക്കെഴുതിയ തുറന്ന കത്തില്‍ രൂക്ഷ കടന്നാക്രമണമാണ് നടത്തിയത്. അതിനു നായനാരുടെ പ്രതികരണം ലളിതമായിരുന്നു: ''രാഘവനു സമനില തെറ്റിയിരിക്കുകയാ, അതിന്റെ സാക്ഷ്യപത്രമാണ് ഈ തുറന്ന കത്ത്.'' അധികാരഭ്രാന്തുകൊണ്ട് സമനില തെറ്റിയത് നായനാര്‍ക്കാണെന്ന് രാഘവനും തിരിച്ചടിച്ചു. 

പക്ഷേ, നായനാരുടെ മരണത്തെത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുന്നതിന് എം.വി. രാഘവന്‍ സി.പി.എം നേതൃത്വത്തോടു നടത്തിയ ഇടപെടല്‍ പിന്നീട് വാര്‍ത്തയായി. നായനാരുടെ വിയോഗത്തെക്കുറിച്ച് എം.വി. രാഘവന്‍ ആത്മകഥയില്‍ വികാരനിര്‍ഭരമായാണ് എഴുതിയത്. മൃതദേഹം ഡല്‍ഹിയില്‍നിന്നു വിമാനത്തില്‍ കോഴിക്കോട്ട് എത്തിക്കുമെന്നും അവിടെനിന്നു വിലാപയാത്രയായി കണ്ണൂരില്‍ എത്തിക്കും എന്നുമായിരുന്നു ആദ്യ വിവരം. എന്നാല്‍, എം.വി. രാഘവന്‍ വര്‍ഷങ്ങള്‍ക്കുശേഷം എ.കെ.ജി സെന്ററില്‍ എത്തി പിണറായി  വിജയനുമായി സംസാരിച്ചെന്നും അതേത്തുടര്‍ന്നാണ് തീരുമാനം മാറ്റിയതെന്നും പിന്നീട് പലരും പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, എം.വി. രാഘവന്‍ ആത്മകഥയില്‍ പറയുന്നത് ഇങ്ങനെയാണ്: ''എ.കെ.ജി സെന്ററുമായി ബന്ധപ്പെട്ടു, പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായിരുന്ന നായനാരുടെ മൃതദേഹം തിരുവനന്തപുരത്തു കൊണ്ടുവരേണ്ടതല്ലേ എന്ന് ഞാന്‍ ചോദിച്ചു. ഇക്കാര്യം ആലോചിച്ചു കൊണ്ടിരിക്കുകയാണെന്നും തീരുമാനം ഉടനെ അറിയിക്കാമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിന്നീടുവന്ന തീരുമാനം നായനാരുടെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാനായിരുന്നു.''

തുടര്‍ന്ന് എം.വി.ആര്‍ എഴുതുന്നു: ''അടുത്ത പ്രഭാതം. പഴയ സഖാവിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ഞാന്‍ നേരത്തേതന്നെ തയ്യാറായി. എ.കെ.ജി സെന്ററിലേക്കു പോകാനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. കടന്നുചെല്ലാന്‍ പോലും പറ്റാത്ത ജനസാഗരമാണ് എന്ന പൊലീസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഞാന്‍ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചു. ഡര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച നായനാരുടെ മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിനു ശേഷം ഏറെ നേരം നിര്‍ന്നിമേഷനായി ആ മുഖത്തു നോക്കി ഞാന്‍ നിന്നു. കോടിയേരി വന്ന് പിടിച്ചപ്പോഴാണ് ഞാന്‍ അനങ്ങിയത്. നായനാരുടെ മകന്‍ കൃഷ്ണകുമാറിന്റെ അടുത്തെത്തിയ ഞാന്‍ ആ കരങ്ങള്‍ പിടിച്ചപ്പോള്‍ കൃഷ്ണകുമാര്‍ എന്റെ നെഞ്ചില്‍ ചാരി പൊട്ടിക്കരഞ്ഞത് എല്ലാ കണ്ണുകളേയും ഈറനണിയിച്ചു. തുടര്‍ന്നുള്ള രണ്ടു മണിക്കൂര്‍ നേരം കസേരയില്‍ ഒരേ ഇരിപ്പായിരുന്നു. ഓഫീസില്‍ കയറാതെ ഞാന്‍ വീട്ടിലേക്കു പോയി. വൈകിട്ട് മലബാര്‍ എക്സ്പ്രസ്സില്‍ കണ്ണൂരിലേക്കും. ലാല്‍ സലാം സഖാവേ... എന്റെ മനസ്സ് മന്ത്രിക്കുന്നതായി തോന്നി.''

നായനാര്‍ മാതൃക
മലയാളികള്‍ എവിടെ ആക്രമിക്കപ്പെട്ടാലും വിട്ടുവീഴ്ചയില്ലാതെ ഇടപെട്ടിരുന്ന നായനാരുടെ രീതി പിന്നീട് പല മുഖ്യമന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും മറ്റു നേതാക്കള്‍ക്കും മാതൃകയായി മാറി. പ്രത്യേകിച്ചും വര്‍ഗ്ഗീയശക്തികളുടെ ഭാഗത്തുനിന്നുള്ള ആക്രമണമാകുമ്പോള്‍ നായനാരുടെ ഇടപെടലിനു വീര്യം കൂടി. 1999 ജനുവരി 22-ന് അലഹബാദില്‍ നാല് ക്രൈസ്തവ മിഷനറിമാര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ അന്നത്തെ യു.പി. മുഖ്യമന്ത്രി കല്യാണ്‍ സിംഗിനും അതിനു മുന്‍പ് മധ്യപ്രദേശിലെ ജാബുവയില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രധാനമന്ത്രിക്കും എഴുതിയ കത്തുകള്‍ പ്രത്യേകം ശ്രദ്ധേയമായി. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്നും പ്രതികളെ വെറുതേ വിടരുതെന്നും കല്യാണ്‍ സിംഗിനോട് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടുത്തയിടെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങളില്‍ ഞങ്ങള്‍ കേരളീയര്‍ ഉല്‍ക്കണ്ഠപ്പെടുന്നു എന്ന് പ്രധാനമന്ത്രിയെ അറിയിച്ച നായനാര്‍, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികളും താങ്കളില്‍നിന്നു പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു.
നിലപാടുകളിലും പ്രതികരണങ്ങളിലും വാക്കിലും നോക്കിലും ഇ.കെ. നായനാര്‍ ഒരേയൊരു നായനാര്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് നായനാര്‍ക്ക് കേരളം സ്‌നേഹാദരങ്ങളുടെ വേറിട്ട ഇടം നല്‍കിയത്; ഇപ്പോഴും നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com