ഓര്‍മ്മയില്‍ സഖാവ്: ഇകെ നായനാരെക്കുറിച്ച് ശാരദടീച്ചര്‍

ഓര്‍മ്മയില്‍ സഖാവ്: ഇകെ നായനാരെക്കുറിച്ച് ശാരദടീച്ചര്‍

ഇത്രയും സ്‌നേഹമുള്ള ഒരാള്‍ക്കൊപ്പം ജീവിച്ചതുകൊണ്ടാകാം ഇ.കെ. നായനാര്‍ ഇത്ര സരസനും ജനകീയനും സ്‌നേഹമുള്ള നേതാവും ആയതെന്നു തോന്നിപ്പോകും ശാരദ ടീച്ചറോട് സംസാരിച്ചിരിക്കുമ്പോള്‍.

ത്രയും സ്‌നേഹമുള്ള ഒരാള്‍ക്കൊപ്പം ജീവിച്ചതുകൊണ്ടാകാം ഇ.കെ. നായനാര്‍ ഇത്ര സരസനും ജനകീയനും സ്‌നേഹമുള്ള നേതാവും ആയതെന്നു തോന്നിപ്പോകും ശാരദ ടീച്ചറോട് സംസാരിച്ചിരിക്കുമ്പോള്‍. ഓര്‍മ്മകളില്‍ വിതുമ്പിപ്പോയ ചില നിമിഷങ്ങള്‍ ഒഴിച്ച് സംസാരിച്ച സമയമത്രയും ടീച്ചര്‍ ചിരിച്ചുകൊണ്ടായിരുന്നു. ഇതുപോലൊരാളെ കൂടെ കിട്ടിയത് നായനാരുടെ ഭാഗ്യം എന്നാണ് കല്ല്യാശേരി ശാരദാസില്‍നിന്നു മടങ്ങുമ്പോള്‍ മനസ്സിലോര്‍ത്തത്.
മകനൊപ്പം എറണാകുളത്തു താമസിക്കുന്നതിനിടയിലും പലപ്പോഴും ശാരദ ടീച്ചര്‍ കല്ല്യാശേരിയിലെത്തി കുറേ ദിവസങ്ങള്‍ ചെലവിടും. നായനാരുടെ ചിത്രങ്ങള്‍ നിറയെ ഉള്ള സ്വീകരണമുറിയില്‍ ഇരുന്ന് ടീച്ചര്‍ പറഞ്ഞു: ''ഈ വീട്ടിലാണ് എനിക്ക് ഏറ്റവും സന്തോഷം. ഇവിടെയാണ് സഖാവ് ഉള്ളത്. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോള്‍ ശാരദേന്നു വിളിക്കുന്നപോലെ തോന്നും എനിക്ക്'' കണ്ണുകള്‍ നിറഞ്ഞൊഴുകി നിശ്ശബ്ദയായി.
പലയിടത്തുനിന്നും കണ്ണൂരിലെത്തുന്ന ആളുകള്‍ ഇപ്പോഴും ശാരദാസില്‍ എത്താറുണ്ട്. നായനാരോടുള്ള സ്‌നേഹമാണ് ആളുകളില്‍നിന്നു ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നതെന്ന്  ടീച്ചര്‍.

ഇത് നിന്റെ വീടാണ്, ശാരദാസ്...
കല്ല്യാശേരിയില്‍ ഏറമ്പാല തറവാടിനോട് ചേര്‍ന്നാണ് ശാരദാസ് എന്ന വീടും. 1975 മുതല്‍ നായനാരും കുടുംബവും താമസിച്ച വീട്. 1958-ലാണ് നായനാരുടേയും ശാരദ ടീച്ചറുടേയും വിവാഹം. അന്നു പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ആയിരുന്നതിനാല്‍ നായനാര്‍ കണ്ണൂരില്‍ വല്ലപ്പോഴുമേ എത്താറുള്ളൂ. സ്വന്തം തറവാട്ടിലാണ് ടീച്ചര്‍ കൂടുതലും കഴിഞ്ഞത്. നായനാര്‍ കണ്ണൂരില്‍ വരുമ്പോള്‍ മാത്രം തൊട്ടടുത്തുള്ള അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് പോയി ടീച്ചറും താമസിക്കും. നായനാരുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ശാരദ ടീച്ചറാണ് വീട് പണിയുന്നത്. ''ഞാന്‍ അധ്യാപികയായതുകൊണ്ട് ഹൗസിങ് ബോര്‍ഡില്‍നിന്നു ലോണ്‍ എടുത്താണ് വീട് പണി തുടങ്ങിയത്. ഒരു കുടുംബമുണ്ട്, വീട് വേണം എന്നൊന്നുമുള്ള ചിന്ത സഖാവിനുണ്ടായിരുന്നില്ല. പാര്‍ട്ടി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. വീടിന്റെ പണി നടക്കുമ്പോഴൊന്നും സഖാവ് ഒന്നിനും ഉണ്ടായിട്ടില്ല. ഞാന്‍ തന്നെയായിരുന്നു ഓടിനടന്നത്. ചില ദിവസം സ്‌കൂളില്‍ പോകാന്‍ ഇറങ്ങുമ്പോഴായിരിക്കും കല്ല് തീര്‍ന്നത് അറിയുക. അപ്പോള്‍ ഞാന്‍ തന്നെ കല്ല് കൊണ്ടുവരുന്ന അയമൂന്റെ വീട്ടിലേക്കോടണം. കല്ലിനുവേണ്ടി. അങ്ങനെയൊക്കെയാണ് ഒരു ചെറിയ വീട് ഉണ്ടാക്കിയത്. സഖാവ് എന്നോട് ആകെ പറഞ്ഞത് വീടെടുക്കുന്നുണ്ടെങ്കില്‍ ഒരു മുറി എനിക്ക് വെക്കണം. എന്റെ പുസ്തകങ്ങളുള്ള നാല് ഷെല്‍ഫും കട്ടിലും മേശയും അതില്‍ ഇടണം എന്നുമാത്രമാണ്. 

1975-ലാണ് ഇങ്ങോട്ട് താമസം മാറ്റുന്നത്. അടിയന്തരാവസ്ഥക്കാലമായതിനാല്‍ സഖാവ് ഒളിവിലാണ്. വീട് താമസത്തിന് അതുകൊണ്ടുതന്നെ സഖാവ് എത്തിയില്ല. പാലുകാച്ചലും ഗണപതിഹോമവും ഉണ്ടായതിനാല്‍ അമ്മാവന്മാരും വന്നില്ല. സഖാവിന്റെ ഏട്ടന്‍ വിശ്വാസിയായിരുന്നു. അതുകൊണ്ട് ഏട്ടന്‍ പങ്കെടുത്തു. 

കുറേ ദിവസം കഴിഞ്ഞ് ഒരു ദിവസം രാത്രിയാണ് സഖാവ് ഈ വീട്ടില്‍ വന്നു താമസിച്ചത്. പിറ്റേന്നു രാവിലെ പോകുകയും ചെയ്തു. വീടിന് പേരിട്ടത് സഖാവായിരുന്നു. ഞാന്‍ ഒരു ദിവസം ചോദിച്ചു: ''ഈ വീട്ടിനെന്താ പേരിടുക എന്ന്.'' സഖാവ് പറഞ്ഞത്: ''നീ ആണ് ഈ വീടെടുത്തത്. ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ല. നീ ആണ് ഇതിനുവേണ്ടി പ്രയാസപ്പെട്ടത്. അതുകൊണ്ട് നിന്റെ പേര് മാത്രം മതി. എന്റേയും വേണ്ട, മക്കളുടേയും വേണ്ട. ശാരദാസ്, അതുമതി.'' അങ്ങനെയാണ് ശാരദാസ് ഉണ്ടാകുന്നത്. ഈ വീട് എനിക്കത്രയേറെ പ്രിയപ്പെട്ടതാണ്. ഒരു മഴക്കാലത്ത് ഞാന്‍ തിരുവനന്തപുരത്തായിരുന്നു ,അന്നു ഞാന്‍ ആലോചിച്ചത് അയ്യോ മഴയത്ത് എന്റെ വീട് ഒറ്റയ്ക്കായിപ്പോയല്ലോ എന്നാണ്. എനിക്ക് ഭയങ്കര വിഷമമായിപ്പോയി. അത്രയ്ക്ക് ഇഷ്ടമാണ് എനിക്കീ വീട്. സഖാവിന്റെ ഓര്‍മ്മകളുള്ള വീട്'.

പാര്‍ട്ടിയാണ് എല്ലാം
''സഖാവ് ജീവിതത്തില്‍ മുന്‍തൂക്കം കൊടുത്തത് പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമാണ്. രണ്ടാമതാണ് കുടുംബം. മരിക്കുന്നതുവരേയും അങ്ങനെയായിരുന്നു. ഞങ്ങളുടെ കുടുംബത്തെക്കാള്‍ അദ്ദേഹം ഒരുപക്ഷേ, സ്‌നേഹിച്ചിട്ടുണ്ടാകുക പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും ഇ.പി. ജയരാജനേയുമൊക്കെ ആയിരിക്കും. സ്വന്തം മക്കളെക്കാള്‍ സ്‌നേഹിച്ച സഖാക്കളാണ് ഇവരൊക്കെ. അവര്‍ക്കിന്നും ഞങ്ങളോട് ആ സ്‌നേഹമുണ്ട്. 
1980-ലാണല്ലോ സഖാവ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. ആ സമയത്താണ് സത്യത്തില്‍ ഞങ്ങള്‍ ഒരുമിച്ചു താമസിക്കുന്നത്. അതിന് മുന്‍പ് മക്കളും കുടുംബവും എല്ലാം ആയെങ്കിലും ഒന്നിച്ചുനിന്നു കുടുംബജീവിതം നയിക്കുന്നത് തിരുവനന്തപുരത്ത് എത്തിയശേഷമാണ്. അതിന് മുന്‍പ് രണ്ടാഴ്ച കൂടുമ്പോഴോ മാസത്തിലോ ഒക്കെ വന്നുപോകുന്ന ഒരാളായിരുന്നു. മുഖ്യമന്ത്രി പദം ഒരു കൊല്ലവും എട്ടുമാസവും ആയിരുന്നല്ലോ. അതു കഴിഞ്ഞു ഞങ്ങളെല്ലാം തിരിച്ചു വന്നു. സഖാവ് പ്രതിപക്ഷ നേതാവായിരുന്നു ആ സമയത്ത്. അന്നൊന്നും പ്രതിപക്ഷ നേതാവിന് ഒദ്യോഗിക വസതിയില്ല. എ.കെ.ജി. സെന്ററിലും എം.എല്‍.എ. ഹോസ്റ്റലിലും ഒക്കെയായി അദ്ദേഹം തിരുവനന്തപുരത്ത് തന്നെ താമസിച്ചു. 1987-ല്‍ രണ്ടാമത് മുഖ്യമന്ത്രിയായപ്പോള്‍ ഞങ്ങള്‍ പിന്നെയും തിരുവനന്തപുരത്തേക്ക് പോയി ഒരുമിച്ചു ജീവിച്ചു. പാര്‍ട്ടിയുടെ കാര്യങ്ങളൊന്നും ഞങ്ങളുമായി ചര്‍ച്ച ചെയ്യാറില്ലായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ പല നിര്‍ണ്ണായക കാര്യങ്ങളും ഏറ്റവും അവസാനം അറിയുന്നതും ഞാനായിരുന്നു.

1980-ല്‍ മുഖ്യമന്ത്രിയായ സമയത്ത് തലേന്നു രാത്രിയാണ് പറയുന്നത്: ''ശാരദേ നാളെയാണ് സത്യപ്രതിജ്ഞ എന്ന്.'' ഒന്നോര്‍ത്തു നോക്കൂ, എങ്ങനെയാണ് പോകുക. കുറച്ച് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ട്രെയിനില്‍ റിസര്‍വേഷന്‍ ടിക്കറ്റ് കിട്ടിയില്ലെങ്കിലും ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ഇരുന്നിട്ടെങ്കിലും പോകാം. രാത്രിയാണ് പറയുന്നത്. അന്നൊന്നും ഒറ്റൊയ്ക്ക് അങ്ങനെ പോകാനുള്ള ഒരു പ്രാപ്തിയും എനിക്കുണ്ടായിരുന്നില്ല. കുട്ടികളും ചെറുതാണ്. അന്നു ഞാന്‍ പോയതുമില്ല. കണ്ടതുമില്ല. 1987-ലും ഇതുപോലെ തന്നെയായിരുന്നു. കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എല്ലാ ട്രെയിനും പോയി കഴിഞ്ഞ ശേഷമാണ് അന്നും പറയുന്നത്.

എന്തുചെയ്യും? കുട്ടികളേയും കൊണ്ട് കാറും വിളിച്ചുപോകാനൊന്നും എനിക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ പിന്നെ സഖാവ് പറയണം കുട്ടികളേയും കൂട്ടി ഒരു കാറും പിടിച്ച് നീ ഇങ്ങ് വാ എന്ന്. അതും പറഞ്ഞില്ല. സത്യപ്രതിജ്ഞ നാളെ ആണ് എന്നേ പറഞ്ഞുള്ളൂ. മക്കള്‍ക്കെല്ലാം ഭയങ്കര വിഷമമായി. അന്നൊന്നും വിളിക്കാന്‍ പാകത്തില്‍ ഇഷ്ടം പോലെ ടാക്‌സിക്കാരും ഇല്ലല്ലോ. നാട്ടുംപുറം അല്ലേ. 1996-ല്‍ മൂന്നാംതവണ മുഖ്യമന്ത്രിയായപ്പോഴാണ് ഞങ്ങള്‍ക്ക് കാണാന്‍ യോഗമുണ്ടായത്. അന്നു ഞങ്ങള്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നതുകൊണ്ട് കാണാന്‍ പറ്റി. അതാണ് നമ്മുടെ സഖാവ്. കുടുംബത്തിന് ഒരു പ്രാധാന്യവും കൊടുത്തിരുന്നില്ല. ഒന്നാം സ്ഥാനം എപ്പോഴും പാര്‍ട്ടിക്കായിരുന്നു. പക്ഷേ, ഇപ്പോ ഞാന്‍ മനസ്സിലാക്കുന്നു, അങ്ങനെ ജനങ്ങള്‍ക്കു കൊടുത്ത സ്‌നേഹമാണ് ഞങ്ങള്‍ക്കിപ്പോള്‍ തിരിച്ചുകിട്ടുന്നത്.


ഒരിക്കല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് പാല്‍ കൊടുക്കുന്ന പദ്ധതി പാറശ്ശാലയിലെ ഒരു സ്‌കൂളില്‍ വെച്ച് സഖാവാണ് ഉദ്ഘാടനം ചെയ്തത്. പാല്‍ ഒരു കുട്ടിയുടെ വായില്‍വെച്ച് കൊടുത്ത് സ്‌നേഹിക്കുന്ന ഫോട്ടോ പിറ്റേന്നു പത്രത്തില്‍ വന്നു. എന്റെ മോന്‍ എറണാകുളത്തുനിന്നു വിളിച്ചിട്ട് പറഞ്ഞു: ''അമ്മേ ഇതുവരെ അച്ഛന്‍ നമ്മളുടെ വായില്‍ ഇതുപോലെ വെച്ചുതന്നിട്ടില്ലല്ലോ. ആ കുട്ടികള്‍ ഭാഗ്യം ചെയ്തവര്‍ തന്നെയല്ലേ എന്ന്. മക്കളും അതുമായി പൊരുത്തപ്പെട്ടിരുന്നു. അച്ഛന് മക്കളെ സ്‌നേഹിക്കാനുള്ള സമയം കിട്ടിയിരുന്നില്ല, ഉള്ളിലുണ്ടായിരുന്നെങ്കിലും.''
സ്വന്തമായി ഒന്നും അദ്ദേഹം ആഗ്രഹിച്ചതുമില്ല. 1975-ല്‍ വീട് വെച്ച് മാറി ഏറെ നാള്‍ കഴിഞ്ഞ ശേഷമാണ് ഒരു ടെലിഫോണ്‍ വെച്ചത്. അതുവരെ റോഡിനടുത്തുള്ള ബാങ്കിലാണ് അത്യാവശ്യമെന്തെങ്കിലുമുണ്ടെങ്കില്‍ ഫോണ്‍ വരുന്നത്. ആരെങ്കിലും വന്നു പറയുമ്പോള്‍ ബാങ്കിലേക്ക് ഓടണം. അപ്പോള്‍ മക്കള്‍ പറയും അച്ഛനൊരു ഫോണ്‍ എടുത്തൂടെ, ഒരു എം.പി. ആയി ഇരുന്നയാളല്ലേ എന്ന്. അങ്ങനെ കുട്ടികള്‍ പറയുന്നത് കേട്ട് സഹികെട്ടാണ് വീട്ടില്‍ ഒരു ഫോണ്‍ വെച്ചത്. അത്രപോലും അവനവന് ഒരു ഫോണ്‍പോലും സ്വന്തമായി വേണമെന്നു സഖാവിന് ഉണ്ടായിരുന്നില്ല.

അതിവിപ്ലവത്തില്‍ വളര്‍ന്ന ബാല്യം
വിവാഹത്തിനുശേഷവും ഏറെ കാലം സഖാവ് ഒളിവുജീവിതം തന്നെയായിരുന്നു. ഒളിവുകാലത്ത് കാസര്‍ഗോഡായിരുന്നു കൂടുതല്‍ സമയവും. ഒളിവില്‍ താമസിച്ച കാലത്തുപോലും എനിക്ക് മനോധൈര്യത്തോടെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത് ഞാനൊരു രാഷ്ട്രീയ കുടുംബത്തിലെ അംഗമായതുകൊണ്ടാണ്. വളരെ ചെറുപ്പത്തിലെ അമ്മാവന്മാരായ കെ.പി.ആര്‍. ഗോപാലന്റേയും കെ.പി.ആര്‍. രയരപ്പന്റേയും രാഷ്ട്രീയം കണ്ടുവളര്‍ന്ന ഒരാളാണ് ഞാന്‍. അതിവിപ്ലവത്തില്‍നിന്നു വളര്‍ന്നുവന്ന സാഹചര്യം. എനിക്ക് അഞ്ചുവയസുള്ളപ്പോഴാണ് മൊറാഴക്കേസില്‍ അമ്മാവനെ തൂക്കിലേറ്റാന്‍ കൊണ്ടുപോകുന്നത്. പല യാതനകളും അമ്മാവന്മാര്‍ക്കുവേണ്ടി സഹിച്ചയാളാണ് ഞാന്‍. പല രാത്രികളിലും ഞങ്ങള്‍ക്ക് ഉറങ്ങാന്‍പോലും സാധിച്ചിരുന്നില്ല. അമ്മാവനെ പിടികിട്ടുന്നതുവരെ പൊലീസുകാര്‍ വീട്ടിലെത്തും. അര്‍ദ്ധരാത്രി വീടു മുഴുവന്‍ കയറി പരിശോധിക്കും. കല്ല്യാശേരിയിലൂടെ അമ്മാവനെ പൊലീസുകാര്‍ കൊണ്ടുപോകുന്നത് റോഡില്‍ ആള്‍ക്കൂട്ടത്തിലൊരാളായി ഞാനും നോക്കിക്കണ്ടിരുന്നു. പിന്നീട് ഗാന്ധിജി ഇടപെട്ടാണ് ആ വിധി മാറ്റിയത്. തമാശ എന്താണെന്നുവെച്ചാല്‍ ജയിലില്‍നിന്നു ഇറങ്ങിവരുമ്പോള്‍ അമ്മാവന്‍ അഞ്ച് റാത്തല്‍ തൂക്കം കൂടിയിരുന്നു. സാധാരണ തൂക്കിലേറ്റാന്‍ വിധിച്ചാല്‍ മാനസികമായി തളര്‍ന്നുപോകുകയല്ലേ ചെയ്യുക. എന്തൊക്കെയാണ് ഭക്ഷണം കഴിക്കാന്‍ ആഗ്രഹം എന്നൊക്കെ ചോദിക്കുമല്ലോ അവസാന നാളില്‍. എനിക്ക് തോന്നുന്നത് ആ സമയത്ത് അമ്മാവന്‍ നന്നായി ഭക്ഷണം കഴിച്ചിട്ടുണ്ടാകും. അല്ലാതെ അങ്ങനെ സംഭവിക്കില്ലല്ലോ. പക്ഷേ, അതില്‍ നമ്മള്‍ കാണേണ്ടത് അത്രയ്ക്കായിരുന്നു ആ നെഞ്ചുറപ്പ്. അതായിരുന്നല്ലോ എന്റെ കുടുംബം. എന്റെ കുട്ടിക്കാലം മറ്റുള്ളവരെപ്പോലെ നിറമുള്ളതായിരുന്നില്ല. യാതനകളുടേതായിരുന്നു. അതുകൊണ്ടുതന്നെ സഖാവിന്റെ ജീവിതവുമായി പൊരുത്തപ്പെടാന്‍ യാതൊരു പ്രയാസവുമുണ്ടായില്ല. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഞങ്ങള്‍ ബന്ധുക്കളായതിനാല്‍ നേരത്തെ അറിയാമായിരുന്നു. സഖാവിന്റെ അമ്മ നേരത്തെ എന്നെ കല്യാണം കഴിക്കണം എന്നു പറഞ്ഞതുമാണ്. സഖാവിന് സമയമില്ലാത്തതുകൊണ്ട് നീണ്ടുപോയി. കല്ല്യാശേരി സി.ആര്‍.സി. ഹാളില്‍ വെച്ചായിരുന്നു 1958-ല്‍ കല്യാണം.

മുഖ്യമന്ത്രിയുടെ ഭാര്യ
ഞാനെന്നും സാധാരണക്കാരിയായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച ഒരു നേതാവിന്റെ ഭാര്യ. മുഖ്യമന്ത്രിയുടെ ഭാര്യ എന്ന രീതിയിലൊന്നും ഞാന്‍ ഒരിക്കലും ജീവിച്ചിട്ടില്ല. ഒരു ശുപാര്‍ശ പോലും അദ്ദേഹം ചെവിക്കൊള്ളില്ലായിരുന്നു. ആളുകള്‍ക്ക് ശുപാര്‍ശയ്ക്ക് അങ്ങോട്ട് കടക്കാന്‍ പറ്റൂല്ല. ഒരുവിധം എല്ലാവര്‍ക്കും അറിയാം അത്. എന്നോട് ആരെങ്കിലും വന്നാല്‍ത്തന്നെ ഞാന്‍ പറയും, എന്നോട് പറഞ്ഞിട്ട് കാര്യമില്ല, ഒന്നും അവിടെ കേള്‍ക്കില്ല എന്ന്. ഒരിക്കല്‍ ക്ലിഫ് ഹൗസിലെ ഒരു തൂപ്പുജോലിക്കാരി അവരുടെ മകന് ഗാര്‍ഡനില്‍ ജോലി ശരിയാക്കാന്‍ മുഖ്യമന്ത്രിയോട് പറയാന്‍ പറഞ്ഞു. ഞാന്‍ അത് സഖാവിനോട് പറഞ്ഞു. ''ശാരദേ നീ നാളെ രാവിലെ തന്നെ കണ്ണൂരേക്ക് വണ്ടി കയറുന്നതാണ് നല്ലത്'' എന്നായിരുന്നു മറുപടി.
മൂത്തമകള്‍ സുധയെ ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കണം എന്ന് എനിക്കൊരാഗ്രഹം ഉണ്ടായി. അങ്ങനെ ഞാന്‍ അവളെ പയ്യന്നൂരില്‍ സെന്റ് മേരീസില്‍ ചേര്‍ത്തു. അതു കാരണം ഞാന്‍ കേട്ട വിമര്‍ശനത്തിന് കണക്കില്ല. സഖാവിന്റെ മകള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നു എന്നും പറഞ്ഞായിരുന്നു. എന്റെ ആഗ്രഹം ആയിരുന്നു അത്. സഖാവിനോട് പറഞ്ഞപ്പോള്‍ നിനക്ക് അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ കൊണ്ടുപോയി ചേര്‍ത്തോ എന്നും പറഞ്ഞു. പിന്നീട് അവിടുന്ന് കണ്ണൂര്‍ സെന്റ് തെരേസാസില്‍ മാറ്റിച്ചേര്‍ത്തു. അവള്‍ മാത്രം ഇംഗ്ലീഷ് സ്‌കൂളില്‍ പഠിച്ചു. ബാക്കി ആരേയും ഇംഗ്ലീഷ് മീഡിയത്തില്‍ ചേര്‍ക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എന്റെ ബാക്കി മക്കള്‍ ഇപ്പോഴും ചോദിക്കും, അമ്മ എന്തുകൊണ്ട് നമ്മളെ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചില്ല എന്ന്. ഒരാളെ ചേര്‍ത്തതുകൊണ്ട് തന്നെ ഇനി കേള്‍ക്കാനൊന്നും ബാക്കിയില്ല. ഇനിയും വയ്യാത്തതുകൊണ്ടാണെന്നു ഞാന്‍ പറയും. വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നത് ഒരു വിഷമം തന്നെയല്ലേ. പക്ഷേ, ഇപ്പോ എനിക്ക് തോന്നുന്നു, വിമര്‍ശനങ്ങളൊന്നും കേള്‍ക്കാതെ അവരേയും കൂടി പഠിപ്പിക്കാമായിരുന്നു എന്ന്.

കുടുംബത്തിനെ ഒന്നിനും സഖാവ് നിര്‍ബന്ധിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ എനിക്ക് എന്റെ വിശ്വാസംപോലും തുടരാന്‍ കഴിഞ്ഞത്. യേശുക്രിസ്തു പറഞ്ഞിട്ടുണ്ട്, നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് എന്നാണ് അദ്ദേഹം എപ്പോഴും പറയുക. ''നിനക്ക് വിശ്വാസം ഉണ്ടെങ്കില്‍ നീ അമ്പലത്തില്‍ പോയ്ക്കോ. പക്ഷേ, ഞാന്‍ വരൂല. എന്റെ കാറും ഉപയോഗിക്കരുത്. അമ്പലത്തില്‍ പോകാന്‍ പൈസയും തരൂല.'' ഇതായിരുന്നു നിലപാട്. അല്ലാതെ ഒന്നും അടിച്ചേല്‍പ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ല.
പണ്ടൊക്കെ ഞാന്‍ പറയുമായിരുന്നു പെന്‍ഷന്‍ ആയ ശേഷം ഞാന്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇറങ്ങും എന്ന്. പക്ഷേ, സഖാവ് എപ്പോഴും പറഞ്ഞത് വീടും കുട്ടികളും നോക്കുന്നതാണ് നിന്റെ ഡിപ്പാര്‍ട്ട്മെന്റ് എന്നാണ്. കുട്ടികളുടെ കാര്യം നോക്കണമല്ലോ. ഞാനും കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ കുട്ടികള്‍ അനാഥരായിപ്പോകില്ലേ. അവര്‍ക്ക് വാത്സല്യം കൊടുക്കണ്ടേ. എന്റെ യൂണിയനില്‍ ഞാന്‍ സജീവമായിരുന്നു.
''നിനക്ക് കൂടിയും വേണ്ടിയാണ് ശാരദേ ഞാന്‍ 24 മണിക്കൂറും പാര്‍ട്ടിയിലുള്ളത്'' എന്നാണ് സഖാവ് പറയുക.

എലിസബത്തും കല്ല്യാണിക്കുട്ടിയമ്മയും
രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തികളുമായി സ്‌നേഹം സൂക്ഷിച്ചിരുന്നു സഖാവ്. എനിക്കും അതിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്നെ കാണാന്‍ ഇവിടെ വരുന്ന ആരുടേയും രാഷ്ട്രീയം ഞാന്‍ ചോദിക്കാറില്ല. എല്ലാവരും വരുന്നുണ്ട്. ആരോടും വരേണ്ട എന്നു ഞാന്‍ പറയാറുമില്ല. ആളുകളെ നമ്മള്‍ സ്‌നേഹിക്കണം.
ഒരിക്കല്‍ ഒരു ഒന്നാം തീയതി ഞാനും കെ. കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയമ്മയും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. കല്ല്യാണിക്കുട്ടിയമ്മ രാവിലെ വന്നിരുന്നു. സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു, കല്ല്യാണിക്കുട്ടിയമ്മ ഇപ്പോ പോയതേ ഉള്ളൂ എന്ന്. കല്ല്യാണിക്കുട്ടിയമ്മയോടും ആരോ ഞാന്‍ വന്നിട്ടുണ്ട് എന്ന് ആരോ പറഞ്ഞിരുന്നു. പക്ഷേ, അവിടുന്നു കാണാന്‍ പറ്റിയില്ല. ഞാന്‍ വീട്ടില്‍ എത്തിയയുടനെ ഫോണില്‍ വിളിച്ചു. കരുണാകരന്‍ അന്നു പ്രതിപക്ഷ നേതാവാണ്. പിന്നെ ഞങ്ങള്‍ ചില ചടങ്ങുകള്‍ക്കൊക്കെ കണ്ട് വളരെ സ്‌നേഹത്തിലായി. ഒരു രാഷ്ട്രീയവും അതില്‍ ഇല്ലായിരുന്നു. വ്യക്തിപരമായി സ്‌നേഹിക്കുക.. കരുണാകരനും സഖാവും രണ്ട് ധ്രുവങ്ങളിലാണ്. കരുണാകരനോടൊക്കെ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് തന്നെ സങ്കടം തോന്നാറുണ്ട്. അങ്ങനെയെല്ലാം ആയാലും സഖാവിന് എല്ലാവരോടും വ്യക്തിബന്ധമുണ്ടായിരുന്നു. എന്റെ സൗഹൃദങ്ങളിലും ഇടപെടാറില്ല.
തിരുവനന്തപുരത്ത് കൃഷ്ണവിലാസം റോഡിലെ വാടക വീട്ടിലായിരുന്നു പിന്നീട് ഏറെക്കാലം ഞങ്ങള്‍ താമസിച്ചത്. എനിക്കത് സ്വര്‍ഗ്ഗം പോലെയായിരുന്നു. അത്രയും കാലം ക്ലിഫ് ഹൗസില്‍ താമസിച്ചിട്ടും കിട്ടാത്ത സൗഹൃദങ്ങളും ഒരുപാട് സ്ഥലങ്ങള്‍ കാണാനും എല്ലാം അവിടെ വന്ന ശേഷമാണ് പറ്റിയത്. തൊട്ടടുത്ത് ഈശ്വരവിലാസം റോഡിലാണ് എ.കെ. ആന്റണിയും കുടുംബവും താമസിച്ചത്.


ആന്റണിയുടെ രണ്ട് മക്കളുമായി നല്ല സ്‌നേഹമായിരുന്നു. ചെറിയ മോന് ഞങ്ങളുടെ വീട്ടിലെ പട്ടിയെ ഇഷ്ടമായിരുന്നു. പട്ടിയെ കാണുകയും ചെയ്യണം എന്നാല്‍, പട്ടിയെ പേടിയുമാണ്. അവന്‍ വരുമ്പോള്‍ ഞാന്‍ ഗേറ്റിനടുത്ത് പോയി നില്‍ക്കും. അങ്ങനെ കുറേ സമയം അവിടെനിന്നു പട്ടിയെ നോക്കിയാണ് വീട്ടിലേക്ക് തിരിച്ചുപോകുക. എന്തെങ്കിലും വിശേഷങ്ങളുണ്ടാകുമ്പോള്‍ അവിടുന്നു വിഭവങ്ങളെന്തെങ്കിലും കൊണ്ടുത്തരും. ഞങ്ങള്‍ അങ്ങോട്ടും നല്‍കും. കുറച്ചുനാള്‍ മുന്‍പ് തിരുവനന്തപുരത്ത് മകന്‍ കുമാറിന്റെ അടുത്ത് പോയപ്പോള്‍ എലിസബത്ത് തിരുവനന്തപുരത്തുള്ളതായി ഞാന്‍ അറിഞ്ഞു. നമ്പര്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ വിളിച്ച് ഞാന്‍ വന്നു കാണാം എന്നും പറഞ്ഞു. ഞാന്‍ അങ്ങോട്ടു വന്നു കാണാം എന്ന് എല്‍സിയും പറഞ്ഞു. ആന്റണി കേന്ദ്രമന്ത്രിയായിരിക്കുന്ന സമയമാണ്. ഞാന്‍ തമാശയായി പറഞ്ഞു, എല്‍സി കേന്ദ്രമന്ത്രിയുടെ ഭാര്യയല്ലേ ഞാന്‍ വന്നു കാണാം എന്ന്. കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും എലിസബത്ത് വീട്ടില്‍ വന്നു. കുറേ സംസാരിച്ചു. പഴയ കഥകളെല്ലാം പറഞ്ഞു. സഖാവ് മരിച്ച സമയത്ത് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് വരെ എന്നെ ആശ്വസിപ്പിച്ച് എ.കെ. ആന്റണി കൂടെയുണ്ടായിരുന്നു.

സഖാവിന്റെ യാത്രകള്‍
സഖാവിന്റെ കൂടെ ദൂരസ്ഥലങ്ങളിലൊന്നും പോകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ടൂര്‍ പോകുമ്പോഴോ മീറ്റിങ്ങുകള്‍ക്കു പോകുമ്പോഴോ എന്നെയൊന്നും കൊണ്ടുപോകാറില്ല. സഖാവിന് അത് ഇഷ്ടമായിരുന്നില്ല. വിദേശത്തൊന്നും ഞാന്‍ പോയിട്ടില്ല. ഞാന്‍ ആകെ പോയത് സഖാവിന് ഒരു ചെക്കപ്പിനുവേണ്ടി ലണ്ടനിലായിരുന്നു. അല്ലാതെ വേറെ എവിടെയും പോയില്ല. ഒരു സ്ഥലത്തും കൂടെവരണം എന്നു ഞാന്‍ ഒരിക്കലും ആഗ്രഹം പറഞ്ഞിട്ടുമില്ല. ഇന്നൊക്കെ കുടുംബസമേതം അല്ലേ രാഷ്ട്രീയ നേതാക്കള്‍ പോകുന്നത്. കശ്മീരില്‍ പോകണം എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. രണ്ട് പ്രാവശ്യം സഖാവ് അവിടെ പോയിരുന്നു. രണ്ടാമത്തെ പ്രാവശ്യം കശ്മീരില്‍ പോകുമ്പോള്‍ ഞാന്‍ പറഞ്ഞു ഞാനും വരുന്നു എന്ന്. അപ്പോ പറഞ്ഞത് അവിടെ നിനക്കൊന്നും വന്നാല്‍ ശരിയാകൂല ശാരദേ എന്നാണ്. പിന്നെ ഞാന്‍ നിര്‍ബന്ധിച്ചില്ല. എം.പി. ആയ സമയത്തുപോലും ഡല്‍ഹിയില്‍ ഒറ്റയ്ക്കാണ് പോയത്. പക്ഷേ, അവസാന ഘട്ടത്തില്‍ ഞാന്‍ ഇല്ലാതെ ഒരു സ്ഥലത്തും പോകാന്‍ കഴിയാതെയായി. എന്റെ സഹായം വേണമായിരുന്നു. അറ്റാക്ക് വന്ന ശേഷം എവിടെ പോകുമ്പോഴും ടീച്ചര്‍ കൂടെയുണ്ടാകണം എന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദ്ദേശിച്ചതായിരുന്നു. പിന്നെ ഉണ്ടായ എല്ലാ സമ്മേളനങ്ങളിലും മീറ്റിങ്ങിലും എല്ലാം ഞാന്‍ കൂടെ പോയിരുന്നു. പിന്നീട് ഒരിക്കലും ഞാന്‍ സഖാവിനെ തനിച്ചുവിട്ടില്ല. അവസാന നാളില്‍ വെന്റിലേറ്ററില്‍ കഴിയുന്നതുവരെ ഞാന്‍ ഒപ്പമുണ്ടായിരുന്നു. സഖാവ് ദുബായിയില്‍ പോയ സമയത്താണ് ആദ്യം അറ്റാക്ക് വരുന്നത്.

വിമാനത്താവളത്തിന്റെ ആദ്യ ചര്‍ച്ച
മട്ടന്നൂരില്‍ കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനവും നായനാരുടെ ജന്മദിനവും ഒരു ദിവസമാണ്. വിമാനത്താവളത്തിന്റെ പിറവിക്ക് പിന്നിലും രസകരമായ ഒരു കഥയുണ്ട്. ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമും സഖാവും കൂടിയുള്ള ഒരു യാത്രാമധ്യേയാണ് ആദ്യമായി വിമാനത്താവളത്തിന്റെ ആശയം ഉണ്ടാകുന്നത്. കര്‍ണാടകയില്‍നിന്നുള്ള മന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ ഭാര്യവീട് കൂത്തുപറമ്പിലായിരുന്നു. കണ്ണൂരില്‍ ഒരു വിമാനത്താവളം ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഭാര്യവീട്ടില്‍ പോകാന്‍ എളുപ്പമായില്ലേ എന്ന് സഖാവ് പതിവുശൈലിയില്‍ സംസാരത്തിനിടയില്‍ പറഞ്ഞു. അദ്ദേഹം അതു കേട്ടപാടെ പറഞ്ഞു അതിനുള്ള സ്ഥലം എവിടെ നോക്കും എന്ന്. സ്ഥലമെല്ലാം ഞങ്ങള്‍ നോക്കിവെച്ചോളാം ബാക്കി കാര്യങ്ങളെല്ലാം നിങ്ങള്‍ ശരിയാക്കൂ എന്നായിരുന്നു സഖാവിന്റെ മറുപടി. അന്നു രാത്രി വീട്ടിലെത്തിയപ്പോള്‍ സഖാവ് ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. സത്യത്തില്‍ കണ്ണൂരിലെ വിമാനത്താവളത്തെക്കുറിച്ചുള്ള ആദ്യ ചര്‍ച്ച അതായിരുന്നു എന്നു പറയാം. തമാശയില്‍പ്പോലും ആളുകള്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലും കാര്യം അദ്ദേഹം ഒളിപ്പിച്ചുവെയ്ക്കും. ശാരദ ടീച്ചര്‍ക്ക് നായനാരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തീരുന്നേയില്ല. എത്ര നേരം വേണമെങ്കിലും ആ ജീവിതം പറയാന്‍ ടീച്ചര്‍ക്ക് സന്തോഷമാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com