ഫലിതമെന്ന ഒറ്റമൂലി: നായനാരെക്കുറിച്ച് ഷാനവാസ് പോങ്ങനാട് എഴുതുന്നു

ഇ.കെ. നായനാര്‍ ചരിത്രത്തില്‍ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ നര്‍മ്മത്തിന്റെ രസനീയതകൊണ്ടാണ്.
ഫലിതമെന്ന ഒറ്റമൂലി: നായനാരെക്കുറിച്ച് ഷാനവാസ് പോങ്ങനാട് എഴുതുന്നു

.കെ. നായനാര്‍ ചരിത്രത്തില്‍ വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ നര്‍മ്മത്തിന്റെ രസനീയതകൊണ്ടാണ്. ഏത് പ്രതിസന്ധികളേയും പിരിമുറക്കങ്ങളേയും അലിയിച്ചുകളയുന്ന ഒറ്റമൂലിയായിരുന്നു നായനാര്‍ക്ക് ഫലിതപ്രയോഗങ്ങള്‍. വേദിയേതെന്ന് നായനാര്‍ ചിന്തിച്ചിരുന്നില്ല. പദവി ഏതെന്ന് അദ്ദേഹം ആലോചിച്ചിട്ടുമില്ല. ഉള്ളിലുള്ളത് തുറന്നുപറയുന്നതായിരുന്നു രീതി. കാറ്റൊന്നടിച്ചാല്‍ പെട്ടെന്ന് പൊട്ടിവിടരുന്ന പൂവുപോലെയായിരുന്നു നായനാര്‍ ഫലിതങ്ങള്‍.  

വടക്കന്‍ കേരളത്തിന്റെ തനത് മൊഴിവഴക്കങ്ങളിലാണ് നായനാര്‍ സംസാരിച്ചതും പ്രസംഗിച്ചതും. താന്‍ മുഖ്യമന്ത്രിയാണെന്നും അതിനാല്‍ അച്ചടിഭാഷയില്‍ സംസാരിക്കണമെന്നും അദ്ദേഹം ചിന്തിച്ചിരുന്നില്ല. ഭാഷയില്‍ നായനാര്‍ ശുദ്ധ ഗ്രാമീണനായിരുന്നു. നായനാരുടെ ജനകീയതയ്ക്ക് അദ്ദേഹത്തിന്റെ സംഭാഷണങ്ങളിലെ നര്‍മ്മരസവും നാടന്‍ മൊഴിവഴക്കങ്ങളും നല്ലൊരു പങ്കുവഹിച്ചിരുന്നതായി കാണാം.  

ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ള മുഖ്യമന്ത്രിമാരില്‍ ഫലിതപ്രിയനായി ഒരു നായനാര്‍ മാത്രമാണുണ്ടായിരുന്നത്. ആയിരക്കണക്കിന് കേള്‍വിക്കാരെ പിടിച്ചിരുത്താനുള്ള നായനാരുടെ കഴിവ് നര്‍മ്മത്തിന്റെ തലോടലിലൂടെയാണ് സാധിച്ചിരുന്നത്. അതിനാല്‍ത്തന്നെ നായനാരെ കേള്‍ക്കാന്‍ ജനം തടിച്ചുകൂടി. പത്രസമ്മേളനങ്ങള്‍, പൊതുയോഗങ്ങള്‍, നിയമസഭാ പ്രസംഗങ്ങള്‍ തുടങ്ങി എവിടെ നായനാര്‍ സംസാരിക്കുമോ അവിടെ ഫലിതത്തിന്റെ പൂവിരിയും. അകൃത്രിമമായ നര്‍മ്മത്താല്‍ ചിരിപരത്തി വലിയ രാഷ്ട്രീയസമസ്യകള്‍ക്ക് അദ്ദേഹം ഉത്തരം കണ്ടെത്തും. 
തിരുവനന്തപുരം നഗരസഭാ മേയറായിരിക്കെ വി. ശിവന്‍കുട്ടി നഗരത്തില്‍ പല പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. കൊതുകുശല്യത്തില്‍നിന്ന് നഗരവാസികളെ രക്ഷിക്കാന്‍ കോര്‍പ്പറേഷന്‍ ഒരു പദ്ധതി ആസൂത്രണം ചെയ്തു. 'ഗുഡ്ബൈ മൊസ്‌കിറ്റോ' എന്ന പേരില്‍ നടപ്പാക്കിയ ഈ പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് ആര്‍ഭാടപൂര്‍വ്വം നടക്കുകയാണ്. ഉദ്ഘാടകന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍. മുഖ്യമന്ത്രിയെ കൊണ്ടുതന്നെ പരിപാടി ഉദ്ഘാടനം ചെയ്യിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടനായി മേയര്‍ വേദിയിലുണ്ട്. ഉദ്ഘാടനപ്രസംഗത്തിനിടെ നായനാര്‍ ശിവന്‍കുട്ടിയോട്: ''കൊതുകിന് ഇംഗ്ലീഷ് മനസ്സിലാവോടോ? 'ഗുഡ്ബൈ' എന്നുപറഞ്ഞാല്‍ കൊതുക് പോകുമോ.'' ഇതുകേട്ട് ജനം ആര്‍ത്തുചിരിച്ചു. നായനാര്‍ നിര്‍ദ്ദോഷമായി ചോദിച്ച ചോദ്യം സത്യത്തില്‍ മേയര്‍ ശിവന്‍കുട്ടിയുടെ ചങ്ക് തകര്‍ക്കുന്നതായിരുന്നു!
നര്‍മ്മത്തിന്റെ വെടിപൊട്ടിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനെന്നൊന്നും നായനാര്‍ നോക്കാറില്ല. ഇത്തരത്തിലുള്ള ഫലിതങ്ങള്‍ വെറും തമാശ മാത്രമല്ലെന്നത് ശ്രദ്ധേയമായിരുന്നു. നായനാര്‍ ഒരു ഗ്രാമീണന്റെ ഭാഷയിലാണ് എവിടെയും സംസാരിച്ചത്. ഉന്നത ഉദ്യോഗസ്ഥനോട് ഒരു ഭാഷയും സാധാരണ ജനങ്ങളോട് മറ്റൊരു ഭാഷയും അദ്ദേഹത്തിനില്ലായിരുന്നു. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായാലും വെറുമൊരു പഞ്ചായത്ത് ഗുമസ്തനായാലും നായനാര്‍ നാടന്‍ഭാഷയിലേ സംസാരിക്കുമായിരുന്നുള്ളു. 

1989-ല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച  ആരോഗ്യസെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് നായനാര്‍ പ്രസംഗിക്കുകയാണ്. വലിയൊരു സദസ്സും ഉയര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെയുണ്ട്. നായനാര്‍ പറയുകയാണ്- ''സോവിയറ്റ് റഷ്യയില്‍ കൂടുതല്‍ മക്കളുള്ള മാതാപിതാക്കള്‍ക്ക് അവാര്‍ഡ് കിട്ടും. ഈ നടപടി ഇവിടെയായിരുന്നെങ്കില്‍ നമ്മുടെ ആള്‍ക്കാര്‍ക്ക് വലിയ ഇഷ്ടമായിരിക്കും. പ്രത്യേകിച്ച് മലപ്പുറത്തുകാര്‍ക്ക്... ഇല്ലേടോ? കേന്ദ്രം ആരോഗ്യമന്ത്രിയെ നിയമിക്കുമ്പോള്‍ എത്ര മക്കളുണ്ടെന്ന് അന്വേഷിച്ചേ നിയമിക്കാവൂ. മുന്‍പ്, കേന്ദ്ര സന്താനോല്‍പാദന മന്ത്രി കേരളത്തില്‍ വന്നു. ഫാമിലി പ്ലാനിംഗ് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍. ഞാന്‍ ചോദിച്ചു നിങ്ങള്‍ക്ക് മക്കളെത്രയുണ്ടെന്ന്? ഉത്തരം-നാല്. രണ്ട് വര്‍ഷം മുന്‍പ് ചൈനീസ് അംബാസഡര്‍ തിരുവനന്തപുരത്ത് വന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചു- മക്കളെത്ര? മറുപടി-മൂന്ന്. അത് പാര്‍ട്ടിത്തീരുമാനത്തിനെതിരല്ലേ? അവിടെ ഒന്നല്ലേ പാടുള്ളുവെന്ന് ചോദിച്ചപ്പോള്‍ അവരുടെ വിശദീകരണം വന്നു. വേണൊന്ന് വെച്ചിട്ടല്ല ഉണ്ടായിപ്പോയി.'' 

ഈ പ്രസംഗം കേട്ട് ചിരിച്ച ജില്ലാകളക്ടര്‍ ഭരത്ഭൂഷനോട് മുഖ്യമന്ത്രി: ''താന്‍ ചിരിക്കേണ്ട... ഞാന്‍ ചോദിക്കുന്നില്ല, തനിക്കെത്രയുണ്ടെന്ന്.''
പൊതുവേദിയില്‍ ഒരു കലക്ടറെ താനെന്നൊക്കെ വിളിക്കാന്‍ നായനാര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക. ഉയര്‍ന്ന ഐ.എ.എസ്, ഐ.പി.എസുകാരെയൊക്കെ നായനാര്‍ അങ്ങനെ വിളിക്കും. അതില്‍ ആര്‍ക്കും പരാതിയില്ലായിരുന്നു. എല്ലാവരും 'മാണിസാര്‍' എന്ന് വിളിക്കുന്ന കെ.എം. മാണിയെ നിയമസഭക്കുള്ളില്‍പ്പോലും 'കുഞ്ഞുമാണി'യെന്നാണ് നായനാര്‍ വിളിക്കുക. എ.കെ. ആന്റണിയെ അന്തോണിയെന്നും.
നിയമസഭയില്‍ നായനാരുടെ വാത്സല്യം കൂടുതല്‍ ലഭിച്ചത് കോണ്‍ഗ്രസ്സിലെ എം.എം. ഹസ്സനായിരുന്നു. നായനാര്‍ ഹസ്സനെ കണക്കിന് വാരും. അദ്ദേഹം മന്ത്രിയായിരുന്നപ്പോഴും 'വകുപ്പില്ലാമന്ത്രി'യെന്ന് വിളിച്ച് കളിയാക്കുക പതിവായിരുന്നു. ഹസ്സനും നായനാരോട് നല്ല സ്‌നേഹത്തിലായിരുന്നു. എത്ര കളിയാക്കിയാലും നായനാര്‍ക്ക് ഹസ്സനോട് സ്‌നേഹമായിരുന്നു. 1995-ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരിക്കെ ഹസ്സന്‍ നായനാരെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കി. പിറ്റേ ദിവസം പ്രഭാതസവാരിക്കിടെ നായനാരെ കണ്ടപ്പോള്‍ ഹസ്സന്‍ വഴിമാറി നടന്നു. തന്നെ കണ്ടാല്‍ നായനാര്‍ പൊട്ടിത്തെറിക്കുമെന്ന് ഹസ്സന് അറിയാം. പക്ഷേ, നായനാരുണ്ടോ വിടുന്നു. ''ഹസ്സന്‍ അവിടെ നില്‍ക്ക്'' നായനാര്‍ വിളിക്കുന്നു. പ്രശ്‌നമായതുതന്നെ എന്ന ആശങ്കയിലായി ഹസ്സന്‍. ''ഓനും ഭാര്യയും അങ്ങട്ട് പോയിട്ടുണ്ട് (എ.കെ. ആന്റണിയും ഭാര്യയും). ഓനെ ആരും തല്ലില്ല. എങ്കിലും ബോഡീഗാഡായി പുറകേ ചെല്ല്.'' ആന്റണിയുമായുള്ള ഹസ്സന്റെ അടുപ്പമറിയാവുന്ന നായനാര്‍ പറഞ്ഞു. പ്രസ്താവനയെക്കുറിച്ച് നായനാര്‍ ഒന്നും മിണ്ടിയതുമില്ല.
1980-ല്‍ മുഖ്യമന്ത്രിയായതോടെയാണ് നായനാരുടെ ഫലിതങ്ങള്‍ ജനങ്ങളിലേക്ക് എത്താന്‍ തുടങ്ങിയത്. പിന്നീട് നര്‍മ്മത്തിന്റെ പെരുമഴക്കാലം കൂടിയായിരുന്നു. ആ മന്ത്രിസഭയില്‍ നായനാര്‍ക്ക് കൂട്ടിന് ലോനപ്പന്‍ നമ്പാടന്‍ കൂടിയുണ്ടായിരുന്നു. ഫലിതപ്രിയനായിരുന്നു നമ്പാടന്‍മാഷ്. 
നായനാരുള്ളിടത്ത് നര്‍മ്മവും ഉണ്ടാകുമെന്ന് ഏവര്‍ക്കുമറിയാം. എതിരാളിക്കെതിരെ കത്തിക്കയറുന്ന പ്രസംഗത്തിനിടയിലാവും നായനാര്‍ പെട്ടെന്ന് നര്‍മ്മം വിളമ്പുക. ആര്‍ത്തലയ്ക്കുന്ന ജനക്കൂട്ടം അതുകേട്ട് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തും. ചിരിയുടെ തരംഗഘോഷങ്ങള്‍ അടങ്ങുന്നതിന് മുന്‍പേ നായനാര്‍ അടുത്ത കാര്യത്തിലേക്ക് കടന്നിരിക്കും.
നായനാര്‍ക്ക് പ്രമേഹമുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് അദ്ദേഹം ഇടയ്ക്ക് തുറന്നുപറയുകയും ചെയ്യും. മുഖ്യമന്ത്രിയോട് ചോദിക്കാമെന്ന ടി.വി. പരിപാടിയില്‍ വിളിക്കുന്നവരൊക്കെ നായനാരുടെ രോഗവിവരം അന്വേഷിക്കും. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. അവരോട് സത്യസന്ധമായി രോഗവിവരങ്ങളൊക്കെ പറയുകയും ചെയ്യും. 
കനകക്കുന്ന് കൊട്ടാരത്തിലെ ഒരു പ്രധാന ചടങ്ങില്‍ മുഖ്യമന്ത്രി നായനാര്‍ പ്രസംഗിക്കാനായി എത്തിയിട്ടുണ്ട്. സംഘാടകര്‍ നായനാര്‍ക്ക് മധുരമിടാത്ത ചായ നല്‍കി. അന്യസംസ്ഥാനത്തുനിന്നുള്ള വിശിഷ്ടാതിഥി ഇത് മനസ്സിലാക്കി. നായനാരോട് ചോദിച്ചു: ''ഷുഗര്‍ എങ്ങനെയുണ്ട്?'' നായനാരുടെ മറുപടി പെട്ടെന്നായിരുന്നു: ''ചായയിലില്ല, എനിക്കുണ്ട്.'' അതിഥി അറിയാതെ ചമ്മിയെന്ന് പറയേണ്ടതില്ലല്ലോ.
അണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഉദ്ബുദ്ധരാക്കുകയാണ് നായനാര്‍ ചെയ്തത്. ചിലപ്പോള്‍ ഒന്നോ രണ്ടോ വാക്കുകളിലായിരിക്കും അദ്ദേഹം വലിയൊരു സദസ്സിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഗൗരവതരമായ വിഷയത്തിലൂടെ പ്രസംഗം നീങ്ങുമ്പോഴായിരിക്കും പെട്ടെന്നൊരു പൊട്ടിച്ചിരിയുടെ മത്താപ്പ് കത്തിക്കുന്നത്. രാഷ്ട്രീയത്തില്‍നിന്നുതന്നെ ഫലിതം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 

എംഎം ഹസന്‍
എംഎം ഹസന്‍


കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നീന്തല്‍ക്കുളം നിര്‍മ്മിച്ചു. പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കരുണാകരന്‍ ചെറുതായൊന്ന് വളഞ്ഞിരുന്നു. ഇതിനുള്ള ചികിത്സയായിരുന്നു നീന്തല്‍. അക്കാലത്ത് ഇത് വലിയ വാര്‍ത്തയായിരുന്നു. കെ. കരുണാകരന്റെ ധൂര്‍ത്ത് എന്നു പറഞ്ഞ് രാഷ്ട്രീയാരോപണമായിത്തന്നെ നീന്തല്‍ക്കുളം ഉയര്‍ന്നുവന്നു. കരുണാകരന്റെ കാലാവധി കഴിഞ്ഞ് മുഖ്യമന്ത്രിയായി വന്നത് നായനാരായിരുന്നു. പത്രസമ്മേളനത്തില്‍ ആരോ നീന്തല്‍ക്കുളത്തിന്റെ കാര്യമെടുത്തിട്ടു. നായനാര്‍ പറഞ്ഞു: ''അവിടെ ആര്‍ക്കുവേണമെങ്കിലും വന്ന് കുളിക്കാം. കരുണാകരനോടും ഞാന്‍ പറഞ്ഞിട്ടുണ്ട് വേണേല്‍ വന്നു കുളിച്ചോളാന്‍. ഇനി ആര്‍ക്കും വേണ്ടെങ്കില്‍ ഞാനെന്റെ പട്ടിയെ കുളിപ്പിക്കും.''

തെരഞ്ഞെടുപ്പു കാലത്താണ് നായനാരുടെ പ്രസംഗത്തിനായി സ്ഥാനാര്‍ത്ഥികള്‍ ഓടിനടക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ നായനാര്‍തന്നെ വരണം. നായനാര്‍ ഫലിതത്തിലൂടെ പറയുന്ന രാഷ്ട്രീയ വിഷയങ്ങള്‍ കാലം കടന്നും നിലനില്‍ക്കുകയാണ്. അത് ഇക്കാലത്തും പ്രസക്തമായി തോന്നും.  1991-ലെ പൊതുതെരഞ്ഞെടുപ്പുവേളയില്‍ നായനാര്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയാണ്: ''കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം തികയാതെവന്നാല്‍ കമ്യൂണിസ്റ്റുകാരെ ചേര്‍ത്ത് ഭരിക്കുമെന്ന് രാജീവ് ഗാന്ധി. കല്യാണിയെ കെട്ടാന്‍ കുമാരന് പെരുത്ത് മോഹം. പക്ഷേ, കല്യാണിക്ക് അയാളെ വേണ്ട. കല്യാണം നടക്കുമോടോ?'' ഇതുകേട്ട് ജനം ചിരിച്ച് മണ്ണുകപ്പുന്നു. തമാശയിലൂടെ അന്നത്തെ രാഷ്ട്രീയ പ്രശ്‌നമാണ് നായനാര്‍ ജനഹൃദയങ്ങളില്‍ എത്തിച്ചത്. ഇതേ വിഷയം ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നതാണെന്നുകൂടി ഓര്‍ക്കുമ്പോഴാണ് നായനാരുടെ ഫലിതങ്ങളുടെ ആഴം മനസ്സിലാകുന്നത്. 

കെഎം മാണി
കെഎം മാണി


നായനാര്‍ ഫലിതങ്ങള്‍ ഒരര്‍ത്ഥത്തില്‍ ജീവിതത്തെ ശുദ്ധീകരിക്കാന്‍ സഹായകമായ ഉര്‍ജ്ജസ്രോതസുകളാണെന്ന് ഐ.വി. ദാസ് പറഞ്ഞത് പലപ്പോഴും യാഥാര്‍ത്ഥ്യമാകാറുണ്ട്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നര്‍മ്മത്തിലൂടെ നായനാര്‍ നടത്തിയ പ്രയോഗങ്ങള്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുന്നതായിരുന്നു. 1981-ല്‍ ഏറ്റുമാനൂര്‍ അമ്പലത്തില്‍ വലിയ കവര്‍ച്ച നടന്നു. നായനാരായിരുന്നു മുഖ്യമന്ത്രി. കമ്യൂണിസ്റ്റുകാര്‍ ഭരിച്ചാല്‍ അമ്പലങ്ങള്‍ക്ക് രക്ഷയുണ്ടാവില്ലെന്ന് പറഞ്ഞ് വലിയ ഒച്ചപ്പാടുകള്‍. എല്ലാ അമ്പലങ്ങള്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈന്ദവസംഘടനകള്‍ ശക്തിയായി ആവശ്യപ്പെട്ടു. അന്തരീക്ഷം ഇങ്ങനെ ചൂടുപിടിച്ചുനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത് ''തൂണിലും തുരുമ്പിലും നാരായണന്‍ ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ശ്രീകൃഷ്ണനേയും കാളിയേയും രക്ഷിക്കാന്‍ പൊലീസുകാര്‍ വടിയും തൊപ്പിയുമായി പോകേണ്ടതുണ്ടോ? ദൈവങ്ങള്‍ക്ക്  സ്വയം രക്ഷപ്പെട്ടുകൂടേ... ഭഗവാനെന്തിനാ പാറാവ്?''
ഏത് പ്രതിസന്ധിയേയും നര്‍മ്മത്തിന്റെ പിന്‍ബലത്തില്‍ നായനാര്‍ കൈകാര്യംചെയ്യും. ദീര്‍ഘമായ പ്രഭാഷണംകൊണ്ട് മറ്റൊരാള്‍ക്ക് സാധിക്കാത്തത് നായനാര്‍ തന്റെ തനത് ശൈലിയില്‍ നര്‍മ്മത്തിലൂടെ സാധിക്കും. കാര്‍ട്ടൂണ്‍ കോമിക്ക് പോലായിരുന്നു നായനാരുടെ പ്രയോഗങ്ങള്‍. തമാശക്കൊപ്പം ചിന്തിപ്പിക്കുന്നതുകൂടിയായിരുന്നു അവ. ഇടതുപക്ഷക്കാര്‍ അവധിക്കും ആനുകൂല്യങ്ങള്‍ക്കുമായി മുറവിളികൂട്ടുന്നതും സമരത്തിനിറങ്ങുന്നതും നായനാര്‍ മനസ്സില്‍വെച്ചാണ് മേയ്ദിനത്തെക്കുറിച്ച് പറഞ്ഞത്. അതിന് അദ്ദേഹം കൂട്ടുപിടിച്ചത് കമ്യൂണിസ്റ്റ് റഷ്യയെ ആയിരുന്നു. ''റഷ്യയില്‍ ബ്രഷ്നേവിന്റെ കാലത്ത് മേയ്ദിനത്തില്‍ തൊഴിലാളികള്‍ക്ക് അവധിയില്ലായിരുന്നു. ഇവിടെ ഒന്നിനു പകരം രണ്ട് മേയ്ദിന അവധി ലഭിച്ചാല്‍ കൊള്ളാമെന്നാണ് ആഗ്രഹം.'' അവധിക്കായി മുറവിളികൂട്ടുന്ന സംഘടനകള്‍ക്ക് തലയ്ക്കിട്ടായിരുന്നു ആ അടി.
പ്രസംഗത്തിനിടെ നായനാര്‍ പറഞ്ഞ മറ്റൊരു രസികന്‍ കഥ ഇതായിരുന്നു. ഒരു ദിവസം കായംകുളം വഴി കാറില്‍ പോകുമ്പോള്‍ റോഡില്‍നിന്നൊരു കരച്ചില്‍. ''നായനാരേ രക്ഷിക്കണേ...'' ഞാന്‍ കാര്‍ നിര്‍ത്തി നോക്കിയപ്പോള്‍ കരയുന്നത് മൂന്ന് കല്ലുകളാണ്. അത് കായംകുളം താപനിലയത്തിനുവേണ്ടിയിട്ട കല്ലുകളായിരുന്നു. കേന്ദ്രമന്ത്രി സാല്‍വേ, മുഖ്യമന്ത്രി കരുണാകരന്‍, പി.ജെ. കുര്യന്‍ എന്നിവര്‍ മത്സരിച്ചിട്ട കല്ലുകള്‍!''

വി ശിവന്‍കുട്ടി
വി ശിവന്‍കുട്ടി


താന്‍ മുഖ്യമന്ത്രിയാണെന്നോ വലിയ രാഷ്ട്രീയ നേതാവാണെന്നോ നോക്കാതെയാണ് നായനാര്‍ ആരോടും ഇടപഴകുക. ഒരു കുട്ടിയെ കണ്ടാല്‍പോലും അദ്ദേഹം ''നീ എവിടയാ'', ''നിന്റെ പേരന്താ'', ''നിന്റെ അച്ഛനെന്ത് ജോലിയാ'' ഇങ്ങനെയൊക്കെ ചോദിക്കും. ഗ്രാമവഴികളില്‍ കണ്ടുമുട്ടുന്ന നാടന്‍കാരണവരെയാണ് നായനാരുടെ കുശലപ്രകടനം ഓര്‍മ്മിപ്പിക്കുന്നത്. നായനാരുടെ പ്രസംഗങ്ങളിലും ഈ നാട്ടുമൊഴിവഴക്കം കാണാം. ഇത് മാറ്റാന്‍ നായനാര്‍ ശ്രമിക്കാറില്ല. നായനാരുടെ പ്രസംഗത്തിലും സംഭാഷണങ്ങളിലും തന്റെ പ്രാദേശിക ഭാഷയെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. 'ഓന്‍' എന്റെ നാട്ടുകാരനാണെന്നും അതെല്ലാം 'എനക്ക്' അറിയാമെന്നും നായനാര്‍ പറയും. മുഖ്യമന്ത്രിയോട് ചോദിക്കാം പരിപാടി ചാനലില്‍ ഉണ്ടായിരുന്നപ്പോള്‍ നായനാര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് നേരിട്ട് ഉത്തരം പറഞ്ഞിരുന്നു. ചോദ്യവും ഉത്തരവും കഴിഞ്ഞ് ''എനക്ക് ഒരു ഹര്‍ജി അയക്ക്'' എന്ന് പറഞ്ഞ് വിളിച്ചയാളെ സമാധാനിപ്പിക്കും. ''റൈറ്റ്'' പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തശേഷം നായനാര്‍ ഒപ്പമുള്ളവരോട് പറയും - ''ഓന്‍ മറ്റോന്റെ ആളാ... നമ്മുടെ കരുണാകരന്റെ...'' അതല്ലെങ്കില്‍ ഇങ്ങനെയാവും പറയുക - ''ഓന്‍ നമ്മുടെ ആളാ...കേട്ടാ...''
നായനാരുടെ എത്രയോ ഫലിതങ്ങളാണ് ഇന്നും മനസ്സില്‍നിന്ന് മാഞ്ഞുപോകാതെ കിടക്കുന്നത്. പത്രക്കാരുമായി നായനാര്‍ നല്ല ബന്ധത്തിലായിരുന്നു. താന്‍ മുന്‍പ് പത്രപ്രവര്‍ത്തകനായിരുന്ന കാര്യം നായനാര്‍ ഇടക്കിടയ്ക്ക് പറയുകയും ചെയ്യും. എങ്കിലും ചില നേരങ്ങളില്‍ അദ്ദേഹത്തിന് ശുണ്ഠിവന്ന് എന്തെങ്കിലുമൊക്കെ പറയും. അടുത്തനിമിഷം ഒരു ഫലിതം പറഞ്ഞ് അതിനെ മാറ്റുകയും ചെയ്യും. പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഐ.എസ്. ഗുലാത്തിയുടെ ഓഫീസ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കയ്യേറിയതിനെക്കുറിച്ച് പത്രലേഖകരോട് നായനാര്‍ പറഞ്ഞു: ''എന്തധഃപതനമാണിത്? ഒരുത്തന്‍ കസേരയില്‍ കയറിയിരിക്കുന്ന പടം കണ്ടില്ലേ? ഗുലാത്തി എവിടെ കിടക്കുന്നു? ഇവര്‍ എവിടെ കിടക്കുന്നു?''

ഒഎന്‍വി
ഒഎന്‍വി


''പണ്ട് മാര്‍ക്സിസ്റ്റുകാര്‍ ഇതുപോലെ ദൂരദര്‍ശന്‍ കൈയേറിയില്ലേ?'' ഒരു പത്രലേഖകന്റെ ചോദ്യം.
''ഗുലാത്തിയും ദൂരദര്‍ശനും ഒന്നാ? വല്ലവിവരവുമുണ്ടോ തനിക്ക്? താന്‍ ഒരു ജേര്‍ണലിസ്റ്റാ?'' നായനാര്‍ക്ക് ക്ഷോഭം വന്നു. ഒടുവില്‍ ടി.കെ. രാമകൃഷ്ണന്റെ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയപ്പോള്‍ നായനാര്‍ - ''ഇനി ഇവര്‍ക്ക് ഓരോ ഗ്ലാസ്സ് ചാരായം കൊട്.'' അതോടെ പിരിമുറുക്കം പൊട്ടിച്ചിരിയായി മാറി.
ബി.ജെ.പിയെക്കുറിച്ചുള്ള സ്വന്തം പാര്‍ട്ടിക്കാരുടെ ആശങ്ക അകറ്റാന്‍ നായനാര്‍ ഘടാഘടിയന്‍ പ്രസംഗമൊന്നും നടത്താതെ കാര്യം സാധിച്ചു. ബി.ജെ.പി ചിഹ്നമായ താമരയെക്കുറിച്ച് നായനാര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു: ''താമര കണ്ട് ആരും പരിഭ്രമിക്കേണ്ട. രാവിലെ അത് വിടര്‍ന്ന് നിവര്‍ന്നിരിക്കും. വൈകുമ്പം അടഞ്ഞുപോകും. പിന്നെ വാടി താഴെവീഴും.'' ശരിയാണല്ലോയെന്ന് ചിന്തിച്ച് അണികള്‍ ആശ്വാസം കണ്ടു. 
വിഷാദരോഗം അനുഭവിക്കുന്നവര്‍ക്ക് നല്ലൊരു ഔഷധമായിരിക്കും നായനാര്‍ ഫലിതങ്ങളെന്ന് ഒ.എന്‍.വി. കുറുപ്പ് പറഞ്ഞത് സത്യമാണ്. മാഞ്ഞുപോകാത്ത ഫലിതങ്ങള്‍ കാലത്തെ കീഴടക്കുന്നു. അധികാരം കിട്ടുമ്പോള്‍ ജനങ്ങളില്‍നിന്ന് അകലം പാലിക്കുന്ന സ്വന്തം പാര്‍ട്ടിക്കാര്‍ നായനാരെ ഓര്‍ക്കേണ്ടതാണ്. ഞങ്ങളില്‍ ഒരാളാണെന്ന് ജനത്തിന് തോന്നിപ്പിക്കുന്നതായിരുന്നു നായനാരുടെ രീതി. അത് അദ്ദേഹത്തിന്റെ വാമൊഴിയും നര്‍മ്മരസമൂറുന്ന വര്‍ത്തമാനവുമായിരുന്നു. കാലം എത്ര കടന്നാലും ഫലിതരാജനായ നായനാര്‍ക്ക് പകരം നായനാര്‍ മാത്രമേയുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com