ഇതാ, ഇതിലെ ഒരു മനുഷ്യന്‍ നടന്നുപോയി: ഗിരീഷ് കുമാറിന്റെ ഓര്‍മ്മകളിലൂടെയൊരു സഞ്ചാരം

By പ്രദീപ് പനങ്ങാട്   |   Published: 22nd December 2018 02:13 PM  |  

Last Updated: 22nd December 2018 02:13 PM  |   A+A-   |  

 

ഗിരീഷ് കുമാര്‍ കാലത്തോടൊപ്പം ജീവിക്കാന്‍ എന്നും ആഗ്രഹിച്ചു. അത് സാക്ഷാത്ക്കരിക്കാന്‍ ശ്രമിച്ചു. കാരണം ഗിരീഷ് സാമൂഹിക ജീവിതം തുടങ്ങിയത്  അത്തരമൊരു സവിശേഷ കാലത്താണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തില്‍ ഉയര്‍ന്നുവന്ന, അസാധാരണ രാഷ്ട്രീയ സാമൂഹിക - സാംസ്‌കാരിക അന്തരീക്ഷം കേരളത്തിലെ കാമ്പസുകളില്‍ പുതിയ ഊര്‍ജ്ജവും പ്രകാശവും സൃഷ്ടിച്ചു. കാമ്പസ് രാഷ്ട്രീയത്തിന്റെ തന്നെ ഉള്ളടക്കവും ഘടനയും തന്നെ മാറ്റിമറിച്ചു. ഇടതുപക്ഷ രാഷ്ട്രീയം തന്നെ പുതിയ സാംസ്‌കാരിക സത്ത ഉള്‍ക്കൊള്ളുന്ന കാലമായിരുന്നു അത്. കല, സംസ്‌കാരം തുടങ്ങിയവയൊക്കെ നവീന നിര്‍വ്വചനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. കാമ്പസ് രാഷ്ട്രീയം, അകത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചതോടൊപ്പം തന്നെ, സമൂഹത്തിലും വലിയ പ്രതികരണങ്ങള്‍ നിര്‍വ്വഹിച്ചു. ചലച്ചിത്രോത്സവങ്ങളും കവിയരങ്ങുകളും ചിത്ര/ശില്പാവതരണങ്ങളുംകൊണ്ട് കാമ്പസ് രാഷ്ട്രീയം പുതിയ ചക്രവാളങ്ങള്‍ തേടി. കാമ്പസിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമാകുക, വിദ്യാര്‍ത്ഥികളുടെ അഭിമാനത്തിന്റെ അടയാളമായി മാറി. ഗിരീഷ് കുമാറിന്റെ തലമുറ അതിന്റെ ഊര്‍ജ്ജപ്രവാഹം അനുഭവിച്ചവരാണ്. അതുകൊണ്ടുതന്നെ കാമ്പസിനു പുറത്തേക്ക് ഇറങ്ങിയപ്പോഴും ആ രാഷ്ട്രീയ ഭാവുകത്വവും സാംസ്‌കാരിക ബോധവും തിരസ്‌കരിച്ചില്ല. അതിന്റെ വലിയ തുടര്‍ച്ചകള്‍ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. 

എണ്‍പതുകള്‍ക്കൊടുവില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന വിവിധ നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് കാമ്പസുകളില്‍നിന്ന് നവീന രാഷ്ട്രീയ സാമൂഹിക സംസ്‌കാരം ഉള്‍ക്കൊണ്ട യുവതലമുറയാണ്. സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍, നവവിദ്യാഭ്യാസ പരിഷ്‌കാര സംവാദങ്ങള്‍, പരിസ്ഥിതി സംരക്ഷണ കൂട്ടായ്മകള്‍, മനുഷ്യാവകാശ സമിതികള്‍ തുടങ്ങിയവയില്‍ ആ തലമുറയുടെ നേതൃത്വസാന്നിധ്യം കാണാം. തൊണ്ണൂറുകളുടെ ആദ്യം കൂത്താട്ടുകുളത്ത് സംഘടിപ്പിച്ച, സ്ത്രീ പഠന കേന്ദ്രത്തിന്റെ സ്ത്രീ നാടക ക്യാമ്പിന്റെ പിന്നണിയിലും മുന്നണിയിലും ഗിരീഷ് ഉണ്ടായിരുന്നു. ആ ക്യാമ്പിലെ ഒരു സായാഹ്നത്തില്‍ വച്ചാണ് ഗിരീഷിനെ ആദ്യം പരിചയപ്പെടുന്നതുതന്നെ. കാലത്തെ തിരിച്ചറിഞ്ഞ ആ വനിതാ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നതില്‍  ധൈഷണികമായും പ്രായോഗികമായും ഗിരീഷിന്റെ സാന്നിധ്യം സജീവമായിരുന്നു. പിന്നീടുണ്ടായ നിരവധി സമരങ്ങളിലും പ്രസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങളിലും ഗിരീഷ് ഉണ്ടായിരുന്നു. രണ്ടായിരത്തിന്റെ ആദ്യപാദങ്ങളില്‍ നടന്ന ആദിവാസി സമരത്തിന്റെ അണിയറയില്‍ ഗിരീഷ് സജീവമായിരുന്നു. സമരം സംഘടിപ്പിക്കുന്നതിലും സമരക്കാരെ സംരക്ഷിക്കുന്നതിലും അത് വിജയത്തില്‍ എത്തിക്കുന്നതിലും ഗിരീഷ് ഊര്‍ജ്ജസ്വലനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ അതിന് ഒരിക്കലും തടസ്സമായി നിന്നില്ല. പിരിമിതികളേയും പരിധികളേയും അതിലംഘിക്കുന്നതില്‍ എന്നും ഗിരീഷ് ഉത്സാഹഭരിതനായിരുന്നു. വെല്ലുവിളികളായിരുന്നു ആ ജീവിതത്തെ മുന്നോട്ടു നയിച്ചത്. 

സാമൂഹിക പ്രചോദനങ്ങളുടെ മറ്റൊരു തലമായിരുന്നു ഗിരീഷിന്റെ ആത്മസമരം. കവിതയും പാട്ടും വരയും വര്‍ണ്ണവുമായി അത് എപ്പോഴും കൂടെയുണ്ടായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ സജീവമാക്കിയതുതന്നെ സര്‍ഗ്ഗാത്മക സമരത്തിലൂടെയാണ്. കാരണം, അതിന്റെ വ്യാപനസാധ്യതകള്‍ അതിവിപുലമായിരുന്നു. സൗഹൃദത്തിന്റെ സംഘഗാനങ്ങള്‍ സൃഷ്ടിക്കാന്‍ അനായാസം കഴിയുമായിരുന്നു. സര്‍ഗ്ഗാത്മകതയും സൗഹൃദവും  തമ്മിലുള്ള പാരസ്പര്യത്തിലൂടെയാണ് ഗിരീഷ് എന്നും മുന്നോട്ട് പോയത്. അത്തരം സാമൂഹിക സംവേദന ഇടങ്ങള്‍ കാലത്തെ എന്നും ഉന്മേഷഭരിതമാക്കിയിട്ടുണ്ട്. ഗിരീഷിന്റെ ഓരോ പ്രവര്‍ത്തനങ്ങളും ഇത്തരം ജീവിതസ്ഥലികളിലൂടെയാണ് നിര്‍വ്വഹിച്ചത്. 

സര്‍ഗ്ഗാത്മകതയുടെ ഇത്തരം ഉന്മാദങ്ങളില്‍ ഒന്നായിരുന്നു ചിത്രരചന. മറ്റുള്ളവരുടെ പാട്ടിനും കവിതയ്ക്കുമപ്പുറം സ്വന്തം മനസ്സു പതിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഗിരീഷിന് ചിത്രകല. അക്കാദമിക് ശിക്ഷണത്തിന്റെ അഭാവത്തെ മറികടക്കുന്ന രചനകളാണ് സൃഷ്ടിച്ചത്. കാരണം, രൂപത്തിന്റെ കണ്ടെത്തലല്ല, ഉള്ളടക്കത്തിന്റെ പ്രകാശനമായിരുന്നു പ്രധാന ലക്ഷ്യം. ആത്മസംക്രമണങ്ങളുടെ അനിവാര്യമായ ആവിഷ്‌കാരമായിരുന്നു ഗിരീഷിന്റെ കലാപ്രേരണ. അതുകൊണ്ട് രൂപത്തിന്റെ പ്രാധാന്യം പ്രഥമ പരിഗണനയായിരുന്നില്ല. ഗിരീഷ് എഴുതി: ''എന്റെ മനസ്സിന്റെ പിടിവാശികള്‍ക്കും മനസ്സില്‍ അന്തിയുറങ്ങിക്കിടന്നിരുന്ന ചില വിശ്വാസങ്ങള്‍ക്കും ഇളക്കം തട്ടിയപ്പോഴാണ് ഞാന്‍ വരയ്ക്കാന്‍ തുടങ്ങിയത്. എന്റെ അപകടകരമായ മാനസികാവസ്ഥയെ അടക്കാന്‍ നിറങ്ങള്‍ എനിക്ക് സഹായകമായി. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും തനിക്ക് സമാധാനവും സന്തോഷവും ഉന്മാദവും നല്‍കിയത് എന്റെ അമ്മയും ഭാര്യയും കുഞ്ഞും സുഹൃത്തുക്കളുമാണ്. അവരെ സ്‌നേഹിക്കുന്നതുപോലെ ഞാനെന്റെ ചിത്രങ്ങളേയും സ്‌നേഹിക്കുന്നു.'' ആ സ്‌നേഹത്തിന്റെ പ്രകാശമാണ് ഗിരീഷിന്റെ ചിത്രങ്ങള്‍ പ്രസരിപ്പിച്ചത്. കാരണം, ഗിരീഷ് തന്നെയായിരുന്നു ആ വരകളും വര്‍ണ്ണങ്ങളും. 

ആധുനിക കലാ സമ്പ്രദായത്തിന്റെ ഭാഗമായിരുന്ന അമൂര്‍ത്ത കലാരീതി തന്നെയാണ് ഗിരീഷും പിന്തുടര്‍ന്നത്. അച്യുതന്‍ കൂടല്ലൂര്‍, പാരീസ് വിശ്വനാഥന്‍, ജയപാലപ്പണിക്കര്‍ തുടങ്ങി നിരവധി മലയാളി ചിത്രകാരന്മാര്‍ അമൂര്‍ത്ത കലയുടെ വ്യത്യസ്ത ആവിഷ്‌കാരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മനസ്സിന്റെ സങ്കീര്‍ണ്ണതകളും സംഘര്‍ഷങ്ങളും സംത്രാസങ്ങളുമാണ് അമൂര്‍ത്താഖ്യാനങ്ങളായി സൃഷ്ടിക്കപ്പെടുന്നത്. ജീവിതത്തിന്റെ അഗാധതകളിലേക്കുള്ള അന്വേഷണവും അശാന്തിയുടെ കണ്ടെത്തലുമാണ് കലയായി രൂപാന്തരപ്പെടുന്നത്. ഒരു പ്രദര്‍ശനത്തിന്റെ ശീര്‍ഷകം തന്നെ 'The Mind Scapes' എന്നായിരുന്നു. അതില്‍ ഉള്‍പ്പെടുത്തിയ രേഖാചിത്രങ്ങളും പെയിന്റിങ്ങുകളും മനസ്സിന്റെ ഗ്ലഥരൂപാന്തരങ്ങളായിരുന്നു. ജെ. ദേവിക എഴുതി: ''മനോവിതാനങ്ങള്‍ എന്ന ശീര്‍ഷകത്തിന് അപ്രതീക്ഷിത ധ്വനികളുള്ളതായി തോന്നി. ഇതിലൂടെ നമ്മുടെ മുന്‍പിലെത്തുന്നത് അനന്തമായി വികസിക്കുന്ന ഇടത്തിന്റെ ചിത്രമാണ്; അല്ലാതെ ഏകാന്തമായി നീണ്ടുനീണ്ടുപോകുന്ന നേര്‍രേഖയല്ല മനസ്സില്‍ തെളിയുന്നത്.'' 2007-ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ശീര്‍ഷകം The Missimg Spaces എന്നായിരുന്നു. സത്യത്തില്‍ ഗിരീഷ് എന്നും ശ്രമിച്ചുകൊണ്ടിരുന്നത് നഷ്ടപ്പെടുന്ന സ്ഥലകാലങ്ങളെ കണ്ടെത്താനായിരുന്നു. അതിന്റെ മാര്‍ഗ്ഗങ്ങളിലൊന്നായിരുന്നു ചിത്രകല. 
അക്കാദമിക് ശിക്ഷണത്തിലൂടെയല്ല ഗിരീഷ് ചിത്രരചനയില്‍ എത്തിയതെങ്കിലും കലയെ നിരന്തരം നവീകരിച്ചിരുന്നു. ഓരോ പരമ്പരയും വ്യത്യസ്ത ആവിഷ്‌കാരങ്ങളായിരുന്നു. ഉള്ളടക്കവും ക്രമവും ആവര്‍ത്തിച്ചില്ല. രേഖകളുടെ ചാക്രികവും ചടുലവുമായ വിന്യാസങ്ങള്‍ എന്നും സൂക്ഷിച്ചു. നിറങ്ങളുടെ തെരഞ്ഞെടുപ്പിലും സങ്കലനത്തിലും വ്യത്യസ്തതകള്‍ സൃഷ്ടിച്ചു. ഇരുണ്ടതും ആഴങ്ങള്‍ ധ്വനിപ്പിക്കുന്നതുമായ ചിത്രപ്രതലങ്ങളാണ് രൂപപ്പെടുത്തിയത്. കേരളത്തിനകത്തും പുറത്തുമായി ഒന്‍പതോളം പ്രദര്‍ശനങ്ങള്‍ നടത്തി. സര്‍ഗ്ഗാത്മകതയുടെ ജൈവസാന്നിധ്യമായിരുന്ന ഓരോ പ്രദര്‍ശനത്തിലും പ്രകാശിച്ചിരുന്നത്. സ്വയം രൂപപ്പെട്ടുവന്ന സൗന്ദര്യ സമീപനങ്ങളും കലാദര്‍ശനങ്ങളുമാണ് ഗിരീഷ് എന്ന കലാകാരനെ സൃഷ്ടിച്ചത്. അത് ജീവിതത്തില്‍നിന്നുതന്നെ ചീന്തിയെടുത്തതാണ്. ഓരോ ഫ്രെയിമിലും നന്മനിറഞ്ഞ മനുഷ്യന്റെ വിരലടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 

മനുഷ്യനായി ജീവിക്കാനുള്ള ആഗ്രഹങ്ങളാണ് സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ പ്രേരണ നല്‍കുന്നത്. വ്യത്യസ്ത രുചികളും ഗന്ധങ്ങളും ഒന്നുചേരുന്ന സൗഹൃദശാലകളിലാണ് മനുഷ്യത്വം പൂക്കുന്നത്. അത് സൃഷ്ടിക്കാന്‍ നിഷ്‌കളങ്കമായ സ്‌നേഹസമ്പാദ്യങ്ങളുടെ ഉടമ തന്നെ വേണം. അതായിരുന്നു ഗിരീഷ്. ഒഴിഞ്ഞ സൗഹൃദ സത്രങ്ങളില്‍ ജീവിക്കാന്‍ ഒരിക്കലും ഗിരീഷ് ആഗ്രഹിച്ചില്ല. ദുരന്തത്തിലും ആഹ്ലാദത്തിലും അത്തരം ജീവിത സത്രങ്ങള്‍ അനിവാര്യമായിരുന്നു. സുഹൃത്തുക്കള്‍ ഓര്‍മ്മകളുടെ സുഗന്ധംകൊണ്ട് കോര്‍ത്തെടുത്ത 'ഓര്‍മ്മപുസ്തകം remembering girish' എന്ന സ്മരണ ഗ്രന്ഥം അത് ശരിവയ്ക്കുന്നു. സൗഹൃദത്തിന്റെ സുഗന്ധവും ലഹരിയും എങ്ങനെ അടയാളപ്പെടുത്താം എന്നതിന്റെ സാക്ഷ്യമാണ് ആ പുസ്തകം. കഥാകൃത്തും ഗിരീഷിന്റെ ദേശക്കാരനുമായ ഉണ്ണി ആര്‍. എഴുതുന്നു: ''എനിക്ക് ആ നാട്, ചരിത്രത്തില്‍ ഇടംപിടിക്കാന്‍ മാത്രം വലിയ കാര്യങ്ങളൊന്നും ചെയ്യാതെ പോയ ആ മനുഷ്യന്‍ ഉണ്ടായിരുന്ന ഒരു ദേശമാണ്. അയാള്‍ ചെയ്ത വലിയ കാര്യം മനുഷ്യരെ സ്‌നേഹിച്ചു എന്നതാണ്. എന്നെങ്കിലും ലോകം സമത്വത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മാര്‍ക്സിന്റെ ദര്‍ശനത്തെ ഉള്ളില്‍ കൊണ്ടുനടന്നു എന്നതാണ്.'' ഗിരീഷിനെ സ്‌നേഹത്തിന്റെ രൂപാന്തരങ്ങളായിത്തന്നെ അടയാളപ്പെടുത്താം.